ഞാൻ വെറും പോഴൻ

Saturday, 10 May 2014

മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!

മദ്യത്തിന്റെ കാര്യം വരുമ്പോള്‍ കേരളത്തില്‍ പറയപ്പെടുന്ന കണക്കുകളും വിവരണങ്ങളും അതീവ രസകരമാണ്.

338 ബീവറേജ്‌ ഔട്ട്‌ലറ്റുകള്‍ക്ക്‌ മുമ്പില്‍ ഓരോ ദിവസവും ക്യൂ നില്‍ക്കുന്നത്‌ 12 ലക്ഷം ഉപഭോക്താക്കളാണത്രേ. 28 കോടി രൂപയുടെ മദ്യം ഓരോ ദിവസവും ബീവറേജസ്‌ കോര്‍പ്പറേഷന്‍ മാത്രം വില്‍ക്കുന്നുണ്ടത്രേ. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ മുക്കാല്‍ ഭാഗത്തോളം മദ്യലഹരിയില്‍ ആണത്രേ സംഭവിക്കുന്നത്. ദേശീയ പാതയില്‍ നടക്കുന്ന റോഡപകടങ്ങളില്‍ പകുതിയിലധികവും മദ്യം കൂടി പ്രതി സ്ഥാനത്ത്‌ നില്‍ക്കുന്നവയാണെന്നും നെറ്റിലെവിടെയോ കണ്ടു. മദ്യത്തിന് വേണ്ടി 15000 കോടി രൂപ ചിലവാക്കുന്ന മലയാളികള്‍ അരിക്ക് വേണ്ടി 3500 കോടി രൂപ മാത്രമാണ് ചിലവാക്കുന്നത് പോലും. സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്ന ലോകത്തിലെ ഏക ഭൂപ്രദേശമാണ് കേരളം എന്നതാണ് സൈബര്‍ സ്പേസില്‍ കണ്ട മറ്റൊരു നിരീക്ഷണം. മദ്യത്തില്‍ നിന്നുണ്ടാകുന്ന വരുമാനത്തേക്കാള്‍ മദ്യപാന ജന്യരോഗചികിത്സക്ക് വേണ്ടി ചിലവാക്കുന്ന സ്ഥലമാണ് കേരളം എന്ന് മറ്റൊരു കണ്ടെത്തല്‍. ഒരു കലോറി പോലും ഊര്‍ജ്ജം പ്രദാനം ചെയ്യാത്ത ഈ പാനീയം കഴിച്ചാല്‍ കഴിക്കുന്ന ആളുടെ തലച്ചോറിന്റെ പ്രവര്‍ത്തനരീതി മൃഗത്തിന്റെത് പോലെ ആയിത്തീരും എന്നതാണ് ഏറ്റവും രസകരമായി തോന്നിയ നിരീക്ഷണം. ഏറ്റവും അവസാനം കേട്ട തമാശ കോടിക്കണക്കിനു രൂപയുടെ മദ്യം ജനങ്ങള്‍ക്ക്‌ വേണ്ടി വില്‍ക്കുന്ന ഗവണ്‍മെന്റ് തന്നെ 20 ലക്ഷത്തോളം രൂപ ചിലവാക്കി ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരിക്കുന്നു. എന്തിനാനെന്നല്ലേ; മദ്യപാനം സമൂഹത്തിലും വ്യക്തിയിലും കുടുംബത്തിലും ആരോഗ്യത്തിലും വരുത്തുന്ന ദോഷഫലങ്ങള്‍ സമഗ്രമായി പഠിക്കാന്‍ !! ഒരു മണിക്കൂര്‍ ഗൂഗിള്‍ ചെയ്‌താല്‍ കിട്ടാവുന്ന വിവരങ്ങളാണിത്... ഹാ..സര്‍ക്കാര്‍ പണം ചിലവഴിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍...

ആശുപത്രിയിലാവട്ടെ റെയില്‍വേ സ്റ്റേഷനിലാവട്ടെ മാവേലി സ്റ്റോറിലാവട്ടെ ഏതു കൌണ്ടറില്‍ ക്യൂ നിന്നാലും അസഹിഷ്ണുത കാണിക്കുന്ന മലയാളി യാതൊരു പരിഭവമില്ലാതെ ക്യൂനില്‍ക്കുന്ന സ്ഥാലമാണ്‌ ബീവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍. മികച്ച നിലവാരമുളള മദ്യം നല്‍കാനാണ്‌ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചതെങ്കിലും ഉദ്ദ്യോഗസ്ഥരുടെ ഒത്തുകളിയുടെ ഫലമായി നിലവാരമില്ലാത്തതും സര്‍ക്കാര്‍ മുദ്രയില്ലാത്തതുമായ  മദ്യം വ്യാപകമായി വില്‍ക്കുകയാണെന്നും ആരോപണമുണ്ട്‌. ഇത്തരത്തില്‍ വില്‍ക്കുന്ന മദ്യത്തിന്‌ ബില്ല്‌ നല്‍കാറില്ലത്രേ. കന്നുകാലികളെ പോലെയാണ്‌ മദ്യ ഉപഭോക്താക്കളെ സര്‍ക്കാര്‍ കാണുന്നതെന്ന ഹൈക്കോടതി വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ ബെവ്കോയുടെ നിലവാരം ഉയര്‍ത്താനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്.  ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ബെവ്കോയുടെ മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന ക്രിയാത്മകമായി വിനിയോഗിക്കപ്പെടേണ്ട  സമയം ലാഭിക്കാന്‍ വേണ്ടി നിലവിലുളള ഔട്ട്‌ലെറ്റുകളില്‍ രണ്ടോ മൂന്നോ കൗണ്ടറുകള്‍ കൂടി ആരംഭിക്കാനും അത് വഴി ക്യൂ കുറയ്‌ക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഇത് താന്‍ ഡാ ഗവണ്‍മെന്റ്....ജനങ്ങള്‍ക്ക്‌ ആനന്ദ ലബ്ദിക്കിനിയെന്തു വേണം....

മേല്‍പ്പറഞ്ഞ ഭൂരിപക്ഷ മധ്യ ഉപഭോക്താകളുടെ അത്രയും മാര്‍ക്കറ്റ്‌ ഷേര്‍ വരില്ലെങ്കിലും മദ്യക്കച്ചവടം നടത്തുന്ന വേറെയും വിഭാഗങ്ങളുണ്ട് ഈ നാട്ടില്‍. ബാറുകള്‍, മിലിട്ടറി ക്വോട്ട മറിച്ചു വില്‍ക്കുന്ന പട്ടാളക്കാര്‍, ചെറിയ തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നവര്‍, ബെവ്കോയില്‍ നിന്ന് കുപ്പിക്കണക്കിനു വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവര്‍ അങ്ങനെ പോകുന്നു ലിസ്റ്റ്. കള്ളിനെ മദ്യമായി കണക്കാക്കാം എങ്കില്‍ കള്ള് ഷാപ്പും പെടും ഇതില്‍.  

"മദ്യ" കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം എന്താണെന്നു വച്ചാല്‍, മദ്യം വിതരണം ചെയ്യുന്ന എല്ലാ ഇടങ്ങളുടെയും നിലവാരം ഉയര്‍ത്തണം എന്നതല്ല. അടച്ചിട്ട 418 ബാറുകളുടെ നിലവാരത്തെ സംബന്ധിച്ചിട്ടുള്ളതാണ്. എന്തായാലും ഈ നിലപാടിന്റെ പേരില്‍ സ്ത്രീകളുടെയും മ­ദ്യ­നി­രോ­ധ­ന­-­മ­ദ്യ­വർ­ജ­ന പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­ക്ക­ളു­ടെയും ഇടയില്‍ അദ്ദേഹം ഉണ്ടാക്കിയ മൈലേജ് ചില്ലറയല്ല. എ­ന്നാൽ അ­തേ സ­മ­യം ­ത­ന്നെ ബാർ ഉ­ട­മ­ക­ളു­മാ­യി ക­ച്ച­വ­ടം ഉ­റ­പ്പി­ക്കു­ന്ന­തി­ന്‌ കോൺ­ഗ്ര­സി­ലെ ഒ­രു വി­ഭാ­ഗം ഉ­റ­ക്ക­മി­ള­യ്‌­ക്കു­ക­യാ­യി­രു­ന്നു എന്ന് പൊതുജനം സംശയിച്ചാല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല. ഇതിനു വേണ്ടി കൈ­മാ­റ്റം ചെ­യ്യ­പ്പെ­ട്ട­ത്‌ കോ­ടി­കളായിരിക്കുമെന്നു മ­ദ്യ­ലോ­ബി­യെ­യും നമ്മുടെ രാഷ്ട്രീയക്കാരെയും അ­റി­യാ­വു­ന്ന­വ­രെ­ല്ലാം വി­ശ്വ­സി­ക്കു­ന്നു.­ ഒരു വെള്ളമടി കമ്പനിയില്‍ വന്നിരുന്നു അണ്ടിപ്പരിപ്പും ടച്ചിങ്ങ്സും കോളയും മാത്രം അകത്താക്കുന്ന ആളെപ്പോലെയാണ് കെ പീ സീ സീ പെരുമാറുന്നത് എന്ന ആക്ഷേപം ആ പാര്‍ട്ടിയിലെ പലര്‍ക്കും ഉണ്ട്. ഉമ്മന്‍ ചാണ്ടി മുതല്‍ ആദര്‍ശത്തിന്റെ മറ്റൊരു ഹരിത മുഖമെന്ന്‌ കൊട്ടിഘോഷിക്കുന്ന കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വിഡി സതീശന്‍ വരെ സുധീരനെ പല രീതിയില്‍ തള്ളിപ്പറഞ്ഞു. എങ്കിലും അടച്ച ബാറുകള്‍ തുറക്കാന്‍ സുധീരന്‍ സമ്മതിച്ചില്ല. കോണ്ഗ്രസിന്റെ മിക്കവാറും നേതാക്കളും മദ്യലോബിക്കൊപ്പമാണെന്നു ജനം വിശ്വസിച്ചു കഴിഞ്ഞു. രസകരമായ കാര്യം പഴയ ഹരിത എം എല്‍ എ മാരില്‍ കുറെ പേര്‍ മദ്യവിരുദ്ധ ഗ്രൂപ്പിലും ബാക്കി മദ്യഅനുകൂല ഗ്രൂപ്പിലും ആയി എന്നതാണ്.  ഇങ്ങനെ മദ്യ ലോബിയും മന്ത്രിമാരും ഗ്രൂപ്പ്‌ മറന്ന്‌ എല്ലാ നേതാക്കളും സുധീരനെതിരെ ഒന്നിക്കുമ്പോള്‍ സുധീരനെ സംരക്ഷിക്കാന്‍ കുറച്ചു സാധാരണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും രാഷ്‌ട്രീയത്തിനതീതമായി ചിന്തിക്കുന്ന കുറച്ചു ജനങ്ങളും മാത്രം. ഇക്കാര്യത്തില്‍ ഘടകകക്ഷികളും പല തട്ടിലാണെന്നുള്ളതാണ്‌ അതീവ രസകരം.

ഇതിലും കഷ്ടമാണ് ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ അവസ്ഥ.  ബാർ­ലൈ­സൻ­സ്‌ കേ­സ്‌ പരിശോധിച്ച ഹൈ­ക്കോ­ട­തി ജ­ഡ്‌­ജി വി­ധി­പ്ര­സ്‌­താ­വ­ന എ­ഴു­തി പൂർ­ത്തി­യാ­ക്കി അ­ത് കോ­ട­തി­യിൽ വാ­യി­ക്കാൻ കുറച്ചു മ­ണി­ക്കൂ­റു­കൾ മാ­ത്രം അ­വ­ശേ­ഷി­ക്കെ കേസില്‍ നിന്ന് പി­ന്മാ­റി­യ­ത്‌ സം­സ്ഥാ­ന­ത്താ­കെ വ­ലി­യ ചർ­ച്ചാ­ വി­ഷ­യ­മാ­യി­രി­­ന്നു. സം­സ്ഥാ­ന­ത്തി­ന്റെ നീ­തി­ന്യാ­യ ച­രി­ത്ര­ത്തിൽ മുന്‍പെങ്ങും കേള്‍ക്കാത്ത ഒരു സംഭവമായിരുന്നു ഇത്. കേ­സ്‌ കേൾ­ക്കു­ന്ന­തിൽ നി­ന്നും വി­ധി പ­റ­യു­ന്ന­തിൽ നി­ന്നും ജ­ഡ്‌­ജി­മാർ പി­ന്മാ­റി­യ സം­ഭ­വ­ങ്ങൾ ഇ­തി­നു­മു­മ്പും ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. എ­ന്നാൽ അ­തി­ന്റെ കാ­ര­ണ­ങ്ങൾ ഇ­ത്ര­യും വി­ശ­ദ­മാ­യി രേ­ഖ­പ്പെ­ടു­ത്തി ഒ­രു ജ­ഡ്‌­ജി പി­ന്മാ­റു­ന്ന­ത്‌ ഇ­താ­ദ്യ­മാ­ണ്‌. ബാർ ഉ­ട­മ­ക­ളു­ടെ പ്രതിനിധിയായി ഒരു അ­ഭി­ഭാ­ഷ­കൻ ത­ന്റെ വീ­ട്ടിൽ­ വ­ന്നു­ ക­ണ്ട്‌ സ്വാ­ധീ­നി­ക്കാൻ ശ്ര­മി­ച്ചു­വെ­ന്നു ഉ­ത്ത­ര­വിൽ രേ­ഖ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ്‌ ജ­സ്റ്റി­സ്‌ സി ടി ര­വി­കു­മാർ പി­ന്മാ­റ്റം പ്ര­ഖ്യാ­പ­​ി­ച്ച­ത്‌. ആ അഭിഭാഷകന്റെ പേര് പോലും അദ്ദേഹം വെളിപെടുത്തിയിരുന്നു. നീ­തി­ന്യാ­യവ്യ­വ­സ്ഥ­യോ­ടും സു­താ­ര്യ­ഭ­ര­ണ­ത്തോ­ടു­മെ­ല്ലാം ക­ള്ളു­ ക­ച്ച­വ­ട­ക്കാർ­ക്കു­ള്ള സ­മീപ­നത്തിന്റെ നിലവാരമാണ് ഇതില്‍ നിന്നെല്ലാം കാണാന്‍ കഴിയുന്നത്.­

ഇനിയുള്ളത് ഈ വിഷയത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്. മദ്യം നമുക്കെന്നും ഒരു കപട സദാചാര വിഷയമാണ്. മദ്യം സംബന്ധിച്ച പല തരം നിലപാടുകള്‍ മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ളവയാണ്. ഒട്ടു മിക്ക മാനവ സംസ്‌കാരങ്ങളിലും പലവിധത്തിലുള്ള മദ്യങ്ങള്‍ സുലഭമായി ഉപയോഗിച്ചിരുന്നു. മദ്യപാനം ഒരു പാപമായി അവിടങ്ങളിലെ മതങ്ങളോ അധികാരികളോ കണക്കാക്കിയിരുന്നുമില്ല. സമ്പൂര്‍ണമായ മദ്യനിരോധനം ഇസ്ലാമിലൊഴികെ മറ്റു പ്രമുഖ മതങ്ങളിലൊന്നും ഉണ്ടെന്നു തോന്നുന്നില്ല. മദ്യപാനം ആത്മീയതയുടെ ഭാഗമാക്കിയിരുന്ന പല സമൂഹങ്ങളും നില നിന്നിരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലും നമ്മുടെ പല അയല്‍രാജ്യങ്ങളിലും സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി പോലും മദ്യം ലഭിക്കും. ഇവിടങ്ങളില്‍ ഒന്നും തന്നെ ഒരു തരത്തിലും മദ്യം ഒരു സാമൂഹിക പ്രശ്നം ആകുന്നില്ല. ജനമാണ് മദ്യം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ മദ്യപാനം കുറയുമെന്ന് പറയുന്നത് ഒരു പഠനത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലല്ല. അതൊരു കപട ധാര്‍മ്മിക മനോഭാവമാണ്. മദ്യം നിരോധിച്ച് നമ്മള്‍ സാന്മാര്‍ഗികതയുടെ ഭാഗത്താണെന്ന് കാണിക്കുക; അത്ര തന്നെ. അത് മതപ്രചാരകര്‍ക്കും സന്മാര്‍ഗപ്രചാരകര്‍ക്കും ചേരും, പക്ഷേ ഭരണാധികാരികള്‍ക്ക് ചേരുമെന്ന് തോന്നുന്നില്ല. മദ്യം പൂര്‍ണ്ണമായി നിരോധിച്ചാലും ആവശ്യമുള്ളവര്‍ അത് സംഘടിപ്പിക്കും. സര്‍ക്കാര്‍ തലത്തില്‍ നടത്താവുന്നത് പരമാവധി ബോധവല്‍ക്കരണമാണ്. മദ്യം കുടിക്കണോ ? എത്ര കുടിക്കണം ? അതില്‍ എത്ര നിയന്ത്രണങ്ങള്‍ വേണം ? എന്നൊക്കെയുള്ളത് ആരോഗ്യത്തിന്റെയും ക്രമസമാധാനത്തിന്റെയും പൊതു സുരക്ഷയുടെയും വിഷയങ്ങളായി പരിഗണിക്കുന്നതാണ് ആധുനികസമൂഹം എന്ന നിലയില്‍ നമുക്ക് നല്ലത്. സദാചാരത്തിന്റെയും ധാര്‍മികതയുടെയും നിലയില്‍ വ്യക്തികള്‍ അതിനെ കാണട്ടെ. മദ്യം ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രായപരിധി, അമിതമായി മദ്യപിച്ചു വണ്ടിയോടിക്കുക, മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, ഓഫീസുകളിലും സ്‌കൂളുകളിലും കോളേജുകളിലും മദ്യപിച്ചു വരിക മുതലായ കാര്യങ്ങളെ ഗൌരവമായി കണ്ടു അവയുടെ ലംഘനങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇവിടെ തു കൊച്ചു കുട്ടിക്കും മദ്യം വാങ്ങാം, മുന്തിയ ബാറിന്റെ മുന്‍പില്‍ ഒരു പോലീസുകാരനും ഊതിക്കാന്‍ നില്‍ക്കില്ല...പിന്നെന്ത് വേണം...


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 8 May 2014

ആരും പേടിക്കണ്ട; സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ട് പൊട്ടാൻ ഒരു മുല്ലപ്പെരിയാറിനും ആവില്ല...

പരീക്ഷ എഴുതിയ മുഴുവന്‍ വിഷയങ്ങളില്‍ പകുതി കിട്ടിയില്ല, ബാക്കി പകുതി തോറ്റു എന്ന് പറഞ്ഞ കുട്ടിയുടെ പോലെയായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോയ കേരളത്തിന്റെ കാര്യം. ഉന്നയിച്ച പതിനൊന്നു വിഷയങ്ങളിലും കേരളം തോറ്റു; അതിനേക്കാള്‍ ശരി പതിനൊന്നിലും തമിഴ്നാട് ജയിച്ചു എന്ന് പറയുന്നതാണ്. എന്തായാലും, മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിയായത് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഏതാണ്ട് ഒരു തീരുമാനമായി. ഇതോടെ കേരളത്തിന്‌ സുരക്ഷ തമിഴ്നാടിന് വെള്ളം എന്ന ഫോര്‍മുല എളുപ്പത്തില്‍ നടപ്പിലാക്കാനായി. ഇത് കണ്ടപ്പോള്‍ അച്ചായന് തോന്നിയ ഒരു സംശയം, ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പൊട്ടാനുള്ള തയ്യാറെടുപ്പെങ്ങാന്‍ ഡാമിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ അത് കോടതിയലക്ഷ്യം ആവുമോ എന്നുള്ളതാണ്. ഡാമിന്റെ ഭാഗത്തുണ്ടാകുന്ന ഭൂചലനങ്ങളെ കൂടി കോടതിയലക്ഷ്യ പരിധിയില്‍ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി. അണക്കെട്ട് ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും പൂര്‍ണ്ണ സുരക്ഷിതമാണെന്നുള്ള ജസ്റ്റിസ്‌ ആനന്ദ്‌ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ് ഈ വിധി. ജനങ്ങളുടെ "വിധി"; അല്ലാതെന്തു പറയാന്‍. റൂര്‍ക്കി ഐ ഐ ടി, ഡല്‍ഹി ഐ ഐ ടി മുതലായ മന്ദബുദ്ധി സ്കൂളിലെ കുട്ടികളുടെ റിപ്പോര്‍ട്ട്‌ നോക്കി ഇപ്പ ശര്യാവും എന്ന് പറഞ്ഞിരുന്ന കേരളത്തിലെ മണ്ടന്മാര്‍ പോയി പണി നോക്കാന്‍ പറഞ്ഞു പരമോന്നത നീതിപീഠം.  

ഈ വിധി ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് തമിഴ് നാട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചെട്ടിയാർ ജി, 2011 ഡിസംബര്‍ 17 നു അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ചെന്നൈയിലെ കോണ്‍ഗ്രസ് യോഗത്തില്‍ തന്നെ പറഞ്ഞിരുന്നു. 

അയ്യോ ഇപ്പൊ പൊട്ടുമേ; കിടന്നിട്ടു ഉറക്കം വരണില്ലേ; We want a new daaaaam...പുതിയ ഡാമല്ലാതെ മറ്റൊരു പോം വഴിയില്ലേ എന്നൊക്കെ പിച്ചും പേയും പറഞ്ഞു ഒരു പോക്ക് പോയ, ഒരു തൊടുപുഴക്കാരന്‍ മന്ത്രി...

ഞാന്‍ ഒരു സംസ്ഥാനത്തിന്റെ മാത്രം മന്ത്രിയല്ലാത്തത് കൊണ്ട് അന്തര്‍സംസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആദര്‍ശം അനുവദിക്കാത്ത കേന്ദ്രത്തിലെ ഒരു "പ്രധാന" മന്ത്രി (നമ്മുടെ സര്‍ദാര്‍ അല്ല, കേരളത്തില്‍ നിന്നുള്ള ചേട്ടന്‍)  

അങ്ങനെ അങ്ങനെ, എണ്ണമില്ലാത്ത നമ്മുടെ നേതൃസിംഹങ്ങള്‍ എല്ലാം എന്തോ പോയ അണ്ണാന്റെ പോലെ നടക്കുന്നതും, കക്ഷി ഭേദമില്ലാതെ ഡല്‍ഹിയില്‍ പോയി കെട്ടിക്കിടന്നു കാര്യം സാധിച്ചു പോന്ന പാണ്ടി അണ്ണാച്ചികളെയും (അങ്ങനെയാണല്ലോ പ്രബുദ്ധ കേരളം തമിഴന്മാരെ വിളിക്കാറ്) കാണുമ്പോള്‍ ഇപ്പോള്‍ കെ കരുണാകരനാണ് ഭരിച്ചിരുന്നതെങ്കില്‍ എന്ന് ഓര്‍ത്തു പോയി. രാഷ്ട്രീയപരമായി അച്ചായന് അദ്ദേഹത്തോട് ഒരു താല്പര്യവും ഇല്ലെങ്കിലും, ഇത്തരം കാര്യങ്ങള്‍ തന്റെ വരുതിയില്‍ വരുത്താന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു എന്ന കാര്യം മറക്കാന്‍ പാടില്ലല്ലോ. കാലാ കാലങ്ങളിൽ കേരളം ഭരിച്ച "മന്ദ ബുദ്ധികളുടെ" കഴിവില്ലായ്മയുടെ തെളിവാണ് ഈ അണക്കെട്ട്. കേന്ദ്ര ജലകമ്മീഷനും പരമോന്നത നീതിപീഠവും കോടതിക്കു പോലും കേരളത്തിലെ നാല് ജില്ലകളിലെ 40 ലക്ഷം ജനങ്ങളുടെ ജീവന്റെ വില മനസിലാക്കുന്നില്ല. പ്രശ്നത്തിന് എകരൂപമുള്ള ഒരു പരിഹാരം പോലും ഉന്നയിക്കാൻ കേരളത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറിനു പകരം മറ്റൊരു അണക്കെട്ടല്ല വേണ്ടത് എന്ന് വാദിക്കുന്ന ഒരു കൂട്ടര്‍. പുതിയ ഡാം മാത്രമാണ് പരിഹാരം എന്ന് മറ്റൊരു കൂട്ടര്‍. ടണൽ ആണ് വേണ്ടത് എന്ന് വേറൊരു കൂട്ടർ.  നമ്മുടെ നേതാക്കള്‍ക്ക് തമ്മില്‍തല്ലും കീശവീര്‍പ്പിക്കലും സരിതയും ബാറും കോഴയും കഴിഞ്ഞിട്ട് ഇതിനൊക്കെ നേരം വേണ്ടേ. തങ്ങളുടെ ഇമ്മിണി വല്ല്യ അധികാരത്തെ മറി കടന്ന് നിയമം നിര്‍മ്മിച്ച ഒരു ഇത്തിരിപ്പോന്ന സംസ്ഥാനത്തിന്റെ അഹമ്മതിയോടുള്ള കോടതിയുടെ കെറുവും വിധിയില്‍ ഇല്ലേ എന്ന് അൽപ്പ ബുദ്ധിയെങ്കിലും ഉള്ള ആളുകൾ ചിന്തിച്ചാൽ അതിനു അവരെ കുറ്റം പറയാൻ ഒക്കുമോ.....

എന്തായാലും, സംഗതിയില്‍ പ്രതിഷേധിച്ചു നമ്മുടെ ദേശീയോത്സവമായ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിപിച്ചു. കൂട്ടിനു നമ്മുടെ സ്ഥിരം കലാപരിപാടികളായ കുപ്പി, തമിഴന്‍ നാമക്കല്‍ നിന്ന് കയറ്റി വിടുന്ന ചിക്കന്‍, ചാനലുകളില്‍ ഹര്‍ത്താല്‍ ദിന പ്രത്യേക ബ്ലോക്ക്‌ ബസ്റ്റര്‍ ചലച്ചിത്രം മുതലായവയും. എന്തായാലും പെരുമഴയത്തു വീട്ടില്‍ ഇരിക്കാന്‍ ഒരു കാരണമായി.  ഹര്‍ത്താല്‍ കണ്ടു പേടിച്ചു നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും എടുത്ത ഒരു തീരുമാനം മാറ്റുന്നത് കണ്ടിട്ടില്ല. പിന്നല്ലേ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ ഇറക്കുന്ന കോടതി. അതും പരമോന്നത നീതിപീഠം. ഹര്‍ത്താല്‍ മുറ പോലെ നടന്നത് മാത്രം മിച്ചം....

ആശങ്കയ്ക്ക് വകയില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാരോട് കേരള ജനത പൊറുക്കട്ടെ. ഇവിടത്തെ കോടതികളിലും രാഷ്ട്രീയക്കാരിലും വിശ്വാസമര്‍പ്പിച്ച് റിലേ നിരാഹാരം അനുഷ്ടിച്ചു കാത്തിരുന്ന സമര സമിതി എന്ന ശുദ്ധാത്മാക്കളോട് മനസ്സാ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെ നമുക്ക് മറ്റു മലയാളികള്‍ക്ക് കഴിയൂ. ഓട്ടക്കപ്പലിനു ദൈവം തുണ എന്നല്ലേ പഴമക്കാര്‍ പറയുന്നത്. കേരളത്തിലാണെങ്കില്‍ ദൈവങ്ങള്‍ക്കോ പുണ്യാളന്മാര്‍ക്കോ ഒരു കുറവുമില്ല. അതുകൊണ്ട്, ഈ പണ്ടാരം എളുപ്പമൊന്നും പൊട്ടല്ലേ എന്നും അഥവാ പൊട്ടിയാല്‍ ഇടുക്കി അണക്കെട്ടില്‍ തങ്ങി നില്‍ക്കണേ എന്നും നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. 

ഇങ്ങിനെ ഒന്ന് സങ്കൽപ്പിച്ചാലോ....മുല്ലപ്പെരിയാർ പൊട്ടുന്നു...അതിനെ ഇടുക്കി ഡാം തടഞ്ഞു നിർത്തുന്നു. ഒരു വെള്ളപ്പൊക്കത്തിലും ചില്ലറ നാശ നഷ്ടങ്ങളിലും കാര്യങ്ങൾ അവസാനിക്കുന്നു....അപ്പോൾ ഈ പാണ്ടികൾക്ക് എവിടെ നിന്ന് വെള്ളം കിട്ടും...അങ്ങനെ സംഭവിച്ചാല്‍ ഈ പാണ്ടികളും സുപ്രീം കോടതിയും എന്ത് ചെയ്യുമെന്ന് അറിയണമല്ലോ. അല്ല പിന്നെ...

അല്ലെങ്കിൽ വേണ്ട; ഇത് പൊട്ടി ഒലിച്ചു കേരളത്തിലെ കുറെ എണ്ണം ചത്താലും നഷ്ടം ഈ പാണ്ടികള്‍ക്ക് തന്നെ അല്ലെ. അവര്‍ ഉണ്ടാക്കി വിടുന്ന കോഴിയും പച്ചക്കറിയും പൂക്കളും ഒക്കെ വാങ്ങാന്‍ ആരെങ്കിലും വേണ്ടേ. 

എങ്ങനെ നോക്കിയാലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മരമണ്ടന്‍ പാണ്ടികള്‍ തന്നെ...

ഇത് വായിച്ചിട്ട്, ഇത് എന്നെ ബാധിക്കാത്ത കാര്യം ആയതു കൊണ്ടാണ് ഇങ്ങിനെ ഒക്കെ എഴുതുന്നത്‌ എന്നും പറഞ്ഞ്, എന്റെ പുറത്തോട്ടു കയറാൻ വരരുത്...ഞാനും എന്റെ സർവ്വ ബന്ധുക്കളും പെരിയാറിന്റെ കരകളിൽ ആണ് താമസ്സിക്കുന്നത്‌. ഈ പണ്ടാരം പൊട്ടി ഒലിച്ചു അതിൽ പെട്ട് ചത്തു പോയാൽ അടിയന്തിരം നടത്താൻ പോലും എന്റെ കുടുംബത്തിൽ ആരും ബാക്കിയുണ്ടാവാൻ വഴിയില്ല...


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 May 2014

"തികച്ചും യാദൃച്ഛികമോ ?" ആദ്യമായി അച്ചടി മഷി പുരണ്ട എന്റെ രചന......

എന്റെ ജീവിതത്തില്‍ ആദ്യമായി ഞാനെഴുതിയ ഒരു മാറ്റര്‍ അച്ചടി മഷി പുരണ്ടത് 1995 ലാണ്. ആ വര്‍ഷത്തെ കാലടി ശ്രീ ശങ്കര കോളേജിന്റെ വാര്‍ഷിക മാഗസിനില്‍ ആണ് അത് അച്ചടിച്ച്‌ വന്നത്. പിയാത്ത എന്നായിരുന്നു ആ മാഗസിന്റെ പേര്. എന്റെ രചനയില്‍  ആവിഷ്കാരമോ ക്രിയേറ്റിവിറ്റിയോ ഒന്നും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എഴുതാന്‍ വേണ്ടി ഒരെഴുത്ത്. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന പ്രിയ സുഹൃത്ത്‌ ബിജു ആബേല്‍ ജേക്കബ്‌ ആയിരുന്നു ആ മാസികയുടെ എഡിറ്റര്‍. രാഷ്ട്രീയപരമായി ഞങ്ങള്‍ എതിര്‍ ചേരികളില്‍ ആയിരുന്നെങ്കിലും എന്റെ ആ രചന അദ്ദേഹം മാസികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


ആ വധമാണ് താഴെ....


തികച്ചും യാദൃച്ഛികമോ.. ?

സങ്കല്‍പ്പകഥകളേക്കാള്‍ അവിശ്വസനീയമായ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. ഇതാ അവയില്‍ ചിലത്.

എബ്രഹാം ലിങ്കനെയും ജോണ്‍ എഫ് കെന്നഡിയെയും നമുക്കൊന്ന് സാധര്‍മ്യം ചെയ്തു നോക്കാം. ലിങ്കന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആയത് 1860 ല്‍. കെന്നഡി 1960 ലും. രണ്ടു പേരും വെടിയേറ്റാണ് മരിച്ചത്. അതും വെള്ളിയാഴ്ച ദിവസം. ലിങ്കന്റെയും കെന്നഡിയുടെയും പിന്‍ഗാമികള്‍ ജോണ്‍സന്‍ എന്ന് പേരുള്ളവര്‍ ആയിരുന്നു. രണ്ടു പേരും സെനറ്റര്‍മാര്‍ ആയിരുന്നു. ദക്ഷിണ പ്രവിശ്യയില്‍ നിന്നുള്ള ഡെമോക്രാറ്റുകളും ആയിരുന്നു. ലിങ്കന്റെ പിന്‍ഗാമി 1808 ല്‍ ജനിച്ചു. കെന്നഡിയുടെ പിന്‍ഗാമി 1908 ല്‍ ജനിച്ചു. ലിങ്കന്റെ സെക്രട്ടറിയുടെ പേര് കെന്നഡിയെന്നായിരുന്നു. കെന്നഡിയുടെ സെക്രട്ടറിയുടെ പേര് ലിങ്കനെന്നും. ലിങ്കന്റെ ഘാതകന്‍ 1839 ല്‍ ജനിച്ചു.  കെന്നഡിയുടെ ഘാതകന്‍ 1939 ല്‍ ജനിച്ചു. ഇവിടെയെല്ലാം വ്യത്യാസം നൂറു വര്‍ഷങ്ങളുടെതാണ്. രണ്ടു പേരുടെ ഘാതകരും കോടതിയില്‍ എത്തും മുന്‍പേ വധിക്കപ്പെട്ടു. ലിങ്കന്റെ ഘാതകന്‍ ഒരു തിയേറ്ററില്‍ വച്ച് നിറയൊഴിച്ച ശേഷം ഒരു സംഭരണശാലയില്‍ പോയി ഒളിച്ചു. കെന്നഡിയുടെ ഘാതകന്‍ ഒരു സംഭരണശാലയില്‍ നിന്ന് നിറയൊഴിച്ച ശേഷം ഒരു തിയേറ്ററില്‍ പോയി ഒളിച്ചു. തിയേറ്ററിലേക്ക് പോകരുത് എന്ന് മരണത്തിന് മുന്‍പ് സെക്രട്ടറി ലിങ്കനോട് പറഞ്ഞിരുന്നു. ഡള്ളാസിലേക്ക് പോകരുത് എന്ന് കെന്നഡിയോട് സെക്രട്ടറി മരണത്തിന് മുന്‍പ് അറിയിച്ചിരുന്നു.

LINCOLN, KENNEDY എന്നീ പേരുകള്‍ക്ക് 7 അക്ഷരങ്ങള്‍ വീതമാണുള്ളത്. അവരുടെ പിന്‍ഗാമികളായ ANDREW JOHNSON, LYNCON JOHNSON എന്നിവരുടെ പേരുകളില്‍ 13 അക്ഷരങ്ങള്‍ വീതമുണ്ട്. 15 അക്ഷരങ്ങള്‍ വീതമുള്ള JOHN WILKES BOOTH, LEE HARVEY OSWALD എന്നീ ഘാതകരുടെ പേരുകളും സമാനത പുലര്‍ത്തുന്നു.

അടുത്തതായി നെപ്പോളിയന്റെയും ഹിറ്റ്ലറുടെയും കാര്യമെടുക്കാം. നെപ്പോളിയന്‍ 1760 ല്‍ ജനിച്ചു. ഹിറ്റ്‌ലര്‍ 1889 ലും. അവരുടെ ജനന വര്‍ഷങ്ങള്‍ തമ്മിലുള്ള അന്തരം 129 വര്‍ഷമാണ്.

1804 ല്‍ നെപ്പോളിയന്‍ അധികാരത്തിലേറിയെങ്കില്‍ 1933 ല്‍ ഹിറ്റ്‌ലര്‍ അധിപതിയായി. അവിടെയും 129 വര്‍ഷങ്ങളുടെ വ്യത്യാസം. റഷ്യക്കെതിരെ 1812 ല്‍ നെപ്പോളിയന്‍ യുദ്ധം നയിച്ചെങ്കില്‍ 129 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ്‌ലര്‍ 1941 ല്‍ റഷ്യക്കെതിരെ യുദ്ധം നയിച്ചു. തീര്‍ന്നില്ല, വാട്ടര്‍ ലൂ യുദ്ധത്തില്‍ പരാജിതനായ നെപ്പോളിയന്‍ 1816 ല്‍ മരണമടഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജിതനായ ഹിറ്റ്ലര്‍ 1945 ല്‍ ആത്മഹത്യ ചെയ്തു. മറ്റു സംഭവങ്ങളില്‍ എന്ന പോലെ മരണത്തിലും അവര്‍ തമ്മിലുള്ള കാലവ്യത്യാസം 129 വര്‍ഷങ്ങള്‍ തന്നെ.

ഈ അടുത്തിടെ ഏതോ പുസ്തകത്തില്‍ വായിച്ച ഇക്കാര്യങ്ങള്‍ എന്നില്‍ ആശ്ചര്യമുളവാക്കി. വ്യത്യസ്ത വ്യക്തികളെ സംബന്ധിച്ച അത്ഭുതകരമായ ഈ സാമ്യം തികച്ചും യാദൃച്ഛികമാണോ !!?? ഇതിനുത്തരം നല്‍കാന്‍ ഏതെന്കിലും ശാസ്ത്രത്തിന് കഴിയുമോ ? വിശ്വകല്പന നടത്തുകയും അതിലെ ഓരോ അണുവിനെയും സംരക്ഷിച്ചു പോരുന്നെന്നും വിശ്വസിക്കപ്പെടുന്ന സര്‍വ്വ ശക്തന്റെ വിസ്മയകരമായ ചെയ്തികളോ ? അതോ തികച്ചും യാദൃച്ഛികമോ.. ?

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 2 May 2014

ആണ്‍കുട്ടികള്‍ കളി തമാശയായി ബലാല്‍സംഗം ചെയ്‌താല്‍ കാരാട്ടിന്റെ മൂന്നാം മുന്നണി എന്ത് ചെയ്യും ???

ബി.ജെ.പി.യ്ക്കും കോണ്‍ഗ്രസിനും ബദലായി മതേതര പാര്‍ട്ടികളുടെ ഐക്യം എന്ന നിലയിലാണ് ഓരോ പൊതു തിരഞ്ഞെടുപ്പ് സമയത്തും മൂന്നാം മുന്നണി എന്ന കാഴ്ചപ്പാട് ഈ രാജ്യത്ത് ഉയര്‍ന്നു വരാറുള്ളത്. എന്നാല്‍, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഒരു വലിയ തമാശ കേട്ടത് പോലെ ഊറി ചിരിക്കുന്ന ഒരു സാഹചര്യം എന്തായാലും ഇവിടെ നിലവിലുണ്ട്. ഇപ്പ്രാവശ്യം രാജ്യത്ത്‌  മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചിട്ടു ഒരു ദിവസം തികഞ്ഞിട്ടില്ല. നടക്കാന്‍ സാധ്യതയില്ലെങ്കിലും അവസാന നിമിഷം വരെ ആത്മവിശ്വാസം നല്ലതാണല്ലോ. മതേതര സഖ്യം അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്നും കാരാട്ട് സഖാവ് വ്യക്തമാക്കി. മുന്നണിയെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവായിരിക്കും നയിക്കുകയെന്നും കാരാട്ട് പറഞ്ഞു. ബി.ജെ.പി. അധികാരത്തിലേറുന്നത് തടയാന്‍ കെല്‍പുള്ള ഏക ബദല്‍ മൂന്നാം മുന്നണിയാണ്. ഇപ്പോള്‍ മൂന്നാം മുന്നണിയുടെ ഭാഗമായ പതിനൊന്ന് പ്രാദേശിക കക്ഷികളും തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നാലും ഒന്നിച്ചു നില്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ജയലളിത ബി.ജെ.പി.ക്കൊപ്പമോ മുലായംസിങ് കോണ്‍ഗ്രസിനൊപ്പമോ പോകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും നല്ല വിശാലമായ സാമൂഹ്യ വീക്ഷണമുള്ള ഒരു നേതാവിനെ തന്നെയാണ് മൂന്നാം മുന്നണിയെ നയിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ  പേരിൽ അവരെ തൂക്കിക്കൊല്ലുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടിട്ടു അധികം ദിവസ്സമായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. 

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണല്ലോ പ്രമാണം. സമാജ് വാദി അധ്യക്ഷനിൽ നിന്നുണ്ടായ ഒരു പ്രസ്താവനയുടെ ഞെട്ടൽ മാറും മുമ്പാണ് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്.
ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നാണ് അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി പറയുന്നു. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നും അബു അസ്മി വിലപിക്കുന്നു. മുലായംസിംഗ് യാദവ് സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണെന്നാണ് സ്ഥാപിക്കാന്‍ വേണ്ടി, മുലായം മുന്‍ കൈ എടുത്താണ് ഫൂലൻ ദേവിയെ പാർലമെന്റംഗമാക്കിയെന്നും അസ്മി ചൂണ്ടിക്കാട്ടി. എല്ലാ പാര്‍ട്ടിക്കാരും സ്ത്രീകളെ അപമാനിക്കുമ്പോൾ മുലായംജിയും പാര്‍ട്ടിയും അവരെ ഉദ്ധരിക്കാനാണ് ശ്രമിക്കുന്നതെന്നും അസ്മി അവകാശപ്പെടുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ള നേതാക്കള്‍ക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും ജനങ്ങള്‍ അധികാരത്തിലെത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് മുലായംസിംഗ് ചെയ്യുന്നത് എന്നാണു പൊതുവെയുള്ള ജനാഭിപ്രായവും. പക്ഷെ എന്റെ അഭിപ്രായം അതല്ല; നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടാങ്കില്‍ ഉള്ളതല്ലേ ടാപ്പില്‍ വരൂ. ഹൃദയത്തിന്റെ നിറവില്‍ അധരങ്ങള്‍ മൊഴിയുന്നു..അത്രേ ഒള്ളൂ കാര്യം....

ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് നിയമങ്ങള്‍ കൂടി അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. പിന്നെ, മൂന്നാം മുന്നണി അധികാരത്തില്‍ വരികയെന്നത് വളരെ വളരെ വിദൂരസാധ്യതയുള്ള കാര്യമായതിനാല്‍ കളി തമാശക്കാരായ ആണ്‍കുട്ടികള്‍ ഒരു ബലാല്‍സംഗ സൌഹൃദ സര്‍ക്കാരിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും... അതോ ഇത്തരം കളിതമാശകള്‍ ഇഷ്ടപ്പെടുന്നവര്‍ എല്ലാം ഒന്നടങ്കം വോട്ടു ചെയ്തു മുലായംജിയെ പിടിച്ചു പ്രധാനമന്ത്രി കസേരയില്‍ ഇരുത്തുമോ... അപ്പോള്‍ കാരാട്ടിന്റെ മൂന്നാം മുന്നണിയുടെ നിലപാടെന്തായിരിക്കും... എന്തായാലും മെയ്‌ പതിനാറിന് ഒരു വ്യക്തത കൈ വരുമെന്നു കരുതാം.....


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 22 April 2014

ങാ ഹാ.. ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പൂരത്തിന്റെ വെടിക്കെട്ട്‌ തുടരുകയാണ്. ദേശീയ തലത്തില്‍ "സീരിയസ് അഭിനയത്തിന്" അവാര്‍ഡ്‌ നേടിയ സുരാജിനെ സംസ്ഥാന തലത്തില്‍ "സീരിയസ് അല്ലാത്ത അഭിനയത്തിന്" മികച്ച ഹാസ്യ നടനാക്കിയതിന്റെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സംസ്ഥാന അവാര്‍ഡ്‌ ജൂറി അപ്രതീക്ഷമായി അടുത്ത വിവാദത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കാര്‍ത്തിക് അവാര്‍ഡിനര്‍ഹമായ ഗാനം ചിത്രത്തില്‍ പാടിയിട്ടില്ല. ഒറീസ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങളില്‍ എന്ന ഗാനമാണ് ഗായകന് അവാര്‍ഡ് നേടിക്കൊടുത്തത്. ഗാനം പാടിയത് കാര്‍ത്തിക് ആണെന്നാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച സിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സിനിമയുടെ സി ഡി യ്ക്ക് വേണ്ടി മാത്രമാണ് പാടിയത്. യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ പാടിയത് പ്രദീപ് ചന്ദ്രകുമാര്‍ എന്ന യുവഗായകന്‍ ആയിരുന്നു. തികച്ചും സാങ്കേതികമായ പിഴവിന് സ്വന്തം അവാര്‍ഡ് വിലയായി നല്‍കേണ്ടി വന്നു പ്രദീപിന്. തന്റേതല്ലാത്ത കാരണത്താല്‍, ആദ്യമായി കിട്ടിയ സംസ്ഥാന അവാര്‍ഡ് ആളു മാറി പ്രഖ്യാപിക്കപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും തീരെ പ്രതീക്ഷിക്കാത്ത ഒന്നായതിനാല്‍ അത്ര വലിയ ദു:ഖമില്ലെന്നും പ്രദീപ് വ്യക്തമാക്കിയിരുന്നു.

ജന്മാന്തരങ്ങളില്‍ കാര്‍ത്തിക്കിനെ കൊണ്ടു തന്നെയാണ് ആദ്യം പാടിച്ചതെന്നും എന്നാല്‍ പിന്നീട് അത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ പ്രദീപിനെ കൊണ്ടു വീണ്ടും പാടിക്കുകയുമായിരുന്നെന്ന് ഇൗ ഗാനത്തിന് ഇൗണം നല്‍കിയ സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായാണ് രതീഷ് വേഗയുടെ വിശദീകരണം. അവാര്‍ഡ് മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കുന്നതിനായി എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം നിര്‍മ്മാതാവ് ചലച്ചിത്ര അക്കാദമിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് അക്കാദമിയുടെ വിശദീകരണം. നിര്‍മ്മാതാവ് കൊടുത്ത രേഖകളില്‍ ഗായകനായി കാര്‍ത്തികിന്റെ പേരാണ് ഉണ്ടായിരുന്നതത്രേ. എന്തായാലും ഇതെല്ലാം കേള്‍ക്കുമ്പോള്‍ റാംജിറാവു സ്പീക്കിംഗ് സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗാണ്. "ങാഹാ..ഉര്‍വ്വശി കിടക്കണ്ടേടത്ത് ഉറുമീസ്...ഉറുമീസ് കിടക്കണ്ടേടത്ത് ഉര്‍വ്വശി...." അതാണ്‌ പോലും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

ഇതെല്ലാം സാങ്കേതികമായി കൈ കഴുകാനുള്ള വാദങ്ങള്‍ മാത്രമാണ്; വെറും താത്വിക അവലോകനങ്ങള്‍ മാത്രം. കൊട്ടിഘോഷിക്കപ്പെടുന്ന സിനിമ അവാര്‍ഡുകള്‍ ഇത്രയും അവധാനതയോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നാണു സാധാരണ പ്രേക്ഷകന്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. അവാര്‍ഡ്‌ കൊടുക്കാനും അത് നിര്‍ണ്ണയിക്കുന്ന സമിതിയുടെ ചിലവിനും ഉപയോഗിക്കുന്നത് ജനത്തിന്റെ നികുതിപ്പണമാണെന്ന് മറക്കരുത്. ലോക്കല്‍ ആര്‍ട്സ്‌ ക്ലബിലെ നുണ പറച്ചില്‍ മത്സരത്തിന്റെ ഫല പ്രഖ്യാപനം ഒന്ന് അല്ലല്ലോ. സര്‍ക്കാരും അക്കാദമിയും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്‌ ഇത്തരം അവാര്‍ഡുകള്‍. ഇതൊരു ചെറിയ വീഴ്ച അല്ല. ആര്‍ക്കും ഇതില്‍ നിന്ന് കൈ കഴുകാന്‍ അവകാശവും ഇല്ല. ഇക്കണക്കിനു സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്നവനോ ലൈറ്റ് ബോയ്ക്കോ  മികച്ച നടനുള്ള അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടാലും പ്രേക്ഷകര്‍ ഞെട്ടേണ്ട ആവശ്യം ഇല്ല. 


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 19 April 2014

തള്ളെ....ദേശീയ സുരാജ്...സംസ്ഥാന സുരാജ്...എന്റെ സിവനേ.....

ഒന്‍പതു രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് പകര്‍ത്തി കൊടുക്കാന്‍ ഏറ്റവും വിഷമകരം. കരയിപ്പിക്കാനോ  പേടിപ്പിക്കാനോ അത്ഭുതപ്പെടുത്താനോ ശ്രമിച്ചിട്ട് പരാജയപ്പെടുന്നതിന്റെ ഒന്‍പതിരട്ടിയാണ് ചിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് അതിനു സാധിക്കാതെ വരുമ്പോളുണ്ടാവുക എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അഭിനയിച്ച് ചിരിപ്പിക്കാന്‍ അറിയാവുന്നവന് ഏതു ഭാവവും അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമെന്ന് അടൂര്‍ ഭാസിയും ബഹദൂറും ജഗതിയും ഒടുവിലും ഇന്നസെന്റും മാമുക്കോയയും എല്ലാം പല വട്ടം തെളിയിച്ചതാണ്. പക്ഷെ അവര്‍ക്ക് പലപ്പോഴും അംഗീകാരങ്ങള്‍ വന്നത് ജനങ്ങളുടെ കയ്യടിയില്‍ നിന്നായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹാസ്യ വിഭാഗത്തിന് ഒരു പ്രത്യേക അവാര്‍ഡ്‌ പ്രഖ്യാപിച്ചു ഹാസ്യ നടന്മാരെ രണ്ടാം നിരയിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. ഈ നയത്തിന്റെ ചെകിട്ടത്തു തന്നെ ആദ്യ അടി കൊടുത്തത് രണ്ടു വര്‍ഷം മുന്‍പത്തെ ദേശീയ അവാര്‍ഡ്‌ ജൂറി ആയിരുന്നു. സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കൊടുത്തു കൊണ്ടായിരുന്നു അത്. ഇപ്പോഴിതാ ദേശീയ അവാര്‍ഡ്‌ കമ്മിറ്റി ഒന്നാം നിര താരചക്രവര്‍ത്തിമാരെയും രണ്ടാം നിര നാട്ടുരാജാക്കന്മാരെയും  വിളിപ്പാടകലെ മാറ്റി നിര്‍ത്തിക്കൊണ്ട് സുരാജ് വെഞ്ഞാറമൂട് എന്ന വിദൂഷകന് നല്‍കിയിരിക്കുന്നു, ദേശീയ അവാര്‍ഡ്‌. ശ്രദ്ധേയമായ കാര്യം ഇതിലുമപ്പുറം ഇരുവര്‍ക്കും അവാര്‍ഡ്‌ കിട്ടിയത് ഹാസ്യവേഷങ്ങള്‍ക്ക് അല്ലെന്നുള്ളതാണ്. വില കുറഞ്ഞ കവല തമാശകളും അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ധാരാളം പ്രയോഗിക്കുന്ന ഊള വളിപ്പ് നടന്‍ എന്ന പുറം തോട് പൊട്ടിച്ചു അഭിനയത്തിനുള്ള ഭാരതത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയ ഈ നടന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അവാര്‍ഡ് ലഭിക്കുമ്പോഴും വാസ്തുഹാരയിലെ മോഹന്‍ ലാലിന്റെ അഭിനയത്തോടാണ് ജൂറി സുരാജിന്റെ അഭിനയമികവിനെ താരതമ്യം ചെയ്തത്. നടന്റെ സ്ഥിരം ലേബല്‍ നോക്കാതെ അവാര്‍ഡ്‌ നിശ്ചയിക്കാന്‍ പക്വതയും വളര്‍ച്ചയും ദേശീയ ജൂറിയ്ക്കും ഒരു ബിഗ്‌ റെസ്പെക്റ്റ്‌. 
ഈ പ്രഖ്യാപനം മുതല്‍ അക്ഷരാര്‍ഥത്തില്‍ ത്തില്‍ വെട്ടിലായിപ്പോയത് സംസ്ഥാന അവാര്‍ഡ്‌ ജൂറി ആയിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് കിട്ടിയതോടെ സംസ്ഥാന ജൂറിയുടെ തീരുമാനം എന്തായിരിക്കുമെന്ന് നോക്കിയിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്തായാലും ദേശീയ ജൂറി കാണിച്ച പക്വതയും വളര്‍ച്ചയും ഒന്നും സംസ്ഥാന ജൂറി കാണിച്ചില്ല. ഇവിടെ അവര്‍ സുരാജിന് പഴയ കുപ്പായത്തിനുള്ള അംഗീകാരം എന്ന നിലയില്‍ മികച്ച ഹാസ്യ നടനുള്ള  അവാര്‍ഡ്‌ കൊടുത്തു തല കഴുത്തിലാക്കി രക്ഷപെട്ടു. ഇതിനെച്ചൊല്ലി എന്തൊക്കെ വിവാദങ്ങള്‍ വരുമെന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. 

മുന്‍പ് ദേശീയ അവാര്‍ഡ്‌ കിട്ടിയ സലിം കുമാര്‍ പറഞ്ഞത് പോലെ  ഇനി സുരാജും സൂക്ഷിക്കണം. നിങ്ങളുടെ കാര്യം ഏതാണ്ട് പോക്കായ മട്ടാണ്. മലയാള സിനിമയുടെ ഒരു രീതി അതായത് കൊണ്ട് പറഞ്ഞതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.

വാല്‍ക്കഷണം : ഇതെല്ലാം കാണുമ്പോള്‍ ഉള്ളാല്‍ ചിരിക്കുന്നവരും സന്തോഷിക്കുന്നവരും ഏറെ ഉണ്ടെങ്കിലും എന്റെ മനസ്സില്‍ ആദ്യം വരുന്ന ഒരു മുഖം ഇന്ദ്രന്‍സിന്റെതാണ്. പല പ്രമുഖ നടിമാരും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വൈമുഖ്യം കാണിച്ച സാഹചര്യത്തില്‍...അതിനാല്‍ തന്നെ ഈ അവാര്‍ഡ്‌ സുരാജിനോട് അനുവാദം ചോദിക്കാതെ തന്നെ ഞാന്‍ ഇന്ദ്രന്‍സിന് Dedicate ചെയ്യുന്നു.


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 18 April 2014

മമ്മൂട്ടിയും ഗാങ്ങ്സ്റ്ററും മൂന്നാം തരം മാധ്യമ ഗുണ്ടായിസ്സത്തിന്റെ ഇര ???


കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഗാങ്ങ്സ്റ്റര്‍ സോഷ്യല്‍ മീഡിയ അന്തരീക്ഷത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ആരാധകരും അല്ലാത്തവരും പോസ്റ്റി പോസ്റ്റി മടുത്തു. മമ്മൂട്ടി-ആഷിക് അബു- അഹമ്മദ്‌ സിദ്ധിക്ക്-അഭിലാഷ്‌ കുമാര്‍ ടീമിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രവും.

പടം റിലീസ് ആയി മണിക്കൂറുകള്‍ക്കകം അതിനെ ഇല്ലായ്മ ചെയ്യാന്‍ മാത്രം വിഷശക്തിയുള്ള അവലോകനങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും ചില ടി വി ചാനലുകളിലും ഇട തടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു; ഇപ്പോഴും പ്രവഹിക്കുന്നു. ഫേസ്ബുക്കിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങളും അശ്ലീലവുമാണ് പലരും ആഷിക് അബുവിന്റെ പേജിലും മമ്മൂട്ടി ആരാധകരുടെ പോസ്റ്റിലും എഴുതിവിടുന്നത്. ഇത് സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നുണ്ടെന്ന് ഈ കമന്റുകള്‍ വായിച്ചാല്‍ മനസിലാക്കാവുന്നതേ ഉള്ളൂ. ചില ചാനലുകള്‍ ആണെങ്കില്‍ പടം വന്‍ പരാജയമാണെന്ന ബാനര്‍ സ്ഥിരമായി സ്ക്രോള്‍ ചെയ്തു നിര്‍വൃതി അടയുന്നു. മമ്മൂട്ടി ആരാധകരും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അനുകൂലിക്കുന്നവരും ആരോപിക്കുന്നത് ഇതിനു പിന്നില്‍ അമൃത ടി വി ചാനലും അമൃതാനന്ദമയീ ആരാധകരും ആണെന്നാണ്‌. മറ്റു ചില ടി വി ചാനലുകളുടെ പേരും കേള്‍ക്കുന്നുണ്ട്. അതു സത്യമാണെങ്കില്‍ തന്നെ ഇപ്പോഴത്തെ രാഷ്ട്രീയസാമൂഹ്യ പരിതസ്ഥിതിയില്‍ ആ സത്യാവസ്ഥ ഒരു കാരണവശാലും പുറത്തു വരുമെന്നു തോന്നുന്നില്ല. 

തിരക്കഥയിലും സംവിധാനത്തിലും യാതൊരു മികവും പ്രകടിപ്പിക്കാത്ത ചിത്രമെന്ന ചീത്തപ്പേര് ഗ്യാങ്സ്റ്ററിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ഒരു ഷോ പോലും തികച്ചു ഓടാന്‍ നിലവാരമില്ലാത്ത എത്രയോ പടങ്ങള്‍ മലയാളത്തില്‍ ഇതിനു മുന്‍പും ഇറങ്ങിയിട്ടുണ്ട്. എല്ലാ സൂപ്പര്‍ താരങ്ങളുടെയും ഇത്തരം ചിത്രങ്ങള്‍ പല വട്ടം ഇറങ്ങി എട്ടു നിലയില്‍ പൊട്ടി പോയിട്ടുണ്ട്. മലയാളത്തിലെ എല്ലാ സംവിധായകരുടെയും പല പടങ്ങളും ഇത് പോലെ പൊളിഞ്ഞു പാളീസായിട്ടുണ്ട്. അന്നൊന്നും ഇത് പോലെ ഒരു പടത്തിനെതിരെയും ചാനല്‍ ഘോഷങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങുകളും കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഇത് മാധ്യമ ഗുണ്ടായിസ്സമാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയും ആസൂത്രണവും ഉണ്ടെന്നും സംശയിക്കുന്നവരെ പൂര്‍ണ്ണമായി തെറ്റ് പറയാന്‍ പറ്റില്ല.

ഇനി ആരൊക്കെ വിചാരിച്ചാലും ദൈവം കൊടുത്ത പ്രതിഭയുള്ളവന്റെ സര്‍ഗ്ഗശേഷിയെ ഇല്ലാതാക്കാന്‍ ഈ ജന്മത്ത് സാധ്യമല്ല. ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്തു അത് സഹൃദയനെ തേടിയെത്തും....

വാല്‍ക്കഷണം : ഇതിനെപ്പറ്റി കേട്ട പ്രതികരണങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പ്രശസ്ത കോമേഡിയന്‍ രമേശ്‌ പിഷാരടി പറഞ്ഞതാണ്...

"ആദാമിന്റെ മകന്‍ അബുവെന്ന മികച്ച ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ആഘോഷിയ്ക്കാതെ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന സിനിമയെ പരിഹസിച്ച് ആഘോഷിച്ചവരോട്; മലയാളസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി ഫേസ്ബുക്ക് സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തിയ സംവിധായകനാണ് ആഷിക് അബു. സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ സുരക്ഷിതമായ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമാ വഴികളില്‍ യാത്ര ചെയ്യുകയാണ്. ഗ്യാങ്സ്റ്റര്‍ ഇഷ്ടമെങ്കില്‍ കാണാം. മോശം അഭിപ്രായമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം. ആക്രമിക്കരുത്. അതൊരു കലാസൃഷ്ടി മാത്രമാണ്, എന്‍ഡോസള്‍ഫാനൊന്നുമല്ല"


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക