ഞാൻ വെറും പോഴൻ

Monday 15 December 2014

നമ്മളെ ഭരിക്കുന്നവരുടെ തലയ്‌ക്കുള്ളില്‍ തെര്‍മോക്കോളാണോ !!??

A.D. 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം ആരംഭിക്കുന്നത്. ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. ഗണിതശാസ്ത്രം, തത്വശാസ്ത്രം, വാനശാസ്ത്രം, ഭാഷാപാണ്ഡിത്യം, ചിത്രകല എന്നിവയിൽ അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്ന ഇദ്ദേഹത്തെ ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.  സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയപ്പോള്‍ ദില്ലിയിലെ ജനങ്ങളെയും അവരുടെ വസ്തുവകകളും കൂടി ദൗലത്താബാദിലേയ്ക്ക് മാറ്റിയതും കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും എല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചരിത്ര സ്നേഹം കൊണ്ടൊന്നുമല്ല; ഈ ദിവസങ്ങളിൽ കാണുന്ന ചില പത്ര വാർത്തകൾ വായിച്ചിട്ടാണ്. 

എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യത്തെ മുൻ നിർത്തി സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നായിരുന്നു ഒരു വാർത്ത.  പകരം പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാൻ പോകുന്നത്രേ. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും. സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാള്‍ വളരെ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ലാത്തത് കൊണ്ട് ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ലത്രേ.  പ്ലസ് ടു കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. പ്ലസ് ടുവിന്റെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കുമ്പോള്‍, ഉദാരമായി മാര്‍ക്ക് കിട്ടുന്ന, കേരള സിലബസ് പഠിപ്പിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ കുട്ടികള്‍ കൂടുതലായി എത്തുമെന്നാണ് കണ്ടെത്തൽ. കേരള സിലബസിനെ അപേക്ഷിച്ച് മൂല്യ നിർണ്ണയം കടുപ്പമായ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മുതലായ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതോടെ കേരള എൻട്രൻസ് കിട്ടാനുള്ള സാധ്യത കുറയും. മുട്ടിനു മുട്ടിനു സ്വാശ്രയ കോളേജുകൾ അനുവദിച്ചതിന്റെ തിക്ത ഫലമാണ് വിദ്യാർഥി ക്ഷാമത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളു. 

സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്നാണ് അടുത്ത വാർത്ത. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്നാണ്‌ സർക്കാർ ഭാഷ്യം. കടം കയറി പൂട്ടാൻ ഒരുങ്ങി നിൽക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ കുറേക്കൂടി  ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. 

ഇത്തരം പരിഷ്കാരങ്ങളെ ഒക്കെ തുഗ്ലക്ക്‌ പരിഷ്കാരം എന്ന് വിളിച്ചാല്‍ തുഗ്ലക്ക്‌ പോലും ക്ഷമിക്കാന്‍ വഴിയില്ല. കാരണം തുഗ്ലക്ക്‌ പരിഷ്കാരങ്ങളെക്കാള്‍ വിഡ്ഢിത്തമാണ് ഇപ്പോൾ കൊണ്ട് വരുന്ന ചില പരിഷ്കാരങ്ങൾ. തലയിൽ തലച്ചോറിനു പകരം തെർമോക്കോൾ നിറച്ചു വച്ചിട്ട് അത് കൊണ്ട് ചിന്തിക്കുന്ന നമ്മുടെ അധികാരികളും ആസൂത്രണ വിദഗ്ദ്ധന്മാരുമാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പ്രൊഫൈലിൽ നിന്നും ഒരു വാർത്ത പുറത്തു വന്നിരുന്നു. വിവാഹിതരാകാൻ പോകുന്ന സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്‌മൂലം പിന്നീട്‌ നൽകണമെന്നും സര്‍ക്കാര്‍ നിർദ്ദേശം ആയിരുന്നു അത്. സ്‌ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്‌  എന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം, സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതിനായി, ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും കൂടി ഒപ്പു വെച്ച സത്യവാങ്‌മൂലം വകുപ്പ്‌ മേധാവിക്ക്‌ നൽകണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിർബ്ബന്ധമായി പാലിക്കപ്പെടേണ്ടതാണെന്നും ഇത് സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന അനേകം പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും എന്നായിരിക്കണം ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നിൽ എന്ന് കരുതാം. അന്ന് സോഷ്യൽ മീഡിയയിൽ അനേകം ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയ ഈ നിർദ്ദേശം ഇപ്പോൾ ചത്തോ ജീവിച്ചോ എന്ന് ആർക്കറിയാം.  ഇതെങ്ങാൻ പ്രാബല്യത്തിൽ വന്നാൽ, ഇത് കൊണ്ടുണ്ടാവാന്‍ പോകുന്ന ചില പ്രായോഗിക പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം.

സ്ത്രീ വീടിന്‍റെ വിളക്കാണ്, ഐശ്വര്യമാണ്, സ്ത്രീ തന്നെ ധനമായിരിക്കെ പിന്നെന്തു സ്ത്രീധനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വടം വിളിച്ചു പറഞ്ഞിട്ട്,  സ്ത്രീധനം കൊടുക്കുക വാങ്ങുക എന്നത് ഈ സമൂഹത്തില്‍ വളരെയേറെ വേര് പിടിച്ചു വളര്‍ന്നു നില്‍ക്കുന്ന സാമൂഹിക അനാചാരമാണ്. എന്തൊക്കെ നിയമം വന്നാലും, അധിക പക്ഷവും, ചെറുക്കന്‍ വീട്ടുകാരുടെയും പെണ്‍ വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നടക്കുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതിനും മാത്രം പഴുതുകള്‍ ഇത് സംബന്ധിച്ച  നിയമത്തില്‍ ഉണ്ടെന്നത് കൊണ്ട്, തികച്ചും നിയമ വിരുദ്ധമായ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം നിര്‍ദ്ദിഷ്ട "അ"സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യും. പിന്നെ, ഒരച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹ സമ്മാനം എങ്ങിനെയാണ് നിയമവിരുദ്ധ സ്ത്രീധനം ആവുക. വിവാഹം നടക്കണമെങ്കില്‍ ഇത്ര തുക കിട്ടിയാലേ പറ്റൂ എന്ന്  ശഠിക്കുമ്പോഴാണ് അത് നിയമ വിരുദ്ധമാവാന്‍ പാടുള്ളൂ.  പൂര്‍ണ്ണ മനസ്സോടെ അതി വാല്‍സല്യപൂര്‍വ്വം വിവാഹ സമ്മാനം നല്‍കുമ്പോള്‍ നിയമം വഴി അതിനെ എതിര്‍ക്കുന്നതോ തടയുന്നതോ ശരിയാണോ ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍ ആണെന്നിരിക്കെ സ്വന്തം പിതൃസ്വത്തിലുള്ള പെണ്‍കുട്ടിയുടെ അവകാശം വിവാഹ സമയത്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തീരുമാനിക്കുകയും അത് കൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ സ്ത്രീധനം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലേ. അങ്ങിനെ വ്യാഖ്യാനിച്ചാല്‍, എഴുതി ഒപ്പിട്ടു നല്‍കുന്ന സത്യവാങ്ങ്മൂലം അസത്യമാവുകയില്ലേ...

പ്രണയ ബന്ധത്തോടനുബന്ധിച്ചോ അതല്ലാത്ത മറ്റേതെങ്കിലും സാഹചര്യത്തിലോ വീട്ടുകാരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് ഈ നടപടി കൊണ്ട് ഉണ്ടാവാന്‍ പോകുന്ന പ്രായോഗിക ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. തങ്ങളെ ധിക്കരിച്ചു വിവാഹിതരായ മക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഒരു അവസരം തേടിയിരിക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയൊരു സത്യവാങ്ങ്മൂലം  ഒപ്പിട്ട് കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ നോക്കിയാല്‍, പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം  പുരോഗമന പരമായോ പ്രകോപന പരമായോ വിവാഹിതരായാല്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടും എന്ന അവസ്ഥ വരാന്‍ ഇടയുണ്ട്. ഏതെന്കിലും കാരണത്താല്‍ ഒരു കോടതി വ്യവഹാരത്തില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കേണ്ടി വരുന്ന അവസരത്തില്‍, വിവാഹം നടക്കാനുള്ള നിയമ നിബന്ധനയുടെ പേരില്‍ ഒപ്പിട്ടു കൊടുത്ത സത്യവാങ്ങ്മൂലം തന്നെ എതിര്‍ സാക്ഷ്യമായി പോകാന്‍ വഴിയുണ്ട്. 

നമ്മുടെ ഭരണാധികാരികള്‍  ആദ്യമായിട്ടൊന്നുമല്ല ഇത്തരം നടപടികള്‍ മുന്നോട്ടു വക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള പോഴത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ അമിതമായി ഹോണ്‍ മുഴക്കുന്നതു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംങ് ഇന്ത്യന്‍ കൊച്ചി ചാപ്റ്റര്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന ഗതാഗത മന്ത്രി, വാഹനങ്ങളില്‍ ബോഷ് ഹോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച്  സര്‍ക്കാര്‍ ആലോചിക്കുമെന്നു  പ്രഖ്യാപിച്ചിട്ടു അധികം കാലമായില്ല. ജനമധ്യത്തില്‍ ചീറിപ്പായുന്ന മിക്കവാറും സര്‍ക്കാര്‍ വണ്ടികളിലും ഇത്തരം ഹോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അത് മനസ്സിലായത്‌ കൊണ്ടായിരിക്കും,  ഇത് വരെ ഉത്തരവ് പുറത്തു വന്നില്ല.

അതുപോലെ, സിനിമയിൽ ഒരു കഥാപാത്രം ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ ആ സീനിൽ അഭിനയിച്ച നടനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നടപടിയെടുക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ നീക്കവും നടപ്പാക്കിയതായി അറിവില്ല. യഥാർഥ സാഹചര്യങ്ങളിൽ മാത്രം പ്രവർത്തനക്ഷമമാവുന്ന ഒന്നാണ്‌ നിയമം എന്നിരിക്കെ, സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ചു ഹെൽമറ്റ്‌ ധരിക്കാതെ ടു വീലര്‍ ഓടിക്കുന്ന നടനെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയുമെന്നത്‌ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അങ്ങനെ നോക്കിയാല്‍ ബാലന്‍ കെ നായരും ജോസ് പ്രകാശും ഭീമന്‍ രഘുവും തുടങ്ങി ഒട്ടു മിക്ക സിനിമാ നടന്മാരും ഇപ്പോഴേ വധശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു.

മേല്‍ പറഞ്ഞതെല്ലാം, നടപ്പിലാവാത്ത നിര്‍ദ്ദേശങ്ങള്‍ ആണെങ്കില്‍ നടപ്പിലായ ഒരു ആന മണ്ടത്തരം ഉണ്ട്. വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റ് എന്ന പരിപാടിയാണത്. ഇന്നേ വരെ ഒരു വണ്ടിക്കും അനുവദനീയമായ അളവില്‍ കൂടുതല്‍ പുക ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവരും, പോലീസ് പിടിക്കുമ്പോള്‍ നൂറു രൂപ പോകാതിരിക്കാനായി ഈ സര്‍ട്ടിഫിക്കറ്റ് ഒരെണ്ണം സംഘടിപ്പിച്ചു വണ്ടിയില്‍ സൂക്ഷിക്കുന്നു. വാഹനമില്ലെങ്കിലും രേഖകളില്ലെങ്കിലും പണം കൊടുത്താല്‍ ഏത് വണ്ടിക്കും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമത്തിന്റെ ഉദ്ദേശവും പരിസ്ഥിതി സംരക്ഷണവും ഒക്കെ കട്ടപ്പുക.

ഇങ്ങനെ എന്തെല്ലാം പ്രഹസനങ്ങള്‍....സഹിക്കുക തന്നെ....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 11 December 2014

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എഴുതിത്തള്ളാന്‍ ആര്‍ക്കാണിത്ര തിടുക്കം !!!! ?????

മലയാള സിനിമയിലെ രണ്ടു താരങ്ങളെ പറ്റി ഏതാനും മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ച് വൈറലായ രണ്ടു ഓണ്‍ലൈൻ വാര്‍ത്ത‍കളാണ് താഴെ. 

1. ദ ഇന്ത്യന്‍ റീഡറിന്റെ പ്രവചനം ശരി; മമ്മൂട്ടിയുടെ അഭിനയജീവിതം അവസാനിച്ചു; ഇനി മുന്‍ നടനും കൈരളി ചെയര്‍മാനും മാത്രം (19.03.2014)

നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതം അവസാനിച്ചുവെന്ന് കണക്കുകളുടെയും വസ്തുകളുടേയും അടിസ്ഥാനത്തില്‍ 'ദ ഇന്ത്യന്‍ റീഡര്‍'

ഈ വാര്‍ത്തയുടെ ലിങ്ക്  
2. ദൃശ്യത്തിന്റെ വിജയം രക്ഷിച്ചത് മോഹന്‍ലാലെന്ന നടനെ (21.03.2014)
തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്നും പരാജയങ്ങളിലേക്ക് വീണ്ടുകൊണ്ടിരുന്ന മോഹന്‍ലാലിന് ജീവവായുവായിരുന്നു ദൃശ്യം 

ഈ വാര്‍ത്തയുടെ ലിങ്ക് 

മമ്മൂട്ടിയെപ്പറ്റിയുള്ള വാര്‍ത്തയുടെ കാതല്‍ ഇതാണ്. "ദ ഇന്ത്യന്‍ റീഡര്‍ നേരത്തെ കൊടുത്തിരുന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നുവെന്നാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ ഗതി ചൂണ്ടിക്കാട്ടുന്നത്. 2013ല്‍ അവസാനമിറങ്ങിയ ബാല്യകാലസഖിയുടെ വമ്പന്‍ പരാജയം മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന് നല്‍കിയ തിരിച്ചടി ചെറുതല്ല. ഇതിന്റെ പരാജയം സൂപ്പര്‍ താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ നിലനില്‍പ്പുതന്ന പ്രതിസന്ധിയിലാക്കി. ഈ വര്‍ഷം മൂന്നുമാസം പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതുതന്നെ മമ്മൂട്ടിക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതെന്നു പറഞ്ഞ് ആദ്യം പുറത്തിറങ്ങാനിരിക്കുന്ന 'പ്രൈസ് ദ ലോര്‍ഡ്' ന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ നിരാശയിലാണ്. പിന്നീടങ്ങോട്ട്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ കണക്കുകള്‍ പരിശോധിച്ചാലും നടനെന്ന നിലയില്‍ മമ്മൂട്ടി പരാജയമായിരുന്നു എന്നു സൂചിപ്പിക്കുന്ന കുറെ സിനിമകളുടെ വിവരങ്ങള്‍. അഭിനയിച്ച പടങ്ങള്‍ ഒട്ടു മിക്കതും പരാജയമായിരുന്നു എന്നാണു സൈറ്റ് പറയുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം നേടിയ അസൂയാവഹമായ വിജയം മമ്മൂട്ടി ആരാധകരെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബാല്യകാലസഖിയില്‍ ഒരു ചരിത്ര വിജയം സ്വപ്‌നംകണ്ട അവര്‍ക്ക് നിരാശയായിരുന്നു ഫലം. വിജയപരാജയങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പതിറ്റാണ്ടിലേറെയായി മമ്മൂട്ടി പരാജയപ്പെടുകയാണെന്നുകാണാം. അഭിനയജീവിത്തിന്റെ അന്ത്യത്തിലേക്കെത്തിയ മമ്മൂട്ടിക്കു മുന്നിലുള്ളത് ഇനി മുന്‍ നടനായി തുടരുകയാണ്. മുന്‍ നടനും കൈരളി ചെയര്‍മാനുമായി ഈ സൂപ്പര്‍ താരത്തിന് വിരാജിക്കാം...അങ്ങനെ പോകുന്നു സൈറ്റിന്റെ കണ്ടെത്തലുകള്‍.....

മോഹന്‍ ലാലിനെപ്പറ്റിയുള്ള വാര്‍ത്തയുടെ ചുരുക്കം ഇതാണ്.  " മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായി മാറിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ മോഹന്‍ലാലെന്ന നടന് പുതുജീവനാണ് നല്‍കിയത്. തുര്‍ച്ചയായ പരാജയങ്ങള്‍ നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്തു വന്ന അവസരത്തിലായിരുന്നു ദൃശ്യത്തിന്റെ വിജയമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇവിടെയും മോഹന്‍ലാലിന്റെ കാരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ചകള്‍, വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളുടെ കണക്കുകള്‍ വച്ച് സൈറ്റ്‌ വിശകലനം ചെയ്യുന്നു. മോഹന്‍ലാലെന്ന സൂപ്പര്‍താരം പിറക്കുന്നതുതന്നെ എണ്‍പതുകളിലായിരുന്നു എന്നും പിന്നീടദ്ദേഹം തൊടുന്നതെല്ലാം പൊന്നായി എന്നും എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാലെന്ന നടനിലൂടെ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നുമൊക്കെ സൈറ്റ്‌ കണ്ടെത്തുന്നു. പരാജയങ്ങളുടെ തുടര്‍ച്ചയില്‍നിന്നു രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ലാലിന്  ജീവവായുപോലെ 'ദൃശ്യംഎന്ന മികച്ച ചിത്രം വീണുകിട്ടിയത് എന്നും ഈ വിജയത്തിന്റെ ബലത്തില്‍ മോഹന്‍ലാലിന് കുറേനാള്‍കൂടി മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാം എന്നും കൂടി സ്ഥാപിക്കാന്‍ 
സൈറ്റ്‌ ശ്രമിക്കുന്നു....

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എഴുതിത്തള്ളാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് ഒന്ന് പറഞ്ഞോട്ടെ :

·   ഞാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനേ അല്ല; അതേ സമയം രണ്ടു പേരുടെയും നല്ല കഥാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. 

·   അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ 1971ൽ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന മമ്മൂട്ടി, കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രം അഭിനയലോകത്തു തന്‍റേതായ ഒരു കസേര സ്വന്തമാക്കുകയായിരുന്നു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശേഷം ഉജ്ജ്വല കഥാപാത്രങ്ങളിലൂടെ ആധുനിക മലയാള ചലച്ചിത്ര അഭിനയ രംഗത്തെ നിത്യ സാന്നിദ്ധ്യമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, ഡോക്ടറേറ്റ്‌, ഡി ലിറ്റ്‌ മുതല്‍ ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത  പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ മുൻനിരക്കാരന്‍ ആകാനും ആ സ്ഥാനം നില നിര്‍ത്താനും അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയർ തന്നെ സാക്ഷ്യം.  സൂപ്പർതാരപദവിയിൽ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിനെ അതിജീവിക്കാൻ കെല്പുണ്ടാവുക, ദീര്‍ഘ കാലം സൂപ്പർ താരപദവിയിൽ തുടരുക തുടങ്ങിയവ അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ഷഷ്ടിപൂര്‍ത്തിക്കടുത്ത് പ്രായമെത്തിയ മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാൻ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായൊരുക്കിയ ഡോ.അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താൻ ഒരു ദേശീയ നടനാണെന്നും തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം തന്നെ നടത്തിയ മമ്മൂട്ടി ഒരു മലയാളി നടന്റെ പരിമിതികളെ ചവിട്ടി മെതിച്ചു കൊണ്ടാണ് അംബേദ്കർക്ക് ജീവൻ നൽകിയത്. തമിഴിലും അദ്ദേഹം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

·   ഇത് പോലെ തന്നെ സ്വതസിദ്ധമായ വളരെയേറെ പ്രത്യേകതകള്‍ ഉള്ള നടന പ്രതിഭയാണ് മോഹന്‍ ലാലും. 1978 ല്‍ ലാലിന്റെ സുഹൃത്തുക്കള്‍ തന്നെ നിര്‍മ്മിച്ച തിരനോട്ടം എന്ന സിനിമയില്‍ ഒരു  ഹാസ്യകഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അദ്ദേഹം അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ 1980 ല്‍ പുറത്തിറങ്ങിയ "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍" ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അയത്ന ലളിതവും അതീവ സ്വാഭാവികതയുള്ളതുമായ അഭിനയശൈലിയും നര്‍മ്മരസ പ്രധാനമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തന്മയത്വവും ആയിരുന്നു 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ  അല്ലെങ്കിൽ ലാലേട്ടൻ  എന്ന് ആരാധകര്‍ വിളിക്കുന്ന  മോഹൻലാലിന്റെ ആദ്യകാല കഥാപാത്രങ്ങളെ തങ്ങളുടെ അയല്‍പക്കത്തെ പയ്യന്‍ എന്ന  രീതിയിലാണ് ജനങ്ങള്‍ നെഞ്ചേറ്റിയത്. പിന്നീടങ്ങോട്ട് വളരെ ഗൌരവം നിറഞ്ഞ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടുന്ന ഉജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ എണ്ണത്തിലെ വളർച്ചയും അദ്ദേഹത്തെ തമിഴിലും ഹിന്ദിയിലും പ്രശസ്തനാക്കി. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. അഭിനയത്തിനും സിനിമാ നിര്‍മ്മാണത്തിനുമുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, ചെറുതും വലുതുമായ മറ്റു പുരസ്കാരങ്ങള്‍, പദ്മശ്രീ, ഡോക്ടറേറ്റ്‌, ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) മുതലായ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്.


മേല്‍പ്പറഞ്ഞവയൊക്കെ ഈ പ്രതിഭകളുടെ വളരെ കുറച്ചു പ്രത്യേകതകള്‍ മാത്രമാണ്.


ഇവര്‍  അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി പരാജയമാകുന്നു എന്നത് കൊണ്ട് മാത്രം ഇവര്‍ മുന്‍ നടന്‍മാര്‍ മാത്രമായി പോകും എന്നു ചിന്തിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഏതെന്കിലും ഒരു സിനിമയുടെ വിജയമാണ് ഇവരെ ഈ രംഗത്ത് ജീവശ്വാസം നല്‍കി നില നിര്‍ത്തുന്നത് എന്നുള്ള കണ്ടു പിടുത്തവും അതി വിചിത്രമാണ്.

മധു, സോമന്‍, സുകുമാരന്‍, പ്രതാപ്‌ പോത്തന്‍, രതീഷ്‌, ശങ്കര്‍ തുടങ്ങിയവര്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായകന്മാര്‍ ആയിരുന്നിട്ടു പിന്നെ മറ്റു ശ്രദ്ധേയമായ സഹ വേഷങ്ങള്‍ ചെയ്തു തിളങ്ങിയവരാണ്. അത് പോലെ തിലകന്‍, ജഗതി, നെടുമുടി വേണു, ഒടുവില്‍ മുതലായവര്‍ സിനിമയിലെ അനശ്വര വ്യക്തിത്വങ്ങള്‍ ആയതും നായകവേഷങ്ങള്‍ ചെയ്തത് കൊണ്ടല്ല. പിന്നെ ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍ എന്നതൊന്നും പ്രതിഭയുടെ മുന്‍പില്‍ വലിയ കാര്യങ്ങള്‍ അല്ല. ഭരത് ഗോപി, ടി ജി രവി, ജോസ് പ്രകാശ്‌, ഉമ്മര്‍, ബാലന്‍ കെ നായര്‍, രവീന്ദ്രന്‍ ഇവരൊക്കെ വര്‍ഷങ്ങളോളം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിട്ട് വീണ്ടും വന്നു അഭിനയ മികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. 

മമ്മൂട്ടിയായാലും മോഹന്‍ ലാല്‍ ആയാലും കുട്ടി കുസൃതികളും മരം ചുറ്റി പ്രേമവും ഉപേക്ഷിച്ചു  തങ്ങളുടെ പ്രായത്തെ അംഗീകരിച്ചു അതിനനുസ്സരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ ഏതൊക്കെ മാധ്യമങ്ങളും ലോബികളും അവിശുദ്ധമായി കൈ കോര്‍ത്താലും ഇവരെ മരിക്കുന്നത് വരെ കരക്കിരുത്താന്‍ ആര്‍ക്കുമാകില്ല. കഥാപാത്ര ശൈലീമാറ്റത്തിന്  ഇവര്‍ക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക ബോളിവുഡ് ബിഗ്‌ ബി സാക്ഷാല്‍ അമിതാബ് ബച്ചന്‍ തന്നെയാണ്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍പുള്ള താരനായകന്‍ പ്രേം നസീര്‍ ഈ പ്രായത്തില്‍ സ്വയം അച്ഛന്‍ വേഷങ്ങളിലേക്ക് പിന്‍വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എങ്ങനെയൊക്കെ നോക്കിയാലും  കൊട്ടക എന്ന നാല് ചുവരുകള്‍ക്കിടയിലുള്ള യഥാര്‍ഥ സിനിമാ ലോകത്ത് ആളെക്കൂട്ടുന്നതില്‍ നമ്മുടെ പരമ്പരാഗത  സൂപ്പര്‍താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുക തന്നെയാണ്‌. ഒരു പ്രാഞ്ചിയേട്ടനും ദൃശ്യവും ഒക്കെ ഇടക്കാലാശ്വാസങ്ങള്‍ മാത്രമാണെന്നത് സത്യവുമാണ്. ഇവരെ വച്ച് സിനിമ ചെയ്യുന്നവര്‍ ഇത്‌ മനസിലാക്കിയില്ലെങ്കിലും ഇവരെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷെ , അടിമുടി ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ഥമായി നീങ്ങിയാല്‍ മലയാള സിനിമയില്‍ നിലക്കാത്ത വിസ്മയക്കാഴ്ചകള്‍ ആയിരിക്കും അവര്‍ക്ക് ഇനിയും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാന്‍ ആവുക. തങ്ങളുടെ പ്രായത്തിനും രൂപത്തിനും ഇണങ്ങുന്ന നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമാ രംഗത്ത് അവർ ചിരംജീവികൾ ആവട്ടെ എന്നാണ് ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 8 November 2014

ബലം പ്രയോഗിച്ചു, എന്നാല്‍ ബലാൽസംഗം അല്ല : നമ്മുടെ കോടതികൾക്കെന്തു പറ്റി ?

2011- ൽ, പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന്,  ജഡ്‌ജിമാരെ ശുംഭന്‍ എന്ന് വിളിച്ചുകൊണ്ട്  ജയരാജന്‍ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് തെല്ലു നീരസമാണ് തോന്നിയത്. പിന്നീട്, ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറു മാസം കഠിന തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2013- ൽ സൂര്യനെല്ലി പെൺകുട്ടിക്കെതിരെയുള്ള ജസ്‌റ്റിസ്‌ ബസന്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിക്കവേ, ജസ്‌റ്റിസ്‌ ബസന്ത്‌ ബുദ്ധിമാനായ ശുംഭനാണെന്നും അഭിമാനമുള്ള സ്‌ത്രീകൾ അദ്ദേഹത്തെ കുറ്റിച്ചൂൽകൊണ്ടു നേരിടണമെന്നും ജയരാജൻ പ്രസ്താവിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ ന്യായാധിപന്മാർ മൊഴിഞ്ഞപ്പോൾ അത് കേട്ട് ചുമ്മാ വിടലച്ചിരിയുമായി നിന്ന കേരള സമൂഹത്തിൽ വേറിട്ട്‌ കേട്ട ഒരു ശബ്ദം ഈ ജയരാജന്റെതായിരുന്നു. ജീവിതത്തിൽ ആദ്യമായി സി. പി. എം സംസ്ഥാന സമിതി അംഗം സഖാവ് എം വി ജയരാജനോട് ഒരു മതിപ്പ് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയെ പറ്റി മംഗളം ദിനപത്രത്തിൽ വായിച്ചപ്പോൾ എം വി ജയരാജനെ ചുമ്മാ ഒന്ന് സ്മരിച്ചു.

അറുപതു വയസുകാരിയെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ട്‌ ഡല്‍ഹി ഹൈക്കോടതിയുടെ വിവാദ വിധി. വിധി പ്രസ്‌താവത്തിലെ ചില പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിനും തിരികൊളുത്തി. മദ്യലഹരിയില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ അവര്‍ മരിക്കുകയും ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അചേയ്‌ ലാല്‍ എന്നയാളെയാണു ഹൈക്കോടതി വിട്ടയച്ചത്‌. " അചേയ്‌ ലാലിനു മേല്‍ മാനഭംഗക്കുറ്റം ആരോപിക്കാമെങ്കിലും കൊലക്കുറ്റം ചുമത്താനാവില്ല. കൊല്ലണമെന്ന ഉദ്ദേശ്യമോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ സ്‌ത്രീ മരിക്കുമെന്ന അറിവോ അയാള്‍ക്കില്ലായിരുന്നു.അതിനാല്‍, ഐ.പി.സി. സെക്‌ഷന്‍ 302 ന്റെ അടിസ്‌ഥാനത്തില്‍ അയാളെ ശിക്ഷിക്കാനാവില്ല.- ഹൈക്കോടതി പറഞ്ഞു. അചേയ്‌ ലാലിന്റെ അപ്പീല്‍ അനുവദിച്ച ഹൈക്കോടതി മാനഭംഗക്കേസിലും അയാളെ വെറുതെ വിട്ടു. സ്‌ത്രീയുടെ സമ്മതമില്ലാതെയായിരുന്നു ലൈംഗിക ബന്ധമെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ കുറ്റവിമുക്‌തനാക്കുന്നതെന്നു കോടതി പറഞ്ഞു. 'കൊല്ലപ്പെട്ട സ്‌ത്രീ അറുപതു വയസ്‌ കഴിഞ്ഞയാളും ആര്‍ത്തവിരാമം വന്നയാളുമാണ്‌. ലൈംഗിക ബന്ധത്തില്‍ ബലപ്രയോഗമുണ്ടെങ്കിലും, ബലാല്‍സംഗമോ കൊല്ലപ്പെട്ടയാളുടെ സമ്മതത്തിന്‌ വിരുദ്ധമോ ആയിരുന്നില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദത്തില്‍ കഴമ്പുണ്ട്‌.'-ഹൈക്കോടതി പറഞ്ഞു. ഇതില്‍ പ്രായം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ സ്‌ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആര്‍ത്തവ വിരമത്തെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിയമവിദഗ്‌ധരും അമ്പരപ്പ്‌ പ്രകടിപ്പിച്ചു. ബലാല്‍സംഗമല്ല നടന്നതെന്ന നിഗമനത്തിന്റെ അടിസ്‌ഥാനമെന്തെന്നു വ്യക്‌തമല്ലെന്നും ആര്‍ത്തവിരാമത്തെപ്പറ്റിയുള്ള പരാമര്‍ശം അപ്രസ്‌കതവും തെറ്റുമാണെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ പറഞ്ഞു. വീട്ടു ജോലികള്‍ക്കു പോയിരുന്ന സ്‌ത്രീയെ 2010 ഡിസംബറിലാണ്‌ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തന്നേക്കാള്‍ പ്രായമുള്ള, താന്‍ അമ്മയെന്നു വിളിച്ചിരുന്ന സ്‌ത്രീയെ അചേയ ലാല്‍ ബലാല്‍സംഗം ചെയ്‌തെന്നും തുടര്‍ന്ന്‌ അവര്‍ മരിച്ചെന്നുമുളള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ട്‌ വിചാരണക്കോടതി 2011 ല്‍ ആണ്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്‌. (വാർത്തയ്ക്ക് മംഗളം ദിനപ്പത്രത്തോട്‌ കടപ്പാട്: ബലം പ്രയോഗിച്ചു, എന്നാല്‍ മാനഭംഗമല്ല: ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെച്ചൊല്ലി വിവാദം )

ബലാത്സംഗക്കേസുകളിൽ ഇരകൾ വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്യപ്പെടുന്നത് ഇതാദ്യം ഒന്നുമല്ല. ജീൻസ് വിവാദത്തിൽ യേശുദാസിനെയും ഡോ. രജത് കുമാറിനെയും ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ വായിലെ നാവ് ഒക്കെ ഇപ്പോൾ എവിടെയാണോ ആവോ ?

ജനാധിപത്യ സംവിധാനത്തിൽ പൌരന്റെ അവസാന ആശ്രയമാണ് കോടതികൾ. അവർ അങ്ങേയറ്റം ആദരവോടെയാണ് ന്യായാധിപന്മാരെ നോക്കിക്കാണുന്നത്. ബഹുമാനപ്പെട്ട കോടതി, ന്യായാധിപന്‍, നീതിപതി, നീതിപീഠം, LORD, YOUR HONOUR തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ ജനങ്ങളുടെ അങ്ങേയറ്റത്തെ ആദരവിനെയാണ് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും സ്വീകാര്യതയും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളും മാത്രമല്ല; ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള സീമാതീതമായ വിശ്വാസമാണ്. ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായോ അന്യായമായോ പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും ഉള്ള ഉത്തമ വിശ്വാസത്തിലാണ് കോടതികളുടെ വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും നിലനില്പ്പ്. ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് മുന്നോട്ടു വയ്ക്കുന്ന ന്യായാധിപധർമ്മം ഇപ്രകാരമാണ് - "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." 

ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയ്ക്ക്  ബഹുമുഖ കടമകൾ ഉണ്ട്. വിവിധ നിയമ നിർമ്മാണ സഭകൾ  നിർമ്മിച്ച്‌ വിടുന്ന  നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരത്തോടൊപ്പം നിയമങ്ങള്‍ രീതിയില്‍ത്തന്നെയാണോ  നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും നിലവിലുള്ള നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ഭാരിച്ച ചുമതലയും കോടതികള്‍ക്കുണ്ട്.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയാൽ കോടതി സംവിധാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നു കൂടി ഓർക്കണം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണകൂടം  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അധികാരവിമുക്തനാക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുക പോലുമുള്ള സംഭവമുണ്ടായത് ഓർക്കേണ്ടതാണ്. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. 

സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആര്‍. സി. ലഹോട്ടിയുടെ ഒരിക്കൽ അഭിപ്രായപ്പെട്ടതനുസ്സരിച്ചു കോടതികൾക്ക് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്നാണ്. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടു മിക്ക മതങ്ങളും അഭിപ്രായ വ്യത്യാസമില്ലാതെ പറയുന്ന ഒരു കാര്യമുണ്ട്; " ന്യായാധിപൻ എന്നാൽ ദൈത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണ് " എന്നാണത്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ നിരീക്ഷണത്തിൽ "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളുടെ മേലോ യാതൊരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ് " 

അതെ, അതാണ്‌ കാര്യം. പുറപ്പെടുവിക്കുന്ന വിധികളിലെ സുതാര്യതയും സത്യസന്ധതയുമാണ് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നതും സംരക്ഷിക്കുന്നതും..ശ്രദ്ധേയവും നീതിപൂർവ്വകവും സര്വ്വോപരി മനുഷ്യപക്ഷത്ത് നിൽക്കുന്നതുമായ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിധികൾ പുറപ്പെടുവിക്കാൻ ഓരോ ന്യായാധിപനും കഴിയട്ടെ. 

Some Other Blogs





ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 2 October 2014

"മോഹൻലാൽ" കരം ചന്ദ് ഗാന്ധിയ്ക്കപ്പുറം അമേരിക്കയിൽ എന്താണ് സംഭവിച്ചത് ?

മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് ഒരു നാവു പിഴ സംഭവിച്ചു. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കവെ "മോഹന്‍ദാസ്" കരംചന്ദ് ഗാന്ധിയെന്നതിന് പകരം "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധി എന്നാണ് മോദി പറഞ്ഞത്. മുൻപ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന് ഇതേ നാവു പിഴ സംഭവിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പ്രസ്താവിച്ചു. ഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച മോദി, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി പറഞ്ഞതിന് ജോലി നഷ്ടപ്പെട്ട ദൂരദര്‍ശന്‍ ടെലിവിഷന്‍ അവതാരകയെ തിരികെയെടുക്കണം എന്നാണ് കോണ്‍ഗ്രസിന്റെ  മറ്റൊരു നേതാവായ സഞ്ജയ് ജാ ആവശ്യപ്പെട്ടത്. ഗാന്ധിയെ കൊന്നവർ ഇപ്പോള്‍ ഗാന്ധിയൻ പാരമ്പര്യത്തിനുമേല്‍ അവകാശമുന്നയിക്കാൻ  ശ്രമിക്കുന്നുവെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററിൽ പ്രതിഷേധം കുറിച്ചിട്ടു.ഗാന്ധിയന്‍ ആശയങ്ങൾ ഹൃദയത്തിലേറ്റി നടക്കുന്ന ഏതൊരാള്‍ക്കും ഗാന്ധിയുടെ പേര് ഉരുവിടുമ്പോള്‍ പിഴക്കില്ലെന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ പറഞ്ഞു. എന്തായാലും മോദി വിരോധികൾ ഒരു നാവു പിഴയിൽ പിടിച്ചു തൂങ്ങി മോദിയെ ആക്രമിച്ചു രസിക്കുമ്പോൾ അമേരിക്കയിൽ മറ്റൊന്നാണ് സംഭവിച്ചത്. 

ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് തനിക്കു വിസ നിഷേധിച്ച ഒരു രാജ്യത്തേക്ക് സർവ്വ വിധ നയതന്ത്ര പരിരക്ഷകളുടെ കവചവും പേറിക്കൊണ്ടു, ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കാലു കുത്തിയപ്പോൾ ഒരു പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്. മോദിക്ക് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ ഉജ്വല സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ; മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രസംഗങ്ങള്‍; നിരവധി കൂടിക്കാഴ്ചകളും സന്ദർശനങ്ങളും. ഇന്ത്യയുടെ പുതിയ ഭരണ കർത്താവ് നരേന്ദ്ര മോദി എന്തായാലും അമേരിക്കയില്‍ ഒരു വൻ തരംഗമായി മാറി. ഇന്ത്യൻ പ്രധാനമന്ത്രി വിശ്വ സമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമായി; ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലോക നേതാവ് എന്ന തലത്തിലേക്കുള്ള വളർച്ചയ്ക്കും തുടക്കം കുറിച്ചു.  ഏറെക്കാലത്തിനുശേഷം ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഭരണാധികാരി എന്ന നിലയിൽ വേണ്ടത്ര മതിപ്പും പരിഗണനയും സ്ഥാനവും അദ്ദേഹത്തിന് അമേരിക്കയില്‍ ലഭിച്ചു എന്നതിൽ സംശയമില്ല. സെപ്റ്റംബര്‍ 11ന്റെ ഓര്‍മ്മകള്‍ പേറുന്ന ഗ്രൗണ്ട് സീറോയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകവും സന്ദര്‍ശിച്ച് അമേരിക്കന്‍ ജനതയുടെ വൈകാരികതയെ മോദി തൊട്ടുണര്‍ത്തി. എല്ലായിടത്തും ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ച മോദി, അതുവഴി ദേശസ്‌നേഹികളുടെ മനവും കവര്‍ന്നു. മോദിക്കെതിരെ ഒരു അമേരിക്കൻ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും ചില ഇന്ത്യക്കാരുടെ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും എന്തായാലും ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലും സന്ദർശനത്തിന്റെ ഹര്‍ഷാരവങ്ങളിലും മുങ്ങിപ്പോയി എന്നത് ഒരു യാഥാർത്യമായി അവശേഷിക്കുന്നു. 121 വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാനന്ദൻ ഒരു അമേരിക്കൻ സദസ്സിന്റെ നിർലോഭമായ കയ്യടി നേടിയതിനു ശേഷം അതേ ഊർജ്ജം നിറഞ്ഞ അംഗീകാരം നേടുന്ന ഇന്ത്യക്കാരൻ മോദിയാണെന്ന്  എഴുതിയ പത്രങ്ങൾ പോലുമുണ്ട്. എന്തായാലും ഇരുവരും പേര് കൊണ്ട് നരേന്ദ്രൻ ആണെന്നതും ഹിന്ദുത്വവക്താക്കൾ ആണെന്നതും രണ്ടു സമ്മേളനങ്ങളും നടന്നത് സെപ്റ്റംബറിൽ ആണെന്നതും തികച്ചും യാദൃശ്ചികമായിരിക്കും.

മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാനകാലത്ത്, ഇന്ത്യ യു.എസ്. ബന്ധങ്ങൾ അത്ര കണ്ട് ജീവനുള്ളതായിരുന്നില്ല. ആണവബാധ്യതാനിയമത്തിന്റെ കുരുക്കുകളിൽപ്പെട്ട് ആണവസഹകരണക്കരാര്‍ നടപടികൾ പൂർത്തിയാക്കാൻ  മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നു ഇതിനു പിന്നിൽ. ഒരു ദുർബല സർക്കാരിന്റെ  ബലഹീനത തന്നെയായിരുന്നു ഈ വീഴ്ചകൾക്ക് കാരണം. ഒത്തിരി കക്ഷികളുടെ പിന്തുണയിൽ നിങൾ നില്ക്കുന്ന ഒരു സർക്കാരിന്റെ ഒഴിവാക്കാനാവാത്ത ദൗര്‍ബല്യം. സ്വാഭാവികമായും മതിയായ ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ നായകൻ എന്ന നിലയിൽ  ഇന്ത്യ യു.എസ്.ബന്ധങ്ങളിൽ സംഭവിച്ച അകലം കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കും എന്ന് ഇരു രാജ്യങ്ങളും ഇതോടെ ഉറച്ചു വിശ്വസിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പല പ്രശ്‌നങ്ങളും സജീവമായി തുടരുമ്പോൾ, 'നല്ലകാലം വരാന്‍ പോകുന്നു' എന്ന സന്ദേശം ഇവിടെയും പ്രചരിപ്പിക്കാൻ മോദിക്കായി എന്ന് സമ്മതിക്കേണ്ടി വരും.  

"ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്" എന്ന് അമേരിക്കയിൽ ചെന്ന് അദ്ദേഹം  വിളിച്ചു പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം, ജനസംഖ്യയുടെ  65 ശതമാനം വരുന്ന  യുവജനത, ലോകത്തെ തന്നെ വലിയ കമ്പോളം ഇവ ചൂണ്ടിക്കാട്ടിയാണ് മോദി തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഇന്ത്യ ലോകശക്തിയായി വളരുകയാണ് എന്ന് തെളിഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞത്. ഇതിലേറെ ശ്രദ്ധേയമായത്, ഇന്ത്യന്‍ മുസ്ലിങ്ങളില്‍ മോദി പ്രകടിപ്പിച്ച അചഞ്ചലമെന്നു തോന്നിപ്പിക്കുന്ന വിശ്വാസമാണ്. അല്‍ഖ്വയ്ദയ്ക്കും സമാന വിധ്വംസക പ്രസ്ഥാനങ്ങല്ക്കും മറ്റും ഇവിടെ വളക്കൂറില്ലെന്നും  ഇവിടത്തെ മുസ്ലിങ്ങള്‍ ഗാന്ധിയുടെയും ബുദ്ധന്റെയും ദര്‍ശനം സ്വീകരിച്ചവരാണെന്നുമുള്ള മോദിയുടെ പ്രസ്താവത്തില്‍, ഇതിനു മുമ്പ് ഒരു ഇന്ത്യൻ ഭരണാധികാരിയും പ്രകടിപ്പിക്കാത്ത ചങ്കൂറ്റവും ധൈര്യവും പ്രകടമായി കണ്ടു. ഒരു പക്ഷെ തനിക്കെതിരെ ഉയർന്നേക്കാവുന്ന മുസ്ലിം വിരുദ്ധ ഭൂതകാല ആരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാവാം ഈ പ്രസ്താവം. 

പെപ്‌സി, ഗൂഗിള്‍, ബോയിംഗ് തുടങ്ങി നിരവധി കമ്പനികളെ മേക്ക് ഇന്ത്യ പദ്ധതിയിലേക്ക് ക്ഷണിച്ചു. ചൈനയോടും ജപ്പാനോടും പറഞ്ഞത് പോലെ, ഇന്ത്യയിലേയ്ക്ക്  നിക്ഷേപത്തിനായി വരുന്ന കമ്പനികളെ കാത്തിരിക്കുന്നത് ചുവപ്പുനാടയല്ല, ചുവപ്പുപരവതാനിയാണ് എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി  പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.  അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്തവിസ നല്കാൻ തീരുമാനമായി. ഇന്ത്യയിലെ അലഹാബാദ്, അജ്‌മേര്‍, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കയുടെ സഹായം നമുക്കു കിട്ടും. ഇതിനു പുറമേ, 500 പട്ടണങ്ങള്‍ക്ക് വെള്ളം , ശുചിത്വ സംവിധാനങ്ങള്‍, ആരോഗ്യം ഇവ നല്‍കാനുള്ള പദ്ധതിക്ക് യു.എസ് .സഹകരണം ലഭിക്കും. ഭീകരതക്കെതിരെ അമേരിക്കയുമായി സഹകരിക്കുമെന്നും, അതേ സമയം ഐ.എസ്.ഐ.എസ്സിനെ അടിച്ചമര്‍ത്താന്‍ ഇന്ത്യ അമേരിക്കയോടൊപ്പം ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദൗത്യത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രഖ്യാപനം ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പങ്കാളിത്തത്തിനായി ശ്രമിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. 

സന്ദർശന പരിപാടികൾക്കൊടുവിൽ  ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിയ്ക്കാനും ഇന്ത്യൻ പ്രധാനമന്ത്രി മറന്നില്ല. അമേരിക്കയുമായി വിയോജിപ്പുള്ള കാര്യങ്ങൾക്ക് നേരെ കണ്ണടച്ച് പിടിച്ചു കൊണ്ട് യോജിക്കാവുന്ന കാര്യങ്ങളെ  പരമാവധി ഉയർത്തിക്കാട്ടി തന്റെ അമേരിക്കൻ യാത്ര ഒരു സംഭവമാക്കുന്നതിൽ നരേന്ദ്രമോദി 100% വിജയിച്ചു കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു,  ഇവ നടപ്പില്‍ വരുത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് വരും ദിവസങ്ങളിൽ നടപ്പിലാവുന്ന കാര്യപരിപാടികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. വാണിജ്യ വ്യവസായ  സൈനിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഒന്നും തന്നെ ഒപ്പിട്ടില്ലെങ്കിൽ പോലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒന്നായിരിക്കും. എന്നാൽ, ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രധാനമന്ത്രി എന്ന് നെഞ്ച് വിരിച്ചു പറയാൻ പാകത്തിന് മികച്ച ശരീര ഭാഷയും ഉറച്ച ശബ്ദവുമുള്ള ഒരാൾ ഉയർന്ന് വന്ന അവസരം എന്ന നിലയിൽ ആയിരിക്കും ഒരു സാധാരണ ഇന്ത്യൻ പൗരൻ ഈ സന്ദർശനത്തെ ഓർക്കുന്നത്.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday 18 September 2014

"പരനാറി";"നികൃഷ്ട ജീവി"....നാറുന്ന നാവെടുത്തു വീശുന്ന രാജനീതി....!!!???

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ ഒരു സമാഹാരമാണ് താഴെ കാണുന്ന വീഡിയോ ക്ലിപ്പ് 






 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Sunday 24 August 2014

വെള്ളാപ്പള്ളി പള്ളിയുടെ മുതുകത്തേക്ക് കയറിയാൽ ക്രിസ്ത്യാനിക്ക് എന്താണ് ? (വായിക്കാം; ഇത് വർഗ്ഗീയമല്ല)

യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീമാൻ വെള്ളാപ്പള്ളി നടേശന്‍ ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്തവപുരോഹിതര്‍ വൈന്‍ വിളമ്പുന്നതും നിരോധിക്കണം എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പക്ഷെ, ഇത് പറഞ്ഞത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിൽ ആണെന്ന് ഞാൻ കരുതുന്നില്ല. അബ്കാരി, ബാർ മുതലാളി തുടങ്ങിയ തലങ്ങളിൽ നിന്നായിരിക്കണം ഈ പ്രസ്താവന സംഭവിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ തെറ്റ് പറയാനാവില്ല. അപ്രതീക്ഷിതമായി, സ്വന്തം ബിസിനസ്സിന്റെ സിംഹഭാഗവും വൈകാതെ പൂട്ടേണ്ടി വരുമെന്ന യാഥാർത്ഥ്യം ഇടിത്തീ പോലെ വന്നപ്പോൾ ആത്മ സംയമനം നഷ്ടപ്പെട്ടു സംസാരിച്ചു പോവുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാൽച്ചുവട്ടിലെ മണ്ണ് മൊത്തം ഒലിച്ചു പോവുന്ന സമയത്ത് അദ്ദേഹം അനുഭവിക്കുന്ന മാനസ്സിക സംഘർഷം അദ്ദേഹത്തിന് മാത്രമേ മനസ്സിലാവൂ.

പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു. കള്ളു ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനു താഴെയിരുന്നാണ് വെള്ളാപ്പള്ളി നടേശന്‍ മദ്യം ധാരാളം കൊടുക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞു. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ചു, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശ്രീമാൻ വെള്ളാപ്പള്ളിയ്ക്ക് ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും അദ്ദേഹത്തിനു സിനിമകളിൽ നിന്ന് കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്‌. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത്‌ 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു  കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച്  വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞ രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്ക് വെടി വെക്കേണ്ടി  വന്നേനെ. 

പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോ‍ലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്‌. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.  നിർമാണം പരിശോധിക്കാൻ എക്സൈസിന് അധികാരവുമുണ്ട്. 

സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 

അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും വെള്ളാപ്പള്ളിയും ആണല്ലോ. വീഞ്ഞുണ്ടാക്കാൻ പള്ളികൾ "ഡിസ്റ്റിലറികൾ" നടത്തുന്നു എന്നാണു നടേശൻ മൊയ്ലാളി പറയുന്നത്. എന്നാൽ വീഞ്ഞുണ്ടാക്കുന്ന പ്രക്രിയ ഡിസ്റ്റിലേഷൻ അല്ല ഫെർമെന്റെഷൻ ആണെന്ന് എഴാം ക്ളാസ്സിലെ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ബാർ വിഷയത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം കണ്ട് സമനില തെറ്റിപ്പോയ വെള്ളാപ്പള്ളി പിച്ചും പേയും പറയുന്നത് മനസ്സിലാക്കാം. അത് കേട്ടയുടനെ അദ്ദേഹത്തെ കൌണ്ടർ ചെയ്യാൻ "അഭിവന്ദ്യ പിതാക്കന്മാർ" എന്തിനാണ് കച്ച കെട്ടിയിറങ്ങുന്നതെന്ന് മനസ്സിലാകുന്നില്ല. പിന്നെ, വിശുദ്ധ കുർബ്ബാനയുടെ കൗദാശിക പ്രത്യേകതകളെ കുറിച്ചു വെള്ളാപ്പള്ളി നടേശന് വേദോപദേശം നൽകാൻ ഒരുങ്ങുന്ന ഇടയന്മാരെ എന്ത് പറഞ്ഞാൽ പറ്റും. വെള്ളാപ്പള്ളിയാണോ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരം വിവിധ രൂപതകൾക്ക് മാസ്സ് വൈൻ ഉണ്ടാക്കാൻ വേണ്ടി അബ്കാരി ലൈസൻസ് കൊടുക്കുന്നത് ? അല്ലല്ലോ..

അഥവാ ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം.
ഓശാനപ്പെരുന്നാളിന് ഒലീവ് ഇലയ്ക്ക് പകരം കുരുത്തോല ആകാമെങ്കിൽ; 
പെസഹാത്തിരുനാളിന് മുട്ടനാടിന്റെ ഇറച്ചിക്ക് പകരം കലത്തപ്പം ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ്‌ രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആവാമെങ്കിൽ:
വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്താലും വിശ്വാസത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ മാർപ്പാപ്പയോട് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്‌താൽ അദ്ദേഹം വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.  

അതേ സമയം ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചു കൊടുക്കാൻ പ്രസംഗിച്ചിട്ട് കള്ള് കച്ചവടക്കാരന്റെ ഓരോ ജൽപനത്തിനും "അഭിവന്ദ്യ പിതാക്കന്മാർ" അതേ നാണയത്തിൽ മറുപടി നൽകാൻ തുടങ്ങിയാൽ അത് വിശ്വാസികൾക്ക് മോശം മാതൃകയാകും...

മാത്രവുമല്ല; അനാവശ്യ സാമുദായിക സ്പർദ്ധ വളർത്താനേ ഇത്തരം വില കുറഞ്ഞ വാഗ്വാദങ്ങൾക്ക് കഴിയൂ. ഇവിടെ ഈഴവരും ക്രിസ്ത്യാനികളും വല്ല്യ കുഴപ്പമില്ലാതെ ഐക്യത്തിലും സാഹോദര്യത്തിലും സൌഹൃദത്തിലും കഴിഞ്ഞു പോകുന്നുണ്ട്. ദയവായി രണ്ടു കൂട്ടരും കൂടി അത് നശിപ്പിക്കരുത്. 

മദ്യ നിരോധന പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ലേഖനം വായിക്കാൻ ഇതിൽ ക്ളിക്ക് ചെയ്യുക =====> "മദ്യ" കേരളം ....ഇനി മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതൊക്കെ നടന്നാ കൊള്ളാം....!!!

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 15 August 2014

കാലടി ശ്രീശങ്കരാ പാലം രക്തസാക്ഷികളെ തേടുന്നുവോ ? ഭരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി...


ജനപ്രിയമായ  'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'

പൊതു നിർമ്മാണ രംഗത്തെ അനീതികളുടെയും അന്യായങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും കഥ പറയുന്ന വളരെ ജനപ്രിയമായ രണ്ടു സിനിമകളാണ് 'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'. പൊതു നിര്‍മാണപ്രക്രിയകളില്‍ അനുവദിക്കപ്പെടുന്ന തുകകളില്‍ തുച്ഛമായ ശതമാനം മാത്രമേ ഉദ്ദേശ്യ പൂർത്തീകരണത്തിനു ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നും ബാക്കിയെല്ലാം ചില"വായീ" പോവുകയാണെന്നും ഓരോ പദ്ധതികളും വരുന്നതിനു പിന്നിൽ കൃത്യമായ കരുനീക്കങ്ങളുണ്ടെന്നും ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥ പറഞ്ഞ രണ്ടു സിനിമകൾ. പൊതു നിര്‍മ്മാണരംഗത്തെ നിലവാരക്കുറവിന്റെ മുഖ്യകാരണം കരാറുകാരുടെ മനപൂർവ്വമുള്ള അശ്രദ്ധയാണെന്നത് ഒരു സത്യമായി നിലനിൽക്കെത്തന്നെ രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും കൊടുക്കേണ്ടത് കൊടുക്കുകയും കാണേണ്ടവരെ വേണ്ട വിധത്തിൽ കാണുകയും ചെയ്താല്‍ മാത്രമേ പൊതു നിര്‍മാണപ്രക്രിയകള്‍ എന്തെങ്കിലും നടക്കുകയുള്ളൂ എന്നതാണ് പൊതു നിർമ്മിതികളുടെ നിലവാരം പരിതാപകരവും അപകടകരവും ആക്കുന്നത്. കരാറുകാർക്ക് കിട്ടേണ്ടതായ തുക, ഒരു സര്‍ക്കാറും കൃത്യ സമയത്തിന് കൊടുത്തുതീര്‍ക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. ഗതികെട്ട സമ്മതിദായകരുടെ കയ്യിൽ നിന്നും നികുതിയായി പിരിക്കുന്ന പണമാണ് കരാറുകാരും സര്‍ക്കാറും ഒത്തുകളിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്നത്. ഈ ഗതികേട് തന്നെയാണ്  ഈ സിനിമകൾ എന്നും പ്രേക്ഷകരെ ആകർഷിക്കാൻ കാരണവും. 

കാലടിയുടെയും കാലടി വഴി കടന്നു പോകുന്നവരുടെയും ദുരിതങ്ങൾ 

എന്നാൽ, ഇപ്പോൾ കാലടിയിലെ പ്രശ്നം ഇതിനേക്കാൾ രൂക്ഷവും ഭീതിജനകവുമാണ്. പൊതു നിർമ്മാണ പദ്ധതികളിൽ ഇത്രയും ജീർണ്ണതയും അഴിമതിയും നടമാടുന്നതിനും മുൻപ് പണി കഴിക്കപ്പെട്ട കാലടി ശ്രീ ശങ്കര പാലത്തിന്റെ അപകടാവസ്ഥയും പരിമിതികളുമാണത്. മണ്‍സൂണ്‍ സീസൺ ആരംഭിച്ചതോടെ പാലത്തില്‍ രൂപംകൊണ്ടിട്ടുള്ള കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം ഇവിടെ സംജാതമാകുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇപ്പോൾ വൻ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ കാലടി പാലം ഒന്ന് കടന്നു കിട്ടാൻ ഒന്നോ രണ്ടോ മണിക്കൂറിലേറെ കാത്തുകിടക്കണം. കേരളത്തിലെ സംസ്ഥാന പാതകളിൽ ഏറ്റവും പ്രാധാന്യമേറിയ എംസി റോഡാണ് ഒരു പാലത്തിന്റെ പേരിൽ മണിക്കൂറുകൾ നിശ്ചലമാവുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്നത് ഈ വഴിയാണ്. എംസി റോഡില്‍ കാലടി പാലത്തില്‍ ഗതാഗത കുരുക്കുമൂലം ദിവസേന പതിനായിരക്കണക്കിന് ജനങ്ങള്‍ കാലടിയിലും MC റോഡിലും ദുരിതമനുഭവിക്കുന്നുണ്ട്.  പെരുമ്പാവൂരിൽ നിന്ന് വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം വല്ലം വരെയും അങ്കമാലിയിൽ നിന്ന്  വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം മരോട്ടിച്ചോട്  വരെയും നീളുന്ന സ്ഥിതി ഏതാണ്ട് സ്ഥിരമാകുന്നു. സ്വകാര്യ ബസുകളുടെ ട്രിപ്പുകള്‍ പലതും മുടങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു. അതോടെ കോരിച്ചൊരിയുന്ന മഴയില്‍ നിരവധി യാത്രക്കാര്‍ പെരുവഴിയിലുമായി. ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്ന ബസ് തൊഴിലാളി യൂണിയനുകള്‍ പിന്നീടു ഈ നിലപാടുപെക്ഷിച്ചതോടെ അധികൃതർ വീണ്ടും ഉറക്കത്തിലായി. 

1963-ല്‍ ഉദ്ഘാടനം ചെയ്ത നിലവിലുള്ള പാലം ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലാണ്. കാലടിയില്‍ നിന്ന് പാലത്തിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ സ്ലാബിന്റെ വലിയൊരു ഭാഗം അടര്‍ന്നുപോയി ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ, സ്ലാബ് അടര്‍ന്നു പോയ ഭാഗത്ത് കൂടി നോക്കിയാല്‍ പുഴ ഒഴുകുന്നത്‌ കാണാം. പൊട്ടിക്കിടക്കുന്ന സ്ലാബ് ഭാരവാഹനം കയറുമ്പോള്‍ ഇളകുന്നത് ഏറെ ഭീതിയോടെ മാത്രമേ കണ്ടുനില്‍ക്കാനാകൂ. ഏറെ അപകടം സൃഷ്ടിച്ചേക്കാവുന്ന അവസ്ഥയാണിത്. വാഹനത്തില്‍ കടന്നുപോകുന്നവര്‍ക്ക് ഒരുപക്ഷേ, ഇതിന്റെ രൂക്ഷത മനസ്സിലാകണമെന്നില്ല. നടപ്പാതയില്‍ നിന്നാല്‍ അനുഭവപ്പെടുന്ന കുലുക്കം അനുദിനം വര്‍ധിക്കുന്നതായി ഇതിലൂടെ പതിവായി സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പാലത്തിലെ  വെള്ളക്കെട്ടും ഗതാഗതക്കുരുക്കും  പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം PWD ഉദ്യോഗസ്ഥര്‍ പാലത്തിലെ ടാറ് ചെയ്ത ഭാഗം ജെ.സി.ബി. ഉപയോഗിച്ച് മാറ്റിയപ്പോഴാണ്‌ സ്ലാബ് അടര്‍ന്നു പോയത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഒരു വിദ്യാർഥിയുടെ കാല് ഈ വിടവിൽ പോയിരുന്നു. ഒടുവിൽ നാടുകാർ ഒത്തിരി കഷ്ടപ്പെട്ടാണ്‌ കാൽ അപകടമില്ലാതെ പുറത്തെടുത്തത്. അത്യാസന്ന നിലയിൽ ആശുപത്രികളിലേക്കുള്ള യാത്രക്കിടെ ബ്ളോക്കിൽ കിടന്നു ജീവൻ വേർപെട്ട് പോയ രക്തസാക്ഷികൾ നിരവധിയാണ്. എയർപോർട്ട്‌, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സമയത്തിനു എത്തിച്ചേരാൻ പറ്റാതെ ഉള്ള തൊഴിലും ഉറപ്പായിട്ടും കിട്ടാമായിരുന്ന തൊഴിലും  നഷ്ടപ്പെട്ടവരും അനവധിയാണ്. 

51 വര്‍ഷത്തെ പഴക്കമുള്ള പാലത്തിന് 1350 അടിയാണ് നീളം. പെരിയാറ്റില്‍ നിന്ന് 39 അടി ഉയരത്തിലാണ് പാലം. 13 കോണ്‍ക്രീറ്റ് തൂണുകളാണ് താങ്ങിനിര്‍ത്തുന്നത്. തൂണുകള്‍ക്ക് അടിയില്‍ നിന്ന് മണല്‍ ഊര്‍ന്നുപോയി. മണലിനടിയില്‍ കിടക്കേണ്ട ഭാഗമെല്ലാം വെള്ളത്തിന് മുകളിലാണിപ്പോള്‍.  തൂണുകളുടെ അടിഭാഗത്തെ മണല്‍ച്ചോര്‍ച്ച തടയാനും ഉറപ്പ് വര്‍ധിപ്പിക്കാനും ചുറ്റും കരിങ്കല്ല് കെട്ടുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ അതെല്ലാം വാക്കുകളിൽ മാത്രമൊതുങ്ങി. പാലത്തിന്റെ താഴ്ഭാഗത്തുള്ള മണ്ണൊലിപ്പും പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്. കാൽനടക്കാർ, സൈക്കിളുകൾ, ചെറിയ ടു വീലറുകൾ മുതൽ പത്തിരുപതു മെട്രിക് ടണ്‍ ഭാരം വരുന്ന ടോറസ് ടിപ്പറുകൾ, ട്രെയ്ലർ ലോറികൾ, പല തരം യാത്രാ വാഹനങ്ങൾ  തുടങ്ങി ആയിരക്കണക്കിന് വണ്ടികളാണ് ദിവസേന ഈ പാലത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  പാലത്തിലൂടെ കടന്നു പോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. എന്നാല്‍ അധികൃതര്‍ ഇത് പരിഹരിക്കുന്നതിന്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്തു കൊല്ലം മുന്‍പു തന്നെ പാലം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പാലത്തിന്റെ കേടായ കൈവരികള്‍ നന്നാക്കുക മാത്രമാണ്‌ ഇതുവരെ പാലം സം‌രക്ഷിക്കുന്നതിന്‌ ആകെ ചെയ്തിട്ടുള്ള നടപടി. പാലം അപകടാവസ്ഥയിലാണെന്നും ഭാരവാഹനങ്ങള്‍ നിരോധിക്കണമെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ട്. ഭാരവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പാലത്തിലൂടെ അയ്യമ്പുഴ, മലയാറ്റൂര്‍, മഞ്ഞപ്ര ഭാഗങ്ങളിലെ മടകളില്‍ നിന്ന് ടണ്‍ കണക്കിന് ലോഡുമായി ടോറസ്സുകള്‍ പായുന്നു. മലയില്‍ നിന്ന് ഭീമാകാരമായ മരത്തടികളും ലോറികളില്‍ കടന്നുപോകുന്നു. പാലത്തിന്റെ ഉറപ്പിന് കോട്ടം തട്ടാതിരിക്കാനാണ് പാലത്തില്‍ നിന്ന് 100 മീറ്റര്‍ ദൂരപരിധിയില്‍ മണല്‍വാരല്‍ നിരോധിച്ചത്. ശിവരാത്രി മണപ്പുറം കോടികള്‍ മുടക്കി കരിങ്കല്ല് കെട്ടി. എന്നാല്‍, രാപകല്‍ വ്യത്യാസമില്ലാതെ അന്യസംസ്ഥാന െതാഴിലാളികളെ ഇറക്കി ദൂരപരിധിയെല്ലാം മറികടന്ന് മണലൂറ്റ് തകൃതിയായി നടക്കുന്നു. മണല്‍വാരലും പാലത്തിന് ഭീഷണിയാണ്. ഇപ്പോൾ അപകടാവസ്ഥയിൽ ആയിരിക്കുന്ന ഈ ഭാഗത്തിന്റെ താഴെ പുഴയ്ക്കു വളരെ ആഴമുണ്ട്. ഇവിടെയാണ്‌ കഴിഞ്ഞ ഈസ്റ്റർ സമയത്ത് നാല് പേർ മുങ്ങി മരിച്ചത്. അവരുടെ മൃതദേഹങ്ങൾ പൊക്കിയെടുക്കാൻ തന്നെ ഒരു ദിവസത്തെ കഠിന പരിശ്രമം വേണ്ടി വന്നു എന്നത് കാര്യങ്ങളുടെ ഭീകരതയിലേക്ക് വിരല ചൂണ്ടുന്നു. പുതിയ പാലത്തിന്റെ ക്രെഡിറ്റിനായി മല്‍സരിക്കുന്നവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് കാലടിയുടെ തീരാശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചു. കെ.എസ്.ടി.പി., എം.സി. റോഡ് നവീകരിച്ചപ്പോഴും പാലം പുനരുദ്ധരിച്ചില്ല. ടൗണിലെ റോഡുകള്‍ക്ക് വേണ്ടത്ര വീതി കൂട്ടിയതുമില്ല. ശബരിമല-മലയാറ്റൂര്‍ തീര്‍ത്ഥാടകരും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന പാതയിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നും കാലങ്ങളായി ജനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

കാലങ്ങൾ നീണ്ട മുറവിളികൾക്കൊടുവിൽ, പുതിയ പാലത്തിനു വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കുറച്ചു തുക ഗവണ്മെന്റ് ഇതിനു വേണ്ടി വകയിരുത്തിയിട്ടുമുണ്ട്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ കൂടി പുതിയ പാലം എന്ന് ഏകദേശം ധാരണയും ആയിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് അപ്രോച്ച് റോഡുകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭരണാനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാലത്തിന്റെയും റോഡിന്റെയും ദിശ നിര്‍ണയിച്ച് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടില്ല പക്ഷേ, കരയിലൂടെ അതിന്റെ അപ്പ്രോച്ച്  റോഡ്‌ ഏതു ഭാഗങ്ങളിലൂടെ വേണമെന്ന് ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. കാലടി ബസ് സ്റ്റാൻഡിനു പുറകിൽ എത്തുന്നതാണ് ഒരു അലൈൻമെന്റ്. അതല്ല, എയർപോർട്ട് റോഡിലേക്കു വേണമെന്നു ചിലർ നിർദേശിക്കുന്നു. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ചില ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സ്ഥാപിത താത്പര്യങ്ങള്‍ മൂലം പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. എവിടെയാണെങ്കിലും പുതിയ പാലമില്ലാതെ കാലടി കടന്നു കിട്ടുക എളുപ്പമല്ല. അത് കാലടി ടൌണിനൊരു ബൈപാസ് റോഡിനൊപ്പമാണെങ്കിൽ ഏറെ നന്ന്. നാടിന്റെ ഭാവിയെയും യാത്രക്കാരുടെ സുരക്ഷിതത്വത്തെയും മുന്നിൽ കണ്ട് ഈ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണം എന്നും പാലത്തില്‍  അടിയന്തിരമായി ടാറിങ്ങ് നടത്തി വാഹനഗതാഗതം സുഗമമാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. 


അതല്ല, തകർന്ന് വീഴുന്ന പാലത്തിൽ നിന്ന് പുഴയിൽ വീണു ഭൂതിയാവുന്ന രക്തസാക്ഷികളുടെ തണുത്ത് വിറങ്ങലിച്ച ശവങ്ങൾ  കണ്ടിട്ടേ ഇതെല്ലാം നടക്കൂ എന്നാണു അധികാരികൾ തീരുമാനിക്കുന്നതെങ്കിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല.



ഭരണ തലത്തിൽ പല തീരുമാനങ്ങളും രക്തസാക്ഷികളുടെ ശവങ്ങൾക്ക്‌ പുറത്തു നിന്നാണല്ലോ നമ്മുടെ ഭരണാധികാരികൾ തീരുമാനിക്കാറുള്ളത്. 



കൊള്ളപ്പലിശക്കാരെ പിടിച്ചു കെട്ടാൻ വേണ്ടി ഓപറേഷൻ കുബേരക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരത്തെ അഞ്ചംഗ കുടുംബം...



അമിത വേഗത്തിലോടുന്ന സൂപ്പർ ബൈക്കുകളെ പിടിച്ചു കെട്ടാൻ ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെയും കൊച്ചിയിലെ ഒരു പിഞ്ചു കുഞ്ഞിന്റെയും മരണം....

വേഗപ്പൂട്ടും ഹെൽമെറ്റും നിർബന്ധമാക്കാൻ കുറെയധികം മനുഷ്യ ജീവനുകൾ....

ഇനി, കാലടിപ്പാലവും സമാന്തരറോഡും യാഥാർത്ഥ്യമാവാൻ ഒരു "കാലടി ശ്രീ ശങ്കരപ്പാലം അപകടം"; അത് കൂടി വേണ്ടി വരുമോ ???

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 1

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 2

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 3


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക





അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 10 August 2014

"അപ്പോത്തിക്കിരി"യും പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുന്നവരും...

കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ തിയ്യറ്ററിൽ പോയി കണ്ടത് ആകെ അഞ്ചു സിനിമകൾ ആണ്. ഇപ്പോൾ “അപ്പോത്തിക്കിരി” എന്ന പടം തിയ്യറ്ററിൽ പോയി കണ്ടതിനു രണ്ടു കാരണങ്ങൾ ആണുള്ളത്. ഒന്നാമത്തേത് ഈ സിനിമയെ ഒരു മൂന്നാം കിട രാഷ്ട്രീയ ആയുധം ആക്കി മാറ്റിയ ചില രാഷ്ട്രീയക്കാരോടുള്ള നിശബ്ദ പ്രതിഷേധം. രണ്ടാമത്തെ കാരണം, ഈ ചിത്രത്തിന്റെ  നിർമ്മാതാവ് എനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ഏറെ വേണ്ടപ്പെട്ട ആളാണ് എന്നതാണ്.

ആദ്യം ഇതിലെ രാഷ്ട്രീയം പറയാം. കേരളത്തിൽ  രാഷ്ട്രീയനിറമില്ലാതെ ചിന്തിക്കുന്ന ഏതൊരാളും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന തികച്ചും രാഷ്ട്രീയമല്ലാത്ത ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞു എന്നത് കൊണ്ട് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ ബഹിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരും ആസിഫ് അലിയുടെ ആരാധകർ എന്ന പേരിൽ ചില തെരുവ് ഗുണ്ടകൾ കാണിച്ച തൊട്ടിത്തരത്തിന്റെ പേരിൽ ആസിഫ് അലി ചിത്രങ്ങൾ ബഹിഷ്ക്കരിക്കാൻ ഇറങ്ങിത്തിരിച്ച ശിവസേനക്കാരും ഒരു കാര്യം മനസ്സിലാക്കണം. ഒരു സിനിമ എന്നത് ഒരാളുടെ മാത്രം ഉല്പ്പന്നം അല്ല. അതിലെ കലാകാരന്മാരും ടെക്നിഷ്യന്മാരും ഉപ കലാകാരന്മാരും അതിനെ ചുറ്റിപ്പറ്റി ഉപജീവിക്കുന്നവരും അടക്കം ആയിരത്തിലേറെ പേരുടെ ചോറാണ്. അതിലൊക്കെ ഉപരി, ചോര നീരാക്കി ഉണ്ടാക്കിയ പണം, പടം പിടിക്കാൻ മുടക്കിയ നിർമ്മാതാവിന്റെ ഇത് വരെയുള്ള സമ്പാദ്യമാണ്. കള്ളക്കടത്തും റിയൽ എസ്റ്റെറ്റ്  വ്യവസായവും കരിഞ്ചന്തയും ഊഹക്കച്ചവടവും നടത്തി ഉണ്ടാക്കിയ പണം കൊണ്ട് പടം പിടിക്കാൻ ഇറങ്ങിയ വൻ തോക്കുകൾ ഒന്നുമല്ല ഈ പടം നിർമ്മിച്ചിരിക്കുന്നത്. വളരെ വിജയകരമായും ഗൌരവത്തോടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടു വിദഗ്ധ ഡോക്ടർമാരാണ് ഈ പടം നിർമ്മിച്ചിരിക്കുന്നത്. പ്രമേയത്തിന്റെ നന്മ ഒന്ന് മാത്രമാണ് അവരെ ഈ സാഹസം നിറഞ്ഞ സംരഭത്തിൽ എത്തിച്ചത്. പടം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ അവരുടെ പ്രൊഫഷണൽ നിലനില്പ്പിനെ ബാധിക്കുമോ എന്ന് പോലും ഞാൻ ആശങ്കപ്പെടുന്നുണ്ട്. നിങ്ങൾ ബഹിഷ്കരിക്കുന്ന സുരേഷ് ഗോപിയും ആസിഫ് അലിയും അഭിനയവും കഴിഞ്ഞു കിട്ടാനുള്ള പണവും വാങ്ങി അവരവരുടെ വഴിക്ക് പോയി. ഇനി നിങ്ങൾ കാരണം നഷ്ടം വരുന്നത് ഇതിന്റെ നിർമ്മാതാവിനും വിതരണക്കാരനും തിയ്യറ്റർ ഉടമകൾക്കും മാത്രമാണ്. സുരേഷ് ഗോപിക്കും ആസിഫ് അലിക്കും നിങ്ങൾ ഇല്ലാത്ത പരസ്യം നല്കുകയും ചെയ്തു. നിങ്ങളുടെ സമരം രാഷ്ട്രീയ ബോധം ഉള്ള ആരെയും സുഖിപ്പിക്കുന്നില്ല എന്നും നിങ്ങൾ മനസ്സിലാക്കണം. ഈ സമരാഭാസങ്ങൾ കൊണ്ട് നിങ്ങള്ക്ക് രാഷ്ട്ര്രീയമായി ഒരു മില്ലിമീറ്റർ മൈലേജ് പോലും അധികം ലഭിക്കാൻ പോകുന്നില്ല; നിങ്ങൾ ചുമ്മാ പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുകയാണ്. ഇതിൽ കൂടുതൽ നെറി കെട്ട രാഷ്ട്രീയഭിക്ഷക്കാരെ പറ്റി എഴുതുന്നതേ അപരാധമാണെന്ന്  ഞാൻ വിശ്വസിക്കുന്നു. അവർക്കതിനുള്ള യാതൊരു അർഹതയുമില്ല. 

അപ്പോത്തിക്കിരിയെപ്പറ്റി : സിനിമയുടെ ഡിസ്കഷൻ തുടങ്ങിയ അന്നേ എനിക്ക് കൌതുകം തോന്നിയ പേരായിരുന്നു "അപ്പോത്തിക്കിരി" എന്നത്. പണ്ട് ചാലക്കുടിയിൽ "ജോര്ജ് പാത്തിക്കിരി" എന്നൊരു വൈദ്യർ ഉണ്ടായിരുന്നു എന്ന് എന്റെ അപ്പാപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. രോഗം കേട്ട് മരുന്ന് കൊടുക്കുന്നവരെ ആണ് "പാത്തിക്കിരി" എന്ന് വിളിച്ചിരുന്നതെന്ന് അപ്പാപ്പൻ കുഞ്ഞിലേ പറഞ്ഞു തന്നതാണ് സത്യത്തിൽ എനിക്ക് ഓർമ്മ വന്നത്. അപ്പാപ്പൻ പറഞ്ഞ പാത്തിക്കിരി തന്നെയാണ് ഇപ്പോൾ ഡോക്ടർ ജോര്ജ് പറയുന്ന "അപ്പോത്തിക്കിരി" എന്നും അന്നാണ് മനസ്സിലായത്‌. 

വൈദ്യശാസ്ത്ര രംഗത്തെ പുഴുക്കുത്തുകളെപ്പറ്റിയും  അണ്‍ എത്തിക്കൽ പ്രാക്ടീസുകളെപ്പറ്റിയും പറഞ്ഞു കൊണ്ട് മലയാളത്തിൽ പല ചിത്രങ്ങളും വന്നു പോയിട്ടുണ്ട്. പക്ഷെ അവയെല്ലാം തന്നെ വിഷയാവതരണത്തിനോടൊപ്പം, കുറച്ചു കോമഡിയും പാട്ടും സ്റ്റണ്ടും സെക്സും തുടങ്ങി കാലികപ്രാധാന്യമുള്ള കച്ചവടച്ചേരുവകളും ഇണക്കിച്ചേർത്തവയായിരുന്നു. എന്നാൽ വളരെ ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം പരമാവധി കച്ചവടച്ചേരുവകൾ ഒഴിവാക്കി എടുത്ത ഒരു നല്ല സിനിമ എന്നല്ലാതെ മറ്റൊരു വിശേഷണവും ഈ സിനിമക്ക് ചേരില്ല.

"അപ്പോത്തിക്കരി" എന്ന് പേരുള്ള ഒരു ആശുപത്രിയുടെ അകത്തു തുടങ്ങി  അവിടെ വികസിച്ചു അവിടെത്തന്നെ കഥ അവസാനിപ്പിക്കുന്ന ചിത്രം, ആതുരസേവനം എന്ന മുഖംമൂടി വച്ച് കൊണ്ട്, നമ്മുടെ ചെറുതും വലുതും ഇടത്തരവുമായ എല്ലാ ആശുപത്രികളും ഉയർത്തിപ്പിടിക്കുന്ന കച്ചവട നിലപാടുകളെ തുറന്നു കാട്ടുന്നു. ശരിയും തെറ്റും എന്താണെന്ന് വ്യക്തമായ തിരിച്ചറിവുള്ളപ്പോഴും, സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ദത്തില്‍ പല തെറ്റുകള്‍ക്കും നെറി കേടുകൾക്കും അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കേണ്ടി വരുന്ന ഡോക്ടർമാരടക്കം വരുന്ന ആശുപത്രി ജീവനക്കാരുടെ ജീവിതത്തെ തുറന്നു കാട്ടുന്നു. ആശുപത്രികൾ സ്ഥാപിക്കാൻ വേണ്ടി ചിലവാക്കിയ കോടികൾ തിരിച്ചു പിടിക്കാൻ വേണ്ടി അധികൃതർ കാണിക്കുന്ന തത്രപ്പാടുകൾ കൃത്യമായി ഇവിടെ വിവരിക്കപ്പെടുന്നു. മരുന്നു കമ്പനികൾ വച്ച് നീട്ടുന്ന മാക്സിമം കമ്മീഷൻ തരപ്പെടുത്തുന്നതിനു വേണ്ടി എഴുതപ്പെടുന്ന വില കൂടിയ മരുന്നുകൾ, വില പിടിച്ച മെഡിക്കൽ ഉപകരണങ്ങൾ ലാഭകരമാക്കാൻ വേണ്ടി നിർദ്ദേശിക്കപ്പെടുന്ന ടെസ്റ്റുകൾ, ക്രൂരമായ മനുഷ്യാവകാശ പ്രശ്നമായ മരുന്ന് പരീക്ഷണങ്ങൾ തുടങ്ങി സാമൂഹ്യ പ്രസക്തമായ ഏറെ വിഷയങ്ങളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു.

നിസ്സഹായരും അറിവില്ലാത്തവരുമായ രോഗികളെയും അവരുടെ ബന്ധുക്കളെയും ചൂഷണം ചെയ്തു പണവും പ്രശസ്തിയുമുണ്ടാക്കുന്ന ആശുപത്രി അധികൃതരുടെ സുന്ദര മുഖങ്ങൾക്കു പിന്നിലുള്ള വികൃത മനസാക്ഷിയുടെ നേർ ചിത്രങ്ങൾ സിനിമയുടെ ആദ്യ രംഗം മുതൽ കണ്ടു തുടങ്ങാം. ഒരു റോഡ്‌ അപകടത്തില്‍ പരിക്കേറ്റു, അദ്ദേഹം ജോലി ചെയ്യുന്ന അപ്പോത്തിക്കരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുന്ന ഡോ.വിജയ് നമ്പ്യാരിലൂടെയും, ഡോക്ടറുടെ ഭൂതകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സുബിന്‍ ജോസഫിലൂടെയും  വൈദ്യശാസ്ത്രരംഗത്തെ ജീർണതകളെ തുറന്നു കാട്ടി കഥ പുരോഗമിക്കുമ്പോൾ ചില രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവസ്ഥകളിലൂടെ, ആതുരസേവനം എന്ന പേരില്‍ ആശുപത്രികള്‍ എങ്ങനെയാണ് നിവൃത്തി കെട്ട പാവങ്ങളെ ഞെക്കി പിഴിയുന്നതെന്ന് കാണിച്ചു തരുന്നു, ഈ ചിത്രം.പടത്തിന്റെ കഥയിലേക്ക് കൂടുതൽ പോകുന്നത് ഇനി കാണാനിരിക്കുന്നവരോടു കാണിക്കുന്ന നീതി കേടാകും എന്നത് കൊണ്ട് കഥ ഇവിടെ നിൽക്കട്ടെ....

ഒരു പട്ടാളക്കോടതിയുടെ അകത്തളത്തിൽ നിന്ന് ജാതി-വർണ്ണ വെറിയെപ്പറ്റി കഥ പറഞ്ഞ തന്റെ ആദ്യ ചിത്രം തന്നെ ഗംഭീരമാക്കിയ മാധവ് രാംദാസ് എന്ന സം‌വിധായകന്റെ കുറേക്കൂടി പൂർണ്ണത അവകാശപ്പെടാവുന്ന ചിത്രമാണ് "അപ്പോത്തിക്കിരി". ഒരു നല്ല കഥ പറയാൻ എണ്ണമറ്റ സെറ്റുകളും ലോക്കേഷനുകളും ആവശ്യമില്ല എന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. മികച്ച കലാസം‌വിധാനം, മിഴിവുറ്റ ക്യാമറ, വളരെ ടച്ചിംഗ് ആയ ചില ഡയലോഗുകൾ തുടങ്ങി എല്ലാം നന്നായിരിക്കുന്നു. വളരെ ഗൗരവവും സാമൂഹ്യ കാലിക പ്രസക്തിയുള്ള പ്രമേയം വളരെ കയ്യടക്കത്തോട് കൂടി അവതരിപ്പിച്ച മാധവ രാമദാസിന് ഒരു സല്യൂട്ട്. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയുടെ ഉള്ളു കളികളിലേക്ക് വെളിച്ചം വീശുന്ന പടമെടുക്കാൻ കാണിച്ച നട്ടെല്ല് ബലത്തിന് ഇതിന്റെ നിർമ്മാതാക്കൾക്കും ഒരു ബിഗ്‌ സല്യൂട്ട്. വിമർശിക്കണമെന്ന ഉദ്ദേശത്തോടെ മാത്രം സിനിമ കണ്ടാൽ കണ്ടെത്താവുന്ന ചില നെഗറ്റിവുകൾ ഒഴികെ, മൊത്തത്തിൽ നോക്കുമ്പോൾ, വൈദ്യ ശാസ്ത്ര - ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇടയ്ക്കിടെ എടുത്തു റെഫർ ചെയ്യാവുന്ന ഒരു ഹാൻഡ്‌ ബുക്ക്‌ പോലെയാണ്  ഈ ചിത്രം ഫീൽ ചെയ്തത്. തന്റെ പതിവ് കഥാപാത്രങ്ങളുടെ മാനറിസങ്ങളിൽ നിന്ന് മാറി, ജയസൂര്യ അദ്ദേഹത്തിന് കിട്ടിയ കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലർത്തി എന്ന് പറയുമ്പോൾ തന്നെ സുരേഷ് ഗോപി, ഇന്ദ്രൻസ്, മീരാ നന്ദൻ, തമ്പി ആന്റണി, ശിവകുമാർ (ഡോ.വിജയ് നമ്പ്യാരുടെ അച്ഛനായി അഭിനയിച്ച നടൻ), സീമ ജി. നായർ തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തവർ പോലും മികച്ചു നിന്ന് എന്ന് പറയാതെ വയ്യ. 

ഭരതവാക്യം :  കാണാൻ പോകുന്നവരോട് ഒരു വാക്ക്; ന്യൂ ജെനറേഷൻ എന്ന പേരിൽ തുറന്നു കാട്ടുന്ന ബാത്ത് റൂം ആക്റ്റിവിറ്റീസും തരം താണ ചന്തത്തമാശകളും മൂന്നാം കിട ദ്വയാർത്ഥ പ്രയോഗങ്ങളും അടി പൊളി പാട്ടും തട്ട് പൊളിപ്പൻ ഡാൻസും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ പടത്തിന് കയറരുത്. ഒരു നല്ല പടം കാണുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ കൊടുത്ത പണം മുതലായിരിക്കും. എന്തൊക്കെ പരിമിതികൾ കണ്ടെത്തിയാലും, മരുന്നിനു പകരം മരണം നല്‍കുന്ന ആതുരാലയങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ അവസാനത്തെ പത്തു മിനിട്ടുകൾ മാത്രം മതി, അതിന്റെ ക്ളാസ് വെളിപ്പെടാൻ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക