ഞാൻ വെറും പോഴൻ

Wednesday, 30 October 2019

നീതിയുടെ കുറുകൽ കുപ്പിയിലടച്ച് കുഴിച്ചു മൂടുകയാണിവർ....

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു ദളിത് ബാലികമാർ "ആത്മഹത്യ ചെയ്ത" നിലയിൽ കണ്ടെത്തപ്പെട്ട കേസിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ട വാർത്ത മനസാക്ഷി മരവിക്കാത്ത ഓരോ വ്യക്തികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

സംഭവത്തിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി പതിനൊന്നിനും ആ കൂട്ടിയുടെ ആറ് വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന കാലത്ത് തന്നെ പോലീസ് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് വാളയാര്‍ എസ്ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരെ നടപടിയെടുത്തിരുന്നു. പിന്നീട്, ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ. കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടെങ്കിലും അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ  ഇപ്പോൾ വെറുതെ വിട്ടത്.പ്രതിപ്പട്ടികയിലുണ്ടായിരുന്ന അയല്‍വാസിയും ചേര്‍ത്തല സ്വദേശിയുമായ പ്രദീപ് കുമാറിനെ കോടതി നേരത്തെ നേരത്തെ വിട്ടയച്ചിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

മനസിനെ മരവിപ്പിക്കുന്ന ക്രിമിനൽ കേസുകളിൽ  സംസ്ഥാനത്തെ പോലീസ് സംവിധാനം അമ്പേ പരാജയപ്പെടുന്നത് ഇതാദ്യമാണോ !??ഇതിന് മുൻപ് സമൂഹമനഃസാക്ഷിയെ ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തിയത് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ മേൽക്കോടതി വിധിയായിരുന്നു. ആ കേസിൽ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നതിന് പകരം സൗമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. കേസ് ഡയറി എഴുതിയതിൽ വന്ന ഈ പിഴവാണ്, ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെങ്കിലും സൗമ്യയുടെ മരണത്തിന് കാരണം ഗോവിന്ദച്ചാമിയുടെ ചെയ്തികളല്ലെന്ന് കോടതിയ്ക്ക് തോന്നാനുണ്ടായ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.  മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ആഘോഷിച്ച യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും കൂടത്തായി കൂട്ടക്കൊലക്കേസിലും കോടതിയിൽ കുറ്റം തെളിയിക്കപ്പെടാൻ പാകത്തിനുള്ള കുറ്റപത്രം സമർപ്പിക്കാൻ പോലീസ് പരാജയപ്പെടുമെന്ന് പല നിയമവിദഗ്ദ്ധരും ചാനൽ ചർച്ചകളിൽ തന്നെ നിരീക്ഷിച്ചിരുന്നു. 

പൊതുജനത്തെ പല വകുപ്പുകളിൽ പിഴിഞ്ഞെടുത്ത് സമാഹരിക്കുന്ന പൊതുപണം ശമ്പളമായി കൈപ്പറ്റുന്ന അധികാരികൾ എന്താണ് ജനത്തിന് സാമാന്യനീതി നടപ്പാക്കി കിട്ടേണ്ട കാര്യങ്ങളിൽ ഇത്ര അവഗണനാ മനോഭാവം കാട്ടുന്നത് ? ക്രൈം പ്രിവെൻഷനും ക്രൈം ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡർ സംരക്ഷണവും നടത്താൻ ഉത്തരവാദിത്തപ്പെട്ട പോലീസ് എന്താണ് ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിന് ഇത്ര മാത്രം അലംഭാവം കാണിക്കുന്നത് ? നമ്മുടെ ജനപ്രതിനിധികളും സാമാജികരും മന്ത്രിമാരും എന്താണിവിടെ ചെയ്യുന്നത് ? നിങ്ങളുടെയൊക്കെ ഭരണത്തിൻകീഴിൽ പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരന് എന്ത് സാമാന്യനീതിയാണ് നടപ്പായിക്കിട്ടുന്നത് ? സൗമ്യ കേസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയ്ക്ക് മുൻ സർക്കാർ ആണ് ഉത്തരം പറയേണ്ടതെങ്കിൽ വാളയാർ കേസിൽ സംഭവിച്ച വീഴ്ചയ്ക്ക് ഈ സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടത്; മാത്രവുമല്ല, സൗമ്യ കേസിൽ നിന്ന് വിഭിന്നമായി ഇവിടെ കാര്യക്ഷമമായ ഒരു പുനരന്വേഷണം നടത്താൻ ഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ ?

ഈ സംഭവം വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു; വടക്കേ ഇന്ത്യ പോട്ടെ, ഇവിടെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ എന്താവുമായിരുന്നു... മുതലക്കണ്ണീർ, മെഴുകുതിരി പ്രദക്ഷിണം, സോഷ്യൽ മീഡിയ സ്‌പോൺസേർഡ് ഹർത്താൽ..... ഇവിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട ദുർബലപ്രതിഷേധശബ്ദങ്ങൾ മാത്രമാണ് കേൾക്കുന്നത്.

നീതിയുടെ കുറുകൽ ഇവിടെ ആരും കേൾക്കുന്നില്ല; അല്ലെങ്കിൽ നീതിക്ക് കാതോർക്കുന്നത് ആനുപാതികമായല്ല; മരട് ഫ്ളാറ്റുടമകൾക്ക് നീതി നടപ്പാക്കി കൊടുക്കാനുള്ള തീക്ഷ്ണത സർക്കാർ പദ്ധതിക്ക് വേണ്ടി മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ കാണുന്നില്ല; അഗ്രഹാരങ്ങളിലെ ദരിദ്രർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ ആദിവാദികൾക്കും ദളിതർക്കും വേണ്ടി തേങ്ങുന്നു പോലുമില്ല; നടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ കാട്ടിയ ജാഗ്രതയും വേഗതയും വാളയാറിലെ ഗതികെട്ട ബാലികമാർക്ക് വേണ്ടി ഉണ്ടായില്ല.

വാൽക്കഷ്ണം : സൗമ്യയെ, ഗോവിന്ദച്ചാമി ബലാൽസംഗം ചെയ്ത് കൊലക്ക് കൊടുത്ത കേസിൽ, കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന്, 2017-ൽ പാലക്കാട് നടന്ന, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയിൽ വച്ച് പോലീസിനെ ശക്തമായി വിമർശിച്ചത്, ഇപ്പോൾ പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായ എ കെ ബാലനാണ്. ഇന്ന് ബാലൻ വെറുമൊരു ബാലനല്ലടെയ്.... താങ്കളെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യണം...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Tuesday, 29 October 2019

കുഴൽക്കിണറുകൾ എന്ന മരണക്കെണികൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തിരുച്ചിറപ്പള്ളിയിൽ ഒരു രണ്ടര വയസ്സുകാരൻ പയ്യൻ  ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണിട്ട് ദിവസങ്ങൾ പിന്നിടുന്നു. സുരക്ഷാ വിദഗ്ദ്ധർ കുട്ടിയെ പുറത്തെടുക്കുന്നതിന് അക്ഷീണം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുമെന്നും ആ കുഞ്ഞ് ജീവനോടെ പുറത്തെത്തുമെന്നും പ്രത്യാശിക്കുന്നു. ഇന്ത്യയിൽ കുട്ടികൾ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീഴുന്നത് ഇതാദ്യമല്ല; അതൊരു അപൂർവ്വ സംഭവവും അല്ല. ഓരോ വർഷവും ഒന്നിലേറെ പ്രാവശ്യം ഇത്തരം വാർത്തകൾ മാധ്യമശ്രദ്ധ നേടാറുണ്ട്. നിസ്സാരമായി ഒരു ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ചാൽ ഒഴിവാക്കാവുന്ന അപകടമാണ് ഇത്. 

കുഴൽക്കിണറുകൾ കുഴിക്കുന്നതും മൂടുന്നതും ഉപയോഗശൂന്യമായവ അപകടഹേതുവാകാതെ സൂക്ഷിക്കുന്നതും സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിവില്ല. നിയമം പഠിച്ചവരോട് ചോദിച്ചപ്പോൾ അറിഞ്ഞതനുസരിച്ച്, ഇക്കാര്യത്തിൽ ഒരു പ്രത്യേക നിയമമൊന്നുമില്ല. പക്ഷെ, കാലാകാലങ്ങളിൽ നടന്ന ചില അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന/ലോക്കൽ സർക്കാരുകൾ പബ്ലിക് സേഫ്റ്റി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ ഉത്തരവുകൾ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ ഈ സംഭവത്തോടെ റവന്യു വകുപ്പ് പുതിയ ഉത്തരവും കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്. പക്ഷെ, മറ്റേത് ഉത്തരവുകളും പോലെ ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ. താഴെ പറയുന്ന നിബന്ധനകൾ നിയമം മൂലം നിർബന്ധമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതല്ലേ.... 

1. കുഴൽക്കിണർ കുത്തണമെങ്കിൽ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സർക്കാർ വകുപ്പുകളുടെ രേഖാ മൂലമുള്ള അനുമതി വേണം.

2. കുഴൽക്കിണർ പണി കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കിണർ പരിശോധിച്ച് ഉപയോഗയോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കണം 

3. കുഴൽക്കിണർ പണി കഴിയുമ്പോൾ, അത് ഉപയോഗയോഗ്യമല്ലെങ്കിൽ അത് മൂടിക്കളഞ്ഞു എന്നോ അല്ലെങ്കിൽ  ഉപയോഗയോഗ്യമായ കിണർ കൃത്യമായി നിർവചിക്കപ്പെട്ട നിലവാരത്തിലുള്ള ചുറ്റുമതിലോ ബലമുള്ള സ്‌ലാബോ കമ്പി വലയോ ഉപയോഗിച്ച് അതിന്റെ വായ് ഭാഗം കവർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണം. 

4. മേൽ കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിലേക്കായി, കുഴൽ കിണർ കുത്തുന്നതിന് അനുമതി ലഭിക്കാൻ നിസാരമല്ലാത്ത ഒരു സെക്ക്യൂരിറ്റി തുകയും റീഫൻഡബിൾ ഓൺ സാറ്റിസ്സ്ഫാക്ടറി കോംപ്ലയൻസ് അടിസ്ഥാനത്തിൽ സർക്കാർ കളക്റ്റ് ചെയ്യണം.

5. ഈ നിബന്ധനകൾ പാലിക്കാതെ നിർമ്മിക്കുകയോ ഉപയോഗശൂന്യമായ കിണർ ഉത്തരവാദിത്തമില്ലാതെ തുറന്നിടുകയോ ചെയ്യുവന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ കൊണ്ട് വരണം. 

ഇത്രയും എന്റെ ലോജിക്കൽ ചിന്തയിൽ നിന്ന് വന്നതാണ്.  ഇതൊരു കാരണവശാലും സമഗ്രമായ നിർദ്ദേശങ്ങൾ അല്ല; പക്ഷെ ഒരു ചിന്തയ്ക്ക് തുടക്കം കുറിക്കാൻ പോന്നവയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇക്കാര്യത്തിലേക്ക് വേണ്ട ശ്രദ്ധ ചെലുത്തുമെന്ന് പ്രത്യാശിക്കുന്നു. 

കവി മധുസൂദനൻ നായരുടെ "നാറാണത്തു ഭ്രാന്തൻ" എന്ന കവിതയുടെ ഭാരതവാക്യം പോലെ, മേല്പറഞ്ഞതൊക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്‌നമാണെന്ന്‌ അറിയാവുന്നത് കൊണ്ട് പ്രിയപ്പെട്ട മുതിർന്നവർ ഒരു കാര്യം ഉറപ്പാക്കണം; കുട്ടികൾ കളിയ്ക്കാൻ പോകുന്ന സ്ഥലങ്ങളിൽ തുറന്ന് കിടക്കുന്ന കിണറുകളോ കുഴൽക്കിണറുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം; അത്തരം അപകടസാധ്യതകൾ ഉണ്ടെന്ന് അറിയാമെങ്കിൽ അവയുടെ അടുത്തേക്ക് കുട്ടികൾ ചെല്ലാതെ സൂക്ഷിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday, 24 October 2019

സാമൂഹ്യരാഷ്ട്രീയ ശരികളിലേക്കാവട്ടെ ശരിദൂരം....

എങ്ങനെയൊക്കെ വിശകലനം ചെയ്താലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷജനാധിപത്യമുന്നണിയെ സംബന്ധിച്ച് ഇടക്കാലാശ്വാസമാണ്. 2016-ൽ കടുത്ത ഇടതു തരംഗത്തിനിടയിലും ഐക്യജനാധിപത്യമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളിൽ ആണ്, ഭരണവിരുദ്ധ തരംഗ സാധ്യതയേയും ശബരിമല പ്രഭാവത്തെയും 19/20 ലോക്‌സഭാ യുഡിഎഫ് കൊടുങ്കാറ്റ് എഫക്റ്റിനെയും അതിജീവിച്ച് LDF വിജയിച്ചതെന്ന യാഥാർഥ്യം ചെറിയ ആത്മവിശ്വാസമാവില്ല ഇടത് മുന്നണി ക്യാമ്പിന് പകർന്ന് നൽകുക. സീറ്റെണ്ണത്തിലും വോട്ട് ഷെയർ % ലും മോശമല്ലാത്ത പ്രകടനം നടത്താൻ ഇടതു മുന്നണിക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകും എന്നുറച്ച് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയൻറെ ആരാധകർക്ക് എന്തായാലും ആഹ്ലാദത്തിന് വക നൽകുന്നുണ്ട് ഈ ഫലങ്ങൾ. പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെയും ശബരിമല നിലപാടുകളിലെയും ആനുകൂല്യവും ഭരണവിരുദ്ധ തരംഗ സാധ്യതയും ഒന്നും മുതലാക്കാൻ കഴിയാതെ പോയ യുഡിഎഫ് ഏത് രാഷ്ട്രീയകാലാവസ്ഥയിലും ജയിച്ചു കയറുന്ന രണ്ടു മണ്ഡലങ്ങളിലെ ജയത്തിൽ ആശ്വാസം കണ്ടെത്തേണ്ട അവസ്ഥയിൽ വന്നു നിൽക്കുന്നു. അരൂർ മാത്രമാണ് യുഡിഎഫിന് രാഷ്ട്രീയപരമായി എന്തെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്; ഒപ്പം, വ്യക്തിപരമായി സ്ഥാനാർത്ഥികളെ ഇകഴ്ത്തുന്ന നടപടി കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശം കൂടി അരൂർ വോട്ടുനില സൂചിപ്പിക്കുന്നുണ്ട്.  മുതലാക്കാൻ സാധ്യതയുള്ള "സുവർണ്ണാവസരങ്ങൾ" എല്ലാം ഉപയോഗിച്ചിട്ടും എൻഡിഎയുടെ പ്രകടനം അതീവദയനീയം എന്ന് തന്നെ പറയേണ്ടി വരും. ശബരിമല കൊണ്ട് കളിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ കാര്യമായി ഉപകാരപ്പെടില്ല എന്ന തിരിച്ചറിവിലേക്ക് ബിജെപിയും യുഡിഎഫും നിർബന്ധിതരാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. ജാതി സമുദായ നേതാക്കൾക്ക് മേനി നടിക്കാനും ഈ തിരഞ്ഞെടുപ്പ് കാര്യമായൊന്നും ബാക്കി വെക്കുന്നില്ല. രാഷ്ട്രീയ കാലാവസ്ഥ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നിലയിലേക്ക് മടങ്ങി വന്നൂ എന്നൊന്നും കരുതാൻ വയ്യെങ്കിലും പലതരം ഡിവൈഡുകളിൽ പെട്ട് വല്ലാതെ കലങ്ങി മറിഞ്ഞൊരു രാഷ്ട്രീയപരിതസ്ഥിതി വീണ്ടും ഏറെക്കുറെ സമതുലിതാവസ്ഥയിലേക്ക് വരുന്നു എന്നൊരു ഫീൽ ഉണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിട്ടുണ്ട്. 

പുറത്തടി വാങ്ങുമ്പോഴും പ്രതികരിക്കാതെ അനുസരിക്കുന്ന കാളയുടെ ബുദ്ധി മാത്രമുള്ള കുറെ രാഷ്ട്രീയഭക്തർ ഒഴികെയുള്ള,  കക്ഷി രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത കൈ വിടാത്ത മലയാളികൾക്ക് മാത്രം അഭിവാദ്യങ്ങൾ..... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )

Thursday, 10 October 2019

കൂടത്തായ് കൊലപാതകങ്ങളുടെ കഴിഞ്ഞ ഒരാഴ്ച്ച...... പറയാതെ വയ്യ.....

കുറെ നാളായി അച്ചായത്തരങ്ങളിൽ എന്തെങ്കിലുമൊക്കെ ഒന്നെഴുതിയിട്ട്..... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂടത്തായി, കൂട്ടക്കൊല, ജോളി, സയനൈഡ്.... ഇതൊക്കെത്തന്നെയെ കേൾക്കാനുള്ളൂ.... കേട്ട് കേട്ട് മടുത്തു... എന്നാ കുറച്ചങ്ങട് എഴുതാന്ന് കരുതി....

നാഴികയ്ക്ക് നാൽപ്പത് വട്ടം മാധ്യമപ്രവർത്തന ശില്പശാലകളിലും സെമിനാറുകളിലും ചർച്ചാ ക്‌ളാസുകളിലും ഡിബേറ്റുകളിലും പോയി നാല്പത്തെട്ടടി നീളത്തിൽ വാർത്താ റിപ്പോർട്ടിങ്ങിൽ പുലർത്തേണ്ട എത്തിക്സിനെപ്പറ്റിയും ധാർമ്മികതയെക്കുറിച്ചും കൊണാരം പറയുന്ന ചാനൽ പുലികളെല്ലാം കൂടത്തായി കേസിൽ കിടന്ന് ഉരുണ്ട് മറിഞ്ഞ് കടിച്ചതും തുപ്പിയതും ഛർദ്ദിച്ചതും തന്നെ വീണ്ടും വീണ്ടും ദിവസങ്ങളോളം ആർത്തി പൂണ്ട് ചവക്കുന്നത് കാണുമ്പോൾ വല്ലാത്ത മനം പുരട്ടൽ വരുന്നുണ്ട്.... 

ഒന്നര പതിറ്റാണ്ടോളം ഈ നാട്ടിലെ പോലീസ് സംവിധാനത്തിനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും കാര്യമായ അസ്വഭാവികതയൊന്നും തോന്നാതെ പോയ ഈ കേസിൽ കോസ്മിക് ജസ്റ്റിസ് ബാലൻസിങ് എന്ന വണ്ണം ആർക്കൊക്കെയോ ചില തോന്നലുകൾ ഉണ്ടാവുകയും തുടർന്ന് ആരുടെയൊക്കെയോ തലയിൽ തെളിഞ്ഞു വന്ന അന്വേഷണ ബുദ്ധിയിൽ ഇത്രയുമൊക്കെ കാര്യങ്ങൾ പുറത്തു വരികയും ചെയ്ത സ്ഥിതിക്ക് തുടർന്നുള്ള കാര്യങ്ങൾ കൂടി ക്രൈം ബാഞ്ചോ അതിലും മുന്തിയ ഏതെങ്കിലും ഏജൻസിയോ ഒക്കെ അന്വേഷിച്ച് തിട്ടപ്പെടുത്തട്ടെ; അതല്ലേ അതിന്റെ ഒരു ഭംഗി....

ആരെയും നടുക്കാൻ പോന്ന അസാധാരണമായ ഈ നരഹത്യ പരമ്പരയുടെ പിന്നിലെ കോൾഡ് ബ്ളഡഡ്‌ മാസ്റ്റർ ബ്രെയിൻ ഒരു പെണ്ണിന്റെ ആയിരുന്നു എന്നത് കൊണ്ട്, ഇന്ന് വരെ വച്ച് വിളമ്പിത്തന്ന പെണ്ണുമ്പിള്ളയെയും പെറ്റ തള്ളയേയും പെങ്ങളെയും മകളെയും അടക്കം എല്ലാ നിവൃത്തി കെട്ട അടുക്കളത്തൊഴിലാളികളെയും അറഞ്ചം പുറഞ്ചം ട്രോളുന്ന മറ്റേടത്തെ ഹ്യൂമർ സെൻസിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല...

ഇതിനിടെ കൂടത്തായി സീരിയൽ കില്ലറുടെ കഥ തന്തുവാക്കി ഒന്നിലധികം സിനിമകൾ ഇറങ്ങാൻ പോകുന്നുവെന്നും വാർത്ത കേട്ടു; കാറ്റുള്ളപ്പോൾ തൂറ്റുന്നവരെ പറ്റി എന്ത് പറയാൻ !!!???? ശവം തീനികളും ശവഭോഗികളും ഈ പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങൾ ആണല്ലോ....!!!! 

പിന്നെ കേസിൽ പ്രതിസ്ഥാനത്തുള്ള സ്ത്രീ വേദപാഠം അദ്ധ്യാപിക ആയിരുന്നു, ധ്യാനഗുരു ആയിരുന്നു, നിത്യം കുർബാന കൂടിയിരുന്നു എന്നൊക്കെ പറയുന്നവരോട്.... നിത്യം കുർബ്ബാന അർപ്പിക്കുകയും വേദപാഠം ഓതുകയും ധ്യാനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മുന്തിയ ഗുരുക്കൾ പലരും നെറികെട്ട കന്നംതിരിവുകൾ കാണിച്ച് ജയിലിൽ കിടക്കുമ്പോൾ ഇത്തരം കേസുകൾക്ക് വേണ്ടി പ്രത്യേകം ഒരു ഞെട്ടൽ പ്രകടിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്..... ഒരു മരണത്തിൽ നേരിയ അളവിൽ എങ്കിലും അസ്വാഭാവികത തോന്നുന്ന പക്ഷം നിർബന്ധമായും പോസ്റ്റ്‌ മോർട്ടം നടത്തിയിരിക്കണം. പൊതുവെ, ഒരു നാട്ടാചാരം പോലെ, ആരുടെ കയ്യും കാലും പിടിച്ചിട്ടായാലും പോസ്റ്റ് മോർട്ടം ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പരക്കം പാച്ചിൽ വല്ലപ്പോഴുമെങ്കിലും ഇത് പോലുള്ള ക്രൈം ത്രില്ലറുകൾക്ക് വഴി വച്ചേക്കാം.....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 17 September 2019

അവർ പറയുന്നു ഷേണിയല്ലടാ "മൈരേ"


സാഹചര്യങ്ങൾ വളരെ പ്രതികൂലമായി വന്നാൽ (അനുകൂലമായി വരുമ്പോഴും) തങ്കപ്പൻ-പൊന്നപ്പൻ ഇമേജ് വലിച്ച് തോട്ടിലെറിഞ്ഞിട്ട് തനിക്കൊണം പുറത്തെടുക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും; പ്രത്യേകിച്ച് മലയാളികൾ. അതല്ലെങ്കിൽ സാഹചര്യം ഒത്തു വരാത്തത് കൊണ്ടും നിയമത്തെ പേടിച്ചും തനിക്കൊണം പുറത്തെടുക്കാതെ തങ്കപ്പനും പൊന്നപ്പനുമൊക്കെയായി ജീവിതത്തിൽ അഭിനയിക്കുന്നവരാണ് മിക്ക മാന്യന്മാരും. നിയമത്തിന്റെ ബാധ്യതകളിലും സമൂഹത്തിന്റെ മുൻപിലുള്ള പ്രതിച്ഛായ നിവൃത്തികേടും സാഹചര്യക്കുറവിന്റെ ഗതികേടുകളിലും പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാൻ  കഴിയാതെ, ജീവിവർഗ്ഗമെന്ന നിലയിലുള്ള അടിസ്ഥാനപരമായ സഹജവാസനകളെ അടക്കി വച്ച് അനുസരണയോടെയും വിധേയത്വത്തോടെയും ജീവിക്കാൻ വിധിക്കപ്പെട്ട പാവം സംസ്കൃത വാനരൻ ആണ് മനുഷ്യൻ. ഈ അഭിനയ ജീവിതത്തിൽ ഏറ്റവും ഞെളിപിരി കൊള്ളുന്ന വാക്കുകളാണ് തെറികൾ. പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു' എന്നെഴുതിയത് കവി കെ.ജി.എസ്സാണ്. തെറി പ്രയോഗം മോശമായ കാര്യമാണെന്നും സംസ്കാരവിരുദ്ധമാണെന്നുമുള്ള വ്യക്തിപരമായ അഭിപ്രായമാണെനിക്ക്; എന്ന് കരുതി തീരെ തെറി പറയാത്ത ഒരാളല്ല ഞാൻ. എന്റെ ഒരു നിരീക്ഷണത്തിൽ പരക്കെ പണ്ഡിത-പാമര ദരിദ്ര-ധനിക ഭേദമെന്യേ അക്ഷരത്തെറ്റ് വരുത്താതെ ഉപയോഗിക്കാറുള്ള പദങ്ങളാണ് തെറികൾ. തെറിയെപ്പറ്റി ഇത്രയും എഴുതിയത് ചുമ്മാ തെറിയെപ്പറ്റി പറയാനല്ല. തെറിയെ ഒരു ചെറുകുറിപ്പിൽ പറഞ്ഞവസാനിപ്പിക്കാൻ എളുപ്പമല്ല. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ഡി സി ബുക്ക്സ് പുറത്തിറക്കിയ "വിശ്വ വിഖ്യാത തെറി - ക്യാമ്പസ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ" വായിച്ചാൽ തെറിയുടെ രാഷ്ട്രീയത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകൾ കിട്ടും. 

പറയാനുദ്ദേശിച്ചത് ജന സാമാന്യത്തിന്റെ തെറി ആയത് കൊണ്ട് പേര് മാറ്റേണ്ടി വന്ന ഒരു നാടിൻറെ കഥയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന കഥയായിരിക്കുമത്. പ്രദേശങ്ങൾ മാറുന്നതനുസരിച്ചും കാലം മാറുന്നതനുസരിച്ചും സന്ദർഭങ്ങൾ മാറുന്നതനുസരിച്ചും വാക്കുകൾക്ക് അർത്ഥം മാറാറുണ്ട്. കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലത്തിനാണ് ഈ ഗതികേട് വന്നത്. "മൈരെ" എന്നാണ് ആ സ്ഥലത്തിന്റെ പേര്. ആണ് എന്നല്ല, ആയിരുന്നു എന്നാണ് ഇപ്പോൾ പറയേണ്ടത്. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കി മാറ്റിക്കഴിഞ്ഞു. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍, ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെട്ടിരുന്നു.സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോഡിന്റെ ഈ അതിർത്തിപ്രദേശം ശരിക്കും തുളുനാടാണ്. തുളു കന്നഡ ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇവിടത്തുകാർ, തങ്ങളുടെ പ്രദേശത്തെ മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നർത്ഥത്തിൽ "മയൂരപ്പാറ" എന്നും അതിനെ ചെറുതാക്കി "മൈരെ" എന്നും വിളിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസർക്കാരിന്റെയും രേഖകളിൽ ഈ പേര് തന്നെയാണ് ഉണ്ടായിരുന്നത്. ആ നാട്ടുകാർക്ക് ഇത് ഒരു തെറി വാക്കായിരുന്നില്ല. പ്രകൃതി എത്രത്തോളം ജീവനോട് ചേർന്നിരിക്കുന്നു എന്ന് വർണ്ണിക്കാൻ അവർ ഉപയോഗിച്ച നിഷ്കളങ്കമായ പേര്.

പേര് മാറ്റത്തിന് കാരണമായി പറയുന്ന കഥ രസകരമാണ്. കേരളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒരു മാഡം ഈ വില്ലേജ് ഓഫീസിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫറിൽ എത്തി. എവിടെയാണ് പുതിയ ജോലിസ്ഥലം എന്ന് ചോദിക്കുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ ഇവർ സത്യസന്ധമായി സ്ഥലത്തിന്റെ പേര് പറയുമ്പോൾ അത് അവരെ തെറി വിളിക്കുന്നതായി ചോദിച്ചവർക്ക് തോന്നിയത്രേ. സംഗതി ഗുലുമാലാകുമെന്ന് മനസിലായ മാഡം അവിടെ ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽ തന്നെ സ്ഥലത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ട് മേലാവിലേക്ക് കടലാസുകൾ അയച്ചു. കൂട്ടത്തിൽ സ്ഥലവാസികളായ ചില കുലം കുത്തികളുടെ ഒപ്പു വച്ച നിവേദനവും ചേർത്തു. പകരം വയ്ക്കാൻ ഒരു സ്ഥലപ്പേരും ചേർത്ത്; അതായിരുന്നു "ഷേണി". സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയായിരുന്നു തഹസില്‍ദാറും. ഫയൽ പ്രോപ്പർ ചാനലിൽ സഞ്ചരിച്ച് തഹസില്‍, കളക്ടർ, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി പക്കൽ വരെ എത്തി. അവിടെ നിന്ന് മന്ത്രി സഭ വഴി കേന്ദ്രത്തിന്റെ പരിഗണനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ തുളു പറയുന്നവന്റെ നല്ല വാക്ക് നിങ്ങൾക്ക് തെറിയായി തോന്നുന്നു എന്നത് കൊണ്ട് മാത്രം പേര് മാറ്റാൻ കഴിയില്ല എന്ന റിമാർക്കോടെ കടലാസുകൾ തിരികെ വന്നു. എന്നാലും പേര് പരിഷ്കാരക്കാർ വെറുതെ ഇരുന്നില്ല. അവരുടെ നിരന്തര ശ്രമത്തിനൊടുവിൽ 2012 ഡിസംബർ 17 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഔദ്യോഗിക രേഖകളിൽ "മൈരേ" "ഷേണി"യായി മാറി. വില്ലേജ് ഓഫീസിന്റെയും പോസ്റ്റ് ഓഫീസിന്റെയും ബോർഡുകളിൽ മൈരേ പോയി ഷേണി വന്നു.

ഒരു ഘട്ടത്തിൽ പഞ്ചായത്ത് തന്നെ പേര് മാറ്റത്തിന് വേണ്ടി നിലപാടെടുത്തിരുന്നു. രവീന്ദ്രനാഥ് നായക് എന്നൊരാളായിരുന്നു പേര് മാറ്റത്തിന് വേണ്ടി നേതൃസ്ഥാനത്ത് നിലകൊണ്ട ഒരു നാട്ടുകാരൻ. അക്കാലത്ത് പേര് മാറ്റത്തിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉണ്ടായിരുന്നു. കന്നഡ സംഘടനയായ കന്നഡ സമന്വയ സമിതിയുടെ പ്രസിഡന്റ് ബി പുരുഷോത്തമ പേര് മാറ്റ നീക്കങ്ങൾക്കെതിരെ പറഞ്ഞതിപ്രകാരമായിരുന്നു; "കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ് പേരു മാറ്റ ശ്രമം. പേര് മാറ്റം നാട്ടുകാരുടെ ആവശ്യമല്ല, അടിച്ചേൽപ്പിക്കപ്പെട്ടതാണ്".

ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പേര് മാറ്റം സംഭവിച്ചെങ്കിലും, ഇപ്പോഴും സ്വന്തം ഭാഷയെ സ്നേഹിക്കുന്ന തദ്ദേശ വാസികൾക്ക് അവരുടെ നാട് "മൈരേ" തന്നെയാണ്; അവരോട് അവരുടെ നാടിൻറെ പേര് ഷേണി എന്ന് പറഞ്ഞാൽ അവർ ഒരു ഊറിച്ചിരിയോടെ തിരുത്തി പറഞ്ഞു തരും "ഷേണി അല്ല മൈരേ"

Wednesday, 14 August 2019

അണികളില്ലാതെ നമുക്ക് എന്താഘോഷം !!!

ഇത്തരം പ്രകടനങ്ങൾക്കൊരു പൊതുഘടകം ഉണ്ട്. 













അത്, താലപ്പൊലിയാണെങ്കിലും വോളന്റിയർ മാർച്ച് ആണെങ്കിലും...






പാർട്ടി നേതാക്കൾ, സംഘാടക സിംഹങ്ങൾ, സമൂഹത്തിലെ വരേണ്യ ശ്രേണിയിലുള്ളവർ.... തുടങ്ങി "ഭേദപ്പെട്ട" ആരുടേയും വേണ്ടപ്പെട്ടവർ ഇത്തരം പ്രകടനങ്ങൾക്ക് അണി നിരക്കാറില്ല. അവരൊക്കെ പശ മുക്കി ഇസ്തിരിയിട്ട വേഷവുമായി സമ്മേളന സദസ്സിലും വേദിയിലും നിറഞ്ഞുനിൽക്കും... ഐസ്ക്രീമിന് മുകളിലെ ചെറിപ്പഴം പോലെ......

അഗണ്യ കോടിയിൽപ്പെട്ട അണികൾ മാത്രമുണ്ടാവും യൂണിഫോമിട്ട് ആവേശം വാരി വിതറാൻ.......

അണികളില്ലാതെ എന്താഘോഷം !!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Sunday, 28 July 2019

ആദിവാസിയെ മലയാളി പൊതുബോധം രേഖപ്പെടുത്തുന്ന വിധം !!!

ദാന മാജിയെ ഓർക്കുന്നില്ലേ ? 2016-ൽ ഒഡീഷയിൽ, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവും ചുമന്നു നടന്ന ആദിവാസി യുവാവ്. ടിബി ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ അംബുലന്‍സ് വിളിക്കാന്‍ പോലും ഗതിയില്ലാത്തതുകൊണ്ടാണ് പിന്നാക്ക ജില്ലയായ കലഹണ്ഡിയിലെ ഭവാനി പട്‌ന ജില്ലയിലുള്ള മേലഖര്‍ ഗ്രാമത്തിലേക്ക്, ഭാര്യയുടെ പൊതിഞ്ഞു കെട്ടിയ മൃതദേഹം തോളില്‍ ചുമന്ന് മാജി നടന്നത്; ഒപ്പം കരഞ്ഞു തളര്‍ന്ന മുഖമോടെ മകളും; ഈ വീഡിയോയും ചിത്രങ്ങളും വാർത്തയും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള അനേകരെ സംബന്ധിച്ച് "നടുക്കുന്ന" ഒന്നായിരുന്നു. 

പിന്നീട്  2017-ൽ ഒഡീഷയിൽ നിന്ന് തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത വന്നു; നിഗുഡ ഗ്രാമത്തിലെ ദസ്മന്ത്പൂരിലെ ദയ്ന മുദുലി എന്ന ആദിവാസി യുവതിയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തിരിച്ചയക്കപ്പെട്ട യുവതി അവിടെയുള്ള ഒരു ഓവുചാലിൽ പ്രസവിക്കേണ്ട ഗതികേടാണ് അന്ന് വാർത്തയായത്. 

ഇതിനു മുൻപും ശേഷവും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന പല ദുരനുഭവങ്ങളും മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത വാർത്തകളായി വന്നു പോയിക്കൊണ്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യ നവോത്ഥാനവും സമ്പൂർണ്ണ സാക്ഷരതയും മികച്ച ജീവിത നിലവാരവും ഭേദപ്പെട്ട ആരോഗ്യനിലവാരവും പറഞ്ഞ് മേനി നടിക്കുന്ന കേരളത്തിൽ നിന്ന് ഒരു അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവിനെ നാട്ടുകാര്‍, കാട്ടിനുള്ളില്‍ നിന്ന് പിടികൂടി ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച ശേഷം അവിടെ വെച്ചു തന്നെ കരുണയില്ലാതെ മർദ്ദിച്ചതിന്റെയും തുടർന്ന് ആ സാധുമനുഷ്യൻ മരണത്തിന് കീഴടങ്ങിയതിന്റെയും വാർത്ത എത്ര ഹൃദയഭാരത്തോടെയാണ് വായിച്ചു തീർത്തത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾക്ക് മുന്നിൽ നിന്ന് ചിലർ സെല്‍ഫി എടുത്തു എന്ന റിപ്പോർട്ട് കേരളത്തെ നടുക്കിയിരുന്നു. ഇന്നും മനഃസാക്ഷിയുള്ളവർക്ക് മധു ഒരു നൊമ്പരമാണ്.

പിന്നെയങ്ങോട്ട്, സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെയും സഹാനുഭൂതിയുടെയും കുത്തൊഴുക്കായിരുന്നു. പ്ലാറ്റുഫോമുകളിൽ മുഴുവന്‍ മധുവിനോട് മാപ്പ് പറഞ്ഞും ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലജ്ജ കൊണ്ട് തല താഴ്ത്തിയും മധുവിന്റെ മരണത്തിന് കാരണമായവരോടും ആ ക്രൂരതയുടെ സെൽഫി എടുത്തവരോടും ഉള്ള രോഷം പ്രകടിപ്പിച്ചും ഉള്ള പോസ്റ്റുകൾ ആയിരുന്നു ഏറെയും. പതിവ് പോലെ കുറെ പേർ ഇതിൽ നിന്ന് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചു ശവംതീനികൾ എന്ന വിളിയും കേട്ടു. ഇതിൽ നിന്നൊക്കെ വിപരീതമായി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഹീനമായ പ്രവർത്തികളെ അനുകൂലിച്ചുള്ള അപൂർവ്വം പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.

കേരള ജനസംഖ്യയുടെ നൂറിലൊന്ന് മാത്രമാണ് ആദിവാസികള്‍. അത് കൊണ്ട് തന്നെ അവർ ഒരു വോട്ട് ബാങ്കല്ല. ആദിവാസി ക്ഷേമത്തിനായി മാറി മാറി വരുന്ന സര്‍ക്കാരുകൾ കോടിക്കണക്കിന് രൂപയാണ് നീക്കി വെയ്ക്കുന്നത്. എന്നിട്ടും എണ്ണത്തിൽ തുച്ഛമായ ആദിവാസികളില്‍ ഭൂരിഭാഗവും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പല ഘട്ടങ്ങളിലായി ആദിവാസികള്‍ക്ക് കൈമോശം വന്ന ഭൂമി തിരികെ നൽകും എന്നത് എന്നത് എല്ലാ സര്‍ക്കാരുകളുടെയും സ്ഥിരം വാഗ്ദാനമാണ്. എന്നാല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാൽ, സ്ഥലദൗർലഭ്യവും മറ്റ് സാങ്കേതിക തടസങ്ങളും പറഞ്ഞ് ഈ വാഗ്ദാനം സൗകര്യപൂർവ്വം വിസ്മരിക്കും. ആദിവാസികളുടെ പേരിൽ നടന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുഴുവൻ വേരുകളും ഈ വിഷയത്തിലൂന്നിയാണ് കിടക്കുന്നത്.

ആദിവാസി അനുഭവിക്കുന്ന അവഗണനയും വിവേചനവും ഒക്കെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും. കുടിയേറ്റവും ജാതീയതയും വംശീയതയും വർണ്ണബോധവും രാഷ്ട്രീയവും മതപരിവർത്തനവും എല്ലാം കൂടിക്കലർന്ന സങ്കീർണ്ണ വിഷയമാണത്. നമ്മുടെ പൊതുബോധം ആദിവാസികളെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

മലയാളിയുടെ പൊതുബോധത്തിന്റെ കണ്ണാടിയായ സിനിമകൾ എങ്ങനെയാണ് ആദിവാസിയെ വരച്ചു കാണിക്കുന്നത്.
 ആദ്യകാല ചിത്രമായ "നെല്ല്’ മുതല്‍ ‘ബാംബൂ ബോയ്‌സ്’ വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ പ്രാകൃതരും ഗുഹാവാസികളും നരഭോജികളും അല്പവസ്ത്രധാരികളും കറുത്തവരും കോമാളികളും ഒക്കെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദിവാസികളെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മലയാള സിനിമ പോലുമില്ലെന്നാണ് ആദിവാസികളുടെ ഇടയില്‍ നിന്നും "നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രങ്ങള്‍" എന്ന ഡോക്യൂമെന്ററിയിലൂടെയും "ഗുഡ" എന്ന സിനിമയിലൂടെയും സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന ലീല അഭിപ്രായപ്പെടുന്നത്. കൂട്ടത്തിൽ ‘ബാംബൂ ബോയ്‌സ്’ ആണെന്ന് തോന്നുന്നു ഗോത്രീയ ഐഡന്റിറ്റിയെ കൊന്നു കുഴിച്ചു മൂടുന്നതിൽ ഏറ്റവും മുന്നിൽ നിന്നത്. വിസർജ്ജ്യം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ, സോപ്പ് തിന്നുന്ന ആദിവാസികൾ അങ്ങനെ അശ്ലീലത്തെക്കാൾ തരം താണ വളിപ്പുകൾ കുത്തി നിറച്ച ഒരു സിനിമ. പരോക്ഷ പരാമർശങ്ങൾ കൊണ്ട് അവരെ ഹിംസിക്കുന്ന ചിത്രങ്ങളും കുറവല്ല. സൂപ്പർ ഹിറ്റായിരുന്നു ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ ”അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്” എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശവും അത് കേൾക്കുമ്പോൾ തിയ്യേറ്ററിൽ ഉയരുന്ന കൂട്ടച്ചിരികളും ആദിവാസിയെ കുറിച്ചുള്ള നമ്മുടെ ബോധത്തെ വെളിവാക്കുന്നതാണ്. മോഹന്‍ലാലിന്റെ "പെരുച്ചാഴി" എന്ന സിനിമയിലെ "ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത് വലിയ ചർച്ചക്കിട നൽകിയിരുന്നു. 

ഇതിനൊരപവാദം ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ഉണ്ട"യെന്ന പോലീസ് ചിത്രമാണ്. ചിത്രത്തിൽ ലുഖ്മാൻ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന പോലീസ് കഥാപാത്രം ഇന്നും ആദിവാസിവിഭാഗത്തിൽ പെട്ടവർ മുഖ്യധാരാ മനുഷ്യരിൽ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ഗീയവും വംശീയവുമായ പ്രശ്നങ്ങളുടെ പ്രതിനിധിയായി സത്യസന്ധമായി ചിത്രീകരിക്കപ്പെടുന്നുണ്ട്.  ചിത്രത്തിലെ, "എത്ര ഉയരത്തിലെത്തിയാലും 'നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ'" എന്ന മുഖ്യധാരാ സമൂഹത്തിന്റെ ചോദ്യം സമൂഹത്തിന്റെ ഇരുണ്ട മനസ്സിൽ നിന്നുയരുന്നതാണ്.  
നമ്മുടെ വിഭാഗത്തിൽ നിന്ന് നിന്നൊരാൾ പോലീസിൽ ജോലി നേടുകയാണെങ്കിൽ നമുക്കൊരു നിലയും വിലയുമുണ്ടാകുമെന്ന് തന്റെ 'അമ്മ' പറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അനുഭവങ്ങൾ മറിച്ചാണെന്നും ബിജുകുമാര്‍ പറയുന്ന കാലഘട്ടത്തിലാണ് വയനാട്ടിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർ, രതീഷ് മാനസികപീഡനംമൂലം സേന വിടാനൊരുങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണർ കിട്ടിയ കുറുമ്പ വിഭാഗക്കാരനായ ഹരിദാസ് എന്ന പോലീസ് ഓഫീസർ വംശീയമായ അധിക്ഷേപങ്ങൾ സഹിക്കാനാവാതെ മേലധികാരികൾക്ക് പരാതി കൊടുത്തതിന്റെ വാർത്തയും വന്നത് ഈ അടുത്ത നാളിലാണ്.


രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്ഥമല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ചുള്ള  അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ എല്ലാമുണ്ട്. അതിപ്രകാരമായിരുന്നു; "ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല". ബാലന്റെ ഭാഷപ്രയോഗരീതിയെ അദ്ദേഹം ഹാസ്യം എന്നാണ് കരുതുന്നതെങ്കിലും തലയിൽ അൽപ്പം വെളിവുള്ളവർക്ക് അശ്‌ളീലപ്രയോഗമായിട്ടാണ് തോന്നിയത്; ആദിവാസികളെ അധിക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കക്ഷി ഭേദമില്ലാതെ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ടായിരുന്നു. ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ജനപ്രതിനിധികൾക്ക് ഒട്ടും ഭൂഷണമല്ല. മധുവിന്റെ മരണശേഷം അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ, സംഭവത്തിന്റെ സെൽഫിയെടുത്ത യുവാവിന്റെ പ്രവർത്തിയെ ലഘൂകരിച്ച് അവതരിപ്പിച്ചതും ഈ നിലക്ക് കാണാനാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിലപാടെന്താണ്. ഒരു ഹർത്താൽ ദിനത്തിൽ, വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഉദരത്തിൽ ഉണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. അടുത്ത ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടായിരുന്നു ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസി യുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമിയുടെ വക നാലാം കിട അശ്ലീലമെഴുത്ത്. മധുവിന്റെ കൊലപാതകവും തൊട്ടു പിറ്റേന്നിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും റിപ്പോർട്ട് ചെയ്തത് മോഷണ ശ്രമത്തിന് നാട്ടുകാർ പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന നിലയിലാണ്. രണ്ടാം ദിവസമാണ് മുതലക്കണ്ണീർ റിപ്പോർട്ടിങ് പ്രത്യക്ഷപ്പെട്ടത്.

പൊതുസമൂഹത്തിന്റെ ഓരോ തുറകളിൽ നിന്നും ഇത്തരം ഉദാഹരണങ്ങൾ ഇനിയും അനേകം തപ്പിയെടുക്കാനാവും. ഇവിടെ പറഞ്ഞത് തികച്ചും പ്രതീകാത്മകമായ ചിലത് മാത്രമാണ്. ഒരു ആധുനികയിടത്തിന് പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയാണ് പൊതുബോധം. ഈ "പൊതു" എന്നതിന്റെ വിപരീതമായിട്ടാണ് നമ്മൾ പലപ്പോഴും "ആദിവാസി" എന്ന തനത് ഗോത്ര സംസ്കാര രീതികളെ കാണുന്നത്. റോബിൻ ഇടിക്കുള രാജു എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. "ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല. കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ; കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും" ബാംബൂ ബോയ്സ് എന്ന കോമഡി സിനിമ കണ്ട് കരയേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ വ്യഥകളാണ് ആ കുറിപ്പ് മുഴുവൻ. മനുഷ്യവികാസത്തിന്റെയും വികസനത്തിന്റെയും ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിക്കുമ്പോൾ ഇപ്പോഴും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ പഴയ കാലത്തിന്റെ ശേഷിപ്പുകളായി നിർത്തിക്കൊണ്ടാണ് കൊളോണിയൽ സ്വാധീനമുള്ള നരവംശപഠനങ്ങൾ നമ്മുടെ ബോധ്യങ്ങൾ നിർമ്മിച്ചത്. ഈ ബോധ്യവും ബോധവും തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കിരാതം’, ‘കാട്ടാളത്തം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ക്ക് പൊതുഭാഷാ വ്യവഹാരങ്ങളിൽ ഇപ്പോഴും ഇടം കിട്ടുന്നതും ഇതു കൊണ്ടാണ്. നമ്മുടെ ചില തെറികൾ പോലും ഇവരുമായി ബന്ധപ്പെടുത്തിയാണ്. 

മധുവിന്റെ അന്നത്തെ ആ ദയനീയ നോട്ടം, മനുഷ്യത്വം അവശേഷിക്കുന്ന ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. ഈ നാട്ടിലെ മുഴുവന്‍ ആദിവാസികളുടെയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് നമുക്കു നേരെ മധു നോക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ ശരിയായ നിലപാടുകള്‍ വേണം. കാടിന്റെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. ആദിവാസി ആനന്ദത്തോടെ ജീവിച്ചിരിക്കേണ്ടത് കാടിന്റെ ആവശ്യമാണ്. ഇത് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയുടെ നിലനിൽപ്പ് മൊത്തം മാനവരാശിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. അതിനാല്‍ നമുക്ക് ആദിവാസിയെ മനുഷ്യനായി കാണാം; അവരോട് നീതി കാണിക്കാം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )