ഞാൻ വെറും പോഴൻ

Thursday, 14 May 2026

സർക്കുലാർ ഇക്കോണമി നല്ലതാണ്; പക്ഷെ, സാർ പറയുന്ന സംഭവം അതല്ല !!!

സതീശൻ സാർ, ഒരു കാലഘട്ടത്തിൽ ഹരിത എം എൽ എ എന്ന പേരിലും സാമ്പത്തിക മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ളയാൾ എന്ന പേരിലും അറിയപ്പെട്ട താങ്കൾ ആവർത്തിച്ച് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. മണി സർക്കുലേഷനുമായി ബന്ധപ്പെട്ട് താങ്കൾ പറഞ്ഞ അഭിപ്രായം ഏകദേശം ഇപ്രകാരമായിരുന്നു. "നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായി മനുഷ്യരുടെ കയ്യിലേക്ക് കുറച്ചധികം പണം ലഭ്യമാക്കുക; പണക്കാരുടെ കയ്യിലേക്ക് പണം കിട്ടിയിട്ട് കാര്യമില്ല; അവർ അത് ചിലവാക്കില്ല. പാവപ്പെട്ടവരും സാധാരണക്കാരും അവരുടെ കയ്യിൽ കിട്ടുന്ന പണം അവരുടെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കും. അങ്ങനെ സംസ്ഥാനത്ത് GST കളക്ഷൻ വർധിക്കും. അങ്ങനെ ഏകദേശം നാലു മാസങ്ങൾ കൊണ്ട് ഈ പണം മുഴുവൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ GST  ആയി വന്ന് ചേരും. ഈ അവകാശവാദം എങ്ങനെ ശരിയാകും !? 

ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ സർക്കുലർ ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു. സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

താങ്കൾ ആദ്യം പറഞ്ഞ ആശയത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അതിൽ ചില വസ്തുതകളും എന്നാൽ വലിയ ചില സാങ്കേതിക പിശകുകളും ഉണ്ടെന്ന് കാണാം. നമുക്ക് ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യാം:

താങ്കൾ അഭിപ്രായപ്പെട്ട, അടിസ്ഥാന വിഭാഗങ്ങളിലേക്ക് ലഭ്യമാക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് നാലു മാസങ്ങൾ കൊണ്ട് സർക്കാരിലേക്ക് എത്തും എന്ന പ്രതീക്ഷ യാഥാർഥ്യത്തിന് നിരക്കുന്നതാണോ !?

ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നതാണ് വസ്തുത. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കീൻസ് മുന്നോട്ട് വച്ച കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിലെ "മൾട്ടിപ്ലെയർ ഇഫക്റ്റ് (Multiplier Effect)" എന്ന് വിളിക്കപ്പെടുന്ന ആശയത്തിൽപ്പെടുന്ന ഒന്നാണിത്. സാധാരണക്കാരുടെ കയ്യിൽ എത്തുന്ന പണം അവർ അത് സൂക്ഷിച്ച് വെക്കാതെ അവരുടെ ദൈനം ദിന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിപാലനം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഉടൻ തന്നെ വിപണിയിൽ ചിലവഴിക്കുന്നു എന്നതാണിതിന്റെ ഒരു സങ്കൽപം. ഇത്തരം ഇടപാടുകളിലെ ജി.എസ്.ടി (GST) വിഹിതം നേരിട്ട് സർക്കാരിലേക്ക് എത്തിച്ചേരുന്നു എന്നും വിപണിയിലുള്ള ബാക്കി പണം സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി  വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും നികുതി സർക്കാർ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ഇത് വിഭാവനം ചെയ്യുന്നു. എന്നാൽ "നാലു മാസം കൊണ്ട് കൊടുത്ത പണം മുഴുവൻ ജി.എസ്.ടി ആയി തിരിച്ചെത്തും" എന്നത് ഒരു അതിശയോക്തി മാത്രമാണ്. കാരണം, ജി. എസ്. ടി നിരക്കുകൾ സാധാരണയായി 5%, 18% എന്നിങ്ങനെയാണ്. സ്റ്റേറ്റിന് GST കിട്ടാവുന്ന ഇടപാടുകളിൽ തന്നെ മൊത്തം GST കളക്ഷന്റെ പകുതിയേ സ്റ്റേറ്റിന് ലഭിക്കൂ. അതായത് 18% നികുതി വിധേയമായ ഒരു ഇടപാട് നടക്കുമ്പോൾ അതിന്റെ പകുതി അതായത് 9% മാത്രമേ സംസ്ഥാന വിഹിതമായി സ്റ്റേറ്റിന് ലഭിക്കൂ; ബാക്കി 9 % കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. GST കഴിച്ചുള്ള തുക സ്വകാര്യവ്യക്തിയായ കച്ചവടക്കാരന്റെ കയ്യിലാണ് എത്തുന്നത്. അത് വീണ്ടും പലതവണ കൈമാറ്റം ചെയ്യപ്പെട്ടാൽ മാത്രമേ നികുതിയായി സർക്കാരിന് ലഭിക്കൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഭക്ഷണം, വസ്ത്രം, വീട്ട് വാടക, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾ മിക്കവയും GST യിൽ നിന്ന് ഒഴിവാക്കപ്പെട്ടവയോ ചെറിയ നികുതി നിരക്കായ 5%-ൽ പെടുന്നതോ ആണ്. ഇതിനെല്ലാം പുറമെ, ലഭ്യമായ പണം അത് ലഭിക്കുന്നവർ വിപണിയിൽ ചിലവഴിക്കുമെന്നത് സങ്കൽപം മാത്രമാണ്; ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഒരു പക്ഷെ സമ്പാദ്യമായി (Savings) മാറാം; അല്ലെങ്കിൽ അവർ അത് സംസ്ഥാനത്തിന് പുറത്തുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ ഉപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 'ഡിമാൻഡ് സൈഡ് ഇക്കണോമിക്സ്' (Demand-side Economics) എന്ന ആശയത്തെ ലളിതവൽക്കരിക്കാനാണ്. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണിയെ ഉണർത്തുക (Consumption led growth) എന്നതാണ് ഇതിന്റെ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക മാന്ദ്യം മറികടക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുമെങ്കിലും, സർക്കാർ നൽകുന്ന പണം മുഴുവനായി നികുതിയിലൂടെ തിരിച്ചുകിട്ടും എന്നത് സാമ്പത്തിക ശാസ്‌ത്രപരമായി പ്രായോഗികമല്ല. ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ചാൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' പ്രകാരം അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭ്യമാക്കിയ പണം തിരികെ സർക്കാർ ഖജനാവിൽ എത്തുന്നതിന് നാലു മാസം പോയിട്ട് അതിന്റെ പല മടങ്ങ് മാസങ്ങൾ വേണ്ടി വന്നേക്കും !!!

ഇനി, ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ വിശേഷിപ്പിച്ചത് പോലെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കാമോ ? സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

ഇവിടെയാണ് താങ്കളുടെ വാദത്തിൽ പ്രശ്നമുള്ളത്. സാങ്കേതികമായി ഇതിനെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ സർക്കുലാർ ഇക്കോണമി (Circular Economy) എന്നത് വിഭവങ്ങൾ പരമാവധി കാലം ഉപയോഗിക്കുകയും, അവയിൽ നിന്ന് ലഭിക്കാവുന്ന മൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃകയാണ്. വിഭവങ്ങളുടെ പുനഃചംക്രമണത്തെയും പുനരുപയോഗത്തെയും (Recycling and  Reusing of Resources) മാലിന്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള പരിസ്ഥിതി സൗഹൃദ സാമ്പത്തിക മാതൃകയെയാണ് സർക്കുലർ ഇക്കോണമി (Circular Economy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിഭവങ്ങൾ കറങ്ങുന്നതിനെയാണ് (പണം വിപണിയിൽ കറങ്ങുന്നതിനെയല്ല) ഇത് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) ആയിരിക്കണം താങ്കൾ ഉദ്ദേശിച്ചത്.

സാധാരണയായി പ്രചാരത്തിലുള്ള ലീനിയർ ഇക്കോണമി അനുസരിച്ച് പ്രകൃതിയിൽ നിന്ന് വിഭവങ്ങൾ എടുക്കുന്നു, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു, ഉപയോഗത്തിന് ശേഷം അവ മാലിന്യമായി വലിച്ചെറിയുന്നു. പ്രകൃതി വിഭവങ്ങളുടെ നാശത്തിനും മലിനീകരണത്തിനും ശോഷണത്തിനും കാരണമാകുന്ന Take-Make-Dispose (എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയുക) എന്ന രീതിക്ക് പകരമായാണ് സർക്കുലാർ ഇക്കോണമി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കുലാർ ഇക്കോണമിയിൽ ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഒരു പ്രാഥമിക ഉപയോഗം അത് പുനരുപയോഗിക്കുകയോ (Reuse), അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയോ (Repair), അല്ലെങ്കിൽ പുനരുൽപ്പാദനം (Recycle) നടത്തുകയോ ചെയ്യുന്നു. 

സർക്കുലാർ ഇക്കോണമി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്നാമതായി, ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അവ മാലിന്യമായി മാറാത്ത രീതിയിൽ പ്ലാൻ ചെയ്യുകയും അത് വഴി മാലിന്യവും മലിനീകരണവും പരമാവധി ഒഴിവാക്കുന്നു. രണ്ടാമത്, അറ്റകുറ്റപ്പണികളിലൂടെയും പുനരുപയോഗത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും സാധനങ്ങളുടെ ആയുസ്സ് ദീർഘിപ്പിച്ച്  ഉൽപ്പന്നങ്ങളും വിഭവങ്ങളും കൂടുതൽ കാലം ഉപയോഗപ്രദമായി നിലനിർത്തുന്നു. പരിസ്ഥിതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കുകയും ചെയ്യുന്നതിന് പകരം അതിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഉൽപ്പാദന രീതികൾ അവലംബിക്കുകയാണ് മൂന്നാമത്തേത്.

ഇത് കൊണ്ട്  വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചിലവ് കുറയുന്നു. റീസൈക്ലിംഗ്, റിപ്പയറിംഗ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയുന്നതിന് പകരം അവയിലെ സ്വർണം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് പുതിയ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഒരു സർക്കുലാർ ഇക്കോണമി പ്രവർത്തനമാണ്. അതുപോലെ പഴയ തുണികൾ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, "മാലിന്യം എന്നത് മറ്റൊരു വിഭവമാണ്" എന്ന ചിന്താഗതിയാണ് സർക്കുലാർ ഇക്കോണമി മുന്നോട്ട് വെക്കുന്നത്. ഇത് സുസ്ഥിരമായ (Sustainable) ഒരു ഭാവി കെട്ടിപ്പടുക്കാൻ അത്യാവശ്യമാണ്.

ഇത്രയും എഴുതിയത്, പണം വിപണിയിൽ എത്തുന്നതും അതിന്റെ ചംക്രമണം വഴി നികുതി കളക്ഷൻ വർദ്ധിക്കുന്നതും ശരിയാണ്, പക്ഷേ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'സർക്കുലർ ഇക്കോണമി' എന്ന പദം തെറ്റാണ്. ഇതിനെ പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) എന്ന് വിളിക്കുന്നതാണ് ശരി.

Friday, 8 May 2026

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ......!??

(മണിച്ചിത്രത്താഴിലെ Dr. സണ്ണിയുടെ ശൈലിയിൽ വായിക്കുക)

സതീശാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണയുള്ള ആൾ മുഖ്യമന്ത്രി ആവും എന്ന് പറഞ്ഞു കൊണ്ടിരുന്ന...,

മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്ന....,

ഞങ്ങളുടെ സർക്കാർ വന്നാലുടനെ വയനാട്ടിലെ വീട് പണി തീർക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്ന....,

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ K C വേണുഗോപാലാണ്.

എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയിരുന്നില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, KC മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണങ്ങൾ ശ്രദ്ധിക്കാനിടയായത്; മാധ്യമങ്ങളുടെ ചോദ്യത്തിന് KC കൊടുത്ത ഉത്തരങ്ങളിലൂടെ KC-യിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന KC-യാണെന്ന്. 

KC-യിൽ എന്ത് കൊണ്ട്, എവിടെ നിന്ന്, എങ്ങനെ ഈ പ്രശ്നം  ഉടലെടുത്തു....!?? കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നത് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പറ്റാതെ പോയതും കേരളത്തിലെ പാർട്ടിയിൽ ഏറെ സീനിയർ ആയിട്ടും പ്രധാനമായ സ്ഥാനങ്ങളിൽ ഒന്നും ഇരിക്കാൻ പറ്റാതെ പോയതും എല്ലാം കൂടി ചേർന്നുണ്ടായ സങ്കീർണ്ണമായ മാനസികാവസ്ഥയാണ് KC-യുടെ പ്രശ്നത്തിന്റെ കാരണം...!? മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രമേശൻ നൽകിയ മറുപടികളിൽ നിന്ന് അത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. 

തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രസ്താവനയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ ആയിരിക്കും തിരഞ്ഞെടുപ്പ് വിജയിച്ചു കഴിയുമ്പോൾ പ്രധാന സ്ഥാനങ്ങളിൽ വരുന്നതെന്ന് KC പറഞ്ഞത് എന്നിൽ വലിയ സംശയമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് KC-യെ പ്രകോപിപ്പിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചു; KC പ്രതികരിച്ചു... അതിശക്തമായി.... അസാധാരണമായി... അടുത്ത ഘട്ടത്തിൽ താങ്കൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മുന്നിൽ, ഭൂരിപക്ഷം എം എൽ ഏ മാരുടെ പിന്തുണ തനിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തനിക്ക് സമ്മതമാണെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു  മുഖ്യമന്ത്രിപദമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ KC-യുടെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള KC മുഖ്യമന്ത്രി സ്ഥാനത്തിനത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു. 

KC-യുടെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ KC മുഖ്യമന്ത്രി സ്ഥാനത്തെത്തി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു... സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ... പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ KC-യിലെ ഈ മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ KC-ക്ക് അമാനുഷികമായ കഴിവുകളാണ്; സതീശനെക്കൊണ്ട് നുണകൾ പറയിപ്പിക്കാം, തൊഴിലുറപ്പുകാരുടെ കൂടെ തറയിലിരുന്ന് കപ്പ പുഴുങ്ങിയത് തിന്നും പാവപ്പെട്ടവരുടെ വീട്ടിൽ കയറി മീൻ ചട്ടിയിൽ കയ്യിട്ട് തിന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം, ഹൈക്കമാന്റിനെക്കൊണ്ട് ഗ്യാരണ്ടികൾ പ്രഖ്യാപിപ്പിക്കാം, പുറമെ നിന്നുള്ള നേതാക്കളെ കൊണ്ട് വന്ന് ഇവിടെയുള്ള പഴയ മുഖ്യനെയും ഗവണ്മെന്റിനെയും തെറി വിളിപ്പിക്കാം, പിഷാരടിയുടെ കൂടെ KSRTC ബസിൽ കയറി സ്ത്രീകളോട് അടുത്ത മാസം പതിനഞ്ചാം തിയതി മുതൽ സൗജന്യ യാത്രയാണെന്ന് പറയിപ്പിക്കാൻ, ഭൂരിഭാഗം എം എൽ എ മാരെക്കൊണ്ട് കേന്ദ്ര നിരീക്ഷകർക്ക് പിന്തുണ കൊടുപ്പിക്കാം, പ്രവർത്തകരെക്കൊണ്ട് കേളത്തിലും ഡൽഹിയിലും വരെ  ഫ്ളക്സുകളും ഹോർഡിങ്ങുകളും വയ്പ്പിക്കാം, ലോക്കൽ നേതാക്കളെക്കൊണ്ട് നാട് നീളെ അനുകൂല പ്രകടനങ്ങൾ നടത്തിക്കാം........ അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം KC അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...

KSU-ൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മൂത്ത കോൺഗ്രസിലും കളിക്കാവുന്ന കളികളൊക്കെ കളിച്ച്, കരുണാകരൻ, ആന്റണി, ഉമ്മൻ‌ചാണ്ടി തുടങ്ങിയ ഗംഭീരൻ നേതാക്കളോടൊപ്പവും എതിരിട്ടുമൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കിച്ചൺ ക്യാബിനറ്റ് ചീഫ് എന്ന നിലയിൽ അതിശക്തനായി വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് KC. ഇതെല്ലാം KC-യിലെ മുഖ്യമന്ത്രിമോഹി ഇത്രയും കാലം ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. പക്ഷെ ആ കോഡുകൾ ഒരിക്കലും ഇനി KC-യിൽ നിന്ന് മാഞ്ഞു പോവില്ല. ഇന്ന് രാത്രിയോടെ  KC-യുടെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിയുടേതായി മാറും. അതായത് മുഴു പ്രശ്നക്കാരൻ; പഴയ KC-ക്ക് ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ആ രോഗ ഭാഷയിലൂടെ പുറത്ത് വരാൻ ഇനി രണ്ടു കാര്യങ്ങളെ ഒള്ളൂ. സതീശൻ ഏത് നിമിഷവും സൈഡ് ട്രാക്ക് ചെയ്യപ്പെടും; KC വല്ല കടുംകൈയും ചെയ്യും.....

.....
എനിക്കിനിയും മണിക്കൂറുകൾ ബാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മനസിനെ അടുത്തറിഞ്ഞിട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരിലാണ് ഞാനിതിന് പരിഹാരം കാണുന്നത്. ബാനറുകൾ, പ്രകടനങ്ങൾ, ഇ മെയിലുകൾ, വാട്ട്സ് ആപ്പ് മെസേജുകൾ, ആത്മഹത്യാ ഭീഷണി എന്ന് വേണ്ട ഏത് മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. പ്രതിഷേധം കണ്ട് ഹൈക്കമാന്റിനെയും ഇരുത്തി ചിന്തിപ്പിക്കുവാനും KC-യെ വിട്ടുവീഴ്ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാനും പറ്റിയ ഒരറ്റമോസ്‌ഫിയർ നിങ്ങൾ ക്രിയേറ്റ് ചെയ്യണം. നിങ്ങൾ പരമാവധി ശക്തിയെടുത്ത് സതീശന് വേണ്ടി മുറവിളി കൂട്ടണം.. അതിന് മാത്രമേ ഒരു പക്ഷെ സതീശനെ രക്ഷിക്കാൻ സാധിക്കൂ.......