"സ്വന്തമായൊരു പാർപ്പിടം" എന്ന ശീർഷകത്തിൽ ശ്രീ മുരളി തുമ്മാരുകുടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നത് വായിച്ചു. ഒരാളുടെ ഏഴു വർഷത്തെ ശമ്പളം കൊണ്ട് ഒരു പാർപ്പിടം വാങ്ങാൻ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങൾ പൊതുവെ അവരുടെ പാർപ്പിട കമ്പോളത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതെന്നും വീടിന്റെ വില ഇതിൽ കൂടിയാൽ സർക്കാർ, കമ്പോളത്തിൽ ഇടപെടുമെന്നും വില കുറക്കുമെന്നും അതിൽ കുറിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കണക്കോ രീതിയോ ഇല്ലാത്തതും നമ്മുടെ കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ മനോഭാവത്തിന്റെയും ചിലപ്രത്യേകതകളും ഒക്കെ സ്പർശിച്ചു പോകുന്ന ഒരു കുറിപ്പാണ്. നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ ശമ്പളനിരക്കിൽ താങ്ങാനാകുന്ന നിരക്കിൽ പാർപ്പിടങ്ങൾ ഉണ്ടാകണമെന്നും അതിന് ഫ്ലാറ്റുകൾക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രയപെടുന്നു. ഫ്ലാറ്റുകൾ ന്യായവിലക്ക് ലഭ്യമാകണമെങ്കിൽ ന്യായമായ വിലക്ക് സ്ഥലം ലഭ്യമാകണമെന്നും ഇത് സർക്കാരിന് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെന്നുമൊക്കെയാണ് മുരളിച്ചേട്ടന്റെ അഭിപ്രായങ്ങൾ.
ഇതേ ദിവസങ്ങളിലാണ് എന്റെ ഒരു ക്ലയന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മാനേജ് ചെയ്യാൻ പറ്റും എന്നൊരു ആലോചന നടത്താൻ എന്നെ സമീപിക്കുന്നത്. ആൾ വളരെ വലിയൊരു വീട് പണി തുടങ്ങി ഏകദേശം പകുതിയിൽ എത്തി. കോവിഡ്, ബിസിനസിൽ ഉണ്ടാക്കിയ പ്രതിസന്ധികൾക്കൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായൊരു രോഗം ബാധിച്ചിരിക്കുന്നു. നിലവിൽ എടുത്തിരിക്കുന്ന ലോണിന്റെ തിരിച്ചടവുകൾ മുടങ്ങിയത് കൊണ്ട് നിലവിലെ ലോൺ കുറച്ചു കൂടി കൂട്ടിയെടുക്കാനോ പുതിയൊരു ലോൺ എടുക്കാനോ സാധിക്കാത്ത നിലയിലാണ് കക്ഷി. ആകെ സ്വന്തമായുള്ള സ്ഥലത്താണ് പകുതി പൂർത്തിയായ വീട് നിൽക്കുന്നത്. സ്ഥലത്തിൽ നിന്നൊരു ഭാഗം മുറിച്ചു വിൽപ്പന പ്രായോഗികമല്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇത്രയും വലിയ അപൂർണ്ണമായ നിർമ്മിതി വാങ്ങാൻ ആരെയും കിട്ടാനും സാധ്യതയില്ല. ഈ ഗുരുതര പ്രതിസന്ധിയെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യക്ക് കുറച്ചൊക്കെ അറിയാം. ബാക്കി കുടുംബാംഗങ്ങൾക്കോ സുഹുത്തുക്കൾക്കോ ഇക്കാര്യങ്ങളൊന്നും അറിയുകയും ഇല്ല. അദ്ദേഹത്തിന് ക്രിയാത്മകമായ ഒരു നിർദ്ദേശം കൊടുക്കുന്നതിൽ ഞാൻ അമ്പേ പരാജയപ്പെട്ടു. വ്യക്തിപരമായ നല്ല ബന്ധങ്ങൾ ഉള്ള ആരോടെങ്കിലും കുറച്ച് ലോൺ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞദ്ദേഹം ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ നിരാശയാണോ പരാജയ ഭീതിയാണോ ആശങ്കയാണോ എന്നൊന്നും എനിക്ക് മനസിലായില്ല.
മുകളിൽ കൊടുത്തിട്ടുള്ള ചിത്രം മൃഗ ഡോക്ടറും സിനിമാ നടനുമായ, ശ്രീ സതീഷ് കുമാർ കുറെ കാലം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേതാണ്. ഈ ചിത്രവും അനുബന്ധ കുറിപ്പും മനസിനെ ഏറെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹം കുറിച്ചിരുന്നത് ഏകദേശം ഇപ്രകാരമാണ്. ചേർത്തല ആലപ്പുഴ ഭാഗത്തുള്ള ഒരു വീടിന്റെ ചിത്രമാണ്. വീടിന്റെ പ്രൗഢി കണ്ട് അനുമാനിച്ചാൽ ധനികരായിരുന്ന ആരുടേയോ വീടാണ്. അത്ര വിസ്തൃതമായ വീടും തൊടിയുമാണ്. ഒറ്റ നോട്ടത്തിൽ, കുറഞ്ഞത് അഞ്ചാറായിരം സ്ക്വയർ ഫീറ്റിൽ കുറയാത്ത ഒരു ഗംഭീര കെട്ടിടം. ആരുടെയോ വലിയ സ്വപ്നമായിരുന്നിരിക്കണം ഇത്. കരിങ്കല്ലിൽ തീർത്ത മതിലും ഗേറ്റിൽ നിർമ്മിച്ചു വെച്ചിട്ടുള്ള കൂറ്റൻ ചെടിച്ചട്ടികളും അതിലെയടക്കം ഉണങ്ങിപ്പോയ അലങ്കാരച്ചെടികളുമൊക്കെ ആ സ്വപ്‌നത്തെക്കുറിച്ച് ഊഹിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നിപ്പോൾ "വസ്തു വില്പനക്ക്" എന്നെഴുതി ബാങ്ക് വലിച്ചു കെട്ടിയ മനോഹരമായ ആ കാസ്റ്റ് അയേൺ ഗേറ്റൊക്കെ എത്ര ശ്രദ്ധയോടെയും ആലോചനയോടെയും ഒക്കെയാവും അവർ ചെയ്യിച്ചിട്ടുണ്ടാകുക..? എത്ര സന്തോഷത്തോടെയാവും അവർ അതിൽ താമസം തുടങ്ങിയിട്ടുണ്ടാവുക? തീർച്ചയായും നിറഞ്ഞ ആത്മാഭിനത്തോടെയോ തെല്ല് അഹങ്കാരത്തോടെയോ ആവാം ഇതിന്റെ ഗൃഹപ്രവേശനസമയത്ത് അവർ നിന്നിട്ടുണ്ടാവുക. തെളിഞ്ഞു കത്തുന്ന അലങ്കാരദീപങ്ങൾ, ആൾത്തിരക്ക്, പാട്ട്, ഡാൻഡ്, ആഹാര പാനോപചാരങ്ങൾ, പാർക്ക് ചെയ്യാൻ ഇടമില്ലാത്ത വിധത്തിൽ വാഹനങ്ങളുടെ തിരക്ക്...... ആ ഗൃഹപ്രവേശന ദിവസം ഭാവനയിൽ കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ല. എവിടെ വെച്ചാവും അവരുടെ സ്വപ്നങ്ങൾ പാളം തെറ്റിയിട്ടുണ്ടാവുക ? എങ്ങനെയാവും അവരുടെ പദ്ധതികൾ പാളിപ്പോയിട്ടുണ്ടാവുക..? കുടിയൊഴിപ്പിക്കപ്പെട്ട് ഈ വിധം അനാഥമാക്കപ്പെടും മുൻപ് സംഘർഷവും നിരാശയും നിറഞ്ഞ് ഉറക്കമില്ലാത്ത എത്രയെത്ര രാത്രികളിലൂടെയാവും ആ വീട്ടിലെ മനുഷ്യർ കടന്നു പോയിട്ടുണ്ടാവുക? ഒരു പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം എന്നില്ല. നിവൃത്തികേട് കൊണ്ട് ഉടമകൾക്ക് നിർബന്ധപൂർവ്വം ഒഴിഞ്ഞു പോകേണ്ടിവന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്ന വീടുകൾ; അതിന് കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല..... സതീഷ്കുമാറിന്റെ എഴുത്ത് അങ്ങനെ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് ഓർക്കുകയാണ്.
എന്റെ തൊട്ടയല്പക്കക്കാരൻ റിജോ ആണ് ആ സ്നേഹിതൻ. ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ് അവൻ. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അവന്റെ പുരയിടം കാണാം. അവൻ ഇവിടെ ഒരു വീട് പണിയാൻ തീരുമാനിച്ചു. പ്ലാനും എലിവേഷനും ഒക്കെ ഞാൻ കണ്ടിരുന്നു. താഴെ നിലയിൽ 1850 square feet ഉം മുകളിൽ 900 square feet ഉം ചേർത്ത് 2750 square feet വരുന്ന ഒരു ഗംഭീരൻ പ്ലാൻ. ലോൺ ഒന്നുമെടുക്കുന്നില്ല, പണി മുഴുവൻ ഇപ്പോൾ തീർക്കാൻ പരിപാടിയില്ല എന്നൊക്കെ അവൻ പറഞ്ഞപ്പോൾ വലിയ അതിശയവും തോന്നിയില്ല. പക്ഷെ പണി തുടങ്ങിയപ്പോഴാണ് എനിക്ക് ചെറുതല്ലാത്ത കൗതുകം തോന്നിയത്. 800 square feet, ഏറിയാൽ 900 square feet വരുന്ന ഒരു ഫൌണ്ടേഷൻ മാത്രമാണ് ആശാൻ കെട്ടിയത്. പിന്നീട് അത്രയും ഭാഗത്തെ മുകളിലേക്കുള്ള പണിയും ഭംഗിയായി തീർത്തു. വീടിന് മുൻഭാഗത്ത് താൽക്കാലികമായൊരു പൂമുഖം, അതിന് പിറകിൽ ഒരു ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂം, താത്കാലികമായി മറ്റൊരു ബെഡ് റൂം (മുഴുവൻ പണി തീരുമ്പോൾ മെയിൻ അടുക്കള ആകേണ്ട മുറി ആണിത്), അടുക്കളയുടെ ആവശ്യത്തിലേക്ക് ഭാവിയിൽ പണി തീരുമ്പോൾ രണ്ടാം അടുക്കള ആകേണ്ട മുറി, ഒരു താത്‌കാലിക വർക്ക് ഏരിയ, അതിലൊരു ടോയ്‌ലറ്റ്... ഇത്രയും പണി പൂർത്തിയാക്കി അവൻ അതിൽ താമസമാക്കി. ലീവ് തീർന്നപ്പോൾ സന്തോഷത്തോടും സമാധാനത്തോടും കൂടി വിദേശത്തേക്ക് പോയി. മനുഷ്യർ ആരെങ്കിലും ഇങ്ങനെ ഒരു വീടുണ്ടാക്കി വക്കുമോ !?, ഒരു ലോണെടുത്ത് മുഴുവൻ പണിയും തീർത്ത് കൂടായിരുന്നോ !? എന്നൊക്കെ ചോദിക്കുന്ന ചില "അഭ്യുദയ കാംക്ഷികൾ" റിജോയ്ക്കുണ്ടെന്ന യാഥാർഥ്യം മറച്ചു വയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഇത് സൂചിപ്പിച്ചപ്പോൾ റിജോ തന്ന മറുപടി ഒരു picture message ആയിരുന്നു. അതിവിടെ ഷെയർ ചെയ്യുന്നു.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരാളെ വിട്ട് പോയിക്കൂടാ. എനിക്കറിയാവുന്ന ഒരു High Net Worth Individual ആണത്. 50000 രൂപക്ക് മേൽ മാസ വാടക കൊടുത്ത് ഒരു പ്രീമിയം വില്ലയിൽ ആണ് ആശാൻ വസിക്കുന്നത്. അദ്ദേഹം പറയുന്നത് ഒരു സ്ഥലം വാങ്ങണമെന്നോ വീട് വയ്ക്കണമെന്നോ അദ്ദേഹത്തിന് ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്നാണ്. ഒരു സ്ഥലം വാങ്ങി വീട് വച്ച് മെയ്‌ന്റയ്ൻ ചെയ്യാൻ വേണ്ടി വരുന്ന പണം ഇൻവെസ്റ്റ് ചെയ്തിട്ട് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അത്യാഢംബര വീട്ടിൽ എന്നും വാടകക്ക് കഴിയാനാണ് പുള്ളി ഇഷ്ടപ്പെടുന്നതത്രെ. എന്തായാലും ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് കുഴപ്പത്തിലാകുന്നതിനേക്കാൾ നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കുറച്ചു കൂടി ബജറ്റ് ലൈനിലേക്ക് മാറാൻ ഓപ്‌ഷൻ ഉണ്ടല്ലോ.
ഒരു 40-50 വർഷം പുറകോട്ട് പോയാൽ വളരെ സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ചുരുക്കം ചിലർക്കൊഴികെ ഇവിടെ വലിയ വീടുകൾ ഉണ്ടായിരുന്നില്ല. നാളികേരത്തിന്റെ നാട്ടിൽ നാഴിയടങ്ങഴി മണ്ണിൽ നാരായണക്കിളിക്കൂട് പോലൊരു നാലു കാൽ ഓലപ്പുര സ്വപ്നം കണ്ട പ്രവാസിയാണ് ഇവിടെ രമ്യ ഹർമ്യങ്ങൾ പണി കഴിപ്പിച്ചു തുടങ്ങിയത്. പിന്നെ കുറച്ച് പുത്തൻപണക്കാർ അതിനെ അനുകരിച്ച് വലിയ വീടുകൾ പണിത് തുടങ്ങി. പിന്നീട് അനുകരണ വാസന ആവോളമുള്ള സാമാന്യ മലയാളികൾ പരക്കെ, വരവ് നോക്കാതെ വരവേറെയുള്ളവരുടെ വീട് പണി അനുകരിച്ചു. താരതമ്യേന ചിലവ് കുറഞ്ഞ ഫ്ലാറ്റ് എന്ന ഓപ്‌ഷന് ഇവിടെ ഇപ്പോഴും തീരെ സ്വീകാര്യതയില്ല. എനിക്ക് നേരിൽ പരിചയമുള്ള നിരവധി ആളുകൾ യാതൊരു ഉറപ്പുമില്ലാത്ത ഭാവി വരുമാനത്തെയോ ജീവിതത്തിന്റെ ഇടവഴികളിൽ വന്നു കയറിയേക്കാവുന്ന അനിശ്ചിതത്വങ്ങളെയോ ഒന്നും പരിഗണയ്ക്കാതെ ഭാരിച്ച ദീർഘ കാല സാമ്പത്തിക ബാധ്യതകൾ തലയിലേറ്റി വീട് പണിത് ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. പല വിധ സാമ്പത്തിക അഡ്ജസ്റ്റ്മെന്റുകൾ ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ സാമ്പത്തിക ഭദ്രതയും സമാധാന ജീവിതവും അഭിനയിച്ച് അവർ കഴിഞ്ഞു കൂടുന്നു. എപ്പോൾ വേണമെങ്കിലും മാനസിക സംതുലനം നഷ്ടപ്പെടാവുന്ന ചിലരെങ്കിലും അക്കൂട്ടത്തിൽ ഉണ്ടെന്നത് എനിക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമൂഹത്തിന്റെ കൈയടിയും അഭിനന്ദനങ്ങളും കിട്ടാൻ വേണ്ടിയോ മത്സരബുദ്ധിയോടെ അനുകരിക്കാൻ വേണ്ടിയോ അല്ല ഒരു വീട് പണിയേണ്ടതെന്ന് പറയാൻ ഞാൻ ഈ കുറിപ്പ് ഉപയോഗപ്പെടുത്തുകയാണ്. അതി വൈകാരികതയും കാല്പനികതയും മാറ്റി നിർത്തിയാൽ തികച്ചും നിഷ്ക്രിയ ആസ്തിയായ വീടിന് വേണ്ടി കൃത്യമായ ഫിനാൻഷ്യൽ പ്ലാനിങ് ഇല്ലാതെ Residential Buildings (വീടല്ല) പണിയുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. അവരോടൊക്കെ താരതമ്യം ചെയ്യുമ്പോഴാണ് റിജോയുടെ "വിചിത്രമെന്ന് ചിലർക്ക്" തോന്നുന്ന വീട് (Home) കയ്യടിക്ക് അർഹമാകുന്നത്. സാമ്പത്തിക ബാധ്യതകളുടെ വലിയ ചുമടുമായി അസ്വസ്ഥമായി കഴിയുന്നവർ ജീവിക്കുന്ന Residential Building കളേക്കാൾ വീടെന്ന് വിളിക്കപ്പെടാൻ യോഗ്യതയുള്ളത് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാൻ സഹായിക്കുന്ന പാതി പണിഞ്ഞ കെട്ടിടത്തെയാണെന്ന് സമ്മതിക്കാതെ തരമില്ല....
സഭാഷ് റിജോ... എത്രയും വേഗം നിന്റെ വീട് പണി പൂർത്തിയാക്കാൻ സാധിക്കട്ടെ.
No comments:
Post a Comment