ഞാൻ വെറും പോഴൻ

Sunday 8 September 2024

ലോട്ടറി സമ്മാനത്തിന് മേൽ വരുന്ന Income Tax - അറിയേണ്ട ചില കാര്യങ്ങൾ


പൊതുവെ പൊതു ജനങ്ങൾക്ക് നികുതി നിയമങ്ങളെപ്പറ്റിയുള്ള പരിമിതവും വികലവുമായ അറിവുകൾ ലോട്ടറി സമ്മാനം കിട്ടുന്നവരെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സമ്മാനത്തുക ബാങ്കിലെത്തിയ ശേഷം വീണ്ടും Income Tax-മായി ബന്ധപ്പെട്ട് വരുന്ന നടപടിക്രമങ്ങളും തുടർ ബാധ്യതകളുമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. ആളുകളുടെ പൊതുവെയുള്ള ഒരു ധാരണ Tax Deducted Source (TDS)-ഉം Income Tax Liability-യും ഒന്നാണ് എന്നതാണ്. മനസിലാക്കേണ്ട ഒരു കാര്യം Income Tax നിയമത്തിലെ 194B വകുപ്പനുസരിച്ച് 30% TDS പിടിക്കേണ്ടത് ലോട്ടറി വകുപ്പിന്റെ നിയമപരമായ ബാധ്യതയാണ്. ലോട്ടറി വകുപ്പ് TDS പിടിച്ച് കേന്ദ്ര സർക്കാരിലേക്ക് അടച്ചതിന്റെ തെളിവായി TDS സർട്ടിഫിക്കറ്റ് സമ്മാനമടിച്ചയാൾക്ക് കൊടുക്കുന്നതോടെ അവരുടെ ബാധ്യത അവസാനിക്കുന്നു. സമ്മാനത്തുകയിൽ നിന്ന് TDS പിടിച്ചു എന്നത് കൊണ്ട് സമ്മാനം കിട്ടിയ ആളുടെ Income Tax ബാധ്യത ഒരു കഴഞ്ചു പോലും കുറയുന്നില്ല. ലോട്ടറി അടിച്ചയാളുടെ ബാധ്യത, കൃത്യമായി  Income Tax Return (ITR) കൂടി ഫയൽ ചെയ്യുക എന്നതാണ്. 

ടിക്കറ്റിൽ വാഗ്ദാനം ചെയ്ത സമ്മാനത്തുകയിൽ നിന്ന് ഏജന്റ്സ് കമ്മീഷൻ കഴിച്ചുള്ള തുകയാണ് ടാക്സ് അടക്കേണ്ട വരുമാനമായി സമ്മാനിതന്റെ കണക്കിൽ വരുന്നത്. ഞാൻ മനസിലാക്കുന്നതനുസരിച്ച് വിവിധ ബമ്പർ ടിക്കറ്റുകൾക്കും 50-50 ടിക്കറ്റുകൾക്കും 10%-ഉം  അതല്ലാത്ത ടിക്കറ്റുകൾക്ക് 12%-ഉം ആണ് ഏജന്റ്സ് കമ്മീഷൻ. അപ്രകാരം, ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് 30% TDS, ലോട്ടറി വകുപ്പ് പിടിച്ചു വയ്ക്കും. അതവർ Income Tax Department ലേക്ക് അടച്ച ശേഷം സമ്മാനിതന് TDS സർട്ടിഫിക്കറ്റ് നൽകും. ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് TDS കിഴിച്ചുള്ള തുക സമ്മാനിതന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 

ശമ്പളം, വാടക, പലിശ തുടങ്ങിയ സാധാരണ വരുമാനങ്ങളിൽ നിന്ന് വിഭിന്നമായി ലോട്ടറി സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax-ഉം, സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ Income Tax തുകയുടെ മേൽ സർചാർജ്ജും, Income Tax-ഉം Sur Charge-ഉം ചേർന്ന തുകക്ക് മുകളിൽ 4% സെസ്സും അടക്കേണ്ടതായിട്ടുണ്ട്. കൂടാതെ, സമ്മാനം കിട്ടിയ അന്ന് മുതൽ ബാങ്കിലോ മറ്റ് നിക്ഷേപങ്ങളിലോ സൂക്ഷിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനവും ലോട്ടറി കിട്ടിയതിന് പുറമെ ആ വ്യക്തിക്കുണ്ടായിരുന്ന വരുമാനവും Income Tax-ന് വിധേയമാണ്. അത് മാത്രമല്ല, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. കൃത്യമായ നിരക്കിൽ Advance Tax അടച്ചില്ലെങ്കിൽ പിഴപ്പലിശ കൂടി അടക്കേണ്ടതായി വരും. ഇതെല്ലം അടച്ചിട്ട് വേണം ITR ഫയൽ ചെയ്യാൻ. ഈ വിധ പല ഹെഡുകളിൽ വരുന്ന ബാധ്യതയാണ് ലോട്ടറി സമ്മാനിതൻ Additional Tax ആയി അടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നത്. ഇതെല്ലം കൃത്യമായി ചെയ്തില്ലെങ്കിൽ ഭാവിയിൽ Income Tax Department-ൽ നിന്ന് നോട്ടീസുകളും Tax Demand-ഉം ഒക്കെ വരും എന്നത് ഏറെക്കുറെ ഉറപ്പാണ്

ബമ്പർ അല്ലാത്ത നറുക്കെടുപ്പിൽ ഒരു കോടി രൂപ സമ്മാനം ലഭിക്കുന്ന ഒരാളുടെ ഉദാഹരണം പരിശോധിക്കാം. ഇയാൾക്ക് ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുക 88 ലക്ഷം രൂപയാണ്. അതിൽ നിന്ന് 30% TDS (Rs 26.40 ലക്ഷം) കിഴിച്ചുള്ള Rs 61.60 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വരുന്നത്. Income Tax നിയമമനുസരിച്ച് ഇവിടം കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യത തീരുന്നില്ല; അദ്ദേഹം ഈ ലോട്ടറി സമ്മാനം Income ആയി കാണിച്ച്, Income Tax Return (ITR) കൂടി ഫയൽ ചെയ്യണം. മറ്റ് വരുമാനങ്ങൾ ഒന്നും ഇല്ലാത്ത ആളാണെന്നും ലോട്ടറി സമ്മാനത്തിൽ നിന്ന് മറ്റൊരു വരുമാനവും അദ്ദേഹത്തിന് കിട്ടിയില്ല എന്നും സങ്കല്പിച്ചാൽ അദ്ദേഹത്തിന്റെ Income Tax ബാധ്യത ഏറെക്കുറെ താഴെ പറയുന്ന രീതിയിൽ ആയിരിക്കും. സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax (Rs 26.40 Lakhs)-ഉം സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതലും ഒരു കോടിയിൽ താഴെയും ആയത് കൊണ്ട് Income Tax തുകയുടെ മേൽ 10% Surcharge (Rs 2.64 Lakhs)-ഉം ,Income Tax ഉം സർചാർജ്ജും ചേർന്ന തുകക്ക് മുകളിൽ 4% Cess (Rs 1.16 Lakhs)-ഉം ചേർത്ത് Rs 30,20,160/- അടക്കേണ്ടതായിട്ടുണ്ട്. അതായത് TDS തുകയേക്കാൾ ഏതാണ്ട് Rs 3.81 Lakhs കൂടുതൽ ആണിത്. കൂടാതെ, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. അത് കൂടി കണക്കാക്കിയാൽ 4 ലക്ഷത്തിന് മുകളിൽ Additional Tax അടച്ചിട്ട് വേണം അദ്ദേഹം ITR ഫയൽ ചെയ്യാൻ. ലോട്ടറി സമ്മാനം കൂടാതെ അദ്ദേഹത്തിന് മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അതിന്റെ Income Tax കൂടി അദ്ദേഹം അടക്കേണ്ടി വരും. തുടർ വർഷങ്ങളിൽ സമ്മാനത്തുക Invest ചെയ്തതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രം Income Tax നൽകിയാൽ മതിയാകും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഇപ്പറഞ്ഞതൊന്നും കോടികൾ സമ്മാനം കിട്ടുന്നവർ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ല; കേവലം 10,000 രൂപക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്ന എല്ലാവർക്കും ബാധകമായ കാര്യമാണ്. കാരണം, ഇന്ത്യയിൽ ലോട്ടറി സമ്മാനത്തുകയിൽ നിന്ന് 10,000 രൂപ വരെ ഉള്ള സമ്മാനത്തുകക്കെ Income Tax ഇളവ് ലഭിക്കുന്നുന്നുള്ളൂ. തീരെ ചെറുതല്ലാത്ത തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നവർ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയോ മറ്റ്‌ നികുതി വിദഗ്ദ്ധരുടെയോ ഉപദേശം തേടുന്നത് നന്നായിരിക്കും.

വൽക്കഷ്ണം : സമ്മാനം തുകയായി അല്ലാതെ ഫ്ലാറ്റ്, കാർ, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ ഒക്കെ ആയി ലഭിക്കുമ്പോഴും സമ്മാനമായി ലഭിക്കുന്ന സാധനത്തിന്റെ വിലയുടെ 30% TDS ആയി അടക്കാൻ ഒരു ഇന്ത്യൻ പൗരന് ബാധ്യത ഉണ്ട്. TDS പിടിക്കുന്നത് കൊണ്ട് തന്നെ ഇക്കാര്യം കാണിച്ച് Income Tax Return ഫയൽ ചെയ്യാനും ഇത്തരം സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് ബാധ്യതയുണ്ട്.


Friday 16 August 2024

ഉർവ്വശി : മലയാളത്തിന്റെ ഒരേയൊരു ഓൾ റൗണ്ടർ സൂപ്പർ ആക്ട്രസ്


മികച്ച നടിക്കുള്ള 
2024-ലെ സംസ്ഥാന പുരസ്‌കാരം ഉർവ്വശി കരസ്ഥമാക്കിയിരുന്നു. ഉള്ളൊഴുക്ക് കണ്ട അന്ന് തന്നെ എഴുതിയ ഒരു കുറിപ്പിൽ ഈ പുരസ്‌കാര സാധ്യത ഞാൻ പറഞ്ഞിരുന്നു. മുൻ വർഷങ്ങളിൽ അഞ്ചു തവണയാണ് ഉർവ്വശി ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. ആറാമതും ഇത് നേടിയതോടെ സംസ്ഥാന പുരസ്കാരത്തിന്റെ എണ്ണത്തിൽ മോഹൻലാലിലും മമ്മൂട്ടിക്കും ഒപ്പം ഉർവ്വശിയും എത്തിയിരിക്കുകയാണ്. 

മലയാളത്തിന്റെ ലേഡി സൂപ്പർ ആക്ട്രസ് ആരാണ് എന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേ ഉളളൂ; അത് ഉർവ്വശി എന്ന പേരിൽ അഭിനയിക്കുന്ന കവിത രഞ്ജിനി ആണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന മറ്റ് പലരുമുണ്ടാകാം

ഗൗരവം, ഹാസ്യം, ദുഃഖം.... ഏതുമായിക്കോട്ടെ ഉർവ്വശി അത് കൃത്യമായി അഭിനയിച്ച് ഫലിപ്പിച്ചിരിക്കും. നായിക, വില്ലൻ, സഹ നടി... ഏത് റോളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന അഭിനേത്രിയാണവർ. അയത്നലളിതമായ അഭിനയപാടവം കൈമുതലാക്കിയ, പകരം വെക്കാനില്ലാത്ത പ്രതിഭ എന്ന് പറഞ്ഞാൽ അത് തീരെ കൂടുതലാവില്ല. പ്രേക്ഷകനെ ബോറടിപ്പിക്കാതെ, സ്‌ക്രീനിൽ നിറഞ്ഞു നിൽക്കാനുള്ള അവരുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്. പല അഭിനേതാക്കൾ ഉള്ള സീനുകളിൽ ഉർവ്വശിയുടെ അഭിനയം നോക്കിയാൽ അവരുടെ പ്രതിഭ നമുക്ക് മനസിലാകും. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യയാണ് ഉർവ്വശി. അവരുടെ ചുണ്ടിന്റെയും കണ്ണിന്റെയും വിരലിന്റെ ചെറു ചലനങ്ങൾ, ഒരു തലയാട്ടൽ ഇതൊക്കെ മതിയാകും വലിയ കാര്യങ്ങൾ പോലും പ്രേക്ഷകനു മനസ്സിലാക്കിക്കൊടുക്കാൻ. ഹാസ്യരസപ്രധാനമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉര്‍വ്വശിയോളം കയ്യടക്കം മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ വേറൊരു നടിക്കുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഒരു പക്ഷെ, ഹാസ്യം കൈകാര്യം ചെയ്യാനുള്ള ആ കഴിവ് തന്നെയായിരിക്കും മറ്റു നായികാ നടിമാരിൽ നിന്നും ഉര്‍വ്വശിയെ വേറിട്ട് നിർത്തുന്നത്. 

കലാ സാഹിത്യ പാരമ്പര്യത്താൽ സമ്പന്നമായ കുടുംബത്തിൽ നിന്നാണ് ഉർവ്വശി വരുന്നത്. ജനപ്രിയരായ നാടക അഭിനേതാക്കൾ ആയിരുന്ന ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവ്വശി. പ്രശസ്ത മലയാള എഴുത്തുകാരൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ കൊച്ചു മകളാണ് ഉർവ്വശി.  സഹോദരിമാരായിരുന്ന കൽപ്പനയും കലാരഞ്ജിനിയും മികച്ച അഭിനേത്രികൾ ആയിരുന്നല്ലോ. ഇവരെക്കൂടാതെ പ്രിൻസ്, കമൽ റോയ് എന്നീ സഹോദരന്മാരും ഉർവ്വശിക്കുണ്ട്. അവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  

എട്ടാം വയസ്സിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉർവ്വശി ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 13-ാം വയസ്സിലായിരുന്നു. 'മുന്താണൈ മുടിച്ച്' സിനിമയിലെ പരിമളം തമിഴ് സിനിമ ലോകത്തിന് ഒരു വിസ്മ യക്കാഴ്ചയായിരുന്നു. 

ഒരു വിധം​ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ച ഉര്‍വ്വശി അവതരിപ്പിച്ചതിൽ കൂടുതലും അപാരമായ റേഞ്ചുള്ള കഥാപാത്രങ്ങളാണ്.  1989-91 കാലഘട്ടത്തിൽ തുടർച്ചയായി അവാർഡ് കിട്ടിയ മഴവിൽക്കാവടി, വർത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലെയും പിന്നീട് അവാർഡ് കിട്ടിയ 'കഴക'ത്തിലെയും 'മധുചന്ദ്രലേഖ'യിലെയും കഥാപാത്രങ്ങളെ ഒന്ന് നോക്കിയാൽ മതി അവരുടെ "വെർസറ്റാലിറ്റി' അറിയാൻ. ഇതൊക്കെ കൂടാതെ 'യോദ്ധ'യിലെ ദമയന്തി, 'മൈ ഡിയർ മുത്തച്ഛ'നിലെ ക്ലാര, 'മിഥുന'ത്തിലെ സുലോചന, 'പൊൻമുട്ടയിടുന്ന താറാവി'ലെ സ്നേഹലത, 'ലാൽസലാ'മിലെ അന്നക്കുട്ടി, 'ഭാര്യ'യിലെ ശൈലജ, 'സ്ത്രീധന'ത്തിലെ വിദ്യ, 'കളിപ്പാട്ട'ത്തിലെ സരോജം,
'സ്ഫടിക'ത്തിലെ തുളസി, 'നാരായ'ത്തിലെ ഗായത്രി, 'മാളൂട്ടി'യിലെ രാജി, 'അഹ'ത്തിലെ രഞ്ജിനി...എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഉർവ്വശിയെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകുമോ !?​ 

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 700-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഉർവ്വശി. മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരത്തിൽ ഒരു ഹാട്രിക്ക് ഉണ്ടെങ്കിൽ അത് ഉർവ്വശിക്ക് മാത്രമാണ്. 1989, 1990, 1991 എന്നീ വർഷങ്ങളിലായിരുന്നു തുടർച്ചയായ ആ അവാർഡ് നേട്ടം. ഏറ്റവുമധികം പ്രാവശ്യം സ്റ്റേറ്റ് അവാർഡ് കിട്ടിയതും ഉർവശിക്ക് തന്നെയാണ്. 1995 ലും 2006 ലുമായിരുന്നു ആ നേട്ടങ്ങൾ. ഇത് കൂടാതെ ഒട്ടേറെ പുരസ്‌കാരങ്ങൾ അവർ നേടിയിട്ടുണ്ട്. 

അഭിനയത്തിന് പുറമെ സിനിമയിൽ കഥ, പാട്ട്, ഡബ്ബിങ്, നിർമ്മാണം എന്നീ മേഖലകളിലും ഉർവ്വശി ഒരു കൈ നോക്കിയിട്ടുണ്ട്. എണ്ണമറ്റ ടെലിവിഷൻ പരിപാടികളിൽ അവതാരകയായും വിധികർത്താവായും ഉർവ്വശി ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിൽ വന്നതിന് ശേഷം പല ഘട്ടങ്ങളിലും അഭിനയ രംഗത്ത് നിന്ന് പിന്മാറുകയും പിന്നീട് വീണ്ടും വന്ന് മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്ത അധികം നടിമാർ നമുക്കില്ല എന്ന് തന്നെ പറയേണ്ടി വരും. കാമറയ്ക്ക് മുന്നിലും സ്ക്രീനിലും അഭിനയത്തിനപ്പുറം 'വെർസറ്റാലിറ്റി' നിറഞ്ഞ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ച ആ ബ്രില്യൻസ് തന്നെയാണ് ഉർവ്വശിയെ എന്നും എപ്പോഴും പ്രേക്ഷക മനസുകളിൽ പ്രിയതാരമാക്കി നിർത്തുന്നത്. കുറേക്കാലത്തിന് ശേഷമുള്ള റീ എൻട്രിയിൽ "ഉള്ളൊഴുക്കി"ലെ ഉർവ്വശിയുടെ പ്രകടനം ഇനിയും അവരിൽ നിന്ന് വരാനിരിക്കുന്ന ഗംഭീര പ്രകടനങ്ങളുടെ ആരംഭമാണെന്ന് ഞാൻ കരുതുന്നു. 



Monday 15 July 2024

99-ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾക്കിന്ന് 100 വയസ്സ്

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.

(വിവരണം കടപ്പാട് : വിക്കിപീഡിയ)

ചിത്രങ്ങൾ : 1. അക്കാലത്തെ പല ദിവസങ്ങളിലെ പത്രവാർത്തകൾ ചേർത്ത് മനോരമ പിന്നീട് പ്രസിദ്ധീകരിച്ച കമ്പയിൽഡ് സപ്ളിമെന്റ്


2. പ്രളയത്തിന്റെ ഓർമ്മ മനസ്സിൽ സൂക്ഷിച്ചിരുന്ന പെരിയസ്വാമി
 













3. പ്രളയത്തിന്റെ സ്മാരകമായി വർഷം രേഖപ്പെടുത്തിയ കല്ല് 

Friday 28 June 2024

ഉള്ളുലഞ്ഞു പോകാതെ കണ്ടു തീർക്കാനാവില്ല ഈ ഉള്ളൊഴുക്ക്


(മുന്നറിയിപ്പ് : ആസ്വാദനക്കുറിപ്പായത് കൊണ്ടും ഇക്കാര്യത്തിൽ പ്രൊഫഷണൽ അല്ലാത്ത
ത് കൊണ്ടും സ്‌പോയ്‌ലർ പോയിന്റ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്. സിനിമ കാണാത്തവർ ഇക്കാര്യം മനസ്സിൽ വച്ചിട്ട് മാത്രം വായിക്കുക)  

രണ്ട് സ്ത്രീ കഥാപാത്രങ്ങളെ മാത്രം ചിത്രീകരിച്ചു കൊണ്ടുള്ള ഹോർഡിങ്ങുകളും അതിൽ കണ്ട നടിമാരുടെ മുഖങ്ങളും "ഉള്ളൊഴുക്ക്" എന്ന പേരിലെ കൗതുകവുമാണ് അത് കാണാൻ എന്നെ തിയ്യേറ്ററിൽ എത്തിച്ചത്. തരക്കേടില്ലാതെ സിനിമ റിവ്യൂ ചെയ്യുന്ന ഒന്ന് രണ്ട് യുട്യൂബേർഴ്‌സിന്റെ അഭിപ്രായവും ഉപകാരപ്പെട്ടു. 

ഒരു വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ ഉണ്ടാകുന്ന മരണത്തെത്തുടർന്ന്  മൃതദേഹം സംസ്‌കരിക്കുന്നതിനായി, വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ, കുടുംബത്തിലെ ആളുകളുടെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. വെള്ളമിറങ്ങാനായി കാത്തിരിക്കുന്ന സമയത്ത്, ആ കുടുംബത്തിന്റെ അടിത്തറയെ തന്നെ ശിഥിലപ്പെടുത്താൻ പാകത്തിൽ, വെളിപ്പെടുന്ന ചില സത്യങ്ങളും കള്ളങ്ങളും രഹസ്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും, അത് ആ കുടുംബത്തിലും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിലും ഉണ്ടാക്കുന്ന ഉലച്ചിലുകളും അന്തഃസംഘർഷങ്ങളുമൊക്കെയാണ്‌ ഉള്ളൊഴുക്കിന് ഊടും പാവും നെയ്യുന്നത്. അതോടൊപ്പം കുട്ടനാട് വർഷാവർഷം അനുഭവിക്കേണ്ടി വരുന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതവും കൂടി ഉള്ളൊഴുക്ക് വരച്ചിടുന്നുണ്ട്.. 

വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇഷ്‍ടമില്ലാത്ത ഒരു വിവാഹത്തിന് സമ്മതിക്കേണ്ടി വന്ന പെൺകുട്ടിയാണ് പാർവതി അവതരിപ്പിക്കുന്ന അഞ്ജു. സാധാരണ കുടുംബത്തിൽ നിന്നുള്ള ടെക്സ്റ്റയിൽ ഷോപ്പ് ജീവനക്കാരിയായ അഞ്ജു വിവാഹത്തോടെ എത്തിപ്പെടുന്നത് കുടുംബപാരമ്പര്യവും സാമ്പത്തിക ശേഷിയുമുള്ള ലീലാമ്മ (ഉർവശി) യുടെ കുടുംബത്തിലാണ്.  അവരുടെ മകൻ തോമസ് കുട്ടിയാണ് അഞ്ജുവിനെ വിവാഹം ചെയ്തത്. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള  ആ വീട്ടിൽ ജീവിക്കവേ കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നു. തോമസുകുട്ടി രോഗബാധിതനാകുന്നു. അയാളെ  പരിചരിച്ചു കൊണ്ടുള്ള ആ ജീവിതത്തിനിടെ തന്റെ മുൻ കാമുകനുമായുള്ള ബന്ധം അഞ്‍ജു തുടരുകയും ചെയ്യുന്നുണ്ട്. പിന്നീട് തോമസുകുട്ടി മരണപ്പെടുന്നതും അഞ്‍ജു ഗര്‍ഭിണിയാണെന്നറിയുന്നതും മുൻപ് സൂചിപ്പിച്ചത് പോലുള്ള ചില വെളിപ്പെടുത്തലുകളും അതുണ്ടാക്കുന്ന വൈകാരിക സ്ഫോടനങ്ങളും അതിന്റെ തുടർചലനങ്ങളുമാണ് ഉള്ളൊഴുക്ക് കാണിച്ചു തരുന്നത്. മതം, തറവാട്ട് മഹിമ, കുടുംബ പാരമ്പര്യം, മാനം, അന്തസ്സ്, ആചാരങ്ങൾ, സമ്പത്ത്, ആണധികാരം, സദാചാരം തുടങ്ങിയ ഒട്ടേറെ സാമൂഹിക മാനദണ്ഡങ്ങൾക്കകത്ത് തടവിലാക്കപ്പെട്ട കഥാപാത്രങ്ങളുടെ വിശിഷ്യ സ്ത്രീകഥാപാത്രങ്ങളുടെ നിസ്സഹായതയിലേക്കാണ് ഉള്ളൊഴുക്ക് കാമറ തിരിക്കുന്നത്. പല ഘട്ടങ്ങളിലും കഥാപാത്രങ്ങളുടെ നിസ്സഹായതയും മാനസിക പിരിമുറുക്കങ്ങളും നമ്മളെയും പിടികൂടും. ആരാണ് ശരി, ആരാണ് തെറ്റ്, ആരുടെ ഭാഗത്താണ് ന്യായം, ആരാണ് അപരാധി, ആരാണ് നിരപരാധി ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ വിധി തീർപ്പ് പ്രയാസമാകുന്ന എത്രയോ മുഹൂർത്തങ്ങൾ. ഇന്ത്യയിലെ നല്ലൊരളവ്‌ സ്ത്രീകളും വിവാഹിതരായിരിക്കുന്നത് അവരുടെ ഭർത്താവുമായി മാത്രമല്ല; മറിച്ച് അയാളുടെ കുടുംബത്തെക്കൂടിയാണെന്നുള്ള ഒരു നിരീക്ഷണം കേട്ടിട്ടുണ്ട്. അതീ സിനിമയിൽ കൃത്യമായി കാണാനാകും. സ്വന്തം നിലപാടും സ്വാതന്ത്ര്യവാഞ്ഛയും ധീരമായി ഉറച്ച വാക്കുകളിൽ തന്നെ പ്രകടിപ്പിക്കുന്ന അഞ്ജു ഒടുവിൽ സാമ്പ്രദായിക വാർപ്പ് മാതൃകകളിലെന്ന പോലെ കുടുംബത്തിന്റെ ഒഴുക്കിലേക്ക് അലിഞ്ഞു ചേരാൻ തീരുമാനിക്കുന്നിടത്താണ് ഉള്ളൊഴുക്ക് അവസാനിക്കുന്നത്. താൻ ആത്മാർഥമായി സ്നേഹിച്ചവൻ സമ്പത്തിനോട് നിർലജ്ജം കാണിക്കുന്ന താല്പര്യവും നിവൃത്തികേടിന്റെ മുനമ്പിൽ നിൽക്കുന്നവളെ സ്വീകരിക്കുകയാണെന്ന തരത്തിലുള്ള  ഔദാര്യ മനോഭാവവുമായിരിക്കണം അഞ്ജുവിനെ ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതാം. 

ഉർവ്വശി എന്ന അഭിനയ സർവ്വകലാശാലയുടെയും അവിടെ പഠിക്കാനെത്തുന്ന സമർത്ഥയായ വിദ്യാർത്ഥിനി പാർവതിയുടെയും പകരം വയ്ക്കാനില്ലാത്ത ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ രാധാകൃഷ്ണൻ എന്ന് വേണ്ട ചെറിയ വേഷങ്ങൾ ചെയ്തവർ പോലും അവരുടെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉള്ളൊഴുക്കിൽ ഉർവ്വശി വിരലുകൾ കൊണ്ടും ഒരു മൂളൽ കൊണ്ടുമൊക്കെ അഭിനയിക്കുന്നത് കാണാം. പലപ്പോഴും ഉർവ്വശിയുടെ അഭിനയത്തിനൊപ്പം നില്ക്കാൻ മറ്റ് അഭിനേതാക്കൾ നന്നായി ബുദ്ധിമുട്ടുന്നത് പോലെ തോന്നി. ഇടതടവില്ലാത്ത കണക്ക് പെയ്തു കൊണ്ടിരിക്കുന്ന മഴ, അതിനല്പം കുറവുള്ളപ്പോൾ മൂടിക്കെട്ടി കാർമേഘം നിറഞ്ഞു പെയ്യാൻ നിൽക്കുന്ന ആകാശം, അരക്കു താഴെ പ്പോഴും നിൽക്കുന്ന വെള്ളം.... ഈ ദൃശ്യങ്ങൾ തന്നെ മനസിലെ വികാരങ്ങളെ കനപ്പെടുത്തുന്നതാണ്. പെണ്ണുടലിന്റെ മുഴുപ്പും കൊഴുപ്പും ഷോ കേസ് ചെയ്യാതെയും പാട്ടും ഇടിയും തല്ലും തരം താണ ഫലിതങ്ങളും മറ്റ് മസാലക്കൂട്ടുകൾ ഒന്നും തന്നെ ഇല്ലാതെയും ഭദ്രമായ തിരക്കഥയും മികച്ച സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ഒത്തിരി മുഴച്ചു നിൽക്കാത്ത പശ്ചാത്തല സംഗീതവുമെല്ലാം ഉള്ളൊഴുക്കിനെ വെള്ളിത്തിരയിലെ കാവ്യമാക്കുന്നുണ്ട്.

"ഉള്ളൊഴുക്ക്"  എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് സംശയമുണ്ട്. കോയിൻ ചെയ്യപ്പെട്ട ഒരു വാക്കാണെന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ ആ വാക്കിന് കൃത്യമായി ഒരർത്ഥമുണ്ടെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് മനസിലാകും. കുറച്ച് കാലത്തിന് ശേഷമാണ് ഒരു സിനിമ വികാര വേലിയേറ്റങ്ങൾ കൊണ്ട് ഉള്ളുലച്ച് കളഞ്ഞത്.... നെഞ്ചിലെ കനം കുറയുന്നില്ല. 

Hats Off to the one and only Urvasi and Team "Ullozhukku"

(PS : ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവ്വശിക്കൊരു സംസ്ഥാന അവാർഡ് ഉറപ്പാണെന്നാണ് എന്റെ ഒരു വിലയിരുത്തൽ; ദേശീയ അവാർഡും കിട്ടാനുള്ള സാധ്യതയുണ്ട്.)

Monday 20 May 2024

കൊന്നും കൊല്ലാതെ കൊന്നും, ഒടുങ്ങാതെ സൈബർ ബുള്ളിയിങ്ങ്..!!!

ഒരു ബട്ടൺ ക്ലിക്കിലൂടെ എന്തും ഏതും വിരൽത്തുമ്പിൽ ലഭ്യമാകുന്ന, അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ് സാമൂഹികമാധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ. വലിയൊരു ആകാശമായിരുന്നു, സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഓരോ മനുഷ്യനും അത് സമ്മാനിച്ചത് . സ്വന്തം ജോലിയും കുടുംബവും സ്വകാര്യജീവിതവുമൊക്കെയായി നടന്നിരുന്ന സാധാരണ മനുഷ്യർക്ക് പോലും ആത്മപ്രകാശനത്തിനുള്ള വലിയ വേദിയാണ് സോഷ്യൽ മീഡിയ. ജീവിത യാത്രയിൽ കൈമോശം വന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ എന്നിവ വീണ്ടും സജീവമാക്കാനും പ്രകടിപ്പിക്കാനാവാതെ പോയ കല സാഹിത്യ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും സാമൂഹ്യ രാഷ്ട്രീയ വിമർശനം നടത്താനും പുതിയ പുതിയ ബിസിനസ്സ് ആശയങ്ങൾ വലിയ ചിലവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമെല്ലാം സാമൂഹ്യ മാധ്യമങ്ങൾ വഹിച്ച പങ്ക് തീരെ ചെറുതായിരുന്നില്ല. ഓരോരുത്തർക്കും അവരുടെ അനുഭവങ്ങളും ആശയങ്ങളും ഇഷ്ടങ്ങളും താൽപ്പര്യങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ സമൂഹത്തിന് മുൻപിൽ തുറന്നിടാൻ അനന്തമായ സാധ്യതകൾ തുറന്നുവച്ച വലിയ ലോകമാണ് സോഷ്യൽ മീഡിയ. അനന്തമായ വിവരങ്ങളും എണ്ണമില്ലാത്ത അവസരങ്ങളും വിവരസാങ്കേതികത നമ്മുടെ വിജ്ഞാന അടിത്തറയെ വിപുലമാക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹവുമായി സംവദിക്കുന്നതോടൊപ്പം, സ്വന്തം നയനിലപാടുകളോടും കാഴ്ചപ്പാടുകളോടുമൊക്കെയുള്ള അപരന്റെ യോജിപ്പുകളും വിയോജിപ്പുകളും വിശകലനം ചെയ്യുന്നതിലൂടെ  മനുഷ്യരെ പല രീതിയിലും സോഷ്യൽ മീഡിയ പരിഷ്കരിക്കുന്നുമുണ്ട്. ഇതൊക്കെ പറയുമ്പോഴും, എല്ലാ പുരോഗതിക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. Information ന്റെ ലഭ്യതയും Connectivity യുടെ സാധ്യതകളും വർദ്ധിക്കുന്നതിനനുസരിച്ച് സൈബർ ലോകവുമായി ബന്ധപ്പെട്ട മോശം പ്രവണതകളും വളർന്നു വരുന്നുണ്ട്. ഏത് കാര്യത്തെയും ദുഷിപ്പിക്കാൻ മനുഷ്യനുള്ള പ്രത്യേക കഴിവ് വിവരസാങ്കേതികതയെയും സാമൂഹ്യ മാധ്യമങ്ങളെയും ദുഷിപ്പിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അത്തരം ദുഷിപ്പുകളിലെ ഏറ്റവും മോശമായതും വ്യാപകമായതുമായ ഒന്നാണ് സൈബർ ബുള്ളിയിങ്.  

എന്താണ് സൈബർ ബുള്ളിയിങ് !? ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളും തേജോവധവുമാണ് സൈബര്‍ ബുള്ളിയിങ്. ഏതു തരം ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും തേജോവധങ്ങളും ഇതിന്റെ പരിധിയില്‍ വരാം. സൈബർ ബുള്ളിയിങ് സംഭവിക്കുന്നത് ശത്രുതയോ വിരോധമോ ഉള്ളവരിൽ നിന്നോ അപരിചിതരില്‍ നിന്നോ തന്നെ ആവണമെന്നില്ല; അത് അറിയാവുന്ന ആള്‍ക്കാരില്‍ നിന്നു പോലും ആവാം. 

തന്നെ എതിർക്കാൻ ശേഷിയോ സാഹചര്യമോ ഇല്ല എന്നുറപ്പുള്ള ആളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ആളെയാണ് "BULLY" എന്ന് വിളിക്കാറുള്ളത്. ഡിക്ഷണറി നോക്കിയാൽ ബുള്ളിയിംഗ് (BULLYING) എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, മുഠാളത്തം കാട്ടുക എന്നൊക്കെയാണ് അർഥം കാണുന്നത്. ബുള്ളിയിംഗ് എന്ന പദം തീരെ പുതിയതല്ലെങ്കിലും ക്രൂരമായ ബുള്ളിയിംഗ് വ്യാപകവും അസഹനീയവും ആയത്, മനുഷ്യൻ ഇന്റർനെറ്റിന്റെ ചിറകിലേറി അതിരുകളില്ലാതെ ലോകം കീഴടക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിലാണ്. 

ബലഹീനനായ ഒരു വ്യക്തിക്കു നേരെ നടത്തുന്ന കടന്നു കയറ്റമെന്ന നിലയിൽ ബുള്ളിയിങ്ങ് പ്രാചീനകാലത്തും ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. മിക്കവാറും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രരേഖകളിലുമെല്ലാം ബുള്ളിയിങ്ങിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും. 

പഠനത്തിനും വിനോദത്തിനും സമയം കൊല്ലലിനുമൊക്കെയായി ഓൺലൈനിനെ ആശ്രയിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്നതനുസരിച്ച്, സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികൾ സ്ത്രീകളെയും കുട്ടികളെയും താരതമ്യേന ദുർബ്ബലരെയുമൊക്കെ ബാധിക്കുന്ന അപകടകരമായ പ്രവർത്തനമായി മാറിക്കൊണ്ടിരിക്കുകയാണ്. അജ്ഞാത മുഖങ്ങൾക്ക് പിന്നിലൊളിച്ചും  സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് വ്യാജ ഐഡന്റിറ്റിയിൽ ആക്രമിക്കാമെന്നതിനാലും ആരേയും ഏതു സമയത്തും ആക്രമിക്കാമെന്നതിനാലും നവ-സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള  ബുള്ളിയിംഗ് സങ്കല്പങ്ങൾക്കപ്പുറമുള്ള വിനാശങ്ങൾ വരുത്താൻ കെല്‍പ്പുള്ള ഒന്നായി തീരുന്നുണ്ട്.

സോഷ്യൽ മീഡിയയെ പറ്റി ചർച്ച ചെയ്യുമ്പോൾ സ്ത്രീകളെ പ്രത്യേകമായി പരാമർശിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ഭയാശങ്കകളില്ലാതെ ഉറച്ച സ്ത്രീ ശബ്ദങ്ങളും കൃത്യമായ നിലപാടുകളുമായി സ്ത്രീ സമൂഹത്തിൽ ഇടപെടുന്ന ഇടമാണ് സോഷ്യൽ മീഡിയ എന്ന് കാണാൻ കഴിയും. മുൻപൊക്കെ, ഭൂരിഭാഗം സ്ത്രീകളെയും സംബന്ധിച്ച് നിലപാടുകൾ തുറന്നു പറയാനും സ്വന്തം കഴിവുകളും സൃഷ്ടികളും സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാനുള്ള സാധ്യതകൾ തീരെ കുറവായിരുന്നു. സിനിമ, രാഷ്ട്രീയം, കല, സാഹിത്യം എന്നിവയിലൊക്കെ ഇപ്പോൾ കാണാനാകുന്ന സാന്നിധ്യത്തെ സോഷ്യൽ മീഡിയക്ക് മുൻപെന്നും പിൻപെന്നും തിരിച്ചാൽ അത് തമ്മിൽ താരതമ്യത്തിന് പോലും പര്യാപ്തമല്ലെന്നു കാണേണ്ടി വരും. "അസമയം", "ശാരീരിക പരിമിതികൾ" എന്നൊക്കെയുള്ള പരിധികൾ നിശ്ചയിച്ച് മിക്കവാറും പൊതു  ഇടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടാ വിഭാഗമായിരുന്നു സ്ത്രീകൾ. അത്തരം പരിധികളെയും പരിധികളെയും തകർത്ത വിപ്ളവമായിരുന്നു സോഷ്യൽ മീഡിയ. അവർക്ക് സ്വതന്ത്രമായി രാഷ്ട്രീയം പറയാനും സാമൂഹ്യ വിമർശനം നടത്താനും എഴുതാനും പാടാനും ആടാനുമെല്ലാം അത് അവസരം കൊടുത്തു. ഈ അനുകൂല ഘടകങ്ങൾ നില നിൽക്കുമ്പോൾ തന്നെ, സമൂഹത്തിന്റെ പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയയിലെ സ്ത്രീകളെയും ബാധിക്കുന്നുണ്ട്. സൈബർ ബുള്ളിയിങ്, വൈകാരിക പീഡനങ്ങൾ, ലൈംഗിക ആക്രമണങ്ങൾ, സെക്സ്റ്റിങ്‌ തുടങ്ങിയ ഓൺലൈൻ ചൂഷണങ്ങളുടെ ഇരകൾ ഭൂരിഭാഗവും പെൺകുട്ടികളും സ്ത്രീകളുമാണ്. 2018 - ൽ UNESCO നടത്തിയ ഒരു പഠനമനുസരിച്ച് സൈബർ ബുള്ളിയിങ്ങിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യയിലെ 53% കുട്ടികൾ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്.

മോശമായ ഭാഷയിൽ കമന്റ് ചെയ്യുക, മോശം മെസ്സേജുകൾ അയക്കുക, ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലുകളയക്കുക, സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, മെയിലുകൾ എന്നിവ പരസ്യമാക്കുക, അവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുക, അക്കൗണ്ട് ഹാക്ക് ചെയ്യുക, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക, ഓൺലൈൻ ചാറ്റ് റൂമുകളിൽ നിന്നോ പബ്ലിക്ക് ഗ്രൂപ്പുകളിൽ നിന്നോ പുറത്താക്കുക, അപകീർത്തികരമായ പബ്ലിക്ക് പ്രൊഫൈലുകൾ, വെബ്‌സൈറ്റുകൾ മുതലായവ തുടങ്ങുക തുടങ്ങി എണ്ണമറ്റ പ്രവർത്തികൾ സൈബർ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നുണ്ട്. ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ അവരുടെ  ജാതി, മതം, മാതൃഭാഷ, ജന്മസ്ഥലം, കാഴ്ചപ്പാട്, ശരീരപ്രകൃതി, കുടുംബ പശ്ചാത്തലം, തറവാട്, വസ്ത്രധാരണ രീതി തുടങ്ങിയവായുടെ പേരിൽ ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ അപമാനിക്കുന്നതും സൈബർ ബുള്ളിയിങ് പരിധിയിൽ വരുന്നതാണ്.

സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഓൺലൈൻ പീഡനങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ കൂടുതലും മാനസികമായിരിക്കും. സൈബര്‍ ബുള്ളിയിങിന്റെ പരിണതഫലങ്ങള്‍ ഈ ബുള്ളിയിങ് അവസാനിച്ചതിനു ശേഷവും നീണ്ടു നില്‍ക്കാനിടയുണ്ട്. സൈബർ ബുള്ളിയിങ് ഇരയെ സംബന്ധിച്ച്, ഒരു നിശ്ചിത കാലത്തേക്കോ ദീർഘകാലത്തേക്കോ, മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദവും നാശനഷ്ടവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അവ പലപ്പോഴും ഇരയെ വിഷാദത്തിലേക്കും നിരാശയിലേക്കും അതുവഴി ആത്മഹത്യയിലേക്ക് വരെ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, കോപം, നിരന്തരമായ മാനസിക ആഘാതം എന്നിവയൊക്കെ ആണ് ഇരയെ ആത്മഹത്യാപ്രവണതയിലേക്ക് നയിക്കുന്നത്. 

ഓൺലൈൻ അതിക്രമങ്ങളിൽ ഇരയായാൽ എവിടെയാണ്, എങ്ങനെയാണ് പരാതിപ്പെടേണ്ടത് എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മളോ നമ്മളോട് ബന്ധപ്പെട്ടവരോ ഇരയാകുമ്പോൾ മാത്രമല്ല നിയമപരിരക്ഷയെ കുറിച്ച് അറിയേണ്ടത്. മറിച്ച് നമ്മുടെ ഓൺലൈൻ ഇടപാടുകളിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഓൺലൈൻ ഉപദ്രവങ്ങളുണ്ടാകുമ്പോൾ പരിരക്ഷക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട നിയമങ്ങൾ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.

സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നാല്‍ ഒരിക്കലും അതിനെതിരെ നേരിട്ട് പ്രതികരിക്കാന്‍ പോകാതിരിക്കുകയാണ് നല്ലത്. നേരിട്ടുള്ള ഇടപെടലുകൾ ഇരകളെയും ചില നിയമ കുരുക്കുകളിൽ പെടുത്താൻ സാധ്യതയുണ്ട്. സൈബര്‍ബുള്ളിയിങ് നടന്നതിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്‌ക്രീന്‌ഷോട്ട്, വോയിസ് റെക്കോർഡിങ്, ചാറ്റ് ഹിസ്റ്ററി മുതലായ എടുത്ത് സൂക്‌ഷിച്ചു വക്കുന്നത് ഉപകാരപ്പെടും. പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ അവ തെളിവുകളായി ഉള്‍ക്കൊള്ളിക്കാം. ഇരകൾ അവർ ആയിരിക്കുന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടത്. അവര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ബാക്കിയുള്ള നടപടികള്‍ സ്വീകരിക്കും. 
ഇൻഫർമേഷൻ ടെക്‌നോളജി നിയമം (IT ACT 2000),  IPC (Indian Penal Code) RULES 1860, POCSO (പോക്‌സോ) നിയമം 2012 തുടങ്ങിയ നിയമങ്ങൾ പ്രകാരം ഇരകൾക്ക് നിയമ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.

പോലീസിൽ നേരിട്ട് പരാതി കൊടുക്കുന്നത് പോലെ തന്നെ ചെയ്യേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. Cybercrime നടന്ന കാര്യം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ https://cybercrime.gov.in എന്ന സൈറ്റിൽ ആണ് സൈബര്‍ ആക്രമണങ്ങള്‍ ഓൺലൈനിൽ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേകം സെക്ഷന്‍ തന്നെയുണ്ട്. പരാതിക്കാരുടെ പേരും ഫോണ്‍ നമ്പറും കൊടുത്തും കൊടുക്കാതെയും സൈബര്‍ പരാതി രേഖപ്പെടുത്താം. ട്രാക്ക് ചെയ്യാനുള്ള ഓപ്ഷനില്‍ ആണ് പരാതി ബോധിപ്പിച്ചതെങ്കില്‍, പരാതിക്കാർക്ക്  ട്രാക്കിംഗ് നമ്പര്‍ കിട്ടുന്നതായിരിക്കും. അത് ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് പരിശോധിച്ചറിയാൻ സാധിക്കും. ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, അതിന്റെ അധികൃതരോട് കംപ്ലൈന്റ്‌റ് റിപ്പോര്‍ട്ട് ചെയുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. 

വിവര സാങ്കേതിക വിദ്യയും ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും ഒക്കെ കഴിഞ്ഞ് നിർമ്മിതബുദ്ധിയുടെയും ഡീപ്പ് ഫേക്കിങ്ങിന്റെയും ഒക്കെ കാലത്താണ് നാം ജീവിക്കുന്നത്. ഓൺലൈൻ സൗകര്യങ്ങൾ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയ സാഹചര്യത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള മോശം അനുഭവങ്ങൾ മുൻകൂട്ടിക്കാണാനും അവയെ പ്രതിരോധിക്കാനും അവക്കെതിരെ  പ്രതികരിക്കാനുമുള്ള അടിസ്ഥാന അറിവും പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് എല്ലാവര്ക്കും ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും ഓരോരുത്തരും നേടേണ്ടതുണ്ട്. അറിവുകളും അനുഭവങ്ങളുമാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെടാൻ മനുഷ്യനെ സഹായിക്കുന്നത്; അത് സൈബർ അപകടങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്.

Thursday 9 May 2024

ആപ്പിളിലെ കുരു എണ്ണുന്നത് പോലെ കുരുവിനകത്തെ ആപ്പിളുകൾ എണ്ണാനാകുമോ !!???

സ്ക്കൂൾ പൊതു പരീക്ഷ റിസൾട്ടുകളുടെ കാലമാണ്; വിവിധ സിലബസ് ബോർഡുകൾ നടത്തിയ പത്ത്, പന്ത്രണ്ട് ക്‌ളാസ് റിസൾട്ട് പുറത്ത് വരുന്ന കാലം. സോഷ്യൽ മീഡിയ തുറന്നാൽ സ്വാർത്ഥം മക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ ഉയർന്ന ഗ്രേഡുകളാൽ സമ്പന്നമായ മാർക്ക് ലിസ്റ്റുകളുടെ പെരുമഴയാണ്. മിക്കവാറും കവലകളിലെല്ലാം തന്നെ ഉയർന്ന ഗ്രേഡ് നേട്ടം ലഭിച്ചവർക്കുള്ള അഭിനന്ദന ബാനറുകൾക്കും പഞ്ഞമില്ല. അപൂർവ്വമായി കുറഞ്ഞ ഗ്രേഡ് കാരെ സപ്പോർട്ട് ചെയ്തും അഭിനന്ദിച്ചുമുള്ള പോസ്റ്റുകളും കാണുന്നുണ്ടെന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല. 

സ്വന്തം കുട്ടികളുടെ നേട്ടങ്ങളിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ അഭിമാനം തോന്നുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. എന്നാലും അവ പ്രദർശിപ്പിക്കുന്നതിൽ കുറച്ച് മിതത്വവും മാനസിക സമനിലയും നിലനിർത്തേണ്ടത് പ്രധാനമാണ്. നേട്ടങ്ങൾ ആഘോഷിക്കേണ്ടത് പ്രധാനമാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അത് വിനയവും നന്ദിയും വിജയത്തെക്കുറിച്ചുള്ള ആരോഗ്യകരമായ വീക്ഷണവും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കണം. ആഡംബര പ്രകടനങ്ങളോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലോ അവലംബിക്കാതെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ കഠിനാധ്വാനവും അർപ്പണബോധവും അതിന്റെ ഫലമായി കിട്ടിയ വിജയവും അംഗീകരിക്കാൻ കഴിയണം.

പരീക്ഷകളിലെ  വിജയം, പ്രത്യേകിച്ച് സെക്കണ്ടറി ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ മാർക്ക്/ഗ്രേഡ് നേട്ടങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്; അത് അയാൾക്ക് അവശ്യം വേണ്ട, മറ്റ് മേഖലകളിലെ വിജയം നേടിക്കൊടുക്കുമെന്ന് ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. അക്കാദമിക് വിജയം ഒരു വ്യക്തിയുടെ മൂല്യത്തിൻ്റെയോ കഴിവിൻ്റെയോ മാത്രം അളവുകോലല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. വിജയം ഏകമുഖമല്ല; എല്ലായ്‌പ്പോഴും ഗ്രേഡുകൾ കൊണ്ട് മാത്രം അളക്കാൻ കഴിയാത്ത സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സ്വയം പര്യാപ്തത, അതി ജീവന ക്ഷമത, വീഴ്ചകളിൽ നിന്ന് കര കയറാനുള്ള കഴിവ്, മറ്റ് വ്യക്തിഗത കഴിവുകൾ തുടങ്ങി ബഹുമുഖ ഗുണങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. 

കൂടാതെ, ഗ്രേഡുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. അമിത സമ്മർദ്ദം, അവരെ അപകടകരമായ ഉത്കണ്ഠ അല്ലെങ്കിൽ പരാജയ ഭീതി എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന ഗ്രേഡുകൾ നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, കുട്ടികളുടെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുകയും അവരുടെ താൽപ്പര്യങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. 

ആത്യന്തികമായി, കുട്ടികൾക്ക് അവരുടെ മികച്ച അക്കാദമിക് പ്രകടനത്തിനോടൊപ്പം, അവരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ആരാകണമെന്നതിനെ വിലമതിക്കുക്കുകയും അതിനെ പരിപോഷിപ്പിക്കുന്ന പിന്തുണ നിറഞ്ഞ അന്തരീക്ഷം നിലനിർത്തുന്നത്, അവരുടെ ദീർഘകാല ക്ഷേമത്തിനും വിജയത്തിനും വളരെ പ്രധാനമാണ്.

മറ്റൊരു പ്രധാന കാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ഉയർന്ന ഗ്രേഡുകൾ പ്രദർശിപ്പിക്കുന്ന രീതി, കുറഞ്ഞ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളെ അപകർഷത ഉള്ളവരാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ അക്കാദമിക് പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള താരതമ്യങ്ങൾ അവരുടെ ആത്മാഭിമാനത്തിനും മാനസിക ആരോഗ്യത്തിനും ഹാനികരമാകാം. മറ്റുള്ളവരുമായി നിരന്തരം താരതമ്യപ്പെടുത്തുന്നതിനുപകരം, എല്ലാ വിദ്യാർത്ഥികളെയും അവരുടെ അഭിനിവേശം പിന്തുടരാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും വ്യക്തിഗത മെച്ചപ്പെടുത്തലിനായി പരിശ്രമിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും മൊത്തത്തിൽ ഇത് നിർണായകമാണ്. ഓരോ വ്യക്തിക്കും അവരുടേതായ കഴിവുകളും താൽപ്പര്യങ്ങളും അഭിലാഷങ്ങളും ഉണ്ട്. ഓരോ കുട്ടിക്കുമുള്ള കഴിവുകൾ വ്യതിരിക്തമാണെന്നും അവരുടേതായ മാത്രമായ കഴിവുകളും ശക്തികളും ഉപയോഗിച്ച് ജീവിത വിജയം നേടാൻ കെൽപ്പുള്ളവരുമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് അക്കാദമികമോ അല്ലാതെ സ്‌പോർട്‌സ്, കല, കമ്മ്യൂണിറ്റി സേവനം അല്ലെങ്കിൽ മറ്റ് മേഖലകളിൽ ആകട്ടെ, വൈവിധ്യമാർന്ന നേട്ടങ്ങളെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യക്തിഗത വ്യത്യാസങ്ങളോടുള്ള സഹാനുഭൂതി, ബഹുമാനം, വിലമതിപ്പ് എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്, അവരുടെ അക്കാദമിക് പ്രകടനം പരിഗണിക്കാതെ തന്നെ, എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പൂർണ്ണമായ കഴിവിൽ എത്തിച്ചേരാനുള്ള മൂല്യവും ശക്തിയും അനുഭവപ്പെടുന്ന കൂടുതൽ ഉൾക്കൊള്ളുന്നതും പിന്തുണ നൽകുന്നതുമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. 

ഇന്നത്തെ കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സമപ്രായക്കാരെ ഒന്നോർത്തു നോക്കിയാൽ കണ്ടെത്താൻ കഴിയും; അവരുടെ കാലത്തെ പല മികച്ച പരീക്ഷ വിജയക്കാരും ഒന്നുമാകാതെ പോയതിന്റെയും അന്നത്തെ പരീക്ഷയിൽ തോറ്റമ്പിയ പലരും ജീവിതത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പരിച്ചതിന്റെയും ഉദാഹരണങ്ങൾ; എനിക്ക് അറിയാം കൈവിരലിൽ എണ്ണിയാൽ തീരാത്തത്ര വിജയികളുടെയും പരാജിതരുടെയും കഥകൾ; അക്കാദമിക പരീക്ഷകളിലെ അല്ല; ജീവിത പരീക്ഷകളിലെ യഥാർത്ഥ വിജയികളുടെയും പരാജിതരുടെയും കഥ.  

Saturday 4 May 2024

അങ്കമാലിയിൽ കാണുന്ന പന്നികളെല്ലാം "അങ്കമാലി" പന്നികളല്ല !!!

അങ്കമാലി എന്ന് കേട്ടാൽ എന്താണ് ആദ്യം ഓർമ്മ വരിക എന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ ഒരു പക്ഷെ വിമോചനസമരത്തിനെത്തുടർന്നുണ്ടായ അങ്കമാലി വെടിവയ്പ്പും അതിന്റെ സ്മാരകമായ അങ്കമാലിക്കല്ലറയെയും ഓർക്കാൻ സാധ്യതയുണ്ട്. സിനിമ പ്രേമികൾ "അങ്കമാലിയിലെ പ്രധാനമന്ത്രി" എന്ന പ്രയോഗമോ "അങ്കമാലി ഡയറീസ്" സിനിമയോ ഓർക്കാൻ വഴിയുണ്ട്. കത്തോലിക്കാ ക്രൈസ്തവരാണെങ്കിൽ അങ്കമാലി എറണാകുളം അതിരൂപതയെപ്പറ്റി ഓർക്കാൻ സാധ്യതയുണ്ട്. ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച്  അങ്കമാലി റെയിൽവെ സ്റ്റേഷന്റെ പേരും കൗതുകമുണർത്തുന്നതാണ്; കാലടിയുടെ പ്രസക്തി കൊണ്ട് റെയിൽവെ സ്റ്റേഷൻ അനുവദിക്കപ്പെടുകയും കാലടിയിൽ നിന്ന് ഏഴെട്ട് കിലോമീറ്റർ അകലെ ആ സ്റ്റേഷൻ വരികയും ചെയ്തപ്പോൾ റെയിൽവേ അധികൃതർ അതിന് "അങ്കമാലി ഫോർ കാലടി" എന്ന കൗതുകം നിറഞ്ഞ പേരായിരുന്നു ഇട്ടത്.   

എന്നാൽ ഇതിനൊക്കെ ഒപ്പമോ ഇതിനേക്കാൾ മുകളിലോ ഓർമ്മയിലേക്ക് വരാൻ സാധ്യതയുള്ളത് "അങ്കമാലി പോർക്ക്" അല്ലെങ്കിൽ "അങ്കമാലി പന്നി" എന്ന പ്രയോഗമാണ്. അങ്കമാലി പ്രദേശത്തു നിന്നുള്ളവരെ ഒന്നികഴ്ത്തിക്കാണിക്കാൻ മറ്റ് പ്രദേശക്കാർ പരക്കെ പറഞ്ഞു കേട്ടിരുന്ന ഒരു പ്രയോഗമാണത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ അങ്കമാലിയുടെ പൊതു വഴികളിലും ചന്ത പ്രദേശത്തും ഉൾപ്രദേശത്തുമെല്ലാം വ്യാപകമായി മേഞ്ഞു നടന്നിരുന്ന ജീവികളാണ് പന്നികൾ. പൊതുവെ ചെളിയിൽ കിടന്നുരുളാൻ ഇഷ്ടമുള്ള ജീവികളാണ് പന്നികൾ. എവിടെയെങ്കിലും കുറച്ച് വെള്ളം കണ്ടാൽ അതിൽ കിടന്നുരുണ്ട് ചെളി ഉണ്ടാക്കുകയും അത് ശരീരത്ത് പറ്റിച്ച് നാട് നീളെ നടക്കുകയും ചെയ്യുന്ന പന്നികൾ അങ്കമാലിയുടെ സർവ്വ സാധാരണമായ കാഴ്ച ആയിരുന്നു. അവയുടെ സമീപത്തു വരുന്ന ആരായാലും അവരുടെ മേൽ ചളി ഉരച്ചും കുടഞ്ഞും അവരെക്കൊണ്ട്  മുഴുവൻ തെറി പറയിപ്പിക്കുക അങ്കമാലിയിലെ പന്നികളുടെ ഇഷ്ടവിനോദമായിരുന്നു. 

ബീഫ് എന്നാൽ മാട്ടിറച്ചി ആണെന്നും ചിക്കൻ എന്നാൽ കോഴിയിറച്ചി ആണെന്നും മട്ടൻ എന്നാൽ ആട്ടിറച്ചി ആണെന്നും കൃത്യമായി അറിയാവുന്ന പല അങ്കമാലിക്കാർക്കും പോർക്ക് എന്നാൽ പന്നിയുടെ ഇറച്ചിയല്ല; അങ്കമാലിക്കാർക്ക് പോർക്ക് എന്നാൽ പന്നിയുടെ പര്യായ പദമാണ്; അത് അറിവില്ലായ്മ കൊണ്ടല്ല എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ മുൻ തലമുറകൾ അങ്ങനെ ഒരു കാഴ്ചപ്പാടാണ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. പോർക്ക് എന്നത് ഒരു മലയാളം വാക്കാണെന്ന് പോലും കരുതുന്ന നല്ലൊരു വിഭാഗം ആളുകൾ അങ്കമാലിയിൽ ഉണ്ട്. നല്ല വിദ്യാഭ്യാസമുള്ളവർ പോലും പോർക്ക് ഫ്രൈ, പോർക്ക് റോസ്റ്റ് എന്നൊക്കെ പറയുന്നതിന് പകരം പിഗ് ഫ്രൈ, പിഗ് റോസ്റ്റ് എന്നൊക്കെ പറയുന്നത് പോർക്ക് എന്ന "അസംസ്കൃത മലയാളം" വാക്ക് ഒഴിവാക്കാനാണ്.   

കേവലം ഒരു സ്ഥലത്തിന്റെ പേര് എന്നതിനപ്പുറം, കേരളത്തിൽ ഏറെ കാലങ്ങളായി കാണപ്പെടുന്ന, ഒരു നാടൻ പന്നി ഇനത്തിന്റെ പേര് കൂടിയാണ് "അങ്കമാലി" (ANKAMALI). കേരളത്തിന്റെ തനത്, തനി നാടൻ പന്നി ഇനമാണ് "അങ്കമാലി". ഈ ഇനത്തിൻ്റെ ഉത്ഭവമോ ഈ പേര് വരാനുള്ള കാരണമോ അജ്ഞാതമാണ്; പക്ഷേ കുറഞ്ഞത് എഡി നാലാം നൂറ്റാണ്ട് മുതലെങ്കിലും അങ്കമാലി പന്നികൾ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അങ്കമാലി പന്നികൾ താരതമ്യേന ഇടത്തരം വലിപ്പമുള്ള മൃഗങ്ങളാണ്. സാധാരണയായി വീതിയേറിയ പേശീ ചട്ടക്കൂടും ചെറിയ കാലുകളുമാണ് ഇവക്കുള്ളത്. കറുപ്പ് നിറം, ചാര നിറം, ഇളം ചാര നിറം മുതൽ ഈ നിറങ്ങൾ ഇട കലർന്നോ വെള്ളയോ ക്രീമോ വരകളോടെയോ ചുട്ടികളോടെയോ ഇവയെ കാണാറുണ്ട്. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് നന്നായി ഇണങ്ങുന്നവയാണ് ഇവ. മഴയോ വെയിലോ ഒന്നും ഇവക്ക് കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല. വളരെ കുറവ് ആഹാരം മതി എന്നതും ഉയർന്ന പ്രത്യുൽപാദന നിരക്കുമായിരിക്കണം ഇവയെ കർഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്. പണ്ടൊക്കെ ഓരോ വീട്ടിലും അധികം അംഗങ്ങൾ ഉണ്ടായിരുന്ന കാലത്ത്, പാചകം ചെയ്യുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കൊടുത്തു മാത്രം ഇവയെ വളർത്താൻ സാധിക്കുന്നത് കൊണ്ടും വലിയ നിത്യ പരിചരണങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നത് കൊണ്ടും ധാരാളം ഒഴിവ് പറമ്പുകൾ ഉണ്ടായിരുന്നത് കൊണ്ടുമായിരുന്നിരിക്കണം, മിക്കവാറും വീടുകളിൽ ഇവയെ വളർത്തിയിരുന്നു. 

ഇടതൂർന്നതും തിളക്കമുള്ളതുമായ രോമങ്ങൾ ഉള്ള അങ്കമാലി പന്നികൾ ഒറ്റ കാഴ്ച്ചയിൽ കാട്ടുപന്നികളോട് ചില സാമ്യങ്ങൾ ഉള്ളവയാണ്. 
മറ്റ് വിദേശ ഇനങ്ങളെയും ചില സങ്കര ഇനങ്ങളെയും അപേക്ഷിച്ച് ഇവക്ക് രോഗ പ്രതിരോധശേഷി കുറച്ച് അധികമുണ്ടെന്ന് കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇവ വളരെ സൗമ്യ സ്വഭാവമുള്ളവയും വളർത്തുന്നവരോട് നന്നായി ഇണങ്ങുന്നവയും ആണ് എന്ന് കർഷകർ പറയുന്നുണ്ടെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായം നേരെ മറിച്ചാണ്. ഇവയെ സൂക്ഷിക്കുന്ന കൂടിന്റെ തറയും ചുമരും കുത്തിയും മാന്തിയും ഒക്കെ പൊളിക്കുന്ന സ്വഭാവം ഇവക്കുണ്ട്. പ്രസവിച്ചു കിടക്കുന്ന കാലത്ത് ഇവ വളരെ ശൗര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് ആ കാലത്ത് പരിചരിക്കുകയോ രോഗ പരിശോധന നടത്തുകയോ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.   

7 മുതൽ 10 മാസം പ്രായം മുതൽ അങ്കമാലി പന്നികൾ പ്രത്യുല്പ്പാദനത്തിന് പാകമാകും. ഏകദേശം 3 ആഴ്ചക്കാലത്തിനടുത്ത Estrous Cycle ആണ് ഇവക്കുള്ളത്; അതായത് ഓരോ 18 മുതൽ 21 ദിവസത്തിലും ഇവ ഇണ ചേരാനും പ്രത്യുല്പ്പാദനത്തിനും തയ്യാറാകും എന്നർത്ഥം. മൂന്നര മാസത്തോളമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ ആറ് പന്നിക്കുട്ടികൾ വരെ ഉണ്ടാകും. ഏകദേശം നാലാഴ്ചയോളമാണ് മുലയൂട്ടൽ കാലയളവ്. ആറ് മുതൽ പത്ത് മാസം കൊണ്ട് 45 കിലോ മുതൽ 80 വരെ ശരാശരി ഭാരത്തിലെത്തുന്നവയാണ് അങ്കമാലി പന്നികൾ.

അങ്കമാലി പന്നികൾ വളരെ വലിയ തോതിൽ തീറ്റ പരിവർത്തന ശേഷി (Food Conversion Rate) യുള്ള   പന്നി ഇനമല്ല. എന്നാൽ ഇവയുടെ താരതമ്യേന കൊഴുപ്പ് കുറഞ്ഞതും ദൃഢത കൂടിയതുമായ മാംസം താരതമ്യേന കൂടിയ സ്വാദും ഗുണനിലവാരവും ഉള്ളതാണെന്ന് മാംസാഹാര പ്രേമികൾ പറയുന്നു. 

ശരീര ശാസ്ത്രപരമായി പന്നികൾ മനുഷ്യരുമായി ശ്രദ്ധേയമായ ശാരീരിക സമാനതകൾ പങ്കിടുന്നതിനാൽ മനുഷ്യർക്ക് വരുന്ന വിവിധ രോഗങ്ങളും അവസ്ഥകളും പഠിക്കുന്നതിനുള്ള പഠനവസ്തുക്കളായി പന്നികളെ ഉപയോഗിക്കാറുണ്ട്. ട്രാൻസ്പ്ലാൻറേഷനു വേണ്ടിയുള്ള മനുഷ്യാവയവങ്ങളുടെ അഭാവം പരിഹരിക്കാൻ പന്നിയുടെ അവയവങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ്റെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ബയോമെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഉറവിടമായി പന്നികളെ ഉപയോഗിക്കാവുന്നതാണ്. ഈ ആവശ്യങ്ങളിലേക്ക് മറ്റ് പന്നി ഇനങ്ങൾ എന്നത് പോലെ തന്നെ അങ്കമാലികളെയും ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 

പല നാടൻ കന്നുകാലി ഇനങ്ങളെയും പോലെ തന്നെ, അങ്കമാലി പന്നിയും എണ്ണത്തിലെ കുറവ്, വിദേശ ഇനങ്ങളുമായുള്ള സങ്കര പ്രജനനം തുടങ്ങിയ കാരണങ്ങളാൽ ജനിതക ശോഷണം പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ജനിതക വൈവിധ്യവും സാംസ്കാരിക പൈതൃകവും ഉള്ള അങ്കമാലി പന്നി ഇനം അന്യം നിന്ന് പോകാതിരിക്കാൻ സർക്കാർ, സർക്കാരിതര സംഘടനകൾ ശ്രമിക്കുന്നുണ്ട്. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പന്നി ഉൽപ്പാദന ഗവേഷണകേന്ദ്രം പ്രത്യേക പരിഗണനയോടെ അങ്കമാലി പന്നികളെ സംരക്ഷിക്കുകയും അവയിൽ നിന്ന് മികച്ച തീറ്റ പരിവർത്തന ശേഷിയും രോഗ പ്രതിരോധശേഷിയുമുള്ള സങ്കരയിനങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂത്താട്ടുകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Meat Products of India എന്ന സർക്കാർ സ്ഥാപനവും നാടൻ പന്നിയിനമായ "ankamali" യുടെ സംരക്ഷണവും അവയിലെ ഗവേഷണങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എണ്ണത്തിൽ കുറവെങ്കിലും "അങ്കമാലി"യെയും അതിന്റെ സങ്കര ഇനങ്ങളെയും താല്പര്യപൂർവ്വം വളർത്തുന്ന കർഷകർ ഇപ്പോഴും ഉണ്ടെന്നത് ആശാവഹമായ കാര്യമാണ്. 

അമേരിക്കയിലെ National Center for Biotechnology Information, ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization (FAO) ശുപാർശ ചെയ്യുന്ന മൈക്രോ സാറ്റലൈറ്റ് മാർക്കറുകൾ ഉപയോഗിച്ച് "അങ്കമാലി പന്നി"കളെ മറ്റിനം വളർത്തു പന്നികളുമായുള്ള താരതമ്യ പഠനവും ജനിതക വിശകലനവും നടത്തിയിട്ടുണ്ട്. അതിന്റെ വിശദമായ പഠന റിപ്പോർട്ട് National Library of Medicine പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തിൽ വളർത്തിപ്പോരുന്ന അങ്കമാലി പന്നികൾ മറ്റ് പ്രാദേശിക ഇന്ത്യൻ പന്നികളുമായോ വിദേശ വലിയ വെളുത്ത പന്നികളുമായോ അങ്കമാലി പന്നികൾ ജനിതക അടുപ്പം കാണിക്കാതെ തികച്ചും വ്യതിരിക്തമായ ജനിതക സവിശേഷതകൾ കാണിക്കുന്നവയാണ്. 

അങ്കമാലി പ്രദേശത്തുള്ളവർക്ക് പന്നിയിറച്ചി ഒരു ദൗർബല്യമാണെന്നതും അങ്കമാലി കേന്ദ്രീകരിച്ച് കോടികൾ മറിയുന്ന പന്നി വളർത്തലും പന്നി വ്യാപാരവും നടക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണെങ്കിലും ഇപ്പോൾ അങ്കമാലി പ്രദേശത്ത് കാണുന്ന പന്നികളിൽ ഭൂരിഭാഗവും "അങ്കമാലി" പന്നികൾ അല്ല എന്നതാണ് ശ്രദ്ധേയമായ യാഥാർഥ്യം. അങ്കമാലിയിൽ എന്ന് മാത്രമല്ല കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന വലിയ പന്നികൾക്ക് "അങ്കമാലി" പന്നിയുമായി ഒരു ബന്ധവുമില്ല.  അതൊക്കെ വിദേശത്ത് നിന്ന് വന്ന ഇനങ്ങളും തദ്ദേശീയ പന്നികളെ വിദേശ ഇനങ്ങളുമായി സങ്കരം നടത്തി ഉണ്ടാക്കി എടുത്തവയും ഒക്കെച്ചേർന്ന ശീമപ്പന്നികൾ ആണ്. അത് കൊണ്ട്, ആരെയെങ്കിലും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ആയി "അങ്കമാലി പോർക്ക്", "അങ്കമാലി പന്നി" എന്നൊക്കെ വിളിക്കുന്നവർ ഒന്നോർക്കുക; യഥാർത്ഥ "അങ്കമാലി" പന്നികൾ ഏറെ വ്യത്യസ്തരാണ്.