ഞാൻ വെറും പോഴൻ

Monday, 9 November 2026

കുറിക്കല്യാണം (ചായക്കുറി, പണപ്പയറ്റ്); ഒരു പഴയ കാല നാടൻ ക്രൗഡ് ഫണ്ടിംഗ്


കേരളത്തിലെ വടക്കൻ  ജില്ലകളിൽ നില നിന്നിരുന്ന അനൗപചാരിക വായ്പാ സമ്പ്രദായമാണ് കുറിക്കല്യാണം. ആധുനിക കാലത്തെ ക്രൗഡ് ഫണ്ടിങ്ങിന് ഏറെക്കുറെ സമാനമാണ് ഇത്. ചിലയിടങ്ങളിൽ ഈ ഏർപ്പാടിന് പണം പയറ്റ്, പണപ്പയറ്റ്,  തേയിലക്കുറി, ചായക്കുറി എന്നൊക്കെ പേരുകളുണ്ട്. 

സാധാരണക്കാർക്ക് താരതമ്യേന വലിയ തുകകൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പരസ്പര സഹായത്തോടെ പണം കണ്ടെത്താനാണ് ജനങ്ങൾ ഈ മാർഗ്ഗം സ്വീകരിച്ചിരുന്നത്. ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് അവരിൽ ഓരോരുത്തരെയും സഹായിക്കുന്ന സംവിധാനമാണ് ഇത്. കുറിക്കല്യാണത്തിന്റെ കൃത്യമായ തുടക്കം ഏത് നൂറ്റാണ്ടിലാണെന്നോ ഏത് പ്രദേശത്താണെന്നോ വ്യക്തമാക്കുന്ന രേഖകൾ ലഭ്യമല്ലെങ്കിലും, മലബാറിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് ഇതിന് നൂറ്റാണ്ടുകളുടെ പഴക്കം കാണും. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം പരസ്പര സഹായ വ്യവസ്ഥ നില നിന്നിരുന്നതായി കരുതപ്പെടുന്നു.  

മക്കളുടെ കല്യാണം, ചികിത്സാ ചിലവ്, വീട് പണി തുടങ്ങിയ
വ്യക്തിപരമായ കാര്യങ്ങൾക്ക് പണം ആവശ്യമായ വ്യക്തി അത് കണ്ടെത്താനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും തിരഞ്ഞെടുത്ത ഒരു ദിവസം പയറ്റിന് ക്ഷണിക്കുന്നു. ഇതിന് വേണ്ടി പയറ്റ് നടക്കുന്ന സ്ഥലവും സമയവും അറിയിച്ചു കൊണ്ട് പയറ്റ് നടത്തുന്ന ആൾ ഒരു ക്ഷണക്കത്ത് നൽകുന്നു. ഈ കത്തിന് പയറ്റുകത്ത്, കുറി എന്നൊക്കെയാണ് പേരുകൾ. ചില സന്ദർഭങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് ഒക്കെ നടത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്.  അപൂർവ്വമായി വീടുകളിൽ പയറ്റ് നടത്താറുണ്ടെങ്കിലും, ചായക്കടകളോ വായനശാലകളോ അത് പോലെയുള്ള പൊതുസ്ഥലങ്ങളോ ഒക്കെയാണ് പൊതുവെ പയറ്റിന് വേദികളാകാറുള്ളത്. പയറ്റു നടത്തുന്ന ആളിൻ്റെ  പേരും പയറ്റു നടക്കുന്ന സമയവും എഴുതിയ ബോർഡ് പയറ്റു നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതും പതിവായിരുന്നു. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ വസിക്കുന്ന ആളുകൾ തമ്മിൽ വരെ പയറ്റു ബന്ധം നിലവിലുണ്ടായിരുന്നു. 

ബാങ്കുകൾ പോലെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ അഭാവം, സാധാരണക്കാർക്ക് ബാങ്കുകളിൽ നിന്നും വായ്പ നൽകുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണം കടം കിട്ടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ സാഹചര്യമാണ് ഇത്തരം പരസ്പര സഹായ നിധികളുടെ ജനനത്തിന് കാരണമായത്. അമിത പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാൻ മലബാറിലെ കർഷകരും തൊഴിലാളികളും കണ്ടെത്തിയ ഒരു സ്വയം സഹായ പദ്ധതി ആയിരുന്നു ഇത്. മുഖ്യമായും കൃഷി ചെയ്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട്  ജീവിച്ചിരുന്ന മനുഷ്യർക്കിടയിൽ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ പരസ്പര സഹായത്താൽ പരിഹരിക്കാൻ ഈ കൂട്ടായ്മകൾ സഹായിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിൽ സജീവമായിരുന്ന ചായക്കടകളെ ചുറ്റിപ്പറ്റിയായിരിക്കണം 'തേയില സൽക്കാരം' ജനകീയമായത്. പിന്നീടങ്ങോട്ട്, പണം അത്യാവശ്യമുള്ളവർ, കല്യാണം പോലെ ആളുകളെ ക്ഷണിക്കാൻ തുടങ്ങിയതോടെയായിരിക്കണം ഇത് 'കുറിക്കല്യാണം' എന്നറിയപ്പെടാൻ തുടങ്ങിയത്. 

ആദ്യകാലങ്ങളിൽ വെറും സുലൈമാനി (കട്ടൻചായ)-യും ബിസ്ക്കറ്റും പോലെയുള്ള ലളിതമായ വിഭവങ്ങൾ ആയിരുന്നു സൽക്കാരത്തിന് വിളമ്പിയിരുന്നത്. പിന്നീട് അത് നെയ്യപ്പം, ചായ, പുട്ടും ഇറച്ചിക്കറിയും, കോഴി ബിരിയാണിയുമൊക്കെയായി മാറി. ചിലയിടങ്ങളിൽ ബിരിയാണി കഴിക്കാനായി മാത്രം പണം പയറ്റാൻ പോകുന്നവരും ഉണ്ടായിരുന്നത്രെ. 

പയറ്റ് കുറി കിട്ടി പയറ്റിനെത്തുന്നവർ സൽക്കാരം കഴിഞ്ഞ് പിരിഞ്ഞു പോകും മുമ്പ്, തങ്ങളാൽ കഴിയുന്നത്ര പണം ഒരു കവറിലാക്കി നൽകുന്നു. ഇത് പലിശയില്ലാത്ത ഒരു തരം കടം വാങ്ങലായി കണക്കാക്കാം. പണം സ്വീകരിച്ച് എഴുതി തിട്ടപ്പെടുത്താൻ നിയുക്തനായ ഒരാൾ ഉണ്ടായിരിക്കും. 'കുറിപ്പൊട്ടൻ', 'കുറിപ്പീപ്പർ' എന്നൊക്കെയാണ് ഇയാളെ വിളിക്കാറുള്ളത്. സാധാരണ ഗതിയിൽ, പ്രദേശത്തെ ഏറ്റവും വിശ്വസ്തനും കണക്കിൽ മിടുക്കനുമായ ഒരാളായിരിക്കും കുറിപ്പൊട്ടൻ. പണം നൽകുന്ന ആളുടെ പേരും ദേശവും കൃത്യമായ തുകയും ഇദ്ദേഹം ഒരു രജിസ്റ്ററിൽ കുറിച്ചു വെക്കും. ഈ രജിസ്റ്റർ പിൽക്കാലത്ത് തിരിച്ചടയ്ക്കാനുള്ള ഒരു നിയമരേഖ പോലെ കുടുംബങ്ങൾ സൂക്ഷിച്ചു വക്കേണ്ടതുണ്ട്. കുറിപ്പൊട്ടൻ, പിരിഞ്ഞു കിട്ടിയ തുക കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തുകയും അവസാനം പയറ്റു നടത്തിയയാൾക്ക് പുസ്തകത്തോടൊപ്പം കൈമാറുകയും ചെയ്യും. ഇങ്ങനെ പണം വാങ്ങി കണക്കെഴുതി വയ്ക്കുന്നയാളിന് പ്രതിഫലം കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. 

ഒരു പയറ്റിൽ പണം നൽകിയ വ്യക്തി, പിന്നീട് ഏതെങ്കിലും അവസരത്തിൽ, തന്റെ ആവശ്യത്തിനായി കുറിക്കല്യാണം നടത്തുമ്പോൾ, തനിക്ക് മുമ്പ് ലഭിച്ച അതേ തുകയോ അല്ലെങ്കിൽ അതിനേക്കാൾ കൂടിയ ഒരു  തുകയോ തിരികെ നൽകാൻ വാങ്ങിയ ആൾക്ക് ധാർമ്മികമായ ബാധ്യതയുണ്ടായിരുന്നു. ഈ ധാർമ്മിക ബോധത്തിലായിരുന്നു കുറിക്കല്യാണത്തിന്റെ നിലനിൽപ്പ്.

ഒരു വീട്ടിൽ കുറിക്കല്യാണം നടക്കുമ്പോൾ, ആ വീട്ടുകാരൻ അതിന് മുൻപ് ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ, അവരെല്ലാം നിർബന്ധമായും ഇവിടെ വന്ന് പണം നൽകണം. ഇതിനെ 'പറ്റുവീട്ടൽ' എന്നാണ് പറയുക. ഉദാഹരണത്തിന് ഒരാൾ അഞ്ച് വർഷം മുമ്പ് 50 രൂപ നൽകിയിട്ടുണ്ടെങ്കിൽ, 100 രൂപയോ 200 രൂപയോ ആയി അത് തിരികെ നൽകുന്നതാണ് നാട്ടുമര്യാദ. നാട്ടിലെ വിലക്കയറ്റം (inflation) കണക്കിലെടുത്താണ് ഇങ്ങനെ കൂടിയ തുക നൽകി പറ്റ് വീട്ടുന്നത്. ഒരാൾ പറ്റ് വീടാതിരിക്കുന്നത് വളരെ മോശപ്പെട്ട കാര്യമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇത്തരം ആളുകൾ കരിങ്കുറ്റികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 

കുറെ അധികം ആളുകൾ ഒരേ സമയം കുറിക്കല്യാണം നടത്താൻ തുടങ്ങിയതോടെ സാധാരണക്കാർക്ക് ഇതൊരു ഭാരമായി മാറി. മാസം അഞ്ചും ആറും കുറിക്കല്യാണങ്ങൾ വരുമ്പോൾ ആളുകളുടെ കയ്യിലെ പണം ഒന്നിനും തികയാത്ത അവസ്ഥ വന്നു. പതിയെ പതിയെ ഇത് പല തർക്കങ്ങൾക്കും അയൽ പക്ക വഴക്കുകൾക്കും കാരണമായതും, ഈ സമ്പ്രദായം പതിയെ ഇല്ലാതാകാൻ കാരണമായി. മാത്രവുമല്ല, ആധുനിക ബാങ്കിങ് സംവിധാനങ്ങളും ചിട്ടികളുമൊക്കെ ഗ്രാമപ്രദേശങ്ങളിലും എത്തിയതോടെ കുറിക്കല്യാണത്തിന്റെ പ്രസക്തി ഏറെക്കുറെ ഇല്ലാതാവുകയും ചെയ്തു. 

എന്തൊക്കെ പറഞ്ഞാലും, ഇന്നത്തെ ബാങ്കുകൾ തരുന്ന 'പേഴ്സണൽ ലോണുകളെ'ക്കാളും നാടൻ വട്ടിപ്പലിശ വായ്പ്പയെക്കാളും എത്രയോ ഉന്നതമായിരുന്നു പരസ്പര സഹകരണത്തിലും കരുതലിലും വിശ്വാസത്തിലും പടുത്തുയർത്തിയ, പലിശയില്ലാത്ത ഈ നാടൻ ബാങ്കിങ് രീതി. നാട്ടിൻപുറങ്ങളിലെ നന്മയുടെയും പരസ്പരവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായിരുന്നു ഈ സാമ്പത്തിക പരസ്പര സഹായ പദ്ധതി.

No comments:

Post a Comment