ഞാൻ വെറും പോഴൻ

Tuesday, 30 January 2024

സ്വദേശി പ്രസ്ഥാനത്തിന്റെ ആചാര്യന്റെ ഓർമ്മക്ക് വിദേശത്ത് അച്ചടിച്ച സ്റ്റാമ്പ് !!

1948-ൽ സ്വാതന്ത്ര്യത്തിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെൻ്റ് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കി. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്തത്തിന്റെ സ്മരണിക എന്ന നിലയിൽ ആയിരുന്നു ആ സ്റ്റാമ്പുകൾ ഇറക്കിയത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ഇറക്കിയ സ്മരണിക സ്റ്റാമ്പ് (Comemmorative Stamp) ഇതായിരുന്നു. 

സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ ഗാന്ധിജിയുടെ സംഭാവനകളെ ആദരിക്കാനായി അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന ഡിസൈനുകൾ തയ്യാറാക്കാൻ  1948 ജനുവരിയിൽ തന്നെ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ് (ISP) അധികൃതരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ISP യുടെ മാസ്റ്റർ, ആർ സി ജി ചാപ്മാൻ നാല് സ്റ്റാമ്പുകളുടെ സെറ്റ് തയ്യാറാക്കുകയും ചെയ്തു. 1½ അണ, 3½ അണ, 8 അണ, 1 രൂപ എന്നീ ഡിനോമിനേഷനുകളിൽ ആയിരുന്നു അദ്ദേഹം ആ സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തത്. സ്റ്റാമ്പുകളുടെ രണ്ട് ട്രയൽ കോപ്പികൾ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഈ സ്റ്റാമ്പുകൾ ഗാന്ധിജിയെ കാണിച്ച് അദ്ദേഹത്തിന്റെ അനുവാദം തേടാനും നിർദ്ദേശമുണ്ടായിരുന്നു. 

എന്നാൽ 1948 ജനുവരി 30-ന് സംഭവിച്ച മഹാത്മാവിൻ്റെ തികച്ചും അപ്രതീക്ഷിതമായ കൊലപാതകം സ്റ്റാമ്പ് ഇഷ്യുവിന്റെ സാഹചര്യങ്ങളെ പാടെ മാറ്റി മറിച്ചു. അതോടെ ആദ്യം പ്ലാൻ ചെയ്ത സ്റ്റാമ്പുകൾക്ക് പകരം ഗാന്ധിജിയുടെ സ്മരണക്കായി ചില വിലാപ സ്റ്റാമ്പുകൾ (Mourning Issue Stamps) പുറത്തിറക്കാൻ തീരുമാനിച്ചു. 1948 ഫെബ്രുവരി 6-ന്, ന്യൂ ഡൽഹി വാണിജ്യ മന്ത്രാലയം പ്രസിന്റെ മാനേജരും കലാകാരനുമായ സി. ബിശ്വാസിൻ്റെ അംഗീകൃത സ്കെച്ചിനെ അടിസ്ഥാനമാക്കി, സ്റ്റാമ്പുകളുടെ പുതിയ ഡിസൈനുകൾ നൽകാൻ ISP യോട് ആവശ്യപ്പെട്ടു. ഇൻലാൻഡ് മെയിലുകൾക്ക് വേണ്ടി 2½ അണയുടെയും എയർമെയിലിനു വേണ്ടി 12 അണയുടെയും സ്റ്റാമ്പുകൾ ആണ് പ്ലാൻ ചെയ്യപ്പെട്ടത്. ഫെബ്രുവരി 17-ന് ISP സ്റ്റാമ്പിന്റെ പ്രൂഫ് ഡിസൈൻ സമർപ്പിച്ചു. ഈ ഡിസൈനിൽ 'ബാപ്പു' എന്ന വാക്ക് ഹിന്ദി, ഉർദു എന്നീ ഭാഷകളിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർദ്ദേശിച്ചു. ഗാന്ധിജിയുടെ ജീവിതകാലം മുഴുവൻ സമാധാനവും മതസൗഹാർദ്ദവും നിലനിർത്താനുള്ള പരിശ്രമങ്ങൾ നിറഞ്ഞതായിരുന്നു. ഇതിനെ സൂചിപ്പിക്കാനായിരുന്നു ഹിന്ദിയും ഉർദുവും സ്റ്റാമ്പിൽ ഉൾപ്പെടുത്താൻ നെഹ്‌റു ആവശ്യപ്പെട്ടത്. ഇന്ത്യൻ സ്റ്റാമ്പിൽ ഉറുദു പ്രത്യക്ഷപ്പെട്ട ഒരെറ്റയൊരു സന്ദർഭം ഇതായിരുന്നു. 1948 മാർച്ച് 12-ന് 10 രൂപയുടെ ഡിനോമിനേഷൻ കൂടി ഉൾപ്പെടുത്തി പുതിയ പ്രൂഫ് കൊടുക്കാൻ ISP യോട് പുതുക്കി നിർദ്ദേശിച്ചു. മാർച്ച് 16ന് പ്രസ്സ് പുതിയ പ്രൂഫ് ഡിസൈനുകൾ സമർപ്പിച്ചു. 

നൂതന അച്ചടി വിദ്യ ഉപയോഗിച്ച് ഫോട്ടോ സ്റ്റാമ്പുകൾ മികച്ച രീതിയിൽ പ്രിന്റ് ചെയ്യുന്നതിനുള്ള സംവിധാനം ISP യിൽ ഇല്ലാതിരുന്നതിനാൽ, ഈ സ്റ്റാമ്പുകൾ അച്ചടിക്കുന്നതിന് വേണ്ടിയുള്ള പ്രസിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വളരെ വേഗത്തിൽ പുരോഗമിച്ചു. ഓസ്ട്രിയയിലെ വിയന്നയിലുള്ള State Printing Press, സ്വിറ്റ്സർലന്റിലെ Helio Courviosier SA എന്നിവയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഒടുവിൽ സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള കരാർ Courviosier ന് ലഭിച്ചു. രണ്ട് ഫോട്ടോഗ്രാഫുകൾ ആയിരുന്നു ഈ സ്റ്റാമ്പുകളിൽ ഉപയോഗിച്ചത്. ഒന്ന് ലൈഫ് മാസികയിൽ അച്ചടിച്ച് വന്ന ഒരു ഫോട്ടോയും മറ്റൊന്ന് രാജ് കുമാരി അമൃത് കൗർ എന്നൊരാൾ സമർപ്പിച്ചതും. മഹാത്മാവിൻ്റെ പൗത്രൻ കനു ഗാന്ധിയുടെ സ്വകാര്യ ശേഖരത്തിൽപ്പെട്ട ഫോട്ടോ ആയിരുന്നു ഇതെന്ന് പറയപ്പെടുന്നു. 

ഈ സെറ്റ് സ്റ്റാമ്പുകളുടെ താഴെ ഭാഗത്തായി ഈ സ്റ്റാമ്പുകളുടെ പ്രിന്റിങ് നടത്തിയ Courvoisier S.A. എന്ന സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. 



1948 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ഈ സ്റ്റാമ്പുകൾ പുറത്തിറക്കി. പൾപ്പും സിൽക്ക് ഫൈബറും കൊണ്ട് നിർമ്മിച്ച പേപ്പറിൽ Heliogravure പ്രക്രിയയിലൂടെ ആണ് ഈ സ്റ്റാമ്പുകൾ അച്ചടിച്ചത്. ഇന്ത്യൻ കാലാവസ്ഥയിൽ ഈ സ്റ്റാമ്പിന്റെ പശ കൂടി ഒട്ടിപ്പിടിക്കുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. തുടക്കത്തിൽ ഈ സ്റ്റാമ്പുകളുടെ വിൽപ്പന 1948 നവംബർ 15-ന് അവസാനിക്കുന്ന തരത്തിൽ 3 മാസത്തേക്ക് പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ഇതിന്റെ വിൽപ്പന 1948 ഡിസംബർ 31 വരെ നീട്ടി. 

വിദേശ വസ്തുക്കൾ ബഹിഷ്കരിച്ച് സ്വയംപര്യാപ്തതക്കും സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞു വച്ച മഹാന്റെ സ്മരണിക അച്ചടിച്ചത് ഒരു വിദേശ പ്രസ്സിലാണെന്നത് വലിയ വിരോധാഭാസമായിരുന്നു. സർക്കുലേഷനിൽ ഇല്ലെങ്കിൽ തന്നെയും, ഇപ്പോഴും ഈ സ്റ്റാമ്പുകൾ ലോകമെമ്പാടുമുള്ള സ്റ്റാമ്പ് ശേഖരക്കാരുടെ പ്രിയപ്പെട്ട സ്റ്റാമ്പുകൾ ആണ്. 

No comments:

Post a Comment