പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.
ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".
ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"









.png)
