ഞാൻ വെറും പോഴൻ

Friday, 8 June 2018

(കേരളത്തില്‍) എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍......


Kick Off :           ലോകത്ത് ഏറ്റവുമധികം ജനങ്ങൾ കളിക്കുന്നതും ഇഷ്ടപ്പെടുന്നതും കാഴ്ചക്കാരുള്ളതുമായ കായിക വിനോദമേതാണ് എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകാന്‍ വഴിയുള്ളൂ. അത് ഫുട്ബോള്‍ ആണ്. അമിത മലയാള സ്നേഹത്താല്‍ നമുക്കതിനെ കാൽപന്തുകളി എന്ന് വിളിക്കാം. ഫുട്ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികള്‍ ഉള്ളതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാനായി അവര്‍ നമ്മുടെ കാല്‍പ്പന്തുകളിയെ സോക്കര്‍ എന്നാണ് പറയുന്നത്.  

First Half :  ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട് സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നത്രേ. റോമന്‍ യുഗത്തില്‍ ഈ കളിയുടെ ആദിരൂപങ്ങള്‍ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ചിരുന്ന 'എപ്പിസ്ക്കുറോസ്' എന്ന കളിയെപ്പറ്റി ഗ്രീക്ക് ചരിത്രവും പറയുന്നുണ്ട്. ഇറ്റലിയില്‍ നിലവിലിരുന്ന 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയുടെ പിറവിയെപ്പറ്റി പലവിധ കഥകള്‍ പ്രചാരത്തിലുണ്ട്.

Half Time :  ഭാവനാരഥത്തിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം. ഏതോ ഒരാള്‍ ഏതോ ഒരു വസ്തു കാലുകൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുന്നു. അയാളെ തടഞ്ഞ് അത് കൈക്കലാക്കാന്‍ മറ്റൊരാളെത്തുന്നു. രണ്ടു പേര്‍ക്കും പിന്തുണയുമായി കുറച്ചു കൂടി ആളുകള്‍. അത് ഒരു മത്സരമായി മാറുന്നു. പിന്നീട് അത് ഒരു സ്ഥിരം വിനോദോപാധിയാകുന്നു. കാലക്രമത്തില്‍ ഏകീകൃത നിയമങ്ങളുമായി അത് ഫുട്ബോള്‍ എന്ന കളിയാകുന്നു. 

Second Half : എന്തായാലും ഗവേഷകര്‍ക്ക് ഈ കളിയെപ്പറ്റി സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ടെങ്കിലും സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ഈ കളി കടന്നുവന്ന് പ്രചുരപ്രചാരത്തിലായിട്ട് ഒന്നര നൂറ്റാണ്ട് ആവുന്നതേയുള്ളൂ. ഇക്കാലഘട്ടത്തിനിടക്ക് ഈ ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വളര്‍ച്ച എത്രയോ വേഗത്തിലും തീവ്രവും ആയിരുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. വ്യക്തികള്‍ക്കും ഗോത്രങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വികാരമാണിപ്പോള്‍. അതിനു രൂപത്തിനെ കവച്ചു വയ്ക്കുന്ന ഒരു മാസ്മര ജനകീയ ഭാവമാണുള്ളത്.  

Injury Time : ലോ­ക­മെ­മ്പാ­ടു­മു­ള്ള ഫു­ട്‌­ബോൾ ആ­രാ­ധ­ക­രു­ടെ നെ­ഞ്ചി­ടി­പ്പി­ന്‌ ആ­ക്കം കൂ­ട്ടി കാൽ­പ­ന്തു­ക­ളി­യു­ടെ വ­സ­ന്ത­കാ­ലം വന്നെത്തിക്കഴിഞ്ഞു. കാറ്റ് നിറച്ച ഈ തുകൽപ്പന്തിലേക്ക് ഒതുങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി. ഭൂമിയെ ഒരു ഫുട്ബോളായും രാജ്യങ്ങളെ ആ പന്തിലെ തുകൽക്കഷണങ്ങളായും സങ്കൽപ്പിച്ചാൽ അതിലെ ഏറ്റവും വലിയ തുകൽക്കഷണമായ റഷ്യയിലാണ് ഇത്തവണ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഒരു കാലത്ത് ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സോവിയറ്റ് യൂണിയൻ എന്ന "സോഷ്യലിസ്റ്റ് സ്വപ്ന സാമ്രാജ്യം" പല രാജ്യങ്ങലായി ചിതറിപ്പോയി റഷ്യ എന്ന രണ്ടക്ഷരത്തിലൊതുങ്ങിയ ശേഷം ഈ ലോകത്തിനു മുന്നിൽ അവർ അഭിമാനപൂർവ്വം തലയുയർത്തിപ്പിടിച്ചു നടത്തുന്ന ഒരു ബൃഹത്ത് പരിപാടിയാണ് ഈ ലോകകപ്പ്. റഷ്യയിൽ എന്ന് മാത്രമല്ല കിഴക്കേ യൂറോപ്പിൽ തന്നെ ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻ കരകളിലായി (യൂറോപ്പ്, ഏഷ്യ) നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ. ഇറ്റലിയും ഹോളണ്ടും ഇല്ലാത്ത ഒരു ലോകകപ്പ്. ഒരു പക്ഷെ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതവസാന ലോക കപ്പ് മത്സരമായേക്കാം. ആരൊക്കെ വാഴും; ആരൊക്കെ വീഴും; ആരൊക്കെ കറുത്ത കുതിരകളാകും; ആരൊക്കെ അട്ടിമറിക്കപ്പെടും; പ്രവചനങ്ങൾ അസാധ്യം !!!

Extra Time : കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നും ഒരു ലഹരി തന്നെയാണ്. കേരളവും ലോകകപ്പ്‌ ലഹരിയില്‍ മുഴുകിക്കഴിഞ്ഞു. (ലോക കപ്പ് മാത്രമല്ല... കോപ്പ അമേരിക്ക, യൂറോ കപ്പ്.... അങ്ങനെ ഏത് കാൽപ്പന്ത് ടൂർണമെന്റിനും ഇവിടെ ലഹരിക്ക്‌ കുറവൊന്നുമില്ല.) കേരളത്തി­ന്റെ ഓരോ മു­ക്കും മൂലയും ലോകകപ്പിനെ ആഘോഷിക്കുകയാണ്. നാ­ട്ടിൻ  പുറ­മെന്നോ നഗരമെന്നോ ഭേദമില്ലാതെ ഇഷ്ട ടീമുകളെ പ്രകീര്‍ത്തിച്ചു കൊണ്ടും എതിര്‍ ടീമിനെ വെല്ലു വിളിച്ചു കൊണ്ടും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ലോകകപ്പ് തരംഗം അലയടിക്കുന്നു. സിനിമാ പോസ്റ്ററുകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന വാചകങ്ങള്‍ ആണ് ഓരോ പോസ്റ്ററിലും ബാനറിലും. ബ്രസീലും കേരളവും തൊട്ടടുത്താണെന്നു തോന്നും ആരാധകരുടെ ഈ യുദ്ധം കണ്ടാല്‍. ഓരോ താരങ്ങളും തങ്ങളുടെ ­കൂടെ ക്ലബ്ബില്‍ കളിക്കുന്നവരാണ് എന്നാണു ഓരോ പോസ്റ്ററുകളും വായിച്ചാല്‍ തോന്നുക. ഇഷ്ട താരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുന്നവരും വാഹനങ്ങളില്‍ ഇഷ്ട ടീമുകളുടെ പതാക പ്രദര്‍ശിപ്പിക്കുന്നവരും കുറവല്ല. ബ്ര­സീ­ലി­നും അർ­ജന്റീ­ന­ക്കും ജർ­മ്മ­നിക്കുമാണ് പൊ­തു­വേ ആ­രാ­ധ­ക­ര്‍ കൂടുതല്‍. ഇം­ഗ്ള­ണ്ടി­നും  ഫ്രാൻ­സി­നും സ്പെയിനിനും പോർ­ച്ചു­ഗ­ലി­നുമൊ­ക്കെ ആരാധകര്‍ സജീവമാണ്. 

Shoot Out :  ഈ അവസരത്തില്‍ ഉയരുന്ന ചോദ്യങ്ങൾ പലതാണ്... 

ഇവിടത്തെ ജനങ്ങള്‍ ഫുട്ബോളിനോട് കാണിക്കുന്ന ആവേശത്തിന്റെയും താല്പര്യത്തിന്റെയും നൂറിലൊരംശം ഇവിടത്തെ ഭരണാധികാരികള്‍ ഈ കളിയെ പ്രോല്‍സാഹിപ്പിക്കാന്‍ കാണിക്കുന്നുണ്ടോ ?

ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ക്രിക്കറ്റിനേക്കാളും ഹോക്കിയെക്കാളും മറ്റേതൊരു കളിയെക്കാളും സാധ്യത ഫുട്ബോളിന് ഉണ്ടെന്നിരിക്കെ, ഫുട്ബോള്‍ വളര്‍ത്താന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ എന്താണ് ചെയ്യുന്നത് ?

ഈ കളിയ്ക്ക് ഇവിടെ ലഭ്യമായിട്ടുള്ള മത്സരവേദികളില്‍ ജയിക്കുകയോ നേട്ടങ്ങള്‍ കൊയ്യുകയോ ചെയ്ത ടീമുകളെയോ വ്യക്തികളെയോ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാന്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കാറുണ്ടോ ?

നല്ല കളിസ്ഥലങ്ങളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്‍റ് വിജയിച്ചിട്ടുണ്ടോ ?

ഒരു ചെറിയ ഗ്രൗണ്ടിനു ചുറ്റും നിന്ന് കാണുന്ന സെവൻസ് ഫുട്‌ബോളും, ജില്ലാ ലീഗും സംസ്ഥാന ലീഗും ദേശീയ ലീഗുമൊക്കെ അങ്ങനെയൊക്കെ നടന്നു പോയ്ക്കോളും എന്ന രീതിയിലുള്ള അധികാരികളുടെ വികല മനസ്ഥിതി അല്ലെ നമ്മുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നത് ?

ഇത്തരം അവഗണനകള്‍ക്കെതിരെ ഇപ്പോള്‍ ഉറക്കമിളച്ചു കട്ടന്‍ ചായയും കുടിച്ചു കളി കാണുന്നവര്‍ എത്രത്തോളം പ്രതികരിച്ചിട്ടുണ്ട്

ഇപ്പോള്‍ വിദേശ ടീമുകളുടെ ഫ്ലക്സ്‌ വയ്ക്കാനും കൊടി കെട്ടാനും നടക്കുന്നവര്‍ സംഘടിച്ചു വില പേശിയാല്‍ തന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ അനുകൂലമായ നിലപാടുകള്‍ എടുക്കില്ലെ ?

സെലിബ്രിറ്റി ക്രിക്കറ്റിനു പോലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന നമ്മുടെ നാട്ടില്‍ ഫെഡറേഷന്‍ കപ്പിനും നമ്മുടെ ലോക്കല്‍ ലീഗുകള്‍ക്കും കാണികള്‍ കുറയുന്നതിന് ആരെയാണ് കുറ്റം പറയേണ്ടത് ?

ഇത്തരം ചെറുകിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്ത് നടപടികളാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് ?

പ്രോത്സാഹനവും ജനക്കൂട്ടവും തന്നെയാണ് ഏതൊരു കളിക്കാരനെയും കളിയേയും മികച്ച നിലവാരത്തിലെത്തിക്കുന്നത്. പ്രീമിയർ ലീഗും സ്പാനീഷ് ലീഗും ഇംഗ്ലീഷ് ലീഗും മാത്രം നോക്കിയിരിക്കാതെ നമ്മുടെ നാട്ടില്‍ നടക്കുന്ന കളികളിലും പരമാവധി കാണികള്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടത് ഓരോ ഫുട്ബോള്‍ പ്രേമിയുടെയും കടമയല്ലേ ?

Sudden Death (കാടനടി) : മനുഷ്യ വിഭവ ശേഷിയും സാമ്പത്തിക ഭദ്രതയും നമ്മുടെ അത്ര പോലുമില്ലാത്ത, നമ്മുടെ നാട്ടിലെ ഒരു നിയോജകമണ്ഡലത്തിന്റെയത്ര വലിപ്പമില്ലാത്ത രാജ്യങ്ങൾ പോലും ഇന്ന് ലോക ഫുട്‌ബോളി മികച്ച പ്രകടനം നടത്തുമ്പോള്‍, ലോകഫുട്ബാള്‍ നിലവാരത്തിന്റെ എഴയല്‍പക്കം ചെല്ലാന്‍ യോഗ്യത ഇല്ലാതെ,  ഇവിടെ കുത്തിയിരുന്നു വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ "കല്യാണരാമന്‍" സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ കോമഡി ഡയലോഗാണ് ഓര്‍മ്മ വരുന്നത്


 "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ !!!"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Saturday, 2 June 2018

ജാത്യാഭിമാനക്കൊലയുടെ ഇര നീനുവിനൊരു മുന്നറിയിപ്പ്...!!!

പ്രിയ നീനു....

ഇപ്പോൾ നീ കാണുകയും കേൾക്കുകയും ചെയ്യുന്ന ഐകദാർഢ്യ പ്രഖ്യാപനങ്ങളിലും സഹതാപ പ്രകടനങ്ങളിലും ഒത്തിരി ആശ്വസിക്കുകയോ സന്തോഷിക്കുകയോ അരുത്; മാത്രവുമല്ല അതിനെയൊക്കെ നീ തെല്ല് ഭയക്കേണ്ടതുമുണ്ട്...

നീ കെവിന്റെ വിധവയായി കഴിയാനുറച്ചു എന്ന തീരുമാനത്തിനെ അനശ്വര പ്രണയത്തിന്റെയും സമർപ്പണത്തിന്റെയും ധീരതയുടെയും ഒക്കെ ഉദാത്തമാതൃക എന്ന നിലയിൽ വാഴ്ത്തുപാട്ട് രചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പൊതുസമൂഹം ഇത് വരെ. ഇപ്പോൾ നീ വീണ്ടും പഠനത്തിനായി കോളേജിലേക്ക് തിരിച്ചു വന്നപ്പോഴും മാധ്യമങ്ങളും സമൂഹവും നിന്നെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ്. പക്ഷെ, കവലക്കൂട്ടങ്ങളിലും പരദൂഷണക്കമ്മിറ്റികളിലും നീ ഭാവിയിൽ എന്ത് ചെയ്യുമെന്ന പ്രവചനങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്.

നിനക്ക് കേവലം 20 വയസ് മാത്രമേ ഉള്ളുവെന്നും നീയൊരു വിദ്യാർത്ഥിനി ആണെന്നുമൊക്കെ ഈ സമൂഹം മറക്കാൻ അധികം സമയം വേണ്ട. നീ വെള്ളയുടുത്ത് എന്നും കെവിന്റെ ഓർമ്മകളിൽ ജീവിച്ചു തീർക്കുന്നതിനോടായിരിക്കും ഭൂരിപക്ഷ സമൂഹത്തിനെന്നും താല്പര്യം. സമാനതകളില്ലാത്ത മാനസിക സമ്മർദ്ദമനുഭവിക്കുന്ന പെൺകുട്ടിയുടെ വിഭ്രാന്തിയോളം പോന്ന വികാരഭരിതമായ വാക്കുകൾക്ക് ഈ സമൂഹ മനഃസാക്ഷി നൽകുന്ന പ്രാധാന്യം നാളെ നിന്റെ നേരെ വിരലുകൾ ചൂണ്ടാൻ കാരണമായേക്കും. 

പെരുമ്പാവൂരിലെ ജിഷയുടെ അമ്മയ്ക്ക് ഐകദാർഢ്യപ്പെരുമഴയും സഹതാപക്കടലും സഹായപ്രളയവും ഒരുക്കിയവർ തന്നെയാണ് ആ അമ്മയെ സദാ പിന്തുടർന്ന് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നിരന്തരം ഉറ്റു നോക്കുന്നതും ക്യാമറകൾ പായിക്കുന്നതും സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്നതും സമൂഹത്തിൽ താറടിക്കുന്നതും അവഹേളിക്കുന്നതും. 

ദുരന്തങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർക്ക്, സഹായവും സഹതാപവും ഒക്കെ ഞങ്ങൾ നൽകും. പക്ഷെ, പിന്നീടവർ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ജീവിക്കാൻ പാടുള്ളു എന്ന് ഞങ്ങൾക്ക് നല്ല നിർബന്ധമുണ്ട്. ദുരന്തങ്ങളുടെ ഇരകൾ കഷ്ടിച്ച് ഉപജീവനമേ നടത്താവൂ; വളർച്ചയിലേക്ക് അതിജീവനം നടത്തുന്നത് ഞങ്ങളിലെ ഫ്യൂഡലിസ്റ്റുകൾക്ക് ഇഷ്ടമല്ല.   

പ്രിയ സോദരി നീനു, നീയിനി സന്തോഷിക്കാനോ ആഘോഷിക്കാനോ ഭേദപ്പെട്ട മറ്റൊരു ജീവിതം ആഗ്രഹിക്കാനോ പാടില്ല; അതിന് സമ്മതിക്കില്ല ഞങ്ങൾ. ഞങ്ങളുടെ സോഷ്യൽ ഓഡിറ്റിങ് കണ്ണുകൾ സദാ നിന്റെ മേൽ ഉണ്ടായിരിക്കും...... അത് കൊണ്ട് വളരെ സൂക്ഷിച്ച് കരുതലോടെ വേണം ഭാവി കെട്ടിപ്പടുക്കാൻ.... പറ്റുമെങ്കിൽ മറ്റൊരു നാട്ടിൽ പോയി.... കാരണം ഞങ്ങൾ വരയ്ക്കുന്ന വരയ്ക്ക് പുറത്തു പോകുന്നവരെ ഞങ്ങൾ വെറുതെ വിടില്ല; ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയ്ക്ക് പുറത്ത് ജീവിക്കുന്നവരെ ഞങ്ങൾ ജീവിക്കാൻ അനുവദിക്കില്ല..!!!!

പെരുമ്പാവൂരിലെ ജിഷയുടെ അമ്മയെ അപഹസിക്കുന്നതിനെതിരെ എഴുതിയ കുറിപ്പ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം....===> ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 3 May 2018

നരേന്ദ്ര"മൗനി"യും "മൗൻ"മോഹൻസിങ്ങും : ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട.....!!!

2004 തുടങ്ങി പത്തു വർഷക്കാലം കോണ്‍ഗ്രസ്‌ നേതൃത്വം കൊടുത്ത് ഇന്ത്യ ഭരിച്ച യു പി എ സര്‍ക്കാരിന്റെ കടുത്ത ജനദ്രോഹങ്ങൾ സഹിക്കാതെ വന്നപ്പോള്‍ മുതല്‍ തലയ്ക്കു വെളിവുള്ള ഓരോ ഇന്ത്യക്കാരും ഉറ്റു നോക്കിയിരുന്ന കാര്യം ഒന്ന് മാത്രമായിരുന്നു. എന്നാണ് അടുത്ത തിരഞ്ഞെടുപ്പ് വരുന്നത്. മന്മോഹന്‍ ചക്രവര്‍ത്തിയും ചിദംബരം മന്ത്രിയും കൊട്ടാരം ഉപദേശകന്‍ അലുവാലിയ സാറും അമുല്‍ യുവരാജാവും മദാമ്മ റാണിയും മന്ത്രി സൈന്യവും ഒക്കെ കൂടി ഇവിടത്തെ  ജനത്തിനെ ക്ഷമയുടെ നെല്ലിപ്പലക എന്ന വസ്തു കാണിച്ചപ്പോഴാണ് ജനം നിലമറന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ജനദ്രോഹികള്‍ക്ക് ഒരു പണി കൊടുക്കാന്‍ ഇവരെ വലിച്ചു താഴെയിട്ടു "വേറെ ആരേയെന്കിലും" കയറ്റി ഇരുത്തണം എന്ന് മാത്രമേ അന്ന് സാമാന്യജനത്തിന്റെ ചിന്തയിലുണ്ടായിരുന്നുള്ളൂ. ജനദ്രോഹത്തിന് ഒരു ശിക്ഷ...അത്ര മാത്രം....അല്ലാതെ, പകരം വരുന്നവര്‍ നമ്മളെ അങ്ങ് സേവിച്ച് ആനന്ദ സാഗരത്തില്‍ ആറാടിക്കും എന്നൊന്നും ഇത് വരെ ഉള്ള അനുഭവം വച്ച്, വായിലൂടെ ഭക്ഷണം കഴിക്കുന്നവര്‍ ആരും ചിന്തിച്ചു കാണാൻ വഴിയില്ല. അങ്ങനെ പകരം വക്കാന്‍ ആര് എന്ന് നോക്കുമ്പോള്‍, കസേരയില്‍ കയറ്റി ഇരുത്താന്‍ യോഗ്യത ഉള്ള ആരെയും കാണാനില്ല എന്നതായിരുന്നു യാഥാർഥ്യം. പക്ഷെ ജനം ഒരു കാര്യം മനസിലാക്കി; യുപിഎ ഭരിച്ചനേക്കാള്‍ മോശമായിട്ടൊന്നും ആര് വിചാരിച്ചാലും ഭരിക്കാന്‍ പറ്റുകേല; അങ്ങേയറ്റം വഷളായിരുന്നു ഭരണരംഗം. മഷിയിട്ടു നോക്കിയിട്ടും ദേശീയ തലത്തില്‍ മെച്ചപ്പെട്ടൊരു ജനാധിപത്യബദല്‍ സാധ്യത ജനത്തിന് കണ്ടെത്താനായില്ല. 

അപ്പോഴാണ്‌ ‘ഗുജറാത്ത് മോഡൽ’ എന്ന കല്പിതകഥയുടെ മേമ്പൊടിയോടെ ഹൈടെക്‌ വികസനത്തിന്റെ മൊത്തകച്ചവടക്കാരൻ എന്ന നിലയിൽ മോദിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി മുന്നോട്ട് വച്ചത്. വികസനമിട്ടായി ദഹിക്കാത്തവർക്ക് വേണ്ടി 2002-ലെ ഗുജറാത്ത് നരഹത്യ വഴി ഉണ്ടാക്കിയെടുത്ത മുസ്ലിം വിരുദ്ധ സ്ട്രോങ്മാൻ ഇമേജ് കൂടി പ്രോജക്റ്റ് ചെയ്ത് നടത്തിയ പ്രൊഫഷണൽ പാക്കേജിങ് മികവിൽ മോഡി ഒരു തിരഞ്ഞെടുപ്പ് ഐക്കോൺ ആയി മാറി. കടുത്ത സംഘവിരോധികൾ പോലും, മോദി എങ്കില്‍ മോദി എന്ന് മാറിച്ചിന്തിച്ചു. സകല വിധ അതി നൂതന കമ്മ്യുണിക്കേഷന്‍ വിദ്യകളും ഉപയോഗിച്ച് നമോ എന്ന ബ്രാൻഡ് മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടു. അത്യന്തം ആസൂത്രിതവും ചടുലവും അസാധാരണവുമായ തന്ത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് യുദ്ധത്തിൽ ബി ജെ പി യുടെ തന്നെ കണ്ണ് തള്ളിച്ച് മോഡി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേറി. സമാനതകളില്ലാതെ ജയിച്ച് ചെങ്കോട്ടയില്‍ എത്തിയ മോഡി, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമാക്കി. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്നതില്‍ ഏത് മുന്‍ സര്‍ക്കാറിനെക്കാളും മികച്ചു നില്‍ക്കണമെന്ന ദൃഡനിശ്ചയം തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്ന് കണ്ടത്‌. വാ തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഭാരതം കണ്ടിട്ട് കുറച്ചധികം കാലമായിരുന്നു. പൊതുവേ, സംസാരിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിങ് വളരെ ലുബ്ധനായിരുന്നു. സഭയില്‍ പോലും പ്രസംഗിച്ചത് അപൂര്‍വ്വമായിട്ടായിരുന്നു. യു പി ഏ ഉന്നതനേതാക്കളായ സോണിയ, രാഹുല്‍ മുതലായ ഗാന്ധിമാരും ഇക്കാര്യത്തില്‍  ഒട്ടും മെച്ചമായിരുന്നില്ല. പക്ഷെ, നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വായ്ത്താരി കൊണ്ട് തുടക്കത്തിലേ ആവോളം കയ്യടി നേടി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തി നടന്ന ചര്‍ച്ചക്കുള്ള മറുപടി  പ്രധാനമന്ത്രി തന്നെയാണ് നടത്തിയത്.

സമാനതകളില്ലാത്ത ബ്രാന്‍ഡിംഗ് രീതികളിലൂടെയാണ് മോഡി തന്റെ ഇന്ദ്രപ്രസ്ഥയാത്ര ലക്ഷ്യത്തില്‍ എത്തിച്ചത്. ശരീരഭാഷയിലും വസ്ത്രധാരണത്തിലും പ്രസംഗത്തിലും തന്റേതു മാത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനായിരുന്നു മോഡി ശ്രമിച്ചത്. എപ്പോഴും വിലയിരുത്തലുകള്‍ നടത്തുന്നത് താരതമ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണല്ലോ. മിണ്ടാമുനിയായി ജീവിക്കുന്ന മന്‍മോഹന്‍സിങ്ങിനെ ഊര്‍ജ്ജസ്വലനായ നരേന്ദ്രമോഡിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ ജനം താരതമ്യം ചെയ്തു നോക്കി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ജനദ്രോഹപരമായ നയങ്ങളും മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി എളുപ്പത്തില്‍ തുറന്നു കൊടുത്തു.  ഒന്നിനെ വലിച്ചെറിഞ്ഞ് മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ മാത്രം അവകാശമുള്ള ജനാധിപത്യരാഷ്ട്രത്തിലെ  ജനം ലഭ്യമായ പാലത്തില്‍ നിന്ന് തമ്മില്‍ ഭേദമെന്നു തോന്നിയ ഒന്നിനെ പ്രതിഷ്ഠിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. 

രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നും പറഞ്ഞിരുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും ഇടതുപക്ഷ പുരോഗമന ചേരിയിൽ പെട്ട നേതാക്കൾ സ്ഥിരതയോടെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.

എന്തായാലും, 2014-ൽ പ്രസിഡന്‍റ് നടത്തിയ, എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. ഇത് കേട്ട്, തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍.ഡി.ഏ. അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും മോദിയോ ബി.ജെ.പി.യോ ഈ പരിഹാസത്തെ നിഷേധിച്ചില്ല. ഭരണത്തിൽ കയറിയ അന്ന് മുതൽ, സംഘപരിവാരത്തിലെ നേതാക്കളും സന്യാസിമാരും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന നിലയിൽ ശുദ്ധവിവരക്കേടുകളും അന്യമതവിദ്വേഷപ്രസ്താവനകളും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും മതേതര ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന, ഒറ്റപ്പെട്ടതെങ്കിലും സമാന സ്വഭാവമുള്ള അക്രമസംഭവങ്ങൾ ഇന്ത്യയിൽ മൊത്തം അരങ്ങേറിക്കൊണ്ടിരുന്നു. എണ്ണമറ്റ വിദേശയാത്രകളിലും വില കൂടിയ ആഡംബര വേഷവിതാനങ്ങളിലും അഭിരമിച്ചു ജീവിക്കുന്ന പ്രധാനമന്ത്രി രാജ്യത്തു നടക്കുന്ന അക്രമങ്ങളെപ്പറ്റിയോ പ്രധാനപ്പെട്ട സംഭവവികാസനകളെപ്പറ്റിയോ വാ തുറന്ന് ക മാ എന്ന് മിണ്ടാത്ത നയം തുടരുന്നു. 

യു പി എ കാലത്തെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ വില നന്നേ താഴ്ന്നപ്പോൾ ഇന്ധനവില അന്നത്തേതിന്റെ ഇരട്ടിയാകാൻ തുടങ്ങുന്നു. ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിലും ടാക്സ് ഹെവനുകളിലും പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം ഇപ്പൊ തിരിച്ചുപിടിക്കുമെന്ന് ഗീർവാണം അടിച്ചു കൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പണം തിരികെ കൊണ്ട് വന്നില്ല എന്നത് പോട്ടെ; മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടിലാണ് ഇപ്പോൾ മോഡി സർക്കാറും. യുപിഎ കാലത്തേ അത്രയും ഭീമമല്ലെങ്കിലും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാത ആരോപണങ്ങളും മോഡി സർക്കാരും നേരിടുന്നു. ജനദ്രോഹപരമെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട നോട്ട് നിരോധനവും നികുതി പരിഷ്കരണവും പാളിപ്പോയതായി NDA നേതാക്കൾ തന്നെ വിളിച്ചു പറയുന്നു. അവ വിജയമായിരുന്നു എന്ന് സ്ഥാപിക്കുന്നതിൽ മോദിയും സംഘവും ദയനീയമായി പരാജയപ്പെടുന്നു. പഴയ സർക്കാരുകളുടെ പദ്ധതികൾ തന്നെ ചില്ലറ ഭേദഗതികളോടെ ഹിന്ദി പേരിട്ട് തുടരുന്നു. സ്വച്ഛ്‌ ഭാരത് പദ്ധതി കൊണ്ട് കാര്യമായ സ്വച്ഛതയൊന്നും ഉണ്ടായതായി കാണാനില്ല.  കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യയും പച്ചപിടിച്ചില്ല .

ചുരുക്കത്തിൽ, പഴയ യു.പി.ഏ. യുടെ ബി ടീമായി ഭരണം തള്ളി നീക്കുന്നു. ഈ ഭരണം കൊണ്ട്, ആകെയുണ്ടായ മാറ്റം മൻമോഹൻ സിങ്ങിന് നാവുണ്ടെന്ന് ജനം തിരിച്ചറിഞ്ഞു എന്നതാണ്. മൈതാന പ്രസംഗത്തിൽ അതിവാചാലനായിരുന്ന മോഡിയുടെ വായിൽ നാക്കുണ്ടോ എന്ന് വായിൽ കയ്യിട്ട് നോക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. അടുത്തിടെ ഫേസ്‌ബുക്കിൽ ഒരു പ്രയോഗം കണ്ടിരുന്നു....നരേന്ദ്ര സിങ്ങും മന്‍മോഹന്‍ മോഡിയും... മന്‍മോഹന്‍സിങ്ങിന്റെ മൗനത്തെ നിശിതമായി വിമർശിച്ചതും ക്രൂരമായി പരിഹസിച്ചും പ്രധാനമന്ത്രിപദത്തിലെത്തിയ മോഡി മൗനസാഗരത്തിൽ ആറാടുമ്പോൾ മൻമോഹൻ സിങ് സഭയ്ക്കകത്തും പുറത്തും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉറച്ച ഭാഷയിൽ ഉയർന്ന ശബ്ദത്തിൽ വാചാലമായി വിമർശിക്കുന്നു. പഴയ പ്രധാനമന്ത്രിയെ ജനം "മൗൻ" മോഹൻസിംഗ് എന്ന് വിളിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ ജനം നരേന്ദ്ര "മൗനി"യെന്നു വിളിച്ചു തുടങ്ങിയിരിക്കുന്നു. 

തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ തുടരാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാറിനെ അവരോധിച്ചത് എന്ന ഇച്ഛഭംഗം ജനങ്ങളെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. ഇതേ നയങ്ങളുടെ ഇരകളാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത് എന്ന തിരിച്ചറിവില്ലാത്തവരാണോ മോദിയും സംഘവും കൂട്ടാളികളും ? കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകളും ആനുകൂല്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞ് പോകുന്ന ഈ ഭരണത്തിന് പഴയ ഭരണത്തെക്കാൾ എന്ത് മേന്മയാണ് അവകാശപ്പെടാനുള്ളത് ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ കോടിയുടെ നിറത്തിലും മുദ്രാവാക്യത്തിലും മാത്രമേ മാറ്റമുണ്ടായിരുന്നുള്ളൂ എന്ന് തെളിയുകയാണോ ? 

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽ കൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പത്തു ദിവസം കഴിഞ്ഞ്, പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ??? ഈ പരിതഃസ്ഥിതിയിലാണ് രാജ്യം ദേശീയ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നത്. എന്താവും ഫലം....

ഫേസ്‌ബുക്കിൽ Georgekutty Kiliyantharayil എന്നയാൾ പോസ്റ്റ് ചെയ്ത ഒരു നിരീക്ഷണം പങ്കു വയ്ക്കാം... 

2002-ലെ ഗുജറാത്ത് നരഹത്യ വഴി ഉണ്ടാക്കിയെടുത്ത anti-Muslim സ്ട്രോങ്മാൻ ഇമേജിന്റെയും, ‘ഗുജറാത്ത് മോഡൽ’ എന്ന കല്പിതകഥയുടേയും ബലത്തിൽ അധികാരത്തിലെത്തിയ മനുഷ്യനിൽ നിന്ന് എന്താണു പ്രതീക്ഷിക്കാനുണ്ടായിരുന്നത്? അതിനാൽ മോദിഭരണം വെള്ളംചേരാത്ത ദുരന്തം (unmitigated disaster) ആയിത്തീർന്നതിൽ ഒട്ടും അത്ഭുതമില്ല.

പക്ഷേ ഇത്ര നെറികെട്ട ഒരു ഭരണം രാജ്യം കണ്ടിട്ടില്ലെങ്കിലും, “മോദിക്കു പകരം രാഹുൽ” എന്ന ഫോർമുലയിൽ എനിക്കു തീരെ ഉത്സാഹമില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യം ഭരിക്കാനുള്ള ബുദ്ധിശക്തിയോ രാഷ്ട്രീയ പാടവമോ രാഹുൽ ഗാന്ധിക്കുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ ദുരവസ്ഥയിൽ ഒരു hotch-potch മുന്നണി തട്ടിക്കൂട്ടി രാഹുലിനെ പ്രധാനമന്ത്രിയാക്കിയാൽ, ദീർഘകാലാടിസ്ഥാനത്തിൽ അത് ബിജെപിയെ സഹായിക്കുകയേയുള്ളു.

മോദിക്ക് 68 വയസ്സുപോലും ആയിട്ടില്ലെന്നോർക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാന്തരം യുവത്വമാണത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയും മോദി പ്രതിപക്ഷനേതാവുമായിരിക്കുന്ന സ്ഥിതി ഒന്നു സങ്കല്പിച്ചു നോക്കിക്കേ. മോദിയുടെ ഏറ്റവും മികച്ച പെർഫോർമൻസാകും അപ്പോൾ. പരമാവധി രണ്ടുവർഷത്തിനുള്ളിൽ മോദി പഴയ കസേരയിൽ തിരിച്ചുവരുകയും ചെയ്യും.

അതുകൊണ്ട്, 2019-ൽ രാഹുൽ ഗാന്ധിയെ വച്ചു കളിക്കാനാണുദ്ദേശമെങ്കിൽ, ഏറെ ആപത്തില്ലാത്ത ഒരു Razor-Thin ഭൂരിപക്ഷത്തിൽ മോദി തന്നെ ജയിക്കണമെന്നേ ഞാൻ പ്രാർത്ഥിക്കൂ. അടുത്ത ഇന്നിങ്ങ്സിൽ പുള്ളി ഒന്നുകൂടി കുളംതോണ്ടി കഴിയുമ്പോൾ ചിലപ്പോൾ നമുക്ക് ‘സംഘിമുക്തഭാരതം’ കിട്ടും. അതിനിടെ ദൈവാധീനമുണ്ടെങ്കിൽ, രാഹുൽ ഗാന്ധി ഒരു Non-Starter നേതാവാണെന്ന തിരിച്ചറിവ് കോൺഗ്രസ്സുകാരുടെ തലയിൽ കയറാനും മതി.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Wednesday, 2 May 2018

ആഹ്വാന-പ്രോത്സാഹന വിദഗ്ദ്ധരുടെ അത്യുല്പാദന പദ്ധതികൾ

വൈവാഹികബന്ധത്തെക്കുറിച്ചും ഉത്തരവാദിത്വത്തോടെയുള്ള പിതൃത്വത്തെയും മാതൃത്വത്തെയും ജനനനിയന്ത്രണത്തെക്കുറിച്ചുമുള്ള സഭയുടെ നിലപാട് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച "ഹ്യൂമാനേ വീത്തേ" (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനം. കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളുടെ അസന്മാര്‍ഗ്ഗികതയെക്കുറിച്ചും അവ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികമായ അപകടങ്ങളെക്കുറിച്ചും അവ പാപമാണെന്നും പഠിപ്പിച്ചതിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവില്‍ത്തന്നെ ഈ ലേഖനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. "ഹ്യൂമാനേ വീത്തേ" പ്രസിദ്ധീകരിച്ചതിന്‍റെ അൻപതാം വര്‍ഷമാണ് 2018. പാപ്പയുടെ ഈ പ്രബോധനം വിശ്വാസികള്‍ എത്ര മാത്രം അതിന്‍റെ ചൈതന്യത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രം തയ്യാറാക്കിയ ചോദ്യാവലി ഇപ്പോൾ കടുത്ത വിമർശനമേറ്റു വാങ്ങുകകയാണ്. ചോദ്യങ്ങൾ പലതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടത്തുന്നതാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നൊക്കെയാണ് വിമർശകരുടെ പക്ഷം. വിമർശനങ്ങളിൽ കഴമ്പില്ല എന്ന് സമർത്ഥിക്കുന്ന ഔദ്യോഗിക വിശദീകരണക്കുറിപ്പും സഭയുടെ ഭാഗത്ത് നിന്ന് വന്നു കഴിഞ്ഞു. ചോദ്യാവലിയിലെ ഡി സെക്ഷനിലെ രണ്ടാം നമ്പർ ചോദ്യം രസകരമാണ്. “മനുഷ്യജീവൻ ദൈവദാനമാകയാൽ, ഗുണമോ, എണ്ണമോ മാനദണ്ഡമാകരുത് – ആശയം വ്യക്തമാക്കുക”. ഈ ചോദ്യത്തിന് നൽകിയിരിക്കുന്ന Answer Options ‘ശരി’, ‘തെറ്റ്’, ‘അറിയില്ല’, എന്നിവയാണ്. ഈ മൂന്നിലൊന്ന് ടിക്ക് ചെയ്‌താൽ ആശയം വ്യക്തമാവുമോ ? ചോദ്യാവലി തയ്യാറാക്കിയവർക്ക് പറ്റിയ Drafting Lapse ആണെന്ന് കരുതി വിട്ടു കളയുന്നു. ചോദ്യാവലി പൂരിപ്പിക്കുന്നവരുടെ പേരും തിരിച്ചറിയൽ വിവരങ്ങളും ഇല്ലാത്തതിനാൽ സ്വകാര്യത നഷ്ടപ്പെടുന്നില്ല എന്ന വാദം മുഖവിലക്കെടുക്കുന്നു. പക്ഷെ, ചിന്തിച്ചാൽ മനസിലാകുന്നത് ഇതൊരു വിവരശേഖരണത്തിൽ ഉപരി പിൻവാതിലിലൂടെയുള്ള സിദ്ധാന്തോപദേശ (Indoctrination) പദ്ധതിയാണെന്നാണ്. തികച്ചും കൗശലം നിറഞ്ഞ ഉദ്ദേശ്യാധിഷ്ഠിത (Objective Type) ചോദ്യങ്ങളാണ് ചോദ്യാവലിയിൽ. കൃത്യമായ ഉത്തരത്തിന് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ആശയങ്ങൾ മനസ്സിൽ നടുകയാണ് ഉദ്ദേശം. ജനന നിയന്ത്രണ ബോധവൽക്കരണവും അത്യുൽപ്പാദന പ്രചരണവും തന്നെയാണ് ലക്ഷ്യങ്ങൾ. എന്ത് സംഭവിക്കും !? അവശ്യം കൗശലം കയ്യിലുള്ള പ്രായോഗികവാദികളെ ഇതൊന്നും ബാധിക്കില്ല; കുറെ പേർ "തെറ്റ്" തിരിച്ചറിഞ്ഞ് ആവർത്തിക്കാതിരിക്കാനും ചെയ്ത് പോയ തെറ്റുകൾക്ക് പരിഹാരം ചെയ്യാനും ബദ്ധപ്പെടും; കുറെ പേർ പാപബോധത്തിനും കുറ്റബോധത്തിനും അടിമപ്പെട്ട് കൂടുതൽ ന്യൂറോട്ടിക്ക് ആവും; വിധേയരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും

മതഗ്രന്ഥത്തിന്റെ അനുശാസനങ്ങൾ അനുസരിച്ച് തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകി വലിയ ജനതയാകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ക്രൈസ്തവർ. ബൈബിളിലെ ഉല്പ്പത്തി പുസ്തകം ഒന്നാമദ്ധ്യായത്തിൽ തന്നെ ദൈവം മനുഷ്യന് ആദ്യമായി നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". ഉൽപ്പത്തി പുസ്തകം 9:1അനുസരിച്ച്‌ "ജലപ്രളയത്തില്‍ നിന്നു നോഹയേയും, കുടുംബത്തെയും ദൈവം സംരക്ഷിച്ചു. പ്രളയം കഴിഞ്ഞു പുറത്തുവന്ന നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: "സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍'' 

ബൈബിളിലെ ഈ നിർദ്ദേശം പോരാത്തതിന്, കാലാകാലങ്ങളിൽ മാറി വന്ന മാർപ്പാപ്പമാർ, ബിഷപ്പുമാർ, പട്ടക്കാർ, ധ്യാനഗുരുക്കൾ, പിന്നെ വാളെടുത്തവരും അല്ലാത്തവരും ആയ തീവ്ര വെളിച്ചപ്പാടുകൾ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും സഭാമക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു. "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതായിരുന്നു ഇടുക്കി രൂപത മുൻ ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും സഭ വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. കത്തോലിക്കാ കുടുംബങ്ങളിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ, നാലാമത്തെ മുതൽ കുഞ്ഞുങ്ങളുടെ പഠനത്തിന് വരുന്ന ചിലവ് സഭ വഹിക്കുമെന്ന ഒരു വാഗ്ദാനം കേട്ടിരുന്നു; പ്രയോഗതലത്തിൽ അതിന്റെ വിശദാംശങ്ങൾ എങ്ങും കേട്ടതുമില്ല. നാലാമത്തെ കുഞ്ഞിന്റെ മാമോദീസ ബിഷപ്പ് നേരിട്ട് വന്ന് നടത്തിക്കൊടുക്കുമെന്ന വാഗ്ദാനവും കേട്ടിരുന്നു; ആ വാഗ്ദാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം.

പണിയെടുത്ത് കുടുംബം പോറ്റുന്ന സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ ആഹ്വാനങ്ങൾ മനുഷ്യത്വപരമാണോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്; രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ട്. പക്ഷെ, അത്യുൽപ്പാദനപദ്ധതിയോട് സഹകരിക്കുന്നതിന് മുൻപ് പല വട്ടം മനസ്സിൽ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ട കുറെ ചോദ്യങ്ങളുണ്ട് ? ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ നല്ല ഭക്ഷണവും വസ്ത്രവും രോഗം വരുമ്പോൾ ചികിത്സയും കൊടുത്ത് വളർത്താനുള്ള ചെലവ് ഈ ആഹ്വാന-പ്രോത്സാഹന ഫാക്റ്ററികൾ വഹിക്കുമോ ? ഈ കുട്ടികളുടെ വിദ്യാഭ്യാസം അവനവൻ തന്നെ നടത്തണ്ടേ ? അതൊക്കെ പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും ഈ ആഹ്വാനക്കാർ വഹിക്കുമോ ? 

ആകെയുള്ള ഭാഗ്യം എന്താണെന്ന് വച്ചാൽ, ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെയും ചിലവുകളെയും സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്നതാണ്. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനം ആയിക്കോട്ടെ സന്താന നിയന്ത്രണം ആയിക്കോട്ടെ, അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും പെട്ട വിഷയമാണ്; അതിലൊക്കെ കയറി ഇടപെടാൻ ഇവർക്കൊക്കെ ആരാണ് അനുവാദം കൊടുത്തത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൗരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Friday, 13 April 2018

കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെയും ബി ജെ പി ഉന്നത നേതാക്കളുടെയും പ്രതികരണം....



കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് 
പ്രധാനമന്ത്രിയും ബി ജെ പി ഉന്നത നേതാക്കളും

ഇത് വരെ പ്രതികരിച്ചതായി അറിവില്ല. 

പ്രതികരിച്ചാൽ ഉടനെ 
പോസ്റ്റ് അപ്പ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.....(11:47 am, 13.04.2018)


Breaking Update : 

ഇന്ത്യയെ നടുക്കിയ രണ്ട് ബലാത്സംഗകേസുകളില്‍ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൌനം ഭഞ്ജിച്ചു. കത്തുവ, ഉന്നാവോ ബലാത്സംഗക്കേസുകളിൽ നരേന്ദ്രമോദിയുടെ മൌനം വിവാദമായിരുന്നു.

“കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള ഒരു സമൂഹത്തിന് ചേരുന്നതല്ല. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും നാമെല്ലാവരും ഇതില്‍ ലജ്ജിക്കുന്നു. ഈ അവസരത്തില്‍ ഒരു കുറ്റവാളികളും രക്ഷപ്പെടുകയില്ലെന്ന് ഇരകള്‍ക്ക് പൂര്‍ണ്ണമായ നീതി ലഭിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും”
ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ വ്യാപിക്കുമ്പോഴും കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മൗനം ദീക്ഷിച്ചതിനെതിരെ thequint.com വേറിട്ട ഒരു പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് ദി വയർ, നാഷണൽ ഹെറാൾഡ് തുടങ്ങി നിരവധി മാധ്യമങ്ങൾ ഈ ക്യാമ്പയിൻ ഏറ്റെടുത്തു. അതിനോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ചെയ്തതായിരുന്നു ഈ ക്യാമ്പയിൻ. 

പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന തലക്കെട്ടിനു താഴെ

(കഠുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതിന് ശേഷം ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെഴുതിയായിരുന്നു ക്വിന്റിന്റെ പ്രതിഷേധം.

Note : ഈ തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചത് രാവിലെ 11:47-നായിരുന്നു. പിന്നീട് 7:37 പിഎമ്മിനു പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നതുവരെയും തലക്കെട്ടിനു താഴെയുള്ള വാർത്താ കോളം ഒഴിഞ്ഞു കിടക്കുകയായിരുന്നു.



1975 ജൂൺ 26 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്ന് 21 മാസത്തോളം രാജ്യത്ത് തെരഞ്ഞെടുപ്പുകളും മൗലികാവകാശങ്ങളും സസ്‌പെൻഡ് ചെയ്യപ്പെടുകയും മാധ്യമസ്വാതന്ത്ര്യം സെൻസർ ചെയ്യപ്പെടുകയും ചെയ്തപ്പോൾ "ഇന്ത്യൻ എക്സ്പ്രസ്സ്" പത്രം ഇത് പോലൊരു വേറിട്ട പ്രതിഷേധം നടത്തിയതായി വായിച്ചിട്ടുണ്ട്. പത്രത്തിന്റെ എഡിറ്റോറിയൽ കോളം പ്രിന്റ് ചെയ്യാതെ "Blank" ആയി വിട്ട് കൊണ്ടാണ് അന്ന്  "ഇന്ത്യൻ എക്സ്പ്രസ്സ്" ഇന്ദിരയോട് പ്രതിഷേധിച്ചത്. ഇപ്പോൾ ക്വിന്റിന്റെ വേറിട്ട പ്രതിഷേധം കണ്ടപ്പോൾ ഇത് ഓർത്തെന്ന് മാത്രം.
 
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ആസിഫ കേസിൽ റേപ്പ് ഒരു ലൈംഗികപ്രവൃത്തി ആയിരുന്നില്ല; മറിച്ച് ഒരായുധമായിരുന്നു...

ബാലികമാരും ശിശുക്കളും ബലാൽസംഗം ചെയ്യപ്പെട്ട വാർത്തകൾ കേട്ട് മുൻപും ഞെട്ടിയിട്ടും നടുങ്ങിയിട്ടുമുണ്ട്. 
പക്ഷെ, ഇത് അതിനൊക്കെ അപ്പുറമാണ്.






ജമ്മുവിലെ ആസിഫ എന്ന എട്ടു വയസുകാരി മുസ്ലിം ബാലിക സമാനതകളില്ലാത്ത കൊടുംക്രൂരതകൾക്കിരയായത് "ദൈവത്തിൻ്റെ" Too Close Range-ൽ വച്ചായിരുന്നു. പൈശാചികമായി ഉപദ്രവിച്ചവരിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടനിലക്കാർ എന്നവകാശപ്പെടുന്നവർ ഉണ്ടായിരുന്നു. നിയമപാലനം ഭരമേല്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. അവളുടെ ശവമടക്ക് തടയപ്പെട്ടു. ആ ജഡവും ചുമന്നു കൊണ്ട്‌ 15 കിലോമീറ്റർ നടന്നു പോയി മറ്റൊരു ഗ്രാമത്തിൽ അടക്കേണ്ടി വന്നു. കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവാണ്; പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരാണ്; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരാണ്. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് ഈ സംഭവത്തിൽ ഗൂഢാലോചനകൾ ഉണ്ടായിരുന്നു; വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു; കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെ ഗുജറാത്ത് മുസ്ലീം വംശഹത്യ റിപ്പോർട്ടുകൾ വീണ്ടും മനസിലേക്ക് തള്ളിക്കയറി വരുന്നു. അന്ന് ഭൂരിപക്ഷ വർഗ്ഗീയതയുടെ വികാര വേലിയേറ്റത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തുന്നതിനിടയിൽ സ്ത്രീകളെ റേപ്പ് ചെയ്ത ശേഷം തന്നെയാണ് കൊന്നു തള്ളിയത്; കുട്ടികളെന്നോ വൃദ്ധകളെന്നോ ഗർഭിണികളെന്നോ പരിഗണിക്കാതെ തന്നെ. സ്റ്റേറ്റ് സ്‌പോൺസേർഡ് എന്ന് തന്നെ ആരോപിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്ന് നടന്നത്. ഹിന്ദുക്കളല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടെന്നും ഹൈന്ദവ ലേബലില്ലാത്ത ഒന്നും ഇവിടെ നിലനിൽക്കാൻ പാടില്ലെന്നും ഉറച്ചു ചിന്തിക്കുകയും ഉറക്കെ പഠിപ്പിക്കുകയും ഊർജ്ജിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ വക്താക്കളാണ് ഇന്ന് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്. അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുതയുടെയും അസ്വീകാര്യതയുടെയും മനുഷ്യത്വമില്ലായ്മയുടേതുമാണ്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് സംഘപരിവാറിന്റെ പൂജനീയ ആചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കർ 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, ജമ്മു സംഭവത്തിൽ, റേപ്പ് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയേയല്ല ഉപയോഗിക്കപ്പെട്ടത് എന്നാണ് എന്റെ നിരീക്ഷണം. അവിടെയത് അധിനിവേശവും ആയുധവും അധികാര പ്രയോഗവും ഒക്കെയായിരുന്നു. ഈ കേസിൽ ആസിഫ കേവലം ഒരു വ്യക്തിയേയല്ല; പ്രതിനിധി സ്ഥാനത്ത് നിർത്തപ്പെട്ട ഇര, ആസിഫ എന്ന പാവം ബാലിക ആയിപ്പോയെന്ന് മാത്രം. ആസിഫയല്ലെങ്കിൽ ആ സമുദായത്തിൽ പെട്ട മറ്റൊരു പെണ്ണ് തീർച്ചയായും ഈ ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു. അത്രക്ക് ആസൂത്രണവും ഗൃഹപാഠവും ഈ കേസിലുണ്ടെന്നാണ് കുറ്റപത്രം വിളിച്ചു പറയുന്നത്.

വർത്തമാന രാഷ്ട്രീയ പരിതസ്ഥിതിയിൽ ശത്രുപക്ഷത്തുള്ളവരെ റേപ്പ് ചെയ്യുന്നത് കേവലം ജൈവ ശരീരങ്ങളല്ല; മറിച്ച് പ്രത്യയ ശാസ്ത്ര ശരീരങ്ങളും തീവ്ര വർഗീയ രാഷ്ട്രീയ ശരീരങ്ങളും ആണ്. സവർണ ഹിന്ദുത്വയുടെ  തീവ്രമായ വർഗീയ ഫാസിസ്റ്റ് ആസക്തികളിൽ ഉദ്ധരിച്ച ലിംഗങ്ങൾ കീറി മുറിക്കുന്നതും മാനം കെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതും അവരുടെ പ്രത്യയശാസ്ത്രത്തോട് തോൾ ചേരാത്ത മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ദളിതരേയും തീവ്രഹിന്ദുത്വ സ്വത്വം പേറാത്ത എന്തിനെയും ആണ്. കൊടും ക്രൂരതയുടെയും നൃശംസ്യതകളുടെയും സീൽക്കാരങ്ങൾ മാത്രമാണപ്പോൾ കേൾക്കാൻ കഴിയുക. ആ, ലിംഗങ്ങളിൽ നിന്ന് സ്ഖലിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ബീജങ്ങൾ മാത്രമാണ്. ആ വേഴ്ചയിൽ അവർക്ക് സൗഹൃദങ്ങളോ ബന്ധങ്ങളോ മാനവികതയോ കാണാൻ സാധിക്കില്ല. അത്രയേറെ അന്ധരായിരിക്കുന്നു അവർ. ഭ്രാന്തിനെക്കാൾ അപകടകരമായ ഉന്മാദത്തിന്റെ രതിമൂർച്ഛയിലാണവർ.  

രാജ്യം ലോകസമൂഹത്തിന് മുന്നിൽ ലജ്ജ കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കേണ്ടി വന്ന അങ്ങേയറ്റം അധമമായ ഈ പ്രവൃത്തികളെക്കുറിച്ച്, "ബേട്ടീ ബച്ചാവോ" എന്ന സുകൃതജപം നിരന്തരം ഉരുക്കൊഴിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമൊന്നും ഇതെഴുതുന്ന നിമിഷം വരെ കേട്ടില്ല. ഉത്തരവാദിത്തപ്പെട്ട ആരുടേയും തിരുവാമൊഴികൾ കേട്ടില്ല. ഇതൊന്നും അറിഞ്ഞിട്ടും ഒരു പരിധിയിൽ കവിഞ്ഞ് ഉത്തരവാദിത്തപ്പെട്ട ആരും ഞെട്ടുന്നതോ നടുങ്ങുന്നതോ കാണുന്നില്ല. പതിവ് പോലെ കുറച്ച്, സോഷ്യൽ മീഡിയ പ്രതിഷേധങ്ങളും പേരിന് ചില പ്രകടനങ്ങളും.

മുൻകാലങ്ങളിലെ ബഹുജനപ്രതിഷേധങ്ങൾക്കിടയാക്കിയ ബലാൽസംഗക്കേസുകളെക്കാൾ മാനങ്ങളും ഗൗരവവുമുള്ള കേസാണിതെന്ന് തിരിച്ചറിയുക. മുൻ കേസുകളിൽ കാമവും ലൈംഗികവ്യതിയാനങ്ങളും ആയിരുന്നു മോട്ടീവ് എങ്കിൽ ഇവിടെ അത് വർഗീയതയും രാഷ്ട്രീയവും ആണെന്ന് മനസിലാക്കുക. ബലാൽസംഗം ഒരു വർഗീയ-രാഷ്ട്രീയ ആയുധമാകുന്ന കാലത്തെ കരുതിയിരിക്കുക. ആ വർഗീയതയോടും രാഷ്ട്രീയത്തോടും സമരസപ്പെടാത്തവർ കരുതിയിരിക്കുക. ഏത് നിമിഷവും അവർ നിങ്ങളുടെ വീടിനെ ടാർഗറ്റ് ചെയ്തേക്കാം; നിന്റെ വീട്ടിലെ പെണ്ണിനെ മാനഭംഗപ്പെടുത്തി കൊന്നേക്കാം; അത് ശിശുവോ ബാലികയോ കുമാരിയോ യുവതിയോ വയോവൃദ്ധയോ... ആരുമാകാം.... 

ഞാനീ മണ്ണിലാണ് ജീവിക്കുന്നതെന്നും ഞാനൊരു ജീവനുള്ള മനുഷ്യനാണെന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; ചെറുതല്ലാത്ത ഭീതിയും...

(ക്ഷമാപണം : ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത ദിവസം ഇരയുടെ ചിത്രം മുഖം മറയ്ക്കാതെയാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ഏതോ ലീഡിങ് പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ നിന്നെടുത്തതായിരുന്നു പ്രസ്തുത ചിത്രം. പ്രമുഖ പത്രങ്ങളിൽ വന്നതായത് കൊണ്ട്, ഇര മരിച്ചാൽ കുടുംബാംഗങ്ങളുടെ അനുമതിയോടെ ചിത്രം പ്രസിദ്ധീകരിക്കാമെന്ന ചട്ടമനുസരിച്ച് പ്രസിദ്ധീകരിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച് മുഖം മറയ്ക്കാതെ ഇട്ടത്. പിന്നീട്, യാഥാർഥ്യം അതല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ബ്ലോഗിൽ ഇട്ടിരുന്ന ചിത്രത്തിൽ മുഖം മറച്ചിരുന്നു. പക്ഷെ, പലരും ഷെയർ ചെയ്ത ലിങ്കിൽ വരുന്ന ചിത്രങ്ങൾ മാറുന്നില്ല. എന്തോ സാങ്കേതിക പ്രശ്നമാണ്. ഈ വിഷയത്തിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടായെങ്കിൽ സദയം ക്ഷമിക്കണം)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 12 April 2018

ജനങ്ങൾ വികസന പദ്ധതികൾക്കെതിരാവുന്നതെന്ത് കൊണ്ടാണ് ?

ഈയടുത്ത കാലത്തായി, "വികസനം വികസനം വികസനം" എന്ന മൂലമന്ത്രമാണ് ഭരണസിംഹാസനത്തിലേക്കുള്ള കുറുക്കുവഴി. പക്ഷെ, പ്രയോഗതലത്തിൽ ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെയും പദ്ധതികളെയും നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന  പദ്ധതികൾക്കെതിരെ സംഘടിക്കുകയും  എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? 

വസ്തുനിഷ്ഠമായി കാര്യങ്ങളെ സമീപിച്ചാൽ ഏത് മന്ദബുദ്ധിക്കും മനസിലാക്കാം, ജനത്തിന് വികസനത്തിനോടല്ല എതിർപ്പെന്നും നേരെ മറിച്ച് സ്ഥലം ഏറ്റെടുപ്പിനോടാണ് എതിർപ്പെന്നും. വികസനം എന്ന നാണയത്തിന്റെ മറുപുറമാണ് സ്ഥലം ഏറ്റെടുപ്പ് എന്നത്. താരതമ്യേന ജനസാന്ദ്രത കൂടുതലും ആനുപാതികമായി ഭൂമിലഭ്യത കുറവും ഭൂമിവില വളരെയേറെ കൂടുതലും ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അത് കൊണ്ട് തന്നെ, സ്ഥലം ഏറ്റെടുപ്പ് എന്ന യാഥാർഥ്യത്തോടടുക്കുമ്പോൾ കടുത്ത എതിർപ്പുകൾ ഉണ്ടാവുന്നത് വളരെ സ്വാഭാവികമാണ്....

വികസനം എന്ന് ആർത്ത് വിളിക്കാൻ വളരെ എളുപ്പമാണ്......

അതിനു വേണ്ടി ആകെയുള്ള കൂടും കുടിയും ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന് വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും അല്ലെങ്കിൽ......

നഷ്ടപ്പെടുന്നത് ആകെയുള്ള എന്റെ തറവാടിന്റെ അസ്ഥിവാരമല്ലെങ്കില്‍.... 

സ്ഥലമേറ്റെടുപ്പിനെ ജനം എന്ത് കൊണ്ടാണ് ഇത്രക്കെതിർക്കുന്നതെന്ന് ഭരണാധികാരികൾ ഗൗരവത്തോടെയും അനുഭാവത്തോടെയും ചിന്തിക്കണം...

ഒന്നാമതായി, ഏറ്റെടുക്കുന്ന ഭൂമിക്കും അതിലിരിപ്പ് വസ്തുവകകൾക്കും വിപണി വിലയുടെ അടുത്തു പോലുമെത്താത്ത നഷ്ടപരിഹാരമാണ് നൽകുന്നത്...

രണ്ടാമതായി, സ്ഥലം ഏറ്റെടുക്കലിനോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകൾ തികച്ചും അപര്യാപ്തവും അപ്രായോഗികവും ആയിരിക്കും 

മൂന്നാമതായി, മുൻകാലഘട്ടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട കുടിയൊഴിപ്പിക്കൽ - പുനരധിവാസ പാക്കേജുകൾ പതിറ്റാണ്ടുകൾക്ക് ശേഷവും വിജയകരമായും കാര്യക്ഷമമായും നടപ്പാക്കാത്തത് മൂലം അതിന്റെ ഇരകൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിരന്തരം കാണുന്ന ജനം എങ്ങിനെയാണ് ഭരണകൂടങ്ങളെ വിശ്വാസത്തിലെടുക്കുക.

നാലാമത്തേത്, ഒരു പദ്ധതിയുടെ നടപടികളുമായി സർക്കാർ മുന്നോട്ട് പോയാൽ, അതിനിടക്ക് തദ്ദേശവാസികൾ എന്തെങ്കിലും ചെറുത്തുനിൽപ്പിന് ശ്രമിച്ചാൽ അത് സമവായത്തിലൂടെ പരിഹരിക്കുന്നതിന് പകരം പോലീസിനെ ഇറക്കി അടിച്ചൊതുക്കാൻ ശ്രമിക്കും. മാവോയിസ്‌റ്റെന്നും രാജ്യദ്രോഹി എന്നും തീവ്രവാദി എന്നും ലേബലടിച്ച് നിയമക്കുരുക്കിൽപ്പെടുത്തും. അതോടെ എല്ലാ പദ്ധതികളിലും ജനം ഭരണകൂടത്തെ സംശയത്തോടെ വീക്ഷിക്കുകയും ശത്രുസ്ഥാനത്ത് നിർത്തുകയും ചെയ്യും.

അഞ്ചാമതായി, ഭരണകൂടത്തിന്റെ ഇടനാഴികളിൽ പിടിപാടുള്ളവന്റെ ഭൂമിയും സ്വത്തുവകളും ഇത്തരം പദ്ധതികൾക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്നത് കാണാറില്ല; അതിന്റെയൊന്നും പരിസരത്തു പോലും വരാത്ത രീതിയിലായിരിക്കും അലൈന്മെന്റുകൾ.

മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെയുള്ള മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂടം മറന്നാലും ജനങ്ങള്‍ മറക്കില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും അതിനോടനുഭാവം പ്രകടിപ്പിച്ച മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല. പല പദ്ധതികൾക്കും വേണ്ടി കുടിയൊഴിക്കപ്പെട്ടവർ ഇപ്പോഴും പുനരധിവസിക്കപ്പെടാതെ ദുരിത ജീവിതം തള്ളി നീക്കുന്നതും ജനങ്ങൾ കാണുന്നുണ്ട്.

ഇത്തരം ദുരനുഭവങ്ങളാണ് പലപ്പോഴും വികസന പദ്ധതികളെ എതിർക്കാൻ ജനത്തെ പ്രേരിപ്പിക്കുന്നത്. വയൽ, പ്രകൃതി, പരിസ്ഥിതി എന്നൊക്കെപ്പറയുന്നത് പലപ്പോഴും സ്വന്തം മണ്ണും സ്വത്തും കിടപ്പാടവും സംരക്ഷിക്കാനുള്ള അവസാന ശ്രമത്തിലെ ആയുധങ്ങൾ മാത്രമാണ്. യഥാർത്ഥ പ്രശ്നം, പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്ത നഷ്ടങ്ങളാണ്. രണ്ടും കല്പിച്ചുള്ള ഇത്തരം നിലനിൽപ്പ് പോരാട്ടങ്ങളിൽ അവർ അനുഭാവം പ്രകടിപ്പിക്കുന്ന ആരുടെയും സഹായം സ്വീകരിക്കും; അതിൽ വേഷ പ്രച്ഛന്നരായ മാവോയിസ്റ്റുകളും തീവ്ര നിലപാടുകാരും രാജ്യ ദ്രോഹികളും ഒക്കെയുണ്ടാകാം. അവരോടൊപ്പം ഈ പാവം ജനങ്ങൾ തോൾ ചേരുന്നതിന്റെ അർത്ഥം അവർ പ്രതിലോമകരമായ നിലപാടുകൾ ഉള്ളവർ ആണെന്നല്ല; പകരം അത്ര കണ്ട് നിസ്സഹായരും ആലംബഹീനരും ആണെന്നതാണ്. 

ജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാൻ സഹായകരമായേക്കാവുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ.

  • നഷ്ടപരിഹാരത്തുക യഥാർത്ഥ വിപണിവിലയോട് തുലനപ്പെടുത്തുക. 
  • നഷ്ടപരിഹാരം നികുതി വിമുക്തമാക്കുക.
  • മുഴുവൻ നഷ്ടപരിഹാരത്തുക അഡ്വാൻസ് ആയി നൽകുക.
  • ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാരവിതരണവും പുരധിവാസപാക്കേജ് നടപ്പാക്കലും പരമാവധി വേഗത്തിലാക്കുക.
  • ഏറ്റെടുക്കൽ-പുരധിവാസപാക്കേജ് നടപ്പാക്കൽ നടപടികളിലെ ഉദ്യോഗസ്ഥരാജ് ഇല്ലാതാക്കുക.
  • വീടുകൾ നഷ്ടപ്പെടുന്നവർക്ക് വേണ്ടി നിലവാരമുള്ള റെസിഡൻഷ്യൽ കോമ്പ്ലെക്സുകൾ നിർമ്മിച്ച് അതിലേക്ക് അവരെ പുനരധിവസിപ്പിക്കുക.
  • ഓരോ പദ്ധതികളോടനുബന്ധിച്ചതും വ്യാപാര-വാണിജ്യ സമുച്ചയങ്ങൾ കൂടി ആസൂത്രണം ചെയ്യുക. ഏറ്റെടുക്കലിനോടനുബന്ധിച്ച്, ഓരോരുത്തർക്കും സംഭവിക്കുന്ന നഷ്ടത്തിന് ആനുപാതികമായി ഇത്തരം കോമ്പ്ലെക്സുകളിൽ ഷെയർ നൽകുക
  • ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി പ്രതികാര നടപടികൾ സ്വീകരിക്കുന്നതിന് പകരം അവരെ അഭിപ്രായ സമന്വയത്തിന്റെ പാതയിൽ കൊണ്ട് വരിക.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക