ഞാൻ വെറും പോഴൻ

Tuesday, 7 July 2026

ദ്വയാർത്ഥ പ്രയോഗ വയ്യാവേലികൾ !!

പിഷാരടി MLA-യെയും ബോബി ചെമ്മണ്ണൂരിനെയും ബാക്ക് ഫൂട്ടിലാക്കിയ ദ്വയാർ
ത്ഥ പ്രയോഗം : ഒരു വാക്കിനോ വാചകത്തിനോ ഒരേ സമയം രണ്ട് അർത്ഥങ്ങൾ (ദ്വി അർത്ഥം) വരാവുന്ന രീതിയിൽ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന രീതിയാണിത്. ഇതിന്റെ ഇംഗ്ലീഷ് പദമായി Double Meaning Usage എന്നാണ് നമ്മൾ പൊതുവേ പറയാറുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ Pun, Double Entendre, Innuendo മുതലായ പ്രയോഗങ്ങൾ മലയാളത്തിലെ ദ്വയാർത്ഥ പ്രയോഗത്തിന് ഏറെക്കുറെ സമാനമാണ്. ഇവ മൂന്നും ഒളിപ്പിച്ച് വച്ച അർത്ഥങ്ങൾ ഉള്ള ആശയങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്. സാഹിത്യത്തിൽ പോലും ശ്ലേഷം എന്നറിയപ്പെടുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സമർത്ഥമായി ഉപയോഗിക്കാറുണ്ട്. ഭാഷാപരമായ കൗതുകം, ബുദ്ധിപരമായ തമാശ, സാഹിത്യഭംഗി എന്നിവയാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം. കലാരൂപങ്ങളിലും സിനിമയിലുമെല്ലാം ഫലിതമെന്ന പേരിൽ ദ്വയാർത്ഥ പ്രയോഗം കടന്നു വരാറുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് വ്യക്തമായ രണ്ട് അർത്ഥങ്ങൾ ഉണ്ടാകും. അതിൽ ഒന്നാമത്തേത് സാധാരണ അർത്ഥവും, രണ്ടാമത്തേത് ഒളിഞ്ഞിരിക്കുന്ന അർത്ഥവുമായിരിക്കും. ഉദാഹരണത്തിന്, "മാധവൻ വരുന്നു" എന്ന പ്രയോഗം. ഇതിൽ 'മാധവൻ' എന്നതിന് കൃഷ്ണൻ എന്നും "വസന്തകാലം" എന്നും അർത്ഥമെടുക്കാം. പലപ്പോഴും ദ്വയാർത്ഥപ്രയോഗങ്ങളിൽ, രണ്ടാമത്തെ അർത്ഥം അല്പം അശ്ലീലതയോ, സാമൂഹിക വിലക്കുകളുള്ള വിഷയങ്ങളോ, അല്ലെങ്കിൽ അതീവ രഹസ്യങ്ങളോ ആയിരിക്കും. സാഹിത്യത്തിലെ ധ്വനി (വ്യംഗ്യാര്‍ത്ഥം) അലങ്കാരത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ദ്വയാർത്ഥ പ്രയോഗം കേട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് 

"പയോധരത്തിന്നുയർച്ച പാർത്തിട്ടാധിയെങ്കിൽ 

ഇന്നിവിടെ ശയിച്ച് പുലരേ ഗമിക്കാം"

ഭർത്താവ് വീട്ടിലില്ലാത്ത സ്ത്രീയെ സന്ദർശിച്ച ഒരന്യപുരുഷനുമായി ആ സ്ത്രീ നടത്തുന്ന സംഭാഷണശകലമാണ് ഈ പദ്യഭാഗം. 'പയോധരം' എന്ന വാക്കിന്റെ 'മേഘം' എന്നും 'മുല' എന്നുമുള്ള അര്‍ത്ഥങ്ങളാണ് ഇവിടെ ദ്വയാർത്ഥപ്രയോഗത്തിനുപയോഗിക്കുന്നത്. പദ്യത്തിന്റെ നേരിട്ടുള്ള അർത്ഥം "പയോധരത്തിന്റെ (മഴമേഘത്തിന്റെ) ഉയര്‍ച്ച കണ്ടിട്ടാണ് ആധിയെങ്കില്‍, ഇന്നിവിടെ താമസിച്ചിട്ട് പുലർച്ചെ യാത്രയാകാം" എന്നാണ്. എന്നാൽ ഇവിടെ തികച്ചും ഗോപ്യമായൊരു വ്യംഗ്യാർത്ഥം ഉണ്ട്; "പയോധരത്തിന്റെ (മുലകളുടെ) ഉയര്‍ച്ച (വലിപ്പവും ആകർഷണീയതയും) കണ്ടിട്ടാണ് അസ്വസ്ഥമാകുന്നതെങ്കിൽ, ഇന്ന് ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ മതി". മഴമേഘങ്ങളുടെ ഉയര്‍ച്ച കണ്ട് ആശങ്കപ്പെടാതെ യാത്ര രാവിലത്തേക്ക് മാറ്റി വെക്കാം എന്ന് സാമാന്യമായി പറയുന്നതുപോലെ തോന്നിപ്പിക്കുമെങ്കിലും, കാമുകന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കി സ്ത്രീ തന്ത്രപരമായി, രാത്രി കൂടെ പാർക്കാൻ അവനെ  ക്ഷണിക്കുകയാണ് എന്നും നിരൂപിച്ചെടുക്കാം. 


സാഹിത്യത്തിലും കലാരൂപങ്ങളിലും മാത്രമല്ല, നിത്യജീവിതത്തിൽ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലുമൊക്കെയുള്ള സംസാരങ്ങളിൽ ദ്വയാർത്ഥപ്രയോഗങ്ങളുടെ പ്രയോഗം അപൂർവമായൊരു കാര്യമൊന്നുമല്ല. ദ്വയാർത്ഥ തമാശകൾ ഒറ്റക്കേൾവിയിൽ നിരുപദ്രവകാരിയും നിഷ്കളങ്കവും ചിരിയുണർത്തുന്നതുമായി തോന്നാമെങ്കിലും, അവ സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ  സാധിക്കില്ല. സിനിമകളിലും കലാരൂപങ്ങളിലും വരുന്ന ഇത്തരം തമാശകളുടെ പ്രധാന പ്രശ്നം അവ കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാനോ കേൾക്കാനോ സാധിക്കുന്നതല്ല എന്നതാണ്; പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും ഉള്ള ഒരവസരത്തിൽ ഇത് വലിയ embarrassment-ന് കാരണമാകുന്നു.

ഇത് കൂടാതെ, പല ദ്വായാർത്ഥ തമാശകളും സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലോ, അവരുടെ ശരീരത്തെയും ലൈംഗികതയെയും വില കുറച്ചു കാണിക്കുന്ന രീതിയിലോ ആണെന്നുള്ളതാത്. ഇത് സമൂഹത്തിൽ സ്ത്രീകളോടുള്ള ബഹുമാനം കുറയ്ക്കാൻ ഇടയാക്കുന്നു. സാഹിത്യപരവും സർഗ്ഗാത്മകവുമായ മികച്ച ഹാസ്യത്തിന് പകരം, വളരെ വിലകുറഞ്ഞ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് ഭാഷയുടെ ഗുണനിലവാരത്തെയും സംസ്കാരത്തെയും ബാധിക്കുന്നു. മാത്രവുമല്ല, ഇവയുടെ പ്രയോഗം പലപ്പോഴും തൊഴിലിടങ്ങളിലും വ്യക്തിബന്ധങ്ങളിലും  അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സമാന മനസ്കരും ഏകദേശം ഒരേ നിലവാരത്തിൽ ഉള്ളവരും ആയ ആളുകളുടെ കൂട്ടത്തിൽ മാത്രമേ ദ്വയാർത്ഥ കോമഡികൾ അപകടരഹിതമാകാൻ സാധ്യതയുള്ളൂ. പലപ്പോഴും ദ്വയാർത്ഥ ഫലിതപ്രയോഗത്തിൽ, അത് കേട്ട് നിൽക്കുന്നവർ പ്രതികരിക്കാൻ സാധിക്കാത്ത ഒരു സ്ഥിതിയിലോ സാഹചര്യത്തിലോ ഉള്ളവർ ആവുമ്പോൾ അതൊരു പീഡനത്തിന്റെ തലത്തിലേക്ക് പോലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കേൾക്കുന്ന ആൾക്ക് മനസിലാകാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കേൾക്കുന്നയാൾ പ്രത്യേകിച്ച് പ്രതികരിക്കാതെ നിൽക്കുകയും പിന്നീട് അർത്ഥം മനസ്സിലാക്കുമ്പോൾ ആത്മനിന്ദയും അമർഷവും സഹിക്കേണ്ട അവസ്ഥ വരികയും ചെയ്യാം.

Sunday, 14 June 2026

"കിങ്ങിണിക്കുട്ടനും" കിങ്ങിണിക്കുട്ടന്റെ സൃഷ്ടാവും; വിവാദ ചരിത്രത്തിലേക്കൊരു എത്തിനോട്ടം

 

"കിങ്ങിണിക്കുട്ടൻ" കേരളത്തിൽ വിവാദമാകുന്നത് ഇത് ആദ്യമായല്ല. 1994-ൽ കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് പോര് കൊണ്ട്, കലാപ കലുഷിതമായ സന്ദർഭത്തിലായിരുന്നു എസ്. രമേശൻ നായർ എഴുതിയ "ശതാഭിഷേകം" എന്ന ആക്ഷേപഹാസ്യ റേഡിയോ നാടകം വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. അഖില കേരള റേഡിയോ നാടകോത്സവത്തിലേക്ക് തിരുവനന്തപുരം നിലയത്തിൽ നിന്ന് അവതരിപ്പിച്ച നാടകമായിരുന്നു ഇത്. ഈ നാടകത്തിലെ  പ്രധാന കഥാപാത്രങ്ങളായിരുന്നു കിട്ടുമ്മാവനും കിങ്ങിണിക്കുട്ടനും. കിട്ടുമ്മാവന് ശബ്ദം നല്‍കിയത് നെടുമുടി വേണുവും കിങ്ങിണിക്കുട്ടനു ശബ്ദം നല്‍കിയത് ജഗന്നാഥനുമായിരുന്നു. തറവാട്ടിലെ കസേരയൊഴി‍ഞ്ഞു കൊടുക്കാത്ത കാരണവർ ആയിരുന്നു കിട്ടുമ്മാവനെങ്കിൽ മാനസികവളർച്ചയില്ലാത്ത പിന്മുറക്കാരനായിരുന്നു കിങ്ങിണിക്കുട്ടൻ.  കെ. കരുണാകരൻ  മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലമായിരുന്നു അത്. കോൺഗ്രസിൽ ‘തിരുത്തൽവാദികൾ’ എന്നറിയപ്പെട്ട യുവനേതാക്കളുടെ ഒരു സംഘം  ലീഡർക്കെതിരെ നിലയുറപ്പിച്ച അതേ സമയത്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത ഈ നാടകത്തെ അക്കാലത്തെ രാഷ്ട്രീയവുമായി ചിലർ ചേർത്തുവെച്ചതോടെ നാടകം വിവാദ വിഷയമായി. കെ. കരുണാകരനെയും കെ മുരളീധരനെയും പരിഹസിക്കാന്‍ മനഃപൂർവ്വം സൃഷ്ടിച്ചതായിരുന്നു ഈ കഥാപാത്രങ്ങളെന്ന ആരോപണമുയർന്നതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ആകാശവാണി ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ആ നാടകത്തിലെ കഥാപാത്ര അവതരണം ബോധപൂർവ്വം ആരെയും ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് രമേശൻ നായർ വിശദീകരിച്ചു. തന്റെ ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താൻ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അന്വേഷണ റിപ്പോര്‍ട്ട്  രമേശന്‍ നായര്‍ക്ക് അനുകൂലമായിരുന്നെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യപ്പെട്ട സംഭവ പരമ്പരകൾക്കൊടുവിൽ അദ്ദേഹത്തെ ആൻഡമാനിലെ പോർട്ട്ബ്ളയർ ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. സ്ഥലം മാറ്റ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കപ്പെട്ടില്ല. അദ്ദേഹം പോർട്ട്ബ്ലയറില്‍ പോയില്ല എന്ന് മാത്രമല്ല ഏകദേശം പന്ത്രണ്ട് വർഷത്തെ സർവ്വീസ് ബാക്കി നില്‍ക്കെ 1996-ൽ സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ചെയ്തു. പിന്നീട് ഈ നാടകം പുസ്തകമായി ഇറങ്ങുകയും വിവിധ എഡിഷനുകളിലായി ഏറെ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്തു. ഇതിന്റെ കോപ്പികൾ ഇപ്പോഴും ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണെന്ന് തോന്നുന്നു.

ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന എസ്. രമേശൻ നായർ മലയാളത്തിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായിരുന്നു. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നാടകത്തിനും കവിതക്കും ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പരസ്യ ജിംഗിളുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....., ചന്ദനം മണക്കുന്ന പൂന്തോട്ടം...., 'ഗുരു' എന്ന സിനിമയിലെ ദേവസംഗീതം നീയല്ലേ... മുതലായ സിനിമാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനകളാണ്.  വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു..., രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ... എന്നീ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ  നിന്ന് പിറന്നവയാണ്. രാമച്ചവിശറി പനിനീരിൽ മുക്കി, ആരോമൽ വീശും തണുപ്പാണോ... കസ്തൂരിമഞ്ഞൾ പുരട്ടുംപുലർകാല കന്യകേ നിന്റെ തുടിപ്പാണോ.... രാധാസ് ആയുർവേദിക് സോപ്പിന്റെ ഈ പരസ്യ ജിംഗിൾ എഴുതിയതും ഇദ്ദേഹമായിരുന്നു. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


Saturday, 6 June 2026

നിലവിളക്ക് കൊളുത്തിയ ഫാത്തിമയും കൊളുത്താത്ത ഷംസുദ്ദീനും നിലവിളക്കേ വേണ്ടാത്ത സുധാകരനും !!!

ഒരു പൊതുപരിപാടിയിൽ ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതും മന്ത്രി ഷംസുദ്ദീൻ നിലവിളക്ക് കൊളുത്താതിരുന്നതും വിവാദമായിരിക്കുകയാണല്ലോ. അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും ഈ വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഫാത്തിമ തഹ്‍ലിയയുടെ പ്രതികരണമൊന്നും കേട്ടില്ല. പക്ഷെ തഹ്ലിയയെ തിരുത്തുകയും ഉപദേശിക്കുകയും ഒക്കെ ചെയ്യുന്ന പല അഭിപ്രായങ്ങളും കാണുകയും ചെയ്തിരുന്നു. "മതപരമല്ലെങ്കില്‍ വിളക്ക് കൊളുത്താം, ആചാരമെങ്കില്‍ വിട്ടുനില്‍ക്കണം" എന്ന രീതിയിൽ സമസ്ത മുശാവറ യോഗത്തിന്റെ ഒരു അഭിപ്രായവും ശ്രദ്ധയിൽ പെട്ടിരുന്നു. 

ലീഗ് നേതാക്കൾ നിലവിളക്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും അബ്ദു റബ്ബും (ഒന്നിലധികം തവണ) നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും, ഒരു പതിറ്റാണ്ടിന് ശേഷം, നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിക്കുമ്പോഴാണ് പൊതുവെ നിലവിളക്ക് ഒരു വിവാദവിഷയമായി മാറാറുള്ളത്. 

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ്, പ്രഖ്യാപിതമായിത്തന്നെ മതാചാരങ്ങൾക്ക് എതിരായ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ചിന്താധാരയുടെ അനുയായിയും നേതാവുമായ സഖാവ് ജി. സുധാകരൻ പോലും നിലവിളക്ക്‌ വിവാദത്തിൽ ചെന്ന് പെട്ടിട്ടുണ്ട്. അന്നദ്ദേഹം ഇടതുപക്ഷത്തെ  MLA-യും മന്ത്രിയും ആയിരുന്നു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തലും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നായിരുന്നു ജി. സുധാകരന്‍ അന്ന് പറഞ്ഞത്. "നമുക്ക് ജാതിയില്ല" എന്ന ശ്രീനാരായണ ഗുരുദേവവിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വേളയിലായിരുന്നു മന്ത്രി ഈ പ്രസ്താവന നടത്തിയത്. 

നിലവിളക്ക് ആവർത്തിച്ച് വിവാദ വസ്തുവാകുമ്പോൽ,  എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. "നെറ്റ"റിവും കേട്ടറിവും ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ് പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ, പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോ മന്ത്രിയോ നിലവിളക്ക് കൊളുത്താൻ തയ്യാറാകുമ്പോഴോ, തയ്യാറല്ല എന്ന് പറയുമ്പോഴോ ഉണ്ടാകുന്ന വിവാദം, സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണ് .  ഫാത്തിമ തഹ്‌ലിയയോ ഷംസുദ്ദീനോ അബ്ദുറബ്ബോ സഖാവ് സുധാകരനോ ആരുമായിക്കോട്ടെ, ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്  രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അവരിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അവരുടെ മതവിശ്വാസമോ വിശ്വാസരാഹിത്യമോ മതനിരപേക്ഷതാബോധമോ ഒരു പ്രവൃത്തി ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഹേതുവാകുന്നെങ്കിൽ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? മത വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഈശ്വരനാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, തങ്ങളുടെ തികച്ചും വ്യക്തിപരമായ വിശ്വാസ നിലപാടുകളെ തള്ളിക്കളയേണ്ട ആവശ്യമില്ല.

സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർഥന പാടില്ലെന്നും സ്ക്കൂളുകളിലും കോളെജുകളിലും ഈശ്വരപ്രാർഥന ഒഴിവാക്കേണ്ടതാണെന്നുമുള്ള സുധാകരന്റെ കാഴ്ചപ്പാട് തികച്ചും ജനാധിപത്യപരമാണ്. ഈശ്വരപ്രാർഥനയും നിലവിളക്ക് കൊളുത്തലുമൊക്കെ വ്യക്തികളുടെ സ്വകാര്യമായ തിരഞ്ഞെടുപ്പുകളാണ്. അത് സ്വകാര്യമായി ചെയ്യുന്നതിനെ ആരും തടയാൻ പാടില്ല എന്നത് പോലെ തന്നെ കരണീയമാണ് അത് പൊതുചടങ്ങുകളിൽ നടത്താതിരിക്കുക എന്നതും. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും ഏതൊരു ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ചില നിസ്സാര വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്ക. കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. എന്തിലും ഏതിലും മതവും ജാതിയും സമുദായവും കലർത്തി മുതലെടുപ്പ് നടത്തുന്ന ശവം തീനികളുടെ തന്ത്രങ്ങൾ ആവറേജ് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിയുന്നുണ്ട് എന്നത് തന്നെ മഹാഭാഗ്യം. 

Thursday, 14 May 2026

സർക്കുലാർ ഇക്കോണമി നല്ലതാണ്; പക്ഷെ, സാർ പറയുന്ന സംഭവം അതല്ല !!!

സതീശൻ സാർ, ഒരു കാലഘട്ടത്തിൽ ഹരിത എം എൽ എ എന്ന പേരിലും സാമ്പത്തിക മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ളയാൾ എന്ന പേരിലും അറിയപ്പെട്ട താങ്കൾ ആവർത്തിച്ച് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. മണി സർക്കുലേഷനുമായി ബന്ധപ്പെട്ട് താങ്കൾ പറഞ്ഞ അഭിപ്രായം ഏകദേശം ഇപ്രകാരമായിരുന്നു. "നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായി മനുഷ്യരുടെ കയ്യിലേക്ക് കുറച്ചധികം പണം ലഭ്യമാക്കുക; പണക്കാരുടെ കയ്യിലേക്ക് പണം കിട്ടിയിട്ട് കാര്യമില്ല; അവർ അത് ചിലവാക്കില്ല. പാവപ്പെട്ടവരും സാധാരണക്കാരും അവരുടെ കയ്യിൽ കിട്ടുന്ന പണം അവരുടെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കും. അങ്ങനെ സംസ്ഥാനത്ത് GST കളക്ഷൻ വർധിക്കും. അങ്ങനെ ഏകദേശം നാലു മാസങ്ങൾ കൊണ്ട് ഈ പണം മുഴുവൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ GST  ആയി വന്ന് ചേരും. ഈ അവകാശവാദം എങ്ങനെ ശരിയാകും !? 

ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ സർക്കുലർ ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു. സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

താങ്കൾ ആദ്യം പറഞ്ഞ ആശയത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അതിൽ ചില വസ്തുതകളും എന്നാൽ വലിയ ചില സാങ്കേതിക പിശകുകളും ഉണ്ടെന്ന് കാണാം. നമുക്ക് ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യാം:

താങ്കൾ അഭിപ്രായപ്പെട്ട, അടിസ്ഥാന വിഭാഗങ്ങളിലേക്ക് ലഭ്യമാക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് നാലു മാസങ്ങൾ കൊണ്ട് സർക്കാരിലേക്ക് എത്തും എന്ന പ്രതീക്ഷ യാഥാർഥ്യത്തിന് നിരക്കുന്നതാണോ !?

ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നതാണ് വസ്തുത. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കീൻസ് മുന്നോട്ട് വച്ച കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിലെ "മൾട്ടിപ്ലെയർ ഇഫക്റ്റ് (Multiplier Effect)" എന്ന് വിളിക്കപ്പെടുന്ന ആശയത്തിൽപ്പെടുന്ന ഒന്നാണിത്. സാധാരണക്കാരുടെ കയ്യിൽ എത്തുന്ന പണം അവർ അത് സൂക്ഷിച്ച് വെക്കാതെ അവരുടെ ദൈനം ദിന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിപാലനം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഉടൻ തന്നെ വിപണിയിൽ ചിലവഴിക്കുന്നു എന്നതാണിതിന്റെ ഒരു സങ്കൽപം. ഇത്തരം ഇടപാടുകളിലെ ജി.എസ്.ടി (GST) വിഹിതം നേരിട്ട് സർക്കാരിലേക്ക് എത്തിച്ചേരുന്നു എന്നും വിപണിയിലുള്ള ബാക്കി പണം സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി  വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും നികുതി സർക്കാർ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ഇത് വിഭാവനം ചെയ്യുന്നു. എന്നാൽ "നാലു മാസം കൊണ്ട് കൊടുത്ത പണം മുഴുവൻ ജി.എസ്.ടി ആയി തിരിച്ചെത്തും" എന്നത് ഒരു അതിശയോക്തി മാത്രമാണ്. കാരണം, ജി. എസ്. ടി നിരക്കുകൾ സാധാരണയായി 5%, 18% എന്നിങ്ങനെയാണ്. സ്റ്റേറ്റിന് GST കിട്ടാവുന്ന ഇടപാടുകളിൽ തന്നെ മൊത്തം GST കളക്ഷന്റെ പകുതിയേ സ്റ്റേറ്റിന് ലഭിക്കൂ. അതായത് 18% നികുതി വിധേയമായ ഒരു ഇടപാട് നടക്കുമ്പോൾ അതിന്റെ പകുതി അതായത് 9% മാത്രമേ സംസ്ഥാന വിഹിതമായി സ്റ്റേറ്റിന് ലഭിക്കൂ; ബാക്കി 9 % കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. GST കഴിച്ചുള്ള തുക സ്വകാര്യവ്യക്തിയായ കച്ചവടക്കാരന്റെ കയ്യിലാണ് എത്തുന്നത്. അത് വീണ്ടും പലതവണ കൈമാറ്റം ചെയ്യപ്പെട്ടാൽ മാത്രമേ നികുതിയായി സർക്കാരിന് ലഭിക്കൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഭക്ഷണം, വസ്ത്രം, വീട്ട് വാടക, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾ മിക്കവയും GST യിൽ നിന്ന് ഒഴിവാക്കപ്പെട്ടവയോ ചെറിയ നികുതി നിരക്കായ 5%-ൽ പെടുന്നതോ ആണ്. ഇതിനെല്ലാം പുറമെ, ലഭ്യമായ പണം അത് ലഭിക്കുന്നവർ വിപണിയിൽ ചിലവഴിക്കുമെന്നത് സങ്കൽപം മാത്രമാണ്; ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഒരു പക്ഷെ സമ്പാദ്യമായി (Savings) മാറാം; അല്ലെങ്കിൽ അവർ അത് സംസ്ഥാനത്തിന് പുറത്തുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ ഉപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 'ഡിമാൻഡ് സൈഡ് ഇക്കണോമിക്സ്' (Demand-side Economics) എന്ന ആശയത്തെ ലളിതവൽക്കരിക്കാനാണ്. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണിയെ ഉണർത്തുക (Consumption led growth) എന്നതാണ് ഇതിന്റെ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക മാന്ദ്യം മറികടക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുമെങ്കിലും, സർക്കാർ നൽകുന്ന പണം മുഴുവനായി നികുതിയിലൂടെ തിരിച്ചുകിട്ടും എന്നത് സാമ്പത്തിക ശാസ്‌ത്രപരമായി പ്രായോഗികമല്ല. ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ചാൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' പ്രകാരം അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭ്യമാക്കിയ പണം തിരികെ സർക്കാർ ഖജനാവിൽ എത്തുന്നതിന് നാലു മാസം പോയിട്ട് അതിന്റെ പല മടങ്ങ് മാസങ്ങൾ വേണ്ടി വന്നേക്കും !!!

ഇനി, ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ വിശേഷിപ്പിച്ചത് പോലെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കാമോ ? സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

ഇവിടെയാണ് താങ്കളുടെ വാദത്തിൽ പ്രശ്നമുള്ളത്. സാങ്കേതികമായി ഇതിനെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ സർക്കുലാർ ഇക്കോണമി (Circular Economy) എന്നത് വിഭവങ്ങൾ പരമാവധി കാലം ഉപയോഗിക്കുകയും, അവയിൽ നിന്ന് ലഭിക്കാവുന്ന മൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃകയാണ്. വിഭവങ്ങളുടെ പുനഃചംക്രമണത്തെയും പുനരുപയോഗത്തെയും (Recycling and  Reusing of Resources) മാലിന്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള പരിസ്ഥിതി സൗഹൃദ സാമ്പത്തിക മാതൃകയെയാണ് സർക്കുലർ ഇക്കോണമി (Circular Economy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിഭവങ്ങൾ കറങ്ങുന്നതിനെയാണ് (പണം വിപണിയിൽ കറങ്ങുന്നതിനെയല്ല) ഇത് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) ആയിരിക്കണം താങ്കൾ ഉദ്ദേശിച്ചത്.

സാധാരണയായി പ്രചാരത്തിലുള്ള ലീനിയർ ഇക്കോണമി അനുസരിച്ച് പ്രകൃതിയിൽ നിന്ന് വിഭവങ്ങൾ എടുക്കുന്നു, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു, ഉപയോഗത്തിന് ശേഷം അവ മാലിന്യമായി വലിച്ചെറിയുന്നു. പ്രകൃതി വിഭവങ്ങളുടെ നാശത്തിനും മലിനീകരണത്തിനും ശോഷണത്തിനും കാരണമാകുന്ന Take-Make-Dispose (എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയുക) എന്ന രീതിക്ക് പകരമായാണ് സർക്കുലാർ ഇക്കോണമി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കുലാർ ഇക്കോണമിയിൽ ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഒരു പ്രാഥമിക ഉപയോഗം അത് പുനരുപയോഗിക്കുകയോ (Reuse), അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയോ (Repair), അല്ലെങ്കിൽ പുനരുൽപ്പാദനം (Recycle) നടത്തുകയോ ചെയ്യുന്നു. 

സർക്കുലാർ ഇക്കോണമി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്നാമതായി, ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അവ മാലിന്യമായി മാറാത്ത രീതിയിൽ പ്ലാൻ ചെയ്യുകയും അത് വഴി മാലിന്യവും മലിനീകരണവും പരമാവധി ഒഴിവാക്കുന്നു. രണ്ടാമത്, അറ്റകുറ്റപ്പണികളിലൂടെയും പുനരുപയോഗത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും സാധനങ്ങളുടെ ആയുസ്സ് ദീർഘിപ്പിച്ച്  ഉൽപ്പന്നങ്ങളും വിഭവങ്ങളും കൂടുതൽ കാലം ഉപയോഗപ്രദമായി നിലനിർത്തുന്നു. പരിസ്ഥിതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കുകയും ചെയ്യുന്നതിന് പകരം അതിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഉൽപ്പാദന രീതികൾ അവലംബിക്കുകയാണ് മൂന്നാമത്തേത്.

ഇത് കൊണ്ട്  വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചിലവ് കുറയുന്നു. റീസൈക്ലിംഗ്, റിപ്പയറിംഗ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയുന്നതിന് പകരം അവയിലെ സ്വർണം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് പുതിയ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഒരു സർക്കുലാർ ഇക്കോണമി പ്രവർത്തനമാണ്. അതുപോലെ പഴയ തുണികൾ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, "മാലിന്യം എന്നത് മറ്റൊരു വിഭവമാണ്" എന്ന ചിന്താഗതിയാണ് സർക്കുലാർ ഇക്കോണമി മുന്നോട്ട് വെക്കുന്നത്. ഇത് സുസ്ഥിരമായ (Sustainable) ഒരു ഭാവി കെട്ടിപ്പടുക്കാൻ അത്യാവശ്യമാണ്.

ഇത്രയും എഴുതിയത്, പണം വിപണിയിൽ എത്തുന്നതും അതിന്റെ ചംക്രമണം വഴി നികുതി കളക്ഷൻ വർദ്ധിക്കുന്നതും ശരിയാണ്, പക്ഷേ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'സർക്കുലർ ഇക്കോണമി' എന്ന പദം തെറ്റാണ്. ഇതിനെ പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) എന്ന് വിളിക്കുന്നതാണ് ശരി.

Friday, 8 May 2026

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ......!??

(മണിച്ചിത്രത്താഴിലെ Dr. സണ്ണിയുടെ ശൈലിയിൽ വായിക്കുക)

സതീശാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണയുള്ള ആൾ മുഖ്യമന്ത്രി ആവും എന്ന് പറഞ്ഞു കൊണ്ടിരുന്ന...,

മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്ന....,

ഞങ്ങളുടെ സർക്കാർ വന്നാലുടനെ വയനാട്ടിലെ വീട് പണി തീർക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്ന....,

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ K C വേണുഗോപാലാണ്.

എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയിരുന്നില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, KC മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണങ്ങൾ ശ്രദ്ധിക്കാനിടയായത്; മാധ്യമങ്ങളുടെ ചോദ്യത്തിന് KC കൊടുത്ത ഉത്തരങ്ങളിലൂടെ KC-യിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന KC-യാണെന്ന്. 

KC-യിൽ എന്ത് കൊണ്ട്, എവിടെ നിന്ന്, എങ്ങനെ ഈ പ്രശ്നം  ഉടലെടുത്തു....!?? കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നത് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പറ്റാതെ പോയതും കേരളത്തിലെ പാർട്ടിയിൽ ഏറെ സീനിയർ ആയിട്ടും പ്രധാനമായ സ്ഥാനങ്ങളിൽ ഒന്നും ഇരിക്കാൻ പറ്റാതെ പോയതും എല്ലാം കൂടി ചേർന്നുണ്ടായ സങ്കീർണ്ണമായ മാനസികാവസ്ഥയാണ് KC-യുടെ പ്രശ്നത്തിന്റെ കാരണം...!? മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രമേശൻ നൽകിയ മറുപടികളിൽ നിന്ന് അത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. 

തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രസ്താവനയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ ആയിരിക്കും തിരഞ്ഞെടുപ്പ് വിജയിച്ചു കഴിയുമ്പോൾ പ്രധാന സ്ഥാനങ്ങളിൽ വരുന്നതെന്ന് KC പറഞ്ഞത് എന്നിൽ വലിയ സംശയമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് KC-യെ പ്രകോപിപ്പിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചു; KC പ്രതികരിച്ചു... അതിശക്തമായി.... അസാധാരണമായി... അടുത്ത ഘട്ടത്തിൽ താങ്കൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മുന്നിൽ, ഭൂരിപക്ഷം എം എൽ ഏ മാരുടെ പിന്തുണ തനിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തനിക്ക് സമ്മതമാണെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു  മുഖ്യമന്ത്രിപദമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ KC-യുടെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള KC മുഖ്യമന്ത്രി സ്ഥാനത്തിനത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു. 

KC-യുടെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ KC മുഖ്യമന്ത്രി സ്ഥാനത്തെത്തി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു... സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ... പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ KC-യിലെ ഈ മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ KC-ക്ക് അമാനുഷികമായ കഴിവുകളാണ്; സതീശനെക്കൊണ്ട് നുണകൾ പറയിപ്പിക്കാം, തൊഴിലുറപ്പുകാരുടെ കൂടെ തറയിലിരുന്ന് കപ്പ പുഴുങ്ങിയത് തിന്നും പാവപ്പെട്ടവരുടെ വീട്ടിൽ കയറി മീൻ ചട്ടിയിൽ കയ്യിട്ട് തിന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം, ഹൈക്കമാന്റിനെക്കൊണ്ട് ഗ്യാരണ്ടികൾ പ്രഖ്യാപിപ്പിക്കാം, പുറമെ നിന്നുള്ള നേതാക്കളെ കൊണ്ട് വന്ന് ഇവിടെയുള്ള പഴയ മുഖ്യനെയും ഗവണ്മെന്റിനെയും തെറി വിളിപ്പിക്കാം, പിഷാരടിയുടെ കൂടെ KSRTC ബസിൽ കയറി സ്ത്രീകളോട് അടുത്ത മാസം പതിനഞ്ചാം തിയതി മുതൽ സൗജന്യ യാത്രയാണെന്ന് പറയിപ്പിക്കാൻ, ഭൂരിഭാഗം എം എൽ എ മാരെക്കൊണ്ട് കേന്ദ്ര നിരീക്ഷകർക്ക് പിന്തുണ കൊടുപ്പിക്കാം, പ്രവർത്തകരെക്കൊണ്ട് കേളത്തിലും ഡൽഹിയിലും വരെ  ഫ്ളക്സുകളും ഹോർഡിങ്ങുകളും വയ്പ്പിക്കാം, ലോക്കൽ നേതാക്കളെക്കൊണ്ട് നാട് നീളെ അനുകൂല പ്രകടനങ്ങൾ നടത്തിക്കാം........ അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം KC അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...

KSU-ൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മൂത്ത കോൺഗ്രസിലും കളിക്കാവുന്ന കളികളൊക്കെ കളിച്ച്, കരുണാകരൻ, ആന്റണി, ഉമ്മൻ‌ചാണ്ടി തുടങ്ങിയ ഗംഭീരൻ നേതാക്കളോടൊപ്പവും എതിരിട്ടുമൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കിച്ചൺ ക്യാബിനറ്റ് ചീഫ് എന്ന നിലയിൽ അതിശക്തനായി വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് KC. ഇതെല്ലാം KC-യിലെ മുഖ്യമന്ത്രിമോഹി ഇത്രയും കാലം ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. പക്ഷെ ആ കോഡുകൾ ഒരിക്കലും ഇനി KC-യിൽ നിന്ന് മാഞ്ഞു പോവില്ല. ഇന്ന് രാത്രിയോടെ  KC-യുടെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിയുടേതായി മാറും. അതായത് മുഴു പ്രശ്നക്കാരൻ; പഴയ KC-ക്ക് ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ആ രോഗ ഭാഷയിലൂടെ പുറത്ത് വരാൻ ഇനി രണ്ടു കാര്യങ്ങളെ ഒള്ളൂ. സതീശൻ ഏത് നിമിഷവും സൈഡ് ട്രാക്ക് ചെയ്യപ്പെടും; KC വല്ല കടുംകൈയും ചെയ്യും.....

.....
എനിക്കിനിയും മണിക്കൂറുകൾ ബാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മനസിനെ അടുത്തറിഞ്ഞിട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരിലാണ് ഞാനിതിന് പരിഹാരം കാണുന്നത്. ബാനറുകൾ, പ്രകടനങ്ങൾ, ഇ മെയിലുകൾ, വാട്ട്സ് ആപ്പ് മെസേജുകൾ, ആത്മഹത്യാ ഭീഷണി എന്ന് വേണ്ട ഏത് മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. പ്രതിഷേധം കണ്ട് ഹൈക്കമാന്റിനെയും ഇരുത്തി ചിന്തിപ്പിക്കുവാനും KC-യെ വിട്ടുവീഴ്ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാനും പറ്റിയ ഒരറ്റമോസ്‌ഫിയർ നിങ്ങൾ ക്രിയേറ്റ് ചെയ്യണം. നിങ്ങൾ പരമാവധി ശക്തിയെടുത്ത് സതീശന് വേണ്ടി മുറവിളി കൂട്ടണം.. അതിന് മാത്രമേ ഒരു പക്ഷെ സതീശനെ രക്ഷിക്കാൻ സാധിക്കൂ.......


Monday, 13 April 2026

ശവം തൂക്ക് (കവിത)


വീടെവിടെ മക്കളേ ⁉️ വീടെവിടെ മക്കളേ ⁉️

ദുരന്തത്തിന്നിരകളിൽ നിങ്ങളെ നമ്പിയോർക്കുള്ള 

നിങ്ങൾ തൻ വാഗ്ദത്ത  വീടുകളെവിടെ മക്കളേ⁉️

വാഗ്ദത്ത വീടുകൾ പണിയാൻ സ്ഥലമെവിടെ മക്കളെ ⁉️

പണിയേണ്ട വീടിന്റെ പ്ലാനെവിടെ മക്കളെ ⁉️

തദ്ദേശ ഭരണ കൂടത്തിന്നനുമതിയെവിടെ മക്കളെ ⁉️

അനുമതിക്കായ് കൊടുത്തോരപേക്ഷയെവിടെ മക്കളെ ⁉️

ആ ഗതികെട്ടവർ കിനാവു കണ്ട കൂര പണിയാനാദ്യ കല്ലിട്ട  കൈകളെവിടെ മക്കളേ ⁉️

പൊന്നാങ്ങളേം പെങ്ങളും ചേർന്ന് സ്ഥാപിച്ച മഹത്തായ കല്ലെവിടെ മക്കളെ ⁉️

വയനാട്ടിലെ ജഡ ശരീരങ്ങൾ കാട്ടി പിരിച്ചെടുത്തെ പണമെവിടെ മക്കളെ ⁉️

സംഭാവനപ്പണം ചെന്നു നിറയേണ്ട ബാങ്കക്കൗണ്ടുകളെവിടെ മക്കളെ ⁉️

പണം പിരിക്കാനൊരുക്കിയ ആപ്പെവിടെ മക്കളെ ⁉️

ഫണ്ടെവിടെ മക്കളേ ⁉️ പിരിച്ചെടുത്ത ഫണ്ടിന്റെ കണക്കെവിടെ മക്കളേ ⁉️

പിരിവുപണം മുഴവനും പൊയ്പ്പോയ വഴിയെവിടെ മക്കളേ ⁉️

വയനാടിലെ ചോരയും കണ്ണീരും കൂട്ടി ശാപ്പാടടിച്ചതാരാണ് മക്കളെ ⁉️

പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തിയ ഖദറിട്ട പാഴുകളാരാണ് മക്കളെ ⁉️

ചോദ്യങ്ങളുയരുമ്പോൾ തർക്കുത്തരം കൊണ്ട് പ്രതിരോധം തീർക്കുന്നതാരാണ് മക്കളെ ⁉️

വയനാട്ടിലെ കൊടിയ  ദുരന്തം തിന്നു ചീർത്ത കഴുകന്മാരാരാണ് മക്കളെ ⁉️

ആ ജഡങ്ങൾ ആർത്തിയാൽ തിന്നു മെഴുത്ത  കഴുതപ്പുലികളാരാണ്  ⁉️

ശവത്തിന്റെ കീശകൾ ചൂണ്ടിയ ഖദറിട്ട ശവം തൂക്കികൾ ആരാണ് മക്കളെ ⁉️

ദയയേതുമില്ലാതെ ശവം തൂക്കിയ ചീഞ്ഞു നാറുന്ന കൈകളാരുടേത് മക്കളേ ⁉️

ഗതി കെട്ട മർത്യരെ കൊതിപ്പിച്ച വാഗ്‌ദത്ത വീടെവിടെ മക്കളെ ⁉️

വീടെവിടെ മക്കളെ ⁉️വീടെവിടെ മക്കളെ ⁉️

ചിത്രം കടപ്പാട് : ദേശാഭിമാനി

Thursday, 19 March 2026

സതീശൻ സാർ; ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കളല്ലെന്നോർക്കുക !!!

പ്രിയ വി ഡി സതീശൻ സാർ, 
"റിവേഴ്‌സ് റെമിറ്റൻസ്" നമ്മുടെ സാമ്പത്തിക സുസ്ഥിരതക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് അങ്ങ് ആവർത്തിച്ച് പറയുന്നത് കേട്ടിരുന്നു. മലയാളികൾ മുൻപെങ്ങുമില്ലാത്ത വിധം സ്ഥിര പ്രവാസത്തിനായി നാട് വിടുന്ന ഒരു കാലഘട്ടത്തിൽ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണത്.

പക്ഷെ സാർ, "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് വിളിക്കുന്നത് മൈഗ്രന്റ് വർക്കേഴ്‌സ്‌ (ഇതര സംസ്ഥാന തൊഴിലാളികൾ) അവർക്ക് കൂലിയായി കിട്ടുന്ന പണം അവരുടെ സംസ്ഥാനങ്ങളിലെ ബന്ധുക്കൾക്ക് അയക്കുന്നതിനെ ആണ് എന്ന് വിശദീകരിച്ചപ്പോൾ ഉണ്ടായ അതിശയം ചെറുതല്ല. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon (ഊറ്റൽ) ചെയ്യുകയാണ് എന്ന അങ്ങയുടെ പ്രസ്താവന ആണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ, പ്രവാസവുമായി ബന്ധപ്പെട്ട്, അതിർത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനെ സാധാരണയായി രണ്ട് തരത്തിലാണ് വിവരിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രവീക്ഷണത്തിൽ, ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് പണമയക്കുന്ന പ്രക്രിയയെ ഇൻവേർഡ് റെമിറ്റൻസ് (Inward Remittance) എന്നും നേർവിപരീതമായി സ്വന്തം രാജ്യത്തു നിന്ന് താമസിക്കുന്ന രാജ്യത്തിലേക്ക് പണമയക്കുന്ന പ്രക്രിയയെ ഔട്ട്വേർഡ് റെമിറ്റൻസ് (Outward Remittance)  എന്നുമാണ് വിളിക്കുന്നത്. സാധാരണക്കാരുടെ ഭാഷയിൽ, റെമിറ്റൻസ് എന്നും റിവേഴ്‌സ് റെമിറ്റൻസ് എന്നും ഇതിനെ വിളിക്കാറുണ്ട്. 

ഇതിനെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് റെമിറ്റൻസ്? ഒരു രാജ്യത്തെ പൗരന്മാർ വിദേശത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ ലളിതമായി 'റെമിറ്റൻസ്' എന്ന് വിളിക്കാം. ഉദാഹരണത്തിന്, വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് പണം അയക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് റെമിറ്റൻസ് ആണ്.

അപ്പോൾ എന്താണ് റിവേഴ്‌സ് റെമിറ്റൻസ് ? ഒരു രാജ്യത്ത് നിന്ന് പണം പുറത്തേക്ക് (വിദേശത്തേക്ക്) ഒഴുകുന്ന സാഹചര്യമാണിത്. ഇത് പ്രധാനമായും രണ്ട് രീതിയിൽ സംഭവിക്കാം. ഒന്നാമതായി ഇവിടെയുള്ള വിദേശികൾ അവരുടെ സ്വന്തം രാജ്യത്തേക്ക് പണം കൊണ്ടുപോകുന്നത്. രണ്ടാമത്തേത്, ഒരു രാജ്യത്തെ പൗരന്മാർ വിദേശത്തെ പഠനത്തിനോ, ചികിത്സയ്ക്കോ, വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ബിസിനസ്സ് നിക്ഷേപങ്ങൾക്കോ വേണ്ടി സ്വന്തം നാട്ടിൽ നിന്ന് പണം പുറത്തേക്ക് അയക്കുന്നതും (Outward Remittance) തത്വത്തിൽ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിദേശ നാണ്യം പുറത്തേക്ക് പോകുന്നതിനെയാണ് റിവേഴ്‌സ് റെമിറ്റൻസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ തേടുമ്പോഴോ ഇത്തരം പണമൊഴുക്ക് സ്വാഭാവികമായും വർദ്ധിക്കാറുണ്ട്. 

ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. ഒരു സംസ്ഥാനത്തിൽ നിന്നുള്ള തൊഴിലാളികൾ വേറൊരു സംസ്ഥാനത്തിൽ വന്നു തൊഴിലെടുക്കുന്നത് ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് ബീഹാർ, വെസ്റ്റ് ബംഗാൾ, ആസാം, ഒറീസ, ഉത്തർപ്രദേശ്, തമിഴ് നാട് തുടങ്ങി ഒട്ടു മിക്ക സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ കേരളത്തിൽ വന്ന് താമസിച്ച് പണിയെടുക്കുന്നുണ്ട്. അവർ അവർക്ക് ലഭിക്കുന്ന കൂലിപ്പണം അവരുടെ നാട്ടിലേക്കയക്കുന്നതിനെ "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് പറയുന്നത് ശരിയാണോ ?

ഒരു രാജ്യത്തിനുള്ളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള മേൽ പറഞ്ഞ തരം പണമൊഴുക്കിനെ 'റിവേഴ്‌സ് റെമിറ്റൻസ്' (Reverse Remittance) എന്ന് വിളിക്കുന്നത് സാങ്കേതികമായി ശരിയായ കാര്യമല്ല. ആദ്യമേ പറഞ്ഞത് പോലെ, 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് രാജ്യാന്തര തലത്തിലാണ് (International Level). അതായത് ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Foreign Exchange Reserve) നിന്ന് പണം വിദേശത്തേക്ക് പോകുമ്പോഴാണ് സാങ്കേതികമായി ഈ പദം പ്രസക്തമാകുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കോ ആസാമിലേക്കോ പണം പോകുമ്പോൾ,  പണം രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നു എന്നല്ലാതെ, രാജ്യത്തിന് ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പണമയക്കുന്നത് അന്തർസംസ്ഥാന പണമൊഴുക്ക് (Inter-state Remittance) രാജ്യത്തിന്റെ ആഭ്യന്തര പണമൊഴുക്കിന്റെ (Internal Remittance) ഭാഗമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണമയക്കുമ്പോൾ, ആ പണം ഇന്ത്യയുടെ സാമ്പത്തിക അതിർത്തിക്കുള്ളിൽ തന്നെയാണല്ലോ നിൽക്കുന്നത്. അതിനാൽ ഇതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിളിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ ആഭ്യന്തര വരുമാനം പുറത്തേക്ക് പോകുന്നു എന്ന അർത്ഥത്തിൽ പ്രാദേശികമായ ചർച്ചകളിൽ ചിലരെങ്കിലും ഈ പദം പ്രയോഗിക്കാറുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രപരമായി അത് ശരിയല്ല. 

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (State Economy) സംബന്ധിച്ചിടത്തോളം ഇതിനെ ഒരു 'ഔട്ട്‌ഫ്ലോ' (Outflow) ആയി മാത്രമേ കണക്കാക്കാനാവൂ. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പണമിടപാടിനെ 'അന്തർസംസ്ഥാന റെമിറ്റൻസ്' (Inter-state Remittance) എന്ന് വിളിക്കുന്നതാണ് സാങ്കേതികമായി കൂടുതൽ കൃത്യം. 

കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon (ഊറ്റൽ) ചെയ്യുകയാണെന്ന പ്രസ്താവന തെറ്റായി വരുന്നത്, സാങ്കേതികമായും സാമ്പത്തികമായും എന്നതിനേക്കാൾ രാഷ്ട്രീയമായി ആണ്. 

സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിൽ, ഒരാൾക്ക് കൂലി ലഭിക്കുന്നത് അയാൾ അവിടെ ഒരു അധ്വാനം അല്ലെങ്കിൽ സേവനം നൽകുന്നത് കൊണ്ടാണ്; സേവനത്തിന് പകരമുള്ള പ്രതിഫലം (Value Exchange) ആണിത്. നിർമ്മാണം, ഹോസ്പിറ്റാലിറ്റി, കൃഷി, തോട്ടം തുടങ്ങി ഒട്ട് മിക്ക തൊഴിൽ മേഖലകളിലും ഈ തൊഴിലാളികൾ അവരുടെ അധ്വാനം നിക്ഷേപിക്കുന്നുണ്ട്. ആ അധ്വാനത്തിന്റെ ഫലമായി കേരളത്തിൽ ആസ്തിക (കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ....സൃഷ്ടിക്കപ്പെടുകയും സേവന മേഖല വിപുലമാവുകയും ചെയ്യുന്നു. അവർ നൽകിയ അധ്വാനത്തിന് അർഹമായ പ്രതിഫലം വാങ്ങുമ്പോൾ തന്നെ തത്തുല്യമായ വാല്യൂ അഡിഷൻ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അവർ താമസിക്കുന്ന വീടിന്റെ വാടക, കഴിക്കുന്ന ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയിലൂടെ ആ പണം കേരളത്തിലെ സാധാരണക്കാരായ വീട്ടുടമസ്ഥരിലേക്കും കച്ചവടക്കാരിലേക്കും തന്നെ എത്തുന്നുണ്ട്. അവർ വാങ്ങുന്ന ഓരോ സാധനത്തിലൂടെയും സേവനത്തിലൂടെയും (നിത്യോപയോഗ സാധനങ്ങൾ മുതൽ മൊബൈൽ റീചാർജ് വരെ) കേരള സർക്കാരിന് GST നികുതിയും ലഭിക്കുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ അവർക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം അവർ ഇവിടെത്തന്നെ ചിലവഴിക്കുന്നു. അവർക്ക് കൂലിയായി കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം വയ്ക്കുന്ന പണം അവരുടെ നാട്ടിലേക്ക് അയക്കുന്നതിനെ, ഊറ്റിക്കൊണ്ടു പോകുന്നു എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് മാത്രമല്ല ശുദ്ധ മര്യാദകേട് കൂടിയാണ്. 

കേരളത്തിലെ ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ന് നിലനിൽക്കുന്നത് ഈ തൊഴിലാളികളെ ആശ്രയിച്ചാണ്. അവർ പണിയെടുത്താൽ മാത്രമേ ആ മേഖലകളിൽ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. അവർ ജോലി ചെയ്യുന്നത് വഴി നമ്മുടെ വ്യാപാര - വ്യവസായ - സേവന മേഖലകൾ വളരുകയും അതുവഴി സർക്കാരിനും മറ്റ് മലയാളി സംരംഭകർക്കും വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' എന്ന് പറയാവുന്നതാണ്.

ഭരണഘടനാപരമായി നോക്കിയാലും രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയും ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ട്. "പണം ഊറ്റുന്നു" എന്ന പ്രയോഗം ഈ തൊഴിലാളികളെ അന്യവൽക്കരിക്കുന്ന  (Othering)  ഒന്നാണ്.

രാഷ്ട്രീയമായും ധാർമികമായും നോക്കിയാലും, "Siphon" എന്ന പ്രയോഗം വിദ്വേഷം പടർത്തുന്നതോ ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതോ (Scapegoating) ആയേ കാണാനാകൂ. ഒരു വികസിത സമൂഹമെന്ന നിലയിൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളെ മാന്യമായ രീതിയിൽ കാണുന്നതാണ് ഉചിതം. 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാവെന്ന നിലയിൽ താങ്കൾ ഒരൊറ്റ കാര്യം ഓർത്താൽ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിലേക്ക് അയക്കുന്ന പണത്തെ (Inward Remittance), അവർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തെ ആളുകൾ "പണം ഊറ്റൽ" എന്ന് വിശേഷിപ്പിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. അതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഒരു രാജ്യത്തിനകത്തെ സ്വാഭാവികമായ സാമ്പത്തിക വിനിമയത്തെ ആ രീതിയിൽ മാത്രം കാണുക. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കൾ അല്ല എന്നും മനസ്സിലാക്കുക. അവർ ഇവിടേക്ക് വരാതായാൽ മാത്രമേ അവർ ഇവിടെ ചെയ്തിരുന്ന സേവനങ്ങളുടെ വില നമുക്ക് മനസിലാകൂ; അവർ നമുക്കെത്ര അനിവാര്യർ ആയിരിക്കുന്നു എന്ന് നാം തിരിച്ചറിയൂ. 

Monday, 2 February 2026

"പൂക്കി" വിളി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് !?


ശിവൻകുട്ടി മന്ത്രി ഞങ്ങളുടെ "പൂക്കി"യാണെന്ന് ഒരു കൊച്ചു പയ്യൻ പറയുന്ന ഒരു റീൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഒരു GenZ (ജെൻ സി) പയ്യന്റെ അപ്പനെന്ന നിലയിൽ ഇതിന്റെ അർത്ഥമെന്തെന്ന് ഞാൻ ഒന്ന് തപ്പി നോക്കി. ഗൂഗിൾ ജെമിനൈയോട് കാര്യം തിരക്കി....

=> ജെൻ-സി (GenZ) കുട്ടികൾ ഉപയോഗിക്കുന്ന പൂക്കി എന്ന പ്രയോഗത്തിന്റെ അർത്ഥമെന്താണ് ? 

=> പൂക്കി എന്നത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമോ ഭൂഖണ്ഡത്തിൽ മാത്രമോ പ്രചാരത്തിലുള്ള പ്രയോഗമാണോ ?

=> പൂക്കി എന്നത് ഏതെങ്കിലും ഭാഷയിൽ മോശപ്പെട്ട വാക്ക് അല്ലെങ്കിൽ പൊതു ഉപയോഗത്തിന് പറ്റാത്ത വാക്ക് ആണോ ?

കിട്ടിയ ഉത്തരങ്ങൾ ചുവടെ ചേർക്കുന്നു

ജെൻ സി (Gen Z) കുട്ടികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വളരെ ട്രെൻഡിങ് ആയിട്ടുള്ള ഒരു സ്ലാംഗ് (Slang) പ്രയോഗമാണ് "പൂക്കി" (Pookdie / Pookie).

ഇതിന്റെ പ്രധാന അർത്ഥങ്ങളും ഉപയോഗവും താഴെ പറയുന്നവയാണ്:

ലാളനപ്പേര് (Endearment): തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരെ, അല്ലെങ്കിൽ വളരെ ക്യൂട്ട് ആയിട്ടുള്ളവരെ വിളിക്കാൻ ഉപയോഗിക്കുന്ന ഒരു സ്നേഹപ്രകടനമാണിത്. 'ഡാർലിംഗ്' (Darling), 'സ്വീറ്റി' (Sweetie), 'കുട്ടൂസ്' എന്നൊക്കെ വിളിക്കുന്നതുപോലെ ഒരു വാക്കാണിത്.

സുഹൃത്തുക്കൾക്കിടയിൽ: അടുത്ത സുഹൃത്തുക്കളെ (Best friends) വിശേഷിപ്പിക്കാൻ ജെൻ സി കുട്ടികൾ ഈ വാക്ക് പരസ്പരം ഉപയോഗിക്കാറുണ്ട് (ഉദാഹരണത്തിന്: "She is my pookie").

പ്രണയപങ്കാളിയെ വിളിക്കാൻ: കാമുകനെയോ കാമുകിയെയോ കൂടുതൽ ലാളനയോടെ അഭിസംബോധന ചെയ്യാനും ഈ വാക്ക് ഉപയോഗിക്കുന്നു.

തുടക്കം എവിടെ നിന്ന്? യഥാർത്ഥത്തിൽ ഇത് ഇംഗ്ലീഷ് സോഷ്യൽ മീഡിയ ട്രെൻഡുകളിൽ നിന്ന് (പ്രത്യേകിച്ച് TikTok, Instagram Reels എന്നിവയിലൂടെ) മലയാളക്കരയിലെത്തിയ ഒരു വാക്കാണ്. വളരെ ക്യൂട്ട് ആയ, ദ്രോഹമൊന്നും ചെയ്യാത്ത, എപ്പോഴും കൂടെയുള്ള ഒരാളെയാണ് ഡിജിറ്റൽ ലോകത്ത് കുട്ടികൾ 'പൂക്കി' എന്ന് വിളിക്കുന്നത്.

ചുരുക്കത്തിൽ, ആരെങ്കിലും നിങ്ങളെ "പൂക്കി" എന്ന് വിളിച്ചാൽ, അവർക്ക് നിങ്ങളോട് വളരെ സ്നേഹവും അടുപ്പവും ഉണ്ടെന്നാണ് അർത്ഥം!!

'പൂക്കി' (Pookie) എന്നത് ഒരു രാജ്യത്തോ ഭൂഖണ്ഡത്തിലോ മാത്രമായി ഒതുങ്ങിനിൽക്കുന്ന പ്രയോഗമല്ല. ഇത് നിലവിൽ ഒരു ആഗോള (Global) ഇന്റർനെറ്റ് പ്രതിഭാസമാണ്.

എങ്കിലും, ഇതിന്റെ പ്രചാരത്തെയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയെയും താഴെ പറയുന്ന രീതിയിൽ മനസ്സിലാക്കാം:

തുടക്കവും പാശ്ചാത്യ സ്വാധീനവും: ഈ വാക്ക് ഒരു ലാളനപ്പേരായി (Pet name) പതിറ്റാണ്ടുകളായി അമേരിക്കയിലും (USA) വടക്കേ അമേരിക്കൻ രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന ഒന്നാണ്. അവിടെയുള്ള മുതിർന്നവർ കുട്ടികളെയോ പങ്കാളികളെയോ ഒക്കെ പണ്ട് മുതലേ 'പൂക്കി' എന്ന് വിളിക്കാറുണ്ടായിരുന്നു.

ആഗോള തരംഗം (Global Gen Z Culture): ഇൻസ്റ്റാഗ്രാം റീലുകൾ, ടിക്ടോക് (TikTok), എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത് ലോകം മുഴുവൻ പടർന്നത്. പ്രത്യേകിച്ചും പാശ്ചാത്യ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ വൈറലായതോടെ, ഏഷ്യ (ഇന്ത്യ ഉൾപ്പെടെ), യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലെയും ഇന്റർനെറ്റ് ഉപയോഗിക്കുന്ന പുതിയ തലമുറ (Gen Z) ഈ വാക്ക് ഏറ്റെടുത്തു.

ചുരുക്കത്തിൽ, ഭൂമിശാസ്ത്രപരമായ അതിരുകളെയെല്ലാം മായ്ച്ചുകളഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയ വഴി ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ ഒരുപോലെ പ്രചാരത്തിലുള്ള ഒരു 'ഡിജിറ്റൽ സ്ലാംഗ്' (Digital Slang) ആണ് ഇന്ന് പൂക്കി.

'പൂക്കി' (Puki) എന്നത് ചില ഭാഷകളിൽ കടുത്ത അശ്ലീല പദവും പൊതുവേദികളിൽ ഒട്ടും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വാക്കാണ്.

നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന 'പൂക്കി' (Pookie) എന്ന ക്യൂട്ട് പ്രയോഗത്തിന് സമാനമായ ഉച്ചാരണമോ എഴുത്തോ ഉള്ള വാക്കുകൾ മറ്റ് ചില വിദേശ ഭാഷകളിൽ വലിയ തെറിവാക്കുകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രധാന ഉദാഹരണങ്ങൾ താഴെ നൽകുന്നു:

1. ഫിലിപ്പീൻസിലെ തഗാലോഗ് (Tagalog) ഭാഷ

അർത്ഥം: ഈ ഭാഷയിൽ 'Puki' എന്നാൽ സ്ത്രീകളുടെ ലൈംഗികാവയവം എന്നാണ് അർത്ഥം.

സ്വഭാവം: ഇത് മലയാളത്തിലെ 'യോനി' എന്നതു പോലെ ശാസ്ത്രീയമായോ സഭ്യമായോ ഉപയോഗിക്കുന്ന വാക്കല്ല. പകരം, ഒരു തെറി എന്ന നിലയിൽ സ്ത്രീ ലൈംഗികാവയവത്തെ സൂചിപ്പിക്കുന്ന വാക്കാണിത്. ഒരാളെ അപമാനിക്കാനും ചീത്തവിളിക്കാനുമാണ് ഫിലിപ്പീൻസിൽ ഈ വാക്ക് ഉപയോഗിക്കുന്നത്.

2. മലേഷ്യൻ / ഇന്തോനേഷ്യൻ ഭാഷകൾ

അർത്ഥം: ഈ ഭാഷകളിൽ 'Puki' എന്ന വാക്കിനോട് ചേർത്ത് 'Pukimak' എന്നൊരു പ്രയോഗമുണ്ട്.

സ്വഭാവം: മലായ് ഭാഷകളിലെ ഏറ്റവും മോശമായ തെറികളിൽ ഒന്നാണിത്. ഒരു വ്യക്തിയുടെ അമ്മയെ ലൈംഗികമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള (Motherf***er എന്നതിന് തുല്യമായ) കടുത്ത അസഭ്യ വാക്കാണിത്.

3. ഹംഗേറിയൻ (Hungarian) ഭാഷ

അർത്ഥം: ഹംഗേറിയൻ ഭാഷയിൽ 'Puki' എന്നാൽ കുട്ടികളുടെ ഭാഷയിൽ "അധോവായു" (Fart) എന്നാണ് അർത്ഥം.

സ്വഭാവം: ഇതൊരു അശ്ലീല തെറിയല്ലെങ്കിലും, പൊതുവേദികളിലോ മാന്യമായ സദസ്സുകളിലോ ഉപയോഗിക്കാൻ പറ്റാത്ത തരം ഒരു മോശം വാക്കാണിത്.

4. ചില യൂറോപ്യൻ സ്ലാംഗുകൾ (Germanic Slangs)

ചില ജർമ്മൻ പ്രാദേശിക ഭാഷാഭേദങ്ങളിൽ ഇതിനോട് സാമ്യമുള്ള വാക്കുകൾ മൂക്കട്ട (Booger) എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.

ചുരുക്കത്തിൽ: ഇംഗ്ലീഷ് സോഷ്യൽ മീഡിയ ട്രെൻഡിൽ ഇത് 'ഡാർലിംഗ്' അല്ലെങ്കിൽ 'കുട്ടൂസ്' എന്നൊക്കെ അർത്ഥം വരുന്ന വളരെ ക്യൂട്ട് ആയ വാക്കാണെങ്കിലും, ഒരു ഫിലിപ്പീൻസ് സ്വദേശിയുടെയോ മലേഷ്യക്കാരന്റെയോ മുന്നിൽ വെച്ച് ഈ വാക്ക് ഉപയോഗിച്ചാൽ അത് കടുത്ത അപമാനമായി അവർക്ക് അനുഭവപ്പെടും. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയം നടത്തുമ്പോൾ ഈ വാക്ക് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

Friday, 2 January 2026

കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ

കാഴ്ച്ചയെക്കാൾ വളരെയേറെ ശക്തിയുള്ള ഒന്നാണ് ഉൾക്കാഴ്ച്ച എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ അന്ധയായ വനിതാ ചാർട്ടേഡ് അക്കൌണ്ടന്റായ (സിഎ) രജനി ഗോപൽകൃഷ്ണയുടെ ജീവിത കഥ. ഏതൊരു സാധാരണ കുട്ടിയേയും പോലെ ഈ ലോകത്തിന്റെ മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളും ഏറ്റവും മിഴിവോടെ കണ്ടു വളർന്ന ഒരു സാധാരണ കുട്ടിയായിരുന്നു രജനി. എന്നാൽ കേവലം ഒൻപത് വയസ്സുള്ളപ്പോൾ അവൾക്ക് വന്ന ഒരു സാധാരണ ജലദോഷപ്പനി അവളുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പരിഹാരമായി കൊടുത്ത പെൻസിലിൻ ഷോട്ട് ഉണ്ടാക്കിയ കടുത്ത അലർജി അവളുടെ കാഴ്ചയെ ബാധിച്ചു. കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതേ സമയം അവളുടെ ഇടതു കണ്ണിന്റെ കാഴ്ചയും പതിയെ പതിയെ മങ്ങുന്നുണ്ടായിരുന്നു.

ആ ഘട്ടത്തിൽ തളർന്നു പോകുന്നതിനു പകരം വിധി ബാക്കി കൊടുത്ത ഒറ്റക്കണ്ണിന്റെ അല്പ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് അവൾ  അതി സാഹസികമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്റെ മനസിലുള്ള ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സാധാരണവും സംരദായികവുമായ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരെന്ന ബാധ്യം അവർക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്ന് പൊതുവെ കരുതപ്പെടുന്ന കോഴ്സുകളിലൊന്നായ ചാർട്ടേഡ് അക്കൌണ്ടൻസി പഠിക്കാനായിരുന്നു അവളുടെ സുധീരമായ തീരുമാനം. എന്നാൽ CA പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രജനിയിൽ ബാക്കിയുണ്ടായിരുന്ന കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പഠനത്തിനും ജീവിതത്തിനും വലിയ പ്രഹരമേല്പിച്ചു കൊണ്ട് അവൾ പൂർണ്ണമായും അന്ധയായി. ഏഴ് വർഷത്തോളം അവൾ പഠനത്തിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ അവളുടെ ശക്തമായ ഇച്ഛാശക്തി CA പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല. 2002-ൽ അവൾ വീണ്ടും സിഎ പഠനത്തിലേക്ക് മടങ്ങി വന്നു.

പൂർണ്ണമായ അന്ധത പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിനി എന്ന നിലയിൽ രജനിക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്പ്യൂട്ടർ ടെക്സ്റ്റ് ഉറക്കെ വായിക്കുന്ന സ്ക്രീൻ റീഡിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ അവൾ പഠിച്ചു. പരീക്ഷയെഴുതാൻ സ്ക്രൈബർ വോളന്റിയർമാരുടെ സഹായം  ഉപയോഗപ്പെടുത്തി. വിധിക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ നിരന്തരം പരിശ്രമിച്ച രജനിക്ക് മുൻപിൽ വിഘ്നങ്ങൾ വഴിമാറി. രജനി 2003-ൽ CA ഫൈനൽ പരീക്ഷ വിജയയിച്ച് ഇന്ത്യയിലെ ആദ്യത്തെ കാഴ്ചയില്ലാത്ത വനിതാ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറി.

CA പരീക്ഷ പാസായതോടെ തന്നെ പോരാട്ടം നിർത്താൻ രജനി തയ്യാറല്ലായിരുന്നു. ഒരു ജോലി കണ്ടെത്തണമെന്ന അദമ്യമായ ആഗ്രഹം രജനിക്ക് ഉണ്ടായിരുന്നു. ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും കാഴ്ച പരിമിതയായ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകൾ മടിച്ചു. പ്രതിസന്ധികളിൽ തളർന്നു ശീലമില്ലാത്ത രജനി, 2003-ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ The Indian Hotels Group-ൽ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, ഇൻഫോസിസ് എന്ന വമ്പൻ കോർപ്പറേറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്ത രജനി തനിക്ക് മറ്റേതൊരാളെയും പോലെ ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. എന്നാൽ കുറച്ചു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തൊഴിൽ ചെയ്യണമെന്ന അവളുടെ ആഗ്രഹം അവളുടെ പ്രവർത്തനം എൻജിഒ മേഖലയിലേക്ക് മാറാൻ നിർബന്ധിതയാക്കി. CBM India Trust, Azim Premji Foundation തുടങ്ങിയ പ്രശസ്ത NGO കളിൽ പ്രവർത്തിച്ച രജനി financial management, capacity building, compliance, governance തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് ഔദ്യോഗിക ജീവിതം തുടരുകയാണ്. Civil Society Organization-കളിൽ ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ ശില്പശാലകളിലെയും പരിശീലന പരിപാടികളിലെയും സ്ഥിരം Resource Person ആണ് രജനി. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. "ഗുരുതരമായ വെല്ലുവിളികൾക്കിടയിലും ഈ വ്യക്തി ഇത്ര വലിയ നേട്ടങ്ങൾ കൈവരിച്ചതല്ലേ" എന്നാണ് ചിന്തിക്കേണ്ടതെന്നാണ് രജനിയുടെ വാദം. ഒരു മനുഷ്യരും പൂർണ്ണരല്ലെന്നും ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ പരിമിതിയുണ്ടെന്നും ഓർക്കണമെന്ന് അവർ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, വ്യക്തിപരമായ വെല്ലുവിളികൾ ചിലപ്പോൾ അന്ധതയോ ബധിരതയോ ഒക്കെപ്പോലെ ദൃശ്യമാണെങ്കിൽ ചിലത് പരാജയഭീതിയോ ഉത്ക്കണ്ഠയോ പോലെ അദൃശ്യമായിരിക്കും. എന്നിട്ടും പലപ്പോഴും അദൃശ്യമായ പരിമിതികൾ ഉള്ളവർക്ക് അനായാസം ജോലി ലഭിക്കുമ്പോൾ ദൃശ്യമായവ പരിമിതികൾ ഉള്ളവർ മാറ്റി നിർത്തപ്പെടുന്നു. 

Saturday, 20 December 2025

പ്രിയ റാംനാരായൺ മാപ്പ്.... പ്രബുദ്ധ മലയാളി ഈ പാപമൊക്കെ എവിടെ കൊണ്ട് പോയി തീർക്കും !?


ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി, രാമനാരായണൻ ഭയ്യാർ, വളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച വാർത്ത വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു മനോവേദന എന്നെ ഗ്രസിച്ചിരുന്നു. പിന്നീടാണ് 
അക്രമികൾ അയാളെ മർദ്ദിക്കുന്ന ചില ദൃശ്യശകലങ്ങൾ എന്റെ ഫീഡിലേക്ക് തള്ളിക്കയറി വന്നത്. അതിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ ചങ്ക് പൊട്ടുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ ശാരീരിക പീഡനമായിരുന്നു റാംനാരായണിനേറ്റതെന്ന് അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദ്ദനവുമാണ് അരങ്ങേറിയതെന്ന് പോലീസും പറയുന്നു. ഇപ്പോൾ സംഭവത്തിലെ പ്രതികളെന്ന് പറയപ്പെടുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ കണ്ടത് കൊണ്ടാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചതെന്ന് പറയപ്പെടുന്നു. ജോലിക്കായി ഏതാനും ദിവസം മുൻപ് മാത്രമാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലിയോട് പൊരുത്തപ്പെടാനാകാതെ നാട്ടിലേക്ക് തിരികെപ്പോകാനുള്ള പരിപാടിയിലായിരുന്നു ഇയാൾ. കേവലം 31 വയസ് മാത്രം പ്രായമുള്ള കുടുംബസ്ഥനായ ഇയാൾക്ക് എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്ന് അറിയാൻ കഴിയുന്നു. മദ്യലഹരിയിൽ ആയത് കൊണ്ടോ സ്ഥലം നിശ്ചയമില്ലാത്തത് കൊണ്ടോ ആയിരിക്കണം സംഭവം നടന്ന സ്ഥലത്ത് ഇയാൾ എത്തിപ്പെട്ടത്. എന്ത് തന്നെയായാലും "ദൈവത്തിന്റെ സ്വന്തം നാടെ"ന്ന് കേട്ട് അവിടെ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയ ഒരു മനുഷ്യനെ ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ചെയ്ത് ഉയിരെടുത്ത് വിട്ടപ്പോൾ എല്ലാ അവന്മാർക്കും സമാധാനമായി.  


ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ ചിലർ ബിജെപി പ്രവർത്തകർ ആണെന്നും "നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ഈ സംഭവത്തെ കടുത്ത വംശീയവെറിയുടെയും തീവ്ര ദേശീയവാദത്തിന്റെയുമൊക്കെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭവത്തിൽ ഉറപ്പായും കണ്ടെത്താനാകുന്ന മറ്റൊരു വസ്തുത ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. ഇതര സംസ്ഥാന തൊഴിലാളികളോട് "പ്രബുദ്ധ മലയാളി"ക്ക് സ്നേഹമോ കരുണയോ അനുഭാവമോ പോലും ഇല്ല എന്നത് പോട്ടെ; അവരോട് പലപ്പോഴും അസഹിഷ്ണുതയോടും ശത്രുതാ മനോഭാവത്തോടും മുൻവിധിയോടുമൊക്കെ പെരുമാറുന്നവരാണ് തീരെ ചെറുതല്ലാത്ത വിഭാഗം മലയാളികൾ. ഇപ്പോഴത്തെ ഈ ക്രൂര സംഭവത്തിന് പിന്നിൽ ഈയൊരു മനോഭാവം ഉണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. 

കേരളത്തിന് ഇന്ന് ഒരു വിധത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ ചെയ്യുന്ന സേവനങ്ങൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് എണ്ണമറ്റ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അവർക്കെല്ലാം നമുക്കൊരു വിളിപ്പേരേ ഉള്ളൂ... ഭായ്. തനിക്കും കുടുംബത്തിനും അന്നം കണ്ടെത്തുന്നതിനും കിട്ടുന്നതിൽ നിന്ന് എന്തെങ്കിലുമൊക്കെ മിച്ചം പിടിച്ച് കുറച്ചൊക്കെ സ്വത്ത് സമ്പാദിക്കാനും വേണ്ടി അവർ ചെയ്യുന്ന അത്യധ്വാനം കൊണ്ടാണ് കേരളത്തിന്റെ മിക്കവാറും തൊഴിൽ മേഖലകൾ ചലിക്കുന്നത്. എന്നാൽ അവരെ നമ്മുടെ സമൂഹത്തിലേക്ക് ഉൾച്ചേർക്കാനോ അവരെ നമ്മുടെ സഹജീവിയായി കാണാനോ പ്രബുദ്ധ മലയാളിക്ക് പൊതുവെ വലിയ വിരക്തിയാണ്. അന്യ സംസ്ഥാന തൊഴിലാളി, അതിഥി തൊഴിലാളി എന്നൊക്കെയുള്ള പ്രയോഗങ്ങൾ പോലും അവരെ ഉൾച്ചേർക്കാനും സ്വീകരിക്കാനുമുള്ള മാനസിക ബുദ്ധിമുട്ടിൽ നിന്നുണ്ടാകുന്നതാണെന്നാണ് ആഭ്യന്തര കുടിയേറ്റ (Internal Migration) മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. നമ്മുടെ പൊതു ഗതാഗത സംവിധനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും  തെരുവുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഇവർ രണ്ടാം തരം പൗരന്മാരായി ഗണിക്കപ്പെടുന്നത് മേൽപ്പറഞ്ഞ പ്രശ്നം കൊണ്ട് തന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവും കുറവുള്ള ഇതര സംസ്ഥാനക്കാരോട് മാത്രമേ കേരളത്തിലുള്ളവർക്ക് അസ്പൃശ്യത ഉള്ളൂ എന്നതാണ് അതിവിചിത്രമായ കാര്യം. പാർലമെന്റിലേക്ക് മൃഗീയ ഭൂരിപക്ഷത്തിൽ ഇതര സംസ്ഥാനക്കാരെ ജയിപ്പിക്കാനും സർക്കാരുദ്യോഗത്തിന്റെ ഉയർന്ന സിംഹാസനങ്ങളിൽ വിഹരിക്കുന്ന ഇതര സംസ്ഥാനക്കാരെ ആദരിക്കാനും ബഹുമാനിക്കാനും നാം കാണിക്കുന്ന ഉത്സാഹം കണ്ടാൽ മൂക്കത്തു വിരൽ വച്ച് പോകും. 

ഒരു വിധത്തിൽ പറഞ്ഞാൽ ആരാണ് പ്രവാസി അല്ലാത്തത് ? പാലക്കാടുള്ളവൻ കൊച്ചിയിൽ വന്നാൽ പ്രവാസിയാണെന്നേ. എറണാകുളത്തുള്ളവൻ തിരുവനന്തപുരത്തെത്തിയാലും അങ്ങനെ തന്നെ. എന്തിന് ഒരു ഗ്രാമത്തിലുള്ളവൻ മറ്റൊരു ഗ്രാമത്തിലെത്തുമ്പോൾപ്പോലും അവിടെ ഈ പ്രശ്നമുണ്ട്. പിന്നെ ഒരേ ഭാഷ സംസാരിക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകാൻ പറ്റുന്നു എന്ന് മാത്രം. ഒരേ ഭാഷ പറയുന്ന മറ്റൊരു നാട്ടിൽ ചെന്ന് അബദ്ധത്തിലെങ്ങാനും ഒരു കുഴപ്പത്തിൽ ചാടി നോക്കണം; അപ്പോൾ കാണാം "വരത്തൻ ഇരുത്തൻ തിയറി"കളിൽ ബലം വച്ച് നീളുന്ന വരുന്ന കൊമ്പുകളും പല്ലുകളും നഖങ്ങളുമൊക്കെ.

പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കൊണ്ട്  മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഒരു കാലത്ത് മണി ഓർഡർ ഇക്കോണമി എന്ന് വിളിക്കപ്പെട്ടിരുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. ഏതെങ്കിലും വിധത്തിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ എത്തിപ്പെട്ട് എന്തെങ്കിലും ഒരു ജോലി ഒക്കെ കണ്ടു പിടിച്ച് നല്ലത് പോലെ അദ്ധ്വാനിച്ച് കിട്ടുന്നത് കൊണ്ട് അന്തസ്സായി കുടുംബം പുലർത്തുകയും സ്വത്ത് സമ്പാദിക്കുകയും ഒക്കെ ചെയ്ത മലയാളിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ ആയപ്പോഴേക്കും എല്ലിന്റെ ഇടയിൽ കുത്താൻ തുടങ്ങി. അവനിപ്പോൾ വേറെ ഭാഷ സംസാരിക്കുന്ന നമ്മുടെ തന്നെ നാട്ടുകാരനെ കാണുമ്പോൾ തല്ലാനും കൊല്ലാനും കൈ തരിക്കുന്നു. ഇവിടെ സ്ഥിരമായി ജീവിക്കുന്നവർക്ക് മാത്രമല്ല, ഇവിടെ നിന്ന് വിദേശങ്ങളിൽ പോയി "സെറ്റിൽ" ചെയ്ത ചിലർക്ക് പോലുമുണ്ട് നാട് വിട്ട് പണിയെടുത്ത് തിന്നുന്നവനോട് പുച്ഛവും വെറുപ്പും ശത്രുതയും....  !!!

എനിക്കും ഇപ്പോൾ പുച്ഛവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്... നമ്മളെങ്ങനെ നമ്മളായെന്ന് പോലും ഓർക്കാത്ത മലയാളിയെ കുറിച്ചോർക്കുമ്പോൾ... 

പ്രിയ റാംനാരായൺ മാപ്പ്.... അയാളുടെ ആത്മാവ് പൊറുത്താലും എട്ടും പത്തും വയസ്സ് മാത്രമുള്ള ആ കുഞ്ഞുങ്ങളും അവരുടെ അമ്മയും നമ്മളോട്  പൊറുക്കുമോ  !?

Monday, 17 November 2025

സർക്കാർ - എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ട് അതുല്യ പ്രതിഭകൾ

സർക്കാർ-എയ്‌ഡഡ്‌ പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും തിളക്കമാർന്ന വിജയം കൈവരിക്കാനും വലിയ ശമ്പളമുള്ള ജോലികൾ നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. പലപ്പോഴുംഈയൊരു ചിന്താഗതിയാണ്  വലിയ സാമ്പത്തികകച്ചിലവുണ്ടെങ്കിൽക്കൂടി കുട്ടികളെ കേന്ദ്ര സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ഭൂരിഭാഗം പേരും വെമ്പൽ കൊള്ളുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാലും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾ എത്തിപ്പിടിക്കാമെന്ന് തെളിയിച്ച സമർത്ഥരായ രണ്ട് പേരുടെ കഥയാണിത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ നിസി പൗലോസും P.R. ശ്രീകുമാറുമാണ് ആ പ്രതിഭകൾ. ഇന്ത്യയിൽ, ജയിക്കാൻ ഏറ്റവും പ്രയാസമേറിയ പ്രൊഫഷണൽ പരീക്ഷകളിൽ ഒന്നായാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ കണക്കാക്കപ്പെടുന്നത്.

എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള എളവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച നിസി പൗലോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എളവൂരിലെ സെയിന്റ് റോക്കീസ് എൽ പി സ്ക്കൂളിൽ നിന്നും സെയിന്റ് ആന്റണീസ് യു പി സ്ക്കൂളിൽ നിന്നുമായിരുന്നു. പൂവ്വത്തുശ്ശേരി സെയിൻറ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് SSLC ജയിച്ച ശേഷം ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജിൽ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പിന്നീട് നഴ്‌സിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിസി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജിൽ ലെക്ച്ചറർ ആയി ജോലി ചെയ്യുമ്പോഴാണ്, തന്റെ 37-ാം വയസ്സിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ തീരുമാനിച്ചത്. സി എ വിദ്യാർത്ഥിനി എന്ന നിലയിലും സി എ ആർട്ടിക്കിൾഡ് ക്ലർക്ക് എന്ന നിലയിലും കഠിനമായി അധ്വാനിക്കുമ്പോഴും സ്ക്കൂൾ വിദ്യാർത്ഥികളായ മകന്റെയും മകളുടെയും അമ്മ  എന്ന നിലയിലും ഒരു കുടുബനാഥ എന്ന നിലയിലും ചെയ്യേണ്ട കടമകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പഠിച്ച നിസി തന്റെ 41-ാം വയസ്സിൽ ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആയി.

P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.

നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.

Sunday, 5 October 2025

ഇന്ദിരാഗാന്ധി ഫോണിൽ വിളിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ എന്തിനാണ് പേടിച്ചത് !??


കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു പോസ്റ്റിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. സാധാരണ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലും ജന്മദിനത്തിലും കോൺഗ്രസ് അനുകൂല ഹാൻഡിലുകളിലാണ് പ്രസ്തുത പോസ്റ്റ് വ്യാപകമായി പ്രത്യക്ഷപ്പെടാറുള്ളത്. ആ പോസ്റ്റ് ഇങ്ങനെയാണ്.... 

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ, 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പോസ്റ്റിൽ പറയുന്ന യുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമായിരുന്നില്ല എന്നതാണ് വാസ്തവം. ഈ യുദ്ധം തുടങ്ങുന്നതിന് കൃത്യം 117 ദിവസം മുൻപേ, ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സോവിയറ്റു യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി (അന്ന് ആ രാജ്യത്തിൻറെ ഭരണത്തലവന്റെ designation അങ്ങനെ ആയിരുന്നു) ലിയോണിഡ് ബ്രെഷ്നേവും ചേർന്ന് ഒപ്പിട്ട "Indo-Soviet Treaty of Peace, Friendship, and Cooperation" ന്റെ ബലത്തിലായിരുന്നു. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ തങ്ങളുടെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും ആർക്കും പറയാനാവില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമേയില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡുകൾ, കുറേക്കാലം മുൻപ് ഔട്ട്‌ ലുക്ക്‌ മാസികയിൽ  വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര വെറി പിടിപ്പിച്ചിരുന്നു എന്നു മനസിലാകും. 

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെ  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. (ലളിതമായി പറഞ്ഞാൽ വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവുന്നത് പോലെ). ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കേണ്ടത്. 



Wednesday, 17 September 2025

A Gentle Soul with a Heart Full of Compassion














A priest with humble heart and hands,

He walks the earth with gentle strands.

Father Boby, a beacon bright,

Guiding souls through dark to light.


With teachings deep, like rivers wide,

He speaks of love, with none to hide.

Through laughter, wisdom, truth unfolds,

A sage who is patient listener than speaker.


In simple words, his message clear,

To love, to care, to hold life dear.

A world of peace, where all are fed,

Where hunger’s pain is gently shed.


Anchappam and Capuchin Mess,

The places where love is worth much more.

No cashbox waits to claim the price,

One may give what’s in ones heart today.


Each grain of rice, each piece of bread,

Is a message, a prayer said.

To feed the soul, not just the flesh,

To heal the world in kindness fresh.


In simple acts, a life is lived,

With love and joy, to others give.

Friar Boby’s work, a humble song,

Reminds us where we all belong.


May kindness flow, as rivers wide,

May we, like him, in love abide.

For life is but a fleeting breath,

And love alone outlasts our death.

Poetic Reflections of a Crazy Soul


Friday, 15 August 2025

TAU KAAVU: Roots of Grace, Branches of Hope, and the Stem of Compassion

Where Kochi's spirit, vibrant and old, 

A story of compassion starts to unfold. 

Tau, an ancient Greek sign, leads the way,

 As Kaavu blossoms, a light for today. 

From Kerala's heritage, its essence takes flight,

 A sacred grove bathed in gentle light.


No longer just deities, a modern plea:

To build green havens, wild and truly free.

Bobyachan's vision, firm and true,

At Mulavukadu, a bold dream broke through.

To nurture spirit, body, and mind,

Protecting all life, for humankind.


In Kochi’s midst, this haven quietly grows,

Where banyan winds whisper and stillness flows.

A pond reflects the skies above,

A mirror to the soul, reflecting kindness and love.

Mud-roofed homes and thatched repose,

Here peace in simple living softly flows.


A vegetable farm, where green things thrive,

And human hearts find solace, truly alive.

Each leaf, each bird, each ancient tree,

Whispers of hope, of pure harmony.

Every detail crafted, purpose steeped,

The sacred gifts the Earth has kept.


This Kaavu sparks a vision, vast and deep,

Where solace for modern struggles we'll keep.

For stress, anxiety, and apathy's sting,

A healing haven new hope will bring.

Here, traditional huts will offer calm retreat,

A peaceful forest escape, wonderfully sweet.


This is not just wood and stone,

But where the community feels less alone.

A place to breathe, to gather, to pray,

To share the light in every new day.

A crowd’s compassion, freely sown,

Becomes a living forest, fully grown.


Together, hand in hand we trace

A path of love, a boundless, compassionate space.

So walk this grove where silence sings,

Where Tau uplifts all living things.

The Kaavu of Kochi, bold and bright,

A sanctuary of hope, of shared life, of light.

Poetic Reflections of a Crazy Soul

Monday, 21 July 2025

കേരളത്തിന്റെ സമര യൗവനം അസ്തമിച്ചു; ലാൽ സലാം

 

കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരള രാഷ്ട്രീയം കണ്ട നേതാക്കളിൽ പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനായിരിക്കും. ഒരു നൂറ്റാണ്ടിന് മുകളിൽ ജീവിച്ച വി എസിന്റെ ജീവിതം സമൂഹത്തിന് ആശയും ആവേശവും നൽകിയ എണ്ണമറ്റ സമരങ്ങളുടേതായിരുന്നു. 'സമരം തന്നെ ജീവിതം' എന്നാണ് വി. എസിന്റെ ആത്മകഥയുടെ പേര്. അതിലുമേറെ സത്യസന്ധമായ മറ്റേതൊരു പേരാണ് അതിന് ചേരുക !?? കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച കമ്യൂണിസ്റ്റ് അനുഭാവികളുടെ മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യത്തിന്റെ കരിമ്പാറയെ പഞ്ഞി പോലാക്കിയ നേതാവായിരുന്നു വി. എസ്സ്. 

ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20- ണ് ആരാധകരുടെ വി എസ്‌ ജനിച്ചത്. സ്‌കൂളിൽ ഒപ്പം പഠിക്കുന്ന ജാതി വെറി പൂണ്ട സവർണ്ണക്കുട്ടികൾ വി എസിനെ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽ വന്ന് ഇതിനെപ്പറ്റി പരാതി പറഞ്ഞ അച്യുതാനന്ദന് അച്ഛൻ അയ്യൻ ശങ്കരൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്തിട്ട് പറഞ്ഞു, ഇനി ഉപദ്രവിക്കുന്നവരെ ഇതിന്റെ ബലത്തിൽ ചെറുത്ത്‌ നിൽക്കണം. ആ ആത്മവിശ്വാസത്തിൽ തുടങ്ങിയ ചെറുത്തു നിൽപ്പാവണം വി എസിലെ പോരാളിയെയും നിഷേധിയെയും രൂപപ്പെടുത്തിയത്. ബാല്യത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് സഹോദരിയുടെ സംരക്ഷണയിൽ ആയിരുന്നു പിന്നീട് ജീവിച്ചത്. അച്ഛന്‍റെയും അമ്മയുടേയും മരണത്തോടെയാണ് വി എസ്സിനെ ഒരു നിരീശ്വരവാദിയായതെന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചേട്ടന്റെ തയ്യൽക്കടയിൽ തുന്നൽപ്പണികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് കയർ തൊഴിലാളി ആയി മാറുന്നത്. തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടും അനുഭവിച്ചും അദ്ദേഹം മനസിലാക്കുന്നത് ആ കാലത്താണ്. 

നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. കയർ തൊഴിലാളി യൂണിയനിൽ പ്രവർത്തകനായിരിക്കുമ്പോഴാണ് സഖാക്കളുടെ സഖാവായിരുന്ന പി.കൃഷ്ണപിള്ള വി എസിലെ കനൽ തിരിച്ചറിയുന്നത്.  കൃഷ്ണപിള്ളയാണ് വി എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു വി എസിൽ വന്നു ചേർന്ന ആദ്യ പാർട്ടി ദൗത്യം. പതിനേഴാം വയസിൽ പാർട്ടി അംഗമായി.

1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ, കേരളത്തിലെ തൊഴിലാളി വർഗ പോരാട്ടത്തിന്റെ ഇന്നും ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു ആ സായുധ പ്രക്ഷോഭം. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്സ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. സമരത്തിന് നേരെ ഉണ്ടായ പട്ടാള വെടി വെപ്പിനെത്തുടർന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പിന്നീട് അറസ്റ്റിലായ വി എസ്സ് അനുഭവിച്ച കൊടിയ പൊലീസ് മർദനങ്ങൾക്ക് കണക്കില്ല. പാര്‍ട്ടി പരിപാടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. വി എസിൽ നിന്നൊരു വിവരവും പൊലീസിന് കിട്ടിയില്ല എന്ന് മാത്രമല്ല  ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കേണ്ട ഗതികേടിലായി പൊലീസ്

പിന്നീടിങ്ങോട്ട് സമരം തന്നെ ജീവിതമായി. നിരവധി സമര മുഖങ്ങളിൽ അദ്ദേഹം ഹൈ വോൾട്ടേജ് താരമായി മാറി. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ സ്ത്രീ പീഡനം, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഏറെക്കുറെ ഒറ്റക്കായിരുന്നു വി എസ് പോരാടിയത്. സൂര്യനെല്ലി കൂട്ട ബലാല്സംഗക്കേസിലെ ഇരക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിലകൊണ്ടു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ അനുഭാവപൂർവ്വം ചേർത്തു പിടിച്ചു. എൻഡോസൾഫാൻ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങി എണ്ണിത്തീർക്കാനാവാത്തത്ര ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിറ്റുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത ജനസമ്മതി നേടിക്കൊടുത്തിരുന്നു.  മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ജനസ്വീകാര്യത വി എസിനെ കേരളം രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് നേതാവാക്കി. ഒരു പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർ കണ്ടതിൽ വച്ച് ഏറ്റവും കർക്കശ്യക്കാരനും അതേ സമയം ജനസമ്മതനുമായ രാഷ്‌ടീയ നേതാവ് വി എസ് ആയിരിക്കണം. 

പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു വി എസ്‌. പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടെന്ന് ഒരു പാർട്ടിക്കാരനും ഉറച്ച് സമ്മതിച്ചു തരില്ലെങ്കിലും പൊതുജനം കണ്ടു മനസിലാക്കിയ വിഭാഗീയതയിൽ, ഒരു ഭാഗത്ത് എന്നും വി. എസ്. ഉണ്ടായിരുന്നു. വിഭാഗീയത എന്ന് മാധ്യമങ്ങളും പൊതുജനവും പറഞ്ഞ നിലപാടുകളെ വി എസ് വിളിച്ചത് പാർട്ടിക്കകത്തെ ആശയ സമരം എന്നായിരുന്നു. പാര്‍ട്ടിക്ക് പിഴക്കുന്നു എന്ന  തോന്നലുണ്ടായപ്പോഴെല്ലാം തന്റെ പാര്‍ട്ടി ഇങ്ങനെയല്ലെന്ന് പറയാതെ പറയുന്ന അസ്സൽ കമ്മ്യൂണിസ്റ്റായിരുന്നു  അച്യുതാനന്ദന്‍. നിലപാടുകളിലെ വിട്ടു വീഴ്ചയില്ലായ്മ തന്നെയായിരുന്നു പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചത്. ഒരു ഘട്ടത്തിൽ E. K. നായനാർ ആയിരുന്നു പ്രധാന എതിരാളി എങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് പിണറായി വിജയൻ കടന്നു വന്നു. നായനാർ എതിരാളി ആയിരുന്ന കാലത്ത് പിണറായി വി എസിനൊപ്പമായിരുന്നു ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്. 

പാർലിമെന്ററി രാഷ്ട്രീയത്തിൽ ജയവും പരാജയവും പലവട്ടം വി എസിന്റെ വഴിയേ വന്നു. നിരവധി തവണ എം. എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ട വി എസ്, പല വട്ടം തോൽവിയെയും മുഖാമുഖം കണ്ടു. രണ്ട് പ്രാവശ്യം പ്രതിപക്ഷനേതാവായപ്പോൾ ഒരേയൊരു പ്രാവശ്യം മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. കേരള നിയമസഭകളിലേക്ക് പൊതു തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടി ജയിക്കുമ്പോൾ വി. എസ്. തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന കൗതുകകരമായ വൈരുദ്ധ്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ആ തോൽവി സ്വന്തം പാർട്ടിയിലെ ചിലർ ചേർന്ന് ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവ് വന്നതോടെ ഇടത് പക്ഷത്തിനു പുറത്തുള്ള ആളുകളുടെയടക്കം ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിത്തുടങ്ങി. 2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത കാരണം വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.  ഒടുക്കം, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. എൺപത്തി മൂന്നാം വയസിലാണ് കേരള മുഖ്യമന്ത്രി പദം അദ്ദേഹത്തെ തേടി വന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു തവണ പോലും മന്ത്രിയായിരുന്നിട്ടില്ല എന്നതും ഒരു കൗതുകമാണ്.

2006-ൽ വി.എസിന്‌ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പറഞ്ഞ ഒരു അഭിപ്രായമുണ്ട്; "വി.എസ്‌. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമാണ്‌, അതു കൊണ്ടു തന്നെ അതിനെ നിശ്ശബ്ദമാക്കാനാവില്ല"; ഇതായിരുന്നു ആ അഭിപ്രായം. അതെ; അധികാര കസേരയിലിക്കുന്നവർ അവർക്കു തോന്നുമ്പോൾ മാത്രം ജനങ്ങളോട് സംസാരിക്കും; അപ്പോൾ മാത്രം കേൾക്കാൻ അവകാശപ്പെട്ടവരാണ് അവർ എന്ന മനോഭാവത്തിൽ അഭിരമിക്കുന്ന നേതാക്കൾക്ക് ഒരു അപവാദമായിരുന്നു വി എസ്. മിക്കവാറും നീട്ടിയും കുറുക്കിയും വക്രീകരിച്ചും വാക്കുകളും വാചകങ്ങളും ഒരു അർധോക്തിയിൽ നിർത്തി, സത്യങ്ങൾ വിളിച്ചു പറയാനും വിവാദങ്ങളായ പ്രസ്താവന നടത്താനും ധൈര്യം കാണിച്ച നേതാക്കളിൽ വി.എസിനോളം പോന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയേറ്റിൽ തന്നെ നടത്താറുള്ള വാർത്താസമ്മേളനങ്ങൾ വി എസിന്റെ നിലപാട് തറയായി മാറുന്നത് എത്ര പ്രാവശ്യം കേരളം കണ്ടു എന്നതിന് കണക്കൊന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ശേഷം പത്ര സമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ മിക്കവാറും പ്രകോപനപരമായ ഒരു കൊസറ കൊള്ളി ചോദ്യം ചോദിക്കുന്നത്. സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു കൊണ്ടു തന്നെ ആ ചോദ്യം ശ്രദ്ധിക്കുന്ന അദ്ദേഹം കാതുകൂർപ്പിക്കും വേദിയിൽ നിന്നിറങ്ങി കസേരയിൽ രണ്ടു കൈയും ഊന്നിക്കൊണ്ട് അല്ലെങ്കിൽ ഹാളിന്റെ മൂലയിൽ നിന്ന് കൊണ്ട് പറയുന്ന മറുപടി മിക്കവാറും ഒരു രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമായിരിക്കും. ‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്ന പ്രസ്താവന, റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ നെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വിളിച്ചത്, മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട് സി പി ഐയുമായി ഇടഞ്ഞപ്പോൾ പന്ന്യൻ രവീന്ദ്രനെപ്പറ്റി പറഞ്ഞ 'തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്ന പരാമർശം ഒക്കെ ഇതിനുദാഹരങ്ങൾ ആണ്.

1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സമിതി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് കമ്യൂണിസ്റ്റ് മാർക്സിറ്റ്‌ പാർട്ടി (സി പി ഐ എം) ന് രൂപം കൊടുത്ത 32 പേരിൽ ജീവിച്ചിരുന്ന അവസാനത്തെ ആൾ വി.എസ് ആയിരുന്നു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നപ്പോഴും സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന് എതിരാളികൾക്കും ശത്രുക്കൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അറുപതുകളിലെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും  മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്നുമായിരുന്നു ബദല്‍ രേഖയുടെ സാരാംശം. എന്ന ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരു വിധ സഖ്യവും പാടില്ലെന്ന പാർട്ടി പരിപാടിയിൽ വെള്ളം ചേർക്കാൻ വി എസ് സമ്മതിച്ചില്ല. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി വീണ്ടും പിളരുമെന്ന സാധ്യത പോലും ഉയർന്നു വന്നു. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ പാറ പോലെ ഉറച്ചു നിന്നു. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അന്ന് പാർട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷവും വലിയ അംഗീകാരവും വി എസിന് ലഭിച്ചു. പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ച വിശ്വാസത്തിന്മേലായിരുന്നു. അത് കൊണ്ട് തന്നെ പല കാലങ്ങളിലായി പാർട്ടി നടപടികൾക്ക് വി എസ് വിധേയനായിക്കൊണ്ടേയിരുന്നു. ഒരു പക്ഷെ സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാളായിരിക്കണം വി.എസ്.

ഒരർത്ഥത്തിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു വി എസ്. സാർവ്വലൗകികതയുടെയും മാനവികതയുടെയും കൊടി ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ്. അയാൾ കലാപകാരിയാണ്. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അത് കൊണ്ട് തന്നെ ആധുനിക കാലത്ത് അയാൾക്ക് അധികം പിൻഗാമികൾ ഉണ്ടാവണമെന്നില്ല. പിണറായി 2.0 മന്ത്രിസഭയിൽ നോക്കിയാൽ ഇപ്പോൾ പിണറായിഅല്ലാത്ത എല്ലാവരും പുതുമുഖങ്ങളാണ്. അതിൽ ഒരാൾ പോലും വി എസ് അനുയായികൾ അല്ല. പാർട്ടി നേതൃത്വത്തിലും സ്ഥിതി വിഭിന്നമല്ല. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും എതിർക്കപ്പെടേണ്ടതിനോട് അനുരഞ്ജനപ്പെട്ടുമൊക്കെ മുന്നേറുന്നവർക്ക് വി.എസിന്റെ പിന്തുടർച്ചക്കാർ ആവാൻ പറ്റില്ല. 

ഒരു നൂറ്റാണ്ടിനടുത്ത് രാഷ്ട്രീയ കേരളത്തെ പ്രചോദിപ്പിച്ച പോരാട്ടവീര്യവും സമരസാന്നിധ്യവുമായിരുന്നു ഒരു പച്ച മനുഷ്യനാണ് ഇന്നില്ലാതായിരിക്കുന്നത്. പ്രായത്തിന്റെ അനിവാര്യമായ മുന്നോട്ട് പോക്കിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി വെക്കേണ്ടി വന്ന വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുമ്പോളും മറക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, സമര പോരാട്ട മുഖങ്ങളിലെ വി.എസ് എന്ന യുവാവിനെ. തൊഴിലാളിക്കും മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് നൂറ് ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ.