ഞാൻ വെറും പോഴൻ

Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Wednesday, 12 July 2017

പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് ഒരുപാട് കാലമൊന്നുമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്. 

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നായിരുന്നു ചിലരുടെ പ്രതികരണം. 

തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". 

യേശുദാസിന്റെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആയിട്ടാണ് എനിക്ക് തോന്നിയത്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹവും ഞാനും ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരായിരുന്നു. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

ഇതിനൊക്കെ പുറമെ, പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും ദുരന്തങ്ങളെയും പറ്റി ആത്മീയ-മത വീക്ഷണകോണിൽ നിന്ന് പ്രഭാഷണം നടത്തുന്ന കുറെ ഉപദേശിമാരും നല്ലാങ്ങളമാർ കൂടിയാവുമ്പോൾ ജീൻസും ഇറുക്കം കൂടിയ വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഒക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പിരിമുറുക്കം വല്ലാതെ കൂടുകയാണ്.

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ അദൃശ്യവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുക എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. സാഹചര്യത്തിന് അനുയോജ്യമായ വസ്ത്ര ധാരണത്തിലൂടെ ഒരാളുടെ ആത്മവിശ്വാസം നല്ല പരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കൽ ഒട്ടും എളുപ്പമോ പ്രായോഗികമോ അല്ല.സന്ദർഭത്തിന് യുക്തമായ വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. ഉദാഹരണത്തിന്, ഇന്റർവ്യൂവിനോ ജോലിക്കോ പോകുമ്പോൾ "അവരവർക്ക് കംഫർട്ടബിൾ ആയ" ഡ്രസ്സ്‌ മാത്രമേ ധരിക്കൂ എന്ന നയം അനുവദിക്കപ്പെടാൻ സാധ്യതയില്ല. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമേ ധരിക്കാൻ അനുവദിക്കാറുള്ളൂ. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടി വരുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലല്ലേ എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉയരാം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ഒരു വിവാഹ സൽക്കാരത്തിലോ മറ്റ് ആഘോഷവേളകളിലോ ധരിക്കുന്ന വേഷഭൂഷകൾ ഒരു ദുരന്തമുഖത്തോ മരണവീട്ടിലോ കാണുന്നവരിൽ ഉണ്ടാക്കുന്ന പ്രതികരണം ഒരു പോലെ ആവാൻ വഴിയില്ല. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടു എന്ന പേരിൽ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം പൊതുസമൂഹം കല്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ സ്ത്രീകളുടെ കാര്യം വരുമ്പോൾ ഓഡിറ്റിങ്ങുകാരുടെ എണ്ണവും തീക്ഷ്‌ണതയും കൂടുതലാണ് സമ്മതിക്കാതെ തരവുമില്ല. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ ഷോർട്ട്സിനോ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ, സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുമ്പോൾ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്നൊരു സാധ്യത ഉണ്ട്. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് പലപ്പോഴും ആവശ്യമായി വരുന്നത് (എന്ത് ധരിക്കണം എന്നല്ല). പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് ഉണ്ടോ ഇല്ലയോ എന്ന നൈതികവിചാരത്തിനപ്പുറം വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും; അതിനെയൊക്കെ അതിന്റെ പാട്ടിനു വിടുകയേ തല്ക്കാലം മാർഗമുള്ളൂ എന്നാണെന്റെ പക്ഷം; എന്നാൽ വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാത്ത ഒരേയൊരു ഇടം ഒരു പക്ഷെ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളുടെയും ഇന്റൻസീവ് കെയർ യൂണിറ്റുകളുടേയും പരിസരം മാത്രമായിരിക്കും.

പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നതാണ് വസ്തുത. ഒരു വ്യക്തിക്കും അയാളെ തൊടാൻ പോയിട്ട് പാളി നോക്കാൻ പോലും അവകാശമില്ലെന്നത്തിൽ ഒരു തർക്കത്തിനും ഇടയില്ല. പക്ഷെ, ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കെ ഗ്രഹിക്കാനാവൂ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. സാഹചര്യവും വേണ്ടത്ര ധൈര്യവും ഒത്തു കിട്ടാത്തത് കൊണ്ട് ഗോവിന്ദച്ചാമിയും അമീറുൽ ഇസ്‌ലാമും ആയിപ്പോകാതെ മാന്യന്മാരായി ജീവിക്കുന്നവർക്ക് ഇതൊക്കെ മനസിലാകാൻ ബുദ്ധിമുട്ടാണ്. സ്ഥാനം തെറ്റിയ വസ്ത്രഭാഗങ്ങൾക്കുള്ളിലൂടെയും ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും നിത്യം ഇരയാകുന്നു‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെപ്പറ്റിയും നമ്മുടെ സ്ത്രീകൾ ബോധവതികളാകേണ്ടത് ആവശ്യമാണ്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കേണ്ടതുണ്ട്. 

ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്നും ദർശനമാത്രയിൽ വികാരം ഉണരുന്ന ടൈപ്പ് ക്ഷിപ്രവികാരിയാണ് പുരുഷുക്കൽ എന്നുമുള്ള തിയറിയിലാണ് വികാരമുണർത്തുന്ന "വസ്ത്രങ്ങൾ" പൊതുവെ ആരോപണങ്ങൾ നേരിടുന്നത്. അതിന് സപ്പോർട്ടിങ് ആയ "ശാസ്ത്രീയ പഠനങ്ങൾ" ഉണ്ടെന്നാണ് ഈ തിയറിക്കാർ മുന്നോട്ട് വയ്ക്കുന്നത്. പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ് എന്ന കാര്യത്തിൽ എനിക്കും എതിരഭിപ്രായമൊന്നുമില്ല. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ട് എന്ന വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇല്ലാതാക്കാനാവില്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എക്‌സ്‌റേ തോൽക്കുന്ന ഈ നോട്ടത്തിൽ ചൂളിച്ചുരുങ്ങാത്ത അപൂർവ്വം സ്ത്രീകളേ നമ്മുടെ നാട്ടിൽ ഉണ്ടാകാൻ വഴിയുള്ളൂ. സ്ത്രീ വെറുമൊരു ചരക്കല്ല, മറിച്ചു തന്നോളം പോന്ന ഒരു പൂർണ്ണ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടായാൽ മാത്രമേ ഇറുക്കം കൂടിയ വസ്ത്രമോ ഇറക്കം കുറഞ്ഞ വസ്ത്രമോ ഇട്ട പെണ്ണുടൽ കാണുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കം കുറയൂ എന്നാണെനിക്ക് തോന്നുന്നത്. അത് വരെ വേഷഭൂഷകളുടെ കെട്ടുകാഴ്ചകൾക്കപ്പുറത്ത് സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം പുറംമോടികളിൽ ഭ്രമിച്ചു സ്ത്രീ ഉടലിന് വട്ടമിട്ട് കറങ്ങുന്ന പുരുഷന്മാരുടെ എണ്ണത്തെ അധികരിക്കുന്ന കാലം വരെ സ്ത്രീകൾക്ക് ജാഗ്രത കുറയാനും പാടില്ല. 

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം... 

സാഹചര്യത്തിനനുസരിച്ച് മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്. 

ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്. 

ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട് ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല. 

ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. 

ബലാൽസംഗത്തിന് വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; യാതൊരു ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, അവയവഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു. 

മാറേണ്ടത് പുരുഷകേന്ദ്രീകൃതമായി മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ചിന്താഗതികൾ തന്നെയാണ്; ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്ന നാട്ടിൽ ജീവിച്ചു കൊണ്ട് വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തളക്കപ്പെട്ടിട്ടുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റിനെ ഇല്ലായ്‌മ ചെയ്യേണ്ടിയിരിക്കുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 
https://www.facebook.com/groups/224083751113646/

Tuesday, 13 December 2016

ദേശീയ പതാകയും ദേശീയ ഗാനവും; ജയിലിൽ പോകേണ്ടി വരുമോ ?

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ചിതമല്ലാത്ത ഏതൊരു വസ്തുക്കളിലും ദേശീയ പതാക പതിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ പതാകയെ അപമാനിച്ചു എന്ന് ഒളിമ്പിക്ക് ബോക്സിങ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെതിരെയും ദേശീയ ഗാനം തെറ്റിച്ചു പാടി എന്ന് സണ്ണി ലിയോണിനെതിരെയും ആരോപണങ്ങൾ പത്രത്താളുകളിൽ കണ്ടത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്.

ദേശീയ പതാകയോട് അനാദരവ് കാണിച്ചു എന്ന കുറ്റത്തിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. തന്‍റെ ചിത്രമായ ‘ഡേര്‍ട്ടി പൊളിറ്റിക്സി’ന്‍റെ പോസ്റ്ററില്‍ ദേശീയ പതാക വസ്ത്രമായി അണിഞ്ഞു പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെ വെട്ടിലാക്കിയത്. ഇത് ദേശീയ പതാകയെ നിന്ദിക്കലാണെന്നു ചൂണ്ടിക്കാണിച്ച് ബിസിനസുകാരായ അബ്ദുള്‍ ക്വാദിര്‍ മുക്രം,
സാമിയുദ്ദീന്‍ എന്നിവര്‍ നല്കിയ പരാതിയിലായിരുന്നു കേസ്. മല്ലിക ഷെരാവത്ത് ദേശീയ പതാകയെ അപമാനിച്ചുവെന്നും കേസെടുക്കണമെന്നും കാണിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതിനെത്തുടർന്ന് പരാതിക്കാർ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദ് പോലീസ് നടിക്കെതിരെ കേസെടുത്തു. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി. ധനഗോപാല്‍ റാവോയും ഈ വിഷയത്തിൽ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ കൂടാതെ ചിത്രത്തിൻറെ നിർമ്മാതാവ് കസ്തൂര്‍ ചന്ദ് ബോഗാടിയക്കെതിരെയും  കേസുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ അതിൽ നഗ്നയായ മല്ലിക ത്രിവര്‍ണ്ണപതാക പുതച്ചുകൊണ്ട് കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണുണ്ടായത്. ഈ പോസ്റർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വൻ ചർച്ചയായിരുന്നു.

തിരുവനന്തപുരത്തെ ഒരു സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂവി അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കാണാന്‍ നിള തിയറ്ററില്‍ പോയ സല്‍മാന്‍ അവിടെ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നും ആലാപന സമയത്ത് കൂവി എന്നുമായിരുന്നു ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ച് അവന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

മുൻപ്,ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍ ദേശീയ പതാകയെ അപമാനിച്ചതായി പരാതിപ്പെട്ട് ലോക്ജ നശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ പൊലിസീനെ സമീപിച്ചിരുന്നു. 2011 ഏപ്രില്‍ ര­ണ്ടിന് അപ് ലോഡ് ചെയ്ത് യൂട്യൂബ് വഴി പ്രചരിച്ചിരുന്ന ഒരു വീഡിയോയിലാണ് ഷാരൂഖ് ദേശീയപതാകയെ അപമാനിച്ചതായി പരാതിയില്‍ പറയുന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്ന പ­താ­ക­യില്‍ കു­ങ്കു­മനി­റം താ­ഴെയും പ­ച്ച­നി­റം മു­ക­ളി­ലു­മാ­യി­രുന്നു. ഇ­ത് അ­വ­ഗ­ണി­ച്ച് ഷാ­രൂ­ഖ് ഖാന്‍ പതാ­ക വീ­ശി അ­നാ­ദര­വ് കാ­ട്ടി­യെ­ന്നാ­യിരുന്നു ര­വി­ന്ദ്ര­ബ്ര­ഹ്മെയു­ടെ പ­രാ­തി­. ഷാരൂഖിനെതിരെ പൂനെയിലെ ചതുഷ്രിംഗി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഷാ­രൂ­ഖ് ഖാന്‍ കൊല്‍ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്‌­സ് ഉ­ട­മയും ഇ­ന്ത്യ­യു­ടെ റോള്‍ മോ­ഡ­ലു­മാ­ണെ­ന്ന് ര­വി­ന്ദ്ര പ­റ­യുന്നു. യു­വാക്ക­ളെ ഏ­റെ ഇ­ഷ്ട­പ്പെ­ടു­ന്ന ഷാ­രൂ­ഖി­ന് ചി­ല ഉ­ത്ത­ര­വാ­ദി­ത്വം ആവശ്യമാണ്‌. ഇ­ത്ത­ര­ത്തി­ലു­ള്ള ഷാ­രൂ­ഖിന്റെ ശീ­ല­ങ്ങള്‍ യു­വ­ജ­ന­ങ്ങള്‍ അ­നു­ക­രി­ക്കു­മെന്നും ര­വി­ന്ദ്ര ചൂ­ണ്ടി കാട്ടി.

ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി ലോക് ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ നേരത്തെയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ദേശീയപതാകയുടെ രൂപകല്‍പനയിലുള്ള ബിക്കിനി അണിഞ്ഞ മുംബയ് മോഡല്‍ ഗെഹ്ന വഷിഷ്ഠിനെതിരെയാണ് ബ്രഹ്മെ നേരത്തെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലെ ഡെക്കാന്‍ ജിംഖാന പൊലീസ് ഗെഹ്ന വഷിഷ്ഠിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ ശശി തരൂര്‍, അമേരിക്കക്കാർ ചെയ്യുന്നത് പോലെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു എന്നൊരു പുലിവാല് നേരത്തെ പിടിച്ചിരുന്നു. ലാലു പ്രസാദും ഭാര്യയും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോയും നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത , സ്വാതന്ത്ര്യ സമരത്തില്‍ ജയിലില്‍ പോയ , ഗാന്ധിജി സ്നേഹപൂര്‍വ്വം "നേപ്പാളി " എന്ന് വിളിച്ച, സഹജയോഗ എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആശ്രമങ്ങള്‍ ഉള്ള നിര്‍മ്മലാദേവിയും ദേശീയ പതാകയെ നിലം വിരിപ്പായി ഉപയോഗിക്കുന്ന പടം നെറ്റിൽ കണ്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആയിരുന്നു

ദേശീയപതാകയെ അവഗണിച്ചു എന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുക്കാന്‍ മധ്യപ്രദേശിലെ ബിന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. രാജേന്ദ്ര മിശ്ര എന്നയാളാണ് കെജ്‌രിവാളിനും അനുയായികള്‍ക്കും എതിരെ പരാതി നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ ദേശീയ പതാകയ്‌ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ചതാണ് പരാതിയ്ക്ക് കാരണമായത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കൈയില്‍ ചൂല് കൊണ്ട് നിലം തൂത്തതിനു ശേഷം ആ ചൂല് ദേശീയ പതാകയ്‌ക്കൊപ്പം വീശികാണിക്കുന്നു എന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആചാരപ്രകാരം മുഖ്യമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം അതിനെ സല്യൂട്ട് ചെയ്യാന്‍ മറന്നു പോയതും വിവാദത്തിനു ഇടയാക്കിയിരുന്നു. 

റിപ്പബ്ലിക് ദിനത്തിൽ  ദേശീയപതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഗവര്‍ണര്‍ ജെ. ബി പട്‌നായിക്കും കേസ്സിൽ പെട്ടിരുന്നു. 

2011-ലെ ലോകകപ്പ് മത്സരത്തിനിടെ നടന്ന സ്വകാര്യ പാര്‍ട്ടിക്കിടെ സച്ചിന്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചെന്നും ഇതിലൂടെ സച്ചിന്‍ ദേശീയ പതാകയെ അപമാനിച്ചെന്നും അതിനാല്‍ സച്ചിന്റെ രാജ്യസഭാംഗത്വം പിന്‍‌വലിക്കണമെന്നും 1971-ലെ നിയമം അനുസരിച്ച് ദേശീയപതാകയുടെ ദുരുപയോഗം എന്ന വകുപ്പിലും 1950 ലെ നിയമം അനുസരിച്ച് ക്രിമിനല്‍ കേസും ചാര്‍ജ്ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വക്കെറ്റ് എ ബെനിറ്റോ എന്നയാൾ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

2004 ജനുവരി നാലിന് നടന്ന ഫാഷന്‍ ഷോയില്‍ നടിയും മോഡലുമായ ശ്വേതാ മേനോന്‍ ത്രിവര്‍ണ പതാക ധരിച്ച് റാമ്പില്‍ നടന്നതിനു അവർക്കെതിരെയും ഫാഷന്‍ ഷോ സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ പ്രദേശിക തലവന്‍ ആശിഷ് ഗുപ്തക്കെതിരെയും കേസുണ്ടായിരുന്നു.  അന്ന് ശ്വേത മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആല്‍വാര്‍ ജില്ലാ കോടതി ജഡ്ജി എച്ച്.എസ്.സക്‌സേന തള്ളിയത് വാർത്തയായിരുന്നു. 

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന പ്രതീകങ്ങള്‍; ആ രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും കൂടി ചിഹ്നങ്ങളാണ്. ഇവ രാഷ്ട്രത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഐകമത്യവും ദേശീയതയും പ്രകടമാക്കുന്നവയാണ്. ഓരോ രാഷ്ട്രത്തിനും അതതിന്റേതായ ദേശീയ അടയാളങ്ങള്‍ നിലവിലുണ്ട്. രാഷ്ട്ര സമൂഹത്തിന് പരമാധികാരം ഇല്ലെങ്കില്‍പ്പോലും ഇത്തരം ദേശീയ ചിഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ പൗരൻ ആയിരുന്നു കൊണ്ട് അതിന്റെ ദേശീയതയും ദേശീയതാ ചിഹ്നങ്ങളെയും ബഹുമാനിക്കെണ്ടതും സംരക്ഷിക്കേണ്ടതും ഒരോ പൌരന്റെയും കടമയാണ്. അത് ദേശീയ പതാകയായാലും ദേശീയ ഗാനമായാലും. വലിപ്പ ചെറുപ്പ ഭേദമില്ലാതെ ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു ആർക്കും സംശയവും വേണ്ട. 

ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളും പാരമ്പര്യങ്ങളും മറ്റു രാഷ്ട്രക്കാരെ അറിയിക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ പതാക. 1947 വരെ ഇന്ത്യയില്‍ ഒരു പൊതു ദേശീയ പതാക ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടിഷ് പ്രവിശ്യകളില്‍ ബ്രിട്ടിഷ് പതാകയും ഓരോ നാട്ടുരാജ്യത്തിനും അതിന്റേതായ പതാകയുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച്, 1947 July 22-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ത്രിവര്‍ണ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ് 1947 August 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യക്കൈമാറ്റം നടന്നത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പതാകയുണ്ട്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ പതാകയെ മാറ്റിയിട്ട് അവിടെ വിജയിച്ച രാഷ്ട്രത്തിന്റെ പതാക നാട്ടുകയെന്നതാണ്. ഒരു രാഷ്ട്രത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ രാഷ്ട്രത്തിലെ ദേശീയ പതാകയെ അപമാനിക്കുക എന്നത്. ഓരോ രാഷ്ട്രത്തിലെയും ദേശീയ പതാകയുടെ വലുപ്പം, പതാക ഉയര്‍ത്തുമ്പോള്‍ അനുഷ്ഠിക്കേണ്ട ചിട്ടകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ അതത് ഗവണ്മെന്റുകള്‍ നിയമമാക്കിയിട്ടുണ്ട്. മുകളില്‍ കുങ്കുമനിറം, മധ്യത്തില്‍ വെള്ളനിറം, താഴെ പച്ചനിറം എന്നീ വര്‍ണങ്ങളോടുകൂടിയ ത്രിവര്‍ണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. പതാകയുടെ കൃത്യം മധ്യഭാഗത്ത് ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും നീലനിറത്തില്‍ കൊടുത്തിട്ടുണ്ട്. സാരാനാഥം എന്ന സ്ഥലത്ത് അശോക ചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തിലുള്ള ധര്‍മചക്രത്തിന്റെ മാതൃകയിലാണ് നമ്മുടെ ദേശീയ പതാകയിലെ ധര്‍മചക്രം പകര്‍ത്തേണ്ടത്. ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു.  'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പൗരന്മാര്‍ക്ക് ദേശീയ പതാക പോലെതന്നെ പരമപ്രധാനമായ ഒന്നാണ് ദേശീയ ഗാനം. ഓരോ രാഷ്ട്രത്തിനും സ്വന്തമായ ദേശീയ ഗാനം ഉണ്ടായിരിക്കും. മുമ്പ് രാജവാഴ്ച നിലനിന്നകാലത്ത് രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയ ഗാനങ്ങള്‍. 1949 വരെ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന 'വഞ്ചീശമംഗളം' ഇതിന് ഉദാഹരണമാണ്. ഇംഗ്ലണ്ട് ഒരു ജനാധിപത്യരാജ്യമാണെങ്കിലും അവിടെ ഇപ്പോഴും രാജവാഴ്ച നിലവിലുള്ളതുകൊണ്ട് ഇപ്പോഴും 'God save the King' എന്നു തുടങ്ങുന്ന ഗാനം ദേശീയ ഗാനമായി ഉപയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന അധിനായക ജയഹേ' എന്നാരംഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദിരൂപമാണ് ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ബങ്കിംചന്ദ്രചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' എന്ന ഗാനത്തെയും ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാക കാണുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ അഭിമാനം വിടരുന്നതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ ദേശസ്നേഹം വളരുന്നു. പലതരം ഭാഷക്കാരും മതക്കാരും താമസിക്കുന്ന രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തമ്മിലുള്ള ഐകമത്യം നിലനിര്‍ത്തുവാന്‍ ദേശീയ പതാക പോലെതന്നെ ദേശീയ ഗാനത്തിനും കഴിയുന്നു. ചില ഘട്ടങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നത് വാച്യരൂപത്തിലായിരിക്കുകയില്ല, പ്രത്യുത ബാന്റ് മേളമായിട്ടോ, മറ്റേതെങ്കിലും വാദ്യോപകരണ ശബ്ദമായിട്ടോ ആയിരിക്കും. അതിനാല്‍ തങ്ങളുടെ ദേശീയ ഗാനത്തിന് മധുരമായ രാഗവും താളവും നല്കുവാന്‍ ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യില്‍ അര്‍ഥസമ്പുഷ്ടി മാത്രമല്ല, കര്‍ണാനന്ദകരമായ രാഗവും താളവും ഉണ്ട്. ഓരോ ദേശീയ ഗാനവും ആ രാഷ്ട്രത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ജനതയുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കുന്നതാകാം. ഓരോ ഗാനവും രചിച്ചിട്ടുള്ളത് ഏതെങ്കിലും പ്രശസ്ത കവിയായിരിക്കാം. ജനങ്ങളുടെ നാടോടിഗാനങ്ങളില്‍നിന്ന് ഉടലെടുത്തിട്ടുള്ള ദേശീയ ഗാനങ്ങളും ഉണ്ട്. ദേശീയോത്സവങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ദേശഭക്തിപ്രകടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓരോ ദിവസവും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഒളിമ്പിക്ക് മത്സരവേദികളില്‍ ഒരു വ്യക്തിക്ക് മെഡല്‍ സമ്മാനിക്കുമ്പോള്‍ ആ രാഷ്ട്രത്തിലെ ദേശീയ ഗാനം ആലപിക്കുന്നു.

ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പരാമർശിക്കപ്പെട്ട എല്ലാ വ്യക്തികളും നിയമത്തിന്‍റെ വിടവുകളിലൂടെയും നിയമ വ്യാഖ്യാനത്തിന്റെ ഇന്ദ്രജാലത്തിലൂടെയും ശിക്ഷിക്കപ്പെടാതെ പുറത്തു വന്നേക്കാം. പക്ഷെ, ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അത് പോലുള്ള ദേശീയ ചിഹ്നങ്ങളെയും സർവ്വോപരി ദേശീയതെയെയും മനപൂർവ്വവും ബോധപൂർവ്വവും അപമാനിക്കുകയെന്നത് തികച്ചും അപക്വവും ജനാധിപത്യസംസ്കാരത്തിന് വിരുദ്ധവുമായ സ്വഭാവരീതിയാണെന്നതില്‍ ഒരു സംശയവും വേണ്ട. ഈ ദേശീയതയ്ക്കും അതിന്റെ ചിഹ്നങ്ങൾക്കും ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീരിന്റെ ചുവയും ചോരയുടെ നിറവും ഉണ്ട്. ഏതു സ്വതന്ത്ര ചിന്തയുടെ പേരിലാണെങ്കിലും,  അതിനെ അവമതിക്കുന്നവരെയും അവഗണിക്കുന്നവരേയും യഥാർത്ഥ രാഷ്ട്രസ്നേഹി ഒറ്റപ്പെടുത്തും.  നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാനും നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങൾക്ക് അനഭിമതനായ വ്യക്തിയുടെ മുഖത്ത് തുപ്പുന്നത് തികച്ചും സംസ്കാര ശൂന്യമാണ്; പിതൃ ശൂന്യമാണ്; ശുദ്ധ തെമ്മാടിത്തരമാണ്. 

സ്റ്റോപ്പ്‌ പ്രസ് : ദേശീയ ഗാനം കേൾക്കുമ്പോൾ, കൂടെപ്പാടാൻ താൽപ്പര്യം ഇല്ലാത്തവർക്ക്  അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്‍ ഉണ്ട്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേക ബഞ്ച്, പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി (ബിജോയ് ഇമ്മനുവേൽ Vs. കേരളാ സ്റ്റേറ്റ്). ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കേസ്. ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയായിരുന്നു സുപ്രീംകോടതി ഈ കേസിൽ ചെയ്തത്. വീണ്ടും, കരൺ ജോഹർ V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി തന്നെ സിനിമാ ഹാളിൽ ദേശീയഗാനം കേൾപ്പിക്കുന്നതും അതിനു ജനം എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നതും ദേശീയഗാനത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തും എന്നും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കേണ്ടതല്ല ദേശസ്നേഹം എന്നും കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതാണ്. 

പക്ഷെ, ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മൂന്നാം കിട A റേറ്റഡ് പടം കാണിക്കുന്നതിന് മുൻപും തിയ്യേറ്ററിൽ ദേശീയഗാനം നിർബന്ധമായും കേൾപ്പിക്കണം; സിനിമ കാണാൻ ചെന്നവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കുകയും വേണം. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് ഇപ്പോൾ പറഞ്ഞ അതേ സുപ്രീം കോടതി തന്നെയാണ് ബിജോയ് ഇമ്മാനുവൽ കേസിൽ കുഴപ്പമില്ല എന്നും കരൺ ജോഹർ കേസിൽ എഴുന്നേറ്റ് നിൽക്കുന്നത് അനാവശ്യം ആണെന്നും പറഞ്ഞത്. ദേശീയചിഹ്നങ്ങളെ കാണുമ്പോൾ ആദരിക്കേണ്ടതിനെപ്പറ്റി മാത്രമല്ലേ നിയമങ്ങൾ പറയുന്നുള്ളൂ. ആദരിക്കാൻ വേണ്ടി പ്രദർശിപ്പിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല; അതും വളരെയേറെ ലാഘവത്തോടും അലക്ഷ്യമായും സിനിമ കാണാൻ വരുന്ന ഇടങ്ങളിൽ.

ഇപ്പോൾ ബാക്കിയാവുന്ന ഒരു സംശയം; പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിജോയ് ഇമ്മാനുവൽ കേസിന്റെയും കരൺ ജോഹർ കേസിന്റെയും വിധികൾ അസ്ഥിരപ്പെട്ടിട്ടുണ്ടോ ? അസ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ, ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു എന്ന പേരിൽ കോടതിയും പോലീസ് സ്റ്റേഷനും കയറുന്നവരുടെ എണ്ണം ഇനി ചെറുതായിരിക്കില്ല. 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 December 2016

ചുവപ്പുനിറം നീലയാക്കിയാൽ ചെകുത്താൻ മാലാഖയാവില്ല...!!!

കലൂരിലും തേവരയിലുമായി, ഞാൻ എറണാകുളം നഗരത്തിൽ പത്തു വർഷത്തോളം താമസ്സിച്ചിട്ടുണ്ട്. മൊത്തം പതിനഞ്ചു വർഷത്തോളം തൊഴിൽ ചെയ്തിട്ടുമുണ്ട്. ഈ കാലഘട്ടത്തിൽ കൊച്ചി നഗരത്തിൽ, ഏറ്റവും ഭീതിജനകമായി അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ ചുവന്ന ചെകുത്താന്മാർ (ഇപ്പോൾ നിറം മാത്രം നീല ആയിട്ടുണ്ട്) ആയി വിശേഷിപ്പിക്കപ്പെടുന്ന സിറ്റി ബസുകാർ, മുച്ചക്ക്ര ഭീകരന്മാർ ആയ ഓട്ടോക്കാർ, കൊതുകുകൾ എന്നിവരാണ്. അതിൽ തന്നെ കൊടും ഭീകരന്മാർ സ്വകാര്യ ബസ്സുകളും അതിലെ തൊഴിലാളികളും ആണ്. ഓട്ടോക്കാരെ കൊണ്ടുള്ള ശല്യം പൊതുവെ അത് സവാരിക്ക് വിളിക്കുന്നവരിൽ പരിമിതപ്പെടുന്നു. കൊതുകുകൾ എല്ലാ വിഭാഗം ജനങ്ങളെയും ഉപദ്രവിക്കുന്നുണ്ടെങ്കിലും കൊച്ചി കോർപറേഷന്റെ "ഔദ്യോഗിക പക്ഷി" എന്ന നിലയിൽ അതിനോട് ക്ഷമിക്കാം. യാത്ര ചെയ്യുന്നവരോടും കാൽ നടക്കാരോടും മറ്റു വാഹനങ്ങളോടും എല്ലാം അതിക്രമം കാണിക്കുന്നവർ എന്ന നിലയിൽ ആണ് ബസുകാരെ കൊടും ഭീകരന്മാർ എന്ന് വിശേഷിപ്പിച്ചത്‌. (ഭീകരന്മാരല്ലാത്ത ചുരുക്കം നല്ല മനുഷ്യരെയും ഇക്കൂട്ടത്തിൽ കണ്ടിട്ടുണ്ട്. അവർ എന്നോട് ക്ഷമിക്കുക; കൂടുതലും മോശം അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളത്) 

ഇത് രണ്ട് വർഷം  മുൻപെഴുതിയ പോസ്റ്റാണ്. ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്തിടാൻ കാരണം, മെട്രോ നഗരമാകാൻ കുതിക്കുന്ന കൊച്ചിയുടെ രാജനഗരിയിൽ നടന്ന ഒരു ദാരുണ സംഭവത്തെക്കുറിച്ച്  ഇന്ന് കേട്ട ഒരു വാർത്തയാണ്.....

എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവദമ്പതികൾക്ക് ഉണ്ടായ ദയനീയ അനുഭവത്തിന്റെ വാർത്തയാണിത്. തൃപ്പൂണിത്തുറ ഭാഗത്തു വച്ച് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് കയറി വന്ന "ഗാനം" എന്ന സ്വകാര്യബസിടിച്ച് അപകടത്തിൽപ്പെട്ട ഹരീഷും ഗുരുതരമായി പരിക്കേറ്റ ഭാര്യ കസ്തൂരിയുമാണ് ഈ നിസ്സഹായരായ ദമ്പതികൾ. അപകടത്തെത്തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നേക്കും എന്ന വാർത്തയാണ് ഇന്ന് രാവിലെ എന്നെ അലോസരപ്പെടുത്തുന്നത്. അപകടശേഷം ഇവരെ സഹായിക്കാനോ സംഭവത്തിന് സാക്ഷി പറയാനോ കൂട്ടം കൂടിയവരിൽ ആരുമുണ്ടായില്ല എന്നത് കൂടുതൽ ഞെട്ടലുളവാക്കുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അറിഞ്ഞത് വൈറ്റില മുതൽ തന്നെ അമിത വേഗവുമായി ബന്ധപ്പെട്ട് യാത്രക്കാർ പലരും ഈ സംഭവത്തിലെ ഡ്രൈവറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ്. അതിനൊക്കെ പുല്ലുവില പോലും കൽപ്പിക്കാതെയാണ് അയാൾ ഈ പാവം മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തമായി പാഞ്ഞു കയറിയത്. കേവലം 11 മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന് സ്വന്തം അമ്മയുടെ പരിലാളനകളാണ് തികച്ചും നിരുത്തരവാദപരമായി തൊഴിൽ ചെയ്യുന്ന ഒരു ബസ് ഡ്രൈവറുടെ ക്രൂരവികൃതിയിൽ നഷ്ടപ്പെട്ടത്. 


സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പുതിയ സംഭവം ഒന്നുമല്ല. വളരെ കുറഞ്ഞ സമയത്തിൽ, കൂടുതല്‍ യാത്രക്കാരെ കിട്ടാനുള്ള മരണപ്പാച്ചിലില്‍ നിരത്തില്‍ പൊലിയുന്നത് സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ ജീവിതങ്ങളും സ്വപ്നങ്ങളുമാണ്. ദാരുണമായ അസംഖ്യം സംഭവങ്ങളിൽ, ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രണ്ടു വർഷം മുൻപ്, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ കാൽനട യാത്രക്കാരി, തോപ്പുംപടി സ്വദേശിനി ഫാത്തിമബീവി ബസിടിച്ചു മരിച്ചു. ഇതേ അപകടത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി  നഫീസ ബീവി ആശുപത്രിയില്‍ വച്ചു മരിച്ചു. ഫോർഷോർ റോഡിലെ ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് അന്ന് റോഡ് ഉപരോധിച്ചു. അടിയന്തിരമായി കർശന നടപടികൾ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, റോഡിൽ സ്വകാര്യബസ് ചെകുത്താന്മാരുടെ       മരണപ്പാച്ചില്‍ നിര്‍ബാധം തുടരുക തന്നെ ആണ്. 

ആപത്തിനെ സൂചിപ്പിക്കുന്ന ചുവപ്പ് നിറമായിരുന്നു എറണാകുളം സിറ്റിയിലെ ബസുകൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചിരുന്നത് എന്നത് യാദൃശ്ചികമായിട്ടായിരുന്നോ എന്നറിയില്ല. അത് എന്തായാലും, എറണാകുളത്ത് കുറച്ചു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ആർക്കും ഈ സ്വകാര്യബസ് എന്ന ഭീകരനെ പറ്റി നടുക്കുന്ന ഒരനുഭവം എങ്കിലും ഓർത്ത് പറയാൻ ഉണ്ടാകും. മിക്കവാറും സമയങ്ങളിൽ ഈ വണ്ടികൾ നഗര നിരത്തിലൂടെ കൊലവിളിയും വിളിച്ചു പായുകയായിരിക്കും. "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ" എന്നൊരു നാട്ടു പ്രയോഗമുണ്ട്. ഈ മനോഭാവമാണ് ഇവിടത്തെ ബസ് തൊഴിലാളികൾക്ക്. ഇവർക്ക് നിയമങ്ങളെ പേടിയില്ല; സിഗ്നലുകളെ പരിഗണനയില്ല; ട്രാഫിക് വാർഡൻമാരെ പോലും ബഹുമാനമില്ല; മറ്റു വാഹനങ്ങൾ ഒരു പ്രശ്നമല്ല; മനുഷ്യ ജീവൻ ഒരു വിഷയമേയില്ല. റോഡ്‌ ഇവന്റെ മുതലാളിയും ഇവന്റെയൊക്കെ പൂർവ പിതാക്കന്മാരും കൂടി ഇവനൊക്കെ വിളയാടാൻ വേണ്ടി വാങ്ങിയിട്ടിരിക്കുന്നതാണ് എന്ന ഭാവത്തിലാണ് ഇവരുടെ പെരുമാറ്റം. ആരെങ്കിലും ഇതെങ്ങാൻ ചോദ്യം ചെയ്‌താൽ രൂക്ഷമായ നോട്ടം, അസഭ്യ വർഷം, പച്ചത്തെറിയഭിഷേകം, കയ്യേറ്റം മുതലായവ നേരിടേണ്ടി വരും.

നിലം തൊടാതെ പറക്കുന്ന കൊച്ചി സിറ്റി ബസുകളെ പറ്റി ചുമന്ന കളറിൽ പറന്നു വരുന്ന വിമാനം ആണെന്ന്  തോന്നി പോകുമെന്നും അത്തരത്തിൽ നോക്കിയാൽ കൊച്ചിയിലെ ഓരോ ബസ്‌ സ്റ്റാന്റുകളും  ഓരോ മിനി എയർപോട്ട് ആണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ഒരാൾ ഒരിക്കൽ ബ്ളോഗിൽ എഴുതിയത് ഓർക്കുന്നു. 'പടച്ചോനെ ഇങ്ങള് കാത്തോളീ...'ന്നും പറഞ്ഞാണ് ഓരോരുത്തരും ബസിൽ കയറുന്നതെന്നും ബസ്‌ സ്റ്റോപ്പിൽ നിന്നുള്ള കയറൽ, വെറും കയറൽ അല്ലെന്നും, 'ചാടി മറിഞ്ഞു തൂങ്ങി വലിഞ്ഞു കയറൽ' എന്ന് ആലങ്കാരികമായി പറയണം എന്നും എഴുതി, ആ വിദ്വാൻ. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങിനെയാണ്‌; ബസ്‌ വന്നു നിർത്തിയാൽ, (നിർത്തുന്നത്  പോലെ തോന്നും; നിർത്തുന്നുണ്ടോ എന്ന് ഇതു വരെ മനസിലായിട്ടില്ല) ഒന്നോ രണ്ടോ സെക്കന്റിനുള്ളിൽ എല്ലാം തീർന്നിരിക്കണം. ആദ്യം റോഡിൽ നിന്ന് ബസിന്റെ ഏതെങ്കിലും കമ്പിയിൽ മുറുക്കെ പിടിക്കണം; അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. അവസാനം കയറുന്നവന്റെ കാര്യം മിക്കവാറും അതി ഭീകരമാം വിധം സാഹസികമായിരിക്കും; വണ്ടി വിടും. അവൻ കമ്പിയിൽ ഇങ്ങനെ തൂങ്ങി കിടക്കും. പിന്നെ എങ്ങനെയെങ്കില്ലും  ഉള്ളിൽ കയറിക്കോളണം. ബസിന്റെ  ഉള്ളിൽ കയറിയാൽ പിന്നെ വണ്ടർ ലാ എഫക്റ്റ് ആണ് (പഴയ ലിപിയിൽ വീഗാ ലാൻഡ്‌ എഫക്റ്റ് എന്നും പറയാം); ചാട്ടം, ഓട്ടം,  അലറൽ, കൂവൽ; വല്ലാത്തൊരു അനുഭൂതി തന്നെ. ഇതൊക്കെ അനുഭവിക്കാൻ നിങ്ങൾ  പ്രത്യേകിച്ച് എഫെർട്ട്  ഒന്നും എടുക്കണ്ട കാര്യമില്ല. ഡ്രൈവറിന്റെ അതി മനോഹരമായ ലീലാവിലാസങ്ങൾ കൊണ്ട് അതൊക്കെ മുറ പോലെ  നടന്നോളും. ശ്രീ കൊച്ചി ബസ്‌ ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ! എന്ന ആശംസയോടെയാണദ്ദേഹം ആ കുറിപ്പ് നിർത്തിയിരിക്കുന്നത്.

മറ്റൊരു ബ്ളോഗിൽ വിവരിക്കപ്പെട്ട ഒരു സംഭവം ഉണ്ട്. മത്സരയോട്ടത്തിനിടെ റോഡ് വിട്ട് ഫുട്പാത്തിനു നേരെ പാഞ്ഞടുക്കുന്ന സിറ്റി ബസ്. റോഡിനൊപ്പം നിരപ്പുള്ള ഫുട്പാത്തിലൂടെ നടന്നു വരുന്ന പത്തോളം വിദേശ വിനോദ സഞ്ചാരികള്‍. റോഡില്‍ മര്യാദമാത്രം കണ്ടു ശീലിച്ചിട്ടുള്ള വിദേശികള്‍ തങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന ബസ് കണ്ട് പരിഭ്രമിച്ച് തിരിഞ്ഞോടുന്നു. ആ ഓട്ടം പോലും വക വയ്ക്കാതെ ബസ് അവരുടെ പിന്നാലെ പാഞ്ഞു. തന്നെ മറികടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ബസിനെ എങ്ങനെ മുന്നില്‍ കയറ്റിവിടാതിരിക്കാം എന്ന ചിന്ത മാത്രമായിരുന്നിരിക്കാം ആ ബസ് ഡ്രൈവറുടെ മനസില്‍. വേട്ടമൃഗങ്ങളെപ്പോലെ പായുന്ന ബസുകാർ, അവന്റെ മുന്നിലൂടെ ജീവനും കൊണ്ടോടുന്ന വഴിയാത്രക്കാരന്‍ അവന്റെ കണ്ണില്‍പ്പോലും പെടുന്നില്ല. ലോകത്തില്‍ മറ്റൊരു രാജ്യത്തും പതിവില്ലാത്ത ഈ മത്സരയോട്ടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് വിദേശികള്‍ ഒരു ബേക്കറിയില്‍ ഓടിക്കയറി. ചുറ്റും നിന്ന നാട്ടുകാര്‍ ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു. അക്രമികളോട് പ്രതികരിക്കാന്‍ കഴിവില്ലാത്ത ഭീരുക്കളുടെ ചിരി !. ഇങ്ങനെയാണ് ആ വിവരണം അവസാനിപ്പിച്ചിരിക്കുന്നത്. 

ഇതെല്ലാം അത് എഴുതിയവർ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ അത്ര കണ്ടു ലളിതവും രസകരവുമല്ല. അരയില്‍ തിരുകിയ കത്തിയും വണ്ടിയുടെ ജാക്കി ലിവറും ഹാൻസും പാൻ മസാലയും കഞ്ചാവും മയക്കു മരുന്നുകളും കുത്തി നിറച്ച മസിൽ ബോഡിയും കൊണ്ട് യാത്രക്കാരെയും കാൽ നടക്കാരെയും ഒതുക്കാൻ സദാ റെഡി ആയിരിക്കുന്ന ക്രിമിനലുകൾ പോലും ബസ് തൊഴിലാളികൾക്കിടയിലുണ്ട്. മുതലാളിയുടെ പൂത്ത പണവും പോലീസിലും വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ പിടി പാടും പിൻബലമാക്കി ഇവർ റോഡുകളെ കുരുതിക്കളമാക്കുന്നു. സ്വകാര്യ ബസുകളിലെല്ലാം തന്നെ അമിത വേഗം കുറയ്ക്കാന്‍ വേണ്ടി സ്പീഡ് ഗവേണര്‍ എന്ന പേരിൽ ഒരുപകരണം ഘടിപ്പിച്ചിരിക്കുന്നത്‌ കാണാമെങ്കിലും അതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു ബസുകളുടെ അമിത വേഗം കണ്ടാല്‍ മനസിലാകുമെന്നു യാത്രക്കാര്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കാര്യമാത്രമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പ്രഹസനമാക്കുന്നു. പരിശോധന കാലയളവില്‍ മാത്രം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുക, അതു കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയെന്നതാണ് ബസുകളില്‍ കണ്ടു വരുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

കാതടപ്പിക്കും ശബ്ദവുമായി നിരോധിക്കപ്പെട്ട എയര്‍ഹോണുകള്‍ മിക്കവാറും ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഹോണിൽ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ. മറ്റു വാഹനങ്ങളിലുള്ളവരേയും കാല്‍നടയാത്രക്കാരേയും ഹോണടിച്ച് പേടിപ്പിക്കുന്ന ഡ്രൈവര്‍മാരെക്കൂടാതെ വണ്ടിയുടെ ബോഡിയിൽ തട്ടി ഭീകര ശബ്ദം ഉണ്ടാക്കുന്ന കിളികളും ഒരു പേടി സ്വപ്നം തന്നെയാണ്. ഇരുചക്രവാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി കാതടപ്പിക്കും വിധം എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. പെട്ടന്ന് പിന്നിലെത്തി പേടിപ്പിക്കും വിധം ഹോണ്‍ ബസുകളും വലിയ വാഹനങ്ങളും എയര്‍ഹോണ്‍ മുഴക്കുമ്പോള്‍ പരിഭ്രമത്താല്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ ഇടമില്ലാത്ത കുപ്പി കഴുത്തു പോലെയുള്ള റോഡിലൂടെ ഈ  ബസ്സുകള്‍ 60 ഉം 70 ഉം KM വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും.ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് എറണാകുളത്തെ സ്ഥിരം കാഴ്ചയാണ്. ഒരു വണ്ടികൾക്കും സൈഡ് കൊടുക്കാതെ റോഡിന്റെ വലതു വശം ചേര്‍ന്നേ അവര്‍ ഓടിക്കൂ. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ്, സ്റ്റോപ്പിലോ സ്റ്റാന്റിലോ എത്തുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇടതു വശത്തേക്ക്‌  ഒറ്റ ചേര്‍ക്കലാണ്‌. മറ്റു ബസ്സുകള്‍ ഓവർടേക്ക് ചെയ്ത് കയറിപ്പോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് തിരിക്കാൻ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ആൾ ഇറങ്ങുകയോ കയറുകയോ ചെയ്തു തീരുന്നതിനു മുൻപ് വണ്ടി വിടുക തുടങ്ങി ഇവർ കാണിക്കുന്ന അതിക്രമങ്ങൾ എണ്ണിയാൽ തീരാത്തതാണ്.

ഇതെല്ലാം കൂടാതെ വനിതാ യാത്രക്കാരോടും വിദ്യാർത്ഥികളോടുമുള്ള നെറി കെട്ട പെരുമാറ്റങ്ങൾ വേറെയും.  


പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ആലുവ – പനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്സുടമയുടെ മകനും അറസ്റ്റിലായതും വൻ വാർത്തയായിരുന്നു. ഇയാള്‍ക്കൊപ്പം യുവതിയെ ഉപദ്രവിച്ച കണ്ടക്ടറും കൂട്ട് പ്രതിയായിരുന്നു. കളമശ്ശേരി മുതല്‍ ഇവർ പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിച്ചതായും യുവതി ശക്തമായി പ്രതിഷേധിച്ചെങ്കിലും നോര്‍ത്ത് കഴിഞ്ഞതോടെ ഇവര്‍ കയറിപിടിക്കാന്‍ ശ്രമിച്ചു എന്നുമാണ് അന്ന് യുവതി പോലീസിനു കൊടുത്ത പരാതിയിൽ പറഞ്ഞത്.

ബസില്‍ ചില്ലറ നല്‍കുന്നതിനെ ചൊല്ലി, മാമംഗലത്തുനിന്നും സിറ്റി ബസില്‍ യാത്ര ചെയ്ത ഹൈക്കോടതി അഭിഭാഷകയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതിയുയർന്നിരുന്നു. കൊച്ചി എളമക്കര സ്വദേശിയായ അഡ്വ. പത്മകുമാരി, ബസുകാരിൽ നിന്ന് മര്‍ദ്ദനമേറ്റ കാര്യം കാണിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് വേണ്ടി വണ്ടി നിർത്തിക്കൊടുക്കാതിരിക്കുക, സീറ്റുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരുത്താതിരിക്കുക, അവരോടു കയർത്ത് സംസാരിക്കുക, ശാരീരികമായി പീഡിപ്പിക്കുക...അങ്ങനെ പോകുന്നു വിദ്യാർത്ഥികളോടുള്ള അതിക്രമങ്ങൾ  

മൂന്ന് വര്‍ഷം മുന്‍പ് വരിയായുള്ള ഗതാഗത സംവിധാനം നടപ്പാക്കിയിട്ടും കൊച്ചി നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സ്വകാര്യ ബസുകളുടെ നിയമലംഘനം മൂലം വിലപ്പെട്ട എത്ര ജീവനകള്‍  റോഡുകളില്‍ പൊലിഞ്ഞാലും വാഹനാപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കാനുള്ളതല്ലേ എന്ന മട്ടാണ് അധികാരികള്‍ക്ക്. പല സംഭവങ്ങളിലും അപകടമുണ്ടാക്കുന്ന ബസുകൾ നാട്ടുകാർ കത്തിച്ച സംഭവം വരെ ഉണ്ട്. അധികാരികൾ നോക്ക് കുത്തികൾ ആകുമ്പോൾ ജനം പോലീസിന്റെയും കോടതിയുടെയും പണി എടുത്തു തുടങ്ങിയാൽ നാടിന്റെ ക്രമ സമാധാനം അവതാളത്തിൽ ആവും. ഒരിക്കൽ അഡ്വ. ഷൈജു ഇരട്ടക്കുളം എന്നയാളാണ്‌  മാതൃഭൂമി പത്രത്തിനയച്ച ഒരു കത്തില്‍ കൊച്ചിയിലെ ബസുകളെ ചുവന്ന ചെകുത്താന്മാര്‍ എന്നു വിശേഷിപ്പിച്ചത്. ഈ ചുവന്ന ചെകത്താന്മാരും (ഇപ്പോൾ നീല) ഇതിനെല്ലാം നേരെ കണ്ണടക്കുന്ന അധികാരികളും കൈ കോർക്കുമ്പോൾ, സ്വന്തം കുഞ്ഞിനെയും അമ്മയേയും അച്ഛനേയും ഭാര്യയെയും കഷണങ്ങളാക്കി പഴം പായയിൽ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകാനാണ് കൊച്ചിക്കാരുടെ യോഗമെങ്കിൽ "പടച്ചോനേ, ഇങ്ങള്  കാത്തോളീ" എന്ന് എപ്പോഴും ഉരുവിട്ട് കൊണ്ട് മാത്രം നഗര യാത്ര ചെയ്യുക....അത് ബസിലായാലും മറ്റു വാഹനത്തിലായാലും കാൽ നടയാണേലും....

ബസുകളുടെ മരണപ്പാച്ചിലിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ ആണ് താഴെ ....


ഈ വീഡിയോയുടെ യുട്യൂബ് ലിങ്ക് =>   https://www.youtube.com/watch?v=x-97d6h71O4


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday, 15 December 2014

നമ്മളെ ഭരിക്കുന്നവരുടെ തലയ്‌ക്കുള്ളില്‍ തെര്‍മോക്കോളാണോ !!??

A.D. 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം ആരംഭിക്കുന്നത്. ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. ഗണിതശാസ്ത്രം, തത്വശാസ്ത്രം, വാനശാസ്ത്രം, ഭാഷാപാണ്ഡിത്യം, ചിത്രകല എന്നിവയിൽ അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്ന ഇദ്ദേഹത്തെ ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.  സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയപ്പോള്‍ ദില്ലിയിലെ ജനങ്ങളെയും അവരുടെ വസ്തുവകകളും കൂടി ദൗലത്താബാദിലേയ്ക്ക് മാറ്റിയതും കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും എല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചരിത്ര സ്നേഹം കൊണ്ടൊന്നുമല്ല; ഈ ദിവസങ്ങളിൽ കാണുന്ന ചില പത്ര വാർത്തകൾ വായിച്ചിട്ടാണ്. 

എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യത്തെ മുൻ നിർത്തി സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നായിരുന്നു ഒരു വാർത്ത.  പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാൻ പോകുന്നത്രേ. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും. സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ വളരെ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ലാത്തത് കൊണ്ട് ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ലത്രേ.  പ്ലസ് ടു കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. പ്ലസ് ടുവിന്റെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കുമ്പോള്‍, ഉദാരമായി മാര്‍ക്ക് കിട്ടുന്ന, കേരള സിലബസ് പഠിപ്പിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് കണ്ടെത്തൽ. കേരള സിലബസിനെ അപേക്ഷിച്ച് മൂല്യ നിർണ്ണയം കടുപ്പമായ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മുതലായ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതോടെ കേരള എൻട്രൻസ് കിട്ടാനുള്ള സാധ്യത കുറയും. മുട്ടിനു മുട്ടിനു സ്വാശ്രയ കോളേജുകൾ അനുവദിച്ചതിന്റെ തിക്ത ഫലമാണ് വിദ്യാർഥി ക്ഷാമത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളു. 

സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്നാണ് അടുത്ത വാർത്ത. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്നാണ്‌ സർക്കാർ ഭാഷ്യം. കടം കയറി പൂട്ടാൻ ഒരുങ്ങി നിൽക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ കുറേക്കൂടി  ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. 

ഇത്തരം പരിഷ്കാരങ്ങളെ ഒക്കെ തുഗ്ലക്ക്‌ പരിഷ്കാരം എന്ന് വിളിച്ചാല്‍ തുഗ്ലക്ക്‌ പോലും ക്ഷമിക്കാന്‍ വഴിയില്ല. കാരണം തുഗ്ലക്ക്‌ പരിഷ്കാരങ്ങളെക്കാള്‍ വിഡ്ഢിത്തമാണ് ഇപ്പോൾ കൊണ്ട് വരുന്ന ചില പരിഷ്കാരങ്ങൾ. തലയിൽ തലച്ചോറിനു പകരം തെർമോക്കോൾ നിറച്ചു വച്ചിട്ട് അത് കൊണ്ട് ചിന്തിക്കുന്ന നമ്മുടെ അധികാരികളും ആസൂത്രണ വിദഗ്ദ്ധന്മാരുമാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പ്രൊഫൈലിൽ നിന്നും ഒരു വാർത്ത പുറത്തു വന്നിരുന്നു. വിവാഹിതരാകാൻ പോകുന്ന സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്‌മൂലം പിന്നീട്‌ നൽകണമെന്നും സര്‍ക്കാര്‍ നിർദ്ദേശം ആയിരുന്നു അത്. സ്‌ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്‌  എന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം, സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതിനായി, ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും കൂടി ഒപ്പു വെച്ച സത്യവാങ്‌മൂലം വകുപ്പ്‌ മേധാവിക്ക്‌ നൽകണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിർബ്ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും ഇത് സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന അനേകം പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും എന്നായിരിക്കണം ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നിൽ എന്ന് കരുതാം. അന്ന് സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയ ഈ നിർദ്ദേശം ഇപ്പോൾ ചത്തോ ജീവിച്ചോ എന്ന് ആർക്കറിയാം.  ഇതെങ്ങാൻ പ്രാബല്യത്തിൽ വന്നാൽ, ഇത് കൊണ്ടുണ്ടാവാന്‍ പോകുന്ന ചില പ്രായോഗിക പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം.

സ്ത്രീ വീടിന്‍റെ വിളക്കാണ്, ഐശ്വര്യമാണ്, സ്ത്രീ തന്നെ ധനമായിരിക്കെ പിന്നെന്തു സ്ത്രീധനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വടം വിളിച്ചു പറഞ്ഞിട്ട്,  സ്ത്രീധനം കൊടുക്കുക വാങ്ങുക എന്നത് ഈ സമൂഹത്തില്‍ വളരെയേറെ വേര് പിടിച്ചു വളര്‍ന്നു നില്‍ക്കുന്ന സാമൂഹിക അനാചാരമാണ്. എന്തൊക്കെ നിയമം വന്നാലും, അധിക പക്ഷവും, ചെറുക്കന്‍ വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നടക്കുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതിനും മാത്രം പഴുതുകള്‍ ഇത് സംബന്ധിച്ച  നിയമത്തില്‍ ഉണ്ടെന്നത് കൊണ്ട്, തികച്ചും നിയമ വിരുദ്ധമായ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം നിര്‍ദ്ദിഷ്ട "അ"സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യും. പിന്നെ, ഒരച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹ സമ്മാനം എങ്ങിനെയാണ് നിയമവിരുദ്ധ സ്ത്രീധനം ആവുക. വിവാഹം നടക്കണമെങ്കില്‍ ഇത്ര തുക കിട്ടിയാലേ പറ്റൂ എന്ന്  ശഠിക്കുമ്പോഴാണ് അത് നിയമ വിരുദ്ധമാവാന്‍ പാടുള്ളൂ.  പൂര്‍ണ്ണ മനസ്സോടെ അതി വാല്‍സല്യപൂര്‍വ്വം വിവാഹ സമ്മാനം നല്‍കുമ്പോള്‍ നിയമം വഴി അതിനെ എതിര്‍ക്കുന്നതോ തടയുന്നതോ ശരിയാണോ ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍ ആണെന്നിരിക്കെ സ്വന്തം പിതൃസ്വത്തിലുള്ള പെണ്‍കുട്ടിയുടെ അവകാശം വിവാഹ സമയത്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തീരുമാനിക്കുകയും അത് കൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ സ്ത്രീധനം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലേ. അങ്ങിനെ വ്യാഖ്യാനിച്ചാല്‍, എഴുതി ഒപ്പിട്ടു നല്‍കുന്ന സത്യവാങ്ങ്മൂലം അസത്യമാവുകയില്ലേ...

പ്രണയ ബന്ധത്തോടനുബന്ധിച്ചോ അതല്ലാത്ത മറ്റേതെങ്കിലും സാഹചര്യത്തിലോ വീട്ടുകാരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് ഈ നടപടി കൊണ്ട് ഉണ്ടാവാന്‍ പോകുന്ന പ്രായോഗിക ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. തങ്ങളെ ധിക്കരിച്ചു വിവാഹിതരായ മക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഒരു അവസരം തേടിയിരിക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയൊരു സത്യവാങ്ങ്മൂലം  ഒപ്പിട്ട് കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ നോക്കിയാല്‍, പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം  പുരോഗമന പരമായോ പ്രകോപന പരമായോ വിവാഹിതരായാല്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടും എന്ന അവസ്ഥ വരാന്‍ ഇടയുണ്ട്. ഏതെന്കിലും കാരണത്താല്‍ ഒരു കോടതി വ്യവഹാരത്തില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കേണ്ടി വരുന്ന അവസരത്തില്‍, വിവാഹം നടക്കാനുള്ള നിയമ നിബന്ധനയുടെ പേരില്‍ ഒപ്പിട്ടു കൊടുത്ത സത്യവാങ്ങ്മൂലം തന്നെ എതിര്‍ സാക്ഷ്യമായി പോകാന്‍ വഴിയുണ്ട്. 

നമ്മുടെ ഭരണാധികാരികള്‍  ആദ്യമായിട്ടൊന്നുമല്ല ഇത്തരം നടപടികള്‍ മുന്നോട്ടു വക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള പോഴത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ അമിതമായി ഹോണ്‍ മുഴക്കുന്നതു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംങ് ഇന്ത്യന്‍ കൊച്ചി ചാപ്റ്റര്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗതാഗത മന്ത്രി, വാഹനങ്ങളില്‍ ബോഷ് ഹോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച്  സര്‍ക്കാര്‍ ആലോചിക്കുമെന്നു  പ്രഖ്യാപിച്ചിട്ടു അധികം കാലമായില്ല. ജനമധ്യത്തില്‍ ചീറിപ്പായുന്ന മിക്കവാറും സര്‍ക്കാര്‍ വണ്ടികളിലും ഇത്തരം ഹോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അത് മനസ്സിലായത്‌ കൊണ്ടായിരിക്കും,  ഇത് വരെ ഉത്തരവ് പുറത്തു വന്നില്ല.

അതുപോലെ, സിനിമയിൽ ഒരു കഥാപാത്രം ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ ആ സീനിൽ അഭിനയിച്ച നടനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നടപടിയെടുക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ നീക്കവും നടപ്പാക്കിയതായി അറിവില്ല. യഥാർഥ സാഹചര്യങ്ങളിൽ മാത്രം പ്രവർത്തനക്ഷമമാവുന്ന ഒന്നാണ്‌ നിയമം എന്നിരിക്കെ, സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ചു ഹെൽമറ്റ്‌ ധരിക്കാതെ ടു വീലര്‍ ഓടിക്കുന്ന നടനെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയുമെന്നത്‌ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അങ്ങനെ നോക്കിയാല്‍ ബാലന്‍ കെ നായരും ജോസ് പ്രകാശും ഭീമന്‍ രഘുവും തുടങ്ങി ഒട്ടു മിക്ക സിനിമാ നടന്മാരും ഇപ്പോഴേ വധശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു.

മേല്‍ പറഞ്ഞതെല്ലാം, നടപ്പിലാവാത്ത നിര്‍ദ്ദേശങ്ങള്‍ ആണെങ്കില്‍ നടപ്പിലായ ഒരു ആന മണ്ടത്തരം ഉണ്ട്. വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റ് എന്ന പരിപാടിയാണത്. ഇന്നേ വരെ ഒരു വണ്ടിക്കും അനുവദനീയമായ അളവില്‍ കൂടുതല്‍ പുക ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവരും, പോലീസ് പിടിക്കുമ്പോള്‍ നൂറു രൂപ പോകാതിരിക്കാനായി ഈ സര്‍ട്ടിഫിക്കറ്റ് ഒരെണ്ണം സംഘടിപ്പിച്ചു വണ്ടിയില്‍ സൂക്ഷിക്കുന്നു. വാഹനമില്ലെങ്കിലും രേഖകളില്ലെങ്കിലും പണം കൊടുത്താല്‍ ഏത് വണ്ടിക്കും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമത്തിന്റെ ഉദ്ദേശവും പരിസ്ഥിതി സംരക്ഷണവും ഒക്കെ കട്ടപ്പുക.

ഇങ്ങനെ എന്തെല്ലാം പ്രഹസനങ്ങള്‍....സഹിക്കുക തന്നെ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 8 November 2014

ബലം പ്രയോഗിച്ചു, എന്നാല്‍ ബലാൽസംഗം അല്ല : നമ്മുടെ കോടതികൾക്കെന്തു പറ്റി ?

2011- ൽ, പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന്,  ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് തെല്ലു നീരസമാണ് തോന്നിയത്. പിന്നീട്, ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറു മാസം കഠിന തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2013- ൽ സൂര്യനെല്ലി പെൺകുട്ടിക്കെതിരെയുള്ള ജസ്‌റ്റിസ്‌ ബസന്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കവേ, ജസ്‌റ്റിസ്‌ ബസന്ത്‌ ബുദ്ധിമാനായ ശുംഭനാണെന്നും അഭിമാനമുള്ള സ്‌ത്രീകൾ അദ്ദേഹത്തെ കുറ്റിച്ചൂൽകൊണ്ടു നേരിടണമെന്നും ജയരാജൻ പ്രസ്താവിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ ന്യായാധിപന്മാർ മൊഴിഞ്ഞപ്പോൾ അത് കേട്ട് ചുമ്മാ വിടലച്ചിരിയുമായി നിന്ന കേരള സമൂഹത്തിൽ വേറിട്ട്‌ കേട്ട ഒരു ശബ്ദം ഈ ജയരാജന്റെതായിരുന്നു. ജീവിതത്തിൽ ആദ്യമായി സി. പി. എം സംസ്ഥാന സമിതി അംഗം സഖാവ് എം വി ജയരാജനോട് ഒരു മതിപ്പ് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയെ പറ്റി മംഗളം ദിനപത്രത്തിൽ വായിച്ചപ്പോൾ എം വി ജയരാജനെ ചുമ്മാ ഒന്ന് സ്മരിച്ചു.

അറുപതു വയസുകാരിയെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ട്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിവാദ വിധി. വിധി പ്രസ്‌താവത്തിലെ ചില പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിനും തിരികൊളുത്തി. മദ്യലഹരിയില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ അവര്‍ മരിക്കുകയും ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അചേയ്‌ ലാല്‍ എന്നയാളെയാണു ഹൈക്കോടതി വിട്ടയച്ചത്‌. " അചേയ്‌ ലാലിനു മേല്‍ മാനഭംഗക്കുറ്റം ആരോപിക്കാമെങ്കിലും കൊലക്കുറ്റം ചുമത്താനാവില്ല. കൊല്ലണമെന്ന ഉദ്ദേശ്യമോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ സ്‌ത്രീ മരിക്കുമെന്ന അറിവോ അയാള്‍ക്കില്ലായിരുന്നു.അതിനാല്‍, ഐ.പി.സി. സെക്‌ഷന്‍ 302 ന്റെ അടിസ്‌ഥാനത്തില്‍ അയാളെ ശിക്ഷിക്കാനാവില്ല.- ഹൈക്കോടതി പറഞ്ഞു. അചേയ്‌ ലാലിന്റെ അപ്പീല്‍ അനുവദിച്ച ഹൈക്കോടതി മാനഭംഗക്കേസിലും അയാളെ വെറുതെ വിട്ടു. സ്‌ത്രീയുടെ സമ്മതമില്ലാതെയായിരുന്നു ലൈംഗിക ബന്ധമെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ കുറ്റവിമുക്‌തനാക്കുന്നതെന്നു കോടതി പറഞ്ഞു. 'കൊല്ലപ്പെട്ട സ്‌ത്രീ അറുപതു വയസ്‌ കഴിഞ്ഞയാളും ആര്‍ത്തവിരാമം വന്നയാളുമാണ്‌. ലൈംഗിക ബന്ധത്തില്‍ ബലപ്രയോഗമുണ്ടെങ്കിലും, ബലാല്‍സംഗമോ കൊല്ലപ്പെട്ടയാളുടെ സമ്മതത്തിന്‌ വിരുദ്ധമോ ആയിരുന്നില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദത്തില്‍ കഴമ്പുണ്ട്‌.'-ഹൈക്കോടതി പറഞ്ഞു. ഇതില്‍ പ്രായം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ സ്‌ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആര്‍ത്തവ വിരമത്തെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിയമവിദഗ്‌ധരും അമ്പരപ്പ്‌ പ്രകടിപ്പിച്ചു. ബലാല്‍സംഗമല്ല നടന്നതെന്ന നിഗമനത്തിന്റെ അടിസ്‌ഥാനമെന്തെന്നു വ്യക്‌തമല്ലെന്നും ആര്‍ത്തവിരാമത്തെപ്പറ്റിയുള്ള പരാമര്‍ശം അപ്രസ്‌കതവും തെറ്റുമാണെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പറഞ്ഞു. വീട്ടു ജോലികള്‍ക്കു പോയിരുന്ന സ്‌ത്രീയെ 2010 ഡിസംബറിലാണ്‌ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തന്നേക്കാള്‍ പ്രായമുള്ള, താന്‍ അമ്മയെന്നു വിളിച്ചിരുന്ന സ്‌ത്രീയെ അചേയ ലാല്‍ ബലാല്‍സംഗം ചെയ്‌തെന്നും തുടര്‍ന്ന്‌ അവര്‍ മരിച്ചെന്നുമുളള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ട്‌ വിചാരണക്കോടതി 2011 ല്‍ ആണ്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്‌. (വാർത്തയ്ക്ക് മംഗളം ദിനപ്പത്രത്തോട്‌ കടപ്പാട്: ബലം പ്രയോഗിച്ചു, എന്നാല്‍ മാനഭംഗമല്ല: ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെച്ചൊല്ലി വിവാദം )

ബലാത്സംഗക്കേസുകളിൽ ഇരകൾ വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യപ്പെടുന്നത് ഇതാദ്യം ഒന്നുമല്ല. ജീൻസ് വിവാദത്തിൽ യേശുദാസിനെയും ഡോ. രജത് കുമാറിനെയും ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ വായിലെ നാവ് ഒക്കെ ഇപ്പോൾ എവിടെയാണോ ആവോ ?

ജനാധിപത്യ സംവിധാനത്തിൽ പൌരന്റെ അവസാന ആശ്രയമാണ് കോടതികൾ. അവർ അങ്ങേയറ്റം ആദരവോടെയാണ് ന്യായാധിപന്മാരെ നോക്കിക്കാണുന്നത്. ബഹുമാനപ്പെട്ട കോടതി, ന്യായാധിപന്‍, നീതിപതി, നീതിപീഠം, LORD, YOUR HONOUR തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ ജനങ്ങളുടെ അങ്ങേയറ്റത്തെ ആദരവിനെയാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും സ്വീകാര്യതയും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളും മാത്രമല്ല; ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള സീമാതീതമായ വിശ്വാസമാണ്. ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായോ അന്യായമായോ പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും ഉള്ള ഉത്തമ വിശ്വാസത്തിലാണ് കോടതികളുടെ വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും നിലനില്പ്പ്. ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് മുന്നോട്ടു വയ്ക്കുന്ന ന്യായാധിപധർമ്മം ഇപ്രകാരമാണ് - "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." 

ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയ്ക്ക്  ബഹുമുഖ കടമകൾ ഉണ്ട്. വിവിധ നിയമ നിർമ്മാണ സഭകൾ  നിർമ്മിച്ച്‌ വിടുന്ന  നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരത്തോടൊപ്പം നിയമങ്ങള്‍ രീതിയില്‍ത്തന്നെയാണോ  നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും നിലവിലുള്ള നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ഭാരിച്ച ചുമതലയും കോടതികള്‍ക്കുണ്ട്.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയാൽ കോടതി സംവിധാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നു കൂടി ഓർക്കണം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണകൂടം  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അധികാരവിമുക്തനാക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുക പോലുമുള്ള സംഭവമുണ്ടായത് ഓർക്കേണ്ടതാണ്. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. 

സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആര്‍. സി. ലഹോട്ടിയുടെ ഒരിക്കൽ അഭിപ്രായപ്പെട്ടതനുസ്സരിച്ചു കോടതികൾക്ക് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്നാണ്. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടു മിക്ക മതങ്ങളും അഭിപ്രായ വ്യത്യാസമില്ലാതെ പറയുന്ന ഒരു കാര്യമുണ്ട്; " ന്യായാധിപൻ എന്നാൽ ദൈത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണ് " എന്നാണത്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ നിരീക്ഷണത്തിൽ "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളുടെ മേലോ യാതൊരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ് " 

അതെ, അതാണ്‌ കാര്യം. പുറപ്പെടുവിക്കുന്ന വിധികളിലെ സുതാര്യതയും സത്യസന്ധതയുമാണ് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നതും സംരക്ഷിക്കുന്നതും..ശ്രദ്ധേയവും നീതിപൂർവ്വകവും സര്വ്വോപരി മനുഷ്യപക്ഷത്ത് നിൽക്കുന്നതുമായ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിധികൾ പുറപ്പെടുവിക്കാൻ ഓരോ ന്യായാധിപനും കഴിയട്ടെ. 

Some Other Blogs





ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 2 October 2014

"മോഹൻലാൽ" കരം ചന്ദ് ഗാന്ധിയ്ക്കപ്പുറം അമേരിക്കയിൽ എന്താണ് സംഭവിച്ചത് ?

മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് ഒരു നാവു പിഴ സംഭവിച്ചു. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കവെ "മോഹന്‍ദാസ്" കരംചന്ദ് ഗാന്ധിയെന്നതിന് പകരം "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധി എന്നാണ് മോദി പറഞ്ഞത്. മുൻപ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന് ഇതേ നാവു പിഴ സംഭവിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പ്രസ്താവിച്ചു. ഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച മോദി, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി പറഞ്ഞതിന് ജോലി നഷ്ടപ്പെട്ട ദൂരദര്‍ശന്‍ ടെലിവിഷന്‍ അവതാരകയെ തിരികെയെടുക്കണം എന്നാണ് കോണ്‍ഗ്രസിന്റെ  മറ്റൊരു നേതാവായ സഞ്ജയ് ജാ ആവശ്യപ്പെട്ടത്. ഗാന്ധിയെ കൊന്നവർ ഇപ്പോള്‍ ഗാന്ധിയൻ പാരമ്പര്യത്തിനുമേല്‍ അവകാശമുന്നയിക്കാൻ  ശ്രമിക്കുന്നുവെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററിൽ പ്രതിഷേധം കുറിച്ചിട്ടു.ഗാന്ധിയന്‍ ആശയങ്ങൾ ഹൃദയത്തിലേറ്റി നടക്കുന്ന ഏതൊരാള്‍ക്കും ഗാന്ധിയുടെ പേര് ഉരുവിടുമ്പോള്‍ പിഴക്കില്ലെന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ പറഞ്ഞു. എന്തായാലും മോദി വിരോധികൾ ഒരു നാവു പിഴയിൽ പിടിച്ചു തൂങ്ങി മോദിയെ ആക്രമിച്ചു രസിക്കുമ്പോൾ അമേരിക്കയിൽ മറ്റൊന്നാണ് സംഭവിച്ചത്. 

ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് തനിക്കു വിസ നിഷേധിച്ച ഒരു രാജ്യത്തേക്ക് സർവ്വ വിധ നയതന്ത്ര പരിരക്ഷകളുടെ കവചവും പേറിക്കൊണ്ടു, ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കാലു കുത്തിയപ്പോൾ ഒരു പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്. മോദിക്ക് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ ഉജ്വല സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ; മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രസംഗങ്ങള്‍; നിരവധി കൂടിക്കാഴ്ചകളും സന്ദർശനങ്ങളും. ഇന്ത്യയുടെ പുതിയ ഭരണ കർത്താവ് നരേന്ദ്ര മോദി എന്തായാലും അമേരിക്കയില്‍ ഒരു വൻ തരംഗമായി മാറി. ഇന്ത്യൻ പ്രധാനമന്ത്രി വിശ്വ സമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമായി; ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലോക നേതാവ് എന്ന തലത്തിലേക്കുള്ള വളർച്ചയ്ക്കും തുടക്കം കുറിച്ചു.  ഏറെക്കാലത്തിനുശേഷം ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഭരണാധികാരി എന്ന നിലയിൽ വേണ്ടത്ര മതിപ്പും പരിഗണനയും സ്ഥാനവും അദ്ദേഹത്തിന് അമേരിക്കയില്‍ ലഭിച്ചു എന്നതിൽ സംശയമില്ല. സെപ്റ്റംബര്‍ 11ന്റെ ഓര്‍മ്മകള്‍ പേറുന്ന ഗ്രൗണ്ട് സീറോയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകവും സന്ദര്‍ശിച്ച് അമേരിക്കന്‍ ജനതയുടെ വൈകാരികതയെ മോദി തൊട്ടുണര്‍ത്തി. എല്ലായിടത്തും ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ച മോദി, അതുവഴി ദേശസ്‌നേഹികളുടെ മനവും കവര്‍ന്നു. മോദിക്കെതിരെ ഒരു അമേരിക്കൻ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും ചില ഇന്ത്യക്കാരുടെ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും എന്തായാലും ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലും സന്ദർശനത്തിന്റെ ഹര്‍ഷാരവങ്ങളിലും മുങ്ങിപ്പോയി എന്നത് ഒരു യാഥാർത്യമായി അവശേഷിക്കുന്നു. 121 വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാനന്ദൻ ഒരു അമേരിക്കൻ സദസ്സിന്റെ നിർലോഭമായ കയ്യടി നേടിയതിനു ശേഷം അതേ ഊർജ്ജം നിറഞ്ഞ അംഗീകാരം നേടുന്ന ഇന്ത്യക്കാരൻ മോദിയാണെന്ന്  എഴുതിയ പത്രങ്ങൾ പോലുമുണ്ട്. എന്തായാലും ഇരുവരും പേര് കൊണ്ട് നരേന്ദ്രൻ ആണെന്നതും ഹിന്ദുത്വവക്താക്കൾ ആണെന്നതും രണ്ടു സമ്മേളനങ്ങളും നടന്നത് സെപ്റ്റംബറിൽ ആണെന്നതും തികച്ചും യാദൃശ്ചികമായിരിക്കും.

മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാനകാലത്ത്, ഇന്ത്യ യു.എസ്. ബന്ധങ്ങൾ അത്ര കണ്ട് ജീവനുള്ളതായിരുന്നില്ല. ആണവബാധ്യതാനിയമത്തിന്റെ കുരുക്കുകളിൽപ്പെട്ട് ആണവസഹകരണക്കരാര്‍ നടപടികൾ പൂർത്തിയാക്കാൻ  മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നു ഇതിനു പിന്നിൽ. ഒരു ദുർബല സർക്കാരിന്റെ  ബലഹീനത തന്നെയായിരുന്നു ഈ വീഴ്ചകൾക്ക് കാരണം. ഒത്തിരി കക്ഷികളുടെ പിന്തുണയിൽ നിങൾ നില്ക്കുന്ന ഒരു സർക്കാരിന്റെ ഒഴിവാക്കാനാവാത്ത ദൗര്‍ബല്യം. സ്വാഭാവികമായും മതിയായ ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ നായകൻ എന്ന നിലയിൽ  ഇന്ത്യ യു.എസ്.ബന്ധങ്ങളിൽ സംഭവിച്ച അകലം കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കും എന്ന് ഇരു രാജ്യങ്ങളും ഇതോടെ ഉറച്ചു വിശ്വസിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പല പ്രശ്‌നങ്ങളും സജീവമായി തുടരുമ്പോൾ, 'നല്ലകാലം വരാന്‍ പോകുന്നു' എന്ന സന്ദേശം ഇവിടെയും പ്രചരിപ്പിക്കാൻ മോദിക്കായി എന്ന് സമ്മതിക്കേണ്ടി വരും.  

"ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്" എന്ന് അമേരിക്കയിൽ ചെന്ന് അദ്ദേഹം  വിളിച്ചു പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം, ജനസംഖ്യയുടെ  65 ശതമാനം വരുന്ന  യുവജനത, ലോകത്തെ തന്നെ വലിയ കമ്പോളം ഇവ ചൂണ്ടിക്കാട്ടിയാണ് മോദി തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഇന്ത്യ ലോകശക്തിയായി വളരുകയാണ് എന്ന് തെളിഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞത്. ഇതിലേറെ ശ്രദ്ധേയമായത്, ഇന്ത്യന്‍ മുസ്ലിങ്ങളില്‍ മോദി പ്രകടിപ്പിച്ച അചഞ്ചലമെന്നു തോന്നിപ്പിക്കുന്ന വിശ്വാസമാണ്. അല്‍ഖ്വയ്ദയ്ക്കും സമാന വിധ്വംസക പ്രസ്ഥാനങ്ങല്ക്കും മറ്റും ഇവിടെ വളക്കൂറില്ലെന്നും  ഇവിടത്തെ മുസ്ലിങ്ങള്‍ ഗാന്ധിയുടെയും ബുദ്ധന്റെയും ദര്‍ശനം സ്വീകരിച്ചവരാണെന്നുമുള്ള മോദിയുടെ പ്രസ്താവത്തില്‍, ഇതിനു മുമ്പ് ഒരു ഇന്ത്യൻ ഭരണാധികാരിയും പ്രകടിപ്പിക്കാത്ത ചങ്കൂറ്റവും ധൈര്യവും പ്രകടമായി കണ്ടു. ഒരു പക്ഷെ തനിക്കെതിരെ ഉയർന്നേക്കാവുന്ന മുസ്ലിം വിരുദ്ധ ഭൂതകാല ആരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാവാം ഈ പ്രസ്താവം. 

പെപ്‌സി, ഗൂഗിള്‍, ബോയിംഗ് തുടങ്ങി നിരവധി കമ്പനികളെ മേക്ക് ഇന്ത്യ പദ്ധതിയിലേക്ക് ക്ഷണിച്ചു. ചൈനയോടും ജപ്പാനോടും പറഞ്ഞത് പോലെ, ഇന്ത്യയിലേയ്ക്ക്  നിക്ഷേപത്തിനായി വരുന്ന കമ്പനികളെ കാത്തിരിക്കുന്നത് ചുവപ്പുനാടയല്ല, ചുവപ്പുപരവതാനിയാണ് എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി  പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.  അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്തവിസ നല്കാൻ തീരുമാനമായി. ഇന്ത്യയിലെ അലഹാബാദ്, അജ്‌മേര്‍, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കയുടെ സഹായം നമുക്കു കിട്ടും. ഇതിനു പുറമേ, 500 പട്ടണങ്ങള്‍ക്ക് വെള്ളം , ശുചിത്വ സംവിധാനങ്ങള്‍, ആരോഗ്യം ഇവ നല്‍കാനുള്ള പദ്ധതിക്ക് യു.എസ് .സഹകരണം ലഭിക്കും. ഭീകരതക്കെതിരെ അമേരിക്കയുമായി സഹകരിക്കുമെന്നും, അതേ സമയം ഐ.എസ്.ഐ.എസ്സിനെ അടിച്ചമര്‍ത്താന്‍ ഇന്ത്യ അമേരിക്കയോടൊപ്പം ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദൗത്യത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രഖ്യാപനം ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പങ്കാളിത്തത്തിനായി ശ്രമിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. 

സന്ദർശന പരിപാടികൾക്കൊടുവിൽ  ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിയ്ക്കാനും ഇന്ത്യൻ പ്രധാനമന്ത്രി മറന്നില്ല. അമേരിക്കയുമായി വിയോജിപ്പുള്ള കാര്യങ്ങൾക്ക് നേരെ കണ്ണടച്ച് പിടിച്ചു കൊണ്ട് യോജിക്കാവുന്ന കാര്യങ്ങളെ  പരമാവധി ഉയർത്തിക്കാട്ടി തന്റെ അമേരിക്കൻ യാത്ര ഒരു സംഭവമാക്കുന്നതിൽ നരേന്ദ്രമോദി 100% വിജയിച്ചു കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു,  ഇവ നടപ്പില്‍ വരുത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് വരും ദിവസങ്ങളിൽ നടപ്പിലാവുന്ന കാര്യപരിപാടികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. വാണിജ്യ വ്യവസായ  സൈനിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഒന്നും തന്നെ ഒപ്പിട്ടില്ലെങ്കിൽ പോലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒന്നായിരിക്കും. എന്നാൽ, ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രധാനമന്ത്രി എന്ന് നെഞ്ച് വിരിച്ചു പറയാൻ പാകത്തിന് മികച്ച ശരീര ഭാഷയും ഉറച്ച ശബ്ദവുമുള്ള ഒരാൾ ഉയർന്ന് വന്ന അവസരം എന്ന നിലയിൽ ആയിരിക്കും ഒരു സാധാരണ ഇന്ത്യൻ പൗരൻ ഈ സന്ദർശനത്തെ ഓർക്കുന്നത്.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക