ഞാൻ വെറും പോഴൻ

Wednesday, 26 March 2025

വെറുതെ ചില തൊലി നിറ വിചാരങ്ങൾ


നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ശാരദ മുരളീധരന്റെ കുറിപ്പ്. എന്റെ കറുപ്പിനെ ഞാൻ ചേർത്തുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായി താരതമ്യങ്ങളുടെ ഒരു നിരന്തര പരേഡായിരുന്നു. അത് കൂടുതലും കറുത്തതായി മുദ്രകുത്തപ്പെടുന്നതിനെ ക്കുറിച്ചായിരുന്നു. അതിൽ ഞാൻ വളരെ അസ്വസ്ഥയായി, അത് ലജ്ജിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. കറുപ്പ് വെറുമൊരു നിറം മാത്രമല്ല. നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ.. പക്ഷെ എന്തിനാണ് കറുപ്പിനെ അധിക്ഷേപിക്കുന്നത്. പ്രപഞ്ചത്തിലെ സർവ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗിരണം ചെയ്യാൻ കഴിയുന്ന, മനുഷ്യ വർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജസ്‌പന്ദനം കൂടിയാണത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ എന്റെ അമ്മയോട് ചോദിച്ചിരുന്നത്. വേണ്ടത്ര നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്‌ടയായതിൽ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇപ്പോൾ കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കൾ കണ്ടെത്തിയിരിക്കുന്നു. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് ബോധ്യപ്പെടുത്തിത്തന്നു, അത് കണ്ടെത്താൻ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. എന്നൊക്കെ അവർ കുറിക്കുന്നു.

ഇത് വായിച്ചപ്പോൾ ചില തൊലി നിറ വിചാരം ആകാമെന്ന് കരുതി. മനുഷ്യനെതിരെ ഉള്ള വിവേചനത്തിന് ഏറ്റവും കൂടുതൽ ആധാരമാകുന്നത് ജാതി, മതം, വംശം, ഗോത്രം എന്നതിലൊക്കെ ഉപരി തൊലിയുടെ നിറമാണെന്നാണ് എന്റെ തോന്നൽ. വിവിധ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നിറ വ്യത്യാസങ്ങൾ കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ജീവശാസ്ത്രപരമോ കാലാവസ്ഥബന്ധിയോ ആയ കാര്യങ്ങൾക്കപ്പുറം സാമൂഹിക മേൽക്കോയ്മയുടെ മാനദണ്ഡമായി മനുഷ്യന്റെ തൊലിയുടെ നിറം നൂറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിക്കപ്പെട്ടിരുന്നു. ഭൂഖണ്ഡാന്തര യാത്രകളും കോളനിവൽക്കരണവും ഒക്കെയായി ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലെത്തിയ വെളുത്ത തൊലിയുള്ളവർ അവിടങ്ങളിലെ തങ്ങളേക്കാൾ നിറ വ്യത്യാസമുള്ള മനുഷ്യരെ കണ്ടത്തോടെ മനുഷ്യചർമ്മത്തിന്റെ വർണ്ണവ്യത്യാസങ്ങളുടെ പ്രസക്തി ചർച്ച ചെയ്യാൻ തുടങ്ങി. വെളുത്ത തൊലിയില്ലാത്തവർ നീചരായ മനുഷ്യരാണെന്നും, അവർക്ക് സാമർഥ്യം കുറവാണെന്നുമൊക്കെയുള്ള ചിന്താധാരകൾ ശക്തമായി. അത് കൊണ്ട് തന്നെ നിറം കുറഞ്ഞവർ പൂർണ്ണമായ ആത്മാവില്ലാത്തവർ ആണെന്നുള്ള തിയറി ഒക്കെ പ്രചരിപ്പിക്കപ്പെട്ടു. അവരുടെ മേൽ അധികാരം, അക്രമം, അടിമത്തം എന്നിവ സ്ഥാപിക്കാൻ ഇതോടെ എളുപ്പവുമായി. കൊളോണിയൽ കാലം കേവലം അധികാരത്തിലും വിഭവസമാഹരണത്തിലും സംഭരണത്തിലും മാത്രം ഒതുങ്ങി നിന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടെത്തിയ കൗതുകം ജനിപ്പിക്കുന്ന സസ്യ മൃഗാദികളെ കൊണ്ട് പോയി യൂറോപ്പിൽ പ്രദർശിപ്പിച്ച് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പരിപാടിയും അവർ വ്യാപകമായി ചെയ്തു. സസ്യങ്ങൾക്കും മൃഗങ്ങൾക്കുമൊപ്പം അവർക്ക് വിചിത്രമായി തോന്നിയ മനുഷ്യരെക്കൂടി പ്രദർശിപ്പിച്ചവർ പണമുണ്ടാക്കി. വടക്കൻ ഫിൻലൻഡ് പ്രദേശത്തെ തദ്ദേശീയരായ ലാപ്പുകളുടെ പ്രദർശനം വൻ വിജയമായതോടെ സൊമാലിയർ, സിംഹളർ, ഇന്ത്യൻ വംശജർ തുടങ്ങി അനവധി മനുഷ്യർ യുറോപ്പിൽ പ്രദർശനവസ്തുക്കളായി. ഇതിനെല്ലാം കാരണമായത് പ്രധാനമായും തൊലിയുടെ ഇരുണ്ട നിറം മാത്രമായിരുന്നു. 

നിറത്തിന്റെയും വംശത്തിന്റെയും ശരികൾ അന്വേഷിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളാണ് നരവംശ ശാസ്ത്ര ജീവശാസ്ത്ര മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്നത്.  വെള്ളക്കാരും കറുത്തവരും രണ്ടു വ്യത്യസ്ത വർഗമാണെന്നു ശഠിക്കുന്ന ശാസ്ത്രജ്ഞർ വരെ അക്കാലത്തുണ്ടായിരുന്നു. ലൂയി അഗസ്സിസ് ഈ ഗണത്തിൽ പെട്ട ഒരാളായിരുന്നു. തൊലിയുടെ നിറത്തിന്റെയും ശരീരഭാഗങ്ങളുടെ അളവുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ വെള്ളക്കാർ ശ്രേഷ്‌ഠരാണെന്നു സ്ഥാപിക്കാൻ അത്തരക്കാർ  ശ്രമിക്കുകയുണ്ടായി. ജീവശാസ്ത്രജ്ഞനായ കാൾ ലിനേയസ് നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വർഗീകരിച്ചു. മനുഷ്യരുടെ ബൗദ്ധിക നിലവാരവും പെരുമാറ്റ രീതിയും നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെയായിരുന്നു ലിനേയസിന്റെ വാദം. 

ഏകദേശം 70 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആദ്യകാല മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ദേശാന്തര ഗമനം ആരംഭിച്ചിരിക്കുമെന്നാണ് അനുമാനിക്കുന്നത്. അക്കാലത്തെ മനുഷ്യർക്ക് ഇന്നത്തെ ചിമ്പാൻസികളെപ്പോലെ കറുത്ത രോമങ്ങളുടെ കനത്ത ആവരണവും അതിനു കീഴിൽ വെളുത്ത തൊലിയും ആയിരുന്നിരിക്കണം ഉണ്ടായിരുന്നത്. പിന്നീട് കാലക്രമത്തിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മനുഷ്യരിലും മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കണം. വൃക്ഷങ്ങളിൽ നിന്ന് താഴെ ഇറങ്ങാനും രണ്ടുകാലിൽ നടക്കാനും തുടങ്ങിയ അതേ കാലഘട്ടത്തിൽ തന്നെ ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞു പോകാനും തുടങ്ങിക്കാണണം. പിന്നീട് ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാൻ പറ്റുന്ന തൊലി, വിയർപ്പ് ഗ്രന്ഥികൾ തുടങ്ങിയവ വികസിച്ചു വന്നു കാണും. 

മനുഷ്യന്റെ തൊലിക്കകത്തുള്ള മെലാനിൻ എന്ന കളറിംഗ് ഏജന്റ് (പിഗ്മെന്റ്) എത്ര അളവിൽ ഉണ്ടെന്നതിനനുസരിച്ചായിരിക്കും അതിന്റെ നിറം. മെലാനിൻ എന്ന വാക്കിന്റെ ഉത്ഭവം തന്നെ കറുത്തത് എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. തൊലിക്കുള്ളിലെ മെലാനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിൻ ഉൽപാദിപ്പിക്കുന്നത്. മെലാനോസൈറ്റിൽ ഉള്ള മെലനോസോമുകൾ മെലാനിന്റെ ഉൽപാദനം, സംഭരണം, വിതരണം എന്നീ ധർമ്മങ്ങൾ നടത്തുന്നു. മനുഷ്യരിൽ മെലാനോസൈറ്റ് കോശങ്ങൾക്ക് പുറമെ  നേത്രാന്തര പടലം (retina), മിഴിപടലം (iris), എന്നിവയിലെ എപ്പിത്തീലിയം, ചില തരം നാഡീകോശങ്ങൾ തുടങ്ങിയവക്കും മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കഴിയും. .

തൊലിയുടെ ഇരുണ്ട നിറത്തിനാധാരം മെലാനിൻ ആണെന്ന് പറയുമ്പോഴും മെലാനിനും നിറവും തമ്മിലുള്ള ബന്ധം നേരിട്ടുള്ള അനുപാതത്തിൽ അല്ല എന്നാണ് പറയപ്പെടുന്നത്. അതായത് മെലാനിൻ കൂടിയാൽ കറുപ്പും കുറഞ്ഞാൽ വെളുപ്പും എന്ന് വളരെ ലളിതമായ പറയാൻ പറ്റില്ല എന്നാണ് ജീവശാസ്ത്രം പറയുന്നത്. മനുഷ്യന്റെ തൊലിയുടെ നിറവും ഭൂമിയുടെ അക്ഷാംശ രേഖയോടുള്ള സാമീപ്യവും തമ്മിൽ ബന്ധമുണ്ടന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇത് അൾട്രാ വയലറ്റ് (Ultraviolet – UV) സാന്ദ്രതയുമായി പൊരുത്തപ്പെടുന്ന ഒരു തിയറി ആണ്. തൊലിയുടെ നിറത്തിന്റെ കാര്യത്തിൽ അൾട്രാ- വയലറ്റ് സ്വാധീനത്തെ നരവംശ ഗവേഷകരും പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ ഇരണ്ട നിറമുള്ള തൊലിയും അകന്ന പ്രദേശങ്ങളിൽ കുറച്ചു കൂടി വെളുത്ത ട്രോളിയും കാണപ്പെടാൻ സാധ്യതയുണ്ടെന്നവർ കരുതുന്നു. 

ശാസ്ത്രീയമായ യുക്തിയിൽ നോക്കിയാൽ മനുഷ്യന്റെ തൊലി വിശേഷമായി ഏതെങ്കിലും നിറം വഹിക്കുന്ന ഒരു വസ്തുവല്ല. പരിണാമപരവും ജീവശാസ്ത്രപരവും ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കൊണ്ടും തൊലിക്ക് നിറ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും ഒരു നിറം മികച്ചതാണെന്നോ മറ്റുള്ളവക്ക് എന്തോ കുറവുകൾ ഉണ്ടെന്നൊക്കെയുള്ള വാദങ്ങൾ മുഖവിലക്കെടുക്കാനോ അംഗീകരിക്കാനോ സാധിക്കുന്നതല്ല. നിറത്തിനനുസരിച്ച് മനുഷ്യരിൽ എന്തെങ്കിലും മേന്മ കൂടുതലുണ്ടെന്ന് തെളിയിക്കാനും കഴിയില്ല. 

Monday, 17 March 2025

റിജോയുടെ പാതി പണി തീർന്ന വീടും ചില പാർപ്പിട ചിന്തകളും !!!

"സ്വന്തമായൊരു പാർപ്പിടം" എന്ന ശീർഷകത്തിൽ ശ്രീ മുരളി തുമ്മാരുകുടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നത് വായിച്ചു. ഒരാളുടെ ഏഴു വർഷത്തെ ശമ്പളം കൊണ്ട് ഒരു പാർപ്പിടം വാങ്ങാൻ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങൾ പൊതുവെ അവരുടെ പാർപ്പിട കമ്പോളത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതെന്നും വീടിന്റെ വില ഇതിൽ കൂടിയാൽ സർക്കാർ, കമ്പോളത്തിൽ ഇടപെടുമെന്നും വില കുറക്കുമെന്നും അതിൽ കുറിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കണക്കോ രീതിയോ ഇല്ലാത്തതും നമ്മുടെ കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ മനോഭാവത്തിന്റെയും ചിലപ്രത്യേകതകളും ഒക്കെ സ്പർശിച്ചു പോകുന്ന ഒരു കുറിപ്പാണ്. നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ ശമ്പളനിരക്കിൽ താങ്ങാനാകുന്ന നിരക്കിൽ പാർപ്പിടങ്ങൾ ഉണ്ടാകണമെന്നും അതിന് ഫ്ലാറ്റുകൾക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രയപെടുന്നു. ഫ്ലാറ്റുകൾ ന്യായവിലക്ക് ലഭ്യമാകണമെങ്കിൽ ന്യായമായ വിലക്ക് സ്ഥലം ലഭ്യമാകണമെന്നും  ഇത് സർക്കാരിന് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെന്നുമൊക്കെയാണ് മുരളിച്ചേട്ടന്റെ അഭിപ്രായങ്ങൾ. 


ഇതേ ദിവസങ്ങളിലാണ് എന്റെ ഒരു ക്ലയന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മാനേജ് ചെയ്യാൻ പറ്റും എന്നൊരു ആലോചന നടത്താൻ എന്നെ സമീപിക്കുന്നത്. ആൾ വളരെ വലിയൊരു വീട് പണി തുടങ്ങി ഏകദേശം പകുതിയിൽ എത്തി. കോവിഡ്, ബിസിനസിൽ ഉണ്ടാക്കിയ പ്രതിസന്ധികൾക്കൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായൊരു രോഗം ബാധിച്ചിരിക്കുന്നു. നിലവിൽ എടുത്തിരിക്കുന്ന ലോണിന്റെ തിരിച്ചടവുകൾ മുടങ്ങിയത് കൊണ്ട് നിലവിലെ ലോൺ കുറച്ചു കൂടി കൂട്ടിയെടുക്കാനോ പുതിയൊരു ലോൺ എടുക്കാനോ സാധിക്കാത്ത നിലയിലാണ് കക്ഷി. ആകെ സ്വന്തമായുള്ള സ്ഥലത്താണ് പകുതി പൂർത്തിയായ വീട് നിൽക്കുന്നത്. സ്ഥലത്തിൽ നിന്നൊരു ഭാഗം മുറിച്ചു വിൽപ്പന പ്രായോഗികമല്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇത്രയും വലിയ അപൂർണ്ണമായ നിർമ്മിതി വാങ്ങാൻ ആരെയും കിട്ടാനും സാധ്യതയില്ല. ഈ ഗുരുതര പ്രതിസന്ധിയെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യക്ക് കുറച്ചൊക്കെ അറിയാം. ബാക്കി കുടുംബാംഗങ്ങൾക്കോ സുഹുത്തുക്കൾക്കോ ഇക്കാര്യങ്ങളൊന്നും അറിയുകയും ഇല്ല. അദ്ദേഹത്തിന് ക്രിയാത്മകമായ ഒരു നിർദ്ദേശം കൊടുക്കുന്നതിൽ ഞാൻ അമ്പേ പരാജയപ്പെട്ടു. വ്യക്തിപരമായ നല്ല ബന്ധങ്ങൾ ഉള്ള ആരോടെങ്കിലും കുറച്ച് ലോൺ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞദ്ദേഹം ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ നിരാശയാണോ പരാജയ ഭീതിയാണോ ആശങ്കയാണോ എന്നൊന്നും എനിക്ക് മനസിലായില്ല. 

മുകളിൽ കൊടുത്തിട്ടുള്ള ചിത്രം മൃഗ ഡോക്ടറും സിനിമാ നടനുമായ, ശ്രീ സതീഷ് കുമാർ കുറെ കാലം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേതാണ്. ഈ ചിത്രവും അനുബന്ധ കുറിപ്പും മനസിനെ ഏറെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹം കുറിച്ചിരുന്നത് ഏകദേശം ഇപ്രകാരമാണ്.  ചേർത്തല ആലപ്പുഴ ഭാഗത്തുള്ള ഒരു വീടിന്റെ ചിത്രമാണ്. വീടിന്റെ പ്രൗഢി കണ്ട്‌ അനുമാനിച്ചാൽ ധനികരായിരുന്ന ആരുടേയോ വീടാണ്‌. അത്ര വിസ്തൃതമായ വീടും തൊടിയുമാണ്‌. ഒറ്റ നോട്ടത്തിൽ, കുറഞ്ഞത് അഞ്ചാറായിരം സ്ക്വയർ ഫീറ്റിൽ കുറയാത്ത ഒരു ഗംഭീര കെട്ടിടം. ആരുടെയോ  വലിയ സ്വപ്നമായിരുന്നിരിക്കണം ഇത്. കരിങ്കല്ലിൽ തീർത്ത മതിലും ഗേറ്റിൽ നിർമ്മിച്ചു വെച്ചിട്ടുള്ള കൂറ്റൻ ചെടിച്ചട്ടികളും അതിലെയടക്കം ഉണങ്ങിപ്പോയ അലങ്കാരച്ചെടികളുമൊക്കെ ആ സ്വപ്‌നത്തെക്കുറിച്ച്‌ ഊഹിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നിപ്പോൾ "വസ്തു വില്പനക്ക്" എന്നെഴുതി ബാങ്ക് വലിച്ചു കെട്ടിയ മനോഹരമായ ആ കാസ്റ്റ്‌ അയേൺ ഗേറ്റൊക്കെ എത്ര ശ്രദ്ധയോടെയും ആലോചനയോടെയും ഒക്കെയാവും അവർ ചെയ്യിച്ചിട്ടുണ്ടാകുക..? എത്ര സന്തോഷത്തോടെയാവും അവർ അതിൽ താമസം തുടങ്ങിയിട്ടുണ്ടാവുക? തീർച്ചയായും നിറഞ്ഞ ആത്മാഭിനത്തോടെയോ തെല്ല് അഹങ്കാരത്തോടെയോ ആവാം ഇതിന്റെ ഗൃഹപ്രവേശനസമയത്ത് അവർ നിന്നിട്ടുണ്ടാവുക.  തെളിഞ്ഞു കത്തുന്ന അലങ്കാരദീപങ്ങൾ, ആൾത്തിരക്ക്‌, പാട്ട്, ഡാൻഡ്, ആഹാര പാനോപചാരങ്ങൾ, പാർക്ക് ചെയ്യാൻ ഇടമില്ലാത്ത വിധത്തിൽ വാഹനങ്ങളുടെ തിരക്ക്...... ആ ഗൃഹപ്രവേശന ദിവസം ഭാവനയിൽ കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ല. എവിടെ വെച്ചാവും അവരുടെ സ്വപ്നങ്ങൾ പാളം തെറ്റിയിട്ടുണ്ടാവുക ? എങ്ങനെയാവും അവരുടെ പദ്ധതികൾ പാളിപ്പോയിട്ടുണ്ടാവുക..? കുടിയൊഴിപ്പിക്കപ്പെട്ട്‌ ഈ വിധം അനാഥമാക്കപ്പെടും മുൻപ്‌ സംഘർഷവും നിരാശയും നിറഞ്ഞ് ഉറക്കമില്ലാത്ത എത്രയെത്ര രാത്രികളിലൂടെയാവും ആ വീട്ടിലെ മനുഷ്യർ കടന്നു പോയിട്ടുണ്ടാവുക? ഒരു പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം എന്നില്ല. നിവൃത്തികേട്‌ കൊണ്ട് ഉടമകൾക്ക്‌ നിർബന്ധപൂർവ്വം ഒഴിഞ്ഞു പോകേണ്ടിവന്നു എന്ന് നമുക്ക്‌ ഊഹിക്കാൻ കഴിയുന്ന വീടുകൾ; അതിന് കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല..... സതീഷ്കുമാറിന്റെ എഴുത്ത് അങ്ങനെ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് ഓർക്കുകയാണ്. 

എന്റെ തൊട്ടയല്പക്കക്കാരൻ റിജോ ആണ് ആ സ്നേഹിതൻ. ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ് അവൻ. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അവന്റെ പുരയിടം കാണാം. അവൻ ഇവിടെ ഒരു വീട് പണിയാൻ തീരുമാനിച്ചു. പ്ലാനും എലിവേഷനും ഒക്കെ ഞാൻ കണ്ടിരുന്നു. താഴെ നിലയിൽ 1850 square feet ഉം മുകളിൽ 900 square feet ഉം ചേർത്ത് 2750 square feet വരുന്ന ഒരു ഗംഭീരൻ പ്ലാൻ. ലോൺ ഒന്നുമെടുക്കുന്നില്ല, പണി മുഴുവൻ ഇപ്പോൾ തീർക്കാൻ പരിപാടിയില്ല എന്നൊക്കെ അവൻ പറഞ്ഞപ്പോൾ വലിയ അതിശയവും തോന്നിയില്ല. പക്ഷെ പണി തുടങ്ങിയപ്പോഴാണ് എനിക്ക് ചെറുതല്ലാത്ത കൗതുകം തോന്നിയത്. 800 square feet, ഏറിയാൽ 900 square feet വരുന്ന ഒരു ഫൌണ്ടേഷൻ മാത്രമാണ് ആശാൻ കെട്ടിയത്. പിന്നീട് അത്രയും ഭാഗത്തെ മുകളിലേക്കുള്ള പണിയും ഭംഗിയായി തീർത്തു. വീടിന് മുൻഭാഗത്ത് താൽക്കാലികമായൊരു പൂമുഖം, അതിന് പിറകിൽ ഒരു ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂം, താത്കാലികമായി മറ്റൊരു ബെഡ് റൂം (മുഴുവൻ പണി തീരുമ്പോൾ മെയിൻ അടുക്കള ആകേണ്ട മുറി ആണിത്), അടുക്കളയുടെ ആവശ്യത്തിലേക്ക് ഭാവിയിൽ പണി തീരുമ്പോൾ രണ്ടാം അടുക്കള ആകേണ്ട മുറി, ഒരു താത്‌കാലിക വർക്ക് ഏരിയ, അതിലൊരു ടോയ്‌ലറ്റ്... ഇത്രയും പണി പൂർത്തിയാക്കി അവൻ അതിൽ താമസമാക്കി. ലീവ് തീർന്നപ്പോൾ സന്തോഷത്തോടും സമാധാനത്തോടും കൂടി വിദേശത്തേക്ക് പോയി. മനുഷ്യർ ആരെങ്കിലും ഇങ്ങനെ ഒരു വീടുണ്ടാക്കി വക്കുമോ !?, ഒരു ലോണെടുത്ത് മുഴുവൻ പണിയും തീർത്ത് കൂടായിരുന്നോ !? എന്നൊക്കെ ചോദിക്കുന്ന ചില "അഭ്യുദയ കാംക്ഷികൾ" റിജോയ്ക്കുണ്ടെന്ന യാഥാർഥ്യം മറച്ചു വയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഇത് സൂചിപ്പിച്ചപ്പോൾ റിജോ തന്ന മറുപടി ഒരു picture message ആയിരുന്നു. അതിവിടെ ഷെയർ ചെയ്യുന്നു. 


ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരാളെ വിട്ട് പോയിക്കൂടാ. എനിക്കറിയാവുന്ന ഒരു High Net Worth Individual ആണത്. 50000 രൂപക്ക് മേൽ മാസ വാടക കൊടുത്ത് ഒരു പ്രീമിയം വില്ലയിൽ ആണ് ആശാൻ വസിക്കുന്നത്. അദ്ദേഹം പറയുന്നത് ഒരു സ്ഥലം വാങ്ങണമെന്നോ വീട് വയ്ക്കണമെന്നോ അദ്ദേഹത്തിന് ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്നാണ്. ഒരു സ്ഥലം വാങ്ങി വീട് വച്ച് മെയ്‌ന്റയ്ൻ ചെയ്യാൻ വേണ്ടി വരുന്ന പണം ഇൻവെസ്റ്റ് ചെയ്തിട്ട് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അത്യാഢംബര വീട്ടിൽ എന്നും വാടകക്ക് കഴിയാനാണ് പുള്ളി ഇഷ്ടപ്പെടുന്നതത്രെ. എന്തായാലും ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് കുഴപ്പത്തിലാകുന്നതിനേക്കാൾ നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കുറച്ചു കൂടി ബജറ്റ് ലൈനിലേക്ക് മാറാൻ ഓപ്‌ഷൻ ഉണ്ടല്ലോ.

ഒരു 40-50 വർഷം പുറകോട്ട് പോയാൽ വളരെ സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ചുരുക്കം ചിലർക്കൊഴികെ ഇവിടെ വലിയ വീടുകൾ ഉണ്ടായിരുന്നില്ല. നാളികേരത്തിന്റെ നാട്ടിൽ നാഴിയടങ്ങഴി മണ്ണിൽ നാരായണക്കിളിക്കൂട് പോലൊരു നാലു കാൽ ഓലപ്പുര സ്വപ്നം കണ്ട പ്രവാസിയാണ് ഇവിടെ രമ്യ ഹർമ്യങ്ങൾ പണി കഴിപ്പിച്ചു തുടങ്ങിയത്. പിന്നെ കുറച്ച് പുത്തൻപണക്കാർ അതിനെ അനുകരിച്ച് വലിയ വീടുകൾ പണിത് തുടങ്ങി. പിന്നീട് അനുകരണ വാസന ആവോളമുള്ള സാമാന്യ മലയാളികൾ പരക്കെ, വരവ് നോക്കാതെ വരവേറെയുള്ളവരുടെ വീട് പണി അനുകരിച്ചു. താരതമ്യേന ചിലവ് കുറഞ്ഞ ഫ്ലാറ്റ് എന്ന ഓപ്‌ഷന് ഇവിടെ ഇപ്പോഴും തീരെ സ്വീകാര്യതയില്ല. എനിക്ക് നേരിൽ പരിചയമുള്ള നിരവധി ആളുകൾ യാതൊരു ഉറപ്പുമില്ലാത്ത ഭാവി വരുമാനത്തെയോ ജീവിതത്തിന്റെ ഇടവഴികളിൽ വന്നു കയറിയേക്കാവുന്ന അനിശ്ചിതത്വങ്ങളെയോ ഒന്നും പരിഗണയ്ക്കാതെ ഭാരിച്ച ദീർഘ കാല സാമ്പത്തിക  ബാധ്യതകൾ തലയിലേറ്റി വീട് പണിത് ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. പല വിധ സാമ്പത്തിക അഡ്ജസ്റ്റ്മെന്റുകൾ  ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ സാമ്പത്തിക ഭദ്രതയും സമാധാന ജീവിതവും അഭിനയിച്ച് അവർ കഴിഞ്ഞു കൂടുന്നു. എപ്പോൾ വേണമെങ്കിലും മാനസിക സംതുലനം നഷ്ടപ്പെടാവുന്ന ചിലരെങ്കിലും അക്കൂട്ടത്തിൽ ഉണ്ടെന്നത് എനിക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമൂഹത്തിന്റെ കൈയടിയും അഭിനന്ദനങ്ങളും കിട്ടാൻ വേണ്ടിയോ  മത്സരബുദ്ധിയോടെ അനുകരിക്കാൻ വേണ്ടിയോ അല്ല ഒരു വീട് പണിയേണ്ടതെന്ന് പറയാൻ ഞാൻ ഈ കുറിപ്പ് ഉപയോഗപ്പെടുത്തുകയാണ്. അതി വൈകാരികതയും കാല്പനികതയും മാറ്റി നിർത്തിയാൽ തികച്ചും നിഷ്ക്രിയ ആസ്തിയായ വീടിന് വേണ്ടി കൃത്യമായ ഫിനാൻഷ്യൽ പ്ലാനിങ് ഇല്ലാതെ Residential Buildings (വീടല്ല) പണിയുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. അവരോടൊക്കെ താരതമ്യം ചെയ്യുമ്പോഴാണ് റിജോയുടെ "വിചിത്രമെന്ന് ചിലർക്ക്" തോന്നുന്ന വീട് (Home) കയ്യടിക്ക് അർഹമാകുന്നത്. സാമ്പത്തിക ബാധ്യതകളുടെ വലിയ ചുമടുമായി അസ്വസ്ഥമായി കഴിയുന്നവർ ജീവിക്കുന്ന Residential Building കളേക്കാൾ വീടെന്ന് വിളിക്കപ്പെടാൻ യോഗ്യതയുള്ളത് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാൻ സഹായിക്കുന്ന പാതി പണിഞ്ഞ കെട്ടിടത്തെയാണെന്ന് സമ്മതിക്കാതെ തരമില്ല....

സഭാഷ് റിജോ... എത്രയും വേഗം നിന്റെ വീട് പണി പൂർത്തിയാക്കാൻ സാധിക്കട്ടെ. 

Tuesday, 4 March 2025

വെട്ടി തീയിൽ എറിയപ്പെടേണ്ടവയാണോ നന്മ മരങ്ങൾ ...!!???

"സോഷ്യൽ മീഡിയ ചാരിറ്റി"യുമായി ബന്ധപ്പെട്ട് ലജ്ജാകരമായ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നു. സാമ്പത്തികമായ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ ചികിത്സാ സഹായത്തിലേക്ക് പൊതുജനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപ പിരിച്ചു കൊടുത്ത ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ചാരിറ്റി പ്രവർത്തകന്, സഹായം സ്വീകരിച്ച കുടുംബം ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നൽകുന്നു. വെളുക്കെച്ചിരിച്ച് ആ "നന്മമരം" ആ ഇന്നോവയുടെ കീ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. പിന്നെ വിമർശനങ്ങളും ട്രോളുകളും നിറയുമ്പോൾ ന്യായീകരിക്കുകയും ആരാധകരെക്കൊണ്ട് അലക്കി വെളുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 

"സോഷ്യൽ മീഡിയ ചാരിറ്റി" എന്നാൽ എന്താണെന്നൊന്നും ചോദിക്കരുത്; ഇപ്പോൾ അതാണ് ചാരിറ്റി എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു ചാരിറ്റി ഉണ്ട് എന്ന് മാത്രം തല്ക്കാലം മനസിലാക്കുക. പൊതുവ്യവഹാരഭാഷയിൽ ചാരിറ്റി എന്താണെന്ന് ഒന്ന് നോക്കാം. 

സാമ്പത്തികമായോ ആരോഗ്യപരമായോ ശാരീരികമായോ സാമൂഹിക അന്തസുമായോ മറ്റെന്തെങ്കിലും പാർശ്വവൽക്കരണവുമായോ ഒക്കെ ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്നവർക്ക് പണം കൊണ്ടോ മറ്റു സഹായങ്ങൾ കൊണ്ടോ ഒരു കൈത്താങ്ങാവുന്ന പരിപാടിയെ വിളിക്കാവുന്ന പേരാണ് ചാരിറ്റി. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് അർഹരായവരെ നേരിട്ട് സഹായിക്കുന്ന വ്യക്തികൾ മുതൽ കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും വിവിധ സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകളും) ലോകമെമ്പാടും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ധാരാളമായുണ്ട്. പൊതുവെ സർക്കാർ സംവിധാനങ്ങൾക്ക് ചെയ്ത് തീർക്കാൻ കഴിയാത്തതും എന്നാൽ സമൂഹത്തിൽ അത്യാവശ്യം നടക്കേണ്ടതുമായ സാമൂഹ്യക്ഷേമ ലക്ഷ്യങ്ങളെ പൂർത്തീകരിക്കാൻ ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ സമൂഹത്തെ നല്ലയളവിൽ സഹായിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് വിവിധ നികുതി ആനുകൂല്യങ്ങളും ഇളവുകളും സർക്കാർ നൽകുന്നുണ്ട്. 

“ചാരിറ്റി എന്ന വാക്ക് ചിന്തയിലും പ്രവൃത്തിയിലും പരക്ഷേമ താല്പര്യത്തെ സൂചിപ്പിക്കുന്നു. തനിക്കതീതമായി മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുക എന്ന ആശയമാണ് അതിൽ അടങ്ങിയിരിക്കുന്നത്" ആന്ധ്ര ചേംബർ ഓഫ് കൊമേഴ്‌സ് കക്ഷിയായ കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച നിരീക്ഷണമാണിത്. [The word ‘Charity’ connotes altruism in thought and action. It involves an idea of benefiting others rather than oneself” Supreme Court in the case Andhra Chamber of Commerce [1965] 55 ITR 722 (SC)]

സോഷ്യൽ മീഡിയ ചാരിറ്റി ഇതിന് മുൻപ് പൊതുചർച്ചക്ക് വിധേയമാക്കപ്പെട്ടത് 2020-ൽ ആയിരുന്നു. അന്ന് സംഭവിച്ചത് ഏകദേശം ഇപ്രകാരമായിരുന്നു... ഒരു യുവതി അയാളുടെ അമ്മയുടെ ചികിത്സ നടത്താൻ ഭീമമായ തുക ആവശ്യമുണ്ടെന്നും സഹായിക്കാൻ ആരുമില്ലാത്ത തനിക്ക് നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലെന്നും കഴിയുന്നവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വിടുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകർ എന്ന് വാഴ്ത്തപ്പെടുന്ന ചില പ്രശസ്ത വ്യക്തികൾ ("നന്മമരം" എന്നൊരു വിളിപ്പേരും ഇവർക്കുണ്ട്) ഈ വീഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യുന്നു. 30 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്ക് സഹായമായി മണിക്കൂറുകൾ കൊണ്ട് ഒന്നേകാൽ കോടിയോളം രൂപ ആ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നു. പണം വരവ് തുടർന്നപ്പോൾ ആ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ നിർത്തി വയ്ക്കാൻ (Credit Freezing) ബാങ്കിന് നിർദേശം കൊടുക്കുന്നു. രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക കഴിച്ച് സർപ്ലസ് വന്ന തുക തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുക്കാൻ നന്മമരങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകുന്നു. സഹായാഭ്യർത്ഥനാ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഷെയർ ചെയ്യുന്നതിനുള്ള നന്മരങ്ങളുടെ സ്ഥിരം സ്ഥിരം ഉപാധിയാണ് ഈ സർപ്ലസ് ഫണ്ട് ട്രാൻസ്ഫർ. സോഷ്യൽ മീഡിയ/ഓൺലൈൻ  ചാരിറ്റി പ്രവർത്തകരുടെ ഏകദേശ പ്രവർത്തനരീതി കാലങ്ങളായി ഇപ്രകാരമാണ്. എന്നാൽ, ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ചെലവുകൾ ഇനിയും ഉണ്ടല്ലോ, അപ്പോൾ വീണ്ടും സഹായം അഭ്യർത്ഥിക്കാനാവില്ല, കുറച്ചു കൂടി കഴിഞ്ഞ് കൊടുക്കാം എന്ന നിലപാടെടുക്കുന്നു യുവതി. ഇതിനിടയിൽ കിട്ടിയ തുകയിൽ നിന്ന് ഒരു കുഞ്ഞിന്റെ ചികിത്സാചിലവിലേക്ക് സംഭാവന കൊടുത്തു എന്നും യുവതി അവകാശപ്പെടുന്നുണ്ട്. ഇതോടെ നന്മമരങ്ങൾ ഇടയുന്നു. വേണമെങ്കിൽ തുടർ ചികത്സക്കും ഒരു വീട് വെയ്ക്കാനും കൂടി ഉള്ള ഒരു തുക എടുത്തിട്ട് ബാക്കി തങ്ങൾ പറയുന്നവർക്ക് കൊടുക്കണം എന്ന്  നിർബന്ധിക്കുന്നു. ഇതിന് യുവതി വഴങ്ങുന്നില്ല എന്ന് കാണുന്നതോടെ നന്മമരങ്ങൾ യുവതിക്കെതിരെ തിരിയുന്നു. അമ്മക്ക് കരൾ നൽകാൻ വേണ്ടി ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ആ പെൺകുട്ടിക്ക് മേൽ നന്മമരങ്ങളും അവരുടെ സ്തുതിപാഠകരും ഫാൻസും ഒരു വെട്ടുക്കിളിക്കൂട്ടത്തേപ്പോലെ പറന്നിറങ്ങുന്നു. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വീഡിയോകൾ, സന്ദേശങ്ങൾ, വിളികൾ, നേരിട്ടുള്ള സന്ദർശനങ്ങൾ എന്നിവയിലൂടെ അവർ ആ യുവതിയെ പല വിധത്തിൽ സമ്മർദ്ദത്തിലാക്കുന്നു. നയം, വിനയം, അനുനയം, അഭിനയം എല്ലാം പയറ്റിയ ചാരിറ്റി പ്രവർത്തകരുടെയും സംഘത്തിന്റെയും തെറിവിളി, പുലയാട്ട്, പുലഭ്യവർഷം, പ്രാകൽ, ശപിക്കൽ തുടങ്ങിയ കലാപരിപാടികൾ സഹിക്ക വയ്യാതായപ്പോൾ ഗത്യന്തരമില്ലാതെ യുവതി തന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. മുഖ്യധാരാമാധ്യമങ്ങളും സോഷ്യൽ മീഡിയയും യുവതിക്ക് പിന്തുണയുമായെത്തുന്നു. സംഭവം പോലീസ് കേസാകുന്നു.
 

ഇതിന് മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ചില ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതൊരു വ്യാപക ചർച്ചയാവുന്നത് ആദ്യമായാണ്. കുറച്ചു കാലം മുൻപ് ജസ്റ്റീന എന്ന മാധ്യമപ്രവർത്തകയും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും ഇത്തരം ചാരിറ്റി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അന്വേഷണവിധേയമാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ഹവാല, കുഴൽപ്പണം, 
കള്ളപ്പണം വെളുപ്പിക്കൽ, അവയവ മാഫിയ, ആശുപത്രി മാഫിയ മുതലായവയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ഇനി ഒരു വാദത്തിന് വേണ്ടി, നന്മമരങ്ങളും അവരുടെ ആരാധകരും സ്തുതിഗായകരും അവകാശപ്പെടുന്നത് പോലെ 101 % സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും (With Due Transparency & Accountability) ആണ് ഇതൊക്കെ നടക്കുന്നത് എന്ന് കരുതുക. അപ്പോഴും ഈ നടക്കുന്നതൊന്നും നിയമാനുസൃതമല്ല എന്നതാണ് വസ്തുത. ചാരിറ്റി എന്നതിനേക്കാൾ ക്രൗഡ് ഫണ്ടിംഗ് എന്ന് വിളിക്കാവുന്ന ഏർപ്പാടാണ് ഇവർ ചെയ്യുന്നത്. ഈ രണ്ട് രീതിയിലാണെങ്കിലും അതിന് കൃത്യമായ നിയമങ്ങൾ മൂലം നിയന്ത്രിക്കപ്പെടുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. പ്രവർത്തനരീതികൾക്കനുസൃതമായി  ആദായനികുതി നിയമം, രജിസ്ട്രേഷൻ നിയമം, ചാരിറ്റബിൾ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, കമ്പനി നിയമം, GST നിയമം, ആന്റി മണി ലോണ്ടറിംഗ് തടയുന്നതിനുള്ള ചട്ടങ്ങൾ, ഇന്ത്യക്ക് പുറമെ നിന്ന് പണം വരുന്നുണ്ടെങ്കിൽ FEMA, FCRA നിയമങ്ങൾ തുടങ്ങിയ എണ്ണമറ്റ നിയമങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നേ ഇവക്കൊക്കെ പ്രവർത്തിക്കാനാവൂ. അല്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ചില വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് രാജ്യദ്രോഹക്കുറ്റം പോലുമാകാം. ഭൂരിഭാഗം കേസുകളിലും നന്മമരങ്ങൾ സ്വന്തം അക്കൗണ്ട് നമ്പർ കൊടുത്തല്ല പണം പിരിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സഹായം വേണ്ട ആളുകളുടെ അക്കൗണ്ട് നമ്പറിലാണ് പണപ്പിരിവ് നടക്കുന്നത് (ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടാണല്ലോ). നികുതിയുമായോ രാജ്യദ്രോഹവുമായോ സാമ്പത്തികകുറ്റകൃത്യവുമായോബന്ധപ്പെട്ട ഒരു നിയമപ്രശ്നം വരുമ്പോൾ നന്മമരങ്ങൾക്കൊപ്പം സഹായം ലഭിച്ചവർ പ്രശ്നത്തിലാവാനും ഇത് കാരണമാക്കും. ഇൻകം ടാക്സ് നിയമമനുസരിച്ച് കൃത്യമായി നിർവ്വചിക്കപ്പെട്ട വളരെ അടുത്ത ബന്ധുക്കളിൽ നിന്നല്ലാതെ ആരിൽ നിന്നും ലഭിക്കുന്ന സമ്മാനമോ സഹായമോ ഇൻകം ടാക്സ് നിയമമനുസരിച്ച് ടാക്സ് അടക്കേണ്ട വരുമാനമാണ്. അതിൽ നിന്ന് ചിലവാക്കി എന്നത് കൊണ്ട് വന്ന തുകയുടെ നികുതിയിൽ ഒരു കുറവും കിട്ടില്ല. അത് പോലെ ബാങ്കിൽ വരുന്ന തുക മുഴുവനും വൈറ്റ് മണി ആണെന്നൊരു തെറ്റിധാരണയും വേണ്ട. ബാങ്കിൽ വന്ന തുകയ്ക്ക് ASSESSING ഓഫീസർ മുൻപാകെ നിയമപരമായി നിലനിൽക്കുന്ന ഒരു വിശദീകരണം കൊടുത്ത് അത് അംഗീകരിക്കപ്പെടുന്നത് വരെ അത് വൈറ്റ് മണി ആകുന്നില്ല. 

ഇത്തരം വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ നന്മരങ്ങളും അവരുടെ ആരാധകരും യക്ഷകിന്നരന്മാരും സ്ഥിരം ചൂണ്ടിക്കാണിക്കാറുള്ള ചില കാര്യങ്ങളുണ്ട്. സർക്കാർ ചെയ്യാത്ത കാര്യങ്ങളല്ലേ ഇവർ ചെയ്യുന്നത് ? ഒട്ടേറെ പാവപ്പെട്ടവർക്ക് അവർ സഹായം ചെയ്യുന്നില്ലേ ? നിങ്ങൾ അഞ്ചു പൈസ ആർക്കെങ്കിലും കൊടുത്ത് സഹായിക്കുന്നുണ്ടോ ? ഇവർക്ക് പണം കൊടുക്കുന്നവർക്കില്ലാത്ത പരാതി നിങ്ങൾക്കെന്തിനാണ് ? എല്ലാ നിയമവും നോക്കി ആവശ്യക്കാരെ സഹായിക്കാൻ പറ്റുമോ ? സഹായം അഭ്യർത്ഥിച്ചവർക്ക് ആവശ്യമുള്ളതിലും കൂടുതൽ വരുന്ന പണം കൈമാറിയാൽ എന്താണ് കുഴപ്പം ? ഇതിന്റെയൊക്കെ ഉത്തരങ്ങൾ എന്ത് തന്നെയായാലും പൊതു സമൂഹത്തിൽ നിന്ന് പണം പിരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും മര്യാദയും ബാധ്യതയും ഉണ്ട്. 

ചാരിറ്റിയുടെ പേരില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നതായി സംശയിക്കുന്നു എന്ന ആരോപണം വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ആരാധകവൃന്ദങ്ങളുടെ ബലത്തിൽ തെറിവിളിച്ചു തോൽപ്പിക്കാൻ ശ്രമിക്കുകയുമല്ല വേണ്ടത്;  മറിച്ച് കൃത്യമായ കണക്കുകളോടെ മറുപടി പറയുകയാണ് വേണ്ടത്. ചെയ്യുന്നത് എത്ര മഹനീയ പ്രവൃത്തി ആണെങ്കിലും നാട്ടിൽ പ്രാബല്യത്തിലുള്ള നിയമചട്ടക്കൂടിനകത്ത് നിന്ന് മാത്രം വേണം പ്രവർത്തിക്കാൻ. നിയമ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന അധികാരികൾ പലപ്പോഴും ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നത് നിയമത്തിൽ വകുപ്പില്ലാത്തത് കൊണ്ടല്ല; എന്തെങ്കിലും നന്മ ആർക്കെങ്കിലും കിട്ടുന്നത് ഞാനായിട്ട് തടയേണ്ടല്ലോ എന്ന വൈകാരിക ചിന്ത കൊണ്ട് മാത്രമാണ്; തികച്ചും വ്യക്ത്യധിഷ്ഠിതമായ വികാരങ്ങളിൽ നിന്നുണ്ടാകുന്ന ആ അനുഭാവത്തെ അനുകൂല്യമായി കാണാതെ അവകാശമായി കണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഏറെക്കാലം മുന്നോട്ട് പോകാൻ എളുപ്പമല്ല. കാരണം, എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം; കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം; എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാനാവില്ല.

അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി; ഈ പ്രവർത്തനങ്ങളൊന്നും നിയമാനുസൃതമാക്കാൻ വലിയ ബുദ്ധിമുട്ടോ പണച്ചിലവോ ഇല്ല; ഈ പണി അറിയാവുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെയോ വക്കീലിനെയോ സമീപിച്ചാൽ എളുപ്പത്തിൽ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ഇതേ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാം. നിയമാനുസൃതം വേണ്ട രജിസ്‌ട്രേഷൻ എടുത്ത് നിർദിഷ്ട രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മുഴുവൻ വരുമാനവും നികുതി രഹിതമാക്കാം; മാത്രവുമല്ല ഇതിലേക്ക് സംഭാവനകൾ തരുന്നവർക്ക് പോലും നികുതി ഇളവ് ലഭിക്കാൻ വകുപ്പുണ്ട്. ഒറ്റ പ്രശ്നമേയുള്ളൂ; വരുന്ന പണത്തിനും ചിലവാക്കുന്ന പണത്തിനും തെളിവുകളോടെ കണക്ക് സൂക്ഷിക്കണം, അത് കൃത്യമായി ഓഡിറ്റ് ചെയ്യിക്കണം; സർക്കാരിലേക്ക് കൃത്യമായി റിട്ടേണുകൾ ഫയൽ ചെയ്യണം. ചുരുക്കി പറഞ്ഞാൽ അണ പൈ വിടാതെ കണക്കു പറയേണ്ടി വരും; കക്കലും മുക്കലും നക്കലും മറ്റ് ഉഡായിപ്പുകളും എളുപ്പമാവില്ല; "നേരെ വാ നേരെ പോ" നിലപാടുകാർക്ക് ആരെയും പേടിക്കാതെ ഈ പണിയുമായി മുന്നോട്ട് പോകാം. ഈ നാട്ടിൽ വർഷങ്ങളായി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്ന വിശ്വാസ്യതയും വിശ്വസ്തതയും ഉള്ള വ്യക്തികളും സ്ഥാപനങ്ങളും ഒക്കെ ഇങ്ങനെ ചട്ടങ്ങൾക്കകത്ത് നിന്നാണ് സാർ പ്രവർത്തിക്കുന്നത്. അവയിൽ പലതിനും നിങ്ങൾക്കുള്ള ഫണ്ട് മൊബിലൈസേഷൻ കപ്പാസിറ്റിയുടെ നൂറിലൊരംശം കപ്പാസിറ്റിയില്ല എന്ന് കൂടി ഓർക്കണം. 

ചുറ്റുപാടുകളിൽ നിന്ന് വെള്ളവും വായുവും വളവും വലിച്ചെടുത്ത് മനുഷ്യനുപകാരപ്പെടുന്ന ഫലങ്ങൾ തരുന്ന മരങ്ങൾ എന്ന് ചാരിറ്റി പ്രവർത്തകരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ചട്ടക്കൂടുകൾക്കകത്ത് വളരുമ്പോൾ മാത്രമേ അവയെ നന്മമരം എന്ന് വിളിക്കാനാവൂ; അല്ലെങ്കിൽ പരാദസസ്യം, പാഴ്‌മരം, വിഷവൃക്ഷം എന്നൊക്കെ വിളിക്കാനേ പറ്റൂ. 

വിശുദ്ധ ബൈബിൾ പറയുന്നതാണ്...."ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക. ഉള്ളില്‍ അവര്‍ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളാണ്. ഫലത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. അവരുടെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ അറിയും"