ഞാൻ വെറും പോഴൻ

Tuesday, 17 June 2014

നിങ്ങൾക്കത് നിസ്സാര സംഭവമായിരിക്കാം...But it is TOO SERIOUS.....

ഒത്തിരി ഉപകാരങ്ങളും അത്രയോ അതിലേറെയോ ഉപദ്രവങ്ങളും ചെയ്യാവുന്ന ഒന്നാണ് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകള്‍. സാധാരണയായി ഇത്തരം സൈറ്റുകളില്‍ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുന്നവരുടെ ലക്‌ഷ്യം ആ പോസ്റ്റ്‌ പരമാവധി ആളുകളെ സ്വാധീനിക്കണം എന്നുള്ളതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിലാണെങ്കില്‍ പരമാവധി ഷെയര്‍ ചെയ്യപ്പെടുകയും ലൈക്ക് ചെയ്യപ്പെടുകയും കമന്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പോസ്റ്റാണ് ഏറ്റവും വിജയകരമായ പോസ്റ്റ്‌. അതിനു വേണ്ടിയാണ് മിക്കവരും ശ്രമിക്കാറുള്ളതും. ഒരിക്കല്‍ പോസ്റ്റു ചെയ്യുന്നതെല്ലാം മനപൂര്‍വ്വം ഡിലീറ്റ്‌ ചെയ്യാത്ത കാലത്തോളം പ്രൊഫൈല്‍ സ്പേസില്‍ തന്നെ ഉണ്ടായിരിക്കും. ഉദാഹരണത്തിന് 2010-ല്‍ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടു എന്ന് കരുതുക. ഞാന്‍ അത് ഡിലീറ്റ്‌ ചെയ്തില്ല എങ്കില്‍ ഞാന്‍ കൂടുതല്‍ പോസ്റ്റുകള്‍ ഇടുന്നതനുസ്സരിച്ചു പഴയ പോസ്റ്റ്‌ ഞാനടക്കം എല്ലാവരും മറക്കാനാണ് കൂടുതല്‍ സാധ്യത. പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനോ എന്റെ പ്രൊഫൈല്‍ പരിശോധിക്കുന്ന ആരെന്കിലുമോ ഈ പ്രത്യേക പോസ്റ്റ്‌ ഷെയര്‍ ചെയ്യുകയോ ലൈക്‌  ചെയ്യുകയോ കമന്റ്‌ ചെയ്യുകയോ ചെയ്‌താല്‍ ആ പോസ്റ്റ്‌, എന്നെ ഫ്രണ്ട് ആക്കുകയോ ഫോളോ ചെയ്യുകയോ ചെയ്ത ആളുടെ ഫേസ്ബുക്ക് അപ്ഡേറ്റില്‍ ലൈവ് ആവുകയും ചെയ്യും. അതിലൂടെ കടന്നു പോകുന്ന എല്ലാവര്‍ക്കും അത് കാണാന്‍ സാധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ആ പോസ്റ്റിനു വീണ്ടും ലൈക്കും ഷെയറും കമന്റും കിട്ടാന്‍ സാധ്യത കൂടുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചികിത്സാ സഹായ അഭ്യര്‍ത്ഥനകളും മറ്റും പലപ്പോഴും ഫേസ്ബുക്കില്‍ കാണാറുള്ളതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം  ഇതാണ്.

ഇത്രയും എഴുതിയതിന്റെ കാരണം, സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളം എന്ന വാർത്ത തെറ്റാണ് പ്ളീസ് ഇനി ആരും അത് ഷെയർ ചെയ്യല്ലേ... എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസത്തെ കേരളകൗമുദി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്.  



ഈ വാര്‍ത്തയ്ക്ക് കാരണമായ അടിസ്ഥാന സംഭവം  
എറണാകുളത്തു നിന്നും സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞു 
ഷൊർണൂരിലെ വീട്ടിലേക്കു പോവുകയായിരുന്ന സൗമ്യ എന്ന പെൺകുട്ടി 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസ്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. 

ഈ വാര്‍ത്തയ്ക്ക് കാരണമായ സോഷ്യല്‍ കമ്മ്യൂണിറ്റി പോസ്റ്റ്‌ 


ഇതിനിടെ കുറച്ച് കാലമായി സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ലൈക്ക് ചെയ്യപ്പെടുകയും കമന്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പോസ്റ്റാണ് ഇവിടെക്കാണുന്നത്. ഇതേ കാര്യം സൂചിപ്പിക്കുന്ന വാര്‍ത്ത അന്നത്തെ പല പ്രമുഖ പത്രങ്ങളിലും വന്നിരുന്നു.

<= <=<= <=<= 
മുകളിലത്തെ പോസ്റ്റ്‌ കാരണം ഇപ്പോള്‍ സംഭവിച്ച പ്രശ്നങ്ങളെ പറ്റിയുള്ള വാര്‍ത്തയുടെ പൂര്‍ണ്ണരൂപവും ലിങ്കും  താഴെ കൊടുക്കുന്നു. 

http://news.keralakaumudi.com/news.php?nid=a56bbee60d2840ccc5f71bc66a598ba1 

കൊച്ചി: 'എന്റെ കുട്ടിയോടും എന്നോടും എന്തിനാ ഈ ദ്രോഹം ? തെറ്റായ വാർത്ത മൂലം വീട് പണിയാൻ പണം തരാമെന്ന് പറഞ്ഞയാൾ പിന്മാറി."

പാതി പണിത, വീടിനടുത്തുള്ള വാടക വീട്ടിലിരുന്ന് സുമതി കരയുകയാണ്. സുമതിയെ മലയാളി അറിയും. ഗോവിന്ദച്ചാമി എന്ന നരാധമനാൽ കൊല്ലപ്പെട്ട് മലയാളിയുടെ വേദനയായ സൗമ്യയുടെ അമ്മ.

ഫേസ് ബുക്കിൽ പ്രചരിക്കുന്ന 'സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ" എന്ന വ്യാജ വാർത്തയാണ് സുമതിയെ സങ്കടത്തിലാക്കിയത്.

''മൂന്നു മാസമേ സൗമ്യ എറണാകുളത്തെ കടയിൽ ജോലി ചെയ്തിരുന്നുള്ളൂ. മാസം കിട്ടുന്ന 6000 രൂപ അവൾ മുഴുവനായും അമ്മയുടെ കൈയിൽ കൊടുക്കുമായിരുന്നു. ഇപ്പോഴും ആ ശമ്പളം അവളുടെ വീട്ടിൽ കടയുടമ എത്തിക്കുന്നു...""

ഫേസ് ബുക്കിൽ ഈ വാർത്ത കണ്ടവരൊക്കെ സത്യമറിയാതെ ഷെയർ ചെയ്യുകയാണ്.

സൗമ്യ മരിച്ച് ഒരു വർഷം വരെ കടയുടമ 6000 രൂപ വച്ച് നൽകിയിരുന്നു. അവസാനം 50,000 രൂപ കടയുടെ മാനേജർ വശം കൊടുത്തു വിട്ടു. ഇനി സൗമ്യയുടെ പി.എഫ്. പെൻഷനായി 1650 രൂപ അമ്മയുടെ മരണം വരെ കിട്ടുമെന്നും അയാൾ പറഞ്ഞു. 1650 രൂപ ആറു മാസം വരെ ലഭിച്ചു. പിന്നെ, ഒരു വിവരവുമില്ല. ഈ പണം പി.എഫ്. പെൻഷൻ എന്ന പേരിൽ കടയുടമ തന്നെയാണ് അയച്ചിരുന്നതെന്ന് ഇപ്പോൾ സംശയമുണ്ട്. അന്വേഷിച്ചപ്പോൾ അന്നു വന്ന മാനേജർ മാറി. സൗമ്യയുടെ കൂടെ ജോലി ചെയ്തവരാരും ഇപ്പോൾ കടയിലില്ല.

സാമ്പത്തികപ്രശ്‌നങ്ങൾ കാരണം കവളപ്പാറയിലെ വീട് ആറു മാസം മുമ്പ് 12 ലക്ഷം രൂപയ്‌ക്ക് വിറ്റു. കവളപ്പാറ കാരയ്‌ക്കാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം അഞ്ചു സെന്റ് പറമ്പ് വാങ്ങി ചെറിയ വീട് പണിതു തുടങ്ങി.  സൗമ്യയുടെ ദുരന്തം അറിഞ്ഞ കോഴിക്കോട്ടുള്ള ഒരു പ്രവാസി വീടു വച്ചുതരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഫേസ് ബുക്കിലെ വ്യാജ വാർത്ത വന്നതോടെ അവർ പിന്മാറി.  ഇപ്പോൾ വാടക വീട്ടിലാണ് താമസം. വീടു തീർക്കണം. എവിടുന്ന് പണം കിട്ടും? ഇപ്പോൾ ഇങ്ങനെ വാർത്ത പരക്കുന്നതിന് പിന്നിൽ ആരോ ഉണ്ട്. പക്ഷേ, കേസുമായി പോകാനൊന്നും ഇനി ആവില്ലെന്ന് സുമതി പറയുന്നു.

സുമതിയുടെ ഫോൺ: 9539491343.   

ഇനി ചില അച്ചായത്തരങ്ങള്‍ 


  • ഈ വാര്‍ത്ത (ഫേസ്ബുക്ക് പോസ്റ്റ്‌) സൗമ്യയുടെ അമ്മ കരുതുന്ന പോലെ ആരും മനപൂര്‍വ്വം പരത്തുന്നതാവാന്‍ സാധ്യതയില്ല. അങ്ങനെ ഒരു വാര്‍ത്ത പരത്തിയത് കൊണ്ട് ആര്‍ക്കാണ് നേട്ടം ?
  • കേവലം മൂന്നു മാസം തന്റെ കടയില്‍ ജോലി ചെയ്ത കുട്ടി അവിടെ നിന്നും ജോലി ചെയ്തു മടങ്ങുമ്പോള്‍ സംഭവിച്ച ദുരന്തത്തെ തുടര്‍ന്ന് ആ കുട്ടി മരിക്കുകയും, തുടര്‍ന്നുള്ള ഒരു വര്‍ഷമെന്കില്‍ ഒരു വര്‍ഷം ആ കുട്ടിയുടെ ശമ്പളം വീട്ടിലെത്തിക്കുക എന്നത് തീരെ ചെറിയ ഒരു കാര്യമല്ല. വളരെ മനുഷ്യത്വപരമായ ഒരു പ്രവൃത്തി ആണത്.
  • മനുഷ്യത്വപരമായ ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അക്കാലത്തു ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ വീണ്ടും ആരുടെയോ ലൈക്‌/കമന്റ്/ഷെയര്‍ ഇവ കൊണ്ട് ലൈവ് ആയതാകാന്‍ ആണ് സാധ്യത.
  • നിയമപരമായി നോക്കിയാല്‍, സൗമ്യയുടെ കടയുടമയ്ക്ക് പി. എഫില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുകയും, സൗമ്യ ആ രജിസ്ട്രേഷന്‍ പ്രകാരം പി. എഫില്‍ അംഗമാവുകയും ചെയ്‌താല്‍ മാത്രമേ സൗമ്യയുടെ കുടുംബത്തിന് പി. എഫ്. പെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ. സൗമ്യയുടെ പേരില്‍ പി. എഫ്. അക്കൗണ്ട്‌ ഉണ്ടോ എന്ന് പി. എഫ്. ഓഫീസില്‍ അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവൂ. 
  • ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വളരെ വൈകിയ വേളയില്‍ സംഭവിച്ചിരിക്കുന്ന തെറ്റിദ്ധാരണ മൂലം ആ സാധു കുടുംബത്തിന് കിട്ടിയേക്കാമായിരുന്ന ഭവന നിര്‍മ്മാണ സഹായം ഇല്ലാതായത് നിര്‍ഭാഗ്യകരം തന്നെയാണ്. ആ സഹായം ചെയ്യാമെന്ന് പറഞ്ഞയാള്‍ ഒരു നല്ല മനസ്സിനുടമയാണെങ്കില്‍ ഇപ്പോള്‍ വന്ന വാര്‍ത്ത കണ്ടാല്‍ ആ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ തന്നെയാണ് സാധ്യത.
  • ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളിലും എന്തെങ്കിലും ഒരു പോസ്റ്റിടുകയോ ലൈക്‌/കമന്റ്/ഷെയര്‍ മുതലായ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികതയെക്കുറിച്ച് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും.
  • ആ കുടുംബത്തിന് ഒരു കൈസഹായം ചെയ്യാന്‍ ആരെങ്കിലും മുന്‍കൈ എടുത്ത് ഒരു ഫണ്ടോ മറ്റോ സ്വരൂപിക്കുകയാണെങ്കില്‍ സാധിക്കുന്ന ചെറിയ സഹായം ചെയ്യാന്‍ ഞാനും ഒരുക്കമാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Sunday, 1 June 2014

തുഗ്ലക്കിന്റെ പിൻഗാമികൾ നാട് ഭരിക്കുമ്പോൾ !!!

ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 26 May 2014

കുട്ടിമാമാ... ഞാൻ ഞെട്ടി മാമാ....

ഞെട്ടല്‍ പ്രകടിപ്പിച്ചു...
ഞെട്ടല്‍ രേഖപ്പെടുത്തി....
നടുക്കം രേഖപ്പെടുത്തി...
മുതലായ നൂതന പ്രതികരണങ്ങള്‍ ആദ്യമായി ഈ ദുനിയാവില്‍ പ്രയോഗിച്ചത് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ ആയിരിക്കുമെന്ന് തോന്നുന്നു. എന്തായാലും ഈ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഈ നാട്ടിലെ വിവിധ വിഭാഗം ജനങ്ങള്‍ ഞെട്ടലോട് ഞെട്ടലായിരുന്നു...വിവിധ ഞെട്ടല്‍ കഥകളിലൂടെ ഓരോട്ടപ്രദക്ഷിണമായാലോ...

പ്രതിപക്ഷത്തിലെ പ്രതിപക്ഷമായിരുന്ന അച്ചുമ്മാവന്‍ 180 ഡിഗ്രീ വട്ടം കറങ്ങി നല്ല അനുസരണയുള്ള കുട്ടിയായി പി ബി യും സംസ്ഥാന സമിതിയും എഴുതി കൊടുത്ത പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വായിക്കുന്നത് കേട്ട് അച്ചു ആരാധകരും അച്ചു എതിരാളികളും ഒരു പോലെ ഞെട്ടി. പത്തു കൊല്ലം മുന്‍പ് ര്‍ എസ് പി യില്‍ നിന്ന് പിടിച്ചു വാങ്ങി സി പി എം മത്സരിച്ച സീറ്റിനെ ചൊല്ലി തൊട്ടു തലേ ദിവസം വരെ ചാനല്‍ ചര്‍ച്ചകളില്‍ എല്‍ ഡി എഫിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന പ്രേമചന്ദ്രന്‍ നിന്ന നില്‍പ്പില്‍ മറു കണ്ഠം ചാടിയത് ഇരുപക്ഷത്തെയും ഞെട്ടിച്ചു. വടക്ക് ഒരു പാര്‍ട്ടിയുടെ മുന്‍മന്ത്രിയായിരുന്ന ദേശീയ നേതാവ് ഒരു സീറ്റിനു വേണ്ടി സംസ്ഥാന നേതാവിന്റെ വീട്ടില്‍ പോയി എന്തിക്കരയുന്നത് കണ്ടു സംസ്ഥാനത്തെ കഠിന ഹൃദയന്മാര്‍ വരെ ഞെട്ടി.

രാഷ്ട്രീയ പ്രവാചകന്മാരുടെയും കടുത്ത ആരാധകരുടെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ബി ജെ പി നയിക്കുന്ന എന്‍ ഡി എ നേടിയ ചരിത്ര ജയം ഒരു മാതിരിപ്പെട്ട എല്ലാ മനുഷ്യ ജീവികളെയും ഞെട്ടിച്ചു. എന്‍ ഡി എ യിലെ തന്നെ കിംഗ്‌ മേക്കര്‍ സ്ഥാനമോഹികള്‍ ആയിരുന്ന ചെറിയ പാര്‍ട്ടികള്‍ ഞെട്ടിയ ഞെട്ടല്‍ ഇന്ന് മന്ത്രിസഭാ പ്രഖ്യാപനം കഴിഞ്ഞിട്ടും മാറിയിട്ടില്ല. 

അതിലൊക്കെ കഷ്ടമാണ് മോദിയുടെ ചിറകിലേറി ബി ജെ പി നേടിയ ചരിത്രവിജയത്തിന്റെ മറുവശമായി നമ്മുടെ നെഹ്‌റു കോണ്ഗ്രസ്സ് ഏറ്റുവാങ്ങിയ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട തോല്‍വി. അത് കണ്ടു കോണ്ഗ്രസ് സ്നേഹികളെക്കാളും ഞെട്ടിയത് കൊടിയ കോണ്ഗ്രസ് വിരോധികളാണ്. പത്തു മുപ്പതോളം മന്ത്രിമാര്‍ ഞെട്ടി...അനവധി നിരവധി എം പി മാര്‍ ഞെട്ടി...പി സി സി നേതാക്കള്‍ ഞെട്ടി...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തരംഗമായി മാറിയ, പിറന്നിട്ട് കഷ്ടി ഒരു വയസ്സ് മാത്രമായ, എ എ പി നാല് സീറ്റ് വാങ്ങിയത് കണ്ടു രാഷ്ട്രീയനിരീക്ഷകര്‍ ദേശീയ തലത്തില്‍ ചെറിയ തോതില്‍ ഞെട്ടി. പക്ഷെ തങ്ങള്‍ വിചാരിച്ച പോലെയുള്ള വിജയം കിട്ടാത്തതിന്റെ ഞെട്ടല്‍ ആപ് നേതാക്കളിലും കണ്ടു. നാണം കേട്ട പരാജയത്തിനിടയിലും എ എ പിയെ ചെറുതാക്കി കാണിക്കാന്‍ മറ്റു പാര്‍ട്ടിക്കാര്‍ നടത്തുന്ന ശ്രമം കണ്ടു എ എ പിയിലും അഴിമതി വിരുദ്ധ മുന്നേറ്റത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന സകല ജനങ്ങളും ഞെട്ടി.

പരിവേഷനഷ്ടം സംഭവിച്ച്‌ രക്തസാക്ഷികളില്‍ നിന്നും ലളിത ജീവിത ശൈലിയില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നും അകന്നു ധാര്‍ഷ്ട്യവും ധിക്കാരവും മാത്രം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിച്ചു വര്‍ഗീയ സാമുദായിക പ്രീണനത്തിന്റെ പുറകെ പോയ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയപദവി നഷ്ടപ്പെടുന്നത് കണ്ടു ഒത്തിരി പേര്‍ ഞെട്ടി.

ഒരു കുതിരക്കച്ചവട സ്ഥിതിവിശേഷം സംജാതമായാല്‍ പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്ച്ചു വച്ച് കാത്തിരുന്ന  ജയലളിത, മായാവതി, മമത ബാനര്‍ജി, മുലായം സിംഗ് യാദവ്‌ എന്നിവരും ഒടുക്കത്തെ ഞെട്ടു ഞെട്ടി. മായാവതിയെയും അജിത് സിങ്ങിനെയും വട്ടപ്പൂജ്യമാക്കിയ ജനം സമാജ് വാദി പാര്‍ട്ടിയെ മുലായം പരിവാര്‍ മാത്രമാക്കി മാറ്റി. 

ഇതിനെക്കാളും വലിയ ഞെട്ടലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞു കേരളത്തില്‍ സംഭവിച്ചത്. ചരിത്രത്തില്‍ എങ്ങും ഇല്ലാത്ത തോല്‍വി ഏറ്റു വാങ്ങുമെന്ന് ആരാധകര്‍ പോലും വിധിയെഴുതിയ യു ഡി എഫ് പന്ത്രണ്ട് സീറ്റ്‌ സംഘടിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെപ്പോലും ഞെട്ടിച്ചു. ചാലക്കുടി, തൃശൂര്‍, ഇടുക്കി മുതലായ ഫിക്സഡ് ഡെപ്പോസിറ്റ്‌ സീറ്റുകള്‍ എതിര്‍ പക്ഷത്തിന് താലത്തില്‍ വച്ച് കൊടുത്തു യു ഡി എഫ് ഞെട്ടിച്ചപ്പോള്‍ വടകര, കൊല്ലം, കാസര്‍ഗോഡ്‌, തിരുവനന്തപുരം മുതലായ സീറ്റുകളിലെ പ്രകടനമാണ് എല്‍ ഡി എഫ് ഞെട്ടാന്‍ വേണ്ടി കാഴ്ച വച്ചത്.

കേരളത്തിലെങ്ങും തിരഞ്ഞെടുപ്പിലെ പുതുമുഖ താരമായ നോട്ടയും ഞെട്ടിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന അസാധുവിനെ വോട്ടറുടെ അജ്ഞതയുടെ സന്തതി എന്ന പേര് ദോഷത്തില്‍ നിന്ന് വോട്ടറുടെ അസംതൃപ്തിയുടെ സന്തതി എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ നോട്ടക്കു സാധിച്ചു.

ആപ് (ആം ആദ്മി), എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായവര്‍ തങ്ങളുടെ ശക്തമായ സ്വാധീനം കൊണ്ട് ജനങ്ങളെയും അതിലുപരി രാഷ്രീയ തൊഴിലാളികളെയും ഞെട്ടിച്ചു. അടുത്ത പഞ്ചായത്ത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ സംഭവക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്തു പരമ്പരാഗത നേതാക്കള്‍ ഊണിലും ഉറക്കത്തിലും ഒക്കെ ഞെട്ടുന്നതായാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍.

സാധാരണയായി മുന്നണികളുടെ  തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ തങ്ങളുടെ പങ്കിന്റെ അവകാശവാദം ഉന്നയിച്ച് മിടുക്കരാകുന്ന സമുദായനേതാക്കളും തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിത്തരിച്ചു പോയി. എട്ടുകാലി മമ്മൂഞ്ഞുമാരാകാന്‍ തയ്യാറായി നിന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ മനക്കോട്ടകള്‍ തകര്‍ന്നു വീണത്‌ ഒട്ടേറെ പേരെ ഞെട്ടിച്ചു. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനാണ് എന്‍.എസ്.എസ് പിന്തുണ നല്‍കിയത്. രാജഗോപാല്‍ തോറ്റപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്നു പറഞ്ഞ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇളിഭ്യനായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നു തിരഞ്ഞെടുപ്പിനു മുമ്പ് വെല്ലുളിച്ച് നായര്‍ യു.ഡി.എഫ് 12 സീറ്റു നേടിയപ്പോള്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ ശക്തനായെന്നു പറഞ്ഞ് നെടുവീര്‍പ്പിടുകയായിരുന്നു.

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിനെ തോല്‍പ്പിക്കാനായിരുന്നു എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി ചന്ദ്രബാബുവിനു പിന്തുണയും നല്‍കി. ഇടുക്കിയിലാകട്ടെ വെള്ളാപ്പള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെയാണ് പിന്തുണച്ചത്. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്തും പരാജയപ്പെട്ടു.

മലപ്പുറത്ത് ലീഗിനേല്‍ക്കുന്ന തിരിച്ചടിയും തിരഞ്ഞെടുപ്പു പരാജയവും കാന്തപുരം ഫാക്ടര്‍ കാരണമെന്നു പറയാറുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നീക്കങ്ങളും ഇത്തവണ വിജയം കണ്ടില്ല. പൊന്നാനിയില്‍ കാന്തപുരം വിഭാഗം ഇടതുസ്ഥാനാര്‍ത്ഥി അബ്ദുറഹിമാനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ തോല്‍പിക്കാനായില്ല. മലപ്പുറത്താവട്ടെ പ്രതികൂല സാഹചര്യത്തിലും ഇ. അഹമ്മദ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ മികച്ചവിജയം നേടുകയും ചെയ്തു. സമുദായവോട്ടുബാങ്കെന്ന ഭീഷണി മുഴക്കി കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരച്ചവരയില്‍ നിര്‍ത്തുന്ന സമുദായ നേതാക്കളുടെ ശക്തിയാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഐക്യമുന്നണിയുമായി ഉടക്കി ഇടതുമുന്നണിയുടെ കൂടെ നിന്ന കത്തോലിക്കാ സഭക്ക് ഇടുക്കിയിലെ ഇടതിന്റെ ജയം ആശ്വാസമായി എങ്കിലും കസ്തൂരിരംഗനേക്കാള്‍ ശക്തമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് പറയുന്ന ബി ജെ പി കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുന്നത് കണ്ട് ഞെട്ടേണ്ടി വന്നു. കേരള കോണ്ഗ്രസ്സും സഭയും ആഞ്ഞു പിടിച്ചിട്ടും ഇടതു സ്ഥാനാര്‍ഥി വല്ല്യ മെച്ചപ്പെട്ട ഭൂരിപക്ഷതിനല്ല ജയിച്ചത്‌ എന്നാതാണ് അതിനേക്കാള്‍ വലിയ ഞെട്ടല്‍ സമ്മാനിച്ചത്.  കേരളം ജാലിയന്‍വാലാബാഗ് ആക്കുമെന്നും കത്തിക്കും എന്നൊക്കെ ആക്രോശിച്ച പിതാവിന്റെ മേഖലയിലും കുഞ്ഞാടുകള്‍ ഇടയന്‍ തെളിച്ച തൊഴുത്തിലേക്കല്ല നടന്നത് എന്ന് കണ്ടാല്‍ ഇതു ഇടയനാണ് ഞെട്ടാത്തത്.

സിപിഎമ്മിനെതിരെ ശവത്തില്‍ കുത്തുന്ന പ്രസ്താവനയുമായി ലീഗ് വിട്ട് ഇപ്പോള്‍ ഇടതു സഹയാത്രികനായ  കെടി ജലീല്‍ രംഗത്ത് വന്നത് ഇടത് നേതാക്കളെയും അണികളെയും ഒരു പോലെ ഞെട്ടിച്ചു. പ്രത്യയശാസ്ത്രരംഗത്ത് ഇഞ്ചോടിഞ്ച് പൊരുതിനിന്ന ഇടതുപക്ഷം മെലിഞ്ഞൊട്ടിയാണ് 16ാം ലോക്‌സഭയിലെത്തുന്നതെന്നും ഉറക്കെ കരയാന്‍പോലുമുള്ള ശക്തി പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയ്ക്കില്ലെന്നും ജലീല്‍ പരിതപിച്ചത് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല..

പൊതുവേ കര്‍ക്കശക്കാരന്‍ എന്നും ലോഹപുരുഷന്‍ എന്നും പ്രതിച്ഛായ ഉള്ള മോദി പാര്‍ലിമെന്ററിന്റെ സെന്‍ട്രല്‍ ഹാളില്‍ പൊട്ടിക്കരഞ്ഞ് എല്ലാവരെയും ഞെട്ടിച്ചു. ഇത് കണ്ടു പഴയ ലോഹ പുരുഷന്‍ അദ്വാനിജി പൊട്ടി പൊട്ടി കരയുന്നത് കണ്ടു മോദി കരച്ചിലിനിടക്ക് ഞെട്ടി. 

പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ചു സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ്‌ ഷെരീഫും രാജപക്സെയും അടക്കമുള്ള അയല്‍രാജ്യത്തലവന്മാരെ ക്ഷണിച്ചത് കണ്ട് ആ നേതാക്കളും ഇവിടെയുള്ള ചില നേതാക്കളും ഞെട്ടി....

ആ ക്ഷണത്തോട് അത്രയും തന്നെ ക്രിയാത്മകമായി പ്രതികരിച്ചു കൊണ്ട് അവിടങ്ങളിലെ ജയിലില്‍ കഴിയുന്ന നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതും സത്യപ്രതിജ്ഞാ ചടങ്ങിനു എത്തിയതും കണ്ട് അവിടത്തെ ജനങ്ങളും ഇവിടത്തെ ജനങ്ങളും കൂട്ടത്തോടെ ഞെട്ടി....

അയ്യോ...പറയാന്‍ വിട്ടു പോയി. എക്സിറ്റ്‌ പോള്‍ എന്ന  കോപ്രായ സര്‍വ്വെക്കാരാണ്‌ പിന്നെ ഞെട്ടിയത്. അവര്‍ പുറത്തു വിട്ട സര്‍വ്വേ ഫലം കണ്ട കാണികള്‍ ആദ്യം ഞെട്ടി. പിറ്റേന്ന് വോട്ടെണ്ണി ഫലം പുറത്തു വന്നതോടെ ഫലം പ്രവചിച്ചവര്‍ ഞെട്ടി കണ്ണ് തള്ളിപ്പോയി.

അഭിപ്രായ സര്‍വ്വേ കുതിരകച്ചവടത്തിനും ചാക്കിട്ടു പിടുത്തത്തിനും വേണ്ടി നടത്തിയ ചെപ്പടി വിദ്യയാണെന്നു പരിഹസിച്ചും മോഡിക്ക് ഒരു തൂക്കു പ്രധാന മന്ത്രി സ്ഥാനം മാത്രം മുന്നില്‍ക്കണ്ടും ബ്ലോഗ്‌ എഴുതിയ ഞാനും റിസള്‍ട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടി. ഒരു തട്ടി മുട്ടി പാര്‍ലിമെന്റ് മാത്രം മുന്നില്‍ കണ്ടു കയ്യിലുണ്ടായിരുന്ന ഷെയര്‍ മുഴുവന്‍ കിട്ടിയ ലാഭത്തിനു വിറ്റു തുലച്ചിട്ട് പിറ്റേന്ന് മുതല്‍ ഓഹരി വിപണി മുന്നോട്ടു കുതിക്കുന്നത് കണ്ടു ഞാന്‍ ഞെട്ടിക്കൊണ്ടേയിരിക്കുന്നു; ഉറക്കത്തിലും ഞാന്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ടെന്നും എന്റെ ഷെയര്‍ ഒക്കെ പോയി എന്ന് പുലമ്പുന്നുണ്ടെന്നും എന്റെ സഹധര്‍മ്മിണി പറയുന്നത് കേട്ട് ഞാന്‍ വീണ്ടും ഞെട്ടി. 

എന്തായാലും സാന്ദര്‍ഭികമായി ഉപയോഗിക്കാവുന്ന സിനിമാ ഡയലോഗ് യോദ്ധ എന്ന പടത്തില്‍ ജഗതിയുടെ അപ്പുക്കുട്ടന്‍ എം എസ് ത്രിപ്പൂണിത്തുറയുടെ അമ്മാവന്‍ കഥാപാത്രത്തോട് പറയുന്ന പ്രശസ്ത ഡയലോഗാണ്...

കുട്ടി മാമാ...ഞാന്‍ ഞെട്ടി മാമാ..

(
എന്റെ വക കുറച്ചു കൂടി ഇരിക്കട്ടെ .... ഞാന്‍ മാത്രമല്ല സര്‍വ്വരും ഞെട്ടിമാമാ...) 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

 


Wednesday, 21 May 2014

എന്റമ്മോ, ഒരു കണക്കിന് കഷ്ടിച്ചാണ് നമ്മുടെ മതേതരത്വം രക്ഷപെട്ടത്...സമ്മതിക്കണം...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയ മെയ്‌ പതിനാറാം തിയതി ഏതാണ്ട് അഞ്ചു മണിക്കൂറോളം കേരളത്തിലെ മതേതര വിശ്വാസികള്‍ ഒന്നടങ്കം ആകാംഷയുടെ മുള്‍മുനയില്‍ ആയിരുന്നു. മറ്റൊന്നുമല്ല, തിരുവന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മതേതരത്വത്തിന്റെ വലതുപക്ഷ വക്താക്കളാണോ, അല്ല ഇടതുപക്ഷ വക്താക്കളാണോ അതുമല്ല  മതേതരത്വത്തിന്റെ ഘാതകരായ ബി ജെ പിക്കാരാണോ ജയിക്കുക എന്ന കണ്‍ഫ്യൂഷന്‍ കേരളത്തിലെ മതേതരത്വസ്നേഹികളെ കുറച്ചൊന്നുമല്ല കഷായിപ്പിച്ചത്.
മതേതരത്വത്തിന്റെ ഇടതുപക്ഷ വക്താക്കള്‍ തുടക്കം മുതലേ കച്ചേരിയുടെ ഏഴല്‍പക്കത്ത് ഇല്ലാതിരുന്നത് കൊണ്ട് തന്നെ, ഒരു വലതുപക്ഷമതേതര - മതേതരവിരുദ്ധ ദ്വന്ദ്വ യുദ്ധമാണവിടെ നടന്നിരുന്നത്.  സുരേഷ് ഗോപി - ഷാജി കൈലാസ്‌ സിനിമ പോലെ കളിയുടെ അവസാനം വരെ മതേതര ശത്രു ജയിച്ചു തന്നെ നിന്നു. ഒടുവില്‍  തിരുവനന്തപുരത്തെ  മതേതരത്വം തകര്‍ന്നത് തന്നെയെന്ന് കേരളത്തിലെ മുഴുവന്‍ മതേതരത്വസ്നേഹികളും നെഞ്ച് കീറി മുടി പറിച്ചു നിലവിളിച്ചു തുടങ്ങുന്ന സന്ദര്‍ഭത്തില്‍, നമ്മുടെ വലതുപക്ഷ മതേതരന്‍ എതിരാളിയെ മലര്‍ത്തിയടിച്ചത് കൊണ്ട് കാര്യങ്ങള്‍ ശുഭമായി തന്നെ പര്യവസാനിച്ചു. ഒരു കണക്കിന് കഷ്ടിച്ച് നമ്മുടെ മതേതരത്വം 15470 വോട്ടിനു സംരക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.  

ഇനി തോറ്റതാരാ ജയിച്ചതാരാ എന്ന് നോക്കുന്നതില്‍ കാര്യമൊന്നും ഇല്ലെങ്കിലും ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. 

ജയിച്ച മഹാന്‍ ചില്ലറ കക്ഷിയൊന്നും അല്ല. ലണ്ടനിൽ ജനനം,കൽക്കട്ടയിലും ബോംബെയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം. ഇന്ത്യയിൽ നിന്നുള്ള മു യു.എൻ. നയതന്ത്രജ്ഞന്‍, ഐക്യ രാഷ്ട്ര സഭ മുന്‍ അണ്ടർ സെക്രട്ടറി ജനറനിലവില്‍ എം, പി, കേന്ദ്ര മന്ത്രി, സുന്ദരന്‍, സുമുഖന്‍, ക്രിക്കറ്റ്‌ (ഐ പി എല്‍) പ്രേമി, സ്വന്തമായി മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്ന വീരന്‍(ദോഷം പറയരുതല്ലോ, ഒരേ സമയം അല്ല കേട്ടോ; അതില്‍ ഒരാള്‍ കാനഡക്കാരി)എഴുത്തുകാരന്‍ (എട്ടോളം പുസ്തകങ്ങള്‍), പത്രപ്രവർത്തകന്, ട്വിറ്റര്‍ പ്രേമി അങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ആളാണ്‌ ചേട്ടായി. കോഫി അന്നാനു ശേഷം യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോ മത്സരത്തി നിന്ന് പിന്മാറി. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനിലേക്ക്‌ മാറിത്താമസിക്കേണ്ടി വന്ന വിദ്വാന്‍ കൂടിയാണദ്ദേഹം. 2008 ഡിസംബറിൽ കൊച്ചിയില്‍ ഫെഡra ബാങ്ക് സംഘടിപ്പിച്ച കെപി ഹോമിസ് അനുസ്മരണ പരിപാടിയി പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോ അമേരിക്ക മാതൃകയി കൈ നെഞ്ചോടു ചേത്തു പിടിക്കണമെന്നു നിദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിക്കപ്പെട്ടു കോടതി കയറി ഇറങ്ങിയ മഹാനുമാണ്. ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തി, ട്വിറ്റർ നെറ്റ്‌വക്കി ഒരു ചോദ്യത്തിനു നകിയ മറുപടിയി ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് അനുചിതമായെന്നാണു കോൺഗ്രസ് പാട്ടിയെക്കൊണ്ട് തന്നെ പറയിപ്പിച്ച ബഹു കേമന്‍. കോമൺവെൽത്ത് ഗെയിംസിന്റെ കട്ടന്റ് എന്ന നിലയി തുക കൈപ്പറ്റിയതായി ആക്ഷേപമുയന്നിരുന്നു. ഭരിച്ച കാലയളവില്‍ കേരളത്തിന്‌ വേണ്ടി ഒന്നും വാ തുറക്കുന്നത് മാത്രം കേട്ടിട്ടില്ല. അദ്ദേഹം വഴി കേരളത്തിലോ തിരുവന്തപുരത്തോ കാര്യമായ ഒരു വികസനവും നടന്നതായി കേട്ടിട്ടില്ല. 

തോറ്റ അമ്മാവന്‍ ആണെങ്കില്‍, പാലക്കാട്‌ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ ജനനം. സാധാരണ ഗ്രാമീണ പള്ളിക്കൂടത്തില്‍ നിന്നും പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയി നിന്നു നിയമബിരുദം നേടി. 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവത്തകനായത്. ദീൻ ദയാ ഉപാധ്യായയുടെ രാഷ്ട്രീയ പ്രവര്‍ത്തന രീതികളില്‍ പ്രചോദിതനായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത്. ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഇപ്പോള്‍ ബി ജെ പി ദേശീയ നേതാവാണ്. ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിവേ സഹമന്ത്രിയായിരുന്നു. ഇദ്ദേഹം  1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ആർ.എസ്സ്.എസ്സിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ഇഷ്ടമുള്ളവര്‍ രാജേട്ടന്‍ എന്ന് വിളിക്കുന്ന ഓ രാജഗോപാല്‍ കക്ഷി ഭേദമെന്യേ ജനസമ്മതനായിരുന്നു (തിരഞ്ഞെടുപ്പുകളില്‍ ഒഴികെ). അദ്ദേഹം റെയില്‍വേ സഹമന്ത്രി ആയിരുന്ന കാലയളവില്‍  മറ്റേതൊരു ഭരണ കാലത്തേക്കാളും റെയില്‍വേ വികസനം കേരളത്തില്‍ ഉണ്ടായി എന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.  ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു ഗുണം എന്നത്  ഇതൊന്നും അല്ല. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന "ഫ്ലക്സ്‌" രാഷ്ട്രീയക്കാര്‍ക്കിടയില്‍  ഉറപ്പായും അദ്ദേഹം വ്യത്യസ്ഥന്‍ ആയിരുന്നു. താമരയുടെ പിറകെ അദ്ദേഹം ഇറങ്ങി പുറപ്പെടുന്ന കാലത്ത് കേരളത്തില്‍ താമര വിരിയും എന്ന് വിഡ്ഢികള്‍ പോലും പ്രതീക്ഷിക്കില്ലായിരുന്നു. അങ്ങനെ നോക്കിയാല്‍ സ്വന്തമായി ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാവില്ല എന്ന്  തീര്‍ച്ചപ്പെടുത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലാക്കാം. അത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നേ വരെ തരാം താണ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്നു വരുന്നത് രാഷ്ട്രീയ കേരളം കണ്ടിട്ടില്ല. 

ജനങ്ങൾക്കിടയി യാതൊരു സ്വാധീനവുമില്ലാത്തവ ജാതി രാഷ്ട്രീയത്തിന്‍റെയും ഉപജാപകരാഷ്ട്രീയത്തിന്‍റെയും പിൻബലത്തി ജനപ്രതിനിധികളായും മന്ത്രിമാരായും വിലസ്സുന്ന കേരള രാഷ്ട്രീയ സാഹചര്യത്തി ശ്രീ. ഒ. രാജഗോപാലിനെപ്പോലുള്ള സംശുദ്ധ പൊതുപ്രവർത്തകനെ ജനപ്രതിനിധിയായി ലഭിക്കാ കഴിയുന്നില്ല എന്നതിന്‍റെ നഷ്ടം നമ്മുടെ പൊതുസമൂഹത്തിനു തന്നെയാണ്. അതും, മൃഗീയ ഭൂരിപക്ഷത്തില്‍ നിലവില്‍ വരുന്ന ഒരു ഗവണ്‍മെന്റില്‍ നമുക്ക് ഒരു പ്രതിനിധി പോലും ഇല്ല എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍. 

ജാനാധിപത്യ പരിതസ്ഥിതിയില്‍ വര്‍ഗീയമായും സാമുദായികമായും ചിന്തിക്കുന്നതും തെറ്റാണെന്നത് ശരി തന്നെ. നമ്മള്‍ മലയാളികള്‍ മതേതര സ്വഭാവം പുറത്തും വര്‍ഗീയ സ്വഭാവം മനസിലും കൊണ്ട് നടക്കുന്നവര്‍ തന്നെയാണ്. ഇവിടെ ഏതു കക്ഷിയാണ് വര്‍ഗീയമോ സാമുദായികമോ ആയി തിരഞ്ഞെടുപ്പിനെ നേരിടാത്തത്. എല്ലാവരും പ്രാദേശികമായ മേല്‍ക്കയ്യുടെ അടിസ്ഥാനത്തിലാണ് ഇവിടെ കാലാകാലങ്ങള്‍ ആയി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. നാടാര്‍ വിഭാഗത്തിന്‍റെ വോട്ട് കിട്ടാന്‍ വേണ്ടി നാടാര്‍ സ്ഥാനാര്‍ഥി, മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടാനായി മുസ്ലിം സ്ഥാനാര്‍ഥി, ലത്തീന്‍ കത്തോലിക്കരുടെ വോട്ട് കിട്ടാനായി ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥി അങ്ങനെ അങ്ങനെ എന്തെല്ലാം നാടകങ്ങള്‍. കേരളത്തിലെ മതമില്ലാത്ത പാര്‍ട്ടികള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ തന്നെയാണിതൊക്കെ. എല്ലാ പാര്‍ട്ടികളും ഈയോരര്‍ത്ഥത്തില്‍ വര്‍ഗീയ പാര്‍ട്ടികള്‍ തന്നെയാണ് എന്നിരിക്കെ എന്ത് മതേതരത്വത്തെയാണ് നമ്മള്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്. തത്വം ഒന്നേയുള്ളൂ...മതേതരത്വം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്...അത്രന്നേ...

ഹൈന്ദവര്‍ എങ്ങിനെയാണ് രാഷ്ട്രീയത്തില്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയത്. മന്ത്രിമാരെ വീതം വയ്ക്കുന്നത് പോലും സാമുദായിക മത അടിസ്ഥാനത്തിലാണ്. അത്തരം വീതം വയ്പ്പിന്റെ നഷ്ടം മിക്കവാറും ഹിന്ദു സമുദായത്തിനായിരിക്കും. നാളിതു വരെ ബി‌ജെ‌പിക്കു ഒരു സീറ്റ് കേരളത്തില്‍ നേടി കൊടുക്കാതിരുന്ന ഹിന്ദു സമൂഹത്തിന്‍റെ മതേതര സ്വഭാവത്തെ മറ്റുള്ളവര്‍ മുതലെടുക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ ആവുക. കേരളത്തില്‍ ബി‌ജെ‌പി വളരരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെകില്‍ ഒരേ ഒരു വഴിയെ ഉള്ളൂ...അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരണം. കോട്ടയത്തും പാലായിലും എറണാകുളത്തും മുസ്ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കട്ടെ. മലപ്പുറത്തും പൊന്നാനിയിലും കാളികാവിലും ഹിന്ദുവും ക്രിസ്ത്യാനിയും മത്സരിക്കട്ടെ. ഇത്രയൊക്കെ ചെയ്തിട്ട് നമുക്ക് മതേതരത്വം പ്രസംഗിക്കാം. ധാര്‍മികമായി ഒരു അവകാശവും ഇല്ലാതെ, മതേതരത്വത്തിന്റെ അപ്പസ്തോലര്‍ എന്ന് സ്വയം വിളിച്ചു ആത്മവഞ്ചകരായി ജീവിച്ചു മരിക്കാം....

പക്ഷെ, ഭൂരിപക്ഷ വര്‍ഗീയത ഇവിടെ പതുക്കെ പതുക്കെ വളരും...ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ പ്രയാസമാണ്. പക്ഷെ, അത് ഇളകി പുറപ്പെട്ടാല്‍ പിടിച്ചു കെട്ടുകയും പ്രയാസമായിരിക്കും...അത് ഓര്‍ത്താല്‍ മതേതര ജനാധിപത്യ കേരളത്തിന്‌ നല്ലത്....


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 16 May 2014

മോദി തരംഗമെന്നു പറഞ്ഞു കുറച്ചു കാണിക്കരുത്......ഗതികെട്ട ജനത്തിന്റെ പ്രതികാരമാണിത് ....


വന്‍ മോദി തരംഗം...ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം.

മോദി തരംഗത്തില്‍ ബി.ജെ.പി. ഭരണത്തിലേക്ക്..

മോദിക്കാറ്റില്‍ ചരിത്രം കുറിച്ച് എന്‍ ഡി എ

ബി ജെ പി തരംഗം; ഇനി മോദി സര്‍ക്കാര്‍ 

ഇത് മോദിയുടെ വിജയം; ബി ജെ പി അധികാരത്തില്‍ 

മൂന്ന്‍ പതിറ്റാണ്ടിനു ശേഷം ഒറ്റക്കക്ഷിക്ക് കേവല ഭൂരിപക്ഷം

ഒരു താഴ്ന്ന ജാതിക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്.

കോർപ്പറേറ്റുകൾ നയിക്കുന്ന ബി.ജെ.പി.അധികാരത്തിലേക്ക്..

ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി പദത്തില്‍..

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി..

നാളെ മാധ്യമങ്ങളില്‍ കാണാനിടയുള്ള ചില തലവാചകങ്ങള്‍ ആണ് മുകളില്‍. ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം മോഡിക്ക് അനുകൂലമായി വന്നിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനം അംഗീകരിക്കപ്പെടണം; അത് നമ്മുടെ തീരുമാനത്തിന് വിരുദ്ധമാണെങ്കില്‍ പോലും. അതിനെ പൂര്‍ണ്ണ മനസ്സോടെ മാനിക്കുകയാണ് ജനാധിപത്യ മര്യാദ. മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്ന തത്വം എടുത്താല്‍ ഏത് വിധത്തിലായാലും പരിപൂര്‍ണ്ണ ജനാധിപത്യ മാർഗത്തിലൂടെ ഇന്ത്യയുടെ ഭരണം കൃത്യതയോടെ പിടിച്ചെടുത്ത നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ ചടുല നീക്കങ്ങളെ അംഗീകരിക്കേണ്ടത് തന്നെ. 

പ്രിയ മോദി, ഇനി താങ്കള്‍ ഞങ്ങളുടെ; ഭാരതത്തിന്റെ; പ്രധാനമന്ത്രിയാണ്. മരണത്തിന്റെ മൊത്തക്കച്ചവടം ആരോപിക്കപ്പെട്ട രക്തപങ്കിലമായ ചരിത്രത്തെ കഴുകി വെളുപ്പിക്കാന്‍ ഈ ഊഴം നിങ്ങള്‍ ഉപയോഗിക്കുമെന്ന് ഇവിടത്തെ ഓരോ സാധാരണ പൌരനും വിശ്വസിക്കുന്നു. കോർപ്പറേറ്റ് മൂലധനത്തിന്റെ ദല്ലാള്‍ എന്ന വിശേഷണം മനുഷ്യത്വമുള്ള നല്ലൊരു ഭരണാധികാരി എന്ന ഖ്യാതിക്ക് വഴി മാറട്ടെ. കോണ്ഗ്രസ് ജയിച്ചാലും ബി.ജെ.പി ജയിച്ചാലും കോർപ്പറേറ്റുകൾ തന്നെ ആണ് ഭരിക്കുക, കോണ്ഗ്രസ് ഭരിച്ചതിലേറെ അഴിമതികൾ ഇനിയും തുടരും എന്നൊക്കെയുള്ള ജനത്തിന്റെ ആശങ്കകള്‍ അനുഭവം കൊണ്ട് ജനം മാറ്റിയെടുക്കട്ടെ. കുത്തക മുതലാളിമാരെ സഹായിച്ചാലും, അതിനോടൊപ്പം സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികള്‍ എടുക്കാന്‍ അങ്ങേക്ക് കഴിയട്ടെ. അങ്ങയുടെ പരിഗണന ഒരു പ്രത്യേക സമുദായത്തിന് മാത്രമായിരിക്കും എന്ന ആശങ്കയും അങ്ങയുടെ നടപടികള്‍ കണ്ടു തന്നെ മാഞ്ഞു പോകാനിട വരട്ടെ.

ബി ജെ പിയുടെയും എന്‍ ഡി എ യുടെയും ഈ നേട്ടത്തെ മോദി തരംഗം എന്ന് മാത്രം പറഞ്ഞു മാറ്റി നിര്‍ത്തിയാല്‍ ജനാധിപത്യത്തിലെ ജനത്തിന്റെ അവകാശത്തെ, വോട്ട് അധികാരത്തെ താഴ്ത്തി കാണിക്കുകയാവും ചെയ്യുക. 

സത്യത്തില്‍ എന്തായിരുന്നു കുറച്ചു കാലമായി ഇന്ത്യയിലെ രാഷ്ട്രീയ പരിതസ്ഥിതി!!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നിന്നിരുന്ന ഒരു സംവിധാനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ കേന്ദ്ര ഭരണം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമായിരുന്നെങ്കിലും, ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട ഭരണ കക്ഷിയെ പറ്റിയായിരുന്നു മുഖ്യമായും ജനങ്ങളുടെ പരാതി. ഇവിടെ മന്ത്രിമാരും എം പിമാരും ജന്മികളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയദല്ലാളന്മാര്‍ മിച്ചവാരക്കാരും അവരുടെ ലോക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആയിരുന്നു എന്ന്  വേണമെങ്കില്‍ നിരീക്ഷിക്കാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍, നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കുന്നു. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സിലെ കരുത്തില്ലാത്ത ചതഞ്ഞ നേതൃത്വവും യു.പി.ഏ സര്‍ക്കാരിന്റെ അതിരുവിട്ട സഹസ്ര കോടിക്കണക്കിനു രൂപയുടെ അഴിമതിയും കണ്ടു ജനം സഹി കെട്ടിരുന്നു. സാധാരണക്കാര്‍ ഒരു നിവൃത്തിയുമില്ലാത്ത അടിമകളാണെന്ന ഭാവത്തില്‍, ഗ്യാസിനും പെട്രോളിനും എന്ന് വേണ്ട എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും വിലക്കയറ്റം സൃഷ്ടിച്ചു ജനങ്ങളുടെ നെഞ്ചില്‍ കയറിയുള്ള പൊറാട്ട് നാടകം കളി കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം എങ്ങനെ ഇവരെ ഒരു പാഠം പഠിപ്പിക്കണം  എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പൊതു തിരഞ്ഞെടുപ്പ് എന്ന ആയുധം അവരുടെ കയ്യില്‍ കിട്ടുന്നത്. 

കോണ്‍ഗ്രസ് നോക്കിയപ്പോള്‍ ആകെയുള്ള എതിരാളികള്‍ മോഡിയും ആപ്പുമാണ്. കാര്യമായ സംഘടനാ ബലമില്ലാത്ത ആപ് അവര്‍ക്കൊരു ഭീഷണി ആയതുമില്ല.  അപ്പോള്‍ പിന്നെ ആകെയുള്ള എതിരാളി മോഡിയും എന്‍ ഡി എ യുമാണെന്നു  കോണ്‍ഗ്രസ്‌ കണ്ടു. മോഡിയെ വര്‍ഗീയവാദിയായും ന്യൂനപക്ഷ വിരുദ്ധനുമായി ചിത്രീകരിച്ചു. പക്ഷെ, ബുദ്ധിമാന്മാരായ ജനങ്ങള്‍, വര്‍ഗ്ഗീയതയെക്കാളും കൊടിയ വിഷവിപത്തായി അഴിമതിയെയും ജനവിരുദ്ധതയെയും കണ്ടു. ജനഹിതം മാനിക്കാതെ കോർപറേറ്റ് ഭരണം നടത്തിയതിലുള്ള ജനങ്ങളുടെ അമര്‍ഷം അണ പൊട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ മുന്‍പെങ്ങുമില്ലാത്ത വിധം ലോക്സഭയിലെ ഒരു ചെറിയ കക്ഷിയായിപ്പോയി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു പോന്നാല്‍ പിന്നെ അഞ്ചു വർഷം അവരുടെ തലയിൽ കയറിയിരുന്നു കാഷ്ടിക്കാം എന്ന് ധരിച്ച വങ്കത്തരത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോൽവി. ഇത് ബി ജെ പി അര്‍ഹിച്ച വിജയം എന്നതിനേക്കാള്‍ കോണ്‍ഗ്രസ് ഇരന്നു വാങ്ങിയ തോല്‍വി എന്നാണു വിശേഷിപ്പിക്കപ്പെടേണ്ടത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ മോഡിയുടെ തിരഞ്ഞെടുപ്പ് വിജയം മോഡിയുടെ ഷോ ഓഫ്‌ കണ്ടു ഭ്രമിച്ചു പോയ വോട്ടര്‍ സമ്മാനിച്ചത്‌ എന്നതിനപ്പുറം കോണ്‍ഗ്രസ്‌ ഭരണത്തോടുള്ള  ശക്തമായ വിയോജിപ്പാണ്. സ്വന്തം ജയത്തില്‍ അഹങ്കാരം കൊള്ളാതെ പുറത്തായവരുടെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍കൊണ്ടു ജനപക്ഷത്തുനിന്ന് ഭരിക്കാന്‍ വിജയിച്ചവര്‍ക്ക് കഴിയട്ടെ....


മതനിരപേക്ഷതയിലും ക്ഷേമസങ്കല്പ്പങ്ങളിലും അധിഷ്ടിതമായ ഉറച്ച ഒരു ഭരണം ഇവിടെ സംജാതമാവട്ടെ. മോഡിക്കും സംഘത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

സംസ്ഥാന തല ചുവരെഴുത്ത് : രാജ്യം മുഴുവന്‍ അലയടിച്ചുയര്‍ന്ന കോണ്‍ഗ്രസ്‌ വിരുദ്ധ തരംഗവും അതിലേറെ മോശമായ പ്രതിച്ഛായില്‍ നിന്നിരുന്ന സംസ്ഥാന രാഷ്ട്രീയ സ്ഥിതി വിശേഷവും മുതലെടുക്കാന്‍ കഴിയാതെ പോയ കേരളത്തിലെ ഇടതുപക്ഷം ഒരു ചികില്‍സ തേടേണ്ട സമയം അതിക്രമിച്ചു. ജാതി വോട്ടുകള്‍ ലാക്കാക്കി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ എല്ലാം തോറ്റു തൊപ്പിയിട്ടു. അനായാസം തോല്‍പ്പിക്കാം എന്നു കരുതിയ എതിരാളികളെല്ലാം ജയിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം സരിതയുടെയും വ്യക്തിഹത്യയുടെയും പുറകെ പോയി. എതിരാളികളെ തരം താണ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് ആക്രമിച്ചത് പോലും തിരിച്ചടിയായി. പ്രസംഗം കേട്ട് കൈ അടിക്കുന്നവര്‍ മാത്രം വോട്ട് ചെയ്‌താല്‍ ജയിക്കില്ല എന്ന് പ്രിയ സഖാക്കള്‍ മനസ്സിലാക്കുക. ബംഗാളില്‍ നേരിട്ട തുടച്ചു മാറ്റല്‍ സ്ഥിര സ്വഭാവമുള്ളതാണെങ്കില്‍ ഒരു ദേശീയ ജനാധിപത്യ ബദല്‍ എന്ന സ്ഥാനത്തു തുടരാന്‍ അത്യധ്വാനം ചെയ്യേണ്ടതായി വരും. ഇവിടെ ബദല്‍ എന്ന നിലക്ക് ബി ജെ പിക്ക് അടിത്തറയില്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഇത്രയും സീറ്റെങ്കിലും ഒത്തത്. താത്വികമായ അവലോകനങ്ങള്‍ പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്തിയേക്കും; പക്ഷെ അത് വോട്ടായി മാറില്ല.

Last Word : പാര്‍ട്ടിക്ക് തോക്ക് ഉപയോഗിക്കാം. പക്ഷെ തോക്ക് പാര്‍ട്ടിയെ ഉപയോഗിക്കാതെ നോക്കണം. സമാധാനവാദികളുടെ ഒരു വിപ്ലവം ആദ്യം ഉണ്ടാവും. അത് കേട്ടില്ലെന്നും കണ്ടില്ലെന്നും നടിച്ചാല്‍, പിന്നെ വരുന്നത് ഭ്രാന്തന്മാര്‍ നയിക്കുന്ന വിപ്ലവം ആയിരിക്കും ...

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക