ഞാൻ വെറും പോഴൻ

Monday, 17 March 2014

രണ്ടു കുതിരച്ചന്തികളുടെ വീതിയും പെരുന്നയിലെ പോപ്പും ഇടുക്കി ബിഷപ്പും.....


ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.
ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു.


അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.


വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ?  കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.


എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.


എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 


ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

എന്നാലും, ഇപ്പോള്‍ ഈ കുതിരച്ചന്തികളുടെ കാര്യം ഓര്‍മ്മയില്‍ വന്നത് സമകാലീന കേരള രാഷ്ട്രീയ രംഗത്തെ സാമുദായിക നേതാക്കളുടെ ഇടപെടലുകള്‍ കണ്ടപ്പോഴാണ്. ഇവിടെ രാഷ്ട്രീയക്കാരും ഭരിക്കുന്നവരും എന്താണ് ചെയ്യേണ്ടത്, ഏതു രീതിയിലാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ചില സമുദായ നേതാക്കളാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് എന്നതാണ് ജനാധിപത്യത്തിന്റെ മഹത്തായ സങ്കല്പം. പക്ഷേ, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഗവണ്‍മെന്റും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഹൈ ജാക്ക് ചെയ്യപ്പെടുകയും സ്വന്തം താല്പര്യത്തിനു വേണ്ടി അവ ഉപയോഗിക്കപ്പെടുമ്പോള്‍ ജനാധിപത്യം എന്ന "സങ്കല്പം" മാതാധിപത്യം, സമുദായാധിപത്യം, ജാതിയാധിപത്യം എന്നൊക്കെ ഉള്ള രീതിയില്‍ തരം താഴ്ത്തപ്പെടും. അതായത് ഒരു ജനാധിപത്യ സംവിധാനത്തിന്റെയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തെയും അവയുടെ ഭരണപരവും നയപരവുമായ പല കാര്യങ്ങളിലും വരുന്ന അന്തിമ തീരുമാനങ്ങളെയും എല്ലാം നിശ്ചയിക്കുന്നത് ചില സാമുദായിക നേതാക്കന്മാരുടെ ഇംഗിതങ്ങളും മനോരാജ്യങ്ങളും ഒക്കെയാണ് എന്നത് പൊതുജനത്തിനെ അമ്പരപ്പിക്കുന്നതാണ്. എടുക്കുന്ന ഓരോ തീരുമാനത്തിനും പിന്നിലും നമ്മള്‍ ഊഹിക്കാനാവുന്നതിനേക്കാള്‍ ഒരുപാട് ഒരുപാട് അകലെ ഉള്ള മറ്റു പലരുടെയും തീരുമാനങ്ങള്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.




കേരളത്തിലെ ഭരിക്കുന്ന മുഖ്യ പാര്‍ട്ടിയുടെ പരമോന്നതന്‍ പെരുന്നയിലെ സമുദായ ആസ്ഥാനം സന്ദര്‍ശിച്ചിട്ടു സമുദായ പ്രമുഖനെ സന്ദര്‍ശിക്കാതിരുന്നതിനു നടന്ന പുകില്‍ എന്തായിരുന്നു. താന്‍ ആ സമുദായത്തിന്റെ പോപ്പ് ആണെന്ന് വരെ അദ്ദേഹം വിളിച്ചു പറഞ്ഞു. അത് കേട്ട മറ്റൊരു സമുദായ ഉടമസ്ഥന്‍ പെരുന്നയിലെ പോപ്പിനെ കയറി മന്ദബുദ്ധി എന്ന് വിളിച്ചിരിക്കുന്നു. ഈ പറഞ്ഞ നേതാവിനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത സമുദായ പ്രമാണി ആണ് ഇപ്പോള്‍ നേതാവ് തന്റെ ആളാണെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഇതൊക്കെ ഒന്ന് കെട്ടടങ്ങി കഴിഞ്ഞപ്പോഴേക്കും ഒരു നല്ല ഇടയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു വോട്ടും അനുഹ്രഹവും തേടാന്‍ ചെന്ന ഒരു കുഞ്ഞാടിനെ ആഘോഷമായി അധിക്ഷേപിച്ചു ഇറക്കി വിട്ടു. രണ്ടു സംഭവങ്ങളിലും ഒരു ബലരാമന്‍ കയറി സമുദായ ഉടമസ്തന്മാര്‍ക്കെതിരെ കോപ്പ്, നികൃഷ്ട ജീവി മുതലായ വാമൊഴി വഴക്കങ്ങള്‍ എടുത്തു പ്രയോഗിച്ചു. എന്തായാലും പിണറായി ഈ വാക്ക് ഉപയോഗിച്ചപ്പോള്‍ ഇടയന്മാര്‍ തിരിച്ചടിച്ചത് രണ്ടാം വിമോചന സമരം എന്ന ചീട്ടിറക്കിയായിരുന്നു. എന്നാല്‍ ഇത്തവണ ആ ചീട്ടു ഇത് വരെ ഇറക്കിയിട്ടില്ല. ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങി സര്‍വ്വ നിയമ നിര്‍മ്മാണ സഭകളും, തങ്ങളുടെ സഭയുടെ ഉപ സഭകളാണ് എന്നാണ് തിരുമേനിമാര്‍ കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. സമുദായ നേതാക്കന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവര്‍ ആകരുതെന്നു ഗുണദോഷിച്ച ആള്‍ ഇരിക്കുന്ന സമിതി തന്നെ ബലരാമനെ വിളിച്ചു ചെവിക്കു പിടിച്ചു വായില്‍ ഒരു പ്ലാസ്റ്ററും ഒട്ടിച്ചു വിട്ടു തല കഴുത്തിലാക്കി. തിരഞ്ഞെടുപ്പാണ്...വയറ്റിപ്പിഴപ്പാണ് പ്രധാനം എന്ന് ഈ ബലരാമന്‍മാരോട് ഈ നേതാക്കന്മാരല്ലാതെ ആര് പറഞ്ഞു കൊടുക്കും. കൊടിയുടെ നിറം ഏതായാലും വോട്ട് ചെയ്യേണ്ട പൊതുജനങ്ങളെക്കാണുന്നതിനു മുന്‍പേ നേതാക്കള്‍ ആദ്യം പോകുന്നത് ജാതി മത സമുദായ സംഘടനകളുടെ ആസ്ഥാനങ്ങളിലെക്കാണ്. മതം ഏതായാലും വോട്ട് കിട്ടിയാല്‍ മതി എന്നതാണ് പൊതു മുദ്രാവാക്യം. (കേന്ദ്രത്തില്‍ ഈ സമുദായ നേതാക്കളുടെ സ്ഥാനത്ത് വമ്പന്‍ കോര്‍പ്പറേറ്റുകളും അവരുടെ സപ്പോര്‍ട്ടിംഗ് മാധ്യമങ്ങളും ആണെന്നാണ്‌ ആം ആദ്മി നേതാവ് അരവിന്ദ്‌ കേജ്രിവാള്‍ ആരോപിക്കുന്നത്)

കേരളത്തിലെ പത്രം വായിക്കാത്തവരും ടിവി കാണാത്തവരും ഉള്ള ബുദ്ധി മൊത്തത്തില്‍ പണയം വച്ചവരും ആയ ഒരു ന്യൂനപക്ഷം ഒഴികെ ഒരു സമുദായ അംഗങ്ങളും തന്നെ ഈ സമുദായ നേതാക്കന്മാര്‍ പറയുന്നതിന് അനുസ്സരിച്ച് വോട്ടു ചെയ്യാറില്ല എന്നതാണ് സത്യം. ഈ ബ്ലാക്ക്‌ മെയില്‍ രാഷ്ട്രീയം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ തീരുമാനിക്കണം. പക്ഷെ മിക്കവാറും രാഷ്ട്രീയ നേതാക്കളെയും സ്പോണ്‍സര്‍ ചെയ്യുന്നതും അവരെ ഓരോ സ്ഥാനങ്ങളില്‍ അവരോധിക്കുന്നതും അതത് സമുദായങ്ങള്‍ ആകുമ്പോള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല. താക്കോല്‍ സ്ഥാനങ്ങളില്‍ നമ്മുടെ സമുദായക്കാരെ പ്രതിഷ്ഠിക്കാന്‍ വേണ്ടി സമുദായ ഉടമസ്ഥന്മാര്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ അതിനു മൌനാനുവാദം നല്‍കുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ് മുഖ്യ പ്രതികള്‍.  ജാതിയുടെയും സമുദായത്തിന്റെയും മറ്റു പ്രത്യേകതകളുടെയും പേരില്‍ ജനത്തിന്റെ ഇടയില്‍ സ്പര്‍ധ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അതിനെ എതിര്‍ത്ത് തോല്പ്പിക്കേണ്ടത് ഇവിടത്തെ പ്രബുദ്ധരായ ജനങ്ങളും അവരെ ഭരിക്കുന്ന രാഷ്ട്രീയക്കാരും ആണ്. 

Last Lap : ഇന്ന് ഫേസ്‌ബുക്കില്‍ കണ്ടത് "പത്ത് വോട്ട് കിട്ടുമെന്ന് ആരു പറഞ്ഞാലും അവിടെയെല്ലാം നമ്മള്‍ എത്തും. ഇതിന് ഇടതുവലതു ഭേദം ഇല്ല. മന്നം സമാധിയിലെ നിത്യസന്ദര്‍ശകരില്‍ സുരേഷ് കുറുപ്പെന്നോ പിജെ കുര്യന്‍ എന്നോ ഭേദമില്ലാത്തതും അതു കൊണ്ടാണ്. എന്നാല്‍ ഇവിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചില നിലപാടുകളെ നമ്മള്‍ ബഹുമാനത്തോടെ വീക്ഷിക്കേണ്ടി വരുന്നത്. ലാവലിന്റെ പേരിലോ ടിപി വധക്കേസിന്റെ പേരിലോ നിങ്ങള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം. പക്ഷെ തിരുകേശം ആരാധനയ്ക്ക് വച്ചപ്പോള്‍ അത് ഇസ്ലാം വിരുദ്ധമാണെന്ന് പറയാനും അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മുഖം നോക്കാതെയുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനും കേരളത്തില്‍ ഒരൊറ്റ രാഷ്ട്രീയ നേതാവേ ധൈര്യപ്പെട്ടുള്ളു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കാതെ നിര്‍വാഹമില്ല."



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Sunday, 16 March 2014

ഈ പരമ്പരാഗത രാഷ്ട്രീയഓന്തുകള്‍ ഒക്കെക്കൂടി എന്നെ ആം ആദ്മിയാക്കും......

സാധാരണയായി ലോക്സഭ - നിയമസഭ  വോട്ടു കുത്ത് പെരുന്നാള് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ പൊതു ജനത്തിന് ഒരു രസമാണ്. മുന്‍കാലങ്ങളിലെ പതിവ്‌ ഒന്നോര്‍ത്തു നോക്കാം. 

ഇടതു പക്ഷ "ജനാധിപത്യ" മുന്നണി (എല്‍ ഡി എഫ്) എത്രയും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു പ്രഖ്യാപിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അത് വരെ ഘടക കക്ഷികള്‍ തമ്മിലും പാര്‍ട്ടിക്കുള്ളിലും ഉള്ള പ്രശ്നങ്ങളെ ഭദ്രമായി പൊതിഞ്ഞു കെട്ടി പരണത്തു വയ്ക്കും. പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞേ അത് പുറത്തെടുക്കൂ. മുന്നണിയിലെ ജനപ്രിയനും എന്നാല്‍ ചെണ്ട സമാനനുമായ കാരണവരെ എല്ലാ പോസ്റ്ററിലും പ്രചാരണ യോഗങ്ങളിലും കുടിയിരുത്തും.

ആ സമയത്തായിരിക്കും "ഐക്യ""ജനാധിപത്യ" മുന്നണി(യു ഡി എഫ്) യുടെ സീറ്റ്‌ വിഭജനം തുടങ്ങാന്‍ പോകാന്‍ പോകുന്നത്. ലീഗിന് വേണ്ട സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്ര് പൊതുവേ ചര്‍ച്ച നടത്താറില്ല. ലീഗ് അവരുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ്‌ അതങ്ങു സമ്മതിച്ചേക്കും. പിന്നെയുള്ളത് കേരള കോണ്‍ഗ്രസ്‌ ആണ്. അവര്‍ പല ആവശ്യങ്ങള്‍ ഉന്നയിക്കും. അടുത്ത രാജ്യ സഭാ സീറ്റിനു പരിഗണിക്കാം, യുവ എം പി യെ കേന്ദ്രമന്ത്രിയാക്കാം എന്നൊക്കെ പറയുമ്പോള്‍ അവരും അനുസരണയുള്ള നല്ല കുട്ടികളാവും. മുന്നണിയിലെ മറ്റു അത്താഴം മുടക്കി പാര്‍ട്ടികള്‍ എന്തെങ്കിലും നക്കാപ്പിച്ച ഒക്കെ കൊടുത്താല്‍ എവിടെയെങ്കിലും കുത്തിയിരുന്നോളും. ഇനി ബാക്കിയുള്ളത് കോണ്‍ഗ്രസിന്റെ സീറ്റ്‌ പങ്കു വയ്ക്കലാണ്. അത് പറഞ്ഞു തുടങ്ങിയാല്‍ ചിരിച്ചു ചിരിച്ചു മരിക്കുമായിരുന്നു. ഒരു തവണ കുറെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു ചുവരെഴുത്തും ബാനര്‍ എഴുത്തും (അന്ന് ഫ്ലക്സ്‌ ഇത്ര പോപ്പുലര്‍ ആയിട്ടില്ല) മറ്റു പ്രചരണവും ഒക്കെ തുടങ്ങിക്കഴിഞ്ഞ സ്ഥാനാര്‍ത്ഥികളെ മാറ്റി, ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ പുതിയ 
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ചരിത്രമുണ്ട് കോണ്‍ഗ്രസിന്‌. പിന്നെ, എതിര്‍ പക്ഷത്തിന്റെ കഴിഞ്ഞ ടേമിലെ ഭരണമിടുക്കിന്റെ കൂടുതല്‍  കൊണ്ട് ഈ പറഞ്ഞവര്‍ പോലും ജയിച്ചു എന്നതാണ് രസകരമായ മറ്റൊരു സംഭവം. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ ഏറ്റവും മുതിര്‍ന്ന നേതാവ് കണ്ണിറുക്കി കാണിച്ചു വെളുക്കെ ചിരിച്ചു ലഡ്ഡു വിതരണം ചെയ്ത "അഭിനവ പൊളിറ്റിക്കല്‍ സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റും" കേരള വോട്ടര്‍മാര്‍ കണ്ടിട്ടുണ്ട്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ ഏതാണ്ട് ഇപ്പ്രകാരമായിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ കേരളത്തിലെ മൊത്തം വോട്ടര്‍ പട്ടികയുടെ ഏതാനും കോപ്പികളുമായി ഒരുമിച്ചു കൂടും. അതില്‍ ഇടതുമുന്നണി അനുഭാവികള്‍, മറ്റു പാര്‍ട്ടികളുടെ അനുഭാവികള്‍, മരിച്ചു പോയവര്‍ എന്നിവരുടെ പേരുകള്‍ വെട്ടിക്കളയും. പിന്നെ ബാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടിക. ഇതില്‍ നിന്നും ഗ്രൂപ്പ്‌, ഉപ ഗ്രൂപ്പ്‌, കുറു ഗ്രൂപ്പ്‌, മറു ഗ്രൂപ്പ്‌, തിരുത്തല്‍ വാദികള്‍, ഗ്രൂപ്പ്‌ വിരുദ്ധ ഗ്രൂപ്പ്‌, ഐക്യ ഗ്രൂപ്പ്‌, ഐക്യ വിരുദ്ധ ഗ്രൂപ്പ്‌  ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ ഒരു ആയിരം ആയിരത്തഞ്ഞൂറു പേരുടെ പട്ടിക ഉണ്ടാക്കും. അടുത്ത ഊഴം ഹൈകമാന്‍ഡിന്റെതാണ്. പല തവണ ഹൈകമാന്‍ഡിന്റെ അടുത്ത് ഈ പട്ടിക കൊണ്ട് പോയി വന്നു, വീണ്ടും പോയി വന്ന്, പിന്നെയും പോയി വന്ന് ഒരു കണക്കിന് പട്ടിക പൂര്‍ത്തിയാക്കും. പിന്നെ അങ്ങോട്ട്‌ കാലു വാരല്‍, വോട്ടു മറിക്കല്‍, കുതികാല്‍ വെട്ടല്‍ മുതലായ പരിപാടികളുമായി തിരഞ്ഞെടുപ്പിനെ നേരിടും. എതിരാളികളുടെ കുറവുകളാണ് സാധാരണ ഗതിയില്‍ നമ്മള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള യോഗ്യത. 

മൂന്നാമതൊരു പക്ഷം ഉണ്ടായിരുന്നത് ഇപ്പ അക്കൗണ്ട്‌ തുറക്കും 
ഇപ്പ അക്കൗണ്ട്‌ തുറക്കും എന്ന് എല്ലാ തിരഞ്ഞെടുപ്പിലും പറയും. പക്ഷെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പഴയ തിരഞ്ഞെടുപ്പിലെക്കാള്‍ മോശമായിരിക്കും കിട്ടിയ വോട്ടിനെ അവസ്ഥ. ഇതൊക്കെയാണെങ്കിലും മറ്റു മുന്നണിക്കാരോടോപ്പം എത്താന്‍ ത്രാണി ഇല്ലെങ്കിലും അവരെക്കൊണ്ട് പറ്റുന്ന പോലെ എളിയ നിലയില്‍ ചെറിയ ഗ്രൂപ്പ്‌ കളി ഒക്കെ അവിടെയും ഇല്ലായ്കയില്ലായിരുന്നു. പക്ഷെ അതിന്റെ അഹങ്കാരം ഇല്ല എന്ന് സമ്മതിക്കാതെ വയ്യ.


ഇന്നിപ്പോ സ്ഥിതി മാറി. പ്രധാന രണ്ടു കൂട്ടരും 
സ്ഥാനാര്‍ത്ഥികളെ "ഫൈനലൈസ്" ചെയ്യാന്‍ കഷ്ടപ്പെടുകയാണ്. എങ്ങനെയെങ്കിലും ജയിക്കാന്‍ വേണ്ടി സിനിമാക്കാര്‍, പാചകറാണി, കഴിഞ്ഞ പ്രാവശ്യം എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു ഇപ്പോള്‍ മറുകണ്ടം ചാടി വരുന്നവര്‍ (ദത്ത് സ്ഥാനാര്‍ഥി എന്ന് വേണമെങ്കില്‍ വിളിക്കാം), കഴിഞ്ഞ ആഴ്ച വരെ എതിര്‍ പക്ഷത്തിന്റെ വക്താക്കള്‍ ആയിരുന്നവര്‍ എന്ന് വേണ്ട ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിലപാടിലാണ് രണ്ടു മുന്നണികളും. മുന്നണി മര്യാദ എന്നത് രണ്ടു പക്ഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേ പണയം വച്ചു കഴിഞ്ഞു. മൂന്നാം കൂട്ടരാണെങ്കില്‍ നമോ സ്തുതികളുടെയും ആറന്മുളയുടെയും മുന്‍ കുപിത യുവ നായകന്റെയും ഒക്കെ ബലത്തില്‍ ഇത്തവണയെങ്കിലും ഒരു അക്കൗണ്ട്‌ തുറക്കാന്‍ പറ്റുമോ എന്ന ശ്രമത്തില്‍ ആണ്.

എല്ലാ മുന്നണികളും ഒരു പോലെ സ്വാഗതം ചെയ്യുന്ന ശത സഹസ്ര കോടിക്കണക്കിനു രൂപയുടെ പൊതു ജന വിരുദ്ധ നവ വികസന പദ്ധതികള്‍, ആശയങ്ങള്‍ വിട്ടു ആമാശയത്തില്‍ മാത്രം അധിഷ്ഠിതമായ അവസര വാദ നിലപാടുകള്‍, കേരളത്തെയും സ്ത്രീകളെയും ഒക്കെ രക്ഷിക്കാന്‍ തലങ്ങും വിലങ്ങും നടക്കുന്ന യാത്രകള്‍, നേതാക്കന്മാരുടെ അസഹനീയമായ വാക് പ്രയോഗങ്ങള്‍, നിയമ വാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന നേതാക്കള്‍, കോടികള്‍ ചിലവാക്കിയുള്ള പ്രചാരണ പരിപാടികള്‍, ജനം തള്ളിക്കളഞ്ഞ ഫ്ലക്സ്‌ ഗീര്‍വാണങ്ങള്‍, ജനപ്രതിനിധികളുടെ ധാര്‍ഷ്ട്യം, നാറുന്ന അഴിമതിക്കഥകള്‍, പരസ്യമായ തമ്മില്‍ തല്ല്‌, ഭരണമില്ലായ്മ, പൊളിഞ്ഞു പാളീസ്സാവുന്ന സമരങ്ങള്‍, അഴിമതിക്കേസുകള്‍ക്കെതിരെയുള്ള നിലപാടുകളിലെ അദ്വൈത ഭാവം, 
ഭരണം തന്നെ ശരണം എന്ന് ആയിരത്തൊന്നാവര്‍ത്തിച്ചു ഭരണ പ്രതിപക്ഷങ്ങള്‍ അവതരിപ്പിക്കുന്ന പൊറാട്ട് നാടകങ്ങള്‍, നിന്ന നില്‍പ്പില്‍ മലക്കം മറയുന്ന നിലപാടുകള്‍. ഓന്തിനെ നാണിപ്പിക്കുന്ന നിറം മാറല്‍... അങ്ങനെയങ്ങനെ എന്തെല്ലാം...

ഇനി കൊടി ഏതു നിറമായാലും മത സാമുദായിക പരിഗണന വച്ച് മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. എറണാകുളത്തു ഒരു ലത്തീന്‍ ക്രിസ്ത്യാനി, കോട്ടയത്ത്‌ ഒരു അച്ചായന്‍, തിരുവല്ല ഭാഗത്ത്‌ കോശി, മലപ്പുറം ഭാഗത്ത്‌ ഏതെന്കിലും മുസ്ലിം....എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ നല്ല മെയ്‌വഴക്കമാണ്.  

ഇക്കൂട്ടര്‍ പിന്നെയും പിന്നെയും വോട്ടു ചെയ്യുന്ന പൊതുജനം എന്ന കഴുതയെ നോക്കി ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നു കാശ് വാരുന്ന മുച്ചീട്ട് കളിക്കാരന്റെ വൈഭവത്തോടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു "വെയ് വെയ് രാജാ വെയ്...ഒന്ന് വച്ചാ രണ്ടു കിട്ടും...രണ്ടു വച്ചാ നാല് കിട്ടും...കണ്ടു നിക്കണ നിങ്ങള്‍ക്കെല്ലാം രണ്ടു ഉണ്ട കിട്ടും". ഇതെല്ലാം കണ്ടു ഗതി കേട്ട് പോയ കേരളത്തിലെ "ചിന്തിക്കുന്ന" പൊതു ജനം എത്തിപ്പെട്ടിരിക്കുന്നത് വലിയ ജനാധിപത്യ പ്രതിസന്ധിയിലാണ്. വോട്ട് ചെയ്യണോ വേണ്ടയോ ? ചെയ്യണമെങ്കില്‍ ആര്‍ക്ക് ചെയ്യും ? വോട്ട് ചെയ്യാതിരിക്കുന്നത് ശരിയാണോ ? കണ്‍ഫ്യൂഷന്‍റെ പാരമ്യമാണത്.

കേരളത്തില്‍ സാമാന്യബുദ്ധി കൈമോശം വന്നു പോവാത്ത എല്ലാവരും  ഒരു ബദല്‍ തേടി അലയുമ്പോഴാണ് അവരുടെ മുന്നില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ വളരെ അധികം കുറവുകള്‍ ഉണ്ടെങ്കിലും കുറെ നല്ല ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അവരുടെ കയ്യില്‍ ഉണ്ട്. 
അവര്‍ ഒരു സീറ്റില്‍ പോലും ജയിക്കില്ലായിരിക്കും. പക്ഷെ, ഇത്രയും കാലം അരാഷ്ട്രീയ വാദികള്‍ ആയിരുന്ന കുറെ പേരെ രാഷ്ട്രീയബോധത്തിലേക്കും ജനാധിപത്യ വിശ്വാസത്തിലെക്കും കൊണ്ടുവരാന്‍  അവര്‍ക്ക് കഴിഞ്ഞു. അവര്‍ക്ക് വേണമെങ്കില്‍ ഒരു വോട്ട് കൊടുക്കാം. സമൂഹത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിളിച്ചു കൂവി നടക്കാതെ വീണ്ടും വീണ്ടും വലിയ നന്മകള്‍ ചെയ്യുന്ന പല ആളുകളും അവരുടെ സ്ഥാനാര്‍ഥികള്‍ ആണ്. 

ആം ആദ്മികള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. ഇവിടത്തെ സാമ്പ്രദായിക  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടികൊണ്ടിരുന്ന വോട്ടില്‍ നിന്ന് വരുന്ന ഗണ്യമായ കുറവ് പോലും അവര്‍ക്കൊരു ഷോക്ക്‌ ട്രീറ്റ്മെന്റ് ആയിരിക്കും. തോറ്റാലും വോട്ടെണ്ണത്തിന്റെ സാങ്കേതികയില്‍ പിടിച്ചു തൂങ്ങിയാണല്ലോ അവര്‍ എന്നും ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടിരുന്നത്. 

ഞാന്‍ ഒരു അരാഷ്ട്രീയ വാദി അല്ല. വ്യക്തമായ രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉണ്ടായിരുന്ന ആളാണ് താനും. പക്ഷെ, ഇവരെല്ലാവരും കൂടി നമ്മളെ, ......ക്ഷമിക്കണം, നിങ്ങളുടെ കാര്യം എനിക്കറിയില്ല; എന്നെ ആം ആദ്മിയാക്കും...കുറഞ്ഞ പക്ഷം "നോട്ട"ക്കാരന്‍ എങ്കിലും ആക്കും....

ഇന്നാട്ടിലെ  കൊന്നകള്‍ മുഴുവന്‍ മകര മാസത്തിലേ പൂക്കുന്നു....

കൊച്ചിയിലെ കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ കടിക്കുന്നു.....
മൊത്തത്തില്‍ മാറ്റങ്ങളാണ്...ഇത്തവണ ഇവിടെയും എന്തെങ്കിലുമൊക്കെ നടക്കുമോ.....കാത്തിരുന്നു കാണാം...അല്ലെ ?

വാല്‍ക്കഷണം : ഇത്രയും കാലം ഭരിക്കുന്നവനെ വലിച്ചു താഴെ ഇട്ടിട്ടു പുറത്തു നില്‍ക്കുന്നവനെ അവരോധിക്കുക എന്നതായിരുന്നു പൌരന് ആകെ ചെയ്യാന്‍ പറ്റുമായിരുന്ന കാര്യം. എന്നാല്‍ ഇപ്പോള്‍, ആം ആദ്മി അടക്കം ഒറ്റ ഒരുത്തനും ശരിയല്ല എന്നാണു അഭിപ്രായമെങ്കില്‍ ഞാനാര്‍ക്കും വോട്ടു ചെയ്യുന്നില്ല എന്ന് പറയാന്‍ അവസരം കൈ വന്നിരിക്കുകയാണ്. അപ്പോള്‍ പിന്നെ വോട്ടു ചെയ്യാതെ ഇരിക്കേണ്ട, പകരം നിഷേധ വോട്ട് ("നോട്ട" - None Of The Above) ചെയ്യാനുള്ള ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ പോരെ.  അങ്ങനെ, നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ട എന്ന് വിളിച്ചു പറയാം. ജനാധിപത്യത്തോട് മുഖം തിരിക്കാതെ സാമൂഹ്യ ഉത്തരവാദിത്വബോധമുള്ള പൌരനാകാം.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday, 14 March 2014

സരിത എസ് നായരും മോണിക്ക ലെവിന്‍സ്കിയും ......



സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടി എം എല്‍ എ ക്കെതിരെ ബലാല്‍സംഗത്തിനു പോലീസില്‍ കൊടുത്ത പരാതിയുടെ പൂര്‍ണ്ണ രൂപം ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആയമ്മയുടെ തൃക്കൈ കൊണ്ട് എഴുതിയതിന്റെ സ്കാന്‍ ഇമേജ് ആണെന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ കാണപ്പെട്ടിരുന്നു. പണ്ട് അമേരിക്കയില്‍ മോണിക്ക ലെവിന്‍സ്കി ബില്‍ ക്ലിന്റന്റെ കയ്യില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളുടെ നേര്‍ വിവരണം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം അതേ നിലവാരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച വിവരണം ഇതാവാനേ തരമുള്ളൂ. വിവരണം അനുസ്സരിച്ച് ആ രംഗങ്ങള്‍ ഒന്ന് മനസ്സില്‍ കണ്ടാല്‍ പഴയ മലയാള സിനിമയിലെ ബാലന്‍ കെ നായര്‍, ജയഭാരതി സീക്വന്‍സുകള്‍ തെളിഞ്ഞു വരും. ഇന്നത്തെ മംഗളം പത്രം ഇതിന്റെ സഭ്യമായ പൂര്‍ണ്ണ വിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ പറഞ്ഞു കേട്ടത് അനുസ്സരിച്ച് ബലാല്‍സംഗത്തിനു കേസ്സെടുക്കണമെങ്കില്‍ തെളിവ് വേണമെന്നാണ്. അത് മദാമ്മമാര്‍ക്ക് മാത്രമേ ബാധകവുകയുള്ളോ എന്ന് ഇനിയും വ്യക്തമാവാനുണ്ട്.

അന്വേഷണം നടത്താനുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യന്‍ ഇത് വരെ പറഞ്ഞില്ല.

ചേച്ചി വെളിപ്പെടുത്തി തുടങ്ങിയിട്ടേ ഉള്ളൂ. അക്ഷരമാലാക്രമത്തില്‍ നോക്കിയാല്‍ അ അല്ലെങ്കില്‍ A യിലാണ് അബ്ദുള്ളക്കുട്ടി എന്ന പേര് വരുന്നത്. തുടര്‍ന്ന് വെളിപ്പെടുമ്പോള്‍ ആരുടെയൊക്കെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുമോ എന്തോ ? പഴയ പെന്‍ ബുക്സ്‌ ആയിരുന്നു മോണിക്കയുടെ വെളിപ്പെടുത്തലുകള്‍ മൊഴി മാറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ഇനി സരിത ചേച്ചിയുടെ വെളിപ്പെടുത്തലുകള്‍ ഇറക്കി പണം വാരാന്‍ പോകുന്നത് ആരാണാവോ ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday, 7 March 2014

ഈ കഴിഞ്ഞ ആഴ്ചയിലെ "നാല് പെണ്ണുങ്ങള്‍"......


മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ തകഴി നാല് ചെറുകഥകളിലായി അവതരിപ്പിച്ച പെണ്ണുങ്ങളെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിച്ചു 2007-ല്‍ പുറത്തിറങ്ങിയ സിനിമയുടെ പേരായിരുന്നു "നാല് പെണ്ണുങ്ങള്‍". പുരുഷനെ ചുറ്റി ഭ്രമണം ചെയ്യുന്ന സമൂഹത്തിലെ സ്ത്രീയുടെ ജീവിതവും  അവളുടെ പ്രതിരോധവും അടൂര്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കുകയായിരുന്നു നാല് പെണ്ണുങ്ങളിലൂടെ. ഈ സിനിമയില്‍  നാല് സ്ത്രീകളെ കുറിച്ചുള്ള നാല് ചെറിയ ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണെങ്കിലും അവര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയില്‍ അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്നവരാണ് അവരെല്ലാം.

എന്നാല്‍ ആഗോള വനിതാ ദിനം ആചരിക്കുന്ന ഈ ആഴ്ച കടന്നു പോകുമ്പോള്‍ നവ സാമൂഹിക മാധ്യമങ്ങളിലും ചുരുക്കം ചില അച്ചടി - ദൃശ്യ മാധ്യമങ്ങളിലും പരാമര്‍ശിക്കപ്പെട്ട നാല് പെണ്ണുങ്ങളെ ഒന്ന് നോക്കിക്കണ്ടാലോ. ഓരോരോ അച്ചായത്തരങ്ങളെ !!!! 



ഒന്നാം പെണ്ണ്   :   സരിത എസ് നായര്‍

മാസങ്ങള്‍ നീണ്ട തടവറ ജീവിതത്തിനു ശേഷം പുറത്ത്‌ വന്ന സോളാര്‍ വിവാദ നായിക, തന്നെ പല വിധത്തില്‍ ഉപദ്രവിച്ചവരുടെയും ഉപയോഗിച്ചവരുടെയും പട്ടിക ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തില്‍ പുറത്തു വിട്ടു തുടങ്ങിയിരിക്കുന്നു. ആയിഷ പോറ്റി, അബ്ദുള്ളക്കുട്ടി. അടുത്തത്‌ ആരാണ് ...?? കാത്തിരിക്കുക.... കാടടച്ചു ഒരു പൊതുവെടി കൂടി അവര്‍ വച്ചിട്ടുണ്ട്. കച്ചവടം (വ്യവസായം) ചെയ്യാന്‍ ഒരുങ്ങി ഇറങ്ങുന്ന വനിതകളെ സാമ്പത്തികമായും ശാരീരികമായും ഇവിടത്തെ രാഷ്ട്രീയക്കാര്‍ ദുരുപയോഗിക്കുന്നു. എല്ലാം കഴിഞ്ഞാലും പീഡനം തന്നെ ബാക്കി. ഞാന്‍ എല്ലാം വെളിപ്പെടുത്തിയാല്‍ അത് കേരളം താങ്ങില്ലെന്നും ആയമ്മ വെച്ച് താങ്ങി. സ്ഥലത്തെ പല പ്രധാന ദിവ്യന്മാരുടെയും തുടര്‍ രാത്രികള്‍ ഉറക്കമില്ലാത്തതാവാനാണ് സാധ്യത. 

രണ്ടാം പെണ്ണ്   :   ഗയില്‍ ട്രെഡ്വെല്‍ 

പതിറ്റാണ്ടുകള്‍ അമ്മയായി, ദൈവമായി കരുതി സേവിച്ച ഗുരുവില്‍ നിന്നും സംഘത്തില്‍ നിന്നും പീഡനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ചു നാട് വിട്ടു പോയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ദേ, പുസ്തകത്തിലെ ആരോപണങ്ങള്‍ ഉറപ്പിച്ചു കൊണ്ട് ബ്രിട്ടാസിന് വിദേശത്ത് വച്ച് അഭിമുഖവും കൊടുത്തിരിക്കുന്നു. ഒന്ന് പറയണമല്ലോ, ബ്രിട്ടാസിന്റെ പതിവ് മാന്തിയെടുക്കല്‍ വൈഭവം മദാമ്മയുടെ അടുത്ത് അത്രയ്ക്ക് പോകുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. അഭിമുഖത്തിന്റെ പേരില്‍ ചാനല്‍ ലേഖകന്‍ ബ്രിട്ടാസും ചെയര്‍മാന്‍ മമ്മൂട്ടിയും കോടതി കയറേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്.

മൂന്നാം പെണ്ണ്  :   റീമാ കല്ലിങ്കല്‍

ഡല്‍ഹി ബലാത്സംഗത്തെ തുടര്‍ന്ന് 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്ന്'  ഷീല ദീക്ഷിത് ചോദിച്ചതിനെ പരാമര്‍ശിച്ചു കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോട് റീമ, പരിഹാസം നിറച്ചു ഒരു ഉപദേശം ഫേസ്‌ബുക്കിലൂടെ അങ്ങ് വെച്ച് കാച്ചി "  ഷീല ദീക്ഷിത് വരുന്നുണ്ട്; ജാഗ്രതൈ. ഇനി നിങ്ങള്‍ക്ക് ആറു മണിക്ക് മുന്‍പ് വീടണയേണ്ടി വരും' എന്ന്. വെള്ളാനകളുടെ നാട്ടിലെ പ്രശസ്തമായ "അപ്പത്തന്നെ പി ഡബ്ല്യു ഡി ഞമ്മളെ വിളിച്ച് ഒരവാര്‍ഡും തന്ന്‍" എന്ന ഡയലോഗിന്റെ ഒരു പാരഡിയും ആയമ്മക്ക് നേരെ എടുത്തു വീശി  റീമ ഫേസ്‌ബുക്കന്മാരുടെ കയ്യടി നേടി.




നാലാം പെണ്ണ് :  അമൃതാനന്ദമയി അമ്മ 
പഴയ ശിഷ്യ പണിത പണിയുടെ ആഘാതത്തില്‍ "മുഴുവന്‍ സമയവും ഫേസ്ബുക്ക് നോക്കി ഇരിക്കുന്നവര്‍ തൊട്ടടുത്തുള്ള ആളുടെ ഫേസ് കാണുന്നില്ലെന്നു" പറഞ്ഞു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ്‌ വഴി തനിക്കെതിരെയും മഠത്തിനെതിരെയും പറയുന്നവര്‍ക്കിട്ടു ഒരു ഒളിയമ്പങ്ങെയ്തു. മഠത്തിനെതിരേ ചില ശക്തികൾ പരത്തുന്ന ദുഷ്​പ്രചാരണങ്ങളി വികാരം കൊള്ളാതെ സംയമനവും സമാധാനവും പാലിക്കാ  ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു കൊണ്ട് അവര്‍ ഈ വിഷയത്തില്‍ പാലിച്ചിരുന്ന മൌനം വെടിയുകയും ചെയ്തുഅതേസമയം ഗെയില്‍ ട്രെഡ്‌വെല്ലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്‌ത ടിവി ചാനലിനെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. പല എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖം അവസാനിപ്പിച്ചില്ലെങ്കില്‍ കോടതി നടപടികളിലേക്ക്‌ നീങ്ങുമെന്നാണ്‌ നോട്ടീസ്‌. അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ എന്ന രാജ്യത്തെ പ്രമുഖ അഭിഭാഷക സ്‌ഥാപനം വഴിയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. 

ഇതൊക്കെ പറഞ്ഞാലും തന്റെ മൈക്ക് ഓഫ്‌ ചെയ്ത പോലീസുദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കുമെന്നു ഉറഞ്ഞു തുള്ളി വിളിച്ചു കൂവി ഒരാഴ്ച്ചക്കകം അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കുകയും ചെയ്ത ബിന്ദു ചേച്ചി തന്നെയാണ് കഴിഞ്ഞ മാസത്തെ പെണ്ണ്.

ഇവരെയെല്ലാം മറന്നേക്കുക....അമ്മയെ ഓര്‍ക്കുക , പെങ്ങളെ ഓര്‍ക്കുക , മകളെ ഓര്‍ക്കുക , സഖിയെ ഓര്‍ക്കുക, ഭാര്യയെ ഓര്‍ക്കുക..... 

വനിതാദിനത്തില്‍ മാത്രമല്ല , എന്നും , എപ്പോഴും ..

ഈ ലോകത്തുള്ള എല്ലാ മഹിളാമണികള്‍ക്കും ലോക വനിതാ ദിന ആശംസകള്‍.



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


Tuesday, 4 March 2014

എട്ടാം ലോക മഹാത്ഭുതം....!!!! നമ്മുടെ ആലുവായിൽ

ലോകത്തിന് ഇന്ത്യ എപ്പോഴും അത്ഭുതമായിരുന്നു. നാനാത്വത്തില്‍ ഏകത്വം, കെട്ടുറപ്പുള്ള കുടുംബ സംവിധാനം, കൂട്ട് കുടുംബങ്ങള്‍, നമ്മുടെ ഇതിഹാസങ്ങള്‍, ആര്‍ഷഭാരത ചിന്താധാരയുടെ വൈവിധ്യവും വലിപ്പവും, അങ്ങനെ പലവിധ കാര്യങ്ങളും ലോകത്തിനു മഹാത്ഭുതമായി നമ്മള്‍ ശ്രദ്ധനേടി. ലോക മഹാത്ഭുതങ്ങള്‍ പുതിയതും പഴയതും ഏഴെണ്ണം വീതമുണ്ടെന്നു ബഹു ഭൂരിപക്ഷം ആളുകള്‍ക്കും അറിയാമായിരിക്കും. എന്നാല്‍ എട്ടാമത് ഒരെണ്ണം ഉള്ളതു അധികമാര്‍ക്കും അറിയില്ല. ഇപ്പോഴിതാ വീണ്ടും വിശ്വജനതയുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് മറ്റൊരു മഹാത്ഭുതം കൂടി ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നു. അത് സ്ഥിതി ചെയ്യുന്നത് നമ്മുടെ ആലുവയിലാണെന്ന് പറഞ്ഞാല്‍ ആരായാലും അത്ഭുതം സഹിക്കാന്‍ പറ്റാതെ ബോധം കേട്ട് വീഴാന്‍ സാധ്യതയുണ്ട്. ആ എട്ടാമത്തെ അത്ഭുതമാണ് നാല്‍പ്പത്തി ഏഴാം ദേശീയ പാത (NH 47) യില്‍ സ്ഥിതി ചെയ്യുന്ന ആലുവ - പുളിഞ്ചോട് മേല്‍പ്പാലം (Aluva Pulinchode Road Fly Over). 


ഈ അവകാശവാദം ഞാന്‍ കര്‍മ്മം കൊണ്ട് ആലുവക്കാരനായത് കൊണ്ട് ആത്മ പ്രശംസാപരമായി പറയുന്നതല്ല എന്ന് നിങ്ങള്‍ സമ്മതിക്കണമെങ്കില്‍ നിങ്ങള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായി വരും...

ഒന്ന്, എന്താണ് ലോക മഹാത്ഭുതം ?

നിര്‍മ്മിതിയില്‍ വളരെയേറെ പ്രത്യേകതകള്‍ ഉള്ളതും ലോകത്ത് മറ്റൊരിടത്ത് പോലും അതിനു സമാനമായ മറ്റൊന്ന് കാണാന്‍ കിട്ടാത്തതുമായ മനുഷ്യ നിര്‍മ്മിത കെട്ടിടങ്ങളെയോ അത് പോലെയുള്ള സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ട്രക്ചറുകളെയോ ആണ് സാമാന്യമായി ലോക മഹാത്ഭുതമെന്നു വിളിക്കാറ്.

രണ്ട്, എന്താണ് ആലുവ ഫ്ലൈ ഓവറിനു  ഈ പറഞ്ഞ ഗണത്തില്‍ പെടാനുള്ള യോഗ്യത ?

സാധാരണയായി പാലങ്ങള്‍ പണിയുന്നത് രണ്ടു കരകള്‍ തമ്മില്‍ പുഴ, തോട്, കായല്‍, തടാകം മുതലായവ കൊണ്ട് രണ്ടായി വേര്‍തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ അവയെ തമ്മില്‍ ബന്ധിപ്പിച്ചു പരസ്പര സഞ്ചാരം സാധ്യമാക്കാനാണ്. അല്ലെങ്കില്‍ രണ്ടു കരകള്‍ തമ്മിലോ രണ്ടു മലകള്‍ തമ്മിലോ വളരെ ആഴത്തിലുള്ള ഒരു ഭൂപ്രദേശം കൊണ്ട് വേര്‍
തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ ആ ഉയര്‍ന്ന കരകളെ തമ്മില്‍ ബന്ധിപ്പിക്കാനും പാലം പണിയാറുണ്ട്. അതുമല്ലെങ്കില്‍ തിരക്കുള്ള ജംഗ്ഷനുകളെ ക്രോസ്സ് ചെയ്യാതെ ഗതാഗതം സാധ്യമാക്കാനും ഫ്ലൈ ഓവര്‍ എന്ന പേരില്‍ പാലം പണിയാറുണ്ട്. റെയില്‍ പാതകള്‍, റോഡുകള്‍ ഇവ മുറിച്ചു കടക്കുന്നത് ഒഴിവാക്കാനും പാലം പണിയാറുണ്ട്.

എന്നാല്‍ ആലുവ ഫ്ലൈ ഓവറിന് മാത്രം സ്വന്തമായ പ്രത്യേകതകള്‍ അനവധിയാണ്. ലോകത്തു ആദ്യമായാണ്‌ ഒരു ട്രാഫിക്‌ സിഗ്നലില്‍ നിന്ന് മറ്റൊരു ട്രാഫിക്‌ സിഗ്നലിലേക്ക് നിലവില്‍ ഉണ്ടായിരുന്ന നാല് വരി പാതയ്ക്ക് മുകളിലൂടെ അതിനു സമാന്തരമായി ഒരു ഫ്ലൈ ഓവര്‍ ഞങ്ങളുടെ സ്വന്തം ആലുവയില്‍ പണിയപ്പെട്ടത്‌. ഈ ഫ്ലൈ ഓവറിനു താഴെയായി ഒരു 
ജംഗ്ഷനോ ഇതിനു കുറുകെ ഒരു റോഡോ ഇല്ലെന്നു പറയുമ്പോള്‍ അത്ഭുതപ്പെടുന്നവരുടെ എണ്ണം കൂടും. തീര്‍ന്നില്ല, ഈ ഫ്ലൈ ഓവര്‍ തുടങ്ങുന്ന സ്ഥലത്ത് നിന്ന് സര്‍വീസ് റോഡില്‍ കൂടി പോയാലും ഫ്ലൈ ഓവറില്‍ കൂടി പോയാലും ഫ്ലൈ ഓവര്‍ തീരുന്ന സ്ഥലത്ത് തന്നെയാണ് എത്തുന്നത്‌ എന്നറിയുമ്പോള്‍ അത്ഭുതം കൊണ്ട് കണ്ണ് നിറഞ്ഞു പോകും. സര്‍വീസ് റോഡിലൂടെ പോകുന്നതിനേക്കാള്‍ അര കിലോമീറ്റര്‍ ദൂരക്കൂടുതല്‍ ഉണ്ടെന്നേ ഒള്ളൂ. എന്താ, മൊത്തത്തില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നില്ലേ. 

മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൂടാതെ ആലുവ മേല്‍പ്പാലം ചെയ്യുന്ന സേവനങ്ങള്‍ അനവധിയാണ്. മേനകാ ഗാന്ധിയുടെ മാനസ സന്തതികളായ തെരുവ് പട്ടികള്‍, കന്നുകാലികള്‍, അന്യ സംസ്ഥാന ചരക്കു ലോറികള്‍, ലോക്കല്‍ പൌരന്മാരുടെ വണ്ടികള്‍, ഇപ്പോള്‍ മെട്രോ പണിയുന്ന കമ്പനിയുടെ നിര്‍മ്മാണ യന്ത്രങ്ങള്‍, വീടും മേല്‍വിലാസവും ഇല്ലാത്ത നാടോടികള്‍ അങ്ങനെ എത്രയെത്ര വിഭാഗങ്ങളുടെ തണലും വീടും ആശ്രയവുമാണീ മേല്‍പ്പാലം. പച്ചക്കറികള്‍, ആക്രി സാധനങ്ങള്‍, മത്സ്യം, ജീവനുള്ളതും അല്ലാത്തതുമായ മാംസം തുടങ്ങി എന്തെല്ലാം വാണിഭങ്ങളാണ് ഇതിനു കീഴില്‍ നടക്കുന്നത് എന്ന് എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പൊതുയോഗങ്ങള്‍ നടത്താനും പാലത്തിന്റെ താഴെയുള്ള ഭാഗം ഉപയോഗിക്കപ്പെടുന്നു. നഗര പ്രദേശത്ത് പൊളിക്കപ്പെടുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, നഗര ജീവികളായ പകല്‍ മാന്യന്മാരുടെ ഗാര്‍ഹിക മാലിന്യം മുതലായ സകല മാലിന്യങ്ങളും ഒരു പരാതിയും കൂടാതെ ഈ മേല്‍പ്പാലം ഭദ്രമായി ശേഖരിച്ചു വെക്കുന്നു.

മഴക്കാലമാകുമ്പോള്‍ സംജാതമാകുന്ന വെള്ളക്കെട്ട് എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാം എന്ന് പഠിക്കാന്‍ ഉടനെ തന്നെ ഒരു സമിതിയെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട് എന്നാണു കേട്ടത്. 


എറണാകുളത്തു നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുമ്പോൾ ഹൈവേ ജങ്ക്ഷനിലെ സിഗ്നൽ ലൈറ്റ് അതിലും അതിശയകരമാണ്. ആദ്യം വലത്തോട്ട് പോകാനുള്ള പച്ച സിഗ്നലിനൊപ്പം നേരെ പോകാനുള്ള പച്ച സിഗ്നലും തെളിയും.  ഈ സമയത്തു സർവീസ് റോഡിന്റെ മുൻപിലുള്ള വലതു വശത്തേക്കുള്ള പച്ച സിഗ്നലും തെളിയും. അപ്പോൾ സർവീസ് റോഡിൽ കാത്തു നിൽക്കുന്ന വണ്ടികൾ അനങ്ങരുത് (ഇതു ബുദ്ധിപൂർവ്വം മനസിലാക്കിക്കൊള്ളണം). ഈ സമയത്ത് മേൽപ്പാലം കയറി വലതു വശത്തു നിർത്തിയ വണ്ടികൾക്ക് മാത്രം ടൗണിലേക്ക് പോകാം. വീണ്ടും ചുവപ്പ് കഴിയുമ്പോൾ ഇതേ പച്ച ലൈറ്റുകൾ തെളിയുമ്പോൾ സർവീസ് റോഡിലെയും മെയിൻ റോഡിലെയും വണ്ടികൾക്ക് ടൗണിലേക്ക് പോകാം. ഇതൊക്കെ മനസ്സിലാക്കിയാണ് ആലുവയിലെ പാവം ഡ്രൈവർമാർ ഈ സിഗ്നലിൽ വണ്ടി ഓടിക്കുന്നത്. അതിശയം തോന്നുന്നില്ലേ. 

ഇത്രയുമേറെ പ്രത്യേകതകള്‍ ഉള്ള ഈ മേല്‍പ്പാലം ലോകമഹാത്ഭുതമായി ഗണിച്ചില്ലെങ്കില്‍ പിന്നെ എന്താണ് ലോകമഹാത്ഭുതമായി കണക്കാക്കാനാവുക....ഈ പാലത്തിന്റെ ശില്‍പികളെ റീത്ത് വച്ച് ആദരിക്കേണ്ടതാണ്.


Tail Piece : വികസന കാര്യങ്ങളിലെ പ്ലാനിങ്ങിന്റെ കുറവ്, ദീര്‍ഘ വീക്ഷണമില്ലായ്മ, കെടുകാര്യസ്ഥത എന്നിവയുടെ ഉത്തമ മാതൃകയായി ഇവനങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.   ഈ മേല്‍പ്പാല നിര്‍മ്മാണത്തിന് പിന്നില്‍ അഴിമതി താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു വികസനത്തെ പറ്റി ഒരു ധാരണയുമില്ലാത്ത ബ്ലഡി കണ്ട്രി മലയാളീസ്‌ പറഞ്ഞു നടക്കുന്നുണ്ട്. ഞാന്‍ അത് വിശ്വസിക്കൂല്ല.......പുലിവാല്‍ക്കല്യാണം സിനിമയില്‍ സലിം കുമാറിന്റെ മണവാളന്‍ പറയുന്നത് പോലെ "as well as the reason is possible; ഏത്..."

ഇതു കൂടി കണ്ടിട്ടു പൊക്കോ....



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Friday, 28 February 2014

മോഹന്‍ലാലിന്‍റെ നരസിംഹത്തിലെ ഇന്ദുചൂഡന്‍ യഥാർത്ഥത്തിൽ ആരാണ്...!!!???

പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിത്ത് രചിച്ചു സംവിധായകന്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ചു സൂപ്പര്‍ മെഗാ ഡ്യൂപ്പര്‍ ഹിറ്റാക്കിയ "നരസിംഹം" എന്ന മലയാള സിനിമയിലെ മോഹന്‍ ലാലിന്റെ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തിന്റെ അവതാരവൈവിധ്യവും ചിത്രത്തിൽ പരക്കെ മുഴച്ചു നില്ക്കുന്ന സ്ത്രീ വിരുദ്ധതയും ഹീറോയിസത്തിന്റെ സവിശേഷതകളും ആണ് എന്നെ തെല്ല് സംശയാലു ആക്കിയത്. "നായക സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത" എന്നായിരുന്നു ആ ചിത്രത്തിന്റെ പരസ്യ വാചകം. ഞാനും അന്ന് ആ സിനിമ കണ്ടു രോമാഞ്ചം അണിഞ്ഞ ഒരു വ്യക്തിയാണ്. എന്നാലും കഴിഞ്ഞ ദിവസം വീട്ടിലിരുന്നു ടി.വി.യില്‍ ആ പടം കണ്ടപ്പോൾ മുതല്‍ എനിക്ക് തോന്നി തുടങ്ങിയ സംശയങ്ങളാണ് ഇനി പറയുന്നത്; സത്യത്തിൽ ഈ കഥാപാത്രം ആരാണ് !?

പടത്തിന്റെ പേര് അനുസരിച്ച് നായകന്‍ സ്വഭാവപരമായി വിഷ്ണുവിന്റെ അവതാരമായ നരസിംഹമായിരിക്കണം. പടം തുടങ്ങുമ്പോള്‍ പാടുന്ന പാട്ടില്‍ നായകന്‍ പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞു വരുന്ന രാമനാണ്; ഭാഗ്യത്തിന് അത് വിഷ്ണുവിന്റെ തന്നെ അവതാരമാണ്. നായകനെ അവതരിപ്പിക്കുന്ന പാട്ട് വന്നപ്പോള്‍ വീണ്ടും നായകന്‍ നരസിംഹമാണ്. പടത്തില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ കൂടി. ഇന്ദുചൂഡന്‍ എന്നാണ് ചേട്ടന്റെ പേര്. നിഘണ്ടു അനുസരിച്ച്, അതാണെങ്കില്‍ ചന്ദ്രക്കല ചൂടിയ സാക്ഷാല്‍ പരമശിവന്‍. സിനിമയില്‍ ഇടയ്ക്കു നായകന്‍ അദ്ദേഹത്തിന്റെ തൃക്കണ്ണ്‍ തുറന്നു ഭസ്മമാക്കലിനെ പ്രതിപാദിക്കുന്നുണ്ട്. തൃക്കണ്ണും പരമശിവന്റെ ആണ്. തിലകന്റെ കഥാപാത്രത്തിന്റെ അന്ത്യനിമിഷത്തിലും നായകന്‍ ശിവനാണ് എന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കയറ്റിയാൽ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തും എന്ന് ആക്രോശിക്കുന്ന ഒരു രംഗവുമുണ്ട്. പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തിയത് വിഷ്ണുവിന്റെ മറ്റൊരവതാരമായ വാമനനാണ്. എന്തായാലും നായകന്റെ ബ്രഹ്മ രൂപം എങ്ങും സൂചിപ്പിക്കുന്നില്ല എന്നതുകൊണ്ട് ആ വഴിക്കുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല.

ഇനി നായകന്‍റെ കയ്യിലിരിപ്പ് കണ്ടാലോ... സിനിമ തുടങ്ങുമ്പോള്‍  ഒരു വില്ലന്‍ മറ്റു വില്ലന്മാരോടൊപ്പം അച്ഛന്‍ വില്ലന്റെ ചിതാഭസ്മം പുഴയില്‍ നിമഞ്ജനം ചെയ്യാന്‍ വരികയാണ്. അത് തടഞ്ഞു നിമഞ്ജനം നടത്താതെ തിരിച്ചു വീട്ടില്‍ വിട്ടു കൊണ്ടാണ് നായകന്‍ അദ്ദേഹത്തിന്റെ ഹീറോയിസം കാണിക്കുന്നത്.അവസാന സീനില്‍ നായകന്റെ അച്ഛന്‍ മരിച്ചിട്ട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന നായകനെ അവിടെ എത്തുന്ന വില്ലന്‍ സമാധാന പരമായി അത് ചെയ്തു തീര്‍ക്കാന്‍ അനുവദിക്കുന്നു. കര്‍മ്മങ്ങള്‍ കഴിഞ്ഞെഴുന്നേല്‍ക്കുന്ന നായകന്‍ വില്ലന്റെ അച്ഛന്റെ ചിതാഭസ്മം പുറം കാലിനു തട്ടി തെറിപ്പിക്കുന്നു. അത് പോരാഞ്ഞ് വില്ലന്മാരെ മുഴുവന്‍ അടിച്ചു ഊറക്കിടുന്നു.  മുഖ്യ വില്ലന്റെ കയ്യും കാലും പിരിച്ചൊടിക്കുന്നു. എന്നിട്ടൊരു സമാധാന സന്ദേശ പ്രഖ്യാപനം നടത്തുന്നു. മടപ്പള്ളി പവിത്രന്റെ സ്ത്രീ പീഡനത്തിൽ നിന്ന് നിസ്സഹായയായ ഒരു പെൺകുട്ടിയെ (പെൺകുട്ടി നായകന്റെ അർദ്ധ സഹോദരിയാണ്) രക്ഷിക്കാൻ അവതരിക്കുന്ന നായകൻ സ്ത്രീപക്ഷത്തല്ല എന്നതാണ് രസകരം. പവിത്രൻ ഈ നിലക്ക് പോയാൽ കൊടുക്കാൻ പോകുന്ന ശിക്ഷയിലാണ് അത് പറയുന്നത്; പവിത്രന്റെ വീട്ടിലെ സ്ത്രീകളെ നായകനും പീഡിപ്പിച്ച് പകരം വീട്ടും; അതിൽ നിന്ന് ഭാര്യ, അമ്മ , പെങ്ങൾ എന്ന് വേണ്ട പടിഞ്ഞാറ്റയിൽ അറ്റം നോക്കി കിടക്കുന്ന അമ്മൂമ്മയെപ്പോലും അദ്ദേഹം വെറുതെ വിടില്ലത്രേ. ഇതിലാരാണ് വില്ലന്‍...ആരാണ് നായകന്‍....

സ്ത്രീയെന്നാല്‍ പുരുഷൻ എന്ന കേന്ദ്ര ഗ്രഹത്തിനെ ചുറ്റി ഭ്രമണം ചെയ്യേണ്ട ഉപഗ്രഹം മാത്രമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഒരവസാനവും. ‘വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലി കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം‘. ചുമ്മാ തൊഴിക്കാനും കാമപൂർത്തി ഉപകരണമായും കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ചാവുമ്പോൾ വിലപിക്കാനും ഒക്കെയായി സ്ത്രീകളെ ആഗ്രഹിക്കുന്ന ശരാശരി പുരുഷന്റെ ഉടുപ്പ് ഒരു ദൈവ അവതാരത്തിനും ചേരാൻ വഴിയില്ല. എത്രയൊക്കെ മുറുക്കി കുത്തിയാലും ഏതെങ്കിലും പുരുഷന്റെ കൈ കൊണ്ട് അഴിയാനുള്ളതാണ് സ്ത്രീയുടെ മടിക്കുത്തെന്നും സംരക്ഷിച്ചു നിർത്താൻ ഒരു പുരുഷൻ ഇല്ലെങ്കിൽ പിന്നെ സ്ത്രീയുടെ മുൻപിലുള്ള ഏക പോംവഴി ബസ്‌ സ്റ്റാന്റിൽ സ്വയം വിൽക്കുക മാത്രമാണെന്ന് പ്രഖ്യാപിക്കുന്ന വില്ലനും സാമാന്യം നല്ല സ്ത്രീ വിരുദ്ധനാണ്.

പതിറ്റാണ്ടുകൾക്കിപ്പുറം, കുട്ടിക്കാണികളെ തിയേറ്ററുകളിലേക്ക് വല്ലാതെ ആകർഷിച്ച "ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്നിലെ" മീശ കുരുക്കാത്ത നായകനായ  "റിയാന്‍ ഫിലിപ്പ് " എന്ന അഞ്ചാം ക്ലാസ്സുകാരനെക്കൊണ്ട് പറയിപ്പിച്ച ഇതേ ഡയലോഗിന്റെ പാരഡി കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. 
‘ക്രിക്കറ്റ് കളിച്ച് ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ എന്റെ മാത്ത്സ് ഹോം വര്‍ക്ക് ചെയ്യാനും, മണ്‍സൂണ്‍ കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു പോപ്പി കുടയ്ക്കുള്ളിൽ സ്നേഹിക്കാനും ഒടുവില വർഷാവസാനം പരീക്ഷയിൽ ഞാൻ പൊട്ടുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം.... വില്‍ യു ബി മൈ ഗേള്‍’

തലമുറകൾക്ക് ശേഷവും കുഞ്ഞു നാവിലൂടെ "അവതാരം" പുനർജ്ജനിക്കുന്നു.... (വല്ലാത്തൊരു അവതാരം തന്നെ !!!)

ഇതെല്ലാം ഒരു പാവം സംശയാലുവിന്റെ സംശയങ്ങള്‍ മാത്രമാണേ.


ഇത്രയൊക്കെ സംശയങ്ങള്‍ ഉണ്ടെങ്കിലും  പടം ഭൂലോക ഹിറ്റ്‌ തന്നെയായിരുന്നു. പ്രദര്‍ശന ശാലകള്‍ നിറഞ്ഞു കവിഞ്ഞു. പടത്തിന്റെ ശില്‍പ്പികള്‍ കോടികള്‍ വാരിക്കൂട്ടി. 

ഇപ്പറഞ്ഞതിനർത്ഥം മോഹൻലാലും രഞ്ജിത്തും മാത്രം സ്ത്രീവിരുദ്ധരാണെന്നും മറ്റു "മഹാ"നടന്മാരോ അങ്ങനെ നടിക്കുന്നവരോ സിനിമാപ്രവർത്തകരോ സ്ത്രീവിരുദ്ധരാണെന്നും അല്ല... എല്ലാവരും അവരെക്കൊണ്ടു കഴിയുന്ന തരത്തിലൊക്കെ സ്ത്രീവിരുദ്ധത ആഘോഷിച്ചിട്ടുണ്ട്. 

അവസാന സീന്‍  :  നരസിംഹം  100 ഉം 150 ഉം ഒക്കെ പിന്നിട്ടു കഴിഞ്ഞു എന്നിട്ടും തിയേറ്ററില്‍ ജനത്തിരക്കൊഴിയു ന്നില്ല. അതോടെ മോഹല്‍ലാല്‍ വീണ്ടും മലയാള സിനിമയുടെ നെറുകയിലെയ്ക്ക് വരുകയും മമ്മൂട്ടിയുടെ നില സ്വല്‍പ്പം പരുങ്ങലിലാവുകയു ം ചെയ്തു. ഷൂട്ടിംഗ് തിരക്കില്ലാത്ത ഒരു സുപ്രഭാതത്തില്‍ ­ മമ്മൂട്ടി തന്റെ ഡ്രൈവറെ വിളിച്ചു

"നിനക്ക് ആന്റണി പെരുമ്പാവൂരിനെ അറിയാവോ"

"ഉം" ഡ്രൈവര്‍ തല കുലുക്കി

"അങ്ങേരു ലാലിനെ വച്ച് എടുത്ത കഴിഞ്ഞ നാല് പടങ്ങളും സൂപ്പര്‍ ഹിറ്റാ അറിയാവോ"

" ഉം " ഡ്രൈവര്‍ അതിനും തല കുലുക്കി

"ന്ഹും ! അപ്പൊ അതും അറിയാം "

"നിനക്ക് ആന്റണിയെപ്പോലെ ഒരു പടമൊക്കെ എടുക്കണമെന്ന് ആഗ്രഹം തോന്നാറില്ലേ "

" ആഗ്രഹമോക്കെ ഉണ്ട് സാറെ പക്ഷെ......ഈ മോഹന്‍ലാല്‍ സാറിന്റെ ഡേറ്റ് ഇപ്പം എങ്ങനാ ഒന്ന് കിട്ടുക "

(ഇത് എന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ്‌ ആയിരുന്നു. അവിടെ നിന്ന് Ctrl+Alt+X അടിച്ചു ഇവിടെ Ctrl+Alt+V ചെയ്തതാണീ പോസ്റ്റ്‌. തികച്ചും ഒരു റീട്രോസ്പെക്റ്റ്‌. കടുത്ത മോഹന്‍ലാല്‍--രഞ്ജിത്ത്--ഷാജി കൈലാസ്‌ ആരാധകര്‍ സദയം ക്ഷമിക്കുക)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക