ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും
ഭാരം താങ്ങിത്തളരുന്നവരേ ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..
വരുവിന്‍ - നിങ്ങള്‍ വരുവിന്‍.. മായമില്ല മന്ത്രമില്ല ജാലവുമില്ല...
ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും...
എന്ന് തുടങ്ങുന്ന സിനിമാപ്പാട്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു; പ്രേം നസീറും ഷീലയും കെ പി ഉമ്മറും അടൂർഭാസിയുമെല്ലാം അഭിനയിച്ച "ലോട്ടറി ടിക്കറ്റ്" എന്ന സിനിമയിലെ ഗാനമായിരുന്നു അത്.
നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളാണിപ്പോൾ വിൽപ്പന നടന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി അനവധി സമ്മാനങ്ങൾ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. 2023 സെപ്റ്റംബർ ഇരുപതാം തിയതിയുടെ പൊൻ പ്രഭാതം വിടരുമ്പോൾ ഭാഗ്യദേവത നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. കേവലം 500 രൂപയാണ് ടിക്കറ്റ് വില. നാളിത് വരെ നിരവധി ഭാഗ്യവാന്മാരെ കണ്ടെത്തിയ സി വിദ്യാധരൻ മഞ്ജുള ബേക്കറി ആലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ പ്രചരണ വിതരണ വാഹനമാണ് നിങ്ങളെ സമീപിക്കുന്നത്. നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. ഒരു ടിക്കറ്റെടുക്കൂ. ഭാഗ്യമൊന്നു പരീക്ഷിക്കൂ. ഇത് കേരളമാകെ മുഴങ്ങിക്കേട്ടിരുന്ന ഒരു ലോട്ടറി പരസ്യത്തിന്റെ ഏകദേശ രൂപമാണ്.
ഒരു എളുപ്പത്തിൽ വലിയ പണക്കാരനാകാൻ ആഗ്രഹിക്കാത്ത എത്ര ആളുകൾ ഉണ്ടാകും !? പണക്കാരനാകുക എന്നാഗ്രഹമുള്ള ഏതൊരുവനെയും പ്രലോഭിപ്പിക്കുന്നതാണ് ആദ്യമേ പറഞ്ഞ ഗാനത്തിലെയും പരസ്യത്തിലേയും വാഗ്ദാനങ്ങൾ.
വെറും അരലക്ഷം രൂപ സമ്മാനത്തുകയുമായി 1968 ജനുവരി 26-ന് ആദ്യ നറുക്കെടുപ്പ് തുടങ്ങിയ കേരളം സർക്കാർ ഭാഗ്യക്കുറി 50 വർഷം കഴിഞ്ഞ് ഒരു തളർച്ചയുമില്ലാതെ മുന്നേറുകയാണ്. ഇന്ന് ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന നിലയിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു ഇരുപത്തഞ്ച് കോടിയുമായി നമ്മുടെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത്.
രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് സോഷ്യലിസ്റ് നേതാവ് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. കായംകുളത്തെ എംഎസ്എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം ഭാഗ്യക്കുറി നടത്തിയുള്ള മുൻ പരിചയമാണത്രെ സർക്കാർ തലത്തിൽ ലോട്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു രൂപ ടിക്കറ്റ് വിലയിൽ 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയും ഒരു അംബാസഡർ കാറും ആയിരുന്നത്രെ. കായംകുളത്തു മാത്രമല്ല, കൊച്ചിയിൽ വരെ ആ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിറ്റതായി പറയപ്പെടുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിൽ മറ്റു പല പദ്ധതികളും ആലോചിച്ചെങ്കിലും അവസാനം ലോട്ടറി പദ്ധതിയിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്ന വിലയിരുത്തലിലാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യ നടപടി എന്ന നിലയിൽ 1967 സെപ്തംബറിൽ ലോട്ടറി വകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. 1967 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത്. 1968 ജനുവരി 26-നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആ ലോട്ടറിക്ക് ഇന്നത്തെപ്പോലെ പ്രത്യേകിച്ച് പേരില്ലായിരുന്നു. കേരള സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ ആരായിരുന്നു എന്ന് സർക്കാർ രേഖകളിൽപ്പോലും ഇല്ലെന്നതാണ് വാസ്തവം. 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിക്ക് "കൈരളി" എന്ന പേര് കൊടുത്തത് മുതലാണ് ലോട്ടറിക്ക് പേര് കൊടുക്കുന്ന രീതി തുടങ്ങുന്നത്.






.png)

