ഞാൻ വെറും പോഴൻ

Friday, 28 June 2024

ഉള്ളുലഞ്ഞു പോകാതെ കണ്ടു തീർക്കാനാവില്ല ഈ ഉള്ളൊഴുക്ക്


(മുന്നറിയിപ്പ് : ആസ്വാദനക്കുറിപ്പായത് കൊണ്ടും ഇക്കാര്യത്തിൽ പ്രൊഫഷണൽ അല്ലാത്ത
ത് കൊണ്ടും സ്‌പോയ്‌ലർ പോയിന്റ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്. സിനിമ കാണാത്തവർ ഇക്കാര്യം മനസ്സിൽ വച്ചിട്ട് മാത്രം വായിക്കുക)  

രണ്ട് സ്ത്രീ കഥാപാത്രങ്ങളെ മാത്രം ചിത്രീകരിച്ചു കൊണ്ടുള്ള ഹോർഡിങ്ങുകളും അതിൽ കണ്ട നടിമാരുടെ മുഖങ്ങളും "ഉള്ളൊഴുക്ക്" എന്ന പേരിലെ കൗതുകവുമാണ് അത് കാണാൻ എന്നെ തിയ്യേറ്ററിൽ എത്തിച്ചത്. തരക്കേടില്ലാതെ സിനിമ റിവ്യൂ ചെയ്യുന്ന ഒന്ന് രണ്ട് യുട്യൂബേർഴ്‌സിന്റെ അഭിപ്രായവും ഉപകാരപ്പെട്ടു. 

ഒരു വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ ഉണ്ടാകുന്ന മരണത്തെത്തുടർന്ന്  മൃതദേഹം സംസ്‌കരിക്കുന്നതിനായി, വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ, കുടുംബത്തിലെ ആളുകളുടെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. വെള്ളമിറങ്ങാനായി കാത്തിരിക്കുന്ന സമയത്ത്, ആ കുടുംബത്തിന്റെ അടിത്തറയെ തന്നെ ശിഥിലപ്പെടുത്താൻ പാകത്തിൽ, വെളിപ്പെടുന്ന ചില സത്യങ്ങളും കള്ളങ്ങളും രഹസ്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും, അത് ആ കുടുംബത്തിലും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിലും ഉണ്ടാക്കുന്ന ഉലച്ചിലുകളും അന്തഃസംഘർഷങ്ങളുമൊക്കെയാണ്‌ ഉള്ളൊഴുക്കിന് ഊടും പാവും നെയ്യുന്നത്. അതോടൊപ്പം കുട്ടനാട് വർഷാവർഷം അനുഭവിക്കേണ്ടി വരുന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതവും കൂടി ഉള്ളൊഴുക്ക് വരച്ചിടുന്നുണ്ട്.. 

വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇഷ്‍ടമില്ലാത്ത ഒരു വിവാഹത്തിന് സമ്മതിക്കേണ്ടി വന്ന പെൺകുട്ടിയാണ് പാർവതി അവതരിപ്പിക്കുന്ന അഞ്ജു. സാധാരണ കുടുംബത്തിൽ നിന്നുള്ള ടെക്സ്റ്റയിൽ ഷോപ്പ് ജീവനക്കാരിയായ അഞ്ജു വിവാഹത്തോടെ എത്തിപ്പെടുന്നത് കുടുംബപാരമ്പര്യവും സാമ്പത്തിക ശേഷിയുമുള്ള ലീലാമ്മ (ഉർവശി) യുടെ കുടുംബത്തിലാണ്.  അവരുടെ മകൻ തോമസ് കുട്ടിയാണ് അഞ്ജുവിനെ വിവാഹം ചെയ്തത്. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള  ആ വീട്ടിൽ ജീവിക്കവേ കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നു. തോമസുകുട്ടി രോഗബാധിതനാകുന്നു. അയാളെ  പരിചരിച്ചു കൊണ്ടുള്ള ആ ജീവിതത്തിനിടെ തന്റെ മുൻ കാമുകനുമായുള്ള ബന്ധം അഞ്‍ജു തുടരുകയും ചെയ്യുന്നുണ്ട്. പിന്നീട് തോമസുകുട്ടി മരണപ്പെടുന്നതും അഞ്‍ജു ഗര്‍ഭിണിയാണെന്നറിയുന്നതും മുൻപ് സൂചിപ്പിച്ചത് പോലുള്ള ചില വെളിപ്പെടുത്തലുകളും അതുണ്ടാക്കുന്ന വൈകാരിക സ്ഫോടനങ്ങളും അതിന്റെ തുടർചലനങ്ങളുമാണ് ഉള്ളൊഴുക്ക് കാണിച്ചു തരുന്നത്. മതം, തറവാട്ട് മഹിമ, കുടുംബ പാരമ്പര്യം, മാനം, അന്തസ്സ്, ആചാരങ്ങൾ, സമ്പത്ത്, ആണധികാരം, സദാചാരം തുടങ്ങിയ ഒട്ടേറെ സാമൂഹിക മാനദണ്ഡങ്ങൾക്കകത്ത് തടവിലാക്കപ്പെട്ട കഥാപാത്രങ്ങളുടെ വിശിഷ്യ സ്ത്രീകഥാപാത്രങ്ങളുടെ നിസ്സഹായതയിലേക്കാണ് ഉള്ളൊഴുക്ക് കാമറ തിരിക്കുന്നത്. പല ഘട്ടങ്ങളിലും കഥാപാത്രങ്ങളുടെ നിസ്സഹായതയും മാനസിക പിരിമുറുക്കങ്ങളും നമ്മളെയും പിടികൂടും. ആരാണ് ശരി, ആരാണ് തെറ്റ്, ആരുടെ ഭാഗത്താണ് ന്യായം, ആരാണ് അപരാധി, ആരാണ് നിരപരാധി ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ വിധി തീർപ്പ് പ്രയാസമാകുന്ന എത്രയോ മുഹൂർത്തങ്ങൾ. ഇന്ത്യയിലെ നല്ലൊരളവ്‌ സ്ത്രീകളും വിവാഹിതരായിരിക്കുന്നത് അവരുടെ ഭർത്താവുമായി മാത്രമല്ല; മറിച്ച് അയാളുടെ കുടുംബത്തെക്കൂടിയാണെന്നുള്ള ഒരു നിരീക്ഷണം കേട്ടിട്ടുണ്ട്. അതീ സിനിമയിൽ കൃത്യമായി കാണാനാകും. സ്വന്തം നിലപാടും സ്വാതന്ത്ര്യവാഞ്ഛയും ധീരമായി ഉറച്ച വാക്കുകളിൽ തന്നെ പ്രകടിപ്പിക്കുന്ന അഞ്ജു ഒടുവിൽ സാമ്പ്രദായിക വാർപ്പ് മാതൃകകളിലെന്ന പോലെ കുടുംബത്തിന്റെ ഒഴുക്കിലേക്ക് അലിഞ്ഞു ചേരാൻ തീരുമാനിക്കുന്നിടത്താണ് ഉള്ളൊഴുക്ക് അവസാനിക്കുന്നത്. താൻ ആത്മാർഥമായി സ്നേഹിച്ചവൻ സമ്പത്തിനോട് നിർലജ്ജം കാണിക്കുന്ന താല്പര്യവും നിവൃത്തികേടിന്റെ മുനമ്പിൽ നിൽക്കുന്നവളെ സ്വീകരിക്കുകയാണെന്ന തരത്തിലുള്ള  ഔദാര്യ മനോഭാവവുമായിരിക്കണം അഞ്ജുവിനെ ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതാം. 

ഉർവ്വശി എന്ന അഭിനയ സർവ്വകലാശാലയുടെയും അവിടെ പഠിക്കാനെത്തുന്ന സമർത്ഥയായ വിദ്യാർത്ഥിനി പാർവതിയുടെയും പകരം വയ്ക്കാനില്ലാത്ത ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ രാധാകൃഷ്ണൻ എന്ന് വേണ്ട ചെറിയ വേഷങ്ങൾ ചെയ്തവർ പോലും അവരുടെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉള്ളൊഴുക്കിൽ ഉർവ്വശി വിരലുകൾ കൊണ്ടും ഒരു മൂളൽ കൊണ്ടുമൊക്കെ അഭിനയിക്കുന്നത് കാണാം. പലപ്പോഴും ഉർവ്വശിയുടെ അഭിനയത്തിനൊപ്പം നില്ക്കാൻ മറ്റ് അഭിനേതാക്കൾ നന്നായി ബുദ്ധിമുട്ടുന്നത് പോലെ തോന്നി. ഇടതടവില്ലാത്ത കണക്ക് പെയ്തു കൊണ്ടിരിക്കുന്ന മഴ, അതിനല്പം കുറവുള്ളപ്പോൾ മൂടിക്കെട്ടി കാർമേഘം നിറഞ്ഞു പെയ്യാൻ നിൽക്കുന്ന ആകാശം, അരക്കു താഴെ പ്പോഴും നിൽക്കുന്ന വെള്ളം.... ഈ ദൃശ്യങ്ങൾ തന്നെ മനസിലെ വികാരങ്ങളെ കനപ്പെടുത്തുന്നതാണ്. പെണ്ണുടലിന്റെ മുഴുപ്പും കൊഴുപ്പും ഷോ കേസ് ചെയ്യാതെയും പാട്ടും ഇടിയും തല്ലും തരം താണ ഫലിതങ്ങളും മറ്റ് മസാലക്കൂട്ടുകൾ ഒന്നും തന്നെ ഇല്ലാതെയും ഭദ്രമായ തിരക്കഥയും മികച്ച സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ഒത്തിരി മുഴച്ചു നിൽക്കാത്ത പശ്ചാത്തല സംഗീതവുമെല്ലാം ഉള്ളൊഴുക്കിനെ വെള്ളിത്തിരയിലെ കാവ്യമാക്കുന്നുണ്ട്.

"ഉള്ളൊഴുക്ക്"  എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് സംശയമുണ്ട്. കോയിൻ ചെയ്യപ്പെട്ട ഒരു വാക്കാണെന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ ആ വാക്കിന് കൃത്യമായി ഒരർത്ഥമുണ്ടെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് മനസിലാകും. കുറച്ച് കാലത്തിന് ശേഷമാണ് ഒരു സിനിമ വികാര വേലിയേറ്റങ്ങൾ കൊണ്ട് ഉള്ളുലച്ച് കളഞ്ഞത്.... നെഞ്ചിലെ കനം കുറയുന്നില്ല. 

Hats Off to the one and only Urvasi and Team "Ullozhukku"

(PS : ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവ്വശിക്കൊരു സംസ്ഥാന അവാർഡ് ഉറപ്പാണെന്നാണ് എന്റെ ഒരു വിലയിരുത്തൽ; ദേശീയ അവാർഡും കിട്ടാനുള്ള സാധ്യതയുണ്ട്.)

Monday, 20 May 2024

കൊന്നും കൊല്ലാതെ കൊന്നും, ഒടുങ്ങാതെ സൈബർ ബുള്ളിയിങ്ങ്..!!!

ഒരു ബട്ടൺ ക്ലിക്കിലൂടെ എന്തും ഏതും വിരൽത്തുമ്പിൽ ലഭ്യമാകുന്ന, അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ് സാമൂഹികമാധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ. വലിയൊരു ആകാശമായിരുന്നു, സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഓരോ മനുഷ്യനും അത് സമ്മാനിച്ചത് . സ്വന്തം ജോലിയും കുടുംബവും സ്വകാര്യജീവിതവുമൊക്കെയായി നടന്നിരുന്ന സാധാരണ മനുഷ്യർക്ക് പോലും ആത്മപ്രകാശനത്തിനുള്ള വലിയ വേദിയാണ് സോഷ്യൽ മീഡിയ. ജീവിത യാത്രയിൽ കൈമോശം വന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ എന്നിവ വീണ്ടും സജീവമാക്കാനും പ്രകടിപ്പിക്കാനാവാതെ പോയ കല സാഹിത്യ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും സാമൂഹ്യ രാഷ്ട്രീയ വിമർശനം നടത്താനും പുതിയ പുതിയ ബിസിനസ്സ് ആശയങ്ങൾ വലിയ ചിലവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമെല്ലാം സാമൂഹ്യ മാധ്യമങ്ങൾ വഹിച്ച പങ്ക് തീരെ ചെറുതായിരുന്നില്ല. ഓരോരുത്തർക്കും അവരുടെ അനുഭവങ്ങളും ആശയങ്ങളും ഇഷ്ടങ്ങളും താൽപ്പര്യങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ സമൂഹത്തിന് മുൻപിൽ തുറന്നിടാൻ അനന്തമായ സാധ്യതകൾ തുറന്നുവച്ച വലിയ ലോകമാണ് സോഷ്യൽ മീഡിയ. അനന്തമായ വിവരങ്ങളും എണ്ണമില്ലാത്ത അവസരങ്ങളും വിവരസാങ്കേതികത നമ്മുടെ വിജ്ഞാന അടിത്തറയെ വിപുലമാക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹവുമായി സംവദിക്കുന്നതോടൊപ്പം, സ്വന്തം നയനിലപാടുകളോടും കാഴ്ചപ്പാടുകളോടുമൊക്കെയുള്ള അപരന്റെ യോജിപ്പുകളും വിയോജിപ്പുകളും വിശകലനം ചെയ്യുന്നതിലൂടെ  മനുഷ്യരെ പല രീതിയിലും സോഷ്യൽ മീഡിയ പരിഷ്കരിക്കുന്നുമുണ്ട്. ഇതൊക്കെ പറയുമ്പോഴും, എല്ലാ പുരോഗതിക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. Information ന്റെ ലഭ്യതയും Connectivity യുടെ സാധ്യതകളും വർദ്ധിക്കുന്നതിനനുസരിച്ച് സൈബർ ലോകവുമായി ബന്ധപ്പെട്ട മോശം പ്രവണതകളും വളർന്നു വരുന്നുണ്ട്. ഏത് കാര്യത്തെയും ദുഷിപ്പിക്കാൻ മനുഷ്യനുള്ള പ്രത്യേക കഴിവ് വിവരസാങ്കേതികതയെയും സാമൂഹ്യ മാധ്യമങ്ങളെയും ദുഷിപ്പിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അത്തരം ദുഷിപ്പുകളിലെ ഏറ്റവും മോശമായതും വ്യാപകമായതുമായ ഒന്നാണ് സൈബർ ബുള്ളിയിങ്.  

എന്താണ് സൈബർ ബുള്ളിയിങ് !? ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളും തേജോവധവുമാണ് സൈബര്‍ ബുള്ളിയിങ്. ഏതു തരം ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും തേജോവധങ്ങളും ഇതിന്റെ പരിധിയില്‍ വരാം. സൈബർ ബുള്ളിയിങ് സംഭവിക്കുന്നത് ശത്രുതയോ വിരോധമോ ഉള്ളവരിൽ നിന്നോ അപരിചിതരില്‍ നിന്നോ തന്നെ ആവണമെന്നില്ല; അത് അറിയാവുന്ന ആള്‍ക്കാരില്‍ നിന്നു പോലും ആവാം. 

തന്നെ എതിർക്കാൻ ശേഷിയോ സാഹചര്യമോ ഇല്ല എന്നുറപ്പുള്ള ആളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ആളെയാണ് "BULLY" എന്ന് വിളിക്കാറുള്ളത്. ഡിക്ഷണറി നോക്കിയാൽ ബുള്ളിയിംഗ് (BULLYING) എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, മുഠാളത്തം കാട്ടുക എന്നൊക്കെയാണ് അർഥം കാണുന്നത്. ബുള്ളിയിംഗ് എന്ന പദം തീരെ പുതിയതല്ലെങ്കിലും ക്രൂരമായ ബുള്ളിയിംഗ് വ്യാപകവും അസഹനീയവും ആയത്, മനുഷ്യൻ ഇന്റർനെറ്റിന്റെ ചിറകിലേറി അതിരുകളില്ലാതെ ലോകം കീഴടക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിലാണ്. 

ബലഹീനനായ ഒരു വ്യക്തിക്കു നേരെ നടത്തുന്ന കടന്നു കയറ്റമെന്ന നിലയിൽ ബുള്ളിയിങ്ങ് പ്രാചീനകാലത്തും ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. മിക്കവാറും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രരേഖകളിലുമെല്ലാം ബുള്ളിയിങ്ങിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും. 

പഠനത്തിനും വിനോദത്തിനും സമയം കൊല്ലലിനുമൊക്കെയായി ഓൺലൈനിനെ ആശ്രയിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്നതനുസരിച്ച്, സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികൾ സ്ത്രീകളെയും കുട്ടികളെയും താരതമ്യേന ദുർബ്ബലരെയുമൊക്കെ ബാധിക്കുന്ന അപകടകരമായ പ്രവർത്തനമായി മാറിക്കൊണ്ടിരിക്കുകയാണ്. അജ്ഞാത മുഖങ്ങൾക്ക് പിന്നിലൊളിച്ചും  സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് വ്യാജ ഐഡന്റിറ്റിയിൽ ആക്രമിക്കാമെന്നതിനാലും ആരേയും ഏതു സമയത്തും ആക്രമിക്കാമെന്നതിനാലും നവ-സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള  ബുള്ളിയിംഗ് സങ്കല്പങ്ങൾക്കപ്പുറമുള്ള വിനാശങ്ങൾ വരുത്താൻ കെല്‍പ്പുള്ള ഒന്നായി തീരുന്നുണ്ട്.

സോഷ്യൽ മീഡിയയെ പറ്റി ചർച്ച ചെയ്യുമ്പോൾ സ്ത്രീകളെ പ്രത്യേകമായി പരാമർശിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ഭയാശങ്കകളില്ലാതെ ഉറച്ച സ്ത്രീ ശബ്ദങ്ങളും കൃത്യമായ നിലപാടുകളുമായി സ്ത്രീ സമൂഹത്തിൽ ഇടപെടുന്ന ഇടമാണ് സോഷ്യൽ മീഡിയ എന്ന് കാണാൻ കഴിയും. മുൻപൊക്കെ, ഭൂരിഭാഗം സ്ത്രീകളെയും സംബന്ധിച്ച് നിലപാടുകൾ തുറന്നു പറയാനും സ്വന്തം കഴിവുകളും സൃഷ്ടികളും സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാനുള്ള സാധ്യതകൾ തീരെ കുറവായിരുന്നു. സിനിമ, രാഷ്ട്രീയം, കല, സാഹിത്യം എന്നിവയിലൊക്കെ ഇപ്പോൾ കാണാനാകുന്ന സാന്നിധ്യത്തെ സോഷ്യൽ മീഡിയക്ക് മുൻപെന്നും പിൻപെന്നും തിരിച്ചാൽ അത് തമ്മിൽ താരതമ്യത്തിന് പോലും പര്യാപ്തമല്ലെന്നു കാണേണ്ടി വരും. "അസമയം", "ശാരീരിക പരിമിതികൾ" എന്നൊക്കെയുള്ള പരിധികൾ നിശ്ചയിച്ച് മിക്കവാറും പൊതു  ഇടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടാ വിഭാഗമായിരുന്നു സ്ത്രീകൾ. അത്തരം പരിധികളെയും പരിധികളെയും തകർത്ത വിപ്ളവമായിരുന്നു സോഷ്യൽ മീഡിയ. അവർക്ക് സ്വതന്ത്രമായി രാഷ്ട്രീയം പറയാനും സാമൂഹ്യ വിമർശനം നടത്താനും എഴുതാനും പാടാനും ആടാനുമെല്ലാം അത് അവസരം കൊടുത്തു. ഈ അനുകൂല ഘടകങ്ങൾ നില നിൽക്കുമ്പോൾ തന്നെ, സമൂഹത്തിന്റെ പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയയിലെ സ്ത്രീകളെയും ബാധിക്കുന്നുണ്ട്. സൈബർ ബുള്ളിയിങ്, വൈകാരിക പീഡനങ്ങൾ, ലൈംഗിക ആക്രമണങ്ങൾ, സെക്സ്റ്റിങ്‌ തുടങ്ങിയ ഓൺലൈൻ ചൂഷണങ്ങളുടെ ഇരകൾ ഭൂരിഭാഗവും പെൺകുട്ടികളും സ്ത്രീകളുമാണ്. 2018 - ൽ UNESCO നടത്തിയ ഒരു പഠനമനുസരിച്ച് സൈബർ ബുള്ളിയിങ്ങിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യയിലെ 53% കുട്ടികൾ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്.

മോശമായ ഭാഷയിൽ കമന്റ് ചെയ്യുക, മോശം മെസ്സേജുകൾ അയക്കുക, ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലുകളയക്കുക, സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, മെയിലുകൾ എന്നിവ പരസ്യമാക്കുക, അവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുക, അക്കൗണ്ട് ഹാക്ക് ചെയ്യുക, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക, ഓൺലൈൻ ചാറ്റ് റൂമുകളിൽ നിന്നോ പബ്ലിക്ക് ഗ്രൂപ്പുകളിൽ നിന്നോ പുറത്താക്കുക, അപകീർത്തികരമായ പബ്ലിക്ക് പ്രൊഫൈലുകൾ, വെബ്‌സൈറ്റുകൾ മുതലായവ തുടങ്ങുക തുടങ്ങി എണ്ണമറ്റ പ്രവർത്തികൾ സൈബർ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നുണ്ട്. ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ അവരുടെ  ജാതി, മതം, മാതൃഭാഷ, ജന്മസ്ഥലം, കാഴ്ചപ്പാട്, ശരീരപ്രകൃതി, കുടുംബ പശ്ചാത്തലം, തറവാട്, വസ്ത്രധാരണ രീതി തുടങ്ങിയവായുടെ പേരിൽ ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ അപമാനിക്കുന്നതും സൈബർ ബുള്ളിയിങ് പരിധിയിൽ വരുന്നതാണ്.

സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഓൺലൈൻ പീഡനങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ കൂടുതലും മാനസികമായിരിക്കും. സൈബര്‍ ബുള്ളിയിങിന്റെ പരിണതഫലങ്ങള്‍ ഈ ബുള്ളിയിങ് അവസാനിച്ചതിനു ശേഷവും നീണ്ടു നില്‍ക്കാനിടയുണ്ട്. സൈബർ ബുള്ളിയിങ് ഇരയെ സംബന്ധിച്ച്, ഒരു നിശ്ചിത കാലത്തേക്കോ ദീർഘകാലത്തേക്കോ, മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദവും നാശനഷ്ടവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അവ പലപ്പോഴും ഇരയെ വിഷാദത്തിലേക്കും നിരാശയിലേക്കും അതുവഴി ആത്മഹത്യയിലേക്ക് വരെ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, കോപം, നിരന്തരമായ മാനസിക ആഘാതം എന്നിവയൊക്കെ ആണ് ഇരയെ ആത്മഹത്യാപ്രവണതയിലേക്ക് നയിക്കുന്നത്. 

ഓൺലൈൻ അതിക്രമങ്ങളിൽ ഇരയായാൽ എവിടെയാണ്, എങ്ങനെയാണ് പരാതിപ്പെടേണ്ടത് എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മളോ നമ്മളോട് ബന്ധപ്പെട്ടവരോ ഇരയാകുമ്പോൾ മാത്രമല്ല നിയമപരിരക്ഷയെ കുറിച്ച് അറിയേണ്ടത്. മറിച്ച് നമ്മുടെ ഓൺലൈൻ ഇടപാടുകളിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഓൺലൈൻ ഉപദ്രവങ്ങളുണ്ടാകുമ്പോൾ പരിരക്ഷക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട നിയമങ്ങൾ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.

സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നാല്‍ ഒരിക്കലും അതിനെതിരെ നേരിട്ട് പ്രതികരിക്കാന്‍ പോകാതിരിക്കുകയാണ് നല്ലത്. നേരിട്ടുള്ള ഇടപെടലുകൾ ഇരകളെയും ചില നിയമ കുരുക്കുകളിൽ പെടുത്താൻ സാധ്യതയുണ്ട്. സൈബര്‍ബുള്ളിയിങ് നടന്നതിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്‌ക്രീന്‌ഷോട്ട്, വോയിസ് റെക്കോർഡിങ്, ചാറ്റ് ഹിസ്റ്ററി മുതലായ എടുത്ത് സൂക്‌ഷിച്ചു വക്കുന്നത് ഉപകാരപ്പെടും. പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ അവ തെളിവുകളായി ഉള്‍ക്കൊള്ളിക്കാം. ഇരകൾ അവർ ആയിരിക്കുന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടത്. അവര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ബാക്കിയുള്ള നടപടികള്‍ സ്വീകരിക്കും. 
ഇൻഫർമേഷൻ ടെക്‌നോളജി നിയമം (IT ACT 2000),  IPC (Indian Penal Code) RULES 1860, POCSO (പോക്‌സോ) നിയമം 2012 തുടങ്ങിയ നിയമങ്ങൾ പ്രകാരം ഇരകൾക്ക് നിയമ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.

പോലീസിൽ നേരിട്ട് പരാതി കൊടുക്കുന്നത് പോലെ തന്നെ ചെയ്യേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. Cybercrime നടന്ന കാര്യം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ https://cybercrime.gov.in എന്ന സൈറ്റിൽ ആണ് സൈബര്‍ ആക്രമണങ്ങള്‍ ഓൺലൈനിൽ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേകം സെക്ഷന്‍ തന്നെയുണ്ട്. പരാതിക്കാരുടെ പേരും ഫോണ്‍ നമ്പറും കൊടുത്തും കൊടുക്കാതെയും സൈബര്‍ പരാതി രേഖപ്പെടുത്താം. ട്രാക്ക് ചെയ്യാനുള്ള ഓപ്ഷനില്‍ ആണ് പരാതി ബോധിപ്പിച്ചതെങ്കില്‍, പരാതിക്കാർക്ക്  ട്രാക്കിംഗ് നമ്പര്‍ കിട്ടുന്നതായിരിക്കും. അത് ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് പരിശോധിച്ചറിയാൻ സാധിക്കും. ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത്, അതിന്റെ അധികൃതരോട് കംപ്ലൈന്റ്‌റ് റിപ്പോര്‍ട്ട് ചെയുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. 

വിവര സാങ്കേതിക വിദ്യയും ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും ഒക്കെ കഴിഞ്ഞ് നിർമ്മിതബുദ്ധിയുടെയും ഡീപ്പ് ഫേക്കിങ്ങിന്റെയും ഒക്കെ കാലത്താണ് നാം ജീവിക്കുന്നത്. ഓൺലൈൻ സൗകര്യങ്ങൾ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയ സാഹചര്യത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള മോശം അനുഭവങ്ങൾ മുൻകൂട്ടിക്കാണാനും അവയെ പ്രതിരോധിക്കാനും അവക്കെതിരെ  പ്രതികരിക്കാനുമുള്ള അടിസ്ഥാന അറിവും പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് എല്ലാവര്ക്കും ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും ഓരോരുത്തരും നേടേണ്ടതുണ്ട്. അറിവുകളും അനുഭവങ്ങളുമാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെടാൻ മനുഷ്യനെ സഹായിക്കുന്നത്; അത് സൈബർ അപകടങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്.

Sunday, 12 May 2024

The Eternal Philosopher from Kalady











Born in Kalady, by Periyar's flow,

A sacred soul, destined to grow.

A young boy's wish, a mother's plea,

A crocodile's tale, a mystery.


Shankara, a name, a legend's birth,

A brilliant mind, a seeker of earth.

With youthful vigor, he sought the truth,

Unveiling wisdom, eternal youth.


Advaita's banner, he raised high,

One truth, one soul, beneath the sky.

Four mathas founded, a spiritual guide,

Illuminating minds, far and wide.


He debated sages, with wisdom's light,

Conquering ignorance, dispelling night.

A seeker's journey, a mystic's quest,

To know the Self, the ultimate test.


With hymns and verses, he touched the soul,

A timeless legacy, a sacred role.

Shankara's teachings, a beacon's gleam,

A guiding star, a spiritual dream.

Thursday, 9 May 2024

ആപ്പിളിലെ കുരു എണ്ണുന്നത് പോലെ കുരുവിനകത്തെ ആപ്പിളുകൾ എണ്ണാനാകുമോ !!???

സ്ക്കൂൾ പൊതു പരീക്ഷ റിസൾട്ടുകളുടെ കാലമാണ്; വിവിധ സിലബസ് ബോർഡുകൾ നടത്തിയ പത്ത്, പന്ത്രണ്ട് ക്‌ളാസ് റിസൾട്ട് പുറത്ത് വരുന്ന കാലം. സോഷ്യൽ മീഡിയ തുറന്നാൽ സ്വാർത്ഥം മക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ ഉയർന്ന ഗ്രേഡുകളാൽ സമ്പന്നമായ മാർക്ക് ലിസ്റ്റുകളുടെ പെരുമഴയാണ്. മിക്കവാറും കവലകളിലെല്ലാം തന്നെ ഉയർന്ന ഗ്രേഡ് നേട്ടം ലഭിച്ചവർക്കുള്ള അഭിനന്ദന ബാനറുകൾക്കും പഞ്ഞമില്ല. അപൂർവ്വമായി കുറഞ്ഞ ഗ്രേഡ് കാരെ സപ്പോർട്ട് ചെയ്തും അഭിനന്ദിച്ചുമുള്ള പോസ്റ്റുകളും കാണുന്നുണ്ടെന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല. 

സ്വന്തം കുട്ടികളുടെ നേട്ടങ്ങളിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ അഭിമാനം തോന്നുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. എന്നാലും അവ പ്രദർശിപ്പിക്കുന്നതിൽ കുറച്ച് മിതത്വവും മാനസിക സമനിലയും നിലനിർത്തേണ്ടത് പ്രധാനമാണ്. നേട്ടങ്ങൾ ആഘോഷിക്കേണ്ടത് പ്രധാനമാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അത് വിനയവും നന്ദിയും വിജയത്തെക്കുറിച്ചുള്ള ആരോഗ്യകരമായ വീക്ഷണവും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കണം. ആഡംബര പ്രകടനങ്ങളോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലോ അവലംബിക്കാതെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ കഠിനാധ്വാനവും അർപ്പണബോധവും അതിന്റെ ഫലമായി കിട്ടിയ വിജയവും അംഗീകരിക്കാൻ കഴിയണം.

പരീക്ഷകളിലെ  വിജയം, പ്രത്യേകിച്ച് സെക്കണ്ടറി ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ മാർക്ക്/ഗ്രേഡ് നേട്ടങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്; അത് അയാൾക്ക് അവശ്യം വേണ്ട, മറ്റ് മേഖലകളിലെ വിജയം നേടിക്കൊടുക്കുമെന്ന് ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. അക്കാദമിക് വിജയം ഒരു വ്യക്തിയുടെ മൂല്യത്തിൻ്റെയോ കഴിവിൻ്റെയോ മാത്രം അളവുകോലല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. വിജയം ഏകമുഖമല്ല; എല്ലായ്‌പ്പോഴും ഗ്രേഡുകൾ കൊണ്ട് മാത്രം അളക്കാൻ കഴിയാത്ത സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സ്വയം പര്യാപ്തത, അതി ജീവന ക്ഷമത, വീഴ്ചകളിൽ നിന്ന് കര കയറാനുള്ള കഴിവ്, മറ്റ് വ്യക്തിഗത കഴിവുകൾ തുടങ്ങി ബഹുമുഖ ഗുണങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. 

കൂടാതെ, ഗ്രേഡുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. അമിത സമ്മർദ്ദം, അവരെ അപകടകരമായ ഉത്കണ്ഠ അല്ലെങ്കിൽ പരാജയ ഭീതി എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന ഗ്രേഡുകൾ നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, കുട്ടികളുടെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുകയും അവരുടെ താൽപ്പര്യങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. 

ആത്യന്തികമായി, കുട്ടികൾക്ക് അവരുടെ മികച്ച അക്കാദമിക് പ്രകടനത്തിനോടൊപ്പം, അവരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ആരാകണമെന്നതിനെ വിലമതിക്കുക്കുകയും അതിനെ പരിപോഷിപ്പിക്കുന്ന പിന്തുണ നിറഞ്ഞ അന്തരീക്ഷം നിലനിർത്തുന്നത്, അവരുടെ ദീർഘകാല ക്ഷേമത്തിനും വിജയത്തിനും വളരെ പ്രധാനമാണ്.

മറ്റൊരു പ്രധാന കാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ഉയർന്ന ഗ്രേഡുകൾ പ്രദർശിപ്പിക്കുന്ന രീതി, കുറഞ്ഞ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളെ അപകർഷത ഉള്ളവരാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ അക്കാദമിക് പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള താരതമ്യങ്ങൾ അവരുടെ ആത്മാഭിമാനത്തിനും മാനസിക ആരോഗ്യത്തിനും ഹാനികരമാകാം. മറ്റുള്ളവരുമായി നിരന്തരം താരതമ്യപ്പെടുത്തുന്നതിനുപകരം, എല്ലാ വിദ്യാർത്ഥികളെയും അവരുടെ അഭിനിവേശം പിന്തുടരാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും വ്യക്തിഗത മെച്ചപ്പെടുത്തലിനായി പരിശ്രമിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും മൊത്തത്തിൽ ഇത് നിർണായകമാണ്. ഓരോ വ്യക്തിക്കും അവരുടേതായ കഴിവുകളും താൽപ്പര്യങ്ങളും അഭിലാഷങ്ങളും ഉണ്ട്. ഓരോ കുട്ടിക്കുമുള്ള കഴിവുകൾ വ്യതിരിക്തമാണെന്നും അവരുടേതായ മാത്രമായ കഴിവുകളും ശക്തികളും ഉപയോഗിച്ച് ജീവിത വിജയം നേടാൻ കെൽപ്പുള്ളവരുമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് അക്കാദമികമോ അല്ലാതെ സ്‌പോർട്‌സ്, കല, കമ്മ്യൂണിറ്റി സേവനം അല്ലെങ്കിൽ മറ്റ് മേഖലകളിൽ ആകട്ടെ, വൈവിധ്യമാർന്ന നേട്ടങ്ങളെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യക്തിഗത വ്യത്യാസങ്ങളോടുള്ള സഹാനുഭൂതി, ബഹുമാനം, വിലമതിപ്പ് എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്, അവരുടെ അക്കാദമിക് പ്രകടനം പരിഗണിക്കാതെ തന്നെ, എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പൂർണ്ണമായ കഴിവിൽ എത്തിച്ചേരാനുള്ള മൂല്യവും ശക്തിയും അനുഭവപ്പെടുന്ന കൂടുതൽ ഉൾക്കൊള്ളുന്നതും പിന്തുണ നൽകുന്നതുമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. 

ഇന്നത്തെ കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സമപ്രായക്കാരെ ഒന്നോർത്തു നോക്കിയാൽ കണ്ടെത്താൻ കഴിയും; അവരുടെ കാലത്തെ പല മികച്ച പരീക്ഷ വിജയക്കാരും ഒന്നുമാകാതെ പോയതിന്റെയും അന്നത്തെ പരീക്ഷയിൽ തോറ്റമ്പിയ പലരും ജീവിതത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിന്റെയും ഉദാഹരണങ്ങൾ; എനിക്ക് അറിയാം കൈവിരലിൽ എണ്ണിയാൽ തീരാത്തത്ര വിജയികളുടെയും പരാജിതരുടെയും കഥകൾ; അക്കാദമിക പരീക്ഷകളിലെ അല്ല; ജീവിത പരീക്ഷകളിലെ യഥാർത്ഥ വിജയികളുടെയും പരാജിതരുടെയും കഥ.  

Saturday, 4 May 2024

അങ്കമാലിയിൽ കാണുന്ന പന്നികളെല്ലാം "അങ്കമാലി" പന്നികളല്ല !!!

അങ്കമാലി എന്ന് കേട്ടാൽ എന്താണ് ആദ്യം ഓർമ്മ വരിക എന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ ഒരു പക്ഷെ വിമോചനസമരത്തിനെത്തുടർന്നുണ്ടായ അങ്കമാലി വെടിവയ്പ്പും അതിന്റെ സ്മാരകമായ അങ്കമാലിക്കല്ലറയെയും ഓർക്കാൻ സാധ്യതയുണ്ട്. സിനിമ പ്രേമികൾ "അങ്കമാലിയിലെ പ്രധാനമന്ത്രി" എന്ന പ്രയോഗമോ "അങ്കമാലി ഡയറീസ്" സിനിമയോ ഓർക്കാൻ വഴിയുണ്ട്. കത്തോലിക്കാ ക്രൈസ്തവരാണെങ്കിൽ അങ്കമാലി എറണാകുളം അതിരൂപതയെപ്പറ്റി ഓർക്കാൻ സാധ്യതയുണ്ട്. ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച്  അങ്കമാലി റെയിൽവെ സ്റ്റേഷന്റെ പേരും കൗതുകമുണർത്തുന്നതാണ്; കാലടിയുടെ പ്രസക്തി കൊണ്ട് റെയിൽവെ സ്റ്റേഷൻ അനുവദിക്കപ്പെടുകയും കാലടിയിൽ നിന്ന് ഏഴെട്ട് കിലോമീറ്റർ അകലെ ആ സ്റ്റേഷൻ വരികയും ചെയ്തപ്പോൾ റെയിൽവേ അധികൃതർ അതിന് "അങ്കമാലി ഫോർ കാലടി" എന്ന കൗതുകം നിറഞ്ഞ പേരായിരുന്നു ഇട്ടത്.   

എന്നാൽ ഇതിനൊക്കെ ഒപ്പമോ ഇതിനേക്കാൾ മുകളിലോ ഓർമ്മയിലേക്ക് വരാൻ സാധ്യതയുള്ളത് "അങ്കമാലി പോർക്ക്" അല്ലെങ്കിൽ "അങ്കമാലി പന്നി" എന്ന പ്രയോഗമാണ്. അങ്കമാലി പ്രദേശത്തു നിന്നുള്ളവരെ ഒന്നികഴ്ത്തിക്കാണിക്കാൻ മറ്റ് പ്രദേശക്കാർ പരക്കെ പറഞ്ഞു കേട്ടിരുന്ന ഒരു പ്രയോഗമാണത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ അങ്കമാലിയുടെ പൊതു വഴികളിലും ചന്ത പ്രദേശത്തും ഉൾപ്രദേശത്തുമെല്ലാം വ്യാപകമായി മേഞ്ഞു നടന്നിരുന്ന ജീവികളാണ് പന്നികൾ. പൊതുവെ ചെളിയിൽ കിടന്നുരുളാൻ ഇഷ്ടമുള്ള ജീവികളാണ് പന്നികൾ. എവിടെയെങ്കിലും കുറച്ച് വെള്ളം കണ്ടാൽ അതിൽ കിടന്നുരുണ്ട് ചെളി ഉണ്ടാക്കുകയും അത് ശരീരത്ത് പറ്റിച്ച് നാട് നീളെ നടക്കുകയും ചെയ്യുന്ന പന്നികൾ അങ്കമാലിയുടെ സർവ്വ സാധാരണമായ കാഴ്ച ആയിരുന്നു. അവയുടെ സമീപത്തു വരുന്ന ആരായാലും അവരുടെ മേൽ ചളി ഉരച്ചും കുടഞ്ഞും അവരെക്കൊണ്ട്  മുഴുവൻ തെറി പറയിപ്പിക്കുക അങ്കമാലിയിലെ പന്നികളുടെ ഇഷ്ടവിനോദമായിരുന്നു. 

ബീഫ് എന്നാൽ മാട്ടിറച്ചി ആണെന്നും ചിക്കൻ എന്നാൽ കോഴിയിറച്ചി ആണെന്നും മട്ടൻ എന്നാൽ ആട്ടിറച്ചി ആണെന്നും കൃത്യമായി അറിയാവുന്ന പല അങ്കമാലിക്കാർക്കും പോർക്ക് എന്നാൽ പന്നിയുടെ ഇറച്ചിയല്ല; അങ്കമാലിക്കാർക്ക് പോർക്ക് എന്നാൽ പന്നിയുടെ പര്യായ പദമാണ്; അത് അറിവില്ലായ്മ കൊണ്ടല്ല എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ മുൻ തലമുറകൾ അങ്ങനെ ഒരു കാഴ്ചപ്പാടാണ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. പോർക്ക് എന്നത് ഒരു മലയാളം വാക്കാണെന്ന് പോലും കരുതുന്ന നല്ലൊരു വിഭാഗം ആളുകൾ അങ്കമാലിയിൽ ഉണ്ട്. നല്ല വിദ്യാഭ്യാസമുള്ളവർ പോലും പോർക്ക് ഫ്രൈ, പോർക്ക് റോസ്റ്റ് എന്നൊക്കെ പറയുന്നതിന് പകരം പിഗ് ഫ്രൈ, പിഗ് റോസ്റ്റ് എന്നൊക്കെ പറയുന്നത് പോർക്ക് എന്ന "അസംസ്കൃത മലയാളം" വാക്ക് ഒഴിവാക്കാനാണ്.   

കേവലം ഒരു സ്ഥലത്തിന്റെ പേര് എന്നതിനപ്പുറം, കേരളത്തിൽ ഏറെ കാലങ്ങളായി കാണപ്പെടുന്ന, ഒരു നാടൻ പന്നി ഇനത്തിന്റെ പേര് കൂടിയാണ് "അങ്കമാലി" (ANKAMALI). കേരളത്തിന്റെ തനത്, തനി നാടൻ പന്നി ഇനമാണ് "അങ്കമാലി". ഈ ഇനത്തിൻ്റെ ഉത്ഭവമോ ഈ പേര് വരാനുള്ള കാരണമോ അജ്ഞാതമാണ്; പക്ഷേ കുറഞ്ഞത് എഡി നാലാം നൂറ്റാണ്ട് മുതലെങ്കിലും അങ്കമാലി പന്നികൾ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അങ്കമാലി പന്നികൾ താരതമ്യേന ഇടത്തരം വലിപ്പമുള്ള മൃഗങ്ങളാണ്. സാധാരണയായി വീതിയേറിയ പേശീ ചട്ടക്കൂടും ചെറിയ കാലുകളുമാണ് ഇവക്കുള്ളത്. കറുപ്പ് നിറം, ചാര നിറം, ഇളം ചാര നിറം മുതൽ ഈ നിറങ്ങൾ ഇട കലർന്നോ വെള്ളയോ ക്രീമോ വരകളോടെയോ ചുട്ടികളോടെയോ ഇവയെ കാണാറുണ്ട്. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് നന്നായി ഇണങ്ങുന്നവയാണ് ഇവ. മഴയോ വെയിലോ ഒന്നും ഇവക്ക് കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല. വളരെ കുറവ് ആഹാരം മതി എന്നതും ഉയർന്ന പ്രത്യുൽപാദന നിരക്കുമായിരിക്കണം ഇവയെ കർഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്. പണ്ടൊക്കെ ഓരോ വീട്ടിലും അധികം അംഗങ്ങൾ ഉണ്ടായിരുന്ന കാലത്ത്, പാചകം ചെയ്യുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ കൊടുത്തു മാത്രം ഇവയെ വളർത്താൻ സാധിക്കുന്നത് കൊണ്ടും വലിയ നിത്യ പരിചരണങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നത് കൊണ്ടും ധാരാളം ഒഴിവ് പറമ്പുകൾ ഉണ്ടായിരുന്നത് കൊണ്ടുമായിരുന്നിരിക്കണം, മിക്കവാറും വീടുകളിൽ ഇവയെ വളർത്തിയിരുന്നു. 

ഇടതൂർന്നതും തിളക്കമുള്ളതുമായ രോമങ്ങൾ ഉള്ള അങ്കമാലി പന്നികൾ ഒറ്റ കാഴ്ച്ചയിൽ കാട്ടുപന്നികളോട് ചില സാമ്യങ്ങൾ ഉള്ളവയാണ്. 
മറ്റ് വിദേശ ഇനങ്ങളെയും ചില സങ്കര ഇനങ്ങളെയും അപേക്ഷിച്ച് ഇവക്ക് രോഗ പ്രതിരോധശേഷി കുറച്ച് അധികമുണ്ടെന്ന് കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇവ വളരെ സൗമ്യ സ്വഭാവമുള്ളവയും വളർത്തുന്നവരോട് നന്നായി ഇണങ്ങുന്നവയും ആണ് എന്ന് കർഷകർ പറയുന്നുണ്ടെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായം നേരെ മറിച്ചാണ്. ഇവയെ സൂക്ഷിക്കുന്ന കൂടിന്റെ തറയും ചുമരും കുത്തിയും മാന്തിയും ഒക്കെ പൊളിക്കുന്ന സ്വഭാവം ഇവക്കുണ്ട്. പ്രസവിച്ചു കിടക്കുന്ന കാലത്ത് ഇവ വളരെ ശൗര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് ആ കാലത്ത് പരിചരിക്കുകയോ രോഗ പരിശോധന നടത്തുകയോ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.   

7 മുതൽ 10 മാസം പ്രായം മുതൽ അങ്കമാലി പന്നികൾ പ്രത്യുല്പ്പാദനത്തിന് പാകമാകും. ഏകദേശം 3 ആഴ്ചക്കാലത്തിനടുത്ത Estrous Cycle ആണ് ഇവക്കുള്ളത്; അതായത് ഓരോ 18 മുതൽ 21 ദിവസത്തിലും ഇവ ഇണ ചേരാനും പ്രത്യുല്പ്പാദനത്തിനും തയ്യാറാകും എന്നർത്ഥം. മൂന്നര മാസത്തോളമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ ആറ് പന്നിക്കുട്ടികൾ വരെ ഉണ്ടാകും. ഏകദേശം നാലാഴ്ചയോളമാണ് മുലയൂട്ടൽ കാലയളവ്. ആറ് മുതൽ പത്ത് മാസം കൊണ്ട് 45 കിലോ മുതൽ 80 വരെ ശരാശരി ഭാരത്തിലെത്തുന്നവയാണ് അങ്കമാലി പന്നികൾ.

അങ്കമാലി പന്നികൾ വളരെ വലിയ തോതിൽ തീറ്റ പരിവർത്തന ശേഷി (Food Conversion Rate) യുള്ള   പന്നി ഇനമല്ല. എന്നാൽ ഇവയുടെ താരതമ്യേന കൊഴുപ്പ് കുറഞ്ഞതും ദൃഢത കൂടിയതുമായ മാംസം താരതമ്യേന കൂടിയ സ്വാദും ഗുണനിലവാരവും ഉള്ളതാണെന്ന് മാംസാഹാര പ്രേമികൾ പറയുന്നു. 

ശരീര ശാസ്ത്രപരമായി പന്നികൾ മനുഷ്യരുമായി ശ്രദ്ധേയമായ ശാരീരിക സമാനതകൾ പങ്കിടുന്നതിനാൽ മനുഷ്യർക്ക് വരുന്ന വിവിധ രോഗങ്ങളും അവസ്ഥകളും പഠിക്കുന്നതിനുള്ള പഠനവസ്തുക്കളായി പന്നികളെ ഉപയോഗിക്കാറുണ്ട്. ട്രാൻസ്പ്ലാൻറേഷനു വേണ്ടിയുള്ള മനുഷ്യാവയവങ്ങളുടെ അഭാവം പരിഹരിക്കാൻ പന്നിയുടെ അവയവങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ്റെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ബയോമെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഉറവിടമായി പന്നികളെ ഉപയോഗിക്കാവുന്നതാണ്. ഈ ആവശ്യങ്ങളിലേക്ക് മറ്റ് പന്നി ഇനങ്ങൾ എന്നത് പോലെ തന്നെ അങ്കമാലികളെയും ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 

പല നാടൻ കന്നുകാലി ഇനങ്ങളെയും പോലെ തന്നെ, അങ്കമാലി പന്നിയും എണ്ണത്തിലെ കുറവ്, വിദേശ ഇനങ്ങളുമായുള്ള സങ്കര പ്രജനനം തുടങ്ങിയ കാരണങ്ങളാൽ ജനിതക ശോഷണം പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ജനിതക വൈവിധ്യവും സാംസ്കാരിക പൈതൃകവും ഉള്ള അങ്കമാലി പന്നി ഇനം അന്യം നിന്ന് പോകാതിരിക്കാൻ സർക്കാർ, സർക്കാരിതര സംഘടനകൾ ശ്രമിക്കുന്നുണ്ട്. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പന്നി ഉൽപ്പാദന ഗവേഷണകേന്ദ്രം പ്രത്യേക പരിഗണനയോടെ അങ്കമാലി പന്നികളെ സംരക്ഷിക്കുകയും അവയിൽ നിന്ന് മികച്ച തീറ്റ പരിവർത്തന ശേഷിയും രോഗ പ്രതിരോധശേഷിയുമുള്ള സങ്കരയിനങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂത്താട്ടുകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Meat Products of India എന്ന സർക്കാർ സ്ഥാപനവും നാടൻ പന്നിയിനമായ "ankamali" യുടെ സംരക്ഷണവും അവയിലെ ഗവേഷണങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എണ്ണത്തിൽ കുറവെങ്കിലും "അങ്കമാലി"യെയും അതിന്റെ സങ്കര ഇനങ്ങളെയും താല്പര്യപൂർവ്വം വളർത്തുന്ന കർഷകർ ഇപ്പോഴും ഉണ്ടെന്നത് ആശാവഹമായ കാര്യമാണ്. 

അമേരിക്കയിലെ National Center for Biotechnology Information, ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization (FAO) ശുപാർശ ചെയ്യുന്ന മൈക്രോ സാറ്റലൈറ്റ് മാർക്കറുകൾ ഉപയോഗിച്ച് "അങ്കമാലി പന്നി"കളെ മറ്റിനം വളർത്തു പന്നികളുമായുള്ള താരതമ്യ പഠനവും ജനിതക വിശകലനവും നടത്തിയിട്ടുണ്ട്. അതിന്റെ വിശദമായ പഠന റിപ്പോർട്ട് National Library of Medicine പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തിൽ വളർത്തിപ്പോരുന്ന അങ്കമാലി പന്നികൾ മറ്റ് പ്രാദേശിക ഇന്ത്യൻ പന്നികളുമായോ വിദേശ വലിയ വെളുത്ത പന്നികളുമായോ അങ്കമാലി പന്നികൾ ജനിതക അടുപ്പം കാണിക്കാതെ തികച്ചും വ്യതിരിക്തമായ ജനിതക സവിശേഷതകൾ കാണിക്കുന്നവയാണ്. 

അങ്കമാലി പ്രദേശത്തുള്ളവർക്ക് പന്നിയിറച്ചി ഒരു ദൗർബല്യമാണെന്നതും അങ്കമാലി കേന്ദ്രീകരിച്ച് കോടികൾ മറിയുന്ന പന്നി വളർത്തലും പന്നി വ്യാപാരവും നടക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണെങ്കിലും ഇപ്പോൾ അങ്കമാലി പ്രദേശത്ത് കാണുന്ന പന്നികളിൽ ഭൂരിഭാഗവും "അങ്കമാലി" പന്നികൾ അല്ല എന്നതാണ് ശ്രദ്ധേയമായ യാഥാർഥ്യം. അങ്കമാലിയിൽ എന്ന് മാത്രമല്ല കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന വലിയ പന്നികൾക്ക് "അങ്കമാലി" പന്നിയുമായി ഒരു ബന്ധവുമില്ല.  അതൊക്കെ വിദേശത്ത് നിന്ന് വന്ന ഇനങ്ങളും തദ്ദേശീയ പന്നികളെ വിദേശ ഇനങ്ങളുമായി സങ്കരം നടത്തി ഉണ്ടാക്കി എടുത്തവയും ഒക്കെച്ചേർന്ന ശീമപ്പന്നികൾ ആണ്. അത് കൊണ്ട്, ആരെയെങ്കിലും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ആയി "അങ്കമാലി പോർക്ക്", "അങ്കമാലി പന്നി" എന്നൊക്കെ വിളിക്കുന്നവർ ഒന്നോർക്കുക; യഥാർത്ഥ "അങ്കമാലി" പന്നികൾ ഏറെ വ്യത്യസ്തരാണ്. 





Tuesday, 23 April 2024

മലയാളത്തിൽ അച്ചടിക്കപ്പെട്ട ഏറ്റവും ചെറിയ പുസ്തകം


ഏപ്രിൽ 23 ലോക പുസ്തക ദിനമാണ്. 2022-ലെ ലോക പുസ്തക ദിനത്തിൽ ലോകത്തിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങൾക്കിടയിൽ ഏറ്റവും ചെറിയ പുസ്തകങ്ങളിൽ ഒന്നായ "The Lord's Prayer" എന്ന Polyglot Book (ബഹുഭാഷാ പുസ്തകം) പരിചയപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ "Lord's Prayer - കർത്തൃപ്രാർത്ഥന" എന്ന് വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയായിരുന്നു ഈ "പുസ്തക"ത്തിന്റെ ഉള്ളടക്കം. ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഏഴ് ഭാഷകളിൽ Lord's Prayer ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിൽ അച്ചടിച്ചതിൽ വച്ചേറ്റവും ചെറിയ Polyglot Book (ബഹുഭാഷാ പുസ്തകം) ഇത് തന്നെയാവാനാണ് സാധ്യത. (ആ പുസ്തകത്തെ പറ്റി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>> ഒരു ചെറ്യേ വല്ല്യ പുസ്തകം | World's Smallest Multilingual Book)

ഇന്ന് പരിചയപ്പെടുത്താമെന്ന് കരുതുന്നത് മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്നായി അറിയപ്പെടുന്ന 'രാസരസിക'യെയാണ്. 1969-ല്‍ കെ.വി. മണലിക്കര രചിച്ച കേവലം 1.5 സെന്റിമീറ്റർ നീളവും 1.1 സെന്റി മീറ്റർ വീതിയുമുള്ള പുസ്തകത്തിന് ആകെ 28 പേജുകളാണുള്ളത്. കെ വി മണലിക്കര രചിച്ച ഈ "ഗ്രന്ഥം" ശ്രീകൃഷ്ണന്റെയും രാധയുടെയും രാസക്രീഡകളാണ് പ്രതിപാദിക്കുന്നത്. തിരുവനന്തപുരത്തെ കല്പക ലൈബ്രറി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് തന്നെയുള്ള സെന്റ് ജോസഫ്സ് പ്രസ് ആണ് ഈ പുസ്തകം അച്ചടിച്ചത്. ഇത് ജപ്പാനിലാണ് പ്രിന്റ് ചെയ്തത് എന്ന് പറയുന്നവരും ഉണ്ട്. ഇതിൽ അച്ചടിച്ചിരിക്കുന്ന കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയില്ല. ശക്തമായ ഒരു മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ച് മാത്രമേ ഈ പുസ്തകം വായിക്കാനാവൂ.

ആധുനിക ഡി. ടി. പി. (Desk Top Publishing) സംവിധാനങ്ങൾ ഉപയോഗിച്ച് Reprographic Reduction നടത്തി ഇത്രയും ചെറിയ പേജുകൾ പ്രിന്റ് ചെയ്തെടുക്കൽ അത്ര ശ്രമകരമായ  കാര്യമല്ല. പക്ഷെ, 1969-ൽ പരമ്പരാഗത മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ഇത്തരമൊരു ബുക്ക് ഉണ്ടാക്കിയെടുക്കുക എന്നത് തീരെ നിസാര കാര്യമല്ലായിരുന്നു. "രാസരസിക"യെക്കാൾ ചെറിയ മലയാള പുസ്തകം പ്രസിദ്ധീകരിച്ചു എന്നവകാശപ്പെടുന്നവർ ഇപ്പോൾ കേരളത്തിലുണ്ട്. പുതു തലമുറയിൽ നിന്ന് അത്തരമൊരു കാര്യത്തിന് വേണ്ടി മുന്നോട്ട് വന്നവരുടെ പരിശ്രമങ്ങളോട് എല്ലാ ബഹുമാനവും നിർത്തിക്കൊണ്ട് പറയുകയാണ്, പരമ്പരാഗത രീതിയിൽ അച്ച് ഉപയോഗിച്ച് മുദ്രണം ചെയ്ത മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകം ഇപ്പോഴും "രാസരസിക" തന്നെയായിരിക്കും. 

കൗതുകങ്ങൾ നിറഞ്ഞ "രാസരസിക" എന്ന "വലിയ!!" പുസ്തകത്തെപ്പറ്റി ഇത്രയെല്ലാം എഴുതിയിട്ട് അതു പുറത്തിറക്കാൻ വേണ്ടി പ്രവർത്തിച്ച മഹാനായ മനുഷ്യനെ പറ്റി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദ കേടായി മാറുമെന്ന് തോന്നുന്നു. എങ്ങനെയൊക്കെയോ ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെടാതെ പോയ കെവിഎം ന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ഒരു രേഖയും ലഭ്യമല്ല. കെ.വി.എംന്റെ അഞ്ചു മക്കളിൽ ഇളയ മകൻ നാരായണാരുവിന്റെ ഓർമ്മകൾ പലരായി കുറിച്ചത് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 
























1925-ൽ കന്യാകുമാരിയിൽ പുരാതനമായ മണലിക്കര മഠത്തിലായിരുന്നു കേശവരു വാസുദേവരു മണലിക്കര എന്ന കെ വി എം (കെ വി മണലിക്കര) യുടെ ജനനം. പ്രസാധകൻ, കവി, ചിത്രകാരൻ, ആട്ടക്കഥ രചയിതാവ് എന്നീ നിലകളിൽ പ്രഗത്ഭനായിരുന്നെങ്കിലും സാഹിത്യ പരിഭാഷകൻ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി. മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന നോവൽ "അമ്മ" എന്ന പേരിൽ മലയാളത്തിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തിയത് മണലിക്കര ആയിരുന്നു. എൺപതിലധികം കൃതികൾ അദ്ദേഹം മലയാളത്തിലേക്കു തർജ്ജിമ ചെയ്തിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ സംഗീത്തിൽ പി. ലീലയും മറ്റും ചേർന്നു ആലപിച്ച് കൊളമ്പിയ കമ്പനി ഇറക്കിയ "രാസരസിക" യുടെ റെക്കോർഡ് ഡിസ്‌ക്കിന് പിന്നിലും മണലിക്കരയുടെ സംഭാവനയുണ്ട്.



1955-ൽ ആധുനിക അച്ചടിയന്ത്രവും അനുബന്ധ സംവിധാനങ്ങളുമുള്ള കെ.വി. പ്രസ്സ് അദ്ദേഹം സ്ഥാപിച്ചു. തുടർന്ന് അവ വിപുലപ്പെടുത്തി ചെറു പ്രസ്സുകളുടെ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടത്തിപ്പിലെ പാകപ്പിഴകളും ജീവനക്കാരിൽ ചിലർ നടത്തിയ ക്രമക്കേടുകളും മൂലം അടച്ചു പൂട്ടേണ്ടി വന്നു. ഒടുവിൽ വെളളനാട് മിത്രനികേതന് പ്രസ്സ് കൈമാറിയിട്ട്, കെവിഎം പരിഭാഷകളുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങിക്കൂടി. 2009 സെപ്റ്റംബറിൽ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങി. 

Friday, 12 April 2024

അഭിവന്ദ്യ ഇടയന്മാരുടെയും പട്ടക്കാരുടെയും ശ്രദ്ധയിലേക്ക് ഒരു അല്മായൻ എഴുതുന്ന "ആട് ലേഖനം"

 

കത്തോലിക്കാ സഭയിലെ ഇടയൻ (മെത്രാൻ) ആടുകൾ (വിശ്വാസികൾ)-ക്കയക്കുന്ന ലേഖനത്തെയാണ് ഇടയലേഖനം എന്ന് വിളിക്കുന്നത്. പള്ളികളിൽ അജഗണത്തിന്റെ മുൻപിൽ ഉറക്കെ വായിക്കാനാണ് മെത്രാന്മാർ ഇടയലേഖനങ്ങൾ എഴുതാറുള്ളത്. ചില സന്ദർഭങ്ങളിൽ ഇടയലേഖനങ്ങൾ പൊതു സമൂഹത്തിൽ വലിയ ചർച്ചയും അപൂർവ്വമായി വിവാദവും ഒക്കെ ആകാറുണ്ട്. ആ ഇടയലേഖനങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയമാണ് അത്തരത്തിൽ ചർച്ചക്കൊക്കെ വഴി വയ്ക്കാൻ കാരണം. എന്നാൽ ഒരു ആട് ഇടയന്മാർക്കെഴുതുന്ന ഒരു ലേഖനം എങ്ങനെയിരിക്കും എന്നൊന്ന് സങ്കൽപ്പിച്ചു നോക്കിയാലോ; മതങ്ങൾ തമ്മിൽ കടുത്ത വിദ്വേഷമുണർത്താൻ തക്ക നുണകൾ കുത്തി നിറച്ച വിവാദ സിനിമ 'ദ കേരളാ സ്റ്റോറി' എന്ന A സർട്ടിഫിക്കറ്റ് സിനിമ കേരളത്തിലെ ചില കത്തോലിക്കാ പള്ളികളിലെ ബൈബിൾ-വിശ്വാസ തീവ്ര പരിശീലന പരിപാടിയുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന്റെയും വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കമുള്ള പരിശീലന കൈ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തതിന്റെയും പശ്ചാത്തലത്തിൽ ഒരു ആട് ലേഖനം എഴുതി നോക്കുകയാണ്...

ദൈവകൃപയാലും, 

പുറത്തടി വാങ്ങുമ്പോഴും താഴ്മയോടെ അനുസരിച്ചു കൊണ്ടിരിക്കുന്ന, 

എത്ര കൊണ്ടാലും ബോധമുണ്ടാകാത്ത  അല്മായരുടെയും വിശ്വാസികളുടെയും മനോഗുണത്താലും, 

അവർ കൈയയച്ച് നൽകുന്ന പണത്തിന്റെ ധാരാളിത്തത്തിലും അധികാരത്തിലും അഭിരമിച്ച്,

ധിക്കാരത്തിലും ധാർഷ്ട്യത്തിലും പുളച്ച്, 

അരമനകളിലും മേടകളിലും സുഭിക്ഷതയിലും ആഡംബരത്തിലും മുഴുകി,

സസുഖം വാഴുന്ന വന്ദ്യ പിതാക്കന്മാർക്കും അച്ചന്മാർക്കും 

നമ്മുടെ കർത്താവീശോമിശിഹായിൽ ആശിസ്സും സമാധാനവും...


വന്ദ്യപിതാക്കന്മാരെ, തിരുവസ്ത്രമെന്ന പേരിൽ യൂണിഫോമിട്ട മറ്റ് അഭിവന്ദ്യരെ... 

നമ്മുടെ കുട്ടികൾ വിശ്വാസത്തിൽ ആഴപ്പെടാനും ബൈബിളിനെ കൂടുതൽ മനസിലാക്കാനും ആത്മീയ ജീവിതത്തിൽ കൂടുതൽ ശക്തിപ്പെടാനുമുള്ള തീവ്ര പരിശീലനമെന്ന പേരിലായിരുന്നല്ലോ കുറെ കാലങ്ങളായി വേനലവധിക്കാലത്ത് ഇന്റൻസീവ് ബൈബിൾ/കാറ്റെക്കിസം കോഴ്സ്  നടത്തിപ്പോന്നിരുന്നത്.  അതിനോടനുബന്ധിച്ച് ക്‌ളാസുകൾ, കലാപരിപാടികൾ, സെമിനാറുകൾ, ചെറിയ കായിക വിനോദങ്ങൾ എന്നിവയൊക്കെ നടത്തുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഇത്തരം കോഴ്‌സുകളിൽ മുടങ്ങാതെ  കൃത്യമായി പങ്കെടുത്തിട്ടുള്ള ആളാണ്. ഞാൻ പഠിക്കുന്ന ആ കാലത്ത് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ, വിശ്വാസപരിശീലനത്തിന്റെ ഭാഗമായിട്ടല്ലെങ്കിലും, അക്കാലത്ത് പള്ളികളുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചില സിനിമാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ ചിലതൊക്കെ കണ്ടിട്ടുണ്ടെന്നും ഞാൻ ഓർക്കുന്നു. ജീസസ്, മിശിഹാ ചരിത്രം, തോമാശ്ലീഹാ, ലൂർദ്ദ് മാതാവ്, Ten Commandments തുടങ്ങിയ ചിത്രങ്ങളൊക്കെ അങ്ങനെ കണ്ടതായും ഞാൻ ഓർക്കുന്നു. പിന്നീട് പള്ളി മുൻ കയ്യെടുത്ത് വ്യാപകമായി പ്രദർശിപ്പിച്ച പടം "പാഷൻ ഓഫ് ദി ക്രൈസ്റ്റ്" ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇപ്പോൾ ചില രൂപതകളും ഭക്ത സംഘടനകളും മുൻകയ്യെടുത്ത് "ദി കേരള സ്റ്റോറി" എന്ന സിനിമ പ്രദർശിപ്പിക്കുന്ന അപലപിക്കപ്പെടേണ്ട ഏർപ്പാടും ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിൽ അച്ചടിച്ച് കണ്ട വസ്തുത വിരുദ്ധമായ കാര്യങ്ങളും ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇത്തരമൊരു ആട് ലേഖനം എഴുതേണ്ടി വന്നത്.

"ലവ് ജിഹാദ്" എന്നൊരു ആസൂത്രിത മതം മാറ്റൽ പരിപാടി ഈ നാട്ടിൽ വ്യാപകമായി നടക്കുന്നുണ്ടെന്ന പ്രചാരണം എന്റെ സഭ നടത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വലിയ സ്പർദ്ധയൊന്നുമില്ലാതെ ഈ നാട്ടിൽ ജീവിച്ചു കൊണ്ടിരുന്ന രണ്ട് മതങ്ങളിലെ ആളുകൾ തമ്മിലുണ്ടായിരുന്ന സൗഹാർദ്ധവും പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതാപോന്ന ആരോപണങ്ങളായിരുന്നു "ലവ് ജിഹാദ്", "നർക്കോട്ടിക്ക് ജിഹാദ്", "ഹലാൽ വിരുദ്ധ ക്യാംപെയിൻ" തുടങ്ങിയവ. ആദ്യമൊക്കെ സഭയിലെ കരിസ്മാറ്റിക്കുകളും ചില തീവ്ര നിലപാടുകാരും പറഞ്ഞു കൊണ്ടിരുന്ന ഇക്കാര്യങ്ങൾ സഭയുടെ ഉത്തരവാദിത്തപ്പെട്ട പിതാക്കന്മാരും അച്ചന്മാരും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങിയതോടെ കാര്യങ്ങൾ വളരെ വഷളായി. ഒരിക്കൽ സഭയെയും ക്രിസ്ത്യാനികളെയും വല്ലാതെ വെറുത്തിരുന്ന, എന്നാൽ ഇപ്പോൾ വിശ്വാസികൾക്കും ൽമായർക്കും അറിയാത്ത എന്തോ  കാരണങ്ങളാൽ സഭയുടെ സ്നേഹിതന്മാരും സഭയ്ക്ക് സമ്മതരും ആയിത്തീർന്ന തീവ്ര വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ താല്പര്യത്തിനൊത്ത് തുള്ളുന്ന സഭ, ഇപ്പോഴും ഹൃദയം വിഷരഹിതമായി സൂക്ഷിക്കുന്ന ആടുകൾക്ക് ഉണ്ടാക്കുന്ന മനഃപ്രയാസം ചെറുതല്ല എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ. 

ഇനി "ദി കേരള സ്റ്റോറി" യിലേക്കും ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്‌സിന്റെ സ്റ്റഡി മെറ്റീരിയലിലേക്കും വരട്ടെ. 

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയ ഭേദകമായ കഥ' എന്ന ക്യാപ്ഷനോടെ സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ തന്നെ വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ' എന്ന് ക്യാപ്‌ഷൻ മാറ്റം വരുത്തി പ്രദർശനത്തിനെത്തിയ ചിത്രമാണിതെന്ന് സഭാ നേതൃത്വത്തിന് അറിയാത്ത കാര്യമാണോ !?. നട്ടാൽ കിളിർക്കാത്ത നുണ ഉപയോഗിച്ച്‌, ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമല്ല കേരള സംസ്ഥാനത്തെ തന്നെ ഇകഴ്ത്തി കാണിക്കുന്ന സിനിമയാണ് ഇതെന്ന് സഭക്ക് മനസിലാകാത്തതാണോ അതോ മനസിലാകാത്തത് പോലെ നടിക്കുന്നതാണോ ?

ഇടുക്കി രൂപതയുടെ ഇന്റൻസീവ് കോഴ്സ് സ്റ്റഡി മെറ്റീരിയലിൽ  പറഞ്ഞിട്ടുള്ള ഒരു കാര്യത്തിലേക്ക് സഭാധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. അതിൽ പറയുന്നത്  "2016-ലെ വിജിലൻസ് നടത്തിയ അന്വേഷണമനുസരിച്ച് ഭീമമായ പണം നൽകി 5595 യുവതികളെ ഭീകര സംഘടനകൾ അവരുടെ സംഘടനയിലേക്ക് ജീവിത പങ്കാളികളായി കൊണ്ട് പോയി" എന്നാണ്. ഇത്രയും അധികം യുവതികളെ പണം നൽകി കൊണ്ട് പോയി എന്ന് ഒരു സഭാ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചിരിക്കുന്നതിന് പിൻബലമായി എന്ത് രേഖകളും ഡാറ്റയുമാണ് സഭക്ക് മുന്നോട്ട് വയ്ക്കാനുള്ളത് ? വിജിലൻസ് ഇത്തരം കേസുകൾ അന്വേഷിക്കുന്ന ഏജൻസി അല്ലെന്നും അഴിമതി പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസി ആണെന്നും സഭക്ക് അറിയാത്ത കാര്യങ്ങൾ ആണോ !? ഈ 5595 കേസുകളുടെ കൃത്യമായ വിവരങ്ങൾ സഭക്ക് നേരിട്ട് അറിയാവുന്നത് ആണെങ്കിൽ എന്ത് കൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സഭ തയ്യാറാകാത്തത്  !? സ്വന്തം അധികാര പരിധിയിൽ ജീവിക്കുന്ന വിശ്വാസികളുടെ എണ്ണം കൃത്യമായി അറിയാൻ സംവിധാനമുള്ള സഭ ഇത്രയും കുഞ്ഞാടുകൾ ഒരൊറ്റ വർഷം കൊണ്ട് നഷ്ടപ്പെട്ട് പോയിട്ട് അതിനെതിരെ നിയമവഴി തേടിയില്ല എന്നത് അത്ഭുതപ്പെടുത്തുക മാത്രമല്ല ആശങ്കപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.   ഇനി ലഘുലേഖയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുത ചെക്ക് ചെയ്യാതെ അബദ്ധത്തിൽ അച്ചടിച്ച് പോയതാണെങ്കിൽ അതിന് മാപ്പു പറഞ്ഞു പരസ്യമായി തള്ളിപ്പറയാൻ സഭക്ക് ബാധ്യതയില്ലേ !?

സ്വന്തം വിശ്വാസികളെയും യുവ ജനങ്ങളെയും ബോധവൽക്കരിക്കാൻ സഭക്കുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യവും അടിവരയിട്ട് സമ്മതിക്കുമ്പോൾ തന്നെ, അതിന് വേണ്ടി ഏത് പെരും നുണയും വസ്തുതാ വിരുദ്ധതയും പറയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സഭയുടെ ധാർമ്മികതക്ക് യോജിച്ചതാണോ !? മോശ വഴി നൽകപ്പെട്ടു എന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന "കള്ളസാക്ഷ്യം പറയരുത്" എന്ന എട്ടാം ദൈവ കല്പനക്ക് എതിരല്ലേ !? മത്തായിയുടെ സുവിശേഷം 05:37-ൽ പറയുന്ന "നിങ്ങളുടെ വാക്ക് അതെ അതെ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ; അല്ലാത്തത് ദുഷ്ടനിൽ നിന്നു വരുന്നു" എന്ന വചനം സഭാധികാരികൾക്ക് ബാധകമല്ലെന്നുണ്ടോ !? നുണയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കുന്ന പെരുംകോട്ടയിലിരുന്ന് യോഹന്നാൻ 8:32-ൽ പറയുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന വചനം എങ്ങനെയാണ് മനഃസാക്ഷിക്കുത്തില്ലാതെ പഠിപ്പിക്കാനാവുക !?

ആരെങ്കിലുമൊക്കെ കണ്ണും കയ്യും കലാശവും ഒക്കെ കാണിച്ചാൽ അതിൽ മയങ്ങി ഇറങ്ങിപ്പോകുന്നവരാണ് നമ്മുടെ കുട്ടികൾ എന്ന് പറയുന്നത് സ്വയം അവഹേളിക്കുന്നതിനു തുല്യമല്ലെ !? ഓർമ്മ വയ്ക്കുന്ന കാലം മുതൽ സൺഡേ വേദപാഠം, ഡെയിലി വേദപാഠം, അവധിക്കാല ഇന്റൻസീവ് വേദപാഠം,  ഞായറാഴ്ച പ്രസംഗങ്ങൾ, ധ്യാന പ്രസംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തനം,  ജീസസ് യൂത്ത്... ഇതൊക്കെയുണ്ടായിട്ടും ലവ് ജിഹാദികളുടെ ഇക്കിളി തന്ത്രങ്ങളിൽ നമ്മുടെ കുട്ടികൾ വീണു പോവുന്നെങ്കിൽ നമ്മുടെ പേരെന്റിങ്ങിനും മൂല്യബോധന സിസ്‌റ്റത്തിനുമല്ലേ തകരാറ് സംഭവിച്ചിട്ടുള്ളത് !? അതിനൊക്കെയല്ലേ മൊത്തത്തിൽ ഒരു Re Engineering വേണ്ടത് !? നമ്മുടെ കഴിവ് കേടിന് പരിഹാരം കാണാതെ ഒരു സമുദായത്തെ മൊത്തത്തിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത് ക്രിസ്തു പഠിപ്പിച്ച അയൽ സ്നേഹത്തിന് ചേർന്നതാണോ !?

കൈവിട്ട് പോയി അപകടത്തിൽ പെട്ട കുഞ്ഞാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വ്യാകുലപ്പെട്ട്, ഏത് വിധേനെയും നമ്മുടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സഭയ്ക്ക്, കന്യാസ്ത്രീ മഠങ്ങളിൽ വച്ച് അപമൃത്യു സംഭവിച്ച കന്യാസ്ത്രീകളുടെയും, അച്ചന്മാരിൽ നിന്നും മെത്രാന്മാരിൽ നിന്നും പീഡനങ്ങൾക്ക് വിധേയരാകേണ്ടി വന്ന നൂറ് കണക്കിന് കുഞ്ഞാടുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, സഭക്കകത്ത് തന്നെ സംഭവിക്കാനിടയുള്ള അപകടങ്ങളെപ്പറ്റിയും തീവ്രവും വ്യാപകവുമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ ഉത്തരവാദിത്തമില്ലേ !? മാതാപിതാക്കളെ സംബന്ധിച്ച് സ്വന്തം കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവർ സ്വന്തം ആൾക്കാരാണോ അന്യരാണോ എന്നതിൽ വ്യത്യാസമൊന്നുമില്ലല്ലോ. സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് കളഞ്ഞിട്ടല്ലേ അപരന്റെ കണ്ണിലെ കരട് എടുത്ത് കളയേണ്ടത് !?

കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, ഏതാനും അച്ചന്മാരും മെത്രാന്മാരും ക്രിമിനലുകൾ ആണെന്നത് കൊണ്ട് ആ കുപ്പായക്കാരെല്ലാം ക്രിമിനലുകൾ ആണെന്ന് പറയുന്നത് പോലെ തന്നെയല്ലേ ഏതാനും മുസ്ലിങ്ങൾ തീവ്രസ്വഭാവക്കാർ ആണെന്നത് കൊണ്ട് ആ വിഭാഗക്കാർ എല്ലാം തീവ്രസ്വഭാവക്കാർ ആണെന്ന് പറയുന്നതും !? 

സ്ഥാപനവൽക്കരിക്കപ്പെട്ട അരമനകളുടെയും മേടകളുടെയും അപരിമിതമായ അധികാരത്തിലും സ്വാധീനത്തിലും സമ്പത്തിലും അഭിരമിച്ച് ളോഹയുടെ തണലിൽ ജീവിക്കുന്ന അച്ചന്മാർക്കും പിതാക്കന്മാർക്കും  ദൈനംദിന അടിസ്ഥാനത്തിൽ മറ്റ് മതക്കാരുമായി ഇടപഴകേണ്ട അവശ്യമില്ലായിരിക്കാം; പക്ഷെ അല്മായന്റെ സ്ഥിതി അതല്ല; അവന് പണിയെടുത്ത് അന്നന്നപ്പം കണ്ടെത്തുകയും കുടുംബം പൊട്ടുകയും ചെയ്യണമെങ്കിൽ ഇതര മതസ്ഥരുമായി നിത്യം ഇടപഴകി കൊടുക്കൽ വാങ്ങലുകൾ ചെയ്തേ പറ്റൂ; അത് കൊണ്ട് ഇവിടെ ഇപ്പോൾ വലിയ കുഴപ്പങ്ങളില്ലാതെ സ്വച്ഛമായൊഴുകുന്ന സൗഹാർദ്ദത്തിന്റെ പുഴയിൽ നഞ്ചു കലക്കരുതെന്നാണ് വന്ദ്യ പിതാക്കന്മാരോടും അച്ചന്മാരോടും അവരുടെ മൂട് താങ്ങികളോടും ഒരു സഭാംഗം എന്ന നിലയിൽ ഈ ആടിന് പറയാനുള്ളത്. 

സഭയെ സ്നേഹിക്കുന്നു എന്ന് അഭിനയിച്ചു കൊണ്ട് സഭയുടെ ചിലവിൽ വർഗീയതയുടെ സദ്യ വിളമ്പാൻ വരുന്നവരെ തിരിച്ചറിയാൻ ഞങ്ങളുടെ ഇടയന്മാർക്ക് ബുദ്ധി ഇല്ലേ !? സ്വന്തം മത മൗലിക വാദത്തെ താലോലിച്ചു വളർത്തിക്കൊണ്ട് മറ്റ് മതങ്ങളുടെ മൗലിക വാദങ്ങളെ എതിർക്കാനിറങ്ങിയിരിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ ആലയിലേക്ക് സ്വന്തം കുഞ്ഞാടുകളെ ആട്ടിത്തെളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇടയന്മാരുടെ തലയിൽ കളിമണ്ണോ അതോ തെർമോക്കോളോ !? തീവ്രവാദത്തെ എതിർക്കുന്നതിന് പകരം ഇതര മതങ്ങളെ എതിർക്കാൻ പ്രേരിപ്പിക്കുന്ന ഇടയന്മാരെ അനുഗമിക്കാൻ ബുദ്ധിയുള്ള അജഗണത്തെ കിട്ടില്ല എന്നോർക്കുക. 

ഇപ്പോൾ സൗഹാർദ്ദം കാണിച്ചു കൊണ്ട് തോളിൽ കയ്യിടുന്ന കൂട്ടരുടെ പ്രഖ്യാപിത ആഭ്യന്തര ശത്രുക്കളാണ് നാം എന്ന കാര്യം ഓർക്കുക. മറ്റ് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത് വരെ മാത്രമേ അവർക്ക് നാം സുഹൃത്തുക്കൾ ആയിരിക്കൂ എന്നും മനസിലാക്കുക. ഇതൊക്കെ മനസിലാകാനും തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആട്ടിൻകൂട്ടത്തെ സുരക്ഷിതമായ തൊഴുത്തിലേക്ക് നയിക്കാൻ നിങ്ങൾക്ക് സൽബുദ്ധി ഉണ്ടാകാനും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിങ്ങൾക്ക് ഭരമേല്പിക്കപ്പെട്ട ഒരു ഗതികെട്ട ആട്...