ഞാൻ വെറും പോഴൻ

Thursday 4 June 2020

"പേഷ്യന്റ് 31" - ഒരു പള്ളി ആയിരങ്ങളെ സ്വർഗവാതിൽ കാണിച്ച കഥ

തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ മനോഹരമായി അവതരിപ്പിച്ച സായിശ്വേത ടീച്ചറുടെ ഓൺലൈൻ ക്‌ളാസ് വൈറൽ ആയി നിൽക്കുകയാണല്ലോ; അത് കൊണ്ട് ഒരു കഥ തന്നെ പറയാമെന്ന് കരുതി; എങ്ങാനും വൈറൽ ആയാലോ. ഇത് വെറും കഥയല്ല; ഒരു സംഭവ കഥയാണ്. പണ്ട് പണ്ട് വളരെ പണ്ടല്ല; ദാണ്ടെ ഇന്നാള് നടന്നതാണ്....


"പേഷ്യന്റ് 31" ന്റെ കഥ. 

ദക്ഷിണ കൊറിയൻ സിനിമ "പാരസൈറ്റി"ന്‌ ഓസ്‌കാർ അവാർഡ് കിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ രാജ്യം സമൂഹഭ്രഷ്ട് എന്ന് വിളിക്കാവുന്ന തരത്തിൽ ലോക രാജ്യങ്ങൾക്ക് അസ്‌പൃശ്യരായി. നൂറിനടുത്ത് രാജ്യങ്ങൾ ദക്ഷിണ കൊറിയക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചു. ലാൻഡിങ്ങിന് തയ്യാറെടുത്തു കൊണ്ടിരുന്ന ദക്ഷിണ കൊറിയൻ വിമാനത്തിന് വിയറ്റ്നാം ലാൻഡിങ് അനുമതി കൊടുക്കാതിരുന്ന വാർത്ത ചെറിയ ഞെട്ടലൊന്നുമല്ല ഉണ്ടാക്കിയത്. തോളെല്ലിന്റെ ശസ്ത്രക്രിയക്ക് വിധേയനായ റ്റോട്ടൻഹാം സ്‌ട്രൈക്കർ കൊറിയൻ ഫുട്ബോളർ സോൻ ഹ്യുങ് മിന്നിന് യു കെയിൽ സെൽഫ്  ക്വാറന്റൈനിൽ പോകേണ്ടി പോലും വന്നു. കാരണം ലോകമാകമാനം ഭീതി പരത്തി മുന്നേറുന്ന കൊറോണയും കോവിഡും തന്നെ.  

2020 ജനുവരി 20-നായിരുന്നു ദക്ഷിണ കൊറിയയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്ന്  എത്തിയ ചൈനക്കാരിക്കായിരുന്നു രോഗബാധയുണ്ടായത്. അവരെ അടിയന്തിരമായി ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിതാന്ത ജാഗ്രതയും കഠിനപ്രയത്നവുമായിരുന്നു വൈറസ് ബാധ തടഞ്ഞു നിർത്താൻ ദക്ഷിണ കൊറിയയെ സഹായിച്ചത്.ഫെബ്രുവരി 18 വരെ ഇവിടെ കോവിഡ് 19 കൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അത് വരെ ആകെ ഉണ്ടായത് 30 കേസുകളായിരുന്നു. എന്നാൽ, 31-ാമത്തെ രോഗി ("പേഷ്യന്റ് 31") യാണ് അവിടത്തെ കാര്യങ്ങൾ തകിടം മറിച്ചത്. 

ഫെബ്രുവരി അവസാന ദിവസത്തെ കണക്കനുസരിച്ച് 3150 പേർക്ക് രോഗബാധയുണ്ടായി. ആ ദിവസം മാത്രം 813 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 17 ആയി. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് "പേഷ്യന്റ് 31" ആൾക്കൂട്ടമുള്ള ഒരു പ്രദേശം പോലും ഒഴിവാക്കാതെ സന്ദർശിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫെബ്രുവരി 6 ന് ഇവർക്ക് ഒരു റോഡപകടത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പോയി. ഇവർക്ക് പനിയും തൊണ്ടവേദനയും ഉണ്ടെന്ന് നിരീക്ഷിച്ചിട്ട് വൈറസ് ബാധയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും അതൊന്നും വക വയ്ക്കാതെ അവർ പലയിടങ്ങൾ സന്ദർശിച്ചു; ഒരു പ്രാവശ്യം രോഗികൾക്കുള്ള ആശുപത്രി വസ്ത്രത്തോടെയാണ് ഇവർ ആശുപത്രിയിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയത്. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചു; ഒന്നിലേറെ തവണ അവർ ഷിൻ‌ ചിയോൻ ജി പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ ആയിരക്കണക്കിനു മനുഷ്യരിലേക്കു വൈറസ് പടർന്നു പിടിച്ചു. ആ പള്ളിയിൽ നിന്ന് തൊട്ടടുത്ത ആശുപത്രിയിൽ ഒരു ശവസംസ്കാരശുശ്രൂഷയുമായി ബന്ധപ്പെട്ട ചടങ്ങിൽ ചിലർ പങ്കെടുത്തതോടെ വലിയ ഒരു കൂട്ടം വൈറസ് വാഹകർ അവിടെയുമുണ്ടായി. ഏറെക്കുറെ രണ്ടായിരത്തിലധികം മനുഷ്യരുമായിട്ടാണ് അവർ സമ്പർക്കത്തിലായത്. ചുരുക്കത്തിൽ "പേഷ്യന്റ് 31" എന്ന ഈ 61-കാരിയുടെ പ്രാർത്ഥനഭ്രമം കാരണം ദക്ഷിണ കൊറിയ വ്യാപകമായി കോവിഡിന്റെ പിടിയിലമർന്നു.

വിചിത്രമായ അവകാശവാദങ്ങളുമായി ലീ മാൻ ഹീ എന്ന മതപ്രചാരകൻ സ്ഥാപിച്ചതാണ് ഷിൻ‌ ചിയോൻ ജി പള്ളി. ക്രിസ്തുവിന്റെ പിൻഗാമിയാണ് താനെന്ന് സ്വയം കരുതുന്ന ലീ മാൻ ഹീ അന്തിമവിധിദിവസം തന്നോടൊപ്പം 144000 പേർ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന വിശ്വാസക്കാരനായിരുന്നു. ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് രഹസ്യ കോഡുകളിൽ ആണെന്നും അത് വായിച്ചു വ്യാഖ്യാനിക്കാൻ തനിക്കു മാത്രമാണ് കഴിവുള്ളതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരുടെ എണ്ണത്തോട് തുലനപ്പെടുത്തി 12 കൂട്ടായ്മകളിലായി 212000 വിശ്വാസികളാണ് ഈ പള്ളിക്കുണ്ടായിരുന്നത്. എന്ത് രോഗമാണെങ്കിലും പള്ളിയിൽ വരുന്നത് നിർത്തരുത്; രോഗം വരുന്നത് പാപമാണ്; അത് ദൈവവേലയിൽ നിങ്ങളെ തടസപ്പെടുത്തും... ഇതൊക്കെയായിരുന്നു അവരുടെ വിശ്വാസങ്ങൾ. ദക്ഷിണകൊറിയക്ക് പുറമെ ലീ മാൻ ഹീ മറ്റൊരു ശാഖ ഉള്ളത് കൊറോണ വൈറസിന്റെ ആഗോള പ്രഭവകേന്ദ്രം എന്നറിയപ്പെടുന്ന വുഹാനിലായിരുന്നു എന്നത് അതിശയകരമായ യാദൃച്ഛികതയാണ്. 

2020 മാർച്ച് ആദ്യദിനങ്ങളിൽ തന്നെ സിയോൾ മേയർ പാർക്ക് വോൺ ലീക്കെതിരെ ക്രിമിനൽ പരാതി ബുക്ക് ചെയ്തതായി പ്രഖ്യാപിച്ചു. വിശ്വാസികൾക്കിടയിൽ രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിലെ അനാസ്‌ഥയും പ്രതിസന്ധിയിലുടനീളം സർക്കാരുമായി സഹകരിക്കാൻ വിസമ്മതിച്ചതും ചൂണ്ടിക്കാട്ടി കൊലപാതകം, രോഗ നിയന്ത്രണ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി, അദ്ദേഹത്തെയും ഈ മത വിഭാഗവുമായി ബന്ധമുള്ള മറ്റ് പന്ത്രണ്ടു പേരെയും പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തനിക്കും ചർച്ചിനും എതിരെ ഉയർന്ന തീക്ഷ്ണവും വ്യാപകവുമായ ജനരോഷത്തിനൊടുവിൽ 88 വയസുകാരനായ പാസ്റ്റർ ലീ ഒരു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട് മുട്ടുകുത്തി തല തറയിൽ മുട്ടിച്ച് ജനങ്ങളോട് മാപ്പപേക്ഷിക്കേണ്ടി വന്നു. സംഭവിച്ചതൊന്നും മനഃപൂർവ്വമല്ലെന്നും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഒരു തരത്തിലും കരുതിയില്ലെന്നു ഏറ്റു പറയാൻ നിർബന്ധിതനായി.


കഥ കഴിഞ്ഞു; ഇനി കാര്യത്തിലേക്ക്.... 

ആദ്യഘട്ടത്തിൽ കാര്യക്ഷമമായി കോവിഡിനെ പിടിച്ചു കെട്ടിയ സൗത്ത് കൊറിയയെ രോഗവ്യാപനത്തിന്റെ നാശത്തിലേക്ക് തള്ളിവിട്ടത് "Patient 31"ന്റെ തികച്ചും നിരുത്തരവാദപരമായ സമീപനമായിരുന്നു എന്നോർക്കണം. കിഴക്കൻ ഫ്രാൻസിലെ മൾഹൌസ് എന്ന ചെറുനഗരത്തിൽ നടന്ന ഒരു ക്രൈസ്തവ കൂട്ടായ്മയിൽ പങ്കെടുത്ത രണ്ടായിരത്തോളം ആളുകളിൽ ഒരാൾക്കാണ് കോവിഡ് ബാധ ഉണ്ടായിരുന്നത്. ഈ കൂട്ടായ്മയ്ക്ക് മുൻപ് വെറും 5 കേസുകൾ ഉണ്ടായിരുന്ന ഫ്രാൻസിനെ, ഇവിടെ നിന്ന് തുടക്കമിട്ട രോഗബാധ ഏത് നിലയിൽ എത്തിച്ചെന്ന് വാർത്തകൾ ശ്രദ്ധിക്കുന്നവരോട് പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇറ്റലിയിലും അമേരിക്കയിലുമൊക്കെ ലാഘവബുദ്ധിയോടെ ആൾക്കൂട്ടത്തെ അനുവദിച്ചതിൽ നിന്നുണ്ടായ കോവിഡ് ദുരന്തം ഇന്നെല്ലാവർക്കും അറിയാവുന്നതാണ്. അമേരിക്കയിൽ കൊളാറോഡയിലും ,മിസൗറിയിലുമൊക്കെ ടuper Spread ഉണ്ടായത് പള്ളികൾ വഴിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തബ്ലീഗ് ജമാ അത്തിന്റെ കോലാലംപൂർ ഒത്തുചേരലും അവിടത്തെ രോഗവ്യാപനവും ഓർമ്മയിൽ വക്കുന്നതും നല്ലതാണ്. ഇതേ ഒത്തുചേരലിൽ പങ്കെടുത്തവരാണ് ദൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ രോഗവ്യാപനത്തിന് തുടക്കമിട്ടത്. 

ദക്ഷിണ കൊറിയ അവരുടെ തനതായ ക്രിയാത്മക സമീപനങ്ങളിലൂടെ ലോക്ക് ഡൗൺ പോലുമില്ലാതെ ഒരിക്കൽക്കൂടി ഫലപ്രദമായി കോവിഡ് രോഗത്തെ പിടിച്ചു കെട്ടി. അവിടെ അവർ ഇതിനിടയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പോലും നടത്തി. 

പക്ഷെ കൊറിയയുടെ സ്ഥിതിയല്ല ഇവിടെ. നമ്മളും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും തുറക്കാനൊരുങ്ങുകയാണ്. ലോക്ക് ഡൌൺ സർക്കാർ അവസാനിപ്പിച്ചു എന്നതിനപ്പുറം ആശ്വസിക്കാവുന്ന ഒന്നും ഈ നാട്ടിൽ സംഭവിച്ചിട്ടില്ല. കൊറോണയും കോവിഡ് 19-ഉം അതിന്റെ പണിയും കളിയും തുടർന്ന് കൊണ്ടേയിരിക്കുന്നു. രോഗബാധിതരുടെ എണ്ണവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. കോവിഡ് 19-ന് കാരണമായ, കൊറോണ എന്ന് പരക്കെ വിളിക്കപ്പെടുന്ന SARS-CoV-2 പുതിയ ഇനം വൈറസാണ്. അതിന്റെ പ്രത്യേകതകൾ ഓരോ ദിവസവും പുതിയത് പുതിയത് എന്ന കണക്കിന് പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഫലപ്രദമായ മരുന്നോ പ്രതിരോധവാക്‌സിനോ കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഈ വൈറസിന് 8 തവണ ജനിതകമാറ്റം (Mutation) സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ പൂർണ്ണതോതിൽ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ മാസങ്ങളോ വർഷങ്ങൾ പോലുമോ എടുക്കാം. ഒരു രോഗലക്ഷണങ്ങളും കാണിക്കാത്തവർക്കു പോലും രോഗം സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ ഉണ്ട്. ചികിത്സയ്ക്ക് വിധേയമായവരുടെയും രോഗം ഭേദമായവരുടെയും തുടർ അവസ്ഥകളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്ന് വരുന്നതേ ഉള്ളൂ. രോഗം വന്നു മാറിയവർക്ക് വീണ്ടും വരുമോ എന്ന കാര്യത്തിലും ശാസ്ത്രം അന്തിമ തീർപ്പ് പറഞ്ഞിട്ടില്ല. പൊതുസമൂഹത്തിൽ രോഗാണു വാഹകർ ആരൊക്കെയാണെന്ന് തിരിച്ചറിയൽ എളുപ്പമല്ല. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക സ്ഥിതിയെ താറുമാറാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ സർക്കാരുകൾ ലോക്ക് ഡൗണിലൂടെ ആദ്യഘട്ട രോഗവ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തുകയും ജനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്താനും ബോധവൽക്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇനിയുള്ളത് പൗരൻ എന്ന നിലക്ക് നമ്മളാണ് ചെയ്യേണ്ടത്. തൽക്കാലം സുരക്ഷിത ശാരീരിക അകലവും ചെയിൻ ബ്രേക്കിങ്ങും തന്നെയേ ആശ്രയമായുള്ളൂ. രോഗാണു വാഹകരുമായി സമ്പർക്കം ഒഴിവാക്കാനായി വളരെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. ചെയിൻ ബ്രേക്കിങ്ങിനു നിഷ്‌കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുക. ശരിയായ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക. കൈകൾ സോപ്പിട്ട് ശരിയായ രീതിയിൽ കഴുകുക. സുരക്ഷിതമായ ശാരീരിക അകലം കാത്തു സൂക്ഷിക്കുക. പരിസര ശുചിത്വം കാത്ത് സൂക്ഷിക്കുക. Co-Existance എന്ന സവിശേഷത ഉള്ള അണുവാണിതെന്നും നമ്മൾ കൊറോണയോടൊപ്പമാണ് ജീവിക്കുന്നതെന്നും ഇപ്പോഴും ഓർക്കുന്നത് നല്ലതാണ്. ചൈനയിലും സിങ്കപ്പൂരിലുമൊക്കെ യെവൻ ഒരു വരവ് കൂടി വന്ന കാര്യവും അറിഞ്ഞു കാണുമെന്നു കരുതുന്നു....

രാജമാണിക്യത്തിൽ മമ്മൂട്ടി പറഞ്ഞത് പോലെ, ഈ കൊറോണയുണ്ടല്ലോ, യെവൻ പുലിയാണ് കേട്ടാ...വെറും പുലിയല്ല ഒരു സിംഹം....യെവൻ ഒരു വരവ് കൂടി വന്നാൽ പിടിച്ചു കെട്ടാൻ നമ്മൾ വല്ലാണ്ട് പാട് പെടും...

പകർച്ചവ്യാധിക്കാലത്ത് വായിച്ചിരിക്കേണ്ട മറ്റൊരു കുറിപ്പ് വായിക്കാണിവിടെ ക്ലിക്ക് ചെയ്‌താൽ മതി....==>> മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. വല്ലാത്ത വ്യാപനവ്യാപ്തിയുള്ള കൊറോണ 
    പകരുന്നതിന്റെ ചില മികച്ച കാഴ്ച്ചപ്പാടുകൾ

    ReplyDelete
    Replies
    1. Thanks Sir for your valuable and encouraging comments

      Delete