ഞാൻ വെറും പോഴൻ

Friday, 9 October 2026

വഴിയരികിലെ അനാഥമായിക്കിടക്കുന്ന ആരുടെയോ സ്വപ്നം !!

ആലുവ NH ബൈപാസ് മേൽപ്പാലത്തിനടിയിൽ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്നതാണ് ഈ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ. അടുത്തിടെ, ഫ്‌ളൈ ഓവറിനടിയിലെ മാലിന്യശല്യം ഒഴിവാക്കുന്നതിനായി മുനിസിപ്പാലിറ്റി അധികൃതർ അവിടെ ഇട്ടിരുന്ന എല്ലാ വാഹനങ്ങളിലും ഒഴിപ്പിക്കൽ നോട്ടീസ് പതിപ്പിച്ചച്ചിരുന്നു. എല്ലാ വണ്ടികളും ഉടമസ്ഥർ എടുത്ത് മാറ്റിയെങ്കിലും ഈ ഒരു കാർ മാത്രം അനാഥമായി തുടർന്നു. കഴിഞ്ഞ ദിവസം നോക്കുമ്പോൾ ഈ കാർ പാലത്തിനടിയിൽ നിന്ന് മാറ്റി റോഡരികിലെ പുറമ്പോക്ക് ഭാഗത്തേക്ക് മാറ്റിയിട്ടിരിക്കുന്നു.

വഴിയിലൂടെ പോകുമ്പോൾ നമ്മൾ കണ്ടു മറക്കുന്ന ഒരു പഴയ കാർ. പക്ഷേ, അതിന്റെ മങ്ങിയ പെയിന്റിനും തുരുമ്പെടുത്ത് തുടങ്ങിയ ബോഡിക്കും പൊടിയും പൂപ്പലും പിടിച്ച സീറ്റുകൾക്കും പിന്നിൽ, ആരുമറിയാത്ത ഒരു മനുഷ്യജീവിതത്തിന്റെ കഥ കാണില്ലേ ?

ഒരു കാലത്ത് അത് വെറുമൊരു കാറ് മാത്രമായിരുന്നിരിക്കില്ല. ഒരാളുടെ, ഒരു പക്ഷേ ഒരു കുടുംബത്തിന്റെ, ഏറെക്കാലത്തെ സ്വപ്നമായിരുന്നിരിക്കാം ഈ കാർ.

മാസാ മാസം മാറ്റി വെച്ച് ബാങ്കിൽ സൂക്ഷിച്ച പണം... ഒരു പക്ഷെ ഒരു ചിട്ടി കിട്ടിയ തുക... അല്ലെങ്കിൽ ഏറെ പണിപ്പെട്ട് സംഘടിപ്പിച്ച ഒരു ഫൈനാൻസ്..... അങ്ങനെ ഒരു ദിവസം ആ സ്വപ്നം യാഥാർഥ്യമായിട്ടുണ്ടാവാം. പുതിയ കാർ വീട്ടുമുറ്റത്തെത്തിയ ദിവസം ആ കുടുംബത്തിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം എത്ര വലുതായിരുന്നിരിക്കണം ! ആദ്യമായി ഭാര്യയെയും മക്കളെയും കൂടെയിരുത്തി ഒരു യാത്ര പോയിട്ടുണ്ടാവാം. കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന കുഞ്ഞുങ്ങൾ ആഹ്ലാദം കൊണ്ട് പാട്ട് പടിയിട്ടുണ്ടാവാം. സ്കൂളിലെത്തിയപ്പോൾ ഒരു കുട്ടി കൂട്ടുകാരോട് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ടാവാം; “ഞങ്ങളുടെ വീട്ടിലും കാറുണ്ട്!”

ഒരുപക്ഷേ, ഇത് ഒരു കുടുംബത്തിന്റെ സന്തോഷയാത്രകൾക്കുള്ള വാഹനം മാത്രമായിരുന്നിരിക്കില്ല. ഒരു മനുഷ്യന്റെ ഉപജീവനമായിരുന്നിരിക്കാം. പകലും രാത്രിയും ഓടിച്ച് കുടുംബത്തിന്റെ വിശപ്പടക്കിയിരുന്ന വണ്ടി. ആഗ്രഹങ്ങൾ പലതും മാറ്റി വെച്ച് അടച്ചു തീർത്ത EMI ഗഡുക്കൾ... കടം വാങ്ങിയാണെങ്കിൽ അത് വീട്ടിത്തീർക്കാനുള്ള അധ്വാനം... അതിന്റെ ചക്രങ്ങൾ കറങ്ങിയിരുന്നപ്പോഴായിരിക്കാം ഏതോ വീട്ടിലെ അടുപ്പും പുകഞ്ഞിരുന്നത്. പക്ഷേ, എവിടെയോ വെച്ച് ആ യാത്ര അവസാനിച്ചു. എന്തായിരിക്കാം സംഭവിച്ചത്?

കാറിന്റെ ഉടമ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ? ഒരു രോഗമോ അപകടമോ അയാളെ എന്നെന്നേക്കുമായി യാത്രയാക്കിയതാണോ ? സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന ഈ കാർ ഉപേക്ഷിക്കേണ്ടിവന്നതാണോ ? അതോ, ആരോ ഏതോ നാട്ടിൽനിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതോ ? ഈ കാർ എവിടെപ്പോയെന്ന് ഓർത്ത് ഇതിന്റെ ഉടമ ഇപ്പോഴും വ്യസനിക്കുന്നുണ്ടാവുമോ ? ഈ കാറും അതിന്റെ ഉടമയും എവിടെപ്പോയെന്ന് ഓർത്ത് അയാളുടെ കുടുംബം ദുഖിക്കുന്നുണ്ടാവുമോ ?  നമുക്കറിയില്ല.

മുൻപിലും പിന്നിലും നമ്പർ പ്ലേറ്റുകളില്ലാതെ, സ്വന്തം വിലാസം പോലും നഷ്ടപ്പെട്ട ഒരനാഥനെപ്പോലെ അത് അവിടെ കിടക്കുന്നു. അതിന്റെ പഴയ ഉടമയെ കണ്ടെത്താനും യഥാർഥ കഥ പുറത്തുകൊണ്ടുവരാനും ഒരു പക്ഷെ പോലീസിനും മോട്ടോർ വാഹനവകുപ്പ് അധികൃതർക്കും മാത്രമേ കഴിഞ്ഞേക്കൂ.

കാർ ഫ്ലൈ ഓവറിന്റെ അടിയിൽ നിന്ന് മാറ്റിയതോടെ മുനിസിപ്പാലിറ്റി അധികൃതർ ഹാപ്പി ആയി. ചിലപ്പോൾ, ഒരു പഴയ കാറിനെ കാണുമ്പോൾ നമ്മൾ കാണുന്നത് തുരുമ്പെടുത്ത ലോഹം മാത്രമായിരിക്കും. എന്നാൽ അതിന്റെ ഓരോ പാടിനും പിന്നിൽ ഒരു മനുഷ്യന്റെ അധ്വാനവും പ്രതീക്ഷയും ഓർമ്മകളും ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. മനുഷ്യരെ മാത്രമല്ല, മനുഷ്യർ ഒരിക്കൽ നെഞ്ചോടുചേർത്ത സ്വപ്നങ്ങളെയും ചിലപ്പോൾ കാലം അനാഥമാക്കുന്നു.

ഒരിക്കൽ ആരുടെയോ അഭിമാനമായിരുന്ന കാർ. ഇന്ന് ആരുടേതാണെന്ന് പോലും അറിയാത്ത ഒരു നിശ്ശബ്ദ സാന്നിധ്യം. ഒരിക്കൽ എത്രയോ യാത്രകൾക്ക് സാക്ഷിയായ ആ സീറ്റുകളിൽ ഇന്ന് പൊടിയും നിശ്ശബ്ദതയും മാത്രം. ഒരിക്കൽ എത്രയോ സ്വപ്നങ്ങളുമായി തിരിഞ്ഞ ആ ചക്രങ്ങൾ ഇന്ന് അനങ്ങാതെ കിടക്കുന്നു. ഒരു പക്ഷെ ഈ കാറിന്റെ യാത്ര അവസാനിച്ചിരിക്കാം. പക്ഷേ, അതിന്റെ കഥ അവസാനിച്ചിട്ടുണ്ടാവണമെന്നില്ല.

ഈ വാഹനത്തെ തേടി അതിന്റെ ഉടമയോ അയാളുടെ ബന്ധുക്കളോ എപ്പോഴെങ്കിലും വരുമോ !??


No comments:

Post a Comment