ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ, പ്രവാസവുമായി ബന്ധപ്പെട്ട്, അതിർത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനെ സാധാരണയായി രണ്ട് തരത്തിലാണ് വിവരിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രവീക്ഷണത്തിൽ, ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് പണമയക്കുന്ന പ്രക്രിയയെ ഇൻവേർഡ് റെമിറ്റൻസ് (Inward Remittance) എന്നും നേർവിപരീതമായി സ്വന്തം രാജ്യത്തു നിന്ന് താമസിക്കുന്ന രാജ്യത്തിലേക്ക് പണമയക്കുന്ന പ്രക്രിയയെ ഔട്ട്വേർഡ് റെമിറ്റൻസ് (Outward Remittance) എന്നുമാണ് വിളിക്കുന്നത്. സാധാരണക്കാരുടെ ഭാഷയിൽ, റെമിറ്റൻസ് എന്നും റിവേഴ്‌സ് റെമിറ്റൻസ് എന്നും ഇതിനെ വിളിക്കാറുണ്ട്.
ഇതിനെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് റെമിറ്റൻസ്? ഒരു രാജ്യത്തെ പൗരന്മാർ വിദേശത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ ലളിതമായി 'റെമിറ്റൻസ്' എന്ന് വിളിക്കാം. ഉദാഹരണത്തിന്, വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് പണം അയക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് റെമിറ്റൻസ് ആണ്.
അപ്പോൾ എന്താണ് റിവേഴ്‌സ് റെമിറ്റൻസ് ? ഒരു രാജ്യത്ത് നിന്ന് പണം പുറത്തേക്ക് (വിദേശത്തേക്ക്) ഒഴുകുന്ന സാഹചര്യമാണിത്. ഇത് പ്രധാനമായും രണ്ട് രീതിയിൽ സംഭവിക്കാം. ഒന്നാമതായി ഇവിടെയുള്ള വിദേശികൾ അവരുടെ സ്വന്തം രാജ്യത്തേക്ക് പണം കൊണ്ടുപോകുന്നത്. രണ്ടാമത്തേത്, ഒരു രാജ്യത്തെ പൗരന്മാർ വിദേശത്തെ പഠനത്തിനോ, ചികിത്സയ്ക്കോ, വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ബിസിനസ്സ് നിക്ഷേപങ്ങൾക്കോ വേണ്ടി സ്വന്തം നാട്ടിൽ നിന്ന് പണം പുറത്തേക്ക് അയക്കുന്നതും (Outward Remittance) തത്വത്തിൽ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.
ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിദേശ നാണ്യം പുറത്തേക്ക് പോകുന്നതിനെയാണ് റിവേഴ്‌സ് റെമിറ്റൻസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ തേടുമ്പോഴോ ഇത്തരം പണമൊഴുക്ക് സ്വാഭാവികമായും വർദ്ധിക്കാറുണ്ട്.
ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. ഒരു സംസ്ഥാനത്തിൽ നിന്നുള്ള തൊഴിലാളികൾ വേറൊരു സംസ്ഥാനത്തിൽ വന്നു തൊഴിലെടുക്കുന്നത് ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് ബീഹാർ, വെസ്റ്റ് ബംഗാൾ, ആസാം, ഒറീസ, ഉത്തർപ്രദേശ്, തമിഴ് നാട് തുടങ്ങി ഒട്ടു മിക്ക സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ കേരളത്തിൽ വന്ന് താമസിച്ച് പണിയെടുക്കുന്നുണ്ട്. അവർ അവർക്ക് ലഭിക്കുന്ന കൂലിപ്പണം അവരുടെ നാട്ടിലേക്കയക്കുന്നതിനെ "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് പറയുന്നത് ശരിയാണോ ?
ഒരു രാജ്യത്തിനുള്ളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള മേൽ പറഞ്ഞ തരം പണമൊഴുക്കിനെ 'റിവേഴ്‌സ് റെമിറ്റൻസ്' (Reverse Remittance) എന്ന് വിളിക്കുന്നത് സാങ്കേതികമായി ശരിയായ കാര്യമല്ല. ആദ്യമേ പറഞ്ഞത് പോലെ, 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് രാജ്യാന്തര തലത്തിലാണ് (International Level). അതായത് ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Foreign Exchange Reserve) നിന്ന് പണം വിദേശത്തേക്ക് പോകുമ്പോഴാണ് സാങ്കേതികമായി ഈ പദം പ്രസക്തമാകുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കോ ആസാമിലേക്കോ പണം പോകുമ്പോൾ, പണം രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നു എന്നല്ലാതെ, രാജ്യത്തിന് ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പണമയക്കുന്നത് അന്തർസംസ്ഥാന പണമൊഴുക്ക് (Inter-state Remittance) രാജ്യത്തിന്റെ ആഭ്യന്തര പണമൊഴുക്കിന്റെ (Internal Remittance) ഭാഗമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണമയക്കുമ്പോൾ, ആ പണം ഇന്ത്യയുടെ സാമ്പത്തിക അതിർത്തിക്കുള്ളിൽ തന്നെയാണല്ലോ നിൽക്കുന്നത്. അതിനാൽ ഇതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിളിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ ആഭ്യന്തര വരുമാനം പുറത്തേക്ക് പോകുന്നു എന്ന അർത്ഥത്തിൽ പ്രാദേശികമായ ചർച്ചകളിൽ ചിലരെങ്കിലും ഈ പദം പ്രയോഗിക്കാറുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രപരമായി അത് ശരിയല്ല.
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (State Economy) സംബന്ധിച്ചിടത്തോളം ഇതിനെ ഒരു 'ഔട്ട്‌ഫ്ലോ' (Outflow) ആയി മാത്രമേ കണക്കാക്കാനാവൂ. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പണമിടപാടിനെ 'അന്തർസംസ്ഥാന റെമിറ്റൻസ്' (Inter-state Remittance) എന്ന് വിളിക്കുന്നതാണ് സാങ്കേതികമായി കൂടുതൽ കൃത്യം.
കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon (ഊറ്റൽ) ചെയ്യുകയാണെന്ന പ്രസ്താവന തെറ്റായി വരുന്നത്, സാങ്കേതികമായും സാമ്പത്തികമായും എന്നതിനേക്കാൾ രാഷ്ട്രീയമായി ആണ്.
സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിൽ, ഒരാൾക്ക് കൂലി ലഭിക്കുന്നത് അയാൾ അവിടെ ഒരു അധ്വാനം അല്ലെങ്കിൽ സേവനം നൽകുന്നത് കൊണ്ടാണ്; സേവനത്തിന് പകരമുള്ള പ്രതിഫലം (Value Exchange) ആണിത്. നിർമ്മാണം, ഹോസ്പിറ്റാലിറ്റി, കൃഷി, തോട്ടം തുടങ്ങി ഒട്ട് മിക്ക തൊഴിൽ മേഖലകളിലും ഈ തൊഴിലാളികൾ അവരുടെ അധ്വാനം നിക്ഷേപിക്കുന്നുണ്ട്. ആ അധ്വാനത്തിന്റെ ഫലമായി കേരളത്തിൽ ആസ്തികൾ (കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ....) സൃഷ്ടിക്കപ്പെടുകയും സേവന മേഖല വിപുലമാവുകയും ചെയ്യുന്നു. അവർ നൽകിയ അധ്വാനത്തിന് അർഹമായ പ്രതിഫലം വാങ്ങുമ്പോൾ തന്നെ തത്തുല്യമായ വാല്യൂ അഡിഷൻ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അവർ താമസിക്കുന്ന വീടിന്റെ വാടക, കഴിക്കുന്ന ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയിലൂടെ ആ പണം കേരളത്തിലെ സാധാരണക്കാരായ വീട്ടുടമസ്ഥരിലേക്കും കച്ചവടക്കാരിലേക്കും തന്നെ എത്തുന്നുണ്ട്. അവർ വാങ്ങുന്ന ഓരോ സാധനത്തിലൂടെയും സേവനത്തിലൂടെയും (നിത്യോപയോഗ സാധനങ്ങൾ മുതൽ മൊബൈൽ റീചാർജ് വരെ) കേരള സർക്കാരിന് GST നികുതിയും ലഭിക്കുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ അവർക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം അവർ ഇവിടെത്തന്നെ ചിലവഴിക്കുന്നു. അവർക്ക് കൂലിയായി കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം വയ്ക്കുന്ന പണം അവരുടെ നാട്ടിലേക്ക് അയക്കുന്നതിനെ, ഊറ്റിക്കൊണ്ടു പോകുന്നു എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് മാത്രമല്ല ശുദ്ധ മര്യാദകേട് കൂടിയാണ്.
കേരളത്തിലെ ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ന് നിലനിൽക്കുന്നത് ഈ തൊഴിലാളികളെ ആശ്രയിച്ചാണ്. അവർ പണിയെടുത്താൽ മാത്രമേ ആ മേഖലകളിൽ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. അവർ ജോലി ചെയ്യുന്നത് വഴി നമ്മുടെ വ്യാപാര - വ്യവസായ - സേവന മേഖലകൾ വളരുകയും അതുവഴി സർക്കാരിനും മറ്റ് മലയാളി സംരംഭകർക്കും വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' എന്ന് പറയാവുന്നതാണ്.
ഭരണഘടനാപരമായി നോക്കിയാലും രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയും ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ട്. "പണം ഊറ്റുന്നു" എന്ന പ്രയോഗം ഈ തൊഴിലാളികളെ അന്യവൽക്കരിക്കുന്ന (Othering) ഒന്നാണ്.
രാഷ്ട്രീയമായും ധാർമികമായും നോക്കിയാലും, "Siphon" എന്ന പ്രയോഗം വിദ്വേഷം പടർത്തുന്നതോ ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതോ (Scapegoating) ആയേ കാണാനാകൂ. ഒരു വികസിത സമൂഹമെന്ന നിലയിൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളെ മാന്യമായ രീതിയിൽ കാണുന്നതാണ് ഉചിതം.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാവെന്ന നിലയിൽ താങ്കൾ ഒരൊറ്റ കാര്യം ഓർത്താൽ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിലേക്ക് അയക്കുന്ന പണത്തെ (Inward Remittance), അവർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തെ ആളുകൾ "പണം ഊറ്റൽ" എന്ന് വിശേഷിപ്പിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. അതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഒരു രാജ്യത്തിനകത്തെ സ്വാഭാവികമായ സാമ്പത്തിക വിനിമയത്തെ ആ രീതിയിൽ മാത്രം കാണുക. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കൾ അല്ല എന്നും മനസ്സിലാക്കുക. അവർ ഇവിടേക്ക് വരാതായാൽ മാത്രമേ അവർ ഇവിടെ ചെയ്തിരുന്ന സേവനങ്ങളുടെ വില നമുക്ക് മനസിലാകൂ; അവർ നമുക്കെത്ര അനിവാര്യർ ആയിരിക്കുന്നു എന്ന് നാം തിരിച്ചറിയൂ.