ഞാൻ വെറും പോഴൻ

Tuesday, 6 October 2015

"വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന യു പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്  മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയ വാർത്ത തെല്ലു നടുക്കത്തോടെയാണ് വായിച്ചു തീർത്തത്. അഖ് ലാഖിന്റെ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ ഒരു മകൻ രാജ്യസേവനം ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ ആണ്. ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കുകയും അദ്ദേഹത്തിന്റെ അച്ഛനെ കൊല്ലുകയും സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഒരു ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിക്കുകയും ചെയ്തിട്ടും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ വാ തുറന്നു ഒരക്ഷരം പറഞ്ഞില്ല. സംഭവത്തെ തുടർന്ന് സാധ്വി പ്രചി, സാക്ഷി മഹാരാജ് തുടങ്ങി പല ബി ജെ പി നേതാക്കളും പതിവ് വാക് അതിസാരവുമായി നാട് നിറഞ്ഞാടുന്നുമ്പോൾ ഇതിന് ഒരു സാധാരണ സംഭവം എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും ഭരണാധികാരികൾ കൊടുക്കുന്നത് കണ്ടില്ല എന്നതാണ് കൂടുതൽ നടുക്കിയത്.

സമ്പൂർണ്ണ ഗോവധ നിരോധനം സംഘ പരിവാറിന്റെ പ്രഖ്യാപിത അജണ്ടയായിട്ട് കാലമേറെയായെങ്കിലും, നിർബന്ധിത ഗോമാംസ വിലക്ക്, രാജ്യ വ്യാപക സമ്പൂർണ്ണ ഗോവധ നിരോധനം മുതലായ ആവശ്യങ്ങൾക്ക് വീണ്ടും ശക്തി പ്രാപിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിൽ  സമ്പൂർണ്ണ ഗോവധ നിരോധനം നടപ്പിലാക്കിയതോടെയാണ്. യഥാർത്ഥത്തിൽ ഇതൊരു പുതിയ നിയമമായിരുന്നില്ല. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുൻപ് മഹാരാഷ്ട്ര ഭരിച്ച ബി.ജെ.പി.ശിവസേന സര്‍ക്കാറാണ് കര്‍ശനമായ ഗോവധ നിരോധന ചട്ടങ്ങള്‍ നിയമസഭയിൽ അവതരിപ്പിച്ചത്. സമ്പൂര്‍ണ ഗോമാംസ നിരോധനം ലക്ഷ്യമിട്ട് പാസാക്കിയ ഈ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തെങ്കിലും 19 വർഷം അനുമതിയില്ലാതെ ഫയലിൽ കിടന്നു. ഇതിനിടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ഭരിച്ചെങ്കിലും ബില്ലിന് ശാപമോക്ഷം ലഭിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും മഹാരാഷ്ട്രയില്‍ ബി.ജെ.പി.ശിവസേന സഖ്യം അധികാരത്തിലെത്തിയപ്പോള്‍ പഴയ ബില്ലിന് ജീവൻ ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരവും കൂടി ലഭിച്ചതോടെ, മഹാരാഷ്ട്രയില്‍ മാംസത്തിനായി ഏതുപ്രായത്തിലുള്ള പശുവിനെയും കാളയെയും കശാപ്പുചെയ്യുന്നതും പശുവിന്റെയോ കാളയുടെയോ മാംസം ഭക്ഷണത്തിനുപയോഗിക്കുന്നതും ഇത് കൈവശം വെയ്ക്കുന്നതും കുറ്റകരമായി. അഞ്ചുകൊല്ലംവരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റം. 1976 മുതല്‍ മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നത് ഭാഗികമായി തടയുന്ന നിയമം നിലവിലുണ്ട്. പക്ഷെ, ആ നിയമപ്രകാരം, ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍, പാലുത്പാദനശേഷിയില്ലാത്ത പശുക്കളെയും അതി കഠിന ജോലിക്കുപയോഗിക്കാനാകാത്ത കാളകളെയും കന്നുകുട്ടികളെയും കൊല്ലാമായിരുന്നു. നിയമത്തിലെ ഈ പഴുതുകൾ ദുരുപയോഗംചെയ്യുന്നതു തടയാനാണ് 1995 ല്‍ കർശനമായ പുതിയ ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മഹാരാഷ്ട്രയില്‍ എന്‍.സി.പി.യൊഴികെ ബി.ജെ.പി.യും ശിവസേനയും കോണ്‍ഗ്രസ്സും പുതിയ നിയമത്തെ പിന്തുണക്കുന്നവർ ആണ്. 

ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഗോവധ നിരോധന നിയമം നിലവിലുണ്ട്. പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലൊക്കെ തന്നെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള കാലികളെ ഇറച്ചിയ്ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ ഗോവധനിരോധം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവധ നിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഈ ചട്ടങ്ങൾ പാസാക്കിയെടുത്തത്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍, കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ സമീപനത്തോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം വിവിധ കന്നുകാലിയിനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്നും പശുക്കളുടെയും കന്നുകുട്ടികളുടെയും കശാപ്പ് നിരോധിക്കണമെന്നും, അതുപോലെ പാല്‍ തരുന്നതും ഭാരം വഹിക്കുന്നതുമായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്നും അവയുടെ കശാപ്പുതടയണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചതും, 'ഗോമാംസത്തിന്റെ' കച്ചവടം തടഞ്ഞതും മഹാരാഷ്ട്രയില്‍ മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പൊതു ജന രോഷത്തിനു വഴിയൊരുക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ട് വരുന്നതിന്റെ സാധ്യതയെ പറ്റി ആരായുക കൂടി ചെയ്തതോടെ ഈ വിഷയം ദേശീയ തലത്തിൽ വ്യാപക ചർച്ചയായി മാറി എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും ശാസ്ത്രീയസംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നതാണെങ്കിൽ പോലും, വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി ഗോവധ നിരോധനം തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയിരുന്ന കക്ഷികൾ ഭരണത്തിൽ വന്നപ്പോൾ കൊണ്ട് വന്ന കർശനമായ വിലക്ക്, ഗോമാംസം ഭക്ഷിച്ചിരുന്ന തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ഭീതി മതന്യൂനപക്ഷങ്ങളിലും ദളിതരിലും വളരാൻ കാരണമായി. ഇന്നലെ വരെ തങ്ങൾ കഴിച്ചിരുന്ന ഭക്ഷണം സൂക്ഷിക്കുന്നതോ കൈവശം വയ്ക്കുന്നതോ, അതീവ അപകടകാരിയും മാരകവുമായ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പോലെ തന്നെയാണ് നിയമം കാണുന്നത് എന്ന് വരുമ്പോൾ ഉണ്ടാകുന്ന മനോവ്യഥ ചെറുതല്ല.  

രാജ്യ വ്യാപകമായി ഗോവധ നിരോധനവും ഗോമാംസ വിലക്കും വീണ്ടും  ചർച്ചയായി മാറുന്ന ഈ അവസരത്തിൽ, അമിത വൈകാരികതയുടെയും തീവ്ര രാഷ്ട്രീയ നിലപാടുകളുടെയും മഞ്ഞക്കണ്ണട ഊരി മാറ്റിയിട്ട് നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ, ഉത്തരം തേടുന്ന ഒരു പാട് ചോദ്യങ്ങൾ വിശുദ്ധ പശു അവശേഷിപ്പിക്കുന്നു.... 

ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ? എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലില്ലേ ? ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? 

ഭരണഘടന അനുവദിച്ചു നൽകുന്ന ശാസ്ത്രീയമായ പരിരക്ഷണത്തിന്റെ ആനുകൂല്യം, വളര്‍ത്തുമൃഗങ്ങളില്‍ പശുവിനും കാളയ്ക്കും മാത്രം ലഭിക്കുമ്പോള്‍ പോത്തും ആടും കോഴിയും ഒക്കെ ഒഴിവാക്കപ്പെടുന്നത് ക്രൂരമായ പാർശ്വവൽക്കരണമല്ലെ ?

നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിൽ ഊന്നി താരതമ്യങ്ങൾ സാധ്യമല്ലാത്ത വിധം വൈവിധ്യം നിറഞ്ഞ മത വിശ്വാസങ്ങൾ, ഭക്ഷണശൈലി, സാമൂഹ്യ ജീവിത ശൈലി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ഭാഷകളും ഭാഷ ശൈലികളും, വസ്ത്ര ധാരണ ശൈലികൾ തുടങ്ങി എന്തിലും ഏതിലും സങ്കീർണ്ണത കരുതി വയ്ക്കുന്ന ഒരു ജനതയുടെ ഭക്ഷണരീതികളിൽ ഭരണകൂടം ഇടപെടുന്നത് നീതിപൂർവ്വകമാണോ ?

മതനിരപേക്ഷമായ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, പശുവിനെ മാതാവായി കാണുന്നവർ അങ്ങിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ ആടിനെയും പോത്തിനെയും കോഴിയെയും കാളയെയും ഭക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് അതിനും സ്വാതന്ത്ര്യം നൽകേണ്ടതല്ലേ ? അല്ലെങ്കിൽ നാളെ മറ്റ് ഏതെങ്കിലും മതവിഭാഗക്കാർ പന്നി അവരുടെ അമ്മാവനാണ്, കോഴി അവരുടെ അച്ഛനാണ്, ആട് കുഞ്ഞമ്മയാണ്, പോത്ത് അപ്പൂപ്പനാണ് എന്നൊക്കെ പറഞ്ഞു വന്നാൽ അതൊക്കെ നിരോധിക്കേണ്ടി വരില്ലേ ? 

കർശനമായ നിയമം മാട്ടിറച്ചിയുടെ വില വര്‍ധിപ്പിച്ച്, പൊതുവെ മാംസാഹാരികളായ ന്യൂന പക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം ദുരിതപ്പെടുത്താനുള്ള സാധ്യത സജീവമല്ലേ ? 

ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ബീഫ് കയറ്റുമതിയില്‍ നിന്നു കിട്ടുന്ന പണത്തിന് വിലക്കില്ലാത്ത രാജ്യത്താണ് ഒരു കഷണം ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നതിന്റെ പേരിൽ ഈ രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതിന്റെ ന്യായീകരണം എന്താണ് ?

അന്താരാഷ്ട്ര വിപണിയില്‍ വളരെയേറെ ആവശ്യക്കാർ ഉള്ള, ഇന്ത്യൻ ബീഫ്, തുകൽ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിയിലൂടെ ഒഴുകി വരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് നഷ്ടമാവില്ലേ ?

മാംസ വ്യാപാരത്തില്‍ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷസമുദായക്കാരും പിന്നോക്കക്കാരും ഇതു തങ്ങളോടുള്ള വിവേചനമാണെന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ ?

അറവുശാലകൾ, മാട്ടിറച്ചി വില്‍പ്പനശാലകൾ, മാട്ടിറച്ചി കയറ്റുമതി, തുകൽ സംസ്കരണം, എല്ല് സംസ്കരണം മുതലായ വ്യവസായങ്ങളിൽ പങ്കാളികളായ സംരഭകർ, തൊഴിലാളികൾ തുടങ്ങി ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു ജീവിതം വഴി മുട്ടില്ലേ ?

കശാപ്പ് ഒഴിവാക്കുന്നതിലൂടെ അതിജീവനം നേടുന്ന ലക്ഷക്കണക്കിന്‌ ഉരുക്കളെയും പാലുത്പാദനത്തിലും കാര്‍ഷികപ്രവൃത്തികളിലും ഉപയുക്തമാല്ലാതെ വരുന്ന കന്നുകാലികളെയും പാർപ്പിക്കാനും സംരക്ഷിക്കാനും വേണ്ടത്ര സാമ്പത്തിക ഭദ്രത കർഷകർക്കുണ്ടാകുമോ ? 

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതുമായി തട്ടിച്ചു നോക്കുമ്പോൾ വളർത്തു മൃഗസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഏതാണ്ട് മൂന്നു മടങ്ങാണ്. ഗോവധ നിരോധനം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് ശ്രദ്ധയോടെ പഠിക്കേണ്ട വിഷയമല്ലെ ?

കശാപ്പു നിരോധനം മൂലം നിയന്ത്രണാതീതമായി പെരുകുന്ന ഉരുക്കൾക്ക് ഭ്രാന്തിപ്പശു രോഗം, കുളമ്പു രോഗം, അകിടുവീക്കം, ആന്ത്രാക്സ്  മുതലായ പകർച്ച വ്യാധികൾ പടര്ന്നു പിടിച്ചാൽ ഇവയെ കൊല്ലാൻ നിയമം അനുവദിക്കുമോ ?

മാട്ടിറച്ചി ഭക്ഷിക്കുന്നതിലൂടെ ലഭിച്ചിരുന്ന ജന്തുജന്യ പ്രോട്ടീനിന്റെ അഭാവം, പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ വർദ്ധിക്കാൻ  ഇടയാക്കില്ലേ ? 

ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയ്യാൻ പാടില്ലാത്തത് പോലെ തന്നെ പ്രധാനമല്ലേ, ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ജനതയുടെ ഭക്ഷണശൈലിയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് കൈ കടത്താതിരിക്കുക എന്നതും ? ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ നീചവും നിന്ദ്യവും അധാര്‍മികവും ജനാധിപത്യ ധ്വംസനവുമല്ലെ ? ഇത് വഴി ലിബറല്‍ ആശയങ്ങൾ കുഴിച്ചു മൂടപ്പെടുകയും ഒരു തരം വിവേചനബോധവും അരക്ഷിതബോധവും വളർന്നു വരികയും ചെയ്യില്ലേ ? 

അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ആധുനിക ജനാധിപത്യ ഭരണകൂടം ഒഴിഞ്ഞുമാറുന്നത് ശരിയാണോ ?

STOP PRESS : ഭരണഘടനാപരമായി ഇതൊരു സംസ്ഥാന വിഷയമായതിനാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാകാൻ എന്തായാലും കുറെയേറെ സമയം എടുക്കും...അക്കൗണ്ട്‌ ഒന്ന് തുറന്ന് നിയമസഭയിൽ കയറിയാലല്ലേ ഇതൊക്കെ നടക്കൂ...പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമായി കരുതുന്ന മലയാളി, ബീഫ് കിട്ടില്ല എന്ന സാഹചര്യം മുന്നിൽ കണ്ടാൽ പിന്നെ അക്കൗണ്ട്‌ തുറക്കാൻ സമ്മതിക്കുമോ എന്ന് കണ്ടു തന്നെ അറിയണം....മാത്രവുമല്ല, എനിക്ക് പശു - കാള ഇറച്ചിയോട് വല്യ താൽപ്പര്യം ഇല്ലാത്തതിനാൽ ഗോമാംസ നിരോധനം വന്നാലും കുഴപ്പമില്ല....ഞാൻ ബാക്കിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം...യേത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 5 October 2015

ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

മോഡിയും അമിത് ഷായും ചേർന്ന് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി വിട്ട ശേഷം വെള്ളാപ്പള്ളി നടേശൻ നാവെടുത്ത്‌ അമ്മാനമാടുകയാണ്. വെട്ടു കൊള്ളാത്തവരില്ല കുരിക്കളിൽ എന്ന മട്ടിൽ ആരെയും വിടാതെ വെട്ടി വീഴ്ത്തുകയാണ്.

വി.എസ്.അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ രണ്ടു മുന്നണികൾക്കിട്ടും മേട്ടം കൊടുത്തു. ഈഴവസമുദായത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണ് അച്യുതാനന്ദന്‍ എന്നും സവര്‍ണമേധാവികള്‍ എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്ത് എൽ ഡി എഫിനെ കുറേക്കൂടി കടന്നാക്രമിച്ചു. ഇമ്മാതിരി പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കേരള പൊതു മണ്ഡലത്തിൽ ഉറക്കെ കേൾക്കുന്നത് ആദ്യമായൊന്നുമല്ല. ഇടതു വലതു ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരെ നല്ലതല്ലാത്ത പദപ്രയോഗങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളി മെത്രാനെ നികൃഷ്ടജീവി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്  എൻ കെ പ്രേമചന്ദ്രനെ "പരനാറി" എന്ന് വിളിച്ചപ്പോഴുമാണ് പൊതു രംഗത്തുള്ളവർ നാക്ക്‌ മോശമായി ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ ചർച്ച നടന്നത്. ചില സന്ദർഭങ്ങളിൽ മുദ്രാവാക്യങ്ങളിൽ പോലും മാന്യതയുടെ നിലവാരം തീരെ താഴെ പോകാറുണ്ട്. ഇവിടെയും ഈ നിലവാരത്തകർച്ചയ്ക്കു ഇടതു വലതു പക്ഷ ഭേദമില്ല എന്നതു ശ്രദ്ധേയമാണ്. 

രാഷ്ട്രീയം ഇത്ര കണ്ടു ജീർണ്ണിക്കുന്നതിനു മുൻപ് തന്നെ ഈ സാംസ്കാരികശൂന്യത നില നിന്നിരുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ നിരീക്ഷിച്ചതനുസരിച്ച് സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താവണം.

തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭൂതകാലത്ത് എ.കെ. ഗോപാലന്‍ രോഗക്കിടക്ക വിട്ടു ആരോഗ്യവാനായി വന്നത് സഹിക്കാതെ പോയ അന്നത്തെ കോണ്‍ഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു “കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്നത്. 

ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ കോണ്‍ഗ്രസുകാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന വെന്തിങ്ങാ ക്രിസ്ത്യാനികൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ശരീഅത്ത് വിവാദകാലത്ത് ഈ എം എസ്സിനെതിരെ “രണ്ടുംകെട്ടും നാലുംകെട്ടും ഇ.എമ്മെസിന്റെ ഓളേം കെട്ടും” എന്ന് വിളിച്ചതും വലതു പക്ഷം തന്നെ. 

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

"വര്‍ഷം പത്തു കഴിഞ്ഞോട്ടെ
ഈ പിള്ളേരൊന്നു വളര്‍ന്നോട്ടെ
ഈ എം എസ്സിനെ ഈയല് പോലെ

ഇല്ലത്തേക്ക് പറപ്പിക്കും" എന്ന് കോണ്‍വെന്റ് സ്കൂൾ പിള്ളേരെക്കൊണ്ട്‌ വരെ എട്ടു പറയിപ്പിച്ചത് ആദർശത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന ഏ കെ ആന്റണിയും അന്നത്തെ വലതു പക്ഷ വിദ്യാർഥി നേതാവായിരുന്ന വയലാർ രവിയും സംഘവും ആണ്. 

പിന്നീട് തൊണ്ണൂറുകളിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകിയ ഇടതുവിദ്യാർത്ഥി സമരത്തിലാണ് താഴെപ്പറയുന്ന മുദ്രാവാക്യങ്ങൾ കേട്ടത്...

"കേരള നാട്ടിലെ വിദ്യാഭ്യാസം 
എസ് എന്‍ ഡി പി സംഘക്കാര്‍ക്കും
പാലായിലെ പാതിരിമാര്‍ക്കും
കണ്ണൂരിലെ കേയിമാര്‍ക്കും
സമസ്ത കേരള നായന്മാര്‍ക്കും
എന്‍ ആര്‍ ഐ വ്യവസ്സായിക്കും
വിറ്റ് തുലക്കാന്‍ തുനിയുന്ന
ഈ ടി മുഹമ്മദ്‌ പരനാറി 
കെ കരുണാകര കഴുവേറി
കൊടിവച്ചൊരു മന്ത്രിക്കാറുകള്‍
കേരള നാട്ടില്‍ പായണമെങ്കില്‍
ഞങ്ങടെയെല്ലാം ജാമ്യം വേണം"

"മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ 
കയറിയിരിക്കും മണ്ട ശിരോമണി
ഇ ടി മുഹമ്മദ്‌ പരനാറി
നിന്നെ പിന്നെ കണ്ടോളാം"

"പദ്മജമോളുടെ കോണം കഴുകിയ പോലീസേ 
നിങ്ങൾക്കിനിയും മാപ്പില്ല..".

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ മനോഹാരിത കാണാൻ ക്ലിക്ക് ചെയ്യൂ =>>> <<<നേതാക്കന്മാരുടെ നാക്ക് പയറ്റ്>>>

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



Saturday, 26 September 2015

ആ സ്വാമിയെ വെറുതെ വിടൂ...കറന്റ് ബുക്സ് അല്ലെ തരവഴി കാണിച്ചത്.....

ശ്രീദേവി.എസ്. കര്‍ത്തയുടെ സങ്കടം

നാളെ എന്റെ പുസ്തക പ്രകാശനം. വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല. ശ്രീ A.P.J. അബ്ദുൽ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji (Harper Collins India) മലയാളത്തിലേക്ക് "കാലാതീതം' എന്ന പേരിൽ വിവർത്തനം ചെയ്തത് ഞാനാണ്. പ്രശസ്ത പുസ്തക പ്രസാധകരായ CURRENT BOOKS THRISSUR ആവശ്യപെട്ട പ്രകാരമാണ് ഞാൻ ഈ കൃതി മൊഴിമാറ്റം ചെയ്തു പറഞ്ഞ സമയത്തിന് മുൻപ് അവരെ ഏൽപിച്ചത്‌. നാളെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് അതിന്റെ പ്രകാശന കർമം നടക്കുകയാണ് ശ്രീ എം. ടീ വാസുദേവൻ‌ നായരും അബ്ദുൽ കലാമിന്റെ സഹ എഴുത്തുകാരൻ ശ്രീ അരുണ്‍ തീവാരിയും അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ്‌ സ്വാമിജിയും പ്രധാന അതിഥികൾ ആകുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കാൻ, 2 ലക്ഷം കോപ്പി വിൽക്കപ്പെടും എന്ന് പ്രസാധകർ കരുതുന്ന ഈ പുസ്തകം വിവർത്തനം ചെയ്ത എന്നോട് CURRENT BOOKS THRISSUR ആവശ്യപ്പെട്ടിരിക്കുന്നു.

ഞങ്ങള്‍ക്കു പറയാനുള്ളത് - (CURRENT BOOKS THRISSUR)

എ.പി.ജെ. അബ്ദുള്‍ കലാമും അരുണ്‍ തിവാരിയും ചേര്‍ന്നെഴുതിയ കാലാതീതം എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ശ്രീദേവി.എസ്. കര്‍ത്തയാണ്. ഇന്നായിരുന്നു പുസ്തകപ്രകാശനചടങ്ങ്. ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പ്രസ്തുത പരിപാടിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ 1 മണിക്ക് സാഹിത്യ അക്കാദമി ഹാള്‍ ഒഴിഞ്ഞുകൊടുക്കാന്‍ പറ്റാതെ വരും. അതുകൊണ്ടാണ് പല പ്രമുഖരേയും ഒഴിവാക്കിയ കൂട്ടത്തില്‍ ശ്രീദേവിയേയും ഒഴിവാക്കേണ്ടി വന്നത്. ശ്രീദേവിയുടെ എഫ്. ബി. പോസ്റ്റ് ഒരു വൈറലായി മാറിയപ്പോള്‍ ആ വികാരം ഉള്‍ക്കൊണ്ട് സ്വാമിമാരെ ഒഴിവാക്കി. എം.ടി പ്രകാശനം ചെയ്യുകയും സാറാ ജോസഫ് ഏറ്റുവാങ്ങുകയും ചെയ്യുന്ന രീതിയില്‍ പ്രോഗ്രാം മാറ്റുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. പുസ്തകപ്രസാധന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കറന്റ് ബുക്‌സ് യാതൊരു വിധ സ്ത്രീ വിരുദ്ധ നിലപാടും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.

വിവർത്തക ശ്രീദേവിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അനുസരിച്ച്, ശ്രീദേവിയെ കറന്റ് ബുക്സ് ചടങ്ങിൽ നിന്ന് വിലക്കാൻ കാരണം പ്രമുഖ സ്വാമിജിയുടെ ആശ്രമത്തിന്റെ വിചിത്രമായ ചില നിബന്ധനകൾ ആണ്.

1.ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല .

2, അദ്ദേഹം വേദിയിൽ ഇരിക്കുമ്പോൾ മുന്പിലുള്ള 3 വരി സീറ്റുകൾ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളു.



സ്ത്രീ സഹവാസം പോയിട്ട് ദൂരെ നിന്നുള്ള സ്ത്രീ ദർശനം പോലും ഒഴിവാക്കുന്ന സന്യാസിമാരാണ്  സ്വാമി നാരായൺ മിഷനിലെ  സന്യാസികളെന്നാണ് വായിച്ചറിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തന്നെ യഥേഷ്ടം ലഭ്യമാണ്. ഈ സ്വാമിയും അദ്ദേഹത്തിൻറെ ട്രസ്റ്റും സ്ത്രീകളുമായുള്ള ഇടപഴകലുകളുടെ കാര്യത്തിൽ കാലങ്ങളായി നില നിർത്തിപ്പോരുന്ന രീതിയാണ് മേൽപ്പറഞ്ഞത്‌. ഇതിലും മോശമായ സ്ത്രീ വിരുദ്ധ നിലപാടുകൾ പുലർത്തുന്ന വിവിധ മത സാമുദായിക ഗ്രൂപ്പുകൾ വേറെയും ഇന്ത്യയിൽ ഉണ്ട്. സാക്ഷാൽ ശ്രീ നാരായണഗുരു പോലും സ്ത്രീകളുടെ കാര്യത്തിൽ അത്ര ലിബറൽ ആയിരുന്നില്ല എന്ന് ഗുരുദേവന്റെ ശിവശതകത്തിലെ ഈ വരികൾ വായിച്ചാൽ മനസിലാകും. 


"മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!"

"തലമുടി കോതി മിടഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!" 

അത്യാവശ്യം സ്ത്രീ വിരുദ്ധതയൊക്കെ ഏറിയും കുറഞ്ഞും എല്ലാ മതങ്ങളുടെയും ആചാര്യന്മാർക്കുണ്ടെന്നത് ഒരു സത്യമാണ്. ഇന്നലെ വരെ ഒരു സ്വാമിമാരുടെയും സ്ത്രീ വിരുദ്ധത പ്രശ്നമാകാതിരുന്നവർക്ക് ഇപ്പോൾ അത് ഒരു പ്രശ്നമായതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. തങ്ങളുടെ പ്രഖ്യാപിത ജീവിതശൈലിക്കനുസരിച്ചു മാത്രമേ പ്രവർത്തിക്കൂ എന്ന് ശഠിച്ച സ്വാമിയേയും അവരുടെ സന്യാസ ട്രസ്റ്റിനേയും എന്തിനാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. സംഭവം വിവാദം ആകുമെന്ന് മനസിലായപ്പോൾ സ്വാമി പരിപാടിയിൽ നിന്ന് വിട്ടു നില്ക്കുകയും ചെയ്തു.

ഇവിടെ ഈ പുസ്തക വിവർത്തനത്തിന് വേണ്ടി അദ്ധ്വാനിച്ച ആളെ പ്രകാശനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നികൃഷ്ടതയോട് അവർക്ക് തോന്നുന്ന സങ്കടവും രോഷവും സഹൃദയർക്ക് തോന്നുന്ന അമർഷവും എല്ലാം മനസിലാകാവുന്നതെ ഉള്ളൂ. ഈ സംഭവത്തിലെ യഥാർത്ഥ പ്രതി കറന്റ് ബുക്സ് മാത്രമാണ്.  ഈ പ്രത്യേക വിഭാഗത്തിലെ സ്വാമിമാരെ ചടങ്ങിനു വിളിച്ചാൽ, വിശിഷ്ടാതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് ചടങ്ങ് നടത്തേണ്ടി വരും എന്നത് കറന്റ് ബുക്സിനെ പോലെ ഉള്ള, വൻ പ്രസാധക സ്ഥാപനത്തിന് അറിയാത്തതാണോ ? ഒരു പുസ്തകം പ്രസാധനം ചെയ്യുമ്പോൾ ആ ചടങ്ങിൽ പങ്കെടുക്കാൻ മറ്റാരെക്കാളും മുൻഗണന അതിനു വേണ്ടി അദ്ധ്വാനിച്ച രചയിതാവിനുണ്ടെന്ന് കറന്റ് ബുക്സിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കിക്കേണ്ടതുണ്ടോ ?  കാര്യം ലളിതമാണ്...എഴുത്തുമായി ബന്ധപ്പെട്ട പണികൾ കഴിഞ്ഞു. ഇനി എങ്ങനെയും പബ്ലിസിറ്റി ഉണ്ടാക്കി മാക്സിമം കോപ്പികൾ വിറ്റഴിക്കണം...അതിനിടയിൽ എന്ത് മര്യാദ ? എന്ത്  കൃതജ്ഞത ? വിവർത്തനം മഹാശ്ചര്യം !!! നമുക്കും കിട്ടണം പണം !!!.... മനസാക്ഷിയോട് കൂറുള്ളവർ തെറി വിളിക്കേണ്ടത് കറന്റ് ബുക്സിനെ മാത്രമാണ്.

കറന്റ് ബുക്സ് അധികൃതർ സമയം കിട്ടുമ്പോൾ ഈ ക്ലിപ്പ് വെറുതെ ഒന്ന് കാണുന്നത് നന്നായിരിക്കും....


<<26.09.2015, Aluva>>

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 25 September 2015

മോഹൻലാൽ നോട്ടിനോട്‌ കാണിച്ചതും മോഡി ദേശീയപതാകയോട് കാണിച്ചതും...

പത്ത് പതിനഞ്ചു വർഷം മുൻപാണ്. എന്റെ ഒരു സ്നേഹിതൻ നട്ടപ്പാതിരായ്ക്ക് മുംബൈ എയർപോർട്ടിൽ നില്ക്കുന്നു. അവൻ നോക്കുമ്പോൾ സാക്ഷാൽ മോഹൻലാൽ അതാ ഫ്ലൈറ്റ് ഇറങ്ങി വരുന്നു. അധികം ഉപഗ്രഹങ്ങളും പരിവാരങ്ങളും ആരാധകരും അദ്ദേഹത്തോടൊപ്പം ഇല്ല. തന്റെ ആരാധനാപാത്രമായ ലാലേട്ടനെ കയ്യകലത്തിൽ കിട്ടിയ ചങ്ങാതി സന്തോഷത്താൽ കോൾമയിർ കൊണ്ടു. സെൽഫിയെടുക്കാൻ ക്യാമറ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌  കയ്യോടെ ഓട്ടോഗ്രാഫ് വാങ്ങാൻ പേപ്പർ തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും അനുബന്ധകടലാസുകളും അല്ലാതെ ഒരു നുറുങ്ങു കഷണം കടലാസ് പോലും കയ്യിലില്ലെന്ന നഗ്നസത്യം....പിന്നെ അവൻ മടിച്ചില്ല....പോക്കറ്റിൽ കിടന്ന 500 രൂപയുടെ ഗാന്ധിപ്പടമുള്ള ഇന്ത്യൻ കറൻസി തന്നെ എടുത്തു വീശി. ലാലേട്ടാ...ഒരു ഓട്ടോഗ്രാഫ്...സ്വത സിദ്ധമായ കുസൃതിച്ചിരിയോടെ കൈ നീട്ടിയ ലാലേട്ടൻ നോട്ട് കണ്ട് ഒന്ന് ഞെട്ടി. പിന്നെ പതിഞ്ഞ സ്വരത്തിൽ ലാൽ ടച്ചുള്ള ഒരു കമന്റോട് കൂടി തിരികെ നല്കി. കമന്റ് എന്തായിരുന്നെന്നോ !!!??? ഇതിൽ ഒപ്പിടേണ്ടവർ കൃത്യമായി ഒപ്പിട്ടിട്ടുണ്ട് ...ഇനി ഞാൻ കൂടി ഇട്ടാൽ അതിന്റെഅതിന്റെ ഉള്ള വില കൂടി പോവില്ലേ അനിയാ എന്നായിരുന്നു ആ കമന്റ്. എന്നിട്ടദ്ദേഹം അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന എന്തോ ഒരു പേപ്പറിൽ കൊടുത്ത ആ ഓട്ടോഗ്രാഫ് ഇപ്പോഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടാകണം....

ഇവിടെ ഇത് പറഞ്ഞത് ഇന്ന് ചില മാധ്യമങ്ങളിൽ കണ്ട ഒരു വാർത്തയുടെ പശ്ചാത്തലത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്ക് സമ്മാനിക്കാനുള്ള ഇന്ത്യൻ ദേശീയപതാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയൊപ്പിട്ടു എന്ന വാർത്തയാണ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രിയായശേഷം രണ്ടാം തവണ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള പ്രശസ്ത പാചക വിദഗ്ദ്ധനായ വികാസ് ഖന്ന ഒബാമയ്‌ക്ക് സമ്മാനിക്കാൻ കരുതിയെന്ന് പറയപ്പെടുന്ന പതാകയിലാണ് മോദി ഒപ്പിട്ടത്. വ്യാഴാഴ്ച അമേരിക്കയിലെ 500 കോര്‍പറേറ്റ് സ്ഥാപനമേധാവികള്‍ക്കായി ആഡംബരഹോട്ടലായ വാല്‍ഡ്രോഫ് അസ്റ്റോറിയയില്‍ മോഡി ഒരുക്കിയ അത്താഴവിരുന്നില്‍ ഭക്ഷണമൊരുക്കിയത് വികാസ് ഖന്ന അടക്കമുള്ള 40 പാചകവിദഗ്ധരാണ്. ഒരു രാഷ്‌ട്ര നേതാവിന് സമ്മാനിക്കാനാണെങ്കിൽപ്പോലും ദേശീയപതാകയിൽ ഒപ്പുവച്ചതിലൂടെ മോദി ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘിച്ചെന്നാണ് വിമർശനം. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് പാർട്ട് രണ്ട് സെക്‌ഷൻ മൂന്ന് പ്രകാരം ദേശീയപതാകയിൽ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1971 ലെ നാഷണൽ ഓണർ ആക്ട് പ്രകാരവും ഇത് ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യന്‍ പതാക ചട്ടം പ്രധാനമന്ത്രി തന്നെ ലംഘിച്ചത് അപമാനകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡി ഒപ്പിട്ട ദേശീയപതാകയുടെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പതാകയില്‍ അശോകചക്രത്തിനു മുകള്‍ ഭാഗത്തായി കുങ്കുമനിറത്തിനുള്ളിലാണ് ഒപ്പിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പതാക തിരിച്ചു വാങ്ങി തടി തപ്പാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. 

പിന്നീടൊരു വാദം കണ്ടത് പ്രധാന മന്ത്രി ദേശീയ പതാകയിൽ അല്ല ഒപ്പ് ഇട്ടതെന്നാണ്. ശാരീരിക വൈകല്യം ഉള്ള ഒരു കുട്ടി, കാലു കൊണ്ട് വരച്ച Make India Logo ഉള്ള ഒരു മെമെന്റൊയിലാണ് മോഡി ഒപ്പിട്ടതത്രേ. ആ വാദം അംഗീകരിച്ചാൽ തന്നെ ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി ഒന്ന് കൂടി മുൻ കരുതൽ എടുക്കുന്നത് നല്ലതല്ലേ ? മാധ്യമങ്ങളിൽ വന്ന ഇമേജുകൾ നോക്കിയാൽ ദേശീയപതാകയായി തെറ്റിദ്ധരിക്കാവുന്ന ഒന്നിലായിരുന്നു അദ്ദേഹം ഒപ്പ് വച്ചത് എന്ന കാര്യം നിസ്തർക്കമാണ്.

മോഡി ദേശീയപതാകയെ അപമാനിച്ചു എന്ന് മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടയിൽ, രാജ്പഥിലെ യോഗാഭ്യാസത്തിനിടെ ദേശീയ പതാകയുടെ നിറമുള്ള ഷാൾ ഉപയോഗിച്ച് വിയർപ്പു തുടച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. 

പ്രധാനമന്ത്രി ഒരു ഓട്ടോഗ്രാഫ് കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല...പക്ഷെ, അത് ദേശീയ പതാകയുടെ പുറത്താണെങ്കിൽ തീർച്ചയായും വലിയ തെറ്റാണ്......ദേശീയ പതാകയുടെ നിറമുള്ള ഷാൾ കഴുത്തിലണിയുന്നതും ഒരു തെറ്റല്ല.....ദേശീയപതാകയായി വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിന്റെ മേൽ ഒപ്പ് വയ്ക്കുന്നതിനു മുൻപും ദേശീയപതാകയോട് സാമ്യമുള്ള തുണി കൊണ്ട് മുഖം തുടക്കുന്നതിനു മുൻപും ഈ ചെയ്യുന്നത് ഒരു നല്ല മാതൃകയാണോ എന്ന് ഒന്നോ രണ്ടോ വട്ടം ആലോചിക്കുന്നത് നല്ലതാണ്.....

കാരണം അങ്ങ് ഈ രാജ്യത്തിന്റെ മുഖ്യ ഭരണാധികാരിയാണ്.......
നൂറ്റിച്ചില്ല്വാനും കോടി ഭാരതീയരാൽ മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രധാനമന്ത്രിയാണ്.....

<<25.09.2015, Aluva>>

ദേശീയ ചിഹ്നങ്ങൾ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച് മുൻപ് എഴുതിയ ബ്ലോഗ്‌ വായിക്കാൻ ഇവിടെ ക്ലിക്കിയാൽ മതി ==>> ദേശീയ പതാകയും ദേശീയ ഗാനവും ആവർത്തിച്ച് അപമാനിക്കപ്പെടുമ്പോൾ ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Monday, 14 September 2015

മുല്ലപ്പൂവും മലരും ഒന്നുമല്ല; ഇതാണ് വിശക്കുന്നവന്റെ രോദനം...

മാതൃഭൂമിയാണെന്ന് തോന്നുന്നു, മൂന്നാർ സമരത്തെ മുല്ലപ്പൂ വിപ്ലവത്തോട് ഉപമിച്ചത്. ഇത് മുല്ലപ്പൂവും മലരും ഒന്നുമല്ല. ഇതായിരുന്നു വിശക്കുന്നവന്റെ രോദനം...എനിക്ക് ഓർമ്മ വച്ചതിനു ശേഷം കേരളം കണ്ട ഏറ്റവും ആത്മാർഥവും ഉജ്ജ്വലവുമായ സമരം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ....അത് മൂന്നാർ സമരം ആണ്. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിധ വിട്ടുവീഴ്ച്ചക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയില്ലാതെ അയ്യായിരത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഓഫിസിന് മുന്നില്‍ ദേശീയപാതകള്‍ ഉപരോധിച്ച് നടത്തിയ സമരം വിജയം കണ്ടപ്പോൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഏറ്റ കനത്ത പ്രഹരമായി അത് മാറി. സമരമുഖത്തത്തെിയ മന്ത്രി പി കെ ജയലക്ഷ്മി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങി ഒരു രാഷ്ട്രീയ നേതാക്കളെയും അവർ സമരമുഖത്ത്‌ മുഖം കാണിക്കാൻ അനുവദിച്ചില്ല. ആകെ സഖാവ് വി എസിനോടും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയോടും മാത്രമാണ് സമരക്കാർ അല്പ്പമെങ്കിലും സൗഹൃദ ഭാവം കാണിച്ചത്. അത് സമീപകാലത്ത് നടന്ന പല ജനകീയ പോരാട്ടങ്ങളിലും അവർ കാണിച്ച ചില അനുകൂല ഭാവങ്ങളോടുള്ള നന്ദി പ്രകടനമായി മാത്രം കണ്ടാൽ മതി.

ഈ സമരത്തിന്റെ വിജയത്തിൽ ഒരു നേതാക്കൾക്കും പങ്ക് അവകാശപ്പെടാൻ ഇല്ല എന്നതാണ് യാഥാർത്ഥ്യം. വി എസും സാഹചര്യം മുതലെടുത്തതാണെന്ന് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഇല്ല. ഒരു പരിധി വരെ പ്രശ്നപരിഹാരത്തിന് വി എസ് ഒരു രാസത്വരകമായി പ്രവർത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ''സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുംവരെ ഞാന്‍ ഈ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ ഇരിക്കാന്‍പോവുകയാണ്'' എന്ന വി.എസ്സിന്റെ പ്രഖ്യാപനമാണ് സമരത്തിന്റെ വഴി മാറ്റി വിട്ടത്. ഈ പ്രഖ്യാപനത്തോടെയാണ് അത് വരെ ഉറങ്ങിയവരും ഉറക്കം നടിച്ചവരും എല്ലാം രായ്ക്കു രാമാനം വിഷയത്തിൽ ഇടപെട്ടതും സമരത്തിനു ക്ഷിപ്ര പരിഹാരമുണ്ടായതും. രാഷ്ട്രീയ ചാണക്യന്മാർ അമ്പേ ഇളിഭ്യരാവുന്ന ഈ കാഴ്ച നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 

സെപ്റ്റംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് ദിനത്തില്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായത്തെിയ ഏതാനും സ്ത്രീ തൊഴിലാളികളെ അവഗണിച്ച രാഷ്ട്രീയ നേതാക്കളും അവരുടെ ഓശാന പാട്ടുകാരും രണ്ട്  മൂന്ന് ദിവസത്തിനുള്ളില്‍  മൂന്നാറിനെ സ്തംഭിപ്പിച്ച്  നിർത്തിയ തീക്ഷ്ണ സമരം കണ്ടു കണ്ണ് തള്ളി നിന്നു. തൊഴിൽ നിർത്തി സമരത്തിൽ അണി ചേർന്ന തൊഴിലാളികളുടെ എണ്ണം അയ്യായിരത്തോളം ആയിരുന്നു. ദ്രാവിഡഗോത്രവീര്യത്തിന്റെ തീവ്രതയും സൗന്ദര്യവും അവരുടെ മുദ്രാവാക്യങ്ങളിലും ഉണ്ടായിരുന്നു.

"കരിയടുപ്പ് നാങ്കള്‍ക്ക് കരണ്ടടുപ്പ് ഉങ്കള്‍ക്ക്
പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് ഏസി ബംഗ്ളാ ഉങ്കള്‍ക്ക്
തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്
കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്
ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്
പണിയെടുക്കുവത് നാങ്കള് പണം കൊയ്വത് നീങ്കള്
കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്
അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിത്ത പണമെല്ലാം എവിടപ്പാ?

പോരാടുവോം പോരാടുവോം 
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം പോരാടുവോം 
വെട്രി വരുവോം പോരാടുവോം
ഇന്‍ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ് 
പെമ്പിള ഒരുമൈ സിന്ദാബാദ്" 

കേൾവിക്കാരെ പോലും ആവേശം കൊള്ളിക്കുന്ന വിപ്ലവ കവിത പോലുള്ള മുദ്രാവാക്യങ്ങൾ ആയിരുന്നു അവ.

പരമ്പരാഗത രാഷ്ട്രീയ-തൊഴിലാളി സംഘടനകള്‍ ന്യായമായ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ തികച്ചും അസംഘടിത തൊഴിലാളികള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പോരാടി നേടിയ ഈ വിജയം ചിലത് വിളിച്ചു പറയുന്നുണ്ട്. ഡൽഹിയിലെ ആം ആദ്മി മുന്നേറ്റത്തിന്റെ തീവ്രരൂപം എന്ന് വേണമെങ്കിൽ ഇതിനെ നോക്കിക്കാണാം. കുറച്ചു കാലമായി കക്ഷി രാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതെ നിരവധി സമരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തികച്ചും ന്യായമായ സാമൂഹിക - പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രാദേശികമായി നടക്കുന്ന സമരങ്ങളെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനനുസരിച്ച്  മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കണ്ടില്ലെന്നു നടിച്ചപ്പോൾ രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ പ്രാദേശികമായ ജനകീയ കൂട്ടായ്മകൾ അത്തരം സമരങ്ങളെ വിജയ തീരത്തെത്തിച്ചിട്ടുണ്ട്‌. പക്ഷെ ഇത്തരം സമരങ്ങളെ ഒക്കെത്തന്നെ ഏതെങ്കിലും ഘട്ടത്തിൽ രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യുകയും തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അല്ലെങ്കിൽ, സമരങ്ങൾ താല്ക്കാലികമായി അവസാനിച്ചെങ്കിലും ആവശ്യങ്ങളിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയുള്ള ഒത്തുതീർപ്പ് വ്യവസ്തകൾ പോലും ലംഘിക്കപ്പെടുകയും ചെയ്തു. ഇവിടെയേതായാലും ഈ പെണ്‍പട പിടിച്ച പിടിയാൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിച്ച് വിജയ ചരിത്രം കുറിച്ചു. 

മൂന്നാർ സമരം ചൂട് പിടിച്ചത് മുതൽ, ഇതിന്  പിന്നില്‍ തമിഴ് തീവ്രവാദികളാണ് എന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ ബോധപൂര്‍വമായ ശ്രമമുണ്ടായി. എന്നാല്‍, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന ജീവിത സമരത്തിനെതിരെ നടക്കുന്ന ഈ നെറികെട്ട പ്രചാരണം പോലീസ് തള്ളിക്കളഞ്ഞു. ഡി ജി പി മുതലുള്ള ഉന്നത പോലീസുദ്യോഗസ്ഥരാരും ഈ ആരോപണത്തിന് ഒരു വിലയും കൽപ്പിച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍വ്വമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും. ഭാഷാ വിദ്വേഷം പരത്തി സമരം പൊളിക്കാൻ ശ്രമിച്ച ഒരുത്തനെ പോലീസ് കൃത്യ സമയത്ത് തന്നെ അകത്താക്കി. ഇതൊക്കെക്കൊണ്ടാണ്‌ സമരം തീർപ്പായ ഉടനെ സമരക്കാർ പോലീസുകാരെ തോളിലേറ്റി വികാര പറക്ടനം നടത്തിയത്. ഈ സമരത്തിൽ പോലീസ് സ്വീകരിച്ച നിലപാടുകൾക്ക് ഒരു ലോഡ് ലൈക്ക്സ്.

മൂന്നാറിലെ തൊഴിലാളി സമരവും അതിന്റെ ഉജ്ജ്വല വിജയവും  ഇവിടത്തെ ഇരട്ടത്താപ്പുകാരായ രാഷ്ട്രീയ-തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ്. തുച്ഛമായ കൂലിക്കും മോശം തൊഴിൽ സാഹചര്യങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍  മാറിവരുന്ന സര്‍ക്കാറുകള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പോഷക തൊഴിലാളി സംഘടനകള്‍ക്കും കഴിയാത്തതാണ് ഇത്തരം സ്വതന്ത്ര നീക്കങ്ങൾക്ക്‌ വിത്ത് പാകുന്നത്. അപ്രായോഗികവും രാജ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതുമായ സായുധ പോരാട്ടക്കാരും മാവോയിസ്റ്റുകളും ഈ പ്രക്ഷോഭത്തിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

തൊഴിലാളികളെ അവരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്തി സംഘടിപ്പിച്ച സംഘടനകൾ പിന്നീട് പല ഘട്ടങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു എന്നത് യാഥാർത്യമാണ്. കാലക്രമത്തിൽ അതിന്റെയൊക്കെ നേതൃത്വം ഒരു തുള്ളി വിയർപ്പ് പോലും പൊടിയാത്തവരുടെ കയ്യിൽ എത്തിപ്പെട്ടതോടെ പതിയെ പതിയെ തൊഴിലാളികള അവരുടെ കാര്യം സ്വയം നോക്കാൻ തുടങ്ങുന്നു. ഇപ്പോൾക്കണ്ടത് വളരെ എളുപ്പത്തിലും വ്യാപകമായും സംഭവിക്കാവുന്ന ഒരു മുന്നേറ്റമല്ലെന്നു സമ്മതിച്ചാൽ തന്നെ, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങൾ തന്നെ നയിക്കുന്ന പുതിയൊരു ജനകീയരാഷ്ട്രീയത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്; ഒരു ബദല്‍രാഷ്ട്രീയത്തിന്റെ ഇടമാണ് തുറന്നു തരുന്നത്. ഡൽഹി കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനാവലിയും തുടർന്ന് ആം ആദ്മി വിപ്ലവവും ഇത് പോലുള്ള ഒന്നായിരുന്നു എന്നോർക്കണം. കാലത്തിന്റെ ചുമരെഴുത്താണ് ഇത്...വായിച്ചു വേണ്ട വിധം തിരുത്തിയാൽ തുടരാം... ഇച്ഛാശക്തിയുള്ള ജന മുന്നേറ്റത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ കെല്പ്പുള്ള ഒരു ഭരണകൂടവും ഇല്ല എന്ന് ഓർത്താൽ രാഷ്ട്രീയമുതലാളിമാർക്ക് ഭാവിയിലും ഈ "വയറ്റിപ്പിഴപ്പുമായി" ജീവിക്കാം.....ഇല്ലെങ്കിൽ ചരിത്രത്തിലേക്ക് പിൻവാങ്ങാം...



ഇതാണ് ഒറിജിനൽ ഇങ്ക്വിലാബ്
"പെമ്പിള ഒരുമൈക്കഭിവാദ്യങ്ങൾ"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 7 August 2015

അതെ; ഉമ്മൻ ചാണ്ടി സാർ നിങ്ങൾ നുണ പറയുകയാണ്

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. ഇപ്പോഴത്തെ മുഖ്യമന്ത്രിയും പല കാര്യങ്ങളിലും നുണ പറയുന്നു എന്ന് ഇവിടെ പലരും അടക്കം പറയുന്നു. 

സോളാര്‍ കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കും സഹായികള്‍ക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണല്‍ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരന്‍ നായര്‍, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താന്‍ ശ്രീധരന്‍നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറില്‍ പോയി എന്നും ഉമ്മന്‍ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കുന്നത് ഉള്‍പ്പെടെ സോളാര്‍ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ഇതോടെ, സോളാര്‍ കേസ് പുറത്തു വന്നത് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ പൊതുജനം, കുറ്റാരോപിതയായ ഒരു സ്ത്രീയുടെ വാക്കുകളേക്കാൾ ഉമ്മൻചാണ്ടിയുടെ വിശദീകരണങ്ങളെ വിശ്വസിച്ചു. 

പഴയ,റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നുണയാണോ എന്ന് പലരും സംശയിച്ചു. നായനാര്‍ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നല്‍കി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മന്‍ചാണ്ടിയുടെ ആശീർവാദത്തിൽ കൊണ്ട് വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാന്‍ പാടില്ലാത്തതാണെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കല്‍ നിന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോർഡെടുത്ത് സുജനപാലനിന് നല്‍കി. മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ വർഷം സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, പാഠപുസ്തകം കിട്ടാത്തതിന്റെ പുകിൽ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വിവാദം ഭയന്ന് ഇപ്പോൾ സര്‍ക്കാര്‍ പിന്‍വലിച്ച ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാല്‍, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാര്‍ക്ക് വഴി വിട്ട സഹായം നല്‍കാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവന്‍ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

എന്തായാലും കള്ളവും ചതിയുമില്ലാതിരുന്ന, കള്ളത്തരങ്ങൾ എള്ളോളമില്ലാതിരുന്ന മാവേലി നാടിന്റെ ഇപ്പോഴത്തെ ഭരണാധികാരികൾ.....അടിപൊളി തന്നെ....!!!


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 2 August 2015

രാജ്യത്തിന്റെ സർവ്വസൈന്യാധിപനായ പത്രക്കാരൻ പയ്യൻ...

ഒരു സൗഹൃദസംഭാഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്  അബ്ദുൽ കലാമിനെ പറ്റി പറഞ്ഞ ഒരു കാര്യം രസാവഹമാണ്. "തലയ്ക്കു വെളിവുള്ളവരുടെ ഇടയിലെ ഏക ഭരണാധികാരിയും ഭരണാധികാരികൾക്കിടയിലെ തലയ്ക്കു വെളിവുള്ള ഏക ആളുമാണ് അബ്ദുൽ കലാം" എന്നായിരുന്നു അദ്ദേഹത്തിൻറെ നിരീക്ഷണം. സത്യത്തോട് വളരെ അടുത്തു നില്ക്കുന്ന ഒരു നിരീക്ഷണം തന്നെ. കലാമിലെ ഭരണാധികാരി എത്രത്തോളം ഭരണ നിപുണൻ ആയിരുന്നു എന്ന കാര്യത്തിൽ ഒട്ടേറെ തർക്കങ്ങൾ ഉണ്ട്. അക്കാര്യം മാറ്റി നിർത്തിയിട്ട്, ജനാധിപത്യഭാരതം കണ്ടത്തിൽ വച്ച് ഏറ്റവും ജനപ്രിയനായ "ഭരണാധികാരി" ആരെന്ന് ചോദിച്ചാൽ തർക്കമില്ലാത്ത ഒരുത്തരമേ കാണാൻ വഴിയുള്ളൂ....അത് അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം എന്ന Dr. A.P.J. അബ്ദുൽ കലാം എന്ന അത്ഭുത മനുഷ്യൻ എന്ന് തന്നെ ആയിരിക്കും. അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അനവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം."ജനങ്ങളുടെ രാഷ്ട്രപതി", "ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ" എന്നീ വിശേഷണങ്ങളോടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നു. 

1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായിട്ടാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അദ്ദേഹത്തിൻറെ കുടുംബ പശ്ചാത്തലം പറയത്തക്ക മികച്ചതായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം. എന്നാൽ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. പത്രവിതരണവുമായി ബന്ധപ്പെട്ട് കിട്ടിയിരുന്ന ഒരു ചെറിയ തുകയായിരുന്നു തന്റെ ആദ്യത്തെ വേതനം എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്രയേറെ ജനകീയൻ ആയിരുന്നെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അദ്ദേഹത്തെയും വെറുതെ വിട്ടിരുന്നില്ല. രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിൻറെ മുമ്പിലെത്തിയ ദയാഹർജികളിൽ  തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. അദ്ദേഹം, രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്ന ഇരുപത്തൊന്ന് ദയാഹർജികളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹം തീർപ്പ് കല്പ്പിച്ചത്. ഒരു പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജി പരിഗണിച്ച അദ്ദേഹം പ്രതിക്ക് മാപ്പു നൽകാൻ തയ്യാറായില്ലായിരുന്നു. ചാറ്റർജിയുടെ വധശിക്ഷ പിന്നീട് നടപ്പിലാവുകയും ചെയ്തു. 2001-ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ  വധശിക്ഷക്കെതിരെയുള്ള ദയാഹർജിയുടെ തീർപ്പു വൈകിപ്പോയതും ഒട്ടേറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ആണവശാസ്ത്രത്തിന്റെ കുലപതിയായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും  ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിന് അമിതമായ പ്രാധാന്യം കൊടുത്തതുമെല്ലാം പല ശാസ്ത്രജ്ഞന്മാരെയും ചൊടിപ്പിച്ചിരുന്നു. ഏയ്റോനോട്ടിക്കൽ എ ഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ആണവ ശാസ്ത്രജ്ഞൻ  എന്നറിയപ്പെടുക എന്നായിരുന്നു വിമർശകരുടെ ചോദ്യം. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്നും ആണവശാസ്ത്ര സംബന്ധിയായ ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഹോമി സെത്ന ആരോപിച്ചിരുന്നു. ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, ആരോപണം ഉണ്ടായിരുന്നു. സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലും കലാമിന്റെ സംഭാവനകൾ  ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാർ ചേർന്ന് വികസിപ്പിച്ചെടുത്ത അഗ്നി, പൃഥി, ആകാശ് എന്ന മിസൈൽ  പദ്ധതികളുടെ ഏകോപനം മാത്രമേ കലാം ചെയ്തിരുന്നുള്ളു എന്നായിരുന്നു ആ വിമർശനം. ഒടുവിൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകളും വളരെയേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്ന്  കലാം പ്രസ്ഥാവിച്ചതിനെ, ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിച്ചത്. നിഴൽയുദ്ധങ്ങളിൽ അഭിരമിക്കുന്ന ചെറിയ മനസ്സുള്ളവരുടെ വിമർശനങ്ങളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളിക്കളഞ്ഞിരുന്നു. 

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വപ്നങ്ങളുടെ മൊത്തവ്യാപാരിയായിരുന്ന ഈ വലിയ മനുഷ്യൻ ഒരു ശരാശരി ഭാരതീയനിൽ ഉണ്ടാക്കിയ പ്രഭാവം ചെറുതായിരുന്നില്ല.  വളരെ താഴ്ന്ന നിലയിൽ നിന്ന് കഠിനപരിശ്രമത്താൽ ഉന്നതികൾ കീഴടക്കിയ ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പ്രചോദകൻ (Motivator) ആയിരുന്നു. അനുകരണീയമായ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ എന്ന നിലയിൽ, രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൌകര്യങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഭാരതത്തിന്റെ ഭാവി കുട്ടികളിലാണ് എന്ന ചിന്താധാരയായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നത്. രാഷ്ട്രപതി ആയിരുന്നപ്പോഴും അതിനു ശേഷവും കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. രണ്ടാമതൊരു വട്ടം കൂടി അദ്ദേഹം രാഷ്ട്രപതി ആകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹവും അത് ആഗ്രഹിക്കുന്നു എന്ന തരത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ വാർത്തയെ കലാം തന്നെ അവസാനിപ്പിച്ചു. 

ഹേയ് പ്രിയ അബ്ദുൽ കലാം....നിങ്ങൾ മരിച്ചിട്ടില്ല...ഇന്ത്യയിലെ, പ്രതീക്ഷാ നിർഭരമായ ശുഭ സ്വപ്‌നങ്ങൾ കാണുന്ന ഓരോ വ്യക്തിയിലൂടെയും നിങ്ങൾ ജീവിക്കുന്നു....ഭൗതിക ദേഹത്തിനു മാത്രം വിട...


SHOCKING NEWS SEEN LAST WEEK !!! BUT IT HAPPENED.....

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് ഈ മാസം ഇരുപത്തി രണ്ടിന്, അന്ന് ഈ സംഭവം ഏറെ വിവാദമായെങ്കിലും, ഇന്നിതിനെ ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നവര്‍ അന്ന് മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക