ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 30 June 2015

LDF, UDF; തലച്ചോർ ഉപയോഗിക്കൂ...അങ്ങനെയൊന്നുണ്ടെങ്കിൽ...

ഒരു വർഷത്തിനകം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കേരളത്തിന്റെ രാഷ്ട്രീയ കളിക്കളത്തിലെ സെമിഫൈനല്‍ എന്ന വിശേഷണവുമായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നു കഴിഞ്ഞു. മത്സരിച്ച രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അഭിമാനപ്രശ്‌നം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രചണ്ഡമായ കാടിളക്കി പ്രചാരണത്തിലൂടെയും ശക്തമായ സഹതാപ തരംഗത്തിലൂടെയും സാങ്കേതികമായി മാത്രം വിജയിച്ച യു ഡി എഫ് ഒരു വശത്ത്‌ നിൽക്കുമ്പോൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാതിരുന്ന അനുകൂല ഘടകങ്ങൾ മുതലാക്കാനാകാതെ തോറ്റ് നാണം കെട്ട് നിൽക്കുന്ന എൽ ഡി എഫ് തോൽവിക്ക് മാന്യമായൊരു വിശദീകരണം നൽകാനാവാതെ ജാള്യത നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. ഈ വിജയത്തെ തന്റെ ഭരണനേട്ടങ്ങളുടെ തൊഴുത്തിൽ കെട്ടാനും അഴിമതികളെ വെള്ള പൂശാനും വേണ്ടി ഉപയോഗിച്ച് ഇതിൽ അഭിരമിച്ചു മുന്നോട്ടു പോയാൽ നാണം കെട്ട ഒരു അരങ്ങൊഴിയൽ ആയിരിക്കും ഉമ്മൻചാണ്ടിയെ നോക്കിയിരിക്കുന്നത്. കാരണം ഈ വിജയം യു ഡി എഫിന്റെ വിജയത്തിലുപരിയായി "കാർത്തികേയന്റെ മകൻ ശബരീനാഥന്റെ" വിജയം എന്ന് പറയുന്നതാവും ശരി. ഇത് നിങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് ഉറച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഉമ്മൻ ചാണ്ടിയും കൂട്ടരും മൂഡസ്വർഗ്ഗത്തിൽ തന്നെയാണ് എന്ന് പറയേണ്ടി വരും. 

വി എസ് - പിണറായി ചക്കളത്തിപ്പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിനു വന്നു പെട്ടിരിക്കുന്ന അതിഭയാനകമായ തകർച്ചയാണ് ഇത്രയും മോശമായ നിലയിലേക്ക് എല് ഡി എഫിനെ എത്തിച്ചതെന്ന് സി പി എം സമ്മതിക്കുമോ എന്നെനിക്കറിയില്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു; പിന്നീട് വി എസ് പ്രചരണരംഗത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ പ്രചരണത്തിന്റെ മുന്‍ നിരയില്‍ നിന്നും ഉൾവലിഞ്ഞു. യഥാർഥത്തിൽ ഇവർ തമ്മിൽ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന പോര് ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, അങ്ങനെ ഒരു പോര് ഉണ്ടെന്ന ശക്തമായ ധാരണ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും അതിൽ അവർ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. ജനക്കൂട്ടം വോട്ടായി മാറില്ലെന്നു തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്.  മുന്‍കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍, തന്റെ ഉശിരൻ  പ്രസംഗങ്ങളിലൂടെ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം ഇത്തവണ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഓരോ വിഷയങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും പിന്നീടെടുക്കുന്ന നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാര്യമായി കുറച്ചിട്ടുണ്ട്. ബൂത്ത് തലത്തില്‍ പിണറായി വിജയന്‍ നടത്തി എന്ന് പറയപ്പെടുന്ന  പ്രവര്‍ത്തനങ്ങള്‍ ചീറ്റിപ്പോയി എന്നും വിശ്വസിക്കേണ്ടി വരുന്നു. താഴേത്തട്ടിലെ വോട്ടർമാരുടെ മനസ്സ് വായിക്കാൻ പാർട്ടിക്കുണ്ടായിരുന്ന വൈഭവത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്.


ഞങ്ങൾ ഇവർക്കാർക്കും വോട്ടു ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല എന്ന് പറയുന്ന "NOTA" യുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടു സമാഹരണത്തിൽ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെയും പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഒരു വോട്ടു പോലും യു ഡി എഫിന് കൂടിയില്ല എന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ എല്‍ ഡി എഫിനും വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ യാഥാർത്ഥ്യം  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാനുള്ള  ഇടതുപക്ഷത്തിന്റെ വൈഭവം അമ്പേ ചോര്‍ന്നു പോയപ്പോൾ, അത് കൃത്യമായി തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിഞ്ഞു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത്‌ എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്‌. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് തന്നെയാണ് ഭാവി സാധ്യത.  ശ്രദ്ധേയമായ ഒരു കാര്യം, ബി ജെ പി താരതമ്യേന കൂടുതൽ ഭീഷണിയാവുന്നത് എൽ.ഡി .എഫിനാണെന്നതാണ്. എന്തായാലും, രാത്രി കഴിഞ്ഞാല്‍ പകലെത്തും, പകലൊടുങ്ങുമ്പോള്‍ രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും അരുവിക്കരയിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 

തീർച്ചയായും, ഈ തിരഞ്ഞെടുപ്പിൽ പ്രഥമദൃഷ്ട്യാ അഭിനന്ദനമർഹിക്കുന്നത് ബിജെപിയും "നോട്ട"യുമാണെങ്കിലും അന്തിമ വിശകലനത്തിൽ അഭിനന്ദനമർഹിക്കുന്നത് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടർമാരാണ്. അവർ കൃത്യമായ സന്ദേശമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്ക് വോട്ടിങ്ങിലൂടെ നല്കിയത്. ആ സന്ദേശത്തെ വാസ്തവവിരുദ്ധമായി തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്നവർക്ക് ഭാവിയിലും പരാജയം തന്നെയായിരിക്കും വിധി; ആ വിധി, താൽക്കാലികവും തികച്ചും സാങ്കേതികവുമായ ആശ്വാസ ജയം നേടിയവർക്കും ബാധകമാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 21 June 2015

മമ്മൂട്ടിയും റബ്ബും ഒരു പാവം നിലവിളക്കും...

വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബിനോട് നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം ഒരു വിവാദത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ട്. ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിലവിളക്ക് തെളിയിക്കാൻ കാണിച്ച ധൈര്യത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേർന്ന് ഒരിക്കൽക്കൂടി നെറ്റ് ലോകത്തെ ചൂട് പിടിപ്പിച്ചു കഴിഞ്ഞു.  

ഈയൊരു സാഹചര്യത്തിൽ എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ  നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ്  പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.  കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ,  പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. ലീഗ് നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. ഇവിടെ നിലവിളക്ക് കൊളുത്തുന്നതിനനുകൂലമായി ഒരു "മുസ്ലീമായ" മമ്മൂട്ടി നിലപാടെടുത്തതോടെ സംഗതി കുറച്ചു കൂടി വിശാലമായ ചർച്ചയ്ക്കു വഴി തെളിച്ചു എന്നതാണ് യാഥാർത്ഥ്യം. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും കഴിഞ്ഞ വർഷം അബ്ദു റബ്ബ് തന്നെയും നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. രണ്ടു വർഷം മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിച്ചപ്പോഴാണ് നിലവിളക്ക് ഒരു വിവാദവിഷയമായി മാറിയത്. 

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുടെ പുറത്തുണ്ടാക്കിയത്. അതിൽ ഒരു ജനപ്രിയ സിനിമാ താരത്തിന്റെ ഇടപെടൽ എരിതീയിൽ ഒഴിച്ച എണ്ണയായപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ ഒരു തരം താണ നിലവാരത്തിലേക്ക് പോയി എന്ന് പറയാതെ വയ്യ. പി.കെ അബ്ദുറബ് എന്ന ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അദ്ദേഹത്തിൻറെ മതവിശ്വാസം ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിന് തന്റെ മതവിശ്വാസത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ഇത്തരം വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകൾ കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക