കുറെ നാളായി അച്ചായത്തരങ്ങളിൽ എന്തെങ്കിലുമൊക്കെ ഒന്നെഴുതിയിട്ട്..... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂടത്തായി, കൂട്ടക്കൊല, ജോളി, സയനൈഡ്.... ഇതൊക്കെത്തന്നെയെ കേൾക്കാനുള്ളൂ.... കേട്ട് കേട്ട് മടുത്തു... എന്നാ കുറച്ചങ്ങട് എഴുതാന്ന് കരുതി....
നാഴികയ്ക്ക് നാൽപ്പത് വട്ടം മാധ്യമപ്രവർത്തന ശില്പശാലകളിലും സെമിനാറുകളിലും ചർച്ചാ ക്‌ളാസുകളിലും ഡിബേറ്റുകളിലും പോയി നാല്പത്തെട്ടടി നീളത്തിൽ വാർത്താ റിപ്പോർട്ടിങ്ങിൽ പുലർത്തേണ്ട എത്തിക്സിനെപ്പറ്റിയും ധാർമ്മികതയെക്കുറിച്ചും കൊണാരം പറയുന്ന ചാനൽ പുലികളെല്ലാം കൂടത്തായി കേസിൽ കിടന്ന് ഉരുണ്ട് മറിഞ്ഞ് കടിച്ചതും തുപ്പിയതും ഛർദ്ദിച്ചതും തന്നെ വീണ്ടും വീണ്ടും ദിവസങ്ങളോളം ആർത്തി പൂണ്ട് ചവക്കുന്നത് കാണുമ്പോൾ വല്ലാത്ത മനം പുരട്ടൽ വരുന്നുണ്ട്....
ഒന്നര പതിറ്റാണ്ടോളം ഈ നാട്ടിലെ പോലീസ് സംവിധാനത്തിനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും കാര്യമായ അസ്വഭാവികതയൊന്നും തോന്നാതെ പോയ ഈ കേസിൽ കോസ്മിക് ജസ്റ്റിസ് ബാലൻസിങ് എന്ന വണ്ണം ആർക്കൊക്കെയോ ചില തോന്നലുകൾ ഉണ്ടാവുകയും തുടർന്ന് ആരുടെയൊക്കെയോ തലയിൽ തെളിഞ്ഞു വന്ന അന്വേഷണ ബുദ്ധിയിൽ ഇത്രയുമൊക്കെ കാര്യങ്ങൾ പുറത്തു വരികയും ചെയ്ത സ്ഥിതിക്ക് തുടർന്നുള്ള കാര്യങ്ങൾ കൂടി ക്രൈം ബാഞ്ചോ അതിലും മുന്തിയ ഏതെങ്കിലും ഏജൻസിയോ ഒക്കെ അന്വേഷിച്ച് തിട്ടപ്പെടുത്തട്ടെ; അതല്ലേ അതിന്റെ ഒരു ഭംഗി....
ആരെയും നടുക്കാൻ പോന്ന അസാധാരണമായ ഈ നരഹത്യ പരമ്പരയുടെ പിന്നിലെ കോൾഡ് ബ്ളഡഡ് മാസ്റ്റർ ബ്രെയിൻ ഒരു പെണ്ണിന്റെ ആയിരുന്നു എന്നത് കൊണ്ട്, ഇന്ന് വരെ വച്ച് വിളമ്പിത്തന്ന പെണ്ണുമ്പിള്ളയെയും പെറ്റ തള്ളയേയും പെങ്ങളെയും മകളെയും അടക്കം എല്ലാ നിവൃത്തി കെട്ട അടുക്കളത്തൊഴിലാളികളെയും അറഞ്ചം പുറഞ്ചം ട്രോളുന്ന മറ്റേടത്തെ ഹ്യൂമർ സെൻസിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല...
ഇതിനിടെ കൂടത്തായി സീരിയൽ കില്ലറുടെ കഥ തന്തുവാക്കി ഒന്നിലധികം സിനിമകൾ ഇറങ്ങാൻ പോകുന്നുവെന്നും വാർത്ത കേട്ടു; കാറ്റുള്ളപ്പോൾ തൂറ്റുന്നവരെ പറ്റി എന്ത് പറയാൻ !!!???? ശവം തീനികളും ശവഭോഗികളും ഈ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങൾ ആണല്ലോ....!!!!
പിന്നെ കേസിൽ പ്രതിസ്ഥാനത്തുള്ള സ്ത്രീ വേദപാഠം അദ്ധ്യാപിക ആയിരുന്നു, ധ്യാനഗുരു ആയിരുന്നു, നിത്യം കുർബാന കൂടിയിരുന്നു എന്നൊക്കെ പറയുന്നവരോട്.... നിത്യം കുർബ്ബാന അർപ്പിക്കുകയും വേദപാഠം ഓതുകയും ധ്യാനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മുന്തിയ ഗുരുക്കൾ പലരും നെറികെട്ട കന്നംതിരിവുകൾ കാണിച്ച് ജയിലിൽ കിടക്കുമ്പോൾ ഇത്തരം കേസുകൾക്ക് വേണ്ടി പ്രത്യേകം ഒരു ഞെട്ടൽ പ്രകടിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല...
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്..... ഒരു മരണത്തിൽ നേരിയ അളവിൽ എങ്കിലും അസ്വാഭാവികത തോന്നുന്ന പക്ഷം നിർബന്ധമായും പോസ്റ്റ് മോർട്ടം നടത്തിയിരിക്കണം. പൊതുവെ, ഒരു നാട്ടാചാരം പോലെ, ആരുടെ കയ്യും കാലും പിടിച്ചിട്ടായാലും പോസ്റ്റ് മോർട്ടം ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പരക്കം പാച്ചിൽ വല്ലപ്പോഴുമെങ്കിലും ഇത് പോലുള്ള ക്രൈം ത്രില്ലറുകൾക്ക് വഴി വച്ചേക്കാം.....
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
No comments:
Post a Comment