ഞാൻ വെറും പോഴൻ

Sunday, 21 June 2015

മമ്മൂട്ടിയും റബ്ബും ഒരു പാവം നിലവിളക്കും...

വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബിനോട് നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം ഒരു വിവാദത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ട്. ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിലവിളക്ക് തെളിയിക്കാൻ കാണിച്ച ധൈര്യത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേർന്ന് ഒരിക്കൽക്കൂടി നെറ്റ് ലോകത്തെ ചൂട് പിടിപ്പിച്ചു കഴിഞ്ഞു.  

ഈയൊരു സാഹചര്യത്തിൽ എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ  നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ്  പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.  കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ,  പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. ലീഗ് നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. ഇവിടെ നിലവിളക്ക് കൊളുത്തുന്നതിനനുകൂലമായി ഒരു "മുസ്ലീമായ" മമ്മൂട്ടി നിലപാടെടുത്തതോടെ സംഗതി കുറച്ചു കൂടി വിശാലമായ ചർച്ചയ്ക്കു വഴി തെളിച്ചു എന്നതാണ് യാഥാർത്ഥ്യം. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും കഴിഞ്ഞ വർഷം അബ്ദു റബ്ബ് തന്നെയും നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. രണ്ടു വർഷം മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിച്ചപ്പോഴാണ് നിലവിളക്ക് ഒരു വിവാദവിഷയമായി മാറിയത്. 

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുടെ പുറത്തുണ്ടാക്കിയത്. അതിൽ ഒരു ജനപ്രിയ സിനിമാ താരത്തിന്റെ ഇടപെടൽ എരിതീയിൽ ഒഴിച്ച എണ്ണയായപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ ഒരു തരം താണ നിലവാരത്തിലേക്ക് പോയി എന്ന് പറയാതെ വയ്യ. പി.കെ അബ്ദുറബ് എന്ന ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അദ്ദേഹത്തിൻറെ മതവിശ്വാസം ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിന് തന്റെ മതവിശ്വാസത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ഇത്തരം വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകൾ കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 25 March 2015

സബാഷ് ശ്രേയ സിംഗാള്‍, അനൂപ് കുമാരന്‍ - അഭിവാദ്യങ്ങൾ

നിയമപരമായ പോരാട്ടത്തിലൂടെ  പരമോന്നത കോടതിയിൽ നിന്ന് വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ 66 എ വകുപ്പിനെതിരെ വിധി സമ്പാദിച്ച ശ്രേയ സിൻഘലിനും കേരള പോലീസ് നിയമത്തിലെ സമാനമായ 118 ഡി വകുപ്പിനെതിരെ വിധി സമ്പാദിച്ച കൊടുങ്ങല്ലൂർക്കാരൻ അനൂപ് കുമാരനും അഭിവാദ്യങ്ങൾ.
കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി, അന്നത്തെ ധനമന്ത്രിയായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തികിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പുതുച്ചേരിയിലെ ഒരു ബിസിനസുകാരന്‍, ശിവസേനാ നേതാവ്​ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്ത പെണ്‍കുട്ടി, ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത പെണ്‍കുട്ടി എന്നിവർക്കെതിരെയുള്ള പോലീസ് നടപടികളിൽ ശ്രേയ സിന്ഘലിനു  ഉണ്ടായ ധാർമ്മികരോഷം സുപ്രീംകോടതിയിലെ അഭിഭാഷകയായ സ്വന്തം അമ്മയായ മണാലിയോട് പ്രകടിപ്പിച്ചപ്പോൾ ഉയർന്ന അടുക്കള സംവാദമാണ് ഈ വകുപ്പിനെ കോടതിയിലെത്തിച്ചത്. ഒരു പ്രമുഖ പത്രത്തിന്റെ കോണ്‍ട്രാക്ട് ജീവനക്കാരനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും കൊടുങ്ങല്ലൂരിലെ ഒരു ഒരു സ്വകാര്യ ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്തത്തില്‍ നടന്ന നേഴ്‌സുമാരുടെ സമരത്തിനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക് ചെയ്തതിന്റെ പേരിലും കൊടുങ്ങല്ലൂര്‍ പോലീസ് ഈ വകുപ്പുകള്‍ പ്രകാരം രണ്ടുതവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ വകുപ്പുകളുടെ അപകടം മനസ്സിലാക്കി ഇദ്ദേഹം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചതും വിധി പറഞ്ഞതും.  ശ്രേയ സിംഘലിനെക്കൂടാതെ എഴുത്തുകാരി തസ്‌ലിമ നസ്രീന്‍, രാജീവ് ചന്ദ്രശേഖര്‍ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാര്‍ തുളസീദാസ് എന്നീ വ്യക്തികളും മൗത്ത്ഷട്ട് ഡോട്ട്‌കോം, കോമണ്‍ കോസ്, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍.) എന്നീ സംഘടനകളും  ഈ നിയമത്തിനെതിരെ നിയമ പോരാട്ടത്തിൽ ഉണ്ടായിരുന്നു. സേവ് യുവര്‍ വോയ്‌സ് എന്ന സംഘടന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയും ഈ നിയമത്തിനെതിരെയും പ്രചാരണം നടത്തി വരുന്നു. പത്രപ്രവര്‍ത്തകനായ അലോക് ദീക്ഷിതും ഈ നിയമത്തിന്റെ ഇരയായ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുമാണ് ഈ സംഘടനയുടെ അണിയറയിൽ. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വിലക്കു വന്നാല്‍ വാ മൂടപ്പെട്ട സമൂഹമാണിവിടെ ബാക്കിയുണ്ടാവുകയെന്ന ബോധ്യമാണ് ഇവരെയെല്ലാം ഈ നിയമത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഇന്ത്യയിൽ 2000-ല്‍ നിലവില്‍ വന്ന ശേഷം 2008-ലെ കടുപ്പം നിറഞ്ഞ ഭേദഗതികളോടെ തുടരുന്ന, വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും  ഇവിടത്തെ സിവില്‍ സാമൂഹ്യ നിയമ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വർഷങ്ങൾ നീണ്ട ധീരമായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഈ വിധി. ഈ നിയമത്തിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷം നിയമ വിദഗ്ദ്ധന്മാരും ഇതൊരു കരി നിയമമാണെന്ന അഭിപ്രായക്കാരായിരുന്നു. പൗരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ പതിയിരിക്കുന്ന ഈ നിയമം വേണ്ടത്ര ചർച്ച ചെയ്യാതെയായിരുന്നു ലോക്‌സഭ പാസാക്കിയത്. ഏതോ അഴിമതിക്കേസില്‍ എ.ആര്‍. ആന്തുലെ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്, ഉത്തരവാദിത്വമില്ലാത്ത ഒരു പ്രതിപക്ഷം ഈ നിയമം ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ സമയത്തായിരുന്നു ഒരു ചര്‍ച്ചയും കൂടാതെ ഇത്രയും ഭീകരമായൊരു നിയമം ലോക്‌സഭ അംഗീകരിച്ചത് തന്നെ. പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെടുമ്പോള്‍ അത് സമൂഹത്തിന് ഏതൊക്കെ രീതിയിലാണു ഹാനികരമായി വരിക എന്ന് വളരെ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ്  ഈ വിധി  ഇത് ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യരെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരെ അതിനു മുന്‍പും ഫലപ്രദമായ നിയമങ്ങള്‍ ഇവിടെ നിലവിലുണ്ട്. പിന്നെന്തിനാണ് e - മാധ്യമത്തിലൂടെയുള്ള ആശയ പ്രചാരണത്തിനു മാത്രമായൊരു നിയമം എന്നായിരുന്നു ഇന്ത്യൻ പൊതു സമൂഹം ചോദിച്ചിരുന്നത് ?

വേണ്ടത്ര ചര്‍ച്ചയില്ലാതെ അംഗീകരിക്കപ്പെട്ട ജനവിരുദ്ധ ഐ.ടി. നിയമം എടുത്തു പ്രയോഗിക്കാൻ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും യാതൊരു മടിയുമില്ലായിരുന്നുവെന്ന് നാം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മോദി, മമത, ശിവസേന തുടങ്ങി പിണറായി വിജയൻ വരെ ഈ കരി നിയമത്തിന്റെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഈ നിയമം പല വട്ടം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളന പ്രശ്നത്തിന് ശേഷവും ഇത് പ്രയോഗിക്കുമെന്ന ഭീഷണിയും സജീവമായിരുന്നു.  

ഈ നിയമത്തിന്റെ കാര്യത്തിൽ പോലീസും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും കോടതി ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.യുവതലമുറയുടെ നെഞ്ചിലേറ്റുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാഭാവികമായ അഭിപ്രായ പ്രകടനങ്ങള്‍ക്കു പോലും നിയമത്തിന്റെ വെളിച്ചത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ഇരുണ്ട അവസ്ഥയിലായിരുന്ന "NETIZENS" സുപ്രീംകോടതിവിധി പുറത്തു വന്നതു മുതല്‍ ആഘോഷത്തിമര്‍പ്പിലാണ്. ഈ സുപ്രധാന വിധി പുറത്തു വന്ന '2015 മാര്‍ച്ച് 24' സൈബർ സ്വാതന്ത്ര്യദിനമാണ് എന്ന നിലയിലാണ് അവർ കാര്യങ്ങളെ കാണുന്നത്. 

സൈബര്‍ നിയമങ്ങളില്‍ പതിയിരിക്കുന്ന ബഹുമുഖമായ മനുഷ്യാവകാശലംഘനങ്ങളെ ഇപ്പോഴും കോടതി മുഴുവനായി പരിഗണിച്ചിട്ടില്ല എന്നിരിക്കെ, ഈ കോടതിവിധി ഒരു ഇടക്കാലാശ്വാസം മാത്രമേ ആകുന്നുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതായിട്ടുണ്ട്.... 

വാൽക്കഷണം : 66A യും 118d യും അസ്ഥിരപ്പെടുത്തിയെന്നു വച്ച് ആരും ഒരുപാട് വിജ്രംഭിക്കേണ്ട. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട 499, 500 വകുപ്പുകള്‍, മത സ്പര്‍ധയുമായി ബന്ധപ്പെട്ട 153 എ വകുപ്പ്, ഒബ്സീനിറ്റിയുമായി ബന്ധപ്പെട്ട 292 വകുപ്പ് തുടങ്ങിയവയൊക്കെ ജീവനോടെ ഉണ്ട്....ജാഗ്രതൈ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 16 March 2015

"കേരളാസ് ഡോട്ടേഴ്സ്" അഥവാ "കേരള മുകേഷ് സിങ്ങുമാർ" ഓണ്‍ "ലഡ്ഡു ബജറ്റ് ഡേ"

"ലഡ്ഡു ബജറ്റ്" വിഷയത്തിൽ ഇനി പോസ്റ്റിടരുത് എന്ന് ഉറച്ചു തീരുമാനിച്ചിരുന്നതാണ്.  പക്ഷെ, നിയമസഭയിൽ വനിതാ എം എൽ എ മാർക്കെതിരെ നടന്ന പരാക്രമങ്ങളെ ന്യായീകരിച്ചു കൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാർ പറയുന്ന വാദങ്ങൾ കേൾക്കുമ്പോൾ എഴുതാതിരിക്കാൻ തോന്നുന്നില്ല. ആദർശത്തിന്റെ മുടി വെട്ടാത്ത ആൾരൂപമായ മുഖ്യമന്ത്രി മുതൽ ചാനൽ ചർച്ചയിലെ ഒട്ടുമിക്ക സ്ഥിരം താരങ്ങളും സോഷ്യൽ മീഡിയയിലെ ഒരു മെജോറിറ്റി വിഭാഗവും സ്ത്രീ എം എൽ എ മാർ  സമരത്തിന്‌ മുന്നിൽ പോയി നിന്നതാണ് പീഡനത്തിന് ഇരയാകാൻ കാരണം എന്ന ലൈനിലാണ് ചിന്തിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും. ഇടതു പക്ഷത്തെ വനിതാ എം എൽ എ മാരുടെ പെരുമാറ്റം  ലക്ഷം വീട്ടിലെ പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു, ചന്ത പെണ്ണുങ്ങളുടെ പെരുമാറ്റം പോലെയായിരുന്നു എന്നൊക്കെയാണ്  ചില യു ഡി എഫ് അനുഭാവികൾ ഫേസ് ബുക്കിൽ കുറിച്ചിട്ടത്‌. വനിതാ എം എല്‍ എ മാരെ പരിചയാക്കി ബജറ്റവതരണം തടയാനൊരുങ്ങിയ പ്രതിപക്ഷത്തെ എതിർത്ത് തോല്പ്പിക്കുന്നതിനിടയിൽ സംഭവിച്ച സ്വാഭാവിക ചെയ്തികളാണത്രെ ശിവദാസൻ നായരുടെ പിടിയും വാഹിദിന്റെ തള്ളലും ഡോമിനിക് പ്രസൻടേഷന്റെ ഭരണിപ്പാട്ടും ഷിബു ബേബി ജോണിന്റെ തടയലും തടവലും ഒക്കെ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങാൻ വനിതാ എം എൽ എ മാർ ശ്രമിച്ചത് കൊണ്ടാണ് യു ഡി എഫ് എം എൽ എ മാർ തടഞ്ഞത് എന്ന വാദത്തെ എങ്ങനെ അംഗീകരിക്കാൻ കഴിയും ? അതിനവിടെ വനിതാ വാച്ച് ആൻഡ്‌ വാർഡ്‌ ഇല്ലേ ? സാധാരണ സന്ദർഭങ്ങളി l  പോലീസുകാർ പോലും വനിതകളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമ്പോൾ വനിതാ  പോലീസുകാരെക്കൊണ്ടാണ് വനിതകളെ കൈകാര്യം ചെയ്യാറുള്ളത് എന്നിരിക്കെ, നിയമ സഭയിൽ അത്തരം കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്താൻ ഇവർക്കൊക്കെ എന്തധികാരമാനുള്ളത് ? മദയാനയെപ്പോലെ നിയമസഭയിൽ അഴിഞ്ഞാടിയ ശിവൻകുട്ടിയുടെയും അജിത്തിന്റെയും അടുത്തേക്ക്‌ ഇവരാരും പോകാതിരുന്നത് എന്താണ് ? സ്പീക്കറുടെ ചേംബർ ചന്തയാക്കിയ ആരോടും ഇവർ ഒന്നും ഒരു വാക്ക് പോലും മിണ്ടുന്നത് കേട്ടില്ലല്ലോ ? അതിനെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിച്ചു....എന്ത് കൊണ്ടാണ് ജമീലാ പ്രകാശത്തെയും, ബിജിമോളെയും മറ്റു വനിതാ എം എൽ എ മാരെയും മാത്രം തടയാനും തടവാനും തെറി വിളിക്കാനും  തോന്നിത്...? 

വനിതാ വിരുദ്ധ മനോഭാവങ്ങളെ ഗ്രേഡ് ചെയ്‌താൽ "ലഡ്ഡു ബജറ്റ് നിയമ സഭാ വിഷയത്തിൽ" ആദ്യം മോശമായി പ്രതികരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്നു. വനിതാ എം എല്‍ എ മാർ സ്വഭാവത്തിൽ നിയന്ത്രണം കാണിക്കണമെന്നും വനിതകളായാല്‍ എന്തും ആകാമെന്നാണ്​ കരുതുന്നത് എന്നും സ്ത്രീകളെ മുന്‍നിര്‍ത്തി ആക്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ശൈലിയാണ്​ പ്രതിപക്ഷം സ്വീകരിച്ചതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആരോപിച്ചിരുന്നു.  ഇപ്പോൾ വാഹിദ് എം എൽ എ യും കെ സി അബുവും അതുക്കും മേലെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജിമോൾ എം എൽ എ ഷിബുവിന്റെ കരവലയത്തിൽ പ്രണയപൂർവ്വം നില്ക്കുകയായിരുന്നു എന്നും ഒരു സ്ത്രീയെ പിടിച്ചു നിർത്താൻ എവിടെ തൊടണം എന്ന് ഷിബുവിന് അറിയാം എന്നുമുള്ള വാഹിദിന്റെ പ്രസ്താവനയെയും ജമീലയ്ക്ക് ശിവദാസൻ നായർക്ക് പകരം കരിമ്പ്‌ പോലുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്ന കെ സി അബുവിന്റെ പ്രസ്താവനയെയും കേൾക്കുമ്പോൾ നാറിയ അശ്ലീലം കേൾക്കുന്നത് പോയാണ് സംസ്കാരമുള്ള ആർക്കും തോന്നുക. അത് 101% സ്ത്രീ വിരുദ്ധമായ പരാമർശമാണ്. 

എന്നും എപ്പോഴും ശരാശരി മലയാളി പുരുഷബോധം വേട്ടക്കാരുടെ കൂടെ ആണ് അണി നിരന്നു കാണാറുള്ളത്‌. പത്രത്തോടൊപ്പം ഒരു സംസ്കാരം വളർത്തുന്ന ഒരു ചാനൽ " ജമീലയുടെ ലീലകൾ " എന്ന തലക്കെട്ടിൽ ആണ് നിയമസഭയിലെ കയ്യാങ്കളി വാർത്തകളെ വിശേഷിപ്പിച്ചത്‌. സ്ത്രീകളുടെ ലീലകൾക്ക്‌ കിട്ടുന്ന ഇക്കിളി എഫെക്ടും അവരെ അപരാധി സ്ഥാനത്ത് നിർത്തുമ്പോൾ കിട്ടുന്ന അളവറ്റ സ്വീകാര്യതയുമാണ്‌ ശിവദാസന്റെയും വാഹിദിന്റെയും ഷിബുവിന്റെയും ഡൊമിനിക്കിന്റെയും ഒക്കെ ലീലകൾ " ജമീലയുടെ ലീലകൾ " ആയി അവതരിപ്പിക്കപ്പെട്ടത്.  

ചാനലുകളിൽ കണ്ട വിഷ്വലുകളിൽ നിന്ന് മനസ്സിലായതനുസ്സരിച്ച്, ശിവദാസൻ നായരും ഷിബുവും വാഹിദും ഒന്നും ഇവരെ തൊട്ടതും തടഞ്ഞതും ഒന്നും ലൈംഗികച്ചുവയോടെയാണെന്ന് ഞാനും കരുതുന്നില്ല. പക്ഷെ അവരുടെയും അവരെ പ്രതിരോധിക്കാൻ വേണ്ടി വാ നിറയെ വഷളത്തരവുമായി വരുന്നവരുടെയും, നടപടികളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.........പെണ്ണിന്; ഞങ്ങൾ പുരുഷന്മാർ നിർവ്വചിച്ചു വച്ചിട്ടുള്ള ഒരു പെരുമാറ്റച്ചട്ടമുണ്ട്....കൃത്യവും വ്യക്തവുമായ ലക്ഷ്മണ രേഖ...എന്ത് സംഭവിച്ചാലും അവർ അത് മുറിച്ചു കടക്കരുത്....അത് മുറിച്ചു കടന്നാൽ ഞങ്ങൾ ശാരീരികമായോ മാനസികമായോ നേരിട്ട് അതിൽ നിന്ന് പിന്തിരിപ്പിക്കും.......അവൾ; എം എൽ എ, നേതാവ്, പൊതു പ്രവർത്തക, ഉദ്യോഗസ്ഥ, വിദ്യാർഥിനി, വീട്ടമ്മ അങ്ങനെ ഏത് അന്തസ്സിലുള്ള ആളായാലും...അത് എത്ര വഷളത്തരം പറഞ്ഞിട്ടാണെങ്കിലും......... 

അശ്ലീലം നിറഞ്ഞ ഒരു കേവല നോട്ടം പോലും സ്ത്രീ പീഡനമായി പരിഗണിക്കുന്ന "ശക്തമായ" സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉള്ള ഈ നാട്ടിൽ എം എൽ എ മാർക്കെതിരെപ്പോലും നീചമായ തരം താണ അശ്ലീല ആരോപണങ്ങൾ പറയുന്ന നേതാക്കളുടെ നേരെ കടുത്ത നടപടികൾ എടുക്കണം. കവല യോഗങ്ങളിലും ചന്ത യോഗങ്ങളിലും കുത്തിയിരുന്നു കയ്യടിക്കുന്ന കുറെ എരപ്പക്കൊടിച്ചികളുടെ മന സംതൃപ്തിയ്ക്ക് വേണ്ടി ഏതു തരവഴിയും പറയുന്നവനെ നിയന്ത്രിക്കാൻ ഇവിടത്തെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. ജീൻസ് വിഷയത്തിൽ യേശുദാസിനെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ച വനിതാ സിംഹങ്ങൾ ഏതു കൂട്ടിലാണ് പോയോളിച്ചത്. നിങ്ങൾ പുറത്തു വരൂ...ചൂലും തിരണ്ടിവാലും ചാണക വെള്ളവുമായി... 

ഈ നേതാക്കളെ മാത്രം നമ്മൾ പഴിക്കേണ്ടതുമില്ല. ആവറേജ് മലയാളിയുടെ കെട്ടിക്കിടന്നു ദുഷിച്ച കപട സദാചാര ബോധത്തിന്റെ പൊട്ടിയൊഴുകലാണ് ഈ കാണുന്നതും കേൾക്കുന്നതും എല്ലാം.   

സ്ത്രീയുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തന ശൈലികൾക്കും നിയന്ത്രണ രേഖ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ നേതാക്കളും 9 മണി കഴിഞ്ഞു പുറത്തിറങ്ങിയ പെണ്ണ് ബലാൽസംഗം ഇരന്നു വാങ്ങുകയായിരുന്നു എന്ന് മൊഴിഞ്ഞ ദൽഹി ബലാൽസംഗക്കേസ് പ്രതി മുകേഷ് സിങ്ങും കുലീനമായ ഞങ്ങളുടെ സംസ്കാരത്തിൽ പെണ്ണിന് സ്ഥാനമില്ലെന്ന് പറഞ്ഞ അയാളുടെ വക്കീലും താലിബാനും ഒക്കെ തമ്മിൽ കേവലം കയ്യകലം മാത്രമേ ഉള്ളൂ...

ബി ബി സിയ്ക്ക് വേണമെങ്കിൽ  "കേരളാസ് ഡോട്ടേഴ്സ്" എന്നൊരു ഡോകുമെന്ററി ചെയ്യാൻ സ്കോപ്പുണ്ട്......... നെറി കെട്ട കൂതറ ഡയലോഗുകൾ ഇറക്കാൻ "കേരള മുകേഷ് സിങ്ങുമാർ" ഇവിടെ റെഡിയാണ്.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 13 March 2015

"ലഡ്ഡു ബജറ്റ്" വരച്ചു കാട്ടുന്ന ചില നഗ്ന യാഥാർത്ഥ്യങ്ങൾ

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നേതാവിനെയാണ് ലഭിക്കുക എന്ന് പണ്ട് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ഈ തത്വം വച്ച്, നമ്മുടെ നിയമസഭയിൽ നമ്മളെ പ്രതിനിധാനം ചെയ്യുന്ന സാമാജികന്മാർ നമ്മൾക്ക് അർഹിച്ചവർ ആണെന്ന് സമ്മതിക്കേണ്ടി വന്നാൽ, ഇന്നത്തെ ബജറ്റ് സമ്മേളനം ടി വി യിലൂടെ കണ്ട മനുഷ്യർ നമ്മളെ പറ്റി എന്തായിരിക്കും വിചാരിക്കുക ? ആലോചിക്കാനേ വയ്യ. എന്തായിരുന്നു ഇന്ന് നിയമസഭയിൽ നടന്നത് !!!???

ബജറ്റ് വിറ്റ് കാശ് വാങ്ങിയ, കൈകളില്‍ അഴിമതിയുടെ കറ പറ്റിയ, കരിങ്ങോഴക്കൽ മാണി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടുമായി ഇടതുപക്ഷം രംഗത്തു വന്നതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. തലസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമെന്നും ചെങ്കൊടിയേന്തിയ സമരപാരമ്പര്യം നിയമസഭയിലും അരങ്ങേറുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. ഇതിന് ചുവടുപിടിച്ച് ബി.ജെ.പിയും മാണിക്കെതിരെ രംഗത്തെത്തിയതോടെ കളം മൂത്തു. എന്ത് തന്നെ സംഭവിച്ചാലും താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ധനകാര്യമന്ത്രി കെ.എം മാണിയും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞ വാക്ക് പാലിച്ചു. പക്ഷേ, ഭരണത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറായി നിൽക്കുന്ന ഭരണപക്ഷവും അത് എതിർത്ത് തോല്പ്പിക്കാൻ വേണ്ടി പ്രതിപക്ഷവും നടത്തിയ തരം താണ കളികളില്‍ തോറ്റത് ജനാധിപത്യകേരളവും ഇവിടെ ജീവിക്കുന്ന ജനങ്ങളും മാത്രമാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും  വടക്കേ ഇന്ത്യൻ നിയമസഭകളിലും നടക്കാറുള്ള നാണം കെട്ട സംഭവങ്ങള്‍ ഒരിക്കലും പ്രബുദ്ധകേരളത്തില്‍ നടക്കില്ല എന്ന് ഊറ്റം കൊണ്ട മലയാളികളുടെ പത്തിയ്ക്ക് കിട്ടിയ അടിയാണ് ഇന്ന് നിയമ സഭയിൽ അരങ്ങേറിയ സംഭവങ്ങൾ. നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പത്ര-മാധ്യമ സാഹിത്യത്തിൽ പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നതിനെ അന്തിച്ചന്ത എന്ന് വിളിച്ചാൽ അന്തിച്ചന്ത പോലും സഹിക്കില്ല. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ കൊണ്ടുവന്ന കേരള ജനാധിപത്യ ചരിത്രത്തിലെ ദുഃഖവെള്ളിയാഴ്ചയായിരിക്കും 2015 മാര്‍ച്ച് 13. ഇരുപത്തി നാല് മണിക്കൂര്‍ നേരം നിയമസഭയില്‍ നിന്ന് പുറത്തേക്ക് പോകാതെ നിയമസഭയില്‍ തന്നെ തങ്ങി ചര്‍ച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കിയാണ് ഈ ദിവസത്തെ ഇത് പോലെ നാണം കേട്ട ദിനമാക്കിയത്. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ മുഖ്യ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തില്‍ നാടകം കളിച്ചും തുള്ളല്‍പാട്ട് അവതരിപ്പിച്ചുമാണ്  സമയം ചിലവഴിച്ചത്. ഇന്ന്, ബജറ്റ് അവതരിപ്പിക്കാനും അവതരണം തടയാനും ഉള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ ഉന്ത്, തള്ള്, പിച്ച്, മാന്ത്, അടി, കടി, പിടി, വലി, തപ്പൽ, തടവൽ, കൈയാങ്കളി, കൂക്കുവിളി, ആര്‍പ്പുവിളി, തല്ലിത്തകര്‍ക്കൽ, ബോധം കെടൽ തുടങ്ങി എണ്ണമറ്റ സുകുമാര കലകൾ അരങ്ങേറുകയുണ്ടായി. 

ദേശീയ മാധ്യമങ്ങള്‍ പോലും കേരള നിയമസഭയിലെ യുദ്ധസമാനമായ രംഗങ്ങൾ ലൈവാക്കിയതോടെ കേരളം രാജ്യത്തിന്‌ മുൻപിൽ നഗ്നമാക്കപ്പെട്ടു. സിനിമാ ഹാസ്യ രംഗങ്ങളും മറ്റും പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ആവിഷ്കരിച്ചു വരുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയകളും നിറഞ്ഞു. ടി വി യിൽ കേരളത്തിലെ സംഭവ വികാസങ്ങൾ കണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിക്കുന്നത് വരെയെത്തി കാര്യങ്ങൾ. 

സഭയ്ക്ക് പുറത്ത്, നിയമസഭ വളഞ്ഞ് എല്‍.ഡി.എഫും യുവമോര്‍ച്ചയും പ്രതിഷേധത്തിന് കൊഴുപ്പ് കൂട്ടിയപ്പോൾ, സഭയ്ക്കകത്ത് സഭയുടെ നടത്തുളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം, മാണി സഭയ്ക്കുള്ളിലേക്ക് വരുന്നതായി സൂചന ലഭിച്ചതോടെ ആവേശപൂർവ്വം എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡും സുസജ്ജരായി രംഗത്തെത്തിയതോടെ പ്രതിപക്ഷം അരയും തലയും മുറുക്കി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിപ്പുറത്താക്കാൻ ശ്രമിച്ചു. ഇതേ സമയം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് നീങ്ങിയ വനിതാ എം. എൽ. എ. മാരെ ശിവദാസൻ നായർ, ഡോമിനിക് പ്രസന്റേഷൻ, വാഹിദ് തുടങ്ങിയ ഭരണക്ഷി അംഗങ്ങൾ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും നേരിട്ടു. ചെറുത്തു നില്പ്പിനിടെ ജമീല പ്രകാശം ശിവദാസൻ നായറുടെ കയ്യില കടിച്ചു. ഇതിനിടെ, സ്‍പീക്കറുടെ ഡയസിലേക്ക് കൂട്ടമായി കയറിയ പ്രതിപക്ഷ എം.എല്‍.എ. മാര്‍, സ്‍പീക്കര്‍ ശക്തൻ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സ്‍പീക്കറുടെ കസേരയും മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും  ബുക്കുകളുമെല്ലാം  എടുത്തെറിയപ്പെട്ടു. പ്രതിപക്ഷത്തെ തടയാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡിനെ  ബലംപ്രയോഗിച്ച് ഇടത് നേതാക്കള്‍ സഭയില്‍ നിന്നു തള്ളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ മാണി നാടകീയമായി സഭയില്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ എം.എല്‍.എ. മാർ തീർത്ത മനുഷ്യക്കോട്ടയ്ക്കകത്ത് നിന്ന് മാണി ബജറ്റ് അവതരണം തുടങ്ങി. മുദ്രാവാക്യം വിളിയും ഉന്തും തള്ളും തുടർന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിരോധം പാളി. ഇതിനിടെ മാണി ബജറ്റിന്റെ ആമുഖം വായിച്ചു തീര്‍ത്ത്, ബജറ്റ് സ്‍പീക്കറുടെ മേശപ്പുറത്ത് വച്ചു. അതോടെ ഭരണപക്ഷം ആഹ്ലാദസൂചകമായി ലഡ്ഡു വിതരണം നടത്തി. പ്രതിപക്ഷ  എം.എല്‍.എ മാരില്‍ ചിലര്‍ തളര്‍ന്നു വീണു. സഭയ്ക്കകത്തെ വാർത്തകൾ പുറത്തറിഞ്ഞതോടെ, തെരുവിൽ എൽ ഡി എഫിന്റെ വീര പോരാളികൾ കരിങ്കൽ ചീളുകളുമായി പോലീസിനോടേറ്റു മുട്ടൽ ശക്തമായി തുടർന്നു. കൂടുതൽ പോലീസുകാർ ലാത്തിയും തോക്കുമായി എത്തിയപ്പോഴേക്കും യുവമോർച്ചക്കാർ സ്റ്റാന്റ് വിട്ടു...യുവമോർച്ചയുടെ സ്ഥിരം ചാനൽ ചർച്ചാ താരം കുളിച്ച് കുറി തൊട്ട് ചാനലിൽ ചർച്ചക്കുമെത്തി....
 . 
സ്പീക്കറുടെ പൂർണ്ണ സാന്നിധ്യമോ സജീവ അനുമതിയോ ഇല്ലാതെ, സാധാരണ സഭാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി,  മാണി പിൻവാതിലൂടെ കൊണ്ട് വന്ന് ആമുഖം മാത്രം വായിച്ച് സഭയുടെ മേശപ്പുറത്ത് വച്ച തരത്തിലുള്ള ബജറ്റവതരണം കേവലം പ്രതീകാത്മകമാണെന്നും സ്‍പീക്കര്‍ ഡയസിലെത്താതെയുളള ബജറ്റ് അവതരണത്തിന് സാധുതയില്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷം, സാങ്കേതികമായി ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന നിലപാടിലാണ്. എന്നാൽ, ഒരു യുദ്ധം ജയിച്ച ഭാവത്തിൽ, സഭയില്‍ നിന്നു മീഡിയ റൂമിലെത്തിയ മാണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഴുനീള ബജറ്റും വായിച്ചു കേൾപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻറെ വിജയവും പ്രഖ്യാപിച്ചു.. 

ജനാധിപത്യത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഞങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. നിയമസഭയിൽ അക്രമം കാണിക്കാനും അഴിഞ്ഞാടാനും പൊതുമുതൽ നശിപ്പിക്കാനും ഞങ്ങൾ ആർക്കും മുക്ത്യാർ തന്നിട്ടില്ല. സംശുദ്ധ ജനാധിപത്യത്തിന്റെ തുണിയുരിഞ്ഞ് ഭരണ പക്ഷവും പ്രതിപക്ഷവും നടത്തിയ ഈ മൂന്നാം കിട പോരാട്ടത്തിൽ നിങ്ങൾ ജയിച്ചു എന്ന് പറയാൻ നിങ്ങൾക്ക് നിങ്ങളുടേതായ വാദമുഖങ്ങൾ ഉണ്ടാകും. എന്നാൽ യഥാർത്ഥ ജനാധിപത്യം ഇവിടെ തോല്ക്കുക തന്നെയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തായാലും, ഇന്നത്തെ നിയമസഭ സംഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ആം ആദ്മി പാർട്ടി ഉയർത്തുന്ന ചില ആശയങ്ങൾ അതീവ പ്രസക്തമാണ്.... 

1. അധികാര കേന്ദ്രങ്ങളിലെ അഴിമതി തടയാൻ ശക്തമായ ഒരു നിയമം - JAN LOKPAL 
2. അധികാരികൾ ജനദ്രോഹികളാണെന്ന് ഉറപ്പായാൽ അവരെ തിരിച്ചു വിളിക്കാൻ അനുവദിക്കുന്ന നിയമം - RIGHT TO RECALL
3. അഴിമതി അന്വേഷണത്തിന് സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത്‌ നിന്നും പ്രത്യേക അധികാരം ഉള്ള സംവിധാനം

TAIL PIECE : പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ തന്റെ പതിമൂന്നാം ബജറ്റ് ഐതിഹാസികമായി "അവതരിപ്പിച്ച" പാലായിലെ മാണിക്യം കേരളത്തിലെ ജനങ്ങൾക്ക്‌ എട്ടിന്റെയും ഒൻപതിന്റെയും അല്ല പതിമൂന്നിന്റെ തന്നെ പണി ബജറ്റിലൂടെ തന്നു....
അരി, ഗോതമ്പ്, മൈദ, ആട്ട, ഷുഗർ,പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയും വിലയും  കൂട്ടിയപ്പോൾ കീടനാശിനിയുടെ നികുതി മൂന്നിൽ രണ്ടു കുറച്ചു തന്നിട്ടുണ്ട്. തിന്നാൻ ഗതിയില്ലാത്തവൻ കീടനാശിനിയിൽ അഭയം പ്രാപിക്കാനാണോ ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 10 March 2015

"പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......


ചെറിയ മാറ്റങ്ങളോടെ ഈ ലേഖനം റീ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്...
അത് വായിക്കാൻ 





Tuesday, 3 March 2015

തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും....!!!

അത്യന്തം ആസൂത്രിതവും ചടുലവും വ്യക്തി കേന്ദ്രീകൃതവും അസാധാരണവുമായ തന്ത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് യുദ്ധം സമാനതകളില്ലാതെ ജയിച്ച് ചെങ്കോട്ടയില്‍ എത്തിയ മോഡി, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമാക്കി. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്നതില്‍ ഏത് മുന്‍ സര്‍ക്കാറിനെക്കാളും മികച്ചു നില്‍ക്കണമെന്ന ദൃഡനിശ്ചയം തോന്നിപ്പിക്കുന്ന നീക്കങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്ന് കണ്ടത്‌. വാ തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഭാരതം കണ്ടിട്ട് കുറച്ചധികം കാലമായിരുന്നു. പൊതുവേ, സംസാരിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിങ് വളരെ ലുബ്ധനായിരുന്നു. സഭയില്‍ പോലും പ്രസംഗിച്ചത് അപൂര്‍വ്വമായിട്ടായിരുന്നു. യു പി ഏ ഉന്നതനേതാക്കളായ സോണിയ, രാഹുല്‍ മുതലായ ഗാന്ധിമാരും ഇക്കാര്യത്തില്‍  ഒട്ടും മെച്ചമായിരുന്നില്ല. പക്ഷെ, നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വായ്ത്താരി കൊണ്ട് തുടക്കത്തിലേ ആവോളം കയ്യടി നേടി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തി നടന്ന ചര്‍ച്ചക്കുള്ള മറുപടി  പ്രധാനമന്ത്രി തന്നെയാണ് നടത്തിയത്.

അതി നൂതന ബ്രാന്‍ഡിംഗ് രീതികളിലൂടെയാണ് മോഡി തന്റെ ഇന്ദ്രപ്രസ്ഥയാത്ര ലക്ഷ്യത്തില്‍ എത്തിച്ചത്. ശരീരഭാഷയിലും വസ്ത്രധാരണത്തിലും പ്രസംഗത്തിലും തന്റേതു മാത്രമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനാണ് മോഡി ശ്രമിച്ചതും ശ്രമിക്കുന്നതും. എപ്പോഴും വിലയിരുത്തലുകള്‍ നടത്തുന്നത് താരതമ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. മിണ്ടാമുനിയായി ജീവിക്കുന്ന മന്‍മോഹന്‍സിങ്ങിനെ ഊര്‍ജ്ജസ്വലനായ നരേന്ദ്രമോഡിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ ജനം താരതമ്യം ചെയ്തു നോക്കി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ജനദ്രോഹപരമായ നയങ്ങളും മോഡിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി എളുപ്പത്തില്‍ തുറന്നു കൊടുത്തു.  ഒന്നിനെ വലിച്ചെറിഞ്ഞ് മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ മാത്രം അവകാശമുള്ള ജനം ലഭ്യമായ പാലത്തില്‍ നിന്ന് തമ്മില്‍ ഭേദമെന്നു തോന്നിയ ഒന്നിനെ പ്രതിഷ്ഠിച്ചു. വിപണി സാധ്യത മുന്നില്‍ കണ്ട് പ്രചണ്ടമായ വന്‍തരംഗം ഉണ്ടാക്കി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. വികസനം വികസനം എന്ന മൂലമന്ത്രവും പ്രച്ഛന്നവേഷം ധരിച്ച വര്‍ഗീയതയും മോഡി എന്ന ബ്രാന്‍ഡും ചേര്‍ന്ന് ഗംഭീരമെന്നു പറയിപ്പിക്കാവുന്ന ജയം നേടി.

മോഡി വിജയം നേടിയ കാലയളവില്‍ തന്നെ ഇന്ത്യയുടെ ഉപഭോക്തൃ-വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള  പണപ്പെരുപ്പം സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഫാക്ടറി ഉത്പാദനം കൂടി. രൂപയുടെ മൂല്യം അല്‍പ്പമൊന്നു കൂടി. ഓഹരി വിപണി കുതിച്ചു. ആദ്യ ബജറ്റ് അവതരിപ്പിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ സംബന്ധിച്ച് ശുഭ സൂചന തന്നെ എന്ന് ഏവരും ധരിച്ചിരിക്കുമ്പോഴാണ് രാജ്യത്തെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പുനല്‍കിയത്. സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ രാജ്യത്ത് ആത്മവിശ്വാസം ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും കടുത്ത തീരുമാനങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും രുചിച്ചെന്നുവരില്ലെന്നും ജനങ്ങളിലൊരു വിഭാഗം തന്നെ വെറുക്കാന്‍ തുടങ്ങിയെക്കാമെങ്കിലും രാജ്യതാത്പര്യമാണ് എല്ലാറ്റിലും വലുതെന്നും അദ്ദേഹം പറഞ്ഞു വച്ചു. മോദിയെയും ബി.ജെ.പിയെയും വാഴ്ത്തിപ്പാടിയതുകൊണ്ട് രാജ്യത്തിന് ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്നും സ്തുതിഗീതങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

രാജ്യത്ത് പണം കായ്ക്കുന്ന മരങ്ങളില്ലെന്നും  കടുത്ത നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാകുമെന്നും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നും 2012 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞപ്പോള്‍ ബി.ജെ.പി അതിശക്തമായ ഭാഷയില്‍ ആയിരുന്നു അന്ന്  പ്രതികരിച്ചത് എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.

എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.  അതിന് കടുത്ത നടപടി തന്നെ വേണ്ടി വരും!!!!

അതിന്റെ ഭാഗമായി റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം ഇപ്പൊ തിരിച്ചുപിടിക്കുമെന്ന് ഗീർവാണം അടിച്ചു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടിലാണ് ഇപ്പോൾ മോഡി സർക്കാറും. 

തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതേ നയങ്ങളുടെ ഇരകളാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെ കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...


ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

"ഏക ഭാരതം...ശ്രേഷ്ഠ ഭാരതം" 

എന്താകുമോ എന്തോ ???


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 26 February 2015

താത്വികമായ ഒരു അവലോകനം.....



ഈ പോസ്റ്റിനു കാരണമായ
പഴയ പോസ്റ്റ്‌ വായിക്കാൻ 
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക =>> അഭിനവ CPI (M) - ഹാ കഷ്ടം....




പൊതുവെ എന്റെ ബ്ലോഗിലോ ഫേസ്ബുക്ക്‌ പോസ്റ്റിലോ FB ഇൻ ബോക്സിലോ വരുന്ന മേസേജുകൾക്ക് പൊതുവെ ഞാൻ മറുപടി പറയാറില്ല. പ്രോത്സാഹന സ്വഭാവമുള്ളവയ്ക്ക് ഒറ്റ വാചകത്തിൽ ഒരു നന്ദി പറയാറുണ്ട്. വിമർശനങ്ങൾ മറുപടി അർഹിക്കുന്നവ ആണെങ്കിൽ മാത്രം മറുപടി പറയാറുണ്ട്. തെറിവിളി, അശ്ലീലം മുതലായവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കയാറുമുണ്ട്.  എന്നാൽ കഴിഞ്ഞ ദിവസം CPI M സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഞാനിട്ട ബ്ലോഗ്‌ പോസ്റ്റിന്റെ കമന്റ്റ്‌ ബോക്സിൽ ഒരു സന്ദേശം വന്നിരുന്നു. മലയാളം ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയർ ഇല്ലാത്തത് കൊണ്ടാണ് 'മംഗ്ലീഷ്' - ൽ ടൈപ്പ് ചെയ്യേണ്ടി വന്നത്....വായിയ്ക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി വായിക്കാതിരിയ്ക്കരുത്...എന്ന അഭ്യർത്ഥനയോടെ സുബൽ എം. എസ്. (Subal M. S.) എന്നൊരു സ്നേഹിതൻ എന്റെ ബ്ലോഗിന്റെ കമന്റ്റ്‌ ബോക്സിൽ കുറച്ചു ചോദ്യങ്ങൾ/ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം ഉത്തരം പറയാമെന്നു കരുതുന്നു...

1. CPI  (M )  മുതലാളിമാരുടെ കയ്യിൽ നിന്ന് വാങ്ങിയ പണം കൊണ്ടാണ് ഈ പരിപാടി മുഴുവൻ നടത്തിയത് എന്നതിന് എന്താണ് തെളിവ് ???? ഏതെങ്കിലും മുതലാളിമാർ അങ്ങനെ പരസ്യ പ്രസ്താവന നടത്തിയോ ?? അതോ Reciept  വല്ലതും പുറത്തു  വന്നോ ??

CPI  (M ) നു മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന കൊടുക്കുന്നതിന്റെ കണക്ക് സാധാരണ ഗതിയിൽ ഒരു മുതലാളിമാരും പരസ്യമായി വിളിച്ചു പറയാറില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന അടിസ്ഥാന പാഠം നന്നായി മനസ്സിലാക്കുന്നവരാണ് മുതലാളിമാർ ആവുന്നത് തന്നെ. പിന്നെങ്ങനെയാണ് Receipt പുറത്തു വരുന്നത്. അല്ലെങ്കിൽ ഇപ്പോൾ ബിജു രമേശ്‌ രമേഷും പണ്ട് മണിച്ചനും പുറത്തു വിട്ടത് പോലെ അള മുട്ടിക്കഴിയുമ്പോൾ,  രണ്ടും കല്പ്പിച്ചു പുറത്തു വിടുന്ന കാര്യങ്ങളേ പുറത്തു വരൂ. മാത്രവുമല്ല, തൊഴില പരമായി ഒരു പറ്റം മുതലാളിമാരുടെ വരവ് ചിലവുകളെ പറ്റി വ്യക്തമായ ധാരണ ഉള്ള ഒരാൾ എന്ന നിലയിൽ പല മുതലാളിമാരും ആർക്കൊക്കെ എത്രയൊക്കെ കൊടുക്കുന്നുണ്ടെന്നു ചെറിയ ഒരു ധാരണ എനിക്കും ഉണ്ട്. അത് കൊണ്ട് തന്നെ മുതലാളിമാരുടെ കയ്യിൽ നിന്ന് സംഭാവന വാങ്ങിയ കഥ ഒരു വിഷയമാക്കേണ്ടതില്ല എന്നാണ് തോന്നുന്നത്....

2. പാർട്ടിയെ ഒറ്റപ്പെടുത്തി, ഞാൻ മാത്രം മഹാൻ  എന്ന്  വരുത്തി തീർക്കാനുള്ള VS ന്റെ ശ്രമത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റ് ??? VS പാർട്ടിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു, അതിൽ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനം ഉണ്ട്, ആദരവും.... പക്ഷെ  ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന്‌ ആളുകളുടെ കഠിനാദ്ധ്വാനം ഉണ്ട്.... അനേകായിരം പേർ  രക്തസാക്ഷികൾ ആയിട്ടുണ്ട്‌.... ഭാവിയിലേയ്ക്കായി കഷ്ടപ്പെടാൻ തയ്യാറായ ഒരു യുവ തലമുറ ഉണ്ട്.... അവരെ എല്ലാം മറന്നു കൊണ്ട്, ത്യാഗോജ്വലമായ അനേകം ജീവിതങ്ങളെ മറന്നു കൊണ്ട്  VS നെ മാത്രം സ്നേഹിയ്ക്കാനും ബഹുമാനിയ്ക്കാനും ആവില്ല... VS ബഹുമാനം അർഹിയ്ക്കുന്നതോടൊപ്പം VS ഉം മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ ബാധ്യത ഉള്ള ആളാണ്‌....

ഈ പ്രസ്ഥാനം എന്നാൽ വി എസോ പിണറായിയോ അത് പോലെ മറ്റൊരു വ്യക്തിയിലോ അധിഷ്ടിതം അല്ലെന്നു എനിക്ക് നന്നായി അറിയാം. ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയത് ലക്ഷക്കണക്കിന്‌ ആളുകളുടെ കഠിനാധ്വാനത്താലും ത്യാഗത്താലും രക്തസാക്ഷിത്വത്താലും ആണെന്നുള്ള നല്ല അവബോധം എനിക്കുമുണ്ട്. പക്ഷെ ഇന്ത്യയിൽ നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഒരു പാർട്ടിയുടെ നിലനില്പ്പിനു തിരഞ്ഞെടുപ്പ് പ്രാതിനിധ്യം അനിവാര്യമാണ്. ഈ പറഞ്ഞ തിരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിന് പാർട്ടി അംഗസംഖ്യയിൽ വരുന്ന വർദ്ധനവും പുത്തൻ കൂറ്റ് നേതാക്കളുടെ വാചക കസർത്തുകളും ഒരു പരിധി വിട്ടു ഉപകരിക്കുകയില്ല. കാരണം, കേരളത്തിൽ രാഷ്ട്രീയ സാഹചര്യം നോക്കി പ്രശ്നാധിഷ്ഠിതമായി മാത്രം വോട്ടു ചെയ്യുന്നവർ ഈ പാർട്ടി അംഗങ്ങളുടെ പല മടങ്ങുകൾ വരും. നിലവിൽ പാർട്ടി അംഗങ്ങളുടെ എണ്ണം, 4,05,591 ആണെന്നോർക്കണം.  ചുരുക്കത്തിൽ ഈ പറഞ്ഞ ഇടതു പക്ഷ മനസ് കാത്തു സൂക്ഷിക്കുന്ന ബഹു മടങ്ങ്‌ ജനങ്ങൾ ആണ് പാർട്ടിയെ തിരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കുകയും തോല്പ്പിക്കുകയും ചെയ്യുന്നത്. ഇവർ പാർട്ടിയ്ക്ക് എതിരായി വോട്ടു ചെയ്യുക പോലും വേണ്ട; വോട്ടു ചെയ്യാതിരുന്നാൽ പോലും ലോക് സഭയും നിയമസഭയും പോയിട്ട് പഞ്ചായത്ത് കമ്മിറ്റികളിൽ പോലും നാമ മാത്രമായ പ്രാതിനിധ്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഒടുവിൽ ദൽഹിയിലെ പോലെ അതതു സമയത്ത് ജനങ്ങൾ നെഞ്ചിലേറ്റുന്ന പ്രസ്ഥാനങ്ങളെ അങ്ങോട്ട്‌ ചെന്ന് പിന്തുണച്ചു നിർവൃതി അടയേണ്ടി വരും. 

3. CPI(M) ന്റെ ഭാവി ഇല്ലാതാക്കാനുള്ള ഗൂഡശ്രമങ്ങളാണ്  യുവ നേതാക്കളെക്കുറിച്ച്  വരുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ....സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക്  എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ സത്യസന്ധത  തെളിയിക്കാനാണ്... താങ്കൾ ഒരു നിഷ്പക്ഷനാണെങ്കിൽ ഈ കാര്യം യുക്തിപൂർവ്വം ചിന്തിയ്ക്കുക...

ഞാൻ നിഷ്പക്ഷനാണെങ്കിലും അല്ലെങ്കിലും എന്റെ യുക്തി പറയുന്നത്, സ്വരാജ് തനിയ്ക്കെതിരെ വന്ന വാർത്തയ്ക്ക്  എതിരെ കേസ് കൊടുക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ നില നില്പ്പിന്റെ ഭാഗമായിട്ടാണ്. വി എസിനെപ്പറ്റി വൃത്തികെട്ട ഹീനമായ ഭാഷ ഉപയോഗിച്ചയാൾ എന്ന നിലയിൽ ഉണ്ടാകാവുന്ന പൊതുരോഷം, തുടർന്ന് വരുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ ജയസാധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്ന് സ്വീകരിക്കുന്ന പ്രതിരോധം മാത്രം. കൊറിയൻ മോഡൽ പ്രയോഗത്തെ "വെട്ടി പട്ടിക്കിട്ടു കൊടുക്കണം" എന്നും ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗത്തെ "തൂക്കിലേറ്റൽ " എന്നും വ്യാഖ്യാനിച്ചതിനെയാണ് സ്വരാജ് നിഷേധിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. മാത്രവുമല്ല, സിപിഎംന്റെ സംസ്ഥാന സമ്മേളന പ്രതിനിധികൾ എല്ലാം വിഭാഗീയതക്കെതിരെയും പാർട്ടി ഐക്യത്തിന് വേണ്ടിയും ഒരേ ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്തത് എന്നദ്ദേഹം തന്നെ ചാനൽ ചർച്ചയിൽ സമ്മതിച്ചിട്ടുമുണ്ട്. അപ്പോൾ ചർച്ചയുടെ ഭാഷ എന്തായിരുന്നു എന്ന് ഊഹിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടേണ്ട കാര്യമില്ല. മറ്റെല്ലാവരെയും പോലെ പത്രങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാത്രമാണ് ഡെലിഗേറ്റുകളുടെ തീപ്പൊരി അഭിപ്രായങ്ങളെ പറ്റി ഞാനും അറിഞ്ഞത്. ഇതിനു  സഖാക്കന്മാർ, ആശയെന്നും ആവേശമെന്നും വിപ്ലവത്തളിരെന്നും ഒക്കെ സ്വരാജിനെക്കാളും ചിന്തയേക്കാളും ഷംസീറിനെക്കാളും പല മടങ്ങ്‌ പുകഴ്ത്തിയ സഖാക്കൾ ആയിരുന്നു സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും ഒക്കെ. അവരൊക്കെ സഖാക്കൾ ആയിരുന്നു എന്ന് പറയാൻ സത്യത്തിൽ അറപ്പ് തോന്നുന്നു. അവർ പ്രസ്ഥാനത്തെ ഉപേക്ഷിച്ചത് കൊണ്ടല്ല; മറിച്ച് പുറത്തു വന്ന ശേഷം അവരുടെ വാക്കുകളും മനോഭാവവും എല്ലാം കണ്ടറിഞ്ഞപ്പോൾ ഇവരൊക്കെ ഇങ്ങനെയായിരുന്നല്ലോ എന്നോർത്തിട്ട്. കുലംകുത്തികൾ, ശെല്‍വരാജ്‌, മഞ്ഞളാംകുഴി അലി, ശിവരാമൻ, ഡോ. മനോജ്‌ അങ്ങനെയങ്ങനെ പലരെയും മന:പൂർവ്വം വിട്ടു കളയുന്നു.  

4. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, താങ്കൾ ഒരു ''നിഷ്പക്ഷവാദി" ആണെങ്കിൽ, പാർട്ടി കോണ്‍ഫറൻസ്നെയും  പാർട്ടിയെയും, VS എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന്‌  ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.....

വീണ്ടും  ''നിഷ്പക്ഷവാദി"  എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിൽ, ഞാൻ വ്യക്തമായ ഇടതുപക്ഷക്കാരൻ ആയിരുന്നു. ഇപ്പോൾ ഒരു പക്ഷത്തോടും പ്രത്യേകമായ മമത ഇല്ല. എന്നിരുന്നാൽ തന്നെ, ഇപ്പോഴും ഒരു ചെറിയ ചായ്‌വ് മതേതര ഇടതുപക്ഷധാരയോടു പുലർത്തുന്നു എന്നതാണ് സത്യം. യഥാർത്ഥത്തിൽ V  S വിഷയം ആയിരുന്നില്ല എന്റെ കുറിപ്പിനാധാരം. സിപിഎം നും അതിലൂടെ ഇടതു പക്ഷ മതേതര പ്രസ്ഥാനത്തിനും കേരളത്തിൽ സംഭവിക്കാൻ പോകുന്ന ശോഷണത്തെപ്പറ്റിയുള്ള ആത്മാർഥമായ ആശങ്ക പ്രകടിപ്പിച്ച കൂട്ടത്തിൽ വി എസ് വിഷയം വന്നു എന്നെ ഉള്ളൂ. ഞാൻ എന്റെ കുറിപ്പിൽ പറഞ്ഞിരുന്നത് പോലെ തന്നെ, സി.പി.എം. സംസ്ഥാനസമ്മേളനം പിണറായി - വി.എസ്. ചക്കളത്തിപ്പോരാട്ടത്തിനപ്പുറം രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവന നൽകിയെന്ന് അതിന്റെ നേതാക്കൾ എല്ലാവരും നെഞ്ചിൽ കൈവച്ച് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിൽ നടന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. വിമർശനവും സ്വയം വിമർശനവും നടത്തി സംഘടനാപരമായും രാഷ്‌ട്രീയപരമായും വന്നു പോയ വീഴ്‌ചകളും തെറ്റുകളും തിരുത്തി കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാനുള്ള തീരുമാനങ്ങൾ എടുക്കാനാണ് പാർട്ടി സമ്മേളനങ്ങൾ എന്നും വേദിയാകാറുള്ളത്‌.  പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്  ശേഷമുള്ള മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ വിമർശനാത്മക വിലയിരുത്തലും വരും നാളുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ രൂപീകരണവും നടത്താനുള്ള അവസരവും ആണത്.  അടിമുടി അഴിമതിയിലും ദുർഭരണത്തിലും മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തേണ്ട രാഷ്‌ട്രീയ വിഷയങ്ങൾ, സാധാരണ ജനങ്ങൾ നേരിടുന്ന നിരവധി ദൈനംദിന പ്രശ്‌നങ്ങളും പ്രതിസന്ധികളും, കേരളത്തിൽ വളർന്നു വരുന്ന വർഗീയ സംഘടനകളുടെ സ്വാധീനം, യുവജനങ്ങളും പാർട്ടിയെ തുണയ്‌ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുന്ന സ്ഥിതി  തുടങ്ങി അതീവ ഗൗരവ വിഷയങ്ങൾ ഒന്നും തന്നെ ഈ സമ്മേളനത്തിന് ഗൌരവവിഷയമായതായി കേട്ടില്ല. എന്നാൽ, വി. എസ്....വി. എസ്....എന്ന മുറവിളിയല്ലാതെ എന്ത് രാഷ്ട്രീയമാണ് ഈ സമ്മേളനം ചർച്ച ചെയ്തത് ? സോളാർ കേസ്, ഘർ വാപസി, ബാർ കോഴ വിവാദം,  രൂക്ഷമായ വിലക്കയറ്റം, വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി  സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന് സംശയമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. പാർട്ടി കോണ്‍ഫറൻസ്നെയും പാർട്ടിയെയും, V.S. എന്ന 2 അക്ഷരങ്ങളിൽ ഒതുക്കാതെ, ലക്ഷക്കണക്കിന്‌  ജനങ്ങളുടെ വികാരവും വിശ്വാസവും ആയി കാണാൻ തന്നെ ആണ് ഞാനും ശ്രമിച്ചു പരാജയപ്പെട്ടത്. 

കുലംകുത്ത്  : പാർട്ടി മെമ്പർമാർ അല്ലാത്ത, ഇടതുപക്ഷ സ്നേഹികളായ, വോട്ടു ബാങ്കുകളായ, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ വികാരവും വിശ്വാസവും V.S. എന്ന MASS CROWD PULLAR-ൽ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്; അത് പാർട്ടി നേതൃത്വത്തിനും അറിയാം. ഈ മഹാ വിപ്ലവകാരികൾ എന്തിനാണ്  തിരഞ്ഞെടുപ്പുകൾക്ക് ഫ്ലെക്സ് അടിക്കുമ്പോൾ മാത്രം പിന്തിരിപ്പനും പാർട്ടി വിരുദ്ധനും ജന്മനാ അടിമുടി വിഭാഗീയനും ആയ ഈ കാർന്നോരുടെ പടം അടിക്കുന്നത്...എന്റെ ഒടുക്കത്തെ സംശയം  ഇതൊന്നുമല്ല; ഇത്രയും ഗൗരവമായ അച്ചടക്ക ലങ്ഘനവും വിഭാഗീയതയും ആരോപിക്കപ്പെടുന്ന, സംസ്ഥാന സമ്മേളന സമയത്ത് പാർട്ടിയെ ഇത്ര കണ്ടു പ്രതിരോധത്തിലാക്കിയ  V.S. നെ എന്ത് കൊണ്ടാണ് പാർട്ടി പുറത്താക്കാത്തത്...!!!??? താത്വികമായ ഒരു അവലോകനം തന്നെ വേണ്ടി വരും...

പൊതുവെ വി എസ്സും ഔദ്യോഗിക നേതൃത്വവും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരിക്കുമെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളും വി എസ്സിന്റെ ജനകീയപ്രതിഛായയും തമ്മിലുള്ള അന്തർധാരയുടെ സജീവത്വം നേതൃത്വത്തിന്റെ കാഞ്ഞ ബുദ്ധിയിൽ 100000 കിലോവാട്ട് പവറിൽ തെളിഞ്ഞു കത്തും. അങ്ങനെയാണ് ഫ്ലെക്സുകളിൽ ഔദ്യോഗിക പക്ഷത്തിനു പകരം ഇങ്ങേരുടെ പടം അച്ചടിക്കേണ്ട ഗതികേട് വന്നു ഭവിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തക്കം പാർത്തിരിക്കുന്ന പ്രതിക്രിയാ വാദികളും സ്റ്റാലിനിസ്റ്റ് ചിന്ത സരണികളും പഴയ പോലെ പിന്നിൽ നിന്ന് കുത്തുന്നത് തുടരും. ഇതൊന്നും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. അച്ചടക്കം പാർട്ടിക്ക് വിലപ്പെട്ടതാണ്‌. അതില്ലാത്തവരെ ഞങ്ങൾ അത് പഠിപ്പിക്കും. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക