ഇന്ത്യയിലേക്ക് കേക്ക് കടന്നു വരുന്നത് യൂറോപ്യൻ അധിനിവേശത്തിന്റെ കാലത്താണ്. കൊളോണിയൽ കാലഘട്ടത്തിൽ ഇവിടെ തമ്പടിച്ച യൂറോപ്യൻമാരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബേക്കിങ് എന്ന കല കൊണ്ട് വന്നത്. മിഷനറി പ്രവർത്തനങ്ങൾക്കും കച്ചവടത്തിനുമായി കേരളത്തിൽ വന്ന പോർച്ചുഗീസുകാരാണ് ഇവിടെ കേക്ക് നിർമ്മാണത്തിനുള്ള വസ്തുക്കൾ കച്ചവടത്തിനെത്തിച്ചതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ കേക്ക് നിർമ്മാണത്തിന്റെ കഥ തുടങ്ങുന്നത് കണ്ണൂരിലെ തീരദേശ നഗരമായ തലശ്ശേരിയിൽ നിന്നാണ്. ഒരു ബ്രിട്ടീഷ് പ്ലാന്റർ ആയിരുന്ന മർഡോക് ബ്രൗൺ തലശ്ശേരിയിലെ വ്യാപാരി മമ്പള്ളി ബാപ്പുവിന്റെ കടയിലേക്ക് ഒരു ബേക്കറിയിലേക്ക് ഒരു പരമ്പരാഗത ഇംഗ്ലീഷ് ക്രിസ്തുമസ് കേക്കിന്റെ സാമ്പിൾ കൊണ്ടു വന്നു. എന്നിട്ട് അത്തരമൊരു കേക്കുണ്ടാക്കാൻ കഴിയുമോ എന്ന് സായിപ്പ് ബാപ്പുവിനെ വെല്ലുവിളിച്ചു. പലഹാര നിർമ്മാണത്തിലെ തന്റെ അനുഭവസമ്പത്തും സംരംഭകാത്മക മനോഭാവവും ഉപയോഗിച്ച്, ഒരു കേക്ക് വിജയകരമായി പുനരാവിഷ്ക്കരിച്ചു. 1883-ലായിരുന്നു ഈ സംഭവം. അങ്ങനെ ബാപ്പുവിന്റെ ആ ആ പരിശ്രമം ക്രിസ്തുമസ് ബേക്കിങ് എന്ന പുതിയ രീതി ഇന്നാട്ടുകാരെ പരിചയപ്പെടുത്തി. ഇത് കേരളാ ശൈലിയിലുള്ള ക്രിസ്തുമസ് കേക്ക് ഇവിടെ ജനപ്രിയമാകാൻ കാരണമായി. പിന്നീടങ്ങോട്ട് കേരളത്തിലെ ബേക്കർമാർ യൂറോപ്യൻ പരമ്പരാഗതരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനൊപ്പം ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് പ്രാദേശികമായി ലഭിക്കുന്ന പല വസ്‌തുക്കളും ചേർത്ത് വ്യത്യസ്തവും രുചികരവുമായ കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി.
No comments:
Post a Comment