ഞാൻ വെറും പോഴൻ

Wednesday 1 January 2020

ഫാസ്റ്റ് ടാഗ് - FASTAG സംവിധാനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...


FASTAG (‘ഫാസ്റ്റ് ടാഗ്’) എന്ന സംവിധാനം എന്താണ് എന്ന് രാജ്യത്തെ ജനതയുടെ ഭൂരിഭാഗത്തിനും അറിയാമോ എന്ന ചോദ്യത്തിന്റെ ഉത്തരം യുക്തിക്ക് വിട്ടിട്ട് ഫാസ്റ്റ് ടാഗ് സംവിധാനത്തെപ്പറ്റി എഴുതാമെന്ന് കരുതി. 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഇന്ത്യയിലെ ടോൾപ്ലാസ കവാടങ്ങളെല്ലാം പൂർണമായും ‘ഫാസ്റ്റ് ടാഗ്’ സജ്ജമായിക്കഴിഞ്ഞു. ഇനി മുതൽ ഫാസ്റ്റ് ടാഗ് സ്റ്റിക്കർ ഒട്ടിക്കാത്ത, നാലും അതിൽ കൂടുതലും വീലുകൾ ഉള്ള  വണ്ടികൾക്ക് ടോൾപ്ലാസ വഴി കടന്നു പോകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്. FASTAG നിർബന്ധമാക്കുന്ന ആദ്യദിനങ്ങളിൽ ടോൾപ്ലാസകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില ബുദ്ധിമുട്ടുകൾ പരിഗണിച്ച് ചില ഇളവുകൾ ഇപ്പോഴും നിലവിലുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനമില്ലാതെ വരുന്ന വണ്ടികൾ വൻ തുക പിഴ ഈടാക്കി മാത്രം കടത്തി വിട്ടാൽ മതിയെന്നാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. നിർദ്ദിഷ്ട ടോൾ തുകയുടെ ഇരട്ടിയാണ് പിഴ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈവേകളിലെ  മിക്കവാറും ടോൾ പ്ലാസകളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്ന രീതിയിലാണ് FASTAG വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇന്ധനം നിറക്കാനും FASTAG ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

ലളിതമായി പറഞ്ഞാൽ ടോള്‍ പ്ലാസയിൽ പണമായോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ ടോൾ നൽകുന്നതിന് പകരം പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ ഓട്ടോമാറ്റിക്കായി നിശ്ചിത അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) എന്നൊരു സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിക്കുന്നത്. ഇതിനായി രൂപകല്പന ചെയ്ത ഒരു ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍  മുന്‍കൂട്ടി പതിപ്പിക്കേണ്ടതുണ്ട്. ഇത് കണ്ടാൽ ഒരു സ്റ്റിക്കർ പോലെയേ തോന്നൂ. വാഹനത്തിന്റെ മുൻപിലെ ചില്ലിന്റെ മുകളിൽ മധ്യഭാഗത്തായാണ് ടാഗ് പതിപ്പിക്കേണ്ടത്. ടാഗ് പതിപ്പിക്കുമ്പോൾ ഒത്തിരി അമർത്തി തേക്കുന്നത് ടാഗിന്റെ പ്രവത്തനത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നുവാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിന്റെ RFID ടാഗ് സെൻസ് ചെയ്യുവാൻ ടോൾബൂത്തിനരികെ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടാവും. ഈ സെൻസറുകൾ സെൻസ് ചെയ്ത് യാത്രക്കാരുടെ വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള ടാഗിൽ പണം ഉണ്ടോ എന്ന് പരിശോധിക്കും. ആവശ്യമായ ബാലൻസ് ഉണ്ടെങ്കിൽ ബൂംബാരിയർ ഓട്ടോമാറ്റിക്കായി ഉയർന്ന് നിശ്ചിത വാഹനത്തിനു കടന്നു പോകാൻ സാധിക്കും. ഏതെങ്കിലും കാരണത്താൽ RFID റീഡ് ആയില്ലെങ്കിൽ ടോൾ ബൂത്ത് അധികൃതരുടെ കയ്യിൽ ഉള്ള, Portable Hand Held Wireless സെൻസർ ഉപയോഗിച്ച് ടാഗ് സെൻസ് ചെയ്യാൻ സാധിക്കും. ഈ സെൻസിങ്ങിൽ ടാഗ് ബാലൻസ് ഉണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു കടന്നു പോകാൻ സാധിക്കും. 

തുടക്കത്തിൽ കുറച്ച് അസൗകര്യങ്ങൾ ഉണ്ടാകും എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പൊതുജനത്തിന് ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം.   വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ കിടന്നു സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ കടന്നു പോകാൻ സഹായകമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന മേന്മ. ഇതിലൂടെ സമയ ലാഭം, ഇന്ധന ലാഭം എന്നിവയും സംജാതമാകുന്നു. ഓരോ ടോൾ പ്ലാസകളിലെയും ടോൾ പിരിവിന്റെ കണക്കുകൾ കൃത്യമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം; ടോൾ കമ്പനികൾ കളക്ഷൻ കണക്കിൽ കാണിക്കുന്ന കൃത്രിമങ്ങൾ ഇതോടെ നിലയ്ക്കും; ട്രോളുകൾ കൃത്യസമയത്ത് അവസാനിപ്പിക്കാൻ ഇത് കാരണമാകും. സർക്കാരിന്റെ കാഷ് ലെസ്സ് എക്കോണമി നയപരിപാടിയോടും ഒത്തു പോകുന്നതാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായം.  കുറ്റാന്വേഷണത്തിനും മറ്റുമായി ഫാസ്റ്റാഗ് ഘടിപ്പിച്ച വാഹനം ഏതൊക്കെ ടോൾ ബൂത്ത് കടന്നു പോയി എപ്പോൾ കടന്നു പോയി എന്നൊക്കെ അറിയാൻ കഴിയും. 

ഇപ്പോൾ പുതുതായി വിൽക്കപ്പെടുന്ന വാഹനങ്ങൾ രെജിസ്റ്റർ ചെയ്യുന്നതോടൊപ്പം FASTAG കൂടി പതിപ്പിച്ചിട്ടാണ് വാഹനഡീലർമാർ നൽകുന്നത്. പഴയ വാഹനങ്ങൾക്ക് ഉടമകൾ സ്വന്തമായി FASTAG എടുക്കേണ്ടി വരും. മിക്കവാറും ടോൾ പ്ലാസകളുടെ സമീപം FASTAG ഫെസിലിറ്റേഷൻ കൗണ്ടറുകൾ ഉണ്ട്. അവിടെ നിന്നും FASTAG എടുക്കാൻ സഹായം തേടാവുന്നതാണ്. ബാങ്കുകൾ, തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതു സേവന കേന്ദ്രങ്ങൾ (സി.എസ്.സി.), പേയ്മെന്റ് വാലറ്റുകൾ മുതലായവ വഴിയും FASTAG സ്വന്തമാക്കാം. വാഹനത്തിന്റെ ഫോട്ടോകളും വാഹനത്തിന്റെ RC ഉടമയുടെ KYC (Know Your Customer) രേഖകളും Contact Details ഉം ഹാജരാക്കി നിർദിഷ്ടതുക അടച്ചാൽ FASTAG സ്റ്റിക്കർ കിട്ടും. ഓൺലൈൻ ആയും FASTAG രെജിസ്റ്റർ ചെയ്യാം; പിന്നീട് കൊറിയറിലോ പോസ്റ്റ് മുഖേനയോ FASTAG അപേക്ഷകന് ലഭിക്കും. റെജിസ്ട്രേഷൻ സമയത്ത് അടക്കുന്ന തുകയിൽ Tag Joining Fee, Tag Deposit, Threshold Amount എന്നിവ അടങ്ങിയിരിക്കുന്നു. Threshold Amount എന്നത് ടാഗ് ഉപയോഗിക്കുന്നതിനുള്ള മിനിമം ബാലൻസ് ആണെന്ന് പറയാം. അതായത് നിങ്ങളുടെ ടാഗ് ബാലൻസ് Threshold Amount-ൽ താഴെ ഉള്ളപ്പോൾ നിങ്ങൾക്ക് ടാഗ് ഉപയോഗിച്ച് ടോൾ കടക്കാനാവില്ല. അതിനാൽ എപ്പോഴും, Threshold Amount-ൽ കൂടുതൽ ബാലൻസ്, ടാഗ് അക്കൗണ്ടിൽ ഉണ്ടാകാൻ ശ്രദ്ധിക്കണം. ഓരോരുത്തരുടെയും FASTAG Issuing Agency യുടെ വെബ്‌സൈറ്റിൽ കയറിയാൽ ടാഗ് ബാലൻസ് അറിയാൻ കഴിയും. FASTAG Management നുള്ള മൊബൈൽ ആപ്പുകളും ലഭ്യമാണ്.  ഒട്ടു മിക്കബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം. ചില സർവീസ് ദാതാക്കൾ FASTAG ഉപയോഗത്തിനനുസരിച്ച് ചെറിയ CASH BACK പോലുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. വിവിധ തരം വാഹനങ്ങൾക്ക് വിവിധ ടോൾ നിരക്കുകൾ ആയത് കൊണ്ട്, വണ്ടിയുടെ ക്ലാസ്സ് കൃത്യമായി നോക്കി ടാഗ് എടുത്തില്ലെങ്കിൽ നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. വാഹനം വിൽക്കുന്നതോടൊപ്പം ഫാസ്റ്റാഗ് ട്രാൻസ്ഫർ ചെയ്യാൻ ആവില്ല. പുതിയ RC ഓണർ സ്വന്തം നിലയിൽ പുതിയ ഫാസ്റ്റാഗ് വാങ്ങണം.

FASTAG ഉപയോഗിച്ച് ടോൾ പോയിന്റ് കടന്നു കഴിഞ്ഞാലുടൻ ടാഗുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ ടോൾ തുക ചാർജ്ജ് ചെയ്ത കാര്യം അറിയിച്ചു കൊണ്ടുള്ള SMS ലഭിക്കും. വൺ സൈഡ് യാത്രയിൽ പഴയ രീതിയിൽ ടോൾ കൊടുക്കുന്നതും FASTAG ഉപയോഗിച്ച് ടോൾ ചാർജ്ജ് ചെയ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ, ഇപ്പോൾ നിലവിലുള്ള സമ്പ്രദായമനുസരിച്ച് ടു വേ യാത്രയിൽ DISCOUNTED RATE ആദ്യമേ കൊടുക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമാണ് FASTAG സമ്പ്രദായത്തിൽ. ആദ്യമേ വൺ സൈഡ് യാത്രയുടെ താരിഫ് ടാഗ് അക്കൗണ്ടിൽ നിന്ന് കട്ട് ആകും; നിശ്ചിത സമയത്തിനുള്ളിൽ തിരികെ വരികയാണെങ്കിൽ DISCOUNTED RATE-ഉം ആദ്യം കട്ട് ആയ തുകയും തമ്മിലുള്ള വ്യത്യാസത്തുക ടാഗ് അക്കൗണ്ടിൽ നിന്ന് കട്ട് ആകും.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment