ഞാൻ വെറും പോഴൻ

Friday 28 June 2024

ഉള്ളുലഞ്ഞു പോകാതെ കണ്ടു തീർക്കാനാവില്ല ഈ ഉള്ളൊഴുക്ക്


(മുന്നറിയിപ്പ് : ആസ്വാദനക്കുറിപ്പായത് കൊണ്ടും ഇക്കാര്യത്തിൽ പ്രൊഫഷണൽ അല്ലാത്ത
ത് കൊണ്ടും സ്‌പോയ്‌ലർ പോയിന്റ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്. സിനിമ കാണാത്തവർ ഇക്കാര്യം മനസ്സിൽ വച്ചിട്ട് മാത്രം വായിക്കുക)  

രണ്ട് സ്ത്രീ കഥാപാത്രങ്ങളെ മാത്രം ചിത്രീകരിച്ചു കൊണ്ടുള്ള ഹോർഡിങ്ങുകളും അതിൽ കണ്ട നടിമാരുടെ മുഖങ്ങളും "ഉള്ളൊഴുക്ക്" എന്ന പേരിലെ കൗതുകവുമാണ് അത് കാണാൻ എന്നെ തിയ്യേറ്ററിൽ എത്തിച്ചത്. തരക്കേടില്ലാതെ സിനിമ റിവ്യൂ ചെയ്യുന്ന ഒന്ന് രണ്ട് യുട്യൂബേർഴ്‌സിന്റെ അഭിപ്രായവും ഉപകാരപ്പെട്ടു. 

ഒരു വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ ഉണ്ടാകുന്ന മരണത്തെത്തുടർന്ന്  മൃതദേഹം സംസ്‌കരിക്കുന്നതിനായി, വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ, കുടുംബത്തിലെ ആളുകളുടെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. വെള്ളമിറങ്ങാനായി കാത്തിരിക്കുന്ന സമയത്ത്, ആ കുടുംബത്തിന്റെ അടിത്തറയെ തന്നെ ശിഥിലപ്പെടുത്താൻ പാകത്തിൽ, വെളിപ്പെടുന്ന ചില സത്യങ്ങളും കള്ളങ്ങളും രഹസ്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും, അത് ആ കുടുംബത്തിലും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിലും ഉണ്ടാക്കുന്ന ഉലച്ചിലുകളും അന്തഃസംഘർഷങ്ങളുമൊക്കെയാണ്‌ ഉള്ളൊഴുക്കിന് ഊടും പാവും നെയ്യുന്നത്. അതോടൊപ്പം കുട്ടനാട് വർഷാവർഷം അനുഭവിക്കേണ്ടി വരുന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതവും കൂടി ഉള്ളൊഴുക്ക് വരച്ചിടുന്നുണ്ട്.. 

വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇഷ്‍ടമില്ലാത്ത ഒരു വിവാഹത്തിന് സമ്മതിക്കേണ്ടി വന്ന പെൺകുട്ടിയാണ് പാർവതി അവതരിപ്പിക്കുന്ന അഞ്ജു. സാധാരണ കുടുംബത്തിൽ നിന്നുള്ള ടെക്സ്റ്റയിൽ ഷോപ്പ് ജീവനക്കാരിയായ അഞ്ജു വിവാഹത്തോടെ എത്തിപ്പെടുന്നത് കുടുംബപാരമ്പര്യവും സാമ്പത്തിക ശേഷിയുമുള്ള ലീലാമ്മ (ഉർവശി) യുടെ കുടുംബത്തിലാണ്.  അവരുടെ മകൻ തോമസ് കുട്ടിയാണ് അഞ്ജുവിനെ വിവാഹം ചെയ്തത്. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള  ആ വീട്ടിൽ ജീവിക്കവേ കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നു. തോമസുകുട്ടി രോഗബാധിതനാകുന്നു. അയാളെ  പരിചരിച്ചു കൊണ്ടുള്ള ആ ജീവിതത്തിനിടെ തന്റെ മുൻ കാമുകനുമായുള്ള ബന്ധം അഞ്‍ജു തുടരുകയും ചെയ്യുന്നുണ്ട്. പിന്നീട് തോമസുകുട്ടി മരണപ്പെടുന്നതും അഞ്‍ജു ഗര്‍ഭിണിയാണെന്നറിയുന്നതും മുൻപ് സൂചിപ്പിച്ചത് പോലുള്ള ചില വെളിപ്പെടുത്തലുകളും അതുണ്ടാക്കുന്ന വൈകാരിക സ്ഫോടനങ്ങളും അതിന്റെ തുടർചലനങ്ങളുമാണ് ഉള്ളൊഴുക്ക് കാണിച്ചു തരുന്നത്. മതം, തറവാട്ട് മഹിമ, കുടുംബ പാരമ്പര്യം, മാനം, അന്തസ്സ്, ആചാരങ്ങൾ, സമ്പത്ത്, ആണധികാരം, സദാചാരം തുടങ്ങിയ ഒട്ടേറെ സാമൂഹിക മാനദണ്ഡങ്ങൾക്കകത്ത് തടവിലാക്കപ്പെട്ട കഥാപാത്രങ്ങളുടെ വിശിഷ്യ സ്ത്രീകഥാപാത്രങ്ങളുടെ നിസ്സഹായതയിലേക്കാണ് ഉള്ളൊഴുക്ക് കാമറ തിരിക്കുന്നത്. പല ഘട്ടങ്ങളിലും കഥാപാത്രങ്ങളുടെ നിസ്സഹായതയും മാനസിക പിരിമുറുക്കങ്ങളും നമ്മളെയും പിടികൂടും. ആരാണ് ശരി, ആരാണ് തെറ്റ്, ആരുടെ ഭാഗത്താണ് ന്യായം, ആരാണ് അപരാധി, ആരാണ് നിരപരാധി ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ വിധി തീർപ്പ് പ്രയാസമാകുന്ന എത്രയോ മുഹൂർത്തങ്ങൾ. ഇന്ത്യയിലെ നല്ലൊരളവ്‌ സ്ത്രീകളും വിവാഹിതരായിരിക്കുന്നത് അവരുടെ ഭർത്താവുമായി മാത്രമല്ല; മറിച്ച് അയാളുടെ കുടുംബത്തെക്കൂടിയാണെന്നുള്ള ഒരു നിരീക്ഷണം കേട്ടിട്ടുണ്ട്. അതീ സിനിമയിൽ കൃത്യമായി കാണാനാകും. സ്വന്തം നിലപാടും സ്വാതന്ത്ര്യവാഞ്ഛയും ധീരമായി ഉറച്ച വാക്കുകളിൽ തന്നെ പ്രകടിപ്പിക്കുന്ന അഞ്ജു ഒടുവിൽ സാമ്പ്രദായിക വാർപ്പ് മാതൃകകളിലെന്ന പോലെ കുടുംബത്തിന്റെ ഒഴുക്കിലേക്ക് അലിഞ്ഞു ചേരാൻ തീരുമാനിക്കുന്നിടത്താണ് ഉള്ളൊഴുക്ക് അവസാനിക്കുന്നത്. താൻ ആത്മാർഥമായി സ്നേഹിച്ചവൻ സമ്പത്തിനോട് നിർലജ്ജം കാണിക്കുന്ന താല്പര്യവും നിവൃത്തികേടിന്റെ മുനമ്പിൽ നിൽക്കുന്നവളെ സ്വീകരിക്കുകയാണെന്ന തരത്തിലുള്ള  ഔദാര്യ മനോഭാവവുമായിരിക്കണം അഞ്ജുവിനെ ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതാം. 

ഉർവ്വശി എന്ന അഭിനയ സർവ്വകലാശാലയുടെയും അവിടെ പഠിക്കാനെത്തുന്ന സമർത്ഥയായ വിദ്യാർത്ഥിനി പാർവതിയുടെയും പകരം വയ്ക്കാനില്ലാത്ത ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ രാധാകൃഷ്ണൻ എന്ന് വേണ്ട ചെറിയ വേഷങ്ങൾ ചെയ്തവർ പോലും അവരുടെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉള്ളൊഴുക്കിൽ ഉർവ്വശി വിരലുകൾ കൊണ്ടും ഒരു മൂളൽ കൊണ്ടുമൊക്കെ അഭിനയിക്കുന്നത് കാണാം. പലപ്പോഴും ഉർവ്വശിയുടെ അഭിനയത്തിനൊപ്പം നില്ക്കാൻ മറ്റ് അഭിനേതാക്കൾ നന്നായി ബുദ്ധിമുട്ടുന്നത് പോലെ തോന്നി. ഇടതടവില്ലാത്ത കണക്ക് പെയ്തു കൊണ്ടിരിക്കുന്ന മഴ, അതിനല്പം കുറവുള്ളപ്പോൾ മൂടിക്കെട്ടി കാർമേഘം നിറഞ്ഞു പെയ്യാൻ നിൽക്കുന്ന ആകാശം, അരക്കു താഴെ പ്പോഴും നിൽക്കുന്ന വെള്ളം.... ഈ ദൃശ്യങ്ങൾ തന്നെ മനസിലെ വികാരങ്ങളെ കനപ്പെടുത്തുന്നതാണ്. പെണ്ണുടലിന്റെ മുഴുപ്പും കൊഴുപ്പും ഷോ കേസ് ചെയ്യാതെയും പാട്ടും ഇടിയും തല്ലും തരം താണ ഫലിതങ്ങളും മറ്റ് മസാലക്കൂട്ടുകൾ ഒന്നും തന്നെ ഇല്ലാതെയും ഭദ്രമായ തിരക്കഥയും മികച്ച സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ഒത്തിരി മുഴച്ചു നിൽക്കാത്ത പശ്ചാത്തല സംഗീതവുമെല്ലാം ഉള്ളൊഴുക്കിനെ വെള്ളിത്തിരയിലെ കാവ്യമാക്കുന്നുണ്ട്.

"ഉള്ളൊഴുക്ക്"  എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് സംശയമുണ്ട്. കോയിൻ ചെയ്യപ്പെട്ട ഒരു വാക്കാണെന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ ആ വാക്കിന് കൃത്യമായി ഒരർത്ഥമുണ്ടെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് മനസിലാകും. കുറച്ച് കാലത്തിന് ശേഷമാണ് ഒരു സിനിമ വികാര വേലിയേറ്റങ്ങൾ കൊണ്ട് ഉള്ളുലച്ച് കളഞ്ഞത്.... നെഞ്ചിലെ കനം കുറയുന്നില്ല. 

Hats Off to the one and only Urvasi and Team "Ullozhukku"

(PS : ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവ്വശിക്കൊരു സംസ്ഥാന അവാർഡ് ഉറപ്പാണെന്നാണ് എന്റെ ഒരു വിലയിരുത്തൽ; ദേശീയ അവാർഡും കിട്ടാനുള്ള സാധ്യതയുണ്ട്.)

No comments:

Post a Comment