1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020), ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020).
2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെലങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?
വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 






.png)

