ഞാൻ വെറും പോഴൻ

Friday, 25 August 2017

ഉത്തർപ്രദേശിൽ എന്തൊക്കെയാണ് നടക്കുന്നത് ???

കുറച്ചു കാലങ്ങൾക്ക്  മുൻപ്, ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി രണ്ട് ദളിത് പെണ്‍കുട്ടികളടക്കം മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം തുടരുന്നതിനിടെ ഒരു വനിതാ ജഡ്ജി ബലാത്സംഗത്തിനിരയായിരിന്നു. ബദായൂം ജില്ലയില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ഒരു പൊതുസ്ഥലത്തുള്ള മരത്തില്‍ കെട്ടിത്തൂക്കിയ കേസ്സില്‍ അറസ്റ്റിലായവരില്‍ ചില പോലീസുകാരും കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന് ശേഷമാണ് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ ഒരു 22-കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും. സംഭവത്തിൽ ഇരയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയതിനു പുറമെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ്, ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആദ്യം പറഞ്ഞ വനിതാ ജഡ്ജി സ്വന്തം ഔദ്യോഗിക വസതിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റിട്ടുണ്ടായിരുന്നത്രേ.  പീഡിപ്പിച്ച ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചിരിക്കാമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. മരണത്തോട് മല്ലടിച്ചു കൊണ്ടിരിരുന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ പൊതുജനത്തിന് അജ്ഞാതമാണ്. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തില്‍ നിന്നാണ് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പതിനഞ്ചുകാരിയുടെ മൃതശരീരം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടു മാസം മുൻപ് മുസാഫര്‍നഗറിനു സമീപം ഭനേറ ജറ്റിലാണ് പതിനാലുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പെര്‍വൈസ് എന്ന യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതിനിടെ വേറെയും ബലാൽസംഗ വാർത്തകൾ യു പിയിൽ നിന്ന്  കേട്ടിരുന്നു. 

ഇപ്പോൾ കിട്ടിയ വാർത്ത : ദില്ലി കാണ്‍പുര്‍ ദേശീയ പാതയില്‍ അമ്മയും മകളും കൂട്ട ബലാത്സംഗത്തിനിരയായി. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. ഇവരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും സംഘം കവരുകയും ചെയ്തു.     


ഈ സംഭവങ്ങള്‍ അവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. ഇത്തരം കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും പരസ്യമായി നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലയ്ക്കാത്ത ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ യു.പി.യില്‍ ജനാധിപത്യസര്‍ക്കാറുണ്ടോ എന്നു ചോദിക്കുന്നവരെ ആര്‍ക്കു കുറ്റം പറയാനാകും. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരെ ഭരണാധികാരികളായി അംഗീകരിക്കാന്‍ ആര്‍ക്കാണ് കഴിയുക. സംഭവങ്ങളെ ഗൌരവമായി കാണാന്‍ പോലും  സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന് ആദ്യമൊന്നും കഴിഞ്ഞില്ല. ലോക്കല്‍ പോലീസിന്റെ അറിവോടെയാണ് ചില സംഭവങ്ങൾ നടന്നതെന്നും പോലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞിട്ടും സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനരോഷത്തെത്തുടര്‍ന്ന് ചില കേസുകൾ സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികളെടുക്കുകയും ചെയ്തു.

ത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവുംവിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യം. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ്, തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ പൊതു ചര്‍ച്ചക്കിടയാക്കിയിരുന്നു. ബഹു ജന സംഘടനകളുടെ പ്രതിഷേധങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടിവ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി വന്‍ തിരിച്ചടി നേരിട്ടെങ്കിലും യു. പി. ഭരിക്കുന്നത് മുലായത്തിന്റെ പാര്‍ട്ടി തന്നെയാണ്. സംഗ പ്രക്രിയയില്‍ ഉദാരവല്‍ക്കരണം സ്വപ്നം കാണുന്ന ഈ നേതാവിന്റെ നാട്ടില്‍ തുടരെ തുടരെ ഇതെല്ലാം സംഭവിക്കുമ്പോള്‍ അതിനെ യാദൃശ്ചികത എന്ന് പറയാനാവുമോ ?  ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി വന്നു പെടുമ്പോള്‍ ആര്‍ക്കാണ് അവിടെ സമാധാനമായി ജീവിക്കാനാവുക ? പച്ച മരത്തോട് ഇതാണെങ്കില്‍ ഉണക്ക മരത്തോട് എന്തായിരിക്കും ചെയ്യുക ?

ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല, സ്ത്രീധനം തുടങ്ങി സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും നേരെ ക്രിയാത്മകമായി നില കൊണ്ടിരുന്ന സ്‌ത്രീമുന്നേറ്റമായിരുന്ന 'ഗുലാബി ഗാംഗ്‌' പോലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. നടുക്കുന്ന അടുത്ത വാര്‍ത്തയിലെ ഇര തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ആകരുതേ എന്ന് മാത്രമാണ് ഏവരുടെയും പ്രാര്‍ത്ഥന...


ലാസ്റ്റ്‌ പേജ് : യു.പി.യില്‍ മാത്രമല്ല; ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ ഇതൊക്കെ തന്നെയാണ്. രാജ്യത്തെ സ്ത്രീ സുരക്ഷ കൂടുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ അപകടത്തിലാണെന്ന ചുവരെഴുത്താണ്  വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. നമ്മുടെ പല നിയമ നിര്‍മ്മാണ സഭകളിലും ഇരിക്കുന്ന പല ജനപ്രതിനിധികളും സ്ത്രീപീഡനകേസ്സുകളില്‍ ആരോപിതര്‍ ആണെന്ന് പറയുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാം. പല്ല് കൊഴിഞ്ഞ നിയമങ്ങളും ഒച്ചിനെക്കാള്‍ പതുക്കെ ഇഴയുന്ന നിയമ നീതി നിര്‍വ്വഹണ സംവിധാനങ്ങളും പണവും സ്വാധീനവും ഉള്ളവന്റെ മുന്‍പില്‍ നട്ടെല്ല് വളക്കുന്ന ഭരണകൂടവും ഉള്ളപ്പോള്‍ ആര്‍ക്കും ആരെയും ധൈര്യമായി ബലാല്‍സംഗം ചെയ്യാം... അതെല്ലാം കളി തമാശയായി കാണാന്‍ അധികാരികള്‍ ചിലപ്പോള്‍ തയ്യാറായേക്കും. പക്ഷെ സഹി കേട്ട ജനം നിയമം കയ്യിലെടുത്താല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വരും. 

സമാനമായ വിഷയത്തിൽ എഴുതിയ മറ്റൊരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം...===>>> ഇന്ത്യൻ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Thursday, 17 August 2017

അതിരപ്പിള്ളിയുടെ മരണമണിയും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളും

പുലിമുരുകൻ എന്ന കച്ചവടച്ചിത്രം 150 കോടി ക്ലബ്ബിൽ കയറിയതിൽ മതിമറന്നുല്ലസിക്കുന്ന കേരളത്തിന്റെ സമാധാനജീവിതത്തിത്തിലേക്ക് വീണ്ടും വീണ്ടും പുലികളും കടുവകളും ഇറങ്ങുന്നു. മുൻ കാലങ്ങളിൽ കാട്ടാനകളും കാട്ടുപന്നികളും ഒക്കെയായിരുന്നു കാടിറങ്ങി വന്നിരുന്നത്. പിന്നെ പിന്നെ അത്യപൂർവ്വമായി കാടിറങ്ങി വന്നിരുന്ന പുലികൾ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി പിടിക്കാൻ തുടങ്ങി. ഒടുവിൽ അവ നാട്ടിലിറങ്ങി മനുഷ്യനെ കൊന്നു തിന്നുന്ന വാർത്തകൾ തീരെ അപൂർവ്വമല്ലാതാകാൻ തുടങ്ങി. കാട്ടാനകൾ നാട്ടിലിറങ്ങി തിരിച്ചു പോകാൻ കൂട്ടാക്കാതെ നാട്ടിൽ അലഞ്ഞു തിരിയുന്നു.

2015 ഫിബ്രവരിയിലാണ് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭാസ്‌കരന്‍ എന്ന അറുപതുകാരനെ കര്‍ഷകനെ കടുവ നിഷ്കരുണം കൊന്നു തിന്നത്. തിരച്ചിലിനു പോയവർക്ക് തലയൊഴികെ മറ്റൊന്നും കിട്ടിയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  വീണ്ടും ചെതലയത്ത് കുറിച്യാട് വനത്തിനരികില്‍ ബാബുരാജ് എന്ന യുവാവിനെ നരഭോജിക്കടുവ കൊന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ചോലക്കടവില്‍ മഹാലക്ഷ്മി എന്ന തൊഴിലാളിയെ കടുവ ഭക്ഷിച്ചു. ഇതിന്റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേ സന്ധ്യക്ക് വീട്ടിനു പുറത്തിറങ്ങിയ ജാര്‍ഖണ്ഡ് സ്വദേശിയായ മബുബോറയെന്ന തൊഴിലാളിയെക്കൂടി  പുലി കൊലപ്പെടുത്തി. പിന്നീടങ്ങോട്ട് നരഭോജിക്കടുവ ജനങ്ങളുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാവുകയാണെന്നും നരഭോജിക്കടുവയെ കൊല്ലണം എന്നുമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി. ഇത്രയുമൊക്കെയായതോടെ, സാഹചര്യങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ അധികാരികളും ജന്തു ശാസ്ത്രജ്ഞരും വിലയിരുത്തി. മനുഷ്യ മാംസത്തില്‍ ഉപ്പുരസം ഉള്ളതിനാൽ അതൊരിക്കല്‍ ഭക്ഷിച്ചാൽ  ആ മൃഗത്തിന് പിന്നീടതിനോട് ആസക്തി കൂടുമത്രെ. സ്വാഭാവിക ശീലത്തിന് വിപരീതമായി മനുഷ്യ മാംസം ഭക്ഷിച്ച കടുവയെ മറ്റു കടുവകള്‍ കൂടെ കൂട്ടുകയുമില്ല. അതിനാല്‍ മടകളിൽ ഒറ്റപ്പെട്ടുന്ന കടുവ പിന്നീട് നിത്യനരഭോജിയായി മാറുകയും ചെയ്യുമത്രേ. അതിനാല്‍ ഇത്തരത്തില്‍പ്പെടുന്ന മൃഗങ്ങളെ എത്രയും പെട്ടെന്ന് കൊലപ്പെടുത്തകയാണ് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് വിദഗ്ധർ പറയുന്നു. ഒടുവിൽ ആക്രമണകാരിയായ കടുവയെ കണ്ടാല്‍ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പു മേധാവി വാക്കാല്‍ ഉത്തരവു നല്‍കി. സംരക്ഷിത മൃഗമായ കടുവയെ വെടിവച്ചു കൊല്ലണമെങ്കില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. ആക്രമണകാരിയായ കടുവ നരഭോജിയാണെന്ന് അതത് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ആ കടുവയെ കൊലപ്പെടുത്താന്‍ അനുമതി നല്‍കും. ഇതിനായുള്ള നീക്കങ്ങള്‍ വനം വകുപ്പ് നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തോടെ ഉടലെടുത്ത വൈരം പോലും മറന്ന് കേരള-തമിഴ്‌നാട് ദൗത്യസംഘങ്ങള്‍ നരഭോജിക്കടുവയ്ക്കായി കാട് അരിച്ചുപെറുക്കി. പിന്നീടങ്ങോട്ട് ഏതാനും കടുവകളെ വെടിവെച്ചു കൊന്നു; ചിലതിനെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലകൾക്ക് കൈമാറി; ഏതാനും കടുവകളെ വനത്തിൽ ചത്ത നിലയിലും കണ്ടെത്തി. ഇടക്കൊക്കെ, സ്ഥിരീകരിക്കപ്പെടാത്ത ഒറ്റപ്പെട്ട പുലിയിറക്ക വാർത്തകൾ കേട്ടെങ്കിലും, ഒരു കണക്കിന് മനസമാധാനം കഴുത്തിലാക്കി പുലിമുരുഗനും കണ്ടു രസിച്ചിരിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് അടുപ്പിച്ചു രണ്ടു പുലിയിറക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്; അതും നഗരഹൃദയത്തിൽ പകൽവെളിച്ചത്തിൽ.... കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനു സമീപ പ്രദേശങ്ങളില്‍ ജീവിക്കുന്നവരും, എന്തിന് കാടിന് അകലെ ജീവിക്കുന്നവർ പോലും അടുത്ത് വരുന്ന വന്യമൃഗങ്ങളുടെ പദചലനങ്ങളെ ഭീതിയോടെ പ്രതീക്ഷിച്ചു തുടങ്ങുന്നു. ഓരോ നിമിഷവും കടന്നുവരാന്‍ സാധ്യതയുള്ള വന്യമൃഗത്തേപ്പറ്റി അവര്‍ ചിന്തിക്കുന്നു, പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ ചെയ്യുന്ന പോലെ പുലി പിറകെ വരുമ്പോൾ ഓടി മരത്തിൽകയറിയിട്ട് സമ്മർസോൾട്ട് അടിച്ചു പുലിയുടെ പിറകിൽ ലാൻഡ് ചെയ്തിട്ട് വേലെറിഞ്ഞു കൊല്ലുന്ന അത്രയ്ക്ക് ലാഘവമുള്ളതല്ല കാര്യങ്ങൾ. 


കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈയിടെ പുറത്തു വിട്ട കണക്കുകള്‍ ഞെട്ടലുളവാക്കാൻ പോന്നതാണ്. അത് രാജ്യത്തെ മുഴുവൻ ചേർത്തുള്ള കണക്കാണ്. 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള 1,143 ദിവസങ്ങളില്‍ ആനയുടേയോ കടുവയുടേതോ ആക്രമണത്താല്‍ കൊല്ലപ്പെട്ടത് 1,144 മനുഷ്യരാണ്. അതായത് ഇന്ത്യയില്‍ ശരാശരി ഒരാളാണ് ഒരു ദിവസം ആനയുടേയോ കടുവയുടേതോ ആയ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നത്. ഇതില്‍ ഏകദേശം 1000 കൊലയും ചെയ്യുന്നത് ആനയും 100ല്‍ അധികം മനുഷ്യക്കൊല ചെയ്യുന്നത് കടുവയുമാണ്. 

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദിവാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള നേർ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നത് തീർച്ചയായും ഒരു നല്ല സൂചനയല്ല; അതൊരു മുന്നറിയിപ്പ് കൂടിയാണ്. അതില്ലാതാക്കാൻ സാമൂഹ്യപ്രതിബദ്ധമായ ഇടപെടലുകൾ അനിവാര്യമാണ്‌; വ്യക്തിതലത്തിൽ നിന്നും ഭരണകൂടതലത്തിൽ നിന്നുമെല്ലാം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകേണ്ട ജൈവബന്ധം ആരോഗ്യകരമായി നിലനിർത്തിക്കൊണ്ട് മാത്രമേ മനുഷ്യസമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള സുഗമപ്രയാണം സാധ്യമാവുകയുള്ളൂ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും... ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമുഖം ചുട്ടുപൊള്ളുന്ന രാത്രിപകലുകൾ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനിലയും മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവും കൊണ്ട് മുൻപെങ്ങുമില്ലാത്ത വിധം വരണ്ടുണങ്ങുന്ന കേരളം; വന്യമൃഗങ്ങൾ വെള്ളത്തിന് വേണ്ടി കാടിറങ്ങാതിരിക്കാൻ കാട്ടിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുക, വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കരിമേഘങ്ങളെ കണ്ടെത്തി രാസപ്രയോഗത്തിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പ്രയോഗിക്കുക തുടങ്ങിയ ഘടാഘടിയൻ പദ്ധതികൾ അവതരിപ്പിച്ച്‌ മുന്നേറുകയാണ് നമ്മുടെ മുഖ്യമന്ത്രി. 

ഈയൊരു പ്രത്യേക ഘട്ടത്തിലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി നമ്മുടെ വൈദ്യുതി മന്ത്രി "മണിയാശാൻ" നിയമസഭയെ അറിയിച്ചത്.  "വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്നും വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും" മന്ത്രിയായ ഉടനെ മൊഴിഞ്ഞു കയ്യടി വാങ്ങിയ മഹാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാഗ്വിലാസങ്ങൾ കേട്ട് പരിചയമുള്ളത് കൊണ്ട് തന്നെ, കേരളത്തില്‍ കാട് കൂടിപ്പോയത് കൊണ്ടാണ് പുലികൾ കൂടുന്നതെന്നും നാട്ടിലിറങ്ങി ആളെപ്പിടിക്കുന്നതെന്നും അത് കൊണ്ട് കുറെ വനം നശിച്ചാലും വേണ്ടില്ല, വൺ...ടൂ...ത്രീ... അടിസ്ഥാനത്തിൽ ജലവൈദ്യുത പദ്ധതികൾ തുടങ്ങി അവയുടെ എണ്ണം കുറച്ചു കളയുകയാണ് വേണ്ടതെന്നും മന്ത്രി മൊഴിഞ്ഞില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് ഈ നാട്ടിലെ ചിന്തിക്കുന്ന ജനങ്ങൾക്കുള്ളത്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയും ജലക്ഷാമത്തെയും ആഗോളതാപനത്തെയും ചെറുക്കാന്‍ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി എന്നിരിക്കെ പലവിധ കാരണങ്ങളാൽ അപ്രായോഗികമായ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്നത് തികഞ്ഞ  ബുദ്ധിശൂന്യതയാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 12 July 2017

പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് ഒരുപാട് കാലമൊന്നുമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്. 

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നായിരുന്നു ചിലരുടെ പ്രതികരണം. 

തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". 

യേശുദാസിന്റെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആയിട്ടാണ് എനിക്ക് തോന്നിയത്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹവും ഞാനും ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരായിരുന്നു. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

ഇതിനൊക്കെ പുറമെ, പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും ദുരന്തങ്ങളെയും പറ്റി ആത്മീയ-മത വീക്ഷണകോണിൽ നിന്ന് പ്രഭാഷണം നടത്തുന്ന കുറെ ഉപദേശിമാരും നല്ലാങ്ങളമാർ കൂടിയാവുമ്പോൾ ജീൻസും ഇറുക്കം കൂടിയ വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഒക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പിരിമുറുക്കം വല്ലാതെ കൂടുകയാണ്.

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ അദൃശ്യവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുക എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. സാഹചര്യത്തിന് അനുയോജ്യമായ വസ്ത്ര ധാരണത്തിലൂടെ ഒരാളുടെ ആത്മവിശ്വാസം നല്ല പരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കൽ ഒട്ടും എളുപ്പമോ പ്രായോഗികമോ അല്ല.സന്ദർഭത്തിന് യുക്തമായ വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. ഉദാഹരണത്തിന്, ഇന്റർവ്യൂവിനോ ജോലിക്കോ പോകുമ്പോൾ "അവരവർക്ക് കംഫർട്ടബിൾ ആയ" ഡ്രസ്സ്‌ മാത്രമേ ധരിക്കൂ എന്ന നയം അനുവദിക്കപ്പെടാൻ സാധ്യതയില്ല. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമേ ധരിക്കാൻ അനുവദിക്കാറുള്ളൂ. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടി വരുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലല്ലേ എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉയരാം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ഒരു വിവാഹ സൽക്കാരത്തിലോ മറ്റ് ആഘോഷവേളകളിലോ ധരിക്കുന്ന വേഷഭൂഷകൾ ഒരു ദുരന്തമുഖത്തോ മരണവീട്ടിലോ കാണുന്നവരിൽ ഉണ്ടാക്കുന്ന പ്രതികരണം ഒരു പോലെ ആവാൻ വഴിയില്ല. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടു എന്ന പേരിൽ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം പൊതുസമൂഹം കല്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ സ്ത്രീകളുടെ കാര്യം വരുമ്പോൾ ഓഡിറ്റിങ്ങുകാരുടെ എണ്ണവും തീക്ഷ്‌ണതയും കൂടുതലാണ് സമ്മതിക്കാതെ തരവുമില്ല. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ ഷോർട്ട്സിനോ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ, സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുമ്പോൾ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്നൊരു സാധ്യത ഉണ്ട്. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് പലപ്പോഴും ആവശ്യമായി വരുന്നത് (എന്ത് ധരിക്കണം എന്നല്ല). പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് ഉണ്ടോ ഇല്ലയോ എന്ന നൈതികവിചാരത്തിനപ്പുറം വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും; അതിനെയൊക്കെ അതിന്റെ പാട്ടിനു വിടുകയേ തല്ക്കാലം മാർഗമുള്ളൂ എന്നാണെന്റെ പക്ഷം; എന്നാൽ വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാത്ത ഒരേയൊരു ഇടം ഒരു പക്ഷെ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളുടെയും ഇന്റൻസീവ് കെയർ യൂണിറ്റുകളുടേയും പരിസരം മാത്രമായിരിക്കും.

പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നതാണ് വസ്തുത. ഒരു വ്യക്തിക്കും അയാളെ തൊടാൻ പോയിട്ട് പാളി നോക്കാൻ പോലും അവകാശമില്ലെന്നത്തിൽ ഒരു തർക്കത്തിനും ഇടയില്ല. പക്ഷെ, ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കെ ഗ്രഹിക്കാനാവൂ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. സാഹചര്യവും വേണ്ടത്ര ധൈര്യവും ഒത്തു കിട്ടാത്തത് കൊണ്ട് ഗോവിന്ദച്ചാമിയും അമീറുൽ ഇസ്‌ലാമും ആയിപ്പോകാതെ മാന്യന്മാരായി ജീവിക്കുന്നവർക്ക് ഇതൊക്കെ മനസിലാകാൻ ബുദ്ധിമുട്ടാണ്. സ്ഥാനം തെറ്റിയ വസ്ത്രഭാഗങ്ങൾക്കുള്ളിലൂടെയും ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും നിത്യം ഇരയാകുന്നു‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെപ്പറ്റിയും നമ്മുടെ സ്ത്രീകൾ ബോധവതികളാകേണ്ടത് ആവശ്യമാണ്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കേണ്ടതുണ്ട്. 

ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്നും ദർശനമാത്രയിൽ വികാരം ഉണരുന്ന ടൈപ്പ് ക്ഷിപ്രവികാരിയാണ് പുരുഷുക്കൽ എന്നുമുള്ള തിയറിയിലാണ് വികാരമുണർത്തുന്ന "വസ്ത്രങ്ങൾ" പൊതുവെ ആരോപണങ്ങൾ നേരിടുന്നത്. അതിന് സപ്പോർട്ടിങ് ആയ "ശാസ്ത്രീയ പഠനങ്ങൾ" ഉണ്ടെന്നാണ് ഈ തിയറിക്കാർ മുന്നോട്ട് വയ്ക്കുന്നത്. പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ് എന്ന കാര്യത്തിൽ എനിക്കും എതിരഭിപ്രായമൊന്നുമില്ല. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ട് എന്ന വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇല്ലാതാക്കാനാവില്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എക്‌സ്‌റേ തോൽക്കുന്ന ഈ നോട്ടത്തിൽ ചൂളിച്ചുരുങ്ങാത്ത അപൂർവ്വം സ്ത്രീകളേ നമ്മുടെ നാട്ടിൽ ഉണ്ടാകാൻ വഴിയുള്ളൂ. സ്ത്രീ വെറുമൊരു ചരക്കല്ല, മറിച്ചു തന്നോളം പോന്ന ഒരു പൂർണ്ണ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടായാൽ മാത്രമേ ഇറുക്കം കൂടിയ വസ്ത്രമോ ഇറക്കം കുറഞ്ഞ വസ്ത്രമോ ഇട്ട പെണ്ണുടൽ കാണുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കം കുറയൂ എന്നാണെനിക്ക് തോന്നുന്നത്. അത് വരെ വേഷഭൂഷകളുടെ കെട്ടുകാഴ്ചകൾക്കപ്പുറത്ത് സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം പുറംമോടികളിൽ ഭ്രമിച്ചു സ്ത്രീ ഉടലിന് വട്ടമിട്ട് കറങ്ങുന്ന പുരുഷന്മാരുടെ എണ്ണത്തെ അധികരിക്കുന്ന കാലം വരെ സ്ത്രീകൾക്ക് ജാഗ്രത കുറയാനും പാടില്ല. 

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം... 

സാഹചര്യത്തിനനുസരിച്ച് മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്. 

ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്. 

ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട് ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല. 

ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. 

ബലാൽസംഗത്തിന് വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; യാതൊരു ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, അവയവഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു. 

മാറേണ്ടത് പുരുഷകേന്ദ്രീകൃതമായി മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ചിന്താഗതികൾ തന്നെയാണ്; ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്ന നാട്ടിൽ ജീവിച്ചു കൊണ്ട് വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തളക്കപ്പെട്ടിട്ടുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റിനെ ഇല്ലായ്‌മ ചെയ്യേണ്ടിയിരിക്കുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 
https://www.facebook.com/groups/224083751113646/

Tuesday, 6 June 2017

മനുഷ്യന് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു പട്ടിയുമില്ല !!??


സംസ്ഥാന ഭരണസിരാകേന്ദ്രത്തിനടുത്ത പുല്ലുവിള സ്വദേശി മല്‍സ്യതൊഴിലാളിയായ ജോസ് ക്ലിന്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സജി എന്ന ആളെ തെരുവുനായ കടിച്ച വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കിയിട്ട് അധിക കാലമായില്ല. ഒരു അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായ സജിയെ കടിച്ചത്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ.  ഏഴുലക്ഷം രൂപ മുതൽ മുടക്കിൽ ഒരേസമയം അറുപത് നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പാലായിൽ അന്ന് നായ് പാർക്ക് തുടങ്ങിയത്.

വര്‍ക്കലയിൽ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവന്‍ എന്ന വൃദ്ധൻ തെരുവു നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഒരു വര്ഷമായില്ല. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് തൊണ്ണൂറുകാരനായ രാഘവന്‍ മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അദ്ദേഹത്തെ ആറോളം നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ശിലുവമ്മ (65) എന്ന വയോധിക മരിച്ചത് കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചു തിന്ന നിലയിലായിരുന്നു അപകടസ്ഥലത്ത് അവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. ഒടുക്കം അയാൾ കടലില്‍ ചാടിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. പത്ര റിപ്പോർട്ടുകൾ അനുസരിച്ച് നൂറോളം പട്ടികളാണ് ഇവരെ കൂട്ടത്തോടെ ആക്രമിച്ചത്.

അടുത്തയിടെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണീ വാർത്തകളെല്ലാം.......

രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്ന "ബ്ലാക്കിലെ" മമ്മൂട്ടിയുടെ ഷണ്മുഖൻ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്; "ആണ്‍ഗുണ്ടയ്ക്ക് പെണ്‍ഗുണ്ടയിൽ ഉണ്ടാകുന്ന വിചിത്ര ജന്മങ്ങൾ ഒന്നുമല്ല ഈ ഗുണ്ടകൾ". ഗുണ്ടകളുടെ കാര്യത്തിൽ ഷണ്മുഖന്റെ ഡയലോഗ് സത്യമാണെങ്കിലും തെരുവ് പട്ടികളുടെ കാര്യത്തിലെ സത്യം മറ്റൊന്നാണ്. ഭൂരിഭാഗം തെരുവുപട്ടികളും ഒരു തെരുവ് പട്ടിക്ക് മറ്റൊരു തെരുവ് പട്ടിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തന്നെയാണ്. 

ഇവറ്റകളെ കൂട്ടത്തോടെ കാണാത്ത ഒരു തെരുവുകളും ഇന്ന് കേരളത്തിലില്ല. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുരളുകയും കുരക്കുകയും കടിക്കുകയും ചെയ്യുന്ന സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന്റെ സമാധാന ജീവിതത്തിനു നേരെ വെല്ലുവിളി ഉയർത്തുന്നു.  തെരുവ് നായയ്ക്ക് ചെറിയവൻ, വലിയവൻ, ഉള്ളവൻ, ഇല്ലാത്തവൻ, പണ്ഡിതൻ, പാമരൻ, സ്ത്രീ, പുരുഷൻ, കുട്ടി, മുതിർന്നയാൾ എന്നൊന്നും ഉള്ള യാതൊരു വ്യത്യാസവും ഇല്ല. അവർ ആരെയും കടിക്കും. പ്രഭാത സവാരിക്കാരും സ്‌കൂള്‍ കുട്ടികളും ഒക്കെ ഇവറ്റകളുടെ പ്രധാന ഇരകളാണ്. മുൻപൊക്കെ വീടുവിട്ടിറങ്ങുന്നവരാണ് നായ്പ്പേടി അനുഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. സ്വന്തം വീട്ടുമുറ്റത്തും ക്ലാസ് മുറികളിലും പണി സ്ഥലത്തും കയറി പട്ടികൾ മേയുന്നു. പിഞ്ചുകുഞ്ഞിനെ മുതൽ വയോവൃദ്ധരെ വരെ തെണ്ടിപ്പട്ടികൾ കടിച്ചു കീറിയ കഥകളുമായാണ് ഓരോ ദിവസത്തെയും പത്രങ്ങൾ വരുന്നത്.  കേരളത്തിൽ പെരുകുന്ന തെരുവ് പട്ടികളുടെ ദയാരഹിതമായ ആക്രമണം ഇന്നൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഈ ഗുരുതരമായ പ്രശ്നത്തെ ഏതെങ്കിലും രീതിയിൽ‍ ഇല്ലാതാക്കാൻ‍ അധികാരികളും ജനങ്ങളും ഒരുപോലെ തല പുണ്ണാക്കുന്നതിനിടയിൽ കുറെ പട്ടി പ്രേമികൾ "പട്ടികളുടെ മനുഷ്യാവകാശം" സംരക്ഷിക്കാൻ ഇറങ്ങി. അക്രമോൽസുകാരായി തെരുവ് വാഴുന്ന ഈ നാട്ടിലെ അസംഖ്യം തെരുവുപട്ടികളും, മേനക ഗാന്ധിയും രഞ്ജിനി ഹരിദാസും ജസ്റ്റിസ് നാരായണക്കുറുപ്പും ലോക്കൽ-ദേശീയ- അന്തർദേശീയ പട്ടിപ്രേമികളും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗന്‍സ്റ്റ് ആനിമല്‍സ് (SPCA)യും തുടങ്ങി, അന്തർ സംസ്ഥാന-ദേശീയ-ആഗോള പട്ടിപ്രേമികൾ പടച്ചു വിട്ട ഹേറ്റ്‌സ് കേരള, ബോയ്‌കോട്ട് കേരള എന്നീ സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും കൂടിയായപ്പോൾ സംഗതി ഒന്ന് കൂടി കളം മൂത്തു എന്ന് പറഞ്ഞാൽ മതി. സ്ത്രീ ശരീരത്തിന്റെ കച്ചവട സാധ്യതകൾ എല്ലാം വിറ്റു കാശാക്കിയ ആഗോള പോണ്‍ പ്രേമികളുടെ രോമാഞ്ചം സണ്ണി ലിയോണ്‍ മറ്റെല്ലാ മേഖലകളെയും ഉദ്ധരിച്ചു കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ തെണ്ടിപ്പട്ടികളെയും ഉദ്ധരിക്കാൻ വേണ്ടി രംഗത്തു വന്നു. 

ഇതിനിടെ ബഹുജനപക്ഷത്ത് നിന്ന് കൊണ്ട് തെരുവ് നായ് ഉന്മൂലന പരിപാടികളുമായി മുന്നോട്ടു വന്ന ചിറ്റിലപ്പിള്ളി കൊച്ചൗസേഫിനെയും ജോസ് മാവേലിയെയും മറ്റു ചില സാധാരണക്കാരെയും പട്ടി പ്രേമികൾ ഒറ്റക്കും കൂട്ടമായും തെരുവ് നായ്ക്കളെക്കാൾ ക്രൂരമായി കടിച്ചു കുടഞ്ഞു കൊണ്ടിരിക്കുകയാണ്. നായ്ശല്യം കൊണ്ട് പൊറുതി മുട്ടിയ, ഇവിടെയുള്ള ഗതികെട്ട പൊതുജനം പരാതികളുമായി അധികാരികളെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ നേരിട്ട് നായ് നിർമ്മാർജന പരിപാടികൾ തുടങ്ങി. അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാൻ തുടങ്ങിയതോടെ ജനം വീണ്ടും വലഞ്ഞു. മേനക ഗാന്ധി, IPC Section 428, 429 എന്നൊക്കെ കേട്ട് നായ്ക്കൾക്ക് കൊട്ടെഷനുമായി ഇറങ്ങിയവർ കിടുങ്ങി. കടിക്കുന്ന പട്ടിയെക്കൊന്ന് ജയിലിൽ പോകേണ്ടി വരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തേ ഉണ്ടാകാൻ വഴിയുള്ളൂ. വിദഗ്ദ്ധാഭിപ്രായത്തിൽ ആറോ അതിലധികമോ ഉള്ള നായ്ക്കൂട്ടങ്ങൾ പൊതുവെ അപകടകാരികൾ ആണ്. മനുഷ്യജീവന്റെ സുരക്ഷക്കു ഭീഷണിയാവുന്ന തെരുവ് നായയെ കൊല്ലരുതെന്ന് ഒരു നിയമവും കോടതിയും ഇവിടെ അനുശാസിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ, ഇവയെ തെരുവിൽ നിന്നും ഇല്ലാതാക്കാൻ ഒന്നുകിൽ പുനരധിവസിപ്പിക്കണം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യണം. അടിയന്തിര പുനരധിവാസത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്റെ അറിവനുസരിച്ച് ഒരു നായയെ കൊന്നാല്‍ പരമാവധി ശിക്ഷ 50 രൂപ പിഴ മാത്രമാണ്. പിഴയടച്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം എടുക്കാവുന്ന കേസാണിത്. ആവർത്തിച്ചാൽ മാത്രമേ കടുത്ത ശിക്ഷകൾ ഉള്ളൂ. ഓരോ പ്രദേശത്തേയും ജനങ്ങൾ ഒത്തൊരുമിച്ചാൽ തീരാവുന്ന പട്ടി പ്രശ്നമേ ഈ നാട്ടിലുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽ എണ്ണം നിയന്ത്രിച്ച ശേഷം എബിസിയും കാര്യക്ഷമമായ ലൈസൻസിങ്ങും കൊണ്ട് വന്നാൽ വ്യാപകമായ തെരുവ് നായ് ആക്രമണങ്ങൾ  ഇല്ലാതാക്കാവുന്നതേ ഉള്ളൂ. 


പിന്നെ, നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നികൃഷ്ടമായി പ്രദർശിപ്പിക്കുന്നവരുടെ ഉന്നം വ്യക്തി കേന്ദ്രീകൃതമോ രാഷ്ട്രീയ ലക്ഷ്യത്തോടെയോ ഉള്ള പബ്ലിസിറ്റിയാവാം. അല്ലെങ്കിൽ, തെരുവ് നായ്ക്കൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന നായ്സ്നേഹികളോടുള്ള പ്രതിഷേധപ്രകടനവും ആവാം. എന്ത് തന്നെയായാലും, ഇത്തരം വൈകൃതങ്ങളോട് സാധാരണ മനോനിലയുള്ളവർക്കെല്ലാം 101 % വിയോജിപ്പ് തന്നെയാവാനാണ് സാധ്യത. ക്രമാതീതമായി, എണ്ണത്തിലധികമായ പട്ടികളെ കൊല്ലേണ്ടത് സാഹചര്യവശാൽ ആവശ്യമായിരിക്കാം. പക്ഷെ, ഇത്തരം തറ പബ്ലിസിറ്റി സ്റ്റണ്ടുകൾ തനി കാടത്തവും അങ്ങേയറ്റം സംസ്കാരരഹിതവുമാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചാൽ പോലും തെറ്റില്ല.

പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ടെന്നും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്ന ജന്തുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് മുന്‍ തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറും പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാള്‍ ഉപരി പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. തെരുവിലല്ല നായയെ വളര്‍ത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണണയ്ക്കുന്നത് എന്ന് കൂടി അദ്ദേഹം പറയുന്നു. കേരളാ മെഡിക്കൽ സെർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ വാക്കുക്കൾ അടിവരയിട്ട് വായിക്കേണ്ടതാണ്.

കേരളത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം തെരുവുപട്ടികള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കണക്ക്.  ഇതിനും മാത്രം തെരുവ് പട്ടികൾ എങ്ങിനെയാണുണ്ടായത്‌ ? വിപൽക്കരമായ ഈ അവസ്ഥയ്ക്ക് പിന്നിലെ കുറ്റവാളികൾ ആരാണ് ? പ്രതികൾ എന്ന് നാം ആരോപിക്കുന്നവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റേ വിരലുകൾ എല്ലാം നമുക്ക് നേരെ തന്നെ ചൂണ്ടപ്പെടുകയാണ്. ഒരു ജീവിയ്ക്ക് നിലനില്ക്കാൻ ഏറ്റവും ആവശ്യമായ സാധനം ഭക്ഷണമാണ്. യാതൊരു വിധ മാന്യതയും മര്യാദയും ഇല്ലാതെ ഭക്ഷ്യമാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്ന ഓരോ പൌരനുമാണ് തെരുവുപട്ടി പ്രശ്നത്തിലെ ഒന്നാം പ്രതി. ഇപ്പോൾ പട്ടികളുടെ അപ്പസ്തോലന്മാരായി ഇറങ്ങിയിരിക്കുന്ന പട്ടിപ്രേമികൾ തന്നെയാണ് അതേ നിലവാരത്തിലുള്ള കൂട്ട് പ്രതി. കാരണം, പട്ടിപ്രേമികൾ വളർത്തുന്ന നായ്ക്കൾ "ഉപയോഗ യോഗ്യമല്ലാതാകുമ്പോൾ" അവയെ കൊല്ലുന്നത് സഹിക്കാൻ പറ്റായ്കയാൽ കാരുണ്യപൂർവ്വം ഒഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. അവയാണ് പെറ്റു പെരുകി ഇത് പോലെ സാമൂഹ്യ വിപത്താവുന്നത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഭൂരിഭാഗം പട്ടിപ്രേമികളും ഇങ്ങിനെയാണ്‌ തങ്ങളുടെ വളർത്തുനായ്ക്കളെ ഒഴിവാക്കാറുള്ളത്‌. മാലിന്യ നിർമ്മാർജനവും നായ് സംഖ്യാ നിയന്ത്രണവും നായ് രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമായി നടത്താത്ത അധികാരികളെ പ്രതി പട്ടികയിൽ അവസാനം ചേർത്താൽ മതിയാകും.  

സ്വാഭാവികമായും Survival of  the fittest തത്വം അനുസരിച്ച് ജീവിക്കുന്ന തെരുവ് ജീവികൾ അക്രമാസക്തർ ആകാനേ തരമുള്ളൂ. പൊതുവെ പട്ടിപ്പേടിയുള്ള മനുഷ്യരിൽ നിന്നും ഏറ്റു വാങ്ങുന്ന കല്ലേറും മറ്റു ക്രൂരതകളും ഇവയെ കൂടുതൽ അക്രമാസക്തർ ആക്കുന്നു. തെരുവ് പട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവർ പോലും ഉണ്ടെന്നത് കൊച്ചി നഗരത്തിലെ ഒരു മനശാസ്ത്ര കൌണ്‍സിലർ പറഞ്ഞ ഞെട്ടിക്കുന്ന അറിവാണ്. 

അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ പണ്ടൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി ഉണ്ടായിരുന്നു. മുൻപ് സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധിയുടെ കർശന നിർദ്ദേശപ്രകാരമാണ് നായ്പിടുത്തവും നായ് വധവും നിരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ മരുമകളായതിന് ശേഷമാണ് അവർക്ക് മനുഷ്യനേക്കാൾ മൃഗങ്ങളോട് സ്നേഹം കൂടിയതെന്ന് പറഞ്ഞ മറ്റൊരു സ്നേഹിത നേയും ഈ അവസരത്തിൽ ചുമ്മാ ഓർക്കുകയാണ്. ഇപ്പോൾ ആയമ്മ പറയുന്നത് പട്ടി കടിക്കാൻ വന്നാൽ ഓടി മരത്തിൽ കയറിയാൽ മതി എന്നാണ്. പാടത്തോ ബീച്ചിലോ വച്ച് പട്ടി ഓടിച്ചാൽ എന്ത് ചെയ്യണമെന്നോ ഓടാനോ മരം കയറാനോ അറിയാത്തവർ എന്ത് ചെയ്യണമെന്നോ ഈ നിർദേശത്തിൽ വ്യക്തവുമല്ല. നായ്ക്കളെ കൊല്ലുന്നതിനു പകരം പുനരധിവാസം, വന്ധ്യംകരണം മുതലായ മനോഹരമായ ആശയങ്ങളാണ് ചേച്ചിയും മറ്റു പട്ടി പ്രേമികളും മുന്നോട്ടു വയ്ക്കുന്നത്. ഭാഗ്യത്തിന് പട്ടികളെ ബോധവല്ക്കരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ ഇത് വരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് തെണ്ടിപ്പട്ടികളെ പുനരധിവസിപ്പിക്കുന്നത്...ത്ഫൂ..... വന്ധ്യം കരണം എളുപ്പത്തിൽ പ്രായോഗികമല്ലെന്ന വാദം അവഗണിച്ചിട്ട്‌ വന്ധ്യംകരണ ആശയവുമായി മുന്നോട്ടു പോയാൽ തന്നെ ഇപ്പോഴുള്ള എട്ടുലക്ഷം തെണ്ടിപ്പട്ടികളും വീണ്ടും ഉപേക്ഷിക്കപ്പെടുന്ന "ഉപയോഗ ശൂന്യമായ" പട്ടികളും ഇവിടെത്തന്നെ ഉണ്ടാകില്ലേ ? വന്ധ്യംകരണത്തിലൂടെ നായപ്പെരുപ്പം തടയാനാകുമെങ്കിലും ഇപ്പോൾ തെരുവുകളിൽ അപകടകരമായി അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ പറ്റൂ..... മാത്രവുമല്ല, വന്ധ്യംകരിക്കപ്പെട്ട പട്ടി കടിക്കില്ല എന്നാരാണ് പറഞ്ഞത് ? പട്ടിയുടെ കടിക്കാനുള്ള വാസന അതിന്റെ വൃഷണത്തിലാണോ ഇരിക്കുന്നത് ? അടിയന്തിരാവസ്ഥക്കാലത്ത് ക്വോട്ട നിശ്ചയിച്ച് ആളുകളെ നിർബന്ധപൂർവ്വം വന്ധ്യംകരിച്ച സഞ്ജയ്‌ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വന്ധ്യംകരണം വന്ധ്യംകരണം എന്ന് പറയുന്നതെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്. പേപ്പട്ടി വിഷ പ്രതിരോധ (ആന്റി റാബീസ്) കുത്തിവയ്പ്പ് എല്ലാ തെരുവ് പട്ടികളടക്കം എല്ലാ പട്ടികൾക്കും നല്കുക എന്നതാണ് അടുത്ത ആശയം. ഘടാഘടിയൻ പ്രചാരണങ്ങൾ നടത്തിയിട്ട് ഇവിടത്തെ മനുഷ്യര് മുഴുവൻ ആധാർ കാർഡും വോട്ടർ കാർഡും ജൻധൻ അക്കൌണ്ടും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളും ഒന്നും തന്നെ ഇപ്പോഴും എടുത്തു കഴിഞ്ഞിട്ടില്ല. പിന്നെയാണ് പട്ടികൾ !!! ഒരു അറിയിപ്പ് കൊടുത്താൽ ഉടനെ നാട്ടിലെ പട്ടികളെല്ലാം കുത്തി വയ്പ്പെടുക്കാൻ നിരന്നു നിന്നോളുമോ ആവോ ? നടപ്പുള്ള കാര്യം വല്ലതും പറയൂ കൂട്ടരേ... 

സംഗതി വളരെ ലളിതമാണ്; മനുഷ്യ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അപകടകരമായ രീതിയിൽ ഭംഗം വരുത്തുന്ന എന്തിനെയും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ തത്വം വച്ചല്ലേ അക്രമാസക്തരായ കൊടും ഭീകരന്മാരെയും കൊള്ളക്കാരെയും ഗുണ്ടകളെയും സമരക്കാരെയും ഒക്കെ വെടി വച്ച് കൊല്ലുന്നത്. അവരും മനുഷ്യരല്ലേ; അപ്പോൾ പിന്നെ ആ മനുഷ്യർക്ക്‌ കൊടുക്കാത്ത എന്ത് അവകാശമാണ് തെണ്ടിപ്പട്ടികൾക്ക് ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ? അല്ലെങ്കിൽ ഇവറ്റയെ ഒക്കെ പിടിച്ചു കെട്ടി പട്ടിയെ തിന്നുന്ന നാടുകളിലേക്ക് കയറ്റി അയച്ചാൽ പുതിയൊരു കച്ചവട മേഖല തുറക്കുകയുമാവാം പട്ടി ശല്യം ഒഴിവാക്കുകയുമാവാം. ഗോഡ്സ് ഓണ്‍ കണ്ട്രി "ഡോഗ്സ് ഓണ്‍ കണ്ട്രി" ആയി മാറുമ്പോഴും അത്യന്തം അപകടകാരികൾ ആയ കേവലം തെണ്ടിപ്പട്ടികൾക്ക് വേണ്ടി പോരാടാൻ എത്ര മനുഷ്യരാ....!!! പക്ഷെ മനുഷ്യർക്ക് വേണ്ടി നില കൊള്ളാൻ ഒരു പട്ടിയുമില്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു, ഈ നാടിനെ ഓർത്ത്......!!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 1 June 2017

1000 കോടിയുടെ "മഹാഭാരതം" - ശശികലയോട് യോജിക്കേണ്ടി വരുമ്പോൾ....

മലയാള സാഹിത്യത്തിലെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ "രണ്ടാമൂഴം" വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിൽ മോഹൻലാലിനെക്കൊണ്ട് നായകവേഷം ചെയ്യിച്ച് 1000 കോടി രൂപ മുതൽ മുടക്കിൽ ബീ. ആർ. ഷെട്ടി എന്ന മുതലാളി "മഹാഭാരതം" എന്ന പേരിൽ സിനിമയാക്കുന്നു എന്ന വാർത്ത പുറത്തു വന്ന ഉടനെ അനുകൂലവും പ്രതിക്കൂലവും ആയ പ്രതികരണങ്ങൾ വന്നെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ ജനം ആ ചർച്ച മടക്കി പെട്ടിയിൽ വച്ച് തുടങ്ങിയപ്പോൾ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ സിനിമക്കെതിരെ പൊതുപ്രസ്താവനയുമായി രംഗത്ത് വന്നു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയായിരുന്നു ശശികലയുടെ പരാമര്‍ശം. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. മഹാഭാരതം എന്ന പേരില്‍ ഇറക്കുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറയുന്നു. അങ്ങനെ 1000 കോടിയുടെ "രണ്ടാമൂഴ മഹാഭാരതം" വീണ്ടും വിചാരണ ചെയ്യപ്പെട്ടു തുടങ്ങി.

എം.ടി വാസുദേവൻ നായർ എന്ന സാഹിത്യകാരനോട് എനിക്കാദരവുണ്ട്. മോഹൻലാൽ എന്ന നടന വൈഭവത്തോടും ആദരവ് തന്നെ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെയും പ്രൊഫഷണൽ ജെലസിയിൽ നീറി സ്വന്തം മകനെ വീതുളി വീഴ്ത്തി കൊന്ന ഐതിഹ്യത്തിലെ പെരുംതച്ചനെയും നെഗറ്റീവ് പ്രതിച്ഛായയിൽ നിന്ന് മോചിപ്പിച്ച് എഴുതിയ കൃതികൾ അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് ആയി വാഴ്ത്തുന്നതിൽ തെറ്റൊന്നുമില്ല. 

മോഹൻലാലിനെ കുറിച്ച് പറയേണ്ട കാര്യമില്ല. ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ. അയത്നലളിതമായ അഭിനയ ശൈലിയിലൂടെ കയ്യിൽക്കിട്ടുന്ന ഒട്ടു മിക്ക കഥാപാത്രങ്ങളെയും കയ്യടക്കത്തോടും മെയ്വഴക്കത്തോടും കൂടി അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആർക്കാണ് അവഗണിക്കാനാവുക. 

സിനിമയുടെ മറ്റു പ്രധാന അണിയറക്കാർ സംവിധായകനും നിർമ്മാതാവും ആണ്. സംവിധായകൻ ഈ രംഗത്ത് പുതിയ ആളായത് കൊണ്ട് അദ്ദേഹത്തെപ്പറ്റി പ്രത്യേകിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. നിർമ്മാതാവ് മറ്റേത് കച്ചവടക്കാരനെയും പോലെ കച്ചവട താൽപ്പര്യം വച്ച് പുലർത്തുന്ന ആളായത് കൊണ്ട് അദ്ദേഹത്തിനിത് ധനസമ്പാദനമാർഗ്ഗം മാത്രമാണ്.  

ഹിന്ദു ശാക്തീകരണം, ഹൈന്ദവ മുന്നേറ്റം മുതലായ അജണ്ടകകളുടെ നടത്തിപ്പിനൊപ്പം മറ്റു മതങ്ങളെയും അവരുടെ ആചാര്യന്മാരെയും ഇകഴ്ത്താനും പുലയാട്ട് പറയാനും മാത്രം നിലകൊള്ളുന്ന ശശികലയുടെ ആശയഗതികളോട് ഒരു തരിമ്പും താല്പര്യമോ ചായ്‌വോ ഉള്ള ആളല്ല ഞാൻ. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ വിമർശിച്ച് പോസ്റ്റുകൾ ഇടാറുമുണ്ട്. അവരെ അനുകൂലിച്ച് ഞാനിട്ട ഒരു പോസ്റ്റ് ആർക്കും ചൂണ്ടിക്കാണിച്ച് തരാനുമാവില്ല. എന്നാൽ; രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുമ്പോൾ മഹാഭാരതം എന്ന പേരിലാണ് പുറത്തു വരുന്നതെങ്കിൽ അതിനെ എതിർക്കുമെന്ന അവരുടെ ആഹ്വാനത്തോട് 101 % യോജിപ്പാണെനിക്ക്. യോജിപ്പെന്ന് പറയുമ്പോൾ രണ്ടാമൂഴ സിനിമക്ക് കച്ചവട ഉദ്ദേശത്തോടു കൂടി മാത്രം മഹാഭാരതം എന്ന പേരുപയോഗിക്കുന്നതിനോടുള്ള കേവല എതിർപ്പ് മാത്രമെന്ന് സാരം. അവരുടെ നാലാം കിട സംഘി ഫാസിസ്റ്റു നിലപാടുകളോട് യാതൊരു വിധ യോജിപ്പും ഇല്ലെന്നു കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 

ഭാരതത്തിന്റെ ഇതിഹാസകൃതിയായി ലോകം കാണുന്ന മഹാഭാരതത്തിലെ ഏതാനും ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും മാത്രം അടർത്തിയെടുത്ത് എം.ടിയുടെ സ്വന്തം ഭാവനയ്ക്കും അഭിരുചിക്കും അനുസരിച്ചു രചിച്ച ഒരു സ്വതന്ത്രകൃതി മാത്രമാണ് രണ്ടാമൂഴം. പഞ്ച പാണ്ഡവരിൽ രണ്ടാമനും ശാരീരിക ശക്തിയാൽ അജയ്യനുമായിരുന്ന ഭീമസേനന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തെ നോക്കി കാണുന്ന തികച്ചും സ്വതന്ത്രമായ കൃതി. മഹാഭാരതത്തിൽ ഇല്ലാത്ത ചില സന്ദർഭങ്ങൾ പോലും രണ്ടാമൂഴത്തിലുണ്ട്. 

ലോകസിനിമയിലെ തന്നെ താരതമ്യമില്ലാത്ത നടനാണ് മോഹൻലാൽ. മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാൻ അറിയാവുന്ന ഒട്ടേറെ നടന്മാർ ഈ നാട്ടിൽ ഉണ്ടായിരിക്കാം; എന്നാൽ, എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലിനോളം പോന്ന വേറെ നടൻ ഉണ്ടെന്ന അഭിപ്രായം എനിക്കില്ല. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടന്ന ഒരു കൃതിയാണ് മഹാഭാരതം എന്ന ഇതിഹാസം. പല ഗവേഷകരുടെയും അഭിപ്രായത്തിൽ ഇത് ഒരു വ്യക്തി എഴുതിയതല്ലെന്നും ഒരു വ്യക്തിയാൽ എഴുതിത്തീർക്കാൻ കഴിയാത്തത്ര വിധത്തിൽ ബ്രഹ്‌മാണ്ഡകൃതിയാണിതെന്നും ഉള്ള അനുമാനങ്ങൾ ഉണ്ട്. ആയിരക്കണക്കിനു കഥാപാത്രങ്ങളും അതിനൊപ്പമോ ഏറെയോ കഥാസന്ദര്‍ഭങ്ങളും ഒട്ടനവധി ഉപകഥകളും ചേർന്ന് ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതികളിൽ ഒന്നാണ് മഹാഭാരതം. ഒരു ലക്ഷത്തോളം ശ്ലോകങ്ങളിൽ ബഹുശാഖിയായി പടർന്നു പന്തലിച്ചു വളർന്നു നിൽക്കുന്ന "മഹാഭാരതം" എന്ന ഇതിഹാസകഥയെ, അതുമായി താരതമ്യം ചെയ്യുമ്പോൾ കേവലം മുന്നൂറോ നാനൂറോ പേജുകളിലൊതുങ്ങുന്ന വെറും ബോൺസായ് മാത്രമായി കരുതാവുന്ന "രണ്ടാമൂഴം" എന്ന നോവലിന്റെ ചട്ടിയിൽ പറിച്ചു നടാൻ ശ്രമിക്കുമ്പോൾ പൊതു സമൂഹത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്. 

ഒരു മതവിഭാഗത്തിന്റെ വിശ്വാസ ധാരയുമായി സമന്വയിച്ചു കിടക്കുന്ന മഹാഭാരതം എന്ന കൃതിയിലെ ചില ഭാഗങ്ങളെയും കഥാപാത്രങ്ങളെയും എടുത്തിട്ട് അതിനെ സാഹിത്യകാരന്റെ ഭാവനക്കനുസരിച്ച് മാറ്റിയെഴുതുന്നത് ആത്മാവിഷ്കാരവും സർഗ്ഗസൃഷ്ടിയും ഒക്കെ ആയിരിക്കും; പക്ഷെ ആ സ്വതന്ത്ര കൃതിക്ക് മഹാഭാരതം എന്ന് പേരിടുന്നത് തികഞ്ഞ പോക്രിത്തരമാണ്. രണ്ടാമൂഴം മറ്റു ഭാഷകളിലേക്ക് വളരെ മുൻപേ വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. തമിഴിൽ "ഇരണ്ടാം ഇടം" എന്നും കന്നടയിൽ "ഭീമായന" എന്നും ഹിന്ദിയിൽ "ദൂസരി ബാരി" എന്നുമാണ് നോവലിന്റെ പേര്. ഇംഗ്ലീഷിൽ രണ്ടു പരിഭാഷകൾ ഉണ്ട്; ഒന്നിന്റെ പേര് "സെക്കൻഡ് ടേൺ" എന്നും മറ്റൊന്നിന്റേത് "ഭീമ; ദി ലോൺ വാരിയർ" എന്നുമാണ്. ഒരിടത്ത് പോലും "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിച്ചില്ല.

കിടയറ്റ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എണ്ണമറ്റ ഭാഷകളിൽ ലോകം മുഴുവൻ കാണാൻ സാധ്യതയുള്ള ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ ഒരു അഭിമാന ചിത്രം "മഹാഭാരതം" എന്ന പേരിൽ അവതരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഭാരതത്തിന്റെ ഇതിഹാസകൃതിയോടൊപ്പം എം ടി യുടെ പ്രസിദ്ധമായ രണ്ടാമൂഴം കൂടിയാണ്. 

സത്യത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്, ധർമ്മപക്ഷത്ത് മോഹൻലാലിനെയും എം ടിയെയും അധർമ്മ പക്ഷത്ത് ശശികലയെയും സംഘകുടുംബത്തെയും നിർത്തിക്കൊണ്ട് മോഹൻലാൽ ആരാധകരും ശശികല ആരാധകരും (കൂട്ടത്തിൽ മോഹൻലാൽ വിരുദ്ധരും ശശികല വിരുദ്ധരും) നയിക്കുന്ന അഭിനവ "കുരുക്ഷേത്രയുദ്ധമാണ്". അത് പോലും നെഗറ്റിവ് പബ്ലിസിറ്റി സാധ്യത ആയി കണ്ട് സിനിമയുടെ പിന്നണിക്കാർ ഹർഷം കൊള്ളുകയായിരിക്കും. ഇവിടെ യുദ്ധം ചെയ്യുന്നവരിൽ ഏറെയും പേർ മഹാഭാരതവും രണ്ടാമൂഴവും വായിച്ചിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല; പലരുടെയും ധാരണ മഹാഭാരതത്തിന്റെ മലയാള പരിഭാഷയാണ് രണ്ടാമൂഴം എന്നാണ്; ചിലർ പറയുന്നത് ബഹുഭാഷാ ആഗോള റിലീസ് ചിത്രമാകുമ്പോൾ "മഹാഭാരതം" എന്ന് പേരിട്ടാലേ വാണിജ്യവിജയം കിട്ടൂ എന്നാണ് (സത്യത്തിൽ ഈ പേരിനോടുള്ള പ്രേമം അത് തന്നെയാണല്ലോ); അതായത്, ഒരു യോഗ്യനായ യുവാവ് കല്യാണം ആലോചിക്കുന്നു; സ്വന്തം അച്ഛന് "ലുക്ക്" അൽപ്പം കുറവാണ്; അത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി പെണ്ണ് കാണാൻ പോയപ്പോൾ സുന്ദരനായ അയല്പക്കക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് പയ്യന്റെ അച്ഛൻ എന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തുന്നു; അതിലെന്താ തെറ്റ് എന്ന് ചോദിക്കുന്ന വൃത്തികേട് മാത്രമേ ഇവിടെയും ഒള്ളൂ.    


അതുകൊണ്ടു തന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും മലയാള സാഹിത്യത്തിന്റെ പെരുംതച്ചൻ എം ടി യും ഹീനമായ കച്ചവടതന്ത്രത്തിന്റെ ഇരകളാകരുത്. ലോകം കാത്തിരിക്കുകയാണ്... രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം കാണാൻ.... മോഹൻലാലിന്റെ ഭീമനെ കാണാൻ..... ആ വിസ്മയത്തിന്റെ വിജയം കാണാൻ.... അത് രണ്ടാമൂഴത്തിന്റെ സ്വന്തം ബലത്തിലാവട്ടെ... മഹാഭാരതത്തിന്റെ ഔദാര്യത്തിലാകാതിരിക്കട്ടെ.... 

ജോർജ്ജുകുട്ടി കിളിയന്തറയിൽ എന്നയാൾ FB യിൽ പോസ്റ്റ് ചെയ്തതാണ് ഇത്.... "'രണ്ടാമൂഴം' നോവൽ വലിയ ഹൈപ്പും ആഘോഷവുമായി കലാകൗമുദി സീരിയലൈസ്‌ ചെയ്തിരുന്ന സമയത്ത്‌, അതിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരാൾ‌ കലാകൗമുദിയുടെ തന്നെ കോളമിസ്റ്റ്,‌ സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായരായിരുന്നു. എഴുത്തുകാരന്റെയോ കൃതിയുടെയോ പേരു പറയാതെ നോവലിനെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളെ മാഹാത്മഗാന്ധിയേക്കാൾ സ്വാധീനിച്ച ആളാണു യുധിഷ്ഠിരൻ എന്ന സി. രാജഗോപാലാചാരിയുടെ നിരീക്ഷണം ഉദ്ധരിച്ച കൃഷ്ണൻനായർ, അങ്ങനെയുള്ള യുധിഷ്ഠിരനെ വിഷയലമ്പടനായി ചിത്രീകരിച്ച്‌ മഹാഭാരതം തിരുത്തിയെഴുതുന്നത്‌ തെറ്റാണെന്നാണു പറഞ്ഞത്‌."

ഇത് ആവിഷ്കാരസ്വാതന്ത്ര്യം : എം ടി ബിജുക്കുട്ടൻ എന്ന എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരുഗ്രൻ കഥയുണ്ട്. "ദി കംപ്ലീറ്റ് ആക്റ്റർ" അതാണ് കഥയുടെ പേര്. സൂപ്പർ സ്റ്റാർ പൽമശ്രീ വൈദ്യർ ഡി വൈ എസ് പി പാലേട്ടൻ എന്നൊരു നാടക നടന്റെ ജീവിതത്തെപ്പറ്റി ഉള്ള കഥയാണ്. ഗോപാലൻ എന്നാണു ശരിക്ക് പേര്; ആരാധകർ വിളിക്കുന്നതാണ് പാലേട്ടൻ എന്ന്. പാലേട്ടന്റെ ജീവിതം, കൂടെ അഭിനയിച്ച ഒരു നടിയുടെ വീക്ഷണകോണിൽ നിന്നെഴുതിയ സ്വതന്ത്രകൃതി. അദ്ദേഹത്തിന്റെ മാനേജരായ ജോണി പേരാവൂർ എന്നയാളും മുഖ്യകഥാപാത്രമാണ്...ഈ പ്രോജക്ട് 999 കോടി രൂപക്ക് സിനിമയാക്കാമെന്ന് അരി പ്രാഞ്ചിയേട്ടൻ സമ്മതിച്ചിട്ടുണ്ട്...പക്ഷെ ബഹുഭാഷാ ആഗോള മാർക്കറ്റ് പിടിക്കാൻ പടത്തിന് "സണ്ണി ലിയോൺ - പറയാതിരുന്ന കഥകൾ" എന്ന് പേരിടണമെന്നാണ് പ്രാഞ്ചിയേട്ടൻ  പറയുന്നത്. ബിജുക്കുട്ടനും പാലേട്ടനും ഈ പേരുമാറ്റത്തിൽ ഒരു പരാതിയുമില്ല; എന്താല്ലേ !!!???

എന്റെ വ്യക്തിപരമായ അഭിപ്രായം : സിനിമ തിയ്യേറ്റർ കാണില്ല, തിയ്യേറ്റർ കത്തിക്കും മുതലായ നിലപാടുകളോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. പക്ഷെ, ഇത് വിവിധ തരത്തിലുള്ള നിയമപോരാട്ടത്തിന് വഴി വയ്ക്കുമെന്ന അഭിപ്രായമാണെനിക്ക്. അത് കൊണ്ട് തന്നെ, ഈ തർക്കം പരിഹരിക്കാൻ കോടതി വഴിയുള്ള പരിഹാരത്തോടാണെനിക്ക് താൽപ്പര്യം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക




Thursday, 11 May 2017

അവൾക്ക് അഴിച്ചു മാറ്റേണ്ടി വന്നത് അടിവസ്ത്രം മാത്രമല്ലായിരുന്നു; ആത്മാഭിമാനം കൂടിയായിരുന്നു…..

സിബിഎസ്ഇയുടെ മേൽനോട്ടത്തിൽ നടന്ന മെഡിക്കല്‍ പ്രവേശന ദേശീയ പൊതു പ്രവേശനപരീക്ഷ (നീറ്റ്) എഴുതാൻ വന്ന വിദ്യാര്‍ത്ഥിനികളെ പരീക്ഷാചട്ടങ്ങളുടെ കർശനമായ നടപ്പാക്കൽ വഴി അപമാനിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ഈ ദിനങ്ങളിലെ ചൂട് പിടിച്ച ചർച്ചാവിഷയം. അഖിലേന്ത്യ തലത്തിൽ നോക്കുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറയാവുന്ന സംഭവങ്ങൾ ഉണ്ടായത് കണ്ണൂർ മേഖലയിലാണ്. ഡോക്ടറാവാന്‍ മോഹിച്ച് പരീക്ഷ എഴുതാന്‍ വന്ന പെൺകുട്ടികളിൽ ചിലരുടെ ജീന്‍സുകളും പാൻറ്സുകളും ഊരി മാറ്റിച്ചു; മുഴുക്കൈ ഉടുപ്പുകളിട്ടു വന്ന പെൺകുട്ടികളുടെ ഉടുപ്പിന്റെ കൈ മുറിച്ചു; പാന്റിന്റെയും ജീൻസിന്റെയും ബട്ടണുകളും കീശകളും മുറിച്ചു കളഞ്ഞു; ഒരു വിദ്യാർത്ഥിനിക്ക് അവൾ ഇട്ടിരുന്ന അടിവസ്ത്രം അഴിച്ചു കൊണ്ട് പോയി അവളുടെ അമ്മയെ ഏൽപ്പിച്ചിട്ട് പരീക്ഷക്കിരിക്കേണ്ട ഗതികേടുണ്ടായി.....ആരോപണങ്ങൾ നിരവധിയാണ്. പരീക്ഷാ നടത്തിപ്പ് കേന്ദ്ര ഏജൻസി ആയതു കൊണ്ട് കേന്ദ്രഭരണത്തെ എതിർക്കുന്നവരും സംഭവങ്ങൾ ഉണ്ടായത് കേരളത്തിൽ, വിശിഷ്യാ കണ്ണൂർ ആയതുകൊണ്ട് ഇടത് വിരോധികളും അവരവർക്ക് വേണ്ട നിറം നൽകി സംഭവങ്ങളെ ഊതിവീർപ്പിച്ച് വിവാദമാക്കി. നീറ്റ് പരീക്ഷാ സംവിധാനം വരുന്നതിന് മുൻപ് അഡ്മിഷൻ വിറ്റും പ്രവേശന പരീക്ഷാചോദ്യങ്ങൾ ചോർത്തി വിറ്റും കോടികൾ സമ്പാദിച്ചിരുന്ന സ്ഥാപിത താൽപ്പര്യക്കാരാണ് സംഭവങ്ങളെ ഇത്രക്ക് പെരുപ്പിച്ചു വിവാദമാക്കിയതെന്ന ആരോപണവും നിലവിലുണ്ട്. സംഭവങ്ങളെ വര്‍ഗീയവത്കരിക്കാനും സമുദായവൽക്കരിക്കാനുമുള്ള ദുർബലശ്രമങ്ങളും ഇവിടെ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു; സംസ്ഥാന ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി; മുഖ്യമന്ത്രിയടക്കം പ്രമുഖർ സംഭവത്തെ അപലപിച്ചു; നാല് പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് അധ്യാപകർ സസ്‌പെൻഷനും കൈപ്പറ്റി. ഇവിടെ തെറ്റ് പൂർണ്ണമായും ആരുടെ പക്ഷത്താണ് എന്ന് കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. 

സി ബി എസ് ഇ അധികൃതരുടെ ഭാഷ്യമനുസരിച്ച്, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിബന്ധകള്‍ ആണ് വരുന്നത്. അത് വായിച്ച് മനസിലാക്കി എന്ന ധാരണയിൽ AGREE ബട്ടൺ ക്ലിക്ക് ചെയ്ത ശേഷമായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടാകുക. ഗൈഡ്‌ലൈൻ അനുസരിച്ച് ഒരു തരത്തിലുമുള്ള ലോഹഭാഗങ്ങളും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് പരീക്ഷാർത്ഥികൾ അറിഞ്ഞിരിക്കണം. അത് പോലെ തന്നെ, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ആഭരണങ്ങള്‍, പാന്റ്‌സ്, ഷൂ, വലിയ ബട്ടൻസ് എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അനുവദനീയമായ, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടക്കുമ്പോൾ ബീപ്പ് ശബ്ദം കേട്ടാല്‍ അത് അവഗണിക്കാൻ പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയുമില്ല. 

നിർദ്ദേശങ്ങളും നിയമങ്ങളും ഇങ്ങനെയൊക്കെയാണെന്നിരിക്കെ എന്ത് കൊണ്ടാണ് ഇത്ര കർശന നിയന്ത്രണം ഈ പരീക്ഷയിൽ വന്നതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. മുൻകാലഘട്ടങ്ങളിൽ ഉടുപ്പിന്റെ നീണ്ട കൈക്കുള്ളിലും സോക്‌സിലും പോക്കറ്റിലും ഒക്കെ തുണ്ട് വച്ച് കോപ്പിയടിച്ചത് കണ്ടു പിടിക്കപ്പെട്ടതോടെയാണ് ഇവക്കെല്ലാം നിയന്ത്രണം കൊണ്ട് വന്നത്. ഇലക്ട്രോണിക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ അതിരില്ലാത്തതായതോടെ ഏറെക്കുറെ അദൃശ്യമെന്നു തന്നെ പറയാവുന്ന തരത്തിൽ ചെറുതും വിവിധ ആകൃതികളിലും ഉള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വലിയ പണച്ചിലവില്ലാതെ ലഭ്യമാകുന്ന അവസ്ഥ പരീക്ഷാ നടത്തിപ്പുകളുടെ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും വലിയ ഭീഷണിയാണ്. ബട്ടൻസ്, പേന, വാച്ച്, കാൽക്കുലേറ്റർ, ഷാർപ്പ്നർ, ഹെയർ ക്ലിപ്പ്, ആഭരണങ്ങൾ തുടങ്ങി നൂതനമായ രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഇത് സുലഭമാണ്. പല ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമായിത്തന്നെ പറഞ്ഞിരിക്കുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ സഹായകമാണെന്ന നിലയിലാണ്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള കർശനപരിശോധനകൾ കൊണ്ട് വരാൻ അധികൃതർ നിർബന്ധിതർ ആയത്. 

നീറ്റ് പരീക്ഷ മാത്രമല്ല; ഏത് പൊതുപരീക്ഷയുടെയും നടത്തിപ്പ് കുറ്റമറ്റതാവേണ്ടതുണ്ട്. നാളെ ഡോക്റ്ററായും എഞ്ചിനീയറായും മറ്റു പ്രൊഫഷണലുകളായും സർക്കാർ ഉദ്യോഗസ്ഥരായും മറ്റും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികൾ ആവേണ്ടവരാണ് പൊതുപരീക്ഷകൾ എഴുതുന്നത്. അല്ലെങ്കിൽ, രാജ്യത്തിന്റെ ഐഡന്റിറ്റിയും പേറി മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടവർ ആണവർ. അത് കൊണ്ട് തന്നെ പൊതുപരീക്ഷകളുടെ കടമ്പ അനർഹർ നിയമ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ചാടിക്കടക്കുന്നത് പരമാവധി തടയേണ്ടതുണ്ട്. അതിനാൽ തന്നെ നിയമങ്ങളും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും കർശനവും പഴുതില്ലാത്തതും ആവണം എന്നതിൽ തർക്കമില്ല.   

പക്ഷെ, ഇത് പറയുമ്പോൾ തന്നെ പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കർശന മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നവരും അത് നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും മനുഷ്യത്വവും സാമാന്യയുക്തിയും നഷ്ടപ്പെടുത്തിക്കൊണ്ടാകരുത് പ്രായോഗികതലത്തിൽ പെരുമാറേണ്ടത്. അവിടെ സാമാന്യമാനുഷിക നീതി ഉറപ്പാക്കുന്ന തരത്തിൽ നിയമത്തിനകത്ത് നിന്ന് പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷ എന്നല്ല, ഏതൊരു പരീക്ഷയിലും പരീക്ഷാർത്ഥിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും സംരക്ഷിച്ചു നിർത്താൻ ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിക്കും കടമയുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സ്വാഭാവികമായ പിരിമുറുക്കങ്ങൾക്ക് പുറമെ അനുഭവിക്കേണ്ടി വരുന്ന അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങൾ കൂടി സഹിച്ചു കൊണ്ട് ഏതു വിദ്യാർത്ഥിക്കാണ് സമചിത്തതയോടു കൂടി ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനാവുക. സാങ്കേതികവിദ്യ അഭൂതപൂർവ്വമായ പുരോഗതി നേടിയ ഇക്കാലത്ത് പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ സാങ്കേതിക വിദ്യകളെക്കൂടി ഉപയോഗപ്പെടുത്താനാവണം. "ജാമർ" പോലെയുള്ള ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാൻ സാധിക്കും. ക്യാമറകളുടെ സാന്നിധ്യം അറിയാനുള്ള ഡിറ്റക്ടറുകളും ലഭ്യമാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ശരീരപരിശോധന നടത്താൻ സുരക്ഷിതമായ ഇടങ്ങൾ ഉള്ള കേന്ദ്രങ്ങളേ പരീക്ഷാനടത്തിപ്പിന് തിരഞ്ഞെടുക്കാനും പാടുള്ളൂ.  

ഇപ്പോൾ നടന്ന സംഭവങ്ങളിൽപ്പോലും മനുഷ്യത്വപരമായ സമീപനങ്ങൾ ഇല്ല എന്ന് പൂർണ്ണമായും പറഞ്ഞു കൂടാ. കൈനീളമുള്ള വസ്ത്രം ഡിസ്ക്വാളിഫിക്കേഷൻ ആണെന്നിരിക്കെ അതിന്റെ കൈ മുറിച്ചു മാറ്റി പരീക്ഷ എഴുതാൻ അനുവദിച്ചതിനെ മനുഷ്യത്വപരമായി കാണാനാണ് എനിക്കിഷ്ടം. ബട്ടണുകളുടെ കാര്യത്തിൽ അവയിൽ ക്യാമറയോ തുണ്ടുകടലാസുകളോ ഇല്ല എന്നുറപ്പാക്കി അവരെ പരീക്ഷക്ക് പ്രവേശിപ്പിക്കാം എന്ന കുറച്ച് തർക്കസാധ്യതയുള്ള പോംവഴിയും ഉണ്ടായിരുന്നു. പക്ഷെ, അടിവസ്ത്രത്തിന്റെ മെറ്റൽ ഹുക്ക് കാരണം മെറ്റൽ ഡിറ്റക്റ്റർ ബീപ്പ് ചെയ്ത ഉടനെ അടിവസ്ത്രം ഉപേക്ഷിച്ചു പരീക്ഷ എഴുതണം എന്ന കാർക്കശ്യം തീർത്തും നീതികേടും മനുഷ്യത്വരഹിതവും ആയിപ്പോയി. നിയമത്തിന്റെ കാർക്കശ്യം അടിവസ്ത്രത്തിന്റെ കൊളുത്തിനോട്‌ കാണിച്ചപ്പോൾ അവൾക്ക്‌  അഴിച്ചു പുറത്തു വയ്‌ക്കേണ്ടി വന്നത് വെറും അടിവസ്ത്രം മാത്രമായിരുന്നില്ല; അവളുടെ ആത്മാഭിമാനവും ആത്മ വിശ്വാസവും ആയിരുന്നു എന്നോർക്കണം. അത്‌ ചെയ്യിപ്പിച്ചത് സ്ത്രീകൾ ആണെന്നോർക്കുമ്പോൾ അരിശം കൂടുന്നു. ജീരകം തോട് കളഞ്ഞു കാമ്പെടുക്കുന്ന സൂക്ഷ്മതയിൽ നിയമം പാലിക്കാൻ വ്യഗ്രതപ്പെടേണ്ട കാര്യമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആരും ചിന്തിക്കാൻ ഇടയില്ല. മാത്രവുമല്ല, പത്തു ലക്ഷത്തിനു മേൽ പേർ എഴുതിയ ഈ പരീക്ഷയിൽ കണ്ണൂരിലെ നാലും മൂന്നും ഏഴ് കുട്ടികളേ ഇത്തരം "നിയമലംഘനങ്ങൾ" നടത്തിയുള്ളൂ എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ എന്റെ യുക്തി അനുവദിക്കുന്നില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക




അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 28 April 2017

"കച്ചവട"തൃതീയ - ഹിന്ദുത്വവാദികൾക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ലേ....!!!???

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ". കേരളത്തില്‍ ഈ ദിനത്തെപ്പറ്റി കേട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം.വൈശാഖമാസത്തിലെ ആദ്യ പകുതിയിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഇതുപ്രകാരം ഈ ദിവസം എല്ലാ പുണ്യ കര്‍മ്മങ്ങള്‍ക്കും ഉത്തമമായി കരുതപ്പെടുന്നു. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ത്രേതായുഗം ഉണ്ടായതും പരശുരാമന്‍ ജനിച്ചതും ആയ ദിവസം കൂടിയാണത്. ഭഗീരഥന്‍ കഠിന തപസ്സു ചെയ്തു ഗംഗാനദിയെ ഭൂമിയിലേക്ക്‌ വീഴിച്ചത് ഈ ദിനത്തിലാണെന്നും ഒരു ഐതിഹ്യമുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നത്രെ. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. എന്നാല്‍ സ്വര്‍ണ്ണവും അക്ഷയതൃതീയയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു ? അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. സ്വര്‍ണ്ണം ഈ ദിവസം വാങ്ങിയാലുള്ള ഭാഗ്യത്തെ കുറിച്ച് ഒരു വിശ്വാസവും പറയുന്നില്ല. എന്നും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഒരു അനുഷ്ഠാനമാക്കി മാറ്റി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കി മാറ്റി പ്രചരിപ്പിച്ചു. ജനം കെണിയില്‍ വീണു. പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കാകെ ഉണ്ടായിരുന്ന വിശ്വാസം വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ്. വര്‍ഷാദ്യം കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു ആചരിച്ചു പോന്നു. സമ്പത്തിനോടുള്ള കാഴ്ചപ്പാട് മാറിയ മലയാളി ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന എല്ലാ കോപ്രായങ്ങളും കാണിച്ചു തുടങ്ങി. സാധാരണ ഗതിയില്‍ പണമുണ്ടാക്കാന്‍ അധ്വാനിക്കണം. ഇന്ന് അതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി പലരും കാണുന്നു. ആട്, തേക്ക്, മാഞ്ചിയം, ലിസ്, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍, നാഗമാണിക്യം, കുചേല കുഞ്ചി, ദൃഷ്ടി രക്ഷക് യന്ത്രം, മഹാലക്ഷ്മി വിളക്ക്, വലം പിരി ശംഖ്, മണി ചെയിന്‍ ശ്രേണിയിലെ പ്രധാന താരമാണ് ഇപ്പോള്‍ മലയാളിയെ സംബന്ധിച്ച് അക്ഷയതൃതീയ. അന്ധ വിശ്വാസവും കുതന്ത്രവും കപട കച്ചവട തന്ത്രവും കൈകോര്‍ക്കുന്ന ദിവസം മാത്രമാണ് അക്ഷയ ത്രിതീയ. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു. രാവിലെ മുതല്‍ പാതിരാ വരെ ഒട്ടുമിക്ക സ്വര്‍ണ്ണക്കടകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങളും റേഡിയോ പരസ്യങ്ങളും ടി വി പരസ്യങ്ങളും പൊടി പൊടിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത സ്വര്‍ണ്ണക്കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ ഒന്നും അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. നിലവില്‍ കയ്യിലുള്ള എന്തെങ്കിലുമൊക്കെ വിറ്റു പെറുക്കിയിട്ടാണെന്കിലും അന്നേ ദിവസം അൽപ്പം സ്വർണ്ണം വാങ്ങി വിട്ടിൽ വച്ചില്ലെങ്കിൽ എന്തോ ഭയങ്കര കുഴപ്പം സംഭവിക്കും എന്ന നിലയിലേക്ക് മലയാളിയുടെ യുക്തി ബോധം വളര്‍ന്നു കഴിഞ്ഞു. മലയാളിയെ ഈ നിലവാരത്തിലെത്തിക്കാൻ കേരളത്തിലെ സ്വർണ്ണക്കച്ചവടക്കാർ നടത്തിയ പങ്കപ്പാടുകൾക്കു കണക്കൊന്നുമില്ല. കോടിക്കണക്കിനു രൂപയുടെ പരസ്യം ചെയ്താണ്‌ സ്വർണ്ണ കച്ചവടക്കാർ അക്ഷയ തൃതീയയുടെ മഹത്വം നാട്ടുകാരെ പഠിപ്പിച്ചെടുത്തത്‌. അര മണിക്കൂർ സമയം മാത്രം ദൈർഘ്യമുള്ള അക്ഷയ തൃതീയ ജ്വല്ലറി ഉടമകൾ പറയുന്നതനുസ്സരിച്ചു രണ്ടും മൂന്നും ദിവസങ്ങളാണ്. ഈ ദിനങ്ങളിലെ കച്ചവടം പൊലിപ്പിക്കാന്‍ ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുക കൂടി ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ചയോ അവധി ദിനമോ ആയാല്‍ പോലും  രാവിലെ ആറു മണിക്ക് കടകള്‍ തുറക്കുമെന്നുള്ളതും വളരെ വൈകിയേ അടക്കൂ എന്നുള്ളതും  മുന്‍കൂട്ടി  ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയതും എല്ലാം ഐശ്യര്യ സമൃദ്ധി വര്‍ദ്ധിപ്പിക്കാനേ  ഉപകരിക്കൂ. സ്വര്‍ണ്ണത്തിന് പുറമേ വെള്ളി, ഡയമണ്ട്, പ്ലാറ്റിനം, വസ്ത്രം, വീട്, ഭൂമി, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം വൈകാതെ അക്ഷയതൃതീയയുടെ ലിസ്റ്റിലേക്ക് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അങ്ങനെ എല്ലാ ഐശ്യര്യ സമൃദ്ധികളും കളിയാടുന്ന ഒരു കേരളം ഉണ്ടാകട്ടെ.

എല്ലാവര്‍ക്കും കച്ചവടതൃതീയയുടെ അക്ഷയതൃതീയയുടെ ഐശ്വര്യങ്ങള്‍ നേരുന്നു. 

തീരാത്ത സംശയം : ഹൈന്ദവ സംസ്കാരത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കാൻ സദാ സന്നദ്ധരായി നില കൊള്ളുന്ന സംഘടനകളോട് ഒരു ചോദ്യം - ഒരു പൌരാണിക ആചാരത്തെ കച്ചവടത്തിനുള്ള ആയുധമാക്കുന്ന ഇത്തരക്കാരുടെ ഉളുപ്പില്ലാത്ത വെളിപ്പെടുത്തലുകൾ കണ്ടിട്ടും, നിങ്ങളുടെ മതവികാരം 'വ്രണ'പ്പെടാത്തതെന്തേ ? എന്തുകൊണ്ടാണ്  ഹൈന്ദവ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നീചമായ വിപണന തന്ത്രങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് ? നിങ്ങൾ ഹൈന്ദവ സംസ്കാര സംരക്ഷണത്തിന്റെ യഥാർത്ഥ വക്താക്കളാണെങ്കിൽ, ഈ വരുന്ന അക്ഷയത്രിതീയ ദിനത്തിൽ, അക്ഷയ ത്രിതീയ കച്ചവടത്തിലേർപ്പെടുന്ന കേരളത്തിലെ ജ്വല്ലറികൾക്ക് മുന്നിൽ ഒരു പ്രതിഷേധമെങ്കിലും കാണിക്കേണ്ടതല്ലേ....

ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക