ഞാൻ വെറും പോഴൻ

Thursday 25 January 2024

വോട്ട് !! അത് മാത്രമേ ജനാധിപത്യത്തിൽ സാധാരണ പൗരന് ചെയ്യാനുള്ളൂ....!!!


ഇന്ന് ജനുവരി 25. വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്‌ത് കൊണ്ടാണ് ദേശീയ സമ്മതിദായക ദിനം (National Voter's Day) ആചരിക്കുന്നത്. 1950 ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊണ്ടതിന്‍റെ ഓര്‍മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 2011 മുതലാണ് രാജ്യം വേട്ടേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 

വോട്ടവകാശമുള്ള നല്ലൊരു ശതമാനം പൗരന്മാരും രാഷ്ട്രീയത്തിൽ നിന്നും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയും കൂടുതൽ പേര് അരാഷ്ട്രീയതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. രാഷ്ട്രീയക്കാർ ചെയ്യുന്ന അഴിമതി, സ്വജനപക്ഷപാതം, അധികാര ദുരുപയോഗം, മത വർഗ്ഗീയ സാമുദായിക പ്രീണനം തുടങ്ങി എണ്ണമറ്റ മോശം പ്രവണതകളാണ് ജനസാമാന്യത്തെ അതിവേഗത്തിൽ അരാഷ്ട്രീയ വൽക്കരിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ട്.  

സത്യത്തില്‍ എന്താണ് നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ
ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, തിരഞ്ഞെടുപ്പാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.

ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ സാധാരണ പൌരനുള്ള ഏക അവകാശം വോട്ട് ചെയ്യാനുള്ള അവകാശമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍,
നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം, മൂന്നാം ബദൽ എന്ന യാതൊരു വിധ ഭേദവും ഇല്ല.

ഒരേ തൊഴിലെടുക്കുന്ന പല കമ്പനികളിലെ തൊഴിലാളികളാണിവിടുത്തെ രാഷ്ട്രീയക്കാർ. ചിലപ്പോൾ തോന്നും, ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നതെന്ന്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു മടുത്ത് ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ട ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയ വാദത്തിലേക്കും പ്രതിഷേധ മനോഭാവത്തിലേക്കും വീണു കിടക്കുന്ന അവസരത്തിലായിരിക്കും സാധാരണ ഗതിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളത്. 

ഒരു തിരഞ്ഞെടുപ്പ് വരെ ഭരിച്ചവർ നന്നായി ഭരിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം എന്ന നിലയില്‍ അവര്‍ക്ക് ഒരു വോട്ട് ചെയ്യുക.

അല്ല, അവർ ജനാഭിലാഷത്തിനു എതിരായിട്ടാണ് ഭരിച്ചതെങ്കില്‍ അവരെ വലിച്ചു താഴെയിടാന്‍ വേണ്ടി നമ്മുടെ മുന്നിലുള്ള ഏതെങ്കിലും ബദൽ പക്ഷത്തിന്  ഒരു വോട്ട് ചെയ്യാം.

ബാലറ്റ്‌ ലിസ്റ്റിലെ ആരും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെങ്കില്‍ വോട്ടിംഗ് യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ തെല്ല് നിഷേധ ഭാവത്തില്‍ അവനുണ്ടാകും. ഇന്ത്യൻ ജനാധിപത്യലോകത്ത് ജനിച്ചിട്ട് അധികം പ്രായമാകാത്ത, സ്വന്തമെന്നു അവകാശപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം പോലുമില്ലാതിരുന്ന "നോട്ട- None of the Above". ഇന്നവനും വളർന്ന് ഒരു ചിഹ്നം സ്വന്തമാക്കി നിങ്ങളുടെ ഒരു ഞെക്കിന് വേണ്ടി കാത്തിരിപ്പുണ്ട്‌. ബാലറ്റ് ലിസ്റ്റിലെ ഒരു സ്ഥാനാർത്ഥിയും എന്റെ വോട്ടിന് യോഗ്യനല്ല എന്ന് വിളിച്ചു പറയാൻ കിട്ടുന്ന അമൂല്യ സൗഭാഗ്യം. അതിന്റെ എണ്ണം കൂടുമ്പോള്‍ ചിന്താശേഷി ഇനിയും കൈമോശം വന്നു പോവാത്ത രാഷ്ട്രീയക്കാരന് നയങ്ങളും നിലപാടുകളും തിരുത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയേക്കാം. 

നിങ്ങളൊരു സ്വതന്ത്ര രാജ്യത്തെ പൗരനാണ്. ജനാധിപത്യക്രമത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് നിങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തമാണ്; പൗര ധര്‍മ്മമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് ഭാരിച്ച ചിലവുകൾ ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നത് എന്നോര്‍ക്കുക. വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യാത്ത ഒരുവന് ഇവിടെ നിലവില്‍ വരുന്ന ഭരണ സംവിധാനത്തെയോ ഭരണപരമായ കുറവുകളെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ധാര്‍മ്മികമായ അവകാശമില്ല എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ എന്തിന് നിശബ്ദനായിരിക്കണം?. പ്രത്യേകിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുളളപ്പോള്‍. നിങ്ങള്‍ വിശ്വസിക്കുന്നതിനായി നിലകൊള്ളുക, വോട്ട് രേഖപ്പെടുത്തുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആളെ തെരഞ്ഞെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം' - ഈ മനോഭാവത്തോടെ നിങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുക. അലസതയും നിസ്സംഗതയും അരാഷ്ട്രീയവാദവും ഉപേക്ഷിച്ച് ഇപ്പോഴേ പോളിംഗ് ഡേറ്റിൽ സ്വന്തം നിയോജക മണ്ഡലത്തിൽ സന്നിഹിതനാകാൻ  വിധത്തിൽ പ്ലാനിങ് നടത്തൂ; തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് പോകൂ... രേഖപ്പെടുത്തൂ; നിങ്ങളുടെ വിലയേറിയ പൌരാവകാശം....




No comments:

Post a Comment