ഞാൻ വെറും പോഴൻ

Tuesday 31 March 2020

മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ മേരിയെ അധികമാളുകൾക്ക് പരിചയം ഉണ്ടാകാൻ വഴിയില്ല. നമുക്ക് പരിചയമുള്ളത് കന്യകാമേരിയേയും പ്രേമം സിനിമയിലെ ചുരുണ്ടമുടിക്കാരി മേരിയെയും ചാള മേരിയെയും ഈയടുത്ത് പ്രശസ്തയായ "മഹാമേരി"യേയും ഒക്കെ ആണ്. ഈയടുത്തൊരു പ്രമുഖൻ പറഞ്ഞത് പോലെ, നൂറ് നൂറ്റിഇരുപത് വർഷങ്ങൾക്ക് മുൻപ് പത്രങ്ങളുടെ തലക്കെട്ടിലെ കഥാപാത്രമായിരുന്നു ഞാൻ പറയാൻ പോകുന്ന മേരി. ചിലരുടെ വീക്ഷണത്തിൽ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരയായിരുന്നപ്പോൾ തന്നെ മറ്റു ചിലരുടെ വീക്ഷണത്തിൽ ഭീകര കഥകളിലെ ക്രൂരയായ വില്ലൻ കഥാപാത്രമായിരുന്നു മേരി. ആ മേരിയാണ് ടൈഫോയ്‌ഡ് മേരി എന്നറിയപ്പെട്ട മേരി മാലൺ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ലോകമാസകലം ടൈഫോയിഡ് മേരി ചര്‍ച്ചയായി.

1869-ല്‍ അയർലണ്ടിലെ ടൈറാ കൗണ്ടിയിലാണ് മേരി മാലൺ ജനിച്ചത്. യൗവനത്തിന് മുൻപേ പുതിയൊരു ലോകവും ജീവിതവും തേടി അവൾ അമേരിക്കയിലേക്ക് കുടിയേറി. 1900 ആയപ്പോഴേക്കും ന്യൂയോര്‍ക്ക് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പണക്കാരുടെ വീടുകളില്‍ പാചകത്തൊഴിലെടുക്കുകയായിരിന്നു മേരി. ഒരു പ്രത്യേക ഭക്ഷ്യവിഭവം ഉണ്ടാക്കുന്നതിൽ അവൾക്കുള്ള നിപുണത കൊണ്ട് അവൾ വളരെ പ്രശസ്തയായി എന്നാണ് പറയപ്പെടുന്നത്. പീച്ച് ഐസ്ക്രീം എന്ന് വിളിപ്പേരുള്ള ഒന്നായിരുന്നത്രെ ഈ വിഭവം. വളരെയേറെ ആളുകൾ പാചകവേലയെടുക്കുന്ന ഒരു നാട്ടിൽ മികവുറ്റ ഈയൊരൊറ്റ വിഭവം ഉണ്ടാക്കാനുള്ള കഴിവ് അവളെ പാചകക്കാർക്കിടയിലെ റാണിയാക്കി. 

ഇതേ കാലഘട്ടത്തിലാണ് നാടിനെ ടൈഫോയിഡ് രോഗം കീഴടക്കുന്നത്. ഇന്നത്തെ കോവിഡ് 19 പോലെ ടൈഫോയിഡ് ഒരു കൊലയാളി രോഗം ആയി മാറി. കോവിഡ് 19 ൽ നിന്ന് വ്യത്യസ്തമായി അതൊരു ബാക്ടീരിയ ജന്യരോഗമായിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞു താമസിച്ചിരുന്ന തെരുവുകളിൽ ജീവിച്ചിരുന്നവരെയാണ് ടൈഫോയിഡ് ആദ്യമാദ്യം ബാധിച്ചു കൊണ്ടിരുന്നത്. എന്നാല്‍, ഏറെ വൈകാതെ സമ്പന്നകുടുംബങ്ങളിൽ ജീവിക്കുന്നവർക്കും രോഗം പിടിപെടാൻ തുടങ്ങി. 

1901-ല്‍ മാന്‍ഹട്ടനിലെ ഒരു വീട്ടിൽ പാചകക്കാരിയായി മേരി വന്നു. ആ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനു ശേഷം ഒരു അഭിഭാഷകന്‍റെ കുടുംബത്തിൽ മേരി ജോലിക്കെത്തി. ആ വീട്ടിലെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. മേരി അവിടെ നിന്നും ജോലി ഉപേക്ഷിച്ച് ഇറങ്ങി. ഇതേ സമയം മേരി ജോലിസ്ഥലം മാറിക്കൊണ്ടേയിരുന്നു. മേരി ജോലി ചെയ്ത വീടുകളിലെല്ലാം ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. 

പിന്നീട് ന്യൂ യോർക്കിലെ അതിസമ്പന്നനായ ചാള്‍സ് ഹെന്‍റി വാറണ്‍ എന്ന ബാങ്കറുടെ വീട്ടില്‍ മേരി ജോലിക്ക് ചേർന്നു. 1906 -ല്‍ ഓയ്സ്റ്റര്‍ ബേയില്‍ ഒരു വീടെടുത്ത് പോയപ്പോള്‍ മേരിയേയും അവിടേക്ക് കൊണ്ടു പോയി. ആ കാലത്ത് തന്നെ ആ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയ്സ്റ്റര്‍ ബേയില്‍ ടൈഫോയ്‌ഡ് രോഗം സാധാരണമായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു നിരീക്ഷണമായിരുന്നു. 1906 -ന്‍റെ ഒടുക്കം ചാള്‍സ് ഹെന്‍റി വാറണ്‍, ഈ രോഗത്തിന്‍റെ തുടക്കവും വ്യാപനവും എങ്ങനെയുണ്ടായി എന്ന് കണ്ടു പിടിക്കാന്‍ ജോര്‍ജ്ജ് സോബര്‍ എന്നൊരു സാനിറ്ററി എൻജിനീയറിങ് ഗവേഷകനെ നിയോഗിച്ചു. സോബർ തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15 -ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേർണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

വാറണ്‍ കുടുംബം രോഗബാധ കണ്ടെത്തിയ ദിവസങ്ങളിൽ കഴിച്ച കക്കയിറച്ചിയിൽ നിന്ന് രോഗം പകർന്നു എന്ന നിഗമനത്തിലാണ് ആദ്യം എത്തിയത്. പക്ഷെ, രോഗം ബാധിച്ച ചിലർ കക്കയിറച്ചി കഴിച്ചില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് സോബറിന്റെ ശ്രദ്ധ മേരി എന്ന പാചകക്കാരിയിൽ പതിയുന്നത്. അവർ രോഗാണുവിനെ വഹിക്കുകയും പകർത്തുകയും ചെയ്യുന്നുണ്ടാകാനുള്ള സാധ്യത മനസിൽ തോന്നിയ സോബർ മേരിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. അന്വേഷണത്തിൽ മേരി അടുത്ത് ജോലി ചെയ്ത വീട്ടിലും രോഗബാധ ഉണ്ടായതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ, അടുക്കള ജോലിക്കാരി എന്ന നിലയിൽ മേരിയുടെ സാന്നിധ്യമുണ്ടായിരുന്നു കുടുംബങ്ങളിലെല്ലാം ടൈഫോയ്‌ഡ് ബാധ ഉണ്ടായതായും മനസിലാക്കി. അതോടെ മേരിയായിരുന്നു രോഗം ഓരോരുത്തരിലേക്കായി എത്തിച്ചതെന്ന അനുമാനത്തിൽ സോബർ എത്തിച്ചേർന്നു. രോഗം ഓരോ ഇടങ്ങളിൽ എത്തിച്ചതിലും അത് പകരാനിടയാക്കിയതിലും, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തതും ആരോഗ്യവതിയായി കാണപ്പെടുന്നതുമായ മേരിക്ക് പങ്കുണ്ട് എന്ന തന്റെ അനുമാനത്തിൽ നിന്ന് ആരോഗ്യവതിയായ രോഗാണുവാഹക (Healthy Carrier) എന്ന ആശയത്തെ സോബർ സ്ഥാപിച്ചെടുക്കുകയായിരുന്നു.

പക്ഷെ, ശ്രമകരമായ ഈ കണ്ടെത്തൽ നടത്തിയ ശേഷം അദ്ദേഹത്തിന് മേരിയെ കണ്ടുമുട്ടാൻ സാധിച്ചില്ല. കാരണം ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ മേരി ആ വീട്ടിലെ ജോലിയും ഉപേക്ഷിച്ച് പോയിരുന്നു. ഓരോ ജോലിസ്ഥലത്തും ശരിയല്ലാത്ത മേൽവിലാസം നൽകിയിരുന്ന മേരി അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഉടനെ അവിടം വിട്ട് അടുത്ത സ്ഥലത്ത് ജോലിക്ക് കയറുമായിരുന്നു. അങ്ങനെയിരിക്കെ പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. ആ വീട്ടിലെ ഒരു പെൺകുട്ടി ടൈഫോയിഡ് ബാധിച്ച് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖബാധയെത്തുടർന്ന് ആശുപത്രിയിലാവുകയും ചെയ്തു.

ഇപ്രാവശ്യം ഏതായാലും സോബര്‍ക്ക്, മേരിയെ സമീപിക്കാൻ സാധിച്ചെങ്കിലും സോബറിന്‍റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിലുകൾ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി സമ്മതം നല്‍കിയില്ല. അന്ന് മടങ്ങിയെങ്കിലും നിരാശനാകാതെ സോബര്‍ പിന്നീട് ഒരു ഡോക്ടറെയും കൂട്ടി തിരിച്ചെത്തി. പക്ഷെ, അന്നും മേരി പരിശോധനയ്ക്ക് വിധേയയാകാൻ തയ്യാറായില്ല. മേരിയുമായുള്ള സംഭാഷണം ഒടുക്കാം വാഗ്വാദത്തിൽ വരെ എത്തി. ഒരു ഒത്തുതീർപ്പ് ആശയമെന്ന നിലയിൽ, അവള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സമ്മതിക്കുകയാണെങ്കില്‍, സോബർ അവളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന്‍റെ റോയല്‍റ്റി അവള്‍ക്ക് നല്‍കുകയും ചെയ്യമെന്നൊരു വാഗ്ദാനമാണ് സോബർ മുന്നോട്ട് വച്ചത്. എന്നാല്‍, ഇതിൽ പ്രതിഷേധിച്ച് ബാത്ത്റൂമില്‍ കയറി വാതിലടച്ച മേരി സോബർ പോകാതെ പുറത്തിറങ്ങില്ല എന്ന് ശഠിച്ചു. ഒരിക്കൽപ്പോലും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തനിക്ക് രോഗമില്ലെന്ന് മേരി ഉറച്ച് വിശ്വസിച്ചു കാണും. എന്നാൽ ഹെൽത്തി ക്യാരിയർ എന്ന ആശയം മനസ്സിലാക്കാനോ താൻ കാരണം മറ്റുള്ളവർ രോഗബാധിതരാകുന്നു എന്ന് അംഗീകരിക്കാനോ പരിശോധനകൾക്കായി ആശുപത്രിയിലെത്താനോ ഒന്നും തന്നെ മേരി തയ്യാറായിരുന്നില്ല.

ഒടുവിൽ ന്യൂയോര്‍ക്ക് നഗരത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തീർച്ചപ്പെടുത്തുകയും അവർ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്ന ബോധ്യത്തിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താന്‍ വളരെ അപൂർവ്വമായി മാത്രമേ കൈകൾ കഴുകാറുണ്ടായിരുന്നുള്ളൂ എന്ന് മേരി ചോദ്യം ചെയ്യൽ വേളയിൽ തുറന്ന് സമ്മതിച്ചു. ഇടയ്ക്കിടെ കൈകൾ കഴുകുക എന്ന ശീലം അക്കാലത്ത് സാധാരണവും അല്ലായിരുന്നുവത്രെ. ഏതായാലും ചോദ്യം ചെയ്യലിനുശേഷം മേരിയെ നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ആശുപത്രിയിൽ ഐസൊലേഷനിലാക്കി. ആ ഐസൊലേഷൻ മൂന്ന് വർഷം നീണ്ടു നിന്നു. അവിടെ വച്ച്  നടത്തിയ മൂത്ര സാമ്പിൾ പരിശോധനയിൽ മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് രോഗത്തിന് കാരണമായ സാൽമൊണെല്ല ടൈഫി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അവളുടെ ശരീരത്തിൽ നിരവധി രോഗാണുക്കൾ വസിക്കുന്നു എന്ന് കണ്ടെത്തിയ പിത്താശയം നീക്കം ചെയ്യാം എന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം മേരി അംഗീകരിച്ചില്ല. അപ്പോഴും താന്‍ രോഗവാഹകയാണെന്ന് സമ്മതിക്കാന്‍ മേരി തയ്യാറല്ലായിരുന്നു. അത് കൊണ്ട് തന്നെ താനിനിയും പാചകത്തൊഴിൽ ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ആ കാലഘട്ടത്തിലാണ് മേരി മലൺ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ തുടങ്ങിയതും ടൈഫോയിഡ് മേരി എന്നറിയപ്പെടാന്‍ തുടങ്ങിയതും.

മൂന്ന് വര്‍ഷത്തിനു ശേഷം, രോഗവാഹകരെ ദീർഘകാലം ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് ന്യൂയോര്‍ക്കിലെ ആരോഗ്യവകുപ്പധികൃതർ തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മോചിപ്പിക്കപ്പെട്ടു. പാചകജോലിയിൽ തുടർന്ന് ഏർപ്പെടരുതെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിനു ശേഷമാണ് മേരി മോചിപ്പിക്കപ്പെട്ടത്. ഇനി പാചകവേല തുടരില്ലെന്ന ഉറപ്പും രോഗം പകരാതിരിക്കാനായി മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളുമെടുത്തു കൊള്ളാമെന്നുമുള്ള സത്യാവാങ്മൂലവും നല്‍കി ക്വാറന്റൈനിൽ നിന്ന് മോചനം നേടിയ മേരി അലക്കുപണി പോലുള്ള ചെറിയ ചെറിയ ജോലികള്‍ ചെയ്തു ജീവിതം തുടർന്ന്. പക്ഷെ, അത്തരം തൊഴിലുകൾക്കെല്ലാം പാചക കോലിയെക്കാൾ കൂലി കുറവായിരുന്നു. 

പിന്നീടവർ "മേരി ബ്രൌണ്‍" എന്ന് പേര് മാറ്റി വീണ്ടും പാചകക്കാരിയായി പണിക്ക് പോകാന്‍ തുടങ്ങി. ആ കാലഘട്ടത്തിൽ അവർ നിരവധി അടുക്കളകളില്‍ പാചക ജോലി ചെയ്തു. "മേരി ബ്രൌണ്‍" എവിടെയൊക്കെ ജോലി ചെയ്തോ അവിടെയെല്ലാം ടൈഫോയിഡ് ബാധയുണ്ടായി. ആർക്കെങ്കിലും രോഗം പിടിപെട്ടു എന്ന് മനസിലാക്കിയാലുടനെ മേരി അവിടം വിട്ട് അടുത്ത വീട്ടിൽ ജോലിക്ക് കയറും. ആശയവിനിമയ സംവിധാനങ്ങൾ ഏറെ പുരോഗമിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഏറെ പരിശ്രമിച്ചിട്ടും മേരിയെ കണ്ടെത്താനായില്ല.

എന്നാല്‍, 1915-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വനിതകൾക്ക് വേണ്ടിയുള്ള ആശുപത്രിയിൽ ഒരേ സമയം ഇരുപത്തഞ്ചോളം പേർക്ക് ടൈഫോയ്‌ഡ് രോഗബാധ ഉണ്ടായി. അപ്പോൾ അവിടത്തെ പാചകക്കാരി മേരിയായിരുന്നു. പതിവ് പോലെ മേരി അവിടെ നിന്നും മുങ്ങി. പിന്നീട് പൊലീസ് പിടിയിലായ മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടു. ഈ അവസരത്തിലും അപ്പോഴും മേരി തന്‍റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതം നൽകിയില്ലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങൾ അവര്‍ ക്വാറന്‍റൈനില്‍ തന്നെ കഴിയുകയായിരുന്നു. 23 വർഷങ്ങൾ നീണ്ട ആ ക്വാറന്‍റൈൻ കാലത്ത് അവർ വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും വാർത്തകളിൽ പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തു. 1938 നവംബർ 11-ന് മേരി, തന്റെ 69 -ാം വയസ്സിൽ മേരി ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. തന്റെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ സുഹൃത്തക്കൾ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പോയ മേരിക്ക് മതവിശ്വാസമായിരുന്നു ഏക ആശ്വാസമെന്ന് പറയപ്പെടുന്നു. 

സോബര്‍ പറയുന്നതനുസരിച്ച് അവളുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കണ്ടെത്തലുകൾ സ്ഥിരീകരിച്ചുവെന്നും അവളുടെ പിത്തസഞ്ചിയിൽ ടൈഫോയ്ഡ് ബാക്ടീരിയയുടെ തെളിവുകൾ കണ്ടെത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നു. വളരെ നീണ്ട കാലം ഒരു വ്യക്തിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ചതിനെ ന്യായീകരിക്കാനാണ് മരണസമയത്തും മേരിയുടെ ശരീരത്തിൽ ടൈഫോയിഡ് ബാക്ടീരിയകളുണ്ടായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞതെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു. 


പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുമ്പോഴും തനിക്ക് രോഗമില്ല എന്ന അമിത വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകരോടും അധികാരികളോടും സഹകരിക്കാതിരുന്ന മേരി ഏറെ പേരുടെ ജീവിക്കാനുള്ള അവകാശത്തെ അപകടത്തിലാക്കിയപ്പോൾ തന്നെ മനുഷ്യാവകാശത്തെ മേരി എന്ന വ്യക്തിയുടെ കോണിൽ നിന്ന് നോക്കിയാൽ അതീവ ദയനീയമായ കയ്പ്പനുഭവമായിരുന്നു മേരിയുടേതെന്ന് സമ്മതിക്കാതെയും  വയ്യ. അവളെ സ്നേഹിക്കണോ വെറുക്കണോ എന്നൊരു തീർപ്പിലെത്തുക എന്തായാലും എളുപ്പമല്ല.  

കാലം ഏറെ കടന്നു പോയി; ടൈഫോയ്‌ഡ് രോഗത്തിന് മരുന്നും പ്രതിരോധവും എല്ലാം ശാസ്ത്രം കണ്ടെത്തി. ഒരു നൂറ്റാണ്ടിനിപ്പുറം ശാസ്ത്രവും ആരോഗ്യമേഖലയുമെല്ലാം ഒട്ടേറെ പുരോഗതി പ്രാപിച്ചപ്പോഴും എയിഡ്‌സും ഇബോളയും കോവിഡ് 19 ഉം ഒക്കെ പോലെയുള്ള പകർച്ചവ്യാധികൾ മനുഷ്യനെ പിടി കൂടുന്നു. കോവിഡ് 19 പടർന്നു തുടങ്ങിയ വേളയിൽ രോഗം ബാധിച്ചവരോടും ബാധിച്ചവരെന്ന് സംശയിച്ചവരോടും  ജീവൻ പണയപ്പെടുത്തി കോവിഡ് നിയന്ത്രണ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരോടുമൊക്കെ നമ്മുടെ സമൂഹം വിവേചനവും അവഗണനയും അസ്പൃശ്യതയുമൊക്കെ കാണിച്ചതിന്റെ നടുക്കുന്ന വാർത്തകൾ നമ്മൾ കേട്ടത് മറക്കാൻ സമയമായിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ അത്യാവശ്യമായ ക്വാറന്റൈൻ, ഐസൊലേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ് നടപടികളിൽ അപൂർവ്വമായെങ്കിലും ചിലർ ആരോഗ്യപ്രവർത്തകരോടും അധികൃതരോടും സഹകരിക്കാതിരുന്നതും ടൈഫോയ്‌ഡ് മേരിയുടെ കഥയിൽ ചേർത്ത് വച്ച് വായിച്ചെടുക്കാവുന്നതാണ്. 

ഏതൊരു മഹാമാരിക്കാലത്തും വെറുപ്പില്ലാതെ ഓർക്കേണ്ട വ്യക്തിത്വമാണ് ടൈഫോയ്‌ഡ് മേരി... അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോലും ആർക്കും ടൈഫോയ്‌ഡ് മേരിയുടെ മനോഭാവം ഉണ്ടായിക്കൂടാ... ആർക്കും ടൈഫോയ്‌ഡ് മേരിയുടെ അനുഭവവും ഉണ്ടായിക്കൂടാ...


"സഫലമീ യാത്ര" എന്ന കവിതയിൽ മഹാനായ കവി എ എൻ കക്കാട് എഴുതിയത് പോലെ "കാലമിനിയുമുരുളും, വിഷുവരും വർഷം വരും, തിരുവോണം വരും, പിന്നെയൊരോതളിരിനും, പൂ വരും കായ്‌വരും, അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം.." എങ്കിലും, ഇക്കാലവും കടന്നു പോകും ഇതും, നമ്മൾ അതിജീവിക്കും എന്നൊക്കെ ആവർത്തിച്ച് പറഞ്ഞ് ജീവിതം പഴയ നിലയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രത്യാശിക്കുന്നു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

1 comment:

  1. ടൈഫോയ്‌ഡ് മേരിയെ നന്നായി പരിചയപ്പെടുത്തി 

    'ഏതൊരു മഹാമാരിക്കാലത്തും വെറുപ്പില്ലാതെ ഓർക്കേണ്ട വ്യക്തിത്വമാണ് ടൈഫോയ്‌ഡ് മേരി... അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോലും ആർക്കും ടൈഫോയ്‌ഡ് മേരിയുടെ മനോഭാവം ഉണ്ടായിക്കൂടാ... ആർക്കും ടൈഫോയ്‌ഡ് മേരിയുടെ അനുഭവവും ഉണ്ടായിക്കൂടാ...  '

    ReplyDelete