ഞാൻ വെറും പോഴൻ

Tuesday, 30 January 2024

സ്വദേശി പ്രസ്ഥാനത്തിന്റെ ആചാര്യന്റെ ഓർമ്മക്ക് വിദേശത്ത് അച്ചടിച്ച സ്റ്റാമ്പ് !!

1948-ൽ സ്വാതന്ത്ര്യത്തിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെൻ്റ് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കി. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്തത്തിന്റെ സ്മരണിക എന്ന നിലയിൽ ആയിരുന്നു ആ സ്റ്റാമ്പുകൾ ഇറക്കിയത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ഇറക്കിയ സ്മരണിക സ്റ്റാമ്പ് (Comemmorative Stamp) ഇതായിരുന്നു. 

സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ ഗാന്ധിജിയുടെ സംഭാവനകളെ ആദരിക്കാനായി അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു സെറ്റ് സ്റ്റാമ്പുകൾ പുറത്തിറക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന ഡിസൈനുകൾ തയ്യാറാക്കാൻ  1948 ജനുവരിയിൽ തന്നെ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ് (ISP) അധികൃതരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ISP യുടെ മാസ്റ്റർ, ആർ സി ജി ചാപ്മാൻ നാല് സ്റ്റാമ്പുകളുടെ സെറ്റ് തയ്യാറാക്കുകയും ചെയ്തു. 1½ അണ, 3½ അണ, 8 അണ, 1 രൂപ എന്നീ ഡിനോമിനേഷനുകളിൽ ആയിരുന്നു അദ്ദേഹം ആ സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തത്. സ്റ്റാമ്പുകളുടെ രണ്ട് ട്രയൽ കോപ്പികൾ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഈ സ്റ്റാമ്പുകൾ ഗാന്ധിജിയെ കാണിച്ച് അദ്ദേഹത്തിന്റെ അനുവാദം തേടാനും നിർദ്ദേശമുണ്ടായിരുന്നു. 

എന്നാൽ 1948 ജനുവരി 30-ന് സംഭവിച്ച മഹാത്മാവിൻ്റെ തികച്ചും അപ്രതീക്ഷിതമായ കൊലപാതകം സ്റ്റാമ്പ് ഇഷ്യുവിന്റെ സാഹചര്യങ്ങളെ പാടെ മാറ്റി മറിച്ചു. അതോടെ ആദ്യം പ്ലാൻ ചെയ്ത സ്റ്റാമ്പുകൾക്ക് പകരം ഗാന്ധിജിയുടെ സ്മരണക്കായി ചില വിലാപ സ്റ്റാമ്പുകൾ (Mourning Issue Stamps) പുറത്തിറക്കാൻ തീരുമാനിച്ചു. 1948 ഫെബ്രുവരി 6-ന്, ന്യൂ ഡൽഹി വാണിജ്യ മന്ത്രാലയം പ്രസിന്റെ മാനേജരും കലാകാരനുമായ സി. ബിശ്വാസിൻ്റെ അംഗീകൃത സ്കെച്ചിനെ അടിസ്ഥാനമാക്കി, സ്റ്റാമ്പുകളുടെ പുതിയ ഡിസൈനുകൾ നൽകാൻ ISP യോട് ആവശ്യപ്പെട്ടു. ഇൻലാൻഡ് മെയിലുകൾക്ക് വേണ്ടി 2½ അണയുടെയും എയർമെയിലിനു വേണ്ടി 12 അണയുടെയും സ്റ്റാമ്പുകൾ ആണ് പ്ലാൻ ചെയ്യപ്പെട്ടത്. ഫെബ്രുവരി 17-ന് ISP സ്റ്റാമ്പിന്റെ പ്രൂഫ് ഡിസൈൻ സമർപ്പിച്ചു. ഈ ഡിസൈനിൽ 'ബാപ്പു' എന്ന വാക്ക് ഹിന്ദി, ഉർദു എന്നീ ഭാഷകളിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർദ്ദേശിച്ചു. ഗാന്ധിജിയുടെ ജീവിതകാലം മുഴുവൻ സമാധാനവും മതസൗഹാർദ്ദവും നിലനിർത്താനുള്ള പരിശ്രമങ്ങൾ നിറഞ്ഞതായിരുന്നു. ഇതിനെ സൂചിപ്പിക്കാനായിരുന്നു ഹിന്ദിയും ഉർദുവും സ്റ്റാമ്പിൽ ഉൾപ്പെടുത്താൻ നെഹ്‌റു ആവശ്യപ്പെട്ടത്. ഇന്ത്യൻ സ്റ്റാമ്പിൽ ഉറുദു പ്രത്യക്ഷപ്പെട്ട ഒരെറ്റയൊരു സന്ദർഭം ഇതായിരുന്നു. 1948 മാർച്ച് 12-ന് 10 രൂപയുടെ ഡിനോമിനേഷൻ കൂടി ഉൾപ്പെടുത്തി പുതിയ പ്രൂഫ് കൊടുക്കാൻ ISP യോട് പുതുക്കി നിർദ്ദേശിച്ചു. മാർച്ച് 16ന് പ്രസ്സ് പുതിയ പ്രൂഫ് ഡിസൈനുകൾ സമർപ്പിച്ചു. 

നൂതന അച്ചടി വിദ്യ ഉപയോഗിച്ച് ഫോട്ടോ സ്റ്റാമ്പുകൾ മികച്ച രീതിയിൽ പ്രിന്റ് ചെയ്യുന്നതിനുള്ള സംവിധാനം ISP യിൽ ഇല്ലാതിരുന്നതിനാൽ, ഈ സ്റ്റാമ്പുകൾ അച്ചടിക്കുന്നതിന് വേണ്ടിയുള്ള പ്രസിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വളരെ വേഗത്തിൽ പുരോഗമിച്ചു. ഓസ്ട്രിയയിലെ വിയന്നയിലുള്ള State Printing Press, സ്വിറ്റ്സർലന്റിലെ Helio Courviosier SA എന്നിവയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഒടുവിൽ സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള കരാർ Courviosier ന് ലഭിച്ചു. രണ്ട് ഫോട്ടോഗ്രാഫുകൾ ആയിരുന്നു ഈ സ്റ്റാമ്പുകളിൽ ഉപയോഗിച്ചത്. ഒന്ന് ലൈഫ് മാസികയിൽ അച്ചടിച്ച് വന്ന ഒരു ഫോട്ടോയും മറ്റൊന്ന് രാജ് കുമാരി അമൃത് കൗർ എന്നൊരാൾ സമർപ്പിച്ചതും. മഹാത്മാവിൻ്റെ പൗത്രൻ കനു ഗാന്ധിയുടെ സ്വകാര്യ ശേഖരത്തിൽപ്പെട്ട ഫോട്ടോ ആയിരുന്നു ഇതെന്ന് പറയപ്പെടുന്നു. 

ഈ സെറ്റ് സ്റ്റാമ്പുകളുടെ താഴെ ഭാഗത്തായി ഈ സ്റ്റാമ്പുകളുടെ പ്രിന്റിങ് നടത്തിയ Courvoisier S.A. എന്ന സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. 



1948 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ഈ സ്റ്റാമ്പുകൾ പുറത്തിറക്കി. പൾപ്പും സിൽക്ക് ഫൈബറും കൊണ്ട് നിർമ്മിച്ച പേപ്പറിൽ Heliogravure പ്രക്രിയയിലൂടെ ആണ് ഈ സ്റ്റാമ്പുകൾ അച്ചടിച്ചത്. ഇന്ത്യൻ കാലാവസ്ഥയിൽ ഈ സ്റ്റാമ്പിന്റെ പശ കൂടി ഒട്ടിപ്പിടിക്കുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. തുടക്കത്തിൽ ഈ സ്റ്റാമ്പുകളുടെ വിൽപ്പന 1948 നവംബർ 15-ന് അവസാനിക്കുന്ന തരത്തിൽ 3 മാസത്തേക്ക് പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ഇതിന്റെ വിൽപ്പന 1948 ഡിസംബർ 31 വരെ നീട്ടി. 

വിദേശ വസ്തുക്കൾ ബഹിഷ്കരിച്ച് സ്വയംപര്യാപ്തതക്കും സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞു വച്ച മഹാന്റെ സ്മരണിക അച്ചടിച്ചത് ഒരു വിദേശ പ്രസ്സിലാണെന്നത് വലിയ വിരോധാഭാസമായിരുന്നു. സർക്കുലേഷനിൽ ഇല്ലെങ്കിൽ തന്നെയും, ഇപ്പോഴും ഈ സ്റ്റാമ്പുകൾ ലോകമെമ്പാടുമുള്ള സ്റ്റാമ്പ് ശേഖരക്കാരുടെ പ്രിയപ്പെട്ട സ്റ്റാമ്പുകൾ ആണ്. 

Friday, 26 January 2024

ഇന്ത്യ റിപ്പബ്ലിക്കിന്റെ ഉദ്ഘാടന സ്റ്റാമ്പുകൾ - 1950 ജനുവരി 26

ഏവർക്കും അറിയാവുന്നത് പോലെ, ഇന്ത്യ സ്വതന്ത്ര ജനാധിപത്യ പരമാധികാര രാഷ്ട്രം (Republic) ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26-ന് ആയിരുന്നു. "യൂണിവേഴ്സൽ അഡൽറ്റ് ഫ്രാഞ്ചൈസി" എന്ന തത്വത്തിൽ അധിഷ്ഠിതമായ ജനാധിപത്യ സമ്പ്രദായമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ലിംഗം, വംശം, മതം, സാമൂഹിക സാമ്പത്തിക നില അല്ലെങ്കിൽ മറ്റേതെങ്കിലും വിവേചനപരമായ ഘടകങ്ങൾ എന്നിവ പരിഗണിക്കാതെ, പ്രായപൂർത്തിയായ ഓരോ പൗരൻ്റെയും വോട്ട് ചെയ്യാനുള്ള അവകാശത്തിനായി നിലകൊള്ളുന്ന ജനാധിപത്യ തത്വമാണ് യൂണിവേഴ്സൽ അഡൽറ്റ് ഫ്രാഞ്ചൈസി. ജനാധിപത്യ പ്രക്രിയയിൽ ഓരോ പൗരനും തുല്യ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു അടിസ്ഥാന ആശയമാണിത്. ഇതിന്റെ പ്രധാന സവിശേഷതകൾ മുതിർന്നവരുടെ വോട്ടവകാശം, എല്ലാ വിഭാഗം പൗരന്മാരെയും ഉൾച്ചേർക്കൽ, തുല്യ വെയിറ്റേജ്, വിവേചന രാഹിത്യം, ജനാധിപത്യ മൂല്യങ്ങൾ മുതലായവയാണ്‌. ഈ തത്വം ലോകമെമ്പാടുമുള്ള പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ച ഇന്ത്യൻ ഭരണഘടന, രണ്ട് മാസത്തിന് ശേഷം 1950 ജനുവരി 26-ലാണ് പ്രാബല്യത്തിൽ വന്നത്. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്. 1929-ലെ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ചരിത്രപരമായ "പൂർണ്ണ സ്വരാജ്" പ്രമേയം അവതരിപ്പിക്കപ്പെട്ടു. തുടർന്ന്, 1930 ജനുവരി 2-ന് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ജനുവരി 26 "പൂർണ സ്വരാജ് ദിന"മായി ആചരിക്കാൻ തീരുമാനിച്ചു. 1947 ഓഗസ്റ്റ് 15-ന് മുമ്പ്, 1930 മുതൽ എല്ലാ വർഷവും ജനുവരി 26 പൂർണ്ണ സ്വരാജ് ദിനം (സമ്പൂർണ്ണ സ്വാതന്ത്ര്യ ദിനം" ആയിട്ടാണ് ആചരിച്ചിരുന്നത്. ഈ പ്രത്യേകത ഉള്ളത് കൊണ്ടാണ് ഭരണഘടന പ്രാബല്യത്തിൽ വരേണ്ടതും അതിലൂടെ ഇന്ത്യ റിപ്പബ്ലിക്ക് ആകുന്നതും ജനുവരി 26-ന് ആകണമെന്ന് രാഷ്ട്രശിൽപ്പികൾ തീരുമാനിച്ചത്. 

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഉദ്ഘാടനത്തിൻ്റെ സ്മരണയ്ക്കായി 1950 ജനുവരി 26-ന്  4 പോസ്റ്റൽ സ്റ്റാമ്പുകളുടെ പ്രത്യേക സെറ്റ് പുറത്തിറക്കി. REPUBLIC OF INDIA INAUGURATION JAN 26, 1950 എന്ന ടാഗ്‌ലൈൻ വച്ചിറക്കിയ ആ  സ്റ്റാമ്പുകളുടെ ഡിസൈനുകൾ വളരെ ലളിതവും പ്രതീകങ്ങൾ നിറഞ്ഞതുമാണ്. 

REJOICING CROWDS എന്ന പേരിൽ ഇറക്കിയ 2 അണ വിലയുള്ള സ്റ്റാമ്പിൽ
"പതാകകളും കാഹളവുമായി ജനങ്ങൾ നടത്തുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഉള്ള രണ്ട് കുട്ടികളുടെ" ചിത്രീകരണമാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ സമ്പൂർണ രാഷ്ട്രപദവിയുടെ പ്രഖ്യാപനത്തിൽ ജ
ങ്ങൾക്കുള്ള സന്തോഷത്തെയാണ് ഈ സ്റ്റാമ്പ് പ്രതീകവൽക്കരിക്കുന്നത്.

QUILL, INK WELL AND VERSE എന്ന തീമിലുള്ള സ്റ്റാമ്പിന്റെ വില 3.50 അണ ആയിരുന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗീതമായ "രഘുപതി രാഘവ് രാജാ റാം" ന്റെ പശ്ചാത്തലത്തിൽ "ഒരു എഴുത്ത് തൂവലും മഷി പാത്രവും" ചിത്രീകരിച്ചിരിക്കുന്നു. ഇത് രാജ്യം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പുരോഗതിയെ ആയിരുന്നു പ്രതീകവൽക്കരിച്ചത്. 


CORN AND PLOUGH എന്ന പേരിൽ ഇറക്കിയ 4 അണ വിലയുള്ള സ്റ്റാമ്പിൽ "ഒരു കതിർക്കുലയും കലപ്പ"യും ആണ് ചിത്രീകരിച്ചിരുന്നത്. ഭാരതത്തിന്റെ മഹത്തായ കാർഷിക സംസ്കൃതിയെ ആണ് സ്റ്റാമ്പിലെ ഈ ചിത്രീകരണം പ്രതീക വൽക്കരിക്കുന്നത്.

CHARKA AND CLOTH  എന്ന പേരിൽ ഇറക്കിയ 12 അണ വിലയുള്ള സ്റ്റാമ്പിൽ "ചർക്ക" ആണ് ചിത്രീകരിക്കപ്പെട്ടത്. ഭാരതത്തിന്റെ സ്വദേശി കുടിൽ വ്യവസായങ്ങളെയാണ് സ്റ്റാമ്പിലെ ഈ ചിത്രീകരണം പ്രതീകവൽക്കരിക്കുന്നത്.





Thursday, 25 January 2024

വോട്ട് !! അത് മാത്രമേ ജനാധിപത്യത്തിൽ സാധാരണ പൗരന് ചെയ്യാനുള്ളൂ....!!!


ഇന്ന് ജനുവരി 25. വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്‌ത് കൊണ്ടാണ് ദേശീയ സമ്മതിദായക ദിനം (National Voter's Day) ആചരിക്കുന്നത്. 1950 ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊണ്ടതിന്‍റെ ഓര്‍മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 2011 മുതലാണ് രാജ്യം വേട്ടേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 

വോട്ടവകാശമുള്ള നല്ലൊരു ശതമാനം പൗരന്മാരും രാഷ്ട്രീയത്തിൽ നിന്നും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയും കൂടുതൽ പേര് അരാഷ്ട്രീയതയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. രാഷ്ട്രീയക്കാർ ചെയ്യുന്ന അഴിമതി, സ്വജനപക്ഷപാതം, അധികാര ദുരുപയോഗം, മത വർഗ്ഗീയ സാമുദായിക പ്രീണനം തുടങ്ങി എണ്ണമറ്റ മോശം പ്രവണതകളാണ് ജനസാമാന്യത്തെ അതിവേഗത്തിൽ അരാഷ്ട്രീയ വൽക്കരിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ട്.  

സത്യത്തില്‍ എന്താണ് നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ
ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, തിരഞ്ഞെടുപ്പാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.

ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ സാധാരണ പൌരനുള്ള ഏക അവകാശം വോട്ട് ചെയ്യാനുള്ള അവകാശമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍,
നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം, മൂന്നാം ബദൽ എന്ന യാതൊരു വിധ ഭേദവും ഇല്ല.

ഒരേ തൊഴിലെടുക്കുന്ന പല കമ്പനികളിലെ തൊഴിലാളികളാണിവിടുത്തെ രാഷ്ട്രീയക്കാർ. ചിലപ്പോൾ തോന്നും, ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നതെന്ന്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു മടുത്ത് ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ട ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയ വാദത്തിലേക്കും പ്രതിഷേധ മനോഭാവത്തിലേക്കും വീണു കിടക്കുന്ന അവസരത്തിലായിരിക്കും സാധാരണ ഗതിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളത്. 

ഒരു തിരഞ്ഞെടുപ്പ് വരെ ഭരിച്ചവർ നന്നായി ഭരിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം എന്ന നിലയില്‍ അവര്‍ക്ക് ഒരു വോട്ട് ചെയ്യുക.

അല്ല, അവർ ജനാഭിലാഷത്തിനു എതിരായിട്ടാണ് ഭരിച്ചതെങ്കില്‍ അവരെ വലിച്ചു താഴെയിടാന്‍ വേണ്ടി നമ്മുടെ മുന്നിലുള്ള ഏതെങ്കിലും ബദൽ പക്ഷത്തിന്  ഒരു വോട്ട് ചെയ്യാം.

ബാലറ്റ്‌ ലിസ്റ്റിലെ ആരും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെങ്കില്‍ വോട്ടിംഗ് യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ തെല്ല് നിഷേധ ഭാവത്തില്‍ അവനുണ്ടാകും. ഇന്ത്യൻ ജനാധിപത്യലോകത്ത് ജനിച്ചിട്ട് അധികം പ്രായമാകാത്ത, സ്വന്തമെന്നു അവകാശപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം പോലുമില്ലാതിരുന്ന "നോട്ട- None of the Above". ഇന്നവനും വളർന്ന് ഒരു ചിഹ്നം സ്വന്തമാക്കി നിങ്ങളുടെ ഒരു ഞെക്കിന് വേണ്ടി കാത്തിരിപ്പുണ്ട്‌. ബാലറ്റ് ലിസ്റ്റിലെ ഒരു സ്ഥാനാർത്ഥിയും എന്റെ വോട്ടിന് യോഗ്യനല്ല എന്ന് വിളിച്ചു പറയാൻ കിട്ടുന്ന അമൂല്യ സൗഭാഗ്യം. അതിന്റെ എണ്ണം കൂടുമ്പോള്‍ ചിന്താശേഷി ഇനിയും കൈമോശം വന്നു പോവാത്ത രാഷ്ട്രീയക്കാരന് നയങ്ങളും നിലപാടുകളും തിരുത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയേക്കാം. 

നിങ്ങളൊരു സ്വതന്ത്ര രാജ്യത്തെ പൗരനാണ്. ജനാധിപത്യക്രമത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് നിങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തമാണ്; പൗര ധര്‍മ്മമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് ഭാരിച്ച ചിലവുകൾ ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നത് എന്നോര്‍ക്കുക. വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യാത്ത ഒരുവന് ഇവിടെ നിലവില്‍ വരുന്ന ഭരണ സംവിധാനത്തെയോ ഭരണപരമായ കുറവുകളെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ധാര്‍മ്മികമായ അവകാശമില്ല എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ എന്തിന് നിശബ്ദനായിരിക്കണം?. പ്രത്യേകിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുളളപ്പോള്‍. നിങ്ങള്‍ വിശ്വസിക്കുന്നതിനായി നിലകൊള്ളുക, വോട്ട് രേഖപ്പെടുത്തുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആളെ തെരഞ്ഞെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം' - ഈ മനോഭാവത്തോടെ നിങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുക. അലസതയും നിസ്സംഗതയും അരാഷ്ട്രീയവാദവും ഉപേക്ഷിച്ച് ഇപ്പോഴേ പോളിംഗ് ഡേറ്റിൽ സ്വന്തം നിയോജക മണ്ഡലത്തിൽ സന്നിഹിതനാകാൻ  വിധത്തിൽ പ്ലാനിങ് നടത്തൂ; തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് പോകൂ... രേഖപ്പെടുത്തൂ; നിങ്ങളുടെ വിലയേറിയ പൌരാവകാശം....