ഞാൻ വെറും പോഴൻ

Monday, 24 February 2025

"ആദായ നികുതി അപ്പാടെ വെട്ടിക്കുന്ന ബ്ലഡി ക്രിസ്ത്യൻസ് !!???"


കത്തോലിക്കാ സഭയിലെ ഒരംഗമെന്ന നിലയിൽ സഭയിൽ കാണുന്ന മോശം പ്രവണതകളോട് വിമർശനാത്മകമായ നിലപാടെടുക്കുന്ന ഒരാളാണ് ഞാൻ. സഭയുടെ ഭാഗത്ത് നിന്ന് വരുന്ന ചെറിയ പിഴവുകൾ പോലും എന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഒരു മടിയുമില്ലാതെ ഞാൻ പ്രതികരിക്കാറുമുണ്ട്. പലപ്പോഴും സഭ വിരുദ്ധൻ എന്ന വിളി കേൾക്കാറുമുണ്ട്. ഇത്രയും ആമുഖത്തോടെ ഞാൻ വിഷയത്തിലേക്ക് കടക്കാമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം ഒരു സ്നേഹിതൻ അയച്ചു തന്ന പത്ര വാർത്തയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് അയച്ച ഒരു വിവാദ സർക്കുലറിനെപ്പറ്റിയാണ് വാർത്ത. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം പൊതുവിദ്യാഭ്യാസ വകുപ്പിന് കൊടുത്ത ഒരു പരാതിയിന്മേലാണ് വിവാദ സർക്കുലർ ഇറങ്ങിയത്. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുകളിലെ ജീവനക്കാർ സർക്കാരിൽ നിന്നാണ് ശമ്പളം പറ്റുന്നതെന്നും അവർ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണെന്നും ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയൊക്കെയാണ് പരാതിയിലെ ആരോപണങ്ങൾ. ഈ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യമാണ് അബ്ദുൽ കലാം ഉന്നയിച്ചിട്ടുള്ളത്. പരാതി കിട്ടിയതും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും, എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഉപ വിദ്യാഭ്യാസ ഡയക്ടർമാർ വഴി യുദ്ധകാലാടിസ്ഥാനത്തിൽ ഇക്കാര്യത്തിന്മേൽ  അറിയിപ്പ് നൽകുകയും ചെയ്തു. വസ്തുതകളുടെയോ തെളിവുകളുടെയോ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ നിറഞ്ഞ ഒരു പരാതിയിന്മേൽ, സംസ്ഥാന സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇത്രക്ക് അബദ്ധജടിലമായ ഒരു അന്വേഷണ ഉത്തരവ് എങ്ങനെയാണ് പുറപ്പെടുവിക്കുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 

നിയമവും ടാക്സ് അഡ്‌വൈസും കൊണ്ട് ഇര തേടുന്ന ആൾ എന്ന നിലയിൽ ഈ അന്വേഷണ ഉത്തരവ് ഒരു അസംബന്ധമായാണ് എനിക്കും തോന്നിയത്; അതിനുള്ള കാരണങ്ങൾ പറയാം. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ എൻട്രി 82 പ്രകാരം Income Tax,  Union List-ൽ ഉൾപ്പെടുന്ന വിഷയമാണ്. അത് കൊണ്ട് തന്നെ ആദായനികുതി നിയമങ്ങളുടെ നടത്തിപ്പും നിർവ്വഹണവും നടത്തപ്പെടുന്നത് കേന്ദ്ര ഗവൺമെൻ്റിൻ്റെ പൂർണ്ണമായ അധികാര പരിധിക്ക് കീഴിലാണ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനമന്ത്രാലയത്തിൻ്റെ ഭാഗമായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് (CBDT) കീഴിൽ പ്രവർത്തിക്കുന്ന ആദായനികുതി വകുപ്പാണ് ഇക്കാര്യങ്ങൾ നിർവ്വഹിക്കുന്നത്. ആദായനികുതി നിയമങ്ങൾ നടപ്പാക്കുന്നതിനോ പരിപാലിക്കുന്നതിനോ സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് യാതൊരു വിധ അധികാരങ്ങളോ അവകാശങ്ങളോ ബാധ്യതകളോ ഇല്ല. 

ഈയൊരു പശ്ചാത്തലത്തിൽ Income Tax-ന്റെ Compliance-നെപ്പറ്റി ഉള്ള ഒരു പരാതി അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനെങ്ങനെയാണ് സാധിക്കുക‼️⁉️പരമാവധി ചെയ്യാവുന്ന കാര്യങ്ങൾ താഴെ പറയുന്നു.

ഒന്നുകിൽ, Income Tax Compliance സംബന്ധമായ ആക്ഷേപം ആയത് കൊണ്ട് ഒരു കോ ഓർഡിനേഷൻ റോളിൽ നിന്ന് കൊണ്ട്, പ്രസ്തുത ആക്ഷേപം കൃത്യമായ അധികാരങ്ങൾ ഉള്ള കേന്ദ്ര സർക്കാരിന് forward ചെയ്യുക; ശേഷം വിഷയത്തിൽ ഉത്തരവാദിത്തമുള്ള കേന്ദ്ര സർക്കാർ ഏജൻസികൾ  ഏതെങ്കിലും അന്വേഷണങ്ങൾ നടത്തുന്നു എങ്കിൽ അതിലേക്ക് ആവശ്യകമായ സഹായങ്ങളും ബന്ധപ്പെട്ട എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ അതും  നൽകുക.  

അല്ലെങ്കിൽ Income Tax Compliance Administration and Enforcement ഞങ്ങളുടെ Jurisdiction-ൽ പെട്ട കാര്യമല്ലെന്ന് പറഞ്ഞ് പരാതി മടക്കുക.

മഹത്തായ ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനം അനുസരിച്ചുള്ള അധികാര അവകാശങ്ങളെപ്പറ്റി യാതൊരു വിധ ധാരണയുമില്ലാതെ, കാള പെറ്റെന്ന് കേട്ടയുടനെ കന്നിനെ കെട്ടാനെടുത്ത കയർ പോലുള്ള ഈ  ഉത്തരവിന് എഴുതിയ കടലാസിന്റെ വില പോലും അല്പമെങ്കിലും തലക്ക് വെളിവുള്ളവർ കൊടുക്കില്ല !!!

ഇനി വസ്തുതകളിലേക്ക് വന്നാൽ ഈ ആരോപണത്തിനെന്തെങ്കിലും കഴമ്പ് കാണാൻ വഴിയുണ്ടോ !??

ഒന്നാമതായി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെയും ഇൻകം ടാക്സ് അടക്കുന്നവരുടെയും മതം തിരിച്ചുള്ള കണക്കെടുക്കൽ കേന്ദ്ര സർക്കാരിന് പോലും എളുപ്പമല്ലന്നിരിക്കെ ഈ പരാതി കൊടുത്ത കലാം ഭായിക്കെവിടെ നിന്നാണ് ഈ വിവരം കിട്ടിയത് !?? 

എയ്‌ഡഡ്‌ സ്‌കൂളുകളിൽ നിന്ന് ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം കർശനമായ TDS ചട്ടങ്ങൾക്ക് വിധേയമായാണ് നൽകപ്പെടുന്നത്. സാമ്പത്തിക വർഷം കഴിയുന്നതിന് മുൻപ് ആ സാമ്പത്തിക വർഷത്തെ ശമ്പളം തിട്ടപ്പെടുത്തി അതിന് അടക്കേണ്ടി വരുന്ന നികുതി സ്രോതസ്സിലേ (TDS) പിടിച്ച ശേഷമാണ് ശമ്പളം വിതരണം ചെയ്യപ്പെടുന്നത്. അപ്പോൾ പിന്നെ ടാക്സ് വെട്ടിക്കാൻ സാധിക്കുന്നതെങ്ങിനെയാണ് !??

ഒരു പക്ഷെ, ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സന്യാസ വൈദിക​രും ക​ന്യാ​സ്ത്രീ​ക​ളും വ​രു​മാ​ന​ നികുതി കൊടുക്കേണ്ട എന്ന ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നല്കപ്പെട്ടതും അടുത്ത കാലം വരെ തുടർന്ന് പോന്നിരുന്നതുമായ റിലാക്സേഷനെ അടിസ്ഥാനമാക്കിയാണ് കലാമിന്റെ ആരോപണമെങ്കിൽ അത് എയ്‌ഡഡ്‌ സ്‌കൂൾ ജീവനക്കാരായ സാധാരണ മനുഷ്യർക്ക് അനുവദനീയമായ ഇളവല്ല. ആ ഇളവ് സന്യാസികളല്ലാത്ത ഇടവക വൈദികർക്ക് പോലും ലഭ്യമല്ലെന്നിരിക്കെ എല്ലാ ക്രിസ്ത്യാനികളും ടാക്സ് വെട്ടിപ്പുകാരാണെന്ന നിഗമനത്തിൽ കലാം എത്തിച്ചേർന്നത് എന്തടിസ്ഥാനത്തിലാണാവോ !?? (ക്രൈസ്തവ സന്യാസിനി-സന്യാസികൾക്ക് മാത്രം കൊടുത്തിരുന്ന ഈ ആനുകൂല്യം ഇപ്പോൾ കോടതി റദ്ദ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്).

ഇനി എനിക്ക് നേരനുഭവമുള്ള ചില കാര്യങ്ങൾ പറയാം. ഞാൻ ജീവിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ആലുവ-കാലടി പ്രദേശത്തെ മിക്കവാറും എല്ലാ ക്രിസ്ത്യൻ എയ്‌ഡഡ്‌ സ്ക്കൂളുകളുടെയും TDS റിട്ടേണുകൾ ഫയൽ ചെയ്യപ്പെടുന്നത് എനിക്കറിയാവുന്ന TIN FC കളിലൂടെയാണ്. ക്രിസ്ത്യൻ മാനേജ്‌മെന്റ് എയ്‌ഡഡ്‌ സ്‌ക്കൂളുകളിലെ നിരവധി അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും റിട്ടേണുകൾ എന്റെ ഓഫീസ് വഴിയും എന്റെ സുഹൃത്തുക്കളുടെ ഓഫീസുകൾ വഴിയും ഫയൽ ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നും ഇത് വരെ ഒരു വെട്ടിപ്പും ഒരു ഡിപ്പാർട്ട്മെന്റും കണ്ടെത്തിയിട്ടില്ല. അത് കൊണ്ടാണ് ഇപ്പോൾ പരാതി ഉന്നയിച്ച കലാം ഭായി ആരോപിക്കുന്ന "എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ ക്രിസ്ത്യാനികളുടെ വ്യാപക നികുതി വെട്ടിപ്പ്" എനിക്ക് അത്ഭുതമായി തോന്നുന്നത്.   

തെളിവുകളുടെ അടിസ്ഥാനമില്ലാത്തതും വസ്തുതകൾക്ക്  വിരുദ്ധവുമായ ഇത്തരം വ്യാജ ആരോപണങ്ങളുമായി വന്നാൽ അതൊന്നും ഈ നാട്ടിലെ തലക്ക് വെളിവുള്ള  ആരും ഗൗരവമായി എടുക്കില്ല എന്ന് മനസിലാക്കുക. നേരെ മറിച്ച് എയ്‌ഡഡ്‌ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധമായ പണ ഇടപാടുകളും തെളിവുകളോടെ ഉയർത്തിക്കൊണ്ട് വന്നാൽ അതിന് ഈ നാട്ടിലെ ക്രിസ്ത്യാനികൾ അടക്കമുള്ള പൊതുസമൂഹം അതിനൊപ്പം ഉണ്ടാവുകയും ചെയ്യും.

എന്തായാലും അന്വേഷണം നടക്കട്ടെ !!! "ടാക്സ് വെട്ടിപ്പുകാരായ ക്രിസ്ത്യാനികൾ" കൈ വിലങ്ങുമായി കൽത്തുറുങ്കിലേക്ക് പോകുന്നത് കാണാൻ കലാം ഭായിക്ക് അവസരമുണ്ടാകട്ടെ !!! 

Tuesday, 4 February 2025

നിലക്കാതെ റാഗിങ്ങ് !!! ആവർത്തിക്കുന്ന ക്രൂരതകൾ !!!

കേരളത്തിൽ റാഗിങ് വാർത്തകൾ വളരെ സാധാരണമായിരിക്കുന്നു എന്ന അവസ്ഥയിലാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, വിദ്യാര്‍ഥിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുക, പരിഹസിക്കുക, തമാശകൾ കാണിക്കുക, വിദ്യാര്‍ഥി സാധാരണയായി ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക എന്നിവ റാഗിങ്ങിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. കളിയാക്കൽ, വാക്കുകൾ കൊണ്ട് മുറിപ്പെടുത്തൽ, വേദനിപ്പിക്കൽ, പരിക്കേൽപ്പിക്കൽ എന്നിവയെല്ലാം റാഗിങ്ങിന്‍റെ പരിധിയിൽ വരുന്നതാണ്. ചുരുക്കത്തിൽ, ഒരു വിദ്യാർഥിക്ക് മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ ഹോസ്റ്റലുകൾ പോലുള്ള മറ്റ് സ്ഥലങ്ങളിലോ ഉണ്ടാവുന്ന മോശം പെരുമാറ്റവും റാഗിങ്ങില്‍ ഉൾപ്പെടുന്നു. 

1975-ൽ ജനിച്ച എനിക്ക് ഓർമ്മ വച്ച കാലം മുതലേ റാഗിങ് വാർത്തകൾ കേട്ടിട്ടുണ്ട്. ആറിലോ ഏഴിലോ പഠിക്കുന്ന കാലത്ത് റാഗിങ് എന്താണെന്ന് ഞാൻ അപ്പനോട് ചോദിച്ചിട്ടുണ്ട്. കോളേജിലെ സീനിയർ കുട്ടികൾ ജൂനിയർ കുട്ടികളുടെ നാണമോ സഭാകമ്പമോ ഒക്കെ മാറ്റാൻ ചെയ്യുന്ന ഒരു പരിപാടിയാണെന്ന മറുപടിയാണ് അപ്പന്റെ അടുത്ത് നിന്ന് കിട്ടിയത്. പിന്നെയതെങ്ങനെയാണ് കേസും വാർത്തയുമാകുന്നതെന്ന എന്റെ ചോദ്യത്തിന് അതിനെ തുടർന്ന് വല്ല ഡിയോ പിടിയോ ഒക്കെ നടന്നു കാണുമെന്ന് അപ്പൻ മറുപടിയും പറഞ്ഞു. ആ സംശയം അങ്ങനെ തീർന്നു.  

SSLC പാസായ ശേഷം പ്രീ ഡിഗ്രിക്ക് ചേർന്നത് വീടിനടുത്തുള്ള കാലടി ശ്രീ ശങ്കര കോളേജിൽ ആയിരുന്നു. മോഹൻലാൽ നായകനായ (അതോ വില്ലനോ !?) "അമൃതം ഗമയ" സിനിമയിലെ റാഗിങ് സീൻ മനസ്സിൽ ഉള്ളത് കൊണ്ട് വളരെ ഭയപ്പാടോടെയാണ് ഞാൻ കോളേജിൽ എത്തിയത്. പക്ഷെ, ആ നാട്ടുകാരൻ തന്നെ ആയത് കൊണ്ടും ശങ്കരാ കോളേജിൽ വിദ്യാർത്ഥി സംഘടനകൾ വളരെ സജീവമായിരുന്നത് കൊണ്ടും കാര്യമായ റാഗിങ് ഒന്നും അനുഭവിക്കേണ്ടി വന്നില്ല. ഞാൻ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് റാഗിങ് പ്രമേയമായി "സൂര്യഗായത്രി" എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയത്. അതിലെ റാഗിങ് സീനും ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. പ്രീഡിഗ്രി കഴിഞ്ഞ് ഒരു സുഹൃത്തിനൊപ്പം കളമശ്ശേരി പോളി ടെക്ക്നിക്കിൽ അപേക്ഷ ഫോം വാങ്ങാൻ പോയപ്പോൾ അവിടെ കൂടി നിന്ന ചില വിദ്യാർത്ഥികൾ ഞങ്ങളെ പിടിച്ചു നിർത്തി വിരട്ടുകയും ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ പണം കൊണ്ട് സിഗരറ്റ് വാങ്ങിപ്പിക്കുകയും ചെയ്തത് ഇപ്പോഴും ഓർമ്മയിലുണ്ട്. അന്നത്തെ പ്രായത്തിൽ അത് വളരെയധികം മാനസിക വിഷമവും ആത്മരോഷവും ഉണ്ടാക്കിയ സംഭവമായിരുന്നു. പിന്നെ തൊണ്ണൂറുകളുടെ അവസാനകാലത്ത് ഒരു കൂട്ടുകാരന്റെ ഒപ്പം എറണാകുളം ലോ കോളേജിൽ ചെന്നപ്പോൾ കുറച്ച് വിദ്യാർത്ഥിനികൾ പിടിച്ചു നിർത്തി റാഗിങ് ചെയ്തതും ഓർമ്മയിലുണ്ട്. കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടാനായിരുന്നു ഞങ്ങളോട് അന്നവർ ആവശ്യപ്പെട്ടത്. ഭരണിപ്പാട്ടിന്റെ ഈണത്തിൽ തെറിയില്ലാതെ നാല് വരികൾ പാടിയപ്പോൾ പച്ചത്തെറി വിളിച്ചുകൊണ്ട് തെറി ചേർത്ത് പാടാൻ പറഞ്ഞപ്പോൾ ഉണ്ടായ അമ്പരപ്പ് പേടിയിൽ നിന്നുള്ളതായിരുന്നില്ല; മറിച്ച് നിയമ വിദ്യാർത്ഥിനികൾ ഒരു സങ്കോചവുമില്ലാതെ പച്ചത്തെറി പറഞ്ഞ് കേട്ടതിന്റെ ആയിരുന്നു. പിന്നെ അവർ പാടിത്തന്ന യഥാർത്ഥ വരികൾ തിരികെ പാടി ഞങ്ങൾ സ്ഥലം കാലിയാക്കി. എന്റെ റാഗിങ് അനുഭവങ്ങൾ എനിക്ക് സാരമായ ട്രോമ ഒന്നും ഉണ്ടാക്കിയിയിട്ടില്ലെങ്കിലും റാഗിങിന്റെ ഭീകരതയെ അതിജീവിക്കാനാവാതെ പഠനം നിർത്തിപ്പോയവരെയും കോളേജ് മാറിപ്പോയവരെയും എനിക്കറിയാം. റാഗിങ്ങിനെപ്പേടിച്ച് ഇഷ്ടപ്പെട്ട കോളേജും കോഴ്സും തിരഞ്ഞെടുക്കാതിരുന്നവരെയും എനിക്കറിയാം.

എന്റെ ഓർമ്മയിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന റാഗിങ് സംഭവമാണ് 1998-ലെ റാഗിങ് (കൂട്ട ബലാൽസംഗം എന്ന് പറയുന്നതാണ് കൂടുതൽ ശരി) വാർത്തയാണ്. അതിന് ശേഷം എത്രയോ റാഗിങ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നു. അതിൽ എത്രയെണ്ണത്തിൽ ഇരകൾക്ക് നീതി കിട്ടി എന്ന് പറയാവുന്ന തരത്തിൽ മാതൃകാപരമായ ശിക്ഷ ലഭിച്ചു !!??? അതിനു പോലും കൃത്യമായ കണക്കുകൾ ലഭ്യമാണെന്ന് തോന്നുന്നില്ല. 

എൺപതുകളിൽ പ്രൊഫഷണൽ കോളേജുകളിൽ മാത്രം നടന്നിരുന്ന ഈ കാടൻ ആചാരം പിന്നീട് ആർട്സ് കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും പടർന്നു പിടിച്ചു. 2022 ജൂലൈ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്‌ളാസിലും ആറാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.

ഓരോ റാഗിങ് കേസുകളും കേൾക്കുമ്പോഴും ഓർക്കണം, ഇത് പുറത്തറിഞ്ഞത് മാത്രമാണെന്ന്. പുറത്തറിയാതെ പോയത് എത്ര എണ്ണമുണ്ടാകാം; ആർക്കാണ് നിശ്ചയമുള്ളത് !??. പറയുന്നത് ക്രൂരമായിരിക്കും; റാഗിങ് കേസുകളിൽ മരിച്ചു പോകുന്നവർ എത്ര ഭാഗ്യവാന്മാർ. റാഗിങ്ങിനെ അതിജീവിച്ചെങ്കിലും അംഗവൈകല്യങ്ങളും മാനസിക രോഗങ്ങളും മാനസിക അസ്വസ്ഥതകളും കടും വിഷാദവുമൊക്കെയായി മരിച്ചു ജീവിക്കുന്ന എത്രയോ ഇരകൾ !!!

ശരാശരി മാനസിക നിലവാരമുള്ള ഒരു മനുഷ്യന്റെ മനസാക്ഷി മരവിച്ച്   പോകുന്ന റാഗിങ് കേസുകളിൽ ആരാണ് ശരിക്കും പ്രതികൾ അല്ലെങ്കിൽ ഉത്തരവാദികൾ ? എന്നാൽ, റാഗിങ് കൊണ്ട് വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അവരെ കൂടുതൽ കരുത്തുള്ളവരാക്കുമെന്നൊക്കെയാണ് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ ചിന്താഗതി. വിദ്യാർഥികളിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരെ മാനസികമായി ശക്തിപ്പെടുത്തുന്നതിനുമുള്ള ഒറ്റമൂലിയായി റാഗിങിനെ കാണുന്ന അബദ്ധയുക്തിയാണ് റാഗിങ് നിർബാധം തുടരാനുള്ള ഒരു കാരണം. കോളേജിന്റെയും "സൽപ്പേര്" സംരക്ഷിക്കാൻ വേണ്ടി നിയമവും നീതിയും നടപ്പാക്കാത്ത സ്കൂൾ അധികൃതർ, നിയമപരിജ്ഞാനവും കരുണയും തൊട്ടു തെറിച്ചിട്ടില്ലാത്ത അദ്ധ്യാപകർ, മറ്റു ജീവികളോടും മനുഷ്യരോടും എങ്ങനെ മര്യാദപൂർവ്വം പെരുമാറണം എന്ന് സ്വന്തം മക്കളെ പരിശീലിപ്പിക്കാത്ത മാതാപിതാക്കൾ, ക്രൂരമായ റാഗിങ് വാർത്തകളോട് നിസംഗതയോടെ പ്രതികരിക്കുന്ന സമൂഹവും സംവിധാനങ്ങളും. 



സാമൂഹിക വിപത്തായ റാഗിങ്ങിന് എതിരെ നിയമമുള്ള സംസ്ഥാനമാണ് കേരളം. 1998-ലാണ് കേരള റാഗിങ് നിരോധന നിയമം നിയമസഭ പാസാക്കിയത്. വകുപ്പുകളുടെ എണ്ണം കൊണ്ട് ചെറിയ നിയമമാണെങ്കിലും വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയ നിയമമാണിത്. റാഗിങ്ങിനെക്കുറിച്ചുള്ള ഒരു പരാതി ലഭിച്ചുകഴിഞ്ഞാൽ അതിൽ ഏഴു ദിവസത്തിനകം അന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യമായാൽ ആരോപണവിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്. കുറ്റം തെളിയിക്കപ്പെട്ടാൽ റാഗിങ് നടത്തിയ വിദ്യാർഥിക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ ശിക്ഷയും കിട്ടാവുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാൻ സാധിക്കുന്നതല്ലെന്നും നിയമം പറയുന്നു. 

പിന്നീട് റാഗിങ്ങ് കേസുകളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് 2009-ൽ കേരള ഡി.ജി പി. ഒരു സർക്കുലറും ഇറക്കുകയുണ്ടായി. ഈ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിങ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതിൽ സിവിൽ പോലീസ് അഡ്‌മിനിസ്ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ എന്നിവയും കൂടാതെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർഥികളുടെ പ്രതിനിധികൾ എന്നിവയും ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്നു. സ്ഥലം സർക്കിൾ ഇൻപെക്‌ടറും ഈ കമ്മിറ്റിയിൽ എക്‌സ് ഒഫീഷ്യോ മെമ്പറാണ്. കൂടാതെ പ്രധാന അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ ഒരു ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്നും പറയുന്നു. ഈ കമ്മിറ്റിയോട് സമയാ സമയങ്ങളിൽ ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലും റാഗിങ് തടയാനായി കർശന പരിശോധനകൾ നടത്തുവാനായും സർക്കുലറിൽ പറയുന്നുണ്ട്. 

ജനശ്രദ്ധയാകർഷിക്കുന്ന റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉടനെ കുറച്ച് കോലാഹലങ്ങൾ ഉണ്ടാകും. മയക്കുമരുന്നിനെയും മദ്യത്തിനെയും കുറ്റം പറഞ്ഞ് തല്ക്കാലത്തേക്ക് സമാധാനിക്കും. ചില റാഗിങ് കേസുകളിൽ കാമ്പസ് രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെട്ടതോടെ കാമ്പസ് രാഷ്ട്രീയത്തെയും കുറ്റം പറയാം (കാമ്പസ് രാഷ്ട്രീയം റാഗിങ് സാധ്യത കുറയുന്നതായാണ് എന്റെ അനുഭവം). രാഷ്ട്രീയം ഇല്ലാത്ത കാമ്പസിലും റാഗിങ്ങ് ഉണ്ടെന്നത് കൂടി ഈ വിഷയത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. റാഗിങിന് സീറോ ടോളറൻസ് നയം നടപ്പിലാക്കണം. റാഗിങ് ശ്രദ്ധയിൽ പെട്ടാലോ പരാതി കിട്ടിയാലോ കർശനമായ നടപടികൾ ഉണ്ടാകുമെന്നത് ഉറപ്പ് വരുത്തണം. സീറോ റാഗിങ്, നാക് അക്രെഡിറ്റേഷൻ റാങ്കിങ്ങിന്റെ ഒരു മാനദണ്ഡമാക്കണം. റാഗിങ് കേസുകളുടെ തീവ്രത ചോർത്തുകയോ വാർത്ത മൂടി വയ്ക്കുകയോ പരാതി ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സ്‌കൂൾ കോളേജ് അധികൃതരെയും അധ്യാപകരെയും കൂടി പ്രതി ചേർക്കണം. ഇതൊക്കെ കർശനമായാലേ റാഗിങ് കുറയുമെന്ന് പ്രതീക്ഷിക്കാനാവൂ.

ഇത്രയുമൊക്കെ എഴുതുമ്പോഴും, ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇവിടെ റാഗിങ്ങ് ഇനിയുമുണ്ടാകും... ഇരകൾ കൊല്ലപ്പെടാം; ഇരകൾക്ക് ഗുരുതരമായി പരിക്ക് പറ്റാം, മനക്കട്ടിയില്ലാത്തവർ ആത്മഹത്യയിൽ അഭയം തേടാം; മനസ് മരവിച്ച് കഠിന വിഷാദവുമായി മല്ലിട്ട് മരിച്ചതിനേക്കാൾ മോശമായി ജീവിക്കാം... അപ്പോഴെല്ലാം സമൂഹവും നിയമസംവിധാനങ്ങളും പതിവ് നിസംഗതയോടെ നിർഗുണപരബ്രഹ്മങ്ങളെപ്പോലെ ഇവിടെ തുടരും...