ഞാൻ വെറും പോഴൻ

Monday, 11 February 2019

വാലന്റൈൻ....പ്രണയത്തിന്റെ സ്പോൺസേർഡ് പുണ്യാളൻ...!!!

ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഇന്ത്യയിലെ കോസ്മോപോളിറ്റന്‍ നഗരങ്ങള്‍ക്ക്‌ പുറത്തുള്ളവര്‍ ചില പ്രത്യേക ദിനങ്ങളെ പറ്റി കേട്ട് തുടങ്ങിയത് തന്നെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വാലന്റൈൻസ് ഡേ. പ്രണയിനികളുടെ ദിനം എന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെ പറ്റി വായിച്ചറിഞ്ഞ ഒരു കഥ. ഐതിഹ്യമെന്ന് പോലും വിളിക്കപ്പെടാവുന്ന കഥ. 

പണ്ട് പണ്ട് പണ്ട് വളരെ പണ്ട്, ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലം. നാട്ടിലുള്ള പുരുഷ കേസരികള്‍ എല്ലാവരും ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉല്‍പ്പാദിപ്പിക്കുക എന്നീ പ്രവൃത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിയായതോടെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥ വന്നു. കുപിതനായ രായാവ് വിവാഹം എന്ന പിന്തിരിപ്പൻ ഏര്‍പ്പാട് തന്നെ നിരോധിച്ചു കളഞ്ഞത്രേ. പ്രജകളുടെ വിവാഹം ഒക്കെ നിരോധിച്ച് ഒരു വിധം മനസമാധാനത്തോടെ ഭരിച്ചു തുടങ്ങുമ്പോഴാണ് തിരുമനസ്സ് ഞെട്ടിക്കുന്ന ഒരു വിവരം അറിഞ്ഞത്. രാജ ശാസനത്തിന് പുല്ല് വില കൽപ്പിച്ചു കൊണ്ട്, വാലന്റൈന്‍ എന്ന പള്ളീലച്ചന്‍ ആളുകള്‍ക്ക് വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നു പോലും. ഹെന്ത്; തിരുവായ്ക്ക് എതിർവായോ !!??. ചക്രവർത്തി കോപാക്രാന്തനായി. പിന്നെ  എന്ത് സംഭവിച്ചെന്നോ; നമ്മുടെ പൊന്നച്ചന്നെ പിടിച്ച് ജയിലിലടച്ചു. പക്ഷെ, അച്ചനാരാ മോൻ; അച്ചൻ വിട്ടു കൊടുക്കുമോ. അച്ചനോടാണോടാ നിന്റെ കളി എന്നും പറഞ്ഞു കൊണ്ട് പുള്ളി കേറി അവിടത്തെ ജയില്‍ വാര്‍ഡന്റെ മകളുമായങ്ങു ലൈനായി. പ്രേമത്തിനെന്ന പോലെ തന്നെ ആ പെങ്കൊച്ചിനും കണ്ണ് കാണില്ലായിരുന്നത്രേ!! അത് കൊണ്ടാണോ ഒരു പള്ളീലച്ചനെ കേറി പ്രേമിച്ചതെന്നറിയില്ല !! പെങ്കൊച്ചിന് കണ്ണില്ലാത്തത് പ്രഗത്ഭനായ അച്ചന് ഒരു പ്രോബ്ലമാണോ.. അച്ചൻ പ്രേമത്തിന്റെ തീക്ഷ്ണതയിൽ ദൈവികമായ സിദ്ധികള്‍ പ്രയോഗിച്ചു പുള്ളിക്കാരിക്ക് കാഴ്ച ഉണ്ടാക്കി കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി വീണ്ടും കോപാക്രാന്തനായി. മ്മടെ വാലന്‍റൈന്‍ അച്ചന്റെ തലവെട്ടിക്കളയാൻ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് മ്മടെ അച്ചന്‍ അവസാനമായി തന്റെ കാമുകിക്ക് ഒരു ലവ് ലെറ്റര്‍ എടുത്തു വീശിയത്രേ. അതിന്റെ ഭരത വാക്യം (അത് എന്ത് കുന്തമാണെന്നല്ലേ, Concluding Line of the Letter; അവസാന വാചകം) ഇങ്ങനെയായിരുന്നത്രേ...

ഫ്രം യുവര്‍ വാലെന്റൈന്‍...

കഥ സത്യമാണെങ്കിലും അല്ലെങ്കിലും, അന്ന് മുതൽ ആ കത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്‌ ഭൂമുഖത്തെ എല്ലാ കാമുകന്മാരും (മുകികളും)..... ഫെബ്രുവരി പതിനാലിന് ആശംസകൾ കൈ മാറുന്ന ആചാരം തുടങ്ങി. കാലം മാറിയതിനനുസരിച്ച് പുരോഗമിച്ച് പുരോഗമിച്ച്, ഇപ്പോൾ കത്തും ഫ്ലവറും സമ്മാനങ്ങളും എന്ന് വേണ്ട സൗകര്യവും താല്പര്യവും അനുസരിച്ച് എന്തും ഏതും  കൈമാറാൻ തുടങ്ങി. ഇന്നത്തെ യുവത്വം ഒരു വര്‍ഷത്തിലെ  മറ്റു 364 ദിവസങ്ങളെ മറന്നാലും, ഫെബ്രുവരി 14 മറക്കാൻ വഴിയില്ല. എന്തൊരു സ്നേഹം... എന്തൊരു സമര്‍പ്പണം...

കുത്തക കമ്പനികൾ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രണയ ദിനത്തെ ഒരു വൻ ആഘോഷമാക്കി മാറ്റി. കച്ചവടം വിപുലീകരിക്കുന്നതിന്റെ  ഭാഗമായി, അവർ  അതിനെ പ്രണയിനികളില്‍ നിന്ന് കൂട്ടുകാരിലേക്കും  ദമ്പതികളിലേക്കും എല്ലാം വ്യാപിപ്പിച്ചു. എന്തിന്, അടുത്തെ വീട്ടിലെ കുട്ടികള്‍ക്കും ചുമ്മാ കണ്ടു പരിചയമുള്ളവർക്ക് വരെ ആശംസാ കാർഡുകളും സമ്മാനങ്ങളും ഒക്കെ കൊടുക്കാം എന്ന് പ്രചരിപ്പിച്ചു. എന്തായാലും കൃഷി വിജയമായി. കച്ചവടം പൊടി പൊടിച്ചു. ആർച്ചീസ്, ഹാൾമാർക്ക് തുടങ്ങി നാടൻ ശിവകാശി കാർഡ് കമ്പനിക്കാരുടെ വരെ പെട്ടിയിൽ ആവത്‌ പണം വന്ന് വീണു. പത്രങ്ങളും മറ്റു മാധ്യമങ്ങളും യാതൊരു ഉളുപ്പും പിശുക്കുമില്ലാതെ ഈ ആഘോഷത്തിനു കുട പിടിച്ചു. ഒരു പരസ്പര സഹകരണം; ധന ലാഭം; മനസുഖം... അത്രേ ഉള്ളൂ...

ഏതായാലും സ്വർഗീയ വിശുദ്ധന്മാരുടെ കുത്തക കയ്യാളുന്ന, ആഗോള കത്തോലിക്ക സഭ ഇപ്പോള്‍ വിശുദ്ധ വലന്‍റ്റയിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ലാഭ സാധ്യത സഭയുടെ കണ്ണിൽ പെടാതെ പോയത് ഒരു അതിശയം ആയി അവശേഷിക്കുന്നു. യഥാർഥത്തിൽ ആശംസാ കാര്‍ഡ്‌ വ്യവസായത്തിലെ കുത്തകകള്‍ ആയിരുന്ന ആര്‍ച്ചീസിന്റെയും ഹാള്‍ മാര്‍ക്കിന്റെയും കച്ചവട തന്ത്രത്തിന്റെ ഇരയാവുകയായിരുന്നു ഈ "പുണ്യവാളന്‍". ക്രിസ്മസ് പുതുവര്‍ഷ കച്ചവടം കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ കമ്പനികള്‍ക്ക് ആകെ ഉണ്ടായിരുന്ന കച്ചവടം, ജന്മ ദിന കാര്‍ഡുകളുടെതായിരുന്നു. ആഗോള ആശംസ കാർഡ് കുത്തകകൾ കച്ചവടത്തിലെ സീസൺ ഗ്യാപ് എങ്ങനെ ഫിൽ ചെയ്യാം എന്ന് തങ്ങളുടെ കച്ചവട ബുദ്ധി കൃത്യമായി പ്രവർത്തിപ്പിച്ചു നോക്കിയതിൽ നിന്നാണ് ഈ പുണ്യവാളന്‍ പുനര്‍ജനി പ്രാപിച്ചത്. ഇത് മാത്രമല്ല, Father's Day, Mother's Day, Friend's Day എല്ലാം ഈ ജനുസ്സില്‍ പെട്ടവയാണ്. അതില്‍ ഏറ്റവും വ്യാപാര സാധ്യത അവര്‍ കണ്ടെത്തിയത് പ്രണയത്തിനു തന്നെ; പ്രണയത്തിനു കണ്ണില്ലല്ലോ. ഹാള്‍ മാര്‍ക്ക്‌ "ഹോളി"ഡേ എന്ന് ചില മാധ്യമങ്ങൾ പോലും ഇതിനെ പരിഹസിച്ചു പറയാറുണ്ട്.

പിന്നീടിങ്ങോട്ട് പത്രങ്ങള്‍, മറ്റു മാധ്യമങ്ങള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍, ചോക്ലേറ്റ്‌ കമ്പനികള്‍, പൂ വിതരണ കമ്പനികള്‍, ഫാന്‍സി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍, ആഭരണ വ്യാപാരികള്‍, വജ്ര വ്യാപാരികള്‍, ഫാഷൻ വസ്ത്ര ബ്രാൻഡുകൾ, മറ്റു തുണി വ്യാപാരികള്‍, നക്ഷത്ര ഹോട്ടലുകള്‍, പ്രശസ്ത ഫുഡ്‌ ചെയിനുകൾ എന്ന് വേണ്ട, ഗർഭ നിരോധന ഉപാധികളും അടിവസ്ത്രങ്ങളും  വിപണനം ചെയ്യുന്ന കമ്പനികൾ വരെ, കച്ചവടക്കാർ സൗകര്യപൂർവ്വം നിർമ്മിച്ചെടുത്ത ഈ ആഘോഷത്തിന്റെ കച്ചവട സാധ്യത ചൂഷണം ചെയ്തു. വന്ന് വന്ന്, വാഹന കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തുടങ്ങി സാധിക്കുന്നവരെല്ലാം തന്നെ പ്രണയ ദിനം ആഘോഷിപ്പിച്ചു കീശ വീർപ്പിക്കാനുള്ള തത്രപ്പാടിലാണ്.

പാവം വാലെന്റൈന്‍ പുണ്യാളന്‍..... പ്രേമിച്ചു തല  പോയെങ്കിലും വേണ്ടില്ല, സംഗതി ആര്‍ക്കെങ്കിലുമൊക്കെ ഉപകരിച്ചല്ലോ....

ഒരു "പുണ്യാളനു" ആത്മ സാക്ഷാൽക്കാരത്തിനു ഇതില്‍ കൂടുതല്‍ എന്ത് വേണം.

HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!

ജെന്നിഫര്‍ വില്‍കിന്‍സന്റെ നിരീക്ഷണത്തിൽ ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുമ്പോൾ, സ്ത്രീകള്‍ തന്‍റെയാളുടെ അവസാനകാമുകിയാവാനാണ് മോഹിക്കുന്നതത്രേ. കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്; അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു എന്ന് പറഞ്ഞത് സൂഫി കവി ജലാലുദ്ദീന്‍ റൂമിയാണ്. ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയമെന്നു കുറിച്ചിട്ടത് പ്രിയ എഴുത്തുകാരൻ പൌലോ കൊയ്‌ലോ ആണ്. 

പ്രണയമെന്ന നാട്യത്തിലുള്ള മൂന്നാം കിട കാമപൂരണവും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ കാലഘട്ടത്തില്‍, ഭൂരിപക്ഷം വരുന്ന നമ്മുടെ പുതു യുവതയുടെ നല്ലൊരു പങ്കും ഏതായാലും ചിന്തിക്കുന്നതും ജീവിക്കുന്നതും മേൽ പറഞ്ഞ പ്രണയ സങ്കൽപ്പങ്ങളിലാവാൻ തീർച്ചയായും സാധ്യതയില്ല. കഥയിൽ ആദ്യം നായകനായും പിന്നീടു വില്ലനായും ഒരേ ആൾ തന്നെ അവതരിക്കുന്ന; ഒടുവിൽ പീഡനത്തിലെത്തി ഒടുങ്ങുന്ന ഒട്ടേറെ പ്രണയ നാടകങ്ങൾ... മനസ്സിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകപ്പെടുന്ന വിവാഹേതര ബന്ധങ്ങൾ... പ്രണയം നൈമിഷികമാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ... ഇതെല്ലാം കണ്ടും കേട്ടുമാണ് നമ്മുടെ ഓരോ ദിനങ്ങളും പിറന്നു മരിക്കുന്നത്.

കൃത്യമായ തിരക്കഥയിലൂടെ മുന്നേറുന്ന പ്രണയ നാടകങ്ങൾ ഇരകളെ പീഡനത്തിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാകുന്ന പുതിയ കാലത്ത്...

ഒഴിഞ്ഞ ഇടമോ മുറിയോ കണ്ടെത്തി കിടക്ക പങ്കിടാനും ശരീരം പങ്കു വയ്ക്കാനും ശരീരത്തിന്റെ അളവെടുക്കാനും മുതിരുന്നിടത്ത് പ്രണയമില്ലെന്നും കാമം മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ കാലത്ത്...

തലച്ചോറ് കൊണ്ട് പ്രേമിക്കുന്ന ആണിന് മുന്നിൽ ഹൃദയം കൊണ്ട് സ്നേഹിച്ച് എല്ലാം തുറന്നു നല്കി, പിന്നീട് അതിന്റെ ദൃശ്യങ്ങൾ MMS കളായും യു ട്യൂബ് ക്ലിപ്പുകളായും പടർന്നു പിടിക്കുമ്പോൾ മാത്രം സ്വബോധം വരികയും സ്വയഹത്യയിലേക്ക് തിരിയുകയും മരിച്ചു ജീവിക്കുകയും  ചെയ്യുന്ന ശുദ്ധാത്മാക്കളുടെ എണ്ണം ദിനം പ്രതി പെരുകുമ്പോൾ...

മജ്ജയിൽ പിടിച്ച പ്രണയം നിരസിക്കപ്പെടുമ്പോൾ ആ ക്ഷോഭത്തിൽ അത്രമേൽ സ്നേഹിച്ച, ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച ആളെ പെട്രോളൊഴിച്ച്‌ കത്തിക്കാനും വെട്ടിക്കൊല്ലാനും മുഖം ആസിഡൊഴിച്ച് വികൃതമാക്കാനും ഒരു മടിയും തോന്നാത്ത ഈ കെട്ട കാലത്ത്.... 

കാമ്പും കാതലുമുള്ള നിർമ്മല പ്രണയങ്ങൾ തീർച്ചയായും വിജയിക്കട്ടെ....  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 23 January 2019

The Unbroken Vow: A Tribute to Subhas Chandra Bose












Born in Cuttack, a patriot's seed,

Subhas Chandra, a nation's vital need.

A dreamer bold, with spirit aflame,

He vowed to break the chains of shame.


With Gandhi's path, he did not agree,

A different course, for India to be free.

He formed the INA, a force unforeseen,

To liberate the homeland, a fervent dream.


From Singapore's shores, he raised the flag,

The Provisional Government, a defiant stand.

"Chalo Dilli," the clarion call,

To reclaim the motherland, once and for all.


With Azad Hind Fauj, he marched ahead,

To crush oppression, and lift all dread.

Their courage shone, a guiding light,

In darkest hours, a hopeful sight.


But fate's cruel hand, a tragic twist,

A mystery shrouds his final tryst.

Did he survive, or fade from sight?

A question lingering, day and night.


Yet, his legacy, a timeless art,

A hero's spirit, burned in every heart.

Netaji's dream, a nation's pride,

Forever with India, side by side.

Poetic Reflections of a Crazy Soul

Wednesday, 9 January 2019

റേഡിയോ ഉപയോഗിക്കണമെങ്കിൽ ഇന്ത്യയിൽ ലൈസൻസ് വേണ്ടിയിരുന്നു എന്ന് അറിയാമോ !??

റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് എടുക്കേണ്ട ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. 1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് പ്രകാരമായിരുന്നു ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് റേഡിയോ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു റേഡിയോ ലൈസൻസിങ് നടപടികൾ നടപ്പിലാക്കിയിരുന്നത്. ഇപ്പോൾ കൗതുകം തോന്നുന്ന കാര്യമാണെങ്കിലും റേഡിയോ ലൈസൻസ് ചട്ടങ്ങൾ വളരെ കർശനമായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. 
ഇടയ്ക്കിടെ സ്വാഭാവികമായും പരാതികൾ ഉണ്ടെങ്കിൽ അതിനനുസരിച്ചും പോസ്‌റ്റോഫീസ് അധികൃതർ, പൊലീസുകാർ എന്നിവരടങ്ങിയ സ്‌ക്വാഡ് പരിശോധന നടത്തുകയും ലൈസൻസ് ഇല്ലാത്തതോ പുതുക്കാത്തതോ ആയ റേഡിയോകൾ പിടിച്ചെടുക്കുമായിരുന്നത്രെ.

ഓരോ വർഷവും പുതുക്കിയെടുക്കേണ്ട ഈ ലൈസൻസ് ഏകദേശം ഒരു ബാങ്ക് പാസ്സ്‌ബുക്കിന്റെ രൂപത്തിലായിരുന്നു. ലൈസൻസ് ബുക്കിന്റെ ആദ്യ ഉൾപ്പേജുകളിൽ റേഡിയോ ഉടമയുടെയും റേഡിയോ സെറ്റിന്റെയും വിവരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ബുക്കിന്റെ ബാക്ക് കവറിൽ പരസ്യം ആയിരുന്നു. സർക്കാരിന്റെ പരസ്യങ്ങളും സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളും വരാറുണ്ടായിരുന്നത്രേ. ഒരു റേഡിയോയ്ക്ക് വേണ്ടി ലൈസൻസ് എടുത്താൽ ലൈസൻസിയ്ക്കും അയാളുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആ റേഡിയോ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ലൈസൻസിൽ എൻഡോഴ്സ് ചെയ്ത അഡ്രസ്സിൽ മാത്രമേ ആ റേഡിയോ ഉപയോഗിക്കാമായിരുന്നുള്ളൂ. ഡൊമസ്റ്റിക്ക് ലൈസൻസ് വച്ച് പൊതുസ്ഥലത്ത് റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നു. അഡ്രസ് മാറ്റങ്ങൾ പോസ്റ്റ് ഓഫീസിൽ അറിയിച്ച് ലൈസൻസിൽ എൻഡോഴ്സ് ചെയ്യിക്കണമായിരുന്നു. ഒരാൾ ലൈസൻസ് ഉള്ള റേഡിയോ വിൽക്കുമ്പോൾ വിവരം പോസ്റ്റ് ഓഫീസിൽ അറിയിക്കുകയും പുതിയ ഉടമയുടെ പേരിലേക്ക് ലൈസൻസ് മാറ്റുകയും വേണമായിരുന്നു.  

തുടക്കത്തിൽ ഒരു രൂപയായിരുന്നത്രേ ലൈസൻസ് ഫീസ്. 1980 വരെ താരതമ്യേന കുറഞ്ഞ നിരക്കിൽ ഉണ്ടായിരുന്ന ലൈസൻസ് ഫീസ് 1981 ൽ കുത്തനെ ഉയർത്തിയിരുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞത്. അവസാന കാലഘട്ടങ്ങളിൽ വീടുകളിൽ റേഡിയോ ഉപയോഗത്തിന് (Domestic Licence) 15 രൂപയും വ്യാപാര സ്ഥാപനങ്ങളിലോ പൊതുസ്ഥലങ്ങളിലോ റേഡിയോ ഉപയോഗിക്കാന്‍ (Commercial Licence) 30 രൂപയും ആയിരുന്നു ഫീസായി  നല്‍കേണ്ടിയിരുന്നത്. റേഡിയോ സെറ്റുകൾ വിൽക്കുന്ന കടകൾക്കും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നത്രേ. പോസ്റ്റ് ഓഫീസിൽ ഫീസ് തുകയടയ്ക്കുമ്പോൾ ഫീസ് തുകയ്ക്ക് തുല്യമായ BROADCAST RECEIVER LICENCE FEE (BRL FEE) സ്റ്റാംപ് ഒട്ടിച്ച് അതാത് പോസ്റ്റ്ഓഫീസ് മുദ്ര പതിപ്പിച്ച കൊടുക്കുകയായിരുന്നു പുതുക്കൽ രീതി. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന വി എൻ ഗാഡ്ഗിലാണ് റേഡിയോ ടിവി ലൈസൻസിങ് സമ്പ്രദായം അവസാനിപ്പിച്ചത്. അങ്ങനെ 1985-ന് ശേഷം റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ലാതായി. 

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എന്റെ അമ്മാവൻ ഉപയോഗിച്ചിരുന്ന റേഡിയോയുടെ ലൈസൻസിന്റെ ആണ്. ഈ ലൈസൻസ് ഇഷ്യൂ ചെയ്ത് ഒപ്പിട്ടിരിക്കുന്നത് അന്നവിടെ പോസ്റ്റ്‌ മാസ്റ്ററായിരുന്ന എന്റെ പിതാവാണ്...

(നാല് പതിറ്റാണ്ടുകൾക്ക് മേൽ പോസ്റ്റ്മാസ്റ്ററായി സേവനമനുഷ്ഠിച്ച എന്റെ പിതാവിന്റെ ഓർമ്മയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പെഴുതിയത്; വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.)















































ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

HTTPS://WWW.FACEBOOK.COM/GROUPS/224083751113646/



Thursday, 6 December 2018

കെട്ടുപ്രായം കഴിഞ്ഞിട്ടും മുട്ടിലിഴയുന്ന ശബരി റെയിൽ പദ്ധതി

ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം ജനിച്ച കുട്ടികള്‍ക്ക് നിയമപ്രകാരം പ്രായപൂർത്തിയായി; പലരും വിവാഹം കഴിച്ച് അവർക്ക് കുട്ടികളുണ്ടായി; അന്ന് ജനിച്ച എല്ലാ മനുഷ്യരും ഇന്ന് വോട്ടർമാരാണ്; അവരിൽ ചിലർ ഇന്ന് പഞ്ചായത്ത് മെമ്പർമാരാണ്. എന്നാല്‍, പദ്ധതി ഇപ്പോഴും മുട്ടിലിഴഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ഓരോ വര്‍ഷവും ബജറ്റുകൾ വരുമ്പോള്‍ പദ്ധതി പ്രദേശത്തുള്ളവര്‍ വാർത്തകൾ സൂക്ഷ്മമായി പരിശോധിക്കും. ഓരോ വർഷവും മാറ്റി വയ്ക്കുന്ന തുകയ്ക്ക് ഇവിടെ 10 സെന്റ് ഭൂമി വാങ്ങി ഒരു വീട് വയ്ക്കാൻ പോലും തികയില്ല. പദ്ധതിയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ചില രാഷ്ട്രീയനേതാക്കള്‍ പാതയുടെ അലൈന്‍മെന്റിനെതിരെ രംഗത്തെത്തികൊണ്ടിരുന്നു. അവരവരുടെ സ്വകാര്യ നേട്ടത്തിനനുസരിച്ച് പാത വളയ്ക്കാനും നിവര്‍ത്താനും ശ്രമിച്ചു. തമിഴ്‌നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചു നിന്ന് പാത പണി തീർത്ത് വണ്ടി ഓടിച്ചു തുടങ്ങിയേനെ. പല തരം തര്‍ക്കങ്ങള്‍, വേണ്ടത്ര ഫണ്ട് അനുവദിക്കായ്ക, രാഷ്ട്രീയഇച്ഛാശക്തി ഇല്ലായ്‌മ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് 'ശബരി റെയില്‍' എന്ന സ്വപ്‌നപദ്ധതി റെയിൽപ്പാളം പോലെ കൂട്ടിമുട്ടാതെ അനന്തമായി മുന്നോട്ടു പോകുന്നു. 

111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ പദ്ധതിയില്‍ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഭാഗികമായെങ്കിലും പണി നടത്തിയിട്ടുള്ളത് ആകെ 8 കിലോമീറ്ററിൽ; അങ്കമാലി മുതല്‍ കാലടി വരെ. ഒരു പക്ഷേ ലോക റെയില്‍ നിര്‍മാണ ചരിത്രത്തില്‍ ഇത് ഒരിക്കലും ഭേദിക്കാനാവാത്ത റെക്കോഡായിരിക്കണം. 1997-98 ൽ പദ്ധതിക്ക് അംഗീകാരം കിട്ടിയ സമയത്ത് 517 കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ച ചെലവ്. ഇപ്പോളത് ആയിരക്കണക്കിന് കോടികൾ ആയിട്ടുണ്ടാവും. കേന്ദ്ര റെയില്‍ മന്ത്രാലയം പണം മുടക്കി നടത്തുന്ന നിര്‍മാണത്തിന് സ്ഥലമേറ്റെടുത്ത് കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമേ സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നുള്ളു. ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും റെയില്‍വേ കൊടുക്കുമായിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടര്‍ ആണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാതയുടെ റൂട്ടും സ്ഥലം വിട്ടു നല്‍കലും സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടാകാൻ തന്നെ ഏറെ വർഷങ്ങളെടുത്തു. വലിയ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവപ്പെട്ടവരും സാധാരണക്കാരുമായ കുറെപ്പേര്‍ സ്വന്തം കിടപ്പാടം വരെ തര്‍ക്കങ്ങളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ വലിയ ഭൂവുടമകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലമെടുപ്പ് അട്ടിമറിച്ചു. അലൈന്‍മെന്റ് പലവട്ടം മാറ്റി മറിച്ചു. പദ്ധതിക്കുവേണ്ടി കല്ലിട്ടുപോയ സ്ഥലങ്ങള്‍ വില്‍ക്കാനോ, പണയപ്പെടുത്താനോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയില്ല. ഈ സ്ഥലങ്ങളുടെ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ എന്ന് പൂർത്തിയാകും എന്ന് ഒരുറപ്പും ഭൂവുടമകൾക്ക് ലഭിച്ചില്ല. കൃഷിസ്ഥലങ്ങളില്‍ ദീര്‍ഘകാലവിളകള്‍ വച്ചു പിടിപ്പിക്കാനും അനുവാദമില്ല. ഈ കുരുക്കില്‍ പാവങ്ങളും സാധാരണക്കാരും ശരിക്കും പെട്ടു പോവുകയും ചെയ്തു. 

ഇരുപതോളം പഞ്ചായത്തുകൾക്കും ആറോളം മുനിസിപ്പാലിറ്റികൾക്കും നേരിട്ട് ഗുണം ലഭിക്കേണ്ട പദ്ധതിയാണിത്. 10.1 കിലോമീററര്‍ ദൈര്‍ഘ്യമുളള 21 തുരങ്കങ്ങള്‍, 3 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങള്‍, 25 മേല്പാലങ്ങള്‍, 85 ലെവല്‍ ക്രോസുകള്‍, 15 സ്റ്റേഷനുകള്‍ ഇതൊക്കെയായിരുന്നു പദ്ധതിയിൽ വരാനിരുന്ന അടിസ്ഥാന സൗകര്യങ്ങൾ.  ഇങ്ങനെ മലയോര ഗ്രാമീണ മേഖലയുടെ പശ്ചാത്തല - സാമൂഹിക - സാമ്പത്തിക വികസനത്തിന് സഹായകമാകുന്ന പദ്ധതിയാണ് 17 വര്‍ഷമായി തര്‍ക്കങ്ങള്‍ തീരാതെ കിടക്കുന്നത്. കാര്‍ഷികമേഖലയ്ക്കും മലഞ്ചരക്കു വ്യാപാരത്തിനും ഈ പാത വന്‍ മുന്നേറ്റമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. റബ്ബര്‍, ഏലം, കുരുമുളക്, പൈനാപ്പിള്‍ എന്നിവ എളുപ്പം വിപണിയിലെത്തിക്കാന്‍ പാത സഹായകരമാകും. തീര്‍ഥാടനകേന്ദ്രങ്ങളായ കാലടി ശ്രീശങ്കര ജന്മസ്ഥാനം, മലയാറ്റൂര്‍ പള്ളി, കോതമംഗലം ചെറിയപള്ളി, തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും മൂന്നാർ, തേക്കടി, കോടനാട്, ഭൂതത്താൻകെട്ട്, വാഗമൺ തുടങ്ങി എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗമായിരുന്നു പദ്ധതി.

ഇടക്കാലത്ത്, പദ്ധതിവിഹിതത്തിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നയം വന്നതോടെയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അരികുവൽക്കരിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ കത്തെഴുതലും നിവേദനം കൊടുക്കലും നടക്കുന്നതല്ലാതെ പദ്ധതിനിർമ്മാണം കാര്യമായി നടക്കുന്നില്ല; നിലവിൽ കോടികൾ മുടക്കിയതു കൊണ്ട് പദ്ധതിയെ റയില്‍വേ പാടെ ഉപേക്ഷിക്കില്ല എന്നാണ് ജനങ്ങളുടെ പ്രതീക്ഷ; അങ്കമാലി കാലടി റീച്ചിൽ അവിടെയും ഇവിടെയുമായി നാമമാത്രമായ പണികൾ ഇപ്പോഴും നടക്കുന്നത് കൊണ്ട് ആ പ്രതീക്ഷ സജീവമായി നിലനിൽക്കുന്നു. 

അങ്കമാലി കാലടി റീച്ചിൽ പദ്ധതി ""പുരോഗമിക്കുന്നതിന്റെ"" ചില കാഴ്ചകൾ  






























വിവരങ്ങൾക്ക് വിവിധ മാധ്യമവാർത്തകളെയും ഇന്റെർനെറ്റിൽ ലഭ്യമായ വിശ്വസിക്കാവുന്നത് എന്ന് തോന്നുന്ന റിപ്പോർട്ടുകളെയുമാണ് ആശ്രയിച്ചിട്ടുള്ളത്. ചിത്രങ്ങൾ കൂടുതലും പദ്ധതിയുടെ വിവിധ പ്രദേശങ്ങളിൽ പോയി എടുത്തവയും ചിലത് മാധ്യമങ്ങളിൽ വന്നവയുമാണ്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 November 2018

അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടേണ്ടി വരുന്നവർ........

വികസനം വികസനം എന്ന മന്ത്രം ഉരുക്കൊഴിച്ചാണ് ഈയിടെയായിഎല്ലാ ഭരണാധികാരികളും അധികാരത്തില്‍ ഏറുന്നത്‌. വികസനമെന്നാൽ സഹസ്ര കോടി പദ്ധതികൾ എന്നു മാത്രമാണവർ അർത്ഥമാക്കുന്നത്. ഓരോ ജില്ലയിലും എയർ പോർട്ട്, അതിവേഗ റെയിൽപാതകൾ, എലിവേറ്റഡ് റോഡ് കോറിഡോറുകൾ, എട്ട് വരി - പതിനാറ് വരി ഹൈവേകൾ, വമ്പൻ തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ അങ്ങനെ അങ്ങനെ. പക്ഷെ, ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെ നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന പല പദ്ധതികളെയും എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുന്‍പ് ഒരു രാജ്യം എന്നാൽ എന്ത് എന്നും എന്തായിരിക്കണം ഒരു രാജ്യത്തെ വികസനം എന്നും കൂടി  അന്വേഷിക്കേണ്ടതുണ്ട്.

ഒരു രാജ്യം എന്നാൽ അടിസ്ഥാന പരമായി അതിന്റെ ഭൂപ്രദേശവും അതിലെ ജനങ്ങളുമാണ്. ഭൂപ്രദേശം എന്ന് പറയുമ്പോൾ ഭൂമി, അതിന്റെ ഫലഭൂയിഷ്ടത, കാട്, വെള്ളം, ഭൂഗർഭ വിഭവങ്ങൾ, വായു, അന്തരീക്ഷം തുടങ്ങിയ പ്രകൃതി വിഭവ സ്രോതസ്സുകളാണ്... ഒറ്റ വാക്കിൽ പരിസ്ഥിതി എന്ന് പറയാം. ജനങ്ങളെന്നാൽ, സമ്പന്നർ എന്ന ന്യൂനപക്ഷവും മദ്ധ്യവർഗ്ഗവും ദരിദ്രരും അടങ്ങുന്ന മഹാഭൂരിപക്ഷവും എന്നാണു മനസ്സിലാക്കേണ്ടത്. ഈ ഘടകങ്ങളുടെ മൊത്തത്തിലുള്ള വികസനമായിരിക്കണം യഥാർത്ഥ വികസനം. വികസനം മുഖ്യമായും രണ്ടു തരത്തിലാവണം ഉണ്ടാവേണ്ടത്. ഒന്നാമത്തേത്, വ്യാവസായിക വികസനം. വ്യാവസായിക നിർമ്മാണ മേഖലയിലെ പുരോഗതിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.  രണ്ടാമത്തേത്, മാനുഷിക വികസനം. എന്ന് വച്ചാൽ രാജ്യത്തെ ജനതയ്ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധമായ പരിസ്ഥിതി മുതലായവ ലഭ്യമാവുന്ന സാഹചര്യം. മൊത്തത്തിൽ ആ ജനതയുടെ നല്ല നിലവാരത്തിലുള്ള ജീവിതസാഹചര്യം. ഈ രണ്ടു തരം വികസനവും ഒരു പോലെ ഉന്നത നിലവാരത്തിലുള്ള ഒരു രാജ്യത്തെയാണ് വികസിത രാജ്യം എന്ന് പറയുന്നത്. എന്നാൽ മാനുഷിക വികസനം ഉന്നത നിലവാരത്തിലും

വ്യാവസായിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് മനുഷ്യവിഭവ ശേഷി ധാരാളമുണ്ടെങ്കിലും അവർക്ക് അർഹമായ തൊഴിലവസരങ്ങൾ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജനതയുടെ ഒരു നല്ല വിഭാഗത്തിന് തൊഴിൽ കണ്ടെത്താൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക പോകേണ്ടതായി വരും. ഇതിനൊരു നല്ല ഉദാഹരണമാണ് കേരളം. നേരെ മറിച്ച്, വ്യാവസായിക വികസനം ഉന്നത നിലവാരത്തിലും മാനുഷിക വികസനം താഴ്ന്ന നിലവാരത്തിലും ഉള്ള ഒരു രാജ്യത്ത് വ്യവസായങ്ങളും സംരഭകരും ധാരാളം ലാഭം ഉണ്ടാക്കുമെങ്കിലും ജനതയുടെ ജീവിത നിലവാരം വളരെ മോശമായിരിക്കും. ഈ പരിതസ്ഥിയിൽ ധനികർ വീണ്ടും വീണ്ടും ധനികരും ദരിദ്രർ വീണ്ടും വീണ്ടും ദരിദ്രരും ആയി മാറും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തീരെ മോശമല്ലാത്ത തോതിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. 

വിവിധ കക്ഷികൾ കാലാകാലങ്ങളിൽ മാറി മാറി ഭരിച്ചിട്ടും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ 
ലഭ്യമാക്കൽഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, അപാരമ്പര്യ ഊർജോൽപ്പാദനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൗകര്യങ്ങളുടെ വ്യാപനം, കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ- സൗകര്യങ്ങൾ ലഭ്യമാക്കൽനിലവിലുള്ള റോഡിന്‍റെയും റെയിലിന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യസംസ്കരണം, പൊട്ടിത്തകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കൽ, ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കൽ, നഗര വികസനം മുതലായ കാര്യങ്ങളിൽ  നമുക്ക് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശത-സഹസ്ര കോടികൾ ചെലവ് വരുന്ന പദ്ധതികളോടാണ് നമ്മുടെ ഭരണാധികാരികൾക്ക് പ്രേമം. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ വികസന പദ്ധതികൾ. 


ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ തത്വം ആധുനിക ഗാന്ധി ശിഷ്യന്മാർ തന്നെ വലിച്ചു ദൂരെയെറിഞ്ഞു. ഇടക്കാലത്ത് മാറി ഭരിച്ചവരും ഈ തത്വത്തിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇന്ത്യ പോലെ ഉള്ള, ദരിദ്ര-അവികസിത ഗ്രാമങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് അധികാര വികേന്ദ്രീകൃത വികസനമാതൃകകളാണ് അഭികാമ്യം. ഇത് വഴി, സാധാരണക്കാരന് വേണ്ടി സാധാരണക്കാരൻ ഭരിക്കുന്ന ഒരു സംവിധാനം ഉറപ്പു വരുത്താൻ കഴിയും. ഓരോ ചെറു പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന വികസനം അങ്ങനെ പൊതു പങ്കാളിത്തത്തോടെയും അവരുടെ മേൽനോട്ടത്തിലും നടപ്പിൽ വരുത്താൻ കഴിയും. അങ്ങനെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം ഇപ്പോഴുള്ളതിന്റെ പകുതി മതി എന്ന സ്ഥിതി സംജാതമാകും. ഇപ്പോഴുള്ള ഭരണ സംവിധാനങ്ങൾ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഇന്ത്യയിലെ വികസനമേഖലയിൽ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാൻ ഒരു വഴിയും കാണുന്നില്ല.

ഓരോ വികസനപദ്ധതികളും  സര്‍ക്കാര്‍  നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല.  റോഡും പാലവുമടക്കം സകല പദ്ധതികളും ഇന്ന് ''ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍'' അടിസ്ഥാനത്തിലാണ് പൊതുവെ നിര്‍മ്മിക്കപ്പെടുന്നത്. ബി.ഒ.ടി. പദ്ധതി എന്നാണു ഇതിന്റെ ഓമനപ്പേര്. വന്‍ മുതല്‍ മുടക്കുള്ള പദ്ധതികൾ സര്‍ക്കാര്‍, വമ്പൻ ബി.ഒ.ടി. ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളെ ഏൽപ്പിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കു മുതല്‍ ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കാൻ ബി.ഒ.ടി. കമ്പനികളെ അധികാരപ്പെടുത്തുന്നു. പദ്ധതി കമ്മീഷൻ ചെയ്യുന്ന അന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളോ പാലങ്ങളോ മറ്റു പദ്ധതികളോ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്ത സംഭവങ്ങൾ വിരളമാണ്. ചില സഹസ്ര കോടി പദ്ധതികളിൽ ജനം
ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടി വരുമെന്നാണ് കേൾക്കുന്നത്. ബി.ഒ.ടി. കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ എവിടെ തിരിഞ്ഞാലും ടോള്‍ കൊടുക്കണം എന്ന അവസ്ഥ സംജാതമാകാനിടയുണ്ട്. അതല്ലെങ്കിൽ പി.പി.പി. (പബ്ലിക്ക്  പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ആണ് വൻ പദ്ധതികൾ കൊണ്ട് വരാറ്. ഇവിടെയും നിസ്സഹായരായ പൊതു ജനമാണ് ഇരയായി തീരാറുള്ളത്. നവ വികസനത്തിന്റെ അപ്പസ്തോലന്മാരായി നിന്ന് കയ്യടി വാങ്ങുന്ന നേതാക്കന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടേണ്ട വിഹിതം BOT കമ്പനികളിൽ നിന്ന് കൃത്യമായി കിട്ടുന്നുണ്ടെന്നാണ് കിഴക്കൻ കാറ്റ് പറയുന്നത്. നവ ഹൈ ടെക്ക് വികസനത്തിന്റെ കുഴലൂത്തുകാരായ സര്‍ക്കാരും ടെക്‌നോക്രാറ്റുകളും മാധ്യമങ്ങളും ചേർന്ന്, ഇതിനെയൊക്കെ അനുകൂലിക്കാത്തവരെ വികസനം മുടക്കുന്ന മൂരാച്ചികളായിചിത്രീകരിക്കുമ്പോൾത്തന്നെ  ഇതിനെയെല്ലാം അനുകൂലിക്കുന്നവരെ മിടുക്കന്മാരായി വാഴ്ത്തുന്നു. 

ഭൂരിഭാഗം വരുന്ന ജനതയ്ക്ക് അപ്പിയിടാൻ കക്കൂസില്ലാത്ത ഈ നാട്ടിൽ, ഏഴു ദിവസവും തികച്ചു കുടിവെള്ളം കിട്ടാത്ത ഈ നാട്ടിൽ, വീട്ടിൽ നിന്നിറങ്ങിയാൽ ഒന്ന് പെടുക്കണമെങ്കിൽ മരത്തിന്റെ മറവ് തേടേണ്ട ഈ നാട്ടിൽ, എന്തിന്, സ്വന്തം പൗരന്മാരുടെ കൃത്യമായ എണ്ണം പോലും ഭരണകൂടത്തിന് നിശ്ചയമില്ലാത്ത ഈ നാട്ടിൽ, മുഴുവൻ പൗരന്മാർക്ക് തിരിച്ചറിയൽ രേഖ പോലുമില്ലാത്ത ഈ നാട്ടിൽ, സഹസ്ര കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ രോമാഞ്ചമുണ്ടാവുന്ന ഭരണാധികാരികളും പൗരന്മാരും ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തലയ്ക്കു ഓളം വെട്ടുള്ളവരുടെ എണ്ണം കൂടുന്നു എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം.

ഏതൊരു നവ വികസന പദ്ധതിയെയും പരിസ്ഥിതി വിരുദ്ധം, ജനവിരുദ്ധം എന്നൊക്കെ പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം പോലും ഇപ്പോൾ ഇത്തരം പദ്ധതികളുടെ വക്താക്കൾ ആയിക്കൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ ഒരു അരക്ഷിത മാനസികാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്. 

ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ സജീവമായി ചർച്ച ചെയ്തിരുന്ന വിപുലമായ സാംസ്കാരിക സമൂഹവും ഇന്നേതാണ്ട് നിശബ്ദമായിരിക്കുന്നു. വികസനത്തിന് ഒരു വിധത്തിലുള്ള മാനുഷിക മുഖവും വേണ്ട എന്ന് തീരുമാനിച്ച് ക്രൂരമായ നീതി നിരാസത്തിലൂടെയാണ്  നമ്മുടെ കൊച്ചു കേരളം പോലും അതിവേഗം നീങ്ങുന്നത്. ഏതൊരു വികസത്തെ മുന്നോട്ടു വയ്ക്കുമ്പോഴും ഒരു വികസന വിരുദ്ധ ന്യൂനപക്ഷം പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന ആക്രോശങ്ങൾക്ക് ശക്തി കൂടി വരുന്നു. ആ പദ്ധതി കൊണ്ട് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെടുന്ന ഇരകളും ചുരുക്കം ചില സത്യാന്വേഷികളും പരിസ്ഥിതി വാദികളും മാത്രമാണീ വികസന വിരുദ്ധ ന്യൂനപക്ഷം. 




വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്. അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍.... മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെ മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും  ജനങ്ങള്‍ മറന്നിട്ടില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല.


ജനതയുടെ ബഹു ഭൂരിപക്ഷത്തിനും ഉപയോഗപ്പെടുന്ന വികസനം അത്യാവശ്യമാണ്? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. 
ഒരു ദേശത്ത് ജീവിക്കുന്ന എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിനു സാധിക്കുന്നിടത്താണ് വികസനത്തിനു ആത്മാവ് ഉണ്ടാവുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങൾ കൊണ്ട് വന്നാലും യഥാർത്ഥ വികസനം യാഥാര്‍ത്ഥ്യമാകില്ല. താഴേത്തട്ട് മുതൽ നടപ്പാക്കേണ്ട ഒഴിവാക്കാനാവാത്ത അടിസ്ഥാന ആവശ്യങ്ങളെ ചിട്ടയായ പഠനങ്ങളിലൂടെ കണ്ടെത്തി അത് നടപ്പാക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കു വേണം. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും നമ്മൾ നേടിയെടുക്കെണ്ടതുണ്ട്. 

ഇതിനെല്ലാം പുറമെ കണ്ടു വരുന്ന പുതിയ വേഷം കെട്ടലാണ് പ്രതിമ നിർമ്മാണം. 3000-ത്തോളം കോടി രൂപ ചിലവാക്കി ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സ്ഥാപിക്കപ്പെട്ട 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വെങ്കലപ്രതിമയുടെയും അനുബന്ധ സ്മാരകത്തിന്റെയും പദ്ധതി ഇന്നലെ "രാജ്യത്തിന് സമർപ്പിക്കപ്പെട്ടതേയുള്ളൂ"!!!. പദ്ധതി പ്രതികൂലമായി ബാധിച്ച 75000-ത്തോളം കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമ നിർമ്മാണം പുരോഗമിച്ചത്. പദ്ധതിക്കായി ആയിരക്കണക്കിന് ഏക്കറുകൾ ഏറ്റെടുത്തപ്പോൾ 72 ഗ്രാമങ്ങളെയാണ് അതിന്റെ ആഘാതം ഏൽപ്പിച്ചത്. അതി രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം വേണ്ട വിധത്തിൽ നടന്നിട്ടില്ല എന്ന ആരോപണമുണ്ട്.  3600 കോടി ചെലവിട്ടാണ് മഹാരാഷ്ട്രയിൽ മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ​ അറബിക്കടലിൽ ഛത്രപതി ശിവജി സ്മാരകപ്രതിമ സ്ഥാപിക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​  210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുന്നത്. ലോകത്തിപ്പോൾ നിലവിലുള്ള ഭീമാകാര പ്രതിമകളുടെ പല മടങ്ങ് വലിപ്പമുള്ള പ്രതിമകളാണ് ഇപ്പോൾ പറഞ്ഞതെല്ലാം. 

ഇപ്പറഞ്ഞതൊക്കെ വിട്ടേക്ക്..... ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഏകദേശ എണ്ണം പോലും അഞ്ച് പൂജ്യത്തിന് റൌണ്ട് ചെയ്ത് പറയാൻ നമ്മുടെ ഭരണകൂടത്തിന് കഴിയുമോ എന്ന കാര്യം ഒരു സംശയമാണ്. ചേരികളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി ജീവിക്കുന്ന "ഹിന്ദുസ്ഥാനി" ഏതു കാനേഷുമാരി കണക്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഭാരത്തിലെ മൊത്തം പൗരന്മാരുടെ എണ്ണം ഒരു +/- 100000 error factor ഇട്ട് എങ്കിലും പറയാൻ ഇവിടത്തെ ഭരണാധികാരികൾക്ക് കഴിയുമോ.... ഇല്ല.... സഹസ്രകോടികൾ ചിലവഴിച്ചിട്ട് എല്ലാ പൗരന്മാർക്കും ആധാർ കാർഡ് കൊടുക്കാൻ പറ്റിയോ....ഇല്ല ഇല്ല.....അതൊക്കെ വിട്ടോ....ഈ നാട്ടിലെ so called പൗരന്മാർക്ക് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എങ്കിലും ഉറപ്പ് വരുത്താൻ പറ്റിയിട്ടുണ്ടോ...ഇല്ലേയില്ല !!??? ഇവിടത്തെ മനുഷ്യജീവികൾക്കെല്ലാം ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐ ഡി കാർഡോ മേൽവിലാസമോ ഉറപ്പാക്കിയിട്ട് പോരെ സാർ സഹസ്രകോടികൾ ചിലവഴിച്ചുള്ള ബൃഹത്പദ്ധതികൾ. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിട്ട് അതിൽ അഭിരമിക്കുന്ന ഈ വൃത്തികേട് ആരെ എന്ത് ബോധ്യപ്പെടുത്താനാണ്‌ സാർ.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവർക്ക് ലഭിക്കേണ്ട അടിസ്ഥാന ജീവിത സൗകര്യങ്ങളെ അവഗണിച്ചു കൊണ്ടും നിഷേധിച്ചു കൊണ്ടും ഇല്ലായ്മ ചെയ്തു കൊണ്ടും, ഒരു ക്ഷേമരാഷ്ട്രത്തിൽ ഏറ്റവും അവസാനം മാത്രം നടപ്പിലാക്കേണ്ട നവ ഹൈടെക്ക് വികസന പദ്ധതികളും ഭീമാകാര പ്രതിമകൾ പോലുള്ള കേവല പ്രദർശന പരമായ കപടസമ്പദ് നാട്യങ്ങളും ആദ്യമേ ഇറക്കുമതി ചെയ്യാന്‍ തുനിയുമ്പോൾ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ളീലം ആയിരിക്കും.


അത് കൊണ്ട്, ഭരിക്കുന്നവർ ഒരു കാര്യം ഓർക്കണം......

കോണകമുടുക്കാതെ പാളത്താറുടുക്കാൻ നിങ്ങൾ ഈ ദരിദ്ര ജനതയെ നിർബന്ധിക്കുന്നത്..... 

അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?


ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?


കോരൻ ഒരു വികസന നായകൻ ആയ കഥ................



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 2 October 2018

അഭിവന്ദ്യ ഫ്രാങ്കോയുടെ ജയിൽ വാസവും ചില സുവിശേഷഭാഗ്യങ്ങളും !!!


പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ലാത്ത വേദപുസ്തക ഭാഗമാണ് ഗിരിപ്രഭാഷണം...

എട്ട് സുവിശേഷ ഭാഗ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന മഹത്തായ വേദപാഠം... 

വചനപുസ്തകത്തിന്റെ തന്നെ രത്നചുരുക്കമായാണ് ഗിരിപ്രഭാഷണത്തെ കരുതിപ്പോരുന്നത്. യേശു, തന്റെ അനുയായികൾക്ക് അവശ്യം ഉണ്ടായിരിക്കണമെന്ന് കരുതുന്ന ധാർമ്മികവും നീതിനിഷ്ഠവും ആത്മീയവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കാം. അത് ഏകദേശം താഴെപ്പറയുന്ന രീതിയിലാണ്.

അവൻ പുരുഷാരത്തെ കണ്ടപ്പോൾ മലയിലേക്ക് കയറി പഠിപ്പിക്കാനാരംഭിച്ചു.

1. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

2.  ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വസിപ്പിക്കപ്പെടും. 

3. സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

4. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തരാകും.

5. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

6. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

7. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

8. നീതിക്ക് വേണ്ടി പീഢയനുഭവിക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

എന്നെ പ്രതി മറ്റുള്ളവർ നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.

മേൽപ്പറഞ്ഞ എട്ട് സൗഭാഗ്യങ്ങളെയും അവ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചാൽ സൗഭാഗ്യങ്ങൾ ഏഴേ ഉള്ളൂ എന്ന് കാണാം; കാരണം നാലും എട്ടും നീതിയെപ്പറ്റി തന്നെയാണ് പറയുന്നത്. ആവർത്തിച്ചത് കൊണ്ട് തന്നെ അത് പരമപ്രധാനമായിട്ടാണ് യേശു കാണുന്നതെന്ന് കരുതാം. അതേ സാമാന്യ നീതിയുടെ വാതിലുകൾ പരാതിക്കാരിയുടെ മുന്നിൽ നിർദ്ദയം കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് അവൾ പൊതുസമൂഹത്തെ സമീപിച്ചതും ഒരു വലിയ സമൂഹം അവൾക്ക് പുറകിൽ നിലകൊണ്ടതും. ഫ്രാങ്കോയ്ക്കാണെങ്കിൽ വന്ദ്യ പിതാക്കന്മാരുടെയും സന്യസ്തരുടെയും പരസ്യ പിന്തുണ; രാഷ്ട്രീയക്കാരുടെ അപ്രഖ്യാപിത ഐകദാർഢ്യം; ധ്യാനഗുരുക്കന്മാരുടെ പ്രാർത്ഥനാ സഹായങ്ങൾ; സോഷ്യൽ മീഡിയ സിങ്കങ്ങളുടെയും ചാനൽ ചർച്ചാപുലികളുടെയും വാഴ്ത്തുപാട്ടുകൾ; എന്തിനേറെ പറയുന്നു; പ്രഖ്യാപിത ശത്രുക്കളായിരുന്ന അറക്കൽ മത്തായിച്ചനും പ്ലാത്തോട്ടം വക്കച്ചനും ഫ്രാങ്കോയ്ക്ക് വേണ്ടി ഒന്നായി. 

"അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ബന്ധിതർക്ക് മോചനവും നല്കുവാനാണ്" യേശുക്രിസ്തു വന്നതെന്നാണ് എന്റെയൊരു ധാരണ. അടിച്ചമർത്തപ്പെട്ടവളെ അവഗണിക്കുകയും ബന്ധിതനെ പരിഗണിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ ആകെ കുഴയുന്നത്. ഇവിടെ സഭാ നേതൃത്വവും വിശ്വാസികളിൽ ചിലരും സമൂഹത്തിലെ ചില ഉന്നതരും പരാതിക്കാരിയെ വീണ്ടും വീണ്ടും ഇകഴ്ത്താനും കടുത്ത അവഗണനയുടെ അനുഭവം സമ്മാനിക്കാനുമാണ് കിണഞ്ഞു ശ്രമിക്കുന്നത്; അതെ സമയം അവർ നിയമപരമായി കുറ്റാരോപിതനായ ജയിലിലടയ്ക്കപ്പെട്ട ആളെ വെള്ളപൂശാൻ ആവത് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. 

എന്തായാലും പരാതി ഫയൽ ചെയ്യപ്പെട്ടിട്ടും പത്ത് തൊണ്ണൂറ് ദിവസം സർവ്വ തന്ത്ര സ്വതന്ത്രനായി നടക്കാൻ പറ്റിയില്ലേ; മുന്തിയ സ്വാമിമാർക്കും മുല്ലാക്കമാർക്കും രാഷ്ട്രീയനേതാക്കൾക്കും സിനിമാ നടന്മാർക്കും ഒന്നും കിട്ടാതെ പോയ ആനുകൂല്യമാണത്. എന്തായാലും കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ കയ്യിൽ നിന്നില്ല;  അകത്ത് പോകേണ്ടി വന്നു; കുറച്ച് ദിവസം സർക്കാർ ഭക്ഷണം കഴിക്കട്ടേന്ന്; അഥവാ, അദ്ദേഹം നീതിക്ക് വേണ്ടിയാണിതൊക്കെ സഹിക്കുന്നതെങ്കിൽ ഗിരിപ്രഭാഷണ വാഗ്ദാനമനുസരിച്ച് തൃപ്തിയും സ്വർഗ്ഗരാജ്യവും ഒക്കെ വഴിയേ കിട്ടിക്കോളും. ഇല്ലെങ്കിൽ സർക്കാർ ഭക്ഷണം തുടർന്നും കഴിക്കേണ്ടി വരികയും ചെയ്യും. എന്ത് ചെയ്യാനാ... കർത്താവിന്റെ കുഞ്ഞാടുകളെ ഭരമേല്പിച്ചിരിക്കുന്ന ഇടയനെ കാക്കാൻ കർത്താവിന് പറ്റിയില്ലെങ്കിൽ പിന്നെ അനുഭവിക്കുക തന്നെ !!! അവന് തീർച്ചയായും നല്ല മുന്തിയ ഒരു പദ്ധതി കാണും; കാരണം, എന്റെ കർത്താവ് വെറും പോഴനല്ല !!! 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക