ഞാൻ വെറും പോഴൻ

Monday, 8 June 2020

ജീവന്റെ ആ പൊൻ നാണയം പുഴയിലെറിഞ്ഞതാരാണ്...!!???

ഓൺലൈൻ ക്ലാസ് സൗകര്യം ലഭിക്കാത്തതിൽ മനം നൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വേദനാജനകമായ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി മരണത്തിന്റെ തീരത്തേക്ക് സ്വയം നടന്നു പോയിരിക്കുന്നു. പാലാ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ പരീക്ഷാഹാളിൽ നിന്ന് പരീക്ഷയ്ക്കിടെ ഇറങ്ങിപ്പോയ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കലിലെ BVM ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച്  പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ മാനസിക പീഡനത്തിൽ മനം നൊന്ത് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറയുന്നു. പരീക്ഷാഹാളിൽ അഞ്ജു ഷാജിയെ അധ്യാപകർ ശകാരിക്കുന്നത് കണ്ടതായി പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നുണ്ട്. അജ്ഞുവിൻ്റെ ഉത്തരക്കടലാസുകൾ പ്രിൻസിപ്പൽ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവി ക്യാമറയിലുണ്ടെന്ന് അഞ്ജുവിന്റെ പിതാവ് ആരോപിക്കുന്നു. 

എന്നാൽ അഞ്ജു ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്നു തന്നെയാണ് കോളജ് അധികൃതരുടെ വിശദീകരണം. ഹാൾ ടിക്കറ്റിന് പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാർഥിനി ആകെ മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയർത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകൾ കൈമാറി. എന്നൊക്കെയാണ് കോളേജധികൃതർ നിരത്തുന്ന വാദങ്ങൾ. 

CCTV ദൃശ്യങ്ങൾ ശ്രദ്ധയോടെ നോക്കിയാൽ അഞ്ജു കോപ്പിയടിച്ച് പിടിക്കപ്പെട്ടതായി തന്നെയാണ് കാണാനാവുക. ഒരു വിദ്യാർത്ഥി(നി) കോപ്പിയടിച്ചാൽ പരീക്ഷ സെന്റർ അധികൃതർ പാലിക്കേണ്ട കൃത്യമായ നടപടിക്രമം യൂണിവേഴ്സിറ്റിക്കുണ്ടാകില്ലേ....!?? അത്തരം നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തേണ്ടത്. CCTV ദൃശ്യങ്ങൾ അനുസരിച്ച് ഏകദേശം ഒന്നേമുക്കാൽ മണിയോട് കൂടി അഞ്ജുവിന്റെ ഉത്തരക്കടലാസ് ഇൻവിജിലേറ്റർ പരിശോധിക്കുന്നു; കുറച്ച് സമയം കഴിയുമ്പോൾ കോളേജ് പ്രിൻസിപ്പൽ അച്ചൻ വന്ന് അഞ്ജുവിനോടെന്തോ സംസാരിക്കുന്നു. അതിന് ശേഷം അഞ്ജുവിന്റെ ഉത്തരക്കടലാസ് എടുത്തിട്ട് പോകുന്നു. പരീക്ഷാ നടത്തിപ്പ് ചട്ടങ്ങൾ അനുസരിച്ച് പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിയാതെ പരീക്ഷാർത്ഥിയെ പുറത്ത് വിടാൻ പാടില്ലത്രെ. അപ്പോൾ ഒന്നും ചെയ്യാനില്ലാതെ പരീക്ഷാഹാളിൽ ചിലവഴിക്കേണ്ടി വന്ന ഏകദേശം മുക്കാൽ മണിക്കൂറോളം സമയമാവണം ആ കുഞ്ഞിനെ സ്വയഹത്യാ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുക. കോപ്പിയടി പിടിക്കപ്പെട്ടതിന്റെ അപമാനവും കുറ്റബോധവും ആത്മാഭിമാനക്ഷതവും എല്ലാം കൂടി താങ്ങാൻ ആ കുഞ്ഞിന് സാധിച്ചു കാണില്ല. പരീക്ഷാകേന്ദ്രങ്ങളിൽ കോപ്പിയടി പിടിക്കപ്പെട്ടാൽ ഉടനെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങുന്ന നടപടി സ്ഥിരമായി കാണുന്നതാണ്. അത് യൂണിവേഴ്സിറ്റി ചട്ടപ്രകാരമുള്ള നടപടിയാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. അഥവാ ആണെങ്കിൽ അതിന് ഭേദഗതി വരുത്താനുള്ള അടിയന്തിര പ്രവർത്തനങ്ങൾ യൂണിവേഴ്സിറ്റി സ്വീകരിക്കണം. ഇന്ന് പത്രസമ്മേളനം നടത്തിയ അധ്യാപകർ പറയുന്നതനുസരിച്ച് പരീക്ഷാക്രമക്കേട് കേസുകളിൽ നടപടികളുടെ അന്തിമ തീർപ്പ് യൂണിവേഴ്സിറ്റിക്കാണ്. നടപടി ശുപാർശ ചെയ്യാൻ പോലും പരീക്ഷാകേന്ദ്രത്തിന് അധികാരമില്ല; അപ്പോൾ കോപ്പിയടി കണ്ടെത്തുന്ന ഉടനെ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചു വാങ്ങി പരീക്ഷ നിർത്തിപ്പിക്കാൻ ചട്ടമുണ്ടാവുമോ...!!??? ഇത് അവധാനതയോടെ പരിശോധിക്കേണ്ട വിഷയമാണ്. പേപ്പർ പിടിച്ചു വാങ്ങാതെ, കോപ്പിയടിച്ചു എന്ന റിമാർക്ക് എഴുതി, അവസാനം വരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടി പോയി ഈ കടുംകൈ ചെയ്യില്ലായിരുന്നു.

ഇവിടെ അഞ്ജുവിന്റെ പിതാവിന്റെ പ്രതികരണങ്ങളും ആരോപണങ്ങളും മനസ്സാക്ഷിയുള്ളവരിൽ വേദന ഉളവാക്കുന്നുണ്ടെങ്കിലും അവ വികാരത്തിനധീനനായി പറയുന്നതാണെന്ന് മനസിലാക്കാം. മകളുടെ അപ്രതീക്ഷിത വേർപാടിലുള്ള നഷ്ടബോധവും ഒരു പിതാവെന്ന നിലയിൽ മകൾ ഒരിക്കലും ചെയ്യില്ല എന്ന്  വിശ്വസിച്ചിരുന്ന കോപ്പിയടി ആരോപണവും മകളുടെ സ്വയഹത്യക്ക് കാരണമായി എന്ന് കരുതുന്നവരോടുള്ള രോഷവുമൊക്കെ  കൂടി കലരുന്ന കടുത്ത വിഷാദവും നിരാശയുമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്. ഹാൾ ടിക്കറ്റിന്റെ പിറകിൽ എഴുതിയത് തന്റെ മകളല്ലെന്നും അത് പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ ആക്ഷേപവും പോലീസ് കൃത്യമായി അന്വേഷിച്ചു നിജസ്ഥിതി വെളിച്ചത്ത് കൊണ്ട് വരണം. 

പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് എയ്‌ഡഡ്‌ കോളേജുകളിൽ പരീക്ഷ എഴുതാൻ വരുന്ന പാരലൽ കോളേജ് വിദ്യാർത്ഥികൾ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാകും എന്നത് സ്വാഭാവികമാണ്. പരീക്ഷ സെന്റർ ആയ എയ്‌ഡഡ്‌ കോളേജിലെ കുട്ടികള്‍ ഭേദപ്പെട്ടവരും പാരലൽ കോളേജ് കുട്ടികൾ വേറൊരു നിലവാരത്തിലുള്ളവരും കോപ്പിയടിക്കാരും എന്നൊരു മുൻവിധിയാവാം ഇതിന് കാരണം. അവിടത്തെ അധ്യാപകർക്കോ ജീവനക്കാർക്കോ ആ കുട്ടികളോട് പ്രത്യേകിച്ച് ആത്മബന്ധമോ അനുഭാവമോ ഉണ്ടാവില്ല എന്നത് അസാധാരണമായ സംഗതിയും അല്ല. പ്രിൻസിപ്പാളച്ചനെ കാണാനുള്ള നിർദ്ദേശം പാലിക്കാതെ കുട്ടി പോയത് അന്വേഷിക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന്, പുറത്ത് നിന്നുള്ള വിദ്യാർത്ഥിനി ആയത് കൊണ്ട് അവരെ ബന്ധപ്പെടാൻ മാർഗ്ഗങ്ങളില്ലായിരുന്നു; അത് കൊണ്ട് പോലീസിനെയാണ് കാര്യങ്ങൾ അറിയിച്ചത്, എന്ന കോളേജ് അധികൃതരുടെ മറുപടിയിലും ഇത് നിഴലിക്കുന്നുണ്ട്. തങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാവണം പത്രസമ്മേളനത്തിൽ ഉടനീളം തങ്ങൾക്ക് മുന്നിൽ  നിന്ന് അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി നടന്നകന്ന് മരണക്കയത്തിലേക്ക് ആണ്ടു പോയ ആ കുട്ടിക്കെതിരെ വീണ്ടും വീണ്ടും ആരോപണങ്ങളുയർത്തി മരണാനന്തരഹത്യ നടത്തുന്നുണ്ട്. പക്ഷെ, അറിഞ്ഞിടത്തോളം കാര്യങ്ങൾ വച്ച് നോക്കുമ്പോൾ നിയമദൃഷ്ട്യാ കോളജിന്റെ ഭാഗത്ത് തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നേ പറയാനും പറ്റൂ. 

2018 ഡിസംബറിൽ കൊല്ലം ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതിന്‌ ഏറെക്കുറെ സമാനമാണ് ഇപ്പോൾ നടന്ന സംഭവം. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടര്‍ന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. രാഖിയും പരീക്ഷാഹാളിൽ നിന്നും ഏകയായി ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. 2017-ൽ സ്വയഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനും കോപ്പിയടി പിടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അപമാനബോധമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നായാടിയുടെ കൺമുനയിലെ ജാഗ്രത കാത്ത് സൂക്ഷിക്കുകയും കോപ്പിയടി കണ്ടെത്താൻ പ്രത്യേകം ഉത്സാഹിക്കുകയും  ഒരു ഇരയെ കിട്ടിയാൽ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇന്‍വിജിലേറ്റര്‍മാരുണ്ട്. അവരുടെ  കൃത്യതയാർന്ന ഉത്തരവാദിത്തബോധത്തിന് മുന്നിൽ ഭരത്ചന്ദ്രൻ IPS-ഉം തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് IAS-ഉം മാറി നിൽക്കും. അതേ സമയം മറ്റ് ചിലരാവട്ടെ, തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പരീക്ഷാർത്ഥികൾ ചെയ്‌ത്‌ പോയ തെറ്റിനെ മനസിലാക്കി കൊടുക്കാനും തുടർന്ന് അതാവർത്തിക്കപ്പെടാതിരിക്കാനും എന്നാൽ നിയമം നടപ്പിലാക്കാനും സാധിക്കുന്ന ഒരു സംതുലിതമായ നിലപാടെടുക്കുന്നു. കുട്ടികൾക്ക് ചില്ലറ സഹായങ്ങള്‍ നല്‍കുന്നവർ പോലുമുണ്ട്. അതൊക്കെ ഓരോ വ്യക്തികളുടെയും മനോഗുണം; കുറഞ്ഞ പക്ഷം ഒരു കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആത്മാഭിമാനം മുറിപ്പെടുത്താതിരിക്കുക. ആ ആത്മാഭിമാനനഷ്ടം ദുർബല മനസുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും സഹിക്കാനാവില്ല. അവരാണ് ജീവിതം വഴിയിലുപേക്ഷിക്കുന്നതെന്ന തിരിച്ചറിവ് പരീക്ഷാ നടത്തിപ്പുകാർക്ക് വേണം.

പരീക്ഷാ ഹാളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നത് സാധാരണമാണ്. അതിന്റെ പേരില്‍ ഉടനടി വിചാരണ നടക്കുന്നതും സാധാരണമാണ്. അതിനെ തുടർന്നുണ്ടാകുന്ന അസാധാരണമായ പ്രശ്നങ്ങൾ ആരുടെ കുറ്റമാണ് ? കടുത്ത സമ്മര്‍ദ്ദത്തിലേയ്ക്ക് ഇന്‍വിജിലേറ്റര്‍മാരും പരീക്ഷ സെന്റർ അധികൃതരും വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നത് ആരുടെ കുറ്റമാണ്? വിദ്യാര്‍ത്ഥികളുടെയാണോ ? അദ്ധ്യാപകരുടെയാണോ ? വിദ്യാഭ്യാസ വ്യവസ്ഥയുടേയോ ? അതോ കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്ന ചില മുൻവിധികളുടെയും കീഴ്വഴക്കങ്ങളുടെയുമാണോ ?   

മുന്നനുഭവങ്ങളിൽ നിന്ന് പോലും ആരും ഒന്നും പഠിക്കുന്നില്ല എന്നാണ് ഈ ഘട്ടത്തിൽ മനസിലാകുന്നത്. നിയമവും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ചതുരവടിവിൽ നടപ്പാക്കിയപ്പോൾ മനുഷ്യത്വം എങ്ങോ പോയൊളിച്ചു. കുറച്ചു കൂടി മനുഷ്യത്വപരവും പക്വപൂർണ്ണവുമായ സമീപനം എടുത്തിരുന്നെങ്കിൽ ആ കുട്ടി അപഹാസ്യ ആകാതെ നോക്കാമായിരുന്നു. മനപൂർവ്വമല്ലെങ്കിൽ പോലും ആ കുട്ടിക്കുണ്ടായ അപമാനവും മനോപീഡയും ആത്മാഭിമാനക്ഷതവും ആ കുട്ടിയുടെ സ്വയഹത്യക്ക് കാരണമായെങ്കിൽ ഇത് വെറുമൊരു സ്വയഹത്യ മാത്രമല്ല; കുറഞ്ഞ പക്ഷം മനപൂർവ്വമല്ലാത്ത നരഹത്യ കൂടിയാണ്. സഹോദരനെ വിധിക്കുന്നതും മണ്ടനെന്ന് വിളിക്കുത് പോലും ഹിംസ തന്നെയാണെന്ന് പഠിപ്പിക്കുന്ന വലിയ ഗുരുവിന്റെ പിൻഗാമിയാണ് ഇതിൽ പ്രധാന ആരോപിതനെന്ന് വരുമ്പോൾ വല്ലാത്ത ഒരു അമർഷം ഉള്ളിൽ ഉരുണ്ടു കൂടുന്നു. 

ഉത്തരവാദിത്തപ്പെട്ടവർ, ഒരൽപ്പം കരുതൽ കാണിച്ചിരുന്നെങ്കിൽ, ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആ കുഞ്ഞും ഈ ഭൂമിയിൽ ജീവനോടിരുന്നേനെ...

വൽക്കക്ഷണം : ജീവിതത്തിൽ ചെറിയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ പോലും ആത്മഹത്യയുടെ വഴി സ്വീകരിക്കാനുള്ള മാതൃകകള്‍ ഈ കുട്ടികള്‍ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെടുക്കുന്നതാണ്. ആത്മഹത്യകളെ ആദർശവൽക്കരിക്കുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്ന സാഹിത്യകൃതികൾ, സീരിയലുകൾ, സിനിമകൾ തുടങ്ങിയവ മുതൽ കളിക്കും കാര്യത്തിനുമെല്ലാം വൈകാരിക ബ്ലാക്ക് മെയിലിംഗ് ആയുധമായി ഞാൻ ചത്ത് കളയുമെന്ന ഡയലോഗിറക്കുന്ന മുതിർന്നവരുമെല്ലാം കുട്ടികളിൽ ആത്മഹത്യാഭിമുഖ്യം ഉണ്ടാക്കുന്നുണ്ട്. എളുപ്പത്തിൽ വാർത്താപ്രാധാന്യം നേടാനുതകുന്ന പ്രതിഷേധമാർഗ്ഗങ്ങൾ എന്ന നിലയിൽ പ്രതീകാത്മകമായി ആത്മഹത്യാ മാതൃകകളുടെ പ്രകടനം ഒന്ന് മനസ്സിലോർക്കുക; ടവർ ലൈനിലോ ഉയർന്ന കെട്ടിടങ്ങളിലോ കയറി താഴേക്ക് ചാടുമെന്ന് പറയുക, ദേഹത്ത് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് തീ കൊളുത്തുമെന്ന് പറയുക, മരത്തിലോ പോസ്റ്റിലോ കയറി കഴുത്തിൽ കുരുക്കിട്ട് ചാടുമെന്ന് പറയുക ഒക്കെ പോലെയല്ലേ ചിലപ്പോഴെങ്കിലും ചില കുഞ്ഞുങ്ങൾ കൈമുറിക്കുമെന്നും കിണറ്റിൽ ചാടുമെന്നും തൂങ്ങിച്ചാവുമെന്നും ഒക്കെ മാതാപിതാക്കളെ ഭീഷണിപ്പെടുത്താറുള്ളത്. 

ജീവിതവഴികളിലെ പ്രതിസന്ധികളെ നേരിടാന്‍ ചങ്കൂറ്റവും കരളുറപ്പും ഉണ്ടാകാനുള്ള പരിശീലനങ്ങൾ കൊടുക്കാൻ രക്ഷകർത്താക്കൾ പലപ്പോഴും പരാജയപ്പെടുന്നു. അക്കാദമിക്ക്  മികവിനേക്കാൾ പച്ചയായ ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ അറിയുന്ന കുട്ടികള്‍ക്ക് മാത്രമേ ഇവിടെ നിലനിൽക്കാൻ കഴിയൂ. പ്രതിസന്ധികൾക്ക്‌ പഞ്ഞമില്ലാത്ത ഈ ലോകത്ത്, ജീവിച്ച് വിജയിക്കാനുള്ള വാശി വെടിയാതെ പിടിച്ചു നില്‍ക്കാനുള്ള സദ് മാതൃകകൾ പകര്‍ത്തിയെടുക്കാൻ കുട്ടിക്കാലം മുതലേ അവരെ പ്രേരിപ്പിക്കണം. അതിവേഗം മാറുന്ന കാലത്ത് ആത്മഹത്യാ പ്രതിരോധത്തിന്റെ അടിസ്‌ഥാനപാഠങ്ങള്‍ കണ്ടെത്തി നല്‍കാൻ ശ്രമിക്കുക കൂടിയാണ് ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വം.

(ഫോട്ടോ കടപ്പാട് : മാതൃഭൂമി)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 4 June 2020

"പേഷ്യന്റ് 31" - ഒരു പള്ളി ആയിരങ്ങളെ സ്വർഗവാതിൽ കാണിച്ച കഥ

തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ മനോഹരമായി അവതരിപ്പിച്ച സായിശ്വേത ടീച്ചറുടെ ഓൺലൈൻ ക്‌ളാസ് വൈറൽ ആയി നിൽക്കുകയാണല്ലോ; അത് കൊണ്ട് ഒരു കഥ തന്നെ പറയാമെന്ന് കരുതി; എങ്ങാനും വൈറൽ ആയാലോ. ഇത് വെറും കഥയല്ല; ഒരു സംഭവ കഥയാണ്. പണ്ട് പണ്ട് വളരെ പണ്ടല്ല; ദാണ്ടെ ഇന്നാള് നടന്നതാണ്....


"പേഷ്യന്റ് 31" ന്റെ കഥ. 

ദക്ഷിണ കൊറിയൻ സിനിമ "പാരസൈറ്റി"ന്‌ ഓസ്‌കാർ അവാർഡ് കിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ രാജ്യം സമൂഹഭ്രഷ്ട് എന്ന് വിളിക്കാവുന്ന തരത്തിൽ ലോക രാജ്യങ്ങൾക്ക് അസ്‌പൃശ്യരായി. നൂറിനടുത്ത് രാജ്യങ്ങൾ ദക്ഷിണ കൊറിയക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചു. ലാൻഡിങ്ങിന് തയ്യാറെടുത്തു കൊണ്ടിരുന്ന ദക്ഷിണ കൊറിയൻ വിമാനത്തിന് വിയറ്റ്നാം ലാൻഡിങ് അനുമതി കൊടുക്കാതിരുന്ന വാർത്ത ചെറിയ ഞെട്ടലൊന്നുമല്ല ഉണ്ടാക്കിയത്. തോളെല്ലിന്റെ ശസ്ത്രക്രിയക്ക് വിധേയനായ റ്റോട്ടൻഹാം സ്‌ട്രൈക്കർ കൊറിയൻ ഫുട്ബോളർ സോൻ ഹ്യുങ് മിന്നിന് യു കെയിൽ സെൽഫ്  ക്വാറന്റൈനിൽ പോകേണ്ടി പോലും വന്നു. കാരണം ലോകമാകമാനം ഭീതി പരത്തി മുന്നേറുന്ന കൊറോണയും കോവിഡും തന്നെ.  

2020 ജനുവരി 20-നായിരുന്നു ദക്ഷിണ കൊറിയയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്ന്  എത്തിയ ചൈനക്കാരിക്കായിരുന്നു രോഗബാധയുണ്ടായത്. അവരെ അടിയന്തിരമായി ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിതാന്ത ജാഗ്രതയും കഠിനപ്രയത്നവുമായിരുന്നു വൈറസ് ബാധ തടഞ്ഞു നിർത്താൻ ദക്ഷിണ കൊറിയയെ സഹായിച്ചത്.ഫെബ്രുവരി 18 വരെ ഇവിടെ കോവിഡ് 19 കൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അത് വരെ ആകെ ഉണ്ടായത് 30 കേസുകളായിരുന്നു. എന്നാൽ, 31-ാമത്തെ രോഗി ("പേഷ്യന്റ് 31") യാണ് അവിടത്തെ കാര്യങ്ങൾ തകിടം മറിച്ചത്. 

ഫെബ്രുവരി അവസാന ദിവസത്തെ കണക്കനുസരിച്ച് 3150 പേർക്ക് രോഗബാധയുണ്ടായി. ആ ദിവസം മാത്രം 813 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 17 ആയി. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് "പേഷ്യന്റ് 31" ആൾക്കൂട്ടമുള്ള ഒരു പ്രദേശം പോലും ഒഴിവാക്കാതെ സന്ദർശിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫെബ്രുവരി 6 ന് ഇവർക്ക് ഒരു റോഡപകടത്തിൽ പരിക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പോയി. ഇവർക്ക് പനിയും തൊണ്ടവേദനയും ഉണ്ടെന്ന് നിരീക്ഷിച്ചിട്ട് വൈറസ് ബാധയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും അതൊന്നും വക വയ്ക്കാതെ അവർ പലയിടങ്ങൾ സന്ദർശിച്ചു; ഒരു പ്രാവശ്യം രോഗികൾക്കുള്ള ആശുപത്രി വസ്ത്രത്തോടെയാണ് ഇവർ ആശുപത്രിയിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയത്. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചു; ഒന്നിലേറെ തവണ അവർ ഷിൻ‌ ചിയോൻ ജി പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ ആയിരക്കണക്കിനു മനുഷ്യരിലേക്കു വൈറസ് പടർന്നു പിടിച്ചു. ആ പള്ളിയിൽ നിന്ന് തൊട്ടടുത്ത ആശുപത്രിയിൽ ഒരു ശവസംസ്കാരശുശ്രൂഷയുമായി ബന്ധപ്പെട്ട ചടങ്ങിൽ ചിലർ പങ്കെടുത്തതോടെ വലിയ ഒരു കൂട്ടം വൈറസ് വാഹകർ അവിടെയുമുണ്ടായി. ഏറെക്കുറെ രണ്ടായിരത്തിലധികം മനുഷ്യരുമായിട്ടാണ് അവർ സമ്പർക്കത്തിലായത്. ചുരുക്കത്തിൽ "പേഷ്യന്റ് 31" എന്ന ഈ 61-കാരിയുടെ പ്രാർത്ഥനഭ്രമം കാരണം ദക്ഷിണ കൊറിയ വ്യാപകമായി കോവിഡിന്റെ പിടിയിലമർന്നു.

വിചിത്രമായ അവകാശവാദങ്ങളുമായി ലീ മാൻ ഹീ എന്ന മതപ്രചാരകൻ സ്ഥാപിച്ചതാണ് ഷിൻ‌ ചിയോൻ ജി പള്ളി. ക്രിസ്തുവിന്റെ പിൻഗാമിയാണ് താനെന്ന് സ്വയം കരുതുന്ന ലീ മാൻ ഹീ അന്തിമവിധിദിവസം തന്നോടൊപ്പം 144000 പേർ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന വിശ്വാസക്കാരനായിരുന്നു. ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് രഹസ്യ കോഡുകളിൽ ആണെന്നും അത് വായിച്ചു വ്യാഖ്യാനിക്കാൻ തനിക്കു മാത്രമാണ് കഴിവുള്ളതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരുടെ എണ്ണത്തോട് തുലനപ്പെടുത്തി 12 കൂട്ടായ്മകളിലായി 212000 വിശ്വാസികളാണ് ഈ പള്ളിക്കുണ്ടായിരുന്നത്. എന്ത് രോഗമാണെങ്കിലും പള്ളിയിൽ വരുന്നത് നിർത്തരുത്; രോഗം വരുന്നത് പാപമാണ്; അത് ദൈവവേലയിൽ നിങ്ങളെ തടസപ്പെടുത്തും... ഇതൊക്കെയായിരുന്നു അവരുടെ വിശ്വാസങ്ങൾ. ദക്ഷിണകൊറിയക്ക് പുറമെ ലീ മാൻ ഹീ മറ്റൊരു ശാഖ ഉള്ളത് കൊറോണ വൈറസിന്റെ ആഗോള പ്രഭവകേന്ദ്രം എന്നറിയപ്പെടുന്ന വുഹാനിലായിരുന്നു എന്നത് അതിശയകരമായ യാദൃച്ഛികതയാണ്. 

2020 മാർച്ച് ആദ്യദിനങ്ങളിൽ തന്നെ സിയോൾ മേയർ പാർക്ക് വോൺ ലീക്കെതിരെ ക്രിമിനൽ പരാതി ബുക്ക് ചെയ്തതായി പ്രഖ്യാപിച്ചു. വിശ്വാസികൾക്കിടയിൽ രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിലെ അനാസ്‌ഥയും പ്രതിസന്ധിയിലുടനീളം സർക്കാരുമായി സഹകരിക്കാൻ വിസമ്മതിച്ചതും ചൂണ്ടിക്കാട്ടി കൊലപാതകം, രോഗ നിയന്ത്രണ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി, അദ്ദേഹത്തെയും ഈ മത വിഭാഗവുമായി ബന്ധമുള്ള മറ്റ് പന്ത്രണ്ടു പേരെയും പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തനിക്കും ചർച്ചിനും എതിരെ ഉയർന്ന തീക്ഷ്ണവും വ്യാപകവുമായ ജനരോഷത്തിനൊടുവിൽ 88 വയസുകാരനായ പാസ്റ്റർ ലീ ഒരു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട് മുട്ടുകുത്തി തല തറയിൽ മുട്ടിച്ച് ജനങ്ങളോട് മാപ്പപേക്ഷിക്കേണ്ടി വന്നു. സംഭവിച്ചതൊന്നും മനഃപൂർവ്വമല്ലെന്നും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഒരു തരത്തിലും കരുതിയില്ലെന്നു ഏറ്റു പറയാൻ നിർബന്ധിതനായി.


കഥ കഴിഞ്ഞു; ഇനി കാര്യത്തിലേക്ക്.... 

ആദ്യഘട്ടത്തിൽ കാര്യക്ഷമമായി കോവിഡിനെ പിടിച്ചു കെട്ടിയ സൗത്ത് കൊറിയയെ രോഗവ്യാപനത്തിന്റെ നാശത്തിലേക്ക് തള്ളിവിട്ടത് "Patient 31"ന്റെ തികച്ചും നിരുത്തരവാദപരമായ സമീപനമായിരുന്നു എന്നോർക്കണം. കിഴക്കൻ ഫ്രാൻസിലെ മൾഹൌസ് എന്ന ചെറുനഗരത്തിൽ നടന്ന ഒരു ക്രൈസ്തവ കൂട്ടായ്മയിൽ പങ്കെടുത്ത രണ്ടായിരത്തോളം ആളുകളിൽ ഒരാൾക്കാണ് കോവിഡ് ബാധ ഉണ്ടായിരുന്നത്. ഈ കൂട്ടായ്മയ്ക്ക് മുൻപ് വെറും 5 കേസുകൾ ഉണ്ടായിരുന്ന ഫ്രാൻസിനെ, ഇവിടെ നിന്ന് തുടക്കമിട്ട രോഗബാധ ഏത് നിലയിൽ എത്തിച്ചെന്ന് വാർത്തകൾ ശ്രദ്ധിക്കുന്നവരോട് പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇറ്റലിയിലും അമേരിക്കയിലുമൊക്കെ ലാഘവബുദ്ധിയോടെ ആൾക്കൂട്ടത്തെ അനുവദിച്ചതിൽ നിന്നുണ്ടായ കോവിഡ് ദുരന്തം ഇന്നെല്ലാവർക്കും അറിയാവുന്നതാണ്. അമേരിക്കയിൽ കൊളാറോഡയിലും ,മിസൗറിയിലുമൊക്കെ ടuper Spread ഉണ്ടായത് പള്ളികൾ വഴിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. തബ്ലീഗ് ജമാ അത്തിന്റെ കോലാലംപൂർ ഒത്തുചേരലും അവിടത്തെ രോഗവ്യാപനവും ഓർമ്മയിൽ വക്കുന്നതും നല്ലതാണ്. ഇതേ ഒത്തുചേരലിൽ പങ്കെടുത്തവരാണ് ദൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ രോഗവ്യാപനത്തിന് തുടക്കമിട്ടത്. 

ദക്ഷിണ കൊറിയ അവരുടെ തനതായ ക്രിയാത്മക സമീപനങ്ങളിലൂടെ ലോക്ക് ഡൗൺ പോലുമില്ലാതെ ഒരിക്കൽക്കൂടി ഫലപ്രദമായി കോവിഡ് രോഗത്തെ പിടിച്ചു കെട്ടി. അവിടെ അവർ ഇതിനിടയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പോലും നടത്തി. 

പക്ഷെ കൊറിയയുടെ സ്ഥിതിയല്ല ഇവിടെ. നമ്മളും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും തുറക്കാനൊരുങ്ങുകയാണ്. ലോക്ക് ഡൌൺ സർക്കാർ അവസാനിപ്പിച്ചു എന്നതിനപ്പുറം ആശ്വസിക്കാവുന്ന ഒന്നും ഈ നാട്ടിൽ സംഭവിച്ചിട്ടില്ല. കൊറോണയും കോവിഡ് 19-ഉം അതിന്റെ പണിയും കളിയും തുടർന്ന് കൊണ്ടേയിരിക്കുന്നു. രോഗബാധിതരുടെ എണ്ണവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. കോവിഡ് 19-ന് കാരണമായ, കൊറോണ എന്ന് പരക്കെ വിളിക്കപ്പെടുന്ന SARS-CoV-2 പുതിയ ഇനം വൈറസാണ്. അതിന്റെ പ്രത്യേകതകൾ ഓരോ ദിവസവും പുതിയത് പുതിയത് എന്ന കണക്കിന് പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഫലപ്രദമായ മരുന്നോ പ്രതിരോധവാക്‌സിനോ കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഈ വൈറസിന് 8 തവണ ജനിതകമാറ്റം (Mutation) സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ പൂർണ്ണതോതിൽ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ മാസങ്ങളോ വർഷങ്ങൾ പോലുമോ എടുക്കാം. ഒരു രോഗലക്ഷണങ്ങളും കാണിക്കാത്തവർക്കു പോലും രോഗം സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ ഉണ്ട്. ചികിത്സയ്ക്ക് വിധേയമായവരുടെയും രോഗം ഭേദമായവരുടെയും തുടർ അവസ്ഥകളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്ന് വരുന്നതേ ഉള്ളൂ. രോഗം വന്നു മാറിയവർക്ക് വീണ്ടും വരുമോ എന്ന കാര്യത്തിലും ശാസ്ത്രം അന്തിമ തീർപ്പ് പറഞ്ഞിട്ടില്ല. പൊതുസമൂഹത്തിൽ രോഗാണു വാഹകർ ആരൊക്കെയാണെന്ന് തിരിച്ചറിയൽ എളുപ്പമല്ല. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക സ്ഥിതിയെ താറുമാറാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ സർക്കാരുകൾ ലോക്ക് ഡൗണിലൂടെ ആദ്യഘട്ട രോഗവ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തുകയും ജനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്താനും ബോധവൽക്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇനിയുള്ളത് പൗരൻ എന്ന നിലക്ക് നമ്മളാണ് ചെയ്യേണ്ടത്. തൽക്കാലം സുരക്ഷിത ശാരീരിക അകലവും ചെയിൻ ബ്രേക്കിങ്ങും തന്നെയേ ആശ്രയമായുള്ളൂ. രോഗാണു വാഹകരുമായി സമ്പർക്കം ഒഴിവാക്കാനായി വളരെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. ചെയിൻ ബ്രേക്കിങ്ങിനു നിഷ്‌കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുക. ശരിയായ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക. കൈകൾ സോപ്പിട്ട് ശരിയായ രീതിയിൽ കഴുകുക. സുരക്ഷിതമായ ശാരീരിക അകലം കാത്തു സൂക്ഷിക്കുക. പരിസര ശുചിത്വം കാത്ത് സൂക്ഷിക്കുക. Co-Existance എന്ന സവിശേഷത ഉള്ള അണുവാണിതെന്നും നമ്മൾ കൊറോണയോടൊപ്പമാണ് ജീവിക്കുന്നതെന്നും ഇപ്പോഴും ഓർക്കുന്നത് നല്ലതാണ്. ചൈനയിലും സിങ്കപ്പൂരിലുമൊക്കെ യെവൻ ഒരു വരവ് കൂടി വന്ന കാര്യവും അറിഞ്ഞു കാണുമെന്നു കരുതുന്നു....

രാജമാണിക്യത്തിൽ മമ്മൂട്ടി പറഞ്ഞത് പോലെ, ഈ കൊറോണയുണ്ടല്ലോ, യെവൻ പുലിയാണ് കേട്ടാ...വെറും പുലിയല്ല ഒരു സിംഹം....യെവൻ ഒരു വരവ് കൂടി വന്നാൽ പിടിച്ചു കെട്ടാൻ നമ്മൾ വല്ലാണ്ട് പാട് പെടും...

പകർച്ചവ്യാധിക്കാലത്ത് വായിച്ചിരിക്കേണ്ട മറ്റൊരു കുറിപ്പ് വായിക്കാണിവിടെ ക്ലിക്ക് ചെയ്‌താൽ മതി....==>> മഹാവ്യാധിക്കാലത്ത് ഓർക്കാനൊരു "ടൈഫോയ്‌ഡ് മേരി"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 2 June 2020

കേരള കത്തോലിക്കാ സ്വയം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

കേരളത്തിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളും പൊതുസമൂഹവും ചില വാർത്തകൾ കണ്ടതിന്റെയും കേട്ടതിന്റെയും ഞെട്ടലിൽ നിന്ന് വിമുക്തരായിട്ടില്ല. മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ്‌ കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ് ദിവ്യ പി ജോണ്‍ (21) എന്ന സന്യാസാർത്ഥിനി മരണമടഞ്ഞ വാർത്തയാണ് അതിലൊന്ന്. ഇടുക്കി കട്ടപ്പനയിലെ ഒരു പള്ളിയിലെ വികാരിയും സഭയിലെ പ്രമുഖനുമായിരുന്ന ഒരു മുതിർന്ന വൈദികനും ഒരു കുടുംബിനിയുമായി നടന്ന ലൈംഗികലീലകളുടെ വീഡിയോയും ഫോട്ടോകളും ചോർന്ന വാർത്തയാണ് മറ്റൊന്ന്. ഈ വൈദികൻ ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആളാണെന്നും പറയപ്പെടുന്നു. മലബാറിൽ കാരക്കമലയിൽ ഇടവകവികാരിയും ഒരു കന്യാസ്ത്രീയും ശാരീരികവേഴ്ചയിൽ ഏർപ്പെടുന്നത് കണ്ടു എന്നും അതിന്റെ പേരിൽ വികാരി തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നുമുള്ള വെളിപ്പെടുത്തലുമായി വന്നത് മറ്റൊരു കന്യാസ്ത്രീ തന്നെ ആണ്. 

ഇതിന്റെ ഒക്കെ പിന്നിലെ സത്യാവസ്ഥയും യഥാർത്ഥ വസ്തുതകളും ആരോപിതർക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ. അതെന്ത് തന്നെയായാലും, സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും അച്ചന്മാരും കന്യാസ്ത്രികളും ബ്രഹ്മചര്യവ്രതം തെറ്റിക്കുന്നത് അസാധാരണമല്ലെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ വിശ്വാസികളും പൊതുസമൂഹവും എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. സഭക്ക് വേണ്ടി അവർ കേട്ടാലറക്കുന്ന തെറികളും പുലയാട്ടുകളുമാണ് പബ്ലിക്ക് വാളുകളിൽ പോലും കുറിച്ച് വക്കുന്നത്. ഈ വക തെറിയഭിഷേകത്തിന് അച്ചന്മാരും ധ്യാനഗുരുക്കളുടെ വലംകൈയായി പ്രവർത്തിക്കുന്ന മാന്യദേഹങ്ങളും ഒക്കെ ഉണ്ടെന്നതാണ് കൂടുതൽ ലജ്ജാകരം. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!?? 

ഇപ്പോൾ പറഞ്ഞ കേസുകളുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ഔദ്യോഗിക വക്താക്കളും ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഉണ്ടാക്കണം. 

അല്ലെങ്കിൽ സമയത്തിന് പറിച്ചെടുക്കാത്ത പഴുപ്ലാച്ചക്ക (കൂഴച്ചക്ക) യുടെ അവസ്ഥയിലാകും സഭ.... മഞ്ഞ് കൊള്ളും....വെയില് കൊള്ളും.....മഴ കൊള്ളും...പുളിക്കും....പഴുക്കും....പുഴുക്കും....കാക്ക കൊത്തും...അണ്ണാൻ തുരക്കും...അവസാനം നിവൃത്തിയില്ലാതെ തണ്ടുരിഞ്ഞ് താഴെ വീഴും....പരിസരം മുഴുവനും നാറി വൃത്തികേടാവും. അത്രക്ക് ധാർമ്മിക പ്രതിസന്ധിയിലാണ് കേരള കത്തോലിക്കാ സഭ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/



Thursday, 28 May 2020

"മദ്യ" കേരളത്തിന്റെ ലഘു ചരിത്രം

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനുമൊപ്പം വൈനും ബിയറും ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളും മലയാളികൾക്കിടയിൽ പ്രിയങ്കരമായിത്തുടങ്ങി. എന്നാൽത്തന്നെയും, തൊണ്ണൂറുകളുടെ പകുതി വരെ കള്ളും ചാരായവും തന്നെയായിരുന്നു കൂടുതൽ മലയാളികളും ഉപയോഗിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ്, ഉണ്ണാനിരുന്ന നായർക്കൊരു വിളി വന്നു എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ചു കൊണ്ട്, 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ ചാരായം നിരോധിച്ചത്. ഭർത്താവിന്റെ മുഴുക്കുടി മൂലം കണ്ണീര് കുടിച്ച് ജീവിക്കുന്ന "കള്ള് കുടിയന്മാരുടെ" ഭാര്യമാരുടെ കണ്ണിലുണ്ണിയായി അടുത്ത ഭരണം പിടിക്കാമെന്ന ആന്റണിയുടെ മോഹം നടന്നില്ല എന്ന് മാത്രമല്ല ചാരായനിരോധനം "മദ്യ"കേരളത്തിന്റെ കുടിശീലങ്ങളെ മാറ്റി മറിച്ചു എന്നതാണ് സത്യം. കേരളത്തിലെ ‘സാധാരണക്കാരന്റെ’യും പാവപ്പെട്ടവന്റെയും ജീവിതം ചാരായമടിച്ച് നശിച്ചു പോകുന്നത് തടയാനെന്ന പേരിൽ നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. പകലന്തിയോളം പണി ചെയ്തിട്ട് 10 രൂപയ്ക്ക് ചാരായം കുടിച്ച് ഒരു താറാമുട്ടയും കഴിച്ച് ബാക്കി കാശുമായി വീട്ടിൽ പോയിരുന്ന മലയാളി ഉയർന്ന വിലയുള്ള വിദേശമദ്യം കുടിക്കുന്നത് പരിചയിച്ചു. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ലോ ക്ളാസ്സിന്റെ പ്രതിനിധിയായി ജീവിച്ചിരുന്ന ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍, ക്രമേണ ‘സ്ഥിരമായി രണ്ട് സ്മോള്‍ വിദേശമദ്യം വിടുന്ന’ ആള്‍ മാന്യനും ആയി പരിവർത്തനം ചെയ്യപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. ബാറുകൾ സമൂഹത്തിലെ മുന്തിയവരുടെ ഡെസ്റ്റിനേഷൻ എന്ന നിലയിൽ നിന്ന് എല്ലാ വിഭാഗം ആളുകളുടെയും അവശ്യസർവീസ് പ്രൊവൈഡർ എന്ന നിലയിലേക്ക് മാറി. മദ്യം പാർസൽ വേണമെങ്കിൽ വളരെ ഉയർന്ന വിലക്ക് ബാറിൽ നിന്നോ "ന്യായവിലക്ക്" ബെവ്‌കോ ഔട്‍ലെറ്റുകളിൽ ക്യൂ നിന്നോ വാങ്ങണമെന്ന സ്ഥിതി വന്നു. അടിസ്ഥാനസൗകര്യങ്ങളുടെയും വൃത്തിയുടെയും കാര്യത്തിൽ നിലവാരമില്ലാത്ത ബിവറേജസ് ഔട്ട്ലെറ്റുകളെ ലജ്ജിപ്പിച്ചു കൊണ്ട് കെട്ടിലും മട്ടിലും മനോഹരമായ പ്രീമിയം സെല്ഫ് സർവീസ് ഔട്ട്ലെറ്റുകൾ ബെവ്‌കോ ആരംഭിച്ചു. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

പിന്നെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത്, ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും; ബാറുകളെല്ലാം അടക്കും; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഓരോ വർഷവും 10 ശതമാനം വീതം കുറയ്ക്കും; പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല; ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും; ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും; ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും; ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല; പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും; മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും; സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യുഡിഎഫിന്റെ ലക്‌ഷ്യം.... ഹൌ ഹൌ...ഓർത്താൽ തന്നെ കോൾമയിർ കൊണ്ട് പോകാവുന്ന ഈ പ്രഖ്യാപനങ്ങൾ കേട്ട് മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് പോലും  ശുദ്ധഹൃദരും നിഷ്കളങ്കമാനസറും ഒരു വേള ശങ്കിച്ച് പോയി. പക്ഷെ, സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള കുറച്ച് ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്നും മറ്റൊന്നും പ്രയോഗത്തിൽ വരാൻ പോകുന്നില്ലെന്നും ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകുമായിരുന്നു.

മറ്റു പല കാരണങ്ങൾക്കുമൊപ്പം ഊജ്വലമായ മദ്യനയം കൂടിയായപ്പോൾ "മഹത്തായ" ഉമ്മൻ‌ചാണ്ടി സർക്കാർ മാറി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി സർക്കാർ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ പ്രഖ്യാപിത നിലപാടുകൾ പലതും മറന്നു. ഒട്ടേറെ ബാറുകൾ അനുവദിക്കപ്പെട്ടു. പ്രീമിയം സെല്ഫ് സർവീസ് ലിക്കർ സെയിൽ കൗണ്ടറുകളുടെ എണ്ണം വർധിച്ചു. ഒടുക്കം പബ്ബുകൾക്കും മൈക്രോ ബ്രൂവറികൾക്കും അനുമതി നൽകാനും അത്യാധുനിക സൗകര്യമുള്ള കള്ളുഷാപ്പുകള്‍ക്കും അനുമതി നൽകാനും പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു. ഇതിനിടെയാണ് ഒരശനിപാതം പോലെ കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മനസില്ലാമനസോടെ സർക്കാരിന് മദ്യവിൽപ്പന നിർത്തി വെക്കേണ്ടി വന്നു. ഇതിനിടെ ഓൺലൈൻ  ആയി മദ്യം വിൽക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആൾക്ക് മദ്യം ആവശ്യവസ്തുവല്ലാതിരിക്കെ ഇക്കാര്യം പറഞ്ഞ് കോടതിയുടെ സമയം മെനക്കെടുത്തിയതിന് അര ലക്ഷം രൂപ പിഴയടിച്ചു. മാസങ്ങൾ നീണ്ട ലോക്ക് ഡൗണിനൊടുവിൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ മദ്യം വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തു. ഓൺലൈൻ വഴി മദ്യം വിൽക്കാൻ സംവിധാനമൊരുക്കിക്കൂടെ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ചോദിക്കുകയും ചെയ്തു. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാൻ, ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തിയതും ശ്രദ്ധേയമായി. ലോക്ക് ഡൗൺ ഇളവുകളുടെ ആദ്യഘട്ടത്തിൽ മറ്റ് പല സംസ്ഥാനങ്ങളും മദ്യവിൽപ്പന പുനരാരംഭിച്ചെങ്കിലും കേരളം അത് ചെയ്തില്ല. ഇപ്പോൾ Bev Q എന്നൊരു മൊബൈൽ ആപ്പിന്റെ സഹായത്തോടെ വെർച്യുൽ ക്യു സിസ്റ്റത്തിൽ മദ്യവിൽപ്പന പുനരാരംഭിച്ചു. കേരളത്തിന്റെ മദ്യ ചരിത്രത്തിൽ പുതിയൊചുവട് വയ്പ്പാണ് Bev Qവഴിയുള്ള മദ്യവിൽപ്പന.

കാലാകാലങ്ങളിൽ മദ്യവർജ്ജനബോധവൽക്കരണ പ്രസ്ഥാനങ്ങളും ക്രൈസ്തവസഭകളും മറ്റ് സമുദായ നേതാക്കളും നിരവധി ഘട്ടങ്ങളിൽ എന്നപോലെ ഇപ്പോഴും സമ്പൂർണ്ണ മദ്യനിരോധനം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മധ്യധനം സർവ്വധനാൽ പ്രധാനം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സർക്കാർ ആ ആവശ്യം അവഗണിച്ചു എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമേയില്ല.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. ഈ ചരിത്രത്തിൽ നിന്ന് മനസിലാക്കി അംഗീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

1. മദ്യം നിരോധിക്കാം; പക്ഷെ, മനുഷ്യന്റെ  ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല.
2. അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും
3. മദ്യലഭ്യത കുറയുന്നതോടെ കഞ്ചാവോ മയക്ക് മരുന്നോ പോലുള്ള ലഹരി വസ്തുക്കളുടെ ഉപഭാഗം കൂടും
4. കേരളത്തിലെ മദ്യ മേഖല ഈ നിലക്കെത്തിച്ചതിൽ ഇത് വരെ മാറി മാറി ഭരിച്ച രണ്ട് പക്ഷങ്ങൾക്കും ഒരു പോലെ പങ്കുണ്ട്. 

മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ മദ്യപാനം കുറയുമെന്ന വാദം ഒരു വിധത്തിലുള്ള പഠനത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തിൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സമൂഹത്തിന്റെ കപട ധാര്‍മ്മിക-സാന്മാര്‍ഗിക മനോഭാവത്തിന്റെ മുൻവിധികളിൽ നിന്ന് ഉയരുന്നതാണ്. ധാര്‍മ്മിക-സാന്മാര്‍ഗിക വിദ്യാഭ്യാസം നടത്തേണ്ടത് മതവും ആത്മീയതയും കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരികള്‍ക്ക് ചെയ്യാവുന്നതും ചെയ്യേണ്ടതും പരമാവധി ബോധവല്‍ക്കരണം നടത്തുക എന്നതാണ്. മദ്യം കുടിക്കണോ, എത്ര കുടിക്കണം, അതില്‍ എത്ര നിയന്ത്രണങ്ങള്‍ വേണം എന്നൊക്കെയുള്ളത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ വിഷയമാണ്. മദ്യോപഭോഗം ക്രമസമാധാനത്തെയും പൊതു സുരക്ഷയെയും പൗരന്റെ സ്വൈര്യജീവിതത്തെയും ബാധിക്കാതെ നോക്കുക മാത്രമാണ് ഭരണകൂടത്തിന്റെ കർത്തവ്യം.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 25 May 2020

ഇത് ചെയ്തത് ഞങ്ങളല്ല; കാലടിക്കാർ ഇത് ചെയ്യില്ല...

ഞാൻ കാലടി സ്വദേശിയാണ്‌. ഹൈസ്ക്കൂൾ കോളേജ് പഠനകാലമത്രയും കാലടിപ്പുഴയും മണൽപ്പുറവും സ്വന്തം വീട്ടുമറ്റം പോലെ തന്നെയായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് പെരിയാറിൽ നൂറുകണക്കിന് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ അറിവിൽ കാലടി മണൽപ്പുറത്ത് ചിത്രീകരിച്ച ഏക സിനിമ 1979-ൽ പുറത്തിറങ്ങിയ "മാമാങ്കം" ആയിരുന്നു. പിന്നീടിപ്പോഴാണ് ഒരു സിനിമ പെരിയാറിന്റെ കാലടി ഭാഗത്ത് ചിത്രീകരിക്കുന്നത് (ഇതിനിടയിൽ ഷെവലിയർ മിഖായേൽ എന്ന ചിത്രത്തിലെ നദി നിളാ നദി എന്ന ഗാനം ചിത്രീകരിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്). സിനിമാ ചിത്രീകരണ ചരിത്രം അവിടെ നിൽക്കട്ടെ; വിഷയത്തിലേക്ക് വരാം.
ഇന്ന് കാലടിയും പെരിയാറും കാലടി മണൽപ്പുറവും വാർത്തകളിൽ വൈറൽ ആണ്. ഏതാനും ചില സാമൂഹ്യദ്രോഹികൾ 'മിന്നൽ മുരളി' എന്ന സിനിമക്ക്
വേണ്ടി കാലടി മണൽപ്പുറത്ത് നിർമ്മിച്ചിരുന്ന ഒരു പൗരാണിക ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നശിപ്പിച്ച വാർത്തയാണ് വൈറൽ ആയത്. രാഷ്ട്രീയ ബജ്‌രംഗ് ദളിന്റെയും AHP എന്നൊരു സംഘടനയുടെയും പ്രവർത്തകരാണത്രെ ഇതിന് നേതൃത്വം നൽകിയത്.
കാലടി ടൗണിൽ ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ നിരീക്ഷിക്കാവുന്ന ഒന്നുണ്ട്. നിത്യവും ആരാധന നടക്കുന്ന അമ്പലവും ക്രിസ്ത്യൻപള്ളിയും മസ്ജിദും ഏതാനും മീറ്ററുകളുടെ ദൂരത്തിൽ നേർരേഖയിലാണിവിടെ സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവരും ഇവിടെ കച്ചവടം നടത്തുന്നവരും പ്രത്യേകിച്ച് ഒരു മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതവിഭാഗക്കാരും ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പര സൗഹൃദ സഹകരണങ്ങളോടെ ജീവിക്കുന്ന ഒരു ചെറുപട്ടണമാണ് കാലടി; തിരക്കുള്ള ഗ്രാമമെന്നു വിളിച്ചാൽ പോലും തെറ്റില്ലാത്ത ഇടം. ഇന്നേ വരെ മതത്തിന്റെ പേരിൽ ഇവിടെ ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രശ്നമുണ്ടായ മണൽപ്പുറത്ത് നടക്കുന്ന ശിവരാത്രി പോലും ഒരു മതത്തിന്റെ ഉത്സവമായല്ല ഈ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ജാതി മത ഭേദമില്ലാതെ എല്ലാവരും ശിവരാത്രി മണപ്പുറത്തെ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു.

ഇപ്പോൾ ചിലർക്ക് മതവികാരം വ്രണപ്പടാൻ കാരണം കാലടി മണൽപ്പുറത്തെ
ശിവക്ഷേത്രത്തിനടുത്ത് പള്ളിയുടെ മാതൃകയിൽ സെറ്റിട്ടതാണല്ലോ; ഈ മണൽപ്പുറത്ത് ഒരു സ്ഥിരം ശിവക്ഷേത്രം വന്നിട്ട് കാൽ നൂറ്റാണ്ടിനടുത്ത് മാത്രമേ ആയിട്ടുള്ളു. അതിന് മുൻപ് ഓരോ വർഷവും ശിവരാത്രിക്ക് വേണ്ടി താൽക്കാലികമായി ശിവക്ഷേത്രം നിർമ്മിക്കുകയായിരുന്നു പതിവ്; "മണൽപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിൽ വിവിധ വഴിപാടുകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്" എന്ന അനൗൺസ്‌മെന്റ് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഈ താൽക്കാലിക ശിവക്ഷേത്രം ശിവരാത്രിക്ക് ശേഷം പൊളിച്ചു നീക്കപ്പെടുകയോ തുടർന്ന് വരുന്ന മഴയിൽ ഒലിച്ചു പോവുകയോ ചെയ്യുകയായിരുന്നു പതിവ്.

എന്തായാലും ഇപ്പോൾ കാലടി മണൽപ്പുറത്ത് നടന്ന ഈ അതിക്രമത്തിൽ കാലടിക്കാർക്ക് ആർക്കും പങ്കുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; കാരണം കാലടിയിലെ കുറെയേറെ സംഘപ്രവർത്തകരെയും ഹിന്ദു സഹോദരന്മാരെയും അവരുടെ സഹിഷ്ണുതാ മനോഭാവവും എനിക്ക് വ്യക്തിപരമായി അറിയാം എന്നത് തന്നെ. എങ്ങ് നിന്നോ വന്ന ചില സാമൂഹ്യദ്രോഹികളാണ് ഈ കിരാത പ്രവൃത്തിയിലൂടെ അദ്വൈതത്തിന്റെയും അതിന്റെ ആചാര്യന്റെയും ജന്മഭൂമിയായ കാലടിയുടെ പേരിനും പെരുമയ്ക്കും ഖ്യാതിക്കും മങ്ങലേൽപ്പിച്ചത്.
സിനിമ സെറ്റ് തകർത്തെന്ന് അവകാശപ്പെടുന്നവർ തന്നെ ഇതു ചെയ്തത് അവരാണ് എന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വർഗീയതയുടെ കണ്ണിലൂടെ എല്ലാം കാണുന്ന ഇത്തരക്കാർ ഒരു സിനിമാ സെറ്റാണ് എന്നു പോലും ആലോചിക്കാതെ കാട്ടിക്കൂട്ടിയ ഭ്രാന്തമായ ഈ കുറ്റകൃത്യത്തിന് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കിട്ടട്ടെ. നൂറു കണക്കിന് കലാകാരന്മാരും തൊഴിലാളികളും അഹോരാത്രം പരിശ്രമിച്ചു കെട്ടിപ്പൊക്കിയ മനോഹരമായ സെറ്റ് തല്ലിപ്പൊളിച്ച് തരിപ്പണമാക്കിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ ആ സിനിമ നിർമ്മാതാവിന്റെ ലക്ഷക്കണക്കിന് രൂപ കൂടിയാണ് നഷ്ടപ്പെടുത്തിയത്. എന്റെ നാട്ടിൽ വച്ച് ഉണ്ടായ ഈ അനിഷ്ട സംഭവത്തിൽ ഇതിൽ നഷ്ടം സംഭവിച്ച എല്ലാവരോടും ധാർമ്മികതയുടെ പേരിൽ ആത്മാർഥമായി മാപ്പു ചോദിക്കുകയാണ്.

കീർത്തിസ്തംഭമണ്ഡപം ഫോട്ടോ കടപ്പാട് : Rejeesh Raveendran


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 18 May 2020

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റി മീഡിയയിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തകൾ നിറഞ്ഞ മനസോടെയായിരുന്നു ഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. 

വളരെ ചെറിയ ജീവിത കാലയളവിൽ അവൾ താണ്ടിയ ദുരിതജീവിതയാത്രകളെക്കുറിച്ച് കേട്ടറിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖരുമൊക്കെ അവളെ നേരിട്ടും ഫോണിലൂടെയും ഐകദാർഢ്യവും പിന്തുണയും സഹായവും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക അഭ്യർത്ഥനയിൽ ഒരു പ്രവാസി ഹനാന് വീട് വച്ച് നൽകാൻ തയ്യാറായി എന്ന് ചെന്നിത്തല തന്നെ അദ്ദേഹത്തിന്റെ FB-പേജിൽ അക്കാലത്ത് അറിയിച്ചിരുന്നു. പാട്ടെഴുതിയും പാട്ട് പാടിയും അഭിനയിച്ചുമെല്ലാം അവൾ അനേകരുടെ മനസ്സിൽ ഇടം നേടി. ഇടക്കാലത്തെപ്പോഴോ ഒരു വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ് ആശുപതിയിലാണെന്നും കേട്ടിരുന്നു.

എന്നാൽ ആദ്യഘട്ടത്തിലെ ആ  മിന്നിത്തിളക്കം ഏറെ സമയം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഇന്നിപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഹനാൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം തന്റെ FB-വാളിൽ ഇങ്ങനെ കുറിച്ചിരുന്നു; "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം..." അവൾ ഇതേ വാക്കുകൾ തന്നെ ഒരു ടിക് ടോക്ക് വീഡിയോയായും പോസ്റ്റ് ചെയ്തു. ഇതോടെ ഈ രണ്ട് പോസ്റ്റുകൾക്കും താഴെ വന്ന് അധിക്ഷേപ കമന്‍റുകള്‍ ഇടാൻ മത്സരിക്കുകയാണ് ചില പ്രത്യേക വിഭാഗക്കാർ. ഹനാന്‍റെ പ്രശ്നങ്ങളും ബുദ്ധിമുട്ടികളും 2018-ൽ ചര്‍ച്ചയായ സമയത്ത് പ്രവാസി സഹായത്തോടെ ഹനാന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന രമേശ് ചെന്നിത്തലയുടെ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് അധിക്ഷേപം മുഴുവനും നടക്കുന്നത്.

ഇടത് ചേരിയിലെ  സൈബര്‍ ഗുണ്ടകളെപ്പറ്റി പരാതിയും പരിഭവവും ആശങ്കയും രേഖപ്പെടുത്തുന്നവർ പലരും ഈ സൈബർ തെമ്മാടികൂട്ടത്തിലുണ്ട്. ഇടതുപക്ഷക്കാരുടെ സൈബറാക്രമണത്തെ ശക്തമായി നേരിടാൻ കെ പി സി സി തീരുമാനിച്ചെന്ന് ഇന്ന് രാവിലെ വായിച്ചതേയുള്ളൂ. വി ഡി സതീശന്റെ വെരിഫൈഡ് FB-അക്കൌണ്ടില്‍ നിന്ന് പബ്ലിക് സ്പേസിൽ വന്ന ചീത്തവാക്കുകള്‍ ഒക്കെ ഹാക്കിങ്ങ് ആണെന്ന് പറയുമ്പോൾ എങ്ങനെ വിശ്വസിക്കാനാകും. മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പൊളിറ്റിക്കൽ കറക്ട്നെസോ ഒന്നും പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും രാഷ്ട്രീയത്തിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവുമെല്ലാം......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനവും പൊളിറ്റിക്കൽ കറക്ട്നെസും ഇരവാദവും  പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ നിന്റെ രണ്ട് FB-പോസ്റ്റുകൾ കൊണ്ട്  സാധിച്ചു. 

PS : "ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം. ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ
ആണ് താമസിക്കുന്നതെന്ന്" ഹനാൻ പറയുന്നത് വിട്ടു കളഞ്ഞേക്കൂ...
ചെന്നിത്തല വാഗ്ദാനം ചെയ്തത് പോലെ ആ കുട്ടിക്ക് വീട് വച്ച് കൊടുത്തു എന്ന് തന്നെ സങ്കൽപ്പിച്ചോളൂ... എന്തെങ്കിലുമൊക്കെ ഗതികേടുകൾ ഉള്ളവർക്ക് അവർ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ചിന്തിക്കാനും ജീവിക്കാനും പാടുള്ളു എന്ന് ശഠിക്കുന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ നിലപാടാണ്. നിവൃത്തികേട്‌ കൊണ്ട് സഹായം സ്വീകരിക്കുന്നവർക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയോ രാഷ്ട്രീയനിലപാടുകൾ തുറന്നു പറയുകയോ ചെയ്യുമ്പോൾ തെറിവണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്നവരുടെ ധാർമ്മികബോധവും ചിന്താമണ്ഡലവും ഏത് നിലവാരത്തിലാണ് വ്യാപരിക്കുന്നത്...!!???

ആ കുട്ടിയെ ഇകഴ്ത്തിയും അധിക്ഷേപിച്ചും നിർവൃതിയടയുന്നവരോട് ഒരു അഭ്യർത്ഥന.... ഇത്ര കഷ്ടപ്പെട്ട് നിങ്ങൾ ആർക്കും ഒരു ഉപകാരവും ചെയ്യരുത്.  നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 12 May 2020

സഭ കൂടെക്കൂടെ പ്രതിക്കൂട്ടിലാകുന്നത് എന്ത് കൊണ്ടാണ്...!!???

കുന്തിരിക്കമണവും ജപമണിക്കിലുക്കവും സങ്കീർത്തനഗീതങ്ങളും ഉയരേണ്ട ആവൃതിയുടെ ഇടനാഴിയിൽ നിന്നും വീണ്ടും സാധാരണമല്ലാത്ത ഒരു മരണവാർത്ത വന്നിരിക്കുന്നു. കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന യുവതി തിരുവല്ല പാലിയേക്കരയിൽ കിണറിൽ വീണു മരിച്ച ആ വാർത്ത ഉയർത്തി വിട്ട അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. കത്തോലിക്കാ സഭയിലെ മലങ്കരവിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ്‌ കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി ജോണ്‍ (21) ആണ് മരണമടഞ്ഞ സന്യാസാർത്ഥിനി. വ്യാഴാഴ്ച പകല്‍ പകൽ പതിനൊന്നര മണിയോടെ ക്ലാസ് കഴിഞ്ഞയുടനെ കിണറിന്റെ ഭാഗത്തു നിന്ന് നിലവിളി കേട്ട് മഠത്തിലെ സിസ്റ്റര്‍മാരിലൊരാള്‍ ഓടിയെത്തി. തിരച്ചിലിനിടയിൽ ദിവ്യയെ കിണറിൽ കണ്ട് തൊട്ടിയിട്ടു കൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്മാരുടെ മേല്‍നോട്ടത്തിൽ നടന്ന  പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോർട്ടനുസരിച്ച്, ഇത് സാധാരണ നിലയിലുള്ള മുങ്ങിമരണമാണ്. പ്രാഥമിക പരിശോധനയില്‍ മറ്റു അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടുമില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെയോ മറ്റോ ലക്ഷണങ്ങളില്ല. കാലില്‍ കാണപ്പെട്ട ചെറിയ മുറിവ് കിണറ്റിലേക്ക് വീണപ്പോള്‍ ഉണ്ടായതാകാമെന്നാണ് നിഗമനം.

എന്നാൽ, പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അത് പ്രചരിപ്പിക്കുന്നവർ പലരും സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. വീഡിയോയിൽ, കിണറ്റിൽ നിന്ന് ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെ വരെ മാത്രം വെള്ളം ഉള്ളതായാണ് കാണപ്പെടുന്നത്. വീഡിയോയി ശ്രദ്ധിച്ചാൽ, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങൾക്ക് കാരണമാകുന്നു. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തത് പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ, സ്വാഭാവികമായും കന്യാസ്ത്രീ പരിശീലനത്തിനുള്ള യുവതി സാരി ധരിച്ചിരിക്കാനാണ് സാധ്യത. കിണറിൽ നിന്ന് പുറത്തെടുക്കുന്ന അവസരത്തിൽ അത് മുട്ട് വരെ കയറിയിരിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് അർദ്ധനഗ്നതാവാദത്തെ തള്ളിക്കളയേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതിനെപ്പറ്റിയും കിണറിലെ ജലനിരപ്പിന്റെ ഉയരത്തെപ്പറ്റിയും ഔദ്യോഗികമായ സ്ഥിരീകരണവും വിശദീകരണവും വരേണ്ടതുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയാതായി അറിയുന്നു. ആരോപണങ്ങൾ സംബന്ധിച്ച് കോൺവെന്‍റ് അധികൃതരോ സഭയുമായി ബന്ധപ്പെട്ടവരോ പരസ്യമായ വിശദീകരണത്തിന് തയ്യാറായിട്ടില്ല എന്നതും ദിവ്യയുടെ മരണം ഉറപ്പായ ശേഷം സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും വിരലടയാള വിദഗ്ദ്ധരോ പൊലീസ് നായയോ മരണം നടന്ന ദിവസം എത്താത്തതും സംശയം ബലപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ച് അഭയ കേസ് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരക്കൽ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഈ പ്രചാരണങ്ങൾ വ്യാജവും വാസ്തവവിരുദ്ധവുമാണെന്നും സഭയുടെ നടപടികളിലും പോലീസിന്റെ അന്വേഷണത്തിലും തൃപ്തിയുണ്ടെന്നും ദിവ്യയുടെ കുടുംബാംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും മരിച്ചു പോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു കൊണ്ട് രൂപതയും പത്രക്കുറിപ്പുമായി വന്നിട്ടുണ്ട്. 

കലർപ്പില്ലാത്ത നടപടികളും പഴുതടച്ച അന്വേഷണവും ഉണ്ടാകട്ടെ എന്നും സത്യം വ്യക്തതയോടെ വെളിവാകട്ടെ എന്നും പ്രത്യാശിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. പക്ഷെ, സോഷ്യൽ മീഡിയയിലെയും പൊതുസമൂഹത്തിന്റെയും ഭൂരിപക്ഷം പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്; പൊതുസമൂഹത്തിന്റെ ഗണ്യമായ ഒരു ഭാഗം ദിവ്യയുടേത് കൊലപാതകമാണെന്ന കടുത്ത സംശയത്തിലാണ്; ചെറുതല്ലാത്ത ഒരു വിഭാഗം ഇത് കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തിയും കഴിഞ്ഞു.

സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ പൊതുസമൂഹം എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!?? 

ദിവ്യ കേസുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഈ കേസിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും അനുവദിക്കണം. കേസ്‌ അന്വേഷണം ഒരു തരത്തിലും തടസ്സപ്പെടുന്നില്ലെന്നും അതിന് വേണ്ടി ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആത്മാർത്ഥമായി ഉറപ്പ് വരുത്തണം. 

കർത്താവിന്റെ മണവാട്ടിയാകാൻ വേണ്ടി 
വീട് വിട്ടിറങ്ങി ആവൃതിയിലെത്തി 
നിത്യവ്രത വാഗ്‌ദാനത്തിനു മുൻപേ 
ദിവ്യമണവാളന്റെ അടുത്തേക്ക് പോകേണ്ടി വന്ന 
ദിവ്യയുടെ ആത്മാവിനു ശാന്തി നേരുന്നു.😢

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക