ഈ അവസരത്തിൽ വളരെ പെരുമയുള്ള ഒരു പുസ്തകം പരിചയപ്പെടുത്താമെന്നു കരുതി. ഇതിന്റെ പെരുമയെന്താണെന്ന് ചോദിച്ചാൽ അതിന്റെ വലിപ്പമാണതിന്റെ പെരുമ. ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നാണിത്. ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത ഈ പുസ്തകം നൂൽ കൊണ്ട് തുന്നി തുകൽച്ചട്ടയിട്ട് ബയൻറ് ചെയ്ത രൂപത്തിലാണുള്ളത്.
ഈ പുസ്തകത്തിന് ഒരു ഷർട്ട് ബട്ടനേക്കാൾ വലിപ്പം കുറവാണ്. അളന്ന്പറഞ്ഞാൽ കഷ്ടിച്ച് 5 മില്ലീമീറ്ററിൽ താഴെ നീളവും അത്രയും തന്നെ വീതിയുമേ ഇതിനുള്ളൂ. അച്ചടിച്ച പേജുകളുടെ വലിപ്പം 3.5 mm മാത്രമേയുള്ളൂ. ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ കാര്യമല്ല. പക്ഷെ, 1952-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. ഇത്ര ചെറിയ പുസ്തകത്തിൽ Lord's Prayer-ലെ വാചകങ്ങൾ ഞെരുക്കി കൊള്ളിച്ചു എന്നത് വിസ്മയകരമാണ്.






.png)
.png)
.png)

.png)
.png)

.png)
.png)