ഞാൻ വെറും പോഴൻ

Wednesday 30 October 2019

നീതിയുടെ കുറുകൽ കുപ്പിയിലടച്ച് കുഴിച്ചു മൂടുകയാണിവർ....

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു ദളിത് ബാലികമാർ "ആത്മഹത്യ ചെയ്ത" നിലയിൽ കണ്ടെത്തപ്പെട്ട കേസിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ട വാർത്ത മനസാക്ഷി മരവിക്കാത്ത ഓരോ വ്യക്തികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

സംഭവത്തിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി പതിനൊന്നിനും ആ കൂട്ടിയുടെ ആറ് വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന കാലത്ത് തന്നെ പോലീസ് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് വാളയാര്‍ എസ്ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരെ നടപടിയെടുത്തിരുന്നു. പിന്നീട്, ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ. കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടെങ്കിലും അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ  ഇപ്പോൾ വെറുതെ വിട്ടത്.പ്രതിപ്പട്ടികയിലുണ്ടായിരുന്ന അയല്‍വാസിയും ചേര്‍ത്തല സ്വദേശിയുമായ പ്രദീപ് കുമാറിനെ കോടതി നേരത്തെ നേരത്തെ വിട്ടയച്ചിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

മനസിനെ മരവിപ്പിക്കുന്ന ക്രിമിനൽ കേസുകളിൽ  സംസ്ഥാനത്തെ പോലീസ് സംവിധാനം അമ്പേ പരാജയപ്പെടുന്നത് ഇതാദ്യമാണോ !??ഇതിന് മുൻപ് സമൂഹമനഃസാക്ഷിയെ ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തിയത് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ മേൽക്കോടതി വിധിയായിരുന്നു. ആ കേസിൽ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നതിന് പകരം സൗമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. കേസ് ഡയറി എഴുതിയതിൽ വന്ന ഈ പിഴവാണ്, ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെങ്കിലും സൗമ്യയുടെ മരണത്തിന് കാരണം ഗോവിന്ദച്ചാമിയുടെ ചെയ്തികളല്ലെന്ന് കോടതിയ്ക്ക് തോന്നാനുണ്ടായ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.  മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ആഘോഷിച്ച യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും കൂടത്തായി കൂട്ടക്കൊലക്കേസിലും കോടതിയിൽ കുറ്റം തെളിയിക്കപ്പെടാൻ പാകത്തിനുള്ള കുറ്റപത്രം സമർപ്പിക്കാൻ പോലീസ് പരാജയപ്പെടുമെന്ന് പല നിയമവിദഗ്ദ്ധരും ചാനൽ ചർച്ചകളിൽ തന്നെ നിരീക്ഷിച്ചിരുന്നു. 

പൊതുജനത്തെ പല വകുപ്പുകളിൽ പിഴിഞ്ഞെടുത്ത് സമാഹരിക്കുന്ന പൊതുപണം ശമ്പളമായി കൈപ്പറ്റുന്ന അധികാരികൾ എന്താണ് ജനത്തിന് സാമാന്യനീതി നടപ്പാക്കി കിട്ടേണ്ട കാര്യങ്ങളിൽ ഇത്ര അവഗണനാ മനോഭാവം കാട്ടുന്നത് ? ക്രൈം പ്രിവെൻഷനും ക്രൈം ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡർ സംരക്ഷണവും നടത്താൻ ഉത്തരവാദിത്തപ്പെട്ട പോലീസ് എന്താണ് ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിന് ഇത്ര മാത്രം അലംഭാവം കാണിക്കുന്നത് ? നമ്മുടെ ജനപ്രതിനിധികളും സാമാജികരും മന്ത്രിമാരും എന്താണിവിടെ ചെയ്യുന്നത് ? നിങ്ങളുടെയൊക്കെ ഭരണത്തിൻകീഴിൽ പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരന് എന്ത് സാമാന്യനീതിയാണ് നടപ്പായിക്കിട്ടുന്നത് ? സൗമ്യ കേസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയ്ക്ക് മുൻ സർക്കാർ ആണ് ഉത്തരം പറയേണ്ടതെങ്കിൽ വാളയാർ കേസിൽ സംഭവിച്ച വീഴ്ചയ്ക്ക് ഈ സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടത്; മാത്രവുമല്ല, സൗമ്യ കേസിൽ നിന്ന് വിഭിന്നമായി ഇവിടെ കാര്യക്ഷമമായ ഒരു പുനരന്വേഷണം നടത്താൻ ഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ ?

ഈ സംഭവം വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു; വടക്കേ ഇന്ത്യ പോട്ടെ, ഇവിടെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ എന്താവുമായിരുന്നു... മുതലക്കണ്ണീർ, മെഴുകുതിരി പ്രദക്ഷിണം, സോഷ്യൽ മീഡിയ സ്‌പോൺസേർഡ് ഹർത്താൽ..... ഇവിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട ദുർബലപ്രതിഷേധശബ്ദങ്ങൾ മാത്രമാണ് കേൾക്കുന്നത്.

നീതിയുടെ കുറുകൽ ഇവിടെ ആരും കേൾക്കുന്നില്ല; അല്ലെങ്കിൽ നീതിക്ക് കാതോർക്കുന്നത് ആനുപാതികമായല്ല; മരട് ഫ്ളാറ്റുടമകൾക്ക് നീതി നടപ്പാക്കി കൊടുക്കാനുള്ള തീക്ഷ്ണത സർക്കാർ പദ്ധതിക്ക് വേണ്ടി മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ കാണുന്നില്ല; അഗ്രഹാരങ്ങളിലെ ദരിദ്രർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ ആദിവാദികൾക്കും ദളിതർക്കും വേണ്ടി തേങ്ങുന്നു പോലുമില്ല; നടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ കാട്ടിയ ജാഗ്രതയും വേഗതയും വാളയാറിലെ ഗതികെട്ട ബാലികമാർക്ക് വേണ്ടി ഉണ്ടായില്ല.

വാൽക്കഷ്ണം : സൗമ്യയെ, ഗോവിന്ദച്ചാമി ബലാൽസംഗം ചെയ്ത് കൊലക്ക് കൊടുത്ത കേസിൽ, കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന്, 2017-ൽ പാലക്കാട് നടന്ന, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയിൽ വച്ച് പോലീസിനെ ശക്തമായി വിമർശിച്ചത്, ഇപ്പോൾ പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായ എ കെ ബാലനാണ്. ഇന്ന് ബാലൻ വെറുമൊരു ബാലനല്ലടെയ്.... താങ്കളെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യണം...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

No comments:

Post a Comment