ഞാൻ വെറും പോഴൻ

Wednesday 31 August 2016

ന​ഗ്നതാ പ്രദർശനം ഒരു കുറ്റകൃത്യം; ചികിൽസിക്കേണ്ട രോഗവും !!!


ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് ലൈംഗിക സംതൃപ്തി നേടുക എന്ന ലൈംഗിക മനോ വൈകല്യമാണ് എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം. പാരാഫീലിയ എന്നറിയപ്പെടുന്ന മനോരോഗവിഭാഗത്തിലാണ് എക്സിബിഷനിസം ഉൾപ്പെടുന്നത്. വസ്ത്രം നീക്കി എതിർ ലിംഗത്തിൽപ്പെട്ടവരെയോ കൊച്ചു കുട്ടികളെയോ സ്വന്തം നഗ്നത കാണിക്കുകയാണ് എക്സിബിഷനിസ്റ്റുകളുടെ രീതി. നാട്ടുഭാഷയിൽ ഇവരെ "ഷോമാൻ" എന്നാണ് വിളിക്കാറ്. പൊതുവെ ആൾ സഞ്ചാരം കുറവുള്ള ഇടങ്ങൾ, ഇടവഴികൾ, ചെറു റോഡുകൾ എന്നിവിടങ്ങളിൽ വെച്ചാണ് ഇവർ ഇത് ചെയ്യുന്നത്. എക്സിബിഷനിസ്റ്റുകൾ പൊതുവെ ശാരീരിക ബന്ധത്തിന് മുതിരാറില്ല; അത് കൊണ്ട് തന്നെ ഇവരെ ലൈംഗിക അക്രമകാരികൾ ആയി കാണപ്പെടാറില്ല; അങ്ങനെ പറയുമ്പോൾ പോലും ഇവരുടെ ഷോ കാണേണ്ടി വന്നവവരിൽ ഭയവും അറപ്പുമാണ് ഉണ്ടാക്കുന്നത്. അതുണ്ടാക്കുന്ന മാനസിക വ്യഥയിലും പിരിമുറുക്കത്തിലും നിന്ന് പുറത്ത് വരാൻ ഏറെ സമയമെടുത്തേക്കാം. ചിലരെങ്കിലും ലൈംഗിക വിരക്തിയിലേക്ക് വീണു പോകാനും സാധ്യതയുണ്ട്. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ വസ്ത്രമുരിയുന്നതും ഒന്നോ രണ്ടോ തവണ നഗ്നത പ്രദർശിപ്പിക്കുന്നതും നഗ്നതാ പ്രദർശന രോഗമായി പരി​ഗണിക്കാനാകില്ലെന്നാണ് മനഃശാസ്ത്ര വിദ​ഗ്ദർ പറയുന്നത്. എന്നാൽ ഇത്തരം പ്രവർത്തി ആവർത്തിച്ച് ചെയ്യുന്നത് രോഗമായാണ് പരിഗണിക്കപ്പെടുന്നത്. ആറ് മാസത്തോളമെങ്കിലും തുടർച്ചയായി ഉണ്ടെങ്കിലും രോഗമായി കണക്കാക്കി ചികിത്സ നൽകേണ്ടതുണ്ട്

സാധാരണയായി എക്സിബിഷനിസം കൗമാര കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർ, കുട്ടിയായിരിക്കുമ്പോൾ തന്നെ നിരന്തരം ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങളോ നീലചലച്ചിത്രങ്ങളോ കാണാൻ ഇടവന്നിട്ടുള്ളവർ എന്നിവരിലും എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ അടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശാരീരികമോ മാനസികമോ ആയ ചില കാരണങ്ങളാൽ സാധാരണ മാർഗങ്ങളിലൂടെ ലൈംഗിക സംതൃപ്തി നേടാൻ കഴിയാത്ത വ്യക്തികളാണ് മിക്കവാറും നഗ്നതാ പ്രദർശനങ്ങൾ നടത്തുന്നത്. കുട്ടികൾക്ക് മുന്നിൽ പോലും ഇത്തരക്കാർ നഗ്നത പ്രദർശിപ്പിക്കും. ഇങ്ങനെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുമ്പോൾ, ഈ പ്രവൃത്തി കാണുന്ന വ്യക്തിയുടെ മുഖത്ത് പ്രകടമാകുന്ന നടുക്കവും അമ്പരപ്പും നാണവുമൊക്കെ എക്സിബിഷനിസ്റ്റുകൾക്ക് ലൈംഗികോത്തേജനവും രതിമൂർച്ഛയും ഉണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളിലും നഗ്നതാ പ്രദർശനം ഒരു രോഗമെന്ന നിലയിൽ കാണപ്പെടാറുണ്ടെങ്കിലും എക്സിബിഷനിസത്തിന്റെ പേരിൽ കുറ്റക്കാരായി പിടിക്കപ്പെടുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്.

പൊതു ഇടങ്ങളിലെ നഗ്നതാപ്രദര്‍ശനവും ലൈംഗിക പ്രവൃത്തികളും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കുറ്റകരമാണ്. കുറ്റകൃത്യമെന്ന നിലയിൽ പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിച്ചു എന്നത് കൊണ്ട് പൊതുവെ ഇവർ ഈ മാനസിക നിലയിൽ നിന്ന് പുറത്ത് വരാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. നഗ്നതാ പ്രദർശനത്തിന് പിടിക്കപ്പെടുന്നവരിൽ പകുതിയിലധികവും ഇതേ പ്രവർത്തിക്ക് ആവർത്തിച്ച് പിടിക്കപ്പെട്ടവരാണ്. 

ഒരു രോഗമെന്ന് പരിഗണിച്ച് ഈ അവസ്ഥയ്ക്ക് പലരും ചികിത്സ തേടാറില്ല എന്നതാണ് സത്യാവസ്ഥ. കൃത്യമായ മനഃശാസ്ത്ര ചികിത്സയിലൂടെ പാരാഫീലിയ ഒരു പരിധി വരെ നിയന്ത്രിക്കാം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, എമ്പതി ട്രെയിനിം​ഗ്, കോപിങ് സ്കിൽ ട്രെയിനിം​ഗ്, റിലാക്‌സ്സേഷൻ ട്രെയിനിം​ഗ് എന്നിവ വളരെ ഇതിന്റെ ചികിത്സയിൽ വളരെ ഫലപ്രദമായി കാണാറുണ്ട്. ആന്റി ഡിപ്രസന്റ് ഗണത്തിൽപ്പെട്ട മരുന്നുകൾ കൊണ്ട് ലൈംഗിക ഹോർമോണുകൾ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതായും കണ്ടു വരുന്നു.

കടപ്പാട് : Article on Exhibitionistic Disorder by George R. Brown MD, East Tennessee State University & Dr. Mazher Ali (Psychiatrist, Banjara Hills, Hyderabad, CARE Hospitals)

Wednesday 17 August 2016

നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

സംഭവം : 2015 ഫെബ്രുവരിയിൽ മധ്യപ്രദേശിലെ ഐഷബാഗ് മേഖലയിലാണിത് നടന്നത്. തുറിച്ചുനോട്ടം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഷദാബ് കസായ് എന്നയാൾ സല്‍മാന്‍ സിദ്ദിഖി എന്ന യുവാവിനെ വെടിവെച്ചു കൊന്നു. സിദ്ധിക്കി കസായിയെ തുറിച്ചുനോക്കിയെന്നും അതിൽ കുപിതനായ കസായി, സിദ്ദിഖിയുമായി വഴക്കിട്ടെന്നും തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഒരു നോട്ടത്തിനു പോലും ഉണ്ടാക്കാൻ കഴിയുന്ന അപകടത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഈ സംഭവം ഉദ്ധരിച്ചത്. ഈ ദിവസങ്ങളിൽ "നോട്ട"വുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നമ്മുടെ സമൂഹത്തിൽ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ, മേൽ പറഞ്ഞ സംഭവത്തിലെ നോട്ടമല്ല സത്യത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. 

എറണാകുളത്ത് ഒരു ചെറു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ  ഋഷിരാജ് സിംഗ് നടത്തിയ ഒരു പരാമർശമാണ് "നോട്ട"ത്തെ താരമാക്കിയത്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് പറഞ്ഞ സിംഗ്, പുരുഷന്‍ പതിനാല് സെക്കന്‍ഡ് സ്ത്രീയെ നോക്കി നില്‍ക്കുകയും അതിൽ സ്ത്രീയ്ക്ക് ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലും ശക്തമായ നിയമം ഈ നാട്ടിലുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലെ കുറച്ചു ഭാഗങ്ങൾ അടർത്തിയെടുത്താണ് 14 സെക്കൻഡ് സ്ത്രീയെ നോക്കിയാൽ കേസെടുക്കും എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു എന്ന് ആരോപിച്ചു സോഷ്യൽ മീഡിയ പൊങ്കാല മഹോത്സവം തുടങ്ങിയത്. കേട്ടത് പാതി കേൾക്കാത്തത് പാതി എടുത്ത് പല പ്രമുഖരും ഇതിൽ തൂങ്ങി സംഭവം കൊഴുപ്പിക്കുകയും ചെയ്തു. താനായിട്ട് ഒരു പുതിയ വ്യാഖ്യാനം നടത്തുകയായിരുന്നില്ലെന്നും മറിച്ച്‌ ഒരു നിയമം രൂപപ്പെട്ടുവന്ന പശ്ചാത്തലത്തെയും അത്‌ വിഭാവനംചെയ്യുന്ന പരിരക്ഷയെയും വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇതു സംബന്ധമായി നടക്കുന്ന പരിഹാസരൂപത്തിലുള്ള ചർച്ചകൾ രാജ്യത്തെ സ്ത്രീകളോടുള്ള തെറ്റായ മനോഭാവത്തിന്റെ ബഹിർസ്ഫുരണങ്ങളാവുന്നത് ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നും വിവാദശേഷം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

സുന്ദരികളെ കണ്ടാല്‍ നോക്കുന്നത് ഒരു തെറ്റാണോ ? തികച്ചും ജീവശാസ്ത്രപരമായ സംഗതിയാണ് ആണ് പെണ്ണിനെ നോക്കുന്നതും പെണ്ണ് ആണിനെ നോക്കുന്നതും. ഒളിഞ്ഞും തെളിഞ്ഞും, സ്ത്രീ സൗന്ദര്യം ആസ്വദിക്കുക എന്നത് ഏതൊരു സാമാന്യ പുരുഷന്റെയും സാധാരണ ഗതിയിലുള്ള ഒരു സ്വഭാവ സവിശേഷതയാണ്. പക്ഷെ, നമ്മുടെ ട്രോളൻമാരും ഋഷിരാജ് സിംഗിനെ  പോസ്റ്ററൊട്ടിക്കാൻ പാഞ്ഞു വന്ന പുരോഗമനക്കാരും അറിഞ്ഞിരിക്കേണ്ട ഒരു തരം നോട്ടമുണ്ട്.  അതാണ് റേപ്പ് നോട്ടം. കണ്ണുകൊണ്ട് കടുക് വറക്കണ പണി. ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും ശരി, പെണ്ണിന്റെ ഉടലും അതിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയവുമാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ പോലും നല്ല ശതമാനം പുരുഷൻമാരുടെയും കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ടെന്ന കാര്യത്തിൽ അധികമാർക്കും തർക്കമുണ്ടാകാൻ ഇടയില്ല. കണ്ണെത്തുന്നിടത്ത് കയ്യെത്തിയിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു കൂട്ടുകാരനെയും അത് സംഭവിക്കാത്തത് എന്തായാലും നന്നായി... അത് കൊണ്ടല്ലേ നമ്മളൊക്കെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന കൗണ്ടർ അടിച്ച മറ്റൊരു കൂട്ടുകാരനെയും ഇപ്പോൾ സ്മരിക്കുകയാണ്. കണ്ണ് ഒരു ലൈംഗിക അവയവമായിരുന്നെങ്കില്‍ കേരളത്തിലെ ജനന നിരക്ക് വിസ്ഫോടനങ്ങള്‍ക്കു വിധേയമാകുമായിരുന്നു എന്ന് ഏതോ സരസൻ എഴുതി വച്ചത് വായിച്ചതും ഓർക്കുന്നു. സിനിമ, സീരിയൽ, സ്റ്റേജ് കലാപരിപാടികൾ തുടങ്ങി സ്ത്രീകളുടെ സ്പോർട്സ് വരെ ഉള്ള ഇനങ്ങളുടെ കാണികളിൽ നല്ലൊരു ശതമാനവും സ്ത്രീ ശരീരത്തിന്റെ കാഴ്ചക്കാരാണ് എന്നതായിരിക്കും കൂടുതൽ സത്യസന്ധമായ നിരീക്ഷണം. താലപ്പൊലി, പെരുന്നാൾ പ്രദക്ഷിണം, ഘോഷയാത്രകൾ മുതലായവ കാണാൻ ആളുകൾ തള്ളിത്തിരക്കി കൂടുന്നതിന് പിന്നിലും ഈ "നോട്ടം" തന്നെയാണ് ഉദ്ദേശം. ഇതിലെല്ലാം എക്സെപ്ഷൻസ് ഇല്ല എന്നല്ല; സാമാന്യമായ നിരീക്ഷണമാണ്. എന്നാൽ ഈ നോട്ടം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര കണ്ട് ലളിതവും സരസവും അല്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മിക്കപ്പോഴും, അവർ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാകണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഓപ്പൺ ആയി ഡിസ്കസ് ചെയ്യാവുന്ന സ്ത്രീകൾ... അത് അമ്മയോ പെങ്ങളോ ഭാര്യയോ കാമുകിയോ സുഹൃത്തോ.... ഉണ്ടെങ്കിൽ അവരോടു ചോദിച്ചാൽ മതി. നിരവധി അനുഭവങ്ങൾ അവർക്കു പറയാനുണ്ടാകും. ആ നോട്ടം കണ്ടിട്ട് "എന്താടാ ?" എന്നോ "പെണ്ണിനെ  ആദ്യമായി കാണുവാണോ ?" എന്നോ "വീട്ടിൽ പോയി അമ്മയെയോ പെങ്ങളേയോ നോക്കടാ" എന്നോ ഒക്കെ പ്രതികരിക്കുന്ന ന്യൂനപക്ഷം ഒഴികെയുള്ള ഭൂരിപക്ഷം പെണ്ണുങ്ങളും ഉള്ളംകാൽ മുതൽ ഉച്ചി വരെ അരിച്ചു കയറുന്ന ഭയവും ഇരച്ചു കയറുന്ന അമർഷവും ഉള്ളിലൊതുക്കി അസ്വസ്ഥരായി ജീവിച്ചു തീർക്കുകയാണ്. കുഞ്ഞില മസ്സിലാമണി ഹെന്‍റി ഒരിക്കൽ പെൺനടത്തം എന്ന പോസ്റ്റിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു. "ഈ പ്രശ്നത്തിന്റെ വേരുകള്‍ ഒരിക്കലും കുഴിമാന്തിയെടുക്കപ്പെടാത്തതും, ഉപരിതലത്തില്‍ നിന്നും അറിയാത്ത ആഴങ്ങളിലും ഇതിന്റെ വിത്തുകള്‍ ഉണ്ടാവാം എന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹം പേടിപ്പെടുത്തുന്ന ശാഠ്യത്തോടെ നിലകൊള്ളുന്നു എന്നിടത്തുമാണ് കുഴപ്പം. രണ്ട് ദിവസം മുമ്പ് മിഠായിത്തെരുവിലെ ഒരു സായാഹ്നം ഓര്‍ക്കുന്നു. തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി. കരയിച്ചു. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം നടക്കുകയായിരുന്ന പതിമൂന്നോ പതിനാലോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായിരുന്നു ആ നോട്ടം. മുഖം ചുളിച്ച് അടിമുടി നോക്കി, ബാലന്‍ കെ നായര്‍ ശൈലിയില്‍ ഒരു ചുണ്ടുകടിയും പാസ്സാക്കിയാണ് അവന്‍ നടന്നുനീങ്ങിയത്. നിങ്ങള്‍ പറയൂ- ഈ കുട്ടിയുടെ ഉദ്ഭവം എവിടെയാണ്?". 

Male Gaze എന്ന് വിവക്ഷിക്കപ്പെടുന്ന ഈ നോട്ടത്തിന്റെ പിന്നിലെ പ്രശ്നങ്ങൾ ഒരു സാമാന്യ പുരുഷന് മനസ്സിലാക്കാൻ അത്ര എളുപ്പമാവില്ല. അവനത് ഒട്ടും തന്നെ നേരിടേണ്ടി വരുന്നില്ല എന്നതാണ് അതിന് കാരണം. ചോര പൊടിയുകയോ പ്രത്യക്ഷത്തിൽ പരിക്കുണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും, അപരന്റെ ഉടലിന്മേൽ നടത്തുന്ന അധിനിവേശം എന്ന നിലയിൽ അതൊരു വലിയ കുറ്റകൃത്യം തന്നെയാണ്. പരിഷ്കാരവും നിയമവാഴ്ചയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരു സമൂഹത്തിലും അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടത്. എന്റെ അറിവിൽ നിലവിലുള്ള നിയമം അനുസരിച്ച് സ്ത്രീക്ക്‌ പരാതി ഉണ്ടെങ്കിൽ ലൈംഗികച്ചുവയോടെയുള്ള ഒരു നോട്ടം മാത്രം മതി, കേസെടുക്കാൻ. അതിനു ഇത്ര സെക്കൻഡ് എന്ന സമയദൈർഘ്യം പോലും വേണ്ട. 

ഇത്രയേറെ ശക്തവും സാധ്യതകൾ ഉള്ളതുമായ നിയമം നിലവിലുണ്ട് എന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് നമ്മൾ ഒന്ന് ചിന്തിക്കാനുള്ള അവസരമാണ് ഈ നോട്ട വിചാരണ നമുക്ക് നൽകിയത്. നിയമം എന്തിനാണ് ? ആറ്റിക്കുറുക്കി പറഞ്ഞാൽ, കുറ്റം തടയപ്പെടണം, അഥവാ കുറ്റം ചെയ്‌താൽ കുറ്റവാളി ശിക്ഷിക്കപ്പെടണം, ശിക്ഷയിലൂടെ ഒരു കുറ്റവാളി താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കണം, അയാളിൽ ഒരു മനഃപരിവർത്തനം ഉണ്ടാവണം, ഇത് കണ്ടിട്ട് മറ്റുള്ളവർ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കണം മുതലായ ലക്ഷ്യങ്ങളാണ് നിയമം മുന്നിൽക്കാണുന്നത്. പക്ഷേ, ഇതെല്ലാമുണ്ടായിട്ടും കുറ്റങ്ങളും ശിക്ഷകളും ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നിനും കുറവ്‌ വരുന്നില്ലെങ്കിൽ നിയമ നിര്‍വഹണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും പുന:പരിശോധിക്കപ്പെടേണ്ടതില്ലേ. ചിന്തിച്ചാൽ ഇതെല്ലാം വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളാണ്. 


തൽക്കാലം പരിഹാരമില്ലാത്ത പ്രശ്നങ്ങളായി അവയെ വിട്ടു കളഞ്ഞു കൊണ്ട്, നമ്മൾ ചർച്ച ചെയ്ത "നോട്ട"ത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. ഓരോ നോട്ടത്തിനും പിന്നില്‍ അതിനെ നിയന്ത്രിക്കുന്ന കൃത്യമായ ചിന്തകളും മനോഭാവങ്ങളും ഉണ്ട്. നോട്ടത്തിന്റെ ദൈർഘ്യത്തെക്കാൾ സ്വഭാവമാണ് അതിനെ ഹിംസാത്മകമാക്കുന്നത്. 

സത്യത്തിൽ തുറിച്ചുനോട്ടമെന്ന അധിനിവേശ പ്രക്രിയ സ്ത്രീയ്ക്ക് നേരെ മാത്രമല്ല സംഭവിക്കുന്നതെന്നതാണ് യാഥാർഥ്യം. ഭിന്നലിംഗക്കാർ, ദളിതർ, അവർണ്ണർ, ആദിവാസികൾ, ബുദ്ധിമാന്ദ്യമുള്ളവർ, അംഗപരിമിതർ, എന്ന് വേണ്ട താരതമ്യേന അൽപ്പം സാമർഥ്യം കുറവുള്ളവർ വരെ ഈ നോട്ടത്തിന് മുന്നിൽ പല വട്ടം ചൂളി ചുരുങ്ങിപ്പോയവർ ആയിരിക്കും.  ധിക്കാരവും ധാർഷ്ട്യവും ഭീഷണിയും മുറ്റി നിൽക്കുന്ന തുറിച്ചു നോട്ടം, അറപ്പും വെറുപ്പും നിറഞ്ഞ നിഷ്കരുണമായ നോട്ടം, ലൈംഗികതയുടെ വഴു വഴുപ്പുള്ള ആര്‍ത്തി നിറഞ്ഞ നോട്ടം, സര്‍വ്വം തികഞ്ഞവന്റെ കപടസഹതാപ നോട്ടം എന്നിങ്ങനെ നോട്ടങ്ങള്‍ക്ക് എത്രയെത്ര മുഖങ്ങൾ. എന്റെ കണ്ണ് കൊണ്ട് ഞാൻ ഇഷ്ടമുള്ളത് പോലെ നോക്കും എന്ന മുഷ്‌കിനോട് ഒന്നേ പറയാനുള്ളൂ. എന്റെ രൂപവും പ്രത്യക്ഷഭാവവും സ്വത്വവും നിലനിൽപ്പും എല്ലാം എന്റെ മാത്രം സ്വകാര്യതയാണ്. അതിലേക്ക് തുറിച്ചു നോക്കാൻ പോയിട്ട് പാളി നോക്കാനോ ഒളിഞ്ഞു നോക്കാനോ എത്തി നോക്കാനോ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവർ എന്റെ സ്വകാര്യതയിലേക്ക് അധിനിവേശം നടത്തുക തന്നെയാണ്. 

നയനഭോഗത്തെ പറ്റി പറഞ്ഞാലുടൻ സ്ത്രീകളുടെ വസ്ത്രധാരണത്തെ പ്രതിയാക്കി സംസാരിച്ചു തുടങ്ങും. ആ വിഷയത്തിൽ ഇട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>> സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 10 August 2016

"തെരുവിൽ നിൽക്കുന്ന സുന്ദരി..." !!! മാണി സാറാരാ മോൻ......


2015 ന്റെ തുടക്കം മുതൽ മാണി സാറിന് അത്ര നല്ല കാലമല്ലായിരുന്നു. അത് വരെ ഈ മാണി സാർ ആരായിരുന്നു !!!???


മലയോര കർഷകരുടെ മിശിഹാ എന്ന നിലയിലാണ് മാണി സാർ ഉദ്ഘോഷിക്കപ്പെട്ടിരുന്നത്.... 


കെ കരുണാകരൻ കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്. ഇടതു വലതു ബിജെപി ഭേദമില്ലാതെ ഏവർക്കും സുസ്സമ്മതൻ. അത് കൊണ്ടാണല്ലോ, കേരളത്തിലെ, സോറി ഭാരതത്തിലെ, ഏറ്റവും വലിയ വിപ്ലവ പാർട്ടി പാലക്കാട്ട് പാർട്ടിയുടെ പ്ളീനം നടത്തിയപ്പോൾ മാണി സാറിനെ ക്ഷണിച്ചു പ്രത്യേക ഇരിപ്പടം തന്നെ കൊടുത്തത്‌. ബി ജെ പി യുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ കെ.എം.മാണിയെക്കുറിച്ച് "പാലേലെ ‘മാണി’ക്യം" എന്ന പേരിൽ ഒരു ലേഖനം അച്ചടിച്ചു വന്നിട്ടും അധികം കാലമായില്ല. 1965 ൽ പാലാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയതിനു ശേഷം ഇന്നേ വരെ പാലായ്ക്കു മാണി സാറല്ലാതെ മറ്റൊരു എം എൽ ഏ ഉണ്ടായിട്ടില്ല. നിയമസഭയിൽ ഒരാൾക്ക് പോലും മാണിയ്ക്കുള്ളത്ര സീനിയോരിറ്റി ഉണ്ടാവില്ല. എന്തിനു നിയമസഭ മന്ദിരത്തിനൊ അവിടെ ഉള്ള ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിനോ മാണിയുടെ സീനിയോരിറ്റിയോളം പഴക്കം വരില്ല. ഐതിഹാസിക ലഡ്ഡു ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേ ഒരു ഡസനോളം സംസ്ഥാന ബജറ്റുകളാണ് അദ്ദേഹം പുല്ലു പോലെ അവതരിപ്പിച്ചു തള്ളിയത്. കടാപ്പുറം ഭാഷയിൽ പറഞ്ഞാൽ ഇതെല്ലാം റെക്കാഡ് ആണ് കേട്ടാ...റെക്കാഡ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കെ.എം. മാണിയുടെ ബഹുമാനാർത്ഥം കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല "K. M. Mani Centre for Budget Studies" എന്ന പേരിൽ ഒരു പുതിയ ഒരു ഡിപ്പാർട്ടമെന്റ് തന്നെ തുടങ്ങിയിരുന്നു. അദ്ദേഹം രചിച്ച "അധ്വാന വർഗ സിദ്ധാന്തം" എന്ന മഹാഗ്രന്ഥം ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ബ്രിട്ടീഷ്‌ പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ വരെ ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തം അത്ര ബോധിച്ചില്ല എന്നെ ഉള്ളൂ. ഈയൊരു സിദ്ധാന്തം കൂടാതെ, പേരിടാത്ത ഒന്ന് രണ്ടു ചെറിയ സിദ്ധാന്തങ്ങളും കൂടി അദ്ദേഹത്തിൻറെ ക്രെഡിറ്റിൽ ഉണ്ട്. "വളരും തോറും പിളരും; പിളരും തോറും വളരും" "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ചെറിയ ബുദ്ധിമുട്ട് മാത്രം" എന്നിവയാണവ. അദ്ദേഹം വല്ല റഷ്യയിലോ മറ്റോ ജനിച്ചിട്ടാണ് ഇതെഴുതിയതെങ്കിൽ സകല മാന പാർട്ടി ഓഫീസുകളിലും അദ്ദേഹത്തിൻറെ പടം തൂങ്ങിക്കിടക്കുമായിരുന്നു. മാത്രമോ, കുറഞ്ഞത് ഒരു ഡസൻ രാഷ്ട്രീയ പാർട്ടികളുടെ പേരിന്റെ വാലിൽ എങ്കിലും "മാണിസ്റ്റ്" എന്ന് എഴുതി ചേർക്കുമായിരുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം; ഇന്നാ, മാണി സാറിന്റെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. വർഷങ്ങൾക്ക് മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാനുള്ള സകല സാധ്യതയും ഒത്തു വന്നതാണ്. അന്ന് ലീഡർജിയാണ് അത് കപ്പിനും ചുണ്ടിനുമിടയിൽ വച്ചു തട്ടിത്തെറിപ്പിച്ചത് എന്നാണ് കേട്ട് കേൾവി. അത് പോട്ടെ, ഇപ്പൊ മുഖ്യമന്ത്രിയാവും... ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ കേട്ടു. എല്ലാം കോഴി കോട്ടുവായ വിട്ട പോലെയായി. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് കൊട്ടപ്പടി ദുഷ്‌പേര്. 

പഴയ ഉമ്മഞ്ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സരിത കഴിഞ്ഞാൽ whatsapp-ലും സോഷ്യൽ മീഡിയയിലും ഒരു മുഖ്യ താരമായിരുന്നു പാവം മാണി സാറും അദ്ദേഹത്തിന്റെ നോട്ടെണ്ണൽ യന്ത്രവും. മാണിയുടെ കരിങ്ങോഴയ്ക്കൽ എന്ന തറവാട്ടു പേര് കരിം"കോഴ"യ്ക്കൽ എന്നാക്കി മാറ്റണം എന്ന് ന്യൂ ജനറേഷൻ ട്രോളന്മാർ മെസേജ് വിട്ടു കളിച്ചപ്പോൾ നോക്കി നിൽക്കാനേ പാലാക്കാർക്ക് വിശിഷ്യാ, മാണി ആരാധകർക്ക് സാധിച്ചുള്ളൂ. തേരാ പാരാ നടന്നു പോകുന്ന ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയുടെ അവസ്ഥയിലായിരുന്നു അന്ന് മാണി സാർ. എന്നാൽ, നാളിതു വരെ എന്തിനെയും ഏതിനെയും എതിർത്തുള്ള ഹർത്താലുകൾ മാത്രം കണ്ടു ശീലിച്ചു പോയ മലയാളി, ചരിത്രത്തിൽ ആദ്യമായി മാണി സാറിനോടുള്ള സ്നേഹവും കൂറും പ്രഖ്യാപിക്കാൻ  ഒരു ഹർത്താൽ നടത്തി വിജയിപ്പിച്ച പാലാക്കാരെ കണ്ട് അന്തം വിട്ട് നിന്നു. കടുത്ത അഴിമതി ആരോപണങ്ങൾക്കിടയിലും ചില ഇടയന്മാരും പെരുന്നയിലെ പോപ്പും പാണ്ടിക്കടവത്ത് കുഞാപ്പയും ഒക്കെ മാണിക്കുള്ള സർവാത്മനാ പിന്തുണ രേഖപ്പെടുത്തുന്നത് കണ്ട "പാലേതര" മലയാളി വീണ്ടും ഞെട്ടി. ഒടുക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മാതിരിപ്പെട്ട ആരോപണവിധേയന്മാരെ ഒക്കെ ജനം വീട്ടിലിരുത്തിയപ്പോൾ പാലാക്കാർ മാണിസാറിലുള്ള തങ്ങളുടെ കൂറ് അദ്ദേഹത്തെ ജയിപ്പിച്ച് ഉറക്കെ പ്രഖ്യാപിച്ചു. 

എന്നാൽ, കോഴ ആരോപണവും ഐതിഹാസിക ലഡ്ഡു ബജറ്റും ക്വിക്ക് വെരിഫിക്കേഷനും എഫ് ഐ ആറും സീസറിന്റെ ഭാര്യയും രാജിയും നിയമ സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വെട്ടിക്കുറക്കലും ഫ്രാൻസിസ് ജോർജിന്റെയും കൂട്ടരുടെയും കൊഴിഞ്ഞുപോക്കും തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ വന്നപ്പോഴും ഇല്ലാതിരുന്ന ഒരു ഗംഭീര വെളിപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പോയ ശേഷം അദ്ദേഹത്തിന് ഉണ്ടായി. തനിക്ക് വന്നു ഭവിച്ച തട്ട് കേടുകൾക്കെല്ലാം പിന്നിൽ അതി ശക്തമായ ഗൂഡാലോചന ഉണ്ടെന്നും അതിന് നേതൃത്വം നൽകിയത് പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കാത്ത പ്രമുഖ കോൺഗ്രസ് നേതാക്കൾ ആണെന്നും ആയിരുന്നു ആ വെളിപാട്. ചരൽക്കുന്ന് ക്യാംപിനു മുൻപായി അദ്ദേഹം പങ്കെടുത്ത ധ്യാനത്തിൽ വച്ച് ഈ വെളിപാടിന്റെ ആധികാരികത അദ്ദേഹം സ്ഥിരീകരിച്ചു കാണും എന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ചരൽക്കുന്ന് ക്യാംപിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് പിന്നെ പെയ്തത്.  

ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ കേരള കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയതും ഇടുക്കിയിൽ  പട്ടയം കിട്ടാത്ത വിഷയത്തിൽ ജനങ്ങളെ ഇളക്കിവിട്ട് മാണിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിച്ചതും കോൺഗ്രസാണെന്ന് ക്യാമ്പ് റിപ്പോർട്ട് പറയുന്നു. കെ.എം.മാണിക്കും കേരള കോൺഗ്രസ്സിനും എതിരെ ജനരോഷം തിരിച്ചുവിടാൻ കോൺഗ്രസ് നേതാക്കൾ നിരന്തരം ശ്രമിച്ചെന്ന് ക്യാമ്പ് വിലയിരുത്തി. റബ്ബർ കൃഷിയുടെ രക്ഷക്ക് വേണ്ടി നല്‍കിയ നിവേദനം കേന്ദ്രമന്ത്രി ചിദംബരം മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിന്റെ സീറ്റുകളിൽ പരമാവധി തോൽവി ഉറപ്പ് വരുത്താനായി കോൺഗ്രസ് അണികളെ സ്വതന്ത്രവേഷം കെട്ടിച്ച് റിബലാക്കി നിർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് കൊടുത്തില്ല. രമേശ് ചെന്നിത്തലയുടെ ആശീർവാദത്തോടെ ബാർ കോഴ കേസിൽ ഇരട്ട നീതി കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരായി വന്ന കാഷ്യു, കൺസ്യൂമർഫെഡ് അഴിമതി ആരോപണങ്ങളിലും മൃദുസമീപനം കാട്ടി. മാണിയെ കേസിൽ കുടുക്കി അപമാനിച്ചു രാജി വയ്പ്പിച്ച സമയത്തു തന്നെ കെ.ബാബുവിനെ സംരക്ഷിച്ച് നിർത്തി. നിയമ സഭാ തിരഞ്ഞെടുപ്പിൽ  കേരള കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ കോണ്‍ഗ്രസ് അണികളെക്കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാക്കി. തിരുവല്ലയിൽ ജോസഫ് എം.പുതുശേരിയെ തോല്‍പ്പിക്കാൻ പി.ജെ.കുര്യൻ രംഗത്തിറങ്ങി. വിവിധ കക്ഷികൾ വിട്ടു പോയതു മൂലം ഒഴിവ് വന്ന ഒൻപത് നിയമസഭാ സീറ്റുകളിൽ ഒന്ന് പോലും കേരളാ കോൺഗ്രസിന് നൽകാതെ കോൺഗ്രസ് കൈയടക്കി വച്ച്‌ പാർട്ടിയെ ശുഷ്‌കിപ്പിക്കാൻ ശ്രമിച്ചു..... അങ്ങനെ ചാർജ്ജുകൾ അനവധി നിരവധിയാണ്.

ഇതിന്റെയൊക്കെ സത്യസ്ഥിതി എന്തായാലും, കെ.എം. മാണി, കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി വിട്ടു പുറത്ത് പോയി എന്നതാണ് യാഥാർഥ്യം. 1982 മുതൽ യു.ഡി.എഫിന്റെ നെടും തൂണുകളിലൊന്നായിരുന്ന മാണിയും അദ്ദേഹത്തിന്റെ കേരളാ കോൺഗ്രസും ഇന്ന് യു ഡി എഫിലുമില്ല എൽ ഡി എഫിലുമില്ല. ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ എന്തൊക്കെ പറഞ്ഞാലും, ഇതിൽ മാണി സാറിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ. പക്ഷെ, ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ മാണി വിഭാഗം കേരള കോൺഗ്രസിന് യു ഡി എഫിന് പുറത്തു സ്വീകാര്യത കുറവ് തന്നെയാണ്. ബി ജെ പി നയിക്കുന്ന എൻ ഡി ഏ മാണിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ  ആ നീക്കത്തെ,  മാണിയോട് ഉപാധികളില്ലാത്ത കൂറ് പുലർത്തുന്ന ബിഷപ്പുമാരും പാർട്ടി നേതാക്കളും പാലായിലെ മാണി വിധേയരും ഒട്ടു വൈഷമ്യത്തോടെ അനുകൂലിച്ചാൽ തന്നെ, മറ്റു പ്രദേശങ്ങളിലെ അണികളും മാണിക്ക് മാത്രം വോട്ട് ചെയ്തു കൊണ്ടിരിക്കുന്ന  കുറെ വെന്തിങ്ങാ ക്രിസ്ത്യാനികളും എത്രത്തോളം സ്വീകരിക്കും എന്നതിൽ തർക്കമുണ്ട്. കൂടാതെ, ആ നീക്കം മാണിക്ക് മകനോട് മാത്രമേ സ്നേഹമുള്ളൂ എന്ന് ചിന്തിക്കുന്നവരുടെ നിലപാടിനെ ശരി വയ്ക്കുന്നതാവും. പാർട്ടി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പ്രസംഗിച്ചെങ്കിലും എൽ ഡി എഫ് തൽക്കാലത്തേക്കെങ്കിലും മാണിയ്ക്ക് വേണ്ടി കതകു തുറക്കാൻ വഴിയില്ല. 

അപ്പോൾ, സംഭവിക്കാൻ സാധ്യതയുള്ള കാര്യം ഒന്ന് മാത്രമാണ്. കേരളാ കോൺഗ്രസ് മാണി ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല. തൽക്കാലം പെരുവഴിയിലെ സുന്ദരിയായി തുടരും. മാണി തന്റെ നവനൂതന സിദ്ധാന്തമായ സമദൂര സൗഹൃദ സിദ്ധാന്തം എടുത്തു പ്രയോഗിച്ചു കഴിഞ്ഞു. എൽ ഡി എഫിനോടും യു ഡി എഫിനോടും എൻ ഡി ഏ യോടും തുല്യ അകലം... അല്ലെങ്കിൽ തുല്യ അടുപ്പം.... അതായത് ഏതു നിമിഷവും നമ്മുടെ കയ്യിൽ  വന്ന് പെടും എന്ന പ്രത്യാശ മൂന്ന് കൂട്ടരിലും നിലനിർത്തിക്കൊണ്ട് പ്രത്യേക ബ്ലോക്കായി തുടരും. തങ്ങൾക്കു ശക്തിക്ക് ഒരു കുറവുമില്ല എന്ന് തെളിയിക്കാൻ പോന്ന രണ്ടു സംസ്ഥാന സമ്മേളനവും രണ്ടു ബഹുജന സമരവും അങ്ങ് നടത്തും; അത്രേ ഒള്ളൂ കാര്യം. രണ്ടോ മൂന്നോ കൊല്ലത്തേക്ക് പാർട്ടിയെ ഇങ്ങനെയൊക്കെ കൊണ്ട് നടക്കാനുള്ള പണവും സ്വാധീനവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. മാണിയുടെ തീരെ നിസാരമല്ലാത്ത വോട്ട് ബാങ്ക് ആവശ്യകമായി വരുന്ന അടുത്ത തെരഞ്ഞെടുപ്പവസരത്തിൽ കേരളത്തിലെ ഏതെങ്കിലും മുന്നണി അദ്ദേഹത്തിന്റെ സഹായം തേടി ചെല്ലും എന്നുറപ്പാണ്. അപ്പോൾ ഞെളിഞ്ഞ് നിന്ന് സൗകര്യപൂർവ്വം വിലപേശാം. ഏറ്റവും ഗുണം കിട്ടാവുന്ന മുന്നണിയിൽ കയറിപ്പറ്റാം എന്നതിൽ ഒരു തർക്കവും ഇല്ല. 

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇപ്പോൾ നടക്കുന്നതൊക്കെ മാണി സാറിന്റെ ഒരു പിപ്പിടി നമ്പറാണെന്ന് തലയ്ക്കു വെളിവുള്ള എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ വോട്ടർമാരിൽ നല്ല ശതമാനവും വിവേചന ബുദ്ധിയും ഓർമ്മശക്തിയും ഇല്ലാതെ വോട്ടു കുത്തുന്നവരാണെന്ന വ്യക്തമായ ധാരണ  നൂറ്റാണ്ടോളം കേരളരാഷ്ട്രീയത്തിൽ കടവിറങ്ങിയതിന്റെ പരിചയമുള്ള മാണിക്കുണ്ടെന്നേ....മാണി സാറാരാ മോൻ...!!!


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 3 August 2016

ഓ; വീഞ്ഞ് നിരോധിച്ചെന്ന് കരുതി കുർബ്ബാനയ്ക്കും കർത്താവിനും എന്നാ പറ്റാനാ ?

ബീഹാറിൽ, കത്തോലിക്കരുടെ വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിച്ചു. ഇതു സംബന്ധമായ ഉത്തരവ് പ്രഖ്യാപിച്ചതായി സംസ്ഥാന എക്‌സൈസ് കമ്മീഷണർ ആദിത്യകുമാർ ദാസ് അറിയിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി കുർബാനയ്ക്കുള്ള വീഞ്ഞ് തയാറാക്കുന്നതിന് സർക്കാർ അനുമതി ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിൽ മാസം മുതലാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. പക്ഷെ, ഇത് വരെ കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിപ്പിക്കുവാൻ സഭാധികാരികൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. സഭാധികാരികൾക്ക് കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിക്കുവാൻ നൽകിയ അനുവാദം പല രീതിയിലും ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്നാണ് സർക്കാർ ഭാഷ്യം. പാറ്റ്‌ന അതിരൂപതയുടെ വീഞ്ഞുല്പ്പാദന ചുമതല വഹിക്കുന്ന ഈശോസഭാ ബ്ര. ഫ്രാൻസിസ് തട്ടാപറമ്പിലിന്റെ അഭിപ്രായത്തിൽ ഏതു നിമിഷവും എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി വൈനറി അടയ്ക്കുവാൻ സാധ്യതയുണ്ട്. ഹിന്ദുക്ഷേത്രങ്ങളിൽ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി മാർക്കറ്റിൽനിന്ന് ലഭിക്കുന്ന മദ്യം ഒഴിക്കുന്നത് മദ്യനിരോധനത്തെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിനെ തുടർന്ന് തീവ്രവാദികളായ ചില ഹിന്ദുസംഘടനകളാണ് കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിക്കുവാൻ മുൻകൈ എടുത്തതെന്ന് വൈദികർ ആരോപിക്കുന്നു. വീഞ്ഞ് വിശുദ്ധ കുർബാനയ്ക്ക് അനിവാര്യമാണെന്നുള്ള ആത്മീയവശം സർക്കാരിനെ അറിയിക്കുമെന്ന് പാറ്റ്‌ന അതിരൂപത വക്താവ് ഫാ. ദേവസ്യ മറ്റത്തിലാനി അറിയിച്ചു. ബീഹാർ സർക്കാരിന്റെ നീക്കത്തിന്റെ ചുവട് പിടിച്ച് മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളും ഇതേ രീതിയിൽ പ്രവർത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കേരളത്തിലെ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീമാൻ വെള്ളാപ്പള്ളി നടേശന്‍, ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്തവപുരോഹിതര്‍ വൈന്‍ വിളമ്പുന്നതും നിരോധിക്കണം എന്ന്  ആവശ്യപ്പെട്ടിരുന്നു. പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു.  വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞപ്പോൾ, ഒരു പടി കൂടി കടന്നു, വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ച്, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
പൊതുവെ, ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് വീഞ്ഞിനെപ്പറ്റിയുള്ള മോശമായ കാഴ്ചപ്പാടുകൾക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും, ഇത്തരം വിമർശകർക്ക് സിനിമകളിൽ നിന്നും സാഹിത്യ രചനകളിൽ നിന്നും കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്‌. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത്‌ 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു  കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച്  വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ(വീഞ്ഞ്) വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വിമർശകർ പറയുന്ന രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്കോ നെഞ്ചത്തേക്ക് തന്നെയോ വെടി വെക്കേണ്ടി  വന്നേനെ. 

പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോ‍ലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. കേരളത്തിൽ, അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്‌. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല. നിർമാണം പരിശോധിക്കാൻ എക്സൈസ് വകുപ്പിന് അധികാരവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നിയമ നിർദ്ദേശങ്ങൾ നിലവിലുണ്ടാകും എന്ന് തന്നെയാണ് എന്റെ ഉത്തമവിശ്വാസം.

സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 

അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും കുർബ്ബാനയും വീഞ്ഞ് നിരോധനവും ആണല്ലോ. വീഞ്ഞിന് കൂദാശാ പാരികർമ്മത്തിലുള്ള സ്ഥാനത്തെ പറ്റി ഇതൊന്നും അറിയാത്തവരോട് വേദപാഠം ഓതാൻ പോകണോ എന്ന് സഭയും കുഞ്ഞാടുകളും ഒരു രണ്ടു വട്ടമെങ്കിലും ആലോചിക്കണം എന്നാണ് എന്റെ ഒരിത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകാൻ ആഹ്വാനം ചെയ്ത് ദൈവിക നിയമങ്ങൾക്കൊപ്പം പാലിക്കപ്പെടേണ്ടതാണ് രാജ്യ നിയമങ്ങളും എന്ന് മനസ്സിലാക്കി തന്ന നല്ലിടയന്റെ കുഞ്ഞാടുകളുടെ എന്താണ് ചെയ്യേണ്ടത് ? രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം. 

ഓശാനപ്പെരുന്നാളിന് ജറുസലേമിൽ ഉപയോഗിച്ച ഒലീവ് ഇലയ്ക്ക് പകരം ഇവിടെ തെങ്ങിൻ കുരുത്തോല ആകാമെങ്കിൽ; 
പെസഹാത്തിരുനാളിന് ദൈവജനം ഉപയോഗിച്ചിരുന്ന മുട്ടനാടിന്റെ ഇറച്ചിക്ക് പകരം ഇപ്പോൾ കലത്തപ്പവും ഇണ്ടറി അപ്പവും ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ്‌ രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആകാമെങ്കിൽ:

വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്‌താൽ എന്താണ് കുഴപ്പം. വിശ്വാസപരമായി അപ്പവും വീഞ്ഞുമല്ലല്ലോ വിശ്വാസി ഉൾക്കൊള്ളുന്നത്; കൂദാശാ പരികർമ്മത്തിലൂടെ സത്താ മാറ്റം സംഭവിച്ച, കർത്താവിന്റെ തിരു ശരീരവും തിരു രക്തവുമാണല്ലോ. അപ്പോൾ പിന്നെ വീഞ്ഞില്ലെങ്കിലും വിശ്വാസത്തിനും കർത്താവിനും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇനി, നമ്മുടെ മാർപ്പാപ്പയോട് ഈ വീഞ്ഞ് പ്രശ്നം ചർച്ച ചെയ്‌താൽ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇതുവരെയുള്ള നിലപാടുകളുടെ വെളിച്ചത്തിൽ നോക്കിയാൽ, അദ്ദേഹം പോലും വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക