ഞാൻ വെറും പോഴൻ

Thursday 16 January 2020

ടോൾ കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുമോ...!!???

ഫാസ്റ്റാഗ് സംവിധാനം ഭാഗികമായി നിലവിൽ വന്ന ശേഷം കണ്ട ഒരു പത്രവാർത്ത എന്നെ ഏറെ സന്തോഷവാനാക്കിയിരുന്നു. റിപ്പോർട്ടുകളിൽ നിന്ന് മനസിലായതനുസരിച്ച്, ഇപ്പോൾ ഫാസ്റ്റാഗ് ഭാഗികമായി വ്യാപകമാക്കുന്നതിന് മുൻപും ശേഷവുമുള്ള Date to Date കണക്കെടുക്കുമ്പോൾ ടോൾ കളക്ഷൻ ഇരട്ടിക്ക് മുകളിലായി എന്നതാണ്. ഇതിൽ നിന്ന് തന്നെ Cash Mode Toll Collection എത്ര കണ്ട് Un Accounted ആയിരുന്നു എന്ന് മനസിലാക്കാം.... ടോൾ കോൺട്രാക്റ്റുകാരുടെ തീവെട്ടിക്കൊള്ള കുറയുകയാണല്ലോ എന്നതായിയുന്നു എന്റെ സന്തോഷത്തിന്റെ കാരണം.

അങ്ങനെയിരിക്കെയാണ്, എന്റെ ആ സന്തോഷത്തിന്റെ ശാന്തജലാശയത്തിൽ നഞ്ച് കലക്കുന്ന ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. യാദൃച്ഛികമായി എന്റെ ഫാസ്റ്റാഗ് സ്റ്റേറ്റ്മെൻറ് എടുത്ത് നോക്കിയതാണ് എന്നെ കുഴപ്പത്തിലാക്കിയത്. നവംബർ മാസത്തിലെ ഒരു ദിവസം (24.11.2019), എറണാകുളം പൊന്നാരിമംഗലം ടോൾ പ്ലാസയുടെ ID വഴി എന്റെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് Up & Down Toll ഡെബിറ്റ് ചെയ്തിരിക്കുന്നു; അന്നേ ദിവസം ഞാൻ വീട്ടിൽ നിന്ന് വണ്ടി പുറത്തിറക്കുകയേ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. എനിക്ക് ഫാസ്റ്റാഗ് ഇഷ്യൂ ചെയ്ത ബാങ്കിനും, ബാങ്ക് മുഖേന fastag facilitation ഏജൻസിക്കും 21.12.2019-ൽ കംപ്ലൈന്റ്റ് മെയിൽ അയച്ചിട്ട് ഇന്നേ ദിവസം (15.01.2020) വരെ ഗുണപരമായ ഒരു പരിഹാരമോ തൃപ്തികരമായ മറുപടിയോ ലഭിച്ചിട്ടില്ല. RFID technology-യിൽ പ്രവർത്തിക്കുന്ന ഒരു Payment സംവിധാനത്തിൽ Manual Entry-യിലൂടെ തുക ഡെബിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ സംവിധാനം മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ ആവുകയാണ്; ചെറിയ ചെറിയ തുകകളിലൂടെ വലിയ പകൽക്കൊള്ള ഇവിടെ അരങ്ങേറാൻ സാധ്യതയുണ്ട്; കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുകയാണോ എന്നൊരു സംശയമാണ് മനസ്സിൽ ഉയരുന്നത്. വിദൂരമായ മറ്റൊരു സാധ്യത കൂടിയുണ്ട്; ഇത്തരത്തിലുള്ള മാന്വൽ എൻട്രി പ്രയോഗികമാണെങ്കിൽ, കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന ക്രിമിനലുകൾക്ക് ടോൾ പ്ലാസകളിൽ സ്വാധീനമുണ്ടെങ്കിൽ alibi തെളിവുകൾ വളരെ എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും.

ഇതിനൊക്കെ പുറമെ ഫാസ്റ്റാഗ് സംവിധാനം നിലവിൽ സാരമായി മുടന്തുന്നുണ്ട് എന്ന യാഥാർഥ്യത്തിന് നേരെ കണ്ണടക്കാനാവില്ല. ഞാൻ യാത്ര ചെയ്ത അവസരങ്ങൾ എല്ലാമെടുത്താൽ, ഏറെക്കുറെ മൂന്നിലൊന്ന് പ്രാവശ്യവും ആവശ്യത്തിലേറെ ബാലൻസ് ഉണ്ടായിട്ടും Invalid Tag ഡിസ്പ്ളേ കാണിക്കുകയും കാഷ് ലൈനിൽ തന്നെ പോകേണ്ടി വരികയും ചെയ്തു. ഫാസ്റ്റാഗ് ബാലൻസിൽ നിന്ന് ടോൾ കട്ടാകുന്നതിന്റെയും ബാക്കിയുള്ള ബാലന്സിന്റെയും വിവരങ്ങൾ കാണിച്ചുള്ള SMS കൃത്യമായി കിട്ടുന്നില്ല എന്നതും വലിയൊരു പ്രതിസന്ധി ആണ്. ഒരേ യാത്രയ്ക്ക് ഒന്നിലേറെ തവണ ടോൾ ചാർജ്ജ് ചെയ്തു എന്നൊരു റിപ്പോർട്ട് വായിച്ചിരുന്നു. സ്വന്തം വണ്ടിയിൽ പതിപ്പിക്കാൻ ഫാസ്റ്റാഗ് വാങ്ങി ബാഗിലും പോക്കറ്റിലും ഇട്ട് പബ്ലിക്ക് ട്രാൻസ്‌പോർട്ട് വണ്ടികളിൽ യാത്ര ചെയ്തവരുടെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ ഡെബിറ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ട് കണ്ടു. 

ബാലാരിഷ്ടതകളെല്ലാം മറി കടന്ന്  ഫാസ്റ്റാഗ് മിടുമിടുക്കൻ ആകുമെന്നാണ് ഏതൊരു പൗരന്റെയും പോലെ എന്റെയും പ്രതീക്ഷ. 

ഫാസ്റ്റാഗ് സംവിധാനത്തെക്കുറിച്ച് മുൻപെഴുതിയ ബ്ലോഗ് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>> ഫാസ്റ്റ് ടാഗ് - FASTAG സംവിധാനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

3 comments:

  1. Ente fast tag accountil ninnum auto debit aayyi RS.335 poyi, no refund to the mail from federal bank

    ReplyDelete
  2. Yes very correct
    ഇത് കൊളള തന്നെയാണ്
    ഇതിന്റെ സംവിധാനം തന്നെ തെറ്റാണ്

    ReplyDelete