ഞാൻ വെറും പോഴൻ

Saturday 21 March 2020

വാഴ്ത്തുപാട്ടുകൾക്കപ്പുറം പലതും അർഹിക്കുന്ന "മാലാഖമാർ"

ആരോഗ്യ അടിയന്തിരാവസ്ഥക്കാലത്തും നഴ്സസ് ദിനത്തിലും, നഴ്‌സുമാരെ മാലാഖമാരെന്നും ദൈവദൂതരെന്നും വാഴ്ത്തുപാട്ടുകൾ കൊണ്ട് മൂടുന്നതിൽ സമൂഹത്തിന് വല്ലാത്തൊരു ശ്രദ്ധയാണ്...

കുറച്ച് കാലം മുൻപ് വരെ പെൺകുട്ടികൾ നഴ്സിംഗ് പഠിപ്പിനും ജോലിക്കും പോകുന്നത് മുന്തിയ കുറെ ഫ്യൂഡലുകൾക്ക് അചിന്ത്യമായിരുന്നു. ദരിദ്രകുടുംബങ്ങളിലെയും ഇടത്തരം കുടുംബങ്ങളിലെയും ചില പെൺകുട്ടികൾ നഴ്‌സിങ് പഠിച്ചു വിദേശത്ത് ജോലിക്ക് പോയി കഷ്ടപ്പെട്ട് പത്തു കാശ് സമ്പാദിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കണ്ണുകടി ശമിപ്പിക്കാൻ അക്കൂട്ടർ നഴ്‌സുമാരെ പറ്റി അപഖ്യാതി കഥകൾ പറഞ്ഞു പരത്തി അതിൽ അഭിരമിച്ചു; ഇപ്പോഴും എത്രയോ പേർ അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു ....

സ്വന്തം മകൻ നഴ്‌സിനെ പ്രേമിച്ച് കല്യാണം കഴിച്ചത് അംഗീകരിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ വളരെ ലോകപരിചയവും ഉന്നത വിദ്യാഭ്യാസവും ഉള്ള ഒരു അതി പുരാതന കത്തോലിക്കാ ക്രിസ്ത്യൻ പ്രമാണി ഉന്നയിച്ചത് "കക്കാത്ത കണ്ടക്ടറും ഇല്ലാ ____ക്കാത്ത നഴ്‌സും ഇല്ലാ" എന്ന സാമാന്യവൽക്കരിക്കപ്പെട്ട ദുരാരോപണമാണ്. അതിന് മുൻപും പിൻപും പല മുന്തിയ മാന്യന്മാരും ഒളിഞ്ഞും തെളിഞ്ഞും ഇത് പറയുന്നത് എത്രയോ വട്ടം കേട്ടിരിക്കുന്നു; മുൻവിധികളുടെ തടവറയിൽ ജീവപര്യന്തം പെട്ട് പോയ കെട്ട മനുഷ്യർ എന്നല്ലാതെ അവരെയൊക്കെ എന്ത് പറയാൻ... 
❗️❗️❗️

ആത്മാർത്ഥതയില്ലാത്ത വാഴ്ത്തുപാട്ടുകൾ മാത്രം കിട്ടിയിട്ട്
നഴ്‌സുമാർക്കെന്ത് കാര്യം; എടുക്കുന്ന ജോലിക്ക് ആനുപാതികമായ കൂലി കിട്ടുന്ന, മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉള്ള, ഇല്ലാത്ത അപരാധകഥകൾ ചമയ്ക്കപ്പെടാത്ത സാമൂഹ്യ അന്തരീക്ഷവും കൂടി വേണം....

ഭൂമിയിലെ എല്ലാ നഴ്‌സുമാരോടും ആരോഗ്യപ്രവർത്തകരോടും സ്‌നേഹം, അനുഭാവം, ഐകദാർഢ്യം        
❤❤❤

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment