ഞാൻ വെറും പോഴൻ

Friday, 11 November 2016

ഇതാ ആ മനുഷ്യൻ....കള്ളപ്പണവൃക്ഷത്തിന്റെ വേര് 500-ഉം 1000-ഉം വച്ച് വെട്ടാമെന്ന് വിളിച്ചു പറഞ്ഞയാൾ

അത്യന്തം രഹസ്യാത്മകവും നിർണ്ണായകവുമായ നടപടിക്രമങ്ങളോടെ ഭാരതം കണ്ട അത്യപൂർവ്വവും സാഹസികവുമായ നടപടിയിലൂടെ 500-ന്റെയും 1000-ന്റെയും നോട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയതിനെ പൊതു സമൂഹം രണ്ടു വിഭാഗമായി തിരിഞ്ഞ് അഭിനന്ദിക്കുകയും എതിർക്കുകയും  ചെയ്യുന്നത് കേട്ടു. വളരെയേറെ ഗൃഹപാഠം ചെയ്തതിന് ശേഷമാവണം ഈ തീരുമാനം കൈക്കൊണ്ടത് എന്ന് വേണം അനുമാനിക്കാൻ. ഈ തീരുമാനം കൊണ്ട് വലിയ തോതിലുള്ള താൽക്കാലിക കഷ്ടപ്പാടുകൾ അനുഭവിക്കുന്ന സാധാരണക്കാരും താൽക്കാലികമല്ലാത്ത ഗുരുതര കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അസാധാരണക്കാരും സംഭവത്തെ ഇപ്പോഴും ചർച്ച ചെയ്ത് തീർന്നിട്ടില്ല. ഇതിനിടയിൽ ഒട്ടു മിക്കവരും ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു "ഇതാരുടെ ഐഡിയ ആണെന്ന് ???". 

ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചാൽ, ആ അന്വേഷണം ചെന്ന് നിൽക്കുക, അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സംഘടനയിലേക്കും  അതിലെ പ്രധാനിയായ അനിൽ ബോകിൽ എന്ന ഔറംഗാബാദ് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിലേക്കും ആണ്. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക ഉപദേശ സ്ഥാപനമുണ്ട് അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാൻ. കുറച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയാണിത്. ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് മുകളിലെ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യന്റെ ഐഡിയ ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഡീമോണിറ്റൈസേഷൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് കള്ളപ്പണം ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ അർത്ഥക്രാന്തിയുടേതെന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിലെ ഒരു പ്രധാനനിർദ്ദേശമായിരുന്നു വലിയ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിക്കുക എന്നത്. അർത്ഥക്രാന്തിയുടെ അഭിപ്രായത്തിൽ രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകളുടെ ആവശ്യമില്ല. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒക്ടോബറിൽ അനിൽ ബോകിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംഘടനയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നതനുസരിച്ച് അവരുടെ നിർദേശമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വസ്തുതകൾ എന്ത് തന്നെയായാലും, ഗവണ്മെന്റിന്റെ വിപ്ലവകരമായ ഈ നടപടിക്ക് പിന്നിൽ ഈ കൊച്ചു മനുഷ്യന്റെ നിർദ്ദേശങ്ങൾ പ്രേരകശക്തിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാൽ, ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണമുണ്ട്. അർത്ഥക്രാന്തി മുന്നോട്ടു വച്ച വളരെയധികം നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് High Value Demontisation. അതെത്രത്തോളം ഉപകാരപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അർത്ഥക്രാന്തി ഉപക്ഷേപത്തിൽ 50 രൂപയാണ് വലിയ നോട്ട്. രണ്ടായിരത്തിന്റെ നോട്ട് ലഭ്യമായിരുന്ന അവസ്ഥയിൽ, കറൻസിയായിരിക്കുന്ന കള്ളപ്പണത്തിന്റെ പുറത്തിറങ്ങുന്ന ഭാഗം ഏതാനും നാളുകൾക്കുള്ളിൽ തന്നെ രഹസ്യനിലവറകളിലേക്ക് തിരോധാനം സംഭവിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. 

അർത്ഥക്രാന്തിയുടേതെന്ന പേരിൽ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു.

രാജ്യത്ത് ഇൻകം ടാക്സ്, സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം.....!!! (http://arthakranti.org/proposal)

പൂനെ ആസ്ഥാനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുൻപിൽ വച്ചിരിക്കുന്നത്.

*ശുപാർശകൾ*

1. എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2. 1000, 500, 100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3. വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4. ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1. പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2. നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3. പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4. പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ  ഇല്ലാതാകും.

5. കള്ളനോട്ടുകൾ ഇല്ലാതാകും.  (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് ലാഭകാരമല്ലാത്തതിനാൽ)

6. ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7. തിരഞ്ഞെടുപ്പ് ചെലവ് കുറയും. രാഷ്ട്രിയം അഴിമതി മുക്തമാകും

8. ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9. വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും ഇല്ലാതാകും.

11. ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12. ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.

അനിൽ ബോക്കിൽ മുന്നോട്ട് വച്ച പരിപാടിയുടെ Full Version അല്ലായിരുന്നു നമ്മൾ കണ്ട Demonetisation പരിപാടി. നോട്ട് റദ്ദാക്കൽ വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊരു YES or NO ഉത്തരം പറയുക ഒട്ടും സാധ്യമാവില്ല; കുറെയെങ്കിലും തൃപ്തികരമായ ഉത്തരത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുകയും ചെയ്യും. ഉത്തരം എന്ത് തന്നെയായാലും കുറേയാളുകൾ Demonetisation കൊണ്ട് അസ്വസ്ഥരായി ഇരിക്കുക തന്നെ ചെയ്യും !!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 10 November 2016

സോഷ്യൽമീഡിയയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗങ്ങൾ...

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക്'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകർ നടത്തിയ പഠനം പറയുന്നു. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നും നിരന്തരം സ്വന്തം ഫോട്ടോകൾ അപ് ലോഡ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർ ന്യൂറോട്ടിക്കുകളാണെന്നും ഗവേഷകർ വാദിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതി പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറുന്നതതായി അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയുടെ ഒരു പഠന റിപ്പോർട്ടും ഈ അടുത്തിടെയാണ് പുറത്തു വന്നത്. ഈ പഠനമനുസരിച്ച്, ചെറുപ്പക്കാര്‍ ആത്മ പ്രശംസയുടെ പ്രദർശനവേദികളായി ഇത്തരം സൈറ്റുകളെ ഉപയോഗിക്കുമ്പോള്‍ മധ്യവയസ്‌കര്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണത്രെ. ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍ക്കിടയിലും പരിചയക്കാർക്കിടയിലും വ്യത്യസ്തരാകാന്‍ ശ്രമിക്കുമ്പോള്‍ മധ്യവയസ്‌കര്‍ സാമൂഹിക അംഗീകാരം നേടിയെടുക്കാനായാണ് സോഷ്യല്‍ നെറ്റ് വർക്ക് അഭ്യാസങ്ങളിൽ ഏര്‍പ്പെടുന്നതത്രെ. സോഷ്യല്‍ നെറ്റ് വർക്കുകളില്‍ ചെലവഴിക്കുന്ന സമയം കൂടി കണക്കിലെടുത്താണ് പഠനം നടത്തിയിരിക്കുന്നത്. ചെലഴിക്കുന്ന സമയവും ആത്മരതിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പഠനം വിലയിരുത്തുന്നുണ്ടെങ്കിലും ‘ആത്മരതിയുടെ വ്യാപനം’ സോഷ്യല്‍  നെറ്റ് വർക്കുകളില്‍ ആളെക്കൂട്ടുമോയെന്ന ചോദ്യത്തിന് പഠനത്തില്‍ ഉത്തരമില്ല. എന്തായാലും സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതിയുടെ ഒരു ലോകം തന്നെയാണെന്നാണ് പഠനം അനുമാനിക്കുന്നത്. മണിക്കൂറുകൾ സോഷ്യൽ നെറ്റ് വർക്ക് ആക്ടിവിറ്റികളിൽ മുഴുകാൻ പലർക്കും ഒരു മടുപ്പും ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തൽ.

സർക്കാരിന്റെ പുകവലി ബോധവല്ക്കരണ പരസ്യം അനുകരിച്ചാൽ ഇങ്ങനെ ഒരു പരസ്യം ചെയ്യാം...

മനുഷ്യന്റെ ശരീരവും ബുദ്ധിയും മനസ്സും രൂപപ്പെടുത്തിയിരിക്കുന്നത് സാമൂഹ്യ ജീവിതത്തിനു പറ്റുന്ന രീതിയിലാണ്. എന്നാൽ ചിലരാകട്ടെ, മണിക്കൂറുകളോളം സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ചിലവഴിച്ചു സാങ്കല്പ്പിക ലോകത്ത് ജീവിതം തള്ളി നീക്കുകയാണ്. അത് നിങ്ങളെ ഒരു രോഗിയാക്കിയേക്കാം....ഒരു വലിയ രോഗി...

അടുത്തിടെ പ്രശസ്ത മെഡിക്കൽ ജേർണൽ ആയ "ദി ലാൻസെറ്റ്" റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം ഉണ്ട്. രണ്ടു കൈകളുടെയും പത്തിക്കും വിരലുകൾക്കും അസഹനീയമായ വേദനയുമായി 34 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു. അവരാകട്ടെ ആ ദിവസ്സങ്ങളിൽ സാധാരണയിൽ കവിഞ്ഞ ആയാസമുള്ള ഒരു പ്രവൃത്തികളും ചെയ്തിട്ടില്ലായിരുന്നു. ഒടുവിൽ വിശദമായ പരിശോധനയിൽ തെളിഞ്ഞ കാര്യം ഇതായിരുന്നു. കൈകൾക്ക് പ്രശ്നം വന്നതിന്റെ തലേന്ന് അവർ കുറെ അധികം സമയം അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് രണ്ടു കൈകളും ഉപയോഗിച്ച് ഒട്ടേറെ വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നു. വാട്സ് ആപ് ഉപയോഗിക്കാനായി, ഒരു പ്രത്യേക ആങ്കിളിൽ കൈകൾ പിടിച്ചു കുറെ അധികം നേരം വിരലുകൾ പല വട്ടം ചലിപ്പിച്ചത് കൊണ്ടാണത്രേ ഈ പ്രശ്നം ഉടലെടുത്തത്. 1990 കളിൽ അമിതമായ വീഡിയോ ഗെയിം ഉപയോഗം കൊണ്ട് കുട്ടികളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഒരു രോഗാവസ്ഥയ്ക്ക് സമാനമായ ഈ അസുഖത്തിന് "വാട്ട്സാപിറ്റിസ്" എന്നാണ് ആധുനിക വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്.

മേൽപറഞ്ഞ അസുഖം ശാരീരികമാണ്. എന്നാൽ കൌതുകകരവും അതേ സമയം അതീവ ഗൗരവവുമായ ചില മാനസിക പ്രശ്നങ്ങളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ സമ്മാനിക്കാൻ ഇടയുണ്ട്. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കും സൈബർ ആക്റ്റിവിറ്റികൾക്കും വേണ്ടി അമിതമായും അശാസ്ത്രീയമായും സമയം ചിലവഴിക്കുന്നവർക്ക്  വരാവുന്ന ചില മാനസിക വൈകല്യങ്ങളും തകരാറുകളും താഴെക്കൊടുക്കുന്നു. ഇവയിൽ പലതും, വായിക്കുമ്പോൾ രസകരമായി തോന്നിയേക്കാമെങ്കിലും രൂക്ഷമായാൽ സാധാരണ ജീവിതത്തിനെ പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതര മാനസിക രോഗാവസ്ഥ ആയിട്ട് തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്. 

റ്റ്വിച്ചസ് : നിത്യ ജീവിതത്തിൽ കാണുന്നതും ചെയ്യുന്നതും എല്ലാം ട്വിറ്റെറിൽ കയറി റ്റ്വീറ്റിടുന്ന സ്വഭാവത്തെ ഒരു വൈകല്യമായാണ് ആധുനിക വൈദ്യ ശാസ്ത്രം കാണുന്നത്. റ്റ്വിച്ചസ് എന്നാണ് ഈ സ്വഭാവ വ്യതിയാനത്തെ വിളിക്കുന്നത്‌. ഈ മാനസിക പ്രശ്നമുള്ളവർ ഏതാണ്ട് ഒരു ലൈവ് കവറേജ് പോലെ ജീവിതത്തിലെ ഓരോ ചെറിയ ചെറിയ സംഭവങ്ങളും റ്റ്വിറ്ററിലും എഫ്ബിയിലും അത് പോലുള്ള സൈറ്റുകളിലും പോസ്റ്റു ചെയ്തു തൃപ്തിയടയുന്നു. 

ഫാന്റം വൈബ്രേഷൻ സിന്റ്രം : എപ്പോഴും തന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുകയോ റിംഗ് ചെയ്യുകയോ ഉണ്ടെന്നു തോന്നുകയും അത് ഉറപ്പാക്കാൻ ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കുകയും ചെയ്യുന്ന ഒരു മാനസീകാവസ്ഥയാണിത്‌.

ഒബ്സസീവ് റിഫ്രെഷ് ഡിസ് ഓർഡർ : തന്റെ പ്രൊഫൈൽ ഇൻബോക്സിൽ എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്നറിയാൻ കൂടെക്കൂടെ റിഫ്രെഷ് ബട്ടണ്‍ ടാപ്പ്‌ ചെയ്യുന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇത്. റിഫ്രെഷ് ചെയ്യാത്തത് കൊണ്ടാണ് തനിക്കു പുതിയ സന്ദേശങ്ങൾ കിട്ടാത്തത് എന്നാണ് ഈ പ്രശ്നമുള്ളവർ ചിന്തിക്കുന്നത്. പുതിയ സന്ദേശങ്ങൾ ഇല്ലെന്നു കാണുന്നത് മുതൽ ഇയാൾ അസ്വസ്ഥനാകും. ഒരു പുതിയ മെസ്സേജ് കിട്ടിയാലേ പിന്നെ സ്വസ്ഥത കിട്ടൂ.

ഹ്യുമണ്‍ ആന്റിന : മൊബൈൽ ഫോണിനു അല്പ്പമെങ്കിലും റേഞ്ച് കിട്ടാനോ, ഉള്ളതിനേക്കാൾ അധികം റേഞ്ച് കിട്ടാനോ വേണ്ടി ഫോണ്‍ കയ്യില നീട്ടിയോ ഉയർത്തിയോ പിടിച്ചു കൊണ്ട് നടക്കുന്ന ശീലത്തിനാണ് ഇങ്ങനെ പറയുന്നത്.

നോമോ ഫോബിയ : മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ ജീവിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയാണിത്. ആഗോള തലത്തിൽ മൊബൈൽ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു പേർക്കും ഏറിയോ കുറഞ്ഞോ അളവിൽ ഈ രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പോക്കറ്റ് പാറ്റർ : മൊബൈൽ ഫോണ്‍ പോക്കറ്റിൽ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പി നോക്കുന്ന മാനസികാവസ്ഥയാണ് പോക്കറ്റ് പാറ്റർ.

സോഷ്യൽ നെറ്റ് വർക്ക് അടിമത്വം ഉണ്ടോ എന്ന് സ്വയം പരിശോധിക്കാം...
ഒരു കടലാസ് എടുത്തു താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് “വളരെ അപൂര്‍വമായി”, “അപൂര്‍വമായി”, “ചിലപ്പോഴൊക്കെ”, “മിക്കപ്പോഴും”, “ഒട്ടുമിക്കപ്പോഴും”എന്നിവയില്‍നിന്ന് ഒരുത്തരം തെരഞ്ഞെടുത്തു എഴുതുക:

  1. നിങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ചോ മറ്റു സോഷ്യൽ നെറ്റ് വർക്കുകളെ കുറിച്ചോ ചിന്തിക്കുകയോ അത് എങ്ങിനെ ഉപയോഗിക്കണമെന്ന ആസൂത്രണത്തില്‍ മുഴുകുകയോ ചെയ്യാറുണ്ടോ ?
  2. നിങ്ങള്‍ക്ക് കൂടുതല്‍ക്കൂടുതലായി ഏതെങ്കിലും നെറ്റ് വർക്ക് വെബ്‌ സൈറ്റ്  ഉപയോഗിക്കണമെന്ന ആസക്തി അനുഭവപ്പെടാറുണ്ടോ?
  3. ജീവിതപ്രശ്നങ്ങള്‍ മറക്കാനായി നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ ആക്ടിവിറ്റികളിൽ മുഴുകാറുണ്ടോ?
  4. നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് ആക്റ്റിവിറ്റീസ് കുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  5. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  6. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗം നിങ്ങളുടെ പഠനത്തിനോ ജോലിക്കോ എന്തെങ്കിലും വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ?
ഏതെങ്കിലും അഞ്ചോ ആറോ ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം കിട്ടിയവര്‍ക്ക് ഗുരുതരമായ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷൻ ഉണ്ടെന്നു ഉറപ്പിക്കാം.  ഏതെങ്കിലും നാലു ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് ചെറിയ തോതിൽ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷന്‍ തുടങ്ങിയിട്ടുണ്ട് എന്നനുമാനിക്കാം. 

വാൽക്കഷണം : ഈ ടെസ്റ്റ്‌ ഒന്നും ചെയ്യാതെ തന്നെ ഞാൻ ഒരു കൊടും ഭീകര സോഷ്യൽ നെറ്റ് വർക്ക് അഡിക്റ്റ് ആണെന്ന് എന്റെ ഭാര്യ പറയുന്നു. നമ്മൾക്കൊരു കുഴപ്പവും നമ്മൾക്കല്ലേ അറിയൂ..... 

(പല ശ്രോതസ്സുകളിൽ നിന്ന്  വായിച്ചറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കുറിപ്പ്. അതിനാല്‍ ഇതെന്റെ ബൌദ്ധിക സ്വത്തല്ല)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 1 November 2016

അവന്‍, അവള്‍, അത്.........മൂന്നാം ലൈംഗികതയും നെറ്റി ചുളിയുന്ന കുറച്ചു കാര്യങ്ങളും.......

കുറച്ച് നാളുകൾക്ക് മുൻപ് ഞാന്‍ കുടുംബവുമായി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ എന്റെ അമ്മ മുതല്‍ അനിയന്റെ രണ്ടര വയസ്സുള്ള കുട്ടി വരെ ഞങ്ങളോടൊപ്പം ഉണ്ട്. പൊടുന്നനെ ഒരു ട്രാൻസ്‌ജെൻഡർ ഭിക്ഷാടകസംഘം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നു. അവര്‍ ഭിക്ഷ ചോദിച്ചു; ഞാന്‍ അഞ്ചു രൂപ കൊടുത്തു. പത്തു രൂപയാണ് മിനിമം എന്ന് ഈ സംഘത്തിന്റെ നേതൃസ്ഥാനം വഹിക്കുന്നയാളെന്ന് കാണുന്നവർക്ക് തോന്നുന്ന ട്രാൻസ്‌ജെൻഡർ പറഞ്ഞു. ഞാന്‍ അതിനോട് അനുകൂലമായി പ്രതികരിക്കാതെ ഇരുന്നപ്പോള്‍ ഉടനെ എന്റെ പ്രായം ചെന്ന അമ്മയെയും രണ്ടര വയസ്സുള്ള കൊച്ചു കുഞ്ഞിനേയും അയാളുടെ (അതിന്റെ) നഗ്നത കാണിക്കാന്‍ ഒരുങ്ങി. കുഞ്ഞുങ്ങൾ അരുതാത്ത കാഴ്ച കാണുന്നത് ഒഴിവാക്കാന്‍ ഞാന്‍ പത്തു രൂപ കൊടുത്തു അവരെ പായ്ക്ക് അപ്പ്‌ ചെയ്തു. തിരികെ വരുമ്പോഴും ഇതേ സംഘം വന്നു ഇത് പോലെ തന്നെ പിരിവെടുത്തിട്ട് പോയി. ഈ പറഞ്ഞ സംഭവം നടക്കുമ്പോള്‍ വണ്ടിയില്‍ ടീ ടീ ഇ യും രണ്ട് റെയില്‍വേ പ്രോട്ടെക്ഷന്‍ ജവാന്മാരും ഒക്കെ ഉണ്ടായിരുന്നു. ഓടുന്ന ട്രെയിനിലെ ഉത്തരവാദിത്തമുള്ള ഈ രണ്ട് കൂട്ടരും ഇതിനെതിരെ ഒന്നും ചെയ്യുന്നത് കണ്ടില്ല.  

ഒരു ജീവിത മാര്‍ഗ്ഗം എന്ന നിലയിൽ അവർക്ക് എന്തെങ്കിലും കൊടുക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിർപ്പില്ല. പക്ഷെ, ഞാൻ വിവരിച്ച അനുഭവം അതല്ല. ഞാൻ കൊടുത്ത 5 രൂപ പോരാ എന്നും 10 രൂപ തന്നെ വേണം എന്നും ശഠിച്ച്, അതിനു വേണ്ടി നഗ്നതാപ്രദർശനത്തിനെ ഒരു ആയുധമാക്കുന്ന രീതിയോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. ഇതിനെ അംഗീകരിച്ചാൽ കത്തി കാണിച്ചു പണം വാങ്ങുന്ന കൊള്ളക്കാരനെയും ബ്ലാക്ക്‌ മെയിൽ ചെയ്തു ജീവിക്കുന്ന മഞ്ഞ പത്രക്കാരനെയും എങ്ങിനെയാണ് തെറ്റുകാരനായി കാണാനാവുക. സമൂഹത്തിൽ വേണ്ടത്ര സ്വീകാര്യത ഇല്ലാത്തവർ തന്നെയാണ് ആണ്, ഈ പറഞ്ഞ മഞ്ഞപ്പത്രക്കാരനും കൊള്ളക്കാരനും.

ഈ സംഘം വന്നപ്പോള്‍ വിദഗ്ധമായി അപ്രത്യക്ഷനായ TTE യെപ്പറ്റിയും RPF കാരെപ്പറ്റിയും റെയിൽവേയിൽ ജോലി ചെയ്യുന്ന പല പരിചയക്കാരോടും പിന്നീട് സംസാരിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ അമ്പരപ്പ് ഉളവാക്കുന്നവ ആയിരുന്നു. ആ സംഘം വന്നപ്പോൾ അവര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥർ അവിടെ നിന്ന് ഒതുക്കത്തിൽ വലിഞ്ഞതു തന്നെയാണെന്നും അവർക്ക് ആ റൂട്ടില്‍ എന്നും ജോലി ചെയ്യേണ്ടതാണെന്നും  യാത്രക്കാരുടെ പരാതിപ്പുറത്തു ഇതില്‍ ഇടപെട്ടാല്‍ അത് അവർ വിളിച്ചു വരുത്തുന്ന അപകടമായിരിക്കുമെന്നും ആ സംഘമൊക്കെ ഒരു തരം ക്രിമിനല്‍ മാഫിയയുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടവർ ആണെന്നുമൊക്കെയായിരുന്നു അവരുടെ വെളിപ്പെടുത്തലിന്റെ എല്ലാം ആകത്തുക. അതില്‍ യഥാര്‍ത്ഥ ട്രാൻസ്ജെൻഡറുകള്‍ രണ്ടോ മൂന്നോ പേർ മാത്രമേ ഉള്ളൂ; ബാക്കിയെല്ലാം  ഇവരെ മുന്‍ നിറുത്തി കളക്ഷന്‍ എടുപ്പിച്ചു അതില്‍ നിന്നു പങ്കു പറ്റുകയും ഇവരുടെ കയ്യിൽ നിന്ന് "സൗജന്യ സേവനം" പറ്റുകയും ഒക്കെ ചെയ്യുന്ന നികൃഷ്ടരായ വ്യക്തികള്‍ ആണത്രെ. യാത്രക്കാരെ സംരക്ഷിക്കാന്‍ ചുമതലയുള്ള ചില ഉദ്യോഗസ്ഥർ പോലും ഇവരില്‍ നിന്ന് പണവും "സേവന"വും പറ്റുന്നുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന അറിവായിരുന്നു.

സ്വയം നിർണ്ണയാവകാശമില്ലാത്ത സ്വാഭാവിക സൃഷ്ടിപ്രക്രിയക്കിടക്ക് കടന്നു കൂടുന്ന ചില ശാരീരിക വ്യതിചലനങ്ങൾ മൂലം നിസ്സഹായരായിപ്പോവുന്ന വ്യക്തികളുടെ കൂട്ടം എന്ന നിലയിലോ പാർശ്വവല്ക്കരിക്കപ്പെട്ട് സമൂഹത്തിന്റെ വിളുമ്പിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗം എന്ന നിലയിലോ എനിക്ക് ഈ പറഞ്ഞ ഭിന്നലിംഗസംഘത്തോട് യാതൊരു വിധത്തിലുള്ള വിരോധവും ഇല്ല. സമൂഹം അവരോടു മാനുഷിക നീതിയോ സ്ഥിതി സമത്വമോ പുലർത്തുന്നില്ല എന്ന ശക്തമായ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. പക്ഷെ, മേൽ വിവരിച്ച സംഭവത്തിന്‌ ശേഷമായിരുന്നു ഞാന്‍ ഇവരെ പറ്റിയും ഇവരുടെ ജീവിതത്തെ പറ്റിയും കൂടുതല്‍ അറിയാൻ ശ്രമിച്ചത്. ഇത്തരക്കാരുടെ പുനരധിവാസ - ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു പൊതു പ്രവർത്തകനിൽ നിന്ന് കേട്ട വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. 

ഏതോ "നല്ല" അപ്പനും അമ്മയ്ക്കും ഉണ്ടായിട്ടു, ശാരീരികമായും സ്വഭാവപരമായും ഇത്തരത്തില്‍ ഒരു വ്യത്യസ്തത കണ്ടപ്പോള്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടമാണവര്‍. ഈ കൂട്ടത്തിന്റെ ഭാഗമാകാന്‍ വേണ്ടി പല തരത്തിലുളള പ്രാകൃത ആചാരങ്ങള്‍ക്ക് വിധേയര്‍ ആയിട്ടാണ് ഇവര്‍ ലൈംഗിക തൊഴിലിനും ഭിക്ഷാടനത്തിനും ഇറങ്ങുന്നതത്രേ. ഇവരുടെ ഇടയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ ഹമാം എന്നറിയപ്പെടുന്ന താവളങ്ങളിൽ ഒന്നിച്ചു താമസിച്ചാണ് ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം തേടാറുള്ളത്. ചില പ്രദേശങ്ങളിൽ മൂന്നാം ലിംഗക്കാരെ വിവാഹം പോലുള്ള മംഗളവേളകളിൽ അനുഗ്രഹമേകാൻ വിളിക്കാറുണ്ട്. ഇവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്ന് വടക്കേ ഇന്ത്യയിൽ ഒരു വിശ്വാസമുണ്ട്‌. അതൊഴിച്ചാൽ  അവർക്ക് എവിടെയും യാതൊരു സ്വീകാര്യതയുമില്ല. പുരാണ കാലങ്ങളിൽ ഇവർക്ക് നൽകിയിരുന്ന പരിഗണന പോലും ആധുനിക സമൂഹം ഇവർക്ക് നൽകുന്നില്ല. ശാസ്ത്രീയമായി നോക്കിയാല്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളും അതിനോട് ബന്ധപ്പെട്ടു വരുന്ന ശാരീരിക പ്രത്യേകതകള്‍ക്കും അപ്പുറത്ത് ഒരു സാധാരണ വ്യക്തിയാണ് “അതും”.  മനുഷ്യരില്‍ അവനും അവളും ഉള്ള പോലെ “അതും” ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെയോ അവളുടെയോ ഏറ്റക്കുറച്ചിലുകളെ ഞാന്‍ അടങ്ങുന്ന സമൂഹം “അത്” ആക്കുകയാണ്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് വിവിധ ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌ (പ്രത്യേകിച്ച് പ്രാരംഭ ഭ്രൂണാവസ്ഥയിലേത്) സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. ഈയൊരവസ്ഥ 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' വിശ്വസിക്കുന്നവരുണ്ടെങ്കിലും, മനുഷ്യലൈംഗികതയിലെ വളരെ സാധാരണമായ ഒരു വ്യതിയാനം മാത്രമാണ് അതെന്നും മനസ്സിനെ ദോഷമായ രീതിയിൽ‌ ബാധിക്കുന്ന ഒന്നല്ലെന്നും ശാസ്ത്രീയ പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്. എന്നാൽ‌ ഈ വിഭാഗത്തോട് സമൂഹം വച്ചുപുലർത്തുന്ന മുൻധാരണകളും വെറുപ്പും വിവേചനവും അത്തരം വ്യക്തികൾക്ക് മാനസികസമ്മർദ്ദം മാത്രമേ ഉണ്ടാക്കൂ. പ്രകൃതിയുടെ ഈയൊരു വികൃതി ആരുടെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കാവുന്നത് ആണ്. ഹിജഡ, ഹിജറ, ഒമ്പത്, ച്ഛക്ക, ചാന്തു പൊട്ട്, ഷണ്ഡൻ, ഖുസ്ര, യൂനക്, അറവാണി, കോത്തി, സീ ഡി, പാവയ്യ, യെല്ലമ്മ, സ്റ്റെപ്പിനി എന്നിങ്ങനെയുള്ള വിവിധ വിളിപ്പേരുകളിൽ അവർ സമൂഹത്തിൽ പരിഹാസ്യരായും ഒറ്റപ്പെട്ടും ജീവിക്കുന്നു. 

ഇത്തരത്തില്‍ ഒരു ജന്മം വീട്ടില്‍ ഉണ്ടായിപ്പോയി എന്നത് കൊണ്ട് മാത്രം പൊതു സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുടുംബങ്ങള്‍ പോലും നമുക്കിടയില്‍ ഉണ്ട്. അങ്ങനെ ജനിച്ചു പോയ ഒരാളെ ശരിപ്പെടുത്തി എടുക്കാം എന്ന് കരുതി വിവാഹ ബന്ധത്തില്‍ കുരുക്കിയിട്ട്, നീറി നീറി ജീവിക്കുന്നവരും അവരുടെ പങ്കാളികളും ഉണ്ട്. സമൂഹം അവരോട് ചെയ്യേണ്ടിയിരുന്നത്, അവരെ കൂടെ മുഖ്യധാരയിലേക്ക്‌ സ്വീകരിക്കുക എന്നതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മൂന്നാം ലൈംഗികത പേറുന്നവര്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. ഒരു ആണ്‍ ഹിജഡയ്ക്കു പെണ്‍ഹിജഡയില്‍ ഉണ്ടായ വിചിത്ര ജന്മം ഒന്നും അല്ല ഇവര്‍.  കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന നിലയില്‍ത്തന്നെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലൈസന്‍സും അടക്കമുള്ളവ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രാജ്യത്തെ പൗരന്മാരായ ഹിജഡകള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉറപ്പുവരുത്തണം.  ലൈംഗിക ന്യൂനപക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ  സർക്കാരും പൊതു സമൂഹവും ഒത്തൊരുമിച്ചു പ്രവര്ത്തിക്കേണ്ടതുണ്ട്. എന്തായാലും, യൂത്ത് ഡയലോഗ്, കേരളീയം, ജനനീതി, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, സംഗമ ബംഗളൂർ, ദേശ് പ്രൊജക്റ്റ്, സഹയാത്രിക തുടങ്ങി ഇവർക്ക് പിന്തുണ നൽകുന്ന സംഘടനകളുടെ എണ്ണം ഏറി വരുന്നത് ശുഭകരമാണ്. 

ആണ്‍ ലൈംഗികതയെയും പെണ്‍ ലൈംഗികതയെയും അംഗീകരിക്കുന്ന പൊതുസമൂഹം ഈ മൂന്നാം ലൈംഗികതയെ കൂടി അംഗീകരിച്ചിരുന്നെന്കില്‍ സാമൂഹ്യ വിപത്താവുന്ന തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഹിജഡക്കൂട്ടങ്ങള്‍ ഈ നാട്ടില്‍ ഉണ്ടാവില്ലായിരുന്നു. ഇതിപ്പോള്‍ ജീവിക്കാനുള്ള പണ സമ്പാദന ഉപാധി എന്നതിനൊപ്പം മുഖ്യധാരാ സമൂഹത്തോടുള്ള പക പോക്കല്‍ കൂടി ആയി നഗ്നത അനാവരണത്തെ അവര്‍ എടുത്ത് പ്രയോഗിക്കുന്നു. സഹജീവികളിൽ നിന്ന് തിരസ്കാരവും അവജ്ഞയും എതിർപ്പുകളും കൂടെക്കൂടെ നേരിടേണ്ടി വരുന്നവരിൽ സാമൂഹ്യവിരുദ്ധമോ ക്രിമിനൽ സ്വഭാവമുള്ളതോ ആയ വാസനകൾ വളർന്നു വരുന്നതിന് സമൂഹമല്ലാതെ ആരാണ് ഉത്തരവാദികൾ !!???

വേളാങ്കണ്ണിക്കുള്ള ട്രെയിനിൽ വച്ച് ഇവരെ വെറുത്തു പോയ ഞാൻ പിന്നീട് കണ്ടെത്തിയ അറിവുകളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ കുറച്ച് കാലത്തേക്കെങ്കിലും മനസാ വെറുത്ത് പോയതിന് ഓരോ ട്രാൻസ് സഹോദരനോടും സഹേദരിയോടും കാൽ തൊട്ട് മാപ്പ് ചോദിക്കുന്നു.... അവരെ മനസാ ചേർത്ത് പിടിക്കുന്നു.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 31 October 2016

അമ്പത് വർഷങ്ങൾ പിന്നിട്ട "ചെമ്മീനും" അൻസിബയുടെ "ഉത്തര ചെമ്മീനും"...


"പരീക്കുട്ടി : കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ; ഇത് വരെ നാം ഒരു മിച്ചായിരുന്നു, ഇനി ഞാൻ ഒറ്റയ്ക്കാണ്.
കറുത്തമ്മ : എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
പരീക്കുട്ടി  : കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ, എന്തിനാ നമ്മൾ കണ്ടു മുട്ടിയത് ?
പരീക്കുട്ടി  : ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും.
കറുത്തമ്മ : ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും.
പരീക്കുട്ടി  : അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
കറുത്തമ്മ : അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും.
പരീക്കുട്ടി  : എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും.

കറുത്തമ്മ : എന്റെ കൊച്ചു മുതലാളീ...."

സിനിമ കാണുന്ന ശീലമുള്ള ഓൾഡ്‌ ജെനറേഷനിലും മിഡിൽ ജെനറേഷനിലും പെട്ട ഏതൊരു വ്യക്തിയും മറക്കാത്ത ഒന്നായിരിക്കും ചെമ്മീൻ സിനിമയിലെ ഈ സംഭാഷണ ശകലം. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ "ചെമ്മീൻ" എന്ന മലയാള നോവലിന് ഈ വർഷം 60 വയസ്സ് തികയുകയാണ്. ചെമ്മീൻ നോവലിന്, എസ്.എല്‍.പുരം സദാനന്ദന്‍ തിരക്കഥയെഴുതി ചലച്ചിത്രകാരൻ രാമു കാര്യാട്ട് ചലച്ചിത്രഭാഷ്യം രചിച്ചു അതേ പേരിൽ പുറത്തിറക്കിയപ്പോൾ മലയാള സിനിമാ ശാഖയിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. മലയാളി സിനിമാ പ്രേമികൾ നെഞ്ചിലേറ്റുവാങ്ങിയ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ സിനിമാകൊട്ടകയിൽ ആദ്യ പ്രദർശനത്തിനെത്തിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. 1965 ആഗസ്ത് 19 നാണ് ചെമ്മീന്‍ സിനിമ റിലീസ് ചെയ്തത്. 

ഹിന്ദുസമുദായത്തിൽപ്പെട്ട ദരിദ്രമത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം സമുദായത്തിൽപ്പെട്ട മത്സ്യമൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായി നിലനിന്നിരുന്നു എന്ന് കഥാകാരൻ സമർത്ഥിക്കുന്ന, സ്ത്രീചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെയും സിനിമയുടെയും ത്രെഡ്. ചെമ്മീനിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രസംസ്കാരവും യാഥാർത്ഥ്യവുമായി ഒട്ടും ഒത്തുപോകുന്നില്ലെന്നും തകഴിയുടെ സ്വന്തം കൽപ്പനകൾ ഏറെ തെറ്റിദ്ധാരണാജനകമാണെന്നും അന്നേ വിമർശനമുണ്ടായിരുന്നു. എന്നാൽ, വിവാഹിതയായ ഒരു സ്ത്രീ ദാമ്പത്യ അവിശ്വസ്തത കാട്ടിയാൽ, അവളുടെ ഭർത്താവിനെ കടലമ്മ കൊണ്ടുപോകും എന്ന വിശ്വാസത്തെ ഈ ചിത്രം ഊട്ടി ഉറപ്പിച്ചു എന്ന് ഈ അടുത്തകാലത്ത് കൂടി മുക്കുവ സമുദായത്തിൽപ്പെട്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുമ്പോൾ, ഒരു കലാരൂപം മനുഷ്യന്റെ ജീവിതപരിസരങ്ങളെ എത്രത്തോളം സ്വാധീനിക്കാം എന്നതിന് വേറെ എന്ത് ഉദാഹരണമാണ് വേണ്ടത്. 

മലയാളത്തിലെ പതിവ് സിനിമാ രീതികളിൽ നിന്ന് മാറി, ഏറെ സാങ്കേതിക മികവോടെ പുറത്തിറങ്ങിയ ഈ ചിത്രം, ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ കമലം പുരസ്കാരം നേടി. ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് സുവര്‍ണ കമലം ലഭിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനു വിട ചൊല്ലി ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളില്‍ ഒന്നായിരുന്നു ചെമ്മീന്‍. മലയാളത്തിന്റെ പ്രിയ കവി വയലാർ രചിച്ച് സലില്‍ ചൗധരി ഈണം നല്കിയ മാനസ മൈനേ വരൂ..., പെണ്ണാളേ പെണ്ണാളേ..., കടലിനക്കരെ പോണോരേ..., പുത്തന്‍വലക്കാരേ... തുടങ്ങിയ  പാട്ടുകള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ആരും തന്നെ ആ തലമുറയില്‍ ഉണ്ടാകാൻ വഴിയില്ല. ഇന്നും ആ പാട്ടുകള്‍ കാലാതിവർത്തികളായി  നില നില്‍ക്കുന്നു. മധു, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സത്യന്‍,  എസ്.പി. പിള്ള, അടൂര്‍ ഭവാനി എന്നിവർ പ്രധാന വേഷങ്ങളില്‍ മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിലെ അനശ്വര അഭിനയമുഹൂര്‍ത്തങ്ങള്‍ പഴയ തലമുറക്കാരുടെ മനസ്സില്‍ നിന്ന് തീർച്ചയായും മാഞ്ഞിട്ടുണ്ടാവില്ല. 

കഥാകാരൻ കഥ എഴുതിയ കാലവും ചലച്ചിത്രകാരൻ സിനിമയെടുത്ത കാലവും തമ്മിൽ പത്തു വർഷത്തിന്റെ വിടവുണ്ടായിരുന്നെങ്കിൽ കൂടി കടപ്പുറ ജീവിതത്തെപ്പറ്റി മലയാളിക്ക് ഒരു ധാരണ ഉണ്ടാക്കിയെടുത്ത ചിത്രമായിരുന്നു ചെമ്മീൻ. ചെമ്മീന്‍ കഴിഞ്ഞിങ്ങോട്ട് മലയാളത്തിലിറങ്ങിയ അമരം, പുതിയ തീരങ്ങൾ തുടങ്ങി അപൂർവ്വം ചിത്രങ്ങൾ ഒഴികെ, ഒട്ടുമിക്ക കടപ്പുറചിത്രങ്ങളും ചെമ്മീനിന്റെ പ്രേതം (വസ്ത്രധാരണത്തിലും സംഭാഷണ ശൈലിയിലും മാത്രം) ആവേശിച്ച പടങ്ങളായിരുന്നു എന്ന് നിരീക്ഷിക്കാം. മാത്രവുമല്ല, അവയെല്ലാം തന്നെ നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രം പ്രമേയമാക്കി പടച്ചു വിട്ടവയും ആയിരുന്നു. ഇപ്പോഴും പ്രകൃതിയോടു മല്ലടിച്ച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ പരക്കെ അവഹേളിക്കുന്നതിന് പുറമേ,  സ്ത്രീ കഥാപാത്രങ്ങൾ സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും കാണിക്കുന്ന തരത്തിൽ മാറിടം വലിഞ്ഞുമുറുകിയ ബ്ലൗസും പൊക്കിളിനേക്കാൾ താഴ്ത്തി കുത്തിയ മുണ്ടും ആയിരിക്കണം ധരിക്കേണ്ടത് എന്ന് ഇത്തരം സിനിമകളുടെ സ്രഷ്ടാക്കൾക്ക് നിർബന്ധമുള്ളത്‌ പോലെ തോന്നാറുണ്ട്. ഇപ്പോഴും ഒറ്റക്കും തെറ്റക്കും കടാപ്പുറചിത്രങ്ങൾ ഇറങ്ങുന്നതിൽ അതിശയം ഒന്നും തോന്നിയില്ലെങ്കിലും, ദൃശ്യം ഫെയിം അൻസിബ നായികയാ "ഉത്തര ചെമ്മീൻ" എന്ന ചിത്രം ശരിക്കും അതിശയിപ്പിച്ചു. ഇന്റർനെറ്റിലും ചാനലുകളിലുമായി ഒളിഞ്ഞും തെളിഞ്ഞും പല X നിലവാരത്തിലുള്ള തുണ്ടുകൾ പാറിനടക്കുന്ന ഈ കാലത്തും പ്രേക്ഷകനെ രസിപ്പിക്കാനും തിയ്യെറ്ററിലേക്ക് ആളെ കയറ്റാനുമായി നായികയുടെയും സഹ നടിമാരുടെയും കൊഴുത്ത ശരീരത്തിന്റെ പടം വച്ച് പോസ്റ്ററടിക്കുന്ന പുത്തൻ തലമുറ സിനിമക്കാർ, ചെമ്മീൻ എന്ന ചിത്രം അതെടുത്ത കാലഘട്ടവും പശ്ചാത്തലവും മനസ്സിൽ വച്ച് കൊണ്ട്, ഒന്ന് രണ്ടാവർത്തി കൂടി കണ്ടു പഠിക്കുന്നത് നന്നായിരിക്കും. കൂടാതെ, ഇത്തരം ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ഒരു വട്ടമെങ്കിലും കടലോരത്ത് പോയി അവിടത്തുകാരുടെ ജീവിതവും പെരുമാറ്റരീതികളും വസ്ത്രധാരണത്തിലെ പ്രത്യേകതകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ 15 വർഷത്തിനിടക്ക് ഒരു കടപ്പുറത്തും ചെമ്മീനിലെപ്പോലെ വേഷമിട്ടു നടക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലും ഞാൻ കണ്ടിട്ടില്ല. അറുപതുകളുടെ മധ്യകാലത്ത് പുറക്കാട്ട് കടപ്പുറത്ത് ജീവിച്ചിരുന്ന മരക്കാത്തികളുടെ അതേ രീതിയിലാണ് ഇന്നും എല്ലാ കടപ്പുറത്തുമുള്ള സ്ത്രീകൾ ജീവിക്കുന്നത് എന്ന് ധരിച്ചു വച്ചിരിക്കുന്ന സിനിമാക്കാരുടെ കാലത്ത് ചെമ്മീൻ എന്ന വലിയ സിനിമയെ ഓർക്കുമ്പോൾ ഒരു വല്ലാത്ത സുഖം....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 20 October 2016

ഈ ബ്ലഡി മലയാളീസ് എന്തിനാണിങ്ങനെ ഹോണടിക്കുന്നത്....!!!????


ഞാന്‍ വള്ളി നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍; ഇതിന്റെ അര്‍ഥം ഞാന്‍ വള്ളി നിക്കര്‍ ഇട്ടിട്ടുണ്ട് എന്നല്ല. അതൊരു പ്രയോഗമാണ്. എന്റെ ബാല്യത്തില്‍ എന്നേ അര്‍ത്ഥമുള്ളു. ഇനി ഇനിയെങ്കിലും ഞാന്‍ ഒരു സത്യം പറയട്ടെ; ഞാന്‍ ഇന്നേ വരെ വള്ളി നിക്കര്‍ ഇട്ടിട്ടില്ല എന്ന് മാത്രമല്ല ഞാന്‍ സിനിമയില്‍ അല്ലാതെ അങ്ങനെ ഒരു സാധനം അന്നൊന്നും കണ്ടിട്ടില്ല. ഇപ്പൊ തീരെ ചെറിയ കുട്ടികളെ ഇടീച്ചു കൊണ്ട് നടക്കുന്നത് കാണാറുണ്ട്. അതൊക്കെ പോട്ടെ, ഞാന്‍ അത് പറയാനല്ല തുടങ്ങിയത്.  എന്റെ ബാല്യ കാലത്ത് എന്റെ ഒരു ആന്റിയുടെ വീടിനടുത്ത് കവലയിലെ  നിത്യസാന്നിധ്യമായിരുന്ന ഒരു അപ്പാപ്പന്‍ ഉണ്ടായിരുന്നു. നമ്മള്‍ എന്തെങ്കിലും ആവശ്യത്തിന് കടയില്‍ പോയാല്‍ അപ്പാപ്പന്‍ തടഞ്ഞു നിര്‍ത്തും. എന്നിട്ടൊന്നു മൂളും "ഊം". എങ്ങോട്ടാണ് പോകുന്നത് എന്നാണതിന്റെ അര്‍ത്ഥം. ഒന്ന് കട വരെ എന്ന് ഞങ്ങള്‍ (ഞങ്ങള്‍ എന്നാല്‍ ഞാനും ആന്റിയുടെ മകനും) മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം അടുത്ത മൂളല്‍ റിലീസ് ചെയ്തു "ഊം".  എന്തിനാണ് കടയില്‍ പോകുന്നത് എന്നാണു ഇത്തവണത്തെ മൂളലിന്റെ അര്‍ത്ഥം. താറാവ് വാങ്ങാന്‍ എന്ന് ഞങ്ങളുടെ മറുപടി. ദാണ്ടെ വരുന്നു, അടുത്ത മൂളല്‍. "ഊം". താറാവ് വാങ്ങാന്‍ എന്താണ് പ്രത്യേക വിശേഷം എന്നാണ് ഇത്തവണത്തെ മൂളലിന്റെ പൊരുള്‍. വല്ല്യപ്പച്ചനും വല്യമ്മച്ചിയും വരുന്നുണ്ട്. അപ്പോള്‍ വരുന്നു അപ്പാപ്പന്റെ വക അഞ്ചാമത്തെ മൂളല്‍ "ഊം". എന്തിനാണ് അവര്‍ വരുന്നത് എന്നാണ് ഇപ്പോഴത്തെ മൂലളിന്റെ ധ്വനി. അവര്‍ ഇവിടെ വന്നിട്ട് കുറച്ചു നാളായി; വെറുതെ വരുന്നതാ... ചോദ്യങ്ങള്‍ തീര്‍ന്നല്ലോ എന്നാശ്വസ്സിച്ചപ്പോള്‍ ദേ വരുന്നു, ആറാം മൂളല്‍... "ഊം"...... ഭാഗ്യം: എല്ലാം മനസ്സിലായി, പോയി താറാവിനെ വാങ്ങിക്കോ എന്ന അനുവാദം ആയിരുന്നു ആ ഒടുക്കത്തെ മൂളല്‍. എങ്ങനെയുണ്ട് മൂളല്‍ പരിപാടി. അങ്ങേരുടെ ആറു മൂളല്‍ കൊണ്ട് ഞങ്ങള്‍ ഒരു ചെറുകഥ തന്നെ അങ്ങേരെ പറഞ്ഞു കേള്‍പ്പിക്കേണ്ടി വന്നു. ഓരോ മൂളലിനും ഓരോ അര്‍ത്ഥമുണ്ടെന്നത് സത്യമായും എനിക്കൊരു അതിശയമായിരുന്നു.

ഏതാണ്ട് ഈ കഥയിലെ അപ്പാപ്പന്റെ മൂളല്‍ പോലെ പല അര്‍ഥങ്ങള്‍ ഉള്ളതാണ് മലയാളി (ഇന്ത്യക്കാര്‍ എന്നും വേണമെങ്കില്‍ വായിക്കാം), വണ്ടി ഓടിക്കുമ്പോള്‍ അടിക്കുന്ന ഹോണ്‍ ശബ്ദവും. സന്ദര്‍ഭത്തിനു അനുസ്സരിച്ച് അര്‍ഥങ്ങള്‍ മാറുന്നതാണ് ആ പീ പീ/പോം പോം/കീ കീ/പ്രോം പ്രോം ശബ്ദം. (പഴയ ബ്ലോ എയര്‍ ഹോണ്‍ നിരോധിച്ചത് കൊണ്ട് പ്രോം പ്രോം ഇപ്പോള്‍ കേള്‍ക്കാറില്ല; മറ്റു ശബ്ദങ്ങള്‍ ഓര്‍മ്മ വരുന്നുമില്ല. ക്ഷമിക്കണം )

വഴിയില്‍ ഒരാള്‍ വട്ടം കടന്നാല്‍ ഹോണ്‍ അടിക്കുന്നത് "ഒന്ന് വഴീന്നു മാറു ചേട്ടാ/പെങ്ങളേ/എഡോ" എന്ന് പറയാന്‍ വേണ്ടിയാണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം.

വളവില്‍ ഹോണ്‍ അടിക്കുന്നത് "ഞാനിതാ വരുന്നേ, എന്നെ വന്നു മുട്ടിയേക്കല്ലേ" എന്ന അഭ്യര്‍ത്ഥനയോ "ഞാന്‍ വരുന്നുണ്ട്; മാറിയില്ലെങ്കില്‍ നിന്റെ ഇടപാട് തീരും" എന്നാ ഭീഷണിയോ ആണെന്നും അറിയാത്തവര്‍ കാണില്ല. (രസകരമായ കാര്യം ഈ വിഭാഗത്തില്‍ പെട്ട ഹോണ്‍ അടി ഇപ്പോള്‍ പൊതുവേ കുറവാണ് എന്നുള്ളതാണ്; മിക്കവാറും വളവുകളില്‍ ഹോണ്‍ അടി കേള്‍ക്കുന്നത് അപൂര്‍വ്വമായിട്ടുണ്ട്)

നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പിറകില്‍ കൊണ്ട് പോയി ചേര്‍ത്ത് നിര്‍ത്തിയിട്ട് മുന്‍പിലെ വണ്ടിയെങ്ങാന്‍ അല്‍പ്പം പിറകോട്ടിറങ്ങിയാല്‍ ഒരടി ഉണ്ട് " അയ്യോ, വന്നെന്റെ മടിയില്‍ ഇരിക്കല്ലേ " എന്നാണതിന്റെ അര്‍ത്ഥം.

ഇനിയാണ് വിചിത്രമായ അടികള്‍ വരുന്നത്. 

നമ്മള്‍ ട്രാഫിക്‌ സിഗ്നലില്‍ ഒരു ലോറിയുടെ പിറകില്‍ കിടക്കുന്നു. ലോറി കാരണം സിഗ്നല്‍ പച്ചയായത് നമ്മള്‍ കാണുന്നില്ല. നമ്മളെക്കാള്‍ മുന്‍പേ പച്ച കണ്ട, നമ്മുടെ പിറകില്‍ കിടക്കുന്ന വണ്ടികള്‍ നിറുത്താതെ ഹോണ്‍ അടിക്കുന്നു. എന്താ അര്‍ത്ഥം " എടാ പൊട്ടന്‍ കൊണാപ്പാ, സിഗ്നല്‍ പച്ചയായി; എടുത്തിട്ട് പോ പണ്ടാരം". അത്രേയുള്ളൂ.  ചില സമയത്ത് തോന്നും നമ്മുടെ വണ്ടിക്കു എന്‍ജിന്‍ പവര്‍ പോരാഞ്ഞിട്ട് അവന്‍ സൌണ്ട് എനര്‍ജി കൂടി തന്നു വണ്ടി എടുത്തു നീക്കാന്‍ സഹായിക്കുകയാണ് എന്ന്.

നമ്മള്‍ സിഗ്നലില്‍ ഏറ്റവും മുന്‍പില്‍, അല്ലെങ്കില്‍ ഒരു റെയില്‍ ലെവല്‍ ക്രോസില്‍ ആണെന്ന് കരുതുക. പച്ച കിട്ടിയാല്‍ ഏതാണ്ട് കാല്‍ മിനിറ്റില്‍ താഴെ (അതായത് പതിനഞ്ചു സെക്കന്റില്‍ താഴെ) എടുക്കും ഗീര്‍ ഷിഫ്റ്റ്‌ ചെയ്തു മുന്നോട്ടെടുക്കാന്‍. അപ്പോള്‍ കേള്‍ക്കാം ഒരു ചെറിയ "പീ". ഒറ്റ അര്‍ത്ഥമേ ഉള്ളൂ; ഹലോ ഒന്നെടുക്കാമോ. പക്ഷെ അപ്പോഴേക്കും, ചെറിയ "പീ" അടിച്ച ചേട്ടന്റെ പിറകില്‍ നിന്ന് വിവിധ തരം ഹോണുകളുടെ ഉന്മത്ത സംഗീതം ഉച്ചസ്ഥായിയില്‍ തന്നെ കേള്‍ക്കാം; ഒരു കടലിരമ്പം പോലെ.

ഇനി, മേല്‍ പറഞ്ഞ കേസില്‍ ഏറ്റവും മുന്‍പിലെ വണ്ടി ഓട്ടുന്നത് ഒരു തരുണീമണിയാണെങ്കില്‍ ഇതേ ഹോണിന്റെ അര്‍ത്ഥം മറ്റൊന്നാണ്; "ആഹാ, ഞങ്ങള്‍ ഭരിക്കേണ്ട റോഡില്‍ നീ വണ്ടിയുമായി വന്നിരിക്കുന്നോ, എടുത്തു മാറ്റെടി" എന്ന്. ഓടിക്കുന്നത് പെണ്ണാണു എന്നു തിരിച്ചറിയുന്ന നിമിഷം കുഞ്ഞു പീ ശബ്ദം അതി ഭീകരമായ നീണ്ട ഹോണ്‍ ശബ്ദത്തിന് വഴി മാറിക്കൊടുക്കും. 

ഒരു പെണ്ണെങ്ങാന്‍ നമ്മുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്‌താല്‍ പിന്നെ ഹോണ്‍ അടിച്ചു പിടിച്ചു കൊണ്ടാണ് അതിനെ നമ്മള്‍ ഓവര്‍ ടേക്ക് ചെയ്യുന്നത്. ആ ഹോണിന്റെ അര്‍ത്ഥം "ധിക്കാരി അത്രക്കായോ, ഒരു ആണിന്റെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രം അഹങ്കാരമോ നിനക്ക്" എന്നാണ്.

അത് പോലെ, നമ്മള്‍ വണ്ടി ഓടിക്കുന്നു;  വളരെ തിരക്കിലാണ്. മുന്‍പിലെ ചേട്ടന്‍ അമ്മി കാറ്റത്ത്‌ ഇട്ട പോലെ  വളരെ പതുക്കെയാണ്. ഇത്തവണ ഹോണിന്റെ അര്‍ഥം "ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പഴങ്കഞ്ഞിയും കുടിച്ചിട്ട്. ഒന്ന് സൈഡ് മാറിത്താടാ *#@*@#$%&" എന്ന് മാത്രമാണ്.

അടുത്തത്; നമ്മള്‍ വണ്ടി ഓടിക്കുന്നു. മുന്‍പില്‍ പോകുന്ന വണ്ടിക്കാരനെ നമുക്കറിയാം. ഒരു ഹോണ്‍ അടിച്ചു. ഒപ്പം കയറി ചെന്ന് ഒരു ഹോര്ന്‍ കൂടി അടിച്ചു. പിന്നെ നീട്ടി ഒരു അടിയാണ്. ഇതേതു 
*#@*@#$%& ആടാ ഇത് പോലെ മരിച്ചു ഹോണ്‍ അടിക്കുന്നത് എന്നവന്‍ നോക്കുമ്പോള്‍ നമ്മളെ കാണുന്നു. ഇപ്പോള്‍ സംഗതികള്‍ ആകെ മാറി.  ഇപ്പോഴാണ്‌ മറ്റേ വണ്ടിക്കാരന് മനസ്സിലായത് "ഹോണ്‍ അടിച്ചു നമ്മള്‍ ഹായ് പറയുകയായിരുന്നു" എന്ന്. എങ്ങനെ ഒണ്ട് ഹോണിന്റെ കളി ??

ഒരു വണ്ടി മുന്‍പില്‍ പോകുന്നു, നമ്മള്‍ പുറകില്‍. ഒരു മുന്നറിയിപ്പും സിഗ്നലും ഇല്ലാതെ മുന്‍പിലെ ചേട്ടന്‍ വണ്ടി ഒതുക്കുന്നു. നമ്മള്‍ ഹോണ്‍ നീട്ടി അടിക്കുന്നു. എന്ത് മനസ്സിലാക്കണം . So Simple; "ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ നിന്റെ അപ്പന്‍ വരുമോടാ *#@*@#$%&" എന്ന് മാത്രം.

ഒരുത്തന്‍ നമ്മള്‍ ഓടിക്കുന്ന വണ്ടിയുടെ ഇടതു വശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്തിട്ട് നമ്മുടെ കണ്ണിന്റെ ബ്ലൈന്റ് സ്പോട്ടില്‍ ചെന്നിട്ട് ഹോണ്‍ അടിക്കുന്നു. നമ്മള്‍ ലെഫ്റ്റ് ഒതുക്കുന്നു. കാര്‍ന്നോന്മാരുടെ ദൈവനുഗ്രഹത്തിനു അപകടം ഒഴിവാകുന്നു. നമ്മള്‍ ഇരച്ചു കയറിച്ചെന്നു അവന്റെ ഒപ്പമാക്കി ഒരു ഹോണ്‍ മുഴക്കുന്നു. അര്‍ത്ഥം ഇതാണ്; "ഏതു *#@*@#$%& ക്കാടാ ഇടതു വശത്ത് കൂടി ഹോണ്‍ അടിച്ചിട്ട് കേറിപ്പോകുന്നത്" എന്ന്.

രാവിലെ പത്രക്കാരന്‍ ഹോണ്‍ അടിക്കുന്നത്, "ദേ ഇട്ടേക്കുന്നു. കൊണ്ട് പോയി വായിച്ചു നിര്‍വൃതി അടയൂ "എന്ന് അറിയിക്കാനാണ്. പാല്‍ക്കാരനും ഇതേ പോലെ തന്നെ "കൊണ്ട് പോയി തിളപ്പിച്ച്‌ കുടിക്കൂ; തന്റെ പള്ള നിറയട്ടെ" എന്നാണ് ഹോണിലൂടെ വിളിച്ചു പറയുന്നത്.

അടുത്തത്‌, സ്കൂള്‍ ബസ്‌/വാന്‍/ഓട്ടോ ക്കാരന്റെ വകയാണ്. കൊണ്ട് പോകാനുള്ള കുട്ടിയെയും കൊണ്ട് അവന്റെ അമ്മ/ അപ്പൂപ്പന്‍/ അമ്മൂമ്മ ഇറങ്ങി വരുന്നത് വരെ അടി തുടരും. "ഞാന്‍ എത്തിയിട്ടും ഇറങ്ങി വരാരായില്ലേ തള്ളെ/മൂപ്പീന്നെ/ചേച്ചീ" എന്നാണവന്റെ നീട്ടിയുള്ള ഹോണടി ചോദിക്കുന്ന ചോദ്യം.

ചില വാഹന ഓട്ടന്മാര്‍ (ഡ്രൈവ് ചെയ്യുന്നവര്‍)  പേ പേ എന്ന് എപ്പോഴും ഹോണില്‍ ഞെക്കി കളിച്ചു കൊണ്ടിരിക്കും. അതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല " എനിക്ക് യാതൊരു കോണ്‍ഫിഡെന്‍സുമില്ല; ആകെ എനിക്കറിയാവുന്നത് ഈ വണ്ടി കഷ്ടിച്ച് ഉരുട്ടാനും ഹോണ്‍ അടിക്കാനും ആണ്. നിങ്ങള്‍ വേണേല്‍ ഓടി മാറിക്കോ " എന്നാണ്.

പോലീസുകാര്‍ മന്ത്രിമാരെയും വി ഐ പി കളെയും കൊണ്ട് പറക്കുമ്പോള്‍ നിര്‍ത്താതെ അടിക്കുന്ന ഹോണിന്റെ അര്‍ത്ഥം " മണ്ടന്മാരെ മാറിക്കോ; ഈ നാട്ടില്‍ ജീവിക്കാന്‍ പഠിച്ചവര്‍ കടന്നു പോകട്ടെ , ഞങ്ങള്‍ അവര്‍ക്ക് വഴിച്ചൂട്ട് കാണിക്കട്ടെ" എന്നാണ്.

ഇനി വണ്ടി ഓടിക്കുന്ന ശൃംഗാരമൂരി ചേട്ടന്‍ വഴിവക്കില്‍ കൂടി ഒരു ലലനാമണി നടന്നു പോകുന്നത് കണ്ടാല്‍ അടിക്കും ഒരു കൊച്ചു "പീ". അതിന്റെ അര്‍ത്ഥം "ചെല്ലക്കിളീ നമ്മളെക്കൂടി ഒന്ന് കടാക്ഷിക്കൂ" എന്നാണ്.

അവസാനിപ്പിക്കുന്നതിനു മുന്‍പ് മറ്റൊരു "പീ" പുരാണം കൂടി.... ഞാന്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂര്‍ക്ക് പോകുന്നു. തോട്ടുംമുഖം ഭാഗത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് താളഭദ്രമായ അനേകം "പീ പീ" വിളികള്‍. ഒരു പറ്റം ബൈക്കുകള്‍ ആണ്. എല്ലാ ബൈക്കിന്മേലും ഒരു സംഘടനയുടെ കൊടികളും കെട്ടി വച്ചിട്ടുണ്ട്. ഞാന്‍ വണ്ടി നിര്‍ത്തി  ആ ബൈക്കുകളെ കടന്നു പോകാന്‍ അനുവദിച്ചു. അപ്പോഴാണ് മനസ്സിലായത്‌ ഞാന്‍ കേട്ട ഹോണ്‍ അടി മുദ്രാവാക്യം വിളിയായിരുന്നു എന്ന്.


ലൈറ്റ് കോഷന്‍ സിഗ്നല്‍ കൊടുക്കാന്‍ സാധിക്കുന്ന പാതി രാത്രിക്കും ഹോണ്‍ അടിക്കുന്ന മലയാളിക്ക് നല്ല നമസ്കാരം പറഞ്ഞു കൊണ്ട് ഞാനും അടിക്കട്ടെ ഒരു ഹോണ്‍. പോം...പോം.... ഇതിന്റെ അര്‍ത്ഥം, കൂടുതല്‍ എഴുതാന്‍ ഒന്നും തന്നെ എന്റെ തലയില്‍ തെളിയുന്നില്ല എന്നാണ്.


വാല്‍ക്കഷണം: ഇപ്പോള്‍ മിക്കവാറും എല്ലാ വണ്ടികളുടെയും ചില്ലില്‍ "HORN NOT OK", PLEASE NO HONKING" എന്നെഴുതിയ സ്റ്റിക്കറുകള്‍ കാണാറുണ്ട്. (ഇതൊക്കെ ഒട്ടിച്ച വണ്ടികളും ഹോണ്‍ അടിക്കുന്നതിനു ഒരു കുറവും വരുത്തുന്നില്ല കേട്ടോ) 

പണ്ട് റോഡില്‍ കാണാമായിരുന്ന ലോറികളുടെയും ചരക്കുവണ്ടികളുടെയും എല്ലാം പിന്നില്‍  SOUND HORN PLEASE, SOUND HORN OK, HORN PLEASE OK, BLOW HORN OK എന്നൊക്കെ എഴുതി വച്ചതായി കണ്ടിട്ടുണ്ട്. (മലയാള സിനിമയില്‍ ബാലന്‍ കെ നായരും അച്ചന്‍കുഞ്ഞും ജോസ് പ്രകാശുമെല്ലാം ജയന്‍, നസീര്‍, മധു, സുകുമാരന്‍, സോമന്‍ തുടങ്ങി പഴയകാല നായകന്മാരെ കൊല്ലാന്‍ വില്ലന്മാരെ വിട്ടിരുന്നത് ഇത്തരം ലോറികളില്‍ ആയിരുന്നു). തികച്ചും അബദ്ധനിര്‍ഭരമായ ഈ എഴുത്തിന്റെ ഗുട്ടന്‍സ്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്.

പണ്ട് പണ്ട് പണ്ട്, വളരെ പണ്ട് ലോറികളില്‍  ഇന്ധനമായിട്ട്  മണ്ണെണ്ണ ഉപയോഗിച്ചിരുന്നത്രേ. കുഞ്ഞു കുഞ്ഞു തട്ട് മുട്ട്  അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും വന്‍ തീ പിടിത്തവും നാശനഷ്ടങ്ങളും ഈ വണ്ടികള്‍ വഴി ഉണ്ടാവുമായിരുന്നു. അന്നൊക്കെ പിന്നില്‍ വരുന്ന വണ്ടികളോട് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ്  മണ്ണെണ്ണ ഉപയോഗിച്ച് ഓടുന്ന വണ്ടികളുടെ പിന്നില്‍

HORN PLEASEOKEROSENE 
BLOW HORNOKEROSENE

എന്നൊക്കെ എഴുതിവെക്കാന്‍ തുടങ്ങിയത്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍  "ഈ വണ്ടീടെ പള്ള നിറച്ചും മണ്ണെണ്ണയാണ്, ഹോണടിക്കാതെ കേറി വന്നു മുട്ടി തീ പിടിക്കരുത്, പിടിപ്പിക്കരുത് " എന്നാണ് ആ എഴുതി പിടിപ്പിച്ചതിന്റെ അര്‍ത്ഥം.

പിന്നെ പിന്നെ ലോറി ബോഡി പണിയുന്നവര്‍ അവരുടെ ഭാവനക്കും സര്‍ഗ പ്രതിഭക്കും അനുസരിച്ച് മേല്‍ പറഞ്ഞവയുടെ എല്ലാ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയത്രേ. ഇന്റര്‍നെറ്റ്‌ തന്ന അറിവാണിത്. ആധികാരികതയെ പറ്റി നിങ്ങളെപ്പോലെ എനിക്കും സംശയം ഉണ്ട്....പീ പീ കീ കീ പ്രോം പ്രോം .......


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



Friday, 30 September 2016

ഐലാന്‍ കുര്‍ദി അകലെയല്ല...അത് എവിടെയുമുള്ള ഒരു സാധ്യതയാണ്...

തീരത്തടിഞ്ഞ ആ ജീവനില്ലാത്ത കുഞ്ഞ് ശരീരം ലോകത്തെ കരയിക്കുമ്പോൾ,​ അങ്ങനെ അവനെ ആദ്യം കണ്ടയാളുടെ ഞെട്ടൽ ദിവസങ്ങൾക്ക് ശേഷവും  മാറിയിരുന്നില്ല.

''അവന് ജീവനുണ്ടാകണേ.. ‍ഞാൻ പ്രാർത്ഥിച്ചു.. പക്ഷേ,​ അവൻ അനങ്ങിയില്ല.. ഞാനാകെ തകർന്നു പോയി..'' ഐലാൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതശരീരം തീരത്തു നിന്ന് കോരിയെടുത്ത തുർക്കി പൊലീസുകാരൻ മെഹ്മത് സിപ്ലാക്ക് ഹൃദയഭേദകമായ ആ അനുഭവം പങ്കു വയ്ക്കുകയായിരുന്നു.

'ആറ് വയസ്സാണ് എന്റെ മോനും. കുഞ്ഞിനെ കണ്ടപ്പോൾ ഞാനവനെ ഓർത്തു,​ നിമിഷം കൊണ്ട് ഞാനൊരു അച്ഛന്റെ സ്ഥാനത്തായി. വാക്കുകൾക്ക് പറയാനാവില്ല,​ ആ കാഴ്ചയുടെ ദു:ഖവും ദുരന്തവും' -തുർക്കിയിലെ വാർത്താ ഏജൻസിയോട് മെഹ്മത് പറഞ്ഞതാണ്‌. ലോകത്തെ കരയിച്ച ആ ഫോട്ടോ എടുത്തത് കണ്ടില്ലെന്നും തന്റെ ജോലി ചെയ്യുകയായിരുന്നെന്നും അയാൾ പറഞ്ഞു. ഗ്രീസിലേയ്ക്കുള്ള രണ്ട് ബോട്ടുകൾ മുങ്ങി 12 പേരാണ് ആ ദിവസം   മരിച്ചത്. തെക്ക് പടിഞ്ഞ‍ാറൻ തുർക്കിയിലെ ബോഡ്രം തീരത്തടിഞ്ഞ ഐലാന്റെ മൃതശരീരം അഭയാർത്ഥി പ്രശ്നത്തിൽ പുതിയ ഒരേടായി മാറുകയായിരുന്നു. ഏതാനും ദിനങ്ങൾക്ക് ശേഷം സിറിയയിലെ കൊബേയ്നിൽ കുഞ്ഞിനെ സംസ്കരിക്കുകയും ചെയ്തു. നാലു വയസ്സുകാരൻ ചേട്ടൻ ഗാലിബ്,​ അമ്മ റിഹാന എന്നിവരും ഐലാനൊപ്പം മുങ്ങി മരിച്ചിരുന്നു. (കടപ്പാട് : കേരളകൌമുദി )


തുര്‍ക്കിയുടെ കടലോരത്ത് മരിച്ചുകിടന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസ് മാത്രം പ്രായമുള്ള നിഷ്കളങ്കബാലന്റെ ദാരുണചിത്രം ലോക മനഃസാക്ഷിയെ ഇപ്പോഴും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. നിലുഫര്‍ ഡെമിര്‍ എന്ന മാധ്യമപ്രവര്‍ത്തക പകര്‍ത്തിയ ഈ ചിത്രം പുറപ്പെടുവിക്കുന്ന നിശ്ശബ്ദമായ നിലവിളി ഏതു കഠിനഹൃദയനെയും ഒന്നുലയ്ക്കാൻ പോന്നതാണ്. അഭയാര്‍ഥികളുടെ നിശ്ശബ്ദരോദനങ്ങള്‍ ഒരിക്കൽക്കൂടി മാറിച്ചിന്തിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുന്നു. 

യുദ്ധങ്ങൾ !!! അത് ചെറുതായാലും വലുതായാലും, അതിനെന്തു പേര് കൊടുത്താലും സഹോദരഹത്യകൾ മാത്രമാണെന്ന് നാം എന്ന് തിരിച്ചറിയും ? അധികാരം കൈക്കലാക്കാനും അതിര്‍ത്തികള്‍ വിശാലമാക്കാനും  സാമ്രാജ്യം നിലനിർത്താനും നടത്തിയ, നടക്കുന്ന, നടക്കാനിരിക്കുന്ന ചെറുതും വലുതുമായ എത്രയെത്ര ചോരപ്പുഴകൾ. ചരിത്രം ഓര്‍മപ്പെടുത്തുന്നത് വിശാലമാക്കപ്പെട്ട ഒരതിര്‍ത്തിയും പിടിച്ചടക്കിയ ഒരധികാരവും ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യവും ശാശ്വതമല്ലെന്ന് തന്നെയാണ്. എങ്കിലും മതം, വർണ്ണം, വംശം തുടങ്ങി യുദ്ധം ചെയ്യാൻ നമുക്ക് എന്തെന്ത് കാരണങ്ങൾ. മനുഷ്യന്റെ അടിസ്ഥാന സംഘടനാ സംവിധാനമായ കുടുംബത്തിൽ തുടങ്ങി രാഷ്ട്രങ്ങൾ വരെ എത്തി നില്ക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആശയും ആവേശവും ജീവിതവും നഷ്ടപ്പെടുന്ന അഭയാർഥികളുടെ എണ്ണം അതി ഭീകരമാണ്. 

കുടുംബബന്ധങ്ങളിൽ  വിള്ളൽ വീഴുമ്പോൾ അനാഥർ ആവുന്ന കുഞ്ഞുങ്ങൾ മുതൽ രാഷ്ട്രീയ അസ്വസ്ഥതകൾ കൊണ്ട് പാലായാനം ചെയ്യുന്നവർ വരെ വിശാലമായ കാഴ്ചപ്പാടിൽ അഭയാർഥികൾ ആവുന്നു.....ഒരു നിമിഷത്തെ വീണ്ടുവിചാരം...വിട്ടുവീഴ്ച....കരുതൽ...അതൊക്കെ മതിയാവും, ഒരു പക്ഷെ ഒരു വൻ യുദ്ധം ഒഴിവാക്കാൻ....അത് കുടുംബത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രീയ നയതന്ത്രതലത്തിലായാലും....

ഐലാന്‍ കുര്‍ദിയുടെ ചിത്രം ഒരോര്‍മപ്പെടുത്തലാണ്. 

ഐലാന്‍ കുര്‍ദി അകലെയല്ല...
ഇന്നത് തുര്‍ക്കിയുടെ കടലോരത്താണെങ്കിൽ നാളെ ആ കടല്‍ത്തീരം എന്റെയും നിങ്ങളുടെയും കുടുംബമാകാം...
പണിസ്ഥലമാകാം...
ഗ്രാമമാകാം...
രാജ്യമാകാം...എവിടെയുമാകാം.
ഐലാന്‍ കുര്‍ദി ഞാനാകാം...
നിങ്ങളാകാം...
ആരുമാകാം....

യുദ്ധങ്ങളില്ലാതെ, ചോരപ്പുഴകളില്ലാതെ, മുറിപ്പെടുത്തലുകൾ ഇല്ലാതെ പ്രശ്നങ്ങൾ തീരുന്ന സമാധാനത്തിന്റെ പുലരി സംജാതമാവട്ടെ.... ഇപ്പോൾ ഒരു കുറുക്കൻ ചിരിയോടെ നിങ്ങൾ എന്നെ വിളിക്കുന്നുണ്ടാവും....മുഴുവട്ടൻ എന്ന്...സന്തോഷത്തോടെ ഞാൻ ആ വിളിയെ ശിരസാവഹിക്കുന്നു.... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 9 September 2016

കുറഞ്ഞ പക്ഷം മലയാളികൾ എങ്കിലും " PK " യെ വെറുതെ വിടണമായിരുന്നു....

നന്ദിയുടെ ഒരു വാക്ക് : പൊതുവെ തീയേറ്ററിൽ പോയി സിനിമ കാണാറില്ലാത്ത ഞാൻ രാജ്കുമാർ ഹിരാനി - ആമീർ ഖാൻ ടീമിന്റെ " PK " എന്ന ചിത്രം തീയേറ്ററിൽ പോയി കണ്ടു; കാരണം അതുയർത്തി വിട്ട "വിവാദം" മാത്രമാണ്. അത് കൊണ്ട് ഈ ചിത്രത്തിൻറെ പിന്നണി പ്രവർത്തകരോടെന്നതിനേക്കാൾ എനിക്ക് നന്ദിയുള്ളത് ഈ ചിത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചവരോടാണ്. ഒരു നല്ല ചിത്രം CD ഇറങ്ങുന്നതിനു മുൻപ് കാണാൻ അവർ മാത്രമായിരുന്നു കാരണക്കാർ.

"LAUGH & THINK Magazine" എന്ന വിശേഷണവുമായി മലയാളത്തിൽ ഇറങ്ങിയിരുന്ന "ബോബനും മോളിയും" എന്ന പുസ്തകത്തിന്റെ വിശേഷണം ഈ സിനിമയ്ക്കും ചാർത്താവുന്നതാണ്. "LAUGH & THINK സിനിമ" എന്ന് നിസ്സംശയം ഇതിനെ വിളിക്കാം. പണം കൊടുത്ത് സിനിമ കാണാൻ കയറുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും രസച്ചരട് പൊട്ടാത്ത ഒരു ദൃശ്യാനുഭവം പികെ സമ്മാനിക്കുന്നു എന്ന് ധൈര്യമായി പറയാം. ക്ലൈമാക്‌സിനു തൊട്ടു മുൻപ് വരുന്ന ചെറിയ ഒരു നാടകീയത ഒഴിവാക്കിയാൽ ആദ്യ സീൻ മുതൽ അവസാന സീൻ വരെയും പ്രേക്ഷകൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു, അല്ലെങ്കിൽ സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു. ഉള്ളു തുറന്നു ചിരിക്കാവുന്ന കുറെ കോമഡി രംഗങ്ങളും മനസ്സിനെ മഥിക്കാൻ തക്ക എണ്ണമില്ലാത്ത ചിന്താബീജങ്ങളും സമാനിക്കുന്ന ഒരു ലളിത ഗംഭീര ചിത്രം. സിനിമയിലെ ലളിത ഘടകങ്ങളെ വിട്ടു കളഞ്ഞാൽ ഓരോ സീനിലും ഭാരതത്തിന്റെ വിവിധ കോണുകളിൽ സാമൂഹ്യ മത രംഗങ്ങളിൽ നിലവിലിരിക്കുന്ന ആചാരങ്ങളും വ്യവസ്ഥകളെയും ചിത്രം തുറന്നു കാട്ടുന്നു. ഒരേ രൂപത്തിൽ പിറന്ന മനുഷ്യന്‍ മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് തുറന്നു കാണിക്കാൻ ഈ ചിത്രം ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തുറന്ന യുക്തിയും സാമാന്യ ബോധവും കൊണ്ടാണ് ഈ സിനിമയെ അളക്കാവൂ.

ഭാഷയുടെയും മതത്തിന്റെയും  രാഷ്ട്രത്തിന്റെയും അതിർ വരമ്പുകളെ പരിഗണിക്കാതെ ഭൂമിക്കു പുറത്തു നിന്ന് വന്ന പീ കെ എന്ന കഥാപാത്രം ചിത്രത്തിൽ ഒരു സമയത്ത് പോലും ഒരു അസാധാരണ-അമാനുഷ നായകൻ ആവുന്നില്ല. ഇത്തരം ഒരു കഥാപാത്രം ഇന്ത്യയിൽ ഒരു ചലച്ചിത്രത്തിലും ഉണ്ടായിക്കാണാൻ ഇടയില്ല. ദൈവങ്ങളുടെ പേരിൽ വിവിധ മതങ്ങളും അവയുടെ നടത്തിപ്പുകാരും ഉണ്ടാക്കിയ ആചാരങ്ങളുടെയും മാമൂലുകളുടെയും ജീവിത രീതികളുടെയും കാമ്പില്ലായ്മയെ നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് പീ കെ അവതരിപ്പിക്കുന്നു. ചിത്രം ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ദൈവവും അതിന്റെ നടത്തിപ്പുകാരും ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മതം സൃഷ്ടിച്ചെടുത്തിട്ടുള്ള അതിന്റെ നടത്തിപ്പ് സംവിധാനങ്ങളോടും അതിന്റെ കാര്യസ്ഥന്മാരോടും ആള്‍ ദൈവങ്ങളോടും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വിധേയത്വവും തെല്ലു ഭയവും ചിത്രം തുറന്നു കാട്ടാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ആരോഗ്യകരമായും ക്രിയാത്മകമായും എങ്ങനെ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കൂടി അവതരിപ്പിക്കാൻ ചിത്രം തയ്യാറാകുന്നിടത്ത് ചിത്രത്തിൻറെ മികച്ച നിലവാരം കാണാവുന്നതാണ്.

മൊത്തത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ ഈ സിനിമ ഇവിടത്തെ ഭൂരിപക്ഷ മതത്തിനെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്ന ചിലരെയാണ് വിമർശിക്കുന്നതെങ്കിലും "വെട്ടു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒട്ടു മിക്ക മുഖ്യധാരാ മതങ്ങളെയും ഒന്ന് ഞോണ്ടാൻ മുതിർന്നിട്ടുണ്ടെന്നും സൗകര്യപൂർവ്വം മറക്കരുത്. സ്വന്തം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെല്ല് അസഹിഷ്ണുതയോടെ കാണുന്ന വടക്കേ ഇന്ത്യയെ നമുക്ക് വെറുതെ വിടാം...

എന്നാൽ ഇത്തരം കാര്യങ്ങളിൽ പൊതുവെ സംയമനവും അതിനേക്കാൾ നിസ്സംഗതയും പുലർത്തുന്ന കേരളത്തിലും ഈ സിനിമക്കെതിരെ ആക്രോശങ്ങളും പല്ല് കടിയും അക്രമങ്ങളും ഉണ്ടായി എന്നത് മത നിരപേക്ഷ കേരള സമൂഹത്തിനു തീരെ നിസ്സാരമായി കാണാവുന്ന കാര്യമല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് "നിർമ്മാല്യ"ത്തിലെ പി ജെ ആന്റണിയുടെ വെളിച്ചപ്പാട് ദേവി വിഗ്രഹത്തിൽ തുപ്പിയത് ക്ഷമിച്ച അത്രയും നിലവാരവും സഹിഷ്ണുതയും ഇന്നത്തെ മലയാളിക്കില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെ ഈ തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ, ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്, കിംഗ്‌ V/S കമ്മീഷണർ മുതലായ ചിത്രങ്ങളും കുറച്ചു കൂടി പഴയ ഏകലവ്യൻ, ദാദാ സാഹിബ്‌ മുതലായ ചിത്രങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ച മലയാളി പ്രേക്ഷകർ ഇതിന്റെയൊന്നും പകുതി പോലും വിമർശനം നടത്താൻ പരാജയപ്പെട്ട  " PK " യെ വെറുതെ വിടാമായിരുന്നു. 2012 ൽ ശ്രീ സജീവൻ അന്തിക്കാട് എന്ന സംവിധായകൻ "പ്രഭുവിന്റെ മക്കൾ" എന്ന ചിത്രത്തിലൂടെ ഉയർത്തിയതിന്റെ പത്തിൽ ഒരംശം പോലും സാമൂഹ്യ വിമർശനം "PK" ഉയർത്തുന്നില്ല എന്നത് ഒരു വാസ്തവമായി അവശേഷിക്കുമ്പോൾ, കുറഞ്ഞ പക്ഷം, സിനിമ കണ്ടതിനു ശേഷം മതിയായിരുന്നു അതിനെതിരെ കല്ലും കുപ്പിച്ചില്ലും ഒക്കെ എടുക്കാൻ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക