ഞാൻ വെറും പോഴൻ

Wednesday 15 January 2020

മരടിൽ നിലം പൊത്തി മണ്ണോട് ചേർന്നത് ഫ്ലാറ്റുകൾ മാത്രമല്ല; മറ്റ് പലതുമാണ്...

2020 ജനുവരി 11,  ശനിയാഴ്ച്ച

റണാകുളം മരട് നഗരസഭയുടെ പരിധിയിൽ തീര ദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് അനധികൃതമായി നിർമിച്ച ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ഹോളി ഫെയ്ത്ത് H2O, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കാൻ തുടങ്ങിയത് ഈ ദിനത്തിലാണ്. 2020 ജനുവരി 10, 11 തീയതികളിൽ നടപ്പാക്കിയ നിയമനടപടിയിൽ നാല്‌ ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാർട്ടുമെന്റുകൾ മണ്ണോട് ചേർന്നു. കോടതി വിധിയെത്തുടർന്ന് സർക്കാർ നൽകിയ നിർദേശമനുസരിച്ച് എഡിഫൈസ് എന്‍ജിനിയറിങ് കമ്പനി, സൗത്ത് ആഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷന്‍ കമ്പനി എന്നിവയാണ് ഫ്ലാറ്റ് പൊളിക്കൽ നടപ്പാക്കിയത്. ഈ രീതിയിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടി ഇന്ത്യയിൽ തന്നെ ആദ്യമായിരുന്നു. രണ്ട് നിലയോളം ഉയരത്തിലായിരുന്നു നിലം പതിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ മുന്നിലെ മാലിന്യക്കൂമ്പാരം. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഏകദേശം 70000 ടണ്ണിന്റെ മാലിന്യമാണ് മരടിൽ അവശേഷിച്ചിരിക്കുന്നത്. അതൊക്കെ സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള കരാർ ഉറപ്പിച്ചു കൊടുത്ത് കഴിഞ്ഞു.

കൊച്ചി സ്വദേശിയായ ആന്‍റണി എന്ന ഇഞ്ചിക്കർഷകൻ നിയമത്തിന്‍റെ വഴിയിലൂടെ നടപ്പാക്കിയ പ്രതികാരത്തിന്റെ കഥ കൂടിയാണ് മരട്‌ ഫ്ലാറ്റ് പൊളിക്കൽ. നാട്ടിലും കർണാടകയിലുമായി ഇഞ്ചി കൃഷി നടത്തി വരികയായിരുന്ന ആന്‍റണി, തന്റെ വീടിന്‍റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ ഇടിച്ചു മറിക്കുന്നത് കണ്ടപ്പോൾ പരാതികളുമായി പോലീസിനെ സമീപിച്ചു. എന്നാൽ റിയൽ എസ്റ്റേറ്റ് വമ്പന്മാരുടെ കളികൾക്കും  ഗുണ്ടായിസത്തിനും കൂട്ടായി പൊലീസുകാരും റവന്യൂ ജീവനക്കാരും കള്ളക്കളി നടത്തുകയാണ് എന്ന തിരിച്ചറിവ് നിയമത്തിന്‍റെ വഴി തേടാൻ ആന്‍റണിയെ നിർബന്ധിതനാക്കുകയായിരുന്നു. ഫ്ലാറ്റുകൾ കൃത്യമായ അനുമതിയില്ലാതെ അനധികൃതമായി പണിതതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആന്‍റണി നിയമവഴിയേ ഇറങ്ങിത്തിരിച്ചത്. നിയമ പോരാട്ടത്തിന് തയ്യാറായി ഇറങ്ങിയ ആന്‍റണിക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത് അഡ്വ എം. എം. ഏലിയാസ് എന്ന വക്കീൽ ആയിരുന്നു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളെക്കുറിച്ച് ഇരുവരും ദിവസങ്ങൾ മിനക്കെട്ട് പഠിച്ചു. മരടിലെ ഒരു ഫ്ലാറ്റിന് മാത്രം നാല്പതിനടുത്ത് ചട്ട ലംഘനങ്ങളാണ് ഇവർ കണ്ടെത്തിയത്. ഇതിനിടെ 2012-ൽ അഡ്വ. ഏലിയാസിന്റെ ആകസ്മിക മരണത്തെത്തുടർന്ന് കേസ് നടത്തിപ്പ് അവതാളത്തിലായി. പിന്നീട് അഡ്വ. ജി ഗോപകുമാർ കേസ് ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു. കേസിനൊടുക്കം മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി വരെയെത്തിച്ചേരുകയും ചെയ്തു. 

പടുകൂറ്റൻ ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥാനത്ത് ഇനി ഏതാനും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഒരു പിടി നിയമ പ്രശനങ്ങളുമായിരിക്കും അവശേഷിക്കുക. തീരദേശ നിർമ്മാണ ചട്ടങ്ങൾ പൂർണമായും ലംഘിച്ച് മരടിൽ വൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതുയർത്തിയതിൽ വലിയ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഭൂമിയുടെ വിലയടക്കം നൽകിയാണ് നിർമ്മാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയതെന്നതിനാൽ ഉടമസ്ഥർ തങ്ങൾ തന്നെയാണെന്നാണ് ഫ്ലാറ്റുടമകളുടെ അവകാശവാദം. ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നൽകാനുമായി ചിലവാകുന്ന തുക കെട്ടിട നിർമ്മാതാക്കളിൽ ഈടാക്കാണമെന്നായിരുന്നു ഉത്തരവ്‌. ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള നിയമ തർക്കങ്ങൾ ഇനി എന്നവസാനിക്കുമെന്ന് കണ്ടറിയണം. 

പണവും സ്വാധീനവും ഉള്ള വമ്പന്മാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിഹിത കൂട്ടുകെട്ട് അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റിൽ അറിഞ്ഞും അറിയാതെയും ചെന്ന് പെട്ട ഫ്ലാറ്റുടമകൾ നിയമപോരാട്ടത്ത തീർത്തും നിസ്സഹായരാവുകയായിരുന്നു. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയ്ക്ക് ആരാച്ചാർ മുഖം മൂടി അണിയിച്ച് നിർത്തിയതു പോലെ നിന്നിരുന്ന പടുകൂറ്റൻ നിർമ്മിതികൾ കൗതുകക്കാഴ്ചയ്ക്ക് കാത്ത് നിന്നിരുന്ന ലക്ഷക്കണക്കിന് "കാണി"കളുടെ ആരവത്തിന്റെയും ആർപ്പുവിളികളുടെയും ചിലരുടെയെങ്കിലും നെടുവീർപ്പുകളുടെയും കണ്ണീരിന്റെയും അകമ്പടിയോടെ മണ്ണടിഞ്ഞപ്പോൾ ഇല്ലാതായത് കുറെ ഫ്ലാറ്റുടമകളുടെ കിടപ്പാടങ്ങൾ മാത്രമല്ല....

ചില സ്വപ്നങ്ങളാണ്; ഉള്ളത് സ്വരുക്കൂട്ടിയും വിറ്റു പെറുക്കിയും കടം വാങ്ങിയും മെട്രോ നഗരത്തിൽ സ്വന്തമാക്കിയ വീടെന്ന സ്വപ്നം...ഒന്നിച്ചു കളിച്ചും ഇടപഴകിയും ജീവിച്ച അന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷിതമായി പറിച്ചു നടപ്പെടേണ്ടി വന്ന കുറെ മനുഷ്യരുടെ സ്വപ്നം....

ചില ആശങ്കകളാണ്; വളരെ ജനസാന്ദ്രതയും സമീപകെട്ടിടങ്ങളും ഉള്ള ഇടത്ത് സ്ഫോടനത്തിലൂടെ വൻ നിർമ്മിതികൾ തകർക്കുമ്പോൾ വലിയ അപകടമോ ആളപായമോ സമീപ നിർമ്മിതികൾക്ക് നാശനഷ്ടങ്ങളോ ഉണ്ടാകുമോ എന്ന ആശങ്ക... പ്രതീക്ഷിക്കുന്ന തരത്തിൽ കൃത്യതയോടെ സ്ഫോടനവും തകർക്കലും നടത്താൻ കഴിയുമോ എന്ന ബന്ധപ്പെട്ട അധികൃതരുടെ ആശങ്ക...

ചില ധാരണകളാണ്; ഏത് നിയമലംഘനം നടത്തിയാലും പിഴയടച്ച് രക്ഷപെടാമെന്ന ധാരണ... പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് നിയമലംഘനവും നടത്താമെന്ന ധാരണ... ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതിയും പരിസ്ഥിതിയുമാണെങ്കിൽ അത് വലിയ കുഴപ്പമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്ന ധാരണ...വ്യക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും അവയെ പഴുതുകളിലൂടെയും ദുർ വ്യാഖ്യാനങ്ങളിലൂടെയും മറി കടക്കാമെന്ന ധാരണ... സിവിൽ കോടതി വ്യവഹാരങ്ങളുടെ സ്വത സിദ്ധമായ മെല്ലെപ്പോക്കിനെയും അപ്പീൽ സംവിധാനങ്ങളിലെ ആനുകൂല്യങ്ങളെയും ദുരുപയോഗിച്ച് കോടതികളുടെ കണ്ണിൽ പൊടിയിടാമെന്ന ധാരണ....വമ്പന്മാർക്കും ഉന്നത സ്വാധീനമുള്ളവർക്കുമെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാവില്ല എന്ന മിഥ്യാ ധാരണ...

സർവ്വോപരി, കയ്യിൽ പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എനിക്കെന്തുമാകാം എന്ന ചിലരുടെ ധാർഷ്ട്യവും ധിക്കാരവും അഹന്തയും ഗർവ്വുമാണ്....


  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/






No comments:

Post a Comment