ഞാൻ വെറും പോഴൻ

Thursday 8 October 2015

മലർ മിസ്സിന്റെ ആരാധകർക്ക് ദീപ ടീച്ചറിന്റെ നിലപാട് മനസിലാകുമോ....???

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോടുള്ള പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി പല തരം പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇതേ സംഭവത്തിലുള്ള പ്രതിഷേധം എന്ന നിലയിലാണ്, തൃശൂർ കേരള വർമ്മ കോളേജിൽ എസ്എഫ് ഐ സംഘടനയിൽ പെട്ട വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്. എസ്എഫ് ഐ വിദ്യാര്‍ഥികളുടെ ഈ സമരത്തെ പേശീബലവും ആയുധബലവും ഉപയോഗിച്ച് തടയാൻ ശ്രമിച്ച ഏ ബി വി പി ക്കാരും എസ്എഫ് ഐ കാരും തമ്മിൽ ഉശിരൻ പോരാട്ടം തന്നെ കാമ്പസ്സിൽ നടന്നിരുന്നു. എന്നാൽ കാമ്പസ്സിൽ നടന്ന കാര്യങ്ങളെ പറ്റി കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ഥി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി അവിടത്തെ യുവ അധ്യാപികയായ ദീപ നിഷാന്ത് ഇട്ട മറുപടിയാണ് ചില തൽപ്പരകക്ഷികൾ ചേർന്ന് ഇപ്പോൾ വൻ വിവാദമാക്കിയിരിക്കുന്നത്. 

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ, നാം ജീവിക്കുന്ന സമൂഹത്തിൽ ഒരു തെറ്റോ അനീതിയോ സംഭവിച്ചാൽ പ്രതികരണശേഷി നഷ്ടപ്പെടാത്ത ഏതൊരു വ്യക്തിയും അതിനെതിരെ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമായ ഒരു കാര്യമാണ്. ഈ വിവാദം ഉണ്ടാകുന്നതിനും വളരെ വളരെ മുൻപേ ഞാനിവരെ ശ്രദ്ധിച്ചിട്ടുണ്ട്. കുറെ കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ വ്യക്തിത്വമാണ് ഈ ടീച്ചർ. ലളിതഗംഭീരമായ മലയാള ഭാഷയിൽ സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ്‌ ചെയ്യാറുള്ള കൊച്ചു കൊച്ചു കുറിപ്പുകൾ വളരെ താല്പര്യത്തോടെയാണ് ഞാൻ വായിക്കാറുള്ളത്. ഓർമ്മക്കുറിപ്പുകൾ അടക്കമുള്ള ഇവരുടെ പോസ്റ്റുകൾ മിക്കവയും മനുഷ്യപക്ഷത്തു നിൽക്കുന്നവയായിരുന്നു. ആനുകാലികമായ വിഷയങ്ങളോട് അവരുടെതായ ശൈലിയിൽ അവർ പരതികരിക്കുന്നതും കാണാറുണ്ട്‌. സാമൂഹ്യവിമർശനവും സ്വയം വിമർശനവും എല്ലാം ഇവരുടെ പോസ്റ്റുകളിൽ കാണാറുണ്ട്‌. ഒരിക്കൽ പോലും തരം താണ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇവർ ഭാഗമാകുന്നത് കണ്ടിട്ടില്ല. ഞാൻ മനസ്സിലാക്കുന്നിടത്തോളം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണി വർക്ക്‌ ഈ ജോലി ലഭിച്ചത്. ഭൂരിഭാഗം വിദ്യാർഥികൾക്കും ഇവരെ പറ്റി നല്ല അഭിപ്രായം മാത്രമാണുള്ളത്. ഇത് കേരളവർമ്മയിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ പറഞ്ഞുള്ള അറിവാണ്. ഇപ്പോൾ, ഏതോ ഒരു വ്യക്തി ഇട്ട ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ അവർ അവരുടെ സുചിന്തിതമായ സ്വന്തം അഭിപ്രായം സധീരം പോസ്റ്റ്‌ ചെയ്യുന്നു. ഈ നാട്ടിൽ മത സാമുദായിക സൗഹാർദ്ദം നിലനിൽക്കണമെന്നും സമാധാന അന്തരീക്ഷം പുലരണമെന്നും ആഗ്രഹിക്കുന്ന, സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള ഏതൊരാളും പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായം മാത്രമാണ് ഇവരും പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാജ്യത്താണ് ഞാനും നിങ്ങളും ആ ടീച്ചറും ജീവിക്കുന്നത്. ആ അഭിപ്രായം തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല എന്ന ഒരേയൊരു കാരണത്താല്‍ ചില ആളുകൾ അവരുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഇവിടെ താലിബാന്റെയും ഐ എസിന്റെയും ഒക്കെ സ്വരം തന്നെയാണ് കേൾക്കുന്നത്.  ഈ നല്ല അധ്യാപികയെ പുറത്താക്കേണ്ടത് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ദുരഭിമാന സംരക്ഷണത്തിനു അത്യന്താപേഷിതമായി വന്നിരിക്കുന്നു. താനെഴുതിയ ആ കമ്മന്റ് തന്റെ സ്വന്തം അഭിപ്രായം ആണെന്ന് അർത്ഥശങ്കക്കിടയില്ലാതെ  ആവർത്തിച്ച് വ്യക്തമാകുന്ന ഈ ടീച്ചറെ സംരക്ഷിച്ചു നിർത്തേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണ്. ഇവരുടെ കോളേജിലെ തുടർന്നുള്ള നില നില്പ്പിനു വേണ്ടി പോരാടാൻ ഏറ്റവും സാധ്യതയുള്ളത് അവരുടെ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും തന്നെയാണ്. ഈ കടുത്ത സമ്മർദ്ദങ്ങൾടയിലും താൻ ഇട്ട കമ്മന്റ് ഡിലീറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുന്ന ഈ ടീച്ചർ പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. മലർ മിസിന്റെയും ശശികല ടീച്ചറിന്റെയും ആരാധകർക്ക് ഈ ടീച്ചറുടെ തെളിഞ്ഞ നിലപാടുകൾ മനസിലാകുമോ ആവോ...

ഫാസിസത്തിനും അനാചാരങ്ങൾക്കും എതിരെ ഉയരുന്ന ശബ്ദങ്ങളെ തോക്ക് കൊണ്ടും കുറുവടി കൊണ്ടും നിശബ്ദരാക്കുന്ന ഈ കെട്ട കാലത്ത്, നിവർന്ന നട്ടെല്ലും ഉറച്ച വാക്കുകളുമായി നക്ഷത്ര ശോഭയോടെ തന്റെ നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന ഈ അധ്യാപികയ്ക്ക് അച്ചായത്തരങ്ങളുടെ വക ഒരായിരം അഭിവാദ്യങ്ങൾ...

ഒരു കാര്യം കൂടി : ദീപ ടീച്ചർക്കുള്ള അതേ മൗലികാവകാശം തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാഹുൽ ഈശ്വറിനും ഉള്ളത്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതിന് അയാളുടെ കാറും മണ്ടയും എറിഞ്ഞു പൊട്ടിക്കുന്നതും ഫാസിസം തന്നെയാണ്.

റിവേഴ്സ് ഗിയർ : ഏതാനും വർഷങ്ങൾക്ക് മുൻപ് ചില വർഗീയ അജണ്ടകളുടെ പേരിൽ വർഗീയവാദികൾ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇവിടെ ഓർമ്മ വരുന്നു. അന്ന് ക്രൂരമായ അച്ചടക്ക നടപടികളിലൂടെ കോളേജ് മാനെജ്മെന്റ് സംഭവത്തിലെ യഥാർത്ഥ പ്രതികളോട് ഐകദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ദീപ ടീച്ചറിന് നേരെ പ്രയോഗിക്കാനുള്ള കൊടുവാളും അവരുടെ മാനേജ്മെന്റ്റ് രാകി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഗോമാംസ വിലക്കും ഗോവധ നിരോധനവും വിഷയമാക്കി എഴുതിയ പോസ്റ്റ്‌ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>>> "വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday 6 October 2015

"വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന യു പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്  മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയ വാർത്ത തെല്ലു നടുക്കത്തോടെയാണ് വായിച്ചു തീർത്തത്. അഖ് ലാഖിന്റെ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ ഒരു മകൻ രാജ്യസേവനം ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ ആണ്. ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കുകയും അദ്ദേഹത്തിന്റെ അച്ഛനെ കൊല്ലുകയും സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഒരു ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിക്കുകയും ചെയ്തിട്ടും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ വാ തുറന്നു ഒരക്ഷരം പറഞ്ഞില്ല. സംഭവത്തെ തുടർന്ന് സാധ്വി പ്രചി, സാക്ഷി മഹാരാജ് തുടങ്ങി പല ബി ജെ പി നേതാക്കളും പതിവ് വാക് അതിസാരവുമായി നാട് നിറഞ്ഞാടുന്നുമ്പോൾ ഇതിന് ഒരു സാധാരണ സംഭവം എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും ഭരണാധികാരികൾ കൊടുക്കുന്നത് കണ്ടില്ല എന്നതാണ് കൂടുതൽ നടുക്കിയത്.

സമ്പൂർണ്ണ ഗോവധ നിരോധനം സംഘ പരിവാറിന്റെ പ്രഖ്യാപിത അജണ്ടയായിട്ട് കാലമേറെയായെങ്കിലും, നിർബന്ധിത ഗോമാംസ വിലക്ക്, രാജ്യ വ്യാപക സമ്പൂർണ്ണ ഗോവധ നിരോധനം മുതലായ ആവശ്യങ്ങൾക്ക് വീണ്ടും ശക്തി പ്രാപിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിൽ  സമ്പൂർണ്ണ ഗോവധ നിരോധനം നടപ്പിലാക്കിയതോടെയാണ്. യഥാർത്ഥത്തിൽ ഇതൊരു പുതിയ നിയമമായിരുന്നില്ല. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുൻപ് മഹാരാഷ്ട്ര ഭരിച്ച ബി.ജെ.പി.ശിവസേന സര്‍ക്കാറാണ് കര്‍ശനമായ ഗോവധ നിരോധന ചട്ടങ്ങള്‍ നിയമസഭയിൽ അവതരിപ്പിച്ചത്. സമ്പൂര്‍ണ ഗോമാംസ നിരോധനം ലക്ഷ്യമിട്ട് പാസാക്കിയ ഈ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തെങ്കിലും 19 വർഷം അനുമതിയില്ലാതെ ഫയലിൽ കിടന്നു. ഇതിനിടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ഭരിച്ചെങ്കിലും ബില്ലിന് ശാപമോക്ഷം ലഭിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും മഹാരാഷ്ട്രയില്‍ ബി.ജെ.പി.ശിവസേന സഖ്യം അധികാരത്തിലെത്തിയപ്പോള്‍ പഴയ ബില്ലിന് ജീവൻ ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരവും കൂടി ലഭിച്ചതോടെ, മഹാരാഷ്ട്രയില്‍ മാംസത്തിനായി ഏതുപ്രായത്തിലുള്ള പശുവിനെയും കാളയെയും കശാപ്പുചെയ്യുന്നതും പശുവിന്റെയോ കാളയുടെയോ മാംസം ഭക്ഷണത്തിനുപയോഗിക്കുന്നതും ഇത് കൈവശം വെയ്ക്കുന്നതും കുറ്റകരമായി. അഞ്ചുകൊല്ലംവരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റം. 1976 മുതല്‍ മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നത് ഭാഗികമായി തടയുന്ന നിയമം നിലവിലുണ്ട്. പക്ഷെ, ആ നിയമപ്രകാരം, ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍, പാലുത്പാദനശേഷിയില്ലാത്ത പശുക്കളെയും അതി കഠിന ജോലിക്കുപയോഗിക്കാനാകാത്ത കാളകളെയും കന്നുകുട്ടികളെയും കൊല്ലാമായിരുന്നു. നിയമത്തിലെ ഈ പഴുതുകൾ ദുരുപയോഗംചെയ്യുന്നതു തടയാനാണ് 1995 ല്‍ കർശനമായ പുതിയ ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മഹാരാഷ്ട്രയില്‍ എന്‍.സി.പി.യൊഴികെ ബി.ജെ.പി.യും ശിവസേനയും കോണ്‍ഗ്രസ്സും പുതിയ നിയമത്തെ പിന്തുണക്കുന്നവർ ആണ്. 

ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഗോവധ നിരോധന നിയമം നിലവിലുണ്ട്. പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലൊക്കെ തന്നെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള കാലികളെ ഇറച്ചിയ്ക്കു വേണ്ടി ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ ഗോവധനിരോധം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവധ നിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഈ ചട്ടങ്ങൾ പാസാക്കിയെടുത്തത്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍, കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ സമീപനത്തോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം വിവിധ കന്നുകാലിയിനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്നും പശുക്കളുടെയും കന്നുകുട്ടികളുടെയും കശാപ്പ് നിരോധിക്കണമെന്നും, അതുപോലെ പാല്‍ തരുന്നതും ഭാരം വഹിക്കുന്നതുമായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്നും അവയുടെ കശാപ്പുതടയണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചതും, 'ഗോമാംസത്തിന്റെ' കച്ചവടം തടഞ്ഞതും മഹാരാഷ്ട്രയില്‍ മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏറെ പൊതു ജന രോഷത്തിനു വഴിയൊരുക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ട് വരുന്നതിന്റെ സാധ്യതയെ പറ്റി ആരായുക കൂടി ചെയ്തതോടെ ഈ വിഷയം ദേശീയ തലത്തിൽ വ്യാപക ചർച്ചയായി മാറി എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും ശാസ്ത്രീയസംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നതാണെങ്കിൽ പോലും, വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി ഗോവധ നിരോധനം തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയിരുന്ന കക്ഷികൾ ഭരണത്തിൽ വന്നപ്പോൾ കൊണ്ട് വന്ന കർശനമായ വിലക്ക്, ഗോമാംസം ഭക്ഷിച്ചിരുന്ന തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ഭീതി മതന്യൂനപക്ഷങ്ങളിലും ദളിതരിലും വളരാൻ കാരണമായി. ഇന്നലെ വരെ തങ്ങൾ കഴിച്ചിരുന്ന ഭക്ഷണം സൂക്ഷിക്കുന്നതോ കൈവശം വയ്ക്കുന്നതോ, അതീവ അപകടകാരിയും മാരകവുമായ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പോലെ തന്നെയാണ് നിയമം കാണുന്നത് എന്ന് വരുമ്പോൾ ഉണ്ടാകുന്ന മനോവ്യഥ ചെറുതല്ല.  

രാജ്യ വ്യാപകമായി ഗോവധ നിരോധനവും ഗോമാംസ വിലക്കും വീണ്ടും  ചർച്ചയായി മാറുന്ന ഈ അവസരത്തിൽ, അമിത വൈകാരികതയുടെയും തീവ്ര രാഷ്ട്രീയ നിലപാടുകളുടെയും മഞ്ഞക്കണ്ണട ഊരി മാറ്റിയിട്ട് നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ, ഉത്തരം തേടുന്ന ഒരു പാട് ചോദ്യങ്ങൾ വിശുദ്ധ പശു അവശേഷിപ്പിക്കുന്നു.... 

ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ? എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലില്ലേ ? ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? 

ഭരണഘടന അനുവദിച്ചു നൽകുന്ന ശാസ്ത്രീയമായ പരിരക്ഷണത്തിന്റെ ആനുകൂല്യം, വളര്‍ത്തുമൃഗങ്ങളില്‍ പശുവിനും കാളയ്ക്കും മാത്രം ലഭിക്കുമ്പോള്‍ പോത്തും ആടും കോഴിയും ഒക്കെ ഒഴിവാക്കപ്പെടുന്നത് ക്രൂരമായ പാർശ്വവൽക്കരണമല്ലെ ?

നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിൽ ഊന്നി താരതമ്യങ്ങൾ സാധ്യമല്ലാത്ത വിധം വൈവിധ്യം നിറഞ്ഞ മത വിശ്വാസങ്ങൾ, ഭക്ഷണശൈലി, സാമൂഹ്യ ജീവിത ശൈലി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ഭാഷകളും ഭാഷ ശൈലികളും, വസ്ത്ര ധാരണ ശൈലികൾ തുടങ്ങി എന്തിലും ഏതിലും സങ്കീർണ്ണത കരുതി വയ്ക്കുന്ന ഒരു ജനതയുടെ ഭക്ഷണരീതികളിൽ ഭരണകൂടം ഇടപെടുന്നത് നീതിപൂർവ്വകമാണോ ?

മതനിരപേക്ഷമായ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, പശുവിനെ മാതാവായി കാണുന്നവർ അങ്ങിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ ആടിനെയും പോത്തിനെയും കോഴിയെയും കാളയെയും ഭക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് അതിനും സ്വാതന്ത്ര്യം നൽകേണ്ടതല്ലേ ? അല്ലെങ്കിൽ നാളെ മറ്റ് ഏതെങ്കിലും മതവിഭാഗക്കാർ പന്നി അവരുടെ അമ്മാവനാണ്, കോഴി അവരുടെ അച്ഛനാണ്, ആട് കുഞ്ഞമ്മയാണ്, പോത്ത് അപ്പൂപ്പനാണ് എന്നൊക്കെ പറഞ്ഞു വന്നാൽ അതൊക്കെ നിരോധിക്കേണ്ടി വരില്ലേ ? 

കർശനമായ നിയമം മാട്ടിറച്ചിയുടെ വില വര്‍ധിപ്പിച്ച്, പൊതുവെ മാംസാഹാരികളായ ന്യൂന പക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം ദുരിതപ്പെടുത്താനുള്ള സാധ്യത സജീവമല്ലേ ? 

ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ബീഫ് കയറ്റുമതിയില്‍ നിന്നു കിട്ടുന്ന പണത്തിന് വിലക്കില്ലാത്ത രാജ്യത്താണ് ഒരു കഷണം ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നതിന്റെ പേരിൽ ഈ രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതിന്റെ ന്യായീകരണം എന്താണ് ?

അന്താരാഷ്ട്ര വിപണിയില്‍ വളരെയേറെ ആവശ്യക്കാർ ഉള്ള, ഇന്ത്യൻ ബീഫ്, തുകൽ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിയിലൂടെ ഒഴുകി വരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് നഷ്ടമാവില്ലേ ?

മാംസ വ്യാപാരത്തില്‍ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷസമുദായക്കാരും പിന്നോക്കക്കാരും ഇതു തങ്ങളോടുള്ള വിവേചനമാണെന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ ?

അറവുശാലകൾ, മാട്ടിറച്ചി വില്‍പ്പനശാലകൾ, മാട്ടിറച്ചി കയറ്റുമതി, തുകൽ സംസ്കരണം, എല്ല് സംസ്കരണം മുതലായ വ്യവസായങ്ങളിൽ പങ്കാളികളായ സംരഭകർ, തൊഴിലാളികൾ തുടങ്ങി ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു ജീവിതം വഴി മുട്ടില്ലേ ?

കശാപ്പ് ഒഴിവാക്കുന്നതിലൂടെ അതിജീവനം നേടുന്ന ലക്ഷക്കണക്കിന്‌ ഉരുക്കളെയും പാലുത്പാദനത്തിലും കാര്‍ഷികപ്രവൃത്തികളിലും ഉപയുക്തമാല്ലാതെ വരുന്ന കന്നുകാലികളെയും പാർപ്പിക്കാനും സംരക്ഷിക്കാനും വേണ്ടത്ര സാമ്പത്തിക ഭദ്രത കർഷകർക്കുണ്ടാകുമോ ? 

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതുമായി തട്ടിച്ചു നോക്കുമ്പോൾ വളർത്തു മൃഗസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഏതാണ്ട് മൂന്നു മടങ്ങാണ്. ഗോവധ നിരോധനം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് ശ്രദ്ധയോടെ പഠിക്കേണ്ട വിഷയമല്ലെ ?

കശാപ്പു നിരോധനം മൂലം നിയന്ത്രണാതീതമായി പെരുകുന്ന ഉരുക്കൾക്ക് ഭ്രാന്തിപ്പശു രോഗം, കുളമ്പു രോഗം, അകിടുവീക്കം, ആന്ത്രാക്സ്  മുതലായ പകർച്ച വ്യാധികൾ പടര്ന്നു പിടിച്ചാൽ ഇവയെ കൊല്ലാൻ നിയമം അനുവദിക്കുമോ ?

മാട്ടിറച്ചി ഭക്ഷിക്കുന്നതിലൂടെ ലഭിച്ചിരുന്ന ജന്തുജന്യ പ്രോട്ടീനിന്റെ അഭാവം, പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ വർദ്ധിക്കാൻ  ഇടയാക്കില്ലേ ? 

ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയ്യാൻ പാടില്ലാത്തത് പോലെ തന്നെ പ്രധാനമല്ലേ, ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ജനതയുടെ ഭക്ഷണശൈലിയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് കൈ കടത്താതിരിക്കുക എന്നതും ? ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ നീചവും നിന്ദ്യവും അധാര്‍മികവും ജനാധിപത്യ ധ്വംസനവുമല്ലെ ? ഇത് വഴി ലിബറല്‍ ആശയങ്ങൾ കുഴിച്ചു മൂടപ്പെടുകയും ഒരു തരം വിവേചനബോധവും അരക്ഷിതബോധവും വളർന്നു വരികയും ചെയ്യില്ലേ ? 

അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ആധുനിക ജനാധിപത്യ ഭരണകൂടം ഒഴിഞ്ഞുമാറുന്നത് ശരിയാണോ ?

STOP PRESS : ഭരണഘടനാപരമായി ഇതൊരു സംസ്ഥാന വിഷയമായതിനാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാകാൻ എന്തായാലും കുറെയേറെ സമയം എടുക്കും...അക്കൗണ്ട്‌ ഒന്ന് തുറന്ന് നിയമസഭയിൽ കയറിയാലല്ലേ ഇതൊക്കെ നടക്കൂ...പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമായി കരുതുന്ന മലയാളി, ബീഫ് കിട്ടില്ല എന്ന സാഹചര്യം മുന്നിൽ കണ്ടാൽ പിന്നെ അക്കൗണ്ട്‌ തുറക്കാൻ സമ്മതിക്കുമോ എന്ന് കണ്ടു തന്നെ അറിയണം....മാത്രവുമല്ല, എനിക്ക് പശു - കാള ഇറച്ചിയോട് വല്യ താൽപ്പര്യം ഇല്ലാത്തതിനാൽ ഗോമാംസ നിരോധനം വന്നാലും കുഴപ്പമില്ല....ഞാൻ ബാക്കിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം...യേത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday 5 October 2015

ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

മോഡിയും അമിത് ഷായും ചേർന്ന് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി വിട്ട ശേഷം വെള്ളാപ്പള്ളി നടേശൻ നാവെടുത്ത്‌ അമ്മാനമാടുകയാണ്. വെട്ടു കൊള്ളാത്തവരില്ല കുരിക്കളിൽ എന്ന മട്ടിൽ ആരെയും വിടാതെ വെട്ടി വീഴ്ത്തുകയാണ്.

വി.എസ്.അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ രണ്ടു മുന്നണികൾക്കിട്ടും മേട്ടം കൊടുത്തു. ഈഴവസമുദായത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണ് അച്യുതാനന്ദന്‍ എന്നും സവര്‍ണമേധാവികള്‍ എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്ത് എൽ ഡി എഫിനെ കുറേക്കൂടി കടന്നാക്രമിച്ചു. ഇമ്മാതിരി പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കേരള പൊതു മണ്ഡലത്തിൽ ഉറക്കെ കേൾക്കുന്നത് ആദ്യമായൊന്നുമല്ല. ഇടതു വലതു ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരെ നല്ലതല്ലാത്ത പദപ്രയോഗങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളി മെത്രാനെ നികൃഷ്ടജീവി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്  എൻ കെ പ്രേമചന്ദ്രനെ "പരനാറി" എന്ന് വിളിച്ചപ്പോഴുമാണ് പൊതു രംഗത്തുള്ളവർ നാക്ക്‌ മോശമായി ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ ചർച്ച നടന്നത്. ചില സന്ദർഭങ്ങളിൽ മുദ്രാവാക്യങ്ങളിൽ പോലും മാന്യതയുടെ നിലവാരം തീരെ താഴെ പോകാറുണ്ട്. ഇവിടെയും ഈ നിലവാരത്തകർച്ചയ്ക്കു ഇടതു വലതു പക്ഷ ഭേദമില്ല എന്നതു ശ്രദ്ധേയമാണ്. 

രാഷ്ട്രീയം ഇത്ര കണ്ടു ജീർണ്ണിക്കുന്നതിനു മുൻപ് തന്നെ ഈ സാംസ്കാരികശൂന്യത നില നിന്നിരുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ നിരീക്ഷിച്ചതനുസരിച്ച് സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താവണം.

തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭൂതകാലത്ത് എ.കെ. ഗോപാലന്‍ രോഗക്കിടക്ക വിട്ടു ആരോഗ്യവാനായി വന്നത് സഹിക്കാതെ പോയ അന്നത്തെ കോണ്‍ഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു “കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്നത്. 

ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ കോണ്‍ഗ്രസുകാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന വെന്തിങ്ങാ ക്രിസ്ത്യാനികൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ശരീഅത്ത് വിവാദകാലത്ത് ഈ എം എസ്സിനെതിരെ “രണ്ടുംകെട്ടും നാലുംകെട്ടും ഇ.എമ്മെസിന്റെ ഓളേം കെട്ടും” എന്ന് വിളിച്ചതും വലതു പക്ഷം തന്നെ. 

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

"വര്‍ഷം പത്തു കഴിഞ്ഞോട്ടെ
ഈ പിള്ളേരൊന്നു വളര്‍ന്നോട്ടെ
ഈ എം എസ്സിനെ ഈയല് പോലെ

ഇല്ലത്തേക്ക് പറപ്പിക്കും" എന്ന് കോണ്‍വെന്റ് സ്കൂൾ പിള്ളേരെക്കൊണ്ട്‌ വരെ എട്ടു പറയിപ്പിച്ചത് ആദർശത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന ഏ കെ ആന്റണിയും അന്നത്തെ വലതു പക്ഷ വിദ്യാർഥി നേതാവായിരുന്ന വയലാർ രവിയും സംഘവും ആണ്. 

പിന്നീട് തൊണ്ണൂറുകളിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകിയ ഇടതുവിദ്യാർത്ഥി സമരത്തിലാണ് താഴെപ്പറയുന്ന മുദ്രാവാക്യങ്ങൾ കേട്ടത്...

"കേരള നാട്ടിലെ വിദ്യാഭ്യാസം 
എസ് എന്‍ ഡി പി സംഘക്കാര്‍ക്കും
പാലായിലെ പാതിരിമാര്‍ക്കും
കണ്ണൂരിലെ കേയിമാര്‍ക്കും
സമസ്ത കേരള നായന്മാര്‍ക്കും
എന്‍ ആര്‍ ഐ വ്യവസ്സായിക്കും
വിറ്റ് തുലക്കാന്‍ തുനിയുന്ന
ഈ ടി മുഹമ്മദ്‌ പരനാറി 
കെ കരുണാകര കഴുവേറി
കൊടിവച്ചൊരു മന്ത്രിക്കാറുകള്‍
കേരള നാട്ടില്‍ പായണമെങ്കില്‍
ഞങ്ങടെയെല്ലാം ജാമ്യം വേണം"

"മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ 
കയറിയിരിക്കും മണ്ട ശിരോമണി
ഇ ടി മുഹമ്മദ്‌ പരനാറി
നിന്നെ പിന്നെ കണ്ടോളാം"

"പദ്മജമോളുടെ കോണം കഴുകിയ പോലീസേ 
നിങ്ങൾക്കിനിയും മാപ്പില്ല..".

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ മനോഹാരിത കാണാൻ ക്ലിക്ക് ചെയ്യൂ =>>> <<<നേതാക്കന്മാരുടെ നാക്ക് പയറ്റ്>>>

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക