ഞാൻ വെറും പോഴൻ

Thursday, 19 May 2016

സൊമാലിയക്കാർ തക്കം പാർത്തിരിക്കുകയായിരുന്നു....


വന്‍ ഇടത് തരംഗം...ബി ജെ പി അക്കൗണ്ട്‌ തുറന്നു


ഇടത് തരംഗത്തില്‍ ഉമ്മൻ ചാണ്ടി പുറത്തേക്ക് 



ഇടത് കാറ്റിൽ ആടിയുലഞ്ഞ് യു ഡി എഫ് 



കേരളം ചുവന്നു...താമര വിരിഞ്ഞു.... 



എൽ ഡി എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം...


സങ്കൽപ്പിച്ച് നോക്കിയാൽ നാളെ മാധ്യമങ്ങളില്‍ കാണാനിടയുള്ള ചില തലവാചകങ്ങള്‍ ആണ് മുകളില്‍. എന്തായാലും ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം എൽ ഡി എഫിന് അനുകൂലമായി വന്നിരിക്കുന്നു. 

ജനങ്ങളുടെ ഈ വിധിയെഴുത്തിനെ ഇടത് തരംഗം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു ലളിതവൽക്കരണം ആയിപ്പോകും. അത് വഴി ഭരണത്തിലെ പാളിച്ചകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യം  ജനത്തിന് നല്കുന്ന അവകാശത്തെ, വോട്ട് അധികാരത്തെ താഴ്ത്തി കാണിക്കുകയാവും ചെയ്യുക. 

സത്യത്തില്‍ എന്തായിരുന്നു കഴിഞ്ഞ അഞ്ച് വർഷം ഇവിടത്തെ ഒരു രാഷ്ട്രീയ പരിതസ്ഥിതി!!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നിന്നിരുന്ന ഒരു സംവിധാനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ഇവിടത്തെ ഭരണം. ഇവിടെ മന്ത്രിമാരും എം എൽ ഏ മാരും ജന്മികളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയദല്ലാളന്മാര്‍ മിച്ചവാരക്കാരും അവരുടെ ലോക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആയിരുന്നു എന്ന്  വേണമെങ്കില്‍ നിരീക്ഷിക്കാം.  

2011-ൽ ഇടതുപക്ഷത്തെ പുറത്താക്കി ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട ഭരണകൂടത്തെ പറ്റി പരാതികൾ ഇല്ലാത്തവർ കുറവായിരുന്നു. അഴിമതിക്കഥകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. വ്യവസായ സംരഭക എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ അതിരില്ലാത്ത സ്വാധീനം ചെലുത്തിയ ഒരു സ്ത്രീയുടെ ചീഞ്ഞു നാറുന്ന ആരോപണങ്ങൾ കേൾക്കാത്ത ഒരു ദിവസവും കേരള രാഷ്ട്രീയത്തിൽ ഉണ്ടായില്ലെന്ന് പറയാം. മന്ത്രിമാരെപ്പറ്റിയും എം എൽ ഏ മാരെപ്പറ്റിയും അവരുടെയെല്ലാം പേഴ്സണൽ സ്റ്റാഫിനെപ്പറ്റിയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. മദ്യനയവും ബജറ്റ് കച്ചവടവും ഭൂമിദാനവും എന്ന് വേണ്ട ചെയ്യാവുന്ന എല്ലാ രംഗങ്ങളിലും പരമാവധി അഴിമതികൾ ചെയ്ത് കൂട്ടി ജനത്തെ വെറുപ്പിച്ചു. നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജനപക്ഷപാതം, തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും പെണ്ണ് പിടി അടക്കമുള്ള ജീർണ്ണതകളിലും   മുഴുകി ജീവിച്ചു.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പോലും ദിനം പ്രതി വിവാദ തീരുമാനങ്ങൾ എടുക്കുകയും പിന്നീട് അവ ഉപേക്ഷിക്കേണ്ടി  വരികയും ചെയ്തു. 

ഇതിനെയെല്ലാം മൂടി വയ്ക്കാനായി ശതകോടി സഹസ്ര കോടി പദ്ധതികൾ വികസനമെന്ന പേരിൽ അവതരിപ്പിച്ചപ്പോൾ വിലക്കയറ്റമോ സാധാരണക്കാരെയും പാവപ്പെട്ടവരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിച്ചു നിന്നപ്പോൾ അടിസ്ഥാന വിഭാഗങ്ങളിൽ ഉണ്ടായ അസ്വസ്ഥത മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ അനുചരവൃന്ദവും കണ്ടില്ലെന്നു നടിച്ചു. ജനങ്ങളുടെ നെഞ്ചില്‍ കയറിയുള്ള പൊറാട്ട് നാടകം കളി കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം എങ്ങനെ ഇവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പൊതു തിരഞ്ഞെടുപ്പ് എന്ന ആയുധം അവരുടെ കയ്യില്‍ കിട്ടുന്നത്. 

ഉമ്മൻ ചാണ്ടിയും കൂട്ടരും എതിരാളികള്‍  ഒട്ടും ശക്തരല്ലെന്ന് ധരിച്ചു വശായിപ്പോയി. ഇടതുപക്ഷത്തെ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങളും പാർട്ടികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും തങ്ങൾക്കനുകൂലമാക്കാമെന്ന് വ്യാമോഹിച്ചു. അത്തരം പ്രശ്നങ്ങളെ ആളിക്കത്തിക്കാൻ ആവത്‌ ശ്രമിച്ചു. ബി ജെ പി യുടെയും പുതിയ പാർട്ടിയായ ബി ഡി ജെ എസിന്റെയും സാന്നിധ്യം ഇടതുപക്ഷത്തെ ശോഷിപ്പിച്ചോളും എന്ന  വ്യർത്ഥചിന്തയും ഉമ്മൻ ചാണ്ടിയെ നയിച്ചു. അത്തരം വർഗീയ ചേരിയെ വളരെ മൃദുവായി പിന്താങ്ങുന്ന നയം അരുവിക്കരയിൽ പരീക്ഷിച്ച് അദ്ദേഹം വിജയം കാണുകയും ചെയ്തു. മാത്രവുമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം നല്കിയ മുന്നറിയിപ്പിനെ അവഗണിക്കുകയും ചെയ്തു.ഒരു രക്ഷാ പ്രവർത്തനം എന്ന നിലയിൽ കുറ്റാരോപിതർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നില്ക്കാനുള്ള സുധീരന്റെ നിർദേശം ഉമ്മൻ ചാണ്ടി നിർദ്ദാഷിണ്യം അട്ടിമറിച്ചു.  ജനസമ്പർക്കം എന്ന പേരിൽ, ഗതികെട്ടവനും ഊതിക്കുടിക്കാനില്ലാത്തവനും നക്കാപ്പിച്ച കൊടുത്ത് ആളുകളുടെ കയ്യിൽ പൊടിയിടാമെന്ന് ധരിച്ചു. അതും ചീറ്റി.  ഭരണം അവസാനിക്കാൻ നേരം, നാട്ടുകാരെ പറ്റിക്കാൻ വേണ്ടി, പണി പോലും തുടങ്ങാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടന്നു. അതും ജനം തിരിച്ചറിഞ്ഞു. ഒടുക്കം, ഇടതു പക്ഷത്തെ വികസന വിരുദ്ധരായി ചിത്രീകരിച്ചു കൊണ്ട് വർഗീയ ചേരിയെ തലോടി നിർത്തുന്ന കുതന്ത്രം വ്യാപകമായി പ്രയോഗിച്ചു. ഉമ്മൻചാണ്ടീ, നിങ്ങൾ ഒരു കാര്യം ഓർക്കണമായിരുന്നു. ബുദ്ധി നിങ്ങൾക്ക് മാത്രമല്ല ഉള്ളത്. ജനങ്ങളും വായിലൂടെ ആണ് ഭക്ഷിക്കുന്നത്. കുറച്ച് ബുദ്ധി ഞങ്ങൾക്കും ഉണ്ട്. ബുദ്ധിമാന്മാരായ ജനങ്ങള്‍ ഇത്തരം ചെപ്പടിവിദ്യകൾ കൃത്യതയോടെ തിരിച്ചറിഞ്ഞു. ഒരു പക്ഷെ, വികസന വിരുദ്ധതയെക്കാളും വര്‍ഗ്ഗീയതയെക്കാളും കൊടിയ വിഷവിപത്തായി അഴിമതിയെയും ജനവിരുദ്ധതയെയും കണ്ടു. ജനഹിതം മാനിക്കാതെ നെറി കെട്ട ഭരണം നടത്തിയതിലുള്ള ജനങ്ങളുടെ അമര്‍ഷം അണ പൊട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ മുന്‍പെങ്ങുമില്ലാത്ത വിധം നിയമസഭയിലെ ഒരു ചെറിയ കക്ഷിയായിപ്പോയി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു പോന്നാല്‍ പിന്നെ അഞ്ചു വർഷം അവരുടെ തലയിൽ കയറിയിരുന്നു കാഷ്ടിക്കാം എന്നും എന്ത് വൃത്തികേടിനെയും വികസനം എന്ന ഒറ്റമൂലി കൊണ്ട് മറി കടക്കാം എന്നും ധരിച്ച വങ്കത്തരത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോൽവി. 

ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ സ്ഥിതി വിശേഷത്തെ ഇടതുപക്ഷം അർഹിച്ചിരുന്ന ഒരു വിജയം എന്നതിനേക്കാള്‍ ഉമ്മൻചാണ്ടിയും സംഘവും  ഇരന്നു വാങ്ങിയ കനത്ത തോല്‍വി എന്നാണു വിശേഷിപ്പിക്കപ്പെടേണ്ടത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇടതു പക്ഷത്തിന്റെ മേന്മ കണ്ടു ഭ്രമിച്ചു പോയ വോട്ടര്‍ സമ്മാനിച്ചത്‌ എന്നതിനപ്പുറം ഉമ്മൻ ചാണ്ടി ഭരണത്തോടുള്ള ശക്തമായ വിയോജിപ്പാണ്. ഈ കൊള്ളക്കാർക്കിടയിലും, താരതമ്യേന നല്ല പ്രവർത്തനം കാഴ്ച്ച വച്ചവരെ ജനം അംഗീകരിച്ച കാഴ്ചയും നമുക്ക് കാണാം. ഷാഫി പറമ്പിൽ, ബൽറാം, എൽദോസ് കുന്നപ്പിള്ളി, ശബരിനാഥൻ ഒക്കെ അക്കൂട്ടത്തിൽ പെട്ടവരാണ്. കള്ളന് കഞ്ഞി വയ്ക്കുന്നവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും വക്താക്കൾ ആയി ചാനലുകൾ കയറിയിറങ്ങുന്ന മാന്യന്മാരെ എല്ലാം മുഖമടച്ച് അടി കൊടുത്ത് പുറത്തിരുത്തിയ കാഴ്ചയും കണ്ടു കഴിഞ്ഞു. ഇതിലെല്ലാം ഉപരി വലിയൊരു യുവ നിറയെ ആണ് കക്ഷി ഭേദമില്ലാതെ ജനങ്ങൾ പ്രതിനിധികളായി തിരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. പിന്നെ, സംസ്ഥാനത്തെ പൊതുവികാരം എന്ത് തന്നെയായാലും വേണ്ടില്ല ഞങ്ങൾക്ക് ഒരു രാഷ്ട്രീയമേ ഒള്ളൂ എന്ന് പ്രഖ്യാപിച്ചു ഒരേ ആള്ക്കാരെ സ്ഥിരമായി ജയിപ്പിക്കുന്ന പ്രദേശക്കാരെപ്പറ്റി  നോ കമന്റ്സ്...ഒരു പരിധി വരെ അവർ തന്നെയാണ് ഇത്തരം കൊള്ളക്കാരെ ഉൽപ്പാദിപ്പിക്കുന്നത്. 

സ്വന്തം ജയത്തില്‍ അഹങ്കാരം കൊള്ളാതെ പുറത്തായവരുടെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍കൊണ്ടു ജനപക്ഷത്തുനിന്ന് ഭരിക്കാന്‍ വിജയിച്ചവര്‍ക്ക് കഴിയട്ടെ....മതനിരപേക്ഷതയിലും ക്ഷേമസങ്കല്പ്പങ്ങളിലും അധിഷ്ടിതമായ ഉറച്ച ഒരു ഭരണം ഇവിടെ സംജാതമാവട്ടെ. ഇടതുപക്ഷത്തിനും അത് നയിക്കുന്ന സർക്കാരിനും  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

താത്വികമായ ഒരു അവലോകനം : മദ്യപാനികളും ബാർ മുതലാളിമാരും തമ്മിൽ പ്രകൃത്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. സൊമാലിയക്കാരും തക്കം പാർത്തിരിക്കുകയായിരുന്നു. കോടതിയും സരിതയും ഉത്ഘാടന നാടകങ്ങളും മറ്റു പല ഘടകങ്ങളും....റാഡിക്കലായുള്ള ഒരു മാറ്റമല്ല...അങ്ങിനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/groups/224083751113646/

Saturday, 30 April 2016

രണ്ട് കുതിരച്ചന്തികളുടെ വീതിയും തീവണ്ടിയും തമ്മിലെന്ത് ബന്ധം....!!!!????


കുറച്ചു നാളുകൾക്ക് മുൻപ് ട്രെയിന്‍ സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് റെയില്‍വെ 2000 പുതിയ തീവണ്ടികള്‍ക്ക് കരാര്‍ നല്‍കി. കരാര്‍ പ്രകാരം എത്തിയ പുതിയ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് ട്രെയിന്റെ വീതി അല്‍പം കൂടുതലാണെന്ന് മനസ്സിലായത്; ഓടിച്ചാല്‍ പ് ളാറ്റ്‌ഫോമുകളില്‍ ഉരയുമെന്ന സ്ഥിതി. അളവ് കൊടുത്തതില്‍ വന്ന പിശക് കുരുക്കായി എന്ന് പറഞ്ഞാല്‍ മതി. ഒടുവിൽ ഏകദേശം 50 ദശലക്ഷം പൌണ്ട് ചിലവാക്കി, 1300 പ്ലാറ്റ്ഫോമുകളോളം പുതിയ ട്രെയിനിന്റെ വീതിക്കനുസരിച്ച് പുതുക്കി പണിയുകയാണ് റെയിൽവേ അധികൃതർ. (വാര്‍ത്ത‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ==>> http://www.mathrubhumi.com/story.php?id=456238 ). 

ഒരു നിർമ്മിതിയുടെ അളവ് നിശ്ചയിക്കുമ്പോള്‍ അതിനു മറ്റു പലതിന്റെയും അളവുമായി ഒരു പാരസ്പര്യം തീർച്ചയായും ഉണ്ടാവില്ലേ?  എന്തായാലും ഒരു തീവണ്ടി ഡിസൈൻ ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും അതിന്റെ വീതിയും പാളങ്ങളുടെ അളവും കടന്നു പോവുന്ന ടണലുകളുടെ അളവും തമ്മിലുള്ള പാരസ്പര്യം കണിശമായും നോക്കേണ്ടതല്ലേ. അളവുകള്‍ തമ്മിലുള്ള പാരസ്പര്യം പറയുമ്പോള്‍ നെറ്റില്‍ പ്രചാരത്തിലുള്ള ഒരു കെട്ടു കഥ വായിച്ചത് ഓര്‍മ്മ വന്നു. എന്റെ പഴയ ഒരു പോസ്റ്റില്‍ സാന്ദര്‍ഭികമായി ഈ കഥ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആവര്‍ത്തനത്തിന് മുന്‍കൂര്‍ മാപ്പ്. 

ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്. ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു.


അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.


വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ? കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള അകലം അതായിരുന്നു.


എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.


എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 


ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

എന്തായാലും ഫ്രാന്‍സില്‍ പറ്റിയ അബദ്ധവും കുതിരച്ചന്തികളും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ വേണം കരുതാന്‍....പക്ഷെ അതിശയകരമായ സത്യം മറ്റൊന്നാണ്...ഫ്രാന്‍സ് പോലെയുള്ള ഒരു അതി വികസിത രാജ്യത്ത്‌ ഇത്തരം ഒരു തെറ്റ് എങ്ങനെ പറ്റി...ആ...അവര്‍ അന്വേഷിച്ചു കണ്ടു പിടിക്കട്ടെ അല്ലെ... 

(താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മുകളിലെ കഥയുടെ ഒറിജിനല്‍ ഇംഗ്ലീഷ് രൂപം വായിക്കാം http://www.astrodigital.org/space/stshorse.html )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


Monday, 11 April 2016

പടക്കങ്ങൾ ഒരു വീക്ക്നസ്സ് ആയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.....

ഓഫീസിലെ  തിരക്ക് കാരണം ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ട് കുറച്ചു കാലമായി. ഇന്നലെ നടന്ന പുറ്റിങ്ങൽ ഉത്സവ വെടിക്കെട്ടിന്റെ വാർത്തകൾ കണ്ടിട്ട് എഴുതാതിരിക്കാൻ തോന്നിയില്ല. 

"അപകടത്തിൽ ഇരകളായ എല്ലാ വ്യക്തികളുടെയും അവരുടെ വേണ്ടപ്പെട്ടവരുടെയും വേദനയിലും ദുഖത്തിലും മനസാ പങ്ക് ചേരുന്നു."





ഒരിക്കൽക്കൂടി നിസ്സഹായരായ ജനക്കൂട്ടത്തിനിടയിലേക്ക് മരണവും വേദനകളും  വന്നു പതിച്ചു. വർണ്ണ വിസ്മയങ്ങളും ശബ്ദഘോഷങ്ങളും സമ്മാനിച്ച ഉത്സവപ്പറമ്പ് നിമിഷ നേരങ്ങൾ കൊണ്ട് ശവപ്പറമ്പായി. പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവഹർഷങ്ങൾ ആർത്തനാദങ്ങൾക്കും നെടുവീർപ്പുകൾക്കും വഴിമാറി. ദുരന്ത റിപ്പോർട്ട് വന്ന ശേഷം ദൃശ്യ മാധ്യമങ്ങളിൽ പലവുരു കേട്ട; കേട്ടു കൊണ്ടിരിക്കുന്ന   ഒരു വാചകമുണ്ട്; 


"ഇനിയെങ്കിലും ഇതൊക്കെ നിരോധിക്കേണ്ടതല്ലേ ? " 

വളരെ പ്രസക്തമെന്ന് തോന്നാവുന്ന ഒരു ചോദ്യം. ഇത്തരം ദുരന്തങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഉടനടി മുന്നോട്ടു വയ്ക്കപ്പെടുന്ന ചില പരിഹാരങ്ങൾ ആണ് നിരോധനം, നിയന്ത്രണം എന്നൊക്കെയുള്ളത്. അത്തരം കാര്യങ്ങൾ നമുക്ക് അവസാനം നോക്കാം. 

വെടിമരുന്ന് കേരളത്തിൽ എത്തിപ്പെട്ടതിന്റെ ഒരു ലഘു ചരിത്രം മുൻപെങ്ങോ വായിച്ച ഒരു ബ്ലോഗ്‌ പോസ്റ്റിൽ  ഉണ്ടായിരുന്നു. ആധികാരകതയെ പറ്റി ഉറപ്പില്ലാത്ത ആ വിവരണം ഏ താണ്ട് ഇപ്പ്രകാരമായിരുന്നു. ചൈനാക്കാർ ആണത്രെ ആദ്യമായി വെടി മരുന്ന് നിർമ്മിച്ചത്. വ്യാളികൾ മുതലായ ദോഷകാരികളായ മാരണങ്ങളെ ഓടിക്കാനായിരുന്നു ചൈനക്കാർ വെടി വച്ചിരുന്നത്. വിശദമായി പറഞ്ഞാൽ, മനുഷ്യന് വന്നു ഭവിക്കുന്ന അസുഖങ്ങൾ, അപകടങ്ങൾ, ധനനഷ്ടം, മാനഹാനി, ഐശ്വര്യക്കേട്‌ എന്നിവയ്ക്ക് കാരണമായി ചൈനക്കാർ കരുതുന്ന വ്യാളികൾ എന്നാ ഭീകരന്മാരെ തുരത്താനാണ് അവർ വെടിക്കെട്ട്‌ ഉപയോഗിച്ചത്. മറ്റെന്തോ കണ്ടെത്താൻ വേണ്ടി നടത്തിയ രാസപരീക്ഷണങ്ങൾക്കിടയിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിറങ്ങളോട് കൂടി വലിയ ഉയരങ്ങളിലേക്കു ചിന്നിച്ചിതറുകയും ചെയ്യുന്ന രാസവസ്തുക്കൾ  ചൈനീസ് ശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധയിൽ പെട്ടതത്രെ. പിന്നെ അത്തരം രാസവസ്തുക്കളെ ഇഷ്ടാനുസരണം ഉണ്ടാക്കിയെടുക്കാനും അതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനും പഠിച്ചതോടെ ചൈനക്കാർ വെടിമരുന്നിന്റെയും വെടിക്കെട്ടിന്റെയും ഉപജ്ഞാതാക്കൾ എന്ന നിലയിൽ  അറിയപ്പെടാൻ തുടങ്ങി. ഇത് എന്തിന് വേണ്ടി ഉപയുക്തമാക്കാം എന്ന ചിന്ത അവരെ  കാണണം. അന്നൊക്കെ വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വലിയ തമ്പോർ മുഴക്കുന്ന  പതിവുണ്ടായിരുന്നു. പിന്നീട് തമ്പോറിനു പകരം വെടി വച്ച്‌ മൃഗങ്ങളെ ഓടിക്കാൻ തുടങ്ങി. അതിനും ശേഷമായിരിക്കണം വ്യാളികൾക്കെതിരെ വെടി വയ്ക്കാൻ തുടങ്ങിയത്. എന്തായാലും ചൈനക്കാരുടെ പുതിയ കണ്ടുപിടുത്തത്തെ പറ്റി അറിഞ്ഞ ഗ്രീക്കുകാർ വെടിമരുന്ന് തേടി ചൈനയിൽ എത്തി. പക്ഷെ, വെടിമരുന്നിന്റെ ട്രാൻസ്പോർട്ടേഷൻ ഒരു വൻ പ്രശ്നമായിരുന്നു. കനത്ത ചൂടിൽ പാതിവഴിക്കിടെ തന്നെ സംഗതി പൊട്ടിത്തെറിക്കും. വെടിമരുന്നിന്റെയും അത് കൊണ്ടുവരാൻ പോയവന്റെയും കച്ചവടം പാതി വഴിയിൽ അവസാനിക്കും. ഇതൊരു തുടർക്കഥ ആയപ്പോൾ ഗ്രീക്കുകാർക്ക്‌ ബുദ്ധി തെളിഞ്ഞു. ചൈനാക്കാർക്ക് ഒരു കപ്പല്‍ കൊടുത്തിട്ട് പകരം ഒരു വെടിമരുന്നു നിർമ്മാണ വിദഗ്ധനെ ഗ്രീക്കുകാർ ചൈനയിൽ നിന്ന് സ്വന്തമാക്കി. ഗ്രീക്കുകാർ വെടിമരുന്നിനെ യുദ്ധങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടാക്കാൻ ആണ് ഉപയോഗിച്ചത്. തുടർന്ന്, വെടിമരുന്ന് പിന്നീട് ഗ്രീസിൽ നിന്നു യൂറോപ്പിലേക്കും പോർച്ചുഗലിലേക്കും യാത്രയായി. പോർ ച്ചുഗീസുകാർ  വെടിമരുന്ന് ഉപയോഗിച്ച് പീരങ്കികൾ ഉണ്ടാക്കി. അവരുടെ കപ്പലുകളിലെല്ലാം അവർ വെടിമരുന്ന് നിറച്ച പീരങ്കികൾ ഉറപ്പിച്ചു. ഡമ്മി കപ്പലുകൾ നിർമ്മിച്ച് അവയിൽ വിജയകരമായി പരീക്ഷിച്ചു. എവിടെ  എങ്ങനെ കൃത്യതയോടെ വെടി വയ്ക്കണമെന്നും പഠിച്ചു. അധിനിവേശത്തിന്റെയും പിടിച്ചടക്കലിന്റെയും  പടയോട്ടങ്ങളുടെ ചരിത്രത്തിൽ ഈ വെടിമരുന്നിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്.  പോർച്ചുഗലിൽ നിന്ന് പറങ്കികൾ വഴി അതിവേഗം വെടിമരുന്ന് ലോകമെങ്ങും വ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെടിമരുന്നിനെ ഹൈ എക്‌സ്‌പ്ലോസീവ് പട്ടികയിൽപ്പെടുത്തുകയും അത് യുദ്ധമുഖത്തു നിന്നു പിന്മാറുകയും ചെയ്തു.  പറങ്കികളിൽ നിന്ന് തന്നെയാണ് വെടിമരുന്ന് മലയാളിക്കും കിട്ടിയത് എന്നാണ് നിരീക്ഷണം. നമ്മളതിനെ ഗംഭീര വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുകയും ചെയ്തു. 

ചൈനയിൽ വെടിമരുന്ന് ഉണ്ടാക്കുന്നയാൾക്ക് സൂപ്പർ ഹീറോ പരിവേഷമായിരുന്നത്രേ. മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടായിരുന്നത്രേ അവർ വെടിമരുന്ന് പരീക്ഷിച്ചിരുന്നത്. പോർച്ചുഗീസുകാർ വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് യുദ്ധതടവുകാരെ കൊണ്ടും അറബികൾ  വെടിമരുന്നു കൈകാര്യം ചെയ്യിപ്പിച്ചിരുന്നത് ആഫ്രിക്കയിൽ നിന്നും കൊണ്ടു വന്ന അടിമകളെക്കൊണ്ടും ആയിരുന്നത്രെ. ഇതത്രയും വെടിമരുന്നിന്റെ അപകട സാധ്യത മുന്നിൽ കണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇനി ചരിത്രം അവിടെ നിൽക്കട്ടെ. വർത്തമാന കാലത്തേക്ക് വന്നാൽ, ഈ ഭൂമിയിൽ വെടിക്കെട്ട്‌ നടക്കുന്ന ഏക നാടൊന്നുമല്ല കേരളം. ജനീവയിലും റിയോ ഡി ജനീറോയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും മാൽട്ടായിലും ദുബായിലും സിംഗപ്പൂരിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക പ്രശസ്തമായ വെടിക്കെട്ടുകൾ നടക്കാറുണ്ട്. അവിടെയൊന്നും ഇവിടത്തെപ്പോലെ വ്യാപകമായ അപകടങ്ങൾ ഉണ്ടാകാറില്ല. അങ്ങനെ നോക്കുമ്പോൾ കരിമരുന്ന് പ്രയോഗം എന്നത് അതിൽത്തന്നെ അപകടം പിടിച്ചതോ പൂർണ്ണമായും നിരോധിക്കപ്പെടേണ്ടതോ അല്ല എന്ന് മനസ്സിലാക്കാം; മറിച്ച് വേണ്ടത്ര നിയന്ത്രണങ്ങളോടെയും സുരക്ഷാ മുൻ കരുതലുകളോടെയും നടത്തുക എന്നതായിരിക്കും അപകട നിവാരണത്തിന് കൂടുതൽ മെച്ചപ്പെട്ട വഴി. 

ഇപ്പോൾ നടന്നതും മുൻപ്‌ നടന്ന് മറന്നു പോയതുമായ ചെറുതും വലുതുമായ അപകടങ്ങൾ ചില ചോദ്യങ്ങൾ നമ്മുടെ സമൂഹ മനസാക്ഷിക്ക് മുൻപിൽ വയ്ക്കുന്നുണ്ട്‌.....

നമ്മുടെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അപകടങ്ങൾ ഒഴിവാക്കാൻ പര്യാപ്തമായിരുന്നോ?

ആയിരുന്നെങ്കിൽ, അവ പാലിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദികൾ ?

വെടിക്കെട്ട് തടയണമെന്ന നാട്ടുകാരുടെ പരാതിയും കളക്ടറുടെ അനുമതി നിഷേധവും അവഗണിച്ചു വെടിക്കെട്ട് നടത്തിയതിനു പിന്നിൽ ഏത് ശക്തികളാണ് പ്രവർത്തിച്ചത് ?

കരിമരുന്ന് പ്രയോഗത്തിന്റെ കരാറുകാരനും അതിലെ തൊഴിലാളികൾക്കും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഔപചാരികമായ ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുണ്ടോ ?

ഇത്തരം ഒരപകടം ഉണ്ടായാൽ ആവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ - അഗ്നി ശമന സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നോ ?

ഫയർ  എഞ്ചിൻ, ആംബുലൻസ് മുതലായ സൌകര്യങ്ങൾ ഒരുക്കിയിരുന്നോ ?

വെടിക്കെട്ടിന്റെ 840 മീറ്റർ പരിധിയിൽ ആളുകൾ  നിൽക്കാൻ പാടില്ല എന്ന നാഷണൽ കൗൺസിൽ ഓഫ് ഫയർ വർക്ക്‌സ് സേഫ്റ്റിയുടെ നിർദ്ദേശം പാലിക്കാൻ സാധിക്കുന്ന എത്ര വെടിക്കെട്ട്‌ വേദികൾ കേരളത്തിൽ കണ്ടെത്താൻ കഴിയും ?

വെടിക്കെട്ട് നടക്കുന്ന സ്ഥലവും കമ്പപ്പുരയും തമ്മിൽ  100 മീറ്ററിലധികം ദൂരം വേണമെന്ന നിയമവും രാത്രി പത്തുമണിക്ക് ശേഷം വെടിക്കെട്ടുകൾ നടത്തരുതെന്ന നിയമവും എന്ത് കൊണ്ട് പാലിക്കപ്പെടാതെ പോയി ?

അനുവദനീയമല്ലാത്ത രാസവസ്തുക്കളുടെ ഉപയോഗം, അനുവദനീയമായ പരിധിക്ക് പുറത്തുള്ള രാസവസ്തുക്കളുടെ ഉപയോഗം, പ്രതികൂലവും അപകടസാധ്യതയുമുള്ള കാറ്റും മറ്റ് അന്തരീക്ഷവ്യതിയാനം മുതലായ കാര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ എന്ത് സംവിധാനമാണ് നമുക്കുള്ളത് ?

നമ്മുടെ  സമൂഹത്തിന്റെ അടിസ്ഥാനമായ സുരക്ഷാബോധത്തിന് കാര്യമായ എന്തോ കുഴപ്പമില്ലേ ?  

അപകട സാധ്യതകൾ മുന്നിൽക്കണ്ട് നമ്മുടെ ആചാരങ്ങളിൽ പ്രായോഗികമായ ചെറിയ മാറ്റങ്ങളോ ലാളിത്യമോ വരുത്താനുള്ള അധികാരികളുടെ ശ്രമത്തെ നമ്മുടെ സമൂഹം എതിർത്ത് തോൽപ്പിക്കുകയല്ലേ പതിവ് ?

ദിനം പ്രതി വിശാലമായ പൊതു സ്ഥലങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, വളരെ പരിമിതമായ സ്ഥലത്ത് ഉഗ്ര സ്ഫോടനങ്ങൾ ഉൾപ്പെടുന്ന വെടിക്കെട്ട്‌ നടത്തണമെന്നു വാശിപിടിക്കുന്നത് ശരിയാണോ ?

ഏത് നിയമങ്ങളെയും നിയന്ത്രണങ്ങളെയും മതത്തിന്റെയും സമുദായത്തിന്റെയും പിന്തുണ കാട്ടി  മറികടക്കുന്നത് ക്രൂരമല്ലേ ?

പല വൻ ദുരന്തങ്ങളും ഉണ്ടാകുന്നത് ആവശ്യം പാലിക്കപ്പെടേണ്ട വളരെ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻ കരുതലകളുടെ ഒറ്റക്കോ കൂട്ടമായോ ഉള്ള അവഗണനകളിൽ നിന്നല്ലേ ?

ഇത്തരം ദുരന്തങ്ങൾ കഴിഞ്ഞാൽ തന്നെ, അതിന്റെ കാര്യകാരണങ്ങൾ പഠിച്ച് മേലിൽ ഒരു ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പകരം കമ്മിറ്റിക്കാരെയും കരാറുകാരനെയും പ്രതികളാക്കി തല കഴുത്തിലാക്കുന്ന ഗിമ്മിക്ക് കൊണ്ട് നമ്മൾ ഗുണപരമായ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് ?

ആചാരങ്ങൾ, അത് എത്ര പഴക്കം ഉള്ളതാണെങ്കിലും മനുഷ്യന്റെ ജീവനും ജീവിതത്തിനും ഭീഷണിയാണെങ്കിൽ ഉപേക്ഷിക്കുകയല്ലേ നല്ലത് ?

മത ചടങ്ങുകളിൽ നിയമലംഘനവും ദുരന്തങ്ങളും ഉണ്ടായാലും നിയമസംവിധാനങ്ങൾ നട്ടെല്ല് വളച്ചു വഴങ്ങിക്കൊടുക്കുന്നതിന് ഇനിയെങ്കിലും ഒരു അറുതി വരേണ്ടതല്ലേ ?

ആചാരങ്ങൾ ആർഭാടങ്ങൾക്കും ആഡംബരങ്ങൾക്കും വഴിമാറുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ മരിക്കുന്നവരും ജീവിക്കുന്നവരുമായ ഇരകളുടെ കണ്ണീരിനും ചോരക്കും അതിന്റെ നടത്തിപ്പുകാരും അവരുടെ തലമുറകളും ഉത്തരം പറയേണ്ടി വരില്ലേ ?

ചുമ്മാ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാക്കി പൊടിച്ചും കരിച്ചും പുകച്ചും കളയുന്ന ലക്ഷങ്ങൾ കൊണ്ട് എത്ര ദരിദ്രരുടെ പട്ടിണി മാറ്റാം; പണമില്ലാത്തതിന്റെ പേരിൽ പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം നടത്താം; കിടപ്പാടമില്ലാത്ത എത്രയോ പേർക്ക് ഒരു കൂര വച്ച് കൊടുക്കാം ?

ഇത്തരം ദുരന്തങ്ങൾ തികച്ചും മനുഷ്യനിർമ്മിതമല്ലേ ?

ഈ ചോദ്യങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. നിർമ്മലവും സത്യസന്ധവുമായ മനസാക്ഷിയിൽ നിന്ന്  ഉയരുന്ന ഇതുപോലുള്ള അനേകം ചോദ്യങ്ങൾക്ക് നിങ്ങളും ഞാനും നൽകുന്ന, നല്കേണ്ട ആത്മാർഥമായ മറുപടികൾക്ക് മാത്രമേ ദുരന്ത രഹിതമായ ഒരു നാളെയെ സമ്മാനിക്കാനാവൂ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 31 March 2016

ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും നിന്റെ വീട്ടിലേക്കും ഉള്ള ദൂരം കുറയുന്നതെന്ത്‌ കൊണ്ട് ?

ഡൽഹി  ബലാത്സംഗം പോലെ ദേശീയ അന്തർദേശീയ തലത്തിൽ  പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. രാത്രിയിൽ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് മൃതപ്രായയാക്കി റോഡിൽ വലിച്ചെറിഞ്ഞ സംഭവം മുൻപെങ്ങുമില്ലാത്ത വിധം പൊതുസമൂഹം ചർച്ച ചെയ്യുകയും വൻ തോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തിരി കൊളുത്തുകയും ചെയ്തു. സത്യം പറഞ്ഞാൽ, ഈ സംഭവത്തിന്റെ മൈലേജിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങൾക്കിടയിൽ വന്‍ സ്വാധീനം ഉണ്ടാക്കിയത് പോലും. ഇത്തരം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ചെകുത്താന്മാർക്കു വധശിക്ഷ തന്നെ കൊടുക്കാൻ പോന്ന അതിശക്തമായ നിയമം ഉണ്ടാക്കി ബലാൽസംഗക്കാരെ ഒക്കെ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞിട്ട് ഒന്നും നടന്നു കണ്ടില്ല. വധശിക്ഷയ്ക്ക് പകരം ബലാത്സംഗവീരന്മാരുടെ 'പീഡന ഉപകരണം' മുറിച്ചു കളയണം എന്ന അഭിപ്രായം പോലും ചാനൽ ചർച്ചകളിൽ കേട്ടിരുന്നു. മരിച്ചു പോയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ ഏതാണ്ടിതേ മട്ടിൽ പ്രതികരിച്ചിരുന്നു. എന്തായാലും, ഈ സംഭവത്തോടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി "നിർഭയ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡൽഹി പെണ്‍കുട്ടി. 

ഡൽഹി സംഭവത്തോടെ ഇന്ത്യയിൽ ബലാത്സംഗം എന്ന ക്രൈമിനു വംശനാശം സംഭവിച്ചു പോകും എന്ന് പേടിച്ചവർക്ക് തുടർന്ന് വന്ന വാർത്തകൾ വലിയ ആശ്വാസമായി. ക്രൂരവും വ്യത്യസ്തവുമായ ബലാത്സംഗങ്ങൾ രാജ്യമൊട്ടാകെ നടന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കി ഉത്തർപ്രദേശ്‌ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. രാജ്യത്തെ സ്ത്രീ സുരക്ഷ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളരെയേറെ അപകടത്തിലാണെന്ന ചുവരെഴുത്താണ് വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നു. വേട്ടക്കാരുടെ പട്ടികയിൽ രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ, സന്യാസിമാർ, പുരോഹിതർ, പട്ടാളക്കാർ, പോലീസുകാർ, അധ്യാപകർ, പ്രായപൂർത്തി തികയാത്ത പയ്യന്മാർ മുതൽ തെരുവ് തെണ്ടികൾ വരെ ഉണ്ടായിരുന്നു. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, സഹോദരൻ, മകൻ തുടങ്ങി ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക സുരക്ഷയിൽ ഊന്നിയ പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്.  ഈ സംഭവങ്ങള്‍ ഇവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. വൈകുന്ന വിചാരണകളും നിയമത്തിന്റെ പഴുതുകളും ആധുനികവല്ക്കരിക്കപ്പെടുന്ന ജയിൽ സൌകര്യങ്ങളും ഒക്കെ നല്കുന്ന സുഖജീവിതം ആസ്വദിച്ചു തിന്നു കൊഴുക്കുന്ന ഈ കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും നോക്കി പരസ്യമായി പല്ലിളിച്ചു കാണിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഇപ്പോൾ, വികസനത്തിന്റെയും കരുതലിന്റെയും സ്വന്തം  നാടെന്ന് മേനി നടിക്കുന്ന കേരളത്തിൽ ഡൽഹി സംഭവത്തെ കവച്ച് വയ്ക്കുന്ന ക്രൂര ബലാത്സംഗവും കൊലപാതകവും അരങ്ങേറിയിരിക്കുന്നു. നിർഭയ ചീന്തിയെറിയപ്പെട്ടത്‌ രാത്രിയിൽ തെരുവിൽ വച്ചാണെങ്കിൽ ഇവിടെ ഒരു അരപ്പട്ടിണിക്കാരി മാനം നഷ്ടപ്പെട്ട് മരിച്ചത് സ്വന്തം വീട്ടിൽ വച്ച് പട്ടാപ്പകൽ ആണെന്നോർക്കണം. ഈ പൈശാചിക കൃത്യം പുറം ലോകമറിഞ്ഞത് തന്നെ നാലഞ്ച് ദിവസങ്ങൾക്ക് ശേഷമാണെന്ന വസ്തുത എത്ര ഭീകരമാണ്. പോലീസും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും എല്ലാം വളരെ അവധാനതയോടെയാണീ സംഭവത്തെ കണ്ടതെന്ന യാഥാർത്ഥ്യം ഭീതിജനകമാണ്. ഈ വാര്‍ത്ത കേട്ട ഞെട്ടിത്തരിപ്പ് മാറുന്നതിനു മുന്‍പേയാണ് വര്‍ക്കലയില്‍ നിന്നും നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പീഡിപ്പക്കപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.

എന്തുകൊണ്ടായിരിക്കും സ്ത്രീയുടെ അരക്ഷിതാവസ്ഥയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പെരുമ്പാവൂരിലേക്കും അവിടെ നിന്ന് എന്റെയും നിങ്ങളുടെയും വീടുകളിലേക്കുമുള്ള കേവലദൂരം അപകടകരമായ തോതിൽ കുറയുന്നത് ? 

നമ്മുടെ നിയമ-നീതി നിർവ്വഹണ-പാലന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും വേഗതയില്ലായ്മയും ഒരു കാരണമായെടുക്കാം. ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നത് ?' എന്നാണ് ദൽഹി സംഭവം നടക്കുന്ന സമയത്തെ ദൽഹിയുടെ വനിതാ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചോദിച്ചത്!!! 'പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ചാൽ ആണ്‍കുട്ടികൾ അവളെ തെറ്റായ രീതിയിൽ നോക്കുമോ ?' എന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ  ലാൽ ഖട്ടർ ചോദിച്ചപ്പോൾ, 'സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് തന്നെ നിർഭയക്ക് സിനിമയ്ക്ക് പോകണമായിരുന്നോ? ശക്തി മിൽ കേസിലെ പെണ്‍കുട്ടി വൈകിട്ട് ആറിന് എന്തിന് അതു പോലൊരു സ്ഥലത്തു പോയി?' എന്നൊക്കെയാണ് എൻ.സി.പി. നേതാവ് ആഷ മിർജെ ചോദിച്ചത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടത് മുൻ കേന്ദ്രമന്ത്രിയും മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനും ആയ മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,  തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. അന്ന്, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് പോലെ ദുർബ്ബലമായ നിയമങ്ങള്‍ കൂടി എടുത്ത് അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. എന്തായാലും, ദൈവാനുഗ്രഹത്താലോ വോട്ടർമാരുടെ മനോ ഗുണത്താലോ ഇദ്ദേഹവും മുന്നണിയും തിരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല എന്നത് വലിയ ഒരാശ്വാസം തന്നെ ആണ്.  

മുലായംജിയുടെ പ്രസ്താവന ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപ്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണത്തെ സാർത്ഥകമാക്കിക്കൊണ്ട് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്. ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നായിരുന്നു അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി കണ്ടെത്തി. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നുമായിരുന്നു അബു അസ്മിയുടെ നിരീക്ഷണങ്ങൾ. 

മുലായംജിയുടെ മകനും മോശമാക്കിയില്ല. ബദൗനിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു മാദ്ധ്യമ പ്രവർത്തകയോട് തട്ടിക്കയറിയത് ഇങ്ങനെയാണ് - ''നിങ്ങൾ സുരക്ഷിതയല്ലേ,​ പിന്നെന്തിന് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു !!??"

ന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ, ദൽഹി കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ് പറയുന്ന അഭിപ്രായങ്ങൾ ഡൽഹി സംഭവത്തെ വീണ്ടും പൊതു ചർച്ചയ്ക്കു വിധേയമാക്കിയിരുന്നു. "ഇന്ത്യാസ് ഡോട്ടര്‍" എന്നപേരില്‍ ലെസ്ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിങ്. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കു തന്നെയാണെന്നായിരുന്നു മുകേഷിന്റെ അഭിപ്രായം. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും പെണ്‍കുട്ടികളാണ് ബലാത്സംഗത്തില്‍ ആണുങ്ങളെക്കാള്‍ സംയമനം കാണിക്കേണ്ടതെന്നും അയാൾ പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല. വീട്ടുജോലികളും വീടുനോക്കലുമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോത്തെക്കുകളിലും ബാറുകളിലും കറങ്ങിനടക്കരുത്. ബലാത്സംഗം ചെയ്യണമെന്ന് നേരത്തേ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആകസ്മികമായി സംഭവിച്ചതാണ്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാഠം പഠിപ്പിക്കാനാണു മര്‍ദിച്ചത്. ചെറുത്തുനില്‍ക്കാനും ആക്രമിക്കാനും ശ്രമിച്ചതാണ് ഒപ്പമുണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ കാരണമെന്നുമാണ് മുകേഷ് പറഞ്ഞത്. മുകേഷിന്റെ സഹോദരന്‍ രാംസിങ് കേസില്‍ വിചാരണനടക്കവെ തിഹാര്‍ ജയിലില്‍ ആത്മഹത്യചെയ്തിരുന്നു. നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തിൽ സമൂഹത്തിൽ കൂസലില്ലാതെ ജീവിക്കുന്നു. മറ്റ് പ്രതികൾ സർക്കാർ ചിലവിൽ ഉണ്ടുറങ്ങി സസുഖം ജയിലിൽ കഴിയുന്നു.

"ഇന്ത്യാസ് ഡോട്ടർ" ഡോക്യുമെന്ററിയിൽ മുകേഷ് സിങ്ങ് ഛർദ്ദിച്ച് വച്ച അറപ്പും വെറുപ്പും ഉളവാക്കുന്ന നീചവും നിന്ദ്യവും ആയ വാക്കുകളേക്കാൾ വിഷം പുരണ്ടാവയയിരുന്നു, ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിംഗ് എന്നിവരുടെ വാക്കുകൾ. 'നിങ്ങൾ മധുരപലഹാരങ്ങൾ വഴിയിൽ വിതറിയാൽ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കൾ വരികയും അവർ അത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാൻ അനുവദിച്ചത്. പെൺകുട്ടി ആരുടെ കൂടെ എപ്പോൾ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാദ്ധ്യത മാതാപിതാക്കൾക്കല്ലേ ? എന്നുമൊക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങൾ. മതിയായ സുരക്ഷയില്ലാതെ പെൺകുട്ടികൾ പുറത്ത് പോയാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്നും അഭിമുഖത്തിലൊരിടത്ത് "മഹാന്മാരായ ആ സുപ്രീം കോടതി അഭിഭാഷകർ" പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലും കാര്യങ്ങൾ മോശമല്ല. “ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുന്നതാണ് നല്ലത്” എന്ന് നിരീക്ഷിച്ച അന്നത്തെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയും “നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചു ബലാല്‍സംഗം ചെയ്യാന്‍ വന്നാല്‍ ഒരുവള്‍ കീഴടങ്ങുന്നതാണ് ബുദ്ധി. കാരണം, അവര്‍ അത് നടത്തിയിരിക്കും. അപ്രകാരം കീഴടങ്ങിയിരുന്നുവെങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാമല്ലോ” എന്ന് ഉപദേശിച്ച കൃഷി ശാസ്ത്രജ്ഞ ഡോ. അനിതാ ശുക്ലയും സൂര്യനെല്ലി കേസിലെ ഇരയെ "ബാലവേശ്യ" എന്ന് വിശേഷിപ്പിച്ച ന്യായാധിപനും എല്ലാം ഈ ശ്രേണിയുടെ ഭാഗം തന്നെ.

അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെണ്ണുള്ളിടത്ത് പെൺ വാണിഭവവും ഉണ്ടാകും എന്ന് പറഞ്ഞ നേതാവും ഒക്കെ ഈ സാക്ഷര സാംസ്കാരിക കേരളത്തിലും ഉണ്ടായിരുന്നു. 

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്ന് ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ളവർക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും അധികാരത്തിൽ ഇരിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജിഷയുടെ ഘാതകനെ നിയമത്തിനു വിടാതെ ജനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ഏറണാകുളം ഷൊറണൂർ ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. തന്റെ മകളുടെ കൊലപാതകി ഗോവിന്ദച്ചാമി ജയിലില്‍ തിന്നു കൊഴുത്ത് സുഖമായി കഴിയുന്നത് സങ്കടമുണ്ടാക്കുന്നു എന്നും ശക്തമായ നിയമം കൊണ്ട് വന്നില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കണമെന്നും നിർഭാഗ്യവതിയായ ആ അമ്മ രോഷം കൊള്ളുന്നു. ഏറെക്കുറെ, പൊതു സമൂഹവും ഇതേ രീതിയിൽ തന്നെയാണ് ചിന്തിക്കുന്നത്.

കുറച്ചു കാലമായി മാധ്യമ വാർത്തകൾ നിരീക്ഷിച്ചാൽ ഒരു കാര്യം കാണാം; "ബലാല്‍സംഗം" എന്ന വാക്ക് അന്യം നിന്ന് പോയിരിക്കുന്നു. പകരം 'മാനഭംഗം', 'പീഡനം' എന്നീ വാക്കുകൾ ആണ് പരക്കെ പ്രയോഗിക്കപ്പെടുന്നത്. ബലാല്‍ക്കാരമായി, അത് ശാരീരിക ശക്തി കൊണ്ടാണെങ്കിലും മാനസിക പ്രേരണ കൊണ്ടാണെങ്കിലും,  ചെയ്യുന്ന ഒന്നിനെ 'മാനഭംഗം', 'പീഡനം' തുടങ്ങിയ വെണ്ണ പുരട്ടി മയപ്പെടുത്തിയ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് പോലും ക്രൈം ആയി കരുതണം.  

ഇത്തരം പ്രസ്താവനകളിലൂടെയും ലളിത വൽക്കരണത്തിലൂടെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉത്തരവാദിത്തപ്പെട്ടവരെല്ലാം ചെയ്യുന്നത് എന്ന് തന്നെയാണ് വ്യാപകമായ പൊതുജനാഭിപ്രായം. 

എന്നാൽ ഇതോടു ചേർത്ത് വയ്ക്കേണ്ട മറ്റൊരു അഭിപ്രായം കൂടി എനിക്കുണ്ട്. സംവിധാനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, വ്യക്തികൾ കൂടുന്നതാണല്ലോ സമൂഹം...സമൂഹത്തിൽ നിന്നല്ലേ ഭരണാധികാരികളും മാധ്യമങ്ങളും നിയമ സംവിധാനങ്ങളും ഉണ്ടാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ടാങ്കില്‍ ഉള്ളതല്ലേ ടാപ്പില്‍ വരൂ. ഹൃദയത്തിന്റെ നിറവില്‍ മനസ്സ് തീരുമാനിക്കുന്നു...അധരങ്ങള്‍ മൊഴിയുന്നു...കരങ്ങളും ശരീരവും പ്രവർത്തിക്കുന്നു...അത്രേ ഒള്ളൂ കാര്യം....നമുക്ക് നമ്മെ മാത്രമേ നിയന്ത്രിക്കാനാവൂ. ഡൽഹിയിൽ നിന്നും യു പി യിൽ നിന്നും പെരുമ്പാവൂരിലേക്കും അവിടെ നിന്ന് നിന്റെയും എന്റെയും വീടുകളിലേക്കുമുള്ള ദൂരം അപകടകരമായ വിധത്തിൽ കുറഞ്ഞു വരികയാണ്....ജാഗ്രതൈ....  

**ചിത്രത്തിന് കടപ്പാട് : മാതൃഭൂമി 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 18 February 2016

കപ്പലണ്ടി കട്ടവന്‍ അകത്തും കപ്പല്‍ കട്ടവന്‍ പുറത്തും; സമ്മതിക്കണം !

(ഇത്‌ പുതിയൊരു പോസ്റ്റ് അല്ല... മുൻപ് ഇട്ട ഒരു പോസ്റ്റായിരുന്നു...ഇപ്പോഴും പ്രസക്തമായത്‌ കൊണ്ട്‌ വീണ്ടും പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം...)


തലക്കെട്ടിലെ കട്ടവന്‍ എന്ന പ്രയോഗം ക്ഷമിക്കുക. തലക്കെട്ട് എഴുതാന്‍ മറ്റൊരു നല്ല പ്രയോഗം കിട്ടാതിരുന്നത് കൊണ്ടാണ്. നിവൃത്തി കേട് കൊണ്ട്കടം വാങ്ങിയ തുച്ഛമായ തുക തിരിച്ചടക്കാന്‍ കഴിയാത്ത ആ പാവം മനുഷ്യനെ കള്ളന്‍ എന്ന് ഞാന്‍ ഒരിക്കലും വിളിക്കില്ല. വിളിച്ചാല്‍ ദൈവം എന്നോട് പൊറുക്കില്ല.

മകളുടെ നഴ്‌സിങ് പഠനത്തിനു വേണ്ടി കേരളത്തിലെ ഒരു പ്രമുഖ ബാങ്കില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിന് ജയിലിലടച്ചിരുന്ന വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫ് ജയില്‍മോചിതനായി എന്ന വാര്‍ത്ത‍ കണ്ടപ്പോള്‍ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ മകള്‍ ഷെറിന് 2004 - ല്‍   ബാന്‍ഗ്ലൂരില്‍ ജനറല്‍ നഴ്‌സിങിന് ചേരാനായി 1.25 ലക്ഷം രൂപയുടെ വായ്പയാണ് ജോസഫ് എടുത്തത്. 2007- ല്‍ പഠനം പുര്‍ത്തിയാക്കിയ ഷെറിന്‍ മാസം രണ്ടായിരം രുപ ശമ്പളത്തില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തു. എന്നാല്‍ വിവാഹ ശേഷം ഇരട്ടക്കുട്ടികള്‍ പിറന്നതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാതിനാല്‍ ഇവര്‍ക്ക് പണം തിരിച്ചടക്കാന്‍ കഴിയാതെ വരികയായിരുന്നു. ഹൃദ്രോഗിയായ ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ വായ്പ പലിശയടക്കം മുന്ന് ലക്ഷം രുപയുടെ അടുത്തെത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ജനസമ്പര്‍ക്ക പരിപാടിയിലുള്‍പ്പടെ മൂന്നു തവണകളായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. ഇ.എഫ്.എല്‍ (Ecologically Fragile Lands Act, 2003) പരിധിയില്‍ നിന്നും വീടും സ്ഥലവും ഒഴിവാക്കി കിട്ടാന്‍ വേണ്ടിയും നിവേദനം നല്‍കിയിരുന്നു. ഇത് ശരിയായാല്‍ സ്ഥലത്തുള്ള മരങ്ങള്‍ വിറ്റ് ബാങ്കില്‍ പണമടക്കാമെന്നാണ് ജോസഫും കുടുംബവും കരുതിയിരുന്നത്. എന്നാല്‍ ഇതിനും അവസരമുണ്ടാകാതെ വന്നപ്പോളാണ് 82 കാരനായ ജോസഫ് ജയിലിലടയ്ക്കപ്പെട്ടത്. ചില കടലാസുകളില്‍ കോടതിയില്‍ വച്ച് ഒപ്പ് വെപ്പിക്കാനെന്ന് പറഞാണത്രേ ജോസഫിനെ ബാങ്ക് മാനേജരും സംഘവും കൊണ്ടുപോയി ജയിലിലടപ്പിച്ചത്. ഒടുവില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പണം കണ്ടെത്തി കുടിശിഖ അടച്ചു തീര്‍ത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
എന്റെ അറിവില്‍ ഇവിടത്തെ ഓരോ ബാങ്കുകളും ആയിരക്കണക്കിനു കോടി രൂപയാണ് കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയുമായി കണക്കാക്കിയിരിക്കുന്നത്. ഓരോ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കിട്ടാക്കടമായി കോടിക്കണക്കിനു രൂപ തിരിച്ചടക്കാതെ കിടക്കുന്നുണ്ട്. ബാങ്കുകളുടെയെല്ലാംകൂടി കിട്ടാക്കടം രണ്ടരലക്ഷം കോടി രൂപയാണെന്ന കണക്ക് പുറത്തുവന്നത് ഈ അടുത്ത നാളിലാണ്. അവ തിരിച്ചെടുക്കാന്‍ ബാങ്കിന്‍റെതായ എഴുതപ്പെട്ട നടപടി ക്രമങ്ങളും ഉണ്ട്. വളരെയേറെ പണവും അദ്ധ്വാനവും വ്യയം ചെയ്യുമ്പോൾ കിട്ടാക്കടം കുറെയൊക്കെ തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് സാധിക്കാറുമുണ്ട്. എന്നാൽ, അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ നടപടിയാണ് കടക്കാരനെ പിടിച്ചു ജയിലില്‍ അടക്കുക എന്നത്. എന്തിനു വേണ്ടിയാണ് ഇദ്ദേഹം ജയിലിലായതെന്നതിനു വാര്‍ത്തകളില്‍ വ്യക്തതയോ കൃത്യതയോ ഇല്ല. കിങ്ഫിഷര്‍ വിമാനക്കമ്പനി മുതലാളി വിജയ് മല്യ പല ബാങ്കുകളിൽ നിന്നായി വായ്പയായെടുത്ത ആയിരക്കണക്കിന് കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാനാവാതെ ഇളിഭ്യരായി നിൽക്കുന്ന രാജ്യത്താണ് 1.25 ലക്ഷം രൂപ വായ്പയെടുത്ത അത്താഴ പട്ടിണിക്കാരന്‍ ജയിലിലായത് എന്ന സത്യം ഇവിടത്തെ നീതി ന്യായ വ്യവസ്ഥിതി പൌരന് നല്‍കുന്നു എന്നവകാശപ്പെടുന്ന സമത്വം എന്ന സങ്കല്പത്തെ ചില്ലുകൂട്ടിലേക്ക് മാറ്റുകയാണ്. എഴുതിത്തള്ളിയോ ഇല്ലയോ എന്നതിന്റെ സാങ്കേതികതയിൽ ഊന്നിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സങ്കീർണ്ണമായ അത്തരം സാങ്കേതിക പ്രശ്നങ്ങളുടെ അന്തിമ തീർപ്പ് എന്ത് തന്നെയായാലും, ഭീമമായ ഒരു ലോൺ കുടിശിഖയുടെ പേരിൽ മല്ല്യയെയോ അത്തരം മുതലാളിമാരെയോ അകത്തു പിടിച്ചിടാൻ പോയിട്ട് പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വിളിപ്പിക്കാനോ ഒരു പോലീസുകാരന് അയാളുടെ വീട്ടിൽ ഒന്ന് കയറാനോ എളുപ്പമായിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കൂടി ലളിതമായി പറഞാൻ ഗതിയില്ലാത്തവനെ പോലീസ് സ്റ്റേഷൻ കയറ്റാനും ജയിലിൽ അടക്കാനും തിടുക്കം കാണിക്കുന്ന ബാങ്കുകാരൻ കയ്യിൽ പത്തു പുത്തനും പിടിപാടും ഉള്ളവന്റെ കാര്യം വരുമ്പോൾ കൃത്യമായ നടപടി ക്രമങ്ങളിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്നു. മല്ല്യയെപ്പോലുള്ളവരെ ഒന്ന് തൊടാൻ അവരുടെ തന്നെ അനുവാദത്തിന് കാത്തു നിൽക്കേണ്ടി വരുന്ന ബാങ്കുകാരന്റെ ദുർവിധി.... അല്ലാതെന്താ. ജോസഫിനോട് ചെയ്തത് പോലെ വേണ്ടത്ര പിടിപാടുള്ളവരോട് ചെയ്യാൻ ഇവിടത്തെ നിയമസംവിധാനങ്ങൾക്കുള്ള ബലവും അധികാരികൾക്കുള്ള ചങ്കുറപ്പും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. 


കൂടുതല്‍ ചിന്തിച്ചാല്‍ (അങ്ങനെ ചെയ്യാതിരിക്കുന്നതാണ് മനസമാധാനത്തിനു നല്ലത്) ഈ സംഭവത്തിന്റെ അടിത്തട്ടില്‍, ഒട്ട് മിക്കവരും മറക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്...

ശത - സഹസ്ര കോടീശ്വരന്മാരുടെ കോടിക്കണക്കിനു വരുന്ന കിട്ടാക്കടം സെറ്റിൽമെന്റ് നടത്താനും റീസ്ട്രക്ച്ചർ ചെയ്തു കൊടുക്കാനും ഒരുളുപ്പുമില്ലാത്ത ബാങ്കുകള്‍ പാവങ്ങളുടെ തൊള്ളയ്ക്ക് കുത്തിപ്പിടിച്ച് പണം ഈടാക്കുകയോ അല്ലെങ്കില്‍ അവരെ തുറുങ്കിലടച്ചു ആത്മനിര്‍വൃതി അടയുകയോ ചെയ്യുന്നത് ഗണികയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ മ്ലേച്ഛമാണ്.

സര്‍ക്കാരുകള്‍ ആണെങ്കില്‍ നാടെങ്ങും സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകള്‍ തുടങ്ങാന്‍ അനുവദിച്ചു കൊണ്ടേയിരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാന്യമായ ശമ്പളം നെഴ്സുമാര്‍ക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫല പ്രദമായ യാതൊരു നടപടികളും എടുക്കുന്നില്ല. ആശുപതികളുടെ കൊള്ള ലാഭത്തിന്റെ മുഖ്യ ഘടകം,  എടുക്കുന്ന പണിക്ക് ആനുപാതികമായി ശമ്പളം കിട്ടാത്ത ജീവനക്കാരുടെ വിയര്‍പ്പോഹരി ആണെന്ന് സൌകര്യപൂര്‍വ്വം മറക്കുന്നു. സ്വാശ്രയ - സ്വകാര്യ നേഴ്സിങ്ങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ എന്തു ചെയ്യുമെന്നോ എങ്ങോട്ടു പോകുമെന്നോ സര്‍ക്കാരിനൊരു പിടിയുമില്ല. നേഴ്സുമാര്‍ എണ്ണത്തില്‍ പെരുകിയതോടെ നിസാര കൂലിയ്ക്ക് ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു (മിക്കവാറും എല്ലാ പ്രൊഫെഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികളെയും കാത്തിരിക്കുന്നത് ഈ അവസ്ഥ തന്നെയാണ്)
കേരളത്തിലെ യുവതി യുവാക്കളോടും അവരുടെ മാതാപിതാക്കളോടുംനേഴ്സിംഗ് പഠനം കഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗലോകത്തെ പറ്റി വാതോരാതെ പറഞ്ഞും മഷി തീരുമാറ് എഴുതിയുംതങ്ങള്‍ക്കു കൂലി തരുന്നവരോട് ആത്മാര്‍ഥത കാണിച്ച കരിയര്‍ കോളമിസ്റ്റുകള്‍. സായ്പ്പിന്റെ നാട്ടില്‍ നേഴ്സുമാരെ കിട്ടാനില്ലെന്നുംഇവിടുന്നു പഠിച്ചിറങ്ങുന്നവരെ കാത്ത് ലക്ഷങ്ങള്‍ ശമ്പളവുമായി അവിടെ ആശുപത്രികള്‍ ക്യൂ നില്‍ക്കുകയാണെന്നുമൊക്കെയാണ് ഇവര്‍ ആഴ്ച തോറും കാച്ചി വിട്ടു കൊണ്ടിരുന്നത്. 

പത്രത്തില്‍ കണ്ടത് വിശ്വസിച്ചും അയല്പക്കത്തും പരിചയത്തിലും ചിലരൊക്കെ ഇന്ത്യ വിട്ടു രക്ഷ പെട്ടതും ഒക്കെ കണ്ടു ഭ്രമിച്ചു പോയ കുറെ പാവങ്ങള്‍ ബാങ്കുകളില്‍ നിന്നു ലോണെടുത്തും ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കിയും മക്കളെ പഠിപ്പിച്ചു. ഇപ്പോഴിതാ അവരെല്ലാം കടുത്ത പ്രതിസന്ധിയില്‍... യൂറോപ്പുമില്ലലക്ഷങ്ങളുമില്ല...ബാങ്കുകള്‍ ബ്ലേഡ് കമ്പനിക്കാരേക്കാള്‍ ക്രൂരമായി അവരെ പിന്തുടരുന്നു. അവസാന ആശ്രയത്തിനു വേണ്ടി സമീപിക്കുന്നവര്‍ കണ്ണടക്കുക കൂടി ചെയ്‌താല്‍ നമ്മുടെ ജയിലുകള്‍ നിറഞ്ഞു കവിയുമോ....
ഇതൊക്കെ വെറും അച്ചായത്തരങ്ങളാണെന്ന് തോന്നിയാല്‍ വിട്ടു കളഞ്ഞേരെന്നേയ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 28 January 2016

നുണ പറയുന്ന ശീലം അത്ര മോശം കാര്യമാണോ ???; അല്ലെന്നു പറയാൻ പറഞ്ഞു.....


നുണ പറയരുതെന്ന് ബൈബിൾ അനുശാസിക്കുന്നുണ്ട്. ഒട്ടു മിക്ക മത വിഭാഗങ്ങളുടെയും അനുശാസനങ്ങൾ ഇങ്ങിനെ തന്നെയാണ്. സാമാന്യ സദാചാര സംഹിതകളും അങ്ങിനെ തന്നെയാണ് പറയുന്നത്. എന്നാൽ , നുണ പറയുന്നത്‌ നല്ലതാണെന്ന് അടുത്തിടെ  ഫെഫീൽഡ്‌ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഏഴിനും പതിനൊന്നിനും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളെ നിസാരമായ ചില ടെസ്‌റ്റുകളിലൂടെ പഠന വിധേയരാക്കിയാണ് സൈക്കോളജി വിദ്‌ഗദ്ധർ ഇത്തരം ഒരു അനുമാനത്തിൽ എത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി, നുണ പറഞ്ഞ വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷണ വിധേയമാക്കി. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കള്ളത്തരം കാണിച്ച വിദ്യാർത്ഥികൾ രണ്ടാം ഘട്ടത്തിൽ കൂടുതൽ ഓർമ്മ ശക്‌തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. നുണ പറയാൻ കൂടുതൽ ആലോചനയും പറഞ്ഞ നുണ ഓർത്തു വയ്‌ക്കാൻ കൂടുതൽ ഓർമ്മ ശക്‌തിയും ആവശ്യമാകുന്നത് കൊണ്ടായിരിക്കാം നുണ പറച്ചിൽ ഗുണകരമായി തീരുന്നതെന്നും പഠനസംഘം പറയുന്നു. ഈ പഠനത്തെക്കുറിച്ച്  ഇപ്പോൾ പറയാനുള്ള കാര്യം പിന്നീടു പറയാം. 


ആദ്യമായി സോളാർ  കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്കും സഹായികൾക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണൽ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരൻ നായർ, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മൻ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താൻ ശ്രീധരൻ നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറിൽ പോയി എന്നും ഉമ്മൻ ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിൻകര എം എൽ എ സെൽവരാജ് അപ്പോൾ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിൻഫ്രയിൽ ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെ സോളാർ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഗിന്നസ് റെക്കോർഡ് മൊഴി കൊടുക്കലിനിടെ രണ്ടോ മൂന്നോ തവണ സരിതയെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു എന്ന് തോന്നുന്നൂന്നു തോന്നുന്നു എന്ന എങ്ങും തൊടാതെയുള്ള മൊഴി മുഖ്യമന്ത്രി നൽകി. പിന്നീട് കൊടുത്ത തുകയുടെ കണക്കടക്കം കൃത്യമായി പറഞ്ഞു കൊണ്ട് സരിത സോളാർ കമ്മീഷന് മൊഴി കൊടുത്തു. തലേന്ന് ഉമ്മച്ചന്റെ വിശ്വസ്തനായ തമ്പാനൂർ രവി ഫോണിലൂടെ സരിതയോട് ചാണ്ടിച്ചന്റെ മൊഴി ശ്രദ്ധിച്ചു പഠിച്ചു അങ്ങേരു മൊഴിഞ്ഞതിനു സമാനമായി മൊഴിയണമെന്ന് നിർദ്ദേശിക്കുന്നതിന്റെ ശബ്ദ രേഖയും പുറത്തു വിട്ടത്. മൊത്തത്തിൽ കാര്യങ്ങൾ അങ്ങ് സിങ്ക് ആകുന്നില്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.



പഴയ, റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോഴും മുഖ്യൻ നുണയാണോ പറയുന്നത് എന്ന് പലരും സംശയിച്ചു. നായനാർ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നൽകി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മൻചാണ്ടിയുടെ ആശീർവാദത്തിൽ, കൊണ്ടു വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാൻ  പാടില്ലാത്തതാണെന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിം കോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കൽ നിന്ന് പൊല്യൂഷൻ കണ്‍ട്രോൾ ബോർഡിന്റെ ചുമതല എടുത്ത് സുജനപാലിന് നല്‍കി. അന്ന് മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ അധ്യയനവർഷം, സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, സമയത്തിന് പാഠപുസ്തകം കിട്ടാത്തതിന്റെ പുകിലുകൾ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വൻ വിവാദം ഭയന്ന് കുറച്ചു നാളുകൾക്കു മുൻപ് സർക്കാർ പിൻവലിച്ച ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാൽ, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങൾക്ക് സർക്കാർ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാർക്ക് വഴി വിട്ട സഹായം നൽകാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവൻ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

ഏതാനും മാസങ്ങൾക്ക് മുൻപ് ഡി ജി പി ജേക്കബ്‌ തോമസ്‌ ഐ പി എസിനെ ഫയർഫോഴ്സ്‌ മേധാവി സ്ഥാനത്തു നിന്ന്‌ മാറ്റിയത്‌ സർക്കാരിന്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശദീകരണം. എന്നാൽ സംഗതി  വസ്തുതാവിരുദ്ധമാണെന്ന്‌ വിവരാവകാശ രേഖകൾ വിളിച്ച് പറഞ്ഞു. ജേക്കബ്‌ തോമസിനെതിരെ രേഖാമൂലമുള്ള പരാതികളൊന്നും സർക്കാരിന്‌ ലഭിച്ചിരുന്നില്ലെന്നാണ്‌ മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി ബി ബിനുവിന്‌ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്‌. ഇത് നോക്കിയാലും മുഖ്യൻ നുണ പറയുകയാണെന്ന് തോന്നാം.

അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനക്ക് തയ്യാറാണെന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സരിത അറിയിക്കുമ്പോൾ തന്നെ താൻ നുണ പരിശോധനയ്ക്ക് ഒരുക്കമല്ലെന്ന് സംശുദ്ധ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ഉമ്മച്ചൻ പ്രസ്താവിച്ചു. ഇതോടെ സോളാർ കേസ് പുറത്തു വന്നത് മുതൽ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. വന്നു വന്നു, ഇപ്പോഴത്തെ മുഖ്യമന്ത്രി സത്യം പറഞ്ഞാൽപ്പോലും അത് നുണയാണെന്ന് തോന്നിപ്പോകുന്നു എന്നിവിടെ പലരും അടക്കം പറയുന്നുണ്ട്. ....


അതിജീവന കലയുടെ ആചാര്യൻ എന്നാന്ന് കുറെ നാൾ മുൻപ് ഒരു വാരിക മുഖ്യനെ വിശേഷിപ്പിച്ചത്‌. നുണ പറയുന്നത് നല്ലതാണെന്ന റിസർച്ച് റിപ്പോർട്ട് തുടക്കത്തിൽ പറഞ്ഞത് എന്തിനാണെന്ന് ഇനി വിവരിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു...

ഇത്രയൊക്കെ ഉണ്ടായിട്ടും തൊലിക്കും തുണിക്കും കോട്ടമില്ലാതെ ജിൽ ജിൽ ന്നു നിക്കണ നിൽപ്പ് കണ്ടാ



പ്പോ

രെ....


അങ്കമാലി ശബരി പാതയെപ്പറ്റി മുഖ്യൻ തള്ളിയ അപാര തള്ളിനെപ്പറ്റി മുൻപൊരിക്കൽ ഇട്ട പോസ്റ്റ്‌ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക....എന്റെ ചാണ്ടിച്ചായാ, നിങ്ങളെന്തു വിടലാണ് വിടണത്‌....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക