Wednesday, 12 July 2017
പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?
Tuesday, 6 June 2017
മനുഷ്യന് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു പട്ടിയുമില്ല !!??
പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സജി എന്ന ആളെ തെരുവുനായ കടിച്ച വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കിയിട്ട് അധിക കാലമായില്ല. ഒരു അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായ സജിയെ കടിച്ചത്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ. ഏഴുലക്ഷം രൂപ മുതൽ മുടക്കിൽ ഒരേസമയം അറുപത് നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പാലായിൽ അന്ന് നായ് പാർക്ക് തുടങ്ങിയത്.
വര്‍ക്കലയിൽ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവന്‍ എന്ന വൃദ്ധൻ തെരുവു നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഒരു വര്ഷമായില്ല. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് തൊണ്ണൂറുകാരനായ രാഘവന്‍ മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അദ്ദേഹത്തെ ആറോളം നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.
രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്ന "ബ്ലാക്കിലെ" മമ്മൂട്ടിയുടെ ഷണ്മുഖൻ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്; "ആണ്‍ഗുണ്ടയ്ക്ക് പെണ്‍ഗുണ്ടയിൽ ഉണ്ടാകുന്ന വിചിത്ര ജന്മങ്ങൾ ഒന്നുമല്ല ഈ ഗുണ്ടകൾ". ഗുണ്ടകളുടെ കാര്യത്തിൽ ഷണ്മുഖന്റെ ഡയലോഗ് സത്യമാണെങ്കിലും തെരുവ് പട്ടികളുടെ കാര്യത്തിലെ സത്യം മറ്റൊന്നാണ്. ഭൂരിഭാഗം തെരുവുപട്ടികളും ഒരു തെരുവ് പട്ടിക്ക് മറ്റൊരു തെരുവ് പട്ടിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തന്നെയാണ്.
പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ടെന്നും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്ന ജന്തുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് മുന്‍ തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറും പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാള്‍ ഉപരി പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. തെരുവിലല്ല നായയെ വളര്‍ത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണണയ്ക്കുന്നത് എന്ന് കൂടി അദ്ദേഹം പറയുന്നു. കേരളാ മെഡിക്കൽ സെർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ വാക്കുക്കൾ അടിവരയിട്ട് വായിക്കേണ്ടതാണ്.
സ്വാഭാവികമായും Survival of the fittest തത്വം അനുസരിച്ച് ജീവിക്കുന്ന തെരുവ് ജീവികൾ അക്രമാസക്തർ ആകാനേ തരമുള്ളൂ. പൊതുവെ പട്ടിപ്പേടിയുള്ള മനുഷ്യരിൽ നിന്നും ഏറ്റു വാങ്ങുന്ന കല്ലേറും മറ്റു ക്രൂരതകളും ഇവയെ കൂടുതൽ അക്രമാസക്തർ ആക്കുന്നു. തെരുവ് പട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവർ പോലും ഉണ്ടെന്നത് കൊച്ചി നഗരത്തിലെ ഒരു മനശാസ്ത്ര കൌണ്‍സിലർ പറഞ്ഞ ഞെട്ടിക്കുന്ന അറിവാണ്.
അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ പണ്ടൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി ഉണ്ടായിരുന്നു. മുൻപ് സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധിയുടെ കർശന നിർദ്ദേശപ്രകാരമാണ് നായ്പിടുത്തവും നായ് വധവും നിരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ മരുമകളായതിന് ശേഷമാണ് അവർക്ക് മനുഷ്യനേക്കാൾ മൃഗങ്ങളോട് സ്നേഹം കൂടിയതെന്ന് പറഞ്ഞ മറ്റൊരു സ്നേഹിത നേയും ഈ അവസരത്തിൽ ചുമ്മാ ഓർക്കുകയാണ്. ഇപ്പോൾ ആയമ്മ പറയുന്നത് പട്ടി കടിക്കാൻ വന്നാൽ ഓടി മരത്തിൽ കയറിയാൽ മതി എന്നാണ്. പാടത്തോ ബീച്ചിലോ വച്ച് പട്ടി ഓടിച്ചാൽ എന്ത് ചെയ്യണമെന്നോ ഓടാനോ മരം കയറാനോ അറിയാത്തവർ എന്ത് ചെയ്യണമെന്നോ ഈ നിർദേശത്തിൽ വ്യക്തവുമല്ല. നായ്ക്കളെ കൊല്ലുന്നതിനു പകരം പുനരധിവാസം, വന്ധ്യംകരണം മുതലായ മനോഹരമായ ആശയങ്ങളാണ് ചേച്ചിയും മറ്റു പട്ടി പ്രേമികളും മുന്നോട്ടു വയ്ക്കുന്നത്. ഭാഗ്യത്തിന് പട്ടികളെ ബോധവല്ക്കരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഇത് വരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് തെണ്ടിപ്പട്ടികളെ പുനരധിവസിപ്പിക്കുന്നത്...ത്ഫൂ..... വന്ധ്യം കരണം എളുപ്പത്തിൽ പ്രായോഗികമല്ലെന്ന വാദം അവഗണിച്ചിട്ട് വന്ധ്യംകരണ ആശയവുമായി മുന്നോട്ടു പോയാൽ തന്നെ ഇപ്പോഴുള്ള എട്ടുലക്ഷം തെണ്ടിപ്പട്ടികളും വീണ്ടും ഉപേക്ഷിക്കപ്പെടുന്ന "ഉപയോഗ ശൂന്യമായ" പട്ടികളും ഇവിടെത്തന്നെ ഉണ്ടാകില്ലേ ? വന്ധ്യംകരണത്തിലൂടെ നായപ്പെരുപ്പം തടയാനാകുമെങ്കിലും ഇപ്പോൾ തെരുവുകളിൽ അപകടകരമായി അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ പറ്റൂ..... മാത്രവുമല്ല, വന്ധ്യംകരിക്കപ്പെട്ട പട്ടി കടിക്കില്ല എന്നാരാണ് പറഞ്ഞത് ? പട്ടിയുടെ കടിക്കാനുള്ള വാസന അതിന്റെ വൃഷണത്തിലാണോ ഇരിക്കുന്നത് ? അടിയന്തിരാവസ്ഥക്കാലത്ത് ക്വോട്ട നിശ്ചയിച്ച് ആളുകളെ നിർബന്ധപൂർവ്വം വന്ധ്യംകരിച്ച സഞ്ജയ് ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വന്ധ്യംകരണം വന്ധ്യംകരണം എന്ന് പറയുന്നതെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്. പേപ്പട്ടി വിഷ പ്രതിരോധ (ആന്റി റാബീസ്) കുത്തിവയ്പ്പ് എല്ലാ തെരുവ് പട്ടികളടക്കം എല്ലാ പട്ടികൾക്കും നല്കുക എന്നതാണ് അടുത്ത ആശയം. ഘടാഘടിയൻ പ്രചാരണങ്ങൾ നടത്തിയിട്ട് ഇവിടത്തെ മനുഷ്യര് മുഴുവൻ ആധാർ കാർഡും വോട്ടർ കാർഡും ജൻധൻ അക്കൌണ്ടും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളും ഒന്നും തന്നെ ഇപ്പോഴും എടുത്തു കഴിഞ്ഞിട്ടില്ല. പിന്നെയാണ് പട്ടികൾ !!! ഒരു അറിയിപ്പ് കൊടുത്താൽ ഉടനെ നാട്ടിലെ പട്ടികളെല്ലാം കുത്തി വയ്പ്പെടുക്കാൻ നിരന്നു നിന്നോളുമോ ആവോ ? നടപ്പുള്ള കാര്യം വല്ലതും പറയൂ കൂട്ടരേ...
സംഗതി വളരെ ലളിതമാണ്; മനുഷ്യ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അപകടകരമായ രീതിയിൽ ഭംഗം വരുത്തുന്ന എന്തിനെയും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ തത്വം വച്ചല്ലേ അക്രമാസക്തരായ കൊടും ഭീകരന്മാരെയും കൊള്ളക്കാരെയും ഗുണ്ടകളെയും സമരക്കാരെയും ഒക്കെ വെടി വച്ച് കൊല്ലുന്നത്. അവരും മനുഷ്യരല്ലേ; അപ്പോൾ പിന്നെ ആ മനുഷ്യർക്ക് കൊടുക്കാത്ത എന്ത് അവകാശമാണ് തെണ്ടിപ്പട്ടികൾക്ക് ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ? അല്ലെങ്കിൽ ഇവറ്റയെ ഒക്കെ പിടിച്ചു കെട്ടി പട്ടിയെ തിന്നുന്ന നാടുകളിലേക്ക് കയറ്റി അയച്ചാൽ പുതിയൊരു കച്ചവട മേഖല തുറക്കുകയുമാവാം പട്ടി ശല്യം ഒഴിവാക്കുകയുമാവാം. ഗോഡ്സ് ഓണ്‍ കണ്ട്രി "ഡോഗ്സ് ഓണ്‍ കണ്ട്രി" ആയി മാറുമ്പോഴും അത്യന്തം അപകടകാരികൾ ആയ കേവലം തെണ്ടിപ്പട്ടികൾക്ക് വേണ്ടി പോരാടാൻ എത്ര മനുഷ്യരാ....!!! പക്ഷെ മനുഷ്യർക്ക് വേണ്ടി നില കൊള്ളാൻ ഒരു പട്ടിയുമില്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു, ഈ നാടിനെ ഓർത്ത്......!!!
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Thursday, 1 June 2017
1000 കോടിയുടെ "മഹാഭാരതം" - ശശികലയോട് യോജിക്കേണ്ടി വരുമ്പോൾ....
സത്യത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്, ധർമ്മപക്ഷത്ത് മോഹൻലാലിനെയും എം ടിയെയും അധർമ്മ പക്ഷത്ത് ശശികലയെയും സംഘകുടുംബത്തെയും നിർത്തിക്കൊണ്ട് മോഹൻലാൽ ആരാധകരും ശശികല ആരാധകരും (കൂട്ടത്തിൽ മോഹൻലാൽ വിരുദ്ധരും ശശികല വിരുദ്ധരും) നയിക്കുന്ന അഭിനവ "കുരുക്ഷേത്രയുദ്ധമാണ്". അത് പോലും നെഗറ്റിവ് പബ്ലിസിറ്റി സാധ്യത ആയി കണ്ട് സിനിമയുടെ പിന്നണിക്കാർ ഹർഷം കൊള്ളുകയായിരിക്കും. ഇവിടെ യുദ്ധം ചെയ്യുന്നവരിൽ ഏറെയും പേർ മഹാഭാരതവും രണ്ടാമൂഴവും വായിച്ചിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല; പലരുടെയും ധാരണ മഹാഭാരതത്തിന്റെ മലയാള പരിഭാഷയാണ് രണ്ടാമൂഴം എന്നാണ്; ചിലർ പറയുന്നത് ബഹുഭാഷാ ആഗോള റിലീസ് ചിത്രമാകുമ്പോൾ "മഹാഭാരതം" എന്ന് പേരിട്ടാലേ വാണിജ്യവിജയം കിട്ടൂ എന്നാണ് (സത്യത്തിൽ ഈ പേരിനോടുള്ള പ്രേമം അത് തന്നെയാണല്ലോ); അതായത്, ഒരു യോഗ്യനായ യുവാവ് കല്യാണം ആലോചിക്കുന്നു; സ്വന്തം അച്ഛന് "ലുക്ക്" അൽപ്പം കുറവാണ്; അത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി പെണ്ണ് കാണാൻ പോയപ്പോൾ സുന്ദരനായ അയല്പക്കക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് പയ്യന്റെ അച്ഛൻ എന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തുന്നു; അതിലെന്താ തെറ്റ് എന്ന് ചോദിക്കുന്ന വൃത്തികേട് മാത്രമേ ഇവിടെയും ഒള്ളൂ.
ഇത് ആവിഷ്കാരസ്വാതന്ത്ര്യം : എം ടി ബിജുക്കുട്ടൻ എന്ന എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരുഗ്രൻ കഥയുണ്ട്. "ദി കംപ്ലീറ്റ് ആക്റ്റർ" അതാണ് കഥയുടെ പേര്. സൂപ്പർ സ്റ്റാർ പൽമശ്രീ വൈദ്യർ ഡി വൈ എസ് പി പാലേട്ടൻ എന്നൊരു നാടക നടന്റെ ജീവിതത്തെപ്പറ്റി ഉള്ള കഥയാണ്. ഗോപാലൻ എന്നാണു ശരിക്ക് പേര്; ആരാധകർ വിളിക്കുന്നതാണ് പാലേട്ടൻ എന്ന്. പാലേട്ടന്റെ ജീവിതം, കൂടെ അഭിനയിച്ച ഒരു നടിയുടെ വീക്ഷണകോണിൽ നിന്നെഴുതിയ സ്വതന്ത്രകൃതി. അദ്ദേഹത്തിന്റെ മാനേജരായ ജോണി പേരാവൂർ എന്നയാളും മുഖ്യകഥാപാത്രമാണ്...ഈ പ്രോജക്ട് 999 കോടി രൂപക്ക് സിനിമയാക്കാമെന്ന് അരി പ്രാഞ്ചിയേട്ടൻ സമ്മതിച്ചിട്ടുണ്ട്...പക്ഷെ ബഹുഭാഷാ ആഗോള മാർക്കറ്റ് പിടിക്കാൻ പടത്തിന് "സണ്ണി ലിയോൺ - പറയാതിരുന്ന കഥകൾ" എന്ന് പേരിടണമെന്നാണ് പ്രാഞ്ചിയേട്ടൻ പറയുന്നത്. ബിജുക്കുട്ടനും പാലേട്ടനും ഈ പേരുമാറ്റത്തിൽ ഒരു പരാതിയുമില്ല; എന്താല്ലേ !!!???
എന്റെ വ്യക്തിപരമായ അഭിപ്രായം : സിനിമ തിയ്യേറ്റർ കാണില്ല, തിയ്യേറ്റർ കത്തിക്കും മുതലായ നിലപാടുകളോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. പക്ഷെ, ഇത് വിവിധ തരത്തിലുള്ള നിയമപോരാട്ടത്തിന് വഴി വയ്ക്കുമെന്ന അഭിപ്രായമാണെനിക്ക്. അത് കൊണ്ട് തന്നെ, ഈ തർക്കം പരിഹരിക്കാൻ കോടതി വഴിയുള്ള പരിഹാരത്തോടാണെനിക്ക് താൽപ്പര്യം.
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Thursday, 11 May 2017
അവൾക്ക് അഴിച്ചു മാറ്റേണ്ടി വന്നത് അടിവസ്ത്രം മാത്രമല്ലായിരുന്നു; ആത്മാഭിമാനം കൂടിയായിരുന്നു…..
Friday, 28 April 2017
"കച്ചവട"തൃതീയ - ഹിന്ദുത്വവാദികൾക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ലേ....!!!???
ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...
Monday, 27 March 2017
ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.

ആണിനും പെണ്ണിനും പിന്നാലെ സദാചാരഭൂതക്കണ്ണാടിയും താങ്ങിപ്പിടിച്ച് സർവ്വരും കുന്തവും കുറുവടിയുമായി നടക്കുന്ന വർത്തമാനകാലമാണിത്. സദാചാര പോലീസിങ്ങിനെപ്പറ്റി ആവർത്തിച്ച് സംസാരിക്കുന്ന കാലവുമാണ്. പ്രാദേശിക സദാചാര പോലീസിങ് കൂടാതെ ശരിക്കും പൊലീസുകാരുടെ വക സദാചാരപ്പോലീസിങ്, രാഷ്ട്രീയപാർട്ടികളുടെ വക സദാചാര പൊലീസിങ്... അങ്ങനെ എണ്ണമില്ലാത്ത സദാചാരപ്പോലീസിങ് വാർത്തകൾക്കിടയിൽ ഇതാ മറ്റൊരു സദാചാര പോലീസിങ്. അതെ, മാധ്യമങ്ങളുടെ വക സദാചാര പോലീസിങ്.
മംഗളം ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്ത ഒരു ടെലിഫോൺ സംഭാഷണമാണിന്ന് കേരളം സമൂഹം ചർച്ച ചെയ്യുന്നത്. മന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തിയ ഒരു സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയുള്ള ടെലിഫോൺ സംഭാഷണം നടത്തി എന്നതാണ് ആരോപണം. തെളിവായി സ്ത്രീയുടെ സംഭാഷണഭാഗങ്ങൾ ഇല്ലാത്ത, മന്ത്രിയുടെ ശബ്ദമെന്ന് ആരോപിക്കപ്പെടുന്ന, ലൈംഗികകാര്യങ്ങൾ പരാമർശിക്കുന്ന കോൾ റെക്കോർഡ്. ഒരു മ്യൂട്ടിങ്ങോ ബീപ്പ് മാസ്‌ക്കോ ഇല്ലാതെ ചാനൽ ചർച്ചക്കിരിക്കുന്ന മഹതികളുടെ ക്ളോസ് അപ്പ് ഷോട്ട് കാണിച്ചു കൊണ്ട് കേരളത്തിലെ സ്വീകരണമുറികളിലേക്ക് മംഗളം ചാനൽ തുറന്നു വിടുന്നു. ഇതെല്ലാം കേൾപ്പിച്ച് കഴിഞ്ഞിട്ട് നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഇതൊന്നും കേൾപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.
ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങൾ ഏറെക്കുറെ ഇങ്ങിനെയാണ്. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ നിയമതടസ്സമില്ല എന്നാണെന്റെ എന്റെ അറിവ്. എന്നാല്‍, ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം...ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകും...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയേക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽപ്പോലും നിയമത്തിനു ഇത്രയുമേ പറ്റുകയുള്ളൂ എങ്കിൽ, പ്രായപൂർത്തിയായ മന്ത്രിയും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം, ഇനി അത് തെറിപ്പാട്ട് തന്നെയായാലും എങ്ങനെയാണ് പൊതു സമൂഹത്തെ ബാധിക്കുക....മനസ്സിലാവുന്നില്ല.
ഇവിടെ ഉയരുന്ന കുറെ ചോദ്യങ്ങളുണ്ട് .
ചാനലിൽ മുഴത്തിനു മുഴം പരാതിക്കാരി പരാതിക്കാരി എന്ന പരാമർശം കേട്ടിരുന്നു; എന്തായിരുന്നു ഇവരുടെ പരാതി ?
പരാതിക്കാരിയായ വന്ന അശരണയും നിസ്സഹായയും ആയ സ്ത്രീയോടാണ് മന്ത്രി ഇത് ചെയ്തതെന്ന് മാധ്യമം പറയുന്നത് ഏതേത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ?
എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?
ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?...
പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?
സംഭവം പുറത്തു വന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അദൃശ്യയായിരിക്കുന്ന സ്ത്രീ പേരിന് വാക്കാലെങ്കിലും ഒരു പരാതി എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ ?
മന്ത്രി തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ സ്ത്രീയെ വശത്താക്കിയതാണോ; എങ്കിൽ അതിനെന്ത് തെളിവാണുള്ളത് ?
ഈ സ്ത്രീ പ്രായപൂർത്തി ആകാത്ത വ്യക്തിയാണോ ?
ഈ ശബ്ദം മന്ത്രിയുടേത് തന്നെയാണോ ?
മംഗളത്തിന്റെ റിപ്പോർട്ടിൽ എവിടെയാണ് പൊതുസമൂഹത്തെ ബാധിക്കുന്ന വാർത്തയുള്ളത് ?
പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?
സ്വകാര്യമായി മന്ത്രിയും സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയും നടത്തിയ സംഭാഷണം (ദൃശ്യവും ?) റെക്കോഡ് ചെയ്യാൻ ആർക്കാണ് അവകാശം?
ഒരു മന്ത്രി (എം എൽ ഏ) യുടെ ഫോൺ ചോർത്തിയത് ആരാണ് ?
തികച്ചും വ്യക്തിപരമായ ഒന്ന് വാർത്തയാക്കാൻ ആർക്കാണ് അവകാശം?
പൊതു പ്രവർത്തകനോ മന്ത്രിയോ ആയിപ്പോയാൽ നിലവിലുള്ള നിയമങ്ങൾക്കെതിരല്ലാത്ത രീതിയിൽ ലൈംഗിക ബന്ധമോ വ്യക്തി ബന്ധമോ പുലർത്താൻ ഒരു വ്യക്തിക്ക് അവകാശമില്ലേ ?
അശ്ലീലത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വിവരണങ്ങൾ ഉള്ള പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശം മംഗളം ചാനലിന് ബാധകമല്ലേ ?
സ്ത്രീ പക്ഷത്തെന്ന് അവകാശപ്പെട്ട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ ഒരു മറയുമില്ലാതെ കേൾപ്പിച്ച് ചർച്ചക്കിരുന്ന സ്ത്രീകളെക്കൊണ്ട് പോലും ചെവിപൊത്താൻ നിർബന്ധിച്ച ചാനലല്ലേ സത്യത്തിൽ സ്ത്രീവിരുദ്ധത കാണിച്ചത് ?
തികച്ചും അശ്ലീലമായ സംഭാഷണങ്ങൾ പ്രായപൂർത്തി മുന്നറിയിപ്പില്ലാതെ ചാനലിലൂടെ ഉറക്കെക്കേൾപ്പിച്ചതിന് ചാനലിനെതിരെ നടപടിയെടുക്കേണ്ടതല്ലേ ?
വാർത്ത വായിച്ച അവതാരകയെപ്പോലും അപമാനിക്കുന്ന ചീഞ്ഞ പണിയല്ലേ "മഞ്ഞളം T V" ചെയ്തത് ?
ഉദ്ഘാടന ദിവസം ഇങ്ങനെയാണെങ്കിൽ, പ്രാകൃതമായ സദാചാര പോലീസിങ്ങ് മനോഭാവം വച്ച് പുലർത്തുന്ന ഈ മാധ്യമം ഭാവിയിൽ സമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകില്ലേ ?
സഖാവ് സ്വരാജിന്റെ ഭാഷയിൽ ഇത്തരം പിതൃശൂന്യമാധ്യമപ്രവർത്തനത്തെ വെറുതെ വിട്ടാൽ, വരും നാളുകളിൽ മാധ്യമപ്രവർത്തനത്തിന്റെ കൂടുതൽ അധാർമികരീതികൾ നമ്മൾ കാണേണ്ടി വരില്ലേ ?
ഉത്തരങ്ങൾ എന്ത് തന്നെയായാലും, ഇത് മാധ്യമപ്രവർത്തനമോ മാധ്യമ ധർമ്മമോ ഒന്നുമല്ല. ഇത് സദാചാരഗുണ്ടായിസമാണ്; ഇത് ഒളിഞ്ഞുനോട്ടമാണ്; ഇത് ന്യൂസ് പോണോഗ്രഫി ആണ്; ഇത് ബ്ലാക്ക് മെയിലിങ് ആണ്; സർവ്വോപരി മാതൃകാപരമായി കഠിനശിക്ഷ കൊടുക്കേണ്ട ഒരു ക്രൈം ആണ്. മറൈൻ ഡ്രൈവിൽ സദാചാരപ്പോലീസിങ് നടത്തിയ ശിവസേനക്കാരെ പിടിച്ചു ജയിലിലിട്ട അതേ ആർജ്ജവം പിണറായിയുടെ പൊലീസ് ഈ ഒളിഞ്ഞുനോട്ട മാധ്യമക്കാർക്ക് നേരെയും കാണിക്കേണ്ടതുണ്ട്.
മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും വേണ്ടി സാഹചര്യങ്ങൾക്കനുസരിച്ച് സൗകര്യപൂർവ്വം വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും കൃത്രിമവാർത്തകൾ നൽകുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു.
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Friday, 24 March 2017
പിന്നണി ഗായകൻ കെ. ബേബി ജോസഫ് അഥവാ ജോസ് പ്രകാശ്, The legendery Villain of Molywood
മാർച്ച് 24 - ജോസ് പ്രകാശ് ഓർമ്മയായിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. ജോസ് പ്രകാശ് എന്ന് വിളിപ്പേരുള്ള വളരെ പ്രതിഭാശാലിയായ ഈ നടനെ മലയാള സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വില്ലനായും പക്വമതിയായ കാരണവരായും ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായുമൊക്കെ വേഷപ്പകർച്ച നടത്തി ഇദ്ദേഹം സിനിമാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും ഇദ്ദേഹത്തിന്റെ "ഹെലോ മിസ്റ്റർ പെരേര", "എന്റെ മുതലക്കുഞ്ഞുങ്ങൾ", "വെൽ ഡൺ മൈ ബോയ്", "ബൈ ദി ബൈ" മുതലായ ഡയലോഗുകൾ സുപരിചിതമാണ്.
ചങ്ങനാശേരിയിൽ കുന്നേൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തയാളായി 1926 ഏപ്രിൽ 16-നാണ് ബേബി ജോസഫ് ജനിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം തുടങ്ങിയത്. ഇദ്ദേഹം എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബേബി ജോസഫ് ചെറിയ ബിസിനസുകളുമായി കഴിച്ചു കൂട്ടി. കലാപ്രവർത്തനങ്ങളോടുള്ള താല്പര്യം സമാന ചിന്താഗതിക്കാർ ചേർത്ത് കോട്ടയം കേന്ദ്രമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു കലാ കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. ഗായകൻ എന്ന നിലയിലായിരുന്നു "കോട്ടയം ആർട്ട്സ് ക്ലബ്ബി"ൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
സിനിമയിലും അദ്ദേഹത്തിന്റെ എൻട്രി, ഗായകൻ എന്ന നിലയിലായിരുന്നു. കോട്ടയം ജോസഫ് എന്നറിയപ്പെട്ടിരുന്ന സി. ജോസഫെന്നൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സി. ജോസഫിന് കോട്ടയത്ത് "ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സ്" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫും ഒഴിവുള്ളപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സിൽ ഒത്തു ചേരുമായിരുന്നു. ആ അവസരങ്ങളിൽ കടയിലെ മൈക്കിലൂടെ ബേബി ജോസഫ് പാട്ടുകൾ പാടുമായിരുന്നു. സി. ജോസഫും സുഹൃ ത്തുക്കളായ വാസുവും (മംഗളം പിക്ചേഴ്സ്) അഡ്വ. കെ.കെ.ജോർജ്ജും പ്രശസ്ത നടൻ അന്തരിച്ച തിക്കുറിശി സുകുമാരൻ നായരും ചേർന്നാണ് അക്കാലത്ത് "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ കോട്ടയത്തെ കടയിൽ വച്ച് ബേബിയുടെ പാട്ട് തിക്കുറിശിയെ നേരിട്ട് കേൾപ്പിച്ചത് സി.ജോസഫായിരുന്നു. സിനിമയിൽ ബേബിയെക്കൊണ്ട് പാടിച്ചാലോ എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട് തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക് പോയതും ഇതേ ജോസഫ് തന്നെ ആയിരുന്നു.
സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ലെങ്കിലും പാടണമെന്നുള്ള ആഗ്രഹവും സ്വതസിദ്ധമായി ഉണ്ടായിരുന്ന സംഗീത വാസനയും അൻപതിലധികം സിനിമാ പാട്ടുകൾ പാടാൻ ബേബിയെ സഹായിച്ചു. ഗായകനെന്ന നിലയിൽ വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, പി ലീല എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ ചെറുവേഷങ്ങളിൽ തുടങ്ങിയ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കും വിലയുമുള്ള താരമായി. പിന്നീടുള്ള ആറു പതിറ്റാണ്ടുകൾ മലയാള സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വമായി ബേബി ജോസഫ് തിളങ്ങി. അത് "ജോസ് പ്രകാശ്" എന്ന പേരിലായിരുന്നു എന്ന് മാത്രം. മലയാളത്തിലെ ഒട്ടനവധി നടീ നടന്മാർക്ക് പേര് മാറ്റം നിർദ്ദേശിച്ച തിക്കുറിശ്ശി തന്നെയാണ് ബേബി ജോസഫിന് "ജോസ് പ്രകാശ്" എന്ന പേര് നൽകിയത്.
ജോസ് പ്രകാശ് കുറച്ചു കാലം നാടകങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ലെ ജെ സി ദാനിയേൽ പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വാർദ്ധക്യകാലത്ത് പ്രമേഹരോഗ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. 2012 മാർച്ച് 24-ന് അസുഖം കലശലായതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസായിരുന്നു.
ജോസ് പ്രകാശിനോട് സംവിധാനം ചെയ്യാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ട സിനിമയാണ് 1974-ൽ ഇറങ്ങിയ "ശാപമോക്ഷം" എന്ന സിനിമ. എന്നാൽ ആ ഓഫർ സ്വീകരിക്കാതെ ജോസ് പ്രകാശ് നിർദ്ദേശിച്ച സംവിധായകനാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളും സംവിധാനം ചെയ്ത "ജേസി". പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശുമായി ചേർന്ന് കൂടെവിടെ, ഈറൻ സന്ധ്യ, ഉപഹാരം, ആയിരം കണ്ണുകൾ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ആർമിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത് മഹാത്മാ ഗാന്ധിയുടെ അംഗരക്ഷകനായി ജോസ് പ്രകാശ് ജോലി നോക്കിയിട്ടുണ്ടെന്നത് കൂടി അറിയുമ്പോൾ അദ്ദേഹം മലയാളി കൃത്യമായി മനസിലാക്കാതെ പോയ ഒരു ബഹുമുഖ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം...
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ....

