ഞാൻ വെറും പോഴൻ

Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Wednesday, 9 July 2014

ബ്രസീലിന്റെ പരാജയം - ഒരു ഹാസ്യ അവലോകനം (കേരള മോഡൽ)

ബ്രസീലിന്റെ പരാജയം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒന്ന് വിലയിരുത്തിയാൽ എങ്ങനെയിരിക്കും. നമ്മുടെ സാമൂഹ്യരംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻ‌കൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല. (ഇത് പൂർണ്ണമായി എന്റെ സൃഷ്ടിയല്ല. നെറ്റിൽ പല സ്ഥലങ്ങളിൽ കണ്ടതിൽ നിന്ന് ചൂണ്ടിയതും ചൂണ്ടിയതിൽ തന്നെ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയതും കുറെ എന്റെ സ്വന്തം നിർമ്മിതിയും ചേർത്ത ഒരു അവിയൽ കൃതി ആണ്. ഇതിന്റെ മൂല രൂപത്തിന്റെ സൃഷ്ടാക്കളോട് കടപ്പാട്)

ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... ജെർമനിക്കുണ്ടായ ജയം ബ്രസീലിനേറ്റ  കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം വേണോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)

ജെർമനി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. 7-1 നു തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും ബ്രസീലിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്രസീലിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്രസീലിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. - (പിണറായി വിജയൻ)

ബ്രസീലിലേ...പാവപ്പെട്ട കളിക്കാരുഡേ....ജീവിതത്തെ നശിപ്പിച്ച ജർമനിയുടെ കളിക്കാർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്രസീലിലേ...പാവപ്പെട്ട കളിക്കാരെ 
കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ...(വീ എസ് അച്യുതാനന്ദൻ)

കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ കളിക്കുന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. ബ്രസീലിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത് അഭ്യന്തര വകുപ്പല്ല. പ്രതിരോധ വകുപ്പാണ്. ഇപ്പോൾ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട.   - (രമേശ് ചെന്നിത്തല)

എന്റെ നികേഷേ;....ബ്രസീൽ.... ആ....*#*$&@... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്‌. ഞാൻ മീനച്ചിൽ താലൂക്ക്‌ കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)

രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ) 

കടുത്ത പ്രതിഭാ പ്രതിസന്ധിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും തിരിച്ചടിയായി. ജർമനിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. (തോമസ് ഐസക്ക്)

പഴയ ആര്യൻ സുപ്രീമസി സിദ്ധാന്തക്കാരായ നാസികളുടെ പിന്മുറക്കാർ ആണ് ജർമനിയെ നയിച്ചത്. അത് തന്നെ ജർമനിക്ക്  ഒരു വലിയ നേട്ടമായിരിക്കും... ആയിരിക്കും എന്നല്ല ആണ് എന്നാണ് എനിക്ക് തോന്നുന്നത്....ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത്‌ എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ ...സത്യത്തിൽ...(പുച്ഛച്ചിരി)  ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ ജർമനിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല.  (അഡ്വ. ജയശങ്കർ)

നായന്മാരുടെ പരിക്ക് നിർണ്ണായകമായി.  താക്കോൽ സ്ഥാനത്ത് കളിക്കാൻ നായന്മാരില്ലാത്തത്തിന്റെ കുറവ് ബ്രസീൽ അനുഭവിച്ചു. ഈ സാഹചര്യത്തിൽ അത്ര മാത്രമേ പറയാനുള്ളൂ (സുകുമാരൻ നായർ)

ഹ ഹ... പരിക്ക് പറ്റി  പുറത്തിരിക്കുന്നത് ഏതോ നായന്മാരാണെന്നാണ് നായര് ചേട്ടൻ ധരിച്ചു വച്ചിരിക്കുന്നത്. അത് നെയ്മർ ആയിരുന്നു എന്ന് അദ്ദേഹത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ ? നാണക്കേടിൽ ആശ്വാസഗോളടിച്ച മിടുക്കനെ  ടീമിലെടുക്കാൻ ഞാൻ കോച്ചിനു കത്തെഴുതിയിരുന്നു. (വെള്ളാപ്പള്ളി)

ബ്രസീലിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം ഒരു രാജി ആവശ്യം ഉന്നയിച്ചാൽ അത് അംഗീകരിക്കപ്പെടേണ്ടതാണ്. (എം.എ.ബേബി)

കാലങ്ങളായിട്ടു ഈ ജർമ്മനി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും  വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്രസീൽ ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..(ശശികല ടീച്ചർ)

തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല. (കുഞ്ഞാലിക്കുട്ടി)

തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ രീതിയിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കെണ്ടാതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്രസീലിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും (എം.സ്വരാജ്)


ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തുന്നത് തിരിച്ചടിയായി. (വി.എം.സുധീരൻ)


എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ പൊട്ടന്മാർ" : (സന്തോഷ്‌ പണ്ടിറ്റ്)


കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്രസീൽ ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )


ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം ജർമ്മനിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്രസീലിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പ്രതിരോധ മന്ത്രി എന്ന നിലയിൽ സുതാര്യമായ ഒരു അന്വേഷണം നടത്തുന്ന കാര്യം മന്ത്രാലയം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്: (എ. കെ. ആന്റണി)



ബ്രസീൽ ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. അതിന്റെ വ്യക്തമായ രേഖ എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)


എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....ഒന്ന്...ബ്രസീൽ തോറ്റതു കൊണ്ടാണ് ജർമ്മനിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...ജർമ്മനി ജയിച്ചത്‌ കൊണ്ട് മാത്രമാണ് ബ്രസീൽ തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്രസീലിനേക്കാൾ കൂടുതൽ ഗോൾ അടിച്ചത് കൊണ്ടാണ് ജർമ്മനി ജയിച്ചത്‌.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു വാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)





അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 17 April 2014

ചില പാതിരി ഫലിതങ്ങൾ....

പള്ളീലച്ചന്മാര്‍ പള്ളി പ്രസംഗങ്ങളിലെ വിരസതയകറ്റാന്‍ രസകരമായ ചെറിയ കഥകള്‍ പറയാറുണ്ട്‌. അവയില്‍ ചിലത്.

ഒരച്ചന്‍ ദുഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരു ദയാ ദാഷിണ്യവുമില്ലാതെ അച്ചന്‍ പ്രസംഗം വച്ച് പെരുക്കുകയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം പക്ഷെ കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്തു അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി വലിയ വായില്‍ കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. അച്ചനെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗം കേട്ടാണ് വല്യമ്മച്ചി കരഞ്ഞത്. ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ഛന്റെ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതാണ്" ഇത്തവണ അച്ചന്‍ ശരിക്കും കരഞ്ഞു പോയി.

മലബാര്‍ സഭയിലെ പഴയ പിതാവ് മാര്‍ ആന്റണി പടിയറ പറഞ്ഞ ഒരു ഫലിതം.



ഒരിക്കല്‍ ആന്റണി പടിയറ പിതാവ് ഇംഗ്ലണ്ടില്‍ പോയ സമയത്ത് അവിടത്തെ ഒരു മലയാളീ കുടുംബം സന്ദര്‍ശിക്കുവാന്‍ ഇട വന്നു. കുഞ്ഞുങ്ങളില്ലാത്തതിന്റെ ദുഖം അനുഭവിക്കുന്ന ദമ്പതികളുടെ വീട്ടിലായിരുന്നു സന്ദര്‍ശനം. പിതാവ് അവരോടു പറഞ്ഞു "ലൂര്‍ദ്ദ്ള്ളിയില്‍ പോയി ഒരു മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കൂ, മാതാവ്‌ നിങ്ങളെ അനുഗ്രഹിക്കും". സന്ദര്‍ശനം കഴിഞ്ഞു പിതാവ് തിരികെ കേരളത്തിലേക്ക് പോന്നു. അഞ്ചു വര്‍ഷത്തിനു ശേഷം പിതാവ് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ആ പഴയ ദമ്പതികളുടെ വീട് സന്ദര്‍ശിക്കാന്‍ ഇട വന്നു. അപ്പോള്‍ വീട്ടില്‍ ര്‍ത്താവ് ഉണ്ടായിരുന്നില്ല. വീടിന്റെ മുറ്റത്ത്‌ നാലും മൂന്നും വയസുള്ള 2 കുട്ടികള്‍ കളിക്കുന്നുണ്ട്. പിതാവിനെ കണ്ടപ്പോള്‍ ഭാര്യ മുറ്റത്തേക്ക് ഇറങ്ങി വന്നു. അവളുടെ കയ്യില് 2 വയസുള്ള ഒരു കുഞ്ഞ് ഇരിപ്പുണ്ട്. കൂടാതെ അവള്‍ ഗര്‍ഭിണിയും ആണ്. പിതാവ് അവളോട്‌ ഭര്‍ത്താവ് എവിടെ എന്ന് തിരക്കി. അവള് പറഞ്ഞു. "ലൂര്‍ദ്ദ് പള്ളിയില്‍ പോയിരിക്കുവാ പിതാവ് അത്ഭുതത്തോടെ ചോദിച്ചു എന്ത് പറ്റി ഭാര്യ തെല്ല് നാണത്തോടെ മൊഴിഞ്ഞു തിരി കെടുത്താന്‍”. ഇത്തവണ പിതാവ് ഞെട്ടി.

കുടുംബപ്പേരുകള്‍ വന്നതിനെപ്പറ്റിയുള്ള ഒരു കഥ:

ഒരു കുന്നിന്‍ മുകളില്‍ അത്യാവശ്യം കൃഷികാര്യങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന ആളായിരുന്നു ഔത. സ്വര്‍ണ്ണം വിളയുന്ന കുന്നില്‍ ജീവിക്കുന്ന ഔതയെ ആളുകള്‍ "സ്വര്‍ണ്ണക്കുന്നേല്‍ ഔത" എന്ന് വിളിച്ചിരുന്നു. പിന്നീടദ്ദേഹത്തിന്റെ മക്കള്‍ ജോലിയൊക്കെ കിട്ടിയപ്പോള്‍ കുന്നിന്‍ താഴെ റോഡരികില്‍ ഒരു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ "വഴി വക്കില്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ ഒരു വന്‍ ആനി മരം (ആഞ്ഞിലി പ്ലാവ്) വളര്‍ന്നു പന്തലിച്ചു. പിന്നെ അദ്ദേഹം "ആനിമൂട്ടില്‍ ഔത" എന്ന് വിളിക്കപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ കുടുംബപ്പേര് മാറ്റം. അദ്ദേഹം ആ ആനിമരം വെട്ടി മാറ്റി. ആനിമരക്കുറ്റിയുടെ അടുത്ത് താമസിക്കുന്ന അദ്ദേഹത്തെ "കുറ്റിയാനിക്കല്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. കലി മൂത്ത ഔതചേട്ടന്‍ ജെ സി ബി വരുത്തി ആനിമരകുറ്റി പറിച്ചു ദൂരെയെറിഞ്ഞു. പിന്നെ അദ്ദേഹം "കുറ്റി പറിയാനിക്കല്‍ ഔത" എന്നറിയപ്പെട്ടു തുടങ്ങി.

ഫലിതപ്രിയനായ മാര്‍ക്രിസ്റ്റോം തിരുമേനി പറഞ്ഞ ഒരു കഥ


ഒരു വല്ല്യച്ചന്‍ ഞായറാഴ്ച്ച പ്രസംഗം പറയുക ആയിരുന്നു....


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു.
വിശ്വാസികള്‍  ഞെട്ടി ...എന്തായിത് ....വല്ല്യച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....
അച്ചന്‍ തുടര്‍ന്നു ....
ആ സ്ത്രീ എന്റെ അമ്മയായിരുന്നു.
വിശ്വാസികളുടെ ശ്വാസം നേരെയായി. പള്ളിയില്‍ പൊട്ടിച്ചിരിയുടെ അലകള്‍ ഉയര്‍ന്നു....
പ്രസംഗം  കേട്ട് കൊണ്ടിരുന്ന മറ്റൊരു കൊച്ചച്ചന് ഇത് നന്നേ പിടിച്ചു. അദ്ദേഹം ചിന്തിച്ചു ...സംഗതി കൊള്ളാം ...നല്ല കയ്യടി കിട്ടും ...
അദ്ദേഹം ഇതേ തമാശ അദ്ദേഹത്തിന്റെ പള്ളിയില്‍ പ്രസംഗത്തിനിടെ പറഞ്ഞു ...
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു....

വിശ്വാസികള്‍ ഞെട്ടി ...എന്തായിത് ....കൊച്ചച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....

പക്ഷെ ഇവിടെ അച്ചനും ഒന്ന് ഞെട്ടി ....അച്ചന്‍ തമാശയുടെ അവസാന  ഭാഗം മറന്നു പോയി ...

എന്നിട്ട് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു ...

അതാരുടെ മടിയിലാണെന്ന് ഞാന്‍ ഇപ്പോള്‍ മറന്ന് പോയിരിക്കുന്നു ...!"

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക