Wednesday, 4 February 2015
ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...
Sunday, 1 February 2015
ലാലേട്ടാ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു....
അങ്ങയുടെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്ര എന്ന പേരിൽ തുടങ്ങിയ 'ലാലിസം' എന്ന സംഗീത ബാൻഡ്.
സ്‌പെഷല്‍ ഇഫക്ട്സും നൂതനമായ ശബ്ദ വിന്യാസ സംവിധാനങ്ങളും ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സങ്കേതങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള 'ലാലിസ'ത്തിന്റെ 'ദി ലാല്‍ ഇഫക്ട്' എന്ന ടാഗ് ലൈന്‍ ഒക്കെ നന്നായിരുന്നു. ''ഇത് എന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. അതില്‍ എന്റെ ഫിലോസഫിയും കഥാപാത്രങ്ങളുമെല്ലാമുണ്ടാകും. ഇത്രയും കാലം എന്നെ സഹായിച്ചവര്‍ക്കുള്ള എന്റെ നന്ദിപ്രകടനമാണിത്. കലാകാരന്‍ ആയതിനാല്‍ തിരിച്ചുനല്‍കാന്‍ എന്‍റെ കൈയില്‍ ഈ കലാരൂപമേയുള്ളൂ. ഇത് എന്റെ സമ്മാനമായി കാണുക'' എന്നായിരുന്നു നിങ്ങൾ തന്നെ അതിനെ പരിചയപ്പെടുത്തിയത്. കൊച്ചിയിലെ ജെ.ടി.പാക്കിന്റെ നേതൃത്വത്തിൽ നിര്‍മാണവും പ്രൊമോഷനും മാര്‍ക്കറ്റിങ്ങും നടത്തി, രതീഷ് വേഗ, കിച്ചു, അഭിഷേക്, ബ്രൂസ്, നിഖില്‍ വിനു, അങ്കിത എന്നിവർ അണിനിരക്കുന്ന "'ലാലിസ" ത്തിലെ പ്രധാന ആകർഷണം മോഹൻലാലിന്റെ നിറസാന്നിധ്യം ആയിരിക്കുമെന്നാണ് പൊതുജനം മനസ്സിലാക്കിയിരുന്നത്. ഈ ഷോയില്‍ ലാലിന്‍റെ ചിത്രങ്ങളിലെ അനവധി ഗാനങ്ങൾ ഉണ്ടാകും എന്നും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള 'ലാലിസ'വുമായി ലോകമെങ്ങും മോഹന്‍ലാലും സംഘവും സഞ്ചരിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞിരുന്നത്. ഭാവിയിൽ വമ്പന്‍ വേദികളെ ലക്ഷ്യമാക്കി സംവിധാനം ചെയ്ത "ലാലിസം", ദേശീയ ഗെയിംസ് ഉദ്‌ഘാടന പരിപാടിയില്‍ "ലാലിസം - ഇന്ത്യ സിങ്ങിങ്ങ്" എന്ന പേരിൽ അരങ്ങേറ്റം നടത്തിയത് കാണാൻ ഇടയായി. കനത്ത പ്രതിഫലം വാങ്ങി നാഷണല്‍ ഗെയിംസ് വേദിയില്‍ ലാലിസം അവതരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍ രംഗത്തു വന്നപ്പോൾ സത്യമായും വിനയനോട് തെല്ലു അമർഷവും തോന്നിയിരുന്നു. ചുമ്മാ ഒരു വിവാദം ഉണ്ടാക്കി പേരെടുക്കുന്നു എന്ന് അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തു. രണ്ടു കോടിയും അത് വാങ്ങിയതിലെ ധാർമ്മികതയും ന്യായീകരണങ്ങളും കൊടുത്തതിലെ ക്രമക്കേടും എല്ലാം ബന്ധപ്പെട്ടവർ അന്വേഷിച്ചു കണ്ടെത്തട്ടെ. എന്നാൽ, ലാൽ ആരാധകരും സംഗീതപ്രേമികളും ഏറെ കാത്തിരുന്ന പരിപാടി സ്റ്റേജിൽ വന്നതോടെ ഏവരും നിരാശയിൽ ആയി. ഒരു ശരാശരി ഗാനമേളയുടെ നിലവാരം പോലും പരിപാടിക്കില്ലായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഉദിത് നാരായണ്‍, ഹരിഹരന്‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക്, എം ജി ശ്രീകുമാര്‍, സുജാത തുടങ്ങിയവര്‍ അവതരിപ്പിച്ചെങ്കിലും, അതൊന്നും തന്നെ ഒരു പരിധിക്കപ്പുറം നിലവാരത്തിൽ എത്തിയില്ലെന്ന് സമ്മതിക്കേണ്ടി വരും. പരിപാടിയെ പറ്റി മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ ലാലിനെ പ്രകീര്‍ത്തിച്ച് വെണ്ടയ്ക്കയും മത്തങ്ങയും ഒക്കെ നിരത്തിയെങ്കിലും പതിവ് പോലെ സോഷ്യല്‍ മീഡിയ ആക്ഷേപ ഹാസ്യ ശരങ്ങളുമായി മുന്നേറുകയാണ്. അതൊന്നും സഹിയ്ക്കാൻ ഒരു ലാൽ ആരാധകനും സാധിക്കുമെന്ന് തോന്നുന്നില്ല.
ലാലിസത്തിന്‍റെ പ്രൊമൊ വീഡിയോയിൽ തന്നെ, ലാലേട്ടൻ പാടിയ പാട്ട് കേട്ടാൽ അദ്ദേഹത്തിന്‍റെ ആലാപനത്തിന് കാര്യമായ നിലവാരം ഇല്ല എന്ന് മനസ്സിലാക്കാം. ഇനി നമുക്ക് ഷഡ്ജവും സംഗതിയും ഒന്നും അറിയാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ. ഗെയിംസ് വേദിയിലെ ചില പാട്ടുകൾ കാണുമ്പോൾ (കേൾക്കുമ്പോൾ അല്ല) അത് നേരത്തെ റെക്കൊര്‍ഡ് ചെയ്തിട്ട് വേദിയിൽ പാടുന്നത് പോലെ അഭിനയിക്കുകയാണോ എന്ന് തോന്നുമായിരുന്നു. പലപ്പോഴും, ദാസേട്ടന്റെ പാട്ടിനു സിനിമയിൽ ലിപ്പ് കൊടുത്തപ്പോൾ ഉണ്ടായ പെർഫെക്ഷൻ പോലും സ്റ്റേജിൽ വച്ചു് നിങ്ങളുടെ സ്വന്തം പാട്ടിനു ലിപ്പ് കൊടുത്തപ്പോൾ ഇല്ലാതെ പോയല്ലോ ലാലേട്ടാ... ഒരിക്കൽ പോലും, സിനിമയിൽ അങ്ങ് പാടിയ ഗാനം ജനം പിന്നീട്, മൂളി നടന്നത് അങ്ങിലെ ഗായകനെ ആരാധിച്ചു കൊണ്ടായിരിക്കില്ല; മറിച്ച്, നിങ്ങളിലെ അഭിനയ പ്രതിഭയോടുള്ള കറ തീർന്ന ആരാധന ഒന്ന് കൊണ്ട് മാത്രമായിരിക്കും. പൊതു വേദികളിൽ, ആർത്തലയ്ക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താനും ത്രസിപ്പിക്കാനും വേണ്ടി ഒന്നോ രണ്ടോ പാട്ടുകൾ അങ്ങ് തന്നെ പാടുന്നത് മനസ്സിലാക്കാം. പക്ഷെ, ഇത്തരം പരിപാടികളിൽ അങ്ങ് തന്നെ മുഖ്യ ഗായകൻ ആകുന്നതു അനൌചിത്യമായിട്ടാണ് തോന്നുന്നത്. ബാൻഡുകൾ എന്ന പേരിലും അല്ലാതെയും ഇവിടെ കുറെ "ഗായകർ" ജനപ്രിയ ഗാനങ്ങളെ കൊന്നു തിന്നു കൊണ്ടിരിക്കുമ്പോൾ അങ്ങ് കൂടി അതിനു തുനിയരുത്.
യേശുദാസിന് വേണ്ടി മാത്രമല്ല, ഒരു ഗായകന് വേണ്ടിയും ആയുസൊന്നും അങ്ങ് പകുത്തു കൊടുക്കണ്ട. അതൊന്നും നടപടിയുള്ള കാര്യവും അല്ല. പക്ഷെ, അവർ പാടിയ നല്ല പാട്ടുകൾ പരസ്യമായി പാടി അവരെ കൊല്ലാതിരിയ്ക്കാം. "കർണ്ണഭാരം" എന്ന സംസ്കൃത നാടകം അത്യുജ്ജ്വലമായി അഭിനയിച്ചു ഫലിപ്പിച്ച അങ്ങ് പാട്ട് പാടി ആരാധകർക്ക് "കർണ്ണ ഭാരം" ആകരുത്.
അങ്ങയുടെ അനേകം അഭിമുഖങ്ങളിൽ അങ്ങ് തന്നെ ആവർത്തിച്ചു പറയാറുള്ള ഒരു കാര്യമുണ്ട്. ഏത് കലയോടാണെങ്കിലും അതിനോട് ഒരു RESPECT ഉണ്ടാവണം എന്നാണത്. സംഗീതം എന്ന മാഹാ സാഗരത്തിന്റെ മുൻപിൽ പകച്ചു നിൽക്കുന്ന കുട്ടിയാണ് അങ്ങെന്ന് അങ്ങയുടെ കഥാപാത്രത്തിലൂടെ അങ്ങ് പതിറ്റാണ്ടുകൾക്ക് മുൻപേ പ്രസ്താവിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ, ആദ്യ പ്രകടനത്തിലെ പോരായ്മ ഒന്നും, ഒട്ടും കാര്യമാക്കേണ്ടതില്ല. ശുദ്ധ സംഗീതത്തെ പരിപോഷിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വളർത്തുന്ന വൻ പ്രസ്ഥാനമായി 'ലാലിസം' മുന്നോട്ടു തന്നെ പോകട്ടെ... എല്ലാ ഭാവുകങ്ങളും പ്രാർഥനകളും... പാട്ടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു വലിയ കലാകാരൻ എന്ന നിലയ്ക്ക് പാട്ടിനെ അതിന് വേണ്ടി ജനിച്ചവര്‍ക്കു വിട്ടുകൊടുത്ത് നല്ലൊരു ആസ്വാദകൻ ആവുക എന്നതായിരിക്കും ഏറ്റവും മഹത്തരം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് പോലെ തന്നെ മഹത്തരമാണ് സ്വരം നന്നല്ല എന്ന് തിരിച്ചറിഞ്ഞ് പാടാതിരിക്കുക എന്നതും.
ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആയതു കൊണ്ടാണ് ഈ പോസ്റ്റ് എന്ന് കരുതുന്നവർക്ക് താഴെയുള്ള ലിങ്ക് വായിച്ച് നിർവൃതി അടയാം...
"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....
ലാലിസത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ബ്ലോഗ്....=>> ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Tuesday, 27 January 2015
കഷ്ടം തന്നെ മൊതലാളീ...കഷ്ടം തന്നെ....മാണി സാറിനീ ഗതി വന്നല്ലോ.......
മദ്യം കലഹക്കാരനും മനസമാധാനം കളയുന്നതും ആയ സാധനമാണെന്ന് ക്രിസ്ത്യാനിയുടെ സത്യവേദ പുസ്തകത്തിൽ പല ആവർത്തി എഴുതി വച്ചിട്ടുണ്ട്. പള്ളി പ്രസംഗങ്ങളിലും ധ്യാന പ്രസംഗങ്ങളിലും ഒക്കെ അത് പല വട്ടം കേട്ടിട്ടുണ്ടെങ്കിലും, അത് സത്യമാണെന്ന് പാലായിലെ മാണിക്യമായ മാണി സാറിനു വ്യക്തമായത് ഇപ്പോഴായിരിക്കണം.
(കരിക്കേച്ചറിനു കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ് സമകാലിക മലയാളം വാരിക)
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Sunday, 11 January 2015
വി എസിനും പിണറായിക്കും അപ്പുറം എന്നെ ഇടതു വശം ചേർത്തു നടത്തുന്നത് എന്താണ് ???
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
Saturday, 10 January 2015
യേശുദാസിനെ വലിച്ചു കീറിയ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ഇപ്പോൾ എവിടെപ്പോയി ???
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Friday, 9 January 2015
"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....
"അതിഥി ദേവോ ഭവ" എന്ന ആർഷ ഭാരത അനുശാസനത്തിനു ആനുപാതികമായ മറുപുറം കൂടി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായത് അതിഥിയെ ആതിഥേയൻ ദൈവമായി കാണുമ്പോൾ, അനാവശ്യമായി ആതിഥേയനെ അതിഥിയും നിന്ദിക്കരുത്. അതാണ് സാമാന്യ മര്യാദ. ഇനി സംഭവത്തിലേക്ക്....
Sunday, 4 January 2015
ഫോർട്ട് കൊച്ചി ബീച്ചിലെ കൽത്തൂണിന്റെ കഥ
കൊച്ചി രാജ്യത്തിലെ രാജാവായിരുന്ന ഉണ്ണി ഗോദ വർമ്മ തിരുമുൽപ്പാട് (ത്രിമമ്പറ രാജാവ്) പോർച്ചുഗീസ് പര്യവേഷകരെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇത് കോഴിക്കോട് സാമൂതിരിയെ കുപിതനാക്കുകയും, അദ്ദേഹം കൊച്ചി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിൽ വരെ എത്തിച്ചേർന്നു. എന്നാൽ കൊച്ചിയിലെത്തിയ കമാൻഡർ ഡോം അഫോൺസോ ഡി അൽബുക്കർക്കിയുടെ കീഴിലുള്ള പോർച്ചുഗീസ് സൈന്യം, കൊച്ചി രാജാവിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി. ഇതിനു പകരമായി കൊച്ചിയിൽ ഒരു കോട്ട പണിയാൻ അദ്ദേഹം അവർക്ക് അനുമതി നൽകി.അത് വരെ ഇന്നത്തെ കേരളത്തിന്റെ വിദേശ വ്യാപാര പങ്കാളികലായിരുന്ന പേർഷ്യ(അറബി)ക്കാരുടെ സ്ഥാനത്തേക്ക് പോർട്ടുഗീസുകാർ പതിയെ പ്രതിഷ്ഠിക്കപ്പെട്ടു.
1505-ൽ കൊച്ചിയിലെത്തിയ പോർത്തുഗീസുകാർ മിഷനറിമാർ കൊച്ചി രൂപതയുടെ ആദ്യ കത്തീഡ്രൽ ദേവാലയം ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചു. ഇന്നത്തെ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പഴയ സാൻ്റാക്രൂസ് ദേവാലയം (കോട്ട പള്ളി) എന്നാണ് പറയപ്പെടുന്നത്. കൊച്ചി തുറമുഖത്തെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി കൂടിയായിരുന്നു പഴയ സാൻ്റാ ക്രൂസ് ദേവാലയം.
പിന്നീട്, 1663-ൽ ഡച്ചുകാർ (ലന്തക്കാർ) കൊച്ചിയെ ആക്രമിക്കുകയും കൊച്ചി പിടിച്ചെടുക്കുകയും ചെയ്തു. പോർത്തുഗീസുകാർ ഇവിടെ ഉണ്ടാക്കിയ മനോഹരമായ നിർമ്മിതികൾ മിക്കവയും ഡച്ചുകാർ നശിപ്പിച്ചു കളഞ്ഞു. സാൻ്റാ ക്രൂസ് ദേവാലയം മാത്രം അവർ തകർത്തില്ല. കൊച്ചി തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന തരത്തിലുള്ള ഗംഭീര നിർമ്മാണമായിരുന്നത്രെ കോട്ട പള്ളിയുടേത്. പള്ളിക്കെട്ടിടത്തെ അവർ അവരുടെ ആയുധങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ സൂക്ഷിക്കുന്ന പാണ്ടികശാല (Warehouse) ആക്കി മാറ്റി. ഡച്ചുകാർക്ക് വേണ്ടി വേറെ ലന്തപ്പള്ളി ഉണ്ടായിരുന്നു. പള്ളിയുടെ മനോഹരമായ ഉയർന്ന ഗോപുരം (താഴികക്കുടം) രൂപമാറ്റം വരുത്തി ഡച്ചുകാർ അവരുടെ കൊടിമരമായി ഉപയോഗിച്ചു. ഡച്ചുകാർ ദേവാലയ കെട്ടിടത്തെ (Den Hemel) സ്വർഗ്ഗം എന്നാണ് വിളിച്ചിരുന്നതത്രെ.
പിന്നീട്, 1795-ൽ ഡച്ചുകാരുടെ ആധിപത്യത്തിന് അറുതി വരുത്തി ബ്രിട്ടീകാർ കൊച്ചിയിൽ ശക്തരായി. അവർ ഭാഗികമായി തകർക്കപ്പെട്ട സാൻ്റാ ക്രൂസ് ബസിലിക്കയുടെ താഴികക്കുടഗോപുരത്തിൽ നിന്നും ഡച്ച് പതാക മാറ്റി. പിന്നീടവർ പഴയ സാൻ്റാക്രൂസ് ദേവാലയ കെട്ടിടം തകർത്ത് കളഞ്ഞു. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തീരം ശക്തിപെടുത്താൻ ഉപയോഗിച്ച്. ദേവാലയത്തിൻ്റെ താഴിക കുട ഗോപുരം മാത്രം അവശേഷിച്ചു. ബ്രിട്ടീഷുകാരും ഈ ഗോപുരം അവരുടെ കൊടിമരമായി ഉപയോഗിച്ചു പൊന്നു. കാലക്രമത്തിൽ അതും ഓർമ്മയായി മാറി.
ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, മിഷനറിയും കൊച്ചിൻ ബിഷപ്പുമായ ബിഷപ്പ് ജോവോ ഗോമസ് ഫെറേറ (1887-1897) കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ മുൻകൈയെടുക്കുകയും അതിന്റെ നിർമ്മാണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാത്തേവൂസ് ഡി ഒലിവേര സേവ്യറിന്റെ കാലത്തായിരുന്നു ഗോഥിക് വാസ്തുവിദ്യ അവലംബിച്ചുള്ള ഈ മനോഹര നിർമ്മിതി പൂർത്തിയായത്.
ഈ ദേവാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന കാലയളവിലാണ്, ചില നിയമ നൂലാമാലകളിൽ പെട്ട് "ചന്ദ്രഭാനു" എന്ന പേരുള്ളൊരു കൂറ്റൻ മരക്കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്. അക്കാലത്ത്, തദ്ദേശീയമായ കപ്പൽ നിർമ്മാണം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവിക മേഖലയിൽ ബ്രിട്ടീഷുകാർ പല നിയമ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. അതിൻ പ്രകാരം, "ചന്ദ്രഭാനു" നീറ്റിലിറക്കിയപ്പോൾ തന്നെ, അത് കടലിൽ സഞ്ചരിക്കുന്നതിനു ബ്രിട്ടീഷുകാർ നിയന്ത്രണങ്ങൾ ചുമത്തി. ഒടുക്കം, നിയമ തടസങ്ങളിൽ പെട്ട് "ചന്ദ്രഭാനു", 'ക്വാറന്റൈൻ' ചെയ്യപ്പെട്ട്, തീരത്ത് നങ്കൂരമിട്ട് കിടക്കേണ്ടി വന്നു. ആ സമയം, കപ്പലിൽ ടൺ കണക്കിന് വെളിച്ചെണ്ണ, കൊപ്ര, പരവതാനി, കയറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഓല, വയ്ക്കോൽ മുതലായവ കൊണ്ട് കപ്പലിന് താൽക്കാലിക മേൽക്കൂര പിടിപ്പിച്ചിരുന്നു. കോടതി നിയോഗിച്ച ഒരു കാവൽക്കാരനും കപ്പലിന് ഉണ്ടായിരുന്നു.
കൊച്ചി കൽവത്തി പ്രദേശത്ത് പ്രശസ്ത വാണിജ്യ കമ്പനിയായ Volkart Bros.-നു സമീപത്താണ് "ചന്ദ്രഭാനു" കോടതിയുടെ കനിവ് കാത്ത് കിടന്നിരുന്നത്. കൊച്ചിയിലെ പ്രധാന വാണിജ്യ കമ്പനികളെല്ലാം കടലിന് അഭിമുഖമായിട്ടാണ് കൊച്ചി തീരത്ത് സ്ഥാപിക്കപ്പെട്ടിരുന്നത്. Aspinwall, Pierce Leslie തുടങ്ങി എണ്ണമറ്റ വമ്പൻ കമ്പനികൾ അവിടെ ഉണ്ടായിരുന്നു. ഇന്നേക്ക് ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 1889 January 4-ന്, വോൾകാർട്ട് ബ്രദേഴ്സിലെ ചില ജോലിക്കാർ "ചന്ദ്രഭാനു"വിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. അപകടം മണത്ത വോൾകാർട്ട് ഉദ്യോഗസ്ഥർ, കപ്പൽ തീരത്തോട് ബന്ധിച്ചിരുന്ന വടം മുറിക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകി. വടം മുറിച്ചെങ്കിലും കപ്പൽ അകന്നു പോകുന്നതിന് പകരം തീരത്തേക്ക് അടുക്കുകയാണ് ചെയ്തത്. തേക്ക് കൊണ്ട് നിർമ്മിച്ച് എണ്ണയും കീലുമടിച്ച കപ്പൽ നിമിഷങ്ങൾ കൊണ്ടൊരു വലിയ തീ ഗോളം പോലെയായി. കത്തിക്കാളുന്ന സൂര്യന്റെ ചൂടും സ്ഥിതി കൂടുതൽ വഷളാക്കി. വോൾകാർട്ട് ബ്രദേഴ്സ് തുടങ്ങി ആ പ്രദേശത്തുണ്ടായിരുന്ന നൂറു കണക്കിന് വാണിജ്യ സ്ഥാപനങ്ങളെയും വീടുകളെയും അഗ്നി വിഴുങ്ങി. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും, വോൾകാർട്ട് കെട്ടിടത്തിന്റെ ഏതാണ്ട് പുറകിൽ നിന്നിരുന്ന കൽവത്തി മസ്ജിദ് തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടു എന്നത് അതിശയകരമായ ഒരു കാര്യമായിരുന്നു. The Great Fire of Cochin (1889) എന്നാണ് ഈ തീപിടുത്തം ചരിത്രത്തിൽ അറിയപ്പെടുന്നത്.
ബ്രിട്ടീഷ് കൊച്ചിയെ ഗുരുതരമായി നശിപ്പിച്ച ആ തീപിടുത്തത്തിൻ്റെ ഓർമ്മക്കായി അന്നത്തെ പോർട്ട് ഓഫീസർ J E വിൻക്ലർ ആണ്, പഴയ സാന്റാ ക്രൂസ് (കോട്ടപ്പള്ളി) ദേവാലയത്തിൻ്റെ ഒരു തൂണ്, 1890-ൽ കടലിനഭിമുഖമായി സ്ഥാപിച്ചത്. യഥാർത്ഥത്തിൽ ഈ സ്മാരകം അന്നത്തെ വിക്ടോറിയ ജെട്ടിയുടെ ലാൻഡിംഗ് ഏരിയയിൽ ആയിരുന്നു സ്ഥാപിച്ചത്. ഒരിക്കൽ കഴ്‌സൺ പ്രഭു ബ്രിട്ടീഷ് കൊച്ചി സന്ദർശനം നടത്തിയപ്പോൾ അത് അവിടെ ഒരു തടസ്സമായി അനുഭവപ്പെട്ടു. അങ്ങനെ അത് പൈലറ്റ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലേക്കും പിന്നീട് ബീച്ച് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ സ്ഥലത്തേക്കും മാറ്റുകയും ചെയ്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും രാജ്യാതിർത്തി കടന്നുള്ള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും നീതി നിരാസങ്ങളുടെയും ചാരത്തിൽ നിന്ന് പോലും ഉയർത്തെഴുന്നേൽക്കാൻ നമുക്കുള്ള ശേഷിയുടെയും ഒക്കെ മൂക സാക്ഷിയായിട്ടുള്ള ഇത്തരമൊരു സ്മാരകത്തിന് നമ്മൾ കൊടുക്കുന്നത് അവഗണന മാത്രമാണെന്നത് ഒരു പൈതൃക സ്‌നേഹി എന്ന നിലയിൽ ചെറിയ സങ്കടമല്ല ഉണ്ടാക്കുന്നത്.
(ഇത് പോലെ മറ്റൊരു തൂണ്, നൂറ്റാണ്ടുകളുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട്, ഇപ്പോഴുള്ള സാന്റാ ക്രൂസ് ബസിലിക്കയുടെ പരിസരത്ത് ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്; അത് പള്ളി അധികൃതർ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്)

