ഞാൻ വെറും പോഴൻ

Thursday, 21 November 2024

സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സ്റ്റാമ്പുകൾ

 


സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ പോസ്റ്റേജ് സ്റ്റാമ്പിന് അതീവ ചരിത്ര പ്രാധാന്യമുണ്ട്. രാജ്യത്തിന് പുതിയതായി ലഭിച്ച സ്വാതന്ത്ര്യവും തപാൽ രംഗത്ത് സ്വതന്ത്ര ഇന്ത്യയുടെ സ്വയംപര്യാപ്തതയും കാണിക്കുന്ന മുദ്രകളാണിത്. ഈ ഐക്കോണിക് സ്റ്റാമ്പിൽ ഇന്ത്യയുടെ "ദേശീയ പതാക"യാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ ഐക്യവും സ്വാതന്ത്ര്യവും ഒക്കെ സൂചിപ്പിക്കുന്ന ശക്തമായ ചിഹ്നം. 1947 നവംബർ 21-നാണ് ഈ സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. സ്റ്റാമ്പിന്റെ മുഖവില മൂന്നര അണ ആയിരുന്നു. അണ അക്കാലഘട്ടങ്ങളിൽ ഇന്ത്യയിൽ പ്രചാരത്തിലിരുന്ന നാണയമായിരുന്നു. ഇന്ത്യയുടെ ഫിലാറ്റലിക് ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ സ്റ്റാമ്പ്.


1947 ഡിസംബർ 15-ന്, ഇന്ത്യ അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പോസ്റ്റേജ് സ്റ്റാമ്പുകളും പുറത്തിറക്കി.  സ്വതന്ത്ര ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകളായിരുന്നു അത്. രണ്ടാം സ്റ്റാമ്പിൽ ഒരു വിമാനമായിരുന്നു ചിത്രീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ ആധുനികവത്കരണത്തിലും വിവിധ പ്രദേശങ്ങളെ തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുന്നതിലും വിമാനയാത്രാ സൗകര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സ്റ്റാമ്പ്. മൂന്നാം സ്റ്റാമ്പിൽ ദേശീയ ചിഹ്നമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, സംസ്കാരിക പാരമ്പര്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഈ സ്റ്റാമ്പുകളുടെ മുഖവിലകൾ യഥാക്രമം 12 അണയും 1.5 അണയുമായിരുന്നു. 

ഈ മൂന്നു സ്റ്റാമ്പുകളും വളരെ മനോഹരമായി രൂപകൽപ്പന ചെയ്തതാണ്. സ്വതന്ത്ര ഇന്ത്യയുടെ കലാപരവും സാങ്കേതികവുമായ മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടുന്നവയ്യായിരുന്നു ഈ സ്റ്റാമ്പുകൾ. ഇവയെ പൊതുവെ "ജയ് ഹിന്ദ്" സീരീസ് സ്റ്റാമ്പുകൾ എന്നാണ് അറിയപ്പെടുന്നത്.  "ജയ് ഹിന്ദ്" എന്ന മുദ്രാവാക്യത്തിന്റെ അർഥം "വിജയമുണ്ടാകട്ടെ"  എന്നാണ്. 1947-ൽ, സ്വാതന്ത്ര്യപ്രാപ്തിയിലൂടെ ഇന്ത്യ നേടിയെടുത്ത സ്വയാധികാരവും ദേശീയതയിലൂന്നിയ ഐക്യബോധവുമെല്ലാം വിളിച്ചോതുന്നതായിരുന്നു ഈ മുദ്രാവാക്യം. ഈ സ്റ്റാമ്പുകൾ പെട്ടെന്ന് പ്രചാരത്തിലായി. 

സ്റ്റാമ്പുകൾ അച്ചടിക്കുമ്പോൾ പല തരത്തിലുള്ള തെറ്റുകുറ്റങ്ങൾ സംഭവിക്കാറുണ്ട്. സ്റ്റാമ്പ് കളക്ടേഴ്സിന്റെ ഇടയിൽ അവയെ Error Stamp എന്നാണ് അറിയപ്പെടുന്നത്. ചില ജയ് ഹിന്ദ് സ്റ്റാമ്പുകളിലും Error കൾ കടന്നു കൂടിയിരുന്നു. .

ചില ജയ് ഹിന്ദ് സ്റ്റാമ്പുകളിൽ വാട്ടർ മാർക്കിന്റെ അലൈന്മെന്റിൽ ചില പിഴവുകൾ സംഭവിച്ചു. അത് പോലെ തന്നെ, സ്റ്റാമ്പിൽ 1947 എന്ന് പ്രിന്റ് ചെയ്തതിനടുത്തായി കോമ പോലൊരു അടയാളം തെറ്റായി പ്രിന്റ് ചെയ്യപ്പെട്ടു. അബദ്ധത്തിൽ സംഭവിച്ച ഈ അച്ചടിപ്പിശകുകൾ ഈ error stamp കളെ ശേഖരണക്കാരുടെ പ്രിയപ്പെട്ടവ ആക്കി.


No comments:

Post a Comment