ഞാൻ വെറും പോഴൻ

Wednesday 13 October 2021

കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???

മാധ്യമങ്ങളിൽ വായിച്ച ഒന്നോ രണ്ടോ  വാർത്തകളാണ് ചുവടെ: 

1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020),  ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020). 

2. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. 2017-ൽ പൂനെയിൽ നടന്നതാണ്. 

2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?

വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള  പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 

നീതിപീഠങ്ങളെ ബഹുമാനപ്പെട്ട കോടതി എന്നും ന്യായാധിപന്മാരെ My Lord എന്നും ഇപ്പോഴും ഇവിടത്തെ പൗരൻ വിളിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടോ ഗതികേട് കൊണ്ടോ അല്ല സർ; ജുഡീഷ്യറിയിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടാണ്. 

അർഹതപ്പെട്ട നീതി എത്രയും വേഗത്തിൽ ആനുപാതികമായ അളവിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു.  വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം "നീതി നടപ്പാക്കലുകളിൽ" ഒരു ജനത ഉന്മത്തരാകുന്നത്......

കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. 

പലപ്പോഴും ക്രിമിനൽ കേസുകളിൽ സ്തോഭജനകമായ വസ്തുതകൾ, നിയമത്തിന്റെ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കേവലസാങ്കേതികതയിൽ മാത്രം ഊന്നി നിന്ന് ചതുരവടിവിൽ, വ്യാഖ്യാനിക്കുന്ന "കഴിവേറിയ" ക്രിമിനൽ അഭിഭാഷകരുടെ മിടുക്കിന്റെ ഫലമായി, യാന്ത്രികമായ വിധികൾ വരുമ്പോൾ സാധാരണ പൗരന്മാർക്കുണ്ടാകുന്ന ആത്മനൊമ്പരവും നിരാശയും ചെറുതല്ല. സൗമ്യ കേസും ഗോവിന്ദചാമിയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾ മനസിരുത്തി ചിന്തിക്കുന്നത് നല്ലതാണ്. 

കോടതികൾ പുറപ്പെടുവിക്കേണ്ടത് വെറും വിധികൾ മാത്രമല്ല; വിശ്വാസമാണ്; നിയമവാഴ്ചയോടും നീതിപീഠത്തോടുമുള്ള സംശയമേതുമില്ലാത്ത സാധാരണ പൗരന്റെ വിശ്വാസം. മനുഷ്യ മനഃസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന കൊലപാതകക്കേസുകളിൽപ്പോലും കൊടുക്കുന്ന ശിക്ഷകളുടെ കാഠിന്യമില്ലായ്മ വല്ലാത്തൊരു നിരാശയിലേക്കും അമർഷത്തിലേക്കുമാണ് സാധാരണക്കാരനെ തള്ളി വിടുന്നത്. മുൻ കാലങ്ങളിലെ സമാനതകളില്ലാത്ത കൊലപാതകക്കേസുകളിലെ പല പ്രതികളും രാഷ്ട്രീയദത്തമായ പ്രിവിലേജിന്റെ പേരിലും പരോളിന്റെ അനുകൂല്യത്തിലും നല്ലനടപ്പിന്റെ സൗജന്യത്തിലും ജയിലിലും പുറത്തുമായി സുഖവാസം നടത്തുന്ന ജനത്തിന് ധാർമ്മിക രോഷമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഓരോ പീഡനവാർത്ത കേൾക്കുമ്പോഴും അത്തരം പല കേസുകളിലെയും ശിക്ഷാവിധി കേൾക്കുമ്പോഴും അറിയാതെ പറഞ്ഞു പോകുന്ന ചിലതുണ്ട്....‘ശങ്കരനാരായണനായിരുന്നു ശരി’; 'തെലങ്കാന പോലീസിന് സല്യൂട്ട്" "പൂനെയിലെ അച്ഛനും ന്യൂ ഡൽഹിയിലെ ചേട്ടനും ജാർഖണ്ഡിലെ ജനങ്ങളും ചെയ്തത് നന്നായി' എന്നൊക്കെയാണത്. നിർഭയ, സൗമ്യ, ജിഷ, ദിശ, ഉന്നാവിലെ ബാലിക, മാധ്യമവാർത്തകളിൽ സ്ഥലപ്പേരിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകൾ... ഒരു മാറ്റവുമില്ലാതെ ഇരകളുടെ നിര നീളുമ്പോൾ പാടേ നിരാശ ബാധിച്ച ഒരു സമൂഹം, മനുഷ്യാവകാശം, ഭരണഘടനമൂല്യങ്ങൾ, നിയമവാഴ്ച മുതലായവയെ ഏതാനും നിമിഷത്തേക്കെങ്കിലും തമസ്കരിച്ചിട്ട് ഇങ്ങനെയെങ്കിലും നീതി നടപ്പായി എന്ന ആശ്വാസത്തിൽ കയ്യടിക്കുമ്പോഴും, ഇങ്ങനയേ ഇവിടെ നീതി നടപ്പാകുന്നുള്ളല്ലോ എന്ന ഗതികേട് നമ്മെ എത്ര കണ്ട് ലജ്ജിപ്പിക്കണം. ശങ്കരനാരായണൻ എന്ന സാധാരക്കാരണക്കാരനും തെലങ്കാന പോലീസും ഒരു പോലെ വാഴ്ത്തപ്പെടുമ്പോൾ നിയമവാഴ്ചയുടെ ഭാവിയെപ്പറ്റിയുള്ള ഭീതിയും എന്നിൽ നിറയുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

1 comment:


  1. കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്.

    ReplyDelete