ഞാൻ വെറും പോഴൻ

Tuesday, 4 February 2025

നിലക്കാതെ റാഗിങ്ങ് !!! ആവർത്തിക്കുന്ന ക്രൂരതകൾ !!!

കേരളത്തിൽ റാഗിങ് വാർത്തകൾ വളരെ സാധാരണമായിരിക്കുന്നു എന്ന അവസ്ഥയിലാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, വിദ്യാര്‍ഥിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുക, പരിഹസിക്കുക, തമാശകൾ കാണിക്കുക, വിദ്യാര്‍ഥി സാധാരണയായി ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക എന്നിവ റാഗിങ്ങിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. കളിയാക്കൽ, വാക്കുകൾ കൊണ്ട് മുറിപ്പെടുത്തൽ, വേദനിപ്പിക്കൽ, പരിക്കേൽപ്പിക്കൽ എന്നിവയെല്ലാം റാഗിങ്ങിന്‍റെ പരിധിയിൽ വരുന്നതാണ്. ചുരുക്കത്തിൽ, ഒരു വിദ്യാർഥിക്ക് മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ ഹോസ്റ്റലുകൾ പോലുള്ള മറ്റ് സ്ഥലങ്ങളിലോ ഉണ്ടാവുന്ന മോശം പെരുമാറ്റവും റാഗിങ്ങില്‍ ഉൾപ്പെടുന്നു. 

1975-ൽ ജനിച്ച എനിക്ക് ഓർമ്മ വച്ച കാലം മുതലേ റാഗിങ് വാർത്തകൾ കേട്ടിട്ടുണ്ട്. ആറിലോ ഏഴിലോ പഠിക്കുന്ന കാലത്ത് റാഗിങ് എന്താണെന്ന് ഞാൻ അപ്പനോട് ചോദിച്ചിട്ടുണ്ട്. കോളേജിലെ സീനിയർ കുട്ടികൾ ജൂനിയർ കുട്ടികളുടെ നാണമോ സഭാകമ്പമോ ഒക്കെ മാറ്റാൻ ചെയ്യുന്ന ഒരു പരിപാടിയാണെന്ന മറുപടിയാണ് അപ്പന്റെ അടുത്ത് നിന്ന് കിട്ടിയത്. പിന്നെയതെങ്ങനെയാണ് കേസും വാർത്തയുമാകുന്നതെന്ന എന്റെ ചോദ്യത്തിന് അതിനെ തുടർന്ന് വല്ല ഡിയോ പിടിയോ ഒക്കെ നടന്നു കാണുമെന്ന് അപ്പൻ മറുപടിയും പറഞ്ഞു. ആ സംശയം അങ്ങനെ തീർന്നു.  

SSLC പാസായ ശേഷം പ്രീ ഡിഗ്രിക്ക് ചേർന്നത് വീടിനടുത്തുള്ള കാലടി ശ്രീ ശങ്കര കോളേജിൽ ആയിരുന്നു. മോഹൻലാൽ നായകനായ (അതോ വില്ലനോ !?) "അമൃതം ഗമയ" സിനിമയിലെ റാഗിങ് സീൻ മനസ്സിൽ ഉള്ളത് കൊണ്ട് വളരെ ഭയപ്പാടോടെയാണ് ഞാൻ കോളേജിൽ എത്തിയത്. പക്ഷെ, ആ നാട്ടുകാരൻ തന്നെ ആയത് കൊണ്ടും ശങ്കരാ കോളേജിൽ വിദ്യാർത്ഥി സംഘടനകൾ വളരെ സജീവമായിരുന്നത് കൊണ്ടും കാര്യമായ റാഗിങ് ഒന്നും അനുഭവിക്കേണ്ടി വന്നില്ല. ഞാൻ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് റാഗിങ് പ്രമേയമായി "സൂര്യഗായത്രി" എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയത്. അതിലെ റാഗിങ് സീനും ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. പ്രീഡിഗ്രി കഴിഞ്ഞ് ഒരു സുഹൃത്തിനൊപ്പം കളമശ്ശേരി പോളി ടെക്ക്നിക്കിൽ അപേക്ഷ ഫോം വാങ്ങാൻ പോയപ്പോൾ അവിടെ കൂടി നിന്ന ചില വിദ്യാർത്ഥികൾ ഞങ്ങളെ പിടിച്ചു നിർത്തി വിരട്ടുകയും ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ പണം കൊണ്ട് സിഗരറ്റ് വാങ്ങിപ്പിക്കുകയും ചെയ്തത് ഇപ്പോഴും ഓർമ്മയിലുണ്ട്. അന്നത്തെ പ്രായത്തിൽ അത് വളരെയധികം മാനസിക വിഷമവും ആത്മരോഷവും ഉണ്ടാക്കിയ സംഭവമായിരുന്നു. പിന്നെ തൊണ്ണൂറുകളുടെ അവസാനകാലത്ത് ഒരു കൂട്ടുകാരന്റെ ഒപ്പം എറണാകുളം ലോ കോളേജിൽ ചെന്നപ്പോൾ കുറച്ച് വിദ്യാർത്ഥിനികൾ പിടിച്ചു നിർത്തി റാഗിങ് ചെയ്തതും ഓർമ്മയിലുണ്ട്. കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടാനായിരുന്നു ഞങ്ങളോട് അന്നവർ ആവശ്യപ്പെട്ടത്. ഭരണിപ്പാട്ടിന്റെ ഈണത്തിൽ തെറിയില്ലാതെ നാല് വരികൾ പാടിയപ്പോൾ പച്ചത്തെറി വിളിച്ചുകൊണ്ട് തെറി ചേർത്ത് പാടാൻ പറഞ്ഞപ്പോൾ ഉണ്ടായ അമ്പരപ്പ് പേടിയിൽ നിന്നുള്ളതായിരുന്നില്ല; മറിച്ച് നിയമ വിദ്യാർത്ഥിനികൾ ഒരു സങ്കോചവുമില്ലാതെ പച്ചത്തെറി പറഞ്ഞ് കേട്ടതിന്റെ ആയിരുന്നു. പിന്നെ അവർ പാടിത്തന്ന യഥാർത്ഥ വരികൾ തിരികെ പാടി ഞങ്ങൾ സ്ഥലം കാലിയാക്കി. എന്റെ റാഗിങ് അനുഭവങ്ങൾ എനിക്ക് സാരമായ ട്രോമ ഒന്നും ഉണ്ടാക്കിയിയിട്ടില്ലെങ്കിലും റാഗിങിന്റെ ഭീകരതയെ അതിജീവിക്കാനാവാതെ പഠനം നിർത്തിപ്പോയവരെയും കോളേജ് മാറിപ്പോയവരെയും എനിക്കറിയാം. റാഗിങ്ങിനെപ്പേടിച്ച് ഇഷ്ടപ്പെട്ട കോളേജും കോഴ്സും തിരഞ്ഞെടുക്കാതിരുന്നവരെയും എനിക്കറിയാം.

എന്റെ ഓർമ്മയിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന റാഗിങ് സംഭവമാണ് 1998-ലെ റാഗിങ് (കൂട്ട ബലാൽസംഗം എന്ന് പറയുന്നതാണ് കൂടുതൽ ശരി) വാർത്തയാണ്. അതിന് ശേഷം എത്രയോ റാഗിങ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നു. അതിൽ എത്രയെണ്ണത്തിൽ ഇരകൾക്ക് നീതി കിട്ടി എന്ന് പറയാവുന്ന തരത്തിൽ മാതൃകാപരമായ ശിക്ഷ ലഭിച്ചു !!??? അതിനു പോലും കൃത്യമായ കണക്കുകൾ ലഭ്യമാണെന്ന് തോന്നുന്നില്ല. 

എൺപതുകളിൽ പ്രൊഫഷണൽ കോളേജുകളിൽ മാത്രം നടന്നിരുന്ന ഈ കാടൻ ആചാരം പിന്നീട് ആർട്സ് കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും പടർന്നു പിടിച്ചു. 2022 ജൂലൈ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്‌ളാസിലും ആറാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.

ഓരോ റാഗിങ് കേസുകളും കേൾക്കുമ്പോഴും ഓർക്കണം, ഇത് പുറത്തറിഞ്ഞത് മാത്രമാണെന്ന്. പുറത്തറിയാതെ പോയത് എത്ര എണ്ണമുണ്ടാകാം; ആർക്കാണ് നിശ്ചയമുള്ളത് !??. പറയുന്നത് ക്രൂരമായിരിക്കും; റാഗിങ് കേസുകളിൽ മരിച്ചു പോകുന്നവർ എത്ര ഭാഗ്യവാന്മാർ. റാഗിങ്ങിനെ അതിജീവിച്ചെങ്കിലും അംഗവൈകല്യങ്ങളും മാനസിക രോഗങ്ങളും മാനസിക അസ്വസ്ഥതകളും കടും വിഷാദവുമൊക്കെയായി മരിച്ചു ജീവിക്കുന്ന എത്രയോ ഇരകൾ !!!

ശരാശരി മാനസിക നിലവാരമുള്ള ഒരു മനുഷ്യന്റെ മനസാക്ഷി മരവിച്ച്   പോകുന്ന റാഗിങ് കേസുകളിൽ ആരാണ് ശരിക്കും പ്രതികൾ അല്ലെങ്കിൽ ഉത്തരവാദികൾ ? എന്നാൽ, റാഗിങ് കൊണ്ട് വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അവരെ കൂടുതൽ കരുത്തുള്ളവരാക്കുമെന്നൊക്കെയാണ് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ ചിന്താഗതി. വിദ്യാർഥികളിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരെ മാനസികമായി ശക്തിപ്പെടുത്തുന്നതിനുമുള്ള ഒറ്റമൂലിയായി റാഗിങിനെ കാണുന്ന അബദ്ധയുക്തിയാണ് റാഗിങ് നിർബാധം തുടരാനുള്ള ഒരു കാരണം. കോളേജിന്റെയും "സൽപ്പേര്" സംരക്ഷിക്കാൻ വേണ്ടി നിയമവും നീതിയും നടപ്പാക്കാത്ത സ്കൂൾ അധികൃതർ, നിയമപരിജ്ഞാനവും കരുണയും തൊട്ടു തെറിച്ചിട്ടില്ലാത്ത അദ്ധ്യാപകർ, മറ്റു ജീവികളോടും മനുഷ്യരോടും എങ്ങനെ മര്യാദപൂർവ്വം പെരുമാറണം എന്ന് സ്വന്തം മക്കളെ പരിശീലിപ്പിക്കാത്ത മാതാപിതാക്കൾ, ക്രൂരമായ റാഗിങ് വാർത്തകളോട് നിസംഗതയോടെ പ്രതികരിക്കുന്ന സമൂഹവും സംവിധാനങ്ങളും. 



സാമൂഹിക വിപത്തായ റാഗിങ്ങിന് എതിരെ നിയമമുള്ള സംസ്ഥാനമാണ് കേരളം. 1998-ലാണ് കേരള റാഗിങ് നിരോധന നിയമം നിയമസഭ പാസാക്കിയത്. വകുപ്പുകളുടെ എണ്ണം കൊണ്ട് ചെറിയ നിയമമാണെങ്കിലും വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയ നിയമമാണിത്. റാഗിങ്ങിനെക്കുറിച്ചുള്ള ഒരു പരാതി ലഭിച്ചുകഴിഞ്ഞാൽ അതിൽ ഏഴു ദിവസത്തിനകം അന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യമായാൽ ആരോപണവിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്. കുറ്റം തെളിയിക്കപ്പെട്ടാൽ റാഗിങ് നടത്തിയ വിദ്യാർഥിക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ ശിക്ഷയും കിട്ടാവുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാൻ സാധിക്കുന്നതല്ലെന്നും നിയമം പറയുന്നു. 

പിന്നീട് റാഗിങ്ങ് കേസുകളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് 2009-ൽ കേരള ഡി.ജി പി. ഒരു സർക്കുലറും ഇറക്കുകയുണ്ടായി. ഈ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിങ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതിൽ സിവിൽ പോലീസ് അഡ്‌മിനിസ്ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ എന്നിവയും കൂടാതെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർഥികളുടെ പ്രതിനിധികൾ എന്നിവയും ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്നു. സ്ഥലം സർക്കിൾ ഇൻപെക്‌ടറും ഈ കമ്മിറ്റിയിൽ എക്‌സ് ഒഫീഷ്യോ മെമ്പറാണ്. കൂടാതെ പ്രധാന അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ ഒരു ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്നും പറയുന്നു. ഈ കമ്മിറ്റിയോട് സമയാ സമയങ്ങളിൽ ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലും റാഗിങ് തടയാനായി കർശന പരിശോധനകൾ നടത്തുവാനായും സർക്കുലറിൽ പറയുന്നുണ്ട്. 

ജനശ്രദ്ധയാകർഷിക്കുന്ന റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉടനെ കുറച്ച് കോലാഹലങ്ങൾ ഉണ്ടാകും. മയക്കുമരുന്നിനെയും മദ്യത്തിനെയും കുറ്റം പറഞ്ഞ് തല്ക്കാലത്തേക്ക് സമാധാനിക്കും. ചില റാഗിങ് കേസുകളിൽ കാമ്പസ് രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെട്ടതോടെ കാമ്പസ് രാഷ്ട്രീയത്തെയും കുറ്റം പറയാം (കാമ്പസ് രാഷ്ട്രീയം റാഗിങ് സാധ്യത കുറയുന്നതായാണ് എന്റെ അനുഭവം). രാഷ്ട്രീയം ഇല്ലാത്ത കാമ്പസിലും റാഗിങ്ങ് ഉണ്ടെന്നത് കൂടി ഈ വിഷയത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. റാഗിങിന് സീറോ ടോളറൻസ് നയം നടപ്പിലാക്കണം. റാഗിങ് ശ്രദ്ധയിൽ പെട്ടാലോ പരാതി കിട്ടിയാലോ കർശനമായ നടപടികൾ ഉണ്ടാകുമെന്നത് ഉറപ്പ് വരുത്തണം. സീറോ റാഗിങ്, നാക് അക്രെഡിറ്റേഷൻ റാങ്കിങ്ങിന്റെ ഒരു മാനദണ്ഡമാക്കണം. റാഗിങ് കേസുകളുടെ തീവ്രത ചോർത്തുകയോ വാർത്ത മൂടി വയ്ക്കുകയോ പരാതി ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സ്‌കൂൾ കോളേജ് അധികൃതരെയും അധ്യാപകരെയും കൂടി പ്രതി ചേർക്കണം. ഇതൊക്കെ കർശനമായാലേ റാഗിങ് കുറയുമെന്ന് പ്രതീക്ഷിക്കാനാവൂ.

ഇത്രയുമൊക്കെ എഴുതുമ്പോഴും, ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇവിടെ റാഗിങ്ങ് ഇനിയുമുണ്ടാകും... ഇരകൾ കൊല്ലപ്പെടാം; ഇരകൾക്ക് ഗുരുതരമായി പരിക്ക് പറ്റാം, മനക്കട്ടിയില്ലാത്തവർ ആത്മഹത്യയിൽ അഭയം തേടാം; മനസ് മരവിച്ച് കഠിന വിഷാദവുമായി മല്ലിട്ട് മരിച്ചതിനേക്കാൾ മോശമായി ജീവിക്കാം... അപ്പോഴെല്ലാം സമൂഹവും നിയമസംവിധാനങ്ങളും പതിവ് നിസംഗതയോടെ നിർഗുണപരബ്രഹ്മങ്ങളെപ്പോലെ ഇവിടെ തുടരും...

No comments:

Post a Comment